Elementor #13042

ബഖറഃ (പശു)

മദീനയില്‍ അവതരിച്ചത്

വചനങ്ങള്‍ 286 – വിഭാഗം (റുകൂഉ്) 40


ആയത്: 31-33     


📝 Thafseer Post: 36                 

🕒 Reading Time: 2 mint

——————–

Join Our Whatsapp Group:

https://chat.whatsapp.com/IkBMP5Ys2bVDht4pQCeZRh

——————–


*വിശദീകരണം തുടരുന്നു*

  

എല്ലാ പേരുകളും ( الْأَسْمَاءَ كُلَّهَا ) എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം എല്ലാതരം വസ്തുക്കളുടെയും പേരുകള്‍ എന്നാണെന്നാണ് മിക്ക വ്യാഖ്യാതാക്കളും പറയുന്നത്. ഇബ്‌നു അബ്ബാസ് (رضي الله عنه) മുതലായവരില്‍ നിന്നുള്ള ചില രിവായത്തുകളും അതാണ് കാണിക്കുന്നത്. ഇമാം ബുഖാരീ (رحمه الله) ഈ വിഷയത്തിന് ഒരു പ്രത്യേക ശിര്‍ഷകം തന്നെ കൊടുത്തിട്ടുണ്ട്. അതില്‍ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് حديث الشفاعة (ശുപാര്‍ശയുടെ ഹദീഥ്) എന്നറിയപ്പെടുന്ന പ്രസിദ്ധ ഹദീഥാകുന്നു, ക്വിയാമത്തുനാളില്‍ ‘മഹ്ശറി’ല്‍ വെച്ചു തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുവാന്‍വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യണമെന്ന് മനുഷ്യര്‍ പ്രമുഖരായ നബിമാരോട് അപേക്ഷിക്കുന്ന വിവരമാണ് അതിലുള്ളത്. അതില്‍ ആദം നബി (عليه السلام) യെ സംബന്ധിച്ച ഭാഗം ഇങ്ങിനെയാകുന്നു: ‘അവര്‍ ആദമിന്‍റെ അടുക്കല്‍ ചെന്നു പറയും: അവിടുന്നു മനുഷ്യപിതാവാണ്. അല്ലാഹു അവന്‍റെ തൃക്കൈകൊണ്ട് അങ്ങയെ സൃഷ്ടിച്ചു. അങ്ങേക്കു മലക്കുകളെക്കൊണ്ട് സുജൂദും ചെയ്യിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും പേരുകളും അങ്ങേക്കവന്‍ പഠിപ്പിച്ചിരിക്കുന്നു. അത്‌കൊണ്ട് ഞങ്ങള്‍ക്ക് ഈ സ്ഥാനത്ത് നിന്ന് ആശ്വാസം നല്‍കുവാന്‍ അങ്ങുന്ന് റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്താല്‍ കൊള്ളാമായിരുന്നു!…’ (ഈ ഹദീഥ് മുസ്‌ലിം മുതലായ പലരും ഉദ്ധരിച്ചതാണ്) ഇതില്‍ ‘എല്ലാ വസ്തുക്കളുടെയും പേരുകള്‍’ എന്ന് നബി (ﷺ) പ്രസ്താവിച്ചിരിക്കുന്നുവല്ലോ. എന്നാല്‍, തുടര്‍ന്നുള്ള വാക്യങ്ങളില്‍ ആ വസ്തുക്കളെ ഉദ്ദേശിച്ചുകൊണ്ട് هم (അവര്‍) എന്നു- ബുദ്ധി ജീവികളെ ഉദ്ദേശിച്ച് ഉപയോഗിക്കപ്പെടുന്ന സര്‍വ്വനാമം ( ضَمِير ) ചേര്‍ത്തു-പറഞ്ഞിരിക്കുന്നത് സാഹിത്യശൈലികളില്‍പെട്ട ഒരു ശൈലിയാണെന്നും (*) ആ വ്യാഖ്യാതാക്കള്‍ ചുണ്ടിക്കാട്ടിയിരിക്കുന്നു. (24: 45) മുതലായ സ്ഥലങ്ങളില്‍ ഈ പ്രയോഗം ഖുർആനില്‍ വേറെയും കാണാവുന്നതുമാണ്. എങ്കിലും തുടര്‍ന്നുള്ള ഈ പ്രയോഗങ്ങളെ അടിസ്ഥാനമാക്കി ബുദ്ധിജീവികളുടെ പേരുകള്‍ മാത്രമാണിവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. أَلَّله أُعْلَم


(*) ബൂദ്ധിജീവികളും അല്ലാത്തവയും ഉള്‍കൊള്ളുന്നവയെക്കുറിച്ചു മൊത്തത്തില്‍ ബുദ്ധി ജീവികളെന്നും, ആണും പെണ്ണും ഉള്‍കൊള്ളുന്നവയെക്കുറിച്ചു പുരുഷന്‍മാരെന്നും പ്രത്യക്ഷത്തില്‍ തോന്നുമാറുള്ള പ്രയോഗങ്ങള്‍ ഭാഷാസാഹിത്യങ്ങളില്‍ പതിവുള്ളതാണ്. നപുംസകത്തെപ്പറ്റി ചിലപ്പോള്‍ ‘അവന്‍’ എന്നും, സ്ത്രീയും പുരുഷനുമടങ്ങുന്ന ആള്‍ക്കൂട്ടത്തെപ്പറ്റി ‘അവന്‍മാര്‍’ എന്നും സൂര്യനെയും ചന്ദ്രനെയും ഉദ്ദേശിച്ചു ‘സൂര്യചന്ദ്രന്മാര്‍’ എന്നുമൊക്കെ പറയുന്നത് ഇതിനു ഉദാഹരണങ്ങളാകുന്നു.


‘പേരുകള്‍ പഠിപ്പിച്ചു’ എന്നു പറഞ്ഞതിന്‍റെ വിവക്ഷ ഓരോന്നിനും ഇന്നിന്ന പേരാണെന്ന് പഠിപ്പിച്ചുവെന്നാണെന്നും, എല്ലാ വസ്തുക്കളുടെയും പേരടക്കം അവയെ സംബന്ധിച്ച വിവരങ്ങള്‍ പഠിപ്പിച്ചുവെന്നാണെന്നും പറയപ്പെടുന്നു. ഏതായാലും വസ്തുക്കളെ സംബന്ധിച്ച് അറിയുന്നതിലും പഠിപ്പിക്കുന്നതിലും അവയുടെ പേരുകള്‍ക്ക് മുഖ്യസ്ഥാനമുണ്ടെന്നും, പേരുകള്‍ മുഖേനയാണ് വസ്തുക്കളെ പരിചയപ്പെടുന്നതെന്നും പറയേണ്ടതില്ല. എന്തെല്ലാമായിരുന്നു, എപ്രകാരമായിരുന്നു ആദം നബി (عليه السلام) ക്ക് പഠിപ്പിച്ചത് എന്നൊന്നും നമുക്കറിയാവതല്ല. അതെല്ലാം നമ്മെ സംബന്ധിച്ചേടത്തോളം അദൃശ്യമായ വിവരങ്ങളാക കൊണ്ട് അല്ലാഹുവോ അവന്‍റെ റസൂലോ പറഞ്ഞതിനപ്പുറം വല്ലതും അനുമാനിക്കുവാനും നമുക്ക് നിവൃത്തിയില്ല. അതുപോലെത്തന്നെ, പിന്നീട് ആ വസ്തുക്കളെ മലക്കുകള്‍ക്ക് കാട്ടിക്കൊടുത്തു എന്ന് പറഞ്ഞതിന്‍റെ വിശദീകരണവും നമുക്ക് അറിയുവാന്‍ കഴിയാത്തതാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ഭൂമിയില്‍ അല്ലാഹു ഏര്‍പ്പെടുത്തുവാന്‍ പോകുന്ന ഖിലാഫത്തിന് മനുഷ്യവര്‍ഗമാണ്-മലക്കുകളല്ല-അര്‍ഹരെന്നും, മനുഷ്യരില്‍ മലക്കുകള്‍ക്ക് ഈഹിക്കുവാന്‍ കഴിയാതിരുന്ന ചില പ്രകൃതി വിശേഷതകള്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ടെന്നും, മലക്കുകള്‍ വളരെ പരിശുദ്ധരും ഉത്തമന്മാരുമായ സൃഷ്ടികള്‍ തന്നെയാണെങ്കിലും ഈ സവിശേഷതകള്‍ അവര്‍ക്കില്ലെന്നും, അല്ലാഹു എല്ലാം അറിയുന്ന സര്‍വ്വജ്ഞനും എല്ലാം യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന അഗാധജ്ഞനുമാണെന്നും, തങ്ങളുടെ ആദ്യത്തെ മറുപടിയില്‍ തങ്ങള്‍ ഊഹിച്ചതും സൂചിപ്പിച്ചതും അബദ്ധമായെന്നും, മനുഷ്യനെ ഖലീഫഃയാക്കുന്നതില്‍ മഹത്തായ യുക്തിരഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുമൊക്കെ മലക്കുകള്‍ക്ക് ഈ സംഭവം മൂലം തെളിഞ്ഞു കഴിഞ്ഞു.


—————-

Install Android & Iphone:

https://www.thafseeramani.com/AppLink



Leave a Comment