നബി ചരിത്രം – 78 – ഹിജ്റ ഏഴാം വർഷം [ഭാഗം: 11] ഉംറതുൽ ഖളാഅ്‌.

നബി ചരിത്രം - 78 - ഹിജ്റ ഏഴാം വർഷം [ഭാഗം: 11]
ഉംറതുൽ ഖളാഅ്‌.

ദുൽഖഅ്‌ദ് മാസമായപ്പോൾ നബിﷺ തന്റെ സ്വഹാബിമാരോട് ഉംറക്ക് വേണ്ടി പുറപ്പെടുവാൻ കൽപിച്ചു. ഹുദൈബിയ്യാ സന്ധിയിൽ ഖുറൈശികളോട് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വർഷം തിരിച്ചു പോകണം എന്നും അടുത്ത വർഷം ദുൽഖഅദ് മാസത്തിൽ ഉംറ ചെയ്യാം എന്നുമായിരുന്നു കരാർ. അങ്ങിനെ നബിﷺ ഉംറക്ക് വേണ്ടി പുറപ്പെട്ടു. ഹുദൈബിയ്യാ സന്ധിയുടെ സന്ദർഭത്തിൽ നബിﷺയുടെ കൂടെ ഉണ്ടായിരുന്ന എല്ലാവരും നബിﷺയുടെ കൂടെ ഇറങ്ങി. ചില ആളുകൾ ഖൈബറിലും മറ്റുമായി മരണപ്പെട്ടിരുന്നു.

2000 മുസ്‌ലിംകളാണ് അന്ന് നബിﷺയോടൊപ്പം പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഈ എണ്ണത്തിൽ പെടുകയില്ല. മദീനയുടെ ഉത്തരവാദിത്വം നബിﷺ ഉവൈഫുബ്നുൽഅള്വ്‌ബതി رضي الله عنه നെ ഏൽപ്പിച്ചു. 60 ഒട്ടകങ്ങളെ നബിﷺ കൂടെ കൊണ്ടു പോയി. അവയുടെ സംരക്ഷണ ചുമതല നാജിയതുബ്നു ജുൻദുബുൽഅസ്‌ലമി رضي الله عنه ക്കായിരുന്നു. ബലി മൃഗങ്ങളെയും തെളിച്ച് അദ്ദേഹം മുന്നിൽ നടന്നു. അസ്‌ലം ഗോത്രത്തിൽ പെട്ട നാലു യുവാക്കൾ വേറെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മക്കക്കാർ ചതിക്കുമോ എന്ന ഭയം കാരണത്താൽ ആയുധങ്ങളും പടയങ്കിയും കുന്തങ്ങളും നബിﷺ തന്റെ കൂടെ കരുതി. സൂക്ഷ്മത എന്ന നിലയ്ക്ക് 100 കുതിരപ്പടയാളികളെയും തന്റെ കൂടെ തയ്യാറാക്കി.

ദുൽഹുലൈഫയിൽ എത്തിയപ്പോൾ കുതിരപ്പടയെ നബിﷺ മുൻപിൽ നിർത്തി. അവരുടെ ചുമതല മുഹമ്മദുബ്നു മസ്‌ലമ رضي الله عنه നായിരുന്നു. ആയുധങ്ങളും മുൻ ഭാഗത്തായിരുന്നു. അതിന്റെ ചുമതല ബഷീറുബ്നു സഅ്‌ദി رضي الله عنه നെ ഏൽപ്പിച്ചു. ദുൽഹുലൈഫയിലെ പള്ളിയിൽ നിന്ന് നബിﷺയും സ്വഹാബിമാരും ഇഹ്റാമിൽ പ്രവേശിക്കുകയും തൽബിയത്ത് ചൊല്ലുകയും ചെയ്തു. മുഹമ്മദുബ്നു മസ്‌ലമرضي الله عنه കുതിരപ്പട യോടൊപ്പം നടന്നു. മക്കയുടെയും അസ്ഫാനിന്റെയും ഇടക്കുള്ള മർറുള്ളഹ്‌റാൻ എന്ന താഴ്‌വരയിൽ എത്തിയപ്പോൾ ഖുറൈശികളിലെ ചില ആളുകളെ അവർ കണ്ടു. കുതിരപ്പടയുമായുള്ള ഈ വരവിന ലക്ഷ്യത്തെക്കുറിച്ച് അവർ മുഹമ്മദ് ബിനു മസ്‌ലമرضي الله عنه യോട് ചോദിച്ചു. നബിﷺ പിറകെ വരുന്നുണ്ട് എന്നും നാളെ ഇൻഷാ അള്ളാ ഈ സ്ഥലത്ത് എത്തും എന്നും അദ്ദേഹം അറിയിച്ചു. ബശീറുബ്നു സഅ്‌ദിرضي الله عنه ന്റെ കൂടെയുള്ള ആയുധങ്ങളും അവർ കണ്ടു. അവർ അതി വേഗത്തിൽ മക്കയിലേക്ക് കുതിക്കുകയും അവർ കാണുകയും കേൾക്കുകയും ചെയ്ത സംഭവം ഖുറൈശികളെ അറിയിക്കുകയും ചെയ്തു. ഇതു കേട്ടതോടെ ഖുറൈശികൾക്ക് ഭയമായി. അവർ പറഞ്ഞു: അല്ലാഹുവാണ് സത്യം, നമ്മൾ ഒന്നും ചെയ്തിട്ടില്ല. മുമ്പ് നമ്മൾ എടുത്ത അതേ കരാറിലാണ് ഇപ്പോഴും നമ്മൾ ഉള്ളത്. പിന്നെ എന്തിനാണ് മുഹമ്മദ്ﷺ തന്റെ അനുയായികളെയും കൂട്ടി നമ്മോട് യുദ്ധത്തിനു വരുന്നത്?!.

മർറുള്ളഹ്‌റാൻ എന്ന സ്ഥലത്തെത്തിയപ്പോൾ നബിﷺ അവിടെ ഇറങ്ങി. അവിടെ അല്പം വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അതിനു ശേഷം മക്കയുടെ സമീപത്തുള്ള താഴ്‌രയായ യഅ്‌ജുജിന്റെ ഭാഗത്തേക്ക് ആയുധങ്ങളുമായി പറഞ്ഞയച്ചു. ഈ സ്ഥലത്തു നിന്ന് നോക്കിയാൽ ഹറമിന്റെ അടയാളങ്ങൾ കാണാമായിരുന്നു. നബിﷺയും സ്വഹാബിമാരും മക്കയിലെത്തിയതോടെ ഖുറൈശികൾക്ക് ഭയം കൂടി. യഅ്‌ജുജ് താഴ്‌വരയിൽ വെച്ചു കൊണ്ട് നബിﷺയെ കണ്ടു സംസാരിക്കുന്നതിന് വേണ്ടി ഖുറൈശികൾ അവരുടെ കൂട്ടത്തിൽ നിന്നും മിക്റസുബ്നു ഹഫ്സിനെ ചില ആളുകളോടൊപ്പം പറഞ്ഞയച്ചു. നബിﷺ തന്റെ അനുചരന്മാരോടും ആയുധങ്ങളോടും മൃഗങ്ങളോടുമൊത്ത് ഇരിക്കുകയായിരുന്നു. അവർ നബിﷺയോട് പറഞ്ഞു: അല്ലയോ മുഹമ്മദ്, ചെറുപ്പത്തിലോ വലുതായതിനു ശേഷമോ താങ്കൾ ഒരു വഞ്ചകനായി അറിയപ്പെട്ടിട്ടില്ല. താങ്കളുടെ സമൂഹത്തിനെതിരെ ഹറം പ്രദേശത്ത് ആയുധങ്ങളുമായി നിങ്ങൾ പ്രവേശിക്കാൻ പോകുന്നു. യാത്രക്കാരന്റെ ആയുധമല്ലാതെ മറ്റൊന്നും കയ്യിൽ വെക്കരുത് എന്ന് നിങ്ങൾ നിബന്ധന വെച്ചതല്ലേ. അതും വാളുകൾ ഉറയിൽ ഇട്ടു കൊണ്ടായിരിക്കണം കയ്യിൽ പിടിക്കേണ്ടത്. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ അവർക്കെതിരെ ആയുധവുമായി ഹറമിൽ പ്രവേശിക്കുകയില്ല. മിക്‌റസ് പറഞ്ഞു: ഇതാണ് കരാർ പാലനം എന്നുപറഞ്ഞാൽ.
ഇതിനു ശേഷം മിക്റസ് വളരെ വേഗത്തിൽ തന്റെ ജനതയിലേക്ക് മടങ്ങി. എന്നിട്ട് അവരോട് പറഞ്ഞു: മുഹമ്മദ്ﷺ ആയുധവുമായി പ്രവേശിക്കുകയില്ല. നിങ്ങളോട് മുമ്പ് പറഞ്ഞ അതേ നിബന്ധനയിൽ തന്നെയാണ് മുഹമ്മദ്ﷺ ഇപ്പോഴും ഉള്ളത്.

മുസ്‌ലിംകൾ മക്കയിലേക്ക് ഉംറക്ക് വേണ്ടി വരുന്നുണ്ട് എന്നും മദീനയിലെ പനി നിമിത്തം അവർക്ക് ക്ഷീണം ബാധിച്ചിട്ടുണ്ട് എന്നും മക്കയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിംകളിൽ നിന്നുള്ള രോഗം ഞങ്ങൾക്കും പകരുമോ എന്ന ഭയത്താൽ മക്കയിലുള്ള അധികമാളുകളും മക്കയെ വലയം ചെയ്തു നിൽക്കുന്ന മലകളുടെ മുകളിൽ കയറി. നബിﷺ യഅ്‌ജുജിൽ നിന്നും പുറപ്പെട്ടു. അമ്പുകളും കുന്തങ്ങളും പരിചകളുമെല്ലാം അവിടെ വെച്ചതിനു ശേഷമായിരുന്നു പുറപ്പെട്ടത്. ഔസുബ്നു ഖൗലിയ്യുൽഅൻസ്വാരിرضي الله عنه യെ അവയുടെ സംരക്ഷണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. 200 ആളുകളെ വേറേയും അദ്ദേഹത്തിന്റെ കൂടെ നിർത്തി. ബലി മൃഗങ്ങളെ നബിﷺ തന്റെ മുൻപിൽ നടത്തി. ദീ ത്വുവായിൽ എത്തിയപ്പോൾ നബിﷺ ബലിമൃഗങ്ങളെ അവിടെ തടഞ്ഞു വെച്ചു. മദീനയിൽ നിന്നും വരുന്ന ആളുകൾക്ക് മക്കയിലേക്കുള്ള പ്രവേശന കവാടമായിരുന്നു ദീ ത്വുവാ.
ഏഴു വർഷം വിട്ടു നിന്നതിനു ശേഷം നബിﷺ മക്കയിലേക്ക് പ്രവേശിക്കുകയാണ്. ഹുജൂനിന്റെ ഭാഗത്ത് കൂടെയാണ് നബിﷺ പ്രവേശിച്ചത്. നബിﷺയുടെ കാര്യത്തിൽ സ്വഹാബികൾ സൂക്ഷ്മ ജാഗ്രതയിൽ ആയിരുന്നു. വാളുകൾ തൂക്കിയിട്ട അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. അവർ തൽബിയത് ചൊല്ലിക്കൊണ്ടേയിരുന്നു. മക്കയിൽ നിന്ന് ആരെങ്കിലും അമ്പെയ്യുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു.

“അബ്ദുല്ലാഹിബിനു അബീ ഔഫയിرضي الله عنه യിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: നബിﷺ ഉംറ ചെയ്യുമ്പോൾ മക്കയിലെ മുശ്രിക്കുകളിൽ നിന്നും അവരുടെ കുട്ടികളിൽ നിന്നും ഞങ്ങൾ നബിﷺയെ മറച്ചു പിടിക്കുകയായിരുന്നു. നബിﷺയെ അവർ ദ്രോഹിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഞങ്ങൾ അങ്ങിനെ ചെയ്തത്.” (ബുഹാരി 4255) ബനൂ ശൈബ വാതിലിലൂടെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നത് വരെ നബിﷺ തൽബിയത് ചൊല്ലിക്കൊണ്ടിരുന്നു. നബിﷺയെ കാണാൻ ഖുറൈശികൾ ദാറുന്നദ്‌വയിൽ വരിവരിയായി നിന്നിരുന്നു – ഹിജ്റിന്റെ അടുത്താണ് എന്ന് അഭിപ്രായമുണ്ട്-. “

അനസുബ്നു മാലികിرضي الله عنهൽ നിന്ന് നിവേദനം; നബിﷺ മക്കയിൽ പ്രവേശിക്കുമ്പോൾ മക്കക്കാർ രണ്ടു വരിയായിക്കൊണ്ടായിരുന്നു നിന്നിരുന്നത്. (ഇബ്നു ഹിബ്ബാൻ: 3812) നബിﷺയുടെ ഒട്ടകത്തെിന്റെ കടിഞ്ഞാൺ പിടിച്ചു കൊണ്ട് അബ്ദുല്ലാഹിബ്നു റവാഹرضي الله عنه കൂടെയുണ്ടായിരുന്നു. ഖുറൈശികളെ ആക്ഷേപിച്ചു കൊണ്ട് അദ്ദേഹം ചെറിയ ഒരു കവിത പാടി. അപ്പോൾ ഉമർ رضي الله عنه  ചോദിﷺച്ചു: അല്ലാഹുവിന്റെ പ്രവാചകന്റെ മുമ്പിലാണോ നിന്റെ കവിത. നബിﷺ പറഞ്ഞു: വിട്ടേക്കൂ ഉമറേ -അദ്ദേഹം പാടട്ടെ- അമ്പ് തറക്കുന്നതിനേക്കാൾ വേദനയോടെ ഈ കവിതകൾ അവരിൽ തറക്കുന്നുണ്ട്. (ഇബ്നു ഹിബ്ബാൻ: 5788)

നബിﷺ കഅ്‌ബയുടെ സമീപമെത്തിയപ്പോൾ ഹജറുൽ അസ്‌വദിനെ തന്റെ വടി കൊണ്ട് സ്പർശിച്ചു. കാരണം നബിﷺ ഒട്ടകപ്പുറത്തായിരുന്നു. ഇഹ്റാമിന്റെ വസ്ത്രം ഇള്വ്‌ത്വിബാഅ്‌ (ഇടതു ചുമലിനു മുകളിലൂടെയും വലതു ചുമലിന്റെ അടിയിലൂടെയും മുണ്ട് ഇടുക) ചെയ്തതിനു ശേഷം തവാഫ് ആരംഭിച്ചു. നബിﷺയും സ്വഹാബിമാരും വരുന്നുണ്ട് എന്നുള്ള വാർത്ത കേട്ടപ്പോൾ അരിശവും പകയും അസൂയയും പകർച്ചവ്യാധികളെക്കുറിച്ചുള്ള പേടിയും കാരണത്താൽ എല്ലാവരും മലകൾക്കു മുകളിലേക്ക് കയറിയിരുന്നു. മുസ്‌ലിംകൾ പനി ബാധിച്ച് എല്ലാവരും ദുർബലരായിട്ടുണ്ട് എന്നുള്ള വാർത്ത മക്കയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ നബിﷺ അവരോട് റംല നടത്തുവാനും തങ്ങളുടെ ശക്തി പ്രകടിപ്പിക്കുവാനും കൽപിച്ചു. (കാലുകൾ അടുപ്പിച്ചു വെച്ച് വേഗത്തിൽ നടക്കുന്നതിനാണ് റംല് എന്നു പറയുന്നത്) കഅ്‌ബക്കു ചുറ്റുമുള്ള ആദ്യത്തെ മൂന്ന് ചുറ്റിലാണ് റംല് നടത്തേണ്ടത്. മുസ്‌ലിംകൾ ഇപ്രകാരം ചെയ്തപ്പോൾ ഖുറൈശികൾ പറഞ്ഞു: നിങ്ങളല്ലേ പറഞ്ഞത് മുഹമ്മദിന്റെ കൂടെയുള്ള ആളുകളെ പനി ദുർബലരാക്കിയിരിക്കുന്നു എന്ന്. അവർക്ക് എന്തൊരു ശക്തിയും കഴിവുമാണ്!. (ബുഖാരി: 1602. മുസ്‌ലിം: 1266)

കഅ്‌ബക്ക് ചുറ്റുമുള്ള തവാഫ് പൂർത്തിയായപ്പോൾ നബിﷺ മഖാമു ഇബ്രാഹിമിന്റെ പിന്നിൽ ചെന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു. നബിﷺക്ക് മറയായി കൊണ്ട് തന്റെ സ്വഹാബിമാർ കൂടെയുണ്ടായിരുന്നു. ശേഷം തന്റെ വാഹനപ്പുറത്തു തന്നെ സഫയുടെയും മർവയുടെയും ഇടയിൽ സഅ്‌യ് നടത്തി. സ്വഹാബിമാരും നബിﷺയുടെ കൂടെ സഅ്‌യ് നടത്തുന്നുണ്ടായിരുന്നു. അവിടെ വെച്ച് നബിﷺ ഇപ്രകാരം പ്രാർത്ഥിച്ചു “വേദഗ്രന്ഥങ്ങൾ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണ ചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ പരാജയപ്പെടുത്തിയ അല്ലാഹുവേ, അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തേണമേ. അവരെ നീ വിറപ്പിക്കേണമേ. മക്കക്കാർ നബിﷺയെ ഒന്നും ചെയ്യാതിരിക്കാൻ സ്വഹാബിമാർ നബിﷺയുടെ കൂടെത്തന്നെ മറയായി എപ്പോഴും ഉണ്ടായിരുന്നു. (ബുഖാരി: 1791)

സഫക്കും മർവക്കും ഇടയിലുള്ള സഅ്‌യ് പൂർത്തിയായപ്പോൾ നബിﷺ ബലി മൃഗങ്ങളെ കൊണ്ടു വരാൻ പറഞ്ഞു. 60 ഒട്ടകങ്ങളായിരുന്നു ഉണ്ടായിരുന്നത്. ദീത്വുവാ എന്ന സ്ഥലത്ത് ബന്ധിച്ചിരിക്കുകയായിരുന്നു മൃഗങ്ങളെ. മർവയുടെ സമീപത്ത് വച്ച് കൊണ്ട് അവയെ ബലിയറുക്കുകയും ശേഷം മുടി എടുക്കുകയും ചെയ്തു. മഅ്‌മറുബ്നു അബ്ദുല്ലാഹിൽഹുദവിرضي الله عنه യാണ് നബിﷺയുടെ മുടി കളഞ്ഞു കൊടുത്തത്. സഹാബികൾ എല്ലാവരും നബിﷺ ചെയ്തത് പോലെ ചെയ്തു.

മൂന്ന് ദിവസമാണ് നബിﷺയും സ്വഹാബിമാരും മക്കയിൽ താമസിച്ചത്. ഹുദൈബിയ്യാ സന്ധിയിൽ ഉണ്ടായ കരാറ് അപ്രകാരമായിരുന്നു. കഅബക്ക് അകത്ത് ചിത്രങ്ങളും ബിംബങ്ങളും ഉള്ള കാരണത്താൽ നബിﷺ അങ്ങോട്ട് പ്രവേശിച്ചില്ല. (ബുഖാരി: 1600) മൂന്ന് ദിവസം പൂർത്തിയായപ്പോൾ ഖുറൈശികൾ നബിﷺയോട് മക്ക വിട്ടു പോകുവാൻ ആവശ്യപ്പെട്ടു. നബിﷺ മദീനയിലേക്ക് മടങ്ങുകയും ചെയ്തു. (ബുഖാരി: 2701)

ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുന്നു: “എന്റെ സഹോദരൻ വലീദുബ്നു വലീദ്رضي الله عنه നബിﷺയോടൊപ്പം ഉംറതുൽ ഖളാഅഇൽ ഉണ്ടായിരുന്നു. കൂട്ടത്തിൽ അദ്ദേഹം എന്നെ അന്വേഷിച്ചു. പക്ഷേ എന്നെ അക്കൂട്ടത്തിൽ കണ്ടില്ല. അപ്പോൾ എനിക്ക് ഒരു കത്തെഴുതി. ആ കത്തിൽ ഇപ്രകാരം ആയിരുന്നു ഉണ്ടായിരുന്നത്: ” പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. ഇസ്ലാമിൽ നിന്നും നീ അകന്നു പോയല്ലോ എന്നുള്ളതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന കാര്യം. നീ എന്തൊരു ബുദ്ധിമാനായ വ്യക്തിയാണ്. ഇസ്‌ലാം പോലുള്ള ഒരു മതത്തെ കുറിച്ച് ആരെങ്കിലും മനസ്സിലാക്കാതെ പോകുമോ!. നിന്നെക്കുറിച്ച് അല്ലാഹുവിന്റെ പ്രവാചകൻﷺ എന്നോട് ചോദിച്ചു; “എവിടെയാണ് ഖാലിദ്” അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ കൊണ്ടു വരും. നബിﷺ പറഞ്ഞു: “ഖാലിദുബ്നുൽവലീദിرضي الله عنهനെ പോലെയുള്ള ആളുകൾ ഇസ്‌ലാമിനെക്കുറിച്ച് അജ്ഞരാവുകയില്ല. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശേഷി മാത്രം മുസ്ലിംകളോടൊപ്പം അദ്ദേഹം ആക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് അത് ഏറ്റവും നല്ലതാകുമായിരുന്നു. മറ്റുള്ളവരെക്കാൾ അദ്ദേഹത്തിന് നാം മുൻഗണന കൊടുക്കുകയും ചെയ്യുമായിരുന്നു”. അതു കൊണ്ട് സഹോദരാ താങ്കൾക്ക് നഷ്ടപ്പെട്ടത് ഇനിയെങ്കിലും നേടിയെടുക്കുക. ഒരുപാട് നല്ല രംഗങ്ങൾ താങ്കൾക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുന്നു: എനിക്ക് സഹോദരന്റെ കത്ത് ലഭിച്ചപ്പോൾ ഇറങ്ങി പുറപ്പെടാനുള്ള ആവേശമുണ്ടായി. ഇസ്ലാമിനോടുള്ള എന്റെ താല്പര്യം വർദ്ധിക്കുകയും ചെയ്തു. (അൽ ബിദായതു വന്നിഹായ: 6/405)

ബർറാഉബ്നു ആസിബിرضي الله عنه ൽ നിന്നും നിവേദനം. നബിﷺ ദുൽഖഅ്‌ദ് മാസത്തിൽ ഉംറക്ക് വേണ്ടി മക്കയിൽ എത്തിയപ്പോൾ മക്കക്കാർ അവിടെ പ്രവേശിക്കുന്നതിൽ നിന്നും മുഹമ്മദ് നബിﷺയെ തടഞ്ഞു. അങ്ങിനെ ഖുറൈശികളുമായി കരാറിലേർപ്പെട്ടു. കരാറിന്റെ തുടക്കത്തിൽ ഇപ്രകാരം എഴുതി. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിﷺ നടത്തുന്ന കരാർ. അപ്പോൾ ഖുറൈശികൾ പറഞ്ഞു: ഞങ്ങൾ ഇത് അംഗീകരിക്കുകയില്ല. നിങ്ങൾ പ്രവാചകനാണെന്ന് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ടായിരുന്നെങ്കിൽ നിങ്ങളെ ഒന്നിൽ നിന്നും ഞങ്ങൾ തടയുമായിരുന്നില്ല. നിങ്ങൾ മുഹമ്മദുബ്നു അബ്ദില്ലയാണ്. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. ഞാൻ അബ്ദുല്ലയുടെ മകൻ മുഹമ്മദുമാണ്. ശേഷം നബിﷺ അലിയ്യുബ്നു അബീ ത്വാലിബിرضي الله عنهനോട് “റസൂലുള്ള” എന്നുള്ളത് മായ്ച്ചുകളയാൻ ആവശ്യപ്പെട്ടു. അലിرضي الله عنه പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാൻ ഒരിക്കലും മായ്ച്ചുകളയുകയില്ല. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ ആ രേഖ വാങ്ങി. നബിﷺക്ക് നന്നായി എഴുതാൻ അറിയുമായിരുന്നില്ല. അങ്ങിനെ നബിﷺ ഇപ്രകാരം എഴുതി: അബ്ദുല്ലയുടെ മകൻ മുഹമ്മദ് നടത്തുന്ന കരാർ. വാളുകൾ ഉറയിൽ ഇട്ടു കൊണ്ടല്ലാതെ മക്കയിലേക്ക് ആയുധം പ്രവേശിപ്പിക്കരുത്. മുഹമ്മദിനെ പിൻപറ്റാൻ ഉദ്ദേശിച്ച ആരെയും മക്കയിൽ നിന്ന് പുറത്താക്കരുത്. മക്കയിൽ താമസിക്കാൻ ഉദ്ദേശിച്ച ഒരാളെയും തടയുകയും ചെയ്യരുത്. അങ്ങിനെ (അടുത്തവർഷം) നബിﷺ മക്കയിൽ പ്രവേശിക്കുകയും നിശ്ചയിക്കപ്പെട്ട കാലാവധി തീരുകയും ചെയ്തപ്പോൾ മക്കക്കാർ അലിرضي الله عنهയോട് പറഞ്ഞു: നിന്റെ ആളോട് (മുഹമ്മദ് നബിയോട്) മക്കയിൽ നിന്നും പുറത്തു പോകുവാൻ പറയണം. സമയം തീർന്നിരിക്കുന്നു. അപ്പോൾ നബിﷺ മക്കയിൽ നിന്ന് പുറപ്പെട്ടു.

ഈ സന്ദർഭത്തിൽ ഹംസയുടെ മകൾ (അമ്മാറ) പിതൃവ്യാ പിതൃവ്യാ എന്ന് വിളിച്ചു കൊണ്ട് നബിﷺയുടെ പിറകെ ഓടി വന്നു. അപ്പോൾ അലിرضي الله عنه അവരെ എടുക്കുകയും അവരുടെ കൈ പിടിക്കുകയും ചെയ്തു. എന്നിട്ട് ഫാത്തിമرضي الله عنهയോട് പറഞ്ഞു: നിന്റെ പിതൃവ്യ പുത്രിയെ എടുത്തു കൊള്ളുക. ശേഷം ഈ വിഷയത്തിൽ അലിرضي الله عنهയും സൈദുംرضي الله عنه ജഅ്‌ഫറുംرضي الله عنه തമ്മിൽ തർക്കമായി. അലിرضي الله عنه പറഞ്ഞു: ഞാനാണ് അവളെ ആദ്യം എടുത്തത്. എന്റെ പിതൃവ്യ പുത്രിയാണ്. ജഅ്‌ഫർرضي الله عنه പറഞ്ഞു: എന്റെ പിതൃവ്യ പുത്രിയാണ്. മാത്രവുമല്ല അവരുടെ ഇളയുമ്മ എന്റെ കീഴിലാണ്. സൈദ്رضي الله عنه പറഞ്ഞു: എന്റെ സഹോദരന്റെ മകളാണ്. അവസാനം നബിﷺ അവരെ അവരുടെ ഇളയുമ്മക്ക് വിധിച്ചു. എന്നിട്ട് നബിﷺ പറഞ്ഞു: “ഇളയുമ്മ ഉമ്മയുടെ സ്ഥാനത്താണ്”. അലിرضي الله عنهയോട് നബിﷺ പറഞ്ഞു: നീ എന്നിൽ നിന്നുള്ളതാണ് ഞാൻ നിന്നിൽ നിന്നുള്ളതാണ്. ജാഫറിرضي الله عنهനോട് നബി ഇപ്രകാരം പറഞ്ഞു: എന്റെ രൂപത്തോടും സ്വഭാവത്തോടും നീ സാദൃശ്യ പെട്ടിരിക്കുന്നു. സൈദിرضي الله عنهനോട് നബിﷺ പറഞ്ഞു: നീ നമ്മുടെ സഹോദരനാണ്. അലി നബിﷺയോട് ചോദിച്ചു. താങ്കൾക്ക് ഹംസرضي الله عنهയുടെ മകളെ കല്യാണം കഴിച്ചു കൂടെ. അപ്പോൾ നബിﷺ പറഞ്ഞു. അവൾ മുലകുടി ബന്ധത്തിലൂടെയുള്ള എന്റെ സഹോദര പുത്രിയാണ്. (ബുഖാരി: 4251)

ഈ ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് ഹാരിസുൽഹിലാലിയ്യയുടെ മകൾ മൈമൂനയെ رضي الله عنها നബിﷺ വിവാഹം കഴിക്കുന്നത്. ബർറ എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. മൈമൂനرضي الله عنها എന്ന് നബിﷺയാണ് അവർക്ക് പേരിട്ടത്. അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബിന്റെ ഭാര്യ ഉമ്മുൽഫള്ലിന്റെ സഹോദരിയായിരുന്നു മൈമൂന رضي الله عنها. മസ്‌ഊദുബ്നു ഉർവതുസ്സഖഫിയുമായി ഒരു വിവാഹം ജാഹിലിയ്യാ കാലഘട്ടത്തിൽ മൈമൂന رضي الله عنها യുടെ കഴിഞ്ഞിരുന്നു. അയാൾ അവരെ പിന്നീട് ഒഴിവാക്കിയതാണ്. മുസ്‌ലിമായതിനു ശേഷം അബൂ റുഹ്‌മ്رضي الله عنه അവരെ വിവാഹം ചെയ്തു. പക്ഷേ അയാൾ മരണപ്പെട്ടു. അതിനു ശേഷമാണ് നബിﷺ അവരെ വിവാഹം കഴിക്കുന്നത്. അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വരും ഏറ്റവും കൂടുതൽ കുടുംബ ബന്ധം പുലർത്തുന്ന മഹതിയും ആയിരുന്നു മൈമൂന رضي الله عنها  എന്ന് ആയിഷ رضي الله عنها പറയുന്നുണ്ട്. (ഹാകിം: 6778) അമ്പത്തി ഒന്നാമത്തെ വയസ്സിൽ സരിഫ് എന്ന സ്ഥലത്ത് വെച്ച് കൊണ്ടാണ് മൈമൂന رضي الله عنها മരണപ്പെടുന്നത്. ആ സ്ഥലത്ത് വെച്ച് കൊണ്ട് തന്നെയായിരുന്നു നബിﷺ അവരെ വിവാഹം കഴിച്ചതും. യസീദുബ്നു അസ്വമ്മുംرضي الله عنه ഇബ്നു അബ്ബാസുംرضي الله عنه ചേർന്നാണ് അവരെ ഖബറിലേക്ക് ഇറക്കി വെച്ചത്. (ഇബ്നു ഹിബ്ബാൻ:4134)

ഉംറതുൽ ഖളാഅ്‌ കഴിഞ്ഞ് നബിﷺ മദീനയിൽ തിരിച്ചുവന്നപ്പോൾ അഖ്റമുബ്നു അബിൽഅവ്‌ജാഇ رضي الله عنه നെ 50 ആളുകളോടൊപ്പം ബനൂ സുലൈമുകാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി പറഞ്ഞയച്ചു. അദ്ദേഹം അവിടെ എത്തുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. നിങ്ങൾ ഏതൊന്നിലേക്കാണോ ഞങ്ങളെ ക്ഷണിക്കുന്നത് ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല എന്നായിരുന്നു ബനൂ സുലൈമുകാരുടെ മറുപടി. മുസ്ലിംകൾ വരുന്നുണ്ട് എന്നുള്ള വിവരം അവർ മുൻകൂട്ടി അറിഞ്ഞതിന്റെ പേരിൽ ഒരുപാട് ആളുകൾ ഒരുമിച്ചു കൂടുകയും ഒരുങ്ങി നിൽക്കും ചെയ്തിരുന്നു. മുസ്ലിംകളോടൊപ്പം അവർ പരസ്പരം അമ്പെയ്തു. നാനാ ഭാഗത്തു നിന്നും മുസ്ലിംകളെ അവർ വലയം ചെയ്തു. അവർക്കിടയിൽ ശക്തമായ യുദ്ധമുണ്ടായി. അഖ്‌റമിرضي الله عنه നു ശക്തമായ പരിക്കേൽക്കുകയും മുസ്ലിംകൾ പലരും കൊല്ലപ്പെടുകയും ചെയ്തു. ശരീരത്തിലുള്ള മുറിവുകളുമായി കഴിയുന്ന വിധത്തിൽ അഖ്‌റം മദീനയിലെത്തി. സംഭവിച്ച കാര്യങ്ങളെല്ലാം നബിﷺയോട് അദ്ദേഹം പറയുകയും ചെയ്തു. ഹിജ്റ എട്ടാം വർഷം സഫർ മാസത്തിലെ ആദ്യ ദിവസമായിരുന്നു ഇത്.


ഫദ്‌ലുല്‍ ഹഖ് ഉമരി

 

Leave a Comment