ഇസ്ലാമിക വിശ്വാസം أصول العقيدة
തൗഹീദ് (ഏകദൈവ വിശ്വാസം) അല്ലാഹുവിനുമാത്രം നിർബന്ധവും, അനിവാര്യവുമായിട്ടുള്ള ആരാധനാ കർമ്മങ്ങളിൽ അവനെ ഏകനാക്കുക എന്നതാണ് തൗഹീദ്.
അല്ലാഹു പറയുന്നു.
“എന്നെമാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ, ജിന്നിനെയും,മനുഷ്യനെയും ഞാൻ സൃഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത്-56)
“നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, അവനോട് യാതൊന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക.” (അന്നിസാഅ്-36)
തൗഹീദ് മൂന്നു ഇനങ്ങളുണ്ട്.
- രക്ഷാകർതൃത്വത്തിലുള്ള ഏകത്വം,
- ദിവ്യത്വത്തിലുള്ള ഏകത്വം,
- നാമവിശേഷണങ്ങളിലുള്ള ഏകത്വം.
1-രക്ഷാകർതൃത്വത്തിലുള്ള എകത്വം
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ്, നിയന്ത്രണം, ഇവയിൽ അല്ലാഹുവിനെ ഏകനാക്കലാണ് ഇത്. അവൻ മാത്രമാകുന്നു ആകാശ ഭൂമികളുടെ പൂർണ്ണ ആധിപത്യമുള്ള അന്നദാതാവും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും.
“അല്ലാഹു പറയുന്നു ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനംനൽകാൻ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല.” (ഫാത്വിർ-3)
“ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ, അവൻ അനുഗ്രഹപൂർണ്ണനായിരിക്കുന്നു. .അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (മുൽക്-1).
അവൻറ ആധിപത്യം ഈ പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നതും, അവൻ ഉദ്ദേശിക്കുന്നതു പോലെ അവൻ കൈകാര്യം ചെയ്യുന്നതുമാകുന്നു. നിയന്ത്രണത്തിലുള്ള അവൻറ ഏകത്വം എന്നാൽ അതിലൊന്നും അവന്ന് യാതൊരു പങ്കുകാരുമില്ലാതെ അവൻ എല്ലാം നിയന്ത്രി ക്കുന്നു എന്നതാണ്.
“അല്ലാഹു പറയുന്നു;അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവന്നു തന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു.”
(അഅ്റാഫ്-54).
മുഴുവൻ സൃഷ്ടികളെയും അവൻ മാത്രം നിയന്ത്രിക്കുന്നു. തൗഹീദിന്റെ ഈ വശത്തെ ഒരു മനുഷ്യരും നിഷേധിച്ചിട്ടില്ല. നിഷേധിക്കുന്നവർ എന്നു പറയുന്ന ന്യൂനാൽ ന്യൂനപക്ഷം തന്നെ ബാഹ്യമായി
അവരത് നിഷേധിക്കുന്നുണ്ടെങ്കിലും
മനസ്സിന്റെ അടിത്തട്ടിൽ അവരും ആന്തരികമായി ഇതംഗീകരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു.
( ١٤:نمل ){ وجحدوا بها واستيقنتها انفسهم }
“അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യംവന്നിട്ടും അവരതിനെ നിഷേധിച്ചു കളഞ്ഞു. (വി.ഖു.27:14)
2-ദിവ്യത്വത്തിലുള്ള ഏകത്വം.
എല്ലാ ആരാധനയിലും അല്ലാഹുവെ ഏകനാക്കലാണ് ഇത്.
മനുഷ്യൻ അല്ലാഹുവിൻറെ കൂടെ ആരാധനയിലോ, സാമീപ്യം തേടുന്നതിലോ യാതൊന്നിനെയും സ്വീകരിക്കരുത്. തൗഹീദിന്റെ ഈ വശമാണ് മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം. അല്ലാഹു പറയുന്നു;
(٥٦: الذاريات ) {وماخلقت الجن والانس الا ليعبدون}
“എന്നെമാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ, ജിന്നിനെയും മനുഷ്യനെയും ഞാൻ സ്യഷ്ടിച്ചിട്ടില്ല.” (അദ്ദാരിയാത് -56)
ഇതിനു വേണ്ടിയാണ് പ്രവാചകരെ അല്ലാഹു നിയോഗിച്ചതും വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും. അല്ലാഹു പറയുന്നു.
{ وما ارسلنا من قبلك من رسول الا نوحي اليه انه لا اله الا انا فاعبدون} (٢٥:الانبياء)
“ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ
എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (വി.ഖു. 21:25)
പ്രവാചകർ അവരുടെ ജനങ്ങളെ ക്ഷണിച്ചപ്പോൾ ബഹുദൈവ വിശ്വാസികളായ ജനത നിരാകരിച്ചതും ഈ തൗഹീദ് തന്നെയായിരുന്നു.
قَالُوا أَجِئْتَنَا لِنَعْبُدَ اللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا فَأْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الصَّادِقِينَ [٧٠]
“അവർ പറഞ്ഞു. ഞങ്ങൾ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കൾ ആരാധിച്ചിരുന്നതിനെ ഞങ്ങൾ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്തു വന്നിരിക്കുന്നത്? (വി.ഖു. 7:70)
അതുകൊണ്ട് മനുഷ്യൻ തന്റെ ആരാധനകളൊന്നും തന്നെ അല്ലാഹു അല്ലാത്തവർക്ക് ചെയ്യരുത്. അവർ ദൈവ സാമീപ്യം സിദ്ധിച്ച മലക്ക്, പ്രവാചകൻ, സദ്‌വൃദ്ധനായ വലിയ്യ് പോലെയുള്ള സൃഷ്ടികൾ ആരുതന്നെ ആയിരുന്നാലും പാടില്ല. കാരണം, ആരാധനക്ക് അല്ലാഹുവിനു മാത്രമേ അർഹതയുള്ളൂ.
3-നാമവിശേഷണങ്ങളിലുള്ള ഏകത്വം
അല്ലാഹുവോ അവന്റെ പ്രവാചകാനോ അല്ലാഹുവിനെ എന്തു പേർ വിളിച്ചുവോ, എന്തു വിശേഷിപ്പിച്ചുവോ അത് വാഖ്യാനങ്ങളോ, നിരാകരണമോ, രൂപസങ്കൽപമോ, സദൃശ്യപ്പെടുത്തലോ കൂടാതെ അവയെല്ലാം യാഥാർത്ഥ്യമാണെന്ന നിലക്ക് അല്ലാഹുവിന്റെ മഹത്വത്തിന്
അനുയോജ്യമാം വിധം വിശ്വസിക്കലാണ് തൗഹീദിന്റെ ഈ വശം.
ഉദാ:
1-അല്ലാഹുവിന്ന് അൽഹയ്യു , അൽഖയ്യും (എന്നെന്നും ജീവിച്ചിരിക്കുന്നവൻ, എല്ലാം നിയന്ത്രിക്കുന്നവൻ തുടങ്ങിയ പേരുകളുണ്ട്. അൽഹയ്യ് എന്നത് അല്ലാഹുവിന്റെ ഒരു പേരാണെന്ന് നാം വിശ്വസിക്കണം. മുമ്പ് ഇല്ലായ്മയോ, ഇനിയൊരു നാശത്തിനോ വിധേയമാകാത്തവിധം
എന്നെന്നുമുള്ള ജീവിതം എന്നതിൽ നിന്നും ഉൽഭൂതമാകുന്ന ഒരു പേരാണെന്ന് വിശ്വസിക്കൽ നിർബന്ധമാണ്. അസ്സമിഅ് (എല്ലാം കേൾക്കുന്നവൻ) എന്നൊരുപേരും അല്ലാഹുവിനുണ്ട്. അതും അല്ലാഹുവിന്റെ പേരാണെന്ന് നാം വിശ്വസിക്കണം,
കേൾവി എന്നുള്ളത് അല്ലാഹുവിൻറ വിശേഷണമാണെന്നും വിശ്വസിക്കണം. കാരണം, അവൻ കേൾക്കുന്നുണ്ട്.
അല്ലാഹു പറയുന്നു:
“അല്ലാഹുവിന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്മാർ പറഞ്ഞു.അവരുടെ കൈകൾ ബന്ധിതമാകട്ടെ- അവർ ആ പറഞ്ഞ വാക്കുകാരണം അവർ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവൻറ ഇരുകൈകളും നിവർത്തപ്പെട്ടവയാകൂന്നു. അവൻ എങ്ങനെ ഉദ്ദേശിക്കുന്നുവോ, അങ്ങനെ ചെലവഴിക്കുന്നു.” (മാഇദ.64)
വളരെ വിശാലമായി കൊടുക്കുന്ന, നിവർത്തപ്പെട്ടവ എന്ന വിശേഷണത്തോടു കൂടിയ രണ്ടു കൈകൾ അല്ലാഹുവിനുണ്ടെന്ന് അവൻ തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ അനുഗ്രഹങ്ങളാലും, ദാനങ്ങളാലും നിവർത്തപ്പെട്ട രണ്ടു കൈകൾ അല്ലാഹുവിനുണ്ടെന്ന് നാം വിശ്വസിക്കൽ നിർബന്ധമത്രെ. പക്ഷെ നമ്മുടെ മനസ്സിന്റെ ഭാവനയിലോ, വാക്കുകൾ കൊണ്ടോ ആ കൈകൾക്ക് സൃഷ്ടികളുടെ കൈകളുമായി സദൃശമാക്കലോ, രൂപസാദൃശ്യം സങ്കൽപിക്കുവാനോ പാടില്ല. കാരണം
അല്ലാഹു തന്നെ പറയുന്നു. “അവനുതുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനും ആകുന്നു” (അശ്ശൂറാ-11)
തൗഹീദിന്റെ ഈ വിഭാഗത്തിെന്റെ രത്‌നച്ചുരുക്കം; അല്ലാഹുവോ അവന്‍റെ പ്രവാചകനോ സ്ഥിരപ്പെടുത്തിയത് നാം യാഥാർത്ഥ്യമായി സ്ഥിരപ്പെടുത്തുക. അതിൽ വ്യാഖ്യാനങ്ങളോ, നിരാകരണമോ, രൂപ സങ്കൽപമോ, സദൃശ്യപ്പെടുത്തലോ പാടില്ല.
ലാഇലാഹ ഇല്ലല്ലാഹ്, ആശയം
ലാഇലാഹ ഇല്ലല്ലാഹ് ആണ് മതത്തിന്റെ അടിത്തറ. ഇസ്‍ലാം മതത്തിൽ അതിന് മഹത്തായ സ്ഥാനമാണുള്ളത്. ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാമത്തെ സ്തംഭവും, വിശ്വാസത്തി (ഈമാനി) ന്റെ പരമോന്നത
ശ്രേണിയുമാണത്. മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളുടെയും സ്വീകാര്യത, ഈവാക്കു പറയുന്നതിലും അതനുസരിച്ചുള്ള പ്രവർത്തനങ്ങളിലുമാണ് നിലനിൽക്കുന്നത്. യാതൊരു ആശയ വ്യതിയാനവും കൂടാതെ മനസ്സിലാക്കിയിരിക്കേണ്ട
അതിന്റെ ശരിയായ അർത്ഥം; യഥാർത്ഥ ആരാധനക്കർഹമായി ഒന്നും തന്നെയില്ല. അല്ലാഹു ഒഴികെ എന്നതാകുന്നു. സ്രഷ്ടാവായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, പുതിയ വസ്തുക്കൾ ഉണ്ടാക്കാൻ കഴിയുന്നവൻ അല്ലാഹു അല്ലാതെ മറ്റാരുമില്ല. ആസ്തിക്യമുള്ളവൻ അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്നിവയൊന്നും ഇതിൻറെ പൂർണ്ണ അർത്ഥങ്ങളല്ല.
ഈ വാക്യത്തിന് രണ്ട് മുഖ്യഘടകങ്ങളുണ്ട്.
1-നിഷേധം: (لا ا له. )
എന്ന നമ്മുടെ വാക്കിലുള്ള ” യാതൊരു ആരാധ്യനുമില്ല” എന്ന
നിഷേധമാണത്. എല്ലാ വസ്തുക്കളുടെയും ആരാധ്യതയെ നിഷേധിക്കുന്നു എന്നർത്ഥം.
2- സ്ഥിരീകരണം: الا الله -അല്ലാഹു ഒഴികെ എന്ന വാക്കിലൂടെയാണത്.
ആരാധ്യത അല്ലാഹുവിന് മാത്രം, അവന്ന് യാതൊരു പങ്കുകാരുമില്ലെന്ന് സ്ഥിരീകരിക്കലാണത്. അല്ലാഹുവിനെയല്ലാതെ ആരാധിക്കുവാൻ പാടില്ല. ആരാധനയുടെ ഏതൊരു രൂപവും അല്ലാഹുവല്ലാത്തവർക്ക് അർപ്പിക്കുവാൻ പാടില്ല. എല്ലാ പങ്കാളികളെയും നിഷേധിച്ചുകൊണ്ട്, അല്ലാഹുവിന്റെ ഏകത്വത്തെ സ്ഥിരീകരിച്ചു കൊണ്ടുള്ള ആശയം മനസ്സിലാക്കി ഒരാൾ ഈ വാക്ക് ഉച്ചരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിക്കുകയും ചെയ്താൽ അയാൾ ഒരു യഥാർത്ഥ മുസ്‍ലിമായി. വിശ്വാസമില്ലാതെ പ്രവർത്തനങ്ങൾ മാത്രം ചെയ്താൽ അവൻ കപടവിശ്വാസിയായിത്തീരും. അതിനു വിപരീതമായി ബഹുദൈവ വിശ്വാസങ്ങൾ വച്ചു പുലർത്തുന്നവൻ-നാവുകൊണ്ട് ഈ വാക്യം ഉച്ചരിച്ചാലും ശരി ബഹുദൈവ വിശ്വാസിയും, സത്യനിഷേധിയും ആയിത്തീരും.
ലാഇലാഹ ഇല്ലല്ലാഹ്; മഹത്വം:
ഈ വാക്യത്തിന് വലിയ മഹത്വങ്ങളും ആശയങ്ങളുമുണ്ട്. അവയിൽ
പെട്ടതാണ്
1-നരകത്തിൽ പ്രവേശിപ്പിക്കപ്പെട്ടവന് അതിലെ സ്ഥിരതാമസം തടയപ്പെടും. നബി (സ) പറഞ്ഞു. ഹൃദയത്തിൽ ഒരുഗോതമ്പു മണിയോളം നന്മയുണ്ടായിരിക്കെ ഒരാൾ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞിട്ടുണ്ടെങ്കിൽ അവൻ നരകത്തിൽ നിന്നും പുറത്താക്കപ്പെടും.
മനസ്സിൽ ഒരു അണുമണിയാളം നന്മയുള്ളവൻ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞിട്ടുണ്ടെങ്കിൽ അവൻ
നരകത്തിൽ നിന്നും പുറത്തു കടത്തപ്പെടും (ബുഖാരി- മുസ് ലിം)
2-മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ ഈ വാക്യത്തിന്‍റെ
ആശയമാണ്. അല്ലാഹു പറയുന്നു.
( ٥٦: الذاريات ){ وما خلقت الجن والانس الا ليعبدون}
“എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ജിന്നിനെയും മനുഷ്യനെയും ഞാൻ സൃഷ്ടിച്ചിട്ടില്ല.” (ദാരിയാത് 56)
3-അതിന്നു വേണ്ടിയാണ് പ്രവാചകന്മാർ നിയോഗിതരായതും, വേദഗ്രന്ഥങ്ങൾ ഇറക്കപ്പെട്ടതും. അല്ലാഹു പറയുന്നു
{ وما ارسلنا من قبلك من رسول الا نوحي اليه انه لا اله الا انا فاعبدون} ( ٢٥:الانبيااء )
“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്കുമുമ്പ് ഒരുദൂതനെയും നാം അയച്ചിട്ടില്ല.” (21-25)
4-മുഴുവൻ പ്രവാചകരുടെയും പ്രബോധനത്തിൻറെ സമാരംഭം
അതായിരുന്നു. എല്ലാ പ്രവാചകരും അവരുടെ ജനങ്ങളോട്
പറഞ്ഞത്;
(٧٣:الا عراف . ){ يا قوم اعبدوا الله مالكم من اله غيره}
“എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ, അവനല്ലാതെ നിങ്ങൾക്ക് യാതൊരു
ദൈവവുമില്ല.”(അഅ്റാഫ്: 73) എന്നതായിരുന്നു.
5-ദൈവസ്മരണയുടെ വാക്കുകളിൽ (ദിക്റുകളിൽ) ഏറ്റവും മഹത്തരമായ വാക്യവും അതുതന്നെ. നബി( സ) പറഞ്ഞു. ഞാനും, എനിക്കു മുമ്പുള്ള പ്രവാചകരും പറഞ്ഞതിൽ ഏറ്റവും ശ്രേഷ്ഠമായ വചനം “ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റൊന്നുമില്ല. അവന്ന് യാതൊരു പങ്കാളിയുമില്ല” എന്നതാകുന്നു
(മുവത്വഅ്- മാലിക്)
ലാഇലാഹ ഇല്ലല്ലാഹ്; നിബന്ധനകൾ
ഈ വാക്യം ഉച്ചരിക്കുന്നവൻ താഴെ പറയുന്ന ഏഴു ശർതുകൾ
പാലിച്ചെങ്കിൽ മാത്രമേ അത് പൂർണ്ണാർത്ഥത്തിൽ ആകുകയുള്ളൂ.
1-അറിവ്; ( العلم)
നിഷേധ -സ്ഥിരീകരണങ്ങളോടു കൂടി അതു മനസ്സിലാക്കിയിരിക്കണം.
അതിന്റെ തുടർ പ്രവർത്തനങ്ങളും അറിഞ്ഞിരിക്കണം.
ഒരാൾ അല്ലാഹു മാത്രമേ ആരാധനക്ക് അർഹനായുള്ളു എന്നും
അവനല്ലാത്തവർക്കുള്ള ആരാധനകളെല്ലാം നിഷ്ഫലമാണെന്നും
മനസ്സിലാക്കുന്നു. ആ അറിവനുസരിച്ച് അവൻ പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ അവൻ ഈ വാക്യത്തിന്റെ ആശയം മനസ്സിലാക്കിയവനായിത്തീരും. അല്ലാഹു
പറയുന്നു.
( ١٩: محمد ){ فاعلم ان الله لا اله الا الله}
“ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക” (47:19)
നബി (സ) പറഞ്ഞു. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ ആരുമില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് ഒരാൾ മരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (മുസ് ലിം)
2-ദൃഢത:.( اليقين)
മാനസികമായ സംതൃപ്തിയോടും, നിശ്ചയ ദാർഢ്യത്തോടും കൂടി അത് ഉച്ചരിക്കുക. ജിന്നുകളിലും , മനുഷ്യരിലും ഉള്ള യാതൊരു പൈശാചിക ശക്തിക്കും ഒരു സംശയത്തിന്റെ കണികയിലുടെയും കടന്നുവരാൻ പറ്റാത്ത രൂപത്തിൽ മനസ്സിലാക്കി ഉറച്ചു വിശ്വസിക്കണം. അല്ലാഹു പറയുന്നു:
( ١٥الحجرات ؛ ) { اننا المؤمنون الدين ءامنو ابا لله ورسوله ثم لم يرتابوا }
“അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും, പിന്നീട് സംശയിക്കാതിരിക്കുകയും ചെയ്തവരാരോ, അവർ മാത്രമാകുന്നു സത്യവിശ്വാസികൾ (ഹുജറാത്-15.)
ആരാധനക്കു അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും,
ഞാൻ (മുഹമ്മദ് നബി) അല്ലാഹുവിന്റെ ദൂതനാണെന്നും സംശയലേശമന്യേ
സാക്ഷ്യം വഹിച്ചുകൊണ്ട്, ഒരു ദാസൻ അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ
പ്രവേശിക്കാതിരിക്കില്ലെന്ന് നബി (സ)പറഞ്ഞിരിക്കുന്നു.
3-സ്വീകാര്യത :(القبول)
ഈ വാക്യം കൊണ്ട് ഉദ്ദേശിക്കപ്പെട്ട എല്ലാ കാര്യങ്ങളും
മനസ്സാവാചാ സ്വീകരിച്ചിരിക്കണം. എല്ലാ ദൈവിക വചനങ്ങളും മുഹമ്മദു നബി (സ) കൊണ്ടുവന്ന എല്ലാ കാര്യങ്ങളും ഒന്നൊഴിയാതെ
സത്യമായംഗീകരിച്ചിരിക്കണം.
അല്ലാഹു പറയുന്നു :
آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ [٢٨٥]
“തന്റെ രക്ഷിതാവിങ്കൽ നിന്നും തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും, അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻറെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല എന്നതാണ് അവരുടെ നിലപാട് അവർ പറയുകയും ചെയ്തു, ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കണമേ, നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.” (അൽബഖറ-285.)
ഇസ്‍ലാമിലെ മതനിയമങ്ങളിൽ ഏതെങ്കിലും ഒന്നിനെ നിഷേധിച്ചാൽ അത് ഈ വാക്യത്തെ തിരസ്കരിക്കലാകും. ഇസ്‍ലാമിലെ അനന്തരാവകാശ നിയമങ്ങൾ, ബഹുഭാര്യത്വ നിയമം, വ്യഭിചാരം,കളവ് ഇവക്കുള്ള ശിക്ഷാനിയമങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് നിഷേധിക്കുന്നതു പോലെത്തന്നെ. അല്ലാഹു പറയുന്നു:
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا [٣٦]
“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ സത്യ വിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.” (അൽഅഹ്സാബ്-36)
4-കീഴ്പെടൽ.: الاىقياد )
ഈ വാക്യം സൂചിപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കും കീഴ്പെട്ടിരിക്കണം. സ്വീകാര്യത വാക്കുകളിലൂടെ ആണെങ്കിൽ, കീഴ്പെടൽ പ്രവർത്തനത്തിലൂടെ ആയിരിക്കും. ഈ വാക്യത്തിന്റെ ആശയം പൂർണ്ണമായി മനസ്സിലാക്കി, അതു സ്വീകരിച്ചയാൾ അതനുസരിച്ചു പ്രവർത്തിക്കുന്നില്ലെങ്കിൽ അതവന്ന് യാതൊരു ഫലവും ചെയ്യില്ല.
അല്ലാഹു പറയുന്നു;
( ٥٤:الزمر ) {وانيبو الى ربكم واسلمو له }
“നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്ന് കീഴ്പെടുകയും ചെയ്യുവീൻ.” (സുമർ 54).
انفسهم فلا وربك لايؤمنون حتى يحكموك فيماشجربينهم ثم لايجدو فى حرجا مما قضيت ويسلمو تسليما (٦٥:النساء )
“ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം, അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അതു പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും
ചെയ്യുന്നതു വരെ അവർ വിശ്വാസികളാവുകയില്ല.” (4-65)
5-സത്യസന്ധത :الصدق)
ഈ വാക്യത്തിലുള്ള തന്റെ വിശ്വാസത്തിൽ സത്യവാനായിരിക്കണം.
അല്ലാഹു പറയുന്നു.
(٩:التوبة ) { يأ بها الذين عامنوا اتقو ا اللهوكونوا معاصدقين}
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്മാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക.” (9)
നബി (സ)പറഞ്ഞു. ആരെങ്കിലും തന്റെ മനസ്സിൽ സത്യസന്ധമായി “ലാഇലാഹ ഇല്ലല്ലാഹ്” പറഞ്ഞാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും (അഹ്മദ്)
നാവുകൊണ്ട് ഉച്ചരിച്ച് മനസ്സു കൊണ്ട് തിരസ്കരിച്ചാൽ അതവനെ രക്ഷപ്പെടുത്തുകയില്ലെന്ന് മാത്രമല്ല. അവൻ കപടവിശ്വാസി
(മൂനാഫിഖു) കളുടെ ഗണത്തിൽ പെടുകയും ചെയും. നബിയുടെ ചര്യയെ പൂർണ്ണമായോ, ഭാഗികമായോ കളവാക്കൽ ഈ വാക്യത്തിലുള്ള സത്യസന്ധതയുടെ വിപരീതമായിത്തീരും. കാരണം പ്രവാചകനെ അനുസരിക്കാൻ അല്ലാഹു നമ്മോട് കൽപിച്ചിരിക്കുന്നു. മാത്രമല്ല അല്ലാഹുവിനെ അനുസരിക്കാനുള്ള കൽപനയോട് ചേർത്താണ് പറഞ്ഞിട്ടുള്ളതും. അല്ലാഹു പറയുന്നു;
“പറയുക, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക, പ്രവാചകനെയും അനുസരിക്കുക.” (അന്നൂർ-54.)
6-നിഷ്കളങ്കത ; ( الااخلاص)
വിശ്വാസത്തിന്റെ ചാഞ്ചല്യങ്ങൾ പോലുമേൽകാത്ത, സദ് വിചാരത്തോടെയുള്ള പ്രവർത്തന പരിശുദ്ധിയാണ് ഇതുകൊണ്ടുള്ള വിവക്ഷ. ഈവാക്യം പറയുന്നവന്റെ എല്ലാ വാക്കും പ്രവർത്തിയും ദൈവപ്രീതിക്കു വേണ്ടിയായിരിക്കണം. അതിൽ നാട്യത്തിനോ, പ്രശസ്തിക്കോ, അതിക നേട്ടത്തിനോ, വ്യക്തി താൽപര്യങ്ങൾക്കോ, രഹസ്യമോ പരസ്യമോ ആയ വികാരങ്ങൾക്കോ, ഏതെങ്കിലും വ്യക്തിയോടോ, ആദർശത്തോടോ, ദൈവികമല്ലാത്ത തത്വ സംഹിതയോടോ ഉള്ള അനുരാഗാത്മക ഭ്രമത്തിനോ സ്ഥാനമില്ല. ദൈവപ്രീതിയും പരലോക മോക്ഷവും മാത്രമേ ലക്ഷ്യമായിട്ടുള്ളൂ. സൃഷ്ടാവിന്‍റെ തൃപ്തിയല്ലാതെ സ്യഷ്ടികളിൽ നിന്നും ഒരു പ്രതിഫലമോ, നന്ദിവാക്കോ അതിൽ
പ്രതിക്ഷിക്കുന്നില്ല. അല്ലാഹു പറയുന്നു
“അറിയുക, അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ് വണക്കം.” (സുമർ-3.)
“കീഴ് വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട്, ഋജുമനസ്കരായ നിലയിൽ അവനെ ആരാധിക്കുവാനല്ലാതെ അവർ കൽപിക്കപ്പെട്ടിട്ടില്ല.” (ബയ്യിന-5.)
നബി (സ) പറഞ്ഞു. അല്ലാഹുവിൻറെ പ്രീതിമോഹിച്ചുകൊണ്ട് ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞവന് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു (ബുഖാരി-മുസ്ലിം ).
7-സ്നേഹം :(المحبة)
ഈ വാക്യത്തെയും, അതിന്റെ ആശയത്തെയും സ്നേഹിക്കണം. അല്ലാഹുവിനെയും അവൻറ റസൂലിനെയും മറ്റെല്ലാറ്റിനും
ഉപരിയായി ഇഷ്ടപ്പെടണം. ബഹുമാനാദരവും, ഭയ പ്രതീക്ഷാദികളോടെയും അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അല്ലാഹു ഇഷ്ടപ്പെട്ട
എല്ലാറ്റിനെയും സ്നേഹിക്കുകയും വേണം. മക്ക, മദീന, പള്ളികൾ, എന്നീ സ്ഥലങ്ങൾ, റമദാൻമാസം, ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തുദിവസങ്ങൾ എന്നീ കാലങ്ങൾ, ദൂതന്മാർ, പ്രവാചകന്മാർ, മലക്കുകൾ, സ്വഹാബികൾ, രക്തസാക്ഷികൾ, സദ് വൃദ്ധർ എന്നിവർ, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ പ്രവർത്തനങ്ങൾ, ഖുർആൻ പാരായണം, ദിക്റുകൾ എന്നീ വചനങ്ങൾ ഇവയൊക്കെയാണ് അല്ലാഹുവിന്ന് ഇഷ്ടപ്പെട്ടവ.
തന്റെ ദേഹേച്ചകളെക്കാൾ, അല്ലാഹുവിന്ന് ഇഷ്ടമുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകപ്പെടണം. അല്ലാഹുവിന്ന്
വെറുപ്പുള്ള കാര്യങ്ങളോട് വെറുപ്പ് പ്രകടിപ്പിക്കണം. സത്യനിഷേധത്തോടും, നിഷേധികളോടും, അധർമ്മത്തോടും വെറുപ്പുള്ളവനായിത്തീരണം.
അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ [٥٤]
“സത്യവിശ്വാസികളേ, നിങ്ങൾ ആരെങ്കിലും തന്റെ മതത്തിൽ നിന്നും പിന്തിരിഞ്ഞു കളയുന്നപക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്. അവർ സത്യ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരത്തിലേർപ്പെടും. ഒരാക്ഷേപകന്റെ ആക്ഷേപവും അവർഭയപ്പെടുകയില്ല. (മാഇദ-54).
മുഹമ്മദ് റസൂലുല്ലാഹി; ആശയം
മുഹമ്മദുനബി: അല്ലാഹുവിന്റെ ദാസനും, മുഴുവൻ ജനങ്ങൾക്കുമുള്ള പ്രവാചകനും ആണെന്ന് ആന്തരികവും ബാഹ്യവുമായി
അംഗീകരിക്കലാണ് അതിന്റെ ഉദ്ദേശ്യം. ആ വിശ്വാസമനുസരിച്ചു പ്രവർത്തിക്കുകയും വേണം. മതത്തിൽ നിയമമല്ലാത്ത ദൈവികാരാധന ഉപേക്ഷിക്കുക, അദ്ദേഹം കൽപിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തലും, അദ്ദേഹത്തെ അനുസരിക്കലും, അദ്ദേഹം വിരോധിച്ച കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കലും ഈ ആശയത്തിന്റെ വിശദാംശങ്ങളിൽ പെടുന്നതാണ്. മുഹമ്മദ് റസൂലുള്ളാഹി (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു) എന്ന സാക്ഷ്യവാക്യത്തിന് രണ്ടുമുഖ്യഘടകങ്ങൾ ഉണ്ട്. അദ്ദേഹം അല്ലാഹുവിൻറെ ദാസനും, ദൂതനുമാണ് എന്നതാണ് ആ രണ്ടു ഘടകങ്ങൾ. നബിയെ അനർഹമായി പുകഴ്ത്തലും, വ്യക്തി
പ്രശംസ നടത്തലും ഇതു തടയുന്നു. അദ്ദേഹം ഈ രണ്ടു ഘടകങ്ങൾ കൊണ്ടു തന്നെ സൃഷ്ടികളിൽ പരിപൂർണ്ണത നേടിയവനാകുന്നു. അദ്ദേഹം അല്ലാഹുവിന്റെ അടിമയും, ആരാധകനുമാണ് എന്നാണതിന്റെ ആശയം. അദ്ദേഹം മറ്റു മനുഷ്യർ
സൃഷ്ടിക്കപ്പെട്ട ധാതുവിൽ നിന്നും സൃഷ്ടിക്കപ്പെട്ടവനും, മറ്റു മനുഷ്യർക്കു സംഭവിക്കുന്ന
എല്ലാകാര്യങ്ങളും സംഭവിക്കാവുന്ന ഒരു മനുഷ്യനുമാണെന്നു സാരം. അല്ലാഹു പറയുന്നു.
“(നബിയേ) പറയുക, ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു” (18-110.)
“തന്റെ ദാസൻറമേൽ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന്നുയാതൊരു വക്രതയും വരുത്താതെ ചൊവ്വായ നിലയിൽ ആക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി.” (18-1.)
മുന്നറിയിപ്പുകാരനും, സന്തോഷവാർത്ത അറിയിക്കുന്നവനുമായി
അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്കുള്ള പ്രബോധകനുമായി, മുഴുവൻ ജനങ്ങളിലേക്കുംനിയോഗിക്കപ്പെട്ടവൻ എന്നാണ് റസൂൽ എന്നപദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. (അദ്ദേഹം അല്ലാഹുവിൻറ ദാസനും, ദൂതനുമാണെന്നുള്ള) ഈ രണ്ടു വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന സാക്ഷ്യവാക്യം
അദ്ദേഹത്തിന്റെ യഥാർത്ഥ പദവിയെ അംഗീകരിക്കുന്നു. ഒരുദാസൻ എന്ന നിലവിട്ട് ജനങ്ങൾ അദ്ദേഹത്തെ ആരാധ്യനായി സങ്കൽപിക്കുന്നതിൽ നിന്നും അത് തടയുന്നു. ഗുണം നൽകൽ, ദോഷത്തെ തടയൽ, കാര്യങ്ങൾ സാധിപ്പിക്കൽ പോലെയുള്ള, അല്ലാഹുവിനു മാത്രം കഴിയുന്ന, അവനോടു മാത്രം ചോദിക്കപ്പെടേണ്ടുന്ന കാര്യങ്ങൾ നബിയോട് ചോദിക്കാൻ പാടില്ലെന്നും ഈ വാക്ക് അർത്ഥമാക്കുന്നു. മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ ദൗത്യം തന്നെ നിഷേധിക്കുകയും, അദ്ദേഹത്തെ പിൻപറ്റുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തിരിക്കുന്നു. അതും ഈ ആശയത്തിന്നു വിപരീതമാണ്.
ഈമാൻ കാര്യങ്ങൾ
മനുഷ്യ പ്രവർത്തനങ്ങളുടെയും വാക്കുകളുടെയും സാധുതയും, സ്വീകാര്യതയും നിലകൊള്ളുന്നത് ശരിയായ വിശ്വാസത്തിന്മേലാണ്. വിശ്വാസം പിഴച്ചുപോയാൽ അതിലൂടെ ഉടലെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിഷ്ഫലമായിത്തീരുമെന്നാണ് ഖുർആനും സുന്നത്തും പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു.
{ ومن يكفر با لا يمن فقد حبط عمله وهو فى الآخرة من الخسرين } (٥: المائدة )
സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ കർമ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്തിൽ അവൻ നഷ്ടം പറ്റിയവരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും. (മാഇദ:5)
ولقد اوحي إليك والى الذين من قبلك لءن اشركت ليحبطن عملك ولتكونن من الخسرين (٦٥:الزمر)
“തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ. (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും.” (സുമർ 65.)
ഇസ് ലാമിക വിശ്വാസ സംഹിത, അല്ലാഹുവിലും അവന്റെ മലക്കുകളിലും, വേദഗ്രന്ഥങ്ങളിലും, പ്രവാചകരിലും അന്ത്യദിനത്തിലും,വിധിയിലും ഉള്ള വിശ്വാസത്തിൽ നിന്നാണ് ഉദ്ഭൂതമാകുന്നത്. ഈ ആറു കാര്യങ്ങളാണ് ഇസ്ലാമിക വിശ്വാസത്തിന്റെ ആണിക്കല്ല്. അതു പഠിപ്പിക്കാനാണ് പരിശുദ്ധ ഖുർആൻ അവതീർണമായത്. അതിനുവേണ്ടി തന്നെയാണ് മുഹമ്മദ് നബി (സ) പ്രവാചകനായി നിയമിതനായതും.