ഖൗല ഒരു അനാചാരത്തിന്റെ വേരറുത്തവൾ

മദീനയിലെ ഒരു പ്രഭാതം. നടപ്പാതകളിലൂടെ തിരക്കിട്ട് നടക്കുകയാണ് ഖലീഫ ഉമർ. കൂടെ സഹായി ജാറൂദ് അബ്ദിയും.. പെട്ടെന്നാണ് അല്‍പ്പം പ്രായമായ ഒരു സ്ത്രീ ഉമറിന്റെ മുന്നിൽ വന്നു നിന്ന് ഉമറിനെ തടഞ്ഞു നിര്‍ത്തിയത്.. ആ സ്ത്രീയെ കണ്ടതും ഉമർ വിനയാന്വിതനായി അവിടെ നിന്നു.. ഉമർ നിന്നതും ആ സ്ത്രീ ഉമറിനെ അധികാരഭാവത്തിൽ, ശാസനാസ്വരത്തിൽ ഉപദേശിക്കാൻ തുടങ്ങി..

“ഹേ ഉമർ, ഉക്കാളചന്തയിൽ ഗുസ്തി പിടിച്ചു നടന്നിരുന്ന കാലത്ത് നീ ഞങ്ങള്‍ക്ക് ഉമൈർ (കൊച്ചു ഉമർ) ആയിരുന്നു.. പിന്നീട് നീ ഞങ്ങള്‍ക്ക് ഉമർ ആയി. മക്കയുടെ വക്താവ് ആയി.. ഇപ്പോൾ വിശ്വാസികളുടെ എല്ലാം അമീർ (നേതാവ്) ആയിരിക്കുന്നു.. അതിനാൽ പ്രജകളുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടുക. ഓര്‍ത്തുകൊള്ളുക, അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുന്നവന്ന് ദൂരെ കിടക്കുന്ന മനുഷ്യനും അടുത്ത ബന്ധുവിനെപ്പോലെയാകുന്നു”

എന്നിട്ട് അവർ തന്റെ കൂടെ ഉള്ള ഒരു സ്ത്രീയുടെ പരാതികൾ ഉമറിനോട് സംസാരിക്കാൻ തുടങ്ങി.. അത് കഴിഞ്ഞപ്പോൾ തന്റെ തന്നെ മറ്റുചില പരാതികളും രാജ്യത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ ഉമറിനെ നിര്‍ത്താതെ ഉപദേശിക്കാൻ തുടങ്ങി.. കിസ്രയും ഹിര്‍ക്കലും വരെ പേടിയോടെ മാത്രം കാണുന്ന ഉമർ ആ സ്ത്രീക്ക് മുന്നിൽ ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ വിനയാന്വിതനായി എല്ലാം തലകുലുക്കി കേള്‍ക്കുന്നു.. സമയം കടന്നു പോവുകയാണ്.. കൂടെ ഉള്ള ജാറൂദിന് ക്ഷമ നശിച്ചു തുടങ്ങി.. ആരാണ് ഈ വൃദ്ധ, ഉമറിനെ ഇത്ര അധികാരത്തോടെ ഉപദേശിക്കാൻ മാത്രം? ഇസ്ലാമികരാഷ്ട്രത്തിലെ ഗജകില്ലാഡികൾ വരെ, എന്തിനു സാക്ഷാൽ ഖാലിദ് ബിൻ വലീദ് പോലും ഉമറിന്റെ മുന്നിൽ ഇങ്ങനെ നില്‍ക്കില്ലല്ലോ..? സഹികെട്ട ജാറൂദ് ആ സ്ത്രീയോട് തട്ടിക്കയറി..

“ഹേ സ്ത്രീ.. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത് എന്നറിയുമോ? നിങ്ങൾ അമീറുൽ മുഅമിനീന്റെ (വിശ്വാസികളുടെ നേതാവ്) സമയം മെനക്കെടുത്തുകയാണല്ലോ? അദ്ദേഹം ഒരു അത്യാവശ്യകാര്യത്തിനു പോവുകയാണ് എന്നറിയില്ലേ?”

അത് വരെ നിശബ്ദനായി നിന്ന ഉമറിന്റെ ശബ്ദം പൊങ്ങി.. അതെ, ഉമർ വീണ്ടും ഉമറായി..!

“നാവടക്കൂ ജാറൂദ്.. നിനക്ക് ഇതാരാണെന്നറിയില്ല.. ഇത് ഖൗലയാണ്…!!

ഖൗല.. ആ പേര് ജാറൂദിന് അത്ര പരിചിതം ആയിരിക്കില്ല.. അതൊരു ഫ്ലാഷ്ബാക്ക് ആണ്..

പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്ന് ഖൗല യുവതിയാണ്.. ളിഹാർ എന്ന അറബികളുടെ അങ്ങേയറ്റം നികൃഷ്ടമായ ഒരു അനാചാരത്തിന്റെ ബലിയാടാവേണ്ടി വന്നവൾ.. ഭാര്യയോടു ദേഷ്യപ്പെടുമ്പോൾ അക്കാലത്തെ ഭര്‍ത്താക്കന്മാർ ചെയ്യുന്ന ഒരു ആചാരം. ളിഹാർ ചെയ്യുക.. അതോടെ ഭാര്യയുമായുള്ള കിടത്തവും വേഴ്ചയിലേര്‍പ്പെടുന്നതും അയാൾ അവസാനിപ്പിക്കും. എന്നാൽ ഭാര്യക്ക് അയാളെ വിട്ടു പോകാനും പറ്റില്ല.. ഭാര്യയെ ഒഴിവാക്കുകയും വേണം എന്നാൽ അവളുടെ സ്വത്തുക്കൾ ലഭിക്കുകയും വേണം എന്ന് ചിന്തിക്കുന്ന കുബുദ്ധികൾ നല്ലവണ്ണം ഈ അനാചാരം ഉപയോഗിച്ചിരുന്നു.. എത്രയെത്ര അറബി സ്ത്രീകളെയാണ് ഈ അനാചാരം കണ്ണീരു കുടിപ്പിച്ചത്..?

പക്ഷെ ഖൗല അങ്ങനെയൊരു സാധാരണ സ്ത്രീയല്ലല്ലോ.. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചു.. ഫലം ഇല്ലെന്നു കണ്ടപ്പോൾ അവർ നബിയുടെ മുന്നിൽ എത്തി.. ഈ അനാചാരത്തിനെതിരെ ശബ്ദിക്കാൻ, അത് നിരോധിക്കാൻ അവർ നബിയോട് ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടു.. ദേഷ്യവും കോപവും സഹിക്കാൻ കഴിയാതെ ആ സ്ത്രീ തന്റെ ആ നേതാവിനോട് തന്റെ ആവലാതികൾ ആവര്‍ത്തിച്ചു പറഞ്ഞു തര്‍ക്കിച്ചു.. നബിയുടെ ശബ്ദത്തിനു മേലെയെങ്ങാനും സഹാബികളിൽ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നാൽ അപ്പോൾ അല്ലാഹു അതിനെ ശാസിച്ചു കൊണ്ട് വചനങ്ങൾ ഇറക്കുമായിരുന്നു.. പക്ഷെ ഖൗലയുടെ കാര്യത്തിൽ അത് സംഭവിച്ചില്ല.. മറിച്ചു ഓണ്‍ ദി സ്പോട്ടിൽ ആ സ്ത്രീയേ പിന്തുണച്ചു കൊണ്ട് എഴാനാകാശത്ത് നിന്നും വചനങ്ങൾ ഇറങ്ങി..

“തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകൾ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. നിങ്ങളിൽ ചിലർ ഭാര്യമാരെ ളിഹാർ ചെയ്യുന്നു. എന്നാൽ ആ ഭാര്യമാർ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവർ മാത്രമാണ് അവരുടെ മാതാക്കൾ. അതിനാൽ നീചവും വ്യാജവുമായ വാക്കുകളാണ് അവർ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.” (ഖുര്‍ആൻ 58:1,2)

ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നിരാലംബയായ സ്ത്രീക്ക് എഴാനാകാശത്ത് നിന്നും ദൈവത്തിന്റെ ഐക്യദാര്‍ഢ്യം.. സ്ത്രീയുടെ വേദനകള്‍ക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം…

ഖൗല, ഒരു അനാചാരത്തിന്റെ വേര് അറുത്തവൾ. അനേകം സ്ത്രീകളുടെ കണ്ണീരിനു വേണ്ടി ശബ്ദിച്ചവൾ.. അവളാണ് ഉമറിന്റെ മുന്നിൽ നില്‍ക്കുന്നത്. നബിയോട് വരെ ഉച്ചത്തിൽ സംസാരിക്കാൻ ധൈര്യപ്പെട്ടവൾ ആണവൾ.. അന്ന് ദൈവം തന്റെ വചനങ്ങളാൽ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ആദരിച്ച ആ സ്ത്രീക്ക് മുന്നിൽ ഉമർ പിന്നെ വിനയാന്വിതൻ ആയി നില്‍ക്കാതിരിക്കുമോ?
“ഇത് ഖൗലയാണ്.. തന്റെ പരാതികൾ ഏഴാകാശങ്ങളിൽ കേള്‍ക്കപ്പെട്ട വനിതയാണവർ. അതിനാൽ അല്ലാഹുവാണെ, ഇന്ന് രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും അവര്‍ക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞുകഴിയും വരെ ഞാൻ ഇവിടെ നില്‍ക്കും. നമസ്കാര സമയങ്ങളിൽ മാത്രമേ അവരോട് വിടുതൽ ചോദിക്കുകയുള്ളൂ..”
ഉമർ ഖൗലക്ക് നേരെ തിരിഞ്ഞു.. “അല്ലയോ സഹോദരീ, പറഞ്ഞാലും.. ഉമർ ഇതാ കേള്‍ക്കാൻ തയ്യാറാണ്..”
വിനയാന്വിതനായി തന്റെ മുന്നിൽ നില്‍ക്കുന്ന ഖലീഫയെയും അന്തം വിട്ടു നില്‍ക്കുന്ന ജാറൂദിനെയും മാറി മാറി നോക്കിയ ശേഷം ഖൗലയുടെ മുഖത്ത് അപ്പോൾ വിരിഞ്ഞ പുഞ്ചിരി ഇസ്ലാമികചരിത്രത്തിലെതന്നെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു..
ഇസ്ലാം സ്ത്രീവിരുദ്ധം ആണെന്നും സ്ത്രീകളുടെ വിഷമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മതം ആണെന്നും പറയുന്ന വിമര്‍ശകര്‍ക്ക് മുന്നിൽ മേല്‍പറഞ്ഞ ഖുര്‍ആൻ വചനങ്ങൾ ഇന്നും പുഞ്ചിരി തൂകി നില്‍ക്കുന്നു..

ആ വിമര്‍ശകര്‍ക്ക് ഖൗലയെ അറിയില്ല, മറിയമിനെ അറിയില്ല, ആസിയയെ അറിയില്ല, ഹാജറയെയും ഖദീജയെയും അറിയില്ല, ഫാത്വിമയെയും ആയിഷയെയും അറിയില്ല, ഉമ്മു അമ്മാറയെയും സുമയ്യയെയും അറിയില്ല….. അവര്‍ക്ക് അറിയാവുന്നത് ചില ‘മലാല’മാരെ മാത്രമാണ്..