നബി ചരിത്രം - 79 - ഹിജ്റ എട്ടാം വർഷം [ഭാഗം: 1]
ചില സുപ്രധാന സംഭവങ്ങൾ.
(ഒന്ന്) എട്ടാം വർഷത്തിന്റെ തുടക്കത്തിൽ നബിﷺയുടെ പുത്രി സൈനബ്رضي الله عنها മരണപെട്ടു. അബുൽ ആസ് ഇബ്നു റബീആرضي الله عنهയിരുന്നു അവരുടെ ഭർത്താവ്. നബിﷺയുടെ മൂത്ത മകളാണ് സൈനബ്رضي الله عنها. നാല് പെൺമക്കളാണ് നബിﷺക്കുണ്ടായിരുന്നത്. സൈനബ്رضي الله عنها റുഖിയ്യرضي الله عنها ഉമ്മു കുൽസൂംرضي الله عنها ഫാത്വിമرضي الله عنها എന്നിവരായിരുന്നു അവർ. സൈനബിرضي الله عنهاനെ നബിﷺ ഏറെ ഇഷ്ടപ്പെടുകയും അവരെ എപ്പോഴും പുകഴ്ത്തി പറയുകയും ചെയ്യാറുണ്ടായിരുന്നു. 30 കൊല്ലമാണ് അവർ ജീവിച്ചത്. മദീനയിൽ ഭർത്താവിനോടൊപ്പം ഏതാണ്ട് ഒരു വർഷം മാത്രമേ ജീവിച്ചിട്ടുള്ളൂ. അപ്പോഴേക്കും അവർ മരണപ്പെട്ടു. അബുൽ ആസ്വിൽرضي الله عنه നിന്നും സൈനബക്കുണ്ടായ മകളാണ് ഉമാമرضي الله عنه. ഈ കുട്ടിയെയായിരുന്നു നബിﷺ നമസ്കാര സന്ദർഭത്തിൽ പോലും എടുത്തിരുന്നത്.
ഫാത്തിമ رضي الله عنها യുടെ മരണ ശേഷം അലിرضي الله عنه ഉമാമرضي الله عنها യെ കല്യാണം കഴിച്ചു. അലി എന്ന് പേരുള്ള ഒരു കുട്ടിയും സൈനബرضي الله عنها ക്കുണ്ടായിരുന്നു. മക്കം ഫതഹിന്റെ സന്ദർഭത്തിൽ തന്റെ വാഹനത്തിന്റെ പിറകിലായിരുന്നു നബിﷺ കുട്ടിയെ ഇരുത്തിയിരുന്നത്. നബിﷺ ജീവിച്ചിരിക്കെ തന്നെ പ്രായപൂർത്തിയാകുന്നതോടെ ആ കുട്ടി മരണപ്പെട്ടു. ‘ഉമ്മു അതിയ്യ رضي الله عنها യിൽ നിന്നും നിവേദനം ; സൈനബرضي الله عنها മരണപ്പെട്ട ദിവസം നബിﷺ ഞങ്ങളുടെ അടുക്കലേക്കു വന്നു. എന്നിട്ട് പറഞ്ഞു: മൂന്നോ അഞ്ചോ തവണ അവരെ കുളിപ്പിക്കുക. ആവശ്യമായി വരികയാണെങ്കിൽ അതിൽ കൂടുതലും ആകാം. വെള്ളവും താളിയും ഉപയോഗിച്ച് കഴുകണം. അവസാനം കർപ്പൂരം ഉപയോഗിക്കണം. കുളിപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾ എന്നെ വിവരമറിയിക്കുക….”( ബുഖാരി: 1253. മുസ്‌ലിം: 939)
(രണ്ട്) ഹിജ്റ എട്ടാം വർഷത്തിൽ മദ്യം എന്നെന്നേക്കുമായി നിരോധിക്കപ്പെട്ടു.”സത്യ വിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.”(മാഇദ 90)
“സഅ്‌ദുബ്നു അബീ വഖാസിرضي الله عنه ൽ നിന്നും നിവേദനം; മുഹാജിറുകളും അൻസാറുകളുമുള്ള ഒരു സംഘത്തിന്റെ അടുക്കലേക്ക് ഞാൻ ചെന്നു. അവർ പറഞ്ഞു: വരൂ ഞങ്ങൾ നിങ്ങളെ കള്ളു കുടിപ്പിടിക്കാം. കള്ള് നിഷിദ്ധമാക്കപ്പെടുന്നതിനു മുമ്പായിരുന്നു അത്. അങ്ങിനെ ഞാൻ അവരുടെ കൂടെ ഒരു തോട്ടത്തിലേക്ക് ചെന്നു. ഒട്ടകത്തിന്റെ തല അവിടെ ചുട്ടു വെച്ചിട്ടുണ്ടായിരുന്നു. കൂടെ മദ്യം നിറച്ച തോൽ പാത്രവും ഉണ്ട്. അങ്ങിനെ ഞാൻ അവരുടെ കൂടെ തിന്നുകയും കുടിക്കുകയും ചെയ്തു. അവിടെ വെച്ചു കൊണ്ട് മുഹാജിറുകളെക്കുറിച്ചും അൻസാറുകക്കുറിച്ചും ഞാൻ അവരോട് പറഞ്ഞു. അതായത് അൻസാരികളെക്കാൾ നല്ലവരാണ് മുഹാജിറുകൾ എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ കൂട്ടത്തിൽ നിന്നും ഒരാൾ എന്റെ മുടി പിടിച്ചു വലിച്ച് എന്നെ അടിച്ചു. അങ്ങിനെ എന്റെ മൂക്കിന് മുറിവു പറ്റി. ഞാൻ നബിﷺ യുടെ അടുക്കലേക്ക് വന്നു. ഉണ്ടായ സംഭവങ്ങൾ നബിﷺ യോട് പറയുകയും ചെയ്തു. അങ്ങിനെ എന്റെ കാര്യത്തിലാണ് കള്ളുമായി ബന്ധപ്പെട്ട ആയത്ത് ഇറങ്ങിയത്. കള്ളും ചൂതാട്ടവും പ്രശ്നം നോക്കാനുള്ള അമ്പുകളും പ്രതിഷ്ഠകളും എല്ലാം പൈശാചികമാകുന്നു എന്നു പറയുന്ന ആയത്ത്. (മുസ്ലിം mb2 2412)
“ഇബ്നു അബ്ബാസിرضي الله عنه ൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: സഖീഫ് ദൗസ് ഗോത്രത്തിൽ നിന്നുമുള്ള ഒരു കൂട്ടുകാരൻ നബിﷺക്കുണ്ടായിരുന്നു. ഫത്ഹ് മക്കയുടെ ദിവസം ആ കൂട്ടുകാരൻ വാഹനത്തിലായിരിക്കെ നബിﷺയെ കണ്ടു മുട്ടി. നബിﷺക്ക് സമ്മാനമായി കൊടുക്കുവാനുള്ള മദ്യവും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു. അപ്പോൾ നബിﷺ ചോദിച്ചു; മദ്യം നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് നിങ്ങൾക്കറിയില്ലേ? ഇത് കേട്ടപ്പോൾ ആ വ്യക്തി തന്റെ ഭൃത്യനോട് പറഞ്ഞു: ഈ മദ്യം കൊണ്ടു പോയി വിൽക്കുക. അപ്പോൾ നബിﷺ പറഞ്ഞു: കുടിക്കൽ നിഷിദ്ധമാക്കപ്പെട്ടവ വിൽക്കലും നിഷിദ്ധമാണ്. അപ്പോൾ അത് ഒഴിച്ചു കളയുവാൻ ആ വ്യക്തി ആവശ്യപ്പെട്ടു. അപ്രകാരം ചെയ്യുകയും ചെയ്തു. (മുസ്‌ലിം: 1579)
അനസുബ്നു മാലികിرضي الله عنه ൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: അബൂ ത്വൽഹرضي الله عنه യുടെ വീട്ടിൽ ആളുകൾക്ക് മദ്യം ഒഴിച്ചു കൊടുക്കുന്ന ആളായിരുന്നു ഞാൻ. അങ്ങിനെ മദ്യം നിഷിദ്ധമാണെന്ന ആയത്ത് അവതരിച്ചു. വിളിച്ചു പറയുന്നവരോട് ഇത് വിളിച്ചു പറയുവാൻ കല്പിക്കുകയും ചെയ്തു. അതു വിളിച്ചു പറയുന്ന ശബ്ദം കേട്ടപ്പോൾ അബൂ ത്വൽഹرضي الله عنه പറഞ്ഞു: എന്താണ് ആ ശബ്ദം എന്ന് ഒന്ന് പുറത്തിറങ്ങി നോക്കൂ. ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ വിളിച്ചു പറയുന്ന ആൾ ഇപ്രകാരം വിളിച്ചു പറയുന്നുണ്ടായിരുന്നു; അറിയുക, നിശ്ചയമായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അപ്പോൾ അബൂത്വൽഹرضي الله عنه എന്നോട് പറഞ്ഞു: നീ ചെല്ലുക ആ മദ്യങ്ങളെല്ലാം ഒഴിച്ചു കളയുക.
അങ്ങിനെ മദീനയുടെ തെരുവീഥിയിലൂടെ മദ്യം ചാലിട്ടൊഴുകി. മുന്തിരി കൊണ്ടായിരുന്നു അന്ന് മദ്യം ഉണ്ടാക്കിയിരുന്നത്. അപ്പോൾ ചില ആളുകൾ പറഞ്ഞു. മദ്യം വയറിൽ ഉണ്ടായിരിക്കെ ചില ആളുകൾ മരണപ്പെട്ടിട്ടുണ്ടല്ലോ. ഈ സന്ദർഭത്തിൽ വിശുദ്ധ ഖുർആനിലെ ആയത്ത് അവതരിച്ചു. “വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ (മുമ്പ്) കഴിച്ചു പോയതില്‍ കുറ്റമില്ല. അവര്‍ (അല്ലാഹുവെ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍ പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍. അതിനു ശേഷവും അവര്‍ സൂക്ഷ്മത പാലിക്കുകയും, നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍. സദ്‌വൃത്തരെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (ബുഖാരി: 4620. മുസ്‌ലിം: 1980)
മദ്യം നിഷിദ്ധമാക്കപ്പെട്ട ആയത്ത് അവതരിച്ചപ്പോൾ അതിനു മുമ്പ് അതു കുടിച്ചു മരിച്ച ആളുകളെ സംബന്ധിച്ച് സ്വഹാബികൾ നബിﷺയോട് ചോദിച്ചു. അവർക്കുള്ള വിശദീകരണമായിരുന്നു മുകളിൽ നാം സൂചിപ്പിച്ച ആയത്ത്.
(മൂന്ന്) സഫർ മാസമായപ്പോൾ ഖാലിദുബ്നുൽവലീദ്رضي الله عنه അംറുബ്നുൽ ആസ്വ്رضي الله عنه ഉസ്മാനുബ്നു ത്വൽഹرضي الله عنه തുടങ്ങിയവർ ഇസ്ലാം സ്വീകരിക്കുന്നതിന് വേണ്ടി മദീനയിലേക്ക് വരികയും അങ്ങിനെ അവർ മുസ്‌ലിംകളാവുകയും ചെയ്തു. ശിഷ്ട കാല ജീവിതം നന്നാക്കിക്കൊണ്ട് ഇസ്‌ലാമിൽ അവർ ജീവിച്ചു. ഇവർ വരുന്നത് കണ്ടപ്പോൾ നബിﷺ തന്റെ സ്വഹാബിമാരോട് പറഞ്ഞു: മക്ക അതിന്റെ കരളിന്റെ കഷ്ണങ്ങളെ നിങ്ങൾക്കിതാ എറിഞ്ഞു തന്നിരിക്കുന്നു.
ഫദ്‌ലുല്‍ ഹഖ് ഉമരി