നബി ചരിത്രം - 80 - ഹിജ്റ എട്ടാം വർഷം [ഭാഗം: 2]
അംറുബ്നുൽആസ്വിന്റെ ഇസ്‌ലാം സ്വീകരണം.
സുദീർഘമായ ഒരു കഥയാണ് അംറുബ്നുൽആസ്വിന്റെرضي الله عنه ഇസ്‌ലാം സ്വീകരണം. അംറുബ്നുൽ ആസ് رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധം കഴിഞ്ഞ് തിരിച്ചു പോയപ്പോൾ ഞാൻ ഖുറൈശികളിലെ ചില ആളുകളെ ഒരുമിച്ചു കൂട്ടി. എന്റെ സ്ഥാനത്തെക്കുറിച്ച് അവർക്ക് നന്നായി അറിയാമായിരുന്നു. ഞാൻ പറയുന്നത് അവർ കേൾക്കുകയും ചെയ്യും. ഞാൻ അവരോട് പറഞ്ഞു: മുഹമ്മദിﷺന്റെ കാര്യം നാൾക്കുനാൾ കുതിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. എനിക്ക് ഒരു അഭിപ്രായം തോന്നുകയാണ്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?. അവർ ചോദിച്ചു; എന്താണ് താങ്കളുടെ അഭിപ്രായം?. അംറ് പറഞ്ഞു: നമുക്ക് നജ്ജാശിയുടെ അടുക്കലേക്ക് പോകാം. എന്നിട്ട് അവിടെ താമസിക്കാം. നമ്മുടെ ആളുകളിൽ മുഹമ്മദ്ﷺ വിജയം നേടുകയാണെങ്കിൽ നമുക്ക് നജ്ജാശിയുടെ അടുക്കൽ സ്ഥിരതാമസമാക്കാം. മുഹമ്മദിﷺന്റെ കീഴിൽ നമ്മൾ ജീവിക്കുന്നതിനേക്കാൾ നല്ലത് നജ്ജാശിയുടെ കീഴിൽ ജീവിക്കുന്നതാണ്. ഇനി നമ്മുടെ ആളുകൾ വിജയിക്കുകയും മുഹമ്മദ്ﷺ പരാജയപ്പെടുകയും ചെയ്യുകയാണെങ്കിൽ നമ്മൾ അറിയുന്ന ആളുകളാണ്. അവരിൽ നിന്നും നന്മയല്ലാതെ നമുക്ക് ലഭിക്കുകയില്ല. അപ്പോൾ ആളുകൾ പറഞ്ഞു: ഇതൊരു നല്ല അഭിപ്രായമാണ്. അംറ് പറഞ്ഞു. നജ്ജാശി രാജാവിന് കൊടുക്കുവാനുള്ള സമ്മാനങ്ങൾ തയ്യാറാക്കുക.
നജ്ജാശിക്ക് മക്കയിൽ നിന്നും കൊണ്ടു പോകുന്നതിൽ ഏറ്റവും ഇഷ്ടമുള്ളത് അവിടത്തെ കറികളായിരുന്നു. അങ്ങിനെ ഒരുപാട് തരം കറികൾ ഞങ്ങൾ തയ്യാറാക്കി. ഞങ്ങൾ പുറപ്പെടുകയും നജ്ജാശിയുടെ അടുക്കൽ എത്തുകയും ചെയ്തു. ജഅ്‌ഫറിനെയും അനുയായികളെയും സഹായിക്കുന്നതിനു വേണ്ടി അംറുബ്നു ഉമയ്യതുള്ളംരിرضي الله عنهയെ നബിﷺ അബീസീനിയയിലേക്ക് അയച്ചിരുന്ന സന്ദർഭമായിരുന്നു അത്. അംറുബ്നു ഉമയ്യرضي الله عنه നജ്ജാശിയെ കണ്ട് സംസാരിച്ചു അവിടെ നിന്നും പുറത്ത് പോന്ന സന്ദർഭത്തിൽ ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു: ഇതാണ് അംറുബ്നു ഉമയ്യرضي الله عنه. ഞാൻ നജ്ജാശിയുടെ അടുക്കൽ പ്രവേശിച്ചാൽ അംറുബ്നു ഉമയ്യرضي الله عنهയെ എനിക്ക് വിട്ടു തരണമെന്ന് ഞാൻ ആവശ്യപ്പെടും. അങ്ങിനെ അയാളുടെ കഴുത്ത് ഞാൻ വെട്ടും.
അംറ് പറയുകയാണ്: അങ്ങിനെ ഞാൻ നജ്ജാശിയുടെ അടുക്കലേക്ക് പ്രവേശിച്ചു. പതിവ് പ്രകാരം അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ സുജൂദ് ചെയ്തു. നജ്ജാശി പറഞ്ഞു: എന്റെ കൂട്ടുകാരന് സ്വാഗതം. നിന്റെ രാജ്യത്തു നിന്നും എനിക്ക് സമ്മാനമായി വല്ലതും കൊണ്ടുവന്നിട്ടുണ്ടോ? ഞാൻ പറഞ്ഞു: ഉണ്ട് രാജാവേ, താങ്കൾക്ക് വേണ്ടി ഒരുപാട് കറികൾ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. അങ്ങിനെ ഞാൻ അവയെല്ലാം രാജാവിന്റെ മുമ്പിൽ സമർപ്പിച്ചു. രാജാവിന് അതെല്ലാം ഇഷ്ടപ്പെടുകയും അതിനോട് ഏറെ കൊതിക്കുകയും ചെയ്തു. ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അല്ലയോ രാജാവേ, നിങ്ങളുടെ അടുത്ത് നിന്നും ഇപ്പോൾ ഇറങ്ങിപ്പോയവരെ ഞാൻ കണ്ടു. ഞങ്ങളുടെ ശത്രുവായവരുടെ ദൂതനാകുന്നു അദ്ദേഹം. അദ്ദേഹത്തെ എനിക്ക് വിട്ടു തരുമോ? ഞാൻ അദ്ദേഹത്തെ കൊല്ലട്ടെ. ഞങ്ങളുടെ പ്രമാണിമാരെയും ഞങ്ങളിൽ നല്ലവരായ ആളുകളെയും പ്രയാസപ്പെടുത്തുന്ന വ്യക്തിയാണദ്ദേഹം. ഇതു കേട്ടപ്പോൾ നജ്ജാശിക്കു ദേഷ്യം വന്നു. നജ്ജാശി തന്റെ കൈ നീട്ടിപ്പിടിച്ച് എന്റെ മൂക്കിന് ഒരു ഇടി തന്നു. എന്റെ മൂക്ക് പൊട്ടിപ്പോയി എന്നാണ് ഞാൻ കരുതിയത്. ഭൂമി ഒന്ന് പിളർന്നു കിട്ടിയിരുന്നെങ്കിൽ അതിനുള്ളിലേക്ക് ഞാൻ പോകുമായിരുന്നു. അത്രയ്ക്ക് ഭയം എന്നെ പിടി കൂടി.
ഞാൻ ചോദിച്ചു; അല്ലയോ രാജാവേ, ഞാൻ ചോദിച്ചത് താങ്കൾക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു. അപ്പോൾ നജ്ജാശി പറഞ്ഞു: മൂസാ നബിعليه السلام യുടെ അടുക്കൽ വന്നിരുന്ന നാമൂസ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ഒരു വ്യക്തി അയച്ച ദൂതനെ നിനക്ക് കൊല്ലാൻ വിട്ടു തരണം എന്നാണോ നീ പറയുന്നത്? അപ്പോൾ അംറുബ്നുൽ ആസ്رضي الله عنه ചോദിച്ചു. അല്ലയോ രാജാവേ അങ്ങനെയാണോ കാര്യം?!. നജ്ജാശി പറഞ്ഞു: അംറേ എന്തുപറ്റി നിനക്ക്. നീ എന്നെ അനുസരിക്കുകയും ആ പ്രവാചകനെ പിൻപറ്റുകയും ചെയ്യുക. അല്ലാഹുവാണ് സത്യം, ആ പ്രവാചകൻ സത്യത്തിന്റെ മാർഗ്ഗത്തിലാണ്. ഫിർഔനിന്നും സൈന്യത്തിനും എതിരിൽ മൂസാ നബിعليه السلام വിജയിച്ചതു പോലെ തന്റെ എതിരാളികളിലെല്ലാം ഈ പ്രവാചകൻ വിജയം നേടുക തന്നെ ചെയ്യും. അംറ് പറഞ്ഞു: എങ്കിൽ ഇസ്ലാമിന്റെ കാര്യത്തിൽ എനിക്ക് ബൈഅത്തു തരണം. അങ്ങിനെ നജ്ജാശി തന്റെ കൈ നീട്ടുകയും ഞാൻ ബൈഅത്ത് ചെയ്യുകയും ചെയ്തു. ഞാൻ എന്റെ കൂട്ടുകാരുടെ അടുക്കലേക്ക് മടങ്ങിപ്പോയി.
എന്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഞാൻ മാറിക്കഴിഞ്ഞിരുന്നു. എന്നാൽ ഞാൻ മുസ്ലിമായ കാര്യം അവരുടെ മുമ്പിൽ വെളിപ്പെടുത്തിയില്ല. ശേഷം ഞാൻ ഇസ്ലാമിന്റ കാര്യത്തിൽ ബൈഅത്ത് ചെയ്യുന്നതിനു വേണ്ടി മുഹമ്മദ് നബിﷺയുടെ അടുക്കലേക്കു പുറപ്പെട്ടു. വഴിയിൽ വെച്ച് കൊണ്ട് ഞാൻ ഖാലിദുബ്നുൽവലീദിرضي الله عنهനെ കണ്ടുമുട്ടി. മക്കം ഫതഹിന് തൊട്ടു മുമ്പായിരുന്നു അത്. മക്കയിൽ നിന്നും വരികയായിരുന്നു അദ്ദേഹം. ഞാൻ ചോദിച്ചു; അല്ലയോ അബൂ സുലൈമാൻ എങ്ങോട്ടാണ് താങ്കൾ പോകുന്നത്? ഖാലിദുബ്നുൽ വലീദ്رضي الله عنه പറഞ്ഞു: അല്ലാഹുവാണ് സത്യം, എന്റെ വീക്ഷണം ഇപ്പോൾ ശരിയായ മാർഗത്തിലായിരിക്കുന്നു. മുഹമ്മദ്ﷺ അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാണ്. മുഹമ്മദിﷺന്റെ അടുക്കലേക്ക് ഞാൻ പോവുകയാണ്. അല്ലാഹുവാണ് സത്യം, ഞാൻ മുസ്‌ലിമാവുകയാണ്. ഇനി ഏതു വരെയാണ് കാത്തു നിൽക്കുക? ഇതു കേട്ടപ്പോൾ അംറുബ്നുൽആസ്رضي الله عنه പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാനും ഒരു മുസ്‌ലിമാകാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടതാണ്.
അങ്ങിനെ ഞങ്ങളൊന്നിച്ച് നബിﷺയുടെ അടുക്കൽ എത്തി. ഖാലിദുബ്നുൽ വലീദ്رضي الله عنه മുസ്‌ലിമാവുകയും ബൈഅത്ത് ചെയ്യുകയും ചെയ്തു. ശേഷം ഞാൻ നബിﷺയുടെ അടുക്കലേക്ക് ചേർന്നു നിന്നു. എന്നിട്ട് ഞാൻ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, എന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുത്തു കിട്ടുമെന്ന വ്യവസ്ഥയോടു കൂടിയേ ഞാൻ ഇസ്‌ലാം സ്വീകരിക്കുകയുള്ളു. എന്തൊക്കെയാണ് ഞാൻ ചെയ്തത് എന്ന് എനിക്ക് ഓർമ്മയില്ല. എനിക്ക് വീഴ്ച വന്നു പോയ വിഷയങ്ങളിലും എനിക്ക് പൊറുത്തു കിട്ടണം. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞു: അല്ലയോ അംറ്. നിങ്ങൾ ബൈഅത്തു ചെയ്യുക. ഇസ്‌ലാം മുമ്പുള്ള പാപങ്ങളെ ഇല്ലാതെയാക്കുന്നു. ഹിജ്റയും മുമ്പുള്ള തിന്മകളെ ഇല്ലാതെയാകുന്നു. അങ്ങിനെ ഞാൻ നബിﷺയോട് ബൈഅത്ത് ചെയ്യുകയും അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്തു. (അഹ്‌മദ്: 17777)
അംറുബ്നുൽആസിന്റെرضي الله عنه ഇസ്‌ലാം സ്വീകരണത്തെ പുകഴ്ത്തിക്കൊണ്ട് നബിﷺ ഇപ്രകാരം പറയുകയുണ്ടായി: “ജനങ്ങളെല്ലാം മുസ്ലിമായി. അംറുബ്നുൽആസ്വ് മുഅ്‌മിനായി”(അഹ്‌മദ്: 17413) അംറുബ്നുൽആസ്വ്رضي الله عنه ഇസ്‌ലാം സ്വീകരിച്ചപ്പോൾ നബിﷺ അദ്ദേഹത്തെ തന്നിലേക്ക് അടുപ്പിക്കുകയും എപ്പോഴും ചേർത്തു നിർത്തുകയും ചെയ്യാറുണ്ടായിരുന്നു. അംറിرضي الله عنهന്റെ വിജ്ഞാനവും അദ്ദേഹത്തിന്റെ സ്ഥാനവും ധൈര്യവുമൊക്കെയായിരുന്നു അതിനുള്ള കാരണം. അഭിപ്രായം പറയുന്നതിലും ബുദ്ധി ശക്തിയിലും മനക്കരുത്തിലും ഉൾകാഴ്ചയിലും യുദ്ധ കാര്യങ്ങളിലും ഖുറൈശികളിലെ പ്രഗൽഭന്മാരിൽ പെട്ട ആളായിരുന്നു അംറുബ്നുൽആസ്رضي الله عنه.
അറേബ്യൻ രാജാക്കന്മാരിൽ പ്രധാനിയായിരുന്നു അദ്ദേഹം. മുഹാജിറുകളിലെ കണ്ണായ വ്യക്തിയായിരുന്നു. ബുദ്ധി കൂർമ്മതയിലും ചിന്താ ശക്തിയിലും ഉപമയായി അംറ് പറയപ്പെടാറുണ്ടായിരുന്നു.
മുസ്‌ലിംകൾക്കെതിരെ വലിയ ക്രൂര കൃത്യങ്ങൾ ചെയ്ത വ്യക്തിയായിരുന്നു അംറുബ്നുൽ ആസ്വ്رضي الله عنه. അദ്ദേഹം മുസ്‌ലിമായപ്പോൾ മുമ്പു മുഹമ്മദ് നബിﷺക്ക് എതിരെ ചെയ്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ബഹുമാനം കാരണത്താലും ലജ്ജ കാരണത്താലും പലപ്പോഴും മുഹമ്മദ് നബിﷺയെ നോക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഹിജ്റ വർഷം 43 ലാണ് അംറുബ്നുൽ ആസ്വ്رضي الله عنه മരണപ്പെടുന്നത്. അന്ന് എൺപത്തി ചില്ലറ വയസ്സായിരുന്നു അദ്ദേഹത്തിന്. മിസ്വ്‌റിന്റെ ഗവർണർ സ്ഥാനം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്.
“ശിമാസതുൽമഹ്‌രിرضي الله عنهയിൽ നിന്നും നിവേദനം; അംറുബ്നുൽആസ്വ്رضي الله عنهന് മരണം അടുത്ത സമയത്ത് അദ്ദേഹത്തിന്റെ അടുക്കൽ ഞങ്ങൾ ഹാജരായി. അദ്ദേഹം ദീർഘമായി കരയുകയായിരുന്നു. തന്റെ മുഖം ചുമരിന്റെ ഭാഗത്തേക്ക് തിരിച്ചു പിടിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മകൻ ചോദിച്ചു. അല്ലയോ പിതാവേ, അല്ലാഹുവിന്റെ പ്രവാചകൻ അങ്ങേയ്ക്ക് ഇന്ന ഇന്ന സന്തോഷ വാർത്തകളൊക്കെ നൽകിയിട്ടില്ലേ? അപ്പോൾ അദ്ദേഹം തന്റെ മുഖം ഇങ്ങോട്ട് തിരിച്ചു കൊണ്ട് പറഞ്ഞു: നാം തയ്യാറാക്കി വെക്കുന്നതിൽ ഏറ്റവും ശ്രേഷ്ഠമായത് ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ പ്രവാചകണെന്നോള്ള സാക്ഷ്യ വചനങ്ങളാണ്. എനിക്ക് എന്റെ ജീവിതത്തിൽ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. അല്ലാഹുവിന്റെ പ്രവാചകനോട് എന്നെക്കാൾ വെറുപ്പുള്ള മറ്റൊരാളും എനിക്ക് ഉണ്ടായിരുന്നില്ല. അവസരം ലഭിച്ചാൽ അല്ലാഹുവിന്റെ പ്രവാചകനെ കൊല്ലുന്നതിനേക്കാൾ സന്തോഷകരമായ മറ്റൊരു കാര്യവും എനിക്കുണ്ടായിരുന്നില്ല. ഞാനെങ്ങാനും ആ അവസ്ഥയിൽ മരണപ്പെട്ടിരുന്നു എങ്കിൽ നരകക്കാരനായി ഞാൻ മാറുമായിരുന്നു.
എന്നാൽ അല്ലാഹു എന്റെ ഹൃദയത്തിൽ ഇസ്ലാമിനെ ഇട്ടു തന്നപ്പോൾ ഞാൻ നബിﷺയുടെ അടുത്തു ചെന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കളുടെ കൈ നീട്ടി തരൂ ഞാൻ ബൈഅത് ചെയ്യട്ടെ. അപ്പോൾ നബിﷺ തന്റെ കൈ നീട്ടി. ഉടനെ ഞാൻ എന്റെ കൈ പിറകോട്ട് വലിച്ചു. നബിﷺ ചോദിച്ചു; എന്തു പറ്റി അംറേ നിനക്ക്? ഞാൻ പറഞ്ഞു: എനിക്ക് ഒരു നിബന്ധന വക്കാനുണ്ട്. നബിﷺ ചോദിച്ചു; എന്ത് നിബന്ധനയാണ് നിനക്ക് വക്കാനുള്ളത്? ഞാൻ പറഞ്ഞു എന്റെ പാപങ്ങളെല്ലാം എനിക്ക് പുറത്തു കിട്ടണം. നബിﷺ പറഞ്ഞു: ഇസ്‌ലാം അതിനു മുമ്പുള്ളതിനെയെല്ലാം തകർത്തു കളയുന്നു എന്നും ഹിജ്റ അതിനു മുമ്പുള്ളവയെയെല്ലാം തകർത്തുകളയും എന്നും ഹജ്ജ് അതിനു മുമ്പുള്ളതിനെയെല്ലാം തകർത്തു കളയും എന്നും നിനക്കറിയില്ലേ?!. പിന്നീട് മുഹമ്മദ് നബിﷺയോളം സ്നേഹമുള്ള മറ്റൊരാളും എനിക്കുണ്ടായിരുന്നില്ല. എന്റെ കണ്ണിൽ മുഹമ്മദ് നബിﷺയെക്കാൾ ബഹുമാനമുള്ള മറ്റൊരാൾ ഉണ്ടായിരുന്നില്ല. നബിﷺയോടുള്ള ബഹുമാനത്താൽ എന്റെ കണ്ണ് നിറയെ എനിക്ക് നബിﷺയെ നോക്കാൻ പോലും സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ നബിﷺയെ കുറിച്ച് വർണ്ണിക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ എനിക്ക് അതിന് സാധ്യമല്ല. ആ സമയത്ത് ഞാൻ മരണപ്പെട്ടിരുന്നു എങ്കിൽ സ്വർഗ്ഗക്കാരനാകാൻ ഞാൻ ആഗ്രഹിക്കുമായിരുന്നു.
പിന്നീട് ഒരുപാട് കാര്യങ്ങൾ എന്നിൽ ഏൽപ്പിക്കപ്പെട്ടു. അതിലെല്ലാം എന്റെ അവസ്ഥകൾ എന്താണെന്ന് പോലും എനിക്കറിയില്ല. ഞാൻ മരിച്ചു കഴിഞ്ഞാൽ മയ്യിത്തിന്റെ പേരിൽ വിലപിക്കുന്നവർ എന്റെ കൂടെ പോരരുത്. എന്റെ മയ്യിത്തിന്റെ കൂടെ തീ കൊണ്ട് അനുഗമിക്കരുത്. എന്നെ മറമാടിക്കഴിഞ്ഞാൽ എന്റെ മുകളിൽ നിങ്ങൾ മണ്ണ് വാരി ഇടുക. ശേഷം ഒരു ഒട്ടകത്തെ അറുത്ത അതിന്റെ മാംസം വിതരണം ചെയ്യുന്ന അത്രയും സമയം എന്റെ ഖബറിന് ചുറ്റും നിങ്ങൾ നിൽക്കണം. എനിക്ക് നിങ്ങളെക്കൊണ്ട് ആശ്വാസം ലഭിക്കുവാനും എന്റെ റബ്ബിന്റെ ദൂതൻമാരോട് ഞാൻ എന്ത് മറുപടി പറയും എന്ന് നോക്കുവാൻ വേണ്ടി കൂടിയാണത്. (മുസ്‌ലിം: 121)
ഫദ്‌ലുല്‍ ഹഖ് ഉമരി