നബി ചരിത്രം - 76 - ഹിജ്റ ഏഴാം വർഷം [ഭാഗം: 9]
മദീനയിലേക്ക് മടങ്ങിയതിനു ശേഷമുള്ള പ്രവർത്തനങ്ങൾ
നബി ﷺ ഖൈബറിൽ നിന്നും മദീനയിലേക്ക് മടങ്ങിയപ്പോൾ അവിടുത്തെ ഭാര്യ അബൂസുഫ്‌യാനിന്റെ മകൾ ഉമ്മുഹബീബ رضي الله عنها നബി ﷺയെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ജഅ്‌ഫറും رضي الله عنه അനുയായികളും അബിസീനിയയിൽ നിന്നും മടങ്ങി വന്നപ്പോൾ അവരുടെ കൂടെ വന്നതായിരുന്നു അവർ. അവർ ഖൈബറിലേക്ക് പോയെങ്കിലും ഉമ്മു ഹബീബ رضي الله عنها മദീനയിൽ തന്നെ ഇരിക്കുകയായിരുന്നു. ഉമ്മു ഹബീബയെ رضي الله عنها വിവാഹം ചെയ്തു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി ﷺ അംറുബ്നു ഉമയ്യرضي الله عنه യെ നജ്ജാശിയുടെ അടുക്കലേക്ക് അയച്ചതായിരുന്നു. ജഅ്‌ഫർ رضي الله عنه ന്റെ കൂടെ ഉമ്മുഹബീബرضي الله عنهاയെ മദീനയിലേക്ക് അയക്കാനും നബി ﷺ നജ്ജാശിയോട് ആവശ്യപ്പെട്ടിരുന്നു. നബി ﷺയുടെ പിതൃവ്യ പുത്രിമാരിൽ ഒരാളായിരുന്നു ഉമ്മു ഹബീബ رضي الله عنها. നബി ﷺയുടെ ഭാര്യമാരിൽ ഉമ്മുഹബീബرضي الله عنها യെക്കാൾ കൂടുതൽ അടുത്ത കുടുംബ ബന്ധം ഉള്ളവർ ആരും ഉണ്ടായിരുന്നില്ല. നബി ﷺ ഏറ്റവും കൂടുതൽ മഹ്ർ കൊടുത്തത് ഉമ്മുഹബീബ رضي الله عنها ക്കായിരുന്നു.
ആദ്യ ഭർത്താവ് അബ്ദുല്ലാഹിബിനു ജഹ്ശി رضي الله عنه ന്റെ കൂടെ അബിസീനിയയിലേക്ക് ഹിജ്റ പോയതായിരുന്നു അവർ. അവിടെ വെച്ച് ഭർത്താവ് മരണപ്പെട്ടു. ഉമ്മു ഹബീബرضي الله عنها നബി ﷺയുമായി കൂടുമ്പോൾ അവരുടെ പ്രായം മുപ്പത്തി ചില്ലറ വയസ്സായിരുന്നു. ഹിജ്റ 44 ലാണ് അവർ മരണപ്പെടുന്നത്. സഹോദരൻ മുആവിയയുടെ ഭരണ കാലഘട്ടമായിരുന്നു അന്ന്.
നബി ﷺ മദീനയിലെത്തിയതിനു ശേഷമുണ്ടായ മറ്റൊരു യുദ്ധമാണ് ദാതുർറഖാഅ് യുദ്ധം. തുണിക്കഷ്ണം എന്നാണ് ഈ വാക്കിന്റെ അർത്ഥം. കാലുകൾ വിണ്ട് കീറിയപ്പോൾ സ്വഹാബികൾ തുണി കഷ്ണം ചുറ്റിയത് കൊണ്ടാണ് യുദ്ധത്തിന് അങ്ങിനെ പേർ വന്നത്. അബു മൂസൽ അശ്അരിرضي الله عنه യിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: ഞങ്ങൾ നബി ﷺയുടെ കൂടെ ഒരു യുദ്ധത്തിനു പുറപ്പെട്ടു. ഞങ്ങൾ ആറു പേരുണ്ടായിരുന്നു. ഒരു ഒട്ടകപ്പുറത്ത് ഞങ്ങൾ മാറി മാറി കയറുകയായിരുന്നു. അങ്ങിനെ ഞങ്ങളുടെ കാലുകൾ പൊട്ടി. എന്റെ കാലും അന്നു പൊട്ടിയിരുന്നു. എന്റെ കാലിലെ നഖം പോലും കൊഴിഞ്ഞു പോയി. അതിനാൽ ഞങ്ങൾ തുണിക്കഷ്ണം കൊണ്ട് ഞങ്ങളുടെ കാലുകൾ കെട്ടി. ഇക്കാരണത്താലാണ് ദാതുർറഖാഅ് എന്ന് യുദ്ധത്തിന് പേരു വന്നത്. (ബുഖാരി: 4128. മുസ്‌ലിം: 1816)
ഈ യുദ്ധത്തിലും നബി ﷺ സ്വഹാബിമാരെ കൊണ്ട് ഭയത്തിന്റെ നമസ്കാരം നിർവഹിച്ചിട്ടുണ്ട്. (ബുഖാരി: 4125) ബനൂ മഹാരിബിൽ പെട്ട – ബനൂ അൻമാർ എന്നും അഭിപ്രായം ഉണ്ട്- ചില ആളുകൾ നബി ﷺക്കെതിരെ യുദ്ധത്തിന് ഒരുങ്ങി. ഇതായിരുന്നു യുദ്ധത്തിനുള്ള കാരണം. അപ്പോൾ നബി ﷺ 400 ഓളം വരുന്ന ആളുകളെയും കൊണ്ട് അവരിലേക്ക് പുറപ്പെട്ടു. 700 ആണെന്നും അഭിപ്രായമുണ്ട്. മദീനയുടെ ഉത്തരവാദിത്വം ഉസ്മാനുബ്നു അഫ്ഫാൻ رضي الله عنهനെ ഏൽപ്പിച്ചു. അബൂദർറുൽ ഗിഫാരിرضي الله عنهയെയാണ് ഏൽപ്പിച്ചത് എന്നും പറയപ്പെടുന്നു. നബി ﷺയും സ്വഹാബിമാരും മക്കക്ക് സമീപമുള്ള നഖ്‌ല എന്ന സ്ഥലത്ത് എത്തി. മക്കക്കും മദീനക്കും ഇടക്കുള്ള സ്ഥലമായിരുന്നു ഇത്. സ്ത്രീകളെയല്ലാതെ മറ്റാരെയും അവിടെ കണ്ടില്ല. നബി ﷺ അവരെയെല്ലാം പിടികൂടി. അഅ്‌റാബികൾ മലമുകളിലേക്ക് ഓടി രക്ഷപ്പെട്ടു. അവരിൽ ചില ആളുകളെ നബി ﷺ കണ്ടു മുട്ടി. അങ്ങിനെ അവർ പരസ്പരം അടുത്തു. അവർക്കിടയിൽ യുദ്ധം ഒന്നും ഉണ്ടായില്ല. രണ്ടു വിഭാഗവും അങ്ങോട്ടുമിങ്ങോട്ടും ഭയപ്പെടുത്തുകയായിരുന്നു. അസ്വ്‌ർ നമസ്കാരത്തിന് സമയമായി. നമസ്കരിക്കാൻ നിന്നാൽ മുശ്‌രിക്കുകൾ ആക്രമിക്കുമോ എന്ന ഭയം മുസ്ലീംകൾക്കുണ്ടായി. അങ്ങിനെ നബി ﷺ തന്റെ അനുചരന്മാരെയും കൊണ്ട് ഭയത്തിന്റെ നമസ്കാരം നിർവഹിച്ചു. (ബുഖാരി: 4127)
ശേഷം നബി ﷺ മദീനയിലേക്ക് മടങ്ങി. 15 ദിവസമാണ് മദീനയിൽ നിന്നും വിട്ടു നിന്നത്. ഞാനും മുസ്ലിംകളും സുരക്ഷിതരാണ് എന്ന സന്തോഷ വാർത്ത അറിയിക്കുന്നതിനു വേണ്ടി ജആലുബ്നു സുറാഖرضي الله عنه യെ നബി ﷺ നേരത്തെ തന്നെ മദീനയിലേക്ക് അയച്ചു. ജാബിർرضي الله عنه പറയുന്നു: ദാതുർറഖാഅ് യുദ്ധത്തിന്റെ സന്ദർഭത്തിൽ ഞങ്ങൾ നബി ﷺയോടൊപ്പമായിരുന്നു. തണലുള്ള ഒരു മരം കണ്ടപ്പോൾ ഞങ്ങൾ അത് നബി ﷺക്കു വേണ്ടി മാറ്റി വെച്ചു. നബി ﷺ തന്റെ വാൾ മരത്തിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ മുശ്‌രിക്കുകളുടെ കൂട്ടത്തിൽ നിന്നും ഒരാൾ വന്നു കൊണ്ട് ആ വാളെടുത്തു പിടിച്ചു ചോദിച്ചു; നിങ്ങൾക്ക് എന്നെ പേടിയുണ്ടോ? നബി ﷺ പറഞ്ഞു: ഇല്ല. അപ്പോൾ അയാൾ ചോദിച്ചു. എന്നിൽ നിന്നും താങ്കളെ ആരു തടയും? നബി ﷺ പറഞ്ഞു: അല്ലാഹു. നബി ﷺയുടെ സ്വഹാബിമാർ ഈ മുശ്‌രികായ വ്യക്തിയെ ഭീഷണിപ്പെടുത്തി. നമസ്കാരത്തിന് സമയമായപ്പോൾ നബി ﷺ ഒരു വിഭാഗത്തെ കൊണ്ട് രണ്ട് റക്അത്ത് നമസ്കരിച്ചു. ശേഷം അവർ മാറി നിൽക്കുകയും അടുത്ത വിഭാഗത്തെ കൊണ്ട് രണ്ട് റക്അത്ത് പൂർത്തിയാക്കുകയും ചെയ്തു. അങ്ങിനെ നബി ﷺ നാലും സഹാബികൾ രണ്ടുമാണ് നമസ്കരിച്ചത്. (ബുഖാരി: 4136)
ദാതുർറഖാഅ് യുദ്ധം കഴിഞ്ഞ് നബി ﷺ മദീനയിലേക്ക് മടങ്ങുമ്പോൾ വഴിയിൽ വച്ച് ചില സംഭവങ്ങൾ ഉണ്ടായി.
(ഒന്ന്) ജാബിറുബ്നു അബ്ദില്ല رضي الله عنه യിൽ നിന്നും നിവേദനം; അദ്ദേഹം നബി ﷺയുടെ കൂടെ നജ്ദിന്റെ ഭാഗത്തുള്ള ആളുകളുമായി യുദ്ധം ചെയ്തു. യുദ്ധ ശേഷം നബി ﷺ മടങ്ങുമ്പോൾ ജാബിറും رضي الله عنه കൂടെ മടങ്ങി. മുൾച്ചെടികൾ നിറഞ്ഞ ഒരു താഴ്‌വരയിൽ എത്തിയപ്പോൾ സഹാബിമാർക്കു ഉറക്കം വന്നു. നബി ﷺ അവിടെ ഇറങ്ങി. മരത്തിന്റെ തണൽ തേടിക്കൊണ്ട് സ്വഹാബിമാർ അങ്ങോട്ടുമിങ്ങോട്ടും പോയി. സമുറ എന്ന് പേരുള്ള ഒരു മരത്തിനു ചുവട്ടിലാണ് നബി ﷺ ഇറങ്ങിയത്. തന്റെ വാൾ അതിന്റെ ചില്ലയിൽ തൂക്കിയിട്ടു. അങ്ങിനെ ഞങ്ങൾ എല്ലാവരും ഉറങ്ങി. അപ്പോഴതാ അല്ലാഹുവിന്റെ പ്രവാചകൻ ഞങ്ങളെ വിളിക്കുന്നു. എണീറ്റ് നോക്കിയപ്പോൾ നബി ﷺയുടെ അടുക്കൽ ഒരു അഅ്‌റാബി നിൽക്കുന്നു. നബി ﷺ പറഞ്ഞു: ഞാൻ ഉറങ്ങി കൊണ്ടിരിക്കെ ഇയാൾ എനിക്കു നേരെ എന്റെ വാളൂരി. (ജാബിർ رضي الله عنه പറയുന്നു) ഈ സന്ദർഭത്തിൽ ഞാൻ ഉണർന്നു. അപ്പോഴതാ ആ വ്യക്തി ഊരിപ്പിടിച്ച വാളുമായി പ്രവാചകന്റെ മുൻപിൽ നിൽക്കുന്നു. അയാൾ നബി ﷺയോട് ചോദിച്ചു; നിങ്ങളെ എന്നിൽ നിന്നും ആരു തടയും?. നബി ﷺ പറഞ്ഞു: അല്ലാഹു. മൂന്നു തവണ ഇത് ആവർത്തിച്ചു പറഞ്ഞു. നബി ﷺ അദ്ദേഹത്തെ ശിക്ഷിച്ചില്ല. ശേഷം നബി ﷺ അവിടെ ഇരുന്നു. (ബുഖാരി: 2910. മുസ്‌ലിം: 843)
(രണ്ട്) ജാബിറുബ്നു അബ്ദില്ലرضي الله عنه യിൽ നിന്ന് നിവേദനം; ഞാൻ നബി ﷺയോടൊപ്പം യുദ്ധം ചെയ്തു. നടക്കാൻ കഴിയാത്ത ക്ഷീണം ബാധിച്ച ഒരു ഒട്ടകം എന്റെ കൂടെ ഉണ്ടായിരുന്നു. നബി ﷺ എന്നോട് ചോദിച്ചു. എന്തു പറ്റി ജാബിർ നിന്റെ ഒട്ടകത്തിന്?. ഞാൻ പറഞ്ഞു: അത് രോഗിയാണ്. ജാബിർ رضي الله عنه പറയുന്നു: അങ്ങിനെ നബി ﷺ പിറകോട്ട് വന്നു എന്റെ ഒട്ടകത്തെ തെളിക്കുകയും അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അതിനു ശേഷം എന്റെ ഒട്ടകം എല്ലാവരുടെയും ഒട്ടകങ്ങൾക്ക് മുന്നിലെത്തി. നബി ﷺ ചോദിച്ചു: ഇപ്പോൾ എന്താണ് ജാബിറെ ഒട്ടകത്തിന്റെ അവസ്ഥ. ഞാൻ പറഞ്ഞു: നല്ലതു തന്നെ. അങ്ങയുടെ ബറക്കത്ത് അതിനു ലഭിച്ചിരിക്കുന്നു. നബി ﷺ ചോദിച്ചു; ഒട്ടകത്തെ നീയെനിക്ക് വിൽക്കുമോ? ജാബിർ رضي الله عنه പറയുന്നു: എനിക്ക് നാണം തോന്നി. ഇതല്ലാതെ മറ്റൊരു ഒട്ടകം എനിക്കുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു: വിൽക്കാൻ തയ്യാറാണ് പ്രവാചകരേ. മദീനയിൽ എത്തുന്നതു വരെ ഒട്ടകപ്പുറത്ത് എനിക്ക് കയറാനുള്ള അനുവാദം നൽകണമെന്ന വ്യവസ്ഥയോട് കൂടി ഞാൻ ആ ഒട്ടകം നബി ﷺക്കു വിറ്റു. ജാബിർ رضي الله عنه പറയുകയാണ്. ഞാൻ നബി ﷺയോട് ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ എന്റെ വിവാഹം ഈ അടുത്ത് നടന്നിട്ടേ ഉള്ളൂ. എനിക്ക് വേഗം പോകുവാൻ അനുവാദം നൽകുമോ?. നബി ﷺ അദ്ദേഹത്തിന് അനുവാദം കൊടുത്തു. അങ്ങിനെ ജാബിർ رضي الله عنه വേഗത്തിൽ മദീനയിലെത്തി.
ജാബിർ رضي الله عنه പറയുകയാണ്. ഞാൻ മദീനയിലെത്തിയപ്പോൾ എന്റെ അമ്മാവൻ എന്നെ കണ്ടു. അദ്ദേഹം എന്റെ ഒട്ടകത്തെ കുറിച്ച് എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ ഉണ്ടായ സംഭവങ്ങളെല്ലാം പറഞ്ഞു. അതിന്റെ പേരിൽ അയാൾ എന്നെ ആക്ഷേപിച്ചു. ജാബിർ رضي الله عنه പറയുന്നു: മദീനയിലേക്ക് വേഗത്തിൽ പോകാൻ വേണ്ടി നബി ﷺയോട് അനുവാദം ചോദിച്ചപ്പോൾ എന്നോട് ഇപ്രകാരം നബി ﷺ ചോദിച്ചിരുന്നു; നീ കല്യാണം കഴിച്ചത് കന്യകയെയാണോ അതോ മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീയാണോ. ഞാൻ പറഞ്ഞു: മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീയെയാണ് പ്രവാചകരേ ഞാൻ കല്യാണം കഴിച്ചത്. നബി ﷺ ചോദിച്ചു നിനക്ക് ഒരു കന്യകയെ കല്യാണം കഴിക്കാമായിരുന്നില്ലേ. എങ്കിൽ നിനക്ക് അവളെയും അവൾക്ക് നിന്നെയും കളിപ്പിക്കാമല്ലോ. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, എന്റെ പിതാവ് മരണപ്പെട്ടു- ശഹീദായി-. എനിക്ക് ചെറിയ സഹോദരിമാരാണുള്ളത്. അവരിലേക്ക് അവരെ പോലുള്ള ഒരു കന്യകയെ കൊണ്ടു വരുന്നത് എനിക്ക് ഇഷ്ടമായി തോന്നിയില്ല. കന്യകയെ കൊണ്ട് വന്നാൽ അവൾ എന്റെ സഹോദരിമാരെ അദബ് പഠിപ്പിക്കുകയില്ല. അവരുടെ കാര്യങ്ങൾ നോക്കുകയുമില്ല. അതു കൊണ്ടു തന്നെ ഇവരുടെ കാര്യങ്ങൾ നോക്കുവാനും അവരെ അദബ് പഠിപ്പിക്കുവാനും വേണ്ടിയാണ് ഞാൻ ഒരു വിധവയെ കല്യാണം കഴിച്ചത്. നബി ﷺ മദീനയിൽ എത്തിയപ്പോൾ ഒട്ടകത്തെയും കൊണ്ട് ഞാൻ നബി ﷺയുടെ അടുക്കൽ ചെന്നു. നബി ﷺ ഒട്ടകത്തെയും അതിന്റെ വിലയും എനിക്ക് തിരിച്ചു തന്നു. (ബുഖാരി: 2967. മുസ്‌ലിം: 715)
(മൂന്ന്) അബ്ദുല്ലാഹിബിനു മസ്ഊദ് رضي الله عنه നിന്നും നിവേദനം; ഞങ്ങൾ നബി ﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. നബി ﷺ തന്റെ ആവശ്യ നിർവഹണത്തിന് വേണ്ടി മുന്നോട്ടു പോയി. അപ്പോൾ ഞങ്ങൾ ഒരു പക്ഷിയെ കണ്ടു. അതിന്റെ കൂടെ രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ആ കുഞ്ഞുങ്ങളെ ഞങ്ങൾ പിടി കൂടി. അപ്പോൾ ആ പക്ഷി വന്നു ചിറകിട്ടടിക്കാൻ തുടങ്ങി. അപ്പോഴേക്കും തിരിച്ചു വന്ന നബി ﷺ ചോദിച്ചു; ആരാണ് ഈ കുഞ്ഞുങ്ങളെ പിടിച്ചു വെച്ചു കൊണ്ട് അതിന്റെ തള്ളയെ വേദനിപ്പിച്ചത്?. ആ കുഞ്ഞുങ്ങളെ അതിനു തിരിച്ചു കൊടുക്കൂ.(അഹ്‌മദ്: 3835. അബൂ ദാവൂദ്: 2675)
(നാല്) ജാബിറുബ്നു അബ്ദുല്ല رضي الله عنه യിൽ നിന്നും നിവേദനം; ദാതുർറഖാഅ് യുദ്ധത്തിനു വേണ്ടി ഞങ്ങൾ നബി ﷺയോടൊപ്പം പുറപ്പെട്ടു. ഈ യുദ്ധത്തിൽ മുശ്‌രികുകളിലെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. യുദ്ധം കഴിഞ്ഞു തിരിച്ചു പോന്നപ്പോൾ ഈ സ്ത്രീയുടെ ഭർത്താവ് വന്നു. മുഹമ്മദിന്റെ അനുയായികളിൽ രക്തം ചിന്തുവോളം ഞാൻ അടങ്ങിയിരിക്കില്ല എന്ന് അയാൾ സത്യം ചെയ്തു പറഞ്ഞു. ആ സ്ത്രീ കൊല്ലപ്പെടുമ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല. അങ്ങിനെ മുഹമ്മദ് നബി ﷺയും അനുയായികളും പോയ കാലടിപ്പാടുകൾ പരിശോധിച്ച് അയാൾ ഇറങ്ങിപ്പുറപ്പെട്ടു.
നബി ﷺയും സ്വഹാബിമാരും ഒരു സ്ഥലത്ത് വിശ്രമിക്കാൻ ഇറങ്ങി. നബി ﷺ ചോദിച്ചു; രാത്രിയിൽ നമുക്ക് ആരാണ് പാറാവു നിൽക്കുക? മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ഓരോ ആളുകൾ വീതം എഴുന്നേറ്റു നിന്നു കൊണ്ട് പറഞ്ഞു: ഞങ്ങൾ തയ്യാറാണ് പ്രവാചകരെ. നബി ﷺ അവരോട് പറഞ്ഞു: താഴ്‌വരയിലേക്കുള്ള പ്രവേശന ഭാഗത്തു തന്നെ നിങ്ങൾ പാറാവു നിൽക്കണം. നബി ﷺയും സ്വഹാബിമാരും താഴ്‌വരയുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നിട്ടുണ്ടായിരുന്നു. പാറാവ് നിൽക്കുന്നതിന് രണ്ടു പേരും താഴ്‌വരയുടെ പ്രവേശന ഭാഗത്തേക്ക് നീങ്ങുമ്പോൾ അൻസാരിയായ സഹോദരൻ മഹാജിറിനോട് ചോദിച്ചു; രാത്രിയുടെ ആദ്യ ഭാഗമാണോ അവസാന ഭാഗമാണോ താങ്കൾക്ക് ഏറ്റവും ഇഷ്ടം?. അതു പോലെ താങ്കൾ ചെയ്തുകൊള്ളുക. മുഹാജിർ പറഞ്ഞു: എനിക്ക് അവസാന ഭാഗം മതി. അങ്ങിനെ രാത്രിയുടെ ആദ്യ സമയത്ത് അൻസാരി കാവൽ നിൽക്കുകയും മുഹാജിർ കിടന്നുറങ്ങുകയും ചെയ്തു. ഈ സന്ദർഭത്തിൽ അൻസാരി നമസ്കരിക്കാൻ തുടങ്ങി. സ്വഹാബികളെ തേടി ഇറങ്ങിയ വ്യക്തി അവിടെ എത്തിച്ചേർന്നു. നമസ്കരിച്ചു കൊണ്ടിരിക്കുന്ന അൻസാരിയെ കണ്ടപ്പോൾ മുസ്ലിം സൈന്യത്തിന്റെ തുടക്കം ഇവിടെയാണെന്ന് അയാൾ മനസ്സിലാക്കി. അയാൾ ഒരു അമ്പെടുത്ത് ആ സ്വഹാബിയിലേക്ക് എയ്തു വിട്ടു. അൻസാരി അത് ഊരി വെക്കുകയും തന്റെ നമസ്കാരത്തിൽ തുടരുകയും ചെയ്തു. മൂന്നു തവണ ഇപ്രകാരം അമ്പെറിയുകയും അൻസാരി അത് ശരീരത്തിൽ നിന്ന് ഊരിവെക്കുകയും ചെയ്തു. ശേഷം അദ്ദേഹം റുകൂഉം സുജൂദും നിർവഹിച്ചു. സുജൂദിലേക്ക് പോയപ്പോൾ തന്റെ കൂട്ടുകാരനെ വിളിച്ചുണർത്തി. അക്രമിക്കാൻ വന്ന വ്യക്തി രണ്ടു പേരെയും കണ്ടപ്പോൾ ഇവർ രണ്ടു പേരും എന്റെ കാര്യത്തിൽ തീരുമാനം എടുത്തിട്ട് ഉണ്ടാകും എന്ന് മനസ്സിലാക്കി അവിടം വിട്ടു ഓടിപ്പോയി. അപ്പോഴാണ് അൻസാരിയുടെ ശരീരത്തിലുള്ള രക്തം മുഹാജിർ കാണുന്നത്. അദ്ദേഹം പറഞ്ഞു: സുബ്ഹാനള്ളാ! താങ്കൾക്ക് നേരത്തെ തന്നെ എന്നെ ഉണർത്താമായിരുന്നില്ലേ?!. അപ്പോൾ അൻസ്വാരി പറഞ്ഞു: ഞാൻ ഒരു സൂറത്ത് ഓതുകയായിരുന്നു. അത് പൂർത്തിയാക്കുന്നതിനു മുമ്പ് നിർത്തി വെക്കുന്നത് എനിക്ക് ഇഷ്ടമായില്ല. എന്നാൽ ശത്രു തുടരെത്തുടരെ അമ്പെറിഞ്ഞപ്പോൾ ഞാൻ കുനിയുകയും നിങ്ങൾ ഈ അവസ്ഥയിൽ എന്നെ കാണുകയും ചെയ്തു. അല്ലാഹുവാണ് സത്യം, ഒരു സമൂഹത്തിന്റെ മുഴുവൻ സംരക്ഷണോത്തരവാദിത്വം ഏൽപ്പിച്ചതാണ് അല്ലാഹുവിന്റെ പ്രവാചകൻ. അതില്ലായിരുന്നുവെങ്കിൽ ആ സൂറത്ത് ഓതി തീരുന്നതിനു മുമ്പ് തന്നെ എന്റെ ജീവിതം അവസാനിക്കുമായിരുന്നു. (അഹ്‌മദ്: 14704)
ഫദ്‌ലുല്‍ ഹഖ് ഉമരി