നബി ചരിത്രം – 77 – ഹിജ്റ ഏഴാം വർഷം [ഭാഗം: 10] നബി നിയോഗിച്ച സൈന്യങ്ങൾ.

നബി ചരിത്രം - 77 - ഹിജ്റ ഏഴാം വർഷം [ഭാഗം: 10]
നബി നിയോഗിച്ച സൈന്യങ്ങൾ.

(ഒന്ന്) ശഅ്‌ബാൻ മാസത്തിൽ നബിﷺ ഉമറുബ്നുൽ ഖത്താബിرضي الله عنهനെ 30 ആളുകളോടൊപ്പം മക്കയുടെ സമീപത്തുള്ള താഴ്‌വരയായ തുർബയിലുള്ള ബനൂ നസ്വ്‌റുബ്നു മുആവിയ, ബനൂ ജശ്മ് തുടങ്ങിയവയിലേക്ക് നിയോഗിച്ചു. ഈ രണ്ടു കുടുംബവും ഹവാസിൻ ഗോത്രക്കാരാണ്. ഉമർ رضي الله عنهതന്റെ കൂടെയുള്ള ആളുകളുമായി യാത്രയായി. രാത്രിയിൽ അവർ യാത്ര ചെയ്യുകയും പകലിൽ ഒളിച്ചിരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇവർ വരുന്ന വിവരം ഹവാസിൻകാർക്ക് ലഭിച്ചതോടു കൂടി അവർ ഓടിപ്പോയി. അവർ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ഉമർرضي الله عنه എത്തിയെങ്കിലും അവരിൽ ആരെയും കാണാൻ കഴിഞ്ഞില്ല. അങ്ങിനെ അദ്ദേഹം മദീനയിലേക്ക് മടങ്ങി. മടങ്ങുന്ന വഴിയിൽ ഹുദൈൽ ഗോത്രക്കാർ താമസിക്കുന്ന ജുദദ് എന്ന സ്ഥലത്തെത്തിയപ്പോൾ ബനൂ ഹിലാലിൽ നിന്നും വഴികാട്ടിയായ തന്റെ കൂടെയുള്ള വ്യക്തി പറഞ്ഞു: രാജ്യത്ത് വരൾച്ച ബാധിച്ച് ഇറങ്ങി വന്ന ഒരു നാട്ടുകാർ ഉണ്ടിവിടെ. നമുക്ക് അവരിലേക്ക് പോയാലോ? ഉമർرضي الله عنه പറഞ്ഞു: അവരിലേക്ക് ചെല്ലാൻ നബിﷺ എന്നോട് കൽപ്പിച്ചിട്ടില്ല. തുർബയിലേക്ക് മാത്രം പോകുവാനാണ് ഞാൻ കൽപിക്കപ്പെട്ടത്. അങ്ങിനെ ഉമർرضي الله عنه മദീനയിലേക്ക് തന്നെ മടങ്ങി.

(രണ്ട് ) ശഅ്‌ബാൻ മാസത്തിൽ തന്നെ അബൂബക്കറിرضي الله عنهന്റെ നേതൃത്വത്തിൽ നജ്ദിലുള്ള ബനു ഫസാറക്കാരിലേക്ക് ഒരു സൈന്യത്തെ നബിﷺ അയക്കുകയുണ്ടായി. “സലമത്ബ്നു അക്‌വഇرضي الله عنهൽ നിന്നും നിവേദനം; ഞങ്ങൾ ഫസാറക്കാരോട് യുദ്ധം ചെയ്തു. അബൂബക്കറിرضي الله عنهന്നായിരുന്നു ഞങ്ങളുടെ നേതൃത്വം. നബിﷺയാണ് അദ്ദേഹത്തെ അമീറായി നിശ്ചയിച്ചത്. വെള്ളം ഉള്ള ഒരു സ്ഥലത്ത് എത്തുന്നതിനു തൊട്ടു മുമ്പായി അബൂബക്കർرضي الله عنه ഞങ്ങളോട് വിശ്രമിക്കാൻ പറഞ്ഞു. അവിടെയാണ് രാത്രി കഴിച്ചു കൂട്ടിയത്. ശേഷം വെള്ളമുള്ള സ്ഥലത്തേക്ക് എത്തുകയും യുദ്ധം ചെയ്യുകയും ചെയ്തു. അതിൽ ചിലർ കൊല്ലപ്പെടുകയും മറ്റു ചിലർ ബന്ദികളാക്കപ്പെടുകയും ചെയ്തു. ആളുകളുടെ പിരടികളിലേക്ക് ഞാൻ നോക്കി. അവരുടെ കൂടെ കുട്ടികൾ ഉണ്ടായിരുന്നു. എനിക്കു മുമ്പ് അവർ മലമുകളിൽ എത്തുമോ എന്ന ഭയം എനിക്കുണ്ടായി. അപ്പോൾ അവർക്കും മലയ്ക്കും ഇടയിൽ ഞാൻ ഒരു അമ്പ് തൊടുത്തു വിട്ടു. അമ്പ് കണ്ടപ്പോൾ അവർ അവിടെ നിന്നു. ഞാൻ അവരെ പിടി കൂടി അബൂബക്കറിرضي الله عنهന്റെ അടുക്കലേക്ക് വന്നു. ഫസാറാ ഗോത്രത്തിലെ ഒരു സ്ത്രീ അവരോടൊപ്പം ഉണ്ടായിരുന്നു. അവളുടെ മകളും കൂടെ ഉണ്ടായിരുന്നു. ആ മകളെ അബൂബക്കർرضي الله عنه എനിക്കു നൽകി. അങ്ങിനെ ഞങ്ങൾ മദീനയിലെത്തി. അവൾക്കു ഞാൻ വസ്ത്രം വെളിവാക്കി കാണിച്ചിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെ അങ്ങാടിയിൽ വെച്ച് നബിﷺ എന്നെ കണ്ടു മുട്ടി. എന്നോട് പറഞ്ഞു: അല്ലയോ സലമാ, ആ സ്ത്രീയെ എനിക്ക് തരണം. അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവളെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ മുമ്പിൽ എന്റെ വസ്ത്രം പോലും ഞാൻ വെളിവാക്കിയിട്ടില്ല. രണ്ടാം ദിവസം അങ്ങാടിയിൽ വെച്ച് കൊണ്ട് വീണ്ടും നബിﷺ എന്നെ കണ്ടു മുട്ടി. അപ്പോൾ എന്നോട് പറഞ്ഞു: അല്ലയോ സലമ, ആ സ്ത്രീയെ എനിക്ക് തരണം. അപ്പോൾ ഞാൻ പറഞ്ഞു: അവരെ താങ്കൾ എടുത്തു കൊള്ളുക പ്രവാചകരെ. അല്ലാഹുവാണ് സത്യം, ഞാൻ അവളുടെ മുമ്പിൽ എന്റെ വസ്ത്രം പോലും വെളിവാക്കിയിട്ടില്ല. അങ്ങിനെ നബിﷺ ആ സ്ത്രീയെ മക്കയിലേക്ക് അയച്ചു. മക്കയിൽ ബന്ധികളായി പിടിക്കപ്പെട്ട മുസ്ലിംകൾക്ക് പ്രായശ്ചിത്തം നൽകാൻ വേണ്ടിയായിരുന്നു അത്. (മുസ്‌ലിം: 1755)

(മൂന്ന്) ശഅ്‌ബാൻ മാസത്തിൽ 30 ആളുകളോടൊപ്പം ബഷീർ ഇബ്നു സഅ്‌ദിرضي الله عنهനെ നബിﷺ ബനൂ മുർറയിലേക്ക് അയച്ചു. മദീനയുടെ വടക്കു ഭാഗത്ത് ഫദകിനു സമീപമായിരുന്നു ബനൂ മുർറയുടെ താമസം. ബഷീർرضي الله عنه അവരുടെ താമസ സ്ഥലങ്ങളിലേക്ക് എത്തിയെങ്കിലും അവിടെ ആരെയും കണ്ടില്ല. അവിടെയുള്ള ആടുകളെയും ഒട്ടകങ്ങളെയും അദ്ദേഹം തെളിച്ചു കൊണ്ട് മദീനയിലേക്ക് പോന്നു. എന്നാൽ ഈ വിവരം ബനൂ മുർറക്കാർക്ക് ലഭിച്ചപ്പോൾ അവർ പിറകെ കൂടുകയും വഴിയിൽ വച്ച് കൊണ്ട് മുസ്ലിംകളെ കണ്ടു മുട്ടുകയും ചെയ്തു. അതോടെ പരസ്പരം അമ്പെയ്ത് തുടങ്ങി. മുസ്‌ലിംകളുടെ കൈകളിൽ ഉണ്ടായിരുന്ന അമ്പുകൾ തീർന്നു. അതോടു കൂടി ബനൂ മുർറക്കാർ ബഷീറിرضي الله عنهന്റെയും കൂടെയുള്ള ആളുകളുടെയും നേരെ ആക്രമണം അഴിച്ചു വിട്ടു. മുസ്‌ലിംകളിൽ പലരും കൊല്ലപ്പെട്ടു. ചിലർ ഓടി രക്ഷപ്പെടുകയും ചെയ്തു. ബഷീർرضي الله عنه ധീരതയോടെ നിന്ന് പോരാടി. അവസാനം അദ്ദേഹം വെട്ടേറ്റ് താഴെ വീണു. അദ്ദേഹം മരണപ്പെട്ടു എന്നാണ് എതിരാളികൾ കരുതിയത്. അവർ തങ്ങളുടെ ആടുകളും ഒട്ടകങ്ങളുമായി തങ്ങളുടെ പ്രദേശത്തേക്ക് മടങ്ങി. വൈകുന്നേരമായപ്പോൾ ബഷീർرضي الله عنه സാവകാശം എഴുന്നേറ്റ് ഫദക് എന്ന പ്രദേശത്തേക്ക് പോയി. തന്റെ മുറിവുകൾ ഉണങ്ങുവോളം അവിടെയുള്ള ഒരു ജൂതന്റെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചു. ശേഷം മദീനയിലേക്ക് മടങ്ങുകയും ചെയ്തു. അലബതുബ്നു സൈദുൽഹാരിസിرضي الله عنه എന്ന സ്വഹാബിയാണ് ഈ യുദ്ധത്തിൽ മുസ്‌ലിംകൾക്ക് ബാധിച്ച പ്രയാസങ്ങളെക്കുറിച്ച് നബിﷺയെ വിവരം അറിയിച്ചത്.

(നാല്) നജ്ദിന്റെ ഭാഗത്തുള്ള ഒരു പ്രദേശമാണാ ഹുറഖ. അവിടെ താമസിക്കുന്ന ജുഹൈന ഗോത്രക്കാരിലേക്ക് ഗാലിബുബ്നു അബദില്ലാഹില്ലൈസിرضي الله عنه എന്ന സഹാബിയെ റമളാൻ മാസത്തിൽ 130 ആളുകളോടൊപ്പം അയക്കുകയുണ്ടായി. അവിടെ ചെന്ന് അവരുമായി ഏറ്റുമുട്ടുകയും അവരുടെ പ്രധാനികളെ കൊലപ്പെടുത്തുകയും ചെയ്തു. ഒരുപാട് ആടുകളെയും ഒട്ടകങ്ങളെയും തെളിച്ചു കൊണ്ട് അവർ മദീനയിലേക്ക് പോന്നു. ആരെയും ബന്ദികളാക്കിയിരുന്നില്ല. “ഉസാമതുബ്നു സൈദിൽرضي الله عنه നിന്നും നിവേദനം; നബിﷺ ഞങ്ങളെ ഹുറഖ എന്ന പ്രദേശത്തേക്ക് അയച്ചു. പ്രഭാത സന്ദർഭത്തിൽ ഞങ്ങൾ അവരോട് ഏറ്റു മുട്ടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു. ഞാനും അൻസാരികളിൽ പെട്ട ഒരാളും ചേർന്ന് മുശ്‌രികുകളിലെ ഒരു വ്യക്തിയുടെ പിറകെ കൂടി. ഞങ്ങൾ അയാളെ വലയം ചെയ്തപ്പോൾ അയാൾ “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന അൻസാരി പിൻവാങ്ങി. പക്ഷേ ഞാൻ അദ്ദേഹത്തെ എന്റെ കുന്തം കൊണ്ട് കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ മദീനയിലെത്തിയപ്പോൾ ഈ വിവരം നബിﷺക്കു ലഭിച്ചു. നബി പറഞ്ഞു: അല്ലയോ ഉസാമ, ലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞതിനു ശേഷം നീ അയാളെ കൊലപ്പെടുത്തുകയോ?!. നബിﷺ അല്ലാഹുവിൽ ശരണം തേടിക്കൊണ്ടിരുന്നു. ഇത് പലതവണ ആവർത്തിച്ചു. ഉസാമرضي الله عنه പറയുന്നു: ആ ദിവസത്തിന് മുമ്പ് ഞാൻ മുസ്‌ലിമായിട്ടുണ്ടായിരുന്നില്ലെങ്കിൽ എന്നു പോലും ഞാൻ ആഗ്രഹിച്ചു പോയി. (ബുഖാരി: 6872)
(അഞ്ച്) മദീനയെ അക്രമിക്കാൻ ഗത്വ്‌ഫാൻകാർക്ക് ഉയൈനതുബ്നു ഹിസ്വ്‌നുൽഗഫാരി സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന വിവരം നബിﷺക്കു ലഭിച്ചു. ശവ്വാൽ മാസത്തിലായിരുന്നു ഇത്. ഉടനെ നബിﷺ ബഷീറുബ്നു സഅ്‌ദിرضي الله عنهനെ വിളിക്കുകയും അദ്ദേഹത്തിന് കൊടി കെട്ടി കൊടുക്കുകയും ചെയ്തു. 300 ആളുകളെ അദ്ദേഹത്തോടൊപ്പം വേറെയും അയച്ചു. രാത്രിയിൽ യാത്ര ചെയ്യുവാനും പകലിൽ ഒളിച്ചിരിക്കാനും നബിﷺ  അവരോട് നിർദ്ദേശിച്ചു. വഴികാട്ടിയായി ഹുസൈനുബ്നു നുവൈറതുൽഅശ്ജഇرضي الله عنهയാണ് കൂടെ പോയത്. ഗത്വ്‌ഫാൻകാർ മദീനക്കെതിരെ ഒരുമിച്ചു കൂടിയിട്ടുണ്ട് എന്ന വിവരം നബിﷺയെ അറിയിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. സൈന്യം മുന്നോട്ട് നീങ്ങി. യമൻ, ജബാർ തുടങ്ങിയ സ്ഥലങ്ങളിൽ അവർ എത്തി. ഖൈബറിന്റെ താഴ് ഭാഗത്ത് ആയുധങ്ങളുമായി അവർ ഇറങ്ങി. ശേഷം ഗത്വ്‌ഫാൻ കാരിലേക്ക് ചെന്നു. ഒരുപാട് ഒട്ടകങ്ങളെ അവർക്ക് ലഭിച്ചു. ഒട്ടകങ്ങളെ മേച്ചിരുന്ന ആളുകൾ ഛിന്നഭിന്നമായി ഓടി. അവരുടെ ആളുകളെ വിവരമറിയിച്ചു. ഈ വിവരം അറിഞ്ഞതോടെ അവർ പല ഭാഗങ്ങളിലേക്കായി ഓടുകയും ഉയർന്ന പ്രദേശങ്ങളിൽ അഭയം തേടുകയും ചെയ്തു. മുസ്‌ലിംകൾ അവരുടെ താമസ സ്ഥലങ്ങളിലേക്ക് ചെന്നു. രണ്ട് ആളുകളെ മാത്രമേ ലഭിച്ചുള്ളൂ. അവരെ ബന്ദികളാക്കി ഒട്ടകങ്ങളെയും കൊണ്ട് മദീനയിലേക്കു തിരിച്ചു. മദീനയിൽ വന്നതിനു ശേഷം ആ രണ്ട് ആളുകൾ ഇസ്ലാം സ്വീകരിക്കുകയും നബി അവരെ വിട്ടയക്കുകയും ചെയ്തു. ഉയൈനതുബ്നു ഹിസ്വ്‌ൻ പരാജയപ്പെട്ടു കൊണ്ട് ഓടുമ്പോൾ ഹാരിസുബ്നു ഔഫുൽ മിര്‌രി അയാളുടെ പിറകെ ഓടിച്ചെന്നു കൊണ്ട് നിൽക്കുവാൻ ആവശ്യപ്പെട്ടു.(ഇവർ തമ്മിൽ ചില ബന്ധങ്ങൾ ഉണ്ട്) പക്ഷേ അയാൾ നിന്നില്ല. ഉയൈന പറഞ്ഞു: എനിക്കിപ്പോൾ നിൽക്കാൻ കഴിയില്ല. എന്റെ പിറകെ ആളുകൾ ഉണ്ട്. അതായത് മുഹമ്മദിന്റെ ആളുകൾ. അയാൾ അപ്പോഴും ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഹാരിസ് പറഞ്ഞു: അല്ലയോ ഉയൈന, ഇനി നിങ്ങൾ ഓടിയിട്ട് കാര്യമില്ല. എല്ലാ രാജ്യങ്ങളും മുഹമ്മദിﷺന്റെ കീഴിലാണ്. ഉയൈന ഇസ്ലാമിനെക്കുറിച്ച് ചിന്തിക്കുവാൻ ഇത് കാരണമായി മാറി.
(അഞ്ച്) അബൂഹുറൈറرضي الله عنهയിൽ നിന്ന് നിവേദനം. നബിﷺ ഒരു കുതിരപ്പടയെ നജ്ദിന്റെ ഭാഗത്തേക്ക് പറഞ്ഞയച്ചു. ബനൂ ഹനീഫയിൽ പെട്ട ഒരാളെ അവർ പിടിച്ചു കൊണ്ടു വന്നു. സുമാമതുബ്നു ഉസാൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മദീനത്തെ പള്ളിയുടെ ഒരു തൂണിൽ അദ്ദേഹത്തെ അവർ ബന്ധിച്ചു. നബിﷺ അദ്ദേഹത്തിന്റെ അടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു. അല്ലയോ സുമാമ, താങ്കൾക്ക് എന്ത് പറയാനുണ്ട്? അപ്പോൾ അദ്ദേഹം പറഞ്ഞു: നല്ലതു തന്നെ. താങ്കൾ എന്നെ കൊല്ലുന്ന പക്ഷം ജീവനുള്ള ഒരാളെയാണ് നിങ്ങൾ കൊല്ലുന്നത്. എന്നോട് കരുണ കാണിക്കുന്ന പക്ഷം നന്ദിയുള്ള ഒരാളോടാണ് നിങ്ങൾ കരുണ കാണിക്കുന്നത്. പണമാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ എത്ര വേണമെങ്കിലും ചോദിച്ചു കൊള്ളുക. നബിﷺ അദ്ദേഹത്തെ വിട്ടു. അടുത്ത ദിവസം വന്നു കൊണ്ട് നബി വീണ്ടും ചോദിച്ചു. എന്തു പറയാനുണ്ട് സുമാമ? സുമാമ പറഞ്ഞു: ഇന്നലെ പറഞ്ഞത് തന്നെ. താങ്കൾ എന്നോട് കരുണ കാണിക്കുന്ന പക്ഷം നന്ദിയുള്ള ഒരാളോടാണ് താങ്കൾ കരുണ കാണിക്കുന്നത്. നബിﷺ അദ്ദേഹത്തെ വിട്ടു. അടുത്ത ദിവസം വീണ്ടും വന്നു കൊണ്ട് ചോദിച്ചു. താങ്കൾക്ക് എന്തു പറയാനുണ്ട് സുമാമ?. സുമാമ പറഞ്ഞു: ഇതു വരെ പറഞ്ഞതൊക്കെ തന്നെയാണ് പറയാനുള്ളത്. അപ്പോൾ നബിﷺ പറഞ്ഞു: സുമാമയെ മോചിപ്പിക്കുക. (സ്വഹാബികൾ സുമാമയെ കെട്ടഴിച്ച് വിട്ടപ്പോൾ) പള്ളിക്കു സമീപത്തുള്ള ഒരു ഈത്തപ്പന തോട്ടത്തിലേക്ക് അദ്ദേഹം പോയി. അവിടെ നിന്ന് കുളിച്ച ശേഷം വീണ്ടും പള്ളിയിലേക്ക് മടങ്ങി വന്നു. എന്നിട്ട് പറഞ്ഞു: ” അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വ അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുള്ളഹി.” എന്നിട്ട് ഇപ്രകാരം പറഞ്ഞു: അല്ലയോ മുഹമ്മദ്, അല്ലാഹുവാണ് സത്യം. അങ്ങയുടെ മുഖത്തേക്കാൾ വെറുപ്പുള്ള മറ്റൊരു മുഖം ഭൂമിയിൽ എനിക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖം അങ്ങയുടെ മുഖമായിത്തീർന്നിരിക്കുന്നു. അല്ലാഹുവാണ് സത്യം, അങ്ങയുടെ മതത്തോളം വെറുപ്പുള്ള മറ്റൊരു മതം എനിക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങയുടെ മതം എനിക്ക് ഏറ്റവും ഇഷ്ടമുള്ള മതമായിത്തീർന്നിരിക്കുന്നു. അല്ലാഹുവാണ് സത്യം, അങ്ങയുടെ നാടിനോളം വെറുപ്പുള്ള മറ്റൊരു നാട് എനിക്കുണ്ടായിരുന്നില്ല. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നാട് അങ്ങയുടെ നാടായി മാറിയിരിക്കുന്നു. അങ്ങയുടെ പടയാളികൾ എന്നെ പിടി കൂടിയതാണ്. ഞാൻ ഉംറ ഉദ്ദേശിച്ച് പുറപ്പെട്ടതായിരുന്നു. ഇനി എന്താണ് താങ്കളുടെ അഭിപ്രായം?. നബിﷺ അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിക്കുകയും ഉംറ ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. അദ്ദേഹം മക്കയിൽ എത്തിയപ്പോൾ ചില ആളുകൾ പറഞ്ഞു: നിങ്ങൾ മതം മാറിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഇല്ല. മറിച്ച് ഞാൻ മുഹമ്മദ് നബിയോടൊപ്പം ഇസ്‌ലാം സ്വീകരിച്ചിരിക്കുകയാണ്. അല്ലാഹുവാണ് സത്യം. മുഹമ്മദ് നബിﷺ അനുവാദം തരുന്നതുവരെ യമാമയിൽ നിന്ന് ഒരു മണി ഗോതമ്പ് പോലും ഇനി നിങ്ങൾക്ക് വരുകയില്ല. (ബുഖാരി: 4372. മുസ്‌ലിം: 1764)
ശേഷം സുമാമ യമാമയിലേക്ക് പുറപ്പെട്ടു. ഇനി മക്കയിലേക്ക് ഒന്നും അയക്കരുത് എന്ന് അവിടെ വെച്ച് അദ്ദേഹം പറയുകയും ചെയ്തു. ഖുറൈശികൾക്ക് വിശപ്പ് ശക്തമായിത്തുടങ്ങി. വിശപ്പിന്റെ കാഠിന്യത്താൽ മൃഗങ്ങളുടെ രോമം പോലും കഴിക്കുന്ന അവസ്ഥയിലേക്ക് അവർ എത്തിയിരുന്നു. വിശപ്പ് സഹിക്ക വയ്യാതെയായപ്പോൾ അബൂസുഫിയാനിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ ഖുറൈശികൾ മദീനയിൽ നബിﷺയുടെ അടുക്കലേക്ക് അയച്ചു. എന്നിട്ടു പറഞ്ഞു: ലോകത്തിന് അനുഗ്രഹമായിട്ടാണ് താങ്കൾ നിയോഗിക്കപ്പെട്ടത് എന്നാണല്ലോ താങ്കളുടെ വാദം. നബിﷺ പറഞ്ഞു: അതെ, തീർച്ചയായും. അപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു: “പിതാക്കൾ വാളുകളാൽ കൊല്ലപ്പെട്ടു മക്കൾ ഇതാ വിശപ്പിനാൽ കൊല്ലപ്പെടുന്നു”. ഈ സംഭവത്തിനു ശേഷം യമാമയിൽനിന്നും മക്കയിലേക്ക് ധാന്യങ്ങൾ കയറ്റി വിടാൻ ആവശ്യപ്പെട്ടു കൊണ്ട് നബിﷺ  സുമാമرضي الله عنهക്ക് കത്തെഴുതി. അദ്ദേഹം അപ്രകാരം ചെയ്യുകയും ചെയ്തു. “നാം അവരെ ശിക്ഷയുമായി പിടി കൂടുകയുണ്ടായി. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങിയില്ല. അവര്‍ താഴ്മ കാണിക്കുന്നുമില്ല”. (മുഅ്‌മിനൂൻ: 76) സുമാമرضي الله عنه തന്റെ ഇസ്ലാമിൽ ഉറച്ചു നിന്നു. നബിﷺയുടെ മരണ ശേഷം മുസൈലിമതുൽ കദ്ദാബ് പ്രവാചകത്വം വാദിച്ച് വന്നപ്പോൾ യമാമയിൽ ഉള്ള പല ആളുകളും മുർത്തദ്ദായെങ്കിലും സുമാമرضي الله عنه അവരുടെ കൂടെ പോയില്ല.


ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Comment