നോമ്പിൻറെ നിർവ്വചനം :
നോമ്പു മുറിക്കുന്ന കാര്യങ്ങൾ വെടിഞ്ഞുകൊണ്ട് പ്രഭാതം മുതൽ സൂര്യാസ്തമയം വരെ മനസ്സിനേയും ശരീരത്തേയും പിടിച്ചു നിർത്തിക്കൊണ്ട് അല്ലാഹുവിന് വേണ്ടി നിർവ്വഹിക്കുന്ന മഹത്തായ ഒരാരാധനയാണ് നോമ്പ്.
നോമ്പിന്റെ ഇസ്ലാമികവിധി : ഇസ്ലാമിൻറ അടിസ്ഥാന സ്തംഭങ്ങളായ ഇസ്ലാം കാര്യങ്ങളിൽ ഒന്നാണ് നോമ്പ്; ബുദ്ധിയും ആരോഗ്യവുമുള്ള, പ്രായപൂർത്തിയായ എല്ലാ വിശ്വാസികൾക്കും അത് നിർബന്ധമാണ്.
അല്ലാഹു പറയുന്നു “സത്യവിശ്വാസികളെ നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരുന്ന പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധ മാക്കപ്പെട്ടിരിക്കുന്നു നിങ്ങൾ ഭക്തരാകുന്നതിനു വേണ്ടിയതെ അത്.” (സൂറ ബഖറ: 186) .
പ്രവാചകൻ(സ) പറയുന്നു “ഇസ്ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിൻറെ റസൂലാണെന്നും സാക്ഷ്യം വഹിക്കൽ, നമസ്കാരം കൃത്യതയോടെ നിർവഹിക്കൽ, സകാത് (നിർബന്ധ ദാനം) നൽകൽ, റമളാൻ മാസം നോമ്പനുഷ്ഠിക്കൽ, കഴിവുള്ളവർ ഹജ്ജ് കർമ്മം നിർവ്വഹിക്കൽ എന്നിവയത്രെ അത് (മുസ്ലിം).
റമദാൻ മാസത്തിൻറെ പ്രത്യേകതകൾ
1, ഖുർആൻ അവതരിച്ച് മാസം
“മനുഷ്യർക്ക് സൻമാർഗവും സത്യാസത്യ വിവേചനത്തിനും മാർഗദർശനത്തിനുമുള്ള തെളിവുകളുമായിക്കൊണ്ട് ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമത റമദാൻമാസം. (സൂറ: ബഖറ:).
2. ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്ർ ഉൾക്കൊള്ളുന്ന മാസം
“തീർച്ചയായും നാം അതിനെ (ഖുർആനിനെ) ലൈലത്തുൽ ഖദ്റിലാണ് അവതരിപ്പിച്ചത് അതിനെ സംബന്ധിച്ച് നിനക്ക് എന്ത് അറിയാം അത് ആയിരം മാസത്തേക്കാൾ ശ്രഷ്ഠമേറിയതാകുന്നു”. (സൂറത്തുൽ ഖദ്ർ).
3. നോമ്പുകാരന്റെ പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നു.
നബി(സ) പറഞ്ഞു “മൂന്ന് വിഭാഗത്തിൻറെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുകതന്നെചെയ്യും “നോമ്പുകാരൻറ പ്രാർത്ഥന, മർദ്ദിതന്റെ പ്രാർത്ഥന, യാത്രക്കാരൻ പ്രാർത്ഥന എന്നിവയത്രെ അത് ” (ബൈഹഖി).
4. പിശാചുക്കൾ ബന്ധിക്കപ്പെടുന്നു, സ്വർഗകവാടങ്ങൾ തുറക്കപ്പെടുന്നു, നരക കവാടങ്ങൾ അടക്കപ്പെടുന്നു. (ബുഖാരി).
5. തെററുകളിൽനിന്നു സംരക്ഷണം ലഭിക്കുന്നു
നബി(സ)പറയുന്നു. “യുവ സമൂഹമേ നിങ്ങൾക്ക് വിവാഹം കഴിക്കാൻ ആവശ്യമായ കഴിവ് എത്തിക്കഴിഞ്ഞാൽ ഉടനെ നിങ്ങൾ വിവാഹിതരാവുക. അത് നിങ്ങളുടെ കണ്ണുകളെ താഴ്ത്തുന്നു, ജനനേന്ദ്രിയത്തെ സംരക്ഷിക്കുന്നു. അതിന് കഴിയാത്തവർ നോമ്പ് അനുഷ്ഠിക്കട്ടെ. അത് അവന്നൊരു കാവലാണ് (ബുഖാരി, മുസ്ലിം).
6. നോമ്പ് ഒരു പരിചയാണ്.
നബി(സ) പറയുന്നു: “നോമ്പ് ഒരു പരിചയാണ്. അടിമ അതുകൊണ്ട് നരകത്തെ തടുക്കുന്നു.” (അഹ്മദ്).
7. നോമ്പ് സ്വർഗപ്രവേശനം നൽകുന്നു.
അബുഉമാമ(റ) നബി(സ)യോട് ചോദിച്ചു സ്വർഗ്ഗപ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു കാര്യം എനിക്ക് അറിയിച്ച് തരണം നബി(സ) പറഞ്ഞു “നീ നോമ്പനുഷ്ഠിക്കുക. അതിനുതുല്യമായി മറെറാന്നുമില്ല. (നസാഇ).
8. നോമ്പും ഖുർആനും ശുപാർശക്കായി എത്തുന്നതാണ് (നബി വചനം )
9. നോമ്പ്കാർക്ക് സ്വർഗപ്രവേശനത്തിന് പ്രത്യേകം കവാടം ഉണ്ടായിരിക്കും
നബി (സ)പറഞ്ഞു “സ്വർഗത്തിന് റയ്യാൻ എന്ന ഒരു കവാടമുണ്ട് അതിലുടെ നോമ്പുകാർ മാത്രമായിരിക്കും പ്രവേശിക്കുക” (ബുഖാരി)
10. നോമ്പിന് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്നു (ഹദീസ് തുർമുദി).
11. നോമ്പ് മനുഷ്യനിൽ തഖ്വയുണ്ടാക്കും (ഖുർആൻ).
12. നോമ്പ് അല്ലാഹുവിന് മാത്രമായി ചെയ്യാൻകഴിയുന്ന ഇബാദത്താണ്.
“അല്ലാഹു പറയുന്നു: ദാസൻ എനിക്കുവേണ്ടി മാത്രമാണ് ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുന്നത്. നോമ്പ് എനിക്കുമാത്രമുള്ളതാണ്”(മുസ്ലിം)
13. നോമ്പ് മുൻപാപങ്ങൾ പൊറുക്കുന്നു
നബി(സ)പറയുന്നു ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി നോമ്പനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് (ബുഖാരി).
നോമ്പ് നിയമമാക്കപ്പെട്ടവർ
1, പ്രായപൂർത്തിയായ ബുദ്ധിയുള്ള ആരോഗ്യമുള്ളവർക്ക് നോമ്പ് നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ്.
2, പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ല; എങ്കിലും അവരെ പരിശീലിപ്പിക്കേണ്ടതാണ്.
3, ആരോഗ്യമില്ലാത്ത വൃദ്ധർക്കും ശമനം തീരെ പ്രതീക്ഷയില്ലാത്ത രോഗികൾക്കും ഇളവ് നൽകപ്പെട്ടിട്ടുണ്ട്. അവർ ഓരോ നോമ്പിനും ഓരോ അഗതിക്ക് വീതം ഭക്ഷണം പ്രായശ്ചിത്തം നൽകേണ്ടതാണ്.
4, ശമനം പ്രതീക്ഷയുള്ള രോഗിക്കും നോമ്പ് ഒഴിവാക്കാം; പിന്നീട് നോറ്റുവീട്ടൽ നിർബന്ധമാണ്.
5, യാത്രക്കാർ വളരെ ബുദ്ധിമുട്ടി നോമ്പനുഷ്ഠിക്കാതിരിക്കലാണ് ഉത്തമം. അവർ പിന്നീട് നോറ്റ് വീട്ടിയാൽ മതി.
6, ഗർഭിണികളും മുലയൂട്ടുന്ന മാതാക്കളും വിഷമിച്ച് നോററ് കൊള്ളണമെന്നില്ല. പിന്നീട് നോററ്വീട്ടിയാൽ മതി.
7, ആർത്തവകാരികളും പ്രസവരക്തമുള്ളവരും നോമ്പനുഷ്ഠിക്കൽ ഹറാമാണ്.
നോമ്പിന്റെ മര്യാദകൾ
1, നിർബന്ധ നോമ്പിന് പ്രഭാതത്തിന് മുമ്പായി നിയ്യത്ത് ചെയ്യേണ്ടതാണ്. നിയ്യത്ത് എന്നാൽ മനസ്സിൽ കരുതലാണ്. നാവിനോ ചുണ്ടുകൾക്കോ അതിൽ യാതൊരു സ്ഥാനവുമില്ല. നിയ്യത്ത്പറയൽ സുന്നത്തുപോലുമില്ല അത് നബിചര്യക്ക് എതിരുമാണ്.
2, അത്താഴം കഴിക്കുക, കഴിവതും പിന്തിച്ച് കഴിക്കുകയും ചെയ്യുക.
3, ഭക്ഷണ പാനീയങ്ങൾ എന്നപോലെ ചീത്തവാക്കും, പ്രവൃത്തിയും, ചിന്തയും ഒഴിവാക്കുക.
4, സമയമായാൽ ഉടനെ നോമ്പ് തുറക്കുക.
നോമ്പ് നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ
1, സംയോഗം: റമളാനിൻറപകലിൽ ഭാര്യാഭർതൃ ബന്ധത്തിലേർപ്പെട്ടാൽ നോമ്പ് ദുർബലപ്പെടുകയും അത് നോറ്റുവീട്ടുന്നതോടൊപ്പം ഭാരിച്ച പ്രായശ്ചിത്തവും നിർബന്ധമാണ്. (ഒന്നുകിൽ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക, അല്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് നോൽക്കുക, അതുമല്ലെങ്കിൽ അറുപത് അഗതികൾക്ക് ഭക്ഷണം നൽകുക എന്നതാണ് പ്രായശ്ചിത്തം).
2, തിന്നുകയോ കുടിക്കുകയോ ചെയ്യൽ.
3, ശരീര പോഷണത്തിന് ഇഞ്ചക്ഷൻ എടുക്കൽ.
4, കരുതിക്കൂട്ടി ചർദ്ദിക്കൽ.
5, സ്വയംഭോഗം ചെയ്യൽ
6, ആർത്തവമോ പ്രസവരക്തമോ പുറപ്പെടൽ.
(മേൽപറഞ്ഞ കാര്യങ്ങൾ നോമ്പു മുറിക്കുന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടും മനപൂർവ്വവും പ്രവർത്തിക്കുമ്പോൾ മാതമേ നോമ്പുമുറിയുകയുള്ളൂ).
ഇവക്കെല്ലാം പുറമെ നാം നോമ്പുകാരനാണ് എന്ന ബോധത്തോടെ സദാകഴിഞ്ഞുകൂടാൻ ശ്രമിക്കുകയും വേണം. നബി(സ) പറയുന്നത് കാണുക: “വല്ലവനും ചീത്തവാക്കും, പ്രവൃത്തിയും ഒഴിവാക്കുന്നില്ലങ്കിൽ
അവൻ പട്ടിണികിടക്കണമെന്ന് അല്ലാഹുവിന്ന് യാതൊരാവശ്യവുമില്ല.” (ബുഖാരി).
‘എത്രയെത് നോമ്പുകാരാണ് അവരുടെ നോമ്പുകൊണ്ട് വിശപ്പും ദാഹവും സഹിക്കുന്നു എന്നതിൽ കവിഞ്ഞു മറെറാന്നും നേടാൻ കഴിയാത്തവർ, അതുപോലെ എത്ര രാതി (തറാവീഹ്) നമസ്കാരക്കാരാണുള്ളത് അവരുടെ നമസ്കാരംകൊണ്ട് ഉറക്കം നഷ്ടപ്പെട്ടു എന്നതല്ലാതെ മറെറാന്നും നേടാൻ കഴിയാത്തവർ.” (ദാരിമി).
നോമ്പുകാലത്തെ പുതൃകർമങ്ങൾ
ഖുർആൻ പഠനം, ഖുർആൻ പാരായണം,ദിക്‌ർ , തസ്ബീഹ്, പ്രാർത്ഥന എന്നിവ അധികരിപ്പിക്കൽ, രാത്രി ദീർഘമായി നമസ്കരിക്കൽ, പള്ളിയിൽ ഇഅ്തികാഫ് ഇരിക്കൽ, ദാനധർമം അധികരിപ്പിക്കൽ നോമ്പുകാരനെ നോമ്പു തുറപ്പിക്കൽ, ഉംറ ചെയ്യൽ മററ് സൽകർമങ്ങൾ വർധിപ്പിക്കൽ എന്നിവയാണ്.
അവസാനത്തെ പത്തിൽ
اللهم إنك عفو تحب العفو فاعف عتي (متفق عليه).
(അല്ലാഹുമ്മ ഇന്നകഅഫുവ്വൻ തുഹിബ്ബുൽഅവ ഫഅ് അന്നീ).
“അല്ലാഹുവേ നീ പാപമോചനം നൽകുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ് എന്റെ പാപങ്ങൾ നീ എനിക്ക് പൊറുത്തുതമേണമേ” എന്ന് കൂടുതൽ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.
നോമ്പുകാലത പുണ്യകർമങ്ങൾ
അവസാനത്തെ പത്തിലാണ് ആയിരം മാസത്തേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദ്ർ ഉൾക്കൊള്ളുന്നത്. ലൈലത്തുൽ ഖദ്ർ ഇന്ന ദിവസമാണ് എന്ന് എനിക്കുമനസ്സിലാകുകയാണ് എങ്കിൽ അന്ന് ഞാൻ എന്താണ് കൂടുതലായി പ്രാർത്ഥിക്കേണ്ടത് ? എന്ന് ആയിശ(റ) നബി(സ) യോട് ചോദിച്ചപ്പോൾ മേൽകൊടുത്ത പ്രാർത്ഥന പ്രാർത്ഥിക്കുവാനാണ് പറഞ്ഞത്. നബി(സ) അവസാനത്തെ പത്ത് സമാഗതമായാൽ തൻറ അരയുടുപ്പ് മുറുക്കിയുടുക്കുകയും, കുടുംബത്തെ വിളിച്ചുണർത്തുകയും രാത്രിമുഴുവനും (ആരാധനയിൽ മുഴുകി ജീവസ്സുററതാക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി).
അത്കൊണ്ട് ഒരായുഷ്കാലം മുഴുവനും ആരാധനയിൽ മുഴുകിയാൽ കിട്ടുന്നത് പുണ്യം ഒരുരാത്രികൊണ്ട് നേടാൻ കഴിയും.
നോമ്പും തിരുത്തേണ്ട ധാരണകളും
റമളാനിൻറ രാത്രികളിൽ ഭാര്യാഭർതൃ ബന്ധത്തിലേർപ്പെടുക, സുബ്ഹിക്ക് മുമ്പായി രാതിയിൽ തന്നെ കുളിക്കാൻ കഴിയാതിരിക്കുക, നോമ്പിൻപകലിൽ പല്ല് തേക്കുക, മുങ്ങിക്കുളിക്കുക, ഇഞ്ചക്ഷൻ എടുക്കുക, കണ്ണിൽ സുറുമ പോലുള്ളവ ഉപയോഗിക്കുക, രക്തപരിശോധന നടത്തുക ഭക്ഷണം രുചിനോക്കുക, ഉറക്കത്തിൽ സ്ഖലനം നടക്കുക എന്നിവയൊന്നും നോമ്പിനെ ദുർബലപ്പെടുത്തുകയില്ല.
റമദാനിനെ സ്വാഗതം ചെയ്യൽ
പശ്ചാത്തപിച്ച് പാപമുക്തിനേടി ഹൃദയശുദ്ധി വരുത്തുക, ബാധ്യതകൾ നിർവ്വഹിക്കുക, പ്രാർത്ഥനാനിരതരായി കഴിയുക, സൽകർമങ്ങൾക്ക് മുൻകൂട്ടി സമയം നിശ്ചയിക്കുക, മാസപ്പിറവി കാണുമ്പോൾ നബി (സ) പഠിപ്പിച്ച് പ്രാർത്ഥന പ്രാർത്ഥിക്കുക. എന്നിവയെല്ലാം റമദാനിന് മുമ്പായി നാം ചെയ്യേണ്ട മുന്നൊരുക്കങ്ങളാണ്.
മാസപ്പിറവി കാണുമ്പോഴുള്ള പ്രാർത്ഥന താഴെപറയും പ്രകാരമാണ്.
الله أكبر، اللهم أهله علينا بالأمن والإيمان والسلامة والإسلام
والتوفيق لما تحب وترضى ربنا وربك الله (الترمذي)
“അല്ലാഹു ഏററവും വലിയവനാകുന്നു. അല്ലാഹുവേ നിർഭയത്വവും വിശ്വാസവും സമാധാനവും രക്ഷയും, നീ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങൾ പ്രവർത്തിക്കാനുള്ള അനുഗ്രവുമായിക്കൊണ്ട് ഈ മാസത്തെ ഞങ്ങളിൽ ഉദിപ്പിക്കേണമേ. (ഉദയചന്ദ്രനെ നോക്കിക്കൊണ്ട് പറയുക) ഞങ്ങളുടേയും നിൻറയും നാഥൻ അല്ലാഹുവാണ്.” (തുർമുദി).
നോമ്പു തുറക്കൽ
സമയമായാലുടനെ നോമ്പു തുറക്കുക എന്നതാണ് നബിചര്യ. നോമ്പുകാരൻ നോമ്പുതുറക്കുന്നതിനു മുമ്പായി നടത്തുന്ന പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ് എന്ന് പ്രവാചകൻ പറഞ്ഞിട്ടുള്ളതിനാൽ പ്രസ്തുത സമയത്ത് പ്രാർത്ഥനകൾ അധികരിപ്പിക്കേണ്ടതാണ്.
ഈത്തപ്പഴം അത് കിട്ടിയില്ലങ്കിൽ കാരക്ക അതുമില്ലങ്കൽ പച്ചവെള്ളം മുൻഗണനാക്രമം
(ذهب الظمأ وابتلت الغروق وثبت الأجر إن شاء الله)
(ദഹബദ്ളമള വല്ലതിൽ ഉറുഖ വഥബതൽ അജ്റു ഇൻശാഅല്ലാഹ്).
(ദാഹമെല്ലാം നീങ്ങി ഞരമ്പുകൾക്കെല്ലാം പുതുജീവൻ ലഭിച്ചു അല്ലാഹു ഉദ്ദേശിച്ചാൽ
പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും.)
എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക.
പുണ്യ മാസത്തിലും അനാചാരം?
ബദ്രീങ്ങളുടെ ആണ്ട് :
ചിലപ്രദേശങ്ങളിൽ റമദാൻ മാസം എന്നാൽ റമളാൻ പതിനേഴിന്ന് ബദ്രീങ്ങളുടെ ആണ്ട് എന്നപേരിൽ വലിയ സദ്യയൊരുക്കാനും അതിന്നായി ഒരുങ്ങാനുമുള്ളതാണ് എന്ന് തോന്നിപ്പോകും വിധത്തിലാണ് കണ്ടു വരുന്നത്. റമദാൻമാസം പിറന്നാൽ ഉടനെ കമ്മിറ്റിയുണ്ടാക്കലും പണം പിരിക്കലുമായി ആളുകൾ അതിന്റെ പിന്നാലെ നീങ്ങുന്നു!? എത്ര ദയനീയമാണാ രംഗം! പുണ്യദിനങ്ങൾ ബിദ്അത്തുകൾക്കും ശിർക്കിനുമായി നീക്കിവെക്കുന്നു. ബദ്രീങ്ങളുടെ പേരിൽ നേർച്ചനേരുകയും അവരോടു പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നു!?.
ഇവയല്ലാം യഥാർത്ഥത്തിൽ ഇബാദത്താണ്, ഇബാദത്ത് അല്ലാഹുവല്ലാത്തവരുടെ പേരിൽ നിർവ്വഹിക്കൽ അല്ലാഹു ഒരിക്കലും പൊറുക്കാത്തതും, ശാശ്വത നരകാവകാശിയാക്കുന്നതുമായ ശിർക്കാണാനും.
ബദ്ർയുദ്ധം നടന്നത് ഹിജ്റ രണ്ടാം വർഷം റമദാൻ പതിനേഴിന്നായിരുന്നു എന്നത് തർക്കമററകാര്യമാണ്. എന്നാൽ എന്തിനു വേണ്ടിയായിരുന്നു ബദ്ർയുദ്ധം നടന്നത് എന്നത് ചിന്തിക്കാതെപോകുന്നതാണ് കഷ്ടം! നബി(സ) അന്ന് ബദറിൽവെച്ച് പ്രാർത്ഥിച്ചത് അല്ലാഹുമ്മ ഇൻതഹിക് ഹാദിഹിൽഉസ്വാബ: ലൻ തുഅ്ബദ ഫിൽഅർദ് (അല്ലാഹുവേ ഈയൊരു ചെറിയ സംഘം ഇവിടെ വെച്ച് നശിച്ച് പോയാൽ ഭൂമിയിൽ നിന്നെ മാത്രം ആരാധിക്കുന്ന ഒരവസ്ഥയുണ്ടാകുന്നതല്ല, അതുകൊണ്ട് ഞങ്ങളെ നീ വിജയിപ്പിക്കേണമേ എന്നായിരുന്നു.
അപ്പോൾ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്നായിരുന്നു ബദർ യുദ്ധം നടന്നത്. അല്ലാതെ മറ്റു ചിലയാളുകൾ പ്രചരിപ്പിക്കുന്നതുപോലെ ബദർ മർദ്ദിതൻറ മോചനദിനവുമല്ല. മറിച്ചു തൗഹീദിൻറ വിജയദിനമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ദിവസത്തിൽ ബദ്രീങ്ങൾ പ്രവർത്തിച്ചതുപോലെ തൗഹീദിന്റെ മാർഗ്ഗത്തിൽ നമുക്ക് പ്രിയപ്പെട്ടതെന്തും നാഥൻറ് പ്രീതിക്കായി സമർപ്പിക്കുവാൻ നാമും പ്രതിജ്ഞയെടുക്കുക. ബദറിൻറ ആവേശമല്ല നമുക്ക് ആവശ്യം ബദറിൻറ ആദർശമായിരിക്കണം അതിനാൽ ഇന്ന് സമൂഹം കാട്ടിക്കൂട്ടുന്നതിന് യാതൊരു മാതൃകയുമില്ല. ബദറിന് ശേഷം എട്ടു കൊല്ലം നബി(സ)ജീവിച്ചു. ഏതെങ്കിലും ഒരു വർഷം ബദർദിനത്തിൽ പ്രത്യേക ദിക്സറുകളോ, അവരുടെ മദ്ഹ് പറയുകയോ, അവർക്കു വേണ്ടിഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുകയോ, അതിനു കൽപ്പിക്കുകയോ ചെയ്തതായി യാതൊരു രേഖയുമില്ല. അക്കാരണത്താൽ തന്നെ അത് ബിദ്അത്താണ്. ബിദ്അത്തുകൾ നമ്മെ വഴി കേടിലേക്കും നരകത്തിലേക്കുമാണ് എത്തിക്കുക. അതിനാൽ അല്ലാഹുവും പ്രവാചക(സ)യും കൽപ്പിക്കാത്ത കാര്യങ്ങളിൽനിന്നും നാം വിട്ടുനിൽക്കുക. അല്ലാഹു, അവനിഷ്ടപ്പെടുന്ന വിധം റമദാനിനെ സ്വാഗതം ചെയ്യാനും, നമ്മുടെ പണ്യകർമ്മങ്ങളെക്കൊണ്ട് സ്വർഗ്ഗം തുറപ്പിക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ
റമദാനിലെ നബിചര്യകൾ.
1,നിർബന്ധനോമ്പിന് പ്രഭാതത്തിനു മുമ്പായി നിയ്യത്ത് (തീരുമാനമെടുക്കൽ)
“ആരെങ്കിലും പ്രഭാതത്തിനുമുമ്പ് നിയ്യത്തു ചെയ്തിട്ടില്ലെങ്കിൽ അവന്നു നോമ്പില്ല” (ഹദീസ് തുർമുദി).
നിയ്യത്ത് പറയൽ നബിചര്യയല്ല. നിയ്യത്തിനെ സംബന്ധിച്ച് ശാഫിഈ പൺഡിതനായ ഇമാം നവവി(റ) പറയുന്നത് ശ്രദ്ധിക്കുക. “നിയ്യത്തെന്നാൽ കരുതലാണ്, അത് മനസ്സിൻ ഉറപ്പാണ്” (ഫത്ഹുൽബാരി).
2, അത്താഴം കഴിക്കുക, കഴിവതും പിന്തിച്ചു മാത്രം കഴിക്കുക.
‘നിങ്ങൾ അത്താഴം കഴിക്കുക, തീർച്ചയായും അത്താഴത്തിൽ അനുഗ്രഹമുണ്ട്” (ബുഖാരി)
സൈദുബ്നു ഥാബിത്(റ) പറയുന്നു, ഞങ്ങൾ നബിയോടൊപ്പം അത്താഴം കഴിച്ചാൽ പിന്നീട് നമസ്കാരത്തിന് അമ്പത് ആയത്ത് ഓതുന്ന സമയം മാത്രമേ ബാക്കിയുണ്ടാകുമായിരുന്നുള്ളൂ (ബുഖാരി, മുസ്ലിം)
3,സമയമായാലുടൻ നോമ്പു തുറക്കക്കുക.
“നോമ്പുതുറക്കാൻ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങൾ നന്മയിലായിരിക്കും”
(മുസ്ലിം).
നബി(സ) ഈത്തപ്പഴം, അതില്ലെങ്കിൽ കാരക്ക, അതുമില്ലെങ്കിൽ വെള്ളം എന്നിവ കൊണ്ടായിരുന്നു നോമ്പുതുറന്നിരുന്നത് (അബുദാവൂദ്, തുർമുദി).
നബി(സ) നോമ്പുതുറന്നാൽ താഴെ പറയുന്ന പ്രാർത്ഥന ചൊല്ലുമായിരുന്നു.
ذهب الظما وابتلت العروق وثبت الأجر إن شاء الله
ദഹബ ദ്ളമല വബലത്തിൽ ഉറൂഖു വഥബതൽ അജ്റു ഇൻശാഅല്ലാഹ്
“ദാഹമെല്ലാം നീങ്ങി, ഞരമ്പുകൾക്ക് പുതുജീവൻ ലഭിച്ചു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും.” (നസാഇ, അബൂദാവൂദ്).
4. തറാവീഹ് നമസ്കാരം
من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه
البخاري )
“ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനിൽ നമസ്കരിച്ചാൽ അവൻ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്”. (ബുഖാരി)
നബി(സ) റമദാനിൽ പതിനൊന്ന് റക്അത്തിനേക്കാൾ അധികം നമസ്കരിച്ചിട്ടില്ല എന്ന ഹദീസാണ് ബുഖാരി തറാവീഹ് എന്ന അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
5, ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് അവസാനത്തെ പത്ത് കൂടുതൽ ശ്രദ്ധിക്കുക.
“നബി(സ) അവസാനപത്തിൽ തന്റെ അരമുറുക്കി തയ്യാറെടുക്കുകയും രാത്രി സജീവമാക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു’. (ബുഖാരി)
അവസാനത്തെ പത്തിൽ (അല്ലാഹുമ്മ ഇന്ന് അബുവ്വൻ തുഹിബ്ബുൽ അഫുവ ഫഅ്ഫുഅന്നീ) “അല്ലാഹുവേ നീപാപമോചനം നൽകുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ് എന്നോടു നീ പൊറുക്കേണമേ.” (തുർമുദി, അഹ്മദ്).എന്ന് കൂടുതൽ പ്രാർത്ഥിക്കുക.
6,നോമ്പ് നിഷ്ഫലമാകാതെ സൂക്ഷിക്കുക
“ആരെങ്കിലും ചീത്തവാക്കും പ്രവർത്തിയും ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കണമെന്ന് അല്ലാഹു വിന് ആവശ്യമില്ല.” (ബുഖാരി)
7. റമദാൻ അവസാനം ഫിത്വ്ർ സകാത്ത് സംഘടിതമായി വിതരണം ചെയ്യുക.
——–
അല്ലാഹു പ്രവാചകചര്യ പിന്തുടരാൻ നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ)
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين
തയ്യാറാക്കിയത്:
അബ്ദുൽ ലത്വീഫ് സുല്ലമി മാറഞ്ചേരി