ഉണങ്ങാത്ത പാടുകള്‍

ഉണങ്ങാത്ത പാടുകള്‍

പതിവുപോലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയ ശേഷം അവരെ നിരീക്ഷിച്ചു കൊണ്ട്  ഹെഡ്മാസ്റ്റര്‍ അവര്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് ഇരിപ്പിടം വൃത്തിയാക്കണമെന്ന് അദ്ദേഹം കുട്ടികളോടായി പറയുക പതിവാണ്. അതിനിടയില്‍ മിക്കപ്പോഴും ഇടപെട്ട് പരിഹരിക്കേണ്ടതായ പരാതികളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും കാണും.   

അങ്ങനെ നടക്കുന്നതിനിടയിലാണ് രണ്ടാം ക്ലാസിന്റെ മൂലയില്‍ ഇരിക്കുന്ന രണ്ട് കുട്ടികളിലൊരാള്‍ കരയുന്നത് ശ്രദ്ധയില്‍പെട്ടത്. നാലാം തരത്തിലെ റിഹാനും രണ്ടാം തരത്തിലെ അവന്റെ അനിയന്‍ റബീഉം. ഇളയവനാണ് കരയുന്നത്. ഹൈഡ്മാസ്റ്റര്‍ അടുത്തുചെന്നു.  എന്തിനാണ് കരയുന്നതെന്ന റബീഇനോടുള്ള ചോദ്യത്തിന് റിഹാനാണ് മറുപടി പറഞ്ഞത്: ”സാറേ, അവനിനിയും കടല വേണമെന്ന് പറഞ്ഞ് കരയ്വാണ്.” (അന്ന് ചോറിന്റെ കൂടെ കടലയായിരുന്നു നല്‍കിയത്). 

റബീഇന്റെ കടലയെവിടെയെന്ന് അന്വേഷിച്ച സാറിന് മനസ്സിലായി, രണ്ടുപേര്‍ക്കുമുള്ള കടല ഒരു പാത്രത്തിലാണ് വാങ്ങിയിട്ടുള്ളത് എന്നും അതാകട്ടെ ജ്യേഷ്ഠന്റെ കസ്റ്റഡിയിലാണുള്ളതെന്നും. കടലപ്പാത്രം തുറന്ന് റിഹാന്‍ കുറച്ച് അനുജന് കൊടുത്തു. പെട്ടെന്ന് തന്നെ അവന്‍ പാത്രം അടച്ചുവെച്ചു. വിലപ്പെട്ടതെന്തോ ജാഗ്രതയോടെ സൂക്ഷിക്കും മട്ടില്‍  ആ പാത്രമവന്‍ അല്‍പംകൂടി അടുത്തേക്ക് വെച്ചു. ആ കുഞ്ഞുമുഖത്ത് നിഴലിച്ചു നില്‍ക്കുന്ന അവ്യക്തമായ ഭാവം വായിച്ചെടുക്കുവാന്‍ ഹെഡ്മാസ്റ്റര്‍ പ്രയാസപ്പെട്ടു. എന്തോ ഒരു പന്തികേട് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നി. അല്‍പം മാറി നിന്ന് അദ്ദേഹംഅവരെ ശ്രദ്ധിക്കുവാന്‍ തുടങ്ങി. മറ്റുകുട്ടികളില്‍ അധികപേരും വീട്ടില്‍ നിന്ന് വ്യത്യസ്ത കറികള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും സ്‌കൂളില്‍ നിന്ന് നല്‍കിയ ചോറും കടലയുമല്ലാതെ മറ്റൊന്നും ആ ജ്യേഷ്ഠാനുജന്മാരുടെ പക്കലില്ലെന്ന് സാറിന് മനസ്സിലായി.

കിട്ടിയ കടല ആര്‍ത്തിയോടെ കഴിക്കുന്ന അനിയന് ജ്യേഷ്ഠന്‍ നല്‍കിയ ഉപദേശം കേട്ട് സാറിന്റെ മനസ്സ് പിടഞ്ഞു. ”ഇനി കടല ചോദിക്കരുത്… നമുക്ക് വൈകുന്നേരം ചായക്ക് കൂടെ കഴിക്കാന്‍ പിന്നെ ഒന്നുമുണ്ടാകൂല…”

ദൈന്യത നിഴലിട്ട ആ കുഞ്ഞു മുഖങ്ങളുടെ കാഴ്ച അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ പതിച്ചു. ആ സമയത്ത് മനസ്സിനെ വേദനിപ്പിക്കുമാറ് മറ്റു വിദ്യാര്‍ഥികള്‍ കോഴിയിറച്ചിയും കോഴിമുട്ടയും അടക്കമുള്ള വ്യത്യസ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ തിന്നുതീര്‍ക്കാതെ ബാക്കിയാക്കി സമീപത്ത് നിരത്തിവെച്ചിട്ടുള്ള വേസ്റ്റ് ബക്കറ്റുകളിലേക്ക് ചൊരിയുന്ന കാഴ്ച സാറിന്റെ കണ്ണുകളെ ഈറനണിയിച്ചു. 

ദാരിദ്ര്യം പങ്കുവെച്ച് ദിവസങ്ങള്‍ തള്ളിനീക്കുന്ന ആ കുഞ്ഞു മുഖങ്ങളിലേക്ക് സാറിന്റെ കണ്ണുകള്‍ പാഞ്ഞു. നിധി സൂക്ഷിക്കും പോലെ കടലപ്പാത്രം ശരീരത്തോടു ചേര്‍ത്തുപിടിച്ച് ശ്രദ്ധയോടെ ഊണ് കഴിക്കുന്ന റിഹാന്‍!

കരച്ചിലിന്റെ പാടുകളുണങ്ങാത്ത കണ്ണുകളുമായി അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്ന റബീഅ്.എങ്ങനെ ഈ കാഴ്ച കരണയുള്ള കണ്ണുകളെ നനയിക്കാതിരിക്കും! ആരുടെയും ശ്രദ്ധയില്‍ പെടാതെ അദ്ദേഹം കണ്ണുതുടച്ച് മെല്ലെ ഒാഫീസ് റൂമിലേക്ക് നടന്നു.

പ്രിയപ്പെട്ട കുട്ടികളേ, നിങ്ങള്‍ ഭക്ഷണം ബാക്കിയാക്കി കളയാറുണ്ടോ? ഉണ്ടെങ്കില്‍ ഇനി ഒരിക്കലുമങ്ങനെ ചെയ്യരുത്. റിഹാനെയും റബീഇനെയും പോലുള്ള എത്രയോ കുട്ടികള്‍ നിങ്ങള്‍ വലിച്ചെറിയുന്ന ഭക്ഷണമെങ്കിലും കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ച് വിശന്നുവലഞ്ഞ് ജീവിക്കുന്നുണ്ടെന്ന സത്യം നിങ്ങള്‍ മനസ്സിലാക്കണം. 

 

ബി.എം അശ്‌റഫ് മമ്പാട്
നേർപഥം വാരിക

Leave a Comment