അബ്ദുൽ റഹ്മാൻ അബ്ദുൽ ലത്വീഫ്
ഫിത്വർ സകാത്ത് പണമായി നൽകാവുന്നതല്ല. ഭക്ഷണമായിത്തന്നെ നൽകുക എന്നതാണ് പ്രവാചക ചര്യ.
عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب
അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: ” പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നൽകാറുണ്ടായിരുന്നത് ” – [ബുഖാരി, മുസ്‌ലിം].
അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയുംടെയും അഭിപ്രായം. അതാണ് തെളിവിന്റെ അടിസ്ഥാനത്തിൽ പ്രബലമായതും. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലിജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ ദരിദ്രർക്ക് ഭക്ഷണമായി നൽകാനായി വിശ്വാസയോഗ്യരായ ആളുകളെ അതിന്റെ പണം ഏല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാചകന്റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്റെ അശറഹുൽ മുംതിഅ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം.
അതുപോലെ അത് പെരുന്നാൾ നമസ്കാരത്തിന് മുൻപായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. പ്രവാചകൻ (സ) പറഞ്ഞു: ” നമസ്കാരത്തിന് മുൻപായി ഒരാൾ അത് നിർവഹിക്കുകയാണ് എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്” – അബൂ ദാവൂദ്.