ഇബ്നു ഉസൈമീൻ (റ)
ഈ ലേഖനം (ഇബ്നു ഉസൈമീൻ (റ) യുടെ ‘ശറഹുൽ മുംതിഅ്’ എന്ന ഗ്രന്ഥത്തെയും അദ്ദേഹത്തിന്‍റെ ഫത്’വകളെയും ആസ്പദമാക്കി തയ്യാറാക്കിയത് ആണ്.
തക്ബീർ രണ്ടു വിധമുണ്ട്:
ഒന്ന് : التكبير المطلق, അഥവാ സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീർ.
രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീർ.
ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായല്ലാതെ ദുല്‍ഹിജ്ജ ഒന്ന് മുതൽ അയ്യാമു
തശ്രീഖിന്‍റെ അവസാനദിവസം അതായത് ദുല്‍ഹിജ്ജ 13 വരെ എപ്പോഴും ഒരാള്‍ക്ക് തക്ബീർ ചോല്ലാവുന്നതാണ്. ഒരാള്‍ക്ക് അങ്ങാടിയിലോ, വീട്ടിലോ, ജോലി സ്ഥലത്തോ എന്നിങ്ങനെ, അല്ലാഹുവിന്‍റെ
നാമം ഉച്ചരിക്കപ്പെടുന്നത് വിലക്കപ്പെടാത്ത ഏത് സ്ഥലത്ത് വച്ചും അത് നിര്‍വഹിക്കാവുന്നതാണ്.
അതുപോലെ ഈദുൽ ഫിത്വറിനാണെങ്കിൽ
മാസം കണ്ടത് മുതൽ പെരുന്നാൾ നമസ്കാരത്തിനായി ഇമാം നമസ്കാര സ്ഥലത്ത് എത്തുന്നത് വരെ
തക്ബീർ ചോല്ലാവുന്നതാണ്.
എന്നാൽ സമയബന്ധിതമായി നിര്‍വഹിക്കുന്ന തക്ബീർ (التكبير المقيد). അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷവും നിര്‍വഹിക്കുന്ന തക്ബീറിന് നിശ്ചിത സമയം ഉണ്ട്. അറഫാ ദിവസത്തിലെ ഫജർ നമസ്കാരം മുതൽ, അയ്യാമുതശ്‌രീഖിന്‍റെ അവസാന ദിവസമായ ദുല്‍ഹിജ്ജ 13ന് അസർ നമസ്കാരം വരെ ആയിരിക്കും അത് നിര്‍വഹിക്കേണ്ടത്. അതായത് മൊത്തം 23 ഫര്‍ദ് നമസ്കാരങ്ങള്‍ക്കായിരിക്കും അത് നിര്‍വഹിക്കപ്പെടുക.
എന്നാൽ ഹജ്ജ് നിര്‍വഹിക്കുന്നയാൾ പെരുന്നാൾ ദിവസം ദുഹർ നമസ്കാരാനന്തരം ആണ് സമയബന്ധിതമായ തക്ബീർ നിര്‍വഹിക്കാൻ ആരംഭിക്കുക. കാരണം അതിനു മുൻപ് അവർ തൽബിയത് ചൊല്ലലിൽ ആയിരിക്കും.
ചെറിയ പെരുന്നാളിന് ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായി തക്ബീർ ചൊല്ലലില്ല.
സംഗ്രഹം: തക്ബീർ ചൊല്ലൽ രണ്ടു വിധമുണ്ട്. സമയബന്ധിതമായതും, സമയബന്ധിതമല്ലാത്തതും. സമയബന്ധിതമല്ലാത്തത് ഈദുൽ ഫിത്വറിന്‍റെ രാവ് മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിന് എത്തുന്ന വരെയും, ദുല്‍ഹിജ്ജ ഒന്ന് മുതൽ അയ്യാമു തശ്‌രീഖിന് സൂര്യൻ അസ്തമിക്കുന്നത് വരെയും ഏത് സമയത്തും ചൊല്ലാം.
സമയബന്ധിതമായ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള ചൊല്ലൽ അറഫ ദിനത്തിലെ ഫജ്ര്‍ നമസ്കാരാനന്തരം ആരംഭിച്ച് അയ്യാമു തശ്‌രീഖിന്‍റെ അവസാന ദിവസം അസർ നമസ്കാരം വരെയും ആയിരിക്കും. എന്നാൽ ചെറിയ പെരുന്നാളിന് ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷം നിര്‍വഹിക്കപ്പെടുന്ന തക്ബീർ ഇല്ല.
ശബ്ദമുയര്‍ത്തൽ: പുരുഷന്മാർ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.
അബൂ ഹുറൈറ (റ) പറയുന്നു: ” ഉമറുബ്നുൽ ഖത്താബും (റ), ഇബ്നു ഉമർ (റ) തക്ബീർ ചൊല്ലിക്കൊണ്ട് അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട് മറ്റുള്ളവരും തക്ബീർ ചൊല്ലും.” – [ബുഖാരി].
തക്ബീറിന്‍റെ രൂപം:
الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
അതല്ലെങ്കിൽ الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
എന്നാൽ ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് തക്ബീർ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടില്ല. ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.