നാമേവരും ഖുർആൻ പാരായണം ചെയ്യുന്നവരാണ്. പക്ഷെ നമ്മളിൽ പലരും ഖുർആനിൽ ചില ചിഹ്നങ്ങൾ ഉള്ള സ്ഥലം എങ്ങനെ പാരായണം ചെയ്യണം എന്നറിയാത്തവരാണ്. ഖുർആനിൽ അത്തരത്തിൽ വന്നിട്ടുള്ള ചിഹ്നങ്ങളെ പരിചയപ്പെടാം.
01 -
സ്വിലാ എന്ന ഈ ചിഹ്നം അൽ വസ്‌ലു അവ് ലാ – കൂട്ടിച്ചേർത്തു ഓതലാണ് ഏറ്റവും നല്ലത് എന്നതിന്റെ ചുരുക്ക രൂപമാണിത്.
ഇതിന്റെ വിവക്ഷ, ഇത് വഖ്‌ഫ് അനുവദനീയമായിട്ടുള്ള ഒരു സ്ഥലമാണെങ്കിലും അവിടെ നിർത്തി ഓതുന്നതിനേക്കാൾ ഉത്തമം ചേർത്തി ഓതലാണ്.
ഇവിടെ قُلْنَا اهْبِطُوا مِنْهَا جَمِيعًا എന്ന ഭാഗത്ത് നിർത്തി അടുത്ത ഭാഗം ഓതൽ അനുവദനീയമാണ്, എന്നാൽ നിർത്താതെ ചേർത്തി ഓതലാണ് ഉത്തമം.
02:
ഖിലാ എന്ന് ചുരുക്കി വിളിക്കാവുന്ന ഈ ചിഹ്നം അൽ വഖഫു അവ് ലാ മിനൽ വസ്വൽ അഥവാ ചേർത്തി ഓതുന്നതിനേക്കാൾ ഉത്തമം നിർത്തി ഓതലാകുന്നു എന്നതിന്റെ ചുരുക്ക രൂപമാണ്.
ഇവിടെ وَيُهْلِكَ الْحَرْثَ وَالنَّسْلَ എന്ന സ്ഥലത്ത് വഖഫ് ചെയ്യാതെ തുടർന്ന് ഓതൽ അനുവദനീയമാണ്, എന്നാൽ ഇവിടെ നിർത്തി ഓതലാണ് ഉത്തമം
03:
ജീം എന്ന ചിഹ്നം ജാഇസ് അഥവാ അനുവദനീയം എന്നതിനെയാണ് കുറിക്കുന്നത്. ഇവിടെ വഖഫ് അനുയോജ്യവും, അനുവദനീയവുമായ സ്ഥലമാണ്. ഇവിടെ ചേർത്ത് ഓതൽ കൊണ്ടും കുഴപ്പമില്ല.
നിർത്തി ഓതലാണ് ഏറ്റവും അനുയോജ്യമെന്നോ അതല്ല ചേർത്ത് ഓതലാണോ ഏറ്റവും അനുയോജ്യമെന്നോ പ്രത്യേകം പറയാനില്ലാത്ത സ്ഥലങ്ങളിലാണ് ഈ ചിഹ്നം നെൽകിയിട്ടുള്ളത്.
ഇവിടെ لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ എന്നതിലെ لَّهَا കഴിഞ്ഞു നിർത്തി ഓതാം. لَّهَا കഴിഞ്ഞു നിർത്താതെ ذَٰلِكَ എന്ന ഭാഗം ചേർത്തി ഓതി ആ ആയത്ത് പൂർത്തിയാകാം. രണ്ടും അനുവദനീയമാണ്.
04:
“ലാ” എന്ന അടയാളം “ലാ വഖഫ്” അഥവാ ഇവിടെ വഖഫ് ചെയ്യാൻ പാടില്ല എന്ന അർത്ഥമാണ് സൂചിപ്പിക്കുന്നത്.
ശ്വാസക്കുറവ് പോലെയുള്ള നിർബന്ധിത സാഹചര്യങ്ങളിലല്ലാതെ ഇഷ്ടാനുസരണം വഖ്ഫ് ചെയ്യാൻ പാടില്ല. ഇനി ഈ ചിഹ്നം വരുന്നിടത്തു നിർത്തുന്ന പക്ഷം വീണ്ടും ഓതി തുടങ്ങുമ്പോൾ തൊട്ടു മുൻപിലുള്ള ആയത്തുകൂടി അർഥം യോജിക്കുന്ന രീതിയിൽ ചേർത്തോതേണ്ടതാണ്.
ഇവിടെ وصدق به കഴിഞ്ഞ് أُولَٰئِكَ എന്ന വാക്കു കൂടി ചേർത്തോത്തണം
ഈ ചിഹ്നം നൽകിയിട്ടുള്ളത് അർഥം അപൂർണ്ണമായ സ്ഥലങ്ങളിലാണ്. ചിലർ “ലാ” എന്ന ചിഹ്നം വന്നിടത്ത് അർഥം പൂർണ്ണമായും വന്നെന്നു കരുതി നിർത്താറുണ്ട്. അത് തെറ്റിദ്ധാരണയാണ്. ചേർത്തോതുകയാണ് വേണ്ടത്.
ചില മുസ്ഹഫുകളിൽ ആയത്തിന്റെ അവസാനം ആണ് ലാ എന്ന ചിഹ്നം കാണുന്നത്. അവിടെ ആ ആയത്ത് നിർത്തി അടുത്ത ആയത്ത് ഓതുകയാണ് വേണ്ടത് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഇവിടെ أَيْمَانِهِمْ എന്ന പദം കഴിഞ്ഞാലുടൻ വഖ്ഫ് ചെയ്യാൻ പാടില്ല. മറിച്ച്, അവിടെ വഖ്ഫ് ചെയ്യാതെ ചർത്ത് ഓതുകയാണ് വേണ്ടത്.
05:
ഈ രീതിയിൽ മീം എന്ന അക്ഷരം വന്നെങ്കിൽ ആ ഭാഗത്തു വഖ്ഫ് ചെയ്യൽ അനിവാര്യമാണ് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. നിർത്താതെ ചേർത്തോതുമ്പോൾ അർത്ഥത്തിൽ തെറ്റിദ്ധാരണ വരാൻ സാധ്യത ഉള്ള സ്ഥലങ്ങളിലാണ് ഈ ചിഹ്നം നൽകിയിട്ടുള്ളത്.
ഈ ഭാഗത്ത് قَوْلُهُمْ കഴിഞ്ഞു നിർത്തി, ശേഷം അടുത്ത വാക്കായ إِنَّا نَعْلَمُ എന്ന ഭാഗം മുതൽ ഓതലാണ് വേണ്ടത്. ഈ സ്ഥലത്തു നിർത്താതെ ചേർത്തോതുന്നത് ശിക്ഷാർഹമായ ഹറാം ആണ് എന്നല്ല ഇതിനർത്ഥം. എങ്കിലും ഖുർആൻ ഓതുമ്പോൾ പാലിക്കപ്പെടേണ്ട മര്യാദകളിൽ ഈ ഭാഗത്തു നിർത്തി ഓതലാണ് അഭികാമ്യം.
ഇവിടെ,يَسْمَعُونَ എന്ന ഭാഗത്തു വഖ്ഫ് ചെയ്ത്, ബാക്കിയുള്ള ഭാഗം പാരായണം ചെയ്യുകയാണ് വേണ്ടത്.
ഇവിടെ വഖ്ഫ് ചെയ്യുമ്പോൾ, വീണ്ടും പിറകിലേക്ക് പോയി ഓതി വന്ന ഭാഗം തന്നെ കൂട്ടിയോതേണ്ടതില്ല. വഖ്ഫ് ചെയ്തതിനു ശേഷമുള്ള ഭാഗം മുതൽ പാരായണം ചെയ്തു തുടങ്ങിയാൽ മതിയാകും.
06:
വഖ്ഫ് അനിവാര്യമെന്ന് സൂചിപ്പിക്കുന്ന മീം എന്ന അക്ഷരത്തിനു വ്യത്യസ്തമായി താഴോട്ട് വാൽ നീട്ടിയ ഒരു മീം ചിഹ്നം മുസ്ഹഫുകളിൽ കാണാൻ സാധിക്കും.
ഇത് ഇഖ്‌ലാബ് എന്ന പാരായണ നിയമത്തയാണ് സൂചിപ്പിക്കുന്നത്. അതായത് ഒരു സുക്കുനുള്ള നൂനിന്റെയോ തൻവീനിന്റെയോ ശേഷം ബ എന്ന അക്ഷരമാണ് വരുന്നതെങ്കിൽ ആ പദത്തിലുള്ള സുക്കൂനുള്ള നൂനിനെ അല്ലെങ്കിൽ തൻവീനിൽ അടങ്ങിയിട്ടുള്ള നൂനിനെ മീം ആക്കി മാറ്റിമണിച്ചുച്ചരിക്കണം .
ഉദാഹരണം സൂറത്തു ഹുമസയിലെ4 ആം വചനം:
كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ
ഇവിടെ ലയുംബദന (لَيُنبَذَنَّ) എന്ന പദത്തിൽ സുക്കുനുള്ള നൂനിന് ശേഷം ബ എന്ന അക്ഷരം ആയതിനാൽ ആ നൂനിനെ മറിച്ചു മീം ആക്കി മാറ്റി. അവിടെ ആരെങ്കിലും ആ നൂനിനെ തന്നെ ഉച്ചരിച്ചാൽ ആ ഖിറാഅത്ത് സ്വഹീഹ് ആകുന്നതല്ല. അതായത്, ഓതേണ്ടത് യുൻബദൽ എന്നല്ല, മറിച്ച് യുംബദന്ന എന്നാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് നൂനിനെ മീമാക്കി മാറ്റുക മാത്രമല്ല, മണിക്കുക കൂടി വേണം.
മറ്റു ചില ഉദാഹരണങ്ങൾ നോക്കാം:
സൂറത്തു യാസീനിലെ 9 ആം വചനത്തിൽ;
من بين أيديهم
ഇവിടെ, പാരായണം ചെയ്യേണ്ടത് മിൻ ബയ്തി എന്നല്ല. മറിച്ച്, മിം. ബയ്തി എന്നാണ്. (നൂനിന് പകരം വന്ന മീം മണിക്കാൻ മറക്കരുത്)
സുകൂനുള്ള നൂനിന് ശേഷം ‘ബ’ എന്ന അക്ഷരം വന്നപ്പോൾ ഉള്ള ഉദാഹരണമാണ് ഇത്. ഇനി തൻവീനിന് ശേഷം ബ വന്നാലുള്ള പാരായണത്തിന് ഒരു ഉദാഹരണം കൂടി നമുക്ക് നോക്കാം..
സൂറത്തുൽ ഹദീദിലെ9 ആം വചനത്തിൽ;
اینت بنتی
ഇവിടെ, ചിൽ എന്ന പദത്തിലെ തൻവീനിന് ശേഷം ‘ബ’ വന്നു.. അപ്പോൾ പാരായണം ചെയ്യേണ്ടത് ആയാതിൻ ബയ്യിനാത് എന്നല്ല. മറിച്ച്, ആയാതിം.. ബയ്യിനാത് എന്ന്, തൻവീനിലെ നൂനിനെ മീമാക്കി മാറ്റി മറിച്ച് പാരായണം ചെയ്യണം.
07:
സീൻ എന്ന ഈ അക്ഷരം സിക്ത എന്ന നിയമത്തെ കുറിക്കുന്നു.
ശ്വാസം അയച്ചു ഒരു സ്ഥലത്തു നിർത്തുന്നതാണ് വഖ്ഫ് എങ്കിൽ ശ്വാസം അയക്കാതെ ശബ്ദം മുറിച്ച് അല്പം അടങ്ങുന്നതിനാണ് സിക്ത എന്ന് പറയുന്നത്.
ഇവിടെയെല്ലാം, സികയുടെ ചിഹ്നം കാണുന്നിടത്ത് ശ്വാസം വിടാതെ അൽപ്പം നിർത്തിയാണ് പാരായണം ചെയ്യേണ്ടത്.
08:
സ്വാദ് എന്ന അക്ഷരത്തിനു മുകളിലോ , താഴെയോ ആയി സീൻ എന്ന അക്ഷരം അടയാളപ്പെടുത്തിയതായി കാണാം.
ഇതുപോലെയുള്ള 3 പദങ്ങളാണുള്ളത്.
1) സൂറത്തുൽ ബഖറയിലെ 245 ആം ആയത്ത്
2) സൂറത്തുൽ അഅറാഫിലെ 69 ആം ആയത്ത്
ഈ രണ്ടു പദങ്ങളിലും സ്വാദ് എന്ന അക്ഷരത്തിനു മുകളിൽ സീൻ നൽകിയതായി കാണാം . ഈ രണ്ടു പദങ്ങളിലും സ്വാദിന്
പകരം സീൻ കൊണ്ടാണ് പാരായണം ചെയ്യേണ്ടത് എന്നാണ് ഈ അടയാളത്തിന്റെ വിവക്ഷ.
3) മൂന്നാമതായി സൂറത്തു തൂർ ലെ 37 മത്തെ ആയത്ത്
ഇവിടെ സ്വാദിന് താഴെയായി സീൻ എന്ന അക്ഷരം നൽകിയത് കാണാം . ഈ ഭാഗത്തു സ്വാദു കൊണ്ടും സീൻ എന്ന അക്ഷരം കൊണ്ടും പാരായണം ചെയ്യാവുന്നതാണ്. എന്നാൽ ഇവിടെ സ്വാദ് കൊണ്ടാണ് പാരായണം ചെയ്യൽ ഏറ്റവും നല്ലത് എന്നാണ് ഈ അടയാളം കൊണ്ട് സൂചിപ്പിക്കുന്നത്.
ചില മുസ്ഹഫുകളിൽ സൂറത്തുൽ ഗാശിയയിലെ 22 ആം ആയത്തിൽ بِمُصَيْطِرٍ എന്ന പദത്തിൽ സ്വാദിന് താഴെ സീൻ നൽകിയതായി കാണുന്നുണ്ട്. ഇവിടെ സ്വാദ് എന്ന അക്ഷരം കൊണ്ട് തന്നെയാണ് പാരായണം ചെയ്യേണ്ടത്.
08:
ഖുർആനിൽ ചില സ്ഥലങ്ങളിൽ മുകളിൽ ഉള്ളത് പോലെ മൂന്നു കുത്തുകളുള്ള രണ്ടു പുള്ളികൾ അടുത്തടുത്ത് വന്നതായി കാണാം ഇതിനു വഖ്ഫുൽ മുറാഖബ വഖ്ഫുൽ മുആനഖ തുടങ്ങിയ പേരുകളിലറിയപ്പെടുന്നു.
ഇതുകൊണ്ടുള്ള ഉദ്ദേശം ഈ ഭാഗത്ത് രണ്ടിൽ ഒരു സ്ഥലത്തു വഖ്ഫ് ചെയ്യാമെന്നും, ഏതെങ്കിലും ഒരു സ്ഥലത്തു നിർത്തിയാൽ മറ്റേ സ്ഥലത്തു നിർത്തരുത് എന്നുമാണ്.
ഈ ഭാഗത്തു لَا رَيْبَ ۛഎന്ന് നിർത്തി ഓതാം , അല്ലെങ്കിൽ فِيهِ ആകുമ്പോൾ നിർത്താം . ശ്രദ്ധിക്കേണ്ടത് രണ്ടിടത്തും നിർത്തി ഓതാൻ പാടില്ല. ഒരിടത്തു മാത്രം നിർത്തി ഓതാവുന്നതാണ് .
ഇനിയൊരാൾ, ഈ രണ്ടു സ്ഥലത്തും നിർത്താതെ പാരായണം ചെയ്താൽ അതും അനുവദനീയമാണ്. പാരായണത്തിനിടയിൽ ഈ രണ്ടിടത്തും വഖ്ഫ് ചെയ്യലാണ് പാടില്ലാത്തത്.