മാസപ്പിറവിയും ആശയക്കുഴപ്പവും – ശൈഖ് ഇബ്നു ബാസ് (رحمه الله).
ഗൾഫിൽ മാസപ്പിറവി കാണുകയും, നാട്ടിൽ കാണാതിരിക്കുകയും ചെയ്തതിനാൽ ആളുകൾ ആശയക്കുഴപ്പത്തിലായിരിക്കും. എന്നാൽ ഈ വിഷയത്തിൽ ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാടെന്ത് എന്നത് ശൈഖ് ഇബ്നു ബാസ് (رحمه الله)
വ്യക്തമാക്കുന്നു.
ശൈഖ് ഇബ്നു ബാസ് പറയുന്നു:
സൗദിയിൽ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം
കഴിഞ്ഞാണ് പാക്കിസ്ഥാനിൽ മാസപ്പിറവി കാണുന്നത്
എന്നാണല്ലോ നിങ്ങൾ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ
അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ
മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത്
എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള
ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങൾ എന്നാണോ നോമ്പ് പിടിക്കുന്നത്
അവരോടൊപ്പമാണ് നിങ്ങൾ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന്
രണ്ട് കാരണങ്ങളുണ്ട്.
ഒന്നാമാതായി : പ്രവാചകന്‍(ﷺ) പറയുന്നു: “വ്രതം നിങ്ങൾ
(വിശ്വാസികൾ) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ
പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ) വ്രതമവസാനിപ്പിക്കുന്ന
ദിവസത്തിലാണ്. ബലി പെരുന്നാൾ നിങ്ങൾ (വിശ്വാസികൾ)
ബലിയറുക്കുന്ന ദിവസത്തിലാണ്”.
(അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ
ഉദ്ദരിച്ചതാണിത്). അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും
പാക്കിസ്ഥാനിൽ കഴിയുന്നിടത്തോളം കാലം അവിടെയുള്ള
മുസ്ലിമീങ്ങൾ എന്നാണോ നോമ്പെടുക്കുന്നത്
അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ
നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ്
അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം
നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല മാസപ്പിറവി നിര്‍ണയ
സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും
വ്യത്യസ്ഥമായിരിക്കും. ഇബ്നു അബ്ബാസ് (رضي الله عنه) ,
അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ
നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ്
അഭിപ്രായപ്പെട്ടിട്ടുള്ളത്.
രണ്ടാമതായി : നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളിൽ
നിന്നും വ്യത്യസ്ഥമായി നിങ്ങൾ വ്രതമെടുക്കുന്നത്,
ആശയക്കുഴപ്പങ്ങളും, വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ
തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാൽ പരസ്പരം
വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ്
ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും
പുണ്യത്തിന്‍റെയും കാര്യത്തിൽ പരസ്പരം സഹകരിച്ച്
പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക.
അതുകൊണ്ടാണ് അല്ലാഹു
ഇപ്രകാരം പറഞ്ഞത്:
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
” നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറിൽ മുറുകെ പിടിക്കുക.
നിങ്ങൾ ഭിന്നിച്ചുപോകരുത്“.
-[ ആലു ഇംറാന്‍ 103].
അതുപോലെ മുആദിനെയും അബൂ മൂസൽ അശ്അരിയെയും
യമനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയിൽ പ്രവാചകന്‍(ﷺ)
ഇപ്രകാരം ഉപദേശിച്ചു: “നിങ്ങൾ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത
അറിയിക്കുക, നിങ്ങൾ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്.
നിങ്ങൾ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം
ഭിന്നിക്കാതിരിക്കുകയും ചെയ്യുക” .
[مجموع فتاوى ابن باز (15 / 103- 104)]