19: ഖുർആൻ പഠനവും കുട്ടികളും

കുട്ടികളിൽ വിശ്വാസം ഊട്ടിയുറപ്പിക്കുകയും വളർച്ച സാധ്യമാക്കുകയും ചെയ്യുന്ന ഘടകങ്ങളെ കുറിച്ചാണ് നാം പറഞ്ഞുവന്നത്. അതിന്റെ മറ്റ് രണ്ടു ഇനങ്ങൾ കൂടി നമുക്ക് പഠന വിധേയമാക്കാം.
കുട്ടികൾക്ക് വിശുദ്ധ കുർആൻ പഠിപ്പിക്കുക. വിശാസ വളർച്ച സാധ്യമാക്കുകയാണ് കുർആൻ വച്നങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന്. അല്ലാഹു പറയുന്നു: “…അവർക്ക് അല്ലാഹുവിന്റെ വചനങ്ങൾ ഓതിക്കേൾപിക്കപ്പെട്ടാൽ അവരുടെ വിശാസം വർധിക്കും.’ (8:2).
മനുഷ്യ ഹൃദയങ്ങളെ നിഷേധത്തിന്റെയും അന്ധവിശാസത്തിന്റെയും മാലിന്യങ്ങളിൽ നിന്ന് വൃത്തിയാക്കുന്ന, ദിവ്യപ്രകാശമായി അവതരിച്ച അല്ലാഹുവിന്റെ വചനങ്ങൾ, കുട്ടികളുടെ ഹൃദയങ്ങൾക്കും വെളിച്ചമാണെന്നതിൽ സംശയമില്ല. കുട്ടികൾ കുർആനിൽ നിന്ന് (കേട്ടു)പഠനം ആരംഭിക്കണം. പഠിക്കാൻ എളുപ്പമുള്ളതും എല്ലാവരും പഠിക്കാൻ തുടങ്ങുന്നതുമായ കുർആനിന്റെ അവസാനഭാഗ ആധ്യായങ്ങൾ ചെറിയവയാണ്. അവയിലധികവും സഷ്ടാവിന്റെ അസ്തിത്വത്തെ സ്ഥാപിക്കുന്നതും അവന്റെ ഏകത്വത്തെ ബോധ്യപ്പെടുത്തുന്നതും അതിന്റെ തെളിവുകൾ വെളിപ്പെടുത്തുന്നതുമാണ്.
കുർആനിന്റെ പാരായണവും പഠനവും നടക്കുന്നോതോടൊപ്പം പതിയെ അതിന്റെ സാരാംശങ്ങൾ കൂടി കുട്ടികളുടേതായ ബൗദ്ധിക നിലവാരത്തിൽ ലഭ്യമാകും വിധമുള്ള പാഠ്യപദ്ധതികൾ നമുക്കുണ്ടാവേണ്ടതുണ്ട്. കുട്ടികൾക്കു മതപഠനത്തിന്നായ് നാം തയ്യാറാക്കിയ പാഠ്യ പദ്ധതികളിൽ അധികവും (കുർആൻ പഠന വിഭാഗത്തിൽ) പാരായണവും മനനവുമാണ് മുന്നിൽ കാണുന്നത്. മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിനിടയിൽ തെളിവുകളായി മാത്രം കുർആൻ വചനങ്ങൾ കൊണ്ടുവരികയെന്ന രീതിക്കപ്പുറം കുർആൻ ആശയങ്ങളെയും അവതരണ ശൈലിയെയും കുഞ്ഞുപ്രായത്തിൽ തന്നെ പരിചയപ്പെടുത്തുന്ന രീതിയിലുള്ള പാഠ്യ പദ്ധതികളുടെ അഭാവം പ്രകടമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കുട്ടികൾക്കുള്ള മത പഠനത്തിന്റെ ഭാഗമായി പാരായണവും മനഃപാഠവും മുഖ്യമായി കാണുന്നതോടൊപ്പം ആശയ പഠനം സിലബസ്സിൽ ഉൾപെടുത്തിയതായികാണാൻ കഴിയും. ചിക്കാഗോ ആസ്ഥാനമായി പ്വർത്തിക്കുന്ന ഇക്അ് എഡ്യൂക്കേഷണൽ ഫൗണ്ടേഷന്റെ സ്കൂൾ പഠന സിലബസ്സുകളിൽ സബ് ജൂനിയർ പ്രായം മുതൽ സെക്കണ്ടറി തലം വരെയുള്ള വ്യത്യസ്ത ഇസ്ലാമിക പഠന സീരീസുകളിൽ ഇത്തരം പുസ്തകങ്ങളും പാഠ്യ പദ്ധതികളും നമുക്ക് കാണാം.
അല്ലാഹുവിന്റെ ഗ്രന്ഥം അതിന്റെ പ്രഥമ ഉറവിടത്തിൽ നിന്ന് തന്നെ ഉൾക്കൊള്ളാൻ പറ്റുന്ന രീതി പ്രിചയിക്കുന്നതിലൂടെ കുർആനിന്റെ സ്വാധീനം കുട്ടികളിൽ ഉണ്ടാകും. കുർആൻ സാരങ്ങളുടെ ഗ്രാഹ്യത ഏതൊരാൾക്കും പ്രാപ്യമാണെന്ന ഒരു പൊതുബോധം ഹൃദയത്തിൽ നിലനിൽക്കാനും ഇത് സഹായകമാണ്. “അണ്ടർസ്റ്റാന്റിംഗ് കുർആൻ’ പദ്ധതിയുമായി രംഗത്ത് വന്ന ഹൈദരാബാദിലുള്ള ഡോ. അബ്ദുൽ അസീസ് മുന്നോട്ട് വെച്ച് ഒരാശയമുണ്ടായിരുന്നു. ലോകത്തിലുള്ള എല്ലാ മുസ്ലിം വിദ്യാർഥികൾക്കും പ്ലസു പൂർത്തിയാകുമ്പോഴേക്കും കുർആനിന്റെ ആശയം ഒരാവർത്തി പൂർത്തിയായി മനസ്സിലാക്കാൻ കഴിയും വിധമുള്ള ഒരു പാഠ്യ പദ്ധതി മുസ്ലിം ലോകത്തിനു ആവശ്യമല്ലേ എന്നതായിരുന്നുഅത്. ഇസ്ലാമിക സ്കൂളുകളിലൂടെയും അതില്ലാത്തിടത്തു സമാന്തര സംവിധാനങ്ങളിലൂടെയും അത് സാധ്യമാക്കാൻ കഴിയുമോ എന്ന് ഈ രംഗത്ത് പണിയെടുക്കുന്നവർക്ക് ചിന്തിക്കാവുന്നതാണ്. ഏകദേശം എല്ലാ മാനവിക വിജ്ഞാനങ്ങളുടെയും ഒരു പ്രാഥമിക പരിജ്ഞാനം ലഭ്യമാകാൻ സ്കൂൾ പഠനകാലം കഴിയുന്ന വിദ്യാർഥിക്ക് കുർആനിനെ ഒരാ വർത്തിയിങ്കിലും പ്രാഥമികമായി പരിചയപ്പെടാൻ അവസരമുണ്ടാവേണ്ടതുണ്ട്.
ഏതായാലും മാതാപിതാക്കളുടെ ശ്രദ്ധ പതിയേണ്ട ഒന്നാണ് കുട്ടികളുടെ കുർആൻ പഠനം. മനനവും പാരായണവും ആശയ ബോധ്യവും എല്ലാം അതിന്റെതായ അളവിൽ അതാത് പ്രായത്തിൽ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്തം നാം മറന്നുകൂടാ. മാത്രവുമല്ല നൽകാവുന്നതിൽ വെച്ച് ഏറ്റവും നല്ല അറിവുകളിൽ പ്രഥമ സ്ഥാനത്ത് നിർത്തേണ്ടതും കുർആൻ തന്നെ. “നിങ്ങളിൽ ഏറ്റവും ഉത്തമൻ കുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്ന്ന’ (ബുഖാരി) നബി വചനത്തിന്റെ വൃത്തത്തിൽ നിന്ന് കുട്ടികൾ പുറത്തല്ലല്ലോ. മക്കളുടെ കുർആൻ പഠനത്തിൽ ശ്രദ്ധിച്ച മാതാപിതാക്കളെ പരലോകത്തു കാത്തിരിക്കുന്ന ആദരവും പ്രതിഫലവും എന്താണെന്ന് കൂടി ഒരു വിശ്വാസി അറിഞ്ഞാൽ കുർആൻ പഠനം
ഒരു “അഡീഷണൽ’ ചടങ്ങായി കാണാൻ കഴിയില്ല. നബി(സ്വ) പറഞ്ഞു: “ഒരാൾ കുർആൻ പഠിക്കുകയും പഠിപ്പിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവന്റെ മാതാപിതാക്കൾക്കു നാളെ പരലോകത്തു അല്ലാഹു പ്രകാശത്തിന്റെ ഒരു കിരീടം അണയിക്കും. അതിന്നു സൂര്യന്റെ പ്രകാശത്തെക്കാൾ വെളിച്ചമുണ്ടാകും” (അബൂദാവൂദ്).
ചെറിയ പ്രായം മുതൽ തന്നെ കുട്ടികൾ ചൊല്ലി പ്പഠിച്ചു തുടങ്ങുന്ന അധ്യായങ്ങളുടെയും സൂക്തങ്ങ
ളുടെയും ചെറിയ വിവരണം അവർക്ക് നൽകിയാൽ അത് എന്നും അവരുടെ ഓർമയിലുണ്ടാവും. ഉദാഹരണത്തിന് സൂറഃ അൽ ഫീൽ മനപ്പാഠമാക്കുന്ന കുട്ടിക്ക് അതോടൊപ്പം ആനക്കലഹ സംഭവത്തിന്റെ കഥ പറഞ്ഞു കൊടുത്താൽ ജീവിതത്തിലെവിടെ വെച്ചും “ഫീൽ’ അധ്യായം ഓതുകയോ കേൾക്കുകയോ ചെയ്താൽ സ്വാഭാവികമായും ആ സംഭവം മനോമുകര്ത്തിൽ ഓടിയെത്തും. അത് പോലെ സൂറഃ അൽ മസദ് പഠിക്കുന്ന തുടക്കക്കാലത്ത് തന്നെ അബൂലഹബ് നബിയെ കയ്യേറ്റം ചെയ്ത കഥ പറഞ്ഞു കൊടുത്താൽ നബി(സ്വ)യുടെ പരസ്യ പ്രബോധനത്തിന്റെ തുടക്കത്തിന്റെ ഒരു ചിത്രം മനസ്സിൽ മായാതെ കിടക്കും. അതാണ് കുർആനിന്റെ ശക്തിയും സ്വാധീനവും. കുർആൻ മനഃപാഠമാക്കാൻ ഏറ്റവും അനുയോജ്യമായത് കുട്ടിപ്രായമാണ്. മനഃപാഠമാക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രത്യേകം നാം ഇതിന്നായി സജ്ജമാകേണ്ടതുണ്ട്.
അഞ്ച്:വിശാസത്തിൽ ഉറച്ചു നിൽക്കാനും ആ മാർഗത്തിൽ ത്യാഗം സഹിക്കാനും ശീലിപ്പിക്കുക.
ഏതൊരു മനുഷ്യനും അവന്റെ വിശ്വാസ സംരക്ഷണത്തിന്റെ മാർഗത്തിൽ ക്ഷമയും ത്യാഗവും പുലർത്തേണ്ടി വരും തോറും അത് അവന്റെ വിശ്വാസത്തിന്റെ ശക്തിയും ചൈതന്യവും വർധിപ്പിക്കും. ഇന്നത്തെ വിശ്വാസികളായ കുട്ടികൾ ഈ രംഗത്ത് വലിയ പ്രതിസന്ധികൾ പലപ്പോഴും നേരിടുന്നവരാണ്. തന്റെ വിശ്വാസത്തെ മലിനീകരിക്കാനും സംസ്കാരത്തെ അവമതിക്കാനും ആസൂത്രിതമായ നീക്കം ചുറ്റിലും ഇന്ന് മനപ്പൂർവം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇസ്ലാമിക ചിഹ്നങ്ങളും വിശ്വാസങ്ങളും ഇളംതലമുറകളിൽ നിന്ന് ഊരിയെടുക്കുകയാണ് ഏറ്റവും വലിയ വിദ്യാഭ്യാസ് സേവനമെന്നു കരുതുന്ന ചിലരെങ്കിലും കലാലയങ്ങളുടെ നടുമുറ്റത്തിലുണ്ടെന്ന് സമീപ കാല അനുഭവങ്ങൾ നമ്മോടു വിളിച്ചു പറയുന്നുണ്ട്. പലപ്പോഴും മനപ്പൂർവമല്ലാതെയും ഇത് സംഭവിക്കാറുണ്ട്. സിലബസിന്റെ ഭാഗമായും മറ്റും പഠിപ്പിക്കപ്പെടുന്ന പലതിലും ഇസ്ലാമിന്റെ ഏകദൈവ വിശ്വാസത്തിനെ നിരാകരിക്കുന്നതോ പരിക്കേൽപിക്കുന്നതോ ആയ പല ഭാഗങ്ങളും ഉണ്ടാവാറുണ്ട്. പഠിപ്പിക്കുന്ന അധ്യാപകർ പലപ്പോഴും അതിന്റെ ഗൗരവം ഓർത്തുകൊള്ളണമെന്നില്ല.
ഇവിടെ രക്ഷിതാക്കളുടെയും സ്ഥാപന നടത്തിപ്പുകാരുടെയും ശ്രദ്ധയാണ് ആവശ്യം. ഒരിക്കൽ ഒരു പള്ളിക്കമ്മറ്റിയുടെ കീഴിൽ നടക്കുന്ന നഴ്സറിയുടെ പരിസരത്തു നിൽക്കുന്ന നേരത്ത് ക്ലാസ്സിലെ കുട്ടികളെ ടീച്ചർ മലയാളം കവിത ചൊല്ലിപ്പഠിപ്പിക്കുന്നത് കേൾക്കാൻ ഇടവന്നു. ഒന്ന് രണ്ടു കുട്ടികളൊഴിച്ചാൽ ബാക്കി എല്ലാവരും മുസ്ലിം കുട്ടികൾ. “അമ്മയാണ് ദൈവം, അച്ഛനാണ് ദൈവം…’ എന്ന് ടീച്ചർ ഈണത്തിൽ ചൊല്ലിക്കൊടുക്കുന്നു. കുട്ടികൾ ഏറ്റു ചൊല്ലുന്നു. സ്ഥാപന നടത്തിപ്പുകാർ തെരഞ്ഞെടുത്തു നൽകിയ ടെക്സ്റ്റ് ബുക്കിലെ വരികൾ മാത്രമാണത്. എനിക്ക് സ്വാതന്ത്യം ഉണ്ടായിരുന്ന ഒരു ഇടമായതിനാൽ ഞാൻ ഉടൻ ടീച്ചറെ അത് മാന്യമായ നിലയിൽ ബോധ്യപ്പെടുത്തി. അപ്പോൾ മാത്രമാണ് അവർക്ക് അതിന്റെ ഗൗരവം തിരിഞ്ഞത്. ഇത് പോലെ തിരുത്താനും തിരുത്തിക്കാനും അവസരമുള്ളിടത്തു കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ അല്ലാത്തിടങ്ങളിൽ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ കുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്.
വസ്ത്രമുരിഞ്ഞാൽ മാത്രം പങ്കാളിത്തം കിട്ടുന്ന മത്സരങ്ങളുടെ വിജയ സാധ്യതകളെക്കാൾ മൂല്യവത്തായി വിശ്വാസത്തെ കാണാനും അതിന്റെ മാർഗത്തിൽ വിലപ്പെട്ടത് പലതും ത്യജിക്കേണ്ടിവന്നാൽ മനഃക്ലേശം തോന്നാത്ത ഹൃദയത്തിന്റെ ഉടമയാകാൻ നമ്മുടെ മക്കൾക്ക് നാം ശീലവും ധൈര്യവും നൽകണം. “കുട്ടികളല്ലേ, അത് വലിയ കാര്യമാക്കേണ്ടതില്ലെ’ന്ന നിലപാട് വിശ്വാസികളുടെ ഭാഗത്തു നിന്ന് ണ്ടായിക്കൂടാത്തതാണ്. ഇസ്ലാമിക ചരിത്രങ്ങളിൽ അതിന്റെ മാതൃകകൾ ധാരാളം ഉണ്ട്.
അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക