വെറുപ്പിനെതിരെ സൗഹൃദ കേരളം

വെറുപ്പിനെതിരെ സൗഹൃദ കേരളം

ഒക്ടോ:10 - ഡിസം:10
സന്ദേശ പ്രചാരണം

സമാധാനവും സൗഹാർദ്ദവും നിലനിൽക്കുന്ന ഒരു നാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷെ, നമ്മുടെ രാജ്യത്തിന്റെ നിലവിലെ അവസ്ഥ നമ്മെ ദുഃഖിപ്പിക്കുന്നു. വർഗീയതയും വിഭാഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും അതിശക്തമായി തുടരുകയാണ്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വസ്ഥതയും സമാധാനവും നിറഞ്ഞ, വർഗീയ ചേരിതിരിവില്ലാതെ ഒത്തൊരുമയോടെ നാനാജാതി മതസ്ഥർ ജീവിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് കേരളം തന്നെയാണ്. വിദ്യാഭ്യാസ മികവും വിവിധ മതസമൂഹങ്ങളിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളും രാഷ്ട്രീയമായ അവബോധവുമൊക്കെയാണ് കേരള ജനതയുടെ ഈ പ്രബുദ്ധതക്ക് കാരണം.

എന്നാൽ ഈയിടെയായി ഈ ഒത്തൊരുമക്കും സൗഹാർദ്ദത്തിനും കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.

എന്തുകൊണ്ട് വെറുപ്പുൽപാദനം ?

തങ്ങളുടെ സ്വാർത്ഥ അജണ്ടകൾ നടപ്പാക്കാൻ ചിലർ സ്വീകരിച്ച അപകടം പിടിച്ച വഴിയാണ് വെറുപ്പുൽപാദനം. ജനനന്മലാക്കാക്കിയുള്ള പ്രവർത്തനങ്ങൾക്ക് പകരം മറ്റുള്ളവരോട് വെറുപ്പ് ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങൾ ആസൂത്രിതമായി നടപ്പാക്കുകയാണ് വിഭജനമനസ്സുള്ള വർഗീയ ചിന്താഗതിക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. വെറുപ്പുൽപാദനം ഇത്തരക്കാർക്ക് അധികാരത്തിലേക്കുള്ള എളുപ്പവഴിയാണ്.

സാമൂഹിക മാധ്യമങ്ങളാണ് ഇതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വ്യാജ വിലാസങ്ങളിൽ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ തുടങ്ങിഅവയിലൂടെ വിഷം ചീറ്റുമ്പോൾ ചിലരെങ്കിലും അത് സത്യമാണെന്നു ധരിക്കുകയും ലൈക്കും ഷെയറും നൽകി കുപ്രചരണങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്നു.

പ്രതീക്ഷ കൈവിടരുത്

ഈയിടെ ‘ജിഹാദ്’ എന്ന പദം ഇസ്ലാമിക വിരുദ്ധമായ ചില കാര്യങ്ങളുടെ കൂടെ ചേർത്തു പറഞ്ഞപ്പോൾ മിക്ക നേതാക്കളും മാധ്യമങ്ങളും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളത്തിലെ സൗഹാർദ്ദം കാത്തുസൂക്ഷിക്കുവാൻ ശ്രമിച്ചു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലരും ഒറ്റപ്പെട്ട ചില മാധ്യമങ്ങളും എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

മൃതദേഹം അനാദരിക്കപ്പെടുമ്പോൾ

ജനങ്ങൾക്കിടയിലെ സൗഹാർദ്ദം തകർന്നു എന്നു വിധിച്ചാൽ അവിടെ വെറുപ്പ് സ്ഥാനം പിടിച്ചു എന്നാണർഥം. ഇത് വളരെ വലിയ പ്രത്യാഘാതം സമൂഹത്തിലുണ്ടാക്കുമെന്നതിൽ സംശയമില്ല. ഏതാനും ആഴ്ചകൾക്കുമുമ്പ് അസമിൽ കർഷകർക്ക് നേരെ പോലീസ് വെടിയുതിർത്ത സംഭവമുണ്ടായി. അവിടെ പിടഞ്ഞുവീണ ഒരു കർഷകന്റെ അടുത്തേക്ക് ഒരു ഫോട്ടോഗ്രാഫർ ഓടിവരികയും ആ കർഷകന്റെ മുഖത്തേക്കും നെഞ്ചിലേക്കും ഉയർന്നു ചാടുകയും ചെയ്തതിന്റെ വീഡിയോ മിക്കയാളുകളും കണ്ടിട്ടുണ്ടാകും. ഉപദ്രവകാരിയായ പേപ്പട്ടിയെയോ പാമ്പിനെയോ തല്ലിക്കൊന്നാൽ പോലും അവയുടെ മുകളിലേക്ക് എടുത്തുചാടി ഒരു മനുഷ്യനും ആഹ്ലാദപ്രകടനം നടത്താറില്ല. ആ ഒരു പരിഗണന പോലും മരിച്ചുവീണ വ്യക്തിയോട് കാണിക്കാൻ മനസ്സില്ലാത്ത വിധം ആ ഫോട്ടോഗ്രാഫർ അധഃപതിച്ചതിൻറെ കാരണമെന്തായിരിക്കും? അയാളുടെ മനസ്സിനുള്ളിൽ അത്രമാത്രം വെറുപ്പും പകയും അടിഞ്ഞുകൂടിയിട്ടുണ്ടാകും എന്നതുതന്നെ.

സൗഹാർദ്ദം തകർന്നിട്ടില്ല..

നമ്മുടെ നാട്ടിൽ പല മതവിശ്വാസികളും മതമില്ലാത്തവരും ഒപ്പം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരുമുണ്ട്. എന്നാൽ അതിന്റെ പേരിൽ പരസ്പരം വെറുപ്പും ശത്രുതയും ഉണ്ടാക്കിക്കൂടാ. സൗഹൃദാന്തരീക്ഷത്തെ തകർക്കുവാൻ ആരുതന്നെ രംഗത്തുവന്നാലും, അതിനെ ഒന്നിച്ച് നേരിടാൻ നാം മലയാളികൾ തയ്യാറാകണം.

നമുക്കിടയിൽ ഇപ്പോഴും സൗഹാർദ്ദം നില നിൽക്കുന്നുണ്ട്. ന്യൂനാൽ ന്യൂനപക്ഷമാണ് വെറുപ്പുൽപാദകരും വിതരണക്കാരുമായി രംഗത്തുള്ളത്.

സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നതല്ല നാട്ടിൻ പുറങ്ങളിലുള്ള പച്ചയായ ജീവിതം. അവിടങ്ങളിലൊക്കെ മനുഷ്യർ പരസ്പര സഹകരണത്തിലും സൗഹാർദ്ദത്തിലുമാണ് കഴിയുന്നത്. കേരളം വലിയ ജനസാന്ദ്രതയുള്ള, എല്ലാ വിഭാഗം ജനങ്ങളും ഇടകലർന്നു ജീവിക്കുന്ന സംസ്ഥാനമാണ്. അവർക്കിടയിൽ പെട്ടെന്ന് വിഭാഗീയതയുടെ വിള്ളലുകളുണ്ടാക്കാൻ ശ്രമിച്ചവർക്കൊന്നും വിജയിക്കാൻ കഴിഞ്ഞിട്ടില്ല.

വിദ്യാലയങ്ങൾ, അങ്ങാടികൾ, ആശുപത്രികൾ, വിവാഹ സദസ്സുകൾ. എല്ലായിടത്തും നമുക്ക് നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയം പ്രോജ്വലിച്ചു നിൽക്കുന്നതായി കാണാം. എവിടെയും ജാതിയുടെയും മതത്തിന്റെയും പാർട്ടിയുടെയും പേരിൽ കള്ളിതിരിച്ച് ജനങ്ങളെ അകറ്റാൻ ആർക്കും കഴിയില്ല. പകയുടെ പുകയുമായി ജീവിക്കുന്ന ആരെങ്കിലും അതിന് ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെതിരിൽ നാം ജാഗ്രത പാലിക്കണം. മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, സാഹിത്യകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, മതപ്രബോധകർ തുടങ്ങിയ വരെയൊക്കെ നിസ്സാരകാര്യങ്ങൾ എടുത്തു കാട്ടി, പ്രത്യക്ഷമായ യാതൊരു തെളിവുമില്ലാതെ വർഗീയതയുടെയും വിഭാഗീയതയുടെയും ചാപ്പ കുത്തി പ്രചരിപ്പിക്കുന്ന പ്രവണത വലിയ പ്രതിസന്ധിയാണുണ്ടാക്കുക.

തിരുത്തൽ രീതി.

മതം നോക്കി പൗരത്വനിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങിയപ്പോൾ ജനകീയസമരം അരങ്ങേറി. എല്ലാ മതക്കാരും അതിൽ അണിചേർന്നു. ഭരണകൂടത്തിന് ഞെട്ടലുണ്ടാക്കുന്ന ജനസാന്നിധ്യമാണ് ആ സമരങ്ങളിൽ കാണാനായത്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെയാണ് അത് വെളിവാക്കിയത്. അത് നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ ജാഗ്രത എല്ലാവരും കാണിക്കേണ്ടതുണ്ട്.
ഏത് വിഭാഗത്തിൽ പെട്ടവരിൽ നിന്നാണോ പ്രശ്നക്കാർ ഉടലെടുക്കുന്നത്, അവരെ തിരുത്തുവാൻ ആ വിഭാഗത്തിൽ നിന്നുതന്നെയാണ് ശബ്ദം ഉയരേണ്ടത്. ഏതെങ്കിലുമൊരു മതവിഭാഗത്തിൽ പെട്ടവരിൽ നിന്ന് സൗഹാർദ്ദം തകർക്കുന്ന, ശത്രുതയുണ്ടാക്കുന്ന വല്ല സമീപനവും ഉണ്ടായാൽ മറ്റു മതവിഭാഗത്തിലുള്ളവർ എതിർപ്പുമായി രംഗത്തുവരും. പ്രസ്താവനകളിറക്കും. റാലിയും മാർച്ചുമൊക്കെ സംഘടിപ്പിക്കും. അത് പെട്ടെന്നുതന്നെ രംഗം വഷളാക്കുമെന്നതിൽ സംശയമില്ല. മറിച്ച് ഏതൊരു സമുദായത്തിൽ പെട്ടവരിൽനിന്നാണോ ആ അപക്വമായ സമീപനമുണ്ടായിട്ടുള്ളത്, അതിനെ ആ സമുദായത്തിന്റെ നേതൃത്വം തിരിച്ചറിയുകയും അവർ തന്നെ അത് തിരുത്തിക്കുവാൻ മുന്നിൽ നിൽക്കുകയും വേണം.

ഐ. എസ്. ഐ. എസ് എന്ന അക്രമി സംഘം

ഐ എസ് ഐ എസ് ലോകത്ത് ഉദയം ചെയ്തു. ഇസ്‌ലാമിന്റെ രക്ഷകരായാണ് അവർ സ്വയം പരിചയപ്പെടുത്തിയത്. എന്നാൽ അവർ ചെയ്യുന്നതെല്ലാം ഇസ് ലാമിക വിരുദ്ധമായിരുന്നു. അതുകൊണ്ട് തന്നെ അത് ഇസ് ലാമല്ല, അവർക്കെതിരിൽ സർവശക്തിയുമുപയോഗിച്ചു കൊണ്ട് എല്ലാവരും രംഗത്തുവരണം എന്ന് ലക്ഷങ്ങളെ സാക്ഷിനിർത്തി ശക്തമായി പറഞ്ഞത് പരിശുദ്ധ ഹജ്ജിലെ അറഫാ പ്രസംഗത്തിൽ ഗ്രാന്റ് മുഫ്തിയായ ഇമാം ആലുങ്ങുഖായിരുന്നു. ലോകത്തുള്ള പ്രഗത്ഭ മുസ്ലിം പണ്ഡിതൻമാർ ഇതുതന്നെയാണ് ജനങ്ങളെ ഉദ്ബോധിപ്പിച്ചത്.

‘നാർകോട്ടിക് ജിഹാദ്’ എന്ന അനാവശ്യ പ്രയോഗം വിവാദമായപ്പോൾ ക്രൈസ്തവ സമൂഹത്തിൽ പെട്ട ധാരാളം ബിഷപ്പുമാർ അതിനെതിരെ രംഗത്തുവന്നു. ചില കന്യാസ്ത്രീകൾ ഭയലേശമനെ പരസ്യമായിത്തന്നെ ഇത് ശരിയല്ല എന്ന് തുറന്നു പറഞ്ഞു. ആ സമുദായത്തിൽതന്നെയുള്ള പല എഴുത്തുകാരും നിരീക്ഷകരും ചിന്തകന്മാരും ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ചു. ഇത് സ്വാഗതാർഹമാണ്. കൈവെട്ടു വിഷയത്തിൽ മുസ് ലിം സമൂഹം അതിനെ തള്ളിപ്പറഞ്ഞത് നമുക്കിവിടെ സ്മരിക്കാം. ഈ നിലപാട് കൂടുതൽ വ്യാപകമാകേണ്ടതുണ്ട്. എന്നാൽ വിരലിലെണ്ണാവുന്നവർ കൊടിയ വർഗീയതപടർത്തുന്ന സോഷ്യൽമീഡിയ ഗ്രൂപ്പുകളുമായി സജീവമായി രംഗത്തുണ്ട്. അത്തരം പ്രവണതകൾക്ക് കൂച്ചുവിലങ്ങിടാൻ അതത് സമുദായങ്ങളിൽ നിന്നു തന്നെ കരുത്തുറ്റ കൈകൾ ഉയർന്നു വരേണ്ടതുണ്ട്. സാമൂഹ്യമാധ്യമങ്ങളെ വർഗീയത പടർത്തുവാനായി ഏത് മതവിഭാഗത്തിൽ പെട്ടവർ ഉപയോഗിക്കാൻ ശ്രമിച്ചാലും ഭരണകൂടം അതിന് തടയിടേണ്ടതുണ്ട്.

ഹലാൽ വിവാദം...!

ഹലാൽ സ്റ്റിക്കർ ഒട്ടിച്ച് സാധനങ്ങൾ വിൽക്കണമെന്ന ആഹ്വാനം ഇവിടെ മുസ്ലീം സംഘടനകളോ അറിയപ്പെടുന്ന പണ്ഡിതന്മാരോ ആരും നടത്തിയിട്ടില്ലെന്ന് എല്ലാവർക്കുമറിയാം.

മുസ്ലിംകൾക്ക് മാത്രമായി ഇവിടെ ഒരു ഭക്ഷണവും ഇല്ല. എല്ലാവരും കഴിക്കുന്നതേ അവരും കഴിക്കുന്നുള്ളൂ. എന്നാൽ ഏതു കാര്യത്തിലും സഷ്ടാവിന്റെ തൃപ്തി അവന് പ്രധാനമാണ്. വിശ്വാസ- ആരോഗ്യ കാരണങ്ങളാൽ അത് ഭക്ഷണത്തിലും പ്രത്യേകം പരിഗണിക്കണം. അതിനാലാണ് ചില ഭക്ഷണങ്ങൾ വർജിക്കുന്നത്. അത് അന്യമതസ്തരോടുള്ള വിദ്വേഷത്തിന്റെ ഭാഗമേ അല്ല. ഹലാൽ എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടോയെന്ന് നോക്കിയല്ല ഒരു മുസ്ലിമിന് ഭക്ഷണം അനുവദനീയവും നിഷിദ്ധവുമാകുന്നത്. അത് അവന്റെ വിശ്വാസവും ദൈവഭക്തിയും വിലയിരുത്തിയാണ്.

എന്നാൽ ചില കച്ചവടക്കാർ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി കണ്ടെത്തുന്ന വിവിധ പ്രചാരണ മാർഗങ്ങളിൽ ഒന്നായി ഹലാൽ സ്റ്റിക്കർ പതിക്കാൻ തുടങ്ങിയിട്ടും കാലമേറെയായി.
ഇത് ലോകത്തെല്ലാം ദൃശ്യമാണ്. അതിൽ എല്ലാ വിഭാഗം ആളുകളും നടത്തുന്ന കടകളും പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളും ഉണ്ട് എന്നതാണ് വസ്തുത.ആഗോളതലത്തിൽ ജൂതന്മാരുടെ Kosher food, ഇന്ത്യയിൽ ബ്രാഹ്മണർ നടത്തുന്ന pure vegetarian hotel, കേരളത്തിൽ ശബരിമല സീസണിൽ ചില ഹോട്ടലുകളിൽ എഴുതിവെക്കാറുള്ള സസ്യാഹാരം മാത്രം, അയ്യപ്പന്മാർക്ക് സ്വാഗതം..! എന്നിവക്ക് കിട്ടാത്ത വർഗീയ പട്ടം എങ്ങനെയാണ് ഹലാൽ ഫുഡിന് മാത്രം ചാർത്തിക്കിട്ടുന്നത് ? അതിന്റെ പിന്നിലുള്ള ലക്ഷ്യം തിരിച്ചറിയാൻ മലയാളികൾക്ക് സാധിക്കും.

ഹലാൽ എന്നാൽ അനുവദനീയം എന്നാണർത്ഥം. നിഷിദ്ധമാണെന്ന് അറിയിക്കപ്പെട്ടത് ഒഴിച്ച് മറ്റെല്ലാ ഭക്ഷണ സാധനങ്ങളും അനുവദനീയമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഖുർആനിൽ പറയുന്നത് കാണുക.

‘ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ( ജീവനോടെ ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു.’ (ഖുർആൻ – 05:03)

അതേ പോലെ ഹലാലാകാൻ ഭക്ഷ ണത്തിലെല്ലാം ഊതുന്നുണ്ട് എന്നു ചിലർ പ്രചരിപ്പിക്കുന്നത് അവരുടെ അറിവില്ലായ്മ മൂലമോ ബോധപൂർവ്വമായ തെറ്റിദ്ധരിപ്പിക്കലോ ആണ്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഇതിന്റെ പേരിൽ പരസ്പരം കലഹിക്കാൻ സാധിക്കില്ല.

ജിഹാദ്...?!

ജിഹാദ് പല പേരുകളോട് ചേർത്ത് വസ്തുതാ വിരുദ്ധമായ പദാവലികൾ കണ്ടെത്തി പ്രചരിപ്പിക്കുന്നവർ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നവരാണ്. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് സ്രഷ്ടാവിന്റെ മാർഗത്തിൽ നടത്തുന്ന അങ്ങേയറ്റത്തെ ത്യാഗപരിശ്രമങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ‘ജിഹാദ്’ എന്നത്. അന്യമതസ്ഥരെ കൊന്നൊടുക്കലാണ് ഇസ്ലാമിലെ ജിഹാദ് എന്ന് കാലങ്ങളായി വിമർശകർ പ്രചരിപ്പിച്ചുവരുന്നുണ്ട്.

‘സ്വന്തം ശരീരത്തോട് ജിഹാദ് ചെയ്തവനാണ് യഥാർഥ മുജാഹിദ് എന്ന് മുഹമ്മദ് നബി(സ്വ) പറയുകയുണ്ടായി. സ്വന്തം ശരീരത്തെ വെട്ടിപ്പരിക്കേൽപിക്കാനല്ലല്ലോ ഇപ്രകാരം പറഞ്ഞത്. സ്വന്തം ശരീരത്തെ തിന്മകളിൽ നിന്നും സം രക്ഷിച്ച് ദൈവിക നിർദേശങ്ങൾക്ക് അനുസരിച്ച് ചിട്ടപ്പെടുത്തുന്നതിനുള്ള കഠിന പ്രയത്നമാണ് ഇവിടെ ജിഹാദുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് ഹജ്ജിനെക്കുറിച്ചും അക്രമിയായ ഭരണാധികാരിയുടെ മുമ്പിൽ സത്യം വെട്ടിത്തുറന്നു പറയുന്നതിനെക്കുറിച്ചും പ്രവാചക വചനങ്ങളിൽ ‘അഫ്ളലുൽ ജിഹാദ്’ (ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്) എന്ന് പരാമർശിച്ചതായി കാണാം. അതുപോലെ പ്രായമായ മാതാപിതാക്കളെ പരിചരിക്കൽ ജിഹാദാണെന്നാണ് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്. ഇവിടെയൊന്നും ആയുധമുപയോഗിച്ചുള്ള ഭീകരപ്രവർത്തനമോ യുദ്ധമോ ഒന്നുമല്ല ഉദ്ദേശിച്ചിട്ടുള്ളത്.

ജിഹാദിനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ വർധിച്ചുവരുമ്പോൾ അതിന്റെകൂടെ സഞ്ചരിക്കുന്നതിന് പകരം ഇസ് ലാം പഠിപ്പിച്ച ജിഹാദ് എന്താണെന്ന് ബോധ്യപ്പെടുത്തുവാനുള്ള ശ്രമമാണ് മുസ്ലിംകളിൽ നിന്നും ഉണ്ടാകേണ്ടത്. അല്ലാത്തപക്ഷം മറ്റുള്ളവരിൽ കടുത്ത തെറ്റിദ്ധാരണ യു ണ്ടാകും. ഇസ്ലാമിലെ സായുധ ജിഹാദിന്റെ നിയമങ്ങൾ പഠിച്ചാലും അതിലെ മാനവിക സമീപനം ആർക്കും ബോധ്യമാകും.

ഇസ് ലാമെന്നാൽ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും മതമാണെന്നാണ് വിശുദ്ധ ഖുർആനിന്റെ അധ്യാപനം: ‘അല്ലാഹുവിനാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വമനസ്സോടെയും നിർബന്ധിതരായിട്ടും അവരുടെ നിഴലുകളും അവന്ന് പ്രണാമം ചെയ്യുന്നു’ (ഖുർആൻ 13:15). സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നതാണതിന്റെ അടിത്തറ. യഥാർത്ഥ ജീവിതമായ പരലോക വിജയത്തിന്റെ മുഖ്യ യോഗ്യത ഏകദൈവാരാധനയാണ്.

നാം ഒറ്റക്കെട്ടാവുക.

സഹോദരങ്ങളേ, നമ്മുടെ രാജ്യത്ത് ശാന്തിയും സമാധാനവും നിലനിൽക്കണം. നന്മയിൽ നാം ഒന്നിക്കണം. തിന്മകൾക്കെതിരിൽ നാം ഒറ്റക്കെട്ടായി നിൽക്കണം. മതത്തിന്റെയും ജാതിയുടെയും പാർട്ടിയുടെയും പേരിൽ വിഭാഗീയതയും വിദ്വേഷവും വളർത്തുന്നവരെ നാം കരുതിയിരിക്കണം; അത്തരക്കാരെ ഒറ്റപ്പെടുത്തണം. അങ്ങനെ സൗഹൃദകേരളം സമാധാനത്തിന്റെ തീരമായി നിലനിൽക്കണം.

സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.

Wisdom Islamic Organisation

Leave a Comment