നബി ചരിത്രം - 75 - ഹിജ്റ ഏഴാം വർഷം [ഭാഗം: 8]
ഖൈബറിന്റെ ബാക്കി പത്രം.
20 ന് താഴെ ആളുകളാണ് ഖൈബർ യുദ്ധത്തിൽ മുസ്‌ലിംകളിൽ നിന്നും ശഹീദായത്. ജൂതന്മാരിൽ നിന്ന് 93 ആളുകൾ കൊല്ലപ്പെട്ടു.
ഖൈബറിനു ശേഷം ഫദക് പ്രദേശത്തുള്ള ജൂതൻമാരുമായി നബി ﷺ സന്ധിയിൽ ഏർപ്പെട്ടു. ഖൈബറിന്റെ വടക്കു വശത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഫദക്. നബി ﷺ ഖൈബറിൽ എത്തിയ ഉടനെ മുഹൈസ്വതുബ്നു മസ്‌ഊദ്رضي الله عنه നെ ചില ആളുകളോടൊപ്പം ജൂതന്മാരെ ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ട് ഫദകിലേക്ക് പറഞ്ഞയച്ചിരുന്നു. അവർ തിരിച്ചു വരാൻ വൈകി. ഖൈബർ യുദ്ധം കഴിഞ്ഞപ്പോൾ അള്ളാഹു ഫദകു കാരുടെ ഹൃദയങ്ങളിൽ ഭയം ഇട്ടു കൊടുത്തു. അപ്പോൾ ഖൈബറിലുള്ളവർ ചെയ്തതു പോലെ ഫദകിലുള്ള വസ്തുക്കളുടെ പകുതി നിങ്ങൾക്ക് തരാം എന്ന നിബന്ധനയോടെ കൂടി സന്ധിയിൽ ഏർപ്പെടുന്നതിന് വേണ്ടി നബി ﷺയിലേക്ക് ആളെ അയച്ചു. നബി ﷺ ഇത് അംഗീകരിക്കുകയും ചെയ്തു. ഫദകിൽ നിന്നും ലഭിച്ചവ നബി ﷺക്ക് മാത്രമുള്ളതായിരുന്നു. കാരണം ഒരു കുതിരപ്പടയോ കാലാൾപടയോ അങ്ങോട്ട് പോയിട്ടില്ല. അതു കൊണ്ടു തന്നെ ആ സ്വത്തുക്കൾ നബി ﷺ തന്റെ കുടുംബത്തിനു വേണ്ടിയും ചെറിയ കുട്ടികൾക്ക് വേണ്ടിയും ബനൂ ഹാശിമിൽ പെട്ട ആവശ്യക്കാരായ ആളുകൾക്ക് വേണ്ടിയും ചെലവഴിച്ചു.
മദീനയുടെയും ശാമിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്ന സ്ഥലമാണ് വാദിൽഖുറാ. ഫദകു കാരുമായുള്ള സന്ധിക്കു ശേഷം നബി ﷺ വാദിൽഖുറയിലേക്ക് ചെന്നു. ജൂതന്മാരുടെ ഒരു സംഘം ആളുകൾ അവിടെ ഉണ്ടായിരുന്നു. നബി ﷺ തന്റെ അനുചരന്മാരെ അവരുമായി യുദ്ധത്തിന് തയ്യാറാക്കുകയും അവരെ വരിവരിയായി നിർത്തുകയും ചെയ്തു. സഅ്‌ദുബ്നു ഉബാദرضي الله عنه യുടെ കയ്യിലാണ് കൊടി കൊടുത്തത്. ശേഷം നബി ﷺ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിൽ അവരുടെ സമ്പത്തും രക്തവും സുരക്ഷിതമായിരിക്കുമെന്നും നിങ്ങളുടെ വിചാരണ അല്ലാഹുവിന്റെ കയ്യിൽ ആയിരിക്കും എന്നും നബി ﷺ അവരെ അറിയിച്ചു. അവർ വിസമ്മതിക്കുകയും യുദ്ധത്തിന് ഒരുങ്ങുകയും ചെയ്തു. അങ്ങിനെ അവരിൽ നിന്നും ഒരാൾ രംഗത്തു വന്നു. അയാളെ നേരിടാൻ സുബൈറുബ്നുൽ അവ്വാം رضي الله عنه ഇറങ്ങി പുറപ്പെടുകയും അയാളെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം മറ്റൊരു വ്യക്തി ഇറങ്ങി വന്നു. അയാളെ അലിയും കൊലപ്പെടുത്തി. ഈ നിലക്ക് പതിനൊന്നോളം ആളുകൾ അവരിൽ നിന്നും ഇറങ്ങി വന്നു. പക്ഷേ എല്ലാവരും കൊല്ലപ്പെടുകയാണുണ്ടായത്. ശേഷം നബി ﷺയും സ്വഹാബിമാരും അവരോട് യുദ്ധം ചെയ്തു. സൂര്യൻ അസ്തമിച്ചു തുടങ്ങിയപ്പോഴേക്കും അവർ തങ്ങളുടെ കൈകളിൽ ഉള്ളതെല്ലാം മുസ്ലിംകൾക്ക് നൽകി. നിമിഷ നേരം കൊണ്ട് പ്രവാചകൻ അവരിൽ വിജയം നേടി. അവരുടെ സമ്പത്തെല്ലാം ഗനീമത്തായി കൊണ്ട് അള്ളാഹു പ്രവാചകനു നൽകി. ഒരുപാട് ഉപകരണങ്ങളും മറ്റു വിഭവങ്ങളും അവർക്ക് അന്ന് ലഭിക്കുകയുണ്ടായി.
മുദ്അം എന്ന് പേരുള്ള ഒരു പരിചാരകൻ നബി ﷺയുടെ കൂടെയുണ്ടായിരുന്നു. റഫാഅതുബ്നു സൈദുൽജുദാമി സമ്മാനമായി കൊടുത്തതായിരുന്നു ആ അടിമയെ. കൊല്ലപ്പെടുന്നതു വരെ മുസ്ലിംകളോടൊപ്പം അദ്ദേഹം യുദ്ധം ചെയ്തു. അദ്ദേഹത്തിന്റെ മരണ ശേഷംഉൾ ഉണ്ടായ അവസ്ഥകൾ സ്വഹാബിമാർക്ക് നബി ﷺ വിശദീകരിച്ചു കൊടുത്തു. “അബൂഹുറൈറയിൽ നിന്ന് നിവേദനം; ഞങ്ങൾ നബി ﷺയോടൊപ്പം ഖൈബറിലേക്ക് പുറപ്പെട്ടു. അങ്ങിനെ അല്ലാഹു ഞങ്ങൾക്ക് വിജയം നൽകി. സ്വർണമോ വെള്ളിയോ യുദ്ധ സ്വത്തായി ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. മറിച്ച് ഭക്ഷണങ്ങളും വസ്ത്രങ്ങളും മറ്റു വിഭവങ്ങളും ആണ് ലഭിച്ചത്. ശേഷം ഞങ്ങൾ വാദിൽഖുറയിലേക്ക് നീങ്ങി. നബി ﷺയുടെ കൂടെ തന്റെ ദാസനും ഉണ്ടായിരുന്നു. രിഫാഅതുബ്നു സൈദ് നബി ﷺക്ക് സമ്മാനമായി കൊടുത്തതായിരുന്നു ആ ദാസനെ. വാദിൽഖുറയിൽ ഞങ്ങൾ എത്തിയപ്പോൾ നബി ﷺയുടെ ദാസൻ തന്റെ യാത്രാ സന്നാഹങ്ങൾ ഒരുക്കുകയായിരുന്നു. അപ്പോൾ ഒരു അമ്പ് വന്നു അദ്ദേഹത്തിൽ പതിച്ചു. അത് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായി.അപ്പോൾ ഞങ്ങൾ പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകരെ, അദ്ദേഹത്തിന് മംഗളം. അദ്ദേഹം രക്തസാക്ഷിയായി. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ഖൈബറിൽ നിന്നും അദ്ദേഹമെടുത്ത പുതപ്പ് അദ്ദേഹത്തിൽ തിയ്യിനാൽ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. ഓഹരി വെക്കുന്നതിന് ആ പുതപ്പ് എത്തിയിട്ടില്ല. ഇതു കേട്ടപ്പോൾ ജനങ്ങൾക്ക് ഭയം തോന്നി. അപ്പോൾ ജനങ്ങളുടെ കൂട്ടത്തിൽ നിന്നും ചെരുപ്പിന്റെ ഒന്നോ രണ്ടോ വാറുകളുമായി ഒരാൾ കടന്നു വന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഖൈബറിന്റെ ദിവസം എനിക്ക് ലഭിച്ചതാണിത്. അപ്പോൾ നബി ﷺ പറഞ്ഞു: തിയ്യിനാലുള്ള ചെരുപ്പിന്റെ വാറുകൾ. (ബുഖാരി:4234. മുസ്‌ലിം: 115)
നാലു ദിവസമാണ് വാദിൽഖുറയിൽ താമസിച്ചത്. അവിടെ നിന്ന് ലഭിച്ചതെല്ലാം തന്റെ സ്വഹാബിമാർക്ക് അവിടെ വെച്ച് കൊണ്ടു തന്നെ വീതിച്ചു കൊടുത്തു. ഈന്തപ്പനകളും ഭൂമി സ്വത്തുക്കളും ജൂതന്മാരുടെ കൈകളിൽ തന്നെ നൽകി. ഖൈബർ കാരോട് സ്വീകരിച്ച അതേ സമീപനമാണ് ഇവരോടും സ്വീകരിച്ചത്. അംറുബ്നു സഈദിബ്നു ആസ് رضي الله عنه നെയാണ് ഇവരുടെ ഉത്തരവാദിത്വം ഏൽപ്പിച്ചത്. ഖൈബർ കാരോടും ഫദക് കാരോടും വാദിൽഖുറക്കാരോടും നബി ﷺ സ്വീകരിച്ച നയത്തെക്കുറിച്ച് തൈമാഇലുള്ള ജൂതന്മാർ അറിഞ്ഞപ്പോൾ അവരും നബി ﷺക്ക് നികുതി കൊടുത്തു കൊണ്ട് സന്ധിക്ക് തയ്യാറായി. അവർ അവരുടെ രാജ്യങ്ങളിൽ തന്നെ താമസിക്കുകയും ഭൂമികൾ അവരുടെ കൈകളിൽ തന്നെ വെക്കുകയും ചെയ്തു.
ശേഷം നബി ﷺയും സ്വഹാബിമാരും മദീനയിലേക്ക് മടങ്ങി. ഖൈബറിനും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും അല്ലാഹു അവർക്ക് വിജയം നൽകി. ഒട്ടനവധി ഗനീമത്ത് സ്വത്ത് അവർക്ക് ലഭിച്ചു. മദീനയിൽ നിന്നും ഏതാണ്ട് ഒരു മാസത്തോളം ഖൈബർ യുദ്ധത്തിനു വേണ്ടി വിട്ടു നിന്നു. മദീനയിലേക്കുള്ള യാത്രയിൽ ചില സംഭവങ്ങൾ വേറെയും ഉണ്ടായി.
(ഒന്ന്)അബൂഹുറൈറയിൽ നിന്ന് നിവേദനം; ഖൈബറിൽ നിന്നും മടങ്ങി വരുമ്പോൾ നബി ﷺക്ക് രാത്രിയിൽ ഉറക്കം ബാധിച്ചു. ബിലാൽ رضي الله عنه നോട് തങ്ങൾക്ക് പാറാവ് നിൽക്കാൻ വേണ്ടി ആവശ്യപ്പെട്ട് നബി ﷺ കിടന്നുറങ്ങി. ബിലാൽ رضي الله عنه അല്ലാഹു തനിക്ക് നിശ്ചയിച്ചത് നമസ്കരിച്ചു. നബി ﷺയും സ്വഹാബിമാരും ഉറങ്ങുകയായിരുന്നു. ഫജ്റിനോടടുത്തപ്പോൾ ഖിബ്‌ലക്കു അഭിമുഖമായി കൊണ്ട് ബിലാൽ رضي الله عنه തന്റെ ഒട്ടകത്തിലേക്ക് ചാരിയിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അതേ അവസ്ഥയിൽ ബിലാൽ رضي الله عنه ഉറങ്ങിപ്പോയി. നബി ﷺയോ ബിലാൽ رضي الله عنه വോ തന്റെ ഉറക്കത്തിൽ നിന്നും ഉണർന്നില്ല. സ്വഹാബിമാരിൽ ഒരാളുപോലും ഉണർന്നില്ല. സൂര്യൻ ശരീരത്തിൽ പതിച്ചപ്പോഴാണ് നേരം പുലർന്ന വിവരം അവർ അറിയുന്നത്. ആദ്യമായി ഉണർന്നത് നബി ﷺയായിരുന്നു. നബി ﷺ വെപ്രാളത്തോടു കൂടി ബിലാൽ رضي الله عنه നെ വിളിച്ചുണർത്തി. ബിലാൽ رضي الله عنه പറഞ്ഞു എന്റെ ഉമ്മയും ഉപ്പയും അങ്ങേയ്ക്ക് ദണ്ഡമാണ് പ്രവാചകരേ. എല്ലാവരോടും തങ്ങളുടെ ഒട്ടകങ്ങളെ ശ്രദ്ധിക്കാൻ നബി ﷺ പറഞ്ഞു. ശേഷം നബി ﷺ വുദൂഅ് എടുക്കുകയും ബിലാൽ رضي الله عنه നോട് ഇഖാമത്ത് വിളിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. സഹാബികളെയും കൊണ്ട് സുബഹി നമസ്കരിച്ച ശേഷം നബി ﷺ പറഞ്ഞു. വല്ലവനും നമസ്കാരം മറന്നാൽ അത് ഓർമ്മ വരുമ്പോൾ അവൻ നമസ്കരിച്ചു കൊള്ളട്ടെ. കാരണം, അല്ലാഹു പറയുന്നു” … എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.” (ത്വാഹാ.) (ബുഖാരി: 595.; മുസ്‌ലിം: 680)
(രണ്ട്) അനസ് رضي الله عنهൽ നിന്നും നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ ഖൈബറിൽ നിന്നും മടങ്ങി വരികയായിരുന്നു. ഞാനും ഞാനും അബൂത്വൽഹ رضي الله عنه യും നബി ﷺയും ഒന്നിച്ചായ ഒരു സന്ദർഭം. നബി ﷺയുടെ പിറകിൽ സഫിയ്യ رضي الله عنها ഇരിക്കുന്നുണ്ട്. നബി ﷺയുടെ ഒട്ടകം ഒന്നു കുടഞ്ഞു. അപ്പോൾ നബി ﷺയും സ്വഫിയ്യ رضي الله عنها യും ഒട്ടകപ്പുറത്ത് നിന്നും താഴെ വീണു. ഉടനെ അബൂത്വൽൽ رضي الله عنه നബി ﷺയിലേക്ക് ധൃതി പിടിച്ച് ചെന്ന് കൊണ്ട് ചോദിച്ചു; അല്ലാഹു എന്നെ നിങ്ങൾക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു. വല്ലതും പറ്റിയോ പ്രവാചകരെ? നബി ﷺ പറഞ്ഞു: ഇല്ല. നീ സ്ത്രീയെ ശ്രദ്ധിക്കുക. അബൂത്വൽഹ رضي الله عنه തന്റെ മുഖത്ത് ഒരു വസ്ത്രം ഇട്ടു. എന്നിട്ട് സ്വഫിയ്യ رضي الله عنها യുടെ അടുക്കലേക്ക് ചെല്ലുകയും തൻറെ കയ്യിൽ ഉണ്ടായിരുന്ന മുണ്ട് കൊണ്ട് അവർക്ക് മറ പിടിച്ച് കൊടുക്കുകയും ചെയ്തു. ശേഷം അവരുടെ ഒട്ടകക്കട്ടിൽ ശരിയാക്കി കൊടുത്തു. അതിനു ശേഷം ഞങ്ങൾ ഞങ്ങളുടെ ഒട്ടകപ്പുറത്തു കയറി. നബി ﷺയുടെ ഒട്ടകത്തിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ഞങ്ങൾ നിന്നത്. ഒരാൾ നബി ﷺയുടെ വലതു വശത്തും മറ്റൊരാൾ നബി ﷺയുടെ ഇടതു വശത്തും. (അഹ്‌മദ്: 12947)
നബി ﷺ മദീനയിൽ എത്തി. ദൂരെ നിന്നു ഉഹുദു മല തെളിഞ്ഞു കണ്ടപ്പോൾ നബി ﷺ പറഞ്ഞു: ” ഈ മല നമ്മെ സ്നേഹിക്കുന്നു. നമ്മൾ അതിനെയും സ്നേഹിക്കുന്നു”. മദീനയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ നബി ﷺ പറഞ്ഞു” അല്ലാഹുവേ ഇവിടെയുള്ള രണ്ടു മലകൾക്കിടയിലുള്ള പ്രദേശങ്ങളെ ഞാൻ പവിത്രമായി പ്രഖ്യാപിക്കുന്നു. ഇബ്രാഹിം നബി ﷺ മക്കയെ പവിത്രമായ പ്രഖ്യാപിച്ചതു പോലെ. അല്ലാഹുവേ ഇവരുടെ മുദ്ദിലും സ്വാഇലും നീ ബർകത്ത് ചൊരിയേണമേ. (ബുഖാരി: 5425. മുസ്‌ലിം: 1365)
ശേഷം നബി ﷺ ഇപ്രകാരം പറഞ്ഞു: ആഇബൂന താഇബൂന ആബിദൂന ലി റബ്ബിനാ ഹാമിദൂൻ. മദീനയുടെ അകത്തേക്ക് പ്രവേശിക്കുന്നത് വരെ നബി ﷺ ഇപ്രകാരം പറഞ്ഞു കൊണ്ടേയിരുന്നു.(ബുഖാരി: 3086. മുസ്‌ലിം: 1345)
ഫദ്‌ലുല്‍ ഹഖ് ഉമരി