കൂട്ടമായി തക്ബീർ ചൊല്ലുന്നതിന്റെ വിധി

ഇബ്നു ബാസ് (റ)

കൂട്ടമായി തക്ബീർ ചൊല്ലുന്നതിന്റെ വിധി ഇബ്നു ബാസ് (റ) വ്യക്തമാക്കുന്നു.

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:

ശൈഖ് അഹ്മദ് ബിൻ മുഹമ്മദ്‌ ജമാൽ – അല്ലാഹുവിന് തൃപ്തിയുള്ള കാര്യങ്ങൾ ചെയ്യുവാൻ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.- ചില പ്രാദേശിക പത്രങ്ങളിൽ അദ്ദേഹം എഴുതിയ ചില ലേഖനങ്ങൾ ഞാൻ കാണുകയുണ്ടായി. കൂട്ടം ചേർന്ന് തക്ബീർ ചൊല്ലുന്നത് ബിദ്അത്തും എതിർക്കപ്പെടേണ്ടതും ആണെന്നതിനാൽ അതെതിർക്കുന്നതിനെ വിചിത്രമായി ചിത്രീകരിച്ചുകൊണ്ടാണ് ആ ലേഖനങ്ങൾ. കൂട്ടം ചേർന്ന് തക്ബീർ ചൊല്ലുന്നത് ബിദ്അത്ത് അല്ല എന്നതിനും, കൂട്ടം ചേർന്നുള്ള തക്ബീറിനെ എതിർക്കുവാൻ പാടില്ല എന്നതിനും തെളിവുകൾ നിരത്തുവാനാണ് അദ്ദേഹം തന്റെ ലേഖനത്തിൽ ശ്രമിക്കുന്നത്. മറ്റു ചില എഴുത്തുകാരും അദ്ദേഹത്തിന്റെ വീക്ഷണത്തെ പിന്തുണക്കുകയുണ്ടായി. എന്നാൽ യാഥാർത്ഥ്യം എന്തെന്ന് അറിയാത്തവർക്ക് കാര്യങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാൽ ഈദുൽ ഫിത്വറിന് ഈദിന്റെ രാത്രി മുതൽ നമസ്കാരം വരെയുള്ള സമയവും, അതുപോലെ ദുൽഹിജ്ജ പത്തിലും, അയ്യാമു തശ്’രീഖിലുമെല്ലാം തക്ബീർ ചൊല്ലുന്നതിലുള്ള യഥാർത്ഥ നിലപാട് വ്യക്തമാക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

അത്തരം ശ്രേഷ്ടമായ സമയങ്ങളിൽ തക്ബീർ ചൊല്ലുക എന്നത് ഏറെ പുണ്യകരമായ കാര്യം തന്നെയാണ്. ഈദുൽ ഫിത്വറിന് തക്ബീർ ചോല്ലുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറഞ്ഞു:
وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും  നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)” – [അൽബഖറ 185].

അതുപോലെ ദുൽഹിജ്ജ പത്തിന്റെയും അയ്യാമു തശ്’രീഖിന്റെയും വിഷയത്തിൽ അല്ലാഹു പറയുന്നു:
لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ
“അവര്‍ക്ക്‌ പ്രയോജനകരമായ  രംഗങ്ങളില്‍  അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നൽകിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത  ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌  നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌  ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.” – [അൽഹജ്ജ് 28].

അതുപോലെ അല്ലാഹു പറഞ്ഞു:
وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْدُودَاتٍ
“എണ്ണപ്പെട്ട ദിവസങ്ങളില്‍  നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക.” – [അൽബഖറ 203].

പ്രവാചകൻ (സ) യിൽ നിന്നും സ്ഥിരപ്പെട്ടു വന്നതിലും, സലഫുകളുടെ ചര്യയിലും, എണ്ണപ്പെട്ട ആ വിശിഷ്ട ദിവസങ്ങളിൽ ചൊല്ലാൻ വേണ്ടി കല്പിക്കപ്പെട്ട ദിക്റുകളിൽ പ്രത്യേക സമയത്തുള്ളതും (ഫർദ് നമസ്കാര ശേഷമുള്ളത്), പ്രത്യേക സമയം നിർണ്ണയിക്കാതെ ചൊല്ലുന്നതുമായ തക്ബീറുകളും ഉൾപ്പെടുന്നു.

എന്നാൽ തക്ബീർ ചൊല്ലേണ്ട രീതി ഓരോ മുസ്ലിമും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്. മറ്റുള്ളവരെ ഓർമിപ്പിക്കുവാനും, മറ്റുള്ളവർ അതു കണ്ട് തക്ബീർ ചൊല്ലുവാനും വേണ്ടി മറ്റുള്ളവരെ കേൾപിച്ചുകൊണ്ട് ഉറക്കെയായിരിക്കണം തക്ബീർ ചൊല്ലേണ്ടത്.

എന്നാൽ ബിദ്അത്തായ കൂട്ടം ചേർന്നുള്ള തക്ബീർ എന്ന് പറയുന്നത് ഒരുപറ്റം ആളുകളോ, ഒന്നോ രണ്ടോ ആളുകളോ ചേർന്ന് ഒരുമിച്ച് ആരംഭിക്കുകയും ഒരുമിച്ച് അവസാനിക്കുകയും ചെയ്യുന്ന രൂപത്തിൽ ഒരേ ശബ്ദത്തിലും, ഒരേ രീതിയിലും ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നുള്ളതാണ്. ഇപ്രകാരം ചെയ്യുന്നതിൻ യാതൊരു അടിസ്ഥാനമോ തെളിവോ ഇല്ല. അപ്രകാരം തക്ബീർ ചൊല്ലുക എന്നുള്ളത് അല്ലാഹു ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ലാത്ത ബിദ്അത്തുകളിൽ പെട്ടതാണ്. ഈ രൂപത്തിലുള്ള തക്ബീർ ആണ് ഒരാൾ എതിർത്തത് എങ്കിൽ അയാളുടെ നിലപാട് വളരെ ശരിയാണ്. കാരണം പ്രവാചകൻ (സ) പറഞ്ഞു:
” من عمل عملا ليس عليه أمرنا فهو رد ”
“നമ്മുടെ കല്പനയില്ലാത്ത ഒരു കർമ്മം ആരെങ്കിലും പ്രവർത്തിച്ചാൽ അത് മടക്കപ്പെടുന്നതാണ്” – [മുസ്‌ലിം].

അതായത് അത് അനുവദനീയമല്ല, സ്വീകരിക്കപ്പെടുകയുമില്ല. (ശിക്ഷയായി അവനിലേക്ക് തന്നെ മടങ്ങും).

അതുപോലെ പ്രവാചകൻ (സ) പറഞ്ഞു: ” وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة”
” നിങ്ങൾ പുത്തൻകാര്യങ്ങളെ സൂക്ഷിക്കുക. കാരണം എല്ലാ പുത്തൻകാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. ” – [ അഹ്മദ്, അബൂ ദാവൂദ്].

(നേരത്തെ പറഞ്ഞ രൂപത്തിൽ ഒരുമിച്ച് ശബ്ദമുയർത്തി) കൂട്ടമായി തക്ബീർ ചൊല്ലുക എന്നത് പുതുതായുണ്ടാക്കപ്പെട്ടതാണ്. അതിനാൽ തന്നെ അത് ബിദ്അത്താണ്. ആളുകൾ ചെയ്യുന്ന പ്രവർത്തി പ്രമാണവിരുദ്ധമാണ് എങ്കിൽ അത് തടയപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്. കാരണം ഇബാദത്തുകൾ തൗഖീഫിയ്യ (പ്രമാണം വന്നത് മാത്രമേ അനുഷ്ടിക്കപ്പെടാവൂ) ആണ്. അതിനാൽ തന്നെ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും സ്ഥിരപ്പെടാത്തതൊന്നും തന്നെ അനുഷ്ടിക്കപ്പെടാവതല്ല. തെളിവുകൾക്ക് എതിരാണെങ്കിൽ ആളുകൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾക്കും അവരുടെ വാക്കുകൾക്കും യാതൊരു സ്ഥാനവുമില്ല. ഉപയോഗപ്രദമേത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയും ഇബാദത്തുകൾ നിർണയിക്കാവതല്ല. വിശുദ്ധ ഖുർആൻ കൊണ്ടും തിരുസുന്നത്ത് കൊണ്ടും, ഖണ്ഡിതമായ ഇജ്മാഉ കൊണ്ടും മാത്രമാണ് ഇബാദത്ത് സ്ഥിരപ്പെടുന്നത്.

പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട രൂപത്തിൽ തക്ബീർ ചൊല്ലുക എന്നതാണ് ഒരു മുസ്ലിമിന് അനുവദനീയമായിട്ടുള്ളത്. അതാകട്ടെ ഒറ്റക്കൊറ്റക്ക് ചൊല്ലലുമാണ്. അറേബ്യൻ ഉപദീപിന്റെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്‌ ബിൻ ഇബ്രാഹീം റഹിമഹുല്ല കൂട്ടമായുള്ള തക്ബീർ പാടില്ല എന്ന് പറയുകയും അപ്രകാരം ഫത്’വ നൽകുകയും ചെയ്തിട്ടുണ്ട്. തത് വിഷയത്തിൽ അപ്രകാരം ചെയ്യാൻ പാടില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഒന്നിലധികം ഫത്’വകൾ ഈയുള്ളവനും നൽകിയിട്ടുണ്ട്. ലിജ്നതുദ്ദാഇമയും അത് വിരോധിച്ചുകൊണ്ട് ഫത്’വ നൽകിയിട്ടുണ്ട്. ശൈഖ് ഹമൂദ് അതുവൈജിരി റഹിമഹുള്ള അപ്രകാരം പാടില്ല എന്ന് വിശദമാക്കുന്ന ഒരു കൃതി തന്നെ രചിച്ചിട്ടുണ്ട്. അത് പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട് ഇന്ന് എല്ലായിടത്തും അത് ലഭ്യവുമാണ്. കൂട്ടമായുള്ള തക്ബീർ പാടില്ല എന്നതിന് മതിയായ അത്രയും തെളിവുകൾ അതിൽ അദ്ദേഹം നിരത്തിയിട്ടുണ്ട്.

എന്നാൽ സഹോദരൻ ശൈഖ് അഹ്മദ് തെളിവ് പിടിച്ച ഉമർ ബിൻ ഖത്താബിന്റെ (റ) സംഭവം ഈ വിഷയത്തിൽ തെളിവിനു കൊള്ളാത്തതാണ്. കാരണം ഉമറുബ്നുൽ ഖത്താബ് (റ) മിനയിൽ വെച്ച് കൂട്ടമായി ഒരുമിച്ച് തക്ബീർ ചൊല്ലുകയല്ല ചെയ്തത്. മറിച്ച് അനുവദനീയമായ തക്ബീർ ആണ് അദ്ദേഹം ചെയ്തത്. കാരണം പ്രവാചകന്റെ സുന്നത്ത് എന്ന നിലക്കും, ആളുകളെ തക്ബീർ ചൊല്ലാൻ ഓർമ്മിപ്പിക്കുക എന്ന നിലക്കും അദ്ദേഹം ഉച്ചത്തിൽ തക്ബീർ ചൊല്ലുകയാണ് ചെയ്തത്. ഓരോരുത്തരും ഒറ്റക്കൊറ്റക്ക്‌ തന്നെ തക്ബീർ മുഴക്കി. ഇന്നത്തെ കൂട്ടു തക്ബീറിന്റെ ആളുകൾ ചെയ്യുന്നത് പോലെ ആദ്യം മുതൽ അവസാനം വരെ ഒരുമിച്ച് ഒരേ ശബ്ദത്തിൽ തക്ബീർ ചൊല്ലുക എന്ന ഒരു മുൻധാരണ ഉമറുബ്നുൽ ഖത്താബിന്റെയോ ആളുകളുടെയോ ഇടയിൽ ഉണ്ടായിരുന്നില്ല. സലഫു സ്വാളിഹീങ്ങളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള തക്ബീറിന്റെ രൂപങ്ങളെല്ലാം ഇപ്രകാരം അനുവദനീയമായ തക്ബീർ ആണ്. അപ്രകാരമല്ല എന്ന് പറയുന്നവർ അതിന് തെളിവ് കൊണ്ട് വരേണ്ടതുണ്ട്.

അതുപോലെത്തന്നെ പെരുന്നാൾ നമസ്കാരത്തിനു വേണ്ടിയോ, താറാവീഹിനു വേണ്ടിയോ, ഖിയാമുല്ലൈലിനു വേണ്ടിയോ, വിത്റിന് വേണ്ടിയോ ഒക്കെ ബാങ്കോ, ഇഖാമത്തൊ വിളിക്കുന്നതും ബിദ്അത്തുകളിൽ പെട്ടതാണ്. ബാങ്കും ഇഖാമത്തുമില്ലാതെയാണ് പ്രവാചകൻ പെരുന്നാൾ നമസ്കാരം നിർവഹിച്ചിരുന്നത് എന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. ബാങ്കിന്റെ പദമല്ലാത്ത മറ്റു രൂപത്തിലുള്ള ക്ഷണങ്ങൾ ആ നമസകാരങ്ങൾക്ക് ക്ഷണിക്കാനുള്ളതായി പണ്ഡിതന്മാരാരും രേഖപ്പെടുത്തിയതായും എന്റെ അറിവിലില്ല. അപ്രകാരം ഉണ്ട് എന്ന് പറയുന്നവർ തെളിവ് ഹാജരാക്കണം. തെളിവില്ലാതെ ഇബാദത്ത് അനുഷ്ടിക്കാൻ പാടില്ല എന്നതിനാൽ അനുഷ്ടിക്കാതിരിക്കാൻ പ്രത്യേക തെളിവ് വേണ്ട. ബിദ്അത്തുകളിൽ നിന്നും താക്കീത് നല്കുന്ന പൊതുവായ തെളിവുകൾ വന്നതിനാൽ ഉച്ചരിക്കപ്പെടുന്നതോ, അനുഷ്ടിക്കപ്പെടുന്നതോ ആയ ഏതൊരു ഇബാദത്തും വിശുദ്ധ ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ ഉള്ള പ്രമാണമോ, പണ്ഡിതന്മാരുടെ ഖണ്ഡിതമായ ഇജ്മാഓ ഇല്ലാതെ ഒരാൾക്കും അനുഷ്ടിക്കാൻ പാടില്ല.

അല്ലാഹു പറയുന്നു :
أمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ
“അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക്‌ നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? ” – [ശൂറാ 21].

അതുപോലെ നേരത്തെ സൂചിപ്പിച്ച രണ്ട് ഹദീസുകളും ഇതേ കാര്യം സൂചിപ്പിക്കുന്നു. അതുപോലെ പ്രവാചകൻ (സ) പറഞ്ഞു :

من أحدث في أمرنا هذا ما ليس منه فهو رد
“നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായുണ്ടാക്കിയാൽ. അത് മടക്കപ്പെടുന്നതാണ് ( അല്ലാഹുവിന്റെ പക്കൽ അസ്വീകാര്യമാണ്)” – [ബുഖാരി, മുസ്‌ലിം].

അതുപോലെ ജുമുഅ ഖുത്ബകളിൽ പ്രവാചകൻ(സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
أما بعد فإن خير الحديث كتاب الله، وخير الهدي هدي محمد صلى الله عليه وسلم، وشر الأمور محدثاتها، وكل بدعة ضلالة
” ഏറ്റവും നല്ല വർത്തമാനം അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു. ഏറ്റവും നല്ല ചര്യ മുഹമ്മദ്‌ (സ) യുടെ ചര്യയുമാണ്. കാര്യങ്ങളിൽ വച്ച് ഏറ്റവും മോശമായത് പുത്തൻകാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്.” – [മുസ്‌ലിം].

ഈ അർത്ഥത്തിലുള്ള ഹദീസുകളും അസറുകളും ധാരാളമാണ്. മതത്തിന്റെ കാര്യങ്ങൾ ഗഹനമായി പഠിക്കുവാനും അതിൽ ഉറച്ചു നിൽക്കുവാനും നമുക്കും ശൈഖ് അഹ്മദിനും അല്ലാഹു തൗഫീഖ് നൽകട്ടെ. നമ്മെയെല്ലാം അവൻ സത്യത്തിന്റെ വാഹകരും അതിന്റെ സഹായികളുമാക്കുമാറാകട്ടെ. അവന്റെ മതനിയമങ്ങൾ ലംഘിക്കപ്പെടുന്ന സർവ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുവാൻ നമുക്കും അദ്ദേഹത്തിനും എല്ലാ മുസ്ലിമീങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ….

ഫിത്വർ സക്കാത്ത്: ലക്ഷ്യവും പ്രയോഗവും

സുഫ്‌യാൻ അബ്ദുസ്സലാം

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളാണ് റമദാനും ഖുർആനും. മാനവരാശിയുടെ സമ്പൂർണ്ണമായ മോചനത്തിന് വേണ്ടി അവതരിക്കപ്പെട്ട ഗ്രന്ഥമായ ഖുർആൻ അന്ധക്കാരങ്ങളിൽ നിന്നും മാനവസമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഏക ഗ്രന്ഥമാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യ ഹൃദയങ്ങളിൽ സാന്ത്വനത്തിന്റെ മന്ത്രങ്ങൾ ഉരുവിടുകയും പ്രതിസന്ധികളിൽ നിന്നുള്ള മോചനത്തെ കുറിച്ച് കൃത്യമായ അറിവുകൾ മനുഷ്യന് സമ്മാനിക്കുകയും ചെയ്ത ഗ്രന്ഥം.

അവർണ്ണനീയമായ മഹത്വങ്ങളുടെ നിറകുടമായ ആ ഗ്രന്ഥം അവതരിക്കപ്പെട്ടതിൽ ദൈവഭക്തിയും പരലോക ചിന്തയും മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരു വിശ്വാസിയും ഒട്ടേറെ സന്തോഷിക്കും.

അതുകൊണ്ട് തന്നെ ഖുർആൻ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ മാസമായ റമദാൻ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നന്ദിയുടെയും കടപ്പാടിന്റെയും മാസമാണ്.

സൃഷ്‌ടാവായ തമ്പുരാന്റെ അപാരമായ അനുഗ്രഹങ്ങൾക്കുള്ള നന്ദിയും അവസാനിക്കാത്ത ഔദാര്യങ്ങളോടുള്ള കടപ്പാടും. വ്രതാനുഷ്ഠാനത്തിലൂടെ അത് നിര്‍വ്വഹിക്കപ്പെടുന്നു.

എന്നാൽ വളരെയേറെ പരിശുദ്ധമാക്കപ്പെടേണ്ട വ്രതങ്ങളിൽ കളങ്കങ്ങൾ ഇല്ലാതിരിക്കൽ അനിവാര്യമാണ്.

‘നോമ്പ് എനിക്കുള്ളതാണ്; ഞാനാണ് അതിനു പ്രതിഫലം നൽകുന്നത്’ എന്ന ദൈവിക സന്ദേശത്തിലൂടെ ഒട്ടേറെ മഹത്വങ്ങൾ നിശ്ചയിച്ച വ്രതാനുഷ്ഠാനത്തിൽ മാനുഷികമായി സംഭവിച്ചു പോകുന്ന ചെറിയ പിഴവുകൾ പോലും പരിഹരിക്കപ്പെടേണ്ടതുണ്ട്.

അത്യുദാരനായ നാഥൻ അതിനു നിശ്ചയിച്ച
പരിഹാരമാണ് “ഫിത്വർസക്കാത്ത്.”

റമദാൻ മാസം പൂർത്തിയാക്കി ശവ്വാൽ അമ്പിളിക്കല മാനത്ത് പ്രത്യക്ഷപ്പെടുമ്പോൾ വിശ്വാസികളുടെ മനസ്സിൽ ആഹ്ളാദത്തിന്റെ പൂത്തിരികൾ കത്തി തുടങ്ങുന്നു.

പെരുന്നാൾ ആഘോഷിക്കുന്നവരിൽ പലരും മുഴുപട്ടിണിയിലും അരപ്പട്ടിണിയിലുമാണെന്നത് പെരുന്നാളിന്റെ നിറം കെടുത്താൻ പാടില്ല.
പെരുന്നാൾ സമൃദ്ധിയുടെതും സന്തോഷത്തിന്റെതുമാണ്. റമദാനിൽ നോമ്പെടുത്ത വിശ്വാസികളിൽ ഒരാളും അന്ന് പട്ടിണി അനുഭവിക്കരുത്.

മുസ്ലിം സമൂഹത്തിന്റെ പൊതു ബാധ്യതയാണ് പെരുന്നാൾ ദിനം ഒരാൾ പോലും പട്ടിണി കിടക്കാൻ പാടില്ല എന്നു ഉറപ്പുവരുത്തൽ.
അത്യുദാരനായ നാഥൻ ആ ബാധ്യത നിറവേറ്റപ്പെടുന്നതിനും നിശ്ചയിച്ച പരിഹാരമാണ് ഫിത്വർ സക്കാത്ത്.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു. “നോമ്പുക്കാരന്റെ ചെറു ദോഷങ്ങൾക്കുള്ള ശുദ്ധീകരണമായും സാധുക്കൾക്കുള്ള ഭക്ഷണമായും ഫിത്വർ സക്കാത്തിനെ ദൈവദൂതർ നിശ്ചയിച്ചിരിക്കുന്നു.” (അബൂദാവൂദ്).

ഫിത്വർ സക്കാത്ത് ഏവർക്കും നിർബന്ധമാണ്‌. ഇബ്നു ഉമർ (റ) പറഞ്ഞു: “റമദാനിലെ ഫിത്വർ സക്കാത്ത്‌ ജനങ്ങൾക്ക് അല്ലാഹുവിന്റെ ദൂതർ നിർബന്ധമാക്കി.

ഒരു സ്വാഉ ക്കാരക്ക, അല്ലെങ്കിൽ ഒരു സ്വാഉ ഗോതമ്പ്. മുസ്ലിമായ ഓരോ സ്വതന്ത്രനും അടിമക്കും സ്ത്രീക്കും പുരുഷനും നിർബന്ധമാണ്‌.” (ബുഖാരി, മുസ്ലിം).

ഉപരിസൂചിത പ്രവാചക നിർദ്ദേശത്തിൽ നിന്നും ഫിത്വർ സക്കാത്ത്‌ എല്ലാവർക്കും നിർബന്ധമാണെന്ന് മനസ്സിലാക്കാം. വ്രതമനുഷ്ഠിക്കുകയും പെരുന്നാൾ ആഘോഷിക്കുകയും ചെയ്യുന്നവരെല്ലാവരും ഒരുമിച്ച് ചെയ്യുന്ന നിർബന്ധദാനം എന്ന നിലക്ക് മുസ്ലിം സമൂഹത്തിലെ മുഴുവൻ പേരുടെയും പങ്കാളിത്തം ഫിത്വർ സക്കാത്തിൽ ഉണ്ടാവുന്നു എന്നത് ഈ മഹത്തായ കർമ്മത്തിന്റെ ജനകീയത കൂടി വ്യക്തമാക്കുന്നു.

പെരുന്നാൾ ദിവസം തന്റെയും തന്റെ ആശ്രിതരുടെയും ചിലവുകൾ കഴിച്ച് മിച്ചമുണ്ടാകുന്ന ഏതൊരാളും ഫിത്വർ സക്കാത്ത്‌ നൽകിയിരിക്കണം.

ആശ്രിതരുടെ ഫിത്വർ സക്കാത്ത്‌ നൽകൽ കുടുബനാഥന്റെ ഉത്തരവാദിത്വത്തിൽ പെട്ടക്കാര്യമാണ്. റമദാനിലെ അവസാന ദിവസം സൂര്യാസ്തമയത്തിനു മുമ്പായി പിറന്നു വീഴുന്ന കുഞ്ഞിനും ഫിത്വർ സക്കാത്ത് നിർബന്ധമാണ്‌.

കുഞ്ഞിന്റെ രക്ഷകർത്താവ് അത് നൽകിയിരിക്കണം.
ഫിത്വർ സക്കാത്തായി ഓരോ വ്യക്തിയും ഒരു സ്വാഉ നൽകണമെന്നാണ് പ്രവാചക നിർദ്ദേശം. ഒരു സ്വാഉ നാല് മുദ്ദുകളാണ്. ഒരു ശരാശരി മനുഷ്യന്റെ കൈകൾ ചേർത്തു വെച്ച് അതിൽ കൊള്ളുന്ന അളവാണ് ഒരു മുദ്ദ്. ഓരോ പ്രദേശത്തെയും മുഖ്യാഹാരത്തെ പരിഗണിക്കാനാണ് പ്രവാചക ചര്യകളെ സസൂഷ്മം നിരീക്ഷിച്ചു മനസ്സിലാക്കിയ പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.

മലയാളികളുടെ മുഖ്യാഹാരമായ അരിയെ ഈ അളവിൽ എടുത്താൽ ഏകദേശം രണ്ടര കിലോഗ്രാം വരും.

ഈദുൽ ഫിത്വർ നമസ്കാരത്തിനു മുമ്പായി ഫിത്വർ സക്കാത്ത്‌ നൽകിയിരിക്കണം എന്നാണു പ്രവാചകൻ പഠിപ്പിക്കുന്നത്. നമസ്കാര ശേഷം നൽകുന്നതിനെ സാധാരണ ധർമ്മം മാത്രമായിട്ടേ പരിഗണിക്കുകയുള്ളൂ.

ഇബ്നു അബ്ബാസ് (റ) വിൽ നിന്നും: “ആരെങ്കിലും അത് നമസ്കാരത്തിനു മുമ്പായി നൽകിയാൽ അത് സ്വീകരിക്കപ്പെടുന്ന സക്കാത്തായിരിക്കും. ആരെങ്കിലും അത് നമസ്കാരത്തിനു ശേഷം നൽകിയാൽ ധർമ്മങ്ങളിൽ പെട്ട ഒരു ധർമ്മം മാത്രമായിരിക്കും” (അബൂദാവൂദ്).

ഇബ്നു ഉമർ (റ) വിൽ നിന്നും: “ജനങ്ങൾ നമസ്കാരത്തിനു പുറപ്പെടുന്നതിനു മുമ്പായി ഫിത്വർ സക്കാത്ത് നൽക്കാൻ അല്ലാഹുവിന്റെ തിരുദൂതർ കൽപ്പിച്ചിരിക്കുന്നു.” (ബുഖാരി, മുസ്ലിം).

ഫിത്വർ സക്കാത്ത് ഉപയോക്താക്കൾക്ക് പണമായി നൽക്കാൻ പാടില്ല എന്നാണു പ്രവാചക നിർദ്ദേശങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

എവിടെ വെച്ചാണോ പെരുന്നാൾ ആഘോഷിക്കുന്നത് അവിടെയാണ് ഫിത്വർ സക്കാത്ത് നൽകേണ്ടത്.

ഫിത്വർ സക്കാത്ത് നൽക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം പെരുന്നാളിന്റെ ദിവസം പളളിയിൽ പോവുന്നതിന്റെ മുമ്പാണ്. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നൽകുന്നതിന് വിരോധമില്ല.

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്ന ഹദീസിൽ അപ്രകാരംകാണാം. ഫിത്വർ സക്കാത്തിന്റെ അവക്കാശികൾ ‘മിസ്കീനുകൾ’ മാത്രമാണ്. അതിന്റെ പേരിൽ സമാഹരിച്ചത് അതല്ലാത്ത മറ്റു സംരംഭങ്ങളിലേക്കോ പ്രവർത്തനങ്ങളിലേക്കൊ വക മാറ്റി ചിലവഴിക്കാൻ പാടുള്ളതല്ല.

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകളിലും മറ്റുമായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവരുടെ സഹായങ്ങൾക്കായി കൈ നീട്ടിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഒട്ടനവധി സ്ഥലങ്ങളിൽ പെരുന്നാൾ ദിവസം പോലും ഭക്ഷണം കഴിക്കാൻ വകയില്ലാതെ കഷ്ടപ്പെടുന്ന അനേകം പേരുണ്ട്. വിവിധ നാടുകളിൽ നിന്നും ഇവിടെ വരികയും പലക്കാരണങ്ങളാൽ ദൈന്യതകൾ അനുഭവിക്കുകയും ചെയ്യുന്ന ആയിരങ്ങൾ ഇവിടെ ജീവിക്കുന്നുവെന്ന സത്യം നില നിൽക്കുമ്പോൾ ഫിത്വർ സക്കാത്ത് സമാഹരിച്ച് നാട്ടിലേക്ക് അയക്കുകയല്ല വേണ്ടത്.

ഒരു പ്രദേശത്ത് സാധുക്കളില്ലെന്നു ഉറപ്പുള്ള സാഹചര്യത്തിൽ മാത്രമാണ് ഫിത്വർ സക്കാത്ത് മറ്റു നാടുകളിലേക്ക് അയക്കാമോ എന്ന ചർച്ച തന്നെ പണ്ഡിതന്മാർക്കിടയിലുള്ളത്.

സക്കാത്തുൽ ഫിത്വർ അന്വേഷിച്ചു കൊണ്ട് സാധുജനങ്ങൾ പണക്കാരുടെ തിണ്ണകളിൽ കയറിയിറങ്ങുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ല. അവരെ കണ്ടെത്തി അങ്ങോട്ട് എത്തിച്ച് കൊടുക്കുകയാണ് വേണ്ടത്. ഫിത്വർ സക്കാത്ത് പണമായി നേരിട്ട് അതിന്റെ ഉപയോക്താക്കൾക്ക് നൽക്കാൻ പാടില്ല എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാൽ അവരിലേക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള വിശ്വസ്തരായ ഏജൻസികൾ ഉണ്ടെങ്കിൽ അവരെ ഭക്ഷ്യവസ്തുക്കളായോ പണമായോ എൽപ്പിക്കുന്നതിനു വിരോധമില്ല.

അത്തരം ഏജൻസികൾക്ക് സമൂഹത്തിലെ അഗതികളെ കുറിച്ചും സക്കാത്തുൽ ഫിത്വറിനു അർഹരായ ആളുകളെ കുറിച്ചുമെല്ലാം കൃത്യമായ ധാരണകൾ ഉണ്ടെങ്കിൽ സക്കാത്തുൽ ഫിത്വർ ഭക്ഷണമായി അർഹരിലേക്ക് എത്തിക്കുവാൻ അത് വഴി സാധിച്ചേക്കാം.

*ഫിത്വർ സക്കാത്ത് സൂക്ഷിക്കാൻ പ്രവാചകൻ (സ്വ) അബൂഹുറൈറ (റ) വിനെ
ഉത്തരവാദപ്പെടുത്തിയിരുന്നതായി ഹദീസുകളിൽക്കാണാം. അദ്ദേഹം പറയുന്നു: “റമദാനിലെ സക്കാത്തിന്റെ (സക്കാത്തുൽ ഫിത്റിന്റെ) സൂക്ഷിപ്പിന് വേണ്ടി അല്ലാഹുവിന്റെ തിരുദൂതർ എന്നെ ഉത്തരവാദപ്പെടുത്തി”.

ഇബ്നു ഉമർ (റ)വിന്റെ ചര്യയിൽ ഫിത്വർ സക്കാത്തിന്റെ ഉദ്യോഗസ്ഥൻ തയ്യാറാവുന്നതെപ്പോഴാണോ അപ്പോൾ അദ്ദേഹം ഫിത്വർ സക്കാത്ത് ഏൽപ്പിച്ചിരുന്നു എന്നു കാണാം.

പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പായിരുന്നു ഉദ്യോഗസ്ഥൻ തയ്യാറായി വന്നിരുന്നതെന്നും ഇമാം ഇബ്നുഖുസൈമ ഉദ്ധരിച്ച പ്രസ്തുത ഹദീസിൽക്കാണാം. ഇതിൽ നിന്നും ഫിത്വർ സക്കാത്ത് നേരത്തെ എൽപ്പിക്കുന്നതിനു വിരോധമില്ല എന്നു മനസ്സിലാക്കാം. എന്നാൽ അതിന്റെ വിതരണത്തിന്റെ സമയം പെരുന്നാൾ ഉറപ്പിക്കുന്നതോട് കൂടിയാണ്.
സക്കാത്തുൽ ഫിത്വർ പ്രവാചക നിർദ്ദേശങ്ങൾക്കനുസൃതമായി നിർവ്വഹിച്ചു കൊണ്ട് വ്രതാനുഷ്ഠാനങ്ങളിൽ സംഭവിച്ച പോരായ്മകൾ പരിഹരിക്കുവാനും എല്ലാവർക്കും സുഭിക്ഷമായി ഈദുൽ ഫിത്വർ ആഘോഷിക്കുവാനുള്ള സാഹചര്യം ഒരുക്കുന്നതിൽ പങ്കാളികളായി പുണ്യം വരിക്കുവാനും സർവ്വശക്തൻ നമ്മെ തുണക്കുമാറാകട്ടെ….

ആശൂറാഅ് നോമ്പ് കാരണം, ശ്രേഷ്ടത, പ്രതിഫലം.

ആശൂറാഅ് നോമ്പിന്‍റെ കാരണം: 


ആശൂറാഅ് എന്ന നോമ്പിന് മൂസ അലൈഹിസ്സലാമിന്‍റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട്. ആശൂറാഅ് നോമ്പിന്‍റെ കാരണം വ്യക്തമാക്കുന്ന ഹദീസിൽ   ഇപ്രകാരം കാണാം:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ ”
ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം. നബി (സ) മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തിൽ അവിടെയുള്ള ജൂതന്മാർ മുഹറം പത്ത് (ആശൂറാഅ്) നോമ്പെടുക്കുന്നതായിക്കണ്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ?. അവർ പറഞ്ഞു: “ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവുടെ ശത്രുവിൽ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോൾ റസൂൽ (സ) പറഞ്ഞു: “മൂസയെ നിങ്ങളെക്കാൾ അര്‍ഹിക്കുന്നത് ഞാനാണ്”. അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാൻ കല്പിക്കുകയും ചെയ്തു. – [സ്വഹീഹുൽ ബുഖാരി: 1865].

മൂസ അലൈഹിസ്സലാം ജനിച്ചത് വളരെദുസ്സഹമായ ഒരു ഭരണകാലഘട്ടത്തിലായിരുന്നു. ബനൂ ഇസ്റാഈല്യരിൽ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കപ്പെടുന്ന കാലഘട്ടം. അദ്ദേഹത്തിന്‍റെ ജനനം മുതല്‍ക്കുള്ള സംഭവങ്ങളെപ്പറ്റിയും, കിരാതഭരണാധികാരിയായിരുന്ന ഫിര്‍ഔനിൽ നിന്ന് അല്ലാഹു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ സംരക്ഷണത്തെപ്പറ്റിയും വിശുദ്ധഖുര്‍ആനിളുടനീളം അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്.

قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَىٰ (36) وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰ (37)إِذْ أَوْحَيْنَا إِلَىٰ أُمِّكَ مَا يُوحَىٰ (38) أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَىٰ عَيْنِي (39) إِذْ تَمْشِي أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُ ۖ فَرَجَعْنَاكَ إِلَىٰ أُمِّكَ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًا فَنَجَّيْنَاكَ مِنَ الْغَمِّ وَفَتَنَّاكَ فُتُونًا ۚ فَلَبِثْتَ سِنِينَ فِي أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَا مُوسَىٰ (40) وَاصْطَنَعْتُكَ لِنَفْسِي (41) اذْهَبْ أَنتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي (42) اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ (43) فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ (44) قَالَا رَبَّنَا إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَا أَوْ أَن يَطْغَىٰ (45) قَالَ لَا تَخَافَا ۖ إِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ (46) فَأْتِيَاهُ فَقُولَا إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِي إِسْرَائِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَاكَ بِآيَةٍ مِّن رَّبِّكَ ۖ وَالسَّلَامُ عَلَىٰ مَنِ اتَّبَعَ الْهُدَىٰ (47) إِنَّا قَدْ أُوحِيَ إِلَيْنَا أَنَّ الْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ (48) قَالَ فَمَن رَّبُّكُمَا يَا مُوسَىٰ (49) قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ (50)


“അവൻ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത്‌ നിനക്ക്‌ നല്‍കപ്പെട്ടിരിക്കുന്നു (36). മറ്റൊരിക്കലും നിനക്ക്‌ നാം അനുഗ്രഹം ചെയ്ത്‌ തന്നിട്ടുണ്ട്‌ (37). അതായത്‌ നിന്‍റെ മാതാവിന്‌ ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തിൽ (38). നീ അവനെ ( കുട്ടിയെ ) പെട്ടിയിലാക്കിയിട്ട്‌ നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയിൽ തള്ളിക്കൊള്ളും. എനിക്കും അവനും
ശത്രുവായിട്ടുള്ള ഒരാൾ അവനെ എടുത്ത്‌ കൊള്ളും. ( ഹേ; മൂസാ, ) എന്‍റെ പക്കൽ നിന്നുള്ള സ്നേഹം നിന്‍റെ മേൽ ഞാൻ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായികൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാൻ വേണ്ടിയും കൂടിയാണത്‌ (39). നിന്‍റെ സഹോദരി നടന്ന്‌ ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാൻ കഴിയുന്ന ഒരാളെപ്പറ്റി ഞാൻ നിങ്ങള്‍ക്ക്‌ അറിയിച്ച്‌ തരട്ടെയോ എന്ന്‌ പറയുകയും ചെയ്യുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക്‌ തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവൾ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട്‌ ( അതു സംബന്ധിച്ച്‌ ) മനഃക്ലേശത്തിൽ നിന്ന്‌ നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തിൽ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട്‌ ഹേ; മൂസാ, നീ ( എന്‍റെ ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു (40). എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാൻ വളര്‍ത്തിയെടുത്തിരിക്കുന്നു (41). എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതിൽ നിങ്ങൾ അമാന്തിക്കരുത്‌ (42). നിങ്ങൾ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവൻ അതിക്രമകാരിയായിരിക്കുന്നു (43). എന്നിട്ട്‌ നിങ്ങൾ അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവൻ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന്‌ വരാം (44). അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവൻ (ഫിര്‍ഔൻ) ഞങ്ങളുടെ നേര്‍ക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാൻ ഭയപ്പെടുന്നു (45). അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്‌. ഞാൻ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌ (46). അതിനാൽ നിങ്ങൾ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങൾ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാൽ ഇസ്രായീൽ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങൾ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം (47). നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു (48). അവൻ (ഫിര്‍ഔൻ) ചോദിച്ചു: ഹേ; മൂസാ, അപ്പോൾ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌? (49). അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌ (50).”– [സൂറത്തു ത്വാഹാ: 36-50].
ഹദീസിൽ പരാമര്‍ശിക്കപ്പെട്ട നോമ്പിന് ആസ്പദമായ ബനൂ ഇസ്റാഈല്യരെ ഫിര്‍ഔനിൽ നിന്നും രക്ഷിച്ച സംഭവം വിശുദ്ധഖുര്‍ആനിൽ പ്രതിപാദിക്കുന്നത് കാണുക:

وَلَقَدْ أَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا لَّا تَخَافُ دَرَكًا وَلَا تَخْشَىٰ (77) فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُم مِّنَ الْيَمِّ مَا غَشِيَهُمْ (78) وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ (79) يَا بَنِي إِسْرَائِيلَ قَدْ أَنجَيْنَاكُم مِّنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ (80) كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَن يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ (81)

മൂസായ്ക്ക്‌ നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ രാത്രിയിൽ നീ പോകുക. എന്നിട്ട്‌ അവര്‍ക്ക്‌ വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കൾ) പിന്തുടര്‍ന്ന്‌ എത്തുമെന്ന്‌ നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല (77). അപ്പോൾ ഫിര്‍ഔൻ തന്‍റെ സൈന്യങ്ങളോട്‌ കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോൾ കടലിൽ നിന്ന്‌ അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു (78). ഫിര്‍ഔൻ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവൻ നേര്‍വഴിയിലേക്ക്‌ നയിച്ചില്ല (79). ഇസ്രായീൽ സന്തതികളേ, നിങ്ങളുടെ ശത്രുവിൽ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂർ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക്‌ നാം നിശ്ചയിച്ച്‌ തരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക്‌ നാം ഇറക്കിത്തരികയും ചെയ്തു (80). നിങ്ങള്‍ക്ക്‌ നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ നിങ്ങൾ ഭക്ഷിച്ച്‌ കൊള്ളുക. അതിൽ നിങ്ങൾ അതിരുകവിയരുത്‌. ( നിങ്ങൾ അതിരുകവിയുന്ന പക്ഷം ) എന്‍റെ കോപം നിങ്ങളുടെ മേൽ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേൽ വന്നിറങ്ങുന്നുവോ അവൻ നാശത്തിൽ പതിച്ചു (81)”.  – [സൂറത്തു ത്വാഹാ: 77-81].

ഈ സംഭവത്തിൽ ഫിര്‍ഔനിൽ നിന്ന് രക്ഷിച്ചതിന് നന്ദി എന്നോണമാണ് ആ ദിവസം മൂസാ അലൈഹിസ്സലാം നോമ്പ് അനുഷ്ടിച്ചത്. സ്വഹീഹ് മുസ്‌ലിമിലെ  ഹദീസിൽ ആ ദിവസത്തിന്‍റെ പ്രത്യേകത എന്ത് എന്ന് ചോദിച്ചപ്പോൾ അവർ റസൂൽ (സ) യോട് ഇപ്രകാരം പറഞ്ഞതായിക്കാണാം:

فصامه موسى شكراً لله تعالى فنحن نصومه

“അപ്പോൾ അല്ലാഹുവിന് നന്ദിയെന്നോണം മൂസ അലൈഹിസ്സലാം ആ ദിനം നോമ്പ് പിടിച്ചു. അതിനാൽ നമ്മളും അത് നോല്‍ക്കുന്നു”. – [സ്വഹീഹ് മുസ്‌ലിം].

ആശൂറാഅ് നോമ്പിന്‍റെ ശ്രേഷ്ടത:

നബി (സ) പറഞ്ഞു:

” صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ ”

“അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങൾ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാൻ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങൾ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാൻ കണക്കാക്കുന്നു.” – [സ്വഹീഹ് മുസ്‌ലിം: 1162].

അതുപോലെ മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . ”

ഇബ്നു അബ്ബാസ് (റ)  പറഞ്ഞു: “അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാൾ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാൻ മാസം.” – [സ്വഹീഹുൽ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാൾ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു.

അല്ലാഹുവിന്‍റെ മാര്‍ഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ടിക്കുന്നത്കൊണ്ട് ലഭിക്കുന്ന മറ്റെല്ലാ ശ്രേഷ്ഠതകളും ആശൂറാഅ് നോമ്പിനും ഉണ്ട്.

عن أبوسعيد الخدري رضي الله عنه قال:  سمعت النبي صلى الله عليه وسلم يقول: من صام يوما في سبيل الله بعد الله وجهه عن النار سبعين خريفا.

അബൂ സഈദ് അൽ ഖുദ്’രി (റ) വിൽ നിന്നും നിവേദനം: നബി (സ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്‍റെ മാര്‍ഗത്തിൽ ആരെങ്കിലും ഒരു നോമ്പ് നോറ്റാൽ അല്ലാഹു അവന്‍റെ മുഖത്തെ നരകത്തിൽ നിന്നും എഴുപത് വര്‍ഷത്തെ വഴിദൂരം അകറ്റുന്നതാണ്. – [متفق عليه].

ആശൂറാഅ് ദിവസത്തോടൊപ്പം താസൂറാഅ് (മുഹറം ഒന്‍പത്) കൂടി നോല്‍ക്കൽ സുന്നത്ത്:

ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസിൽ ഇപ്രകാരം കാണാം:

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തിൽ നോമ്പെടുക്കാൻ കല്പിക്കുകയും ചെയ്തപ്പോൾ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവർ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ… അപ്പോൾ റസൂൽ (സ) പറഞ്ഞു: “ഇൻ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരിൽ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതും ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂൽ (സ) വഫാത്തായിരുന്നു. – [സ്വഹീഹ് മുസ്‌ലിം: 1916].  അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂത ക്രൈസ്തവരിൽ നിന്ന് ആചാരാനുഷ്ടാനങ്ങളിൽ വിശ്വാസികൾ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബാത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്.

മുഹറത്തിലെ നോമ്പ് കൊണ്ട് പൊറുക്കപ്പെടുന്നത് ചെറുപാപങ്ങൾ:

ഇമാം നവവി റഹിമഹുല്ല പറയുന്നു: “അറഫാദിനത്തിലെ നോമ്പ് രണ്ട് വര്‍ഷങ്ങളിലെ പാപങ്ങൾ പൊറുക്കുന്നു. ആശൂറാഇലെ നോമ്പ് ഒരുവര്‍ഷത്തെ പാപം പൊറുക്കുന്നു. ഒരാളുടെ ആമീൻ പറയൽ മലാഇകത്തിന്‍റെ ആമീൻ പറയലിനോട് ചെര്‍ന്നുവന്നാൽ അവന്‍റെ കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നു. ഈ പറഞ്ഞവയെല്ലാം പാപമോചനത്തിന് കാരണങ്ങളാണ്. ഒരാള്‍ക്ക് ചെറുപാപങ്ങൾ ഉണ്ടെങ്കിൽ അത് പൊറുക്കപ്പെടുന്നു. ചെറുപാപങ്ങളോ വന്‍പാപങ്ങളോ ഇല്ലെങ്കിൽ അവ അവന് നന്മയായി രേഖപ്പെടുത്തപ്പെടുകയും അവന്‍റെ പദവികൾ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി ഒരാള്‍ക്ക് ചെറുപാപങ്ങളില്ല വന്‍പാപങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ ആ വന്‍പാപങ്ങളുടെ പാപഭാരം ആ നോമ്പ് കാരണത്താൽ കുറയുമെന്ന് നാം പ്രതീക്ഷിക്കുന്നു.”  – [അല്‍മജ്മൂഅ്: വോ: 6].

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റ) പറയുന്നു: ” ശുദ്ധി വരുത്തൽ  (വുളു, കുളി) , നമസ്കാരം, റമളാനിലെ നോമ്പ്, അറഫയിലെ നോമ്പ്,  ആശൂറാഇലെ നോമ്പ് തുടങ്ങിയവ ചെറുപാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണങ്ങളാണ്”. – [അല്‍ഫതാവല്‍കുബ്റ: വോ: 5].

അഥവാ വന്‍പാപങ്ങൾ ഉള്ളവൻ പ്രത്യേകമായി അതില്‍നിന്നും തൗബ ചെയ്ത് മടങ്ങണം. അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങൾ മാപ്പാക്കിത്തരുമാറാകട്ടെ …. ഏറെ ശ്രേഷ്ടകരമായ ആശൂറാഅ് ദിവസത്തിൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുo കൊണ്ടാടി ആ ദിവസത്തെ മോശമായിക്കാണുകയും മോശമാക്കി മാറ്റുകയും ചെയ്യുന്ന വികല വിശ്വാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ …

തക്ബീർ ചൊല്ലൽ – രൂപവും നിയമങ്ങളും

ഇബ്നു ഉസൈമീൻ (റ)

ഈ ലേഖനം  (ഇബ്നു ഉസൈമീൻ (റ) യുടെ ‘ശറഹുൽ മുംതിഅ്’ എന്ന  ഗ്രന്ഥത്തെയും അദ്ദേഹത്തിന്‍റെ ഫത്’വകളെയും ആസ്പദമാക്കി തയ്യാറാക്കിയത് ആണ്.

തക്ബീർ രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, അഥവാ സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീർ.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീർ.

ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായല്ലാതെ ദുല്‍ഹിജ്ജ ഒന്ന് മുതൽ അയ്യാമു തശ്രീഖിന്‍റെ അവസാനദിവസം അതായത് ദുല്‍ഹിജ്ജ 13 വരെ എപ്പോഴും ഒരാള്‍ക്ക് തക്ബീർ ചോല്ലാവുന്നതാണ്. ഒരാള്‍ക്ക് അങ്ങാടിയിലോ, വീട്ടിലോ, ജോലി സ്ഥലത്തോ എന്നിങ്ങനെ, അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുന്നത് വിലക്കപ്പെടാത്ത ഏത് സ്ഥലത്ത് വച്ചും അത് നിര്‍വഹിക്കാവുന്നതാണ്.
അതുപോലെ ഈദുൽ ഫിത്വറിനാണെങ്കിൽ മാസം കണ്ടത് മുതൽ പെരുന്നാൾ നമസ്കാരത്തിനായി ഇമാം നമസ്കാര സ്ഥലത്ത് എത്തുന്നത് വരെ തക്ബീർ ചോല്ലാവുന്നതാണ്.

എന്നാൽ സമയബന്ധിതമായി നിര്‍വഹിക്കുന്ന തക്ബീർ (التكبير المقيد). അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷവും നിര്‍വഹിക്കുന്ന തക്ബീറിന് നിശ്ചിത സമയം ഉണ്ട്. അറഫാ ദിവസത്തിലെ ഫജർ നമസ്കാരം മുതൽ, അയ്യാമുതശ്‌രീഖിന്‍റെ അവസാന ദിവസമായ ദുല്‍ഹിജ്ജ 13ന് അസർ നമസ്കാരം വരെ ആയിരിക്കും അത് നിര്‍വഹിക്കേണ്ടത്. അതായത് മൊത്തം 23 ഫര്‍ദ് നമസ്കാരങ്ങള്‍ക്കായിരിക്കും അത് നിര്‍വഹിക്കപ്പെടുക.

എന്നാൽ ഹജ്ജ് നിര്‍വഹിക്കുന്നയാൾ പെരുന്നാൾ ദിവസം ദുഹർ നമസ്കാരാനന്തരം ആണ് സമയബന്ധിതമായ തക്ബീർ നിര്‍വഹിക്കാൻ ആരംഭിക്കുക. കാരണം അതിനു മുൻപ് അവർ തൽബിയത് ചൊല്ലലിൽ ആയിരിക്കും.

ചെറിയ പെരുന്നാളിന് ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായി തക്ബീർ ചൊല്ലലില്ല.

സംഗ്രഹം: തക്ബീർ ചൊല്ലൽ രണ്ടു വിധമുണ്ട്. സമയബന്ധിതമായതും, സമയബന്ധിതമല്ലാത്തതും. സമയബന്ധിതമല്ലാത്തത് ഈദുൽ ഫിത്വറിന്‍റെ രാവ് മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിന് എത്തുന്ന വരെയും, ദുല്‍ഹിജ്ജ ഒന്ന് മുതൽ അയ്യാമു തശ്‌രീഖിന് സൂര്യൻ അസ്തമിക്കുന്നത് വരെയും ഏത് സമയത്തും ചൊല്ലാം.

സമയബന്ധിതമായ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള ചൊല്ലൽ അറഫ ദിനത്തിലെ ഫജ്ര്‍ നമസ്കാരാനന്തരം ആരംഭിച്ച് അയ്യാമു തശ്‌രീഖിന്‍റെ അവസാന ദിവസം അസർ നമസ്കാരം വരെയും ആയിരിക്കും. എന്നാൽ ചെറിയ പെരുന്നാളിന് ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷം നിര്‍വഹിക്കപ്പെടുന്ന തക്ബീർ ഇല്ല.

ശബ്ദമുയര്‍ത്തൽ:  പുരുഷന്മാർ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: ഉമറുബ്നുൽ ഖത്താബും (റ), ഇബ്നു ഉമർ (റ) തക്ബീർ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട് മറ്റുള്ളവരും തക്ബീർ ചൊല്ലും. – [ബുഖാരി].


തക്ബീറിന്‍റെ രൂപം:
الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
അതല്ലെങ്കിൽ الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

എന്നാൽ ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് തക്ബീർ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടില്ല. ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

അബ്ദുൽ റഹ്മാൻ അബ്ദുൽ ലത്വീഫ്

ഫിത്വർ സകാത്ത് പണമായി നൽകാവുന്നതല്ല. ഭക്ഷണമായിത്തന്നെ നൽകുക എന്നതാണ് പ്രവാചക ചര്യ.

عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب

അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: ” പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നൽകാറുണ്ടായിരുന്നത് ” – [ബുഖാരി, മുസ്‌ലിം].

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയുംടെയും അഭിപ്രായം. അതാണ്‌ തെളിവിന്റെ അടിസ്ഥാനത്തിൽ പ്രബലമായതും. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലിജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ ദരിദ്രർക്ക് ഭക്ഷണമായി നൽകാനായി വിശ്വാസയോഗ്യരായ ആളുകളെ അതിന്റെ പണം ഏല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രവാചകന്റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്റെ  അശറഹുൽ മുംതിഅ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം.

അതുപോലെ അത് പെരുന്നാൾ നമസ്കാരത്തിന്  മുൻപായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. പ്രവാചകൻ (സ) പറഞ്ഞു: ” നമസ്കാരത്തിന്  മുൻപായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്” – അബൂ ദാവൂദ്.

മാസപ്പിറവിയും ആശയക്കുഴപ്പങ്ങളും.

അബ്ദുൽ റഹ്മാൻ അബ്ദുൽ ലത്വീഫ്

മാസപ്പിറവിയും ആശയക്കുഴപ്പങ്ങളും. ഹൈഅതു കിബാറുൽ ഉലമയിലെ 17 പണ്ഡിതന്മാർ ചേര്‍ന്നെടുത്ത തീരുമാനം. പെരുന്നാളുകളും, നോമ്പുകളുമെല്ലാം വരുമ്പോൾ നാട്ടിൽ സാധാരണയായി മാസപ്പിറവിയെ ചൊല്ലി തര്‍ക്കങ്ങൾ ഉടലെടുക്കാറുണ്ട്. ഒരേ വീട്ടിൽ പോലും ഇത്തരം ഭിന്നതകൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. പിതാവ് ഒരു ദിവസവും, മാതാവ് മറ്റൊരു ദിവസവും പെരുന്നാൾ ആഘോഷിക്കുകയും അവര്‍ക്കിടയിൽ തങ്ങൾ ഏത് സ്വീകരിക്കണമെന്നറിയാതെ ആശങ്കാകുലരായി നില്‍ക്കുകയും ചെയ്യുന്ന മക്കളെയും നമുക്ക് കാണാം. ഈ വിഷയത്തിൽ തങ്ങൾ വച്ചുപുലര്‍ത്തുന്ന രീതിയോട് യോജിക്കാത്ത ആളുകളെ പിഴച്ചവരായും, നേര്‍മാര്‍ഗത്തിൽ നിന്നും തെറ്റിപ്പോയവരായും കാണുന്നവരും വിരളമല്ല. എന്നാൽ ഈ വിഷയത്തിന്‍റെ കര്‍മശാസ്ത്രപരമായ വീക്ഷണം എന്ത്?!, ഈ വിഷയത്തിലുള്ള അഭിപ്രായ ഭിന്നത പരിഗണിക്കേണ്ടതുണ്ടോ?!, തുടങ്ങിയ വിഷയങ്ങൾ പലപ്പോഴും ആരും പരിശോധിക്കാറില്ല. ഈ വിഷയത്തെക്കുറിച്ച് സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയായ ഹൈഅതു കിബാറുൽ ഉലമയിലെ പതിനേഴോളം പണ്ഡിതന്മാർ ചേര്‍ന്ന്‍ ചര്‍ച്ച ചെയ്യുകയും തതടിസ്ഥാനത്തിൽ അവർ നല്‍കിയ മറുപടിയുമാണ്‌ ഇവിടെ നല്‍കുന്നത്. ഒരുപാട് ആശയക്കുഴപ്പങ്ങൾ തീര്‍ക്കാൻ അത് പ്രാപ്തമാണ് ഇൻഷാ അല്ലാഹ്.

ചോദ്യം : ഞങ്ങൾ അമേരിക്കയിലും, കാനഡയിലുമുള്ള വിദ്യാര്‍ഥികൾ ആണ്. എല്ലാ വര്‍ഷവും റമദാൻ ആരംഭിക്കുമ്പോൾ ഞങ്ങള്‍ക്കിടയിൽ ഭിന്നിപ്പ് ഉണ്ടാവുകയും ആളുകൾ മൂന്ന്‍ വിഭാഗക്കാരായി തിരിയുകയും ചെയ്യാറുണ്ട്.

1- അവനവന്‍റെ നാട്ടിലെ മാസപ്പിറവി അടിസ്ഥാനമാക്കി നോമ്പ് പിടിക്കുന്ന വിഭാഗം. 2- സൗദിയിലെ നോമ്പിന്‍റെ ആരംഭം ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകൾ. 3- അമേരിക്കയിലും കാനഡയിലുമുള്ള മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന്‍റെ പ്രഖ്യാപനത്തെ ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകൾ. സ്റ്റുഡന്‍സ് അസോസിയേഷന്‍റെ രീതി ഇപ്രകാരമാണ്: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അവർ മാസപ്പിറവി നിരീക്ഷിക്കും, ഏതെങ്കിലും ഒരു സ്ഥലത്ത് മാസപ്പിറവി ദര്‍ശിച്ചാൽ ഉടൻ തങ്ങളുടെ വ്യത്യസ്ഥ സെന്‍ററുകളിലേക്ക് ആ വിവരം എത്തിക്കുകയും അങ്ങനെ അമേരിക്കയുടെ വ്യത്യസ്ഥ നഗരങ്ങളിലുള്ള മുസ്ലിമീങ്ങൾ അവർ ആ മാസപ്പിറവിയെ അടിസ്ഥാനമാക്കി ഒന്നടങ്കം ഒരേ ദിവസം നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു. ഇവരിൽ ആരുടെ മാസപ്പിറവിയെയാണ് ഞങ്ങൾ അവലംഭിക്കേണ്ടത് ?! ഈ വിഷയത്തിൽ ഞങ്ങള്‍ക്ക് ശറഇന്‍റെ വിധി പറഞ്ഞു തരുമല്ലോ, അല്ലാഹു നിങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ …. ഉത്തരം: ‘ഹൈഅതു കിബാറുൽ ഉലമ’ (അഥവാ സൗദിയിലെ ഉന്നത പണ്ഡിതസഭ) ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവർ ചര്‍ച്ച ചെയ്ത് എടുത്തിട്ടുള്ള തീരുമാനത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്. ഒന്നാമതായി: ‘മാസപ്പിറവി യുടെ നിര്‍ണയസ്ഥാനങ്ങൾ ‘ (المطالع) വ്യത്യസ്ഥമാണ് എന്നത് ബുദ്ധികൊണ്ടും അനുഭവം കൊണ്ടും ബോധ്യമായ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിൽ പണ്ഡിതന്മാര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നതയില്ല. എന്നാൽ മാസപ്പിറവിയുടെ വിഷയത്തിൽ ‘മാസപ്പിറവി നിര്‍ണയ സ്ഥാനങ്ങളുടെ’ വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്ന വിഷയത്തിലാണ് പണ്ഡിതന്മാര്‍ക്കിടയിൽ അഭിപ്രായ ഭിന്നത ഉള്ളത്. രണ്ടാമതായി: ‘മാസപ്പിറവി നിര്‍ണയ സ്ഥാനങ്ങളുടെ’ വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് ഇജ്തിഹാദിയായ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തിൽ ഉള്ളത്. രണ്ട് വ്യത്യസ്ഥ അഭിപ്രായമാണ് പണ്ഡിതന്മാർ ഈ വിഷയത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് : അവരിൽ ചിലർ മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനത്തിലുള്ള വ്യത്യാസത്തെ പരിഗണിക്കുന്നു. ചിലർ അത് പരിഗണിക്കുന്നില്ല. (അഥവാ ഒരു വിഭാഗം ലോകത്തിന്‍റെ ഏത് ഭാഗത്ത് മാസപ്പിറവി വീക്ഷിചാലും അത് എല്ലാവര്‍ക്കും ബാധകമാണ് എന്ന് കാണുന്നു. മറ്റൊരു വിഭാഗം ഓരോ പ്രദേശത്തുകാരും അവനവന്‍റെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കി പ്രവര്‍ത്തിക്കണം എന്നും അഭിപ്രായപ്പെടുന്നു). അതിൽ രണ്ട് അഭിപ്രായക്കാരും ഖുര്‍ആനിൽ നിന്നും സുന്നത്തിൽ നിന്നും തങ്ങളുടേതായ തെളിവ് പിടിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം ഒരേ തെളിവ് തന്നെ രണ്ടഭിപ്രായക്കാരും തെളിവായി ഉദ്ദരിച്ചിട്ടുമുണ്ട്. ഉദാ: يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ എന്ന ആയത്ത് صوموا لرؤيته وأفطروا لرؤيته എന്ന ഹദീസ് , ഇവയെല്ലാം രണ്ടുകൂട്ടരും തെളിവ് പിടിക്കുന്ന തെളിവുകളാണ്. പ്രമാണങ്ങൾ മനസ്സിലാക്കുന്നതിലും, അവയിൽ നിന്ന് തെളിവ് പിടിക്കുന്ന രീതിയിലുമുള്ള വ്യത്യാസമാണ് അവരുടെ അഭിപ്രായങ്ങൾ വ്യത്യസ്ഥമാകാൻ കാരണം. ഹൈഅത്തു കിബാറുൽ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തിൽ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങൾ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങൾ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകൾ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ ഈ വിഷയത്തിൽ എത്തിച്ചേര്‍ന്ന വീക്ഷണം. ഓരോ ഇസ്ലാമിക രാഷ്ട്രത്തിനും അതത് രാജ്യങ്ങളിലെ പണ്ഡിതന്മാർ മുഖേന മുകളിൽ സൂചിപ്പിച്ച അഭിപ്രായങ്ങളിൽ ഏത് അഭിപ്രായത്തെയാണോ പ്രമാണബദ്ധമായി കാണുന്നത് ആ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കാരണം ആ രണ്ട് അഭിപ്രായങ്ങള്‍ക്കും അതിന്‍റേതായ തെളിവുകളും പ്രമാണങ്ങളും ഉണ്ട്. മൂന്നാമതായി: ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ പഠനം നടത്തുകയുണ്ടായി. ശേഷം മാസപ്പിറവി നിശ്ചയിക്കാൻ ഗോളശാസ്ത്രക്കണക്കുകൾ അവലംഭിക്കാൻ പാടില്ല എന്ന് അവർ ഐക്യഖണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു. കാരണം പ്രവാചകൻ(ﷺ) പറഞ്ഞു: ” നിങ്ങൾ മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം വ്രതം അനുഷ്ഠിക്കുകയും, വ്രതം അവസാനിപ്പിക്കുകയും ചെയ്യുക “. അതുപോലെ പ്രവാചകൻ(ﷺ) പറഞ്ഞു: ” മാസപ്പിറവി വീക്ഷിക്കുന്നത് വരേക്കും നിങ്ങൾ വ്രതമനുഷ്ടിക്കരുത്. അത് വീക്ഷിക്കുന്നത് വരേക്കും നിങ്ങൾ വ്രതം അവസാനിപ്പിക്കുകയും ചെയ്യരുത് ” . ഇതേ അര്‍ത്ഥത്തിൽ മറ്റു ധാരാളം തെളിവുകളും വന്നിട്ടുണ്ട്. ലിജ്നതുദ്ദാഇമയുടെ അഭിപ്രായപ്രകാരം ഇസ്‌ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ, ആ രാജ്യത്ത് ജീവിക്കുന്ന മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം മാസപ്പിറവി പ്രഖ്യാപിക്കുന്ന വിഷയത്തിൽ ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ സ്ഥാനമാണ് മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനുള്ളത്. നേരത്തെ രണ്ടാമത്തെ പാരഗ്രാഫിൽ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തിൽ ഹൈഅതു കിബാറുൽ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്. അവര്‍ക്ക് വ്യത്യസ്ഥ മാസപ്പിറവിയെ ആസ്പദമാക്കുകയോ, ഒരൊറ്റ മാസപ്പിറവിയെ ആസ്പദമാക്കുകയോ ചെയ്യാം. എന്നിട്ട് അവർ സ്വീകരിച്ച അഭിപ്രായപ്രകാരം അവരുടെ രാജ്യങ്ങളിലെ മുസ്ലിമീങ്ങള്‍ക്ക് മാസപ്പിറവി നിര്‍ണയിച്ചു നല്‍കുകയും ചെയ്യാം. ആ പ്രദേശത്തെ ആളുകൾ സ്റ്റുഡന്‍സ് അസോസിയേഷൻ സ്വീകരിച്ച അഭിപ്രായവും, അവരുടെ നിര്‍ണയവും പിന്‍പറ്റുകയാണ് വേണ്ടത്. അവര്‍ക്കിടയിൽ സ്വരച്ചേര്‍ച്ച ഉണ്ടാവാനും ഒരേ സമയം വ്രതം ആരംഭിക്കാനും, ആശയക്കുഴപ്പങ്ങളും ഭിന്നതകളും ഇല്ലാതിരിക്കുവാനും വേണ്ടിയാണത്. ആ രാജ്യത്ത് ജീവിക്കുന്ന ഓരോ ആളുകളും മാസപ്പിറവി വീക്ഷിക്കാൻ ശ്രമിക്കട്ടെ. വിശ്വാസയോഗ്യനായ ഒരു വ്യക്തിയോ, ഇനി ഒന്നിലധികം ആളുകളോ മാസപ്പിറവി വീക്ഷിച്ചാൽ അവർ അതുപ്രകാരം വ്രതമനുഷ്ടിക്കുകയും, രാജ്യത്തിന്‍റെ വിവിധ ഭാഗത്തേക്ക് ആ വിവരമെത്തിക്കാൻ വേണ്ടി മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനെ മാസപ്പിറവി കണ്ട വിവരം അറിയിക്കുകയും ചെയ്യട്ടെ. റമദാനിന്‍റെ ആരംഭത്തിൽ മാത്രമാണ് വിശ്വസ്ഥനായ ഒരാൾ മാത്രം മാസപ്പിറവി ദര്‍ശിച്ചാലും അത് പരിഗണിക്കപ്പെടുക. എന്നാൽ റമദാൻ അവസാനിക്കുന്ന സന്ദര്‍ഭത്തിൽ മാസപ്പിറവി രണ്ട് വിശ്വസ്ഥരായ ആളുകൾ ദര്‍ശിച്ചാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. അല്ലാത്തപക്ഷം മുപ്പത് പൂര്‍ത്തിയാക്കേണ്ടതാണ്. കാരണം പ്രവാചകൻ(ﷺ) ഇപ്രകാരം പറഞ്ഞു : ” മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം നിങ്ങൾ വ്രതം ആരംഭിക്കുകയും, അതുപ്രകാരം തന്നെ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി മാസപ്പിറവി ദര്‍ശിക്കാൻ പറ്റാത്ത വിധം മേഘം മൂടിയാൽ നിങ്ങൾ മുപ്പത് പൂര്‍ത്തിയാക്കുക.” അല്ലാഹു അനുഗ്രഹിക്കട്ടെ… ഈ ഉത്തരത്തിന്‍റെ ആരംഭത്തിൽ തത് വിഷയത്തിൽ ഹൈഅതു കിബാറുൽ ഉലമയിൽ ഒരു ചര്‍ച്ചനടന്നതായി ലിജ്നതുദ്ദാഇമ സൂചിപ്പിക്കുന്നുണ്ട്. പതിനേഴ്‌ പ്രഗല്‍ഭ പണ്ഡിതന്മാരാണ് ആ ചര്‍ച്ചയിൽ പങ്കെടുത്തത്. അവരുടെ പേരുകൾ താഴെ കൊടുക്കുന്നു. 1- അബ്ദുൽ അസീസ്‌ ബിൻ ബാസ്. 2- അബ്ദുറസാഖ് അഫീഫി. 3- മുഹമ്മദ്‌ അമീൻ ശന്‍ഖീത്തി 4-മിഹ്ദാർ അഖീൽ. 5- അബ്ദുല്ലാഹ് ബിൻ ഹുമൈദ്. 6- അബ്ദുല്ലാഹ് ബിൻ ഖയ്യാത്വ്. 7- അബ്ദുല്ലാഹ് ബിൻ മുനീഅ്. 8- സ്വാലിഹ് അല്ലുഹൈദാൻ. 9- മുഹമ്മദ് ബിൻ ജുബൈർ. 10- അബ്ദുല്ലാഹ് ബിൻ ഗുദയ്യാൻ. 11- സുലൈമാൻ ബിൻ ഉബൈദ്. 12- റാഷിദ് ബിൻ ഖുനയ്യിൻ. 13- മുഹമ്മദ്‌ അല്‍ഹര്‍കാൻ 14-അബ്ദുല്‍മജീദ്‌ ഹസൻ. 15- ഇബ്രാഹീം ആലു ശൈഖ്. 16- സ്വാലിഹ് ബിൻ ഗസ്വൂൻ. 17- അബ്ദുൽ അസീസ്‌ ബിൻ സ്വാലിഹ്. ഇവരെല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ ആകെച്ചുരുക്കമാണ് ലിജ്നയുടെ ഫത്’വയിൽ ഉള്ളത്. ഈ ഫത്’വയിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതായുണ്ട്. 1- ഒന്നാമതായി ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ്. മാത്രമല്ല ഈ വിഷയത്തിലെ അഭിപ്രായഭിന്നത പരിഗണിക്കപ്പെടുന്ന ഭിന്നതയുമാണ്. അഥവാ خلاف معتبر ആണ്. അതിനാൽ തന്നെ ഏതെങ്കിലും ഒരു അഭിപ്രായക്കാർ സുന്നത്തിന് വിപരീതം പ്രവര്‍ത്തിച്ചവരോ, പിഴച്ച് പോയവരോ ആണ് എന്ന് പറയാൻ പാടില്ല. ഒരു വിഷയത്തിൽ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്നത് അഥവാ معتبر ആണ് എങ്കിൽ ആ വിഷയത്തിൽ لا إنكار في مسائل الإجتهاد എന്ന തത്വപ്രകാരമാണ് സമീപിക്കുക. അഥവാ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്ന വിഷയത്തിൽ പരസ്പരം വിമര്‍ശിക്കാൻ പാടില്ല. ഇത് ഒന്നിലധികം തവണ ലിജ്ന വ്യക്തമാക്കുന്നുണ്ട് : ഉദാ: (‘മാസപ്പിറവി നിര്‍ണയ സ്ഥാനങ്ങളുടെ’ വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് (അഥവാ ലോകം മുഴുവൻ ഒരൊറ്റ മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ, അതല്ല വ്യത്യസ്ത മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ എന്നത് ) ഇജ്തിഹാദിയായ , അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തിൽ ഉള്ളത്). അതുപോലെ : (നേരത്തെ രണ്ടാമത്തെ പാരഗ്രാഫിൽ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തിൽ ഹൈഅതു കിബാറുൽ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്). (അഭിപ്രായ ഭിന്നത സാധുവായ ഒരു വിഷയത്തിലാണ് ഇങ്ങനെ രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാർ പറയാറുള്ളത്). 2- ഈ വിഷയത്തിൽ മുസ്‌ലിം ഭരണം ഉള്ള പ്രദേശമാണ് എങ്കിൽ, ഒരു മുസ്‌ലിം ഭരണാധികാരി ഏതെങ്കിലും ഒരു അഭിപ്രായത്തെ തിരഞ്ഞെടുത്താൽ, തങ്ങളുടെ അഭിപ്രായത്തോട് യോജിചില്ലെങ്കിൽ പോലും ആ പ്രദേശത്ത് ജീവിക്കുന്ന ആളുകൾ ഒരിക്കലും അതിന് വിപരീതം ചെയ്യാൻ പാടില്ല. കാരണം حكم الحاكم يرفع الخلاف (അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിൽ ഭരണാധികാരിയുടെ വിധി അഭിപ്രായഭിന്നതയെ ഇല്ലാതാക്കുന്നു) എന്ന തത്വപ്രകാരം ഭരണാധികാരിയുടെ തീരുമാനമാകും അന്തിമ തീരുമാനം. അതനുസരിച്ച് ആണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്. ഇനി മുസ്‌ലിം ഭരണകൂടം ഇല്ലാത്ത പ്രദേശം ആണ് എങ്കിൽ അവിടെ ഭൂരിപക്ഷം മുസ്ലിമീങ്ങളും പുലര്‍ത്തിപ്പോരുന്ന രീതി എന്ത് എന്നതാണ് പരിഗണിക്കുക. അഭിപ്രായ ഭിന്നതക്ക് ശറഇയായി സാധുതയുള്ള ഒരു പൊതുവിഷയത്തിൽ ഒരു നാട്ടിലെ മുസ്ലിമീങ്ങൾ പൊതുവേ ഒരു രീതി സ്വീകരിച്ചു വരുന്നുണ്ടെങ്കിൽ തന്‍റെ അഭിപ്രായത്തിനോട് അത് യോജിക്കുന്നില്ലെങ്കിൽ പോലും അതനുസരിച്ച് പ്രവര്‍ത്തിക്കാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അഭിപ്രായഭിന്നത معتبر ആയ വിഷയത്തെ സംബന്ധിച്ചാണ് നമ്മൾ സംസാരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാസപ്പിറവിയുടെ വിഷയത്തിൽ അഭിപ്രായ ഭിന്നത معتبر ആണ് എന്നത് മുകളിൽ ലിജ്നയുടെ ഫത്’വയിൽ തന്നെ പരാമര്‍ശിച്ചുവല്ലോ. അത്തരം ഒരു വിഷയത്തിൽ ഒരു നാട്ടിലെ മുസ്ലിമീങ്ങൾ പൊതുവായ ഒരു വീക്ഷണം വച്ചുപുലര്‍ത്തുന്നുണ്ടെങ്കിൽ തന്‍റെ അഭിപ്രായത്തോട് യോജിച്ചാലും ഇല്ലെങ്കിലും അതാണ്‌ ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്. അതല്ലാതെ അവിടെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പാടില്ല. ഇത് കര്‍മശാസ്ത്രത്തിലെ ഒരു പൊതുതത്വമാണ്. ഈ തത്വത്തെ ആസ്പദമാക്കി ശൈഖ് ഇബ്നു ബാസ് പറയുന്നു: സൗദിയിൽ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനിൽ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങൾ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങൾ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങൾ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമാതായി : പ്രവാചകൻ(ﷺ) പറയുന്നു: ” വ്രതം നിങ്ങൾ (വിശ്വാസികൾ) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ) ബലിയറുക്കുന്ന ദിവസത്തിലാണ് “. അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനിൽ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങൾ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും. ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. രണ്ടാമതായി : നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളിൽ നിന്നും വ്യത്യസ്ഥമായി നിങ്ങൾ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാൽ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തിൽ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

 
 
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا

“നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറിൽ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്” – [ ആലു ഇംറാൻ 103].


അതുപോലെ മുആദിനെയും അബൂ മൂസൽ അശ്അരിയെയും 
യമനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയിൽ പ്രവാചകൻ(ﷺ) 
ഇപ്രകാരം ഉപദേശിച്ചു: ” നിങ്ങൾ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത 
അറിയിക്കുക, നിങ്ങൾ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. 
നിങ്ങൾ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും 
ചെയ്യുക ” .
[مجموع فتاوى ابن باز (15 / 103- 104)]

 

 

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) സൂചിപ്പിച്ച ഇതേ ആശയം മുകളിൽ 
നല്‍കിയ ലിജ്നയുടെ ഫത്’വയിലും കാണാം : ( ഹൈഅത്തു 
കിബാറുൽ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, 
നിഗമനങ്ങളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ 
അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല 
എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, 
ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തിൽ പോലും 
ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി 
കര്‍മ്മങ്ങൾ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, 
കാര്യങ്ങൾ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും 
അനാവശ്യ ഭിന്നതകൾ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് 
ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ ഈ വിഷയത്തിൽ 
എത്തിച്ചേര്‍ന്ന വീക്ഷണം.).
ഇനി പുലര്‍ത്തിപ്പോരുന്ന രീതിക്ക് വല്ല മാറ്റവും വരുത്തുകയാണ് എങ്കിൽ
തന്നെ അത് അതത് പ്രദേശത്തെ പണ്ഡിതന്മാർ ഒരുമിച്ചു ചേര്‍ന്ന്‍ ചര്‍ച്ച 
ചെയ്ത് കൂട്ടായി എടുക്കേണ്ട ഒരു തീരുമാനമാണ്.
3- ഇനി ഏത് അഭിപ്രായം സ്വീകരിച്ചാലും ഒരിക്കലും തന്നെ മാസപ്പിറവി
നിര്‍ണയിക്കൽ ഗോളശാസ്ത്രപ്രകാരമാകാൻ പാടില്ല. ഇതാണ് ഈ 
ഫത്’വയിൽ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം.
(ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി 
നിശ്ചയിക്കുന്നതിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട് വന്ന 
പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും 
ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ പഠനം 
നടത്തുകയുണ്ടായി. ശേഷം മാസപ്പിറവി നിശ്ചയിക്കാൻ 
ഗോളശാസ്ത്രക്കണക്കുകൾ അവലംഭിക്കാൻ പാടില്ല എന്ന് അവർ 
ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു ).

മാസപ്പിറവിയും ആശയക്കുഴപ്പവും

മാസപ്പിറവിയും ആശയക്കുഴപ്പവും – ശൈഖ് ഇബ്നു ബാസ് (رحمه الله).
ഗൾഫിൽ മാസപ്പിറവി കാണുകയും, നാട്ടിൽ കാണാതിരിക്കുകയും ചെയ്തതിനാൽ ആളുകൾ ആശയക്കുഴപ്പത്തിലായിരിക്കും. എന്നാൽ ഈ വിഷയത്തിൽ ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാടെന്ത് എന്നത് ശൈഖ് ഇബ്നു ബാസ് (رحمه الله)
വ്യക്തമാക്കുന്നു.
ശൈഖ് ഇബ്നു ബാസ് പറയുന്നു:
സൗദിയിൽ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം
കഴിഞ്ഞാണ് പാക്കിസ്ഥാനിൽ മാസപ്പിറവി കാണുന്നത്
എന്നാണല്ലോ നിങ്ങൾ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ
അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ
മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത്
എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള
ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങൾ എന്നാണോ നോമ്പ് പിടിക്കുന്നത്
അവരോടൊപ്പമാണ് നിങ്ങൾ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന്
രണ്ട് കാരണങ്ങളുണ്ട്.
ഒന്നാമാതായി : പ്രവാചകന്‍(ﷺ) പറയുന്നു: “വ്രതം നിങ്ങൾ
(വിശ്വാസികൾ) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ
പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ) വ്രതമവസാനിപ്പിക്കുന്ന
ദിവസത്തിലാണ്. ബലി പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ)
ബലിയറുക്കുന്ന ദിവസത്തിലാണ്”.
(അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ
ഉദ്ദരിച്ചതാണിത്). അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും
പാക്കിസ്ഥാനിൽ കഴിയുന്നിടത്തോളം കാലം അവിടെയുള്ള
മുസ്ലിമീങ്ങൾ എന്നാണോ നോമ്പെടുക്കുന്നത്
അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ
നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ്
അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം
നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല മാസപ്പിറവി നിര്‍ണയ
സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും
വ്യത്യസ്ഥമായിരിക്കും. ഇബ്നു അബ്ബാസ് (رضي الله عنه) ,
അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ
നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ്
അഭിപ്രായപ്പെട്ടിട്ടുള്ളത്.
രണ്ടാമതായി : നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളിൽ
നിന്നും വ്യത്യസ്ഥമായി നിങ്ങൾ വ്രതമെടുക്കുന്നത്,
ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ
തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാൽ പരസ്പരം
വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ്
ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും
പുണ്യത്തിന്‍റെയും കാര്യത്തിൽ പരസ്പരം സഹകരിച്ച്
പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക.
അതുകൊണ്ടാണ് അല്ലാഹു
ഇപ്രകാരം പറഞ്ഞത്:

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
” നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറിൽ മുറുകെ പിടിക്കുക.
നിങ്ങൾ ഭിന്നിച്ചുപോകരുത്“.
-[ ആലു ഇംറാന്‍ 103].
അതുപോലെ മുആദിനെയും അബൂ മൂസൽ അശ്അരിയെയും
യമനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയിൽ പ്രവാചകന്‍(ﷺ)
ഇപ്രകാരം ഉപദേശിച്ചു: “നിങ്ങൾ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത
അറിയിക്കുക, നിങ്ങൾ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്.
നിങ്ങൾ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം
ഭിന്നിക്കാതിരിക്കുകയും ചെയ്യുക” .
[مجموع فتاوى ابن باز (15 / 103- 104)]

ശഅ്ബാൻ മാസവും ബറാഅത്ത് രാവും

വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തിനാലാം (44) അദ്ധ്യായമായ സൂറത്തു ദ്ദുഖാനിന്റെ ആരംഭത്തിൽ പറഞ്ഞിട്ടുള്ള അനുഗ്രഹീത രാത്രി കൊണ്ടുള്ള വിവക്ഷ ശഅ്ബാൻ പതിനഞ്ചാണെന്ന് ഒരു വിഭാഗം വാദിക്കുകയും അന്ന് പ്രത്യേകം ആരാധനകൾ നിര്‍വ്വഹിക്കുകയും ഭക്ഷണവിഭങ്ങളുണ്ടാക്കി വിതരണം ചെയ്യുകയും, ഖുര്‍ആൻ പാരായണം ചെയ്യുകയും, നോമ്പ് നോല്‍ക്കുകയും ചെയ്തുവരുന്ന സമ്പ്രദായം ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നു.

ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്‍ഠിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. കാരണം ഖുര്‍ആൻ പറയുന്നത് ഇപ്രകാരമാണ് “തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരു അനുഗ്രഹീത രാവിലാണ് അവതരിപ്പിച്ചിട്ടുള്ളത് (സൂറ ദുഖാൻ:2).

പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുൽ ഖദ്റാണെന്നും അത് റമദാനിലാണ് എന്നുമുള്ള കാര്യം ഖുര്‍ആൻ തന്നെ മറ്റു സൂറത്തുകളിലൂടെ നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്യുന്നുണ്ട് “തീര്‍ച്ചയായും നാം അതിനെ ലൈലത്തുൽ ഖദ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത് അതിനെ സംബന്ധിച്ച് നീ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് അത് ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ഒരു രാത്രിയത്രെ (സൂറത്തുൽ ഖദ്ർ).

മേൽ പറയപ്പെട്ട രാത്രി റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി(സ) റമദാനിനെ നമുക്ക് ഇപ്രകാരം പരിചയപ്പെടുത്തിയതും ഹദീസിൽ കാണാം: “നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം വന്നെത്തി യിരിക്കുന്നു അതിൽ ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്… (ഹദീസ് നസാഇ അല്‍ബാനി 4/129നമ്പർ:2106)

ഖുര്‍ആൻ അവതരിച്ചിട്ടുള്ളത് റമദാനിലാണെന്ന കാര്യവും നമുക്ക് ഖുര്‍ആനിൽ തന്നെ കണ്ടെത്താവു ന്നതാണ്. “റമദാൻ മാസം, ആ മാസത്തിലാകുന്നു മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും സത്യാസത്യ വിവേചനത്തിനും മാര്‍ഗദര്‍ശനത്തിനുമുള്ള തെളിവുകളുമായിക്കൊണ്ടും ഖുര്‍ആൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് (ബഖറ:185).

പ്രമുഖ ഖുര്‍ആൻ വ്യാഖ്യാതാവായ, ബഹു ഇബ്നുകസീർ(റ) പറയുന്നത് കാണുക: “ആരെങ്കിലും പ്രസ്തുത (അനുഗ്രഹീതരാവ്) ശഅ്ബാൻ പതിനഞ്ചിനാണെന്ന് (15)പറഞ്ഞാൽ അവൻ സത്യത്തിൽ നിന്നും വളരെ ദൂരം അകലെ യാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്ഠിതമായ അഭിപ്രായം) അത് റമദാൻ മാസത്തിലാണ് എന്നത് തന്നെ (തഫ്സീർ ഇബ്നുകസീർ 4/13).

രിസ്ഖ് നിശ്ചയിക്കുന്ന രാവ് !?

ശഅ്ബാൻ മാസം 15ന് ബറാഅത്ത് രാവ് എന്നാണ് പറയപ്പെടുക എന്നും പ്രസ്തുത ദിവസത്തിലാണ് ഒരു മനുഷ്യന്റെ ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കപ്പെടുക എന്നുമുള്ള ധാരണകളും പ്രാമാണ്യ യോഗ്യമായ തെളിവുകളുടെ പിന്‍ബലമില്ലാത്തതും വ്യാജനിര്‍മ്മിത കാര്യങ്ങളിൽ പെട്ടതുമാണ്.

ഈ ദിവസത്തിൽ നോമ്പനുഷ്ഠിക്കുവാനും, രാത്രി പ്രത്യേകമായി നമസ്കരിക്കുവാനും ചിലർ പ്രചരിപ്പിക്കുന്നതും അടിസ്ഥാനമില്ലാത്ത കാര്യമാണ്.

മുന്‍ഗാമികൾ എന്ത് പറയുന്നു

ഇത് സംബന്ധിച്ച് പൂര്‍വ്വികരായ ഏതാനും പണ്ഡിതൻമാരുടെ വാക്കുകൾ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ശൈഖ് ശിഹാബുദ്ദീൻ അബൂശാമ (റ): (ഇദ്ദേഹം ശാഫിഈ മദ്ഹബിലെ രണ്ടാം ശാഫി എന്ന് അറിയപ്പെടുന്ന നവവി(റ)യുടെ ഉസ്താദുകൂടിയാണ് )“നമ്മുടെ പണ്ഡിതന്‍മാരിൽ ഒരാളും തന്നെ ശഅ്ബാൻ പതിനഞ്ചാം രാവിന് പ്രത്യേകതയുള്ളതായി കാണുകയോ പ്രസ്തുത ദിവസത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായോ നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അബൂമുലൈക എന്ന പണ്ഡിതനോട് സിയാദ്ബ്നു നുമൈർ, ശഅ്ബാൻ 15 ന്റെ മഹത്വം ലൈലത്തുൽ ഖദ്ർ പോലെ പ്രതിഫലാര്‍ഹമാണ് എന്ന് പറയുന്നുണ്ടല്ലോ എന്ന് ശ്രദ്ധയിൽ പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ‘അങ്ങിനെ പറയുന്നത് ഞാൻ കേള്‍ക്കുകയും അന്നേരം എന്റെ കയ്യിൽ ഒരു വടിയുമുണ്ടായിരുന്നുവെങ്കിൽ തീര്‍ച്ചയായും നാം അവനെ അടിക്കുമായിരുന്നു. നബി(സ)യിൽ നിന്നും പ്രസ്തുത ദിവസത്തിൽ പ്രത്യേകമായി ഒരു തരത്തിലുള്ള നമസ്കാരവും നിര്‍വ്വഹിക്കാൻ നിര്‍ദ്ദേശിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല, ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ആദ്യമായി സമൂഹത്തിൽ കടന്നുകൂടിയത് ബര്‍മക്കികളുടെ കാലഘട്ടത്തിലാണ്. അവർ ഭക്ഷണ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മതത്തിൽ പലതും കടത്തിക്കൂട്ടിയവരാണ്. ശഅ്ബാൻ മാസത്തിന്ന് ശ്രേഷ്ഠതയുള്ളതായി അലി(റ)വിൽ നിന്നും, ആയിഷ(റ)യിൽ നിന്നും, അബൂമൂസ(റ)വിൽ നിന്നും ഇബ്നുമാജ:(റ)തന്റെ ഗ്രന്ഥത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഹദീസുകളും ദുര്‍ബ്ബലമായ പരമ്പരകളിലൂടെ മാത്രം ഉദ്ധരിക്കപ്പെടുന്നവയാണ്്. (ശിഹാബുദ്ദീൻ അബൂശാമ: അൽ ബാഇസ് അലാ ഇന്‍കാരിൽ ബിദഇ വല്‍ഹവാദിസി).

ശൈഖ് ഇബ്നുറജബ്(റ): “ശഅ്ബാൻ (15) പതിനഞ്ച് പുണ്യദിനമായി കരുതലും അന്ന് പ്രത്യേകം ആഘോഷങ്ങൾ സംഘടിപ്പിക്കലും ബിദ്അത്ത് (അനാചാരം) ആകുന്നു. ഇത് സംബന്ധമായി വന്നിട്ടുള്ളതായ എല്ലാ ഹദീസുകളും ദുര്‍ബലമായതാണ്, അവയിൽ ചിലതാകട്ടെ വ്യാജനിര്‍മ്മിതവുമാണ്. (ഇബ്നുറജബ് കിതാബുൽ ലത്വാ ഇഫ്).

ഇമാം നവവി(റ): “റജബ്മാസം ആദ്യ വെള്ളിയാഴ്ച മഗ്‌രിബിന്‍റേയും ഇശാഇന്റെയും ഇടയിലായി റഗാഇബ് എന്ന പേരിൽ പന്ത്രണ്ട് റക്അത്ത് നമസ്കാരമുള്ളതായി പറയപ്പെടുന്നതും ശഅ്ബാൻ പതിനഞ്ചിനുള്ളതായി പറയപ്പെടുന്ന നൂറ് റക്അത്ത് നമസ്കാരവും ബിദ്അത്തും വര്‍ജ്ജിക്കേണ്ടതുമാണ്; ഖൂതുല്‍ ഖുലൂബ്, ഇഹിയാ ഉലൂമിദ്ദീൻ എന്നീ കിതാബുകളിലോ മറ്റു ചില ഹദീസുകളിലോ ഈ നമസ്കാരങ്ങളെ സംബന്ധിച്ച് പറയുന്നത് കണ്ട് ഒരാളും തന്നെ വഞ്ചിതരാകരുത് അതെല്ലാം ബാത്വിൽ ആണ് (തെളിവിന്ന് കൊള്ളാവുന്നതല്ല) (ഇമാം നവവി(റ) അല്‍മജ്മൂഅ് )

ഹിജ്റ 520ൽ നിര്യാതനായ ഇമാം ത്വര്‍ത്തൂശി(റ) പറയുന്നു. നമ്മുടെ ശൈഖുമാരിലോ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരിലോ പെട്ട ആരെങ്കിലും ശഅ്ബാൻ 15 ലേക്ക് തിരിഞ്ഞ് നോക്കുന്നതായി നാം കണ്ടിട്ടില്ല.മറ്റു മാസങ്ങളെക്കാൾ ശഅബാൻ 15ന് യാതൊരു പരിഗണനയും അവർ നല്‍കാറുണ്ടായിരുന്നില്ല.ശഅബാൻ 15ന് ലൈലത്തുൽ ഖദറിന്റെ പ്രതിഫലമാണെന്ന് സിയാദ് അൽനുമൈരി പറയുന്നതായി ഇബ്നു അബീമുലൈക്കയോട് പറയപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു. അയാൾ അങ്ങിനെ പറയുന്നത് ഞാൻ കേട്ടാൽ ,അപ്പോൾ എന്റെ കയ്യിൽ വടിയുണ്ടെങ്കിൽ ഞാനയാളെ അടിച്ചു ശരിപ്പെടുത്തുമായിരുന്നു.

മേല്‍പറയപ്പെട്ട പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്നും ഇങ്ങിനെ ഒരു ആചാരം നബി (സ)യുടെ ചര്യയിൽ നിന്നും അവര്‍ക്കാര്‍ക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല അവരുടെ അറിവിൽ പെട്ടിടത്തോളം അത് ബിദ്അത്തും വര്‍ജ്ജിക്കേണ്ടതുമാണെന്നും നാം കണ്ടുകഴിഞ്ഞു.

ശഅ്ബാൻ പതിനഞ്ചിനാണ് ഓരോരുത്തരുടേയും ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കുക എന്നും അത് കൊണ്ട് തന്നെ യഥാക്രമം മൂന്ന് യാസീനുകൾ ഭക്ഷണവിശാലതക്കും ആയുസ്സ് വര്‍ദ്ധനവിന്നും മരണപ്പെട്ടു പോയിട്ടുള്ളവരുടെ നന്മക്ക് വേണ്ടിയും പ്രസ്തുത ദിവസത്തിൽ പാരായണം ചെയ്യേണ്ടതായി പറയപ്പെടുന്നതും അടിസ്ഥാനരഹിതമാണ്.

എന്നാൽ ഭക്ഷണ വിശാലത ആഗ്രഹിക്കുന്നവരോട് കുടുംബ ബന്ധം ചേര്‍ക്കുവാനും (ഹദീസ് ബുഖാരി), ആയുസ്സിൽ വര്‍ദ്ധനവിന് പുണ്യകര്‍മ്മങ്ങൾ അധികരിപ്പിക്കുവാനും (അല്‍ബാനി സ്വ: തിര്‍മിദി: 2139 ) മാണ് നബി(സ) നിര്‍ദ്ദേശിച്ചി ട്ടുള്ളത്.

ഖൗല ഒരു അനാചാരത്തിന്റെ വേരറുത്തവൾ

മദീനയിലെ ഒരു പ്രഭാതം. നടപ്പാതകളിലൂടെ തിരക്കിട്ട് നടക്കുകയാണ് ഖലീഫ ഉമർ. കൂടെ സഹായി ജാറൂദ് അബ്ദിയും.. പെട്ടെന്നാണ് അല്‍പ്പം പ്രായമായ ഒരു സ്ത്രീ ഉമറിന്റെ മുന്നിൽ വന്നു നിന്ന് ഉമറിനെ തടഞ്ഞു നിര്‍ത്തിയത്.. ആ സ്ത്രീയെ കണ്ടതും ഉമർ വിനയാന്വിതനായി അവിടെ നിന്നു.. ഉമർ നിന്നതും ആ സ്ത്രീ ഉമറിനെ അധികാരഭാവത്തിൽ, ശാസനാസ്വരത്തിൽ ഉപദേശിക്കാൻ തുടങ്ങി..

“ഹേ ഉമർ, ഉക്കാളചന്തയിൽ ഗുസ്തി പിടിച്ചു നടന്നിരുന്ന കാലത്ത് നീ ഞങ്ങള്‍ക്ക് ഉമൈർ (കൊച്ചു ഉമർ) ആയിരുന്നു.. പിന്നീട് നീ ഞങ്ങള്‍ക്ക് ഉമർ ആയി. മക്കയുടെ വക്താവ് ആയി.. ഇപ്പോൾ വിശ്വാസികളുടെ എല്ലാം അമീർ (നേതാവ്) ആയിരിക്കുന്നു.. അതിനാൽ പ്രജകളുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടുക. ഓര്‍ത്തുകൊള്ളുക, അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുന്നവന്ന് ദൂരെ കിടക്കുന്ന മനുഷ്യനും അടുത്ത ബന്ധുവിനെപ്പോലെയാകുന്നു”

എന്നിട്ട് അവർ തന്റെ കൂടെ ഉള്ള ഒരു സ്ത്രീയുടെ പരാതികൾ ഉമറിനോട് സംസാരിക്കാൻ തുടങ്ങി.. അത് കഴിഞ്ഞപ്പോൾ തന്റെ തന്നെ മറ്റുചില പരാതികളും രാജ്യത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ ഉമറിനെ നിര്‍ത്താതെ ഉപദേശിക്കാൻ തുടങ്ങി.. കിസ്രയും ഹിര്‍ക്കലും വരെ പേടിയോടെ മാത്രം കാണുന്ന ഉമർ ആ സ്ത്രീക്ക് മുന്നിൽ ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ വിനയാന്വിതനായി എല്ലാം തലകുലുക്കി കേള്‍ക്കുന്നു.. സമയം കടന്നു പോവുകയാണ്.. കൂടെ ഉള്ള ജാറൂദിന് ക്ഷമ നശിച്ചു തുടങ്ങി.. ആരാണ് ഈ വൃദ്ധ, ഉമറിനെ ഇത്ര അധികാരത്തോടെ ഉപദേശിക്കാൻ മാത്രം? ഇസ്ലാമികരാഷ്ട്രത്തിലെ ഗജകില്ലാഡികൾ വരെ, എന്തിനു സാക്ഷാൽ ഖാലിദ് ബിൻ വലീദ് പോലും ഉമറിന്റെ മുന്നിൽ ഇങ്ങനെ നില്‍ക്കില്ലല്ലോ..? സഹികെട്ട ജാറൂദ് ആ സ്ത്രീയോട് തട്ടിക്കയറി..

“ഹേ സ്ത്രീ.. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത് എന്നറിയുമോ? നിങ്ങൾ അമീറുൽ മുഅമിനീന്റെ (വിശ്വാസികളുടെ നേതാവ്) സമയം മെനക്കെടുത്തുകയാണല്ലോ? അദ്ദേഹം ഒരു അത്യാവശ്യകാര്യത്തിനു പോവുകയാണ് എന്നറിയില്ലേ?”

അത് വരെ നിശബ്ദനായി നിന്ന ഉമറിന്റെ ശബ്ദം പൊങ്ങി.. അതെ, ഉമർ വീണ്ടും ഉമറായി..!

“നാവടക്കൂ ജാറൂദ്.. നിനക്ക് ഇതാരാണെന്നറിയില്ല.. ഇത് ഖൗലയാണ്…!!

ഖൗല.. ആ പേര് ജാറൂദിന് അത്ര പരിചിതം ആയിരിക്കില്ല.. അതൊരു ഫ്ലാഷ്ബാക്ക് ആണ്..

പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്ന് ഖൗല യുവതിയാണ്.. ളിഹാർ എന്ന അറബികളുടെ അങ്ങേയറ്റം നികൃഷ്ടമായ ഒരു അനാചാരത്തിന്റെ ബലിയാടാവേണ്ടി വന്നവൾ.. ഭാര്യയോടു ദേഷ്യപ്പെടുമ്പോൾ അക്കാലത്തെ ഭര്‍ത്താക്കന്മാർ ചെയ്യുന്ന ഒരു ആചാരം. ളിഹാർ ചെയ്യുക.. അതോടെ ഭാര്യയുമായുള്ള കിടത്തവും വേഴ്ചയിലേര്‍പ്പെടുന്നതും അയാൾ അവസാനിപ്പിക്കും. എന്നാൽ ഭാര്യക്ക് അയാളെ വിട്ടു പോകാനും പറ്റില്ല.. ഭാര്യയെ ഒഴിവാക്കുകയും വേണം എന്നാൽ അവളുടെ സ്വത്തുക്കൾ ലഭിക്കുകയും വേണം എന്ന് ചിന്തിക്കുന്ന കുബുദ്ധികൾ നല്ലവണ്ണം ഈ അനാചാരം ഉപയോഗിച്ചിരുന്നു.. എത്രയെത്ര അറബി സ്ത്രീകളെയാണ് ഈ അനാചാരം കണ്ണീരു കുടിപ്പിച്ചത്..?

പക്ഷെ ഖൗല അങ്ങനെയൊരു സാധാരണ സ്ത്രീയല്ലല്ലോ.. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചു.. ഫലം ഇല്ലെന്നു കണ്ടപ്പോൾ അവർ നബിയുടെ മുന്നിൽ എത്തി.. ഈ അനാചാരത്തിനെതിരെ ശബ്ദിക്കാൻ, അത് നിരോധിക്കാൻ അവർ നബിയോട് ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു.. ദേഷ്യവും കോപവും സഹിക്കാൻ കഴിയാതെ ആ സ്ത്രീ തന്റെ ആ നേതാവിനോട് തന്റെ ആവലാതികൾ ആവര്‍ത്തിച്ചു പറഞ്ഞു തര്‍ക്കിച്ചു.. നബിയുടെ ശബ്ദത്തിനു മേലെയെങ്ങാനും സഹാബികളിൽ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നാൽ അപ്പോൾ അല്ലാഹു അതിനെ ശാസിച്ചു കൊണ്ട് വചനങ്ങൾ ഇറക്കുമായിരുന്നു.. പക്ഷെ ഖൗലയുടെ കാര്യത്തിൽ അത് സംഭവിച്ചില്ല.. മറിച്ചു ഓണ്‍ ദി സ്പോട്ടിൽ ആ സ്ത്രീയേ പിന്തുണച്ചു കൊണ്ട് എഴാനാകാശത്ത് നിന്നും വചനങ്ങൾ ഇറങ്ങി..

“തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകൾ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. നിങ്ങളിൽ ചിലർ ഭാര്യമാരെ ളിഹാർ ചെയ്യുന്നു. എന്നാൽ ആ ഭാര്യമാർ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവർ മാത്രമാണ് അവരുടെ മാതാക്കൾ. അതിനാൽ നീചവും വ്യാജവുമായ വാക്കുകളാണ് അവർ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.” (ഖുര്‍ആൻ 58:1,2)

ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നിരാലംബയായ സ്ത്രീക്ക് എഴാനാകാശത്ത് നിന്നും ദൈവത്തിന്റെ ഐക്യദാര്‍ഢ്യം.. സ്ത്രീയുടെ വേദനകള്‍ക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം…

ഖൗല, ഒരു അനാചാരത്തിന്റെ വേര് അറുത്തവൾ. അനേകം സ്ത്രീകളുടെ കണ്ണീരിനു വേണ്ടി ശബ്ദിച്ചവൾ.. അവളാണ് ഉമറിന്റെ മുന്നിൽ നില്‍ക്കുന്നത്. നബിയോട് വരെ ഉച്ചത്തിൽ സംസാരിക്കാൻ ധൈര്യപ്പെട്ടവൾ ആണവൾ.. അന്ന് ദൈവം തന്റെ വചനങ്ങളാൽ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ആദരിച്ച ആ സ്ത്രീക്ക് മുന്നിൽ ഉമർ പിന്നെ വിനയാന്വിതൻ ആയി നില്‍ക്കാതിരിക്കുമോ?
“ഇത് ഖൗലയാണ്.. തന്റെ പരാതികൾ ഏഴാകാശങ്ങളിൽ കേള്‍ക്കപ്പെട്ട വനിതയാണവർ. അതിനാൽ അല്ലാഹുവാണെ, ഇന്ന് രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും അവര്‍ക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞുകഴിയും വരെ ഞാൻ ഇവിടെ നില്‍ക്കും. നമസ്കാര സമയങ്ങളിൽ മാത്രമേ അവരോട് വിടുതൽ ചോദിക്കുകയുള്ളൂ..”
ഉമർ ഖൗലക്ക് നേരെ തിരിഞ്ഞു.. “അല്ലയോ സഹോദരീ, പറഞ്ഞാലും.. ഉമർ ഇതാ കേള്‍ക്കാൻ തയ്യാറാണ്..”
വിനയാന്വിതനായി തന്റെ മുന്നിൽ നില്‍ക്കുന്ന ഖലീഫയെയും അന്തം വിട്ടു നില്‍ക്കുന്ന ജാറൂദിനെയും മാറി മാറി നോക്കിയ ശേഷം ഖൗലയുടെ മുഖത്ത് അപ്പോൾ വിരിഞ്ഞ പുഞ്ചിരി ഇസ്ലാമികചരിത്രത്തിലെതന്നെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു..
ഇസ്ലാം സ്ത്രീവിരുദ്ധം ആണെന്നും സ്ത്രീകളുടെ വിഷമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മതം ആണെന്നും പറയുന്ന വിമര്‍ശകര്‍ക്ക് മുന്നിൽ മേല്‍പറഞ്ഞ ഖുര്‍ആൻ വചനങ്ങൾ ഇന്നും പുഞ്ചിരി തൂകി നില്‍ക്കുന്നു..

ആ വിമര്‍ശകര്‍ക്ക് ഖൗലയെ അറിയില്ല, മറിയമിനെ അറിയില്ല, ആസിയയെ അറിയില്ല, ഹാജറയെയും ഖദീജയെയും അറിയില്ല, ഫാത്വിമയെയും ആയിഷയെയും അറിയില്ല, ഉമ്മു അമ്മാറയെയും സുമയ്യയെയും അറിയില്ല….. അവര്‍ക്ക് അറിയാവുന്നത് ചില ‘മലാല’മാരെ മാത്രമാണ്..

ഇസ്ലാമിക വിശ്വാസം

ഇസ്ലാമിക വിശ്വാസം أصول العقيدة

തൗഹീദ് (ഏകദൈവ വിശ്വാസം) അല്ലാഹുവിനുമാത്രം നിർബന്ധവും, അനിവാര്യവുമായിട്ടുള്ള  ആരാധനാ കർമ്മങ്ങളിൽ അവനെ ഏകനാക്കുക എന്നതാണ്  തൗഹീദ്.

അല്ലാഹു പറയുന്നു.

“എന്നെമാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ, ജിന്നിനെയും,മനുഷ്യനെയും ഞാൻ സൃഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത്-56)

“നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, അവനോട് യാതൊന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക.” (അന്നിസാഅ്-36)

തൗഹീദ് മൂന്നു ഇനങ്ങളുണ്ട്.

  • രക്ഷാകർതൃത്വത്തിലുള്ള ഏകത്വം,
  • ദിവ്യത്വത്തിലുള്ള ഏകത്വം,
  • നാമവിശേഷണങ്ങളിലുള്ള ഏകത്വം.

1-രക്ഷാകർതൃത്വത്തിലുള്ള എകത്വം

ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ്, നിയന്ത്രണം, ഇവയിൽ അല്ലാഹുവിനെ ഏകനാക്കലാണ് ഇത്. അവൻ മാത്രമാകുന്നു  ആകാശ ഭൂമികളുടെ പൂർണ്ണ  ആധിപത്യമുള്ള അന്നദാതാവും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. 

“അല്ലാഹു പറയുന്നു ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനംനൽകാൻ  അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല.” (ഫാത്വിർ-3)

“ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ, അവൻ അനുഗ്രഹപൂർണ്ണനായിരിക്കുന്നു. .അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (മുൽക്-1).

അവൻറ ആധിപത്യം ഈ പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നതും, അവൻ ഉദ്ദേശിക്കുന്നതു പോലെ അവൻ കൈകാര്യം ചെയ്യുന്നതുമാകുന്നു. നിയന്ത്രണത്തിലുള്ള അവൻറ ഏകത്വം എന്നാൽ അതിലൊന്നും അവന്ന് യാതൊരു പങ്കുകാരുമില്ലാതെ അവൻ എല്ലാം നിയന്ത്രി ക്കുന്നു എന്നതാണ്.

“അല്ലാഹു പറയുന്നു;അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവന്നു തന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു.”
(അഅ്റാഫ്-54).

മുഴുവൻ സൃഷ്ടികളെയും അവൻ മാത്രം നിയന്ത്രിക്കുന്നു. തൗഹീദിന്റെ ഈ വശത്തെ ഒരു മനുഷ്യരും നിഷേധിച്ചിട്ടില്ല. നിഷേധിക്കുന്നവർ എന്നു പറയുന്ന ന്യൂനാൽ ന്യൂനപക്ഷം തന്നെ ബാഹ്യമായി 
അവരത് നിഷേധിക്കുന്നുണ്ടെങ്കിലും 

മനസ്സിന്റെ അടിത്തട്ടിൽ അവരും  ആന്തരികമായി  ഇതംഗീകരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു.

( ١٤:نمل ){ وجحدوا بها واستيقنتها انفسهم }

“അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യംവന്നിട്ടും അവരതിനെ നിഷേധിച്ചു കളഞ്ഞു. (വി.ഖു.27:14)

2-ദിവ്യത്വത്തിലുള്ള ഏകത്വം.

എല്ലാ ആരാധനയിലും അല്ലാഹുവെ ഏകനാക്കലാണ് ഇത്.

മനുഷ്യൻ അല്ലാഹുവിൻറെ കൂടെ ആരാധനയിലോ, സാമീപ്യം തേടുന്നതിലോ  യാതൊന്നിനെയും സ്വീകരിക്കരുത്. തൗഹീദിന്റെ ഈ വശമാണ് മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം. അല്ലാഹു പറയുന്നു;

     (٥٦: الذاريات  )  {وماخلقت الجن والانس الا ليعبدون}

“എന്നെമാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ, ജിന്നിനെയും മനുഷ്യനെയും ഞാൻ സ്യഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത് -56)

ഇതിനു വേണ്ടിയാണ് പ്രവാചകരെ അല്ലാഹു നിയോഗിച്ചതും വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും. അല്ലാഹു പറയുന്നു.

{  وما ارسلنا من قبلك من رسول الا نوحي اليه انه لا اله الا انا فاعبدون}                                        (٢٥:الانبياء)

 

“ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ 
എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (വി.ഖു. 21:25)

പ്രവാചകർ അവരുടെ ജനങ്ങളെ ക്ഷണിച്ചപ്പോൾ ബഹുദൈവ വിശ്വാസികളായ ജനത നിരാകരിച്ചതും ഈ തൗഹീദ് തന്നെയായിരുന്നു.

قَالُوا أَجِئْتَنَا لِنَعْبُدَ اللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا فَأْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الصَّادِقِينَ [٧٠]

 

“അവർ പറഞ്ഞു. ഞങ്ങൾ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കൾ ആരാധിച്ചിരുന്നതിനെ ഞങ്ങൾ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്തു വന്നിരിക്കുന്നത്? (വി.ഖു. 7:70)

അതുകൊണ്ട് മനുഷ്യൻ തന്റെ ആരാധനകളൊന്നും തന്നെ അല്ലാഹു അല്ലാത്തവർക്ക് ചെയ്യരുത്. അവർ ദൈവ സാമീപ്യം സിദ്ധിച്ച മലക്ക്, പ്രവാചകൻ, സദ്‌വൃദ്ധനായ വലിയ്യ്  പോലെയുള്ള സൃഷ്ടികൾ ആരുതന്നെ ആയിരുന്നാലും പാടില്ല. കാരണം, ആരാധനക്ക് അല്ലാഹുവിനു മാത്രമേ അർഹതയുള്ളൂ.

3-നാമവിശേഷണങ്ങളിലുള്ള ഏകത്വം

അല്ലാഹുവോ അവന്റെ  പ്രവാചകാനോ അല്ലാഹുവിനെ എന്തു പേർ വിളിച്ചുവോ, എന്തു വിശേഷിപ്പിച്ചുവോ അത് വാഖ്യാനങ്ങളോ, നിരാകരണമോ, രൂപസങ്കൽപമോ, സദൃശ്യപ്പെടുത്തലോ കൂടാതെ അവയെല്ലാം യാഥാർത്ഥ്യമാണെന്ന നിലക്ക് അല്ലാഹുവിന്റെ മഹത്വത്തിന്
അനുയോജ്യമാം വിധം വിശ്വസിക്കലാണ് തൗഹീദിന്റെ ഈ വശം.

ഉദാ:

1-അല്ലാഹുവിന്ന് അൽഹയ്യു , അൽഖയ്യും (എന്നെന്നും ജീവിച്ചിരിക്കുന്നവൻ, എല്ലാം നിയന്ത്രിക്കുന്നവൻ  തുടങ്ങിയ പേരുകളുണ്ട്. അൽഹയ്യ്  എന്നത്  അല്ലാഹുവിന്റെ ഒരു പേരാണെന്ന് നാം വിശ്വസിക്കണം. മുമ്പ് ഇല്ലായ്മയോ, ഇനിയൊരു നാശത്തിനോ  വിധേയമാകാത്തവിധം
എന്നെന്നുമുള്ള ജീവിതം എന്നതിൽ നിന്നും ഉൽഭൂതമാകുന്ന ഒരു പേരാണെന്ന് വിശ്വസിക്കൽ നിർബന്ധമാണ്. അസ്സമിഅ്  (എല്ലാം കേൾക്കുന്നവൻ) എന്നൊരുപേരും അല്ലാഹുവിനുണ്ട്. അതും അല്ലാഹുവിന്റെ പേരാണെന്ന് നാം വിശ്വസിക്കണം,

കേൾവി എന്നുള്ളത് അല്ലാഹുവിൻറ വിശേഷണമാണെന്നും വിശ്വസിക്കണം. കാരണം, അവൻ കേൾക്കുന്നുണ്ട്.

അല്ലാഹു പറയുന്നു:

“അല്ലാഹുവിന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്മാർ പറഞ്ഞു.അവരുടെ കൈകൾ ബന്ധിതമാകട്ടെ- അവർ ആ പറഞ്ഞ വാക്കുകാരണം അവർ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവൻറ ഇരുകൈകളും നിവർത്തപ്പെട്ടവയാകൂന്നു. അവൻ എങ്ങനെ ഉദ്ദേശിക്കുന്നുവോ, അങ്ങനെ ചെലവഴിക്കുന്നു.” (മാഇദ.64)

വളരെ വിശാലമായി കൊടുക്കുന്ന, നിവർത്തപ്പെട്ടവ എന്ന വിശേഷണത്തോടു കൂടിയ രണ്ടു കൈകൾ അല്ലാഹുവിനുണ്ടെന്ന് അവൻ തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ അനുഗ്രഹങ്ങളാലും, ദാനങ്ങളാലും നിവർത്തപ്പെട്ട രണ്ടു കൈകൾ അല്ലാഹുവിനുണ്ടെന്ന് നാം വിശ്വസിക്കൽ നിർബന്ധമത്രെ. പക്ഷെ നമ്മുടെ മനസ്സിന്റെ ഭാവനയിലോ, വാക്കുകൾ കൊണ്ടോ ആ കൈകൾക്ക് സൃഷ്ടികളുടെ കൈകളുമായി സദൃശമാക്കലോ, രൂപസാദൃശ്യം സങ്കൽപിക്കുവാനോ പാടില്ല. കാരണം

അല്ലാഹു തന്നെ പറയുന്നു. “അവനുതുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനും ആകുന്നു” (അശ്ശൂറാ-11)

തൗഹീദിന്റെ ഈ വിഭാഗത്തിെന്റെ  രത്‌നച്ചുരുക്കം; അല്ലാഹുവോ അവന്‍റെ പ്രവാചകനോ സ്ഥിരപ്പെടുത്തിയത് നാം യാഥാർത്ഥ്യമായി സ്ഥിരപ്പെടുത്തുക. അതിൽ വ്യാഖ്യാനങ്ങളോ, നിരാകരണമോ, രൂപ സങ്കൽപമോ, സദൃശ്യപ്പെടുത്തലോ പാടില്ല.

ലാഇലാഹ ഇല്ലല്ലാഹ്, ആശയം

ലാഇലാഹ ഇല്ലല്ലാഹ് ആണ് മതത്തിന്റെ അടിത്തറ. ഇസ്‍ലാം മതത്തിൽ അതിന് മഹത്തായ സ്ഥാനമാണുള്ളത്. ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ  ഒന്നാമത്തെ സ്തംഭവും, വിശ്വാസത്തി (ഈമാനി) ന്റെ  പരമോന്നത
ശ്രേണിയുമാണത്. മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളുടെയും സ്വീകാര്യത, ഈവാക്കു പറയുന്നതിലും അതനുസരിച്ചുള്ള പ്രവർത്തനങ്ങളിലുമാണ് നിലനിൽക്കുന്നത്. യാതൊരു ആശയ വ്യതിയാനവും കൂടാതെ മനസ്സിലാക്കിയിരിക്കേണ്ട
അതിന്റെ  ശരിയായ അർത്ഥം; യഥാർത്ഥ ആരാധനക്കർഹമായി  ഒന്നും  തന്നെയില്ല. അല്ലാഹു ഒഴികെ  എന്നതാകുന്നു. സ്രഷ്ടാവായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, പുതിയ വസ്തുക്കൾ ഉണ്ടാക്കാൻ കഴിയുന്നവൻ അല്ലാഹു അല്ലാതെ മറ്റാരുമില്ല. ആസ്തിക്യമുള്ളവൻ അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്നിവയൊന്നും ഇതിൻറെ പൂർണ്ണ അർത്ഥങ്ങളല്ല.

ഈ വാക്യത്തിന് രണ്ട് മുഖ്യഘടകങ്ങളുണ്ട്.

1-നിഷേധം: (لا ا له.  ) 

എന്ന നമ്മുടെ വാക്കിലുള്ള ” യാതൊരു ആരാധ്യനുമില്ല” എന്ന
നിഷേധമാണത്. എല്ലാ വസ്തുക്കളുടെയും ആരാധ്യതയെ നിഷേധിക്കുന്നു എന്നർത്ഥം.

2- സ്ഥിരീകരണം: الا   الله  -അല്ലാഹു ഒഴികെ എന്ന വാക്കിലൂടെയാണത്.
ആരാധ്യത അല്ലാഹുവിന് മാത്രം, അവന്ന് യാതൊരു പങ്കുകാരുമില്ലെന്ന് സ്ഥിരീകരിക്കലാണത്. അല്ലാഹുവിനെയല്ലാതെ ആരാധിക്കുവാൻ പാടില്ല. ആരാധനയുടെ ഏതൊരു രൂപവും അല്ലാഹുവല്ലാത്തവർക്ക് അർപ്പിക്കുവാൻ പാടില്ല. എല്ലാ പങ്കാളികളെയും നിഷേധിച്ചുകൊണ്ട്, അല്ലാഹുവിന്റെ  ഏകത്വത്തെ സ്ഥിരീകരിച്ചു കൊണ്ടുള്ള ആശയം മനസ്സിലാക്കി ഒരാൾ ഈ വാക്ക് ഉച്ചരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും ചെയ്താൽ അയാൾ ഒരു യഥാർത്ഥ മുസ്‍ലിമായി. വിശ്വാസമില്ലാതെ പ്രവർത്തനങ്ങൾ മാത്രം ചെയ്താൽ അവൻ കപടവിശ്വാസിയായിത്തീരും. അതിനു വിപരീതമായി ബഹുദൈവ വിശ്വാസങ്ങൾ വച്ചു പുലർത്തുന്നവൻ-നാവുകൊണ്ട് ഈ വാക്യം  ഉച്ചരിച്ചാലും ശരി  ബഹുദൈവ വിശ്വാസിയും, സത്യനിഷേധിയും ആയിത്തീരും.

ലാഇലാഹ ഇല്ലല്ലാഹ്; മഹത്വം:

ഈ വാക്യത്തിന് വലിയ മഹത്വങ്ങളും ആശയങ്ങളുമുണ്ട്. അവയിൽ
പെട്ടതാണ്

1-നരകത്തിൽ പ്രവേശിപ്പിക്കപ്പെട്ടവന് അതിലെ സ്ഥിരതാമസം തടയപ്പെടും. നബി (സ) പറഞ്ഞു. ഹൃദയത്തിൽ ഒരുഗോതമ്പു മണിയോളം നന്മയുണ്ടായിരിക്കെ ഒരാൾ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞിട്ടുണ്ടെങ്കിൽ അവൻ നരകത്തിൽ നിന്നും പുറത്താക്കപ്പെടും.
മനസ്സിൽ ഒരു അണുമണിയാളം നന്മയുള്ളവൻ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞിട്ടുണ്ടെങ്കിൽ അവൻ
നരകത്തിൽ നിന്നും പുറത്തു കടത്തപ്പെടും (ബുഖാരി- മുസ് ലിം)

2-മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ ഈ വാക്യത്തിന്‍റെ

ആശയമാണ്. അല്ലാഹു പറയുന്നു.

   ( ٥٦: الذاريات   ){ وما خلقت الجن والانس الا ليعبدون}

“എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ജിന്നിനെയും മനുഷ്യനെയും ഞാൻ സൃഷ്ടിച്ചിട്ടില്ല.” (ദാരിയാത് 56)

3-അതിന്നു വേണ്ടിയാണ് പ്രവാചകന്മാർ നിയോഗിതരായതും, വേദഗ്രന്ഥങ്ങൾ ഇറക്കപ്പെട്ടതും. അല്ലാഹു പറയുന്നു

{ وما ارسلنا من قبلك من رسول الا نوحي اليه انه لا اله الا انا فاعبدون} (  ٢٥:الانبيااء )

 

“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരുദൂതനെയും നാം അയച്ചിട്ടില്ല.” (21-25)

4-മുഴുവൻ പ്രവാചകരുടെയും പ്രബോധനത്തിൻറെ സമാരംഭം

അതായിരുന്നു. എല്ലാ പ്രവാചകരും അവരുടെ ജനങ്ങളോട്

പറഞ്ഞത്;

           (٧٣:الا عراف  .  ){ يا قوم اعبدوا الله مالكم من اله غيره}

“എന്റെ  ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ, അവനല്ലാതെ നിങ്ങൾക്ക് യാതൊരു
ദൈവവുമില്ല.”(അഅ്റാഫ്: 73) എന്നതായിരുന്നു.

5-ദൈവസ്മരണയുടെ വാക്കുകളിൽ (ദിക്റുകളിൽ) ഏറ്റവും മഹത്തരമായ വാക്യവും അതുതന്നെ. നബി( സ) പറഞ്ഞു. ഞാനും, എനിക്കു മുമ്പുള്ള പ്രവാചകരും പറഞ്ഞതിൽ ഏറ്റവും ശ്രേഷ്ഠമായ വചനം “ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റൊന്നുമില്ല. അവന്ന് യാതൊരു പങ്കാളിയുമില്ല” എന്നതാകുന്നു

(മുവത്വഅ്- മാലിക്)

ലാഇലാഹ  ഇല്ലല്ലാഹ്;  നിബന്ധനകൾ

ഈ വാക്യം ഉച്ചരിക്കുന്നവൻ താഴെ പറയുന്ന ഏഴു ശർതുകൾ

പാലിച്ചെങ്കിൽ മാത്രമേ അത് പൂർണ്ണാർത്ഥത്തിൽ ആകുകയുള്ളൂ.

1-അറിവ്; ( العلم)

നിഷേധ -സ്ഥിരീകരണങ്ങളോടു കൂടി അതു മനസ്സിലാക്കിയിരിക്കണം.
അതിന്റെ തുടർ പ്രവർത്തനങ്ങളും അറിഞ്ഞിരിക്കണം.
ഒരാൾ അല്ലാഹു മാത്രമേ ആരാധനക്ക് അർഹനായുള്ളു എന്നും
അവനല്ലാത്തവർക്കുള്ള ആരാധനകളെല്ലാം നിഷ്ഫലമാണെന്നും
മനസ്സിലാക്കുന്നു. ആ അറിവനുസരിച്ച് അവൻ പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ അവൻ ഈ വാക്യത്തിന്റെ ആശയം മനസ്സിലാക്കിയവനായിത്തീരും. അല്ലാഹു
പറയുന്നു.

(  ١٩: محمد ){ فاعلم   ان  الله لا اله الا الله}

“ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക” (47:19)

നബി (സ) പറഞ്ഞു. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ ആരുമില്ലെന്ന്  മനസ്സിലാക്കിക്കൊണ്ട് ഒരാൾ മരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (മുസ് ലിം)

2-ദൃഢത:.(  اليقين)

മാനസികമായ സംതൃപ്തിയോടും, നിശ്ചയ ദാർഢ്യത്തോടും കൂടി അത് ഉച്ചരിക്കുക. ജിന്നുകളിലും , മനുഷ്യരിലും ഉള്ള യാതൊരു  പൈശാചിക ശക്തിക്കും ഒരു സംശയത്തിന്റെ കണികയിലുടെയും കടന്നുവരാൻ പറ്റാത്ത രൂപത്തിൽ മനസ്സിലാക്കി ഉറച്ചു വിശ്വസിക്കണം. അല്ലാഹു പറയുന്നു:

(   ١٥الحجرات ؛ )    { اننا المؤمنون الدين ءامنو ابا لله ورسوله  ثم لم يرتابوا }

“അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും, പിന്നീട് സംശയിക്കാതിരിക്കുകയും ചെയ്തവരാരോ, അവർ മാത്രമാകുന്നു സത്യവിശ്വാസികൾ (ഹുജറാത്-15.)

ആരാധനക്കു അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും,

ഞാൻ (മുഹമ്മദ് നബി) അല്ലാഹുവിന്റെ ദൂതനാണെന്നും സംശയലേശമന്യേ
സാക്ഷ്യം വഹിച്ചുകൊണ്ട്, ഒരു ദാസൻ അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ
പ്രവേശിക്കാതിരിക്കില്ലെന്ന് നബി (സ)പറഞ്ഞിരിക്കുന്നു.

3-സ്വീകാര്യത :(القبول)

ഈ വാക്യം കൊണ്ട് ഉദ്ദേശിക്കപ്പെട്ട എല്ലാ കാര്യങ്ങളും
മനസ്സാവാചാ സ്വീകരിച്ചിരിക്കണം. എല്ലാ ദൈവിക വചനങ്ങളും മുഹമ്മദു നബി (സ) കൊണ്ടുവന്ന എല്ലാ കാര്യങ്ങളും ഒന്നൊഴിയാതെ
സത്യമായംഗീകരിച്ചിരിക്കണം.

അല്ലാഹു പറയുന്നു :

آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ [٢٨٥]

“തന്റെ രക്ഷിതാവിങ്കൽ നിന്നും തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും, അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻറെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല എന്നതാണ് അവരുടെ നിലപാട് അവർ പറയുകയും ചെയ്തു, ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കണമേ, നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.” (അൽബഖറ-285.)

ഇസ്‍ലാമിലെ മതനിയമങ്ങളിൽ ഏതെങ്കിലും ഒന്നിനെ നിഷേധിച്ചാൽ അത് ഈ വാക്യത്തെ തിരസ്കരിക്കലാകും. ഇസ്‍ലാമിലെ അനന്തരാവകാശ നിയമങ്ങൾ, ബഹുഭാര്യത്വ നിയമം, വ്യഭിചാരം,കളവ് ഇവക്കുള്ള ശിക്ഷാനിയമങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് നിഷേധിക്കുന്നതു പോലെത്തന്നെ. അല്ലാഹു പറയുന്നു:

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا [٣٦]

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ സത്യ വിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്  സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.” (അൽഅഹ്സാബ്-36)

4-കീഴ്പെടൽ.: الاىقياد  )

ഈ വാക്യം സൂചിപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കും കീഴ്പെട്ടിരിക്കണം. സ്വീകാര്യത വാക്കുകളിലൂടെ ആണെങ്കിൽ, കീഴ്പെടൽ പ്രവർത്തനത്തിലൂടെ ആയിരിക്കും. ഈ വാക്യത്തിന്റെ ആശയം പൂർണ്ണമായി മനസ്സിലാക്കി, അതു സ്വീകരിച്ചയാൾ അതനുസരിച്ചു പ്രവർത്തിക്കുന്നില്ലെങ്കിൽ അതവന്ന് യാതൊരു ഫലവും ചെയ്യില്ല.

അല്ലാഹു പറയുന്നു;

                      (  ٥٤:الزمر   ) {وانيبو  الى ربكم واسلمو  له  }

“നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ  മടങ്ങുകയും, അവന്ന് കീഴ്പെടുകയും ചെയ്യുവീൻ.” (സുമർ 54).

انفسهم  فلا  وربك لايؤمنون   حتى يحكموك  فيماشجربينهم ثم لايجدو فى حرجا مما قضيت ويسلمو تسليما                                                                                         (٦٥:النساء  )

“ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം, അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അതു പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും
ചെയ്യുന്നതു വരെ അവർ വിശ്വാസികളാവുകയില്ല.” (4-65)

5-സത്യസന്ധത :الصدق)

ഈ വാക്യത്തിലുള്ള തന്റെ വിശ്വാസത്തിൽ സത്യവാനായിരിക്കണം.
അല്ലാഹു പറയുന്നു.

    (٩:التوبة )   { يأ بها الذين عامنوا اتقو ا اللهوكونوا معاصدقين}

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്മാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക.” (9)

നബി (സ)പറഞ്ഞു. ആരെങ്കിലും തന്റെ മനസ്സിൽ സത്യസന്ധമായി “ലാഇലാഹ ഇല്ലല്ലാഹ്” പറഞ്ഞാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും (അഹ്മദ്)

നാവുകൊണ്ട് ഉച്ചരിച്ച് മനസ്സു കൊണ്ട് തിരസ്കരിച്ചാൽ അതവനെ രക്ഷപ്പെടുത്തുകയില്ലെന്ന് മാത്രമല്ല. അവൻ കപടവിശ്വാസി
(മൂനാഫിഖു) കളുടെ ഗണത്തിൽ പെടുകയും ചെയും. നബിയുടെ ചര്യയെ പൂർണ്ണമായോ, ഭാഗികമായോ കളവാക്കൽ ഈ വാക്യത്തിലുള്ള സത്യസന്ധതയുടെ വിപരീതമായിത്തീരും. കാരണം പ്രവാചകനെ അനുസരിക്കാൻ അല്ലാഹു നമ്മോട് കൽപിച്ചിരിക്കുന്നു. മാത്രമല്ല അല്ലാഹുവിനെ അനുസരിക്കാനുള്ള കൽപനയോട് ചേർത്താണ് പറഞ്ഞിട്ടുള്ളതും. അല്ലാഹു പറയുന്നു;

“പറയുക, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക, പ്രവാചകനെയും അനുസരിക്കുക.” (അന്നൂർ-54.)

6-നിഷ്കളങ്കത ; ( الااخلاص)

വിശ്വാസത്തിന്റെ ചാഞ്ചല്യങ്ങൾ പോലുമേൽകാത്ത, സദ് വിചാരത്തോടെയുള്ള പ്രവർത്തന പരിശുദ്ധിയാണ് ഇതുകൊണ്ടുള്ള വിവക്ഷ. ഈവാക്യം പറയുന്നവന്റെ എല്ലാ വാക്കും പ്രവർത്തിയും ദൈവപ്രീതിക്കു വേണ്ടിയായിരിക്കണം. അതിൽ നാട്യത്തിനോ, പ്രശസ്തിക്കോ, അതിക നേട്ടത്തിനോ, വ്യക്തി താൽപര്യങ്ങൾക്കോ, രഹസ്യമോ പരസ്യമോ ആയ വികാരങ്ങൾക്കോ, ഏതെങ്കിലും വ്യക്തിയോടോ, ആദർശത്തോടോ, ദൈവികമല്ലാത്ത തത്വ സംഹിതയോടോ ഉള്ള അനുരാഗാത്മക ഭ്രമത്തിനോ സ്ഥാനമില്ല. ദൈവപ്രീതിയും പരലോക മോക്ഷവും മാത്രമേ ലക്ഷ്യമായിട്ടുള്ളൂ. സൃഷ്ടാവിന്‍റെ തൃപ്തിയല്ലാതെ സ്യഷ്ടികളിൽ നിന്നും ഒരു പ്രതിഫലമോ, നന്ദിവാക്കോ  അതിൽ
പ്രതിക്ഷിക്കുന്നില്ല. അല്ലാഹു പറയുന്നു

“അറിയുക, അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ് വണക്കം.” (സുമർ-3.)

“കീഴ് വണക്കം  അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട്, ഋജുമനസ്കരായ നിലയിൽ അവനെ ആരാധിക്കുവാനല്ലാതെ അവർ കൽപിക്കപ്പെട്ടിട്ടില്ല.” (ബയ്യിന-5.)

നബി (സ) പറഞ്ഞു. അല്ലാഹുവിൻറെ പ്രീതിമോഹിച്ചുകൊണ്ട് ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞവന് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു (ബുഖാരി-മുസ്ലിം ).

7-സ്നേഹം :(المحبة)

ഈ വാക്യത്തെയും, അതിന്റെ ആശയത്തെയും സ്നേഹിക്കണം. അല്ലാഹുവിനെയും അവൻറ റസൂലിനെയും മറ്റെല്ലാറ്റിനും
ഉപരിയായി ഇഷ്ടപ്പെടണം. ബഹുമാനാദരവും, ഭയ പ്രതീക്ഷാദികളോടെയും അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അല്ലാഹു ഇഷ്ടപ്പെട്ട
എല്ലാറ്റിനെയും സ്നേഹിക്കുകയും വേണം. മക്ക, മദീന, പള്ളികൾ, എന്നീ സ്ഥലങ്ങൾ, റമദാൻമാസം, ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തുദിവസങ്ങൾ എന്നീ കാലങ്ങൾ, ദൂതന്മാർ, പ്രവാചകന്മാർ, മലക്കുകൾ, സ്വഹാബികൾ, രക്തസാക്ഷികൾ, സദ് വൃദ്ധർ എന്നിവർ, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ പ്രവർത്തനങ്ങൾ, ഖുർആൻ പാരായണം, ദിക്റുകൾ എന്നീ വചനങ്ങൾ ഇവയൊക്കെയാണ് അല്ലാഹുവിന്ന് ഇഷ്ടപ്പെട്ടവ.

തന്റെ ദേഹേച്ചകളെക്കാൾ, അല്ലാഹുവിന്ന് ഇഷ്ടമുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകപ്പെടണം. അല്ലാഹുവിന്ന്
വെറുപ്പുള്ള കാര്യങ്ങളോട് വെറുപ്പ് പ്രകടിപ്പിക്കണം. സത്യനിഷേധത്തോടും, നിഷേധികളോടും, അധർമ്മത്തോടും വെറുപ്പുള്ളവനായിത്തീരണം.

അല്ലാഹു പറയുന്നു:

 يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ [٥٤]

 

“സത്യവിശ്വാസികളേ, നിങ്ങൾ ആരെങ്കിലും തന്റെ മതത്തിൽ നിന്നും പിന്തിരിഞ്ഞു കളയുന്നപക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവർ സത്യ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരത്തിലേർപ്പെടും. ഒരാക്ഷേപകന്റെ  ആക്ഷേപവും അവർഭയപ്പെടുകയില്ല. (മാഇദ-54).

മുഹമ്മദ് റസൂലുല്ലാഹി; ആശയം

മുഹമ്മദുനബി: അല്ലാഹുവിന്റെ ദാസനും, മുഴുവൻ ജനങ്ങൾക്കുമുള്ള പ്രവാചകനും ആണെന്ന് ആന്തരികവും ബാഹ്യവുമായി
അംഗീകരിക്കലാണ് അതിന്റെ ഉദ്ദേശ്യം. ആ വിശ്വാസമനുസരിച്ചു പ്രവർത്തിക്കുകയും വേണം. മതത്തിൽ നിയമമല്ലാത്ത ദൈവികാരാധന ഉപേക്ഷിക്കുക, അദ്ദേഹം കൽപിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തലും, അദ്ദേഹത്തെ അനുസരിക്കലും, അദ്ദേഹം വിരോധിച്ച കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കലും ഈ ആശയത്തിന്റെ വിശദാംശങ്ങളിൽ പെടുന്നതാണ്. മുഹമ്മദ് റസൂലുള്ളാഹി  (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു) എന്ന സാക്ഷ്യവാക്യത്തിന് രണ്ടുമുഖ്യഘടകങ്ങൾ ഉണ്ട്. അദ്ദേഹം അല്ലാഹുവിൻറെ ദാസനും, ദൂതനുമാണ് എന്നതാണ് ആ രണ്ടു ഘടകങ്ങൾ. നബിയെ  അനർഹമായി പുകഴ്ത്തലും, വ്യക്തി

പ്രശംസ നടത്തലും ഇതു തടയുന്നു. അദ്ദേഹം ഈ രണ്ടു ഘടകങ്ങൾ  കൊണ്ടു തന്നെ സൃഷ്ടികളിൽ പരിപൂർണ്ണത നേടിയവനാകുന്നു. അദ്ദേഹം അല്ലാഹുവിന്റെ അടിമയും, ആരാധകനുമാണ് എന്നാണതിന്റെ ആശയം. അദ്ദേഹം മറ്റു മനുഷ്യർ
സൃഷ്ടിക്കപ്പെട്ട ധാതുവിൽ നിന്നും സൃഷ്ടിക്കപ്പെട്ടവനും, മറ്റു മനുഷ്യർക്കു സംഭവിക്കുന്ന
എല്ലാകാര്യങ്ങളും സംഭവിക്കാവുന്ന ഒരു മനുഷ്യനുമാണെന്നു സാരം. അല്ലാഹു പറയുന്നു.

“(നബിയേ) പറയുക, ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു” (18-110.)

“തന്റെ  ദാസൻറമേൽ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന്നുയാതൊരു വക്രതയും വരുത്താതെ ചൊവ്വായ നിലയിൽ ആക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി.” (18-1.)

മുന്നറിയിപ്പുകാരനും, സന്തോഷവാർത്ത അറിയിക്കുന്നവനുമായി

അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ള പ്രബോധകനുമായി, മുഴുവൻ ജനങ്ങളിലേക്കുംനിയോഗിക്കപ്പെട്ടവൻ എന്നാണ് റസൂൽ എന്നപദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. (അദ്ദേഹം അല്ലാഹുവിൻറ ദാസനും, ദൂതനുമാണെന്നുള്ള) ഈ രണ്ടു വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന സാക്ഷ്യവാക്യം 
അദ്ദേഹത്തിന്റെ യഥാർത്ഥ പദവിയെ അംഗീകരിക്കുന്നു. ഒരുദാസൻ എന്ന നിലവിട്ട് ജനങ്ങൾ അദ്ദേഹത്തെ ആരാധ്യനായി സങ്കൽപിക്കുന്നതിൽ നിന്നും അത് തടയുന്നു. ഗുണം നൽകൽ, ദോഷത്തെ തടയൽ, കാര്യങ്ങൾ സാധിപ്പിക്കൽ പോലെയുള്ള, അല്ലാഹുവിനു മാത്രം കഴിയുന്ന, അവനോടു മാത്രം ചോദിക്കപ്പെടേണ്ടുന്ന കാര്യങ്ങൾ നബിയോട് ചോദിക്കാൻ പാടില്ലെന്നും ഈ വാക്ക് അർത്ഥമാക്കുന്നു. മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ ദൗത്യം തന്നെ നിഷേധിക്കുകയും, അദ്ദേഹത്തെ പിൻപറ്റുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തിരിക്കുന്നു. അതും ഈ ആശയത്തിന്നു വിപരീതമാണ്.

ഈമാൻ കാര്യങ്ങൾ

മനുഷ്യ പ്രവർത്തനങ്ങളുടെയും വാക്കുകളുടെയും സാധുതയും, സ്വീകാര്യതയും നിലകൊള്ളുന്നത് ശരിയായ വിശ്വാസത്തിന്മേലാണ്. വിശ്വാസം പിഴച്ചുപോയാൽ അതിലൂടെ ഉടലെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിഷ്ഫലമായിത്തീരുമെന്നാണ് ഖുർആനും സുന്നത്തും പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു.

{ ومن يكفر با لا  يمن  فقد حبط عمله وهو  فى الآخرة من الخسرين  }                                           (٥: المائدة   )

 

സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ  കർമ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്തിൽ അവൻ നഷ്ടം പറ്റിയവരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും. (മാഇദ:5)

ولقد اوحي إليك والى الذين من قبلك لءن اشركت ليحبطن عملك ولتكونن من الخسرين                                                                                             (٦٥:الزمر)

 

 “തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ. (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും.”  (സുമർ 65.)

ഇസ് ലാമിക   വിശ്വാസ സംഹിത, അല്ലാഹുവിലും അവന്റെ മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, പ്രവാചകരിലും അന്ത്യദിനത്തിലും,വിധിയിലും ഉള്ള വിശ്വാസത്തിൽ നിന്നാണ് ഉദ്ഭൂതമാകുന്നത്. ഈ ആറു കാര്യങ്ങളാണ് ഇസ്ലാമിക വിശ്വാസത്തിന്റെ ആണിക്കല്ല്. അതു പഠിപ്പിക്കാനാണ് പരിശുദ്ധ ഖുർആൻ അവതീർണമായത്. അതിനുവേണ്ടി തന്നെയാണ് മുഹമ്മദ് നബി (സ) പ്രവാചകനായി നിയമിതനായതും.