നബി ചരിത്രം - 70: ഹിജ്റ ഏഴാം വർഷം [ഭാഗം: 3]
മുഹമ്മദ് നബിയും ﷺ ജൂതന്റെ സിഹ്റും

ദുൽഹജ്ജ് മാസത്തിലാണ് നബി ﷺ ഹുദൈബിയ്യയിൽ നിന്നും മടങ്ങി വന്നത്. ചില ജൂതന്മാർ ഇസ്ലാമിനെ പുറത്തേക്ക് കാണിച്ചു കൊണ്ട് മദീനയിൽ താമസിക്കുന്നുണ്ടായിരുന്നു. മുഹർറം മാസത്തിൽ ലബീദുബ്നു അഅ്‌സ്വമിന്റെ അടുക്കലേക്ക് അവർ വന്നു. ജൂതനും മുനാഫിഖുമായിരുന്നു ഇയാൾ. ജൂതന്മാരിൽ ഏറ്റവും കൂടുതൽ സിഹ്‌റ് ചെയ്യാനറിയുന്ന വ്യക്തിയും ആയിരുന്നു. അവർ ലബീദിനോട് പറഞ്ഞു: ഞങ്ങളെക്കാളെല്ലാം നന്നായി സിഹ്ർ ചെയ്യാൻ കഴിയുന്ന വ്യക്തിയാണ് നിങ്ങൾ. നമ്മുടെ പല പുരുഷന്മാരിലും സ്ത്രീകളിലും മുഹമ്മദ് സിഹ്റ് ചെയ്തിരിക്കുകയാണ്. നമ്മളാകട്ടെ തിരിച്ചൊന്നും ചെയ്തിട്ടുമില്ല. മുഹമ്മദ് ചെയ്ത സിഹ്റിന്റെ സ്വാധീനം നമ്മിൽ നിങ്ങൾ കാണുന്നുമുണ്ട്. നമ്മുടെ മതം അവന് എതിരാണ്. നമ്മളിൽ കൊല്ലപ്പെട്ടവരും നാടുകടത്തപ്പെട്ടവരും ഉണ്ട്. മുഹമ്മദിനെ നശിപ്പിക്കുന്ന വിധത്തിൽ ഞങ്ങൾക്ക് വേണ്ടി നിങ്ങളൊരു സിഹ്റ് ചെയ്യുകയാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് പ്രതിഫലം നൽകാം.
അങ്ങിനെയാണ് ലബീദ് മുഹമ്മദ് നബി ﷺക്ക് എതിരെ സിഹർ ചെയ്യുന്നത്. അതിന്റെ ഭാഗമായി നബി ﷺക്ക് ശക്തമായ രോഗം പിടിപെട്ടു. ഭാര്യമാരുമായി ഇണ ചേരുവാനും ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുവാനും കഴിയാത്ത അവസ്ഥയുണ്ടായി. സിഹ്റിനെക്കുറിച്ച് അല്ലാഹു അറിയിപ്പ് നൽകുന്നതു വരെ നബി ﷺ അതിന്റെ പ്രയാസം അനുഭവിച്ചു.
ആയിശയില്‍ (رضي الله عنها) നിന്നും നിവേദനം : ബനൂ സുറൈഖില്‍ പെട്ട ലബിദുബ്നു അഉസ്വം എന്ന വ്യക്തി നബി ﷺക്ക് സിഹ്ര്‍ ചെയ്തു. അങ്ങിനെ നബി ﷺ താന്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് ചെയ്തുവെന്ന തോന്നലുളവാക്കുന്ന അവസ്ഥയുണ്ടായി. അങ്ങിനെ അദ്ദേഹം എന്റെ അടുത്തുണ്ടായിരുന്ന ഒരു ദിവസം ഒരു രാത്രി അദ്ദേഹം പിന്നേയും പിന്നേയും പ്രാര്‍ഥിച്ചു. എന്നിട്ട് പറഞ്ഞു: ‘ആഇശാ, നിനക്കറിയുമോ? ഞാന്‍ റബ്ബിനോട് വിവരണം തേടിയ കാര്യങ്ങളില്‍ എനിക്ക് അല്ലാഹു വിവരം തന്നിരിക്കുന്നു. രണ്ടു പേ൪ എന്റെ അടുത്ത് വരികയും അവരില്‍ ഒരാള്‍ എന്റെ തലയുടെ അടുത്തും മറ്റേയാള്‍ എന്റെ കാലിനടുത്തും ഇരിക്കുകയും ചെയ്തു. എന്നിട്ട് അവരില്‍ ഒരാള്‍ തന്റെ കൂടെയുള്ളയാളോട് ചോദിച്ചു: ‘ഇദ്ദേഹത്തിന്റെ വേദന എന്താണ്? അയാള്‍ പറഞ്ഞു: ഇദ്ദേഹം സിഹ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അയാള്‍ ചോദിച്ചു: ആരാണ് സിഹ്റ് ചെയ്തത്.ലബിദുബ്നു അഉസ്വമാണെന്ന് മറ്റേയാള്‍ പറഞ്ഞു. അയാള്‍ ചോദിച്ചു: എന്തിലാണ് സിഹ്റ് ചെയ്തത്. മറ്റേയാള്‍ പറഞ്ഞു: ചീ൪പ്പിലും മുടിയിലും ഈത്തപ്പനയുടെ ഉണങ്ങിയ കൂമ്പോളയിലുമാണ്. അദ്ദേഹം ചോദിച്ചു: അത് എവിടെയാണ്. ഇയാള്‍ പറഞ്ഞു: ദ൪വാന്‍ കിണറ്റിലാണ്. (ബനൂ സുറൈഖിന്റെ മദീനയിലെ തോട്ടത്തിലുള്ള ഒരു കിണ൪). അങ്ങിനെ (നേരം പുല൪ന്നപ്പോള്‍) നബി ﷺസ്വഹബികളുമൊത്ത് അവിടെ പോയി (മടങ്ങി) വന്നിട്ട് നബി ﷺ പറഞ്ഞു: അല്ലയോ ആയിശാ, അതിന്റെ വെള്ളം മൈലാഞ്ചി വ൪ണ്ണം പോലെയും അതിലെ ഈത്തപ്പനകളുട തല പിശാചുക്കളുടെ തല പോലെയും ഉണ്ട്. ഞാന്‍ ചോദിച്ചു: നബിയേ അങ്ങേക്ക് അത് പുറത്തെടുക്കാമായിരുന്നില്ലേ? നബി ﷺപറഞ്ഞു: അല്ലാഹു എനിക്ക് ശമനം നല്‍കിയിരിക്കുന്നു. ഇനി അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയിൽ ഒരു ദോഷം ഇളക്കി വിടുന്നതിനെ ഞാൻ ഇഷ്ടപ്പെട്ടില്ല. പിന്നീട് ആ കിണ൪ മൂടിക്കളയുവാന്‍ കല്‍പ്പിക്കുകയും അങ്ങിനെ അത് മൂടുകയും ചെയ്തു.(ബുഖാരി: 5763)
സൂറത്തുൽഫലഖും സൂറത്തുന്നാസും അവതരിച്ചു. അല്ലാഹുവിന്റെ അനുമതി പ്രകാരം ലബീദ് നടത്തിയ സിഹറിൽ നിന്നും നബിക്ക് ശമനം ലഭിച്ചു.
“സൈദുബ്നു അർഖമിൽ رضي الله عنه നിന്ന് നിവേദനം; ജൂതന്മാരിൽ ഒരാൾ നബിക്ക് സിഹ്റ് ചെയ്തു. നബി ﷺ(അല്ലാഹുവിനോട്) പരാതി പറഞ്ഞു. അപ്പോൾ ജിബ്‌രീൽ മുഅവ്വിദതൈനിയുമായി വന്നു.( ത്വഹാവി- മുശ്കിലുൽആസാർ: 5935) ”
ഉഖ്ബതുബ്നു ആമിറിൽ رضي الله عنه നിന്നും നിവേദനം; അദ്ദേഹം പറയുന്നു: നബി ﷺ പറഞ്ഞിരിക്കുന്നു: എനിക്കു രണ്ടു സൂറത്തുകൾ അവതരിച്ചിട്ടുണ്ട്. അവ കൊണ്ട് നീ ശരണം തേടിക്കൊള്ളുക. ശരണം തേടാൻ അതു പോലുള്ള മറ്റൊന്നുമില്ല. മുവ്വിദതൈനിയാണ് ഈ രണ്ടു സൂറത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. (അഹ്‌മദ്: 17299)
ലബീദുബ്നുൽഅഅ്‌സ്വമിനെ നബി ﷺ കൊലപ്പെടുത്തിയിട്ടില്ല. കാരണം നബി ﷺ സ്വന്തം കാര്യത്തിൽ പ്രതികാര നടപടി സ്വീകരിക്കാറുണ്ടായിരുന്നില്ല. മാത്രവുമല്ല ലബീദിനെ കൊന്നു കഴിഞ്ഞാൽ മുസ്ലിംകൾക്കും സഹായ വാഗ്ദാനം ചെയ്ത ആളുകൾക്കുമിടയിൽ അത് ഒരു ഫിത്‌നക്ക് കാരണമായി മാറും.
“തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും, സത്യ വിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം”.( തൗബ: 128)
ഗത്വ്‌ഫാൻ പ്രദേശങ്ങളോട് ചേർന്നു കിടക്കുന്ന മദീനയിൽ നിന്നും രണ്ടു മൈൽ അകലെയുള്ള ഒരു ജല തടാകമാണ് ദൂ ഖിറദ്. ഇവിടെ വെച്ചു കൊണ്ട് ഒരു യുദ്ധമുണ്ടായി. അതാണ് ദൂ ഖിറദ് യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നത്. ഖൈബർ യുദ്ധത്തിന്റെ മൂന്ന് ദിവസം മുമ്പായിരുന്നു ഇത്. ‘അൽഗാബ’ എന്നും യുദ്ധത്തിന് പേര് പറയാറുണ്ട്. കാട് എന്നാണ് ഈ വാക്കിനർത്ഥം. യുദ്ധ സന്ദർഭത്തിൽ മുസ്ലിംകൾക്ക് ലഭിച്ച ഒട്ടകങ്ങൾ അവിടെയുള്ള കാട്ടു പ്രദേശത്തായിരുന്നു ഉണ്ടായിരുന്നത്. ഹുദൈബിയക്ക് ശേഷം നബി ﷺ നയിച്ച ഒന്നാമത്തെ യുദ്ധമാണിത്. യുദ്ധത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയനായത് സലമതുബ്നുൽഅക്‌വഅ് ആയിരുന്നു.
കാട്ടിലൂടെ (മരുഭൂകാടുകൾ) നടക്കുന്ന ഇരുപതോളം കറവ ഒട്ടകങ്ങൾ നബിക്കുണ്ടായിരുന്നു. ഗഫാരീ ഗോത്രത്തിലെ ഒരു വ്യക്തിക്കും അദ്ദേഹത്തിൻറെ ഭാര്യക്കുമായിരുന്നു അവയുടെ സംരക്ഷണച്ചുമതല ഉണ്ടായിരുന്നത്. അങ്ങിനെയിരിക്കെയാണ് അബ്ദുറഹ്മാനുബ്നു ഉയൈനതുബ്നു ഹിസ്വ്‌നുൽ ഗഫാരി എന്ന വ്യക്തി അതിക്രമിച്ചു വന്നത്. ഒട്ടകങ്ങൾ നോക്കുന്ന വ്യക്തിയെ അയാൾ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാര്യയെ ബന്ധിയാക്കുകയും ഒട്ടകങ്ങളെ കൊണ്ടുപോവുകയും ചെയ്തു.
“സലമതുബ്നു അക്‌വഇൽ رضي الله عنه നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ഞാൻ മദീനയിൽ നിന്നും അൽഗാബതിനു നേരെ പോവുകയായിരുന്നു. ഗാബത്തിലേക്കുള്ള പ്രവേശന ഭാഗത്ത് ഞാനെത്തി. അപ്പോൾ അബ്ദുറഹ്മാനുബ്നു ഔഫിന്റെ ഒരു പരിചാരകൻ എന്നെ കണ്ടു. ഞാൻ ചോദിച്ചു; നിനക്കെന്താണ് ഇവിടെ കാര്യം. അയാൾ പറഞ്ഞു: നബിയുടെ ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയി. ഞാൻ ചോദിച്ചു; ആരാണത് ചെയ്തത്? അയാൾ പറഞ്ഞു: ഗത്വ്‌ഫാൻ, ഫസാറ തുടങ്ങിയവർ. സലമ പറയുന്നു: അവിടെയുള്ള രണ്ട് മലകൾക്കിടയിലൂടെ കേൾക്കാവുന്ന വിധത്തിൽ ഞാൻ മൂന്നു തവണ ഉറക്കെ വിളിച്ചു പറഞ്ഞു: നാശമേ നാശമേ. അങ്ങിനെ ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ അവരെ കണ്ടു. ഒട്ടകങ്ങൾ അവരുടെ കൂടെയുണ്ടായിരുന്നു. ഞാൻ അവരെ എറിയാൻ തുടങ്ങി. അതോടൊപ്പം ഞാൻ ഇപ്രകാരം പറയുകയും ചെയ്തു.” ഞാൻ അക്‌വഇന്റെ മകനാണ്. ഇന്ന് തരംതാഴ്ന്നവരുടെ നാശത്തിന്റെ ദിവസമാണ്.” അങ്ങിനെ ഒട്ടകത്തിന്റെ പാൽ അവർ കുടിക്കുന്നതിനു മുമ്പ് ഞാനവയെ മോചിപ്പിച്ചു. അവരെയും തെളിച്ചു കൊണ്ട് ഞാൻ തിരിച്ചു പോന്നു. പോരുന്ന വഴിക്ക് നബി എന്നെ കണ്ടുമുട്ടി. ഞാൻ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ പ്രവാചകരെ, ജനങ്ങൾ ദാഹിച്ചിരിക്കുകയായിരിക്കും. അവർക്ക് പാൽ കുടിക്കാൻ വേണ്ടിയാണ് ഞാൻ വേഗത്തിൽ വന്നത്. ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയവരുടെ പിറകെ ആളെ വിടുക. അപ്പോൾ നബി പറഞ്ഞു: അല്ലയോ ഇബ്നുൽ അക്‌വഅ്, കുറച്ച് സാവകാശം കാണിക്കൂ. ജനങ്ങൾക്ക് അവരുടെ കൂടെ ഉള്ള ആളുകൾ ഭക്ഷണം കൊടുത്തിട്ടുണ്ട്. (ബുഖാരി:3041. മുസ്‌ലിം: 1806)
സലമത് ഇബ്നു അക്‌വഅ് മല മുകളിൽ വെച്ച് സഹായമഭ്യർത്ഥിച്ചു വിളിച്ചതിനെ കുറിച്ച് നബി ﷺ അറിഞ്ഞപ്പോൾ നബിയും ഇപ്രകാരം വിളിച്ചു പറഞ്ഞു. അപകടം അപകടം!. ഇത് കേട്ടതോടു കൂടി കുതിരപ്പടയാളികൾ നബി ﷺ യുടെ ചുറ്റും ഒരുമിച്ചു കൂടി. ആദ്യമായി എത്തിയത് മിഖ്ദാദുബ്നു അംറായിരുന്നു رضي الله عنه. ശേഷം അബ്ബാദുബ്നു ബിശ്ർ, സഅ്‌ദ് ബ്നു സൈദ്, ഉസൈദുബ്നു ളഹീർ, ഉക്കാശതുബ്നു മിഹ്സ്വൻ, മഹ്‌റസുബ്നു നള്‌ല:, അബൂ ഖതാദതുൽഹാരിസുബ്‌നു റബ്ഈ (رضي الله عنه)….. തുടങ്ങിയ സ്വഹാബിമാരും എത്തി. അവർ എല്ലാവരും ഒരുമിച്ച് കൂടിയപ്പോൾ സഅ്‌ദുബ്നു സൈദുൽഅശ്ഹലിയെ നബി ﷺ അവരുടെ അമീറായി നിശ്ചയിച്ചു. എന്നിട്ട് പറഞ്ഞു: (ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോയ) ആളുകളെ അന്വേഷിച്ചു നിങ്ങൾ പുറപ്പെടുക. ജനങ്ങളുടെ കൂടെ വന്ന് ഞാൻ നിങ്ങളുമായി ചേരാം. നബി ﷺ യുടെ കുതിരപ്പടയാളികൾ മരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങി. ഇതു കണ്ട് മുശ്രിക്കുകൾ പിന്തിരിഞ്ഞോടി. മിഹ്‌റസുബ്നു നള്‌ല അബ്ദുർറഹ്‌മാനുബ്നു ഉയൈനയെ കണ്ടു. അവർ പരസ്പരം അങ്ങോട്ടു മിങ്ങോട്ടും വെട്ടി. അബ്ദുറഹ്മാനിന്റെ കുതിരയെ മിഹ്റസ് (رضي الله عنه) അറുത്തു. ഇത് കണ്ട അബ്ദുറഹ്മാൻ മിഹ്‌റസിനെ വെട്ടുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അബ്ദുറഹ്മാൻ മിഹ്റസിന്റെ കുതിരപ്പുറത്ത് കയറി. അബൂ ഖതാദ അബ്ദുറഹ്മാനെ പിന്തുടർന്ന് കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അബൂ ഖതാദ മിഹ്റസിന്റെ കുതിരപ്പുറത്ത് കയറി തന്റെ ആളുകളുടെ അടുക്കലേക്ക് തിരിച്ചു വന്നു. കൊല്ലപ്പെട്ട വ്യക്തി വസ്ത്രം കൊണ്ട് മറയപ്പെട്ട അവസ്ഥയിൽ കിടക്കുന്നത് കണ്ടപ്പോൾ സഹാബിമാർ പറഞ്ഞു: അബൂ ഖതാദ കൊല്ലപ്പെട്ടിരിക്കുന്നു. എന്നാൽ അത് കാണുന്നതിന് മുമ്പ് തന്നെ നബി ﷺപറഞ്ഞു: അത് അബൂ ഖതാദയല്ല. മറിച്ച് അദ്ദേഹത്താൽ കൊല്ലപ്പെട്ട വ്യക്തിയാണ്.
സലമത്ബ്നുൽഅക്‌വഅ് رضي الله عنه പറയുന്നു: മുശ്രിക്കുകളെ ആട്ടിയോടിക്കപ്പെട്ടതിനുശേഷം ഞാൻ നബി ﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ നബി ﷺദൂ ഖിറദിലുള്ള ജല തടാകത്തിനു സമീപം ഇരിക്കുകയായിരുന്നു. നബി ﷺയുടെ കൂടെ അഞ്ഞൂറോളം സ്വഹാബിമാർ ഉണ്ട്. ആ സന്ദർഭത്തിൽ മുശ്രിക്കുകളിൽ നിന്നും ഞാൻ മോചിപ്പിച്ച ഒട്ടകങ്ങളിൽ ഒന്നിനെ ബിലാൽ അറുക്കുകയും അതിന്റെ കരളും പൂഞ്ഞയും നബിക്കു ചുട്ടു കൊടുക്കുകയും ചെയ്തു. ഈ യുദ്ധത്തിലാണ് ഭയത്തിന്റെ നമസ്കാരം നബി ﷺനിർവഹിച്ചത്. ശത്രുക്കളുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ട് ഒരു രാത്രിയും ഒരു പകലും നബി ﷺഅവിടെ താമസിച്ചു.
സലമ رضي الله عنه പറയുകയാണ്: നേരം പുലർന്നപ്പോൾ നബി ﷺപറഞ്ഞു: ഇന്ന് നമ്മുടെ ഏറ്റവും നല്ല കുതിരപ്പടയാളി അബൂ ഖതാദ യാണ്. ഏറ്റവും നല്ല കാലാൾപ്പടക്കാരൻ സലമയാണ്. ശേഷം നബി എനിക്ക് രണ്ട് അമ്പുകൾ തന്നു. കുതിരപ്പടയാളിയുടെ അമ്പും കാലാൾപടക്കാരന്റെ അമ്പും.
ശേഷം നബി ﷺമദീനയിലേക്ക് മടങ്ങി. നബിയുടെ പിറകിൽ സലമതുബ്നുൽഅക്‌വഉം ഉണ്ടായിരുന്നു.
ഗഫാരിക്കാർ ബന്ധിച്ച സ്ത്രീ അവരുടെ ബന്ധനത്തിൽ നിന്നും മോചിതയായി. നബിയുടെ ഒരു ഒട്ടകപ്പുറത്ത് അവർ കയറിയിരിക്കുകയും മദീനയുടെ ഭാഗത്തേക്കു അതിനെ തിരിച്ചു വിടുകയും ചെയ്തു. അല്ലാഹു തന്നെ രക്ഷപ്പെടുത്തിയാൽ ആ ഒട്ടകത്തെ ബലി അറക്കുമെന്ന് അവർ നേർച്ച നേരുകയും ചെയ്തു.
ആ സ്ത്രീ മദീനയിലെത്തിയപ്പോൾ ജനങ്ങൾ അവരെ കണ്ടു. അവർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകന്റെ ഒട്ടകം ആണല്ലോ ഇത്. അപ്പോൾ ആ സ്ത്രീ പറഞ്ഞു: അല്ലാഹു തന്നെ രക്ഷപ്പെടുത്തിയാൽ ഇതിനെ ബലിയറുക്കുമെന്ന് ഞാൻ നേർച്ച നേർന്നിട്ടുണ്ട്. സ്വഹാബിമാർ നബിയെ പോയി കാണുകയും ഈ വിവരം അറിയിക്കുകയും ചെയ്തു. അപ്പോൾ നബി ﷺപറഞ്ഞു: സുബ്ഹാനള്ളാ! ഇവർ നടപ്പിലാക്കിയത് എത്ര മോശം. അല്ലാഹു രക്ഷപ്പെടുത്തിയാൽ അതിനെ ബലിയറുക്കുമെന്ന് പറയുകയോ? തിന്മയുടെ കാര്യത്തിൽ നേർച്ച നേർന്നാൽ അത് നിറവേറ്റാൻ പാടില്ല. സ്വന്തം ഉടമസ്ഥതയിലില്ലാത്ത വസ്തുവിൽ നേർചയാക്കുവാനും പാടില്ല. (മുസ്‌ലിം: 1641)
ഫദ്‌ലുല്‍ ഹഖ് ഉമരി