അബ്ദുൽ റഹ്മാൻ അബ്ദുൽ ലത്വീഫ്
മാസപ്പിറവിയും ആശയക്കുഴപ്പങ്ങളും. ഹൈഅതു കിബാറുൽ ഉലമയിലെ 17 പണ്ഡിതന്മാർ ചേര്‍ന്നെടുത്ത തീരുമാനം. പെരുന്നാളുകളും, നോമ്പുകളുമെല്ലാം വരുമ്പോൾ നാട്ടിൽ സാധാരണയായി മാസപ്പിറവിയെ ചൊല്ലി തര്‍ക്കങ്ങൾ ഉടലെടുക്കാറുണ്ട്. ഒരേ വീട്ടിൽ പോലും ഇത്തരം ഭിന്നതകൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. പിതാവ് ഒരു ദിവസവും, മാതാവ് മറ്റൊരു ദിവസവും പെരുന്നാൾ ആഘോഷിക്കുകയും അവര്‍ക്കിടയിൽ തങ്ങൾ ഏത് സ്വീകരിക്കണമെന്നറിയാതെ ആശങ്കാകുലരായി നില്‍ക്കുകയും ചെയ്യുന്ന മക്കളെയും നമുക്ക് കാണാം. ഈ വിഷയത്തിൽ തങ്ങൾ വച്ചുപുലര്‍ത്തുന്ന രീതിയോട് യോജിക്കാത്ത ആളുകളെ പിഴച്ചവരായും, നേര്‍മാര്‍ഗത്തിൽ നിന്നും തെറ്റിപ്പോയവരായും കാണുന്നവരും വിരളമല്ല. എന്നാൽ ഈ വിഷയത്തിന്‍റെ കര്‍മശാസ്ത്രപരമായ വീക്ഷണം എന്ത്?!, ഈ വിഷയത്തിലുള്ള അഭിപ്രായ ഭിന്നത പരിഗണിക്കേണ്ടതുണ്ടോ?!, തുടങ്ങിയ വിഷയങ്ങൾ പലപ്പോഴും ആരും പരിശോധിക്കാറില്ല. ഈ വിഷയത്തെക്കുറിച്ച് സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയായ ഹൈഅതു കിബാറുൽ ഉലമയിലെ പതിനേഴോളം പണ്ഡിതന്മാർ ചേര്‍ന്ന്‍ ചര്‍ച്ച ചെയ്യുകയും തതടിസ്ഥാനത്തിൽ അവർ നല്‍കിയ മറുപടിയുമാണ് ഇവിടെ നല്‍കുന്നത്. ഒരുപാട് ആശയക്കുഴപ്പങ്ങൾ തീര്‍ക്കാൻ അത് പ്രാപ്തമാണ് ഇൻഷാ അല്ലാഹ്.
ചോദ്യം : ഞങ്ങൾ അമേരിക്കയിലും, കാനഡയിലുമുള്ള വിദ്യാര്‍ഥികൾ ആണ്. എല്ലാ വര്‍ഷവും റമദാൻ ആരംഭിക്കുമ്പോൾ ഞങ്ങള്‍ക്കിടയിൽ ഭിന്നിപ്പ് ഉണ്ടാവുകയും ആളുകൾ മൂന്ന്‍ വിഭാഗക്കാരായി തിരിയുകയും ചെയ്യാറുണ്ട്.
1- അവനവന്‍റെ നാട്ടിലെ മാസപ്പിറവി അടിസ്ഥാനമാക്കി നോമ്പ് പിടിക്കുന്ന വിഭാഗം. 2- സൗദിയിലെ നോമ്പിന്‍റെ ആരംഭം ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകൾ. 3- അമേരിക്കയിലും കാനഡയിലുമുള്ള മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന്‍റെ പ്രഖ്യാപനത്തെ ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകൾ. സ്റ്റുഡന്‍സ് അസോസിയേഷന്‍റെ രീതി ഇപ്രകാരമാണ്: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അവർ മാസപ്പിറവി നിരീക്ഷിക്കും, ഏതെങ്കിലും ഒരു സ്ഥലത്ത് മാസപ്പിറവി ദര്‍ശിച്ചാൽ ഉടൻ തങ്ങളുടെ വ്യത്യസ്ഥ സെന്‍ററുകളിലേക്ക് ആ വിവരം എത്തിക്കുകയും അങ്ങനെ അമേരിക്കയുടെ വ്യത്യസ്ഥ നഗരങ്ങളിലുള്ള മുസ്ലിമീങ്ങൾ അവർ ആ മാസപ്പിറവിയെ അടിസ്ഥാനമാക്കി ഒന്നടങ്കം ഒരേ ദിവസം നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു. ഇവരിൽ ആരുടെ മാസപ്പിറവിയെയാണ് ഞങ്ങൾ അവലംഭിക്കേണ്ടത് ?! ഈ വിഷയത്തിൽ ഞങ്ങള്‍ക്ക് ശറഇന്‍റെ വിധി പറഞ്ഞു തരുമല്ലോ, അല്ലാഹു നിങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ …. ഉത്തരം: ‘ഹൈഅതു കിബാറുൽ ഉലമ’ (അഥവാ സൗദിയിലെ ഉന്നത പണ്ഡിതസഭ) ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവർ ചര്‍ച്ച ചെയ്ത് എടുത്തിട്ടുള്ള തീരുമാനത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്. ഒന്നാമതായി: ‘മാസപ്പിറവി യുടെ നിര്‍ണയസ്ഥാനങ്ങൾ ‘ (المطالع) വ്യത്യസ്ഥമാണ് എന്നത് ബുദ്ധികൊണ്ടും അനുഭവം കൊണ്ടും ബോധ്യമായ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിൽ പണ്ഡിതന്മാര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നതയില്ല. എന്നാൽ മാസപ്പിറവിയുടെ വിഷയത്തിൽ ‘മാസപ്പിറവി നിര്‍ണയ സ്ഥാനങ്ങളുടെ’ വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്ന വിഷയത്തിലാണ് പണ്ഡിതന്മാര്‍ക്കിടയിൽ അഭിപ്രായ ഭിന്നത ഉള്ളത്. രണ്ടാമതായി: ‘മാസപ്പിറവി നിര്‍ണയ സ്ഥാനങ്ങളുടെ’ വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് ഇജ്തിഹാദിയായ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തിൽ ഉള്ളത്. രണ്ട് വ്യത്യസ്ഥ അഭിപ്രായമാണ് പണ്ഡിതന്മാർ ഈ വിഷയത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് : അവരിൽ ചിലർ മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനത്തിലുള്ള വ്യത്യാസത്തെ പരിഗണിക്കുന്നു. ചിലർ അത് പരിഗണിക്കുന്നില്ല. (അഥവാ ഒരു വിഭാഗം ലോകത്തിന്‍റെ ഏത് ഭാഗത്ത് മാസപ്പിറവി വീക്ഷിചാലും അത് എല്ലാവര്‍ക്കും ബാധകമാണ് എന്ന് കാണുന്നു. മറ്റൊരു വിഭാഗം ഓരോ പ്രദേശത്തുകാരും അവനവന്‍റെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കി പ്രവര്‍ത്തിക്കണം എന്നും അഭിപ്രായപ്പെടുന്നു). അതിൽ രണ്ട് അഭിപ്രായക്കാരും ഖുര്‍ആനിൽ നിന്നും സുന്നത്തിൽ നിന്നും തങ്ങളുടേതായ തെളിവ് പിടിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം ഒരേ തെളിവ് തന്നെ രണ്ടഭിപ്രായക്കാരും തെളിവായി ഉദ്ദരിച്ചിട്ടുമുണ്ട്. ഉദാ: يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ എന്ന ആയത്ത് صوموا لرؤيته وأفطروا لرؤيته എന്ന ഹദീസ് , ഇവയെല്ലാം രണ്ടുകൂട്ടരും തെളിവ് പിടിക്കുന്ന തെളിവുകളാണ്. പ്രമാണങ്ങൾ മനസ്സിലാക്കുന്നതിലും, അവയിൽ നിന്ന് തെളിവ് പിടിക്കുന്ന രീതിയിലുമുള്ള വ്യത്യാസമാണ് അവരുടെ അഭിപ്രായങ്ങൾ വ്യത്യസ്ഥമാകാൻ കാരണം. ഹൈഅത്തു കിബാറുൽ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തിൽ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങൾ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങൾ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകൾ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ ഈ വിഷയത്തിൽ എത്തിച്ചേര്‍ന്ന വീക്ഷണം. ഓരോ ഇസ്ലാമിക രാഷ്ട്രത്തിനും അതത് രാജ്യങ്ങളിലെ പണ്ഡിതന്മാർ മുഖേന മുകളിൽ സൂചിപ്പിച്ച അഭിപ്രായങ്ങളിൽ ഏത് അഭിപ്രായത്തെയാണോ പ്രമാണബദ്ധമായി കാണുന്നത് ആ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കാരണം ആ രണ്ട് അഭിപ്രായങ്ങള്‍ക്കും അതിന്‍റേതായ തെളിവുകളും പ്രമാണങ്ങളും ഉണ്ട്. മൂന്നാമതായി: ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ പഠനം നടത്തുകയുണ്ടായി. ശേഷം മാസപ്പിറവി നിശ്ചയിക്കാൻ ഗോളശാസ്ത്രക്കണക്കുകൾ അവലംഭിക്കാൻ പാടില്ല എന്ന് അവർ ഐക്യഖണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു. കാരണം പ്രവാചകൻ(ﷺ) പറഞ്ഞു: ” നിങ്ങൾ മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം വ്രതം അനുഷ്ഠിക്കുകയും, വ്രതം അവസാനിപ്പിക്കുകയും ചെയ്യുക “. അതുപോലെ പ്രവാചകൻ(ﷺ) പറഞ്ഞു: ” മാസപ്പിറവി വീക്ഷിക്കുന്നത് വരേക്കും നിങ്ങൾ വ്രതമനുഷ്ടിക്കരുത്. അത് വീക്ഷിക്കുന്നത് വരേക്കും നിങ്ങൾ വ്രതം അവസാനിപ്പിക്കുകയും ചെയ്യരുത് ” . ഇതേ അര്‍ത്ഥത്തിൽ മറ്റു ധാരാളം തെളിവുകളും വന്നിട്ടുണ്ട്. ലിജ്നതുദ്ദാഇമയുടെ അഭിപ്രായപ്രകാരം ഇസ്‌ലാമിക ഭരണമില്ലാത്ത രാജ്യങ്ങളിൽ, ആ രാജ്യത്ത് ജീവിക്കുന്ന മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം മാസപ്പിറവി പ്രഖ്യാപിക്കുന്ന വിഷയത്തിൽ ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ സ്ഥാനമാണ് മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനുള്ളത്. നേരത്തെ രണ്ടാമത്തെ പാരഗ്രാഫിൽ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തിൽ ഹൈഅതു കിബാറുൽ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്. അവര്‍ക്ക് വ്യത്യസ്ഥ മാസപ്പിറവിയെ ആസ്പദമാക്കുകയോ, ഒരൊറ്റ മാസപ്പിറവിയെ ആസ്പദമാക്കുകയോ ചെയ്യാം. എന്നിട്ട് അവർ സ്വീകരിച്ച അഭിപ്രായപ്രകാരം അവരുടെ രാജ്യങ്ങളിലെ മുസ്ലിമീങ്ങള്‍ക്ക് മാസപ്പിറവി നിര്‍ണയിച്ചു നല്‍കുകയും ചെയ്യാം. ആ പ്രദേശത്തെ ആളുകൾ സ്റ്റുഡന്‍സ് അസോസിയേഷൻ സ്വീകരിച്ച അഭിപ്രായവും, അവരുടെ നിര്‍ണയവും പിന്‍പറ്റുകയാണ് വേണ്ടത്. അവര്‍ക്കിടയിൽ സ്വരച്ചേര്‍ച്ച ഉണ്ടാവാനും ഒരേ സമയം വ്രതം ആരംഭിക്കാനും, ആശയക്കുഴപ്പങ്ങളും ഭിന്നതകളും ഇല്ലാതിരിക്കുവാനും വേണ്ടിയാണത്. ആ രാജ്യത്ത് ജീവിക്കുന്ന ഓരോ ആളുകളും മാസപ്പിറവി വീക്ഷിക്കാൻ ശ്രമിക്കട്ടെ. വിശ്വാസയോഗ്യനായ ഒരു വ്യക്തിയോ, ഇനി ഒന്നിലധികം ആളുകളോ മാസപ്പിറവി വീക്ഷിച്ചാൽ അവർ അതുപ്രകാരം വ്രതമനുഷ്ടിക്കുകയും, രാജ്യത്തിന്‍റെ വിവിധ ഭാഗത്തേക്ക് ആ വിവരമെത്തിക്കാൻ വേണ്ടി മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനെ മാസപ്പിറവി കണ്ട വിവരം അറിയിക്കുകയും ചെയ്യട്ടെ. റമദാനിന്‍റെ ആരംഭത്തിൽ മാത്രമാണ് വിശ്വസ്ഥനായ ഒരാൾ മാത്രം മാസപ്പിറവി ദര്‍ശിച്ചാലും അത് പരിഗണിക്കപ്പെടുക. എന്നാൽ റമദാൻ അവസാനിക്കുന്ന സന്ദര്‍ഭത്തിൽ മാസപ്പിറവി രണ്ട് വിശ്വസ്ഥരായ ആളുകൾ ദര്‍ശിച്ചാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. അല്ലാത്തപക്ഷം മുപ്പത് പൂര്‍ത്തിയാക്കേണ്ടതാണ്. കാരണം പ്രവാചകൻ(ﷺ) ഇപ്രകാരം പറഞ്ഞു : ” മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം നിങ്ങൾ വ്രതം ആരംഭിക്കുകയും, അതുപ്രകാരം തന്നെ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി മാസപ്പിറവി ദര്‍ശിക്കാൻ പറ്റാത്ത വിധം മേഘം മൂടിയാൽ നിങ്ങൾ മുപ്പത് പൂര്‍ത്തിയാക്കുക.” അല്ലാഹു അനുഗ്രഹിക്കട്ടെ… ഈ ഉത്തരത്തിന്‍റെ ആരംഭത്തിൽ തത് വിഷയത്തിൽ ഹൈഅതു കിബാറുൽ ഉലമയിൽ ഒരു ചര്‍ച്ചനടന്നതായി ലിജ്നതുദ്ദാഇമ സൂചിപ്പിക്കുന്നുണ്ട്. പതിനേഴ് പ്രഗല്‍ഭ പണ്ഡിതന്മാരാണ് ആ ചര്‍ച്ചയിൽ പങ്കെടുത്തത്. അവരുടെ പേരുകൾ താഴെ കൊടുക്കുന്നു. 1- അബ്ദുൽ അസീസ് ബിൻ ബാസ്. 2- അബ്ദുറസാഖ് അഫീഫി. 3- മുഹമ്മദ് അമീൻ ശന്‍ഖീത്തി 4-മിഹ്ദാർ അഖീൽ. 5- അബ്ദുല്ലാഹ് ബിൻ ഹുമൈദ്. 6- അബ്ദുല്ലാഹ് ബിൻ ഖയ്യാത്വ്. 7- അബ്ദുല്ലാഹ് ബിൻ മുനീഅ്. 8- സ്വാലിഹ് അല്ലുഹൈദാൻ. 9- മുഹമ്മദ് ബിൻ ജുബൈർ. 10- അബ്ദുല്ലാഹ് ബിൻ ഗുദയ്യാൻ. 11- സുലൈമാൻ ബിൻ ഉബൈദ്. 12- റാഷിദ് ബിൻ ഖുനയ്യിൻ. 13- മുഹമ്മദ് അല്‍ഹര്‍കാൻ 14-അബ്ദുല്‍മജീദ് ഹസൻ. 15- ഇബ്രാഹീം ആലു ശൈഖ്. 16- സ്വാലിഹ് ബിൻ ഗസ്വൂൻ. 17- അബ്ദുൽ അസീസ് ബിൻ സ്വാലിഹ്. ഇവരെല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ ആകെച്ചുരുക്കമാണ് ലിജ്നയുടെ ഫത്’വയിൽ ഉള്ളത്. ഈ ഫത്’വയിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതായുണ്ട്. 1- ഒന്നാമതായി ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ്. മാത്രമല്ല ഈ വിഷയത്തിലെ അഭിപ്രായഭിന്നത പരിഗണിക്കപ്പെടുന്ന ഭിന്നതയുമാണ്. അഥവാ خلاف معتبر ആണ്. അതിനാൽ തന്നെ ഏതെങ്കിലും ഒരു അഭിപ്രായക്കാർ സുന്നത്തിന് വിപരീതം പ്രവര്‍ത്തിച്ചവരോ, പിഴച്ച് പോയവരോ ആണ് എന്ന് പറയാൻ പാടില്ല. ഒരു വിഷയത്തിൽ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്നത് അഥവാ معتبر ആണ് എങ്കിൽ ആ വിഷയത്തിൽ لا إنكار في مسائل الإجتهاد എന്ന തത്വപ്രകാരമാണ് സമീപിക്കുക. അഥവാ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്ന വിഷയത്തിൽ പരസ്പരം വിമര്‍ശിക്കാൻ പാടില്ല. ഇത് ഒന്നിലധികം തവണ ലിജ്ന വ്യക്തമാക്കുന്നുണ്ട് : ഉദാ: (‘മാസപ്പിറവി നിര്‍ണയ സ്ഥാനങ്ങളുടെ’ വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് (അഥവാ ലോകം മുഴുവൻ ഒരൊറ്റ മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ, അതല്ല വ്യത്യസ്ത മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ എന്നത് ) ഇജ്തിഹാദിയായ , അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തിൽ ഉള്ളത്). അതുപോലെ : (നേരത്തെ രണ്ടാമത്തെ പാരഗ്രാഫിൽ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തിൽ ഹൈഅതു കിബാറുൽ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്). (അഭിപ്രായ ഭിന്നത സാധുവായ ഒരു വിഷയത്തിലാണ് ഇങ്ങനെ രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാർ പറയാറുള്ളത്). 2- ഈ വിഷയത്തിൽ മുസ്‌ലിം ഭരണം ഉള്ള പ്രദേശമാണ് എങ്കിൽ, ഒരു മുസ്‌ലിം ഭരണാധികാരി ഏതെങ്കിലും ഒരു അഭിപ്രായത്തെ തിരഞ്ഞെടുത്താൽ, തങ്ങളുടെ അഭിപ്രായത്തോട് യോജിചില്ലെങ്കിൽ പോലും ആ പ്രദേശത്ത് ജീവിക്കുന്ന ആളുകൾ ഒരിക്കലും അതിന് വിപരീതം ചെയ്യാൻ പാടില്ല. കാരണം حكم الحاكم يرفع الخلاف (അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിൽ ഭരണാധികാരിയുടെ വിധി അഭിപ്രായഭിന്നതയെ ഇല്ലാതാക്കുന്നു) എന്ന തത്വപ്രകാരം ഭരണാധികാരിയുടെ തീരുമാനമാകും അന്തിമ തീരുമാനം. അതനുസരിച്ച് ആണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്. ഇനി മുസ്‌ലിം ഭരണകൂടം ഇല്ലാത്ത പ്രദേശം ആണ് എങ്കിൽ അവിടെ ഭൂരിപക്ഷം മുസ്ലിമീങ്ങളും പുലര്‍ത്തിപ്പോരുന്ന രീതി എന്ത് എന്നതാണ് പരിഗണിക്കുക. അഭിപ്രായ ഭിന്നതക്ക് ശറഇയായി സാധുതയുള്ള ഒരു പൊതുവിഷയത്തിൽ ഒരു നാട്ടിലെ മുസ്ലിമീങ്ങൾ പൊതുവേ ഒരു രീതി സ്വീകരിച്ചു വരുന്നുണ്ടെങ്കിൽ തന്‍റെ അഭിപ്രായത്തിനോട് അത് യോജിക്കുന്നില്ലെങ്കിൽ പോലും അതനുസരിച്ച് പ്രവര്‍ത്തിക്കാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അഭിപ്രായഭിന്നത معتبر ആയ വിഷയത്തെ സംബന്ധിച്ചാണ് നമ്മൾ സംസാരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാസപ്പിറവിയുടെ വിഷയത്തിൽ അഭിപ്രായ ഭിന്നത معتبر ആണ് എന്നത് മുകളിൽ ലിജ്നയുടെ ഫത്’വയിൽ തന്നെ പരാമര്‍ശിച്ചുവല്ലോ. അത്തരം ഒരു വിഷയത്തിൽ ഒരു നാട്ടിലെ മുസ്ലിമീങ്ങൾ പൊതുവായ ഒരു വീക്ഷണം വച്ചുപുലര്‍ത്തുന്നുണ്ടെങ്കിൽ തന്‍റെ അഭിപ്രായത്തോട് യോജിച്ചാലും ഇല്ലെങ്കിലും അതാണ് ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്. അതല്ലാതെ അവിടെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പാടില്ല. ഇത് കര്‍മശാസ്ത്രത്തിലെ ഒരു പൊതുതത്വമാണ്. ഈ തത്വത്തെ ആസ്പദമാക്കി ശൈഖ് ഇബ്നു ബാസ് പറയുന്നു: സൗദിയിൽ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനിൽ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങൾ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങൾ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങൾ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്നാമാതായി : പ്രവാചകൻ(ﷺ) പറയുന്നു: ” വ്രതം നിങ്ങൾ (വിശ്വാസികൾ) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ) ബലിയറുക്കുന്ന ദിവസത്തിലാണ് “. അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനിൽ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങൾ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും. ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. രണ്ടാമതായി : നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളിൽ നിന്നും വ്യത്യസ്ഥമായി നിങ്ങൾ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാൽ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തിൽ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:
“നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറിൽ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്” – [ ആലു ഇംറാൻ 103].
അതുപോലെ മുആദിനെയും അബൂ മൂസൽ അശ്അരിയെയും
യമനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയിൽ പ്രവാചകൻ(ﷺ)
ഇപ്രകാരം ഉപദേശിച്ചു: ” നിങ്ങൾ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത
അറിയിക്കുക, നിങ്ങൾ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്.
നിങ്ങൾ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും
ചെയ്യുക ” .
[مجموع فتاوى ابن باز (15 / 103- 104)]
ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) സൂചിപ്പിച്ച ഇതേ ആശയം മുകളിൽ
നല്‍കിയ ലിജ്നയുടെ ഫത്’വയിലും കാണാം : ( ഹൈഅത്തു
കിബാറുൽ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും,
നിഗമനങ്ങളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ
അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല
എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു,
ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തിൽ പോലും
ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി
കര്‍മ്മങ്ങൾ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും,
കാര്യങ്ങൾ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും
അനാവശ്യ ഭിന്നതകൾ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്
ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ ഈ വിഷയത്തിൽ
എത്തിച്ചേര്‍ന്ന വീക്ഷണം.).
ഇനി പുലര്‍ത്തിപ്പോരുന്ന രീതിക്ക് വല്ല മാറ്റവും വരുത്തുകയാണ് എങ്കിൽ
തന്നെ അത് അതത് പ്രദേശത്തെ പണ്ഡിതന്മാർ ഒരുമിച്ചു ചേര്‍ന്ന്‍ ചര്‍ച്ച
ചെയ്ത് കൂട്ടായി എടുക്കേണ്ട ഒരു തീരുമാനമാണ്.
3- ഇനി ഏത് അഭിപ്രായം സ്വീകരിച്ചാലും ഒരിക്കലും തന്നെ മാസപ്പിറവി
നിര്‍ണയിക്കൽ ഗോളശാസ്ത്രപ്രകാരമാകാൻ പാടില്ല. ഇതാണ് ഈ
ഫത്’വയിൽ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം.
(ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി
നിശ്ചയിക്കുന്നതിനെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട് വന്ന
പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും
ഹൈഅതു കിബാറുൽ ഉലമയിലെ പണ്ഡിതന്മാർ പഠനം
നടത്തുകയുണ്ടായി. ശേഷം മാസപ്പിറവി നിശ്ചയിക്കാൻ
ഗോളശാസ്ത്രക്കണക്കുകൾ അവലംഭിക്കാൻ പാടില്ല എന്ന് അവർ
ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു ).