നബി ചരിത്രം - 74 - ഹിജ്റ ഏഴാം വർഷം [ഭാഗം: 7]
നബിﷺയും സ്വഫിയ്യ(റ)യും തമ്മിലുള്ള വിവാഹം.
ഖൈബറിലെ ഖമൂസ്വ് കോട്ടയിൽ നിന്നാണ് സ്വഫിയ്യ ബിൻതു ഹുയയ്യ് رضي الله عنها ബന്ധിയായി പിടിക്കപ്പെട്ടത്. കിനാനതുബ്നു റബീഇന്റെ ഭാര്യയായിരുന്നു അവർ. സന്ധിക്കു ശേഷം ചതി നടത്തിയതിന്റെ പേരിൽ നബി ﷺ അയാളെ കൊലപ്പെടുത്തുകയായിരുന്നു. സ്വഫിയ്യرضي الله عنها യുടെ മുന്നിൽ നബി ﷺ ഇസ്‌ലാമിനെ അവതരിപ്പിച്ചു. അവർ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അങ്ങിനെയാണ് നബി ﷺ അവരെ മോചിപ്പിക്കുന്നതും ശേഷം വിവാഹം കഴിക്കുന്നതും.
നബി ﷺ നടത്തിയ മോചനമായിരുന്നു വിവാഹ മൂല്യമായി നിശ്ചയിച്ചത്. ” അനസുബ്നു മാലിക് رضي الله عنه ൽ നിന്ന് നിവേദനം; ഞങ്ങൾ ഖൈബറിൽ വരികയും അല്ലാഹു കോട്ടകളിൽ ഞങ്ങൾക്ക് വിജയം നൽകുകയും ചെയ്തപ്പോൽ ഹുയയ്യുബ്നു അഖ്തബിന്റെ മകൾ സ്വഫിയرضي الله عنها യുടെ സൗന്ദര്യത്തെ കുറിച്ച് പറയപ്പെട്ടു. അവൾ പുതു മണവാട്ടിയായിരിക്കെയാണ് അവരുടെ ഭർത്താവ് കൊല്ലപ്പെടുന്നത്. അപ്പോൾ നബി ﷺ അവരെ തനിക്കു വേണ്ടി തിരഞ്ഞെടുത്തു. അവരെയും കൊണ്ട് ഞങ്ങൾ പോവുകയും സദ്ദുസ്സഹ്ബാഅ് എന്നെ സ്ഥലത്തെത്തുകയും ചെയ്തപ്പോൾ അവളുടെ ആർത്തവ (ഇദ്ദകാലം) കാലം കഴിഞ്ഞു. അപ്പോൾ നബി ﷺ അവരുമായി വീട് താമസിച്ചു. അല്പം ഭക്ഷണം തയ്യാറാക്കിയതിനു ശേഷം നബി ﷺ എന്നോട് പറഞ്ഞു: നിന്റെ ചുറ്റും ഉള്ളവരെല്ലാം വിളിക്കുക. അങ്ങനെയാണ് സഫിയرضي الله عنها യുടെ വലീമ ഉണ്ടായത്. ശേഷം ഞങ്ങൾ മദീനയിലേക്ക് പുറപ്പെട്ടു. നബി ﷺ മുണ്ട് കൊണ്ട് അവരെ മറച്ചു പിടിക്കുന്നതു ഞങ്ങൾ കണ്ടു. നബി ﷺ തന്റെ ഒട്ടകത്തിനു സമീപത്ത് ഇരിക്കുകയും തൻറെ കാൽ മുട്ട് വെച്ചു കൊടുക്കുകയും ചെയ്തു. നബി ﷺയുടെ കാൽ മുട്ടിൽ കയറിക്കൊണ്ടാണ് സഫിയ ഒട്ടകപ്പുറത്ത് കയറിയത്. (ബുഖാരി: 4211. മുസ്‌ലിം: 1365)
സഫിയ്യرضي الله عنها യുടെ മുഖത്ത് പച്ച നിറത്തിലുള്ള ഒരു അടയാളം നബി ﷺ കണ്ടു. നബി ﷺ ചോദിച്ചു; എന്താണ് സഫിയ്യ ഈ പച്ച നിറം? അവർ പറഞ്ഞു: എന്റെ ഭർത്താവിന്റെ മടിയിൽ ഞാൻ തല വെച്ച് കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ എന്റെ മടിയിലേക്ക് ചന്ദ്രൻ വന്നു വീഴുന്നതായി ഞാൻ സ്വപ്നം കണ്ടു. അത് ഞാൻ എന്റെ ഭർത്താവിനെ അറിയിച്ചപ്പോൾ അദ്ദേഹം എന്നെ അടിച്ചു. യസ്‌രിബിലെ രാജാവിനെയാണോ നീ ആഗ്രഹിക്കുന്നത് (എന്ന് ചോദിച്ചായിരുന്നു അടിച്ചത്) സഫിയ്യ رضي الله عنها പറയുന്നു: എനിക്ക് ഏറ്റവും വെറുപ്പുള്ള വ്യക്തിയായിരുന്നു അല്ലാഹുവിന്റെ പ്രവാചകൻ. എന്റെ വാപ്പയെയും എന്റെ സഹോദരനെയും എന്റെ ഭർത്താവിനെയും കൊലപ്പെടുത്തി. ശേഷം എന്റെ മുമ്പിൽ കാരണങ്ങൾ ബോധിപ്പിച്ചു.നബി ﷺ എന്നോട് പറഞ്ഞിരുന്നു: നിന്റെ വാപ്പ ഇന്ന ഇന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എനിക്കെതിരെ ജനങ്ങളെ പ്രേരിപ്പിച്ചതും ഒരുമിച്ച് കൂട്ടിയതും നിന്റെ വാപ്പയായിരുന്നു. അങ്ങിനെ നബി ﷺയോടുള്ള വെറുപ്പ് എന്റെ മനസ്സിൽ നിന്നും നീങ്ങിപ്പോയി. (ഇബ്നു ഹിബ്ബാൻ: 5199)
മാന് യും ബുദ്ധിമതിയും സൗന്ദര്യവതിയും പദവിയുറ്റവരും മതബോധവും വിവേകവും ശാന്തതയും ഉള്ള സ്ത്രീയുമായിരുന്നു സ്വഫിയ്യ رضي الله عنها . ഇവരുടെ കാര്യത്തിൽ നബി ﷺയുടെ മറ്റു ഭാര്യമാർക്ക് പലപ്പോഴും ഈർഷ്യം തോന്നിയിട്ടുണ്ട്. ആഇശرضي الله عنها യിൽ നിന്ന് നിവേദനം; “നബി ﷺ ഒരിക്കൽ എന്റെ കൂടെ ഇരിക്കുമ്പോൾ സ്വഫിയ്യ رضي الله عنهاഉണ്ടാക്കിയ ഭക്ഷണം നബി ﷺക്കു കൊടുത്തയക്കുകയുണ്ടായി. അവരുടെ പരിചാരിക ഭക്ഷണവുമായി വരുന്നത് കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ സാധിച്ചില്ല. ഞാൻ ആ ഭക്ഷണ പാത്രം വാങ്ങി വലിച്ചെറിഞ്ഞു. നബി ﷺ എന്നെ നോക്കിക്കൊണ്ടിരുന്നു. നബി ﷺയുടെ മുഖത്ത് ദേഷ്യം എനിക്ക് മനസ്സിലായി. ഞാൻ പറഞ്ഞു: എന്നെ ശപിക്കുന്നതിനെ തൊട്ടു അല്ലാഹുവിന്റെ പ്രവാചകനോട് ഞാൻ രക്ഷ തേടുന്നു. നബി ﷺ പറഞ്ഞു: നീയാണ് അതിനേറ്റവും അർഹയായിട്ടുള്ളത്. ആഇശ رضي الله عنها ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, ഇതിനു പ്രായശ്ചിത്തമായി ഞാൻ എന്താണ് ചെയ്യേണ്ടത്.? നബി ﷺ പറഞ്ഞു: സ്വഫിയ്യയുടെ പാത്രം പോലെയുള്ള ഒരു പാത്രം. അവർ കൊണ്ടുവന്ന ഭക്ഷണം പോലെയുള്ള ഒരു ഭക്ഷണം (തിരിച്ചു നൽകുക.) (അഹ്‌മദ്: 25155)
അനസുബ്നു മാലിക് رضي الله عنه ൽ നിന്ന് നിവേദനം: “സ്വഫിയ്യ رضي الله عنها ജൂതന്റെ മകളാണെന്ന് ഹഫ്സ رضي الله عنها പറഞ്ഞിരിക്കുന്നു എന്നുള്ള വിവരം അവർക്ക് കിട്ടി. ഇത് കേട്ടപ്പോൾ അവർ കരഞ്ഞു. കരഞ്ഞു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ നബി ﷺ അവിടെ കയറി വന്നു. നബി ﷺ ചോദിച്ചു; എന്തു പറ്റി? സഫിയ്യ رضي الله عنها പറഞ്ഞു: ഞാൻ ഒരു ജൂതന്റെ മകളാണെന്ന് എന്നെക്കുറിച്ച് ഹഫ്സ്വ رضي الله عنها പറഞ്ഞിരിക്കുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നീ ഒരു പ്രവാചകന്റെ മകളാണ്. നിന്റെ പിതൃവ്യൻ ഒരു പ്രവാചകൻ ആകുന്നു. ഇപ്പോഴും ഒരു പ്രവാചകന്റെ കീഴിലാകുന്നു നീ. പിന്നെ എന്തു കാര്യത്തിലാണ് ഹഫ്സ رضي الله عنها നിന്റെ മേലിൽ അഭിമാനം പറയുന്നത്. ശേഷം നബി ﷺ പറഞ്ഞു: ഹഫ്സാ, നീ അല്ലാഹുവിനെ ഭയപ്പെടുക. (അഹ്‌മദ്: 12392)
സ്വഫിയ്യرضي الله عنها യെ നബി ﷺ വിവാഹം കഴിക്കുമ്പോൾ അവർക്ക് 17 വയസ്സായിരുന്നു. ഹിജ്റ 50ൽ മുആവിയയുടെ ഭരണ കാലത്താണ് അവർ മരണപ്പെടുന്നത്. ബഖീഇൽ മറവ് ചെയ്യുകയും ചെയ്തു.
ഖൈബറിന്റെ വിഷയങ്ങളെല്ലാം അവസാനിച്ചപ്പോൾ ഹാരിസിന്റെ മകളും സല്ലാമുബ്നു മിശ്കമിന്റെ ഭാര്യയും ജൂതനായ മർഹബിന്റെ സഹോദരിയുമായ സൈനബ് വേവിച്ച ആട് നബി ﷺക്ക് സമ്മാനമായി നൽകി. ആടിന്റെ ഏതു ഭാഗമാണ് നബി ﷺക്ക് ഏറ്റവും ഇഷ്ടം എന്ന് അവൾ ചോദിച്ചിരുന്നു. കാലാണ് നബി ﷺക്ക് ഏറ്റവും ഇഷ്ടം എന്ന് അറിഞ്ഞപ്പോൾ അതിൽ കൂടുതൽ വിഷം പുരട്ടി. ആടിന്റെ ബാക്കിയുള്ള ഭാഗങ്ങളിലും വിഷം പുരട്ടിയിരുന്നു. അങ്ങിനെയാണ് അതുമായി അവർ നബി ﷺയിലേക്ക് വന്നത്. നബി ﷺ ആടിന്റെ കാലിൽ നിന്നും അൽപം മാംസം എടുത്ത് വായിലേക്കിട്ടു. താഴോട്ട് ഇറക്കിയില്ല. സഹാബികൾ തങ്ങളുടെ കൈകൾ മാംസത്തിലേക്ക് നീട്ടിയിരുന്നു. ബിശ്‌റുബ്നുൽ ബർറാഅ് എന്ന സഹാബി അക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹം മാംസം താഴോട്ട് ഇറക്കുകയും ചെയ്തു. എന്നാൽ നബി ﷺ മാംസം വായിലിട്ട ഉടനെ തുപ്പിക്കളഞ്ഞു. ശേഷം തന്റെ അനുയായികളോട് പറഞ്ഞു: “ഇതിൽ വിഷം പുരട്ടിയിട്ടുണ്ട് എന്ന് ഈ എല്ല് എന്നോട് പറയുന്നു”.
അബൂഹുറൈറയിൽ നിന്ന് നിവേദനം; ഖൈബർ വിജയം കഴിഞ്ഞപ്പോൾ മാംസത്തി വിഷം പുരട്ടിയ ആട് നബി ﷺക്ക് സമ്മാനമായി നൽകപ്പെട്ടു. അപ്പോൾ നബി ﷺ പറഞ്ഞു: ഇവിടെയുള്ള ജൂതന്മാരെയെല്ലാം ഒരുമിച്ച് കൂട്ടുക. അങ്ങിനെ അവർ ഒരുമിച്ച് കൂട്ടപ്പെട്ടു. നബി ﷺ അവരോട് പറഞ്ഞു: നിങ്ങളോട് ഞാൻ ഒരുകാര്യം അന്വേഷിക്കുകയാണ്. സത്യം പറയുമോ? അവർ പറഞ്ഞു ഞങ്ങൾ സത്യം പറയാം അബുൽ കാസിം. അപ്പോൾ നബി ﷺ അവരോട് ചോദിച്ചു; ആരാണ് നിങ്ങളുടെ പിതാവ്! അവർ പറഞ്ഞു ഞങ്ങളുടെ പിതാവ് ഇന്ന ഇന്ന ആളാണ്. നബി ﷺ പറഞ്ഞു: അല്ല. നിങ്ങൾ പറഞ്ഞത് കളവാണ്. നിങ്ങളുടെ പിതാവ് ഇന്ന ആളാണ്. അവർ പറഞ്ഞു: അതെ, നിങ്ങൾ പറഞ്ഞത് സത്യമാണ്. അപ്പോൾ നബി ﷺ ചോദിച്ചു; ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സത്യം പറയാം അബുൽഖാസിം. ഞങ്ങളെങ്ങാനും കളവു പറഞ്ഞാൽ പിതാവിന്റെ കാര്യത്തിൽ പറഞ്ഞപ്പോൾ അത് കളവാണെന്ന് താങ്കൾക്ക് മനസ്സിലായത് പോലെ താങ്കൾക്ക് മനസ്സിലാകുമല്ലോ. അപ്പോൾ നബി ﷺ അവരോട് ചോദിച്ചു; ആരാണ് നരകാവകാശികൾ?. അവർ പറഞ്ഞു: ഞങ്ങൾ കുറച്ചു കാലം നരകത്തിലുണ്ടാകും. പിന്നെ നിങ്ങളും ഞങ്ങളുടെ പിറകെ വരും. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ ആ നരകത്തിൽ നിന്ദ്യരായി കഴിയുക. അല്ലാഹുവാണ് സത്യം, ഒരിക്കലും ഞങ്ങൾ നിങ്ങളുടെ പിറകെ വരികയില്ല. ശേഷം നബി ﷺ അവരോട് ചോദിച്ചു. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ. അവർ പറഞ്ഞു: സത്യം പറയാം. നബി ﷺ ചോദിച്ചു; നിങ്ങൾ ഈ ആടിൽ വിഷം പുരട്ടിയിട്ടുണ്ടോ? അവർ പറഞ്ഞു: ഉണ്ട്. നബി ﷺ ചോദിച്ചു; അതിനു നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണ്? അപ്പോൾ അവർ പറഞ്ഞു: താങ്കൾ വ്യാജനാണെങ്കിൽ ഈ മാംസത്തോടു കൂടി താങ്കളുടെ ജീവിതം അവസാനിക്കും. മറിച്ച് താങ്കൾ സത്യത്തിലുള്ള പ്രവാചകനാണ് എങ്കിൽ താങ്കൾക്ക് യാതൊരു ദോഷവും ഇത് വരുത്തുകയില്ല. ഇത് മനസ്സിലാക്കാൻ വേണ്ടിയാണ് ഞങ്ങൾ അങ്ങിനെ ചെയ്തത്. (ബുഖാരി: 5777)
നബി ﷺ ആ സ്ത്രീയെ വെറുതെ വിടുകയും അവർക്ക് മാപ്പുകൊടുക്കുകയും ചെയ്തു. എന്നാൽ മാംസം കഴിച്ച ബിശ്‌റുബ്നുൽബർറാഅ് മരണപ്പെട്ടപ്പോൾ പ്രതിക്രിയ എന്ന നിലക്ക് ആ സ്ത്രീയെ നബി ﷺ കൊന്നു കളഞ്ഞു. വിഷം പുരട്ടപ്പെട്ട ഈ മാംസം കാരണം നബി ﷺക്ക് പലപ്പോഴും പ്രയാസം ഉണ്ടായിട്ടുണ്ട്. ഇബ്നു അബ്ബാസ് رضي الله عنه ൽ നിന്ന് നിവേദനം; “ഇഹ്റാമിൽ ആയിരിക്കെ നബി ﷺ ഹജാമ ചെയ്തു (കൊമ്പ് വെക്കൽ ചികിത്സ) വിഷം പുരട്ടിയ മാംസം കഴിച്ചതിന്റെ പേരിലായിരുന്നു അത്. ഖൈബറിൽ വെച്ച് കൊണ്ട് ഒരു സ്ത്രീയാണ് നബി ﷺക്ക് വിഷം പുരട്ടിയ മാംസം നൽകിയത്. (അഹ്‌മദ് : 3547)
ആയിഷ رضي الله عنها യിൽ നിന്ന് നിവേദനം; ” നബി ﷺ മരണാസന്നനായപ്പോൾ ഇപ്രകാരം പറഞ്ഞിരുന്നു. ആയിഷാ, ഖൈബറിൽ വെച്ചു കൊണ്ട് ഞാൻ ഭക്ഷിച്ച ഭക്ഷണത്തിന്റെ വേദന ഇന്നും ഞാൻ അനുഭവിക്കുകയാണ്. അതിന്റെ വിഷം കാരണത്താൽ എന്റെ ജീവ നാടി പൊട്ടുന്ന വേദനയുണ്ട്”. (ബുഖാരി: 4428)
മഹത്വത്തിന്റെ എല്ലാ പദവികളും ഇത്തരം കാര്യങ്ങളിലൂടെ അല്ലാഹു പ്രവാചകന് പൂർത്തിയാക്കിക്കൊടുക്കുകയാണ്. അതെ, നബി ﷺയായും റസൂലായും അല്ലാഹു അദ്ദേഹത്തെ നിശ്ചയിച്ചു. അധ്യാപകനും പ്രവാചകനുമാക്കി. മുജാഹിദും ശഹീദുമാക്കി. പ്രവാചകനിലും അവിടുത്തെ കുടുംബത്തിലും അനുയായികളിലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാകുമാറാകട്ടെ
ഫദ്‌ലുല്‍ ഹഖ് ഉമരി