നേർപഥം – ഗ്രന്ഥച്ചുമടേറ്റിയ കഴുത – കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ – 2020 സെപ്തംബര്‍ 19 1442 സഫര്‍ 02

ഗ്രന്ഥച്ചുമടേറ്റിയ കഴുത

”തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല” (ക്വുര്‍ആന്‍ 62:5).

മുന്‍കഴിഞ്ഞ ഒരു വേദഗ്രന്ഥത്തിന്റെ അനുയായികളെ പേരെടുത്തു പറഞ്ഞുകൊണ്ട് ഈ ഉപമ വിവരിക്കുന്നത് ക്വുര്‍ആന്‍ എന്ന വേദഗ്രന്ഥത്തിന്റെ അനുയായികളോടാണ്. വേദഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചത് അതിന്റെ സന്ദേശങ്ങള്‍ പഠിച്ചു ജീവിക്കാനാണ്. ക്വുര്‍ആനിന്റെ പ്രഥമ സന്ദേശംതന്നെ വായിക്കുക എന്നാണല്ലോ. ക്വുര്‍ആനിന്റെ ആളായി അഭിനയിക്കുകയും എന്നാല്‍ ക്വുര്‍ആന്‍ പഠിക്കാതെയും അതിലുള്ളത് എന്താണെന്നറിയാതെയും ജീവിക്കുന്നവന് ചേരുന്ന വിശേഷണം ഗ്രന്ഥം ചുമക്കുന്ന കഴുത എന്നതു തന്നെയാണ്. ക്വുര്‍ആനിന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവരെ സമാനമായ ഉപമയില്‍ അല്ലാഹു ആക്ഷേപിച്ചത് കാണുക:

”എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളിപിടിച്ച കഴുതകളെപ്പോലിരിക്കുന്നു. സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)” (ക്വുര്‍ആന്‍ 74:49-51).

കഴുതയെപ്പോലെ എന്ന് പറഞ്ഞ് അല്ലാഹു തന്നെ ആക്ഷേപിച്ചത് വേദഗ്രന്ഥത്തെയും അതിലെ ഉപദേശങ്ങളെയും പഠിച്ചു ഗ്രഹിച്ച് ജീവിക്കാത്തവരെയാണല്ലോ. ഇത്രയും കഠിനമായ ഭാഷയില്‍ ആക്ഷേപിക്കപ്പെട്ട വിഭാഗത്തിന്ന് എങ്ങനെയാണ് മഹാന്മാരായ പ്രവാചകന്മാരും സദ്‌വൃത്തരും പ്രവേശിപ്പിക്കപ്പെടുന്ന സ്വര്‍ഗത്തില്‍ പ്രവേശിക്കാനാവുക എന്ന് നാമോര്‍ക്കണം. ക്വുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും പ്രവര്‍ത്തിക്കാനും നാം ശ്രമിച്ചേ തീരൂ.

കൈവിരല്‍കടിച്ച കൗശലക്കാര്‍

”ആ തോട്ടക്കാരെ നാം പരീക്ഷിച്ചതു പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം. അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു. അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു: നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക. അവര്‍ അന്യോന്യം മന്ത്രിച്ചുകൊണ്ടു പോയി. ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നുവരാന്‍ ഇടയാവരുത്എന്ന്. അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു. അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവുപറ്റിയവരാകുന്നു. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. അവരുടെ കൂട്ടത്തില്‍ മധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ; എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്? അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു. അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു. അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം.  തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ചുചെല്ലുന്നവരാകുന്നു. അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!” (ക്വുര്‍ആന്‍ 68:17-33).

സമ്പത്തും സൗകര്യങ്ങളും തികഞ്ഞാല്‍, അതെല്ലാം നല്‍കി അനുഗ്രഹിച്ച അല്ലാഹുവിനെ മറക്കുക, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ അവഗണിക്കുക എന്നീ സ്വഭാവങ്ങള്‍ മനുഷ്യര്‍ സാധാരണ പ്രകടിപ്പിക്കാറുണ്ട്. ഇത് തന്നവന്നു തന്നെ തിരിച്ചെടുക്കാനും കഴിയുമെന്ന് സുഖഭോഗങ്ങള്‍ക്കിടയില്‍ പലരും ഓര്‍ക്കാറില്ല. ഇത്തരം മനുഷ്യരെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ദരിദ്രന്മാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്നു മുമ്പ് തോട്ടത്തിലെ പഴങ്ങള്‍ പറിച്ച് അതുംകൊണ്ട് മടങ്ങാന്‍ വിചാരിച്ച ഉടമകള്‍ കണ്ടത് തലേന്ന് രാത്രിതന്നെ തോട്ടം നശിച്ചുപോയതാണ്. അപ്പോഴാണവര്‍ക്ക് വിവേകം തിരിച്ചുകിട്ടിയത്.

അല്ലാഹു നല്‍കിയ അനുഗ്രഹം ആര്‍ത്തിപൂണ്ട് പിടിച്ചുവെക്കുന്നവര്‍ക്ക് ഈ തോട്ടക്കാരുടെ അനുഭവം നല്ല പാഠമാണ്. ഏതൊരു സാധാരണ മനുഷ്യന്നും തന്റെ ജീവിത സാഹചര്യങ്ങളില്‍നിന്നും പരിസ്ഥിതിയില്‍നിന്നും നേരിട്ടനുഭവപ്പെടുന്ന, പ്രകൃതിയെ ചുറ്റിപ്പറ്റിക്കൊണ്ടുള്ള ഉപമകളാണ് ക്വുര്‍ആന്‍ വിവരിച്ചത്. കാറ്റ്, മഴ, വെള്ളം, ഇടി, മിന്നല്‍, മല, നീരൊഴുക്ക്, ചെടികള്‍, മരങ്ങള്‍, കായ്കനികള്‍, ചെറുതും വലുതുമായ ജീവജാലങ്ങള്‍ തുടങ്ങിയവയിലാണ് ഈ ഉപമകള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. വിവേകമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ഇവ ഏറെ പര്യാപ്തവുമാണ്.

മനുഷ്യന്‍ വിചാരണക്ക് വിധേയന്‍

ഈ ജീവിതം അവസാനിക്കുന്നില്ലെന്നും ഇവിടെ ചെയ്യുന്ന നന്മതിന്മകള്‍ക്കനുസരിച്ച് രക്ഷയും ശിക്ഷയും നല്‍കപ്പെടുന്ന മറ്റൊരു ജീവിതം (പരലോകജീവിതം) മരണശേഷം വരാനിരിക്കുന്നുണ്ടെന്നും ക്വുര്‍ആന്‍ മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. ഒരു ജീവിതകാലം മുഴുവനും നന്മപ്രവര്‍ത്തിച്ചു മരിച്ചുപോയവര്‍ക്ക് തങ്ങളുടെ കര്‍മഫലം കിട്ടാതെപോകരുതെന്നതും ഒരു മഹാദ്രോഹി ദുഷ്‌കര്‍മത്തിന്റെ ശിക്ഷ അനുഭവിക്കണമെന്നതും സാമാന്യബുദ്ധിയുടെ തേട്ടമാണ്. ക്വുര്‍ആന്‍ പറയുന്നു:

”അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും” (ക്വുര്‍ആന്‍ 99:7-8).

പരമകാരുണികനായ അല്ലാഹുവിന്റെ നീതിനടപ്പാക്കല്‍ മാത്രമാണ് പരലോകം. പരലോകശിക്ഷയില്‍ നിന്ന് മനുഷ്യനെ ഏതുവിധേനയും രക്ഷപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അതിന്നുവേണ്ടിയാണ് സന്മാര്‍ഗം ഉപദേശിക്കാന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചത്. അവസാന വേദമായ ക്വുര്‍ആന്‍ അന്ത്യദിനംവരെ സംരക്ഷിക്കുമെന്ന് ഉറപ്പുതന്നത്. നബിമാരുടെ സാരോപദേശങ്ങള്‍ സത്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്.

കാരുണ്യവും ദയയുമായി ബന്ധപ്പെട്ട ഒട്ടേറെ നാമവിശേഷണങ്ങള്‍ അല്ലാഹുവിന്നുണ്ട്. പാപം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കാനല്ല, മറിച്ച് അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.

”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും” (ക്വുര്‍ആന്‍ 39:53).

ഏതൊരു സല്‍കര്‍മത്തിന്നും പ്രതിഫലം പത്തിരട്ടിയും, ആത്മാര്‍ഥതക്കനുസരിച്ച് അതിലധികവും അല്ലാഹുവര്‍ധിപ്പിച്ചുകൊടുക്കുമെന്ന് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. ഒരു സല്‍പ്രവൃത്തി ചെയ്യാന്‍ വിചാരിക്കുന്നതിന്നുപോലും പ്രതിഫലമുണ്ട്. ചെയ്താല്‍ പ്രതിഫലം ഇരട്ടിപ്പിക്കുകയും ചെയ്യും. എന്നാല്‍ തിന്മ ചെയ്യാന്‍ വിചാരിച്ചാല്‍ ശിക്ഷയില്ല. ചെയ്താല്‍ മാത്രം അതിന്നനുസരിച്ച് ശിക്ഷ നല്‍കും. അഥവാ പശ്ചാത്തപിച്ചു മടങ്ങിയാല്‍ രക്ഷപ്പെടുകയും ചെയ്യും. ഇതാണ് അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നബി ﷺ  പഠിപ്പിച്ചത്. അതിനാല്‍ പരലോകം എന്നത് അല്ലാഹുവിന്റെ കാരുണ്യത്തെ മനുഷ്യന്ന് വെളിപ്പെടുത്തുന്ന, നീതി നടപ്പാക്കുന്ന സ്ഥലമാണ്.

”തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു. (നബിയേ,) പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു” (ക്വുര്‍ആന്‍ 64:7).

”ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുകൊണ്ട് ഞാനിതാ സത്യംചെയ്യുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യംചെയ്തു പറയുന്നു. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ” (ക്വുര്‍ആന്‍ 75:1-4).

രക്ഷപ്പെടാന്‍ മനുഷ്യന്ന് വഴിയുണ്ട്

ആദ്യത്തെ മനുഷ്യനായ ആദം നബി(അ)യുടെ സൃഷ്ടിപ്പും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും അല്ലാഹു വിവരിച്ചുതന്നപ്പോള്‍, മനുഷ്യന്‍ വഴിപിഴക്കാനുള്ള സാഹചര്യത്തെയും, പിഴപ്പിക്കുന്ന പിശാചിനെയും പറ്റി വിവരിച്ചത് കാണാം. ഈ ശത്രുവിന്റെ സാന്നിധ്യം മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കുമെന്നും അതില്‍നിന്ന് രക്ഷപ്പെട്ട് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള ഒരേയൊരു വഴി പശ്ചാത്താപമാണെന്നും ആദ്യസൃഷ്ടിയുടെ ചരിത്രത്തോടൊപ്പം ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

”അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 2:37).

”തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍)” (ക്വുര്‍ആന്‍ 87:14-15).

”അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ” (ക്വുര്‍ആന്‍ 26:88-89).

”തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ടായിരിക്കും. എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫലനടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചുതള്ളാന്‍ എന്തു ന്യായമാണുള്ളത്? അല്ലാഹു വിധികര്‍ത്താക്കളില്‍വെച്ചു ഏറ്റവുംവലിയ വിധികര്‍ത്താവല്ലയോ?” (ക്വുര്‍ആന്‍ 95:4-8).

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍​
നേർപഥം വാരിക

നബി ചരിത്രം – 81 – ഖാലിദുബ്നുൽ വലീദ് ഇസ്ലാമിലേക്ക്.

നബി ചരിത്രം - 81 - ഹിജ്റ എട്ടാം വർഷം [ഭാഗം: 3]:
ഖാലിദുബ്നുൽ വലീദ് ഇസ്ലാമിലേക്ക്.

താൻ ഇസ്‌ലാമിലേക്ക് കടന്നു വന്ന സംഭവത്തെക്കുറിച്ച് ഖാലിദുബ്നുൽ വലീദ്  رضي الله عنه വിശദീകരിക്കുകയാണ്.
അല്ലാഹു എന്റെ കാര്യത്തിൽ നന്മ ഉദ്ദേശിച്ചപ്പോൾ എന്റെ ഹൃദയത്തിലേക്ക് ഇസ്ലാമിനെ ഇട്ടു തന്നു. സന്മാർഗ്ഗം എന്റെ മുമ്പിൽ ഹാജരായി. മുഹമ്മദ് നബിﷺ ക്കെതിരെയുള്ള എല്ലാ സംരംഭങ്ങളിലും ഞാൻ സാക്ഷിയായിട്ടുണ്ട്. അതിലൊക്കെ ഞാൻ സാക്ഷിയായിട്ടുണ്ടെങ്കിലും എന്റെ മനസ്സ് പറയുന്ന മറ്റൊരു കാര്യം ഉണ്ടായിരുന്നു. മുഹമ്മദ് വിജയിക്കും.

അല്ലാഹുവിന്റെ പ്രവാചകൻ ഹുദൈബിയ്യയിലേക്ക് പുറപ്പെട്ടപ്പോൾ മുശ്രിക്കുകളോടൊപ്പം ഞാനും പുറപ്പെട്ടു. ഉസ്ഫാൻ പ്രദേശത്ത് വെച്ച് കൊണ്ട് മുഹമ്മദ് നബിﷺ യെ അദ്ദേഹത്തിന്റെ അനുയായികളോടൊപ്പം ഞാൻ കണ്ടു. മുഹമ്മദ് നബിﷺ ക്ക് ഒരു തടസ്സമായിക്കൊണ്ട് ഞാൻ മുമ്പിൽ പോയി നിന്നു. ഞങ്ങളുടെ മുമ്പിൽ നിന്ന് കൊണ്ട് അദ്ദേഹം തന്റെ അനുചരന്മാരെ കൊണ്ട് ളുഹ്‌റ് നമസ്കരിച്ചു. ഈ സന്ദർഭത്തിൽ മുഹമ്മദിനെ കടന്നാക്രമിച്ചാലോ എന്ന് ഞങ്ങൾ ചിന്തിച്ചു. എന്നാൽ ഞങ്ങളുടെ മനസ്സിലുള്ള ചിന്തയെ കുറിച്ച് മുഹമ്മദ് നബിﷺക്ക് വിവരം കിട്ടിയപ്പോൾ അസ്വ്‌ർ നമസ്കാരം തന്റെ സ്വഹാബിമാരെ കൊണ്ട് ഭയത്തിന്റെതായി നിർവഹിച്ചു. അതും ഞങ്ങളുടെ മനസ്സിൽ വലിയ ചിന്തക്ക് കാരണമായി. ഞങ്ങളിൽ നിന്ന് മുഹമ്മദ് നബിﷺ സുരക്ഷിതമാകുകയും വലതു ഭാഗത്തു കൂടെ മാറി പോവുകയും ചെയ്തു.

ഹുദൈബിയ്യ സന്ധി ഉണ്ടാവുകയും ഖുറൈശികൾ പ്രവാചകനെ പ്രയാസപ്പെടുത്തുകയും ചെയ്തപ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു. ഇനി എന്താണ് അവശേഷിച്ചിട്ടുള്ളത്?. എവിടേക്കാണ് ഞാൻ പോകേണ്ടത്? നജ്ജാശിയുടെ അടുക്കലേക്കാണോ? നജ്ജാശിയാകട്ടെ മുഹമ്മദ് നബിﷺയിൽ വിശ്വസിച്ചിരിക്കുന്നു. മുഹമ്മദ് നബിﷺയുടെ അനുയായികൾ നജ്ജാശിയുടെ അടുത്ത് നിർഭയരാണ്. ഹിറഖ്‌ലിന്റെ അടുക്കലേക്ക് പോകണോ?. അങ്ങിനെയാണെങ്കിൽ ഞാൻ എന്റെ മതം വിട്ട് ക്രിസ്തു മതത്തിലേക്കും യഹൂദ മദത്തിലേക്കും മാറി പ്പോകലല്ലേ?. ഇനി അവശേഷിച്ചിട്ടുള്ള ആളുകളോടൊപ്പം എന്റെ വീട്ടിൽ തന്നെ ഞാൻ നിലക്കൊള്ളണോ?. ഇങ്ങിനെ ഓരോ ചിന്തകളിലും കഴിയുമ്പോഴാണ് അടുത്ത വർഷം ഉംറതുൽ ഖളാഇന്ന് വേണ്ടി മുഹമ്മദ് നബിﷺ മക്കയിലേക്ക് പ്രവേശിക്കുന്നത്. മുഹമ്മദ് നബിﷺ മക്കയിലേക്ക് പ്രവേശിക്കുന്നത് കാണാൻ പോലും നിൽക്കാതെ ഞാൻ ഒഴിഞ്ഞു പോയി. ഈ ഉംറയിൽ മുഹമ്മദ് നബിﷺയോടൊപ്പം എന്റെ സഹോദരൻ വലീദുബ്നു വലീദുംرضي الله عنه ഉണ്ടായിരുന്നു. അദ്ദേഹം എന്നെ അന്വേഷിച്ചുവെങ്കിലും കണ്ടില്ല. അങ്ങിനെയാണ് അദ്ദേഹം എനിക്കൊരു കത്തെഴുതുന്നത്. ആ കത്ത് ഇപ്രകാരമായിരുന്നു.

” പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. ഇസ്‌ലാമിൽ നിന്നും നീ അകന്നു പോയല്ലോ എന്നുള്ളതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന കാര്യം. നീ എന്തൊരു ബുദ്ധിമാനായ വ്യക്തിയാണ്. ഇസ്‌ലാം പോലുള്ള ഒരു മതത്തെ കുറിച്ച് ആരെങ്കിലും മനസ്സിലാക്കാതെ പോകുമോ!. നിന്നെക്കുറിച്ച് അല്ലാഹുവിന്റെ പ്രവാചകൻ എന്നോട് ചോദിച്ചു; “എവിടെയാണ് ഖാലിദ്” അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ കൊണ്ടു വരും. നബിﷺ പറഞ്ഞു: “ഖാലിദുബ്നുൽവലീദിനെ പോലെയുള്ള ആളുകൾ ഇസ്‌ലാമിനെക്കുറിച്ച് അജ്ഞരാവുകയില്ല. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശേഷി മാത്രം മുസ്ലിംകളോടൊപ്പം അദ്ദേഹം ആക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് അത് ഏറ്റവും നല്ലതാകുമായിരുന്നു. മറ്റുള്ളവരെക്കാൾ അദ്ദേഹത്തിന് നാം മുൻഗണന കൊടുക്കുകയും ചെയ്യുമായിരുന്നു”. അതു കൊണ്ട് സഹോദരാ താങ്കൾക്ക് നഷ്ടപ്പെട്ടത് ഇനിയെങ്കിലും നേടിയെടുക്കുക. ഒരുപാട് നല്ല രംഗങ്ങൾ താങ്കൾക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുന്നു: എനിക്ക് സഹോദരന്റെ കത്ത് ലഭിച്ചപ്പോൾ ഇറങ്ങി പുറപ്പെടാനുള്ള ആവേശമുണ്ടായി. ഇസ്ലാമിനോടുള്ള എന്റെ താല്പര്യം വർദ്ധിക്കുകയും ചെയ്തു”. (അൽ ബിദായതു വന്നിഹായ: 6/405) മുഹമ്മദ് നബിﷺ എന്നെ ക്കുറിച്ച് അന്വേഷിച്ചു എന്നു കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഞാനൊരു സ്വപ്നം കണ്ടിട്ടുണ്ടായിരുന്നു. വരൾച്ച ബാധിച്ചതും ഇടുങ്ങിയതുമായ ഒരു പ്രദേശത്തു നിന്നും വിശാലമായ പച്ചപിടിച്ച മറ്റൊരു പ്രദേശത്തേക്ക് ഞാൻ പോകുന്നതായിരുന്നു സ്വപ്നം. ഇതൊരു യഥാർത്ഥ സ്വപ്നം തന്നെയാണെന്ന് എനിക്ക് തോന്നി. മദീനയിലെത്തിയപ്പോൾ ഈ സംഭവം ഞാൻ അബൂബക്കറിرضي الله عنهനോട് പറയാൻ ഉദ്ദേശിച്ചു. അബൂബക്കറിرضي الله عنهനോട് ഈ സ്വപ്നത്തെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: നീ സ്വപ്നം കണ്ട ആ ഇടുക്കം നീ നില കൊണ്ടിരുന്ന ശിർക്കാണ്. അതിൽ നിന്നും പുറത്തു വരുന്ന ഒന്ന് കണ്ടു എന്ന് പറഞ്ഞല്ലോ അല്ലാഹു നിനക്ക് മാർഗ്ഗം കാണിച്ചു തന്ന ഇസ്‌ലാമാകുന്നു അത്. 

അങ്ങിനെ അല്ലാഹുവിന്റെ പ്രവാചകന്റെ അടുക്കലേക്ക് പോകാനുള്ള തീരുമാനത്തിലേക്ക് ഞാൻ എത്തിയപ്പോൾ ആരാണ് എന്റെ കൂടെ വരിക എന്ന് ഞാൻ ചിന്തിച്ചു. അങ്ങിനെയിരിക്കെയാണ് സ്വഫ്‌വാനുബ്നുബ്നു ഉമയ്യയെ ഞാൻ കണ്ടുമുട്ടുന്നത്. ഞാൻ ചോദിച്ചു; അല്ലയോ അബൂ വഹബ്, ഇപ്പോൾ ഏതു അവസ്ഥയിലാണ് നമ്മൾ ഉള്ളത് എന്ന് താങ്കൾക്ക് അറിയാമല്ലോ. നമ്മൾ ഇപ്പോൾ തല തിന്നുന്നവരാണ്. അറബികളിലും അനറബികളിലും മുഹമ്മദ് വിജയം നേടിക്കഴിഞ്ഞു. നമ്മൾ മുഹമ്മദിന്റെ അടുക്കലേക്ക് പോവുകയും ആ മുഹമ്മദിനെ പിൻപറ്റുകയും ചെയ്താലോ? മുഹമ്മദിനു ലഭിക്കുന്ന ഉയർച്ച നമ്മുടെയും ഉയർച്ചയാണ്. പക്ഷേ സ്വഫ്‌വാൻ ശക്തമായ നിലക്ക് എന്റെ ആശയത്തെ എതിർത്തു. സ്വഫ്‌വാൻ പറഞ്ഞു: ഞാൻ മാത്രം അവശേഷിച്ചാലും മുഹമ്മദിനെ ഞാനൊരിക്കലും പിൻപറ്റുകയില്ല. അങ്ങിനെ ഞങ്ങൾ രണ്ടു പേരും വഴി പിരിഞ്ഞു പോയി. അദ്ദേഹത്തിന്റെ സഹോദരനും വാപ്പയും ബദറിൽ കൊല്ലപ്പെട്ടതാണ്. അതു കൊണ്ടായിരിക്കാം ഈ നിലപാട് എടുത്തിട്ടുള്ളത്. അപ്പോഴാണ് ഞാൻ ഇക്‌രിമതുബ്നു അബീ ജഹലിനെ കാണുന്നത്. സ്വഫ്‌വാനോട് പറഞ്ഞ അതേ കാര്യങ്ങൾ ഇക്‌രിമയുടെ മുമ്പിലും ഞാൻ അവതരിപ്പിച്ചു. സ്വഫ്‌വാനിന്റെ അതേ മറുപടി തന്നെയാണ് ഇക്‌രിമയും നൽകിയത്. ഞാൻ ഇക്‌രിമയോട് പറഞ്ഞു: എന്റെ കാര്യം നിങ്ങൾ മറച്ചു വെക്കണം. ആരോടും ഞാൻ പറഞ്ഞ കാര്യങ്ങൾ പറയരുത്. ഇക്‌രിമ പറഞ്ഞു: ഇല്ല, ഞാൻ ആരോടും പറയുകയില്ല. 

ഞാൻ വാഹനപ്പുറത്ത് കയറി എന്റെ വീട്ടിൽ നിന്നും പുറപ്പെട്ടു. അപ്പോഴാണ് ഉസ്മാനുബ്നു ത്വൽഹയെ ഞാൻ കണ്ടുമുട്ടിയത്. ഇദ്ദേഹം എന്റെ കൂട്ടുകാരനാണല്ലോ. ഞാൻ ഉദ്ദേശിക്കുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കൊല്ലപ്പെട്ട പിതാക്കന്മാരെ സംബന്ധിച്ച് ഞാൻ ആലോചിച്ചു. അതു കൊണ്ട് അദ്ദേഹത്തോട് കാര്യങ്ങൾ പറയാൻ എനിക്ക് പ്രയാസമായി. പക്ഷെ ഞാൻ ഒന്നു കൂടി ചിന്തിച്ചു. എന്റെ കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞാൽ എന്താ? ഞാനെന്റെ വാഹനപ്പുറത്താണല്ലോ. ഞാൻ പോവുകയാണല്ലോ. അങ്ങിനെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ അവതരിപ്പിച്ചു. ഞാൻ പറഞ്ഞു: നമ്മൾ സത്യത്തിൽ മാളത്തിലെ കുറുക്കന്മാരെ പോലെയാണ്. മാളത്തിലേക്ക് വെള്ളമൊഴിച്ചാൽ കുറുക്കന്മാർ പുറത്തുവരും. മുമ്പ് കണ്ട രണ്ട് സുഹൃത്തുക്കളോടും പറഞ്ഞ അതേ കാര്യങ്ങൾ ഞാൻ ഉസ്മാനിനോട് പറഞ്ഞു. ഉസ്മാനുബ്നു ത്വൽഹ എനിക്ക് വേഗത്തിൽ മറുപടി തന്നു. അദ്ദേഹം പറഞ്ഞു: ഞാനും പോരുവാൻ ഉദ്ദേശിക്കുന്നു. എൻറെ ഒട്ടകം ആലയിൽ ഉണ്ട്. അതിനെ എടുത്ത് വരാം. അങ്ങിനെ യഅ്‌ജുജിൽ വെച്ച് കണ്ടുമുട്ടാമെന്ന് ഞങ്ങൾ പരസ്പരം തീരുമാനിച്ചു. ഞാൻ ആദ്യം എത്തിയാൽ നിങ്ങളെ ഞാൻ കാത്തു നിൽക്കാമെന്നും നിങ്ങൾ ആദ്യം എത്തിയാൽ നിങ്ങൾ എന്നെ കാത്തു നിൽക്കണം എന്നും ഞാൻ പറഞ്ഞു.

അങ്ങിനെ രാത്രിയുടെ ഇരുട്ടിൽ ഞങ്ങൾ പുറപ്പെട്ടു. പ്രഭാതം ആകുന്നതിനു മുമ്പ് ഞങ്ങൾ യഅ്‌ജുജിൽ കണ്ടുമുട്ടി. ഞങ്ങൾ രണ്ടുപേരും പുറപ്പെടുകയും ‘ഹദത്’ എന്ന സ്ഥലത്ത് ഞങ്ങൾ എത്തിച്ചേരുകയും ചെയ്തു. അവിടെ എത്തിയപ്പോഴാണ് അംറുബ്നുൽ ആസ്വിനെرضي الله عنه ഞങ്ങൾ കാണുന്നത്. അംറ് പറഞ്ഞു: നിങ്ങൾക്ക് സ്വാഗതം. ഞങ്ങൾ പറഞ്ഞു താങ്കൾക്കും സ്വാഗതം. അംറ് ചോദിച്ചു; എങ്ങോട്ടാണ് നിങ്ങളുടെ യാത്ര? അപ്പോൾ ഞങ്ങൾ ചോദിച്ചു നിങ്ങൾ എങ്ങോട്ടാണ്? അദ്ദേഹം വീണ്ടും ചോദിച്ചു നിങ്ങൾ എങ്ങോട്ടാണ്? ഞങ്ങൾ പറഞ്ഞു: ഞങ്ങൾ ഇസ്‌ലാമിൽ പ്രവേശിക്കാനും മുഹമ്മദ് നബിﷺയെ പിൻപറ്റാനും പോവുകയാണ്. അപ്പോൾ അംറ് പറഞ്ഞു: അതിനു തന്നെയാണ് ഞാനും ഇറങ്ങിയത്. അങ്ങിനെ ഞങ്ങൾ എല്ലാവരും ഒന്നിച്ചു മദീനയിലേക്കെത്തി. മദീനക്ക് പുറത്തുള്ള ഒരു സ്ഥലത്ത് ഞങ്ങൾ ഒട്ടകങ്ങളെ മുട്ടുകുത്തിച്ചു. ഞങ്ങളുടെ വരവിനെക്കുറിച്ച് അല്ലാഹുവിന്റെ പ്രവാചകന് വിവരം ലഭിച്ചു. നബിﷺ ഞങ്ങളുടെ കാര്യത്തിൽ ഏറെ സന്തോഷിച്ചു. ഞാൻ എന്റെ ഏറ്റവും നല്ല വസ്ത്രം എടുത്തു ധരിച്ചു. ശേഷം പ്രവാചകനെ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴാണ് എന്റെ സഹോദരൻ എന്നെ കാണുന്നത്. അദ്ദേഹം പറഞ്ഞു: വേഗം ചെല്ല്. നിന്റെ വരവിനെക്കുറിച്ച് പ്രവാചകനോട് പറഞ്ഞിട്ടുണ്ട്. നിന്റെ വരവിൽ പ്രവാചകൻ ഏറെ സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നിങ്ങളെ കാത്തിരിക്കുകയാണ്. ഇതു കേട്ടതോടെ ഞങ്ങൾ നടത്തമൊന്ന് വേഗത്തിലാക്കി.

ഞാൻ നബിﷺയെ കണ്ടു. നബിﷺ എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുമ്പിൽ പോയി ഞാൻ നിന്നു. ഞാൻ പ്രവാചകനോട് ഇസ്ലാമിന്റെ സലാം പറഞ്ഞു. പ്രസന്ന പൂരിതമായ മുഖവുമായിക്കൊണ്ട് നബിﷺ എന്റെ സലാം മടക്കി. ഞാൻ പറഞ്ഞു: ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും താങ്കൾ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ശേഷം നബിﷺ എന്നെ അടുത്തേക്ക് വിളിച്ചു കൊണ്ടു പറഞ്ഞു: നിങ്ങളെ സന്മാർഗത്തിലാക്കിയ അല്ലാഹുവിനു സർവ്വ സ്തുതിയും. ചിന്താ ശേഷിയുള്ള ഒരാളായി താങ്കളെ ഞാൻ കണ്ടിരുന്നു. നന്മയിലേക്കല്ലാതെ നിങ്ങൾ എത്തരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, സത്യത്തെ എതിർത്തു കൊണ്ട് അങ്ങേക്കെതിരെ രംഗത്തു വന്ന എല്ലാ സംഭവങ്ങളും ഞാനോർക്കുന്നു. അതെല്ലാം അല്ലാഹു എനിക്ക് പൊറുത്തു തരുന്നതിന് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. അപ്പോൾ നബിﷺ പറഞ്ഞു: ഇസ്ലാം അതിനു മുമ്പുള്ള കാര്യങ്ങളെല്ലാം മായ്ച്ചു കളയുന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ. എങ്കിലും ആ കാര്യത്തിനു വേണ്ടി എനിക്ക് താങ്കൾ പ്രാർത്ഥിക്കണം. നബിﷺ പറഞ്ഞു: ” അല്ലാഹുവേ നിന്റെ മാർഗ്ഗത്തിൽ നിന്നും ജനങ്ങളെ തടയുന്നതിനു വേണ്ടി ഖാലിദുബ്നുൽ വലീദ്رضي الله عنه എന്തെല്ലാം ചെയ്തിട്ടുണ്ടോ അതെല്ലാം നീ പൊറുത്തു കൊടുക്കേണമേ” ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുകയാണ്: ശേഷം ഉസ്മാനുംرضي الله عنه അംറുംرضي الله عنه വന്നു കൊണ്ട് നബിﷺയോട് ബൈഅത്ത് ചെയ്തു.

ഹിജ്റ എട്ടാം വർഷം സ്വഫർ മാസത്തിലായിരുന്നു ഞങ്ങളുടെ വരവ്. ഖാലിദ് رضي الله عنه പറയുന്നു: നബിﷺ തന്റെ സ്വഹാബിമാരിൽ എനിക്ക് തുല്യനായി ആരെയും കണ്ടിരുന്നില്ല. (ദലാഇലുന്നുബുവ്വ: 4/349. അൽ ബിദായത്തു വന്നിഹായ: 6/405)
ഖാലിദുബ്നുൽ വലീദ് رضي الله عنه ന്റെ മഹത്വങ്ങൾ പറഞ്ഞാൽ തീരാത്തതാണ്. ഫത്ഹു മക്കയിലും ഹുനൈൻ യുദ്ധത്തിലും മുസ്ലിംകളോടൊപ്പം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പല യുദ്ധങ്ങളിലും അമീറായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നബിﷺയുടെ മരണ ശേഷം ഇസ്‌ലാമിൽ നിന്ന് പുറത്തു പോയ ആളുകളോടും മുസൈലിമത്തുൽ കദ്ദാബിനോടും അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. ഇറാഖിനെതിരെയും ശാമിനെതിരെയുള്ള യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. ശുഹദാക്കളുടെ മുദ്ര പതിയാത്ത ഒരു ചാൺ സ്ഥലം പോലും അദ്ദേഹത്തിന്റെ ശരീരത്തിൽ ബാക്കിയുണ്ടായിരുന്നില്ല. 60 വർഷമാണ് അദ്ദേഹം ജീവിച്ചത്. ധീരന്മാർ പലരും കൊല്ലപ്പെട്ടിട്ടുണ്ട് എങ്കിലും തന്റെ വിരിപ്പിൽ കിടന്നു കൊണ്ടാണ് ഖാലിദുബ്നുൽ വലീദ്رضي الله عنه മരണപ്പെടുന്നത്. ഒരിക്കൽ ഖാലിദിനെ സംബന്ധിച്ച് നബിﷺ പറയുകയുണ്ടായി: ഖാലിദുബ്നു വലീദിനെ നിങ്ങളെ പ്രയാസപ്പെടുത്തരുത്. ശത്രുക്കൾക്കെതിരെ അള്ളാഹു ചൊരിഞ്ഞ് വെച്ചിട്ടുള്ള അവന്റെ വാളുകളിൽ പെട്ട ഒരു വാളാണ് ഖാലിദ്. (ഇബ്നു ഹിബ്ബാൻ: 7091)

വിരിപ്പിൽ കിടന്നു കൊണ്ടാണ് ഖാലിദുബ്നുൽ വലീദ് رضي الله عنه മരിച്ചത് എന്ന് സൂചിപ്പിച്ചുവല്ലോ. രക്ത സാക്ഷിത്വം കൊതിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ വിരിപ്പിൽ കിടന്നു മരിക്കാനാണ് അല്ലാഹു അദ്ദേഹത്തിന് കണക്കാക്കിയത് ഉണ്ടായിരുന്നത്. മദീനയിൽ ദീർഘമായ ജിഹാദുകൾക്ക് ശേഷമായിരുന്നു ഖാലിദ്رضي الله عنه  ന്റെ മരണം. ഹിജ്റ വർഷം 21 നാണ് അദ്ദേഹം മരണപ്പെടുന്നത്. മരണസമയത്ത് ഖാലിദുബ്നു വലീദ്رضي الله عنه ഇപ്രകാരം പറയുകയുണ്ടായി: “രക്തസാക്ഷിത്വം ഞാനാഗ്രഹിച്ചു. പക്ഷേ വിരിപ്പിൽ മരിക്കുവാനുള്ള വിധിയാണ് എനിക്കുണ്ടായത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിച്ചതിനു ശേഷം സത്യ നിഷേധികൾക്കതിരെയുള്ള പോരാട്ടമാണ് ഏറ്റവും വലിയ പ്രതീക്ഷയായി ഞാൻ കാണുന്നത്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഞാൻ മരണപ്പെട്ടാൽ എന്റെ ആയുധവും എന്റെ കുതിരയും അല്ലാഹുവിന്റെ മാർഗത്തിൽ പ്രത്യേകമായി തയ്യാറാക്കി വെക്കണം.
നബിﷺയുടെ ഭാര്യ മൈമൂനرضي الله عنها യുടെ സഹോദരി ലുബാബ ആയിരുന്നു ഖാലിദുബ്നുൽവലീദിرضي الله عنهന്റെ ഉമ്മ.

റുഹാ, ഹുർറാൻ, റബ്ബ തുടങ്ങിയ സ്ഥലങ്ങളിലെ ഗവർണർ സ്ഥാനം ഉമർرضي الله عنه ഖാലിദ്رضي الله عنه നെ ഏൽപ്പിച്ചിരുന്നു. ഒരു വർഷത്തോളമാണ് അദ്ദേഹം അവിടെ നിന്നത്. ശേഷം മദീനയിലേക്ക് മടങ്ങി വന്ന് മരണപ്പെടുകയായിരുന്നു. (ഹാകിം: 5339)
കഅ്‌ബാലയത്തിന്റെ സംരക്ഷകനായിരുന്നു ഉസ്മാനുബ്നു ത്വൽഹرضي الله عنه. ബനൂ അബ്ദിദ്ദാർ ഗോത്രത്തിൽ പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ പിതാവ് ത്വൽഹയും പിതൃവ്യൻ ഉസ്മാനുബ്നു അബീ ത്വൽഹയും ഉഹ്ദിൽ സത്യ നിഷേധികളോടൊപ്പം കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം നബിﷺയുടെ മരണം വരെ അദ്ദേഹം മദീനയിൽ താമസിച്ചു. നബിﷺയുടെ മരണ ശേഷം മക്കയിലേക്ക് താമസം മാറ്റി. ഹിജ്റ 42 ൽ മരണപ്പെടുന്നത് വരെ അദ്ദേഹം മക്കയിൽ തന്നെയായിരുന്നു.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

നബി ചരിത്രം – 80 – ഹിജ്റ എട്ടാം വർഷം [ഭാഗം: 2] അംറുബ്നുൽആസ്വിന്റെ ഇസ്‌ലാം സ്വീകരണം.

നബി ചരിത്രം - 80 - ഹിജ്റ എട്ടാം വർഷം [ഭാഗം: 2]
അംറുബ്നുൽആസ്വിന്റെ ഇസ്‌ലാം സ്വീകരണം.

സുദീർഘമായ ഒരു കഥയാണ് അംറുബ്നുൽആസ്വിന്റെرضي الله عنه ഇസ്‌ലാം സ്വീകരണം. അംറുബ്നുൽ ആസ് رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധം കഴിഞ്ഞ് തിരിച്ചു പോയപ്പോൾ ഞാൻ ഖുറൈശികളിലെ ചില ആളുകളെ ഒരുമിച്ചു കൂട്ടി. എന്റെ സ്ഥാനത്തെക്കുറിച്ച് അവർക്ക് നന്നായി അറിയാമായിരുന്നു. ഞാൻ പറയുന്നത് അവർ കേൾക്കുകയും ചെയ്യും. ഞാൻ അവരോട് പറഞ്ഞു: മുഹമ്മദിﷺന്റെ കാര്യം നാൾക്കുനാൾ കുതിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. എനിക്ക് ഒരു അഭിപ്രായം തോന്നുകയാണ്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?. അവർ ചോദിച്ചു; എന്താണ് താങ്കളുടെ അഭിപ്രായം?. അംറ് പറഞ്ഞു: നമുക്ക് നജ്ജാശിയുടെ അടുക്കലേക്ക് പോകാം. എന്നിട്ട് അവിടെ താമസിക്കാം. നമ്മുടെ ആളുകളിൽ മുഹമ്മദ്ﷺ വിജയം നേടുകയാണെങ്കിൽ നമുക്ക് നജ്ജാശിയുടെ അടുക്കൽ സ്ഥിരതാമസമാക്കാം. മുഹമ്മദിﷺന്റെ കീഴിൽ നമ്മൾ ജീവിക്കുന്നതിനേക്കാൾ നല്ലത് നജ്ജാശിയുടെ കീഴിൽ ജീവിക്കുന്നതാണ്. ഇനി നമ്മുടെ ആളുകൾ വിജയിക്കുകയും മുഹമ്മദ്ﷺ പരാജയപ്പെടുകയും ചെയ്യുകയാണെങ്കിൽ നമ്മൾ അറിയുന്ന ആളുകളാണ്. അവരിൽ നിന്നും നന്മയല്ലാതെ നമുക്ക് ലഭിക്കുകയില്ല. അപ്പോൾ ആളുകൾ പറഞ്ഞു: ഇതൊരു നല്ല അഭിപ്രായമാണ്. അംറ് പറഞ്ഞു. നജ്ജാശി രാജാവിന് കൊടുക്കുവാനുള്ള സമ്മാനങ്ങൾ തയ്യാറാക്കുക.

നജ്ജാശിക്ക് മക്കയിൽ നിന്നും കൊണ്ടു പോകുന്നതിൽ ഏറ്റവും ഇഷ്ടമുള്ളത് അവിടത്തെ കറികളായിരുന്നു. അങ്ങിനെ ഒരുപാട് തരം കറികൾ ഞങ്ങൾ തയ്യാറാക്കി. ഞങ്ങൾ പുറപ്പെടുകയും നജ്ജാശിയുടെ അടുക്കൽ എത്തുകയും ചെയ്തു. ജഅ്‌ഫറിനെയും അനുയായികളെയും സഹായിക്കുന്നതിനു വേണ്ടി അംറുബ്നു ഉമയ്യതുള്ളംരിرضي الله عنهയെ നബിﷺ അബീസീനിയയിലേക്ക് അയച്ചിരുന്ന സന്ദർഭമായിരുന്നു അത്. അംറുബ്നു ഉമയ്യرضي الله عنه നജ്ജാശിയെ കണ്ട് സംസാരിച്ചു അവിടെ നിന്നും പുറത്ത് പോന്ന സന്ദർഭത്തിൽ ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു: ഇതാണ് അംറുബ്നു ഉമയ്യرضي الله عنه. ഞാൻ നജ്ജാശിയുടെ അടുക്കൽ പ്രവേശിച്ചാൽ അംറുബ്നു ഉമയ്യرضي الله عنهയെ എനിക്ക് വിട്ടു തരണമെന്ന് ഞാൻ ആവശ്യപ്പെടും. അങ്ങിനെ അയാളുടെ കഴുത്ത് ഞാൻ വെട്ടും.

അംറ് പറയുകയാണ്: അങ്ങിനെ ഞാൻ നജ്ജാശിയുടെ അടുക്കലേക്ക് പ്രവേശിച്ചു. പതിവ് പ്രകാരം അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ സുജൂദ് ചെയ്തു. നജ്ജാശി പറഞ്ഞു: എന്റെ കൂട്ടുകാരന് സ്വാഗതം. നിന്റെ രാജ്യത്തു നിന്നും എനിക്ക് സമ്മാനമായി വല്ലതും കൊണ്ടുവന്നിട്ടുണ്ടോ? ഞാൻ പറഞ്ഞു: ഉണ്ട് രാജാവേ, താങ്കൾക്ക് വേണ്ടി ഒരുപാട് കറികൾ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. അങ്ങിനെ ഞാൻ അവയെല്ലാം രാജാവിന്റെ മുമ്പിൽ സമർപ്പിച്ചു. രാജാവിന് അതെല്ലാം ഇഷ്ടപ്പെടുകയും അതിനോട് ഏറെ കൊതിക്കുകയും ചെയ്തു. ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അല്ലയോ രാജാവേ, നിങ്ങളുടെ അടുത്ത് നിന്നും ഇപ്പോൾ ഇറങ്ങിപ്പോയവരെ ഞാൻ കണ്ടു. ഞങ്ങളുടെ ശത്രുവായവരുടെ ദൂതനാകുന്നു അദ്ദേഹം. അദ്ദേഹത്തെ എനിക്ക് വിട്ടു തരുമോ? ഞാൻ അദ്ദേഹത്തെ കൊല്ലട്ടെ. ഞങ്ങളുടെ പ്രമാണിമാരെയും ഞങ്ങളിൽ നല്ലവരായ ആളുകളെയും പ്രയാസപ്പെടുത്തുന്ന വ്യക്തിയാണദ്ദേഹം. ഇതു കേട്ടപ്പോൾ നജ്ജാശിക്കു ദേഷ്യം വന്നു. നജ്ജാശി തന്റെ കൈ നീട്ടിപ്പിടിച്ച് എന്റെ മൂക്കിന് ഒരു ഇടി തന്നു. എന്റെ മൂക്ക് പൊട്ടിപ്പോയി എന്നാണ് ഞാൻ കരുതിയത്. ഭൂമി ഒന്ന് പിളർന്നു കിട്ടിയിരുന്നെങ്കിൽ അതിനുള്ളിലേക്ക് ഞാൻ പോകുമായിരുന്നു. അത്രയ്ക്ക് ഭയം എന്നെ പിടി കൂടി.

ഞാൻ ചോദിച്ചു; അല്ലയോ രാജാവേ, ഞാൻ ചോദിച്ചത് താങ്കൾക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു. അപ്പോൾ നജ്ജാശി പറഞ്ഞു: മൂസാ നബിعليه السلام യുടെ അടുക്കൽ വന്നിരുന്ന നാമൂസ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ഒരു വ്യക്തി അയച്ച ദൂതനെ നിനക്ക് കൊല്ലാൻ വിട്ടു തരണം എന്നാണോ നീ പറയുന്നത്? അപ്പോൾ അംറുബ്നുൽ ആസ്رضي الله عنه ചോദിച്ചു. അല്ലയോ രാജാവേ അങ്ങനെയാണോ കാര്യം?!. നജ്ജാശി പറഞ്ഞു: അംറേ എന്തുപറ്റി നിനക്ക്. നീ എന്നെ അനുസരിക്കുകയും ആ പ്രവാചകനെ പിൻപറ്റുകയും ചെയ്യുക. അല്ലാഹുവാണ് സത്യം, ആ പ്രവാചകൻ സത്യത്തിന്റെ മാർഗ്ഗത്തിലാണ്. ഫിർഔനിന്നും സൈന്യത്തിനും എതിരിൽ മൂസാ നബിعليه السلام വിജയിച്ചതു പോലെ തന്റെ എതിരാളികളിലെല്ലാം ഈ പ്രവാചകൻ വിജയം നേടുക തന്നെ ചെയ്യും. അംറ് പറഞ്ഞു: എങ്കിൽ ഇസ്ലാമിന്റെ കാര്യത്തിൽ എനിക്ക് ബൈഅത്തു തരണം. അങ്ങിനെ നജ്ജാശി തന്റെ കൈ നീട്ടുകയും ഞാൻ ബൈഅത്ത് ചെയ്യുകയും ചെയ്തു. ഞാൻ എന്റെ കൂട്ടുകാരുടെ അടുക്കലേക്ക് മടങ്ങിപ്പോയി.

എന്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഞാൻ മാറിക്കഴിഞ്ഞിരുന്നു. എന്നാൽ ഞാൻ മുസ്ലിമായ കാര്യം അവരുടെ മുമ്പിൽ വെളിപ്പെടുത്തിയില്ല. ശേഷം ഞാൻ ഇസ്ലാമിന്റ കാര്യത്തിൽ ബൈഅത്ത് ചെയ്യുന്നതിനു വേണ്ടി മുഹമ്മദ് നബിﷺയുടെ അടുക്കലേക്കു പുറപ്പെട്ടു. വഴിയിൽ വെച്ച് കൊണ്ട് ഞാൻ ഖാലിദുബ്നുൽവലീദിرضي الله عنهനെ കണ്ടുമുട്ടി. മക്കം ഫതഹിന് തൊട്ടു മുമ്പായിരുന്നു അത്. മക്കയിൽ നിന്നും വരികയായിരുന്നു അദ്ദേഹം. ഞാൻ ചോദിച്ചു; അല്ലയോ അബൂ സുലൈമാൻ എങ്ങോട്ടാണ് താങ്കൾ പോകുന്നത്? ഖാലിദുബ്നുൽ വലീദ്رضي الله عنه പറഞ്ഞു: അല്ലാഹുവാണ് സത്യം, എന്റെ വീക്ഷണം ഇപ്പോൾ ശരിയായ മാർഗത്തിലായിരിക്കുന്നു. മുഹമ്മദ്ﷺ അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാണ്. മുഹമ്മദിﷺന്റെ അടുക്കലേക്ക് ഞാൻ പോവുകയാണ്. അല്ലാഹുവാണ് സത്യം, ഞാൻ മുസ്‌ലിമാവുകയാണ്. ഇനി ഏതു വരെയാണ് കാത്തു നിൽക്കുക? ഇതു കേട്ടപ്പോൾ അംറുബ്നുൽആസ്رضي الله عنه പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാനും ഒരു മുസ്‌ലിമാകാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടതാണ്.

അങ്ങിനെ ഞങ്ങളൊന്നിച്ച് നബിﷺയുടെ അടുക്കൽ എത്തി. ഖാലിദുബ്നുൽ വലീദ്رضي الله عنه മുസ്‌ലിമാവുകയും ബൈഅത്ത് ചെയ്യുകയും ചെയ്തു. ശേഷം ഞാൻ നബിﷺയുടെ അടുക്കലേക്ക് ചേർന്നു നിന്നു. എന്നിട്ട് ഞാൻ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, എന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുത്തു കിട്ടുമെന്ന വ്യവസ്ഥയോടു കൂടിയേ ഞാൻ ഇസ്‌ലാം സ്വീകരിക്കുകയുള്ളു. എന്തൊക്കെയാണ് ഞാൻ ചെയ്തത് എന്ന് എനിക്ക് ഓർമ്മയില്ല. എനിക്ക് വീഴ്ച വന്നു പോയ വിഷയങ്ങളിലും എനിക്ക് പൊറുത്തു കിട്ടണം. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞു: അല്ലയോ അംറ്. നിങ്ങൾ ബൈഅത്തു ചെയ്യുക. ഇസ്‌ലാം മുമ്പുള്ള പാപങ്ങളെ ഇല്ലാതെയാക്കുന്നു. ഹിജ്റയും മുമ്പുള്ള തിന്മകളെ ഇല്ലാതെയാകുന്നു. അങ്ങിനെ ഞാൻ നബിﷺയോട് ബൈഅത്ത് ചെയ്യുകയും അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്തു. (അഹ്‌മദ്: 17777)

അംറുബ്നുൽആസിന്റെرضي الله عنه ഇസ്‌ലാം സ്വീകരണത്തെ പുകഴ്ത്തിക്കൊണ്ട് നബിﷺ ഇപ്രകാരം പറയുകയുണ്ടായി: “ജനങ്ങളെല്ലാം മുസ്ലിമായി. അംറുബ്നുൽആസ്വ് മുഅ്‌മിനായി”(അഹ്‌മദ്: 17413) അംറുബ്നുൽആസ്വ്رضي الله عنه ഇസ്‌ലാം സ്വീകരിച്ചപ്പോൾ നബിﷺ അദ്ദേഹത്തെ തന്നിലേക്ക് അടുപ്പിക്കുകയും എപ്പോഴും ചേർത്തു നിർത്തുകയും ചെയ്യാറുണ്ടായിരുന്നു. അംറിرضي الله عنهന്റെ വിജ്ഞാനവും അദ്ദേഹത്തിന്റെ സ്ഥാനവും ധൈര്യവുമൊക്കെയായിരുന്നു അതിനുള്ള കാരണം. അഭിപ്രായം പറയുന്നതിലും ബുദ്ധി ശക്തിയിലും മനക്കരുത്തിലും ഉൾകാഴ്ചയിലും യുദ്ധ കാര്യങ്ങളിലും ഖുറൈശികളിലെ പ്രഗൽഭന്മാരിൽ പെട്ട ആളായിരുന്നു അംറുബ്നുൽആസ്رضي الله عنه.

അറേബ്യൻ രാജാക്കന്മാരിൽ പ്രധാനിയായിരുന്നു അദ്ദേഹം. മുഹാജിറുകളിലെ കണ്ണായ വ്യക്തിയായിരുന്നു. ബുദ്ധി കൂർമ്മതയിലും ചിന്താ ശക്തിയിലും ഉപമയായി അംറ് പറയപ്പെടാറുണ്ടായിരുന്നു. 
മുസ്‌ലിംകൾക്കെതിരെ വലിയ ക്രൂര കൃത്യങ്ങൾ ചെയ്ത വ്യക്തിയായിരുന്നു അംറുബ്നുൽ ആസ്വ്رضي الله عنه. അദ്ദേഹം മുസ്‌ലിമായപ്പോൾ മുമ്പു മുഹമ്മദ് നബിﷺക്ക് എതിരെ ചെയ്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ബഹുമാനം കാരണത്താലും ലജ്ജ കാരണത്താലും പലപ്പോഴും മുഹമ്മദ് നബിﷺയെ നോക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഹിജ്റ വർഷം 43 ലാണ് അംറുബ്നുൽ ആസ്വ്رضي الله عنه മരണപ്പെടുന്നത്. അന്ന് എൺപത്തി ചില്ലറ വയസ്സായിരുന്നു അദ്ദേഹത്തിന്. മിസ്വ്‌റിന്റെ ഗവർണർ സ്ഥാനം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. 


“ശിമാസതുൽമഹ്‌രിرضي الله عنهയിൽ നിന്നും നിവേദനം; അംറുബ്നുൽആസ്വ്رضي الله عنهന് മരണം അടുത്ത സമയത്ത് അദ്ദേഹത്തിന്റെ അടുക്കൽ ഞങ്ങൾ ഹാജരായി. അദ്ദേഹം ദീർഘമായി കരയുകയായിരുന്നു. തന്റെ മുഖം ചുമരിന്റെ ഭാഗത്തേക്ക് തിരിച്ചു പിടിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മകൻ ചോദിച്ചു. അല്ലയോ പിതാവേ, അല്ലാഹുവിന്റെ പ്രവാചകൻ അങ്ങേയ്ക്ക് ഇന്ന ഇന്ന സന്തോഷ വാർത്തകളൊക്കെ നൽകിയിട്ടില്ലേ? അപ്പോൾ അദ്ദേഹം തന്റെ മുഖം ഇങ്ങോട്ട് തിരിച്ചു കൊണ്ട് പറഞ്ഞു: നാം തയ്യാറാക്കി വെക്കുന്നതിൽ ഏറ്റവും ശ്രേഷ്ഠമായത് ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ പ്രവാചകണെന്നോള്ള സാക്ഷ്യ വചനങ്ങളാണ്. എനിക്ക് എന്റെ ജീവിതത്തിൽ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. അല്ലാഹുവിന്റെ പ്രവാചകനോട് എന്നെക്കാൾ വെറുപ്പുള്ള മറ്റൊരാളും എനിക്ക് ഉണ്ടായിരുന്നില്ല. അവസരം ലഭിച്ചാൽ അല്ലാഹുവിന്റെ പ്രവാചകനെ കൊല്ലുന്നതിനേക്കാൾ സന്തോഷകരമായ മറ്റൊരു കാര്യവും എനിക്കുണ്ടായിരുന്നില്ല. ഞാനെങ്ങാനും ആ അവസ്ഥയിൽ മരണപ്പെട്ടിരുന്നു എങ്കിൽ നരകക്കാരനായി ഞാൻ മാറുമായിരുന്നു.

എന്നാൽ അല്ലാഹു എന്റെ ഹൃദയത്തിൽ ഇസ്ലാമിനെ ഇട്ടു തന്നപ്പോൾ ഞാൻ നബിﷺയുടെ അടുത്തു ചെന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കളുടെ കൈ നീട്ടി തരൂ ഞാൻ ബൈഅത് ചെയ്യട്ടെ. അപ്പോൾ നബിﷺ തന്റെ കൈ നീട്ടി. ഉടനെ ഞാൻ എന്റെ കൈ പിറകോട്ട് വലിച്ചു. നബിﷺ ചോദിച്ചു; എന്തു പറ്റി അംറേ നിനക്ക്? ഞാൻ പറഞ്ഞു: എനിക്ക് ഒരു നിബന്ധന വക്കാനുണ്ട്. നബിﷺ ചോദിച്ചു; എന്ത് നിബന്ധനയാണ് നിനക്ക് വക്കാനുള്ളത്? ഞാൻ പറഞ്ഞു എന്റെ പാപങ്ങളെല്ലാം എനിക്ക് പുറത്തു കിട്ടണം. നബിﷺ പറഞ്ഞു: ഇസ്‌ലാം അതിനു മുമ്പുള്ളതിനെയെല്ലാം തകർത്തു കളയുന്നു എന്നും ഹിജ്റ അതിനു മുമ്പുള്ളവയെയെല്ലാം തകർത്തുകളയും എന്നും ഹജ്ജ് അതിനു മുമ്പുള്ളതിനെയെല്ലാം തകർത്തു കളയും എന്നും നിനക്കറിയില്ലേ?!. പിന്നീട് മുഹമ്മദ് നബിﷺയോളം സ്നേഹമുള്ള മറ്റൊരാളും എനിക്കുണ്ടായിരുന്നില്ല. എന്റെ കണ്ണിൽ മുഹമ്മദ് നബിﷺയെക്കാൾ ബഹുമാനമുള്ള മറ്റൊരാൾ ഉണ്ടായിരുന്നില്ല. നബിﷺയോടുള്ള ബഹുമാനത്താൽ എന്റെ കണ്ണ് നിറയെ എനിക്ക് നബിﷺയെ നോക്കാൻ പോലും സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ നബിﷺയെ കുറിച്ച് വർണ്ണിക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ എനിക്ക് അതിന് സാധ്യമല്ല. ആ സമയത്ത് ഞാൻ മരണപ്പെട്ടിരുന്നു എങ്കിൽ സ്വർഗ്ഗക്കാരനാകാൻ ഞാൻ ആഗ്രഹിക്കുമായിരുന്നു.

പിന്നീട് ഒരുപാട് കാര്യങ്ങൾ എന്നിൽ ഏൽപ്പിക്കപ്പെട്ടു. അതിലെല്ലാം എന്റെ അവസ്ഥകൾ എന്താണെന്ന് പോലും എനിക്കറിയില്ല. ഞാൻ മരിച്ചു കഴിഞ്ഞാൽ മയ്യിത്തിന്റെ പേരിൽ വിലപിക്കുന്നവർ എന്റെ കൂടെ പോരരുത്. എന്റെ മയ്യിത്തിന്റെ കൂടെ തീ കൊണ്ട് അനുഗമിക്കരുത്. എന്നെ മറമാടിക്കഴിഞ്ഞാൽ എന്റെ മുകളിൽ നിങ്ങൾ മണ്ണ് വാരി ഇടുക. ശേഷം ഒരു ഒട്ടകത്തെ അറുത്ത അതിന്റെ മാംസം വിതരണം ചെയ്യുന്ന അത്രയും സമയം എന്റെ ഖബറിന് ചുറ്റും നിങ്ങൾ നിൽക്കണം. എനിക്ക് നിങ്ങളെക്കൊണ്ട് ആശ്വാസം ലഭിക്കുവാനും എന്റെ റബ്ബിന്റെ ദൂതൻമാരോട് ഞാൻ എന്ത് മറുപടി പറയും എന്ന് നോക്കുവാൻ വേണ്ടി കൂടിയാണത്. (മുസ്‌ലിം: 121)

 

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 79 – ഹിജ്റ എട്ടാം വർഷം [ഭാഗം: 1] ചില സുപ്രധാന സംഭവങ്ങൾ.

നബി ചരിത്രം - 79 - ഹിജ്റ എട്ടാം വർഷം [ഭാഗം: 1]
ചില സുപ്രധാന സംഭവങ്ങൾ.

(ഒന്ന്)  എട്ടാം വർഷത്തിന്റെ തുടക്കത്തിൽ നബിﷺയുടെ പുത്രി സൈനബ്رضي الله عنها  മരണപെട്ടു. അബുൽ ആസ് ഇബ്നു റബീആرضي الله عنهയിരുന്നു അവരുടെ ഭർത്താവ്. നബിﷺയുടെ മൂത്ത മകളാണ് സൈനബ്رضي الله عنها. നാല് പെൺമക്കളാണ് നബിﷺക്കുണ്ടായിരുന്നത്. സൈനബ്رضي الله عنها റുഖിയ്യرضي الله عنها ഉമ്മു കുൽസൂംرضي الله عنها  ഫാത്വിമرضي الله عنها എന്നിവരായിരുന്നു അവർ. സൈനബിرضي الله عنهاനെ നബിﷺ ഏറെ ഇഷ്ടപ്പെടുകയും അവരെ എപ്പോഴും പുകഴ്ത്തി പറയുകയും ചെയ്യാറുണ്ടായിരുന്നു. 30 കൊല്ലമാണ് അവർ ജീവിച്ചത്. മദീനയിൽ ഭർത്താവിനോടൊപ്പം ഏതാണ്ട് ഒരു വർഷം മാത്രമേ ജീവിച്ചിട്ടുള്ളൂ. അപ്പോഴേക്കും അവർ മരണപ്പെട്ടു. അബുൽ ആസ്വിൽرضي الله عنه നിന്നും സൈനബക്കുണ്ടായ മകളാണ് ഉമാമرضي الله عنه. ഈ കുട്ടിയെയായിരുന്നു നബിﷺ നമസ്കാര സന്ദർഭത്തിൽ പോലും എടുത്തിരുന്നത്.

ഫാത്തിമ رضي الله عنها യുടെ മരണ ശേഷം അലിرضي الله عنه ഉമാമرضي الله عنها യെ കല്യാണം കഴിച്ചു. അലി എന്ന് പേരുള്ള ഒരു കുട്ടിയും സൈനബرضي الله عنها ക്കുണ്ടായിരുന്നു. മക്കം ഫതഹിന്റെ സന്ദർഭത്തിൽ തന്റെ വാഹനത്തിന്റെ പിറകിലായിരുന്നു നബിﷺ കുട്ടിയെ ഇരുത്തിയിരുന്നത്. നബിﷺ ജീവിച്ചിരിക്കെ തന്നെ പ്രായപൂർത്തിയാകുന്നതോടെ ആ കുട്ടി മരണപ്പെട്ടു. ‘ഉമ്മു അതിയ്യ رضي الله عنها യിൽ നിന്നും നിവേദനം ; സൈനബرضي الله عنها  മരണപ്പെട്ട ദിവസം നബിﷺ ഞങ്ങളുടെ അടുക്കലേക്കു വന്നു. എന്നിട്ട് പറഞ്ഞു: മൂന്നോ അഞ്ചോ തവണ അവരെ കുളിപ്പിക്കുക. ആവശ്യമായി വരികയാണെങ്കിൽ അതിൽ കൂടുതലും ആകാം. വെള്ളവും താളിയും ഉപയോഗിച്ച് കഴുകണം. അവസാനം കർപ്പൂരം ഉപയോഗിക്കണം. കുളിപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾ എന്നെ വിവരമറിയിക്കുക….”( ബുഖാരി: 1253. മുസ്‌ലിം: 939)

(രണ്ട്)  ഹിജ്റ എട്ടാം വർഷത്തിൽ മദ്യം എന്നെന്നേക്കുമായി നിരോധിക്കപ്പെട്ടു.”സത്യ വിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.”(മാഇദ 90)
“സഅ്‌ദുബ്നു അബീ വഖാസിرضي الله عنه ൽ നിന്നും നിവേദനം; മുഹാജിറുകളും അൻസാറുകളുമുള്ള ഒരു സംഘത്തിന്റെ അടുക്കലേക്ക് ഞാൻ ചെന്നു. അവർ പറഞ്ഞു: വരൂ ഞങ്ങൾ നിങ്ങളെ കള്ളു കുടിപ്പിടിക്കാം. കള്ള് നിഷിദ്ധമാക്കപ്പെടുന്നതിനു മുമ്പായിരുന്നു അത്. അങ്ങിനെ ഞാൻ അവരുടെ കൂടെ ഒരു തോട്ടത്തിലേക്ക് ചെന്നു. ഒട്ടകത്തിന്റെ തല അവിടെ ചുട്ടു വെച്ചിട്ടുണ്ടായിരുന്നു. കൂടെ മദ്യം നിറച്ച തോൽ പാത്രവും ഉണ്ട്. അങ്ങിനെ ഞാൻ അവരുടെ കൂടെ തിന്നുകയും കുടിക്കുകയും ചെയ്തു. അവിടെ വെച്ചു കൊണ്ട് മുഹാജിറുകളെക്കുറിച്ചും അൻസാറുകക്കുറിച്ചും ഞാൻ അവരോട് പറഞ്ഞു. അതായത് അൻസാരികളെക്കാൾ നല്ലവരാണ് മുഹാജിറുകൾ എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ കൂട്ടത്തിൽ നിന്നും ഒരാൾ എന്റെ മുടി പിടിച്ചു വലിച്ച് എന്നെ അടിച്ചു. അങ്ങിനെ എന്റെ മൂക്കിന് മുറിവു പറ്റി. ഞാൻ നബിﷺ യുടെ അടുക്കലേക്ക് വന്നു. ഉണ്ടായ സംഭവങ്ങൾ നബിﷺ യോട് പറയുകയും ചെയ്തു. അങ്ങിനെ എന്റെ കാര്യത്തിലാണ് കള്ളുമായി ബന്ധപ്പെട്ട ആയത്ത് ഇറങ്ങിയത്. കള്ളും ചൂതാട്ടവും പ്രശ്നം നോക്കാനുള്ള അമ്പുകളും പ്രതിഷ്ഠകളും എല്ലാം പൈശാചികമാകുന്നു എന്നു പറയുന്ന ആയത്ത്. (മുസ്ലിം mb2 2412)

“ഇബ്നു അബ്ബാസിرضي الله عنه ൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: സഖീഫ് ദൗസ് ഗോത്രത്തിൽ നിന്നുമുള്ള ഒരു കൂട്ടുകാരൻ നബിﷺക്കുണ്ടായിരുന്നു. ഫത്ഹ് മക്കയുടെ ദിവസം ആ കൂട്ടുകാരൻ വാഹനത്തിലായിരിക്കെ നബിﷺയെ കണ്ടു മുട്ടി. നബിﷺക്ക് സമ്മാനമായി കൊടുക്കുവാനുള്ള മദ്യവും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു. അപ്പോൾ നബിﷺ ചോദിച്ചു; മദ്യം നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് നിങ്ങൾക്കറിയില്ലേ? ഇത് കേട്ടപ്പോൾ ആ വ്യക്തി തന്റെ ഭൃത്യനോട് പറഞ്ഞു: ഈ മദ്യം കൊണ്ടു പോയി വിൽക്കുക. അപ്പോൾ നബിﷺ പറഞ്ഞു: കുടിക്കൽ നിഷിദ്ധമാക്കപ്പെട്ടവ വിൽക്കലും നിഷിദ്ധമാണ്. അപ്പോൾ അത് ഒഴിച്ചു കളയുവാൻ ആ വ്യക്തി ആവശ്യപ്പെട്ടു. അപ്രകാരം ചെയ്യുകയും ചെയ്തു. (മുസ്‌ലിം: 1579)

അനസുബ്നു മാലികിرضي الله عنه ൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: അബൂ ത്വൽഹرضي الله عنه യുടെ വീട്ടിൽ ആളുകൾക്ക് മദ്യം ഒഴിച്ചു കൊടുക്കുന്ന ആളായിരുന്നു ഞാൻ. അങ്ങിനെ മദ്യം നിഷിദ്ധമാണെന്ന ആയത്ത് അവതരിച്ചു. വിളിച്ചു പറയുന്നവരോട് ഇത് വിളിച്ചു പറയുവാൻ കല്പിക്കുകയും ചെയ്തു. അതു വിളിച്ചു പറയുന്ന ശബ്ദം കേട്ടപ്പോൾ അബൂ ത്വൽഹرضي الله عنه പറഞ്ഞു: എന്താണ് ആ ശബ്ദം എന്ന് ഒന്ന് പുറത്തിറങ്ങി നോക്കൂ. ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ വിളിച്ചു പറയുന്ന ആൾ ഇപ്രകാരം വിളിച്ചു പറയുന്നുണ്ടായിരുന്നു; അറിയുക, നിശ്ചയമായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അപ്പോൾ അബൂത്വൽഹرضي الله عنه എന്നോട് പറഞ്ഞു: നീ ചെല്ലുക ആ മദ്യങ്ങളെല്ലാം ഒഴിച്ചു കളയുക.

അങ്ങിനെ മദീനയുടെ തെരുവീഥിയിലൂടെ മദ്യം ചാലിട്ടൊഴുകി. മുന്തിരി കൊണ്ടായിരുന്നു അന്ന് മദ്യം ഉണ്ടാക്കിയിരുന്നത്. അപ്പോൾ ചില ആളുകൾ പറഞ്ഞു. മദ്യം വയറിൽ ഉണ്ടായിരിക്കെ ചില ആളുകൾ മരണപ്പെട്ടിട്ടുണ്ടല്ലോ. ഈ സന്ദർഭത്തിൽ വിശുദ്ധ ഖുർആനിലെ ആയത്ത് അവതരിച്ചു. “വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ (മുമ്പ്‌) കഴിച്ചു പോയതില്‍ കുറ്റമില്ല. അവര്‍ (അല്ലാഹുവെ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍ പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍. അതിനു ശേഷവും അവര്‍ സൂക്ഷ്മത പാലിക്കുകയും, നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍. സദ്‌വൃത്തരെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (ബുഖാരി: 4620. മുസ്‌ലിം: 1980)

മദ്യം നിഷിദ്ധമാക്കപ്പെട്ട ആയത്ത് അവതരിച്ചപ്പോൾ അതിനു മുമ്പ് അതു കുടിച്ചു മരിച്ച ആളുകളെ സംബന്ധിച്ച് സ്വഹാബികൾ നബിﷺയോട് ചോദിച്ചു. അവർക്കുള്ള വിശദീകരണമായിരുന്നു മുകളിൽ നാം സൂചിപ്പിച്ച ആയത്ത്. 

(മൂന്ന്) സഫർ മാസമായപ്പോൾ ഖാലിദുബ്നുൽവലീദ്رضي الله عنه അംറുബ്നുൽ ആസ്വ്رضي الله عنه ഉസ്മാനുബ്നു ത്വൽഹرضي الله عنه തുടങ്ങിയവർ ഇസ്ലാം സ്വീകരിക്കുന്നതിന് വേണ്ടി മദീനയിലേക്ക് വരികയും അങ്ങിനെ അവർ മുസ്‌ലിംകളാവുകയും ചെയ്തു. ശിഷ്ട കാല ജീവിതം നന്നാക്കിക്കൊണ്ട് ഇസ്‌ലാമിൽ അവർ ജീവിച്ചു. ഇവർ വരുന്നത് കണ്ടപ്പോൾ നബിﷺ തന്റെ സ്വഹാബിമാരോട് പറഞ്ഞു: മക്ക അതിന്റെ കരളിന്റെ കഷ്ണങ്ങളെ നിങ്ങൾക്കിതാ എറിഞ്ഞു തന്നിരിക്കുന്നു.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 78 – ഹിജ്റ ഏഴാം വർഷം [ഭാഗം: 11] ഉംറതുൽ ഖളാഅ്‌.

നബി ചരിത്രം - 78 - ഹിജ്റ ഏഴാം വർഷം [ഭാഗം: 11]
ഉംറതുൽ ഖളാഅ്‌.

ദുൽഖഅ്‌ദ് മാസമായപ്പോൾ നബിﷺ തന്റെ സ്വഹാബിമാരോട് ഉംറക്ക് വേണ്ടി പുറപ്പെടുവാൻ കൽപിച്ചു. ഹുദൈബിയ്യാ സന്ധിയിൽ ഖുറൈശികളോട് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വർഷം തിരിച്ചു പോകണം എന്നും അടുത്ത വർഷം ദുൽഖഅദ് മാസത്തിൽ ഉംറ ചെയ്യാം എന്നുമായിരുന്നു കരാർ. അങ്ങിനെ നബിﷺ ഉംറക്ക് വേണ്ടി പുറപ്പെട്ടു. ഹുദൈബിയ്യാ സന്ധിയുടെ സന്ദർഭത്തിൽ നബിﷺയുടെ കൂടെ ഉണ്ടായിരുന്ന എല്ലാവരും നബിﷺയുടെ കൂടെ ഇറങ്ങി. ചില ആളുകൾ ഖൈബറിലും മറ്റുമായി മരണപ്പെട്ടിരുന്നു.

2000 മുസ്‌ലിംകളാണ് അന്ന് നബിﷺയോടൊപ്പം പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഈ എണ്ണത്തിൽ പെടുകയില്ല. മദീനയുടെ ഉത്തരവാദിത്വം നബിﷺ ഉവൈഫുബ്നുൽഅള്വ്‌ബതി رضي الله عنه നെ ഏൽപ്പിച്ചു. 60 ഒട്ടകങ്ങളെ നബിﷺ കൂടെ കൊണ്ടു പോയി. അവയുടെ സംരക്ഷണ ചുമതല നാജിയതുബ്നു ജുൻദുബുൽഅസ്‌ലമി رضي الله عنه ക്കായിരുന്നു. ബലി മൃഗങ്ങളെയും തെളിച്ച് അദ്ദേഹം മുന്നിൽ നടന്നു. അസ്‌ലം ഗോത്രത്തിൽ പെട്ട നാലു യുവാക്കൾ വേറെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മക്കക്കാർ ചതിക്കുമോ എന്ന ഭയം കാരണത്താൽ ആയുധങ്ങളും പടയങ്കിയും കുന്തങ്ങളും നബിﷺ തന്റെ കൂടെ കരുതി. സൂക്ഷ്മത എന്ന നിലയ്ക്ക് 100 കുതിരപ്പടയാളികളെയും തന്റെ കൂടെ തയ്യാറാക്കി.

ദുൽഹുലൈഫയിൽ എത്തിയപ്പോൾ കുതിരപ്പടയെ നബിﷺ മുൻപിൽ നിർത്തി. അവരുടെ ചുമതല മുഹമ്മദുബ്നു മസ്‌ലമ رضي الله عنه നായിരുന്നു. ആയുധങ്ങളും മുൻ ഭാഗത്തായിരുന്നു. അതിന്റെ ചുമതല ബഷീറുബ്നു സഅ്‌ദി رضي الله عنه നെ ഏൽപ്പിച്ചു. ദുൽഹുലൈഫയിലെ പള്ളിയിൽ നിന്ന് നബിﷺയും സ്വഹാബിമാരും ഇഹ്റാമിൽ പ്രവേശിക്കുകയും തൽബിയത്ത് ചൊല്ലുകയും ചെയ്തു. മുഹമ്മദുബ്നു മസ്‌ലമرضي الله عنه കുതിരപ്പട യോടൊപ്പം നടന്നു. മക്കയുടെയും അസ്ഫാനിന്റെയും ഇടക്കുള്ള മർറുള്ളഹ്‌റാൻ എന്ന താഴ്‌വരയിൽ എത്തിയപ്പോൾ ഖുറൈശികളിലെ ചില ആളുകളെ അവർ കണ്ടു. കുതിരപ്പടയുമായുള്ള ഈ വരവിന ലക്ഷ്യത്തെക്കുറിച്ച് അവർ മുഹമ്മദ് ബിനു മസ്‌ലമرضي الله عنه യോട് ചോദിച്ചു. നബിﷺ പിറകെ വരുന്നുണ്ട് എന്നും നാളെ ഇൻഷാ അള്ളാ ഈ സ്ഥലത്ത് എത്തും എന്നും അദ്ദേഹം അറിയിച്ചു. ബശീറുബ്നു സഅ്‌ദിرضي الله عنه ന്റെ കൂടെയുള്ള ആയുധങ്ങളും അവർ കണ്ടു. അവർ അതി വേഗത്തിൽ മക്കയിലേക്ക് കുതിക്കുകയും അവർ കാണുകയും കേൾക്കുകയും ചെയ്ത സംഭവം ഖുറൈശികളെ അറിയിക്കുകയും ചെയ്തു. ഇതു കേട്ടതോടെ ഖുറൈശികൾക്ക് ഭയമായി. അവർ പറഞ്ഞു: അല്ലാഹുവാണ് സത്യം, നമ്മൾ ഒന്നും ചെയ്തിട്ടില്ല. മുമ്പ് നമ്മൾ എടുത്ത അതേ കരാറിലാണ് ഇപ്പോഴും നമ്മൾ ഉള്ളത്. പിന്നെ എന്തിനാണ് മുഹമ്മദ്ﷺ തന്റെ അനുയായികളെയും കൂട്ടി നമ്മോട് യുദ്ധത്തിനു വരുന്നത്?!.

മർറുള്ളഹ്‌റാൻ എന്ന സ്ഥലത്തെത്തിയപ്പോൾ നബിﷺ അവിടെ ഇറങ്ങി. അവിടെ അല്പം വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അതിനു ശേഷം മക്കയുടെ സമീപത്തുള്ള താഴ്‌രയായ യഅ്‌ജുജിന്റെ ഭാഗത്തേക്ക് ആയുധങ്ങളുമായി പറഞ്ഞയച്ചു. ഈ സ്ഥലത്തു നിന്ന് നോക്കിയാൽ ഹറമിന്റെ അടയാളങ്ങൾ കാണാമായിരുന്നു. നബിﷺയും സ്വഹാബിമാരും മക്കയിലെത്തിയതോടെ ഖുറൈശികൾക്ക് ഭയം കൂടി. യഅ്‌ജുജ് താഴ്‌വരയിൽ വെച്ചു കൊണ്ട് നബിﷺയെ കണ്ടു സംസാരിക്കുന്നതിന് വേണ്ടി ഖുറൈശികൾ അവരുടെ കൂട്ടത്തിൽ നിന്നും മിക്റസുബ്നു ഹഫ്സിനെ ചില ആളുകളോടൊപ്പം പറഞ്ഞയച്ചു. നബിﷺ തന്റെ അനുചരന്മാരോടും ആയുധങ്ങളോടും മൃഗങ്ങളോടുമൊത്ത് ഇരിക്കുകയായിരുന്നു. അവർ നബിﷺയോട് പറഞ്ഞു: അല്ലയോ മുഹമ്മദ്, ചെറുപ്പത്തിലോ വലുതായതിനു ശേഷമോ താങ്കൾ ഒരു വഞ്ചകനായി അറിയപ്പെട്ടിട്ടില്ല. താങ്കളുടെ സമൂഹത്തിനെതിരെ ഹറം പ്രദേശത്ത് ആയുധങ്ങളുമായി നിങ്ങൾ പ്രവേശിക്കാൻ പോകുന്നു. യാത്രക്കാരന്റെ ആയുധമല്ലാതെ മറ്റൊന്നും കയ്യിൽ വെക്കരുത് എന്ന് നിങ്ങൾ നിബന്ധന വെച്ചതല്ലേ. അതും വാളുകൾ ഉറയിൽ ഇട്ടു കൊണ്ടായിരിക്കണം കയ്യിൽ പിടിക്കേണ്ടത്. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ അവർക്കെതിരെ ആയുധവുമായി ഹറമിൽ പ്രവേശിക്കുകയില്ല. മിക്‌റസ് പറഞ്ഞു: ഇതാണ് കരാർ പാലനം എന്നുപറഞ്ഞാൽ.
ഇതിനു ശേഷം മിക്റസ് വളരെ വേഗത്തിൽ തന്റെ ജനതയിലേക്ക് മടങ്ങി. എന്നിട്ട് അവരോട് പറഞ്ഞു: മുഹമ്മദ്ﷺ ആയുധവുമായി പ്രവേശിക്കുകയില്ല. നിങ്ങളോട് മുമ്പ് പറഞ്ഞ അതേ നിബന്ധനയിൽ തന്നെയാണ് മുഹമ്മദ്ﷺ ഇപ്പോഴും ഉള്ളത്.

മുസ്‌ലിംകൾ മക്കയിലേക്ക് ഉംറക്ക് വേണ്ടി വരുന്നുണ്ട് എന്നും മദീനയിലെ പനി നിമിത്തം അവർക്ക് ക്ഷീണം ബാധിച്ചിട്ടുണ്ട് എന്നും മക്കയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിംകളിൽ നിന്നുള്ള രോഗം ഞങ്ങൾക്കും പകരുമോ എന്ന ഭയത്താൽ മക്കയിലുള്ള അധികമാളുകളും മക്കയെ വലയം ചെയ്തു നിൽക്കുന്ന മലകളുടെ മുകളിൽ കയറി. നബിﷺ യഅ്‌ജുജിൽ നിന്നും പുറപ്പെട്ടു. അമ്പുകളും കുന്തങ്ങളും പരിചകളുമെല്ലാം അവിടെ വെച്ചതിനു ശേഷമായിരുന്നു പുറപ്പെട്ടത്. ഔസുബ്നു ഖൗലിയ്യുൽഅൻസ്വാരിرضي الله عنه യെ അവയുടെ സംരക്ഷണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. 200 ആളുകളെ വേറേയും അദ്ദേഹത്തിന്റെ കൂടെ നിർത്തി. ബലി മൃഗങ്ങളെ നബിﷺ തന്റെ മുൻപിൽ നടത്തി. ദീ ത്വുവായിൽ എത്തിയപ്പോൾ നബിﷺ ബലിമൃഗങ്ങളെ അവിടെ തടഞ്ഞു വെച്ചു. മദീനയിൽ നിന്നും വരുന്ന ആളുകൾക്ക് മക്കയിലേക്കുള്ള പ്രവേശന കവാടമായിരുന്നു ദീ ത്വുവാ.
ഏഴു വർഷം വിട്ടു നിന്നതിനു ശേഷം നബിﷺ മക്കയിലേക്ക് പ്രവേശിക്കുകയാണ്. ഹുജൂനിന്റെ ഭാഗത്ത് കൂടെയാണ് നബിﷺ പ്രവേശിച്ചത്. നബിﷺയുടെ കാര്യത്തിൽ സ്വഹാബികൾ സൂക്ഷ്മ ജാഗ്രതയിൽ ആയിരുന്നു. വാളുകൾ തൂക്കിയിട്ട അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. അവർ തൽബിയത് ചൊല്ലിക്കൊണ്ടേയിരുന്നു. മക്കയിൽ നിന്ന് ആരെങ്കിലും അമ്പെയ്യുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു.

“അബ്ദുല്ലാഹിബിനു അബീ ഔഫയിرضي الله عنه യിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: നബിﷺ ഉംറ ചെയ്യുമ്പോൾ മക്കയിലെ മുശ്രിക്കുകളിൽ നിന്നും അവരുടെ കുട്ടികളിൽ നിന്നും ഞങ്ങൾ നബിﷺയെ മറച്ചു പിടിക്കുകയായിരുന്നു. നബിﷺയെ അവർ ദ്രോഹിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഞങ്ങൾ അങ്ങിനെ ചെയ്തത്.” (ബുഹാരി 4255) ബനൂ ശൈബ വാതിലിലൂടെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നത് വരെ നബിﷺ തൽബിയത് ചൊല്ലിക്കൊണ്ടിരുന്നു. നബിﷺയെ കാണാൻ ഖുറൈശികൾ ദാറുന്നദ്‌വയിൽ വരിവരിയായി നിന്നിരുന്നു – ഹിജ്റിന്റെ അടുത്താണ് എന്ന് അഭിപ്രായമുണ്ട്-. “

അനസുബ്നു മാലികിرضي الله عنهൽ നിന്ന് നിവേദനം; നബിﷺ മക്കയിൽ പ്രവേശിക്കുമ്പോൾ മക്കക്കാർ രണ്ടു വരിയായിക്കൊണ്ടായിരുന്നു നിന്നിരുന്നത്. (ഇബ്നു ഹിബ്ബാൻ: 3812) നബിﷺയുടെ ഒട്ടകത്തെിന്റെ കടിഞ്ഞാൺ പിടിച്ചു കൊണ്ട് അബ്ദുല്ലാഹിബ്നു റവാഹرضي الله عنه കൂടെയുണ്ടായിരുന്നു. ഖുറൈശികളെ ആക്ഷേപിച്ചു കൊണ്ട് അദ്ദേഹം ചെറിയ ഒരു കവിത പാടി. അപ്പോൾ ഉമർ رضي الله عنه  ചോദിﷺച്ചു: അല്ലാഹുവിന്റെ പ്രവാചകന്റെ മുമ്പിലാണോ നിന്റെ കവിത. നബിﷺ പറഞ്ഞു: വിട്ടേക്കൂ ഉമറേ -അദ്ദേഹം പാടട്ടെ- അമ്പ് തറക്കുന്നതിനേക്കാൾ വേദനയോടെ ഈ കവിതകൾ അവരിൽ തറക്കുന്നുണ്ട്. (ഇബ്നു ഹിബ്ബാൻ: 5788)

നബിﷺ കഅ്‌ബയുടെ സമീപമെത്തിയപ്പോൾ ഹജറുൽ അസ്‌വദിനെ തന്റെ വടി കൊണ്ട് സ്പർശിച്ചു. കാരണം നബിﷺ ഒട്ടകപ്പുറത്തായിരുന്നു. ഇഹ്റാമിന്റെ വസ്ത്രം ഇള്വ്‌ത്വിബാഅ്‌ (ഇടതു ചുമലിനു മുകളിലൂടെയും വലതു ചുമലിന്റെ അടിയിലൂടെയും മുണ്ട് ഇടുക) ചെയ്തതിനു ശേഷം തവാഫ് ആരംഭിച്ചു. നബിﷺയും സ്വഹാബിമാരും വരുന്നുണ്ട് എന്നുള്ള വാർത്ത കേട്ടപ്പോൾ അരിശവും പകയും അസൂയയും പകർച്ചവ്യാധികളെക്കുറിച്ചുള്ള പേടിയും കാരണത്താൽ എല്ലാവരും മലകൾക്കു മുകളിലേക്ക് കയറിയിരുന്നു. മുസ്‌ലിംകൾ പനി ബാധിച്ച് എല്ലാവരും ദുർബലരായിട്ടുണ്ട് എന്നുള്ള വാർത്ത മക്കയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ നബിﷺ അവരോട് റംല നടത്തുവാനും തങ്ങളുടെ ശക്തി പ്രകടിപ്പിക്കുവാനും കൽപിച്ചു. (കാലുകൾ അടുപ്പിച്ചു വെച്ച് വേഗത്തിൽ നടക്കുന്നതിനാണ് റംല് എന്നു പറയുന്നത്) കഅ്‌ബക്കു ചുറ്റുമുള്ള ആദ്യത്തെ മൂന്ന് ചുറ്റിലാണ് റംല് നടത്തേണ്ടത്. മുസ്‌ലിംകൾ ഇപ്രകാരം ചെയ്തപ്പോൾ ഖുറൈശികൾ പറഞ്ഞു: നിങ്ങളല്ലേ പറഞ്ഞത് മുഹമ്മദിന്റെ കൂടെയുള്ള ആളുകളെ പനി ദുർബലരാക്കിയിരിക്കുന്നു എന്ന്. അവർക്ക് എന്തൊരു ശക്തിയും കഴിവുമാണ്!. (ബുഖാരി: 1602. മുസ്‌ലിം: 1266)

കഅ്‌ബക്ക് ചുറ്റുമുള്ള തവാഫ് പൂർത്തിയായപ്പോൾ നബിﷺ മഖാമു ഇബ്രാഹിമിന്റെ പിന്നിൽ ചെന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു. നബിﷺക്ക് മറയായി കൊണ്ട് തന്റെ സ്വഹാബിമാർ കൂടെയുണ്ടായിരുന്നു. ശേഷം തന്റെ വാഹനപ്പുറത്തു തന്നെ സഫയുടെയും മർവയുടെയും ഇടയിൽ സഅ്‌യ് നടത്തി. സ്വഹാബിമാരും നബിﷺയുടെ കൂടെ സഅ്‌യ് നടത്തുന്നുണ്ടായിരുന്നു. അവിടെ വെച്ച് നബിﷺ ഇപ്രകാരം പ്രാർത്ഥിച്ചു “വേദഗ്രന്ഥങ്ങൾ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണ ചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ പരാജയപ്പെടുത്തിയ അല്ലാഹുവേ, അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തേണമേ. അവരെ നീ വിറപ്പിക്കേണമേ. മക്കക്കാർ നബിﷺയെ ഒന്നും ചെയ്യാതിരിക്കാൻ സ്വഹാബിമാർ നബിﷺയുടെ കൂടെത്തന്നെ മറയായി എപ്പോഴും ഉണ്ടായിരുന്നു. (ബുഖാരി: 1791)

സഫക്കും മർവക്കും ഇടയിലുള്ള സഅ്‌യ് പൂർത്തിയായപ്പോൾ നബിﷺ ബലി മൃഗങ്ങളെ കൊണ്ടു വരാൻ പറഞ്ഞു. 60 ഒട്ടകങ്ങളായിരുന്നു ഉണ്ടായിരുന്നത്. ദീത്വുവാ എന്ന സ്ഥലത്ത് ബന്ധിച്ചിരിക്കുകയായിരുന്നു മൃഗങ്ങളെ. മർവയുടെ സമീപത്ത് വച്ച് കൊണ്ട് അവയെ ബലിയറുക്കുകയും ശേഷം മുടി എടുക്കുകയും ചെയ്തു. മഅ്‌മറുബ്നു അബ്ദുല്ലാഹിൽഹുദവിرضي الله عنه യാണ് നബിﷺയുടെ മുടി കളഞ്ഞു കൊടുത്തത്. സഹാബികൾ എല്ലാവരും നബിﷺ ചെയ്തത് പോലെ ചെയ്തു.

മൂന്ന് ദിവസമാണ് നബിﷺയും സ്വഹാബിമാരും മക്കയിൽ താമസിച്ചത്. ഹുദൈബിയ്യാ സന്ധിയിൽ ഉണ്ടായ കരാറ് അപ്രകാരമായിരുന്നു. കഅബക്ക് അകത്ത് ചിത്രങ്ങളും ബിംബങ്ങളും ഉള്ള കാരണത്താൽ നബിﷺ അങ്ങോട്ട് പ്രവേശിച്ചില്ല. (ബുഖാരി: 1600) മൂന്ന് ദിവസം പൂർത്തിയായപ്പോൾ ഖുറൈശികൾ നബിﷺയോട് മക്ക വിട്ടു പോകുവാൻ ആവശ്യപ്പെട്ടു. നബിﷺ മദീനയിലേക്ക് മടങ്ങുകയും ചെയ്തു. (ബുഖാരി: 2701)

ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുന്നു: “എന്റെ സഹോദരൻ വലീദുബ്നു വലീദ്رضي الله عنه നബിﷺയോടൊപ്പം ഉംറതുൽ ഖളാഅഇൽ ഉണ്ടായിരുന്നു. കൂട്ടത്തിൽ അദ്ദേഹം എന്നെ അന്വേഷിച്ചു. പക്ഷേ എന്നെ അക്കൂട്ടത്തിൽ കണ്ടില്ല. അപ്പോൾ എനിക്ക് ഒരു കത്തെഴുതി. ആ കത്തിൽ ഇപ്രകാരം ആയിരുന്നു ഉണ്ടായിരുന്നത്: ” പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. ഇസ്ലാമിൽ നിന്നും നീ അകന്നു പോയല്ലോ എന്നുള്ളതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന കാര്യം. നീ എന്തൊരു ബുദ്ധിമാനായ വ്യക്തിയാണ്. ഇസ്‌ലാം പോലുള്ള ഒരു മതത്തെ കുറിച്ച് ആരെങ്കിലും മനസ്സിലാക്കാതെ പോകുമോ!. നിന്നെക്കുറിച്ച് അല്ലാഹുവിന്റെ പ്രവാചകൻﷺ എന്നോട് ചോദിച്ചു; “എവിടെയാണ് ഖാലിദ്” അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ കൊണ്ടു വരും. നബിﷺ പറഞ്ഞു: “ഖാലിദുബ്നുൽവലീദിرضي الله عنهനെ പോലെയുള്ള ആളുകൾ ഇസ്‌ലാമിനെക്കുറിച്ച് അജ്ഞരാവുകയില്ല. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശേഷി മാത്രം മുസ്ലിംകളോടൊപ്പം അദ്ദേഹം ആക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് അത് ഏറ്റവും നല്ലതാകുമായിരുന്നു. മറ്റുള്ളവരെക്കാൾ അദ്ദേഹത്തിന് നാം മുൻഗണന കൊടുക്കുകയും ചെയ്യുമായിരുന്നു”. അതു കൊണ്ട് സഹോദരാ താങ്കൾക്ക് നഷ്ടപ്പെട്ടത് ഇനിയെങ്കിലും നേടിയെടുക്കുക. ഒരുപാട് നല്ല രംഗങ്ങൾ താങ്കൾക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുന്നു: എനിക്ക് സഹോദരന്റെ കത്ത് ലഭിച്ചപ്പോൾ ഇറങ്ങി പുറപ്പെടാനുള്ള ആവേശമുണ്ടായി. ഇസ്ലാമിനോടുള്ള എന്റെ താല്പര്യം വർദ്ധിക്കുകയും ചെയ്തു. (അൽ ബിദായതു വന്നിഹായ: 6/405)

ബർറാഉബ്നു ആസിബിرضي الله عنه ൽ നിന്നും നിവേദനം. നബിﷺ ദുൽഖഅ്‌ദ് മാസത്തിൽ ഉംറക്ക് വേണ്ടി മക്കയിൽ എത്തിയപ്പോൾ മക്കക്കാർ അവിടെ പ്രവേശിക്കുന്നതിൽ നിന്നും മുഹമ്മദ് നബിﷺയെ തടഞ്ഞു. അങ്ങിനെ ഖുറൈശികളുമായി കരാറിലേർപ്പെട്ടു. കരാറിന്റെ തുടക്കത്തിൽ ഇപ്രകാരം എഴുതി. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിﷺ നടത്തുന്ന കരാർ. അപ്പോൾ ഖുറൈശികൾ പറഞ്ഞു: ഞങ്ങൾ ഇത് അംഗീകരിക്കുകയില്ല. നിങ്ങൾ പ്രവാചകനാണെന്ന് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ടായിരുന്നെങ്കിൽ നിങ്ങളെ ഒന്നിൽ നിന്നും ഞങ്ങൾ തടയുമായിരുന്നില്ല. നിങ്ങൾ മുഹമ്മദുബ്നു അബ്ദില്ലയാണ്. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. ഞാൻ അബ്ദുല്ലയുടെ മകൻ മുഹമ്മദുമാണ്. ശേഷം നബിﷺ അലിയ്യുബ്നു അബീ ത്വാലിബിرضي الله عنهനോട് “റസൂലുള്ള” എന്നുള്ളത് മായ്ച്ചുകളയാൻ ആവശ്യപ്പെട്ടു. അലിرضي الله عنه പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാൻ ഒരിക്കലും മായ്ച്ചുകളയുകയില്ല. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ ആ രേഖ വാങ്ങി. നബിﷺക്ക് നന്നായി എഴുതാൻ അറിയുമായിരുന്നില്ല. അങ്ങിനെ നബിﷺ ഇപ്രകാരം എഴുതി: അബ്ദുല്ലയുടെ മകൻ മുഹമ്മദ് നടത്തുന്ന കരാർ. വാളുകൾ ഉറയിൽ ഇട്ടു കൊണ്ടല്ലാതെ മക്കയിലേക്ക് ആയുധം പ്രവേശിപ്പിക്കരുത്. മുഹമ്മദിനെ പിൻപറ്റാൻ ഉദ്ദേശിച്ച ആരെയും മക്കയിൽ നിന്ന് പുറത്താക്കരുത്. മക്കയിൽ താമസിക്കാൻ ഉദ്ദേശിച്ച ഒരാളെയും തടയുകയും ചെയ്യരുത്. അങ്ങിനെ (അടുത്തവർഷം) നബിﷺ മക്കയിൽ പ്രവേശിക്കുകയും നിശ്ചയിക്കപ്പെട്ട കാലാവധി തീരുകയും ചെയ്തപ്പോൾ മക്കക്കാർ അലിرضي الله عنهയോട് പറഞ്ഞു: നിന്റെ ആളോട് (മുഹമ്മദ് നബിയോട്) മക്കയിൽ നിന്നും പുറത്തു പോകുവാൻ പറയണം. സമയം തീർന്നിരിക്കുന്നു. അപ്പോൾ നബിﷺ മക്കയിൽ നിന്ന് പുറപ്പെട്ടു.

ഈ സന്ദർഭത്തിൽ ഹംസയുടെ മകൾ (അമ്മാറ) പിതൃവ്യാ പിതൃവ്യാ എന്ന് വിളിച്ചു കൊണ്ട് നബിﷺയുടെ പിറകെ ഓടി വന്നു. അപ്പോൾ അലിرضي الله عنه അവരെ എടുക്കുകയും അവരുടെ കൈ പിടിക്കുകയും ചെയ്തു. എന്നിട്ട് ഫാത്തിമرضي الله عنهയോട് പറഞ്ഞു: നിന്റെ പിതൃവ്യ പുത്രിയെ എടുത്തു കൊള്ളുക. ശേഷം ഈ വിഷയത്തിൽ അലിرضي الله عنهയും സൈദുംرضي الله عنه ജഅ്‌ഫറുംرضي الله عنه തമ്മിൽ തർക്കമായി. അലിرضي الله عنه പറഞ്ഞു: ഞാനാണ് അവളെ ആദ്യം എടുത്തത്. എന്റെ പിതൃവ്യ പുത്രിയാണ്. ജഅ്‌ഫർرضي الله عنه പറഞ്ഞു: എന്റെ പിതൃവ്യ പുത്രിയാണ്. മാത്രവുമല്ല അവരുടെ ഇളയുമ്മ എന്റെ കീഴിലാണ്. സൈദ്رضي الله عنه പറഞ്ഞു: എന്റെ സഹോദരന്റെ മകളാണ്. അവസാനം നബിﷺ അവരെ അവരുടെ ഇളയുമ്മക്ക് വിധിച്ചു. എന്നിട്ട് നബിﷺ പറഞ്ഞു: “ഇളയുമ്മ ഉമ്മയുടെ സ്ഥാനത്താണ്”. അലിرضي الله عنهയോട് നബിﷺ പറഞ്ഞു: നീ എന്നിൽ നിന്നുള്ളതാണ് ഞാൻ നിന്നിൽ നിന്നുള്ളതാണ്. ജാഫറിرضي الله عنهനോട് നബി ഇപ്രകാരം പറഞ്ഞു: എന്റെ രൂപത്തോടും സ്വഭാവത്തോടും നീ സാദൃശ്യ പെട്ടിരിക്കുന്നു. സൈദിرضي الله عنهനോട് നബിﷺ പറഞ്ഞു: നീ നമ്മുടെ സഹോദരനാണ്. അലി നബിﷺയോട് ചോദിച്ചു. താങ്കൾക്ക് ഹംസرضي الله عنهയുടെ മകളെ കല്യാണം കഴിച്ചു കൂടെ. അപ്പോൾ നബിﷺ പറഞ്ഞു. അവൾ മുലകുടി ബന്ധത്തിലൂടെയുള്ള എന്റെ സഹോദര പുത്രിയാണ്. (ബുഖാരി: 4251)

ഈ ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് ഹാരിസുൽഹിലാലിയ്യയുടെ മകൾ മൈമൂനയെ رضي الله عنها നബിﷺ വിവാഹം കഴിക്കുന്നത്. ബർറ എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. മൈമൂനرضي الله عنها എന്ന് നബിﷺയാണ് അവർക്ക് പേരിട്ടത്. അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബിന്റെ ഭാര്യ ഉമ്മുൽഫള്ലിന്റെ സഹോദരിയായിരുന്നു മൈമൂന رضي الله عنها. മസ്‌ഊദുബ്നു ഉർവതുസ്സഖഫിയുമായി ഒരു വിവാഹം ജാഹിലിയ്യാ കാലഘട്ടത്തിൽ മൈമൂന رضي الله عنها യുടെ കഴിഞ്ഞിരുന്നു. അയാൾ അവരെ പിന്നീട് ഒഴിവാക്കിയതാണ്. മുസ്‌ലിമായതിനു ശേഷം അബൂ റുഹ്‌മ്رضي الله عنه അവരെ വിവാഹം ചെയ്തു. പക്ഷേ അയാൾ മരണപ്പെട്ടു. അതിനു ശേഷമാണ് നബിﷺ അവരെ വിവാഹം കഴിക്കുന്നത്. അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വരും ഏറ്റവും കൂടുതൽ കുടുംബ ബന്ധം പുലർത്തുന്ന മഹതിയും ആയിരുന്നു മൈമൂന رضي الله عنها  എന്ന് ആയിഷ رضي الله عنها പറയുന്നുണ്ട്. (ഹാകിം: 6778) അമ്പത്തി ഒന്നാമത്തെ വയസ്സിൽ സരിഫ് എന്ന സ്ഥലത്ത് വെച്ച് കൊണ്ടാണ് മൈമൂന رضي الله عنها മരണപ്പെടുന്നത്. ആ സ്ഥലത്ത് വെച്ച് കൊണ്ട് തന്നെയായിരുന്നു നബിﷺ അവരെ വിവാഹം കഴിച്ചതും. യസീദുബ്നു അസ്വമ്മുംرضي الله عنه ഇബ്നു അബ്ബാസുംرضي الله عنه ചേർന്നാണ് അവരെ ഖബറിലേക്ക് ഇറക്കി വെച്ചത്. (ഇബ്നു ഹിബ്ബാൻ:4134)

ഉംറതുൽ ഖളാഅ്‌ കഴിഞ്ഞ് നബിﷺ മദീനയിൽ തിരിച്ചുവന്നപ്പോൾ അഖ്റമുബ്നു അബിൽഅവ്‌ജാഇ رضي الله عنه നെ 50 ആളുകളോടൊപ്പം ബനൂ സുലൈമുകാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി പറഞ്ഞയച്ചു. അദ്ദേഹം അവിടെ എത്തുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. നിങ്ങൾ ഏതൊന്നിലേക്കാണോ ഞങ്ങളെ ക്ഷണിക്കുന്നത് ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല എന്നായിരുന്നു ബനൂ സുലൈമുകാരുടെ മറുപടി. മുസ്ലിംകൾ വരുന്നുണ്ട് എന്നുള്ള വിവരം അവർ മുൻകൂട്ടി അറിഞ്ഞതിന്റെ പേരിൽ ഒരുപാട് ആളുകൾ ഒരുമിച്ചു കൂടുകയും ഒരുങ്ങി നിൽക്കും ചെയ്തിരുന്നു. മുസ്ലിംകളോടൊപ്പം അവർ പരസ്പരം അമ്പെയ്തു. നാനാ ഭാഗത്തു നിന്നും മുസ്ലിംകളെ അവർ വലയം ചെയ്തു. അവർക്കിടയിൽ ശക്തമായ യുദ്ധമുണ്ടായി. അഖ്‌റമിرضي الله عنه നു ശക്തമായ പരിക്കേൽക്കുകയും മുസ്ലിംകൾ പലരും കൊല്ലപ്പെടുകയും ചെയ്തു. ശരീരത്തിലുള്ള മുറിവുകളുമായി കഴിയുന്ന വിധത്തിൽ അഖ്‌റം മദീനയിലെത്തി. സംഭവിച്ച കാര്യങ്ങളെല്ലാം നബിﷺയോട് അദ്ദേഹം പറയുകയും ചെയ്തു. ഹിജ്റ എട്ടാം വർഷം സഫർ മാസത്തിലെ ആദ്യ ദിവസമായിരുന്നു ഇത്.


ഫദ്‌ലുല്‍ ഹഖ് ഉമരി

 

നബി ചരിത്രം – 77 – ഹിജ്റ ഏഴാം വർഷം [ഭാഗം: 10] നബി നിയോഗിച്ച സൈന്യങ്ങൾ.

നബി ചരിത്രം - 77 - ഹിജ്റ ഏഴാം വർഷം [ഭാഗം: 10]
നബി നിയോഗിച്ച സൈന്യങ്ങൾ.

(ഒന്ന്) ശഅ്‌ബാൻ മാസത്തിൽ നബിﷺ ഉമറുബ്നുൽ ഖത്താബിرضي الله عنهനെ 30 ആളുകളോടൊപ്പം മക്കയുടെ സമീപത്തുള്ള താഴ്‌വരയായ തുർബയിലുള്ള ബനൂ നസ്വ്‌റുബ്നു മുആവിയ, ബനൂ ജശ്മ് തുടങ്ങിയവയിലേക്ക് നിയോഗിച്ചു. ഈ രണ്ടു കുടുംബവും ഹവാസിൻ ഗോത്രക്കാരാണ്. ഉമർ رضي الله عنهതന്റെ കൂടെയുള്ള ആളുകളുമായി യാത്രയായി. രാത്രിയിൽ അവർ യാത്ര ചെയ്യുകയും പകലിൽ ഒളിച്ചിരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇവർ വരുന്ന വിവരം ഹവാസിൻകാർക്ക് ലഭിച്ചതോടു കൂടി അവർ ഓടിപ്പോയി. അവർ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ഉമർرضي الله عنه എത്തിയെങ്കിലും അവരിൽ ആരെയും കാണാൻ കഴിഞ്ഞില്ല. അങ്ങിനെ അദ്ദേഹം മദീനയിലേക്ക് മടങ്ങി. മടങ്ങുന്ന വഴിയിൽ ഹുദൈൽ ഗോത്രക്കാർ താമസിക്കുന്ന ജുദദ് എന്ന സ്ഥലത്തെത്തിയപ്പോൾ ബനൂ ഹിലാലിൽ നിന്നും വഴികാട്ടിയായ തന്റെ കൂടെയുള്ള വ്യക്തി പറഞ്ഞു: രാജ്യത്ത് വരൾച്ച ബാധിച്ച് ഇറങ്ങി വന്ന ഒരു നാട്ടുകാർ ഉണ്ടിവിടെ. നമുക്ക് അവരിലേക്ക് പോയാലോ? ഉമർرضي الله عنه പറഞ്ഞു: അവരിലേക്ക് ചെല്ലാൻ നബിﷺ എന്നോട് കൽപ്പിച്ചിട്ടില്ല. തുർബയിലേക്ക് മാത്രം പോകുവാനാണ് ഞാൻ കൽപിക്കപ്പെട്ടത്. അങ്ങിനെ ഉമർرضي الله عنه മദീനയിലേക്ക് തന്നെ മടങ്ങി.

(രണ്ട് ) ശഅ്‌ബാൻ മാസത്തിൽ തന്നെ അബൂബക്കറിرضي الله عنهന്റെ നേതൃത്വത്തിൽ നജ്ദിലുള്ള ബനു ഫസാറക്കാരിലേക്ക് ഒരു സൈന്യത്തെ നബിﷺ അയക്കുകയുണ്ടായി. “സലമത്ബ്നു അക്‌വഇرضي الله عنهൽ നിന്നും നിവേദനം; ഞങ്ങൾ ഫസാറക്കാരോട് യുദ്ധം ചെയ്തു. അബൂബക്കറിرضي الله عنهന്നായിരുന്നു ഞങ്ങളുടെ നേതൃത്വം. നബിﷺയാണ് അദ്ദേഹത്തെ അമീറായി നിശ്ചയിച്ചത്. വെള്ളം ഉള്ള ഒരു സ്ഥലത്ത് എത്തുന്നതിനു തൊട്ടു മുമ്പായി അബൂബക്കർرضي الله عنه ഞങ്ങളോട് വിശ്രമിക്കാൻ പറഞ്ഞു. അവിടെയാണ് രാത്രി കഴിച്ചു കൂട്ടിയത്. ശേഷം വെള്ളമുള്ള സ്ഥലത്തേക്ക് എത്തുകയും യുദ്ധം ചെയ്യുകയും ചെയ്തു. അതിൽ ചിലർ കൊല്ലപ്പെടുകയും മറ്റു ചിലർ ബന്ദികളാക്കപ്പെടുകയും ചെയ്തു. ആളുകളുടെ പിരടികളിലേക്ക് ഞാൻ നോക്കി. അവരുടെ കൂടെ കുട്ടികൾ ഉണ്ടായിരുന്നു. എനിക്കു മുമ്പ് അവർ മലമുകളിൽ എത്തുമോ എന്ന ഭയം എനിക്കുണ്ടായി. അപ്പോൾ അവർക്കും മലയ്ക്കും ഇടയിൽ ഞാൻ ഒരു അമ്പ് തൊടുത്തു വിട്ടു. അമ്പ് കണ്ടപ്പോൾ അവർ അവിടെ നിന്നു. ഞാൻ അവരെ പിടി കൂടി അബൂബക്കറിرضي الله عنهന്റെ അടുക്കലേക്ക് വന്നു. ഫസാറാ ഗോത്രത്തിലെ ഒരു സ്ത്രീ അവരോടൊപ്പം ഉണ്ടായിരുന്നു. അവളുടെ മകളും കൂടെ ഉണ്ടായിരുന്നു. ആ മകളെ അബൂബക്കർرضي الله عنه എനിക്കു നൽകി. അങ്ങിനെ ഞങ്ങൾ മദീനയിലെത്തി. അവൾക്കു ഞാൻ വസ്ത്രം വെളിവാക്കി കാണിച്ചിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെ അങ്ങാടിയിൽ വെച്ച് നബിﷺ എന്നെ കണ്ടു മുട്ടി. എന്നോട് പറഞ്ഞു: അല്ലയോ സലമാ, ആ സ്ത്രീയെ എനിക്ക് തരണം. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവളെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ മുമ്പിൽ എന്റെ വസ്ത്രം പോലും ഞാൻ വെളിവാക്കിയിട്ടില്ല. രണ്ടാം ദിവസം അങ്ങാടിയിൽ വെച്ച് കൊണ്ട് വീണ്ടും നബിﷺ എന്നെ കണ്ടു മുട്ടി. അപ്പോൾ എന്നോട് പറഞ്ഞു: അല്ലയോ സലമ, ആ സ്ത്രീയെ എനിക്ക് തരണം. അപ്പോൾ ഞാൻ പറഞ്ഞു: അവരെ താങ്കൾ എടുത്തു കൊള്ളുക പ്രവാചകരെ. അല്ലാഹുവാണ് സത്യം, ഞാൻ അവളുടെ മുമ്പിൽ എന്റെ വസ്ത്രം പോലും വെളിവാക്കിയിട്ടില്ല. അങ്ങിനെ നബിﷺ ആ സ്ത്രീയെ മക്കയിലേക്ക് അയച്ചു. മക്കയിൽ ബന്ധികളായി പിടിക്കപ്പെട്ട മുസ്ലിംകൾക്ക് പ്രായശ്ചിത്തം നൽകാൻ വേണ്ടിയായിരുന്നു അത്. (മുസ്‌ലിം: 1755)

(മൂന്ന്) ശഅ്‌ബാൻ മാസത്തിൽ 30 ആളുകളോടൊപ്പം ബഷീർ ഇബ്നു സഅ്‌ദിرضي الله عنهനെ നബിﷺ ബനൂ മുർറയിലേക്ക് അയച്ചു. മദീനയുടെ വടക്കു ഭാഗത്ത് ഫദകിനു സമീപമായിരുന്നു ബനൂ മുർറയുടെ താമസം. ബഷീർرضي الله عنه അവരുടെ താമസ സ്ഥലങ്ങളിലേക്ക് എത്തിയെങ്കിലും അവിടെ ആരെയും കണ്ടില്ല. അവിടെയുള്ള ആടുകളെയും ഒട്ടകങ്ങളെയും അദ്ദേഹം തെളിച്ചു കൊണ്ട് മദീനയിലേക്ക് പോന്നു. എന്നാൽ ഈ വിവരം ബനൂ മുർറക്കാർക്ക് ലഭിച്ചപ്പോൾ അവർ പിറകെ കൂടുകയും വഴിയിൽ വച്ച് കൊണ്ട് മുസ്ലിംകളെ കണ്ടു മുട്ടുകയും ചെയ്തു. അതോടെ പരസ്പരം അമ്പെയ്ത് തുടങ്ങി. മുസ്‌ലിംകളുടെ കൈകളിൽ ഉണ്ടായിരുന്ന അമ്പുകൾ തീർന്നു. അതോടു കൂടി ബനൂ മുർറക്കാർ ബഷീറിرضي الله عنهന്റെയും കൂടെയുള്ള ആളുകളുടെയും നേരെ ആക്രമണം അഴിച്ചു വിട്ടു. മുസ്‌ലിംകളിൽ പലരും കൊല്ലപ്പെട്ടു. ചിലർ ഓടി രക്ഷപ്പെടുകയും ചെയ്തു. ബഷീർرضي الله عنه ധീരതയോടെ നിന്ന് പോരാടി. അവസാനം അദ്ദേഹം വെട്ടേറ്റ് താഴെ വീണു. അദ്ദേഹം മരണപ്പെട്ടു എന്നാണ് എതിരാളികൾ കരുതിയത്. അവർ തങ്ങളുടെ ആടുകളും ഒട്ടകങ്ങളുമായി തങ്ങളുടെ പ്രദേശത്തേക്ക് മടങ്ങി. വൈകുന്നേരമായപ്പോൾ ബഷീർرضي الله عنه സാവകാശം എഴുന്നേറ്റ് ഫദക് എന്ന പ്രദേശത്തേക്ക് പോയി. തന്റെ മുറിവുകൾ ഉണങ്ങുവോളം അവിടെയുള്ള ഒരു ജൂതന്റെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചു. ശേഷം മദീനയിലേക്ക് മടങ്ങുകയും ചെയ്തു. അലബതുബ്നു സൈദുൽഹാരിസിرضي الله عنه എന്ന സ്വഹാബിയാണ് ഈ യുദ്ധത്തിൽ മുസ്‌ലിംകൾക്ക് ബാധിച്ച പ്രയാസങ്ങളെക്കുറിച്ച് നബിﷺയെ വിവരം അറിയിച്ചത്.

(നാല്) നജ്ദിന്റെ ഭാഗത്തുള്ള ഒരു പ്രദേശമാണാ ഹുറഖ. അവിടെ താമസിക്കുന്ന ജുഹൈന ഗോത്രക്കാരിലേക്ക് ഗാലിബുബ്നു അബദില്ലാഹില്ലൈസിرضي الله عنه എന്ന സഹാബിയെ റമളാൻ മാസത്തിൽ 130 ആളുകളോടൊപ്പം അയക്കുകയുണ്ടായി. അവിടെ ചെന്ന് അവരുമായി ഏറ്റുമുട്ടുകയും അവരുടെ പ്രധാനികളെ കൊലപ്പെടുത്തുകയും ചെയ്തു. ഒരുപാട് ആടുകളെയും ഒട്ടകങ്ങളെയും തെളിച്ചു കൊണ്ട് അവർ മദീനയിലേക്ക് പോന്നു. ആരെയും ബന്ദികളാക്കിയിരുന്നില്ല. “ഉസാമതുബ്നു സൈദിൽرضي الله عنه നിന്നും നിവേദനം; നബിﷺ ഞങ്ങളെ ഹുറഖ എന്ന പ്രദേശത്തേക്ക് അയച്ചു. പ്രഭാത സന്ദർഭത്തിൽ ഞങ്ങൾ അവരോട് ഏറ്റു മുട്ടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. ഞാനും അൻസാരികളിൽ പെട്ട ഒരാളും ചേർന്ന് മുശ്‌രികുകളിലെ ഒരു വ്യക്തിയുടെ പിറകെ കൂടി. ഞങ്ങൾ അയാളെ വലയം ചെയ്തപ്പോൾ അയാൾ “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന അൻസാരി പിൻവാങ്ങി. പക്ഷേ ഞാൻ അദ്ദേഹത്തെ എന്റെ കുന്തം കൊണ്ട് കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ മദീനയിലെത്തിയപ്പോൾ ഈ വിവരം നബിﷺക്കു ലഭിച്ചു. നബി പറഞ്ഞു: അല്ലയോ ഉസാമ, ലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞതിനു ശേഷം നീ അയാളെ കൊലപ്പെടുത്തുകയോ?!. നബിﷺ അല്ലാഹുവിൽ ശരണം തേടിക്കൊണ്ടിരുന്നു. ഇത് പലതവണ ആവർത്തിച്ചു. ഉസാമرضي الله عنه പറയുന്നു: ആ ദിവസത്തിന് മുമ്പ് ഞാൻ മുസ്‌ലിമായിട്ടുണ്ടായിരുന്നില്ലെങ്കിൽ എന്നു പോലും ഞാൻ ആഗ്രഹിച്ചു പോയി. (ബുഖാരി: 6872)
(അഞ്ച്) മദീനയെ അക്രമിക്കാൻ ഗത്വ്‌ഫാൻകാർക്ക് ഉയൈനതുബ്നു ഹിസ്വ്‌നുൽഗഫാരി സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന വിവരം നബിﷺക്കു ലഭിച്ചു. ശവ്വാൽ മാസത്തിലായിരുന്നു ഇത്. ഉടനെ നബിﷺ ബഷീറുബ്നു സഅ്‌ദിرضي الله عنهനെ വിളിക്കുകയും അദ്ദേഹത്തിന് കൊടി കെട്ടി കൊടുക്കുകയും ചെയ്തു. 300 ആളുകളെ അദ്ദേഹത്തോടൊപ്പം വേറെയും അയച്ചു. രാത്രിയിൽ യാത്ര ചെയ്യുവാനും പകലിൽ ഒളിച്ചിരിക്കാനും നബിﷺ  അവരോട് നിർദ്ദേശിച്ചു. വഴികാട്ടിയായി ഹുസൈനുബ്നു നുവൈറതുൽഅശ്ജഇرضي الله عنهയാണ് കൂടെ പോയത്. ഗത്വ്‌ഫാൻകാർ മദീനക്കെതിരെ ഒരുമിച്ചു കൂടിയിട്ടുണ്ട് എന്ന വിവരം നബിﷺയെ അറിയിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. സൈന്യം മുന്നോട്ട് നീങ്ങി. യമൻ, ജബാർ തുടങ്ങിയ സ്ഥലങ്ങളിൽ അവർ എത്തി. ഖൈബറിന്റെ താഴ് ഭാഗത്ത് ആയുധങ്ങളുമായി അവർ ഇറങ്ങി. ശേഷം ഗത്വ്‌ഫാൻ കാരിലേക്ക് ചെന്നു. ഒരുപാട് ഒട്ടകങ്ങളെ അവർക്ക് ലഭിച്ചു. ഒട്ടകങ്ങളെ മേച്ചിരുന്ന ആളുകൾ ഛിന്നഭിന്നമായി ഓടി. അവരുടെ ആളുകളെ വിവരമറിയിച്ചു. ഈ വിവരം അറിഞ്ഞതോടെ അവർ പല ഭാഗങ്ങളിലേക്കായി ഓടുകയും ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടുകയും ചെയ്തു. മുസ്‌ലിംകൾ അവരുടെ താമസ സ്ഥലങ്ങളിലേക്ക് ചെന്നു. രണ്ട് ആളുകളെ മാത്രമേ ലഭിച്ചുള്ളൂ. അവരെ ബന്ദികളാക്കി ഒട്ടകങ്ങളെയും കൊണ്ട് മദീനയിലേക്കു തിരിച്ചു. മദീനയിൽ വന്നതിനു ശേഷം ആ രണ്ട് ആളുകൾ ഇസ്ലാം സ്വീകരിക്കുകയും നബി അവരെ വിട്ടയക്കുകയും ചെയ്തു. ഉയൈനതുബ്നു ഹിസ്വ്‌ൻ പരാജയപ്പെട്ടു കൊണ്ട് ഓടുമ്പോൾ ഹാരിസുബ്നു ഔഫുൽ മിര്‌രി അയാളുടെ പിറകെ ഓടിച്ചെന്നു കൊണ്ട് നിൽക്കുവാൻ ആവശ്യപ്പെട്ടു.(ഇവർ തമ്മിൽ ചില ബന്ധങ്ങൾ ഉണ്ട്) പക്ഷേ അയാൾ നിന്നില്ല. ഉയൈന പറഞ്ഞു: എനിക്കിപ്പോൾ നിൽക്കാൻ കഴിയില്ല. എന്റെ പിറകെ ആളുകൾ ഉണ്ട്. അതായത് മുഹമ്മദിന്റെ ആളുകൾ. അയാൾ അപ്പോഴും ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഹാരിസ് പറഞ്ഞു: അല്ലയോ ഉയൈന, ഇനി നിങ്ങൾ ഓടിയിട്ട് കാര്യമില്ല. എല്ലാ രാജ്യങ്ങളും മുഹമ്മദിﷺന്റെ കീഴിലാണ്. ഉയൈന ഇസ്ലാമിനെക്കുറിച്ച് ചിന്തിക്കുവാൻ ഇത് കാരണമായി മാറി.
(അഞ്ച്) അബൂഹുറൈറرضي الله عنهയിൽ നിന്ന് നിവേദനം. നബിﷺ ഒരു കുതിരപ്പടയെ നജ്ദിന്റെ ഭാഗത്തേക്ക് പറഞ്ഞയച്ചു. ബനൂ ഹനീഫയിൽ പെട്ട ഒരാളെ അവർ പിടിച്ചു കൊണ്ടു വന്നു. സുമാമതുബ്നു ഉസാൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മദീനത്തെ പള്ളിയുടെ ഒരു തൂണിൽ അദ്ദേഹത്തെ അവർ ബന്ധിച്ചു. നബിﷺ അദ്ദേഹത്തിന്റെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു. അല്ലയോ സുമാമ, താങ്കൾക്ക് എന്ത് പറയാനുണ്ട്? അപ്പോൾ അദ്ദേഹം പറഞ്ഞു: നല്ലതു തന്നെ. താങ്കൾ എന്നെ കൊല്ലുന്ന പക്ഷം ജീവനുള്ള ഒരാളെയാണ് നിങ്ങൾ കൊല്ലുന്നത്. എന്നോട് കരുണ കാണിക്കുന്ന പക്ഷം നന്ദിയുള്ള ഒരാളോടാണ് നിങ്ങൾ കരുണ കാണിക്കുന്നത്. പണമാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ എത്ര വേണമെങ്കിലും ചോദിച്ചു കൊള്ളുക. നബിﷺ അദ്ദേഹത്തെ വിട്ടു. അടുത്ത ദിവസം വന്നു കൊണ്ട് നബി വീണ്ടും ചോദിച്ചു. എന്തു പറയാനുണ്ട് സുമാമ? സുമാമ പറഞ്ഞു: ഇന്നലെ പറഞ്ഞത് തന്നെ. താങ്കൾ എന്നോട് കരുണ കാണിക്കുന്ന പക്ഷം നന്ദിയുള്ള ഒരാളോടാണ് താങ്കൾ കരുണ കാണിക്കുന്നത്. നബിﷺ അദ്ദേഹത്തെ വിട്ടു. അടുത്ത ദിവസം വീണ്ടും വന്നു കൊണ്ട് ചോദിച്ചു. താങ്കൾക്ക് എന്തു പറയാനുണ്ട് സുമാമ?. സുമാമ പറഞ്ഞു: ഇതു വരെ പറഞ്ഞതൊക്കെ തന്നെയാണ് പറയാനുള്ളത്. അപ്പോൾ നബിﷺ പറഞ്ഞു: സുമാമയെ മോചിപ്പിക്കുക. (സ്വഹാബികൾ സുമാമയെ കെട്ടഴിച്ച് വിട്ടപ്പോൾ) പള്ളിക്കു സമീപത്തുള്ള ഒരു ഈത്തപ്പന തോട്ടത്തിലേക്ക് അദ്ദേഹം പോയി. അവിടെ നിന്ന് കുളിച്ച ശേഷം വീണ്ടും പള്ളിയിലേക്ക് മടങ്ങി വന്നു. എന്നിട്ട് പറഞ്ഞു: ” അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വ അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുള്ളഹി.” എന്നിട്ട് ഇപ്രകാരം പറഞ്ഞു: അല്ലയോ മുഹമ്മദ്, അല്ലാഹുവാണ് സത്യം. അങ്ങയുടെ മുഖത്തേക്കാൾ വെറുപ്പുള്ള മറ്റൊരു മുഖം ഭൂമിയിൽ എനിക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖം അങ്ങയുടെ മുഖമായിത്തീർന്നിരിക്കുന്നു. അല്ലാഹുവാണ് സത്യം, അങ്ങയുടെ മതത്തോളം വെറുപ്പുള്ള മറ്റൊരു മതം എനിക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങയുടെ മതം എനിക്ക് ഏറ്റവും ഇഷ്ടമുള്ള മതമായിത്തീർന്നിരിക്കുന്നു. അല്ലാഹുവാണ് സത്യം, അങ്ങയുടെ നാടിനോളം വെറുപ്പുള്ള മറ്റൊരു നാട് എനിക്കുണ്ടായിരുന്നില്ല. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നാട് അങ്ങയുടെ നാടായി മാറിയിരിക്കുന്നു. അങ്ങയുടെ പടയാളികൾ എന്നെ പിടി കൂടിയതാണ്. ഞാൻ ഉംറ ഉദ്ദേശിച്ച് പുറപ്പെട്ടതായിരുന്നു. ഇനി എന്താണ് താങ്കളുടെ അഭിപ്രായം?. നബിﷺ അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിക്കുകയും ഉംറ ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. അദ്ദേഹം മക്കയിൽ എത്തിയപ്പോൾ ചില ആളുകൾ പറഞ്ഞു: നിങ്ങൾ മതം മാറിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഇല്ല. മറിച്ച് ഞാൻ മുഹമ്മദ് നബിയോടൊപ്പം ഇസ്‌ലാം സ്വീകരിച്ചിരിക്കുകയാണ്. അല്ലാഹുവാണ് സത്യം. മുഹമ്മദ് നബിﷺ അനുവാദം തരുന്നതുവരെ യമാമയിൽ നിന്ന് ഒരു മണി ഗോതമ്പ് പോലും ഇനി നിങ്ങൾക്ക് വരുകയില്ല. (ബുഖാരി: 4372. മുസ്‌ലിം: 1764)
ശേഷം സുമാമ യമാമയിലേക്ക് പുറപ്പെട്ടു. ഇനി മക്കയിലേക്ക് ഒന്നും അയക്കരുത് എന്ന് അവിടെ വെച്ച് അദ്ദേഹം പറയുകയും ചെയ്തു. ഖുറൈശികൾക്ക് വിശപ്പ് ശക്തമായിത്തുടങ്ങി. വിശപ്പിന്റെ കാഠിന്യത്താൽ മൃഗങ്ങളുടെ രോമം പോലും കഴിക്കുന്ന അവസ്ഥയിലേക്ക് അവർ എത്തിയിരുന്നു. വിശപ്പ് സഹിക്ക വയ്യാതെയായപ്പോൾ അബൂസുഫിയാനിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ ഖുറൈശികൾ മദീനയിൽ നബിﷺയുടെ അടുക്കലേക്ക് അയച്ചു. എന്നിട്ടു പറഞ്ഞു: ലോകത്തിന് അനുഗ്രഹമായിട്ടാണ് താങ്കൾ നിയോഗിക്കപ്പെട്ടത് എന്നാണല്ലോ താങ്കളുടെ വാദം. നബിﷺ പറഞ്ഞു: അതെ, തീർച്ചയായും. അപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു: “പിതാക്കൾ വാളുകളാൽ കൊല്ലപ്പെട്ടു മക്കൾ ഇതാ വിശപ്പിനാൽ കൊല്ലപ്പെടുന്നു”. ഈ സംഭവത്തിനു ശേഷം യമാമയിൽനിന്നും മക്കയിലേക്ക് ധാന്യങ്ങൾ കയറ്റി വിടാൻ ആവശ്യപ്പെട്ടു കൊണ്ട് നബിﷺ  സുമാമرضي الله عنهക്ക് കത്തെഴുതി. അദ്ദേഹം അപ്രകാരം ചെയ്യുകയും ചെയ്തു. “നാം അവരെ ശിക്ഷയുമായി പിടി കൂടുകയുണ്ടായി. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങിയില്ല. അവര്‍ താഴ്മ കാണിക്കുന്നുമില്ല”. (മുഅ്‌മിനൂൻ: 76) സുമാമرضي الله عنه തന്റെ ഇസ്ലാമിൽ ഉറച്ചു നിന്നു. നബിﷺയുടെ മരണ ശേഷം മുസൈലിമതുൽ കദ്ദാബ് പ്രവാചകത്വം വാദിച്ച് വന്നപ്പോൾ യമാമയിൽ ഉള്ള പല ആളുകളും മുർത്തദ്ദായെങ്കിലും സുമാമرضي الله عنه അവരുടെ കൂടെ പോയില്ല.


ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 76 – ഹിജ്റ ഏഴാം വർഷം [ഭാഗം: 9] മദീനയിലേക്ക് മടങ്ങിയതിനു ശേഷമുള്ള പ്രവർത്തനങ്ങൾ

നബി ചരിത്രം - 76 - ഹിജ്റ ഏഴാം വർഷം [ഭാഗം: 9]
മദീനയിലേക്ക് മടങ്ങിയതിനു ശേഷമുള്ള പ്രവർത്തനങ്ങൾ

നബി ﷺ ഖൈബറിൽ നിന്നും മദീനയിലേക്ക് മടങ്ങിയപ്പോൾ അവിടുത്തെ ഭാര്യ അബൂസുഫ്‌യാനിന്റെ മകൾ ഉമ്മുഹബീബ رضي الله عنها നബി ﷺയെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ജഅ്‌ഫറും  رضي الله عنه അനുയായികളും അബിസീനിയയിൽ നിന്നും മടങ്ങി വന്നപ്പോൾ അവരുടെ കൂടെ വന്നതായിരുന്നു അവർ. അവർ ഖൈബറിലേക്ക് പോയെങ്കിലും ഉമ്മു ഹബീബ رضي الله عنها മദീനയിൽ തന്നെ ഇരിക്കുകയായിരുന്നു. ഉമ്മു ഹബീബയെ رضي الله عنها വിവാഹം ചെയ്തു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി ﷺ അംറുബ്നു ഉമയ്യرضي الله عنه യെ നജ്ജാശിയുടെ അടുക്കലേക്ക് അയച്ചതായിരുന്നു. ജഅ്‌ഫർ رضي الله عنه ന്റെ കൂടെ ഉമ്മുഹബീബرضي الله عنهاയെ മദീനയിലേക്ക് അയക്കാനും നബി ﷺ നജ്ജാശിയോട് ആവശ്യപ്പെട്ടിരുന്നു. നബി ﷺയുടെ പിതൃവ്യ പുത്രിമാരിൽ ഒരാളായിരുന്നു ഉമ്മു ഹബീബ رضي الله عنها. നബി ﷺയുടെ ഭാര്യമാരിൽ ഉമ്മുഹബീബرضي الله عنها യെക്കാൾ കൂടുതൽ അടുത്ത കുടുംബ ബന്ധം ഉള്ളവർ ആരും ഉണ്ടായിരുന്നില്ല. നബി ﷺ ഏറ്റവും കൂടുതൽ മഹ്ർ കൊടുത്തത് ഉമ്മുഹബീബ رضي الله عنها ക്കായിരുന്നു.

ആദ്യ ഭർത്താവ് അബ്ദുല്ലാഹിബിനു ജഹ്ശി رضي الله عنه ന്റെ കൂടെ അബിസീനിയയിലേക്ക് ഹിജ്റ പോയതായിരുന്നു അവർ. അവിടെ വെച്ച് ഭർത്താവ് മരണപ്പെട്ടു. ഉമ്മു ഹബീബرضي الله عنها നബി ﷺയുമായി കൂടുമ്പോൾ അവരുടെ പ്രായം മുപ്പത്തി ചില്ലറ വയസ്സായിരുന്നു. ഹിജ്റ 44 ലാണ് അവർ മരണപ്പെടുന്നത്. സഹോദരൻ മുആവിയയുടെ ഭരണ കാലഘട്ടമായിരുന്നു അന്ന്.

നബി ﷺ മദീനയിലെത്തിയതിനു ശേഷമുണ്ടായ മറ്റൊരു യുദ്ധമാണ് ദാതുർറഖാഅ്‌ യുദ്ധം. തുണിക്കഷ്ണം എന്നാണ് ഈ വാക്കിന്റെ അർത്ഥം. കാലുകൾ വിണ്ട് കീറിയപ്പോൾ സ്വഹാബികൾ തുണി കഷ്ണം ചുറ്റിയത് കൊണ്ടാണ് യുദ്ധത്തിന് അങ്ങിനെ പേർ വന്നത്. അബു മൂസൽ അശ്അരിرضي الله عنه യിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: ഞങ്ങൾ നബി ﷺയുടെ കൂടെ ഒരു യുദ്ധത്തിനു പുറപ്പെട്ടു. ഞങ്ങൾ ആറു പേരുണ്ടായിരുന്നു. ഒരു ഒട്ടകപ്പുറത്ത് ഞങ്ങൾ മാറി മാറി കയറുകയായിരുന്നു. അങ്ങിനെ ഞങ്ങളുടെ കാലുകൾ പൊട്ടി. എന്റെ കാലും അന്നു പൊട്ടിയിരുന്നു. എന്റെ കാലിലെ നഖം പോലും കൊഴിഞ്ഞു പോയി. അതിനാൽ ഞങ്ങൾ തുണിക്കഷ്ണം കൊണ്ട് ഞങ്ങളുടെ കാലുകൾ കെട്ടി. ഇക്കാരണത്താലാണ് ദാതുർറഖാഅ്‌ എന്ന് യുദ്ധത്തിന് പേരു വന്നത്. (ബുഖാരി: 4128. മുസ്‌ലിം: 1816)

ഈ യുദ്ധത്തിലും നബി ﷺ സ്വഹാബിമാരെ കൊണ്ട് ഭയത്തിന്റെ നമസ്കാരം നിർവഹിച്ചിട്ടുണ്ട്. (ബുഖാരി: 4125) ബനൂ മഹാരിബിൽ പെട്ട – ബനൂ അൻമാർ എന്നും അഭിപ്രായം ഉണ്ട്- ചില ആളുകൾ നബി ﷺക്കെതിരെ യുദ്ധത്തിന് ഒരുങ്ങി. ഇതായിരുന്നു യുദ്ധത്തിനുള്ള കാരണം. അപ്പോൾ നബി ﷺ 400 ഓളം വരുന്ന ആളുകളെയും കൊണ്ട് അവരിലേക്ക് പുറപ്പെട്ടു. 700 ആണെന്നും അഭിപ്രായമുണ്ട്. മദീനയുടെ ഉത്തരവാദിത്വം ഉസ്മാനുബ്നു അഫ്ഫാൻ رضي الله عنهനെ ഏൽപ്പിച്ചു. അബൂദർറുൽ ഗിഫാരിرضي الله عنهയെയാണ് ഏൽപ്പിച്ചത് എന്നും പറയപ്പെടുന്നു. നബി ﷺയും സ്വഹാബിമാരും മക്കക്ക് സമീപമുള്ള നഖ്‌ല എന്ന സ്ഥലത്ത് എത്തി. മക്കക്കും മദീനക്കും ഇടക്കുള്ള സ്ഥലമായിരുന്നു ഇത്. സ്ത്രീകളെയല്ലാതെ മറ്റാരെയും അവിടെ കണ്ടില്ല. നബി ﷺ അവരെയെല്ലാം പിടികൂടി. അഅ്‌റാബികൾ മലമുകളിലേക്ക് ഓടി രക്ഷപ്പെട്ടു. അവരിൽ ചില ആളുകളെ നബി ﷺ കണ്ടു മുട്ടി. അങ്ങിനെ അവർ പരസ്പരം അടുത്തു. അവർക്കിടയിൽ യുദ്ധം ഒന്നും ഉണ്ടായില്ല. രണ്ടു വിഭാഗവും അങ്ങോട്ടുമിങ്ങോട്ടും ഭയപ്പെടുത്തുകയായിരുന്നു. അസ്വ്‌ർ നമസ്കാരത്തിന് സമയമായി. നമസ്കരിക്കാൻ നിന്നാൽ മുശ്‌രിക്കുകൾ ആക്രമിക്കുമോ എന്ന ഭയം മുസ്ലീംകൾക്കുണ്ടായി. അങ്ങിനെ നബി ﷺ തന്റെ അനുചരന്മാരെയും കൊണ്ട് ഭയത്തിന്റെ നമസ്കാരം നിർവഹിച്ചു. (ബുഖാരി: 4127)

ശേഷം നബി ﷺ മദീനയിലേക്ക് മടങ്ങി. 15 ദിവസമാണ് മദീനയിൽ നിന്നും വിട്ടു നിന്നത്. ഞാനും മുസ്ലിംകളും സുരക്ഷിതരാണ് എന്ന സന്തോഷ വാർത്ത അറിയിക്കുന്നതിനു വേണ്ടി ജആലുബ്നു സുറാഖرضي الله عنه യെ നബി ﷺ നേരത്തെ തന്നെ മദീനയിലേക്ക് അയച്ചു. ജാബിർرضي الله عنه പറയുന്നു: ദാതുർറഖാഅ്‌ യുദ്ധത്തിന്റെ സന്ദർഭത്തിൽ ഞങ്ങൾ നബി ﷺയോടൊപ്പമായിരുന്നു. തണലുള്ള ഒരു മരം കണ്ടപ്പോൾ ഞങ്ങൾ അത് നബി ﷺക്കു വേണ്ടി മാറ്റി വെച്ചു. നബി ﷺ തന്റെ വാൾ മരത്തിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ മുശ്‌രിക്കുകളുടെ കൂട്ടത്തിൽ നിന്നും ഒരാൾ വന്നു കൊണ്ട് ആ വാളെടുത്തു പിടിച്ചു ചോദിച്ചു; നിങ്ങൾക്ക് എന്നെ പേടിയുണ്ടോ? നബി ﷺ പറഞ്ഞു: ഇല്ല. അപ്പോൾ അയാൾ ചോദിച്ചു. എന്നിൽ നിന്നും താങ്കളെ ആരു തടയും? നബി ﷺ പറഞ്ഞു: അല്ലാഹു. നബി ﷺയുടെ സ്വഹാബിമാർ ഈ മുശ്‌രികായ വ്യക്തിയെ ഭീഷണിപ്പെടുത്തി. നമസ്കാരത്തിന് സമയമായപ്പോൾ നബി ﷺ ഒരു വിഭാഗത്തെ കൊണ്ട് രണ്ട് റക്അത്ത് നമസ്കരിച്ചു. ശേഷം അവർ മാറി നിൽക്കുകയും അടുത്ത വിഭാഗത്തെ കൊണ്ട് രണ്ട് റക്അത്ത് പൂർത്തിയാക്കുകയും ചെയ്തു. അങ്ങിനെ നബി ﷺ നാലും സഹാബികൾ രണ്ടുമാണ് നമസ്കരിച്ചത്. (ബുഖാരി: 4136)

ദാതുർറഖാഅ്‌ യുദ്ധം കഴിഞ്ഞ് നബി ﷺ മദീനയിലേക്ക് മടങ്ങുമ്പോൾ വഴിയിൽ വച്ച് ചില സംഭവങ്ങൾ ഉണ്ടായി.

(ഒന്ന്) ജാബിറുബ്നു അബ്ദില്ല رضي الله عنه യിൽ നിന്നും നിവേദനം; അദ്ദേഹം നബി ﷺയുടെ കൂടെ നജ്ദിന്റെ ഭാഗത്തുള്ള ആളുകളുമായി യുദ്ധം ചെയ്തു. യുദ്ധ ശേഷം നബി ﷺ മടങ്ങുമ്പോൾ ജാബിറും رضي الله عنه കൂടെ മടങ്ങി. മുൾച്ചെടികൾ നിറഞ്ഞ ഒരു താഴ്‌വരയിൽ എത്തിയപ്പോൾ സഹാബിമാർക്കു ഉറക്കം വന്നു. നബി ﷺ അവിടെ ഇറങ്ങി. മരത്തിന്റെ തണൽ തേടിക്കൊണ്ട് സ്വഹാബിമാർ അങ്ങോട്ടുമിങ്ങോട്ടും പോയി. സമുറ എന്ന് പേരുള്ള ഒരു മരത്തിനു ചുവട്ടിലാണ് നബി ﷺ ഇറങ്ങിയത്. തന്റെ വാൾ അതിന്റെ ചില്ലയിൽ തൂക്കിയിട്ടു. അങ്ങിനെ ഞങ്ങൾ എല്ലാവരും ഉറങ്ങി. അപ്പോഴതാ അല്ലാഹുവിന്റെ പ്രവാചകൻ ഞങ്ങളെ വിളിക്കുന്നു. എണീറ്റ് നോക്കിയപ്പോൾ നബി ﷺയുടെ അടുക്കൽ ഒരു അഅ്‌റാബി നിൽക്കുന്നു. നബി ﷺ പറഞ്ഞു: ഞാൻ ഉറങ്ങി കൊണ്ടിരിക്കെ ഇയാൾ എനിക്കു നേരെ എന്റെ വാളൂരി. (ജാബിർ رضي الله عنه പറയുന്നു) ഈ സന്ദർഭത്തിൽ ഞാൻ ഉണർന്നു. അപ്പോഴതാ ആ വ്യക്തി ഊരിപ്പിടിച്ച വാളുമായി പ്രവാചകന്റെ മുൻപിൽ നിൽക്കുന്നു. അയാൾ നബി ﷺയോട് ചോദിച്ചു; നിങ്ങളെ എന്നിൽ നിന്നും ആരു തടയും?. നബി ﷺ പറഞ്ഞു: അല്ലാഹു. മൂന്നു തവണ ഇത് ആവർത്തിച്ചു പറഞ്ഞു. നബി ﷺ അദ്ദേഹത്തെ ശിക്ഷിച്ചില്ല. ശേഷം നബി ﷺ അവിടെ ഇരുന്നു. (ബുഖാരി: 2910. മുസ്‌ലിം: 843)

(രണ്ട്) ജാബിറുബ്നു അബ്ദില്ലرضي الله عنه യിൽ നിന്ന് നിവേദനം; ഞാൻ നബി ﷺയോടൊപ്പം യുദ്ധം ചെയ്തു. നടക്കാൻ കഴിയാത്ത ക്ഷീണം ബാധിച്ച ഒരു ഒട്ടകം എന്റെ കൂടെ ഉണ്ടായിരുന്നു. നബി ﷺ എന്നോട് ചോദിച്ചു. എന്തു പറ്റി ജാബിർ നിന്റെ ഒട്ടകത്തിന്?. ഞാൻ പറഞ്ഞു: അത് രോഗിയാണ്. ജാബിർ رضي الله عنه പറയുന്നു: അങ്ങിനെ നബി ﷺ പിറകോട്ട് വന്നു എന്റെ ഒട്ടകത്തെ തെളിക്കുകയും അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അതിനു ശേഷം എന്റെ ഒട്ടകം എല്ലാവരുടെയും ഒട്ടകങ്ങൾക്ക് മുന്നിലെത്തി. നബി ﷺ ചോദിച്ചു: ഇപ്പോൾ എന്താണ് ജാബിറെ ഒട്ടകത്തിന്റെ അവസ്ഥ. ഞാൻ പറഞ്ഞു: നല്ലതു തന്നെ. അങ്ങയുടെ ബറക്കത്ത് അതിനു ലഭിച്ചിരിക്കുന്നു. നബി ﷺ ചോദിച്ചു; ഒട്ടകത്തെ നീയെനിക്ക് വിൽക്കുമോ? ജാബിർ رضي الله عنه പറയുന്നു: എനിക്ക് നാണം തോന്നി. ഇതല്ലാതെ മറ്റൊരു ഒട്ടകം എനിക്കുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു: വിൽക്കാൻ തയ്യാറാണ് പ്രവാചകരേ. മദീനയിൽ എത്തുന്നതു വരെ ഒട്ടകപ്പുറത്ത് എനിക്ക് കയറാനുള്ള അനുവാദം നൽകണമെന്ന വ്യവസ്ഥയോട് കൂടി ഞാൻ ആ ഒട്ടകം നബി ﷺക്കു വിറ്റു. ജാബിർ رضي الله عنه പറയുകയാണ്. ഞാൻ നബി ﷺയോട് ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ എന്റെ വിവാഹം ഈ അടുത്ത് നടന്നിട്ടേ ഉള്ളൂ. എനിക്ക് വേഗം പോകുവാൻ അനുവാദം നൽകുമോ?. നബി ﷺ അദ്ദേഹത്തിന് അനുവാദം കൊടുത്തു. അങ്ങിനെ ജാബിർ رضي الله عنه വേഗത്തിൽ മദീനയിലെത്തി.

ജാബിർ رضي الله عنه പറയുകയാണ്. ഞാൻ മദീനയിലെത്തിയപ്പോൾ എന്റെ അമ്മാവൻ എന്നെ കണ്ടു. അദ്ദേഹം എന്റെ ഒട്ടകത്തെ കുറിച്ച് എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു. അതിന്റെ പേരിൽ അയാൾ എന്നെ ആക്ഷേപിച്ചു. ജാബിർ رضي الله عنه പറയുന്നു: മദീനയിലേക്ക് വേഗത്തിൽ പോകാൻ വേണ്ടി നബി ﷺയോട് അനുവാദം ചോദിച്ചപ്പോൾ എന്നോട് ഇപ്രകാരം നബി ﷺ ചോദിച്ചിരുന്നു; നീ കല്യാണം കഴിച്ചത് കന്യകയെയാണോ അതോ മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീയാണോ. ഞാൻ പറഞ്ഞു: മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീയെയാണ് പ്രവാചകരേ ഞാൻ കല്യാണം കഴിച്ചത്. നബി ﷺ ചോദിച്ചു നിനക്ക് ഒരു കന്യകയെ കല്യാണം കഴിക്കാമായിരുന്നില്ലേ. എങ്കിൽ നിനക്ക് അവളെയും അവൾക്ക് നിന്നെയും കളിപ്പിക്കാമല്ലോ. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്റെ പിതാവ് മരണപ്പെട്ടു- ശഹീദായി-. എനിക്ക് ചെറിയ സഹോദരിമാരാണുള്ളത്. അവരിലേക്ക് അവരെ പോലുള്ള ഒരു കന്യകയെ കൊണ്ടു വരുന്നത് എനിക്ക് ഇഷ്ടമായി തോന്നിയില്ല. കന്യകയെ കൊണ്ട് വന്നാൽ അവൾ എന്റെ സഹോദരിമാരെ അദബ് പഠിപ്പിക്കുകയില്ല. അവരുടെ കാര്യങ്ങൾ നോക്കുകയുമില്ല. അതു കൊണ്ടു തന്നെ ഇവരുടെ കാര്യങ്ങൾ നോക്കുവാനും അവരെ അദബ് പഠിപ്പിക്കുവാനും വേണ്ടിയാണ് ഞാൻ ഒരു വിധവയെ കല്യാണം കഴിച്ചത്. നബി ﷺ മദീനയിൽ എത്തിയപ്പോൾ ഒട്ടകത്തെയും കൊണ്ട് ഞാൻ നബി ﷺയുടെ അടുക്കൽ ചെന്നു. നബി ﷺ ഒട്ടകത്തെയും അതിന്റെ വിലയും എനിക്ക് തിരിച്ചു തന്നു. (ബുഖാരി: 2967. മുസ്‌ലിം: 715)

(മൂന്ന്) അബ്ദുല്ലാഹിബിനു മസ്ഊദ് رضي الله عنه നിന്നും നിവേദനം; ഞങ്ങൾ നബി ﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. നബി ﷺ തന്റെ ആവശ്യ നിർവഹണത്തിന് വേണ്ടി മുന്നോട്ടു പോയി. അപ്പോൾ ഞങ്ങൾ ഒരു പക്ഷിയെ കണ്ടു. അതിന്റെ കൂടെ രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ആ കുഞ്ഞുങ്ങളെ ഞങ്ങൾ പിടി കൂടി. അപ്പോൾ ആ പക്ഷി വന്നു ചിറകിട്ടടിക്കാൻ തുടങ്ങി. അപ്പോഴേക്കും തിരിച്ചു വന്ന നബി ﷺ ചോദിച്ചു; ആരാണ് ഈ കുഞ്ഞുങ്ങളെ പിടിച്ചു വെച്ചു കൊണ്ട് അതിന്റെ തള്ളയെ വേദനിപ്പിച്ചത്?. ആ കുഞ്ഞുങ്ങളെ അതിനു തിരിച്ചു കൊടുക്കൂ.(അഹ്‌മദ്: 3835. അബൂ ദാവൂദ്: 2675)

(നാല്) ജാബിറുബ്നു അബ്ദുല്ല رضي الله عنه യിൽ നിന്നും നിവേദനം; ദാതുർറഖാഅ്‌ യുദ്ധത്തിനു വേണ്ടി ഞങ്ങൾ നബി ﷺയോടൊപ്പം പുറപ്പെട്ടു. ഈ യുദ്ധത്തിൽ മുശ്‌രികുകളിലെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. യുദ്ധം കഴിഞ്ഞു തിരിച്ചു പോന്നപ്പോൾ ഈ സ്ത്രീയുടെ ഭർത്താവ് വന്നു. മുഹമ്മദിന്റെ അനുയായികളിൽ രക്തം ചിന്തുവോളം ഞാൻ അടങ്ങിയിരിക്കില്ല എന്ന് അയാൾ സത്യം ചെയ്തു പറഞ്ഞു. ആ സ്ത്രീ കൊല്ലപ്പെടുമ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല. അങ്ങിനെ മുഹമ്മദ് നബി ﷺയും അനുയായികളും പോയ കാലടിപ്പാടുകൾ പരിശോധിച്ച് അയാൾ ഇറങ്ങിപ്പുറപ്പെട്ടു.
നബി ﷺയും സ്വഹാബിമാരും ഒരു സ്ഥലത്ത് വിശ്രമിക്കാൻ ഇറങ്ങി. നബി ﷺ ചോദിച്ചു; രാത്രിയിൽ നമുക്ക് ആരാണ് പാറാവു നിൽക്കുക? മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ഓരോ ആളുകൾ വീതം എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു: ഞങ്ങൾ തയ്യാറാണ് പ്രവാചകരെ. നബി ﷺ അവരോട് പറഞ്ഞു: താഴ്‌വരയിലേക്കുള്ള പ്രവേശന ഭാഗത്തു തന്നെ നിങ്ങൾ പാറാവു നിൽക്കണം. നബി ﷺയും സ്വഹാബിമാരും താഴ്‌വരയുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നിട്ടുണ്ടായിരുന്നു.  പാറാവ് നിൽക്കുന്നതിന് രണ്ടു പേരും താഴ്‌വരയുടെ പ്രവേശന ഭാഗത്തേക്ക് നീങ്ങുമ്പോൾ അൻസാരിയായ സഹോദരൻ മഹാജിറിനോട് ചോദിച്ചു; രാത്രിയുടെ ആദ്യ ഭാഗമാണോ അവസാന ഭാഗമാണോ താങ്കൾക്ക് ഏറ്റവും ഇഷ്ടം?. അതു പോലെ താങ്കൾ ചെയ്തുകൊള്ളുക. മുഹാജിർ പറഞ്ഞു: എനിക്ക് അവസാന ഭാഗം മതി. അങ്ങിനെ രാത്രിയുടെ ആദ്യ സമയത്ത് അൻസാരി കാവൽ നിൽക്കുകയും മുഹാജിർ കിടന്നുറങ്ങുകയും ചെയ്തു. ഈ സന്ദർഭത്തിൽ അൻസാരി നമസ്കരിക്കാൻ തുടങ്ങി. സ്വഹാബികളെ തേടി ഇറങ്ങിയ വ്യക്തി അവിടെ എത്തിച്ചേർന്നു. നമസ്കരിച്ചു കൊണ്ടിരിക്കുന്ന അൻസാരിയെ കണ്ടപ്പോൾ മുസ്ലിം സൈന്യത്തിന്റെ തുടക്കം ഇവിടെയാണെന്ന് അയാൾ മനസ്സിലാക്കി. അയാൾ ഒരു അമ്പെടുത്ത് ആ സ്വഹാബിയിലേക്ക് എയ്തു വിട്ടു. അൻസാരി അത് ഊരി വെക്കുകയും തന്റെ നമസ്കാരത്തിൽ തുടരുകയും ചെയ്തു. മൂന്നു തവണ ഇപ്രകാരം അമ്പെറിയുകയും അൻസാരി അത് ശരീരത്തിൽ നിന്ന് ഊരിവെക്കുകയും ചെയ്തു. ശേഷം അദ്ദേഹം റുകൂഉം സുജൂദും നിർവഹിച്ചു. സുജൂദിലേക്ക് പോയപ്പോൾ തന്റെ കൂട്ടുകാരനെ വിളിച്ചുണർത്തി. അക്രമിക്കാൻ വന്ന വ്യക്തി രണ്ടു പേരെയും കണ്ടപ്പോൾ ഇവർ രണ്ടു പേരും എന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ട് ഉണ്ടാകും എന്ന് മനസ്സിലാക്കി അവിടം വിട്ടു ഓടിപ്പോയി. അപ്പോഴാണ് അൻസാരിയുടെ ശരീരത്തിലുള്ള രക്തം മുഹാജിർ കാണുന്നത്. അദ്ദേഹം പറഞ്ഞു: സുബ്ഹാനള്ളാ! താങ്കൾക്ക് നേരത്തെ തന്നെ എന്നെ ഉണർത്താമായിരുന്നില്ലേ?!. അപ്പോൾ അൻസ്വാരി പറഞ്ഞു: ഞാൻ ഒരു സൂറത്ത് ഓതുകയായിരുന്നു. അത് പൂർത്തിയാക്കുന്നതിനു മുമ്പ് നിർത്തി വെക്കുന്നത് എനിക്ക് ഇഷ്ടമായില്ല. എന്നാൽ ശത്രു തുടരെത്തുടരെ അമ്പെറിഞ്ഞപ്പോൾ ഞാൻ കുനിയുകയും നിങ്ങൾ ഈ അവസ്ഥയിൽ എന്നെ കാണുകയും ചെയ്തു. അല്ലാഹുവാണ് സത്യം, ഒരു സമൂഹത്തിന്റെ മുഴുവൻ സംരക്ഷണോത്തരവാദിത്വം ഏൽപ്പിച്ചതാണ് അല്ലാഹുവിന്റെ പ്രവാചകൻ. അതില്ലായിരുന്നുവെങ്കിൽ ആ സൂറത്ത് ഓതി തീരുന്നതിനു മുമ്പ് തന്നെ എന്റെ ജീവിതം അവസാനിക്കുമായിരുന്നു. (അഹ്‌മദ്: 14704)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 75 – ഹിജ്റ ഏഴാം വർഷം [ഭാഗം: 8] ഖൈബറിന്റെ ബാക്കി പത്രം.

നബി ചരിത്രം - 75 - ഹിജ്റ ഏഴാം വർഷം [ഭാഗം: 8]
ഖൈബറിന്റെ ബാക്കി പത്രം.

20 ന് താഴെ ആളുകളാണ് ഖൈബർ യുദ്ധത്തിൽ മുസ്‌ലിംകളിൽ നിന്നും ശഹീദായത്. ജൂതന്മാരിൽ നിന്ന് 93 ആളുകൾ കൊല്ലപ്പെട്ടു.
ഖൈബറിനു ശേഷം ഫദക് പ്രദേശത്തുള്ള ജൂതൻമാരുമായി നബി ﷺ സന്ധിയിൽ ഏർപ്പെട്ടു. ഖൈബറിന്റെ വടക്കു വശത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഫദക്. നബി ﷺ ഖൈബറിൽ എത്തിയ ഉടനെ മുഹൈസ്വതുബ്നു മസ്‌ഊദ്رضي الله عنه നെ ചില ആളുകളോടൊപ്പം ജൂതന്മാരെ ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ട് ഫദകിലേക്ക് പറഞ്ഞയച്ചിരുന്നു. അവർ തിരിച്ചു വരാൻ വൈകി. ഖൈബർ യുദ്ധം കഴിഞ്ഞപ്പോൾ അള്ളാഹു ഫദകു കാരുടെ ഹൃദയങ്ങളിൽ ഭയം ഇട്ടു കൊടുത്തു. അപ്പോൾ ഖൈബറിലുള്ളവർ ചെയ്തതു പോലെ ഫദകിലുള്ള വസ്തുക്കളുടെ പകുതി നിങ്ങൾക്ക് തരാം എന്ന നിബന്ധനയോടെ കൂടി സന്ധിയിൽ ഏർപ്പെടുന്നതിന് വേണ്ടി നബി ﷺയിലേക്ക് ആളെ അയച്ചു. നബി ﷺ ഇത് അംഗീകരിക്കുകയും ചെയ്തു. ഫദകിൽ നിന്നും ലഭിച്ചവ നബി ﷺക്ക് മാത്രമുള്ളതായിരുന്നു. കാരണം ഒരു കുതിരപ്പടയോ കാലാൾപടയോ അങ്ങോട്ട് പോയിട്ടില്ല. അതു കൊണ്ടു തന്നെ ആ സ്വത്തുക്കൾ നബി ﷺ തന്റെ കുടുംബത്തിനു വേണ്ടിയും ചെറിയ കുട്ടികൾക്ക് വേണ്ടിയും ബനൂ ഹാശിമിൽ പെട്ട ആവശ്യക്കാരായ ആളുകൾക്ക് വേണ്ടിയും ചെലവഴിച്ചു.

മദീനയുടെയും ശാമിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്ന സ്ഥലമാണ് വാദിൽഖുറാ. ഫദകു കാരുമായുള്ള സന്ധിക്കു ശേഷം നബി ﷺ വാദിൽഖുറയിലേക്ക് ചെന്നു. ജൂതന്മാരുടെ ഒരു സംഘം ആളുകൾ അവിടെ ഉണ്ടായിരുന്നു. നബി ﷺ തന്റെ അനുചരന്മാരെ അവരുമായി യുദ്ധത്തിന് തയ്യാറാക്കുകയും അവരെ വരിവരിയായി നിർത്തുകയും ചെയ്തു. സഅ്‌ദുബ്നു ഉബാദرضي الله عنه യുടെ കയ്യിലാണ് കൊടി കൊടുത്തത്. ശേഷം നബി ﷺ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിൽ അവരുടെ സമ്പത്തും രക്തവും സുരക്ഷിതമായിരിക്കുമെന്നും നിങ്ങളുടെ വിചാരണ അല്ലാഹുവിന്റെ കയ്യിൽ ആയിരിക്കും എന്നും നബി ﷺ അവരെ അറിയിച്ചു. അവർ വിസമ്മതിക്കുകയും യുദ്ധത്തിന് ഒരുങ്ങുകയും ചെയ്തു. അങ്ങിനെ അവരിൽ നിന്നും ഒരാൾ രംഗത്തു വന്നു. അയാളെ നേരിടാൻ സുബൈറുബ്നുൽ അവ്വാം رضي الله عنه ഇറങ്ങി പുറപ്പെടുകയും അയാളെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം മറ്റൊരു വ്യക്തി ഇറങ്ങി വന്നു. അയാളെ അലിയും കൊലപ്പെടുത്തി. ഈ നിലക്ക് പതിനൊന്നോളം ആളുകൾ അവരിൽ നിന്നും ഇറങ്ങി വന്നു. പക്ഷേ എല്ലാവരും കൊല്ലപ്പെടുകയാണുണ്ടായത്. ശേഷം നബി ﷺയും സ്വഹാബിമാരും അവരോട് യുദ്ധം ചെയ്തു. സൂര്യൻ അസ്തമിച്ചു തുടങ്ങിയപ്പോഴേക്കും അവർ തങ്ങളുടെ കൈകളിൽ ഉള്ളതെല്ലാം മുസ്ലിംകൾക്ക് നൽകി. നിമിഷ നേരം കൊണ്ട് പ്രവാചകൻ അവരിൽ വിജയം നേടി. അവരുടെ സമ്പത്തെല്ലാം ഗനീമത്തായി കൊണ്ട് അള്ളാഹു പ്രവാചകനു നൽകി. ഒരുപാട് ഉപകരണങ്ങളും മറ്റു വിഭവങ്ങളും അവർക്ക് അന്ന് ലഭിക്കുകയുണ്ടായി.

മുദ്അം എന്ന് പേരുള്ള ഒരു പരിചാരകൻ നബി ﷺയുടെ കൂടെയുണ്ടായിരുന്നു. റഫാഅതുബ്നു സൈദുൽജുദാമി സമ്മാനമായി കൊടുത്തതായിരുന്നു ആ അടിമയെ. കൊല്ലപ്പെടുന്നതു വരെ മുസ്ലിംകളോടൊപ്പം അദ്ദേഹം യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ മരണ ശേഷംഉൾ ഉണ്ടായ അവസ്ഥകൾ സ്വഹാബിമാർക്ക് നബി ﷺ വിശദീകരിച്ചു കൊടുത്തു. “അബൂഹുറൈറയിൽ നിന്ന് നിവേദനം; ഞങ്ങൾ നബി ﷺയോടൊപ്പം ഖൈബറിലേക്ക് പുറപ്പെട്ടു. അങ്ങിനെ അല്ലാഹു ഞങ്ങൾക്ക് വിജയം നൽകി. സ്വർണമോ വെള്ളിയോ യുദ്ധ സ്വത്തായി ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. മറിച്ച് ഭക്ഷണങ്ങളും വസ്ത്രങ്ങളും മറ്റു വിഭവങ്ങളും ആണ് ലഭിച്ചത്. ശേഷം ഞങ്ങൾ വാദിൽഖുറയിലേക്ക് നീങ്ങി. നബി ﷺയുടെ കൂടെ തന്റെ ദാസനും ഉണ്ടായിരുന്നു. രിഫാഅതുബ്നു സൈദ് നബി ﷺക്ക് സമ്മാനമായി കൊടുത്തതായിരുന്നു ആ ദാസനെ. വാദിൽഖുറയിൽ ഞങ്ങൾ എത്തിയപ്പോൾ നബി ﷺയുടെ ദാസൻ തന്റെ യാത്രാ സന്നാഹങ്ങൾ ഒരുക്കുകയായിരുന്നു. അപ്പോൾ ഒരു അമ്പ് വന്നു അദ്ദേഹത്തിൽ പതിച്ചു. അത് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായി.അപ്പോൾ ഞങ്ങൾ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ, അദ്ദേഹത്തിന് മംഗളം. അദ്ദേഹം രക്തസാക്ഷിയായി. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ഖൈബറിൽ നിന്നും അദ്ദേഹമെടുത്ത പുതപ്പ് അദ്ദേഹത്തിൽ തിയ്യിനാൽ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. ഓഹരി വെക്കുന്നതിന് ആ പുതപ്പ് എത്തിയിട്ടില്ല. ഇതു കേട്ടപ്പോൾ ജനങ്ങൾക്ക് ഭയം തോന്നി. അപ്പോൾ ജനങ്ങളുടെ കൂട്ടത്തിൽ നിന്നും ചെരുപ്പിന്റെ ഒന്നോ രണ്ടോ വാറുകളുമായി ഒരാൾ കടന്നു വന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഖൈബറിന്റെ ദിവസം എനിക്ക് ലഭിച്ചതാണിത്. അപ്പോൾ നബി ﷺ പറഞ്ഞു: തിയ്യിനാലുള്ള ചെരുപ്പിന്റെ വാറുകൾ. (ബുഖാരി:4234. മുസ്‌ലിം: 115)

നാലു ദിവസമാണ് വാദിൽഖുറയിൽ താമസിച്ചത്. അവിടെ നിന്ന് ലഭിച്ചതെല്ലാം തന്റെ സ്വഹാബിമാർക്ക് അവിടെ വെച്ച് കൊണ്ടു തന്നെ വീതിച്ചു കൊടുത്തു. ഈന്തപ്പനകളും ഭൂമി സ്വത്തുക്കളും ജൂതന്മാരുടെ കൈകളിൽ തന്നെ നൽകി. ഖൈബർ കാരോട് സ്വീകരിച്ച അതേ സമീപനമാണ് ഇവരോടും സ്വീകരിച്ചത്. അംറുബ്നു സഈദിബ്നു ആസ് رضي الله عنه നെയാണ് ഇവരുടെ ഉത്തരവാദിത്വം ഏൽപ്പിച്ചത്. ഖൈബർ കാരോടും ഫദക് കാരോടും വാദിൽഖുറക്കാരോടും നബി ﷺ സ്വീകരിച്ച നയത്തെക്കുറിച്ച് തൈമാഇലുള്ള ജൂതന്മാർ അറിഞ്ഞപ്പോൾ അവരും നബി ﷺക്ക് നികുതി കൊടുത്തു കൊണ്ട് സന്ധിക്ക് തയ്യാറായി. അവർ അവരുടെ രാജ്യങ്ങളിൽ തന്നെ താമസിക്കുകയും ഭൂമികൾ അവരുടെ കൈകളിൽ തന്നെ വെക്കുകയും ചെയ്തു.

ശേഷം നബി ﷺയും സ്വഹാബിമാരും മദീനയിലേക്ക് മടങ്ങി. ഖൈബറിനും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും അല്ലാഹു അവർക്ക് വിജയം നൽകി. ഒട്ടനവധി ഗനീമത്ത് സ്വത്ത് അവർക്ക് ലഭിച്ചു. മദീനയിൽ നിന്നും ഏതാണ്ട് ഒരു മാസത്തോളം ഖൈബർ യുദ്ധത്തിനു വേണ്ടി വിട്ടു നിന്നു. മദീനയിലേക്കുള്ള യാത്രയിൽ ചില സംഭവങ്ങൾ വേറെയും ഉണ്ടായി.

(ഒന്ന്)അബൂഹുറൈറയിൽ നിന്ന് നിവേദനം; ഖൈബറിൽ നിന്നും മടങ്ങി വരുമ്പോൾ നബി ﷺക്ക് രാത്രിയിൽ ഉറക്കം ബാധിച്ചു. ബിലാൽ رضي الله عنه നോട് തങ്ങൾക്ക് പാറാവ് നിൽക്കാൻ വേണ്ടി ആവശ്യപ്പെട്ട് നബി ﷺ കിടന്നുറങ്ങി. ബിലാൽ رضي الله عنه അല്ലാഹു തനിക്ക് നിശ്ചയിച്ചത് നമസ്കരിച്ചു. നബി ﷺയും സ്വഹാബിമാരും ഉറങ്ങുകയായിരുന്നു. ഫജ്റിനോടടുത്തപ്പോൾ ഖിബ്‌ലക്കു അഭിമുഖമായി കൊണ്ട് ബിലാൽ رضي الله عنه തന്റെ ഒട്ടകത്തിലേക്ക് ചാരിയിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അതേ അവസ്ഥയിൽ ബിലാൽ رضي الله عنه ഉറങ്ങിപ്പോയി. നബി ﷺയോ ബിലാൽ رضي الله عنه  വോ തന്റെ ഉറക്കത്തിൽ നിന്നും ഉണർന്നില്ല. സ്വഹാബിമാരിൽ ഒരാളുപോലും ഉണർന്നില്ല. സൂര്യൻ ശരീരത്തിൽ പതിച്ചപ്പോഴാണ് നേരം പുലർന്ന വിവരം അവർ അറിയുന്നത്. ആദ്യമായി ഉണർന്നത് നബി ﷺയായിരുന്നു. നബി ﷺ വെപ്രാളത്തോടു കൂടി ബിലാൽ رضي الله عنه നെ വിളിച്ചുണർത്തി. ബിലാൽ رضي الله عنه  പറഞ്ഞു എന്റെ ഉമ്മയും ഉപ്പയും അങ്ങേയ്ക്ക് ദണ്ഡമാണ് പ്രവാചകരേ. എല്ലാവരോടും തങ്ങളുടെ ഒട്ടകങ്ങളെ ശ്രദ്ധിക്കാൻ നബി ﷺ പറഞ്ഞു. ശേഷം നബി ﷺ വുദൂഅ്‌ എടുക്കുകയും ബിലാൽ رضي الله عنه നോട് ഇഖാമത്ത് വിളിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. സഹാബികളെയും കൊണ്ട് സുബഹി നമസ്കരിച്ച ശേഷം നബി ﷺ പറഞ്ഞു. വല്ലവനും നമസ്കാരം മറന്നാൽ അത് ഓർമ്മ വരുമ്പോൾ അവൻ നമസ്കരിച്ചു കൊള്ളട്ടെ. കാരണം, അല്ലാഹു പറയുന്നു” … എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.” (ത്വാഹാ.) (ബുഖാരി: 595.; മുസ്‌ലിം: 680)

(രണ്ട്) അനസ് رضي الله عنهൽ നിന്നും നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ ഖൈബറിൽ നിന്നും മടങ്ങി വരികയായിരുന്നു. ഞാനും ഞാനും അബൂത്വൽഹ رضي الله عنه യും നബി ﷺയും ഒന്നിച്ചായ ഒരു സന്ദർഭം. നബി ﷺയുടെ പിറകിൽ സഫിയ്യ رضي الله عنها ഇരിക്കുന്നുണ്ട്. നബി ﷺയുടെ ഒട്ടകം ഒന്നു കുടഞ്ഞു. അപ്പോൾ നബി ﷺയും സ്വഫിയ്യ رضي الله عنها യും ഒട്ടകപ്പുറത്ത് നിന്നും താഴെ വീണു. ഉടനെ അബൂത്വൽൽ رضي الله عنه  നബി ﷺയിലേക്ക് ധൃതി പിടിച്ച് ചെന്ന് കൊണ്ട് ചോദിച്ചു; അല്ലാഹു എന്നെ നിങ്ങൾക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു. വല്ലതും പറ്റിയോ പ്രവാചകരെ? നബി ﷺ പറഞ്ഞു: ഇല്ല. നീ സ്ത്രീയെ ശ്രദ്ധിക്കുക. അബൂത്വൽഹ رضي الله عنه തന്റെ മുഖത്ത് ഒരു വസ്ത്രം ഇട്ടു. എന്നിട്ട് സ്വഫിയ്യ رضي الله عنها യുടെ അടുക്കലേക്ക് ചെല്ലുകയും തൻറെ കയ്യിൽ ഉണ്ടായിരുന്ന മുണ്ട് കൊണ്ട് അവർക്ക് മറ പിടിച്ച് കൊടുക്കുകയും ചെയ്തു. ശേഷം അവരുടെ ഒട്ടകക്കട്ടിൽ ശരിയാക്കി കൊടുത്തു. അതിനു ശേഷം ഞങ്ങൾ ഞങ്ങളുടെ ഒട്ടകപ്പുറത്തു കയറി. നബി ﷺയുടെ ഒട്ടകത്തിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ഞങ്ങൾ നിന്നത്. ഒരാൾ നബി ﷺയുടെ വലതു വശത്തും മറ്റൊരാൾ നബി ﷺയുടെ ഇടതു വശത്തും. (അഹ്‌മദ്: 12947)

നബി ﷺ മദീനയിൽ എത്തി. ദൂരെ നിന്നു ഉഹുദു മല തെളിഞ്ഞു കണ്ടപ്പോൾ നബി ﷺ പറഞ്ഞു: ” ഈ മല നമ്മെ സ്നേഹിക്കുന്നു. നമ്മൾ അതിനെയും സ്നേഹിക്കുന്നു”. മദീനയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ നബി ﷺ പറഞ്ഞു” അല്ലാഹുവേ ഇവിടെയുള്ള രണ്ടു മലകൾക്കിടയിലുള്ള പ്രദേശങ്ങളെ ഞാൻ പവിത്രമായി പ്രഖ്യാപിക്കുന്നു. ഇബ്രാഹിം നബി ﷺ മക്കയെ പവിത്രമായ പ്രഖ്യാപിച്ചതു പോലെ. അല്ലാഹുവേ ഇവരുടെ മുദ്ദിലും സ്വാഇലും നീ ബർകത്ത് ചൊരിയേണമേ. (ബുഖാരി: 5425. മുസ്‌ലിം: 1365)

ശേഷം നബി ﷺ ഇപ്രകാരം പറഞ്ഞു: ആഇബൂന താഇബൂന ആബിദൂന ലി റബ്ബിനാ ഹാമിദൂൻ. മദീനയുടെ അകത്തേക്ക് പ്രവേശിക്കുന്നത് വരെ നബി ﷺ ഇപ്രകാരം പറഞ്ഞു കൊണ്ടേയിരുന്നു.(ബുഖാരി: 3086. മുസ്‌ലിം: 1345)

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 74 – ഹിജ്റ ഏഴാം വർഷം [ഭാഗം: 7] നബിയും സ്വഫിയ്യ(റ)യും തമ്മിലുള്ള വിവാഹം.

നബി ചരിത്രം - 74 - ഹിജ്റ ഏഴാം വർഷം [ഭാഗം: 7]
നബിﷺയും സ്വഫിയ്യ(റ)യും തമ്മിലുള്ള വിവാഹം.

ഖൈബറിലെ ഖമൂസ്വ് കോട്ടയിൽ നിന്നാണ് സ്വഫിയ്യ ബിൻതു ഹുയയ്യ് رضي الله عنها  ബന്ധിയായി പിടിക്കപ്പെട്ടത്. കിനാനതുബ്നു റബീഇന്റെ ഭാര്യയായിരുന്നു അവർ. സന്ധിക്കു ശേഷം ചതി നടത്തിയതിന്റെ പേരിൽ നബി ﷺ അയാളെ കൊലപ്പെടുത്തുകയായിരുന്നു. സ്വഫിയ്യرضي الله عنها യുടെ മുന്നിൽ നബി ﷺ ഇസ്‌ലാമിനെ അവതരിപ്പിച്ചു. അവർ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അങ്ങിനെയാണ് നബി ﷺ അവരെ മോചിപ്പിക്കുന്നതും ശേഷം വിവാഹം കഴിക്കുന്നതും.

നബി ﷺ നടത്തിയ മോചനമായിരുന്നു വിവാഹ മൂല്യമായി നിശ്ചയിച്ചത്. ” അനസുബ്നു മാലിക് رضي الله عنه ൽ നിന്ന് നിവേദനം; ഞങ്ങൾ ഖൈബറിൽ വരികയും അല്ലാഹു കോട്ടകളിൽ ഞങ്ങൾക്ക് വിജയം നൽകുകയും ചെയ്തപ്പോൽ ഹുയയ്യുബ്നു അഖ്തബിന്റെ മകൾ സ്വഫിയرضي الله عنها യുടെ സൗന്ദര്യത്തെ കുറിച്ച് പറയപ്പെട്ടു. അവൾ പുതു മണവാട്ടിയായിരിക്കെയാണ് അവരുടെ ഭർത്താവ് കൊല്ലപ്പെടുന്നത്. അപ്പോൾ നബി ﷺ അവരെ തനിക്കു വേണ്ടി തിരഞ്ഞെടുത്തു. അവരെയും കൊണ്ട് ഞങ്ങൾ പോവുകയും സദ്ദുസ്സഹ്ബാഅ്‌ എന്നെ സ്ഥലത്തെത്തുകയും ചെയ്തപ്പോൾ അവളുടെ ആർത്തവ (ഇദ്ദകാലം) കാലം കഴിഞ്ഞു. അപ്പോൾ നബി ﷺ അവരുമായി വീട് താമസിച്ചു. അല്പം ഭക്ഷണം തയ്യാറാക്കിയതിനു ശേഷം നബി ﷺ എന്നോട് പറഞ്ഞു: നിന്റെ ചുറ്റും ഉള്ളവരെല്ലാം വിളിക്കുക. അങ്ങനെയാണ് സഫിയرضي الله عنها യുടെ വലീമ ഉണ്ടായത്. ശേഷം ഞങ്ങൾ മദീനയിലേക്ക് പുറപ്പെട്ടു. നബി ﷺ മുണ്ട് കൊണ്ട് അവരെ മറച്ചു പിടിക്കുന്നതു ഞങ്ങൾ കണ്ടു. നബി ﷺ തന്റെ ഒട്ടകത്തിനു സമീപത്ത് ഇരിക്കുകയും തൻറെ കാൽ മുട്ട് വെച്ചു കൊടുക്കുകയും ചെയ്തു. നബി ﷺയുടെ കാൽ മുട്ടിൽ കയറിക്കൊണ്ടാണ് സഫിയ ഒട്ടകപ്പുറത്ത് കയറിയത്. (ബുഖാരി: 4211. മുസ്‌ലിം: 1365)

സഫിയ്യرضي الله عنها യുടെ മുഖത്ത് പച്ച നിറത്തിലുള്ള ഒരു അടയാളം നബി ﷺ കണ്ടു. നബി ﷺ ചോദിച്ചു; എന്താണ് സഫിയ്യ ഈ പച്ച നിറം? അവർ പറഞ്ഞു: എന്റെ ഭർത്താവിന്റെ മടിയിൽ ഞാൻ തല വെച്ച് കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ എന്റെ മടിയിലേക്ക് ചന്ദ്രൻ വന്നു വീഴുന്നതായി ഞാൻ സ്വപ്നം കണ്ടു. അത് ഞാൻ എന്റെ ഭർത്താവിനെ അറിയിച്ചപ്പോൾ അദ്ദേഹം എന്നെ അടിച്ചു. യസ്‌രിബിലെ രാജാവിനെയാണോ നീ ആഗ്രഹിക്കുന്നത് (എന്ന് ചോദിച്ചായിരുന്നു അടിച്ചത്) സഫിയ്യ رضي الله عنها പറയുന്നു: എനിക്ക് ഏറ്റവും വെറുപ്പുള്ള വ്യക്തിയായിരുന്നു അല്ലാഹുവിന്റെ പ്രവാചകൻ. എന്റെ വാപ്പയെയും എന്റെ സഹോദരനെയും എന്റെ ഭർത്താവിനെയും കൊലപ്പെടുത്തി. ശേഷം എന്റെ മുമ്പിൽ കാരണങ്ങൾ ബോധിപ്പിച്ചു.നബി ﷺ എന്നോട് പറഞ്ഞിരുന്നു: നിന്റെ വാപ്പ ഇന്ന ഇന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എനിക്കെതിരെ ജനങ്ങളെ പ്രേരിപ്പിച്ചതും ഒരുമിച്ച് കൂട്ടിയതും നിന്റെ വാപ്പയായിരുന്നു. അങ്ങിനെ നബി ﷺയോടുള്ള വെറുപ്പ് എന്റെ മനസ്സിൽ നിന്നും നീങ്ങിപ്പോയി. (ഇബ്നു ഹിബ്ബാൻ: 5199)

മാന് യും ബുദ്ധിമതിയും സൗന്ദര്യവതിയും പദവിയുറ്റവരും മതബോധവും വിവേകവും ശാന്തതയും ഉള്ള സ്ത്രീയുമായിരുന്നു സ്വഫിയ്യ رضي الله عنها . ഇവരുടെ കാര്യത്തിൽ നബി ﷺയുടെ മറ്റു ഭാര്യമാർക്ക് പലപ്പോഴും ഈർഷ്യം തോന്നിയിട്ടുണ്ട്. ആഇശرضي الله عنها യിൽ നിന്ന് നിവേദനം; “നബി ﷺ ഒരിക്കൽ എന്റെ കൂടെ ഇരിക്കുമ്പോൾ സ്വഫിയ്യ رضي الله عنهاഉണ്ടാക്കിയ ഭക്ഷണം നബി ﷺക്കു കൊടുത്തയക്കുകയുണ്ടായി. അവരുടെ പരിചാരിക ഭക്ഷണവുമായി വരുന്നത് കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല. ഞാൻ ആ ഭക്ഷണ പാത്രം വാങ്ങി വലിച്ചെറിഞ്ഞു. നബി ﷺ എന്നെ നോക്കിക്കൊണ്ടിരുന്നു. നബി ﷺയുടെ മുഖത്ത് ദേഷ്യം എനിക്ക് മനസ്സിലായി. ഞാൻ പറഞ്ഞു: എന്നെ ശപിക്കുന്നതിനെ തൊട്ടു അല്ലാഹുവിന്റെ പ്രവാചകനോട് ഞാൻ രക്ഷ തേടുന്നു. നബി ﷺ പറഞ്ഞു: നീയാണ് അതിനേറ്റവും അർഹയായിട്ടുള്ളത്. ആഇശ  رضي الله عنها ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ഇതിനു പ്രായശ്ചിത്തമായി ഞാൻ എന്താണ് ചെയ്യേണ്ടത്.? നബി ﷺ പറഞ്ഞു: സ്വഫിയ്യയുടെ പാത്രം പോലെയുള്ള ഒരു പാത്രം. അവർ കൊണ്ടുവന്ന ഭക്ഷണം പോലെയുള്ള ഒരു ഭക്ഷണം (തിരിച്ചു നൽകുക.) (അഹ്‌മദ്: 25155)

അനസുബ്നു മാലിക് رضي الله عنه ൽ നിന്ന് നിവേദനം: “സ്വഫിയ്യ رضي الله عنها ജൂതന്റെ മകളാണെന്ന് ഹഫ്സ رضي الله عنها പറഞ്ഞിരിക്കുന്നു എന്നുള്ള വിവരം അവർക്ക് കിട്ടി. ഇത് കേട്ടപ്പോൾ അവർ കരഞ്ഞു. കരഞ്ഞു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ നബി ﷺ അവിടെ കയറി വന്നു. നബി ﷺ ചോദിച്ചു; എന്തു പറ്റി? സഫിയ്യ رضي الله عنها പറഞ്ഞു: ഞാൻ ഒരു ജൂതന്റെ മകളാണെന്ന് എന്നെക്കുറിച്ച് ഹഫ്സ്വ رضي الله عنها പറഞ്ഞിരിക്കുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നീ ഒരു പ്രവാചകന്റെ മകളാണ്. നിന്റെ പിതൃവ്യൻ ഒരു പ്രവാചകൻ ആകുന്നു. ഇപ്പോഴും ഒരു പ്രവാചകന്റെ കീഴിലാകുന്നു നീ. പിന്നെ എന്തു കാര്യത്തിലാണ് ഹഫ്സ رضي الله عنها നിന്റെ മേലിൽ അഭിമാനം പറയുന്നത്. ശേഷം നബി ﷺ പറഞ്ഞു: ഹഫ്സാ, നീ അല്ലാഹുവിനെ ഭയപ്പെടുക. (അഹ്‌മദ്: 12392)

സ്വഫിയ്യرضي الله عنها യെ നബി ﷺ വിവാഹം കഴിക്കുമ്പോൾ അവർക്ക് 17 വയസ്സായിരുന്നു. ഹിജ്റ 50ൽ മുആവിയയുടെ ഭരണ കാലത്താണ് അവർ മരണപ്പെടുന്നത്. ബഖീഇൽ മറവ് ചെയ്യുകയും ചെയ്തു.
ഖൈബറിന്റെ വിഷയങ്ങളെല്ലാം അവസാനിച്ചപ്പോൾ ഹാരിസിന്റെ മകളും സല്ലാമുബ്നു മിശ്കമിന്റെ ഭാര്യയും ജൂതനായ മർഹബിന്റെ സഹോദരിയുമായ സൈനബ് വേവിച്ച ആട് നബി ﷺക്ക് സമ്മാനമായി നൽകി. ആടിന്റെ ഏതു ഭാഗമാണ് നബി ﷺക്ക് ഏറ്റവും ഇഷ്ടം എന്ന് അവൾ ചോദിച്ചിരുന്നു. കാലാണ് നബി ﷺക്ക് ഏറ്റവും ഇഷ്ടം എന്ന് അറിഞ്ഞപ്പോൾ അതിൽ കൂടുതൽ വിഷം പുരട്ടി. ആടിന്റെ ബാക്കിയുള്ള ഭാഗങ്ങളിലും വിഷം പുരട്ടിയിരുന്നു. അങ്ങിനെയാണ് അതുമായി അവർ നബി ﷺയിലേക്ക് വന്നത്. നബി ﷺ ആടിന്റെ കാലിൽ നിന്നും അൽപം മാംസം എടുത്ത് വായിലേക്കിട്ടു. താഴോട്ട് ഇറക്കിയില്ല. സഹാബികൾ തങ്ങളുടെ കൈകൾ മാംസത്തിലേക്ക് നീട്ടിയിരുന്നു. ബിശ്‌റുബ്നുൽ ബർറാഅ്‌ എന്ന സഹാബി അക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹം മാംസം താഴോട്ട് ഇറക്കുകയും ചെയ്തു. എന്നാൽ നബി ﷺ മാംസം വായിലിട്ട ഉടനെ തുപ്പിക്കളഞ്ഞു. ശേഷം തന്റെ അനുയായികളോട് പറഞ്ഞു: “ഇതിൽ വിഷം പുരട്ടിയിട്ടുണ്ട് എന്ന് ഈ എല്ല് എന്നോട് പറയുന്നു”.

അബൂഹുറൈറയിൽ നിന്ന് നിവേദനം; ഖൈബർ വിജയം കഴിഞ്ഞപ്പോൾ മാംസത്തി വിഷം പുരട്ടിയ ആട് നബി ﷺക്ക് സമ്മാനമായി നൽകപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: ഇവിടെയുള്ള ജൂതന്മാരെയെല്ലാം ഒരുമിച്ച് കൂട്ടുക. അങ്ങിനെ അവർ ഒരുമിച്ച് കൂട്ടപ്പെട്ടു. നബി ﷺ അവരോട് പറഞ്ഞു: നിങ്ങളോട് ഞാൻ ഒരുകാര്യം അന്വേഷിക്കുകയാണ്. സത്യം പറയുമോ? അവർ പറഞ്ഞു ഞങ്ങൾ സത്യം പറയാം അബുൽ കാസിം. അപ്പോൾ നബി ﷺ അവരോട് ചോദിച്ചു; ആരാണ് നിങ്ങളുടെ പിതാവ്! അവർ പറഞ്ഞു ഞങ്ങളുടെ പിതാവ് ഇന്ന ഇന്ന ആളാണ്. നബി ﷺ പറഞ്ഞു: അല്ല. നിങ്ങൾ പറഞ്ഞത് കളവാണ്. നിങ്ങളുടെ പിതാവ് ഇന്ന ആളാണ്. അവർ പറഞ്ഞു: അതെ, നിങ്ങൾ പറഞ്ഞത് സത്യമാണ്. അപ്പോൾ നബി ﷺ ചോദിച്ചു; ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സത്യം പറയാം അബുൽഖാസിം. ഞങ്ങളെങ്ങാനും കളവു പറഞ്ഞാൽ പിതാവിന്റെ കാര്യത്തിൽ പറഞ്ഞപ്പോൾ അത് കളവാണെന്ന് താങ്കൾക്ക് മനസ്സിലായത് പോലെ താങ്കൾക്ക് മനസ്സിലാകുമല്ലോ. അപ്പോൾ നബി ﷺ അവരോട് ചോദിച്ചു; ആരാണ് നരകാവകാശികൾ?. അവർ പറഞ്ഞു: ഞങ്ങൾ കുറച്ചു കാലം നരകത്തിലുണ്ടാകും. പിന്നെ നിങ്ങളും ഞങ്ങളുടെ പിറകെ വരും. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ ആ നരകത്തിൽ നിന്ദ്യരായി കഴിയുക. അല്ലാഹുവാണ് സത്യം, ഒരിക്കലും ഞങ്ങൾ നിങ്ങളുടെ പിറകെ വരികയില്ല. ശേഷം നബി ﷺ അവരോട് ചോദിച്ചു. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ. അവർ പറഞ്ഞു: സത്യം പറയാം. നബി ﷺ ചോദിച്ചു; നിങ്ങൾ ഈ ആടിൽ വിഷം പുരട്ടിയിട്ടുണ്ടോ? അവർ പറഞ്ഞു: ഉണ്ട്. നബി ﷺ ചോദിച്ചു; അതിനു നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണ്? അപ്പോൾ അവർ പറഞ്ഞു: താങ്കൾ വ്യാജനാണെങ്കിൽ ഈ മാംസത്തോടു കൂടി താങ്കളുടെ ജീവിതം അവസാനിക്കും. മറിച്ച് താങ്കൾ സത്യത്തിലുള്ള പ്രവാചകനാണ് എങ്കിൽ താങ്കൾക്ക് യാതൊരു ദോഷവും ഇത് വരുത്തുകയില്ല. ഇത് മനസ്സിലാക്കാൻ വേണ്ടിയാണ് ഞങ്ങൾ അങ്ങിനെ ചെയ്തത്. (ബുഖാരി: 5777)

നബി ﷺ ആ സ്ത്രീയെ വെറുതെ വിടുകയും അവർക്ക് മാപ്പുകൊടുക്കുകയും ചെയ്തു. എന്നാൽ മാംസം കഴിച്ച ബിശ്‌റുബ്നുൽബർറാഅ്‌ മരണപ്പെട്ടപ്പോൾ പ്രതിക്രിയ എന്ന നിലക്ക് ആ സ്ത്രീയെ നബി ﷺ കൊന്നു കളഞ്ഞു. വിഷം പുരട്ടപ്പെട്ട ഈ മാംസം കാരണം നബി ﷺക്ക് പലപ്പോഴും പ്രയാസം ഉണ്ടായിട്ടുണ്ട്. ഇബ്നു അബ്ബാസ് رضي الله عنه ൽ നിന്ന് നിവേദനം; “ഇഹ്റാമിൽ ആയിരിക്കെ നബി ﷺ ഹജാമ ചെയ്തു (കൊമ്പ് വെക്കൽ ചികിത്സ) വിഷം പുരട്ടിയ മാംസം കഴിച്ചതിന്റെ പേരിലായിരുന്നു അത്. ഖൈബറിൽ വെച്ച് കൊണ്ട് ഒരു സ്ത്രീയാണ് നബി ﷺക്ക് വിഷം പുരട്ടിയ മാംസം നൽകിയത്. (അഹ്‌മദ് : 3547)

ആയിഷ رضي الله عنها യിൽ നിന്ന് നിവേദനം; ” നബി ﷺ മരണാസന്നനായപ്പോൾ ഇപ്രകാരം പറഞ്ഞിരുന്നു. ആയിഷാ, ഖൈബറിൽ വെച്ചു കൊണ്ട് ഞാൻ ഭക്ഷിച്ച ഭക്ഷണത്തിന്റെ വേദന ഇന്നും ഞാൻ അനുഭവിക്കുകയാണ്. അതിന്റെ വിഷം കാരണത്താൽ എന്റെ ജീവ നാടി പൊട്ടുന്ന വേദനയുണ്ട്”. (ബുഖാരി: 4428)

മഹത്വത്തിന്റെ എല്ലാ പദവികളും ഇത്തരം കാര്യങ്ങളിലൂടെ അല്ലാഹു പ്രവാചകന് പൂർത്തിയാക്കിക്കൊടുക്കുകയാണ്. അതെ, നബി ﷺയായും റസൂലായും അല്ലാഹു അദ്ദേഹത്തെ നിശ്ചയിച്ചു. അധ്യാപകനും പ്രവാചകനുമാക്കി. മുജാഹിദും ശഹീദുമാക്കി. പ്രവാചകനിലും അവിടുത്തെ കുടുംബത്തിലും അനുയായികളിലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാകുമാറാകട്ടെ

ഫദ്‌ലുല്‍ ഹഖ് ഉമരി

 

തെളിച്ചം കൂടുന്ന നബി ജീവിതം – 8 പുതപ്പിനുള്ളിൽ നിന്ന് ഹൃദയങ്ങൾക്കുള്ളിലേക്ക് ….

തെളിച്ചം കൂടുന്ന നബി ജീവിതം - 8 പുതപ്പിനുള്ളിൽ നിന്ന് ഹൃദയങ്ങൾക്കുള്ളിലേക്ക് ....

ഹിറായിൽ നിന്ന് കിട്ടിയ പ്രഥമ വഹ്‌യിന്റെ ഭയത്തിൽ നിന്ന് തിരുനബി (സ) മോചിതനായിട്ടില്ല. അവിടുന്ന് വീട്ടിലാണ്. ഭാര്യ ഖദീജ (റ)കൂടെയുണ്ട്. എന്താണ് യഥാർത്ഥത്തിൽ കഴിഞ്ഞ രാത്രി സംഭവിച്ചത് എന്നതിൽ ഒരു വ്യക്തത ആവശ്യമുണ്ട്. ഖദീജ (റ) യുടെ ചിന്തകൾ മക്കയുടെ നാലു ഭാഗത്തേക്കും അശ്വവേഗതയിൽ പാഞ്ഞു; ഈ സംഭവത്തെ കുറിച്ച് ആരോട് അന്വേഷിക്കും?

ഉണ്ട്. ഒരാൾ ഉണ്ട്; തന്റെ പിതൃവ്യ പുത്രൻ വറക്കത്തു ബിൻ നൗഫൽ !

വിഗ്രഹാരാധനയോട് മുമ്പേ വിരോധം കാണിക്കുന്നയാളാണ് , വിഗ്രഹങ്ങൾക്കു വേണ്ടി അറുക്കപ്പെട്ടത് ഭക്ഷിക്കാത്ത വ്യക്തിയാണ്. ഹിബ്രു അറബി ഭാഷകളിൽ നല്ല നൈപുണ്യവും ഉണ്ട്. ഇപ്പോൾ പ്രായമായി വീട്ടിൽ തന്നെയാണ്. ഒരു കാലത്ത് തൗഹീദിന്റെ വെളിച്ചം തേടി നിരവധി യാത്രകൾ തന്നെ നടത്തിയിരുന്നു. അദ്ദേഹവും സൈദ് ബിൻ അംറും കൂടി ശാമിലേക്ക് നടത്തിയ ഒരു യാത്ര വലിയ വഴിത്തിരിവാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സൃഷ്ടിച്ചത്. അവിടെ നിന്നാണ് വേദക്കാരെ പരിചയപ്പെടുന്നതും വേദം പഠിക്കുന്നതും ശുദ്ധ ക്രിസ്ത്യാനിയാവുന്നതും. ഈസ (അ) ന്റെ മതം കലർപ്പില്ലാതെ ആചരിച്ച് ജീവിക്കുകയാണിപ്പോൾ.

അദ്ദേഹത്തിന്റെ കൂടെ ശാമിലേക്ക് പോയ സൈദ് ബിൻ അംറ് മില്ലത്തു ഇബ്രാഹീമിൽ അടിയുറച്ച് നിന്ന് മക്കയിലെ അനാചാരങ്ങൾക്കെതിരെ ശബ്ദിച്ച ഒരു വ്യക്തിയായിരുന്നു. അതുകൊണ്ടു തന്നെ മക്കക്കാർക്കിടയിൽ അനഭിമതനായിരുന്നു അദ്ദേഹം. ഒരു പ്രവാചകന്റെ വരവ് അടുത്ത് സംഭവിക്കും എന്നത് അദ്ദേഹത്തിനു അറിവുണ്ടായിരുന്നു. വരാനിരിക്കുന്ന പ്രവാചകനിൽ ഞാൻ വിശ്വാസിച്ചിരിക്കുന്നു എന്ന് അദ്ദേഹം പരസ്യമായി പറയാറുമുണ്ടാ

യിരുന്നു അദ്ദേഹം.

പക്ഷേ, അഞ്ചു വർഷം മുമ്പ് അദ്ദേഹം മരിച്ചു !

(ബുഖാരി : 3826 – 3827 ഹദീസുകൾ കാണുക)

ശരി, ഏതായലും വറക്കയുടെ അരികിൽ ചെന്നു നോക്കാം. അദ്ദേഹത്തോട് കാര്യങ്ങൾ പറയാം. അദ്ദേഹം മക്കയിലുണ്ടല്ലോ.

ഖദീജ (റ) തന്റെ പ്രിയതമനേയും കൂട്ടി വറക്കത്ത്‌ ബിൻ നൗഫലിന്റെ അരികിലേക്ക് ചെന്നു. തന്റെ ഭർത്താവിന്റെ കാര്യത്തിൽ ഒരു ഭാര്യയുടെ ഇടപെടൽ എത്ര മാതൃകാപരം! ഖദീജ (റ) യുടെ പിതൃവ്യപുത്രൻ കൂടിയാണ് വറകത്ത് ബിൻ നൗഫൽ.

” പ്രിയ പിതൃവ്യപുത്രാ! നിങ്ങളുടെ സഹോദര പുത്രനെ നിങ്ങളൊന്നു കേൾക്കൂ! “

നബി (സ) യുടെ പിതൃപരമ്പരയും വറകയുടെ പിതൃപരമ്പരയും കുസയ്യിബിൻ കിലാബിൽ ഒന്നിക്കുന്നുണ്ട്. ആ അർഥത്തിൽ വറകയുടെ സഹോദര പുത്രനാണ് നബി (സ). അക്കാര്യം ഓർമപ്പെടുത്തിയാണ് ഖദീജ (റ) സംസാരം തുടങ്ങിയത്. അവരുടെ ബുദ്ധി കൂർമതയും തന്റേടവും പ്രകടമാക്കുന്ന ഇടപെടലാണിത്.

തന്റെ കുടുംബത്തിൽ പെട്ടവരുടെ കാര്യത്തിൽ

പ്രത്യേക ശ്രദ്ധ എല്ലാവർക്കും ഉണ്ടാവുമല്ലോ. അത് തികച്ചും പ്രകൃതിപരവുമാണ്.

നബി (സ) തനിക്കുണ്ടായ അനുഭവങ്ങൾ വിശദമായി വിവരിച്ചു. എല്ലാം സാകൂതം ശ്രദ്ധിച്ച ശേഷം വറകത്ത് ബിൻ നൗഫൽ പറഞ്ഞു: “ഇത് മൂസാ (അ) യുടെ അടുക്ക് വന്ന “നാമൂസ് ” തന്നെയാണല്ലോ. നിങ്ങളുടെ പ്രബോധന കാലത്ത് എന്നിക്കൊരു

ചെറിയ മൃഗം ഉണ്ടായിരുന്നെങ്കിൽ ! നിങ്ങളുടെ സമൂഹം നിങ്ങളെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നെങ്കിൽ ! “

“എന്റെ ജനത എന്നെ നാട്ടിൽ നിന്ന് പുറത്താക്കുമെന്നോ?!!”

“അതെ”

“നിങ്ങൾ കൊണ്ടു വന്നതു പോലെയുള്ള സന്ദേശങ്ങളുമായി വന്നവരൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ദിനങ്ങളിൽ ഞാനുണ്ടെങ്കിൽ താങ്കളെ ഞാൻ ശക്തമായി പിന്തുണക്കും! തീർച്ച!”

പ്രായം ഏറെ ചെന്നിട്ടും സത്യത്തെ സഹായിക്കാനുള്ള തന്റെ ആഗ്രഹത്തിന് യുവത്വത്തിന്റെ ഊർജ്ജമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. നബി (സ) യുടെ നുബുവ്വത്തിനെ ആദ്യമായി തിരിച്ചറിഞ്ഞ് സ്വീകരിച്ച വ്യക്തിയും അദ്ദേഹമായി മാറി !

പക്ഷേ , താമസംവിനാ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

താനൊരു പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും, പ്രവാചകന്മാരുടെ അടുക്കൽ ദിവ്യ സന്ദേശവുമായി വരാറുള്ള ജിബ്രീൽ (അ ) യാണ് തന്റെ അടുത്ത് വന്നതെന്നും, ഈ ആദർശ മുന്നേറ്റത്തിനിടയിൽ തനിക്ക് നാട്ടിൽ നിന്ന് പുറത്ത് പോവേണ്ടി വരുമെന്നും നബി (സ) കൃത്യമായി ഉറപ്പിച്ചു!

ഇവിടം മുതൽ നബി (സ) യുടെ പ്രവാചകത്വ ജീവിതം തുടങ്ങുകയാണ്;ലോകം മാതൃകയാക്കേണ്ട തെളിച്ചമുള്ള ദിനങ്ങൾ !

പക്ഷേ, പിന്നീട് കുറച്ചു കാലത്തേക്ക് ക്വുർആനിക വചനങ്ങൾ ഒന്നും

അവതരിച്ചില്ല!

ആ ഇടവേള ശരിക്കും ഒരു പരീക്ഷണ ഘട്ടം തന്നെയായിരുന്നു.

ശേഷം, ജിബ്രീലിനെ നബി തിരുമേനി (സ) വീണ്ടും കണ്ടു !

ഇത്തവണ

വാന ഭൂമികൾക്കിടയിൽ ചിറകു വിടർത്തി നിൽക്കുന്ന ജിബ്രീലിന്റെ ശരിക്കുള്ള രൂപമാണ് കണ്ടത്!

അതു കണ്ട് വീണ്ടും ഭയന്നു! വീട്ടിലേക്കോടി ! ഖദീജ (റ)

സാന്ത്വനത്തിന്റെ പുതപ്പിനുള്ളിൽ വീണ്ടും അഭയം തേടി!

അതാ വന്നു ദിവ്യസൂക്തങ്ങൾ !

(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ یَـٰۤأَیُّهَا ٱلۡمُدَّثِّرُ ۝ قُمۡ فَأَنذِرۡ ۝ وَرَبَّكَ فَكَبِّرۡ ۝ وَثِیَابَكَ فَطَهِّرۡ ۝ وَٱلرُّجۡزَ فَٱهۡجُرۡ)

[سورة المدثر 1 – 5]

“ഹേ, പുതച്ചു മൂടിയവനേ,

എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.

നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും

നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും

പാപം വെടിയുകയും ചെയ്യുക”

ഹിറായിൽ നിന്ന് കിട്ടിയത് അഞ്ച് സൂക്തങ്ങൾ .

ഇപ്പോൾ കിട്ടിയതും അഞ്ച് സൂക്തങ്ങൾ!

ഇതോടെ നബി എന്ന പദവിയിൽ നിന്ന് റസൂൽ എന്ന പദവിയിലേക്ക് കൂടി അവിടുന്ന് ഉയർന്നു!

പിന്നീട് വഹ്‌യുകൾ തുടരെ വന്നു.

ഇനിയാണ് ലോകത്തെ വെളിച്ചത്തിലേക്ക് വിളിക്കുക എന്ന മഹാ ഉത്തരവാദിത്തം പ്രയോഗവൽകരിക്കേണ്ടത് ! ഭാരിച്ച പണിയാണത് ! പക്ഷേ റസൂൽ (സ) അത് മനോഹരമായി നിർവഹിച്ചു!

ആ മനോഹാരിതയിലേക്കാണ് ഇനി നമ്മുടെ യാത്ര!

പുതപ്പിനുള്ളിൽ നിന്ന് നബി തിരുമേനി(സ) ജനകോടികളുടെ ഹൃദയങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കുന്ന നയനാനന്ദകരമായ കാഴ്ച നമുക്കവിടെ ദർശിക്കാം. ഇൻശാ അല്ലാഹ് .

അതിനു മുമ്പ് ഒരു കാര്യം സൂചിപ്പിക്കട്ടെ.

നബി ജീവിതത്തിന്റെ പ്രകാശത്തിനു മുമ്പിൽ ഇരുട്ടിന്റെ മറകൾ പടക്കാൻ ശ്രമിക്കുന്നവരുടെ ദുരാരോപണങ്ങളുടെ എട്ടുകാലി വലകൾ തകർന്നടിയുന്ന കാഴ്ചകൾ ഇവിടെ നാം കാണുന്നു !

പ്രവാചകത്വം ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം, അതിനു വേണ്ടിയാണ് ഹിറായിൽ പോയിരുന്നത് എന്നതാണ് ചിലരുടെ ആരോപണം.

എങ്കിൽ എന്തിനാണ് അവിടുന്ന് ഭയന്നോടിയത് ? തുള്ളിച്ചാടുകയല്ലേ വേണ്ടത് ?

കൊതിച്ചതാണെങ്കിൽ എന്തിനു 40 വരെ കത്തിരിക്കണം ?

വറകയുടെ പക്കൽ പിന്നെ എന്തിനു പോയി ?

ദുരാരോപണത്തിന്റെ നിരർഥകത ഇതിൽ നിന്നു വ്യക്തം.

ക്വുർആൻ തിരുനബിയുടെ രചനയാണ് എന്നതാണ് മറ്റൊരു ആരോപണം.

സ്വന്തത്തെ ആക്ഷേപിച്ച് ആരെങ്കിലും ഒരു രചന തുടങ്ങുമോ? രണ്ടാമത്തെ അഞ്ചു വചനങ്ങൾ ഈ ദുരാരോപണത്തിനുള്ള തിരുത്താണ് .

മുൻ വേദങ്ങളിൽ നിന്ന് കോപ്പിയടിച്ചതാണ് എന്നതാണ് മറ്റൊരു ” കണ്ടെത്തൽ “!

ആദ്യത്തെ അഞ്ചു വചനങ്ങൾ അതിനുള്ള മറുപടിയാണ് ! ഏതു ഗ്രന്ഥത്തിലാണ് ഈ വചനങ്ങൾ ഇതിനു മുമ്പ് വന്നത്?! ഇല്ല!

മാത്രവുമല്ല; അതിൽ പറഞ്ഞ “അലകി ” ന്റെ പരാമർശം അന്നും ഇന്നും അത്ഭുതമായി നിലകൊള്ളുകയും ചെയ്യുന്നു !

വായിക്കാനറിയില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരാളുടെ വാക്യങ്ങൾക്ക് ഈ അത്ഭുതം സൃഷ്ടിക്കാനാവുമോ?

ഇല്ല ! തീർച്ച!

ഇതു റബ്ബിന്റെ വചനങ്ങൾ തന്നെ!

സംശയമില്ല!

ചുരുക്കത്തിൽ ക്വുർആനിനെ സംശയിക്കുന്ന വർക്കെല്ലാം ആദ്യത്തെ പത്തു വചനത്തിൽ തന്നെ മറുപടിയുണ്ടെന്നർഥം!

 

അബ്ദുൽ മാലിക് സലഫി