ഇന്ത്യയെ വർഗീയതയിൽ അധിഷ്ഠിതമായ ഒരു ഹിന്ദുത്വ
രാഷ്ട്രമാക്കാനുള്ള തീവ്രശ്രമത്തിലാണ് ചില ദുഷ്ട ശക്തികൾ,
ഇതര മതങ്ങളെയും സംസ്കാരങ്ങളെയും ഇല്ലായ്മ ചെയ്ത്
ഏകശിലാത്മകമായ മതവും സംസ്കാരവും രാജ്യത്തിനുമേൽ
അടിച്ചേൽപിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങളും പദ്ധതികളും അവർ
ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി സർക്കാർ മേൽനോട്ടത്തിൽ തന്നെ
ന്യൂനപക്ഷങ്ങളും ദളിതുകളും വേട്ടയാടപ്പെട്ടു തുടങ്ങി. അവർക്ക് വേണ്ടി
ശബ്ദിച്ച് പല എഴുത്തുകാരും ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും
കൊലചെയ്യപ്പെട്ടു. നിരപരാധികളായ മഹാഭൂരിപക്ഷം ഹിന്ദുക്കളുടെ
പേരിൽ ന്യൂനപക്ഷം വരുന്ന ഫാഷിസ്റ്റുകളുടെ നേതൃത്വത്തിൽ
ഹിന്ദുത്വം അഴിഞ്ഞാടി. വർഗീയത ഫണം നിവർത്തി ആടിത്തിമിർത്തു.
പിഞ്ചുകുട്ടികൾ പോലും മതത്തിന്റെ പേരിൽ ക്രൂരമായി വധിക്കപ്പെട്ടു.
രാജ്യത്തെ മഹാഭൂരിപക്ഷമായ മതേതര ജനതക്കിടയിൽ നിലനിൽക്കുന്ന
ഭിന്നതകളാണ് ഫാഷിസ്റ്റുകളുടെ ഈ കുതിപ്പിന് കാരണം. മതേതര
ജനാധിപത്യ പ്രസ്ഥാനങ്ങൾ ഭിന്നിച്ചു പോവുകയും കേവലം ചില
നയനിലപാടുകളിലും വീക്ഷണങ്ങളിലുമുള്ള വ്യത്യാസങ്ങളുടെ പേരിൽ
പരസ്പരം സഹകരിക്കാതിരിക്കുകയും വ്യക്തികൾ തമ്മിലുള്ള
അസ്വാരസ്യങ്ങൾ കാരണം പിളർന്നു പിളർന്നു ഗ്രൂപ്പുകളായിത്തീരുകയും
ചെയ്യുന്ന സ്ഥിതി വന്നപ്പോൾ ഫാഷിസ്റ്റുകൾക്ക് പിടിച്ചുകയറാനുള്ള
ഒരു ഏണിയായി അത് മാറി. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ
വ്യാപകമായ അഴിമതികൾ ഉണ്ടെന്നു സമർഥിക്കാൻ ഫാഷിസ്റ്റുകൾക്ക്
സാധിച്ചതോടെ മതേതര പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും തകർന്നു.
ഇന്ത്യയിലെ ഹൈന്ദവ സമുദായം ഉൾക്കൊള്ളുന്ന മഹാ
ഭൂരിപക്ഷം സുശക്തമായ ഒരു രാഷ്ട്രത്തിനു വേണ്ടി മതേതര
ആശയങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ്.
ഫാഷിസ്റ്റുകൾക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന് അവർ
അവകാശപ്പെടുന്ന സംസ്ഥാനങ്ങളിൽ ഹൈന്ദവ സമുദായത്തിലെ
മതേതരവിശ്വാസികളുടെ വോട്ടുകൾ ഛിന്നഭിന്നമായത് മതേതര
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ഈഗോ
ക്ലാഷുകൾ നിമിത്തം മാത്രമാണ്. അത് പരിഹരിക്കപ്പെടണമെങ്കിൽ
രാഷ്ട്രശിൽപികൾ ഉയർത്തിപ്പിടിച്ച് മൂല്യബോധം ആദർശമായി
സ്വീകരിച്ച നിഷ്കാമികളുടെ നേതൃത്വം മതേതര പ്രസ്ഥാനങ്ങൾക്ക്
അനിവാര്യമാണ്.
വർഗീയതക്കെതിരെ മതേതര കൂട്ടായ്മ വളർന്നു വരണം. ശക്തിപ്പെടണം.
ലോകം കാതോർക്കുന്ന കാലത്തിന്റെ ആവ
ശ്യമാണത്.സ്വാതന്ത്ര്യസമര നേതാക്കളായ മുഹമ്മദ് അബ്ദുറഹ്മാൻ
സാഹിബ്, വക്കം മൗലവി, കെ.എം മൗലവി, സീതി സാഹിബ് തുടങ്ങിയ
മുസ്ലിം നവോത്ഥാന നായകരും ഡോ.ഉസ്മാൻ സാഹിബ്,
കെ.പി മുഹമ്മദ് മൗലവി തുടങ്ങിയ മഹാരഥന്മാരും ഉയർത്തിപ്പിടിച്ച
ആശയാദർശങ്ങൾ ശക്തമായി പിന്തുടരുന്ന മുജാഹിദ് പ്രബോധന
വിഭാഗമായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്
ഇതാണ് ഈ വിഷയത്തിൽ പറയാനുള്ളത്.