തറാവീഹും ഖിയാമുല്ലൈലും – ലഘുവിവരണം

പി.എൻ അബ്ദുർറഹ്മാൻ

ഈയിടെയായി ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ് ഖിയാമുല്ലൈലും തറാവീഹും രണ്ടും രണ്ടാണോ അതോ ഒന്നാണോ ?. ഇനി ഒരു പള്ളിയിൽ തറാവീഹ് നമസ്കരിച്ച ശേഷം പിന്നെ അതേ പള്ളിയിൽ ഖിയാമുല്ലൈൽ നമസ്കരിക്കുന്നത് അനുവദിക്കപ്പെട്ട കാര്യമാണോ തുടങ്ങിയ ചോദ്യങ്ങൾ.

എൻ്റെ പ്രിയ ഉസ്താദും തീസിസ് ഗൈഡും കൂടിയായ ശൈഖ് ഡോ. ഹമദ് അൽ ഹാജിരി ഈ വിഷയത്തിൽ എഴുതിയ കുറിപ്പിനെ കൂടി ആസ്പദമാക്കിയാണ് ഈ വിശദീകരണം രേഖപ്പെടുത്തുന്നത്.

ഈയിടെയായി തറാവീഹ് ജമാഅത്തായി പള്ളിയിൽ നിന്നു നിർവഹിക്കുന്നത് തന്നെ ബിദ്അത്താണ് എന്ന് പറഞ്ഞുകൊണ്ട് അബദ്ധജഢിലമായ ഒരു ലേഖനം വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത് പല സഹോദരങ്ങളും അയച്ചുതന്നിരുന്നു. യഥാർത്ഥത്തിൽ നബി (സ) യാണ് നമുക്ക് തറാവീഹ് ജമാഅത്തായി നമസ്കരിച്ച് കാണിച്ചുതന്നത്. മൂന്ന് ദിവസമേ അദ്ദേഹം അപ്രകാരം പള്ളിയിൽ വെച്ച് കാണിച്ച് തന്നിട്ടുള്ളൂ. എന്നാൽ അതിനു ശേഷം സ്വഹാബത്ത് ഒറ്റയ്ക്കൊറ്റക്കും ജമാഅത്തായും പള്ളിയിൽ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നു.  വ്യത്യസ്ത ജമാഅത്തുകളായി ഒരേ പള്ളിയിൽ നമസ്കരിക്കുന്നത് കണ്ടപ്പോൾ ഉമർ (റ) അവരെ ഒരു ഇമാമിന്റെ കീഴിൽ ജമാഅത്തായി നമസ്‌കരിക്കാൻ കല്പിച്ചു. ഇബാദത്തുമായി ബന്ധപ്പെട്ട തൗഖീഫിയായ ഒരു വിഷയത്തിൽ ഉമർ (റ) അപ്രകാരം ഒരു തീരുമാനം സ്വന്തമായി എടുത്തതല്ല. മറിച്ച്, നബി (സ)യുടെ അദ്ധ്യാപനം അനുസരിച്ചാണ് എന്നത്  ഉസ്വൂലുൽ ഫിഖ്ഹിന്റെ പ്രാഥമിക വിവരമുള്ള ആർക്കും അറിയാവുന്ന കാര്യമാണ്. മാത്രമല്ല, മറ്റു സ്വഹാബാക്കൾ അതിനെ എതിർക്കാത്ത പക്ഷം അത് അവർക്കിടയിലുള്ള ഇജ്‌മാആയി കണക്കാക്കപ്പെടുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ തറാവീഹ് പള്ളിയിൽ വെച്ച് നമസ്കരിക്കുന്നത് തന്നെ പുത്തൻ ആചാരമാണ് എന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധജഢിലവും അറിവില്ലായ്മയുടെ ആഴം വ്യക്തമാക്കുന്ന   ഒരു കാര്യവുമായതു കൊണ്ടുതന്നെ മറുപടി അർഹിക്കുന്നില്ല. മാത്രമല്ല ഈ ലേഖനത്തിൽ നാം ഉദ്ധരിച്ചിരിക്കുന്ന സ്വഹാബിയായ ത്വൽഖു ബ്‌നു അലി (റ)  അദ്ദേഹം ഒരേ രാത്രിയിൽ രണ്ട് പ്രദേശത്തുകാർക്ക് ഇമാമായി നമസ്കരിച്ച സംഭവം ഈ വിഷയത്തിലും സ്വഹാബത്ത് തറാവീഹ് നമസ്‌കാരം ജമാഅത്തായി നമസ്കരിച്ചിരുന്നു എന്നതിന് തെളിവാണ്.

നബി (സ) മൂന്ന് ദിവസം സ്വഹാബാക്കൾക്കൊപ്പം പള്ളിയിൽ വെച്ച് ജമാഅത്തായി തറാവീഹ് നമസ്കരിച്ചു. മൂന്നാം ദിവസം പള്ളി നിറഞ്ഞുകവിഞ്ഞു. പിന്നീട് അതൊരു നിർബന്ധ നമസ്കാരത്തെപ്പോലെയായിത്തീരുകയും ആളുകൾക്ക് പ്രയാസമായിത്തീരുകയും ചെയ്യുമെന്നതിനാൽ നബി (സ)   പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കുന്നത് അവസാനിപ്പിച്ചുവെന്ന് ഹദീസിൽ സ്പഷ്ടമായി വന്നിട്ടുണ്ട്. എന്നാൽ അത് ജമാഅത്തായി നമസ്കരിക്കുന്നതിനോ റമദാനിൽ പള്ളിയിൽ വെച്ച് ജമാഅത്തായി നമസ്കരിക്കുന്നതിനോ വിലക്കൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സ്വഹാബത്ത് ചിലരൊക്കെ ജമാഅത്തായും മറ്റു ചിലർ ഒറ്റക്കൊറ്റക്കായുമൊക്കെ പള്ളിയിൽ വെച്ച് അത് നിർവഹിച്ചു പോന്നത്. ഒരേ സമയം ഒന്നിലധികം ജമാഅത്തുകളും ഒറ്റക്കൊറ്റക്ക് നമസ്കരിക്കുന്നവരേയും കണ്ടപ്പോഴാണ് ഉമർ (റ), നബി (സ) കാണിച്ചുതന്നത് പോലെ ഒരു ഇമാമിന്റെ കീഴിൽ ഒരു ജമാഅത്തായി നമസ്കരിക്കാൻ അവരോട് ആവശ്യപ്പെട്ടത്.

وَعَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ قَالَ: خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ – رضي الله عنه – لَيْلَةً فِي رَمَضَانَ إِلَى الْمَسْجِدِ , فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ , يُصَلِّي الرَّجُلُ لِنَفْسِهِ , وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلَاتِهِ الرَّهْطُ , فَقَالَ عُمَرُ: إِنِّي أَرَى لَوْ جَمَعْتُ هَؤُلَاءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ , ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ – رضي الله عنه – , ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى وَالنَّاسُ يُصَلُّونَ بِصَلَاةِ قَارِئِهِمْ , فَقَالَ عُمَرُ: نِعْمَتِ الْبِدْعَةُ هَذِهِ , وَالَّتِي يَنَامُونَ عَنْهَا أَفْضَلُ مِنْ الَّتِي يَقُومُونَ – يُرِيدُ آخِرَ اللَّيْلِ – وَكَانَ النَّاسُ يَقُومُونَ أَوَّلَهُ.


അബ്‌ദുറഹ്‌മാൻ ബ്ൻ അബ്ദുൽ ഖാരി നിവേദനം: ഞാൻ റമളാനിലെ ഒരു രാവിൽ ഉമർ ബ്ൻ ഖത്താബ് (റ) വിനോടൊപ്പം പള്ളിയിലേക്ക് പോയി. ആളുകൾ വേറെവേറെയായി അവിടെ രാത്രി നമസ്കാരം നിർവഹിക്കുന്നുണ്ടായിരുന്നു. ചിലർ ഒറ്റക്ക് നമസ്‌കരിക്കുന്നു. മറ്റു ചിലർ അവരോടൊപ്പം ചെറു സംഘം അവരെ പിന്തുടർന്ന് നമസ്കരിക്കുന്നു. അപ്പോൾ ഉമർ (റ) പറഞ്ഞു: “അവരെയെല്ലാം ഒരു ഖാരിഇൻ്റെ കീഴിൽ ഒരുമിപ്പിച്ചാൽ കൂടുതൽ നന്നാകും.” അങ്ങനെ അദ്ദേഹം അത് തീരുമാനിക്കുകയും ഉബയ്യ് ബ്ൻ കഅബ് (റ) വിന്റെ നേതൃത്വത്തിൽ അവരെ ഒരു ജമാഅത്താക്കുകയും ചെയ്തു. ശേഷം മറ്റൊരു രാവിൽ ഞാൻ അദ്ദേഹത്തോടൊപ്പം പള്ളിയിലേക്ക് പോയി. ആളുകൾ അവരുടെ ഖാരിഇനോടൊപ്പം ജമാഅത്തായി നമസ്‌കരിക്കുകയായിരുന്നു. അപ്പോൾ ഉമർ (റ) പറഞ്ഞു: “ഇതെത്ര നല്ല തുടക്കമാണ്. എന്നാൽ ഇപ്പോൾ നിന്ന് നമസ്കരിക്കുന്നവരേക്കാൾ ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠം. ആളുകൾ അതിൻ്റെ  ആദ്യ സമയത്താണ് നമസ്കരിച്ചിരുന്നത്”.

– (مختصر صحيح البخاري: 950)


എന്നാൽ നാം ചർച്ച ചെയ്യുന്ന വിഷയം അതല്ല. തറാവീഹ് നമസ്കാരം ഒരാൾ പള്ളിയിൽ വെച്ച് ജമാഅത്തായി നമസ്കരിച്ചാൽ അയാൾക്ക് ശേഷം ഖിയാമുല്ലൈൽ നമസ്‌കരിക്കാമോ?. അതുപോലെ പള്ളിയിൽ തറാവീഹ് ജമാഅത്ത് നമസ്കാരം നടന്ന ശേഷം പിന്നെ ഖിയാമുല്ലൈൽ എന്ന പേരിൽ രാത്രി വൈകി നമസ്കരിക്കുന്നത് ബിദ്അത്താകുമോ തുടങ്ങിയ കാര്യങ്ങളാണ്.

രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ഠത  നമുക്കൊക്കെ അറിയാമല്ലോ. ഏറെ പ്രതിഫലാർഹമായ, പരിശുദ്ധ റമളാനിൽ ഏറെ  പ്രോത്സാഹിപ്പിക്കപ്പെട്ട, നബി (സ) റമളാനിൽ പള്ളിയിൽ വെച്ച് മൂന്ന് ദിവസം ലഘുവായും, മിതമായും, സുദീർഘമായും നമസ്കരിച്ച് കാണിച്ചുകൊടുത്ത നമസ്കാരം റമളാനിൽ നിലനിർത്തുന്നവന് പ്രത്യേകം പ്രതിഫലം തന്നെ  ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്:

“مَنْ قامَ رمضانَ إيماناً واحتِساباً؛ غُفِرَ لهُ ما تَقدَّمَ من ذنبه”.

“ഈമാനോട് കൂടിയും പ്രതിഫലേച്ഛയോടുകൂടിയും ആരെങ്കിലും പരിശുദ്ധ റമളാനിൽ രാത്രി നമസ്കാരം നിർവഹിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും” – [مختصر صحيح البخاري: 949].

“من قام ليلة القدر إيماناً واحتساباً غفرله ما تقدم من ذنبه” 


“ഈമാനോട് കൂടിയും പ്രതിഫലേച്ഛയോടുകൂടിയും ആരെങ്കിലും ലൈലത്തുൽ ഖദ്റിന്റെ രാവിൽ രാത്രി നമസ്കാരം നിർവഹിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും” – [صحيح البخاري: 1901].

ഇശാ നമസ്കാരാനന്തരം മുതൽ ഫജ്ർ നമസ്കാരത്തിന് സമയമാകുന്നത് വരെ രാത്രി നമസ്കാരത്തിന്റെ സമയമാണ് എന്നത് തർക്കമില്ലാത്ത വിഷയമാണ്. മാത്രമല്ല രാവിന്റെ ആദ്യ സമയത്തേക്കാൾ അതിന്റെ അവസാനഭാഗം കൂടുതൽ ശ്രേഷ്ഠതയേറിയ സമയമാണ് എന്നതും തർക്കമില്ലാത്ത ഹദീസുകളിലൂടെ പഠിപ്പിക്കപ്പെട്ട കാര്യമാണ്. സ്വാഭാവികമായും ആളുകൾ ഈ ശ്രേഷ്ഠമായ സമയങ്ങളിൽ ഇബാദത്തുകളിൽ മുഴുകുന്നതിന്റെ ഭാഗമായി നമസ്കാരം കൊണ്ട് അതിനെ ജീവിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ പൊതുവേയും, നമ്മുടെ നാട്ടിലൊക്കെ ചില പള്ളികളിലും റമളാൻ അവസാനത്തെ പത്തിന് പള്ളിയിൽ സാധാരണ ഇശാ നമസ്കാരശേഷം ആളുകൾ തറാവീഹ് എന്ന് പറയാറുള്ള ജമാഅത്തും, രാത്രി വൈകിയ വേളയിൽ  ആളുകൾ ഖിയാമുല്ലൈൽ എന്ന് പറയാറുള്ള ജമാഅത്തും നടക്കുന്നു. സ്വാഭാവികമായും ചില ചോദ്യങ്ങൾ ഇവിടെ നമുക്ക് ഉണ്ടാകാം… താൻ ചെയ്യുന്ന കർമ്മങ്ങൾ നബി (സ) അദ്ധ്യാപനങ്ങളനുസരിച്ചുള്ളവയായിരിക്കണം എന്ന നല്ല ചിന്തയിൽ നിന്നുമുദിക്കുന്ന ന്യായമായ ചോദ്യങ്ങളാണവ. അതുകൊണ്ടുതന്നെ ആ സംശയങ്ങളും അതിനുള്ള മറുപടിയും നമുക്ക് ചർച്ച ചെയ്യാം:

ആശങ്കകൾ ഇവയാണ്:

ഒന്ന്: രാത്രി നമസ്കാരത്തെ തറാവീഹ് എന്നും ഖിയാമുല്ലൈൽ എന്ന് വേർതിരിക്കുന്നതും അവ രണ്ട് പേരുകളിൽ അറിയപ്പെടുന്നതും പുതുതായുണ്ടായതല്ലേ ?.

രണ്ട്: നബി (സ) രാത്രിയുടെ ആദ്യസമയത്തെ രാത്രിനമസ്കാരവും രാത്രിയുടെ അവസാന സമയത്തെ നമസ്കാരവും എന്ന രൂപത്തിൽ വ്യത്യസ്ഥ സമയങ്ങളിൽ വേർതിരിച്ച് നമസ്കരിച്ചിട്ടില്ല.

മൂന്ന്: അവസാനത്തെ പത്തിൽ മാത്രം പ്രത്യേകമായി രാത്രി വൈകി ഖിയാമുല്ലൈൽ നമസ്കരിക്കുന്നത് ശരിയാണോ?.

നാല്: തറാവീഹ് നമസ്കരിച്ച ഒരാൾക്ക് ഖിയാമുല്ലൈലിൽ പങ്കെടുക്കാമോ ?.

ഒന്നാമതായി: താറാവീഹ് എന്ന പേര് തന്നെ അല്ലെങ്കിൽ തഹജ്ജുദ് എന്നത് പ്രത്യേകമായി വ്യത്യസ്ത നമസ്കാരങ്ങൾക്കായി വന്ന പേരല്ല. തറാവീഹ് എന്ന പേര് ഖുർആനിലോ ഹദീസിലോ സ്ഥിരപ്പെട്ട് വന്നിട്ടില്ല. രാത്രിയുടെ ആദ്യസമയത്ത് സുദീർഘമായ നമസ്കരിച്ച് അവക്കിടയിൽ അൽപ സമയം വിശ്രമം എടുക്കുന്നത് കൊണ്ടാണ് മുൻഗാമികൾ ‘തറാവിഹ്’ എന്ന പേര് അതിന് നൽകിയത്. ആഇശ (റ) യിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസിൽ ഇതിലേക്കുള്ള സൂചനകൾ കാണാം:

عَنْ عَائِشَةَ رَضِىَ اللَّهُ عَنْهَا قَالَتْ : كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُصَلِّى أَرْبَعَ رَكَعَاتٍ فِى اللَّيْلِ ، ثُمَّ يَتَرَوَّحُ


ആഇശാ (റ) യിൽ നിവേദനം: “നബി (സ) രാത്രി നമസ്കാരം നാല് റകഅത്ത് നമസ്കരിച്ചുകഴിഞ്ഞാൽ അല്പം വിശ്രമിക്കുമായിരുന്നു”.  – [ السنن الكبرى للبيهقي: 4807].

ഇവിടെ (يَتَرَوَّح) ‘യതറവ്വഹ്’ വിശ്രമിക്കുമായിരുന്നു  എന്ന് ഉമ്മുൽ മുഅമിനീൻ ആഇശ (റ) പ്രയോഗിച്ചിരിക്കുന്നത് കാണാം. ഇടയിൽ വിശ്രമിക്കുന്ന നമസ്കാരം എന്നതാണ് ‘തറാവീഹ്’ എന്നതുകൊണ്ട് പൂർവ്വികർ ഉദ്ദേശിച്ചുവന്നത് എന്ന് മനസ്സിലാക്കാം.

ഇനി (تهجد) തഹജ്ജുദ് എന്ന പ്രയോഗം.. ഇത് വിശുദ്ധ ഖുർആനിൽ നമുക്ക് കാണാം   

وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَكَ عَسَى أَنْ يَبْعَثَكَ رَبُّكَ مَقَامًا مَحْمُودًا


“രാത്രിയില്‍ നിന്ന്‌ അല്‍പസമയം നീ ഉറക്കമുണര്‍ന്ന്‌ അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത്‌ നിനക്ക്‌ കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ്‌ നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത്‌ നിയോഗിച്ചേക്കാം”. – (سورة الإسراء: 79).

അതുകൊണ്ട്, പൊതുവേ ഉറക്കമുണർന്ന് രാത്രി നമസ്കാരം നിർവഹിക്കുന്നതിന് പൂർവ്വികർ ‘തഹജ്ജുദ്’ എന്ന് പ്രയോഗിച്ച് പോന്നു.

ഇനി ഖിയാമുല്ലൈൽ എന്ന പദവും ഇപ്രകാരം തന്നെ. രാത്രിയുടെ ആദ്യത്തിലോ അവസാനത്തിലോ മധ്യത്തിലോ ആകട്ടെ ‘രാത്രിനമസ്കാരം’ ഖിയാമുല്ലൈൽ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇത് ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്:

عن عبدِ الله بنِ عَمْروِ بنِ العاصِ رضي الله عنهما قالَ: قالَ لي رسولُ الله – صلى الله عليه وسلم -: “يا عبدَ الله! لا تَكُنْ مثلَ فلانٍ، كانَ يقومُ الليلَ فترَك قيامَ الليلِ”

അബ്ദുല്ലാഹ് ബ്ൻ അംറു ബ്നുൽ ആസ് (റ) നിവേദനം: നബി (സ) എന്നോട് ഇപ്രകാരം പറഞ്ഞു: “അല്ലയോ അബ്‌ദല്ലാഹ്. രാത്രി നമസ്‌കാരം സ്ഥിരമായി നിർവഹിക്കുകയും പിന്നീട് ‘ഖിയാമുല്ലൈൽ’ ഉപേക്ഷിക്കുകയും ചെയ്തവനെപ്പോലെ നീയാകരുത്”. – (مختصر صحيح البخاري: 575).

ഇവിടെ രാത്രിയുടെ ഏത് സമയത്താകട്ടെ രാത്രിനമസ്കാരം നിർവഹിക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. എന്നാൽ ഇന്ന് പൊതുവേ രാത്രി വൈകിയ ശേഷം നമസ്കരിക്കുന്നതിന് ആളുകൾ ‘ഖിയാമുല്ലൈൽ’ എന്ന് പ്രയോഗിക്കുന്നു. അതായത് രാത്രി വൈകിയും നമസ്കാരത്തിൽ മുഴുകുന്ന ഒന്നായതുകൊണ്ട് അങ്ങനെ പ്രയോഗിച്ചു എന്ന് മാത്രം.

ഏതായാലും ആളുകൾ അവരുടെ സൗകര്യാർത്ഥം വ്യത്യസ്ത പേരുകൾ പ്രയോഗിച്ചു എന്നതല്ലാതെ ഒന്നിന് തറാവീഹ് എന്നും മറ്റൊന്നിന് ഖിയാമുല്ലൈൽ എന്നും പ്രയോഗിച്ചു എന്നത് അവയെല്ലാം രാത്രിനമസ്‌കാരമെന്ന ഒരേ ഗണത്തിൽപ്പെടുന്നുവെന്നതിനെ നിരാകരിക്കുന്നില്ല. ഇനി പല നാടുകളിലും അതിന് വ്യത്യസ്ഥ പ്രയോഗങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നത് രാത്രിനമസ്കാരം എന്ന കർമ്മമാണെന്നിരിക്കെ പേരുകളെ ആസ്‌പദമാക്കി വിധിപറയൽ അപ്രസക്തമാണ്. ഇനി രാത്രിയുടെ ആദ്യത്തിൽ നമസ്കരിക്കുന്നതിന് തഹജ്ജുദ് എന്നോ, ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്നതിന് തറാവീഹ് എന്നോ പ്രയോഗിക്കപ്പെട്ടാലും മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നർത്ഥം.

രണ്ടാമതായി: നബി (സ) രാത്രിയുടെ ആദ്യത്തിൽ കുറച്ചും പിന്നെ അവസാനത്തിൽ കുറച്ചും എന്ന രൂപത്തിൽ നമസ്കരിച്ചിട്ടുണ്ടോ? അഥവാ, ഇന്ന് ചെയ്യുന്നപോലെ ആദ്യം ഇശാ നമസ്കാരശേഷം നമസ്കരിച്ച് പിന്നെ രാത്രി വൈകി വീണ്ടും നമസ്കരിക്കുമ്പോൾ, അതിനിടയിൽ അത്രയും സമയം ഗ്യാപ്പ് വരുന്ന രൂപത്തിൽ നബി (സ) നമസ്കരിച്ചിട്ടുണ്ടോ?

രാത്രിയുടെ മുഴുവൻ സമയവും രാത്രി നമസ്കാരത്തിന് അനുവദിക്കപ്പെട്ട സമയമാണ് എന്ന് നബി (സ) പഠിപ്പിച്ചിരിക്കെ ഈ ചോദ്യം ഒരർത്ഥത്തിൽ അപ്രസക്തമാണ്. ഒരാൾക്ക് നമസ്കരിച്ച് കിടക്കാം. ഇനി കിടന്ന ശേഷം പിന്നെ എഴുന്നേറ്റ് നമസ്കരിക്കാം. കുറച്ച് നമസ്കരിച്ച് കിടക്കുകയോ വിശ്രമിക്കുകയോ ചെയ്ത ശേഷം  പിന്നെ നമസ്കരിക്കാം. ഇടയിൽ ഗ്യാപ്പ് വന്നു എന്നതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. മാത്രമല്ല ഇനി ഹദീസിലും നബി (സ) കുറച്ച് നമസ്കരിച്ച് കിടന്ന ശേഷം വീണ്ടും എഴുന്നേറ്റ് നമസ്കരിച്ചതായിത്തന്നെ കാണാം:

عن ابن عباس: أنه بات عند خالته ميمونة، فجاء النبي – صلى الله عليه وسلم – بعد العشاء الآخرة، فصلى أربعاً، ثم نام، ثم قام، فقال: “أنامَ الغُلام؟ “، أوكلمة نحوها، قال: فقام يصلي، فقمت عن يساره، فأخذني فجعلني عن يمينه، ثم صلى خمساً، ثم نام حتى سمعتُ غَطيطه أو خَطيطه، ثم خرج فصلى.

ഇബ്നു അബ്ബാസ് (റ) നിവേദനം: ഞാൻ എന്റെ മാതൃസഹോദരി മൈമൂന (റ) യുടെ അരികിൽ താമസിച്ചു. നബി (സ) ഇശാ നമസ്കാരശേഷം അവിടേക്ക് വന്നു. അദ്ദേഹം നാലു റകഅത്ത് നമസ്കരിച്ച ശേഷം ഉറങ്ങി. പിന്നെ എഴുന്നേറ്റ ശേഷം “അവനുറങ്ങിയോ” എന്നോ മറ്റോ ചോദിച്ചു. അങ്ങനെ അദ്ദേഹം നമസ്കരിക്കാനായി നിന്നു. അദ്ദേഹത്തിന്റെ ഇടതുവശത്തായി ഞാനും നിന്നു. അദ്ദേഹം എന്നെ പിടിച്ച് വലതുവശത്തേക്ക് നീക്കി. എന്നിട്ടദ്ദേഹം അഞ്ചു റക്അത്തുകൾ നമസ്‌കരിച്ചു. ശേഷം അദ്ദേഹം ഉറങ്ങാൻ കിടക്കുകയും കൂർക്കം വലിക്കുന്ന ശബ്ദം ഞാൻ കേൾക്കുകയും ചെയ്‌തു. പിന്നെ അദ്ദേഹം എഴുന്നേറ്റ് നമസ്കരിക്കാനായി പോയി നമസ്കരിച്ചു”. – (مسند أحمد: 3169) .

ഈ ഹദീസിൽ നബി (സ) നാല് റക്അത്ത് നമസ്കരിച്ച ശേഷം ഉറങ്ങുകയും പിന്നെ എഴുന്നേറ്റ് 5 റകഅത്ത് കൂടി നമസ്കരിക്കുകയും ചെയ്തത് കാണാം. മാത്രമല്ല, വീട്ടിലുള്ളവർക്ക് റമളാനിലാകട്ടെ അല്ലാത്ത സന്ദർഭത്തിലാകട്ടെ ജമാഅത്തായി രാത്രി നമസ്കാരം നിർവഹിക്കാം എന്നും മനസ്സിലാക്കാം.

മാത്രമല്ല, ഉമർ ബ്ൻ ഖത്താബ് (റ) വിൽ നിന്നും ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസിൽ, അദ്ദേഹം ആളുകളോട് പള്ളിയിൽ വേറെ വേറെ ജമാഅത്തായി ഒരേ സമയം നമസ്കരിക്കുന്നവരോട് ഒരു ഇമാമിന്റെ കീഴിൽ നമസ്കരിക്കാൻ പറഞ്ഞ ശേഷം. ഇപ്പോൾ ഉറങ്ങി രാത്രിയുടെ അവസാന സമയം എഴുന്നേറ്റ് നമസ്‌കരിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠകരമായ സമയം എന്ന് പറയുമ്പോൾ അവർക്ക് വേണമെങ്കിൽ   ഉറങ്ങിയ   ശേഷം എഴുന്നേറ്റ് നമസ്കരിക്കുന്നതാണ് ഉചിതം എന്ന് മനസ്സിലാക്കാം. മാത്രമല്ല, ആളുകൾ വേറെ വേറെ ജമാഅത്തായി നമസ്കരിച്ചപ്പോൾ, ഒരു പള്ളിയിൽ ഒരേ സമയം ഒരേ നമസ്കാരം ഒരു ഇമാമിന്റെ കീഴിൽ ആണ് നടക്കേണ്ടത്, അതാണ് നബി (സ) ചര്യ എന്ന നിലക്കാണ് അദ്ദേഹം ഒരാളുടെ കീഴിൽ എല്ലാവരോടും നമസ്കരിക്കാൻ കല്പിച്ചത്. അവർ ഉറങ്ങിയ ശേഷം എഴുന്നേറ്റ് നമസ്കരിക്കുകയാണ് എങ്കിൽ അതാണ് കൂടുതൽ ശ്രേഷ്ഠം എന്നത് വ്യക്തമാക്കുകയും ചെയ്തു. അഥവാ അനാവശ്യ ചർച്ചകൾ ആവശ്യമില്ലാത്ത വിശാലമായ ഒരു വിഷയമാണ് ഇത് എന്ന് മനസ്സിലാക്കാം.

മൂന്നാമതായി: അവസാനത്തെ പത്തിൽ മാത്രം പ്രത്യേകമായി രാത്രിയുടെ അവസാന സമയത്ത്  നമസ്കരിക്കുന്നതിനു എന്താണ് തെളിവ് ?. അത് ശ്രേഷ്ഠമെങ്കിൽ എന്തുകൊണ്ട് ആദ്യ പത്തിലോ രണ്ടാമത്തെ പത്തിലോ ചെയ്യുന്നില്ല?

ഇതൊരു തെറ്റിദ്ധാരണയാണ്. അവസാനത്തെ പത്തിലേ ഖിയാമുല്ലൈൽ പാടുള്ളൂ എന്ന അഭിപ്രായം ആർക്കുമില്ല. വേണമെങ്കിൽ നോമ്പ് മുഴുവനും, ഇനി റമളാൻ അല്ലാത്ത വേളകളിൽ വീട്ടിൽ വെച്ചും ഒക്കെ ഖിയാമുല്ലൈൽ നിർവഹിക്കാം. ഇനി എന്തുകൊണ്ടാണ് അവസാനത്തെ പത്തിൽ മാത്രം നിങ്ങൾ ചെയ്യുന്നത് എന്നാണ് ചോദ്യമെങ്കിൽ, നമുക്കറിയാം അവസാനത്തെ പത്തിന് മറ്റു ദിവസങ്ങളേക്കാൾ ശ്രേഷ്ഠതയുണ്ട്. മാത്രമല്ല നബി (സ) തന്നെ റമദാനിലെ മറ്റു ദിവസങ്ങളിൽ ചെയ്തിരുന്നതിനേക്കാൾ കൂടുതൽ ഉത്സാഹത്തോടെ അവസാനത്തെ പത്തിൽ അമലുകൾ ചെയ്യുമായിരുന്നു. കുടുംബത്തെ എഴുന്നേല്പിക്കുകയും അവസാനത്തെ പത്തിലെ രാവുകളെ ഇബാദത്തുകൾ കൊണ്ട് ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതുതന്നെ മതിയായ തെളിവാണ്.

قَالَتْ عَائِشَةُ رضى الله عنها كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يَجْتَهِدُ فِى الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِى غَيْرِهِ.

ആഇശ (റ) പറയുന്നു: ” അമലുകൾ ചെയ്യുന്നതിൽ അല്ലാഹുവിന്റെ റസൂൽ (സ) അവസാന പത്ത് ദിനങ്ങളിൽ മറ്റുദിനങ്ങളേക്കാൾ കർമ്മനിരതനായിരുന്നു. ” – (صحيح مسلم: 2845).

അതുകൊണ്ടുതന്നെ ഒരു വിശ്വാസി റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിൽ മറ്റു ദിനങ്ങളെക്കാൾ കർമ്മനിരതനാകുന്നത് നബി (സ) യുടെ ചര്യപ്രകാരം തന്നെയാണ്. അതിൽ യാതൊരു തെറ്റുമില്ല.

നാലാമതായി:  ഒരാൾക്ക് തറാവീഹ് നമസ്കരിച്ചാൽ പിന്നെ ഖിയാമുല്ലൈൽ നമസ്‌കരിക്കാമോ എന്നതാണ്. രണ്ടും നമസ്കരിക്കാവുന്നതാണ്. ഒരാൾ വിത്ർ നമസ്കാരം ഒരു രാത്രിയിൽ രണ്ടു തവണ നിർവഹിക്കരുത് എന്നേ  നബി (സ) പഠിപ്പിച്ചിട്ടുള്ളൂ. എന്നാൽ അല്ലാതെ എത്ര നമസ്കരിച്ചാലും തെറ്റില്ല. ഒരു ജമാഅത്ത് നടക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. ത്വൽഖ് ബ്നു അലി (റ) വിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസിൽ ഇത് വ്യക്തമായിക്കാണാം:

عَنْ قَيْسِ بْنِ طَلْقٍ ، قَالَ : زَارَنَا طَلْقُ بْنُ عَلِيٍّ فِي يَوْمٍ مِنْ رَمَضَانَ ، وَأَمْسَى عِنْدَنَا ، وَأَفْطَرَ ، ثُمَّ قَامَ بِنَا اللَّيْلَةَ ، وَأَوْتَرَ بِنَا ، ثُمَّ انْحَدَرَ إِلَى مَسْجِدِهِ ، فَصَلَّى بِأَصْحَابِهِ ، حَتَّى إِذَا بَقِيَ الْوِتْرُ قَدَّمَ رَجُلًا ، فَقَالَ : أَوْتِرْ بِأَصْحَابِكَ ، فَإِنِّي سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ : ( لَا وِتْرَانِ فِي لَيْلَةٍ )

ഖൈസ് ബ്ൻ ത്വൽഖ് നിവേദനം: റമദാനിലെ ഒരു ദിവസം ത്വൽഖ് ബ്നു അലി (റ) ഞങ്ങളെ സന്ദർശിച്ചു. അങ്ങനെ അദ്ദേഹം വൈകും വരെ ഞങ്ങളോടൊപ്പം കഴിച്ചുകൂട്ടുകയും ഞങ്ങളോടൊപ്പം നോമ്പ് തുറക്കുകയും ചെയ്തു. ശേഷം അദ്ദേഹം ഞങ്ങൾക്ക് ഇമാമായി രാത്രി നമസ്കാരം നിർവഹിച്ചു. അങ്ങനെ ഞങ്ങൾക്ക് ഇമാമായി അദ്ദേഹം വിത്റും നമസ്കരിച്ചു. ശേഷം അദ്ദേഹം തന്റെ പള്ളിയിലേക്ക് പോയി. അദ്ദേഹത്തിന്റെ ആളുകളോടൊപ്പം അവർക്ക് ഇമാമായി നമസ്‌കരിച്ചു. അങ്ങനെ വിത്ർ നമസ്കാരത്തിന്റെ സമയമെത്തിയപ്പോൾ അദ്ദേഹം ഒരാളെ മുന്നിലേക്ക് ഇമാം നിൽക്കാനായി നിർത്തി. എന്നിട്ടദ്ദേഹം ഇപ്രകാരം പറഞ്ഞു: “നീ ഇവർക്ക് ഇമാമായി വിത്ർ നമസ്കരിച്ചു കൊള്ളുക. കാരണം ഒരു രാത്രിയിൽ രണ്ടു വിത്ർ നമസ്കരിക്കരുത് എന്ന് നബി (സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്”. – [روى أبو داود (1439) – واللفظ له – ، والترمذي (470) ، والنسائي (1679) ، وأحمد (16296)] . ശൈഖ് അൽബാനി (റ) സ്വഹീഹായി രേഖപെടുത്തിയ ഹദീസ് ആണിത്.

വളരെ സുവ്യക്തമായ ഒരു ഹദീസ് ആണിത്. ഒരു രാവിൽ വിത്ർ ആവർത്തിക്കുക എന്നതേ നബി (സ) വിലക്കിയിട്ടുള്ളൂ. അല്ലാത്ത പക്ഷം ഒരാൾക്ക് എത്രയും നമസ്കരിക്കാം. മാത്രമല്ല, അദ്ദേഹം ഒരു സ്ഥലത്ത് നമസ്കരിച്ച ശേഷമാണ് തന്റെ പള്ളിയിലേക്ക് ചെന്ന് അവിടെയുള്ളവരോടൊപ്പം നമസ്കരിച്ചത്. ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ഖൈസ് ബ്‌നു ത്വൽഖ് രണ്ട് നമസ്കാരങ്ങളിൽ പങ്കെടുത്തു എന്നതും വ്യക്തമാണ്. മേൽപറഞ്ഞ ഹദീസിൽ വിത്ർ ആവർത്തിക്കരുത് എന്നാണു നബി (സ) കല്പിച്ചിട്ടുള്ളത് എന്ന് ത്വൽഖ് ബ്‌നു അലി (റ) വ്യക്തമാക്കിയതോടെ നമസ്കാരം ആവർത്തിക്കുന്നതിനോ വീണ്ടും നമസ്‌കരിക്കുന്നതിനോ വിലക്കില്ല എന്ന് മനസ്സിലാക്കാം.

ഇനി റകഅത്തുകളുടെ എണ്ണമാണ് വിഷയമെങ്കിൽ പ്രബലമായ അഭിപ്രായപ്രകാരം ഒരാൾക്ക് രാത്രി നമസ്കാരം എത്രയും നമസ്കരിക്കാം ഒറ്റയായി അവസാനിപ്പിക്കണം എന്ന് മാത്രം. രാത്രി നമസ്‌കാരം എങ്ങനെയാണ് എന്ന് പറഞ്ഞു തരണം എന്നാവശ്യപ്പെട്ടുകൊണ്ട് തന്റെ അരികിൽ വന്ന സ്വഹാബിയോട് “നീ ഈരണ്ട് ഈരണ്ട് റകഅത്തായി നമസ്‌കരിച്ചു കൊള്ളുക. സുബ്ഹിയാകുമെന്ന് ഭയപ്പെട്ടാൽ വിത്ർ നമസ്‌കരിച്ച് അവസാനിപ്പിക്കുക” എന്ന് പറഞ്ഞുകൊടുത്തത് കാണാം. സ്വാഭാവികമായും രാത്രി നമസ്കാരം എങ്ങനെ എന്നറിയാത്ത ആൾ വന്നു ചോദിക്കുമ്പോൾ അയാൾക്ക് എണ്ണം കൂടി പറഞ്ഞുകൊടുക്കണമല്ലോ.

تأخير البيان عن وقت الحاجة لا يجوز  എന്നൊരു തത്വം തന്നെ ഫിഖ്ഹിന്റെ ഉസൂലുകളിൽ ഉണ്ട്. അഥവാ ‘വ്യക്തമാക്കൽ അനിവാര്യമായ ഘട്ടത്തിൽ അത് വൈകിപ്പിക്കാൻ പാടില്ല’. അഥവാ രാത്രി നമസ്കാരം എങ്ങനെ എന്ന് ചോദിച്ചു വരുന്ന വ്യക്തിക്ക് നിശ്ചിത റകഅത്തുകളുടെ എണ്ണമുണ്ടെങ്കിൽ അത് കൂടി വ്യക്തമാക്കിക്കൊടുക്കണം എന്നർത്ഥം.

عن ابن عمر رضي الله عنه: أن رجلا سأل رسول الله صلى الله عليه وسلم عن صلاة الليل، فقال رسول الله عليه الصلاة والسلام : ” صلاة الليل مثنى مثنى فإذا خشي أحدكم الصبح صلى ركعة واحدة توتر له ما قد صلَّى”

ഇബ്നു ഉമർ (റ) നിവേദനം: ഒരാൾ നബി (സ) യോട് രാത്രി നമസ്‌കാരം എപ്രകാരമാണ് എന്ന് ചോദിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (സ) ഇപ്രകാരം പറഞ്ഞു: “രാത്രി നമസ്‌കാരം ഈരണ്ട് ഈരണ്ട് റകഅത്തായി നിർവഹിക്കുക. സുബ്ഹിയാകുമെന്ന് ഭയപ്പെട്ടാൽ ഇതുവരെ നമസ്കരിച്ചതിനെ വിത്‌റ് കൊണ്ട് അവസാനിപ്പിക്കാനായി ഒരു റകഅത്ത് നമസ്കരിച്ച് അവസാനിപ്പിക്കുക”. – (رواه البخاري: 946 ومسلم: 749).

അത് എത്രയും നമസ്കരിക്കാം എന്നതിന് ഈ ഹദീസ് വളരെ സ്പഷ്ടമായ തെളിവാണ്. എന്ന് മാത്രമല്ല (توتر له ما قد صلى) എത്രയാണോ നമസ്കരിച്ചത് അതിനെ വിത്റുകൊണ്ട് അവസാനിപ്പിക്കാൻ ഒരു റകഅത്ത് നമസ്കരിക്കുക എന്ന പ്രയോഗം എണ്ണം ബാധകമല്ല എന്നത് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പതിനൊന്നിൽ കൂടാം എന്ന് നാല് മദ്ഹബിന്റെ ഇമാമീങ്ങളും ഏകാഭിപ്രായപ്പെട്ടത്. മാത്രമല്ല ഇമാം മാലിക് (റ) യുടെ കാലത്ത് അവർ മുപ്പത്തിആറു റകഅത്തും വിത്റും നമസ്കരിച്ചിരുന്നു. അതുകൊണ്ടു റകഅത്തുകളുടെ എണ്ണം പതിനൊന്നിൽ കൂടിയാൽ അത് ബിദ്അത്താണ് എന്ന് പറയുന്ന അഭിപ്രായവും, പതിനൊന്ന് നമസ്കരിക്കുന്നത് ന്യൂനതയാണ് ഇരുപത് നമസ്കരിച്ചാലേ തറാവീഹാകൂ എന്ന് അഭിപ്രായപ്പെടുന്നവരും, രണ്ടു കൂട്ടരും അബദ്ധം സംഭവിച്ചവരാണ്. خلاف معتر ആയ അഥവാ പ്രമാണബദ്ധമായിത്തന്നെ അഭിപ്രായഭിന്നതയുള്ള അല്പം ഹൃദയവിശാലതയോടെ കാണേണ്ട ഒരു വിഷയമാണിത്. 

ചുരുക്കിപ്പറഞ്ഞാൽ മഹതി ആഇശാ (റ) യിൽ നിന്നും അബൂ സലമഃ (റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി (സ) സാധാരണ റമളാനിലോ അല്ലാത്തപ്പോഴോ പതിനൊന്നിൽ കൂടുതൽ നമസ്കരിച്ചിരുന്നില്ല എന്ന് കാണാം. അതുകൊണ്ടുതന്നെ പതിനൊന്ന് എന്നതാണ് ഏറ്റവും ശ്രേഷ്ഠം. 

عن أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها : ” كيف كانت صلاة رسول الله صلى الله عليه وسلم في رمضان ؟ فقالت : ما كان يزيد في رمضان ولا في غيره على إحدى عشرة ركعة يصلي أربعا فلا تسل عن حسنهن وطولهن ثم يصلي أربعا فلا تسل عن حسنهن وطولهن ثم يصلي ثلاثا فقلت يا رسول الله أتنام قبل أن توتر قال يا عائشة إن عينيَّ تنامان ولا ينام قلبي ” .

അബൂസലമഃ (റ) നിവേദനം: അദ്ദേഹം ആഇശാ (റ) യോട് ചോദിച്ചു: നബി (സ) യുടെ റമളാനിലെ രാത്രി നമസ്കാരം ഇപ്രകാരമായിരുന്നു?. അവർ പറഞ്ഞു: “അദ്ദേഹം റമളാനിലോ അല്ലാത്ത വേളകളിലോ പതിനൊന്നിൽ കൂടുതൽ നമസ്‌കരിക്കാറുണ്ടായിരുന്നില്ല. അദ്ദേഹം നാല് റകഅത്തുകൾ നമസ്കരിക്കും. അവയുടെ ദൈർഘ്യത്തെക്കുറിച്ചും മനോഹാരിതയെക്കുറിച്ചും നീ ചോദിക്കരുത്… ശേഷം നാലും നമസ്‌കരിക്കും. അവയുടെയും ദൈർഘ്യത്തെക്കുറിച്ചും മനോഹാരിതയെക്കുറിച്ചും നീ ചോദിക്കരുത്… ശേഷം അദ്ദേഹം വിത്ർ നമസ്‌കരിക്കും. ഞാനദ്ദേഹത്തോട് ചോദിച്ചു: താങ്കൾ വിത്ർ നമസ്കരിക്കുന്നതിന് മുൻപേ കിടക്കുകയാണോ?. അദ്ദേഹം പറഞ്ഞു എന്റെ കണ്ണുകൾ ഉറങ്ങുന്നുവെങ്കിലും ഹൃദയം ഉറങ്ങുന്നില്ല “. – (رواه البخاري: 1909 ومسلم  738) .

 ആഇശാ (റ) യുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ പതിനൊന്ന് എന്നതാണ് കൂടുതൽ ശ്രേഷ്ഠം എന്ന് മനസ്സിലാക്കാം. എന്നാൽ പതിനൊന്നിൽ കൂടിയാൽ അത് ബിദ്അത്താകും എന്ന് പറയാൻ സാധിക്കില്ല. കാരണം മുൻപുദ്ധരിച്ച ഇബ്‌നു ഉമർ (റ) വിന്റെ ഹദീസിൽ നിന്നു തന്നെ നബി (സ) സ്വഹാബത്തിനോട് പ്രത്യേക എണ്ണം നിഷ്കർഷിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം. മാത്രമല്ല സ്വഹാബാക്കളുടെയും  താബിഈങ്ങളുടെയും  ഒക്കെ കാലത്ത് തന്നെ പതിനൊന്നിൽ കൂടുതൽ നമസ്കരിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് നാല് മദ്ഹബിന്റെ  ഇമാമീങ്ങളും പതിനൊന്നിൽ കൂടുതൽ ആവാം എന്ന് അഭിപ്രായപ്പെട്ടത്.

മാത്രമല്ല, ഇനി ഫർള് നമസ്കാരം തന്നെ, നമസ്കരിച്ചിട്ടില്ലാത്ത ഒരു വ്യക്തി ഉണ്ടെങ്കിൽ അയാളോടൊപ്പം ചേർന്ന് നമസ്കരിച്ച വ്യക്തിക്കും  ജമാഅത്തായി നമസ്കരിക്കാം. അതുപോലെ ഫർള് നമസ്കാരം നിർവഹിച്ച ഒരാൾ മറ്റൊരു കൂട്ടർ ജമാഅത്തായി നമസ്കരിക്കുന്നത് കണ്ടാൽ അവരോടൊപ്പം അയാൾക്ക് നമസ്കരിക്കാം. രണ്ടാമത് നമസ്കരിക്കുന്നത് സുന്നത്തായി പരിഗണിക്കപ്പെടും. അപ്പോൾ പിന്നെ തറാവീഹ് നമസ്കരിച്ച ഒരാൾക്ക് വീണ്ടും ജമാഅത്ത് ഉണ്ടെങ്കിൽ നമസ്കരിക്കാം എന്ന് പറയേണ്ടതില്ലല്ലോ… ത്വൽഖ് ബ്‌നു അലി (റ) വിന്റെ ഹദീസിൽ ഇത് വളരെ വ്യക്തവുമാണല്ലോ.

അതുകൊണ്ടുതന്നെ, ഒരാൾ റമളാനിലെ അവസാനത്തെ പത്തിൽ രാത്രി വൈകി എഴുന്നേറ്റ് നമസ്കരിക്കുന്നതിനോ ഉറങ്ങിയ ശേഷം എഴുന്നേറ്റ് ജമാഅത്തായി നമസ്കരിക്കുന്നതിനോ, ഇനി തറാവീഹ് ജമാഅത്തായോ ഒറ്റക്കോ നമസ്കരിച്ച ആൾ തന്നെ വീണ്ടും എഴുന്നേറ്റ് നമസ്കരിക്കുന്നതിനോ യാതൊരു തെറ്റുമില്ല. വിത്ർ നേരത്തെ നമസ്കരിച്ചുവെങ്കിൽ ആവർത്തിക്കാതിരുന്നാൽ മതി. ഉറങ്ങിപ്പോകാനിടയുണ്ട് എന്ന ഭയമില്ലയെങ്കിൽ വിത്ർ ഉറങ്ങി എണീറ്റ ശേഷം ഏറ്റവും അവസാനത്തിലേക്ക് നീട്ടി വെക്കുന്നതാണ് നല്ലത്. ഇനി വിത്ർ ഒരാൾ നമസ്കരിച്ചു എന്നതിനാൽ അതിനു ശേഷം പിന്നീട് ഈരണ്ട് റകഅത്തായി നമസ്കരിക്കുന്നതിന് തടസ്സമൊന്നുമില്ല. ഇശാ നമസ്‌കാരശേഷം ഫജ്ർ വരേയുള്ള സമയം എത്രയും സുന്നത്ത് നമസ്കാരം നിർവഹിക്കാവുന്ന മുത് ലഖായ സമയം കൂടിയാണ്. അതുകൊണ്ടുതന്നെ ഉറങ്ങി എഴുന്നേറ്റ് വീണ്ടും നമസ്കരിക്കണം എന്ന് തോന്നിയാൽ നേരത്തെ വിത്ർ നമസ്കരിച്ചിട്ടുണ്ടെങ്കിലും സുന്നത്ത് നമസ്കാരം എത്രയും നിർവഹിക്കാവുന്നതുമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ…

അന്ത്യ പ്രവാചകനെ പിന്തുണക്കാന്‍ 100 മാര്‍ഗ്ഗങ്ങള്‍

വിവര്‍ത്തനം: സുമയ്യ മനാഫ് അരീക്കോട്
بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
സകല ലോകങ്ങളുടെയും അധിപനായ അല്ലാഹുവിന് സ്തുതി. അല്ലാഹുവിന്റെ രക്ഷയും സമാധാനവും പ്രവാചകനിലും, കുടുംബത്തിലും അനുയായികളിലും വര്‍ഷിക്കുമാറാകട്ടെ.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രഥമമായത് അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലാ എന്ന വിശ്വാസവും മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ അന്തിമ പ്രവാചകനാണെന്ന സാക്ഷ്യം വഹിക്കലുമാണ്. ഈ സാക്ഷ്യം വഹിക്കലിന്റെ ആദ്യ പകുതി ഏകദൈവ വിശ്വാസവും രണ്ടാം പകുതി മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നുള്ള പ്രഖ്യാപനവുമാണ്. താഴെ പറയുന്ന സംസ്‌കൃതികളെ വളര്‍ത്തി എടുക്കുന്നതിലൂടെ മാത്രമേ ഈ സാക്ഷ്യത്തിന്റെ രണ്ടാം പകുതിയുടെ യാഥാര്‍ത്ഥ്യം നമ്മുടെ ഹൃദയങ്ങള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ ബോധ്യമാവുകയുള്ളൂ.

1. വിശ്വാസം: പ്രവാചകന്‍ (സ്വ) നമുക്ക് ബോധനം നല്‍കിയ എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണമായി വിശ്വസിക്കുക. ആത്യന്തികമായി നാം വിശ്വസിക്കേണ്ടത്: ഖുര്‍ആനിലൂടെ അവതീര്‍ണ്ണമായവയും തിരുചര്യയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതുമായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മനുഷ്യകുലത്തിനാകെ എത്തിക്കാന്‍ അല്ലാഹുവിനാല്‍ അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണ് മുഹമ്മദ് (സ്വ) എന്നതാണ്.

അതാണ് ഇസ്‌ലാം മതം. ഇസ്‌ലാമല്ലാത്ത ഒരു മതവും തന്റെ അടിമകളില്‍ നിന്ന് അല്ലാഹു സ്വീകരിക്കുകയില്ല.

2. അര്‍പ്പണം, അനുസരണം: പ്രവാചക (സ്വ) ന്റെ എല്ലാ ആജ്ഞകളും പരിപൂര്‍ണ്ണമായി കൈകൊള്ളുകയും അതിന് കീഴടങ്ങുകയും ചെയ്യുക. പ്രവാചകചര്യ പൂര്‍ണ്ണമായി പിന്‍പറ്റുകയും അതിന്റെ വിപരീത മാര്‍ഗത്തോട് വിമുഖത കാണിക്കുകയും അവ വര്‍ജ്ജിക്കുകയും ചെയ്യുക.

3. പ്രവാചക സ്‌നേഹം: പ്രവാചകനെ പരിണയിക്കുക. ഈ ലോകത്ത് നാം സ്‌നേഹിക്കുന്ന മറ്റെന്തിനേക്കാളും മാതാപിതാളെക്കാളും സന്താനങ്ങളെക്കാളും. ഈ വഴി മാത്രമേ നമുക്ക് പ്രവാചക (സ്വ) നോടുള്ള നമ്മുടെ പ്രണയത്തിന്റെ ആദരവും വ്യത്യസ്തതയും പ്രകടിപ്പിക്കാനാവൂ. ഈ അനിര്‍വചനീയ സ്നേഹത്തിനു മാത്രമേ പ്രവാചകനര്‍ഹിക്കുന്ന സ്‌നേഹം പകരാന്‍ നമുക്കാവൂ. ഇതില്‍കൂടെ മാത്രമേ ആ ചര്യയിലൂടെ മുന്നേറാനുള്ള ആര്‍ജ്ജവം നമുക്ക് ലഭിക്കുകയുള്ളൂ .ഈ അനിര്‍വ്വചനീയ്യ ആദരത്തില്‍ നിന്നേ യഥാര്‍ത്ഥമായ പിന്‍പറ്റല്‍ സാദ്ധ്യമാവൂ എന്നോര്‍ക്കുക.

സത്യവിശ്വാസികളില്‍ അര്‍പ്പിതമായിരിക്കുന്ന കടമ എന്നത് നമ്മുടെ സാക്ഷ്യപ്രമാണത്തെ യാഥാര്‍ത്ഥമായി തിരിച്ചറിഞ്ഞ് പ്രയോഗവല്‍ക്കരിക്കലാണ്.

മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ തിരുദൂതരാണ് എന്നത് നമ്മുടെ ഹൃദയങ്ങളില്‍ രൂഢമൂലമാക്കപ്പെടണം. മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) പ്രവാചകനോട് ‘തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു’ എന്നു പറഞ്ഞു. അതിന് അല്ലാഹു ഇങ്ങനെ കല്‍പ്പനയിറക്കി. ‘അല്ലാഹുവിനറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.’ (വിശുദ്ധ ഖുര്‍ആന്‍ സൂ: മുനാഫിഖൂന്‍: 1)

മുസ്ലിമെന്ന നിലയില്‍ പ്രവാചകസ്‌നേഹം നില നിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രവാചകനോടുള്ള നമ്മുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിനും നിരവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും. ഈ സത്യമാര്‍ഗ പ്രകാശന വേളയില്‍ പ്രവാചകന്‍ (സ്വ) ഏറ്റുവാങ്ങിയ പീഢന പര്‍വ്വങ്ങള്‍ നാം ദര്‍ശിച്ചതാണ്.അതില്‍ നമുക്ക് നല്‍കാനുള്ള മോചനദ്രവ്യം,പ്രവാചകചര്യയുടെ പിന്‍പറ്റലല്ലാതെ മറ്റൊന്നുമല്ല- നമ്മിലൂടെ നമ്മുടെ പ്രിയപ്പെട്ടവരിലൂടെ, നമ്മുടെ സമ്പത്തിലൂടെ, നാനാതരമായ നമ്മുടെ കഴിവുകളിലൂടെ ആ തിരുചര്യ നിറവേറ്റുകയും പ്രചരിപ്പിക്കുകയും ചെയ്യുക. നാമെല്ലാവരും ഈ കര്‍ത്തവ്യം പുലര്‍ത്തുന്നതിന്ന് നമ്മളാല്‍ സാദ്ധ്യമായ സര്‍വ്വവിധ വഴിയിലൂടെയും ശ്രമിക്കേണ്ടതുണ്ട്.

വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍

കുടുംബത്തിന്റെയും സമൂഹത്തിന്റെയും കടമകള്‍

27. നമ്മുടെ സന്താനങ്ങളില്‍ പ്രവാചകന്‍ (സ്വ) യോടുള്ള അഭിവാഞ്ചയും സ്നേഹവും ഉണര്‍ത്തുക.
28. പ്രവാചകന്‍ (സ്വ) യുടെ അത്യുത്കൃഷ്ടമായ മാതൃക പിന്തുടരാന്‍ നമ്മുടെ സന്താനങ്ങളെ സജ്ജരാക്കുക.
29. റസൂല്‍ തിരുമേനി (സ്വ) യുടെ ജീവിതം പ്രതിപാദ്യ വിഷയമായ പുസ്തകങ്ങള്‍ വീടുകളില്‍ സൂക്ഷിക്കുക.
30. കുടുംബ സമേതം ശ്രവിക്കുന്നതിനായി പ്രവാചക തിരുമേനി (സ്വ) യുടെ ജീവിതം വിവരിക്കുന്ന റെക്കോര്‍ഡു ചെയ്ത പ്രസംഗങ്ങള്‍ വീടുകളില്‍ കൊണ്ടുവെക്കുക.
31. സമ്പൂര്‍ണ്ണമായും ഇസ്‌ലാമിക വിഷയങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കാര്‍ട്ടൂണുകള്‍ നമ്മുടെ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാവുന്നതാണ്.
32. കുടുംബത്തോടൊപ്പം ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കുന്നതിനായി എല്ലാ ആഴ്ചയിലും ഒരു നിശ്ചിത സമയം മാറ്റി വെക്കുക.
33. ഭാര്യാഭര്‍ത്താക്കൻമാരെന്ന നിലയ്ക്ക്, കുടുംബകാര്യങ്ങളില്‍ ഇടപെടുമ്പോള്‍ മുഹമ്മദ് നബി (സ്വ) യുടെ മാതൃക പിന്തുടരുക.
34. അല്ലാഹുവിനെ സ്മരിക്കുന്നതിനായി മുഹമ്മദ് നബി (സ്വ) ഉപയോഗിച്ച ദിക്‌റുകളും ദുആകളും മനഃപാഠമാക്കാനും ജീവിതത്തില്‍ പകര്‍ത്താനും നമ്മുടെ കുട്ടി കളെ പ്രോത്‌സാഹിപ്പിക്കുക.
35. മുഹമ്മദ് നബി (സ്വ) പ്രോത്‌സാഹിപ്പിച്ച ദാനശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി നമ്മുടെ കുട്ടികളുടെ സമ്പാദ്യത്തില്‍ നിന്നുള്ള ഒരോഹരി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. അനാഥകളെയും ദരിദ്രരെയും സഹായിക്കല്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. സുന്നത്ത് പ്ര യോഗവത്കരിക്കുന്നതിന്റെ ഏറ്റവും ഉദാത്തമായ ഒരു മാതൃകയാണിത്.
36. പ്രവാചക (സ്വ) ന്റെ ചില മഹദ് വചനങ്ങളെ നിത്യേനയുള്ള സംസാരത്തില്‍ ഉപയോഗിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക.
37. കുട്ടികള്‍ക്കായി ഇസ്ലാമിക വൈജ്ഞാനിക മത്സരങ്ങള്‍ കുടുംബ സദസ്സുകളില്‍ സംഘടിപ്പിക്കുക. നബിചര്യയെ കുറിച്ചുള്ള അവരുടെ അറിവ് പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. 38. കുട്ടികള്‍ക്കായി “പ്രവാചക ജീവിതത്തിലെ ഒരേട്’ എന്നോ മറ്റോ നല്‍കിയ തലക്കെട്ടുകളില്‍ തിരഞ്ഞെടുത്ത ദിവസങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുക. ഇതവരെ പ്രവാചക (സ്വ) നിലേക്കടുപ്പിക്കാന്‍ വളരെ സഹായിക്കും.

വിദ്യാഭ്യാസ മേഖല

39. നബി (സ്വ) യുടെ പിന്‍ഗാമികളെന്ന നിലക്ക് നബി (സ്വ) ക്ക് നമ്മോടുള്ള ബാധ്യതകളെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് അവരുടെ ഹൃദയത്തില്‍ നബി (സ്വ) യോടുള്ള സ്‌നേഹം പരിപോഷിപ്പിക്കണം.
40. റസൂല്‍ (സ്വ) യുടെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകള്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം.
41. ‘ഇസ്‌ലാമിക് സ്റ്റഡീസി’ന്റെ പാഠ്യ ക്രമത്തില്‍ ‘മുഹമ്മദ് നബി (സ്വ) യുടെ ജീവിതം’ എന്ന പേരില്‍ ഒരു വിഷയം കൂട്ടിച്ചേര്‍ക്കാന്‍ വിദ്യാഭ്യാസ മേധാവികളോട് ആവശ്യപ്പെടുക.
42. പാശ്ചാത്യന്‍ സര്‍വകലാശാലകളില്‍ പ്രവാചകൻ (സ്വ) ന്റെ ജീവചരിത്രം പഠിപ്പിക്കാനുള്ള പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാവുന്നതാണ്.
43. പ്രവാചക ജീവിതത്തെക്കുറിച്ചുള്ള ഗൗരവമായ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക. പണ്ഡിതന്‍മാർക്ക് അവരുടെ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സഹായം നല്‍കുക.
44. ഇസ്ലാമിന്റെ ആഗോള പ്രചരണാര്‍ത്ഥം പ്രവാചകൻ (സ്വ) നെ പരിചയപ്പെടുത്തിക്കൊണ്ട് സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുക.
45. ലൈബ്രറികളിലെ പ്രധാനമേഖലകള്‍ പ്രവാചക (സ്വ)നെ കുറിച്ചുള്ള പുസ്തകങ്ങള്‍ക്കായി മാറ്റിവെക്കുക.
46. പ്രവാചക (സ്വ) ന്റെ ജീവിതത്തെക്കുറിച്ച് അമൂല്യവും വൈജ്ഞാനികവുമായ റഫറന്‍സ് ഗ്രന്ഥങ്ങള്‍ വികസിപ്പിക്കുക.
47. കാമ്പസുകളില്‍ വാര്‍ഷിക മത്സരം സംഘടിപ്പിക്കുക. മുഹമ്മദ് നബി (സ്വ) യെയും അവിടുത്തെ ജീവിതത്തെയും കുറിച്ച് ആധികാരികമായ ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും നല്‍കാവുന്നതാണ്.
48. മുഹമ്മദ് നബി (സ്വ) യോടുള്ള സ്‌നേഹം പരിപോഷിപ്പിക്കുന്നതിനും സുന്നത്തിന്റെ പ്രായോഗിക രൂപം പഠിപ്പിച്ചു കൊടുക്കുന്നതിനും വേണ്ടി യുവജന ക്യാമ്പുകൾ സംഘടിപ്പിക്കുക. 49. മുഹമ്മദ് നബി (സ്വ) യുടെ ജീവിത മാതൃക അനുധാവനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ഭാവിയിലെ നേതാക്കള്‍ക്കായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പി ക്കുക.
ഇസ്‌ലാമിക പ്രവര്‍ത്തന മേഖലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍
50. പ്രവാചകന്‍ (സ്വ) പ്രബോധനം ചെയ്ത സന്ദേശത്തിന്റെ സവിശേഷതകള്‍ വിവരിക്കുക. പരിശുദ്ധവും അന്യൂനവുമായ മതമായിട്ടാണ് അവിടുന്ന് വന്നതെന്നും മനുഷ്യകുലത്തെ മുഴുവന്‍ നിഷ്‌കളങ്കമായ ഏകദൈവാരാധനയിലേക്ക് മാര്‍ഗദര്‍ശനം നല്‍കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഊന്നിപ്പറയുക.
51. മുഴുവന്‍ മനുഷ്യരെയും ഇസ്ലാമിന്റെ പാതയിലേക്ക് (വിജയത്തിന്റെ പാതയിലേക്ക്) ക്ഷണിക്കാന്‍ നമ്മുടെ ഓരോ വിയര്‍പ്പു കണവും നാം ഉപയോഗിക്കണം.
52. പ്രവാചക സിദ്ധിക്കു മുമ്പുതന്നെ റസൂല്‍ (സ്വ) കാണിച്ച അമൂല്യവ്യക്തി പ്രഭാവത്തിന്റെ അതുല്യത അനാവരണം ചെയ്തു കൊണ്ട് നാം നമ്മുടെ പ്രവാചക (സ്വ) ന്റെ പരിശുദ്ധി ലോകത്തിന്ന് സമര്‍പ്പിക്കണം.
53. പ്രവാചക പുങ്കവന്റെ അമൂല്യമായ വ്യക്തി വൈശിഷ്ട്യവും അനിതര സാധാരണമായ സ്വഭാവ വൈശിഷ്ട്യവും ലോകത്തിന്ന് വെളിവാക്കിക്കൊണ്ട് നാം അമുസ്ലീം ലോകത്തിന്റെ താത്പര്യവും ശ്രദ്ധയും നേടണം.
54. സ്വന്തം കുടുബത്തോടും അയല്‍വാസികളോടും അനുയായികളോടും തിരുദൂതന്‍ (സ്വ) വര്‍ത്തിച്ച പെരുമാറ്റത്തിന്റെ ഉദാഹരണങ്ങള്‍ ലോകത്തിന്ന് നാം വിവരിച്ചു കൊടുക്കുക.
55. തന്നോട് ശത്രുത പ്രഖ്യാപിച്ച ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍, അവിശ്വാസികള്‍, വിഗ്രഹാരാധകര്‍ എന്നിവരോട് പ്രവാചകന്‍ (സ്വ) ഇടപഴകിയതിന്റെ ഉദാഹരണങ്ങള്‍ നിരത്തി ഇസ്ലാമിന്റെയും പ്രവാചകന്‍ (സ്വ) ന്റെയും ശൈലിയും ലക്ഷ്യവും ലോകത്തിന്ന് സമര്‍പ്പിക്കുക.
56. തന്റെ ദൈനംദിന കാര്യങ്ങള്‍ പ്രവാചകന്‍ (സ്വ) എത്ര സത്യസന്ധമായാണ് ചെയ്തിരുന്നത് എന്ന് നമുക്ക് വിശദീകരിച്ചുകൊടുക്കാം.
57. വെള്ളിയാഴ്ച ഖുതുബകളിലെ ഒരു ഭാഗം ആ പുണ്യ പുരുഷന്റെ വ്യക്തി പ്രഭാവം ചര്‍ച്ച ചെയ്യാനും പകര്‍ന്നു നല്‍കാനുമായി നീക്കി വെക്കുക.
58. നമസ്‌കാരങ്ങള്‍ക്ക് ശേഷം നാം പാരായണം ചെയ്ത വരികളിലെ പ്രവാചകസ്തുതികള്‍ ഓര്‍മ്മിക്കുകയും അതിന്റെ പ്രാധാന്യം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.
59. ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ നാം ഒത്തുകൂടുന്ന അതേ രൂപത്തില്‍ തന്നെ സുന്നത്ത് മനഃപാഠമാക്കുന്നതിന് വേണ്ടിയും പഠന ക്ലാസുകള്‍ സംഘടിപ്പിക്കുക.
60. പൊതുജനങ്ങള്‍ക്കിടയില്‍ സുന്നത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുകയും നിത്യജീവിതത്തില്‍ നബിചര്യ പിന്‍പറ്റുന്നതിന്റെ പ്രാധാന്യം വിവരിച്ചു കൊടുക്കുകയും ചെയ്യുക.
61. മുഹമ്മദ് നബി (സ്വ) യെ ആക്ഷേപിക്കുന്നവരെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ പുറപ്പെടുവിച്ച ഫത്‌വകളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും അത്തരക്കാരെ നാം ബഹിഷ്‌കരിക്കണമെന്ന കാര്യം ഊന്നിപ്പറയുകയും ചെയ്യുക.
62. ലളിതമായ പ്രബോധന വഴികളിലൂടെ പ്രവാചക മാഹാത്മ്യം ജനത്തെ ധരിപ്പിച്ചു കൊണ്ട് അവരെ ദീനിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ പരിശ്രമിക്കുക.
63. പ്രവാചകനോടുള്ള ജനങ്ങളുടെ ആദരം അതിരു കവിയുന്നതിനെ തൊട്ട് താക്കീത് നല്‍കുന്നതിനും അതിരു കവിച്ചിലിനെയും അമിതവ്യയത്തെയും വിലക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ വചനങ്ങള്‍ വിവരിക്കുന്നതിനും മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുക. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: “നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ അതിരു കവിയരുത്”.ഇതേ കാര്യത്തെക്കുറിച്ചുള്ള ഹദീസും ഇതിന്നായി ഉദ്ധരിക്കാം. റസൂല്‍ (സ്വ) പറയുന്നു: “ക്രിസ്ത്യാനികള്‍ മറിയമിന്റെ മകനെ പരിശുദ്ധപ്പെടുത്തിയതുപോലെ എന്നെ നിങ്ങള്‍ പരിശുദ്ധപ്പെടുത്തരുത്”. പ്രവാചക സ്‌നേഹം പ്രകടമാക്കേണ്ടത് അദ്ദേഹത്തിന്റെ ചര്യയെ യഥാര്‍ത്ഥമായി പിന്‍പറ്റിയായിരിക്കണം എന്ന് ജനതയെ മനസ്സിലാക്കുക.
64. ആധികാരിക സ്രോതസ്സുകളിലൂടെ പ്രവാചക ജീവിതത്തെക്കുറിച്ച് വായിക്കാന്‍ ജനങ്ങളെ പ്രോത്‌സാഹിപ്പിക്കുക. അത്തരം സ്രോതസ്സുകള്‍ മനസ്സിലാക്കിക്കൊടുക്കുകയും അവ ലഭ്യമാക്കുകയും വേണം.
65. മുഹമ്മദ് നബി (സ്വ) യെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പ്രചരിക്കുന്ന തെറ്റിദ്ധാരണകളും അപവാദങ്ങളും നാം ഖണ്ഡിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
മാധ്യമ-സാംസ്‌കാരിക മേഖലയില്‍ നമുക്ക് ചെയ്യാവുന്നത്
66. മുഹമ്മദ് നബി (സ്വ) യുടെ ശോഭനമായ വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നതിന് മാധ്യമ സാംസ്‌കാരിക വേദികള്‍ ഉപയോഗപ്പെടുത്തുക.
67. പ്രവാചകചര്യക്ക് വിരുദ്ധമായ ഏതൊരു ഗ്രന്ഥവും പ്രക്ഷേപണവും പ്രസിദ്ധീകരിക്കപ്പെടുന്നത് എന്ത് വില കൊടുത്തും തടയുക.
68. പാശ്ചാത്യ മാധ്യമങ്ങളെ എതിര്‍ക്കുകയും അവരഴിച്ച് വിടുന്ന മത വിധ്വംസക പ്രവര്‍ത്തനങ്ങളെയും പ്രവാചക നിന്ദയെയും ഖണ്ഡിക്കുകയും ചെയ്യുക.
69. മുഹമ്മദ് നബി (സ്വ) യെ കുറിച്ചും അവിടുത്തെ സന്ദേശത്തെ കുറിച്ചും തുറന്ന് ചര്‍ച്ച ചെയ്യാവുന്ന മിതവാദികളായ അമുസ്‌ലിം ചിന്തകരെയുമായി പത്ര സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുക.
70. മുഹമ്മദ് നബി (സ്വ) യെ കുറിച്ച് നിഷ്പക്ഷരായ അമുസ്‌ലിം ചിന്തകന്‍മാര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുക.
71. മുഹമ്മദ് നബി (സ്വ) യുടെ ജീവിതവും സന്ദേശവും ചര്‍ച്ച ചെയ്യുന്നതിനായി സമ്മേളനങ്ങളും കണ്‍വെന്‍ഷനുകളും നടത്തുക. ആ സന്ദേശങ്ങള്‍ എങ്ങനെ കാലദേശ വ്യത്യാസമന്യേ സ്വീകാര്യമാകുമെന്ന് തെളിവ് നിരത്തി സമര്‍ത്ഥിക്കുക.
72. മത്‌സരാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട്, പ്രവാചക ജീവിതത്തെ കുറിച്ചുള്ള വിജ്ഞാനം അളക്കുന്നതിനായി മത്‌സരങ്ങള്‍ സംഘടിപ്പിക്കുക. അത് ദൃശ്യ മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യേണ്ടതാണ്.
73. പ്രവാചകനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളടങ്ങിയ ലഘുലേഖകള്‍, കഥകള്‍, ഉപന്യാസങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുക.
74. പത്ര പ്രസിദ്ധീകരങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് അവയില്‍ ഖുര്‍ആനും പ്രവാചക വചനങ്ങളും, മുസ്‌ലീംകള്‍ എന്ത് കാരണത്താലാണ് തങ്ങളുടെ പ്രവാചക(സ്വ) നെ സ്‌നേഹിക്കുകയും അവിടുത്തെ മാതൃക പിന്‍പറ്റുകയും ചെയ്യുന്നത് എന്നതും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്ഥിരം പംക്തിയും നല്‍കാന്‍ ആവശ്യപ്പെടുക.
75. ടെലിവിഷന്‍ പോലുള്ള ദൃശ്യമാധ്യമങ്ങളുടെ ഉടമകളുമായി ബന്ധപ്പെട്ട് പ്രവാചക (സ്വ) നെ കുറിച്ചുള്ള പരിപാടികള്‍ അവതരിപ്പിച്ച് കുടുംബജീവിതം, സാമൂഹ്യജീവിതം, സന്താനപരിപാലനം, ദാമ്പത്യ ജീവിതം എന്നീ മേഖലകളിലെ പ്രവാചകചര്യ സമൂഹത്തിലെത്തിക്കുക.
76. പ്രവാചക (സ്വ) നെ കുറിച്ച് ഉന്നത നിലവാരമുള്ള വീഡിയോ പരിപാടികള്‍ തയ്യാറാക്കുന്നതിന് പ്രൊഡക്ഷന്‍ സ്റ്റുഡിയോയുമായി ബന്ധപ്പെടുക. 77. നമ്മുടെ പ്രദേശത്തുള്ള പ്രാദേശിക ചാനലുകള്‍, സാറ്റലൈറ്റ് മാദ്ധ്യമങ്ങള്‍ എന്നിവയിലൂടെ പ്രവാചകന്‍ (സ്വ) യുടെ ചര്യ പ്രോദ്‌ഘോഷിക്കുന്ന പരിപാടികളും കുട്ടികള്‍ക്കായുള്ള മത്സരങ്ങളും പ്രക്ഷേപണം ചെയ്യുക.

ഇസ്ലാമിക സംഘടനകളും ധാര്‍മ്മിക പ്രവര്‍ത്തനങ്ങളും

78. സംഘടനകളില്‍ പ്രവാചകചര്യയുടെ പരിപോഷണത്തിന് മാത്രമായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കുക.
79. ദേശീയ – അന്തര്‍ദേശീയ എക്‌സിബിഷനുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ നടക്കുമ്പോള്‍ നമ്മുടെ സംഘടനയുടെ പവലിയനുകള്‍ നേരത്തെ ബുക്ക് ചെയ്ത് അവയില്‍ പ്രവാചകചര്യയുടെയും ജീവിതത്തിന്റെ വിവിധ കൃതികളും സന്ദേശങ്ങളും വിതരണം ചെയ്യുക.
80. സംഘടനകളുടെ മേല്‍നോട്ടത്തില്‍ പ്രചാരണ വിഭാഗങ്ങള്‍ ആരംഭിച്ച് അവയിലൂടെ ഇസ്ലാമിന്റെയും പ്രവാചകന്റെയും സന്ദേശങ്ങള്‍ അച്ചടിച്ച് വിതരണം നടത്തുക.
81. പ്രവാചകചര്യയെ ഏറ്റവും നന്നായി പരിചയപ്പെടുത്തുന്ന വ്യക്തിക്ക് ഒരു പ്രത്യേക അവാര്‍ഡ് നല്‍കുക. അവാര്‍ഡ് ദാനച്ചടങ്ങിന് പ്രമുഖ വ്യക്തിത്വങ്ങളെ ക്ഷണിക്കുക.
82. ആഗോളാടിസ്ഥാനത്തില്‍ വിവിധ വിദേശ ഭാഷകളിലായി പ്രിന്റു ചെയ്ത കൃതികളുടെ വിതരണം യൂണിവേഴ്‌സിറ്റികള്‍, പബ്ലിക്ക് ലൈബ്രറികള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തുക.
83. സല്‍സ്വഭാവത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവാചക (സ്വ) ന്റെ ജീവിതവും സന്ദേശങ്ങളും പ്രതിപാദിക്കുന്ന ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കുക.
84. പ്രവാചക (സ്വ) ന്റെ ജീവിതവും സന്ദേശങ്ങളും എല്ലാ മേഖലകളിലും എത്തിക്കുന്നതിനായി പ്രത്യേക ഫണ്ടുകള്‍ ശേഖരിക്കുക. ഇവ വിവിധങ്ങളായ ആവശ്യത്തിന്ന് അഥവാ പ്രസാധനം, വിതരണം, എക്‌സിബിഷന്‍, മതസൗഹാര്‍ദ സമ്മേളനങ്ങള്‍ എന്നിവയുടെ സംഘാടനത്തിന്ന് ഉപയോഗിക്കാം.
ഇന്റര്‍നെറ്റ്
85. സൈബര്‍ ലോകത്ത് ഇസ്ലാമിന്റെ തനതായ ശൈലിയില്‍ വെബ്‌സൈറ്റുകള്‍ രൂപീകരിച്ച് മുഴുവന്‍ പ്രവാചകരെയും സ്‌നേഹിക്കാനും ആദരിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നതിന്റെ രൂപം കാണിച്ചു കൊടുക്കുക.
86. പ്രവാചക ചര്യയുടെ പ്രചരണാര്‍ത്ഥം വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ ന്യൂസ് ഗ്രൂപ്പുകളും സ്ഥാപിക്കുക. തുടക്കമെന്ന നിലയില്‍, നിലവിലുള്ള വെബ്‌സൈറ്റുകളില്‍ വെബ് പേജുകള്‍ അതിനായി മാറ്റിവെക്കാവുന്നതാണ്.
87. അമുസ്‌ലീംകളുമായി ഓണ്‍ലൈന്‍ ചാറ്റുകള്‍ നടത്തി പ്രവാചക (സ്വ) ന്റെ വ്യക്തിത്വം പഠിക്കാന്‍ അവരോട് ആവശ്യപ്പെടുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുക.
88. നമ്മുടെ ഇ-മെയിലുകള്‍ക്ക് ചുവട്ടില്‍ അനുയോജ്യമായ ഹദീഥുകള്‍ ഉള്‍ക്കൊള്ളിക്കുക.
89. പ്രവാചക ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും സന്ദേശങ്ങളുമുള്‍ക്കൊള്ളുന്ന- മനസ്സിന്റെ അഗാധതലങ്ങളെ സ്പര്‍ശിച്ച് മാനസിക വിചിന്തനത്തിന് സാദ്ധ്യമാക്കുന്ന ന്യൂസ് ലെറ്ററുകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുക. 90. പ്രധാനപ്പെട്ട സെര്‍ച്ച് എന്‍ജിനുകളില്‍, ഉചിതമായ പുസ്തകങ്ങളെയും പ്രബന്ധങ്ങളെയും കുറിച്ചുള്ള കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുക.
നമ്മുടെ സമ്പത്തിലൂടെയും ഇസ്ലാമിക ഗവൺമെന്റിലൂടെയും
പ്രവാചകചര്യാ പ്രചാരണത്തിന് ചെയ്യാൻ കഴിയുന്നവ:
91. പ്രവാചക സന്ദേങ്ങളുടെ പ്രചാരണത്തിനായി സമ്പത്തിലൊരു വിഹിതം എപ്പോഴും മാറ്റി വെയ്ക്കുക.
92. തിരുദൂതരുടെ സന്ദേശങ്ങൾ കുറിക്കുന്ന ചെറിയ സ്റ്റിക്കറുകൾ, ബിൽബോർഡുകൾ എന്നിവ കഴിയുന്നിടത്തെല്ലാം സ്ഥാപിക്കുക.
93.തിരുസുന്നത്തും ഹദീസും പ്രചരിപ്പിക്കാനായി പുതിയ സംരംഭങ്ങൾ ആരംഭിക്കുക -റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ കേന്ദ്രങ്ങൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ ലോകത്താകമാനം പ്രചരിപ്പിക്കുന്ന രീതിയിൽ ഇവയുടെ പ്രക്ഷേപണം സാദ്ധ്യമാക്കുക. ഇംഗ്ലീഷിൽ കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കൂടുതൽ പേർക്ക് അവ അറിയാൻ സാദ്ധ്യമാക്കും.
94. നമ്മുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ റേഡിയോ ടെലിവിഷൻ സ്‌റ്റേഷനുകൾക്ക് പണം നൽകാവുന്നതാണ്.
95. പ്രവാചക ജീവിതവും സന്ദേശവും ഗവേഷണ വിഷയമാക്കി പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുക. ഇവ എല്ലാ ഭാഷകളിൽ നിന്നും വരുന്നവർക്കുതകും വിധം സജ്ജീകരിക്കുന്നത് ആഗോള പ്രചാരണത്തിന് വേദിയൊരുക്കുക തന്നെ ചെയ്യും.
96. പ്രവാചക ജീവിതം, സന്ദേശം, രചനകൾ, ഗ്രന്ഥങ്ങൾ എന്നിവയ്ക്കായി പ്രത്യേക മ്യൂസിയം, ലൈബ്രറികൾ എന്നിവ സ്ഥാപിക്കുക.
97. പ്രവാചക സന്ദേശ പ്രചാരണം നടത്തുന്ന വെബ്സൈറ്റുകൾക്ക് സാമ്പത്തിക സഹായം നൽകുക.
98. വിവിധ ഭാഷകളിലുള്ള ഉന്നത നിലവാരം പുലർത്തുന്ന ഗ്രന്ഥങ്ങൾ, ഓഡിയോ റിക്കോർഡിങ്ങുകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയുടെ നിർമ്മാണത്തിനായി ധനസഹായം നൽകുക.
99. പ്രവാചക സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക് സമ്മാനങ്ങൾ നൽകി നമ്മുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്തുക. 100. നൂറാമത്തെ മാർഗ്ഗം- പ്രിയപ്പെട്ട അനുവാചകാ- അത് നിങ്ങൾക്കായി വിട്ടു തന്നിരിക്കുന്നു. അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സ്വാഗതം. ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ ഇ-മെയിൽ ചെയ്യുക.
പ്രിയപ്പെട്ട മുസ്‌ലിംസഹോദരാ / സഹോദരീ , നമ്മുടെ പ്രിയപ്പെട്ട പ്രവാചകനെ പിന്തുണക്കാന്‍ നാമോരോരുത്തര്‍ക്കും കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യേണ്ടത് നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ കര്‍ത്തവ്യമാണ്. ഒരു വ്യക്തിയും ഈ കാര്യത്തില്‍ അലസനായിരിക്കാനിടവരരുത് എന്നത് കൊണ്ടാണ് ഈ നിര്‍ദ്ദേശങ്ങളുടെ നീണ്ട പട്ടിക തന്നെ നാം താങ്കള്‍ക്കായി സമര്‍പ്പിച്ചിരി ക്കുന്നത്. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് ഈ നിര്‍ദ്ദേശങ്ങള്‍ നമുക്ക് കഴിയുന്നത്ര ജനങ്ങളിലേക്ക് പ്രചരിപ്പിക്കാന്‍ യത്‌നിക്കാം. സഹോദരാ, ഇത് നമ്മുടെ കൂട്ടായ യജ്ഞമാണ്. നമ്മുടെ കുടുംബത്തെയും കൂട്ടുകാ രെയും ഇതില്‍ ഭാഗവത്താക്കുക. ഈ ലക്ഷ്യ സാക്ഷാ ത്കാരത്തിനായി ഏതു ചെറിയ ശ്രമങ്ങളിലേര്‍പ്പെടേ ണ്ടി വന്നാലൂം ഒട്ടും മടി കാണിക്കാതെ അതില്‍ വ്യാ പൃതനാവുക.

ഇൽമിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇൽമ് അറിയേണ്ടതും

പി.എൻ അബ്ദുറഹ്മാൻ അബ്ദുൽ ലത്വീഫ്

الحمد لله وحده، والصلاة والسلام على من لا نبي بعده وعلى آله وصحبه ، أمابعد وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ

“തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നു വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത്‌ വരുമ്പോള്‍ അവരോടു അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ പ്രവേശിച്ചു കൊള്ളുക.” [സുമര്‍: 73].

 അതെ, നമ്മെളെല്ലാവരും ആഗ്രഹിക്കുന്ന ആ വിവര്‍ണ്ണനാതീതമായ വിജയം കയ്യിലൊതുക്കാന്‍ ശ്വാസവായുവിനെക്കാള്‍ നമുക്കനിവാര്യമായ ഒന്നുണ്ട്. അതാണ്‌ അറിവ്. പണവും സ്വത്തും സമ്പാദിച്ചു കൂട്ടാനും അധികാരം വെട്ടിപ്പിടിക്കാനുമുള്ള ആര്‍ത്തിയില്‍ മനുഷ്യര്‍ അധപതിക്കുമ്പോള്‍, വെറും താല്‍ക്കാലിക വിഭവമായ ഐഹിക ജീവിതത്തെ പരമാവധി ആസ്വദിക്കാന്‍ മനുഷ്യന്‍ പാടുപെടുമ്പോള്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തനായി  പാരത്രികലോകത്തെ സ്ഥിരവാസത്തിനുള്ള ഭവനമൊരുക്കാന്‍ പ്രേരിപ്പിക്കുന്നതും, തന്‍റെ രക്ഷിതാവിനെയും അവന്‍റെ അധ്യാപനങ്ങളെയും അടുത്തറിയാന്‍ സാധിക്കുന്നതും, സന്ദേഹമില്ലാതെ ആശയക്കുഴപ്പങ്ങളില്ലാതെ പ്രവാചകന്മാര്‍ വഴികാട്ടിയ മാര്‍ഗത്തില്‍ ഉറച്ചു നിന്ന് വിശ്വാസിയായി മരണപ്പെടാന്‍ സാധിക്കുന്നതുമായ അറിവ്.  ആ അറിവ് കരസ്ഥമാക്കാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്.

മതപരമായി പഠിക്കുവാനും വളരുവാനും ഇന്ന് ഒട്ടനവധി അവസരങ്ങളുണ്ട്. പ്രത്യേകിച്ചും  ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ടുള്ള അഖീദ പഠനം,  ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനവും അതിനോടനുബന്ധിച്ചുള്ള  ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം, ഇസ്ലാമിക് ജേര്‍ണലിസം, ഇസ്ലാമിക കുടുംബ നിയമങ്ങള്‍, ഇസ്ലാമിക് ജുഡീഷ്യറി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍… ഹദീസ് നിദാന ശാസ്ത്രം, തഫ്സീര്‍, ഉലൂമുല്‍ ഖുര്‍ആന്‍…….  ഇങ്ങനെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ എണ്ണിയാലൊടുങ്ങാത്ത പഠന സാധ്യതകള്‍. ഉയര്‍ന്നു ചിന്തിക്കാനും ആത്മ സമര്‍പ്പണത്തിനും വിദ്യാര്‍ഥികള്‍ തയ്യാറായാല്‍ അവര്‍ക്കതിനുള്ള അവസരങ്ങള്‍ തുറന്നു കിട്ടുകതന്നെചെയ്യും.

ഇമാം ഇബ്നുല്‍ ജൗസി (رحمه الله) പറയുന്നു:

لقد غفل طلاب الدنيا عن اللذة فيها ، واللذة فيها شرف العلم
“ദുനിയാവിനെ തേടി നടക്കുന്നവര്‍ ദുനിയാവിലെ ഏറ്റവും വലിയ ആസ്വാദനത്തെക്കുറിച്ച് അശ്രദ്ധരാണ്. ആ ആസ്വാദനമാകട്ടെ മഹത്വകരമായ അറിവാകുന്നു

അതിയായ ആഗ്രഹത്തോടെയും ആത്മാര്‍ഥതയോടെയും മതപഠനത്തിനായി മുന്നോട്ടു വരുന്ന വിദ്യാര്‍ഥികള്‍ക്ക് മംഗളം. അല്ലാഹുവിന്‍റെ മഹത്തായ ഒരനുഗ്രഹമാണത്. ഒരു മഹാ ഭാഗ്യം. പ്രവാചകന്മാരുടെ അനന്തരാവകാശികള്‍ ആണവര്‍. പ്രവാചകന്മാര്‍ അനന്തര സ്വത്തായി വിട്ടേച്ചു പോയത് ദീനാറോ ദിര്‍ഹമോ അല്ല. മറിച്ച് അറിവാണ്.

ആ അനന്തര സ്വത്ത് കരസ്ഥമാക്കുക അത്ര എളുപ്പമല്ല. ഒരുപാട്  കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആത്മാര്‍ത്ഥവും നിഷ്കളങ്കവുമായ കഠിനപരിശ്രമവും ക്ഷമയും, സൂക്ഷ്മതയും അതിന്നാവശ്യമാണ്.  പൊതുവേ ഓരോ വിദ്യാര്‍ഥിയും പാലിച്ചിരിക്കേണ്ട ഒരുപാട്   മര്യാദകളില്‍ ചില കാര്യങ്ങളെ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത് :

ഒന്ന്: ആത്മാര്‍ഥമായ പ്രാര്‍ത്ഥന.

ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആയുധമാണ് പ്രാര്‍ത്ഥന. പ്രാർത്ഥിക്കാതെ അഹന്ത നടിക്കുന്നവനെ അല്ലാഹു പരിഗണിക്കുകയില്ല. അല്ലാഹു പറയുന്നു: 

قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلا دُعَاؤُكُمْ
“(നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ” [ ഫുര്‍ഖാന്‍: 77].

ഉപകാരപ്രദമായ അറിവ് വര്‍ധിപ്പിച്ചു കിട്ടാനും, അതനുസരിച്ച് തന്റെ ജീവിതത്തെ ക്രമപ്പെടുത്താനും നാം സദാ പ്രാർത്ഥിക്കണം. വിശുദ്ധ ഖുര്‍ആനില്‍  അറിവ് വര്‍ധിച്ചു കിട്ടാന്‍ പ്രാർത്ഥിക്കണമെന്നത് പ്രത്യേകം ഉണര്ത്തുന്നുണ്ട്.

അല്ലാഹു പറയുന്നു:
وَقُلْ رَبِّ زِدْنِي عِلْمًا
“….’എന്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ’ എന്ന് നീ പറയുകയും ചെയ്യുക” [ ത്വാഹാ: 114].മാത്രമല്ല അറിവ് വര്‍ദ്ധിപ്പിച്ചു തരാന്‍ പ്രാര്‍ഥിക്കുന്നതിനോടൊപ്പം, ഏറ്റവും ശരിയായ ഉറവിടത്തില്‍ നിന്നാണ് താന്‍ അറിവ് സ്വീകരിക്കുന്നത് എന്ന് ഓരോ വിദ്യാര്‍ഥിയും ഉറപ്പ് വരുത്തുകയും അതിനായി സദാ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും വേണം.

മഹാനായ ഇബ്നു സീരീന്‍ (رحمه الله) പറയുന്നു : ” നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്‌. ആയതിനാല്‍ തന്നെ ആരില്‍ നിന്നുമാണ് അത് സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക “.

പരിശ്രമിക്കുക. ഒപ്പം സദാ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. ആ പ്രാര്‍ത്ഥന ആത്മാര്‍ഥമാണെങ്കില്‍ തീര്‍ച്ചയായും സര്‍വശക്തന്‍ അതിനുത്തരം നല്‍കും. അതേ നമ്മുടെ രക്ഷിതാവ് പറയുന്നു :

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാർത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് തീര്‍ച്ച ” [ മുഅ്മിന്‍:60

രണ്ട്: നിയ്യത്ത് നന്നാക്കുക.

ഏതൊരു വിശ്വാസിയുടെ സല്‍കര്‍മ്മവും അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യയോഗ്യമാകണമെങ്കില്‍ ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. ഒന്ന്: ‘ഇഖ്‌ലാസ്’,  രണ്ട്:  ‘ഇത്തിബാഉ റസൂല്‍ ‘. അഥവാ നിഷ്കളങ്കമായി അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അനുഷ്ടിക്കപ്പെടുന്നതും പ്രവാചകന്‍റെ ചര്യ പിൻപറ്റിക്കൊണ്ടുള്ളതുമാകണം. എങ്കില്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا

അല്ലാഹു പറയുന്നു: “സദ് വൃദ്ധനായി കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുകയും, നേര്‍ മാര്‍ഗത്തിലുറച്ചുനിന്നുകൊണ്ട് ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.” [നിസാഅ്:125].

ഈ ആയത്തില്‍ “സദ് വൃദ്ധനായി കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുക” എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഇഖ്‌ലാസാണ്. എല്ലാ കര്‍മങ്ങളിലുമെന്ന പോലെ അറിവ് തേടുന്നതിലും നിയ്യത്തിനു വളരെയധികം പ്രാധാന്യമുണ്ട്. ജനങ്ങളുടെ ഇടയില്‍ പേരിനും പ്രശസ്തിക്കുമെല്ലാം കാരണമായിത്തീരുന്ന ഒന്നാണ് അറിവ് എന്നതുകൊണ്ട്‌ തന്നെ അല്ലാഹുവിന്‍റെ  പ്രീതി ആഗ്രഹിക്കുന്നതില്‍ നിന്നും ദുന്‍യവിയായ സ്ഥാനമാനങ്ങളെ ആഗ്രഹിക്കുന്നതിലേക്ക് നമ്മുടെ ഉദ്ദേശ്യത്തെ വഴിതിരിച്ചുവിടാന്‍ പിശാച് ആവത് ശ്രമിച്ചു കൊണ്ടിരിക്കും. ഉദ്ദേശ്യം പിഴച്ചുപോയാല്‍ നമ്മള്‍ ചെയ്യുന്ന കര്‍മം സ്വീകരിക്കപ്പെടുകയില്ല എന്നതിലുപരി നമ്മള്‍ ശിക്ഷാര്‍ഹരായി മാറുകയും ചെയ്യുമെന്നതാണ് ഏറ്റവും അപകടകരം.

قال رسول الله ـ صلى الله عليه وسلم: (من تعلم العلم ليباهي به العلماء، أو يماري به السفهاء، أو يصرف به وجوه النّاس إليه أدخله الله جهنم) رواه ابن ماجه عن أبي هريرة وصححه الألباني

പ്രവാചകന്‍ (صلى الله عليه وسلم) പറയുന്നു : ” പണ്ഡിതന്മാരെ കൊച്ചാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് തേടുന്നതെങ്കിൽ   അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും”. [ ഇബ്നു മാജ – അല്‍ബാനി/സ്വഹീഹ്].
 
 അതുപോലെ ഇബ്നു മസ്ഊദ് (رضي الله عنه) പറയുന്നു: “പ്രാവര്‍ത്തികമാക്കപ്പെടുന്നില്ലെങ്കില്‍ വാക്കുകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. ഇനി വാക്കുകളും പ്രവൃത്തിയുമെല്ലാം ഉണ്ടെങ്കിലും ശരിയായ നിയ്യത്തില്ലെങ്കില്‍ അവ രണ്ടും ഉപകാരപ്പെടില്ല. ഇനി നല്ല നിയ്യത്തും, വാക്കും, പ്രവര്‍ത്തിയും എല്ലാമുണ്ട്, പക്ഷെ പ്രവാചകചര്യയില്‍ പെടാത്ത പ്രവര്‍ത്തനമാണ് എങ്കില്‍ അവയൊന്നും തന്നെ ഉപകാരപ്പെടില്ല”. [ജവാമിഉല്‍ഉലൂമിവല്‍ ഹികം]

ഒരാളുടെ വാക്കുകളും പ്രവര്‍ത്തികളുമെല്ലാം സ്വീകാര്യ യോഗ്യമാവണമെങ്കില്‍ ‘ഇഖ്‌ലാസും’, ‘ഇത്തിബാഉ റസൂലും’ അനിവാര്യമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലെങ്കില്‍ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടില്ല എന്ന് മാത്രമല്ല ശിക്ഷ ലഭിക്കുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ .. ആമീന്‍..

അതുകൊണ്ട് നാം ഇടയ്ക്കിടെ നമ്മുടെ നിയ്യത്തിനെ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു പ്രവൃത്തി ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായ കാര്യമാണ് ആ പ്രവൃത്തി ചെയ്യുമ്പോഴുള്ള നിയ്യത്ത് നന്നാക്കുക എന്നുള്ളത്.

യൂസുഫ് ബ്നു അസ്ബാത്വ് (رحمه الله) പറയുന്നു: “ഒരു കര്‍മം ചെയ്യുമ്പോഴുള്ള കഠിന പരിശ്രമത്തെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രയാസകരമാണ് ആ കര്‍മം ചെയ്യുമ്പോഴുള്ള തന്റെ സദുദ്ദേശ്യത്തെ പിഴച്ചു പോകാതെ സംരക്ഷിക്കുക എന്നുള്ളത്”.

നിയ്യത്ത് നന്നാക്കാന്‍ ഒരു വിദ്യാര്‍ഥി പാലിച്ചിരിക്കേണ്ട ഒരുപാട് മര്യാദകളുണ്ട്. അദ്ധ്യാപകരോടും സഹപാഠികളോടുമുള്ള ബഹുമാനം, വിനയം, താഴ്മ, സ്നേഹം അതുപോലെ താന്‍ പഠിച്ച അറിവ് സ്വന്തം ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കല്‍, സന്മനസ്സോടെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കല്‍ തുടങ്ങിയവയെല്ലാം അതില്‍ പെടുന്നു. ഇത് വിശദമായി മനസ്സിലാക്കാന്‍ അറിവിന്‍റെയും പണ്ഡിതന്മാരുടെയും പ്രാധാന്യവും സ്ഥാനവുമെല്ലാം സൂചിപ്പിക്കുന്ന പുസ്തകങ്ങള്‍ ധാരാളമായി വായിക്കണം. جامع بيان العلم وفضله  എന്ന ഇബ്നു അബ്ദുല്‍ ബര്‍ (رحمه الله)  വിന്‍റെ ഗ്രന്ഥം ഇതില്‍ സുപ്രധാനമാണ്‌. അത്തരം ഗ്രന്ഥങ്ങള്‍ വായിക്കുകവഴി വിദ്യാര്‍ഥികള്‍ക്ക് അറിവിനോടുള്ള ഇഷ്ടവും ആദരവുമെല്ലാം വര്‍ധിക്കും. സച്ചരിതരായ മുന്‍കാല പണ്ഡിതന്മാരുടെ ജീവ ചരിത്രവും അറിവ് നേടാനായി അവര്‍ സഹിച്ച ത്യാഗങ്ങളുമെല്ലാം അറിഞ്ഞിരിക്കേണ്ടതും  ലക്ഷ്യബോധമുള്ള ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

മൂന്ന്: നേടിയ അറിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.

പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടിയാണല്ലോ നാം അറിവ് തേടുന്നത്. അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് അത് ജീവിതത്തില്‍ പകര്‍ത്തുന്നവനാണ് യഥാര്‍ത്ഥ വിദ്യാര്‍ഥി. ആത്മാര്‍ത്ഥമായി അറിവ് തേടുന്നവന്‍റെ ജീവിതത്തില്‍ അത് വരുത്തുന്ന മാറ്റങ്ങള്‍ പ്രകടമായിരിക്കും.

ഹസന്‍ (رضي الله عنه) പറയുന്നു: ” അറിവ് തേടുന്നവന്‍ അതിന്‍റെ ഫലം തന്‍റെ  നാവിലും , കൈയിലും, നോട്ടത്തിലും, ഭയഭക്തിയിലും, നമസ്കാരത്തിലും, പരലോക വിജയത്തോടുള്ള തന്‍റെ അമിതമായ താല്പര്യത്തിലുമെല്ലാം അത് പ്രതിഫലിച്ചു കാണാന്‍ ഒട്ടും വൈകിക്കുകയില്ല” [സുനനുദ്ദാരിമി- 1/118].

മനസ്സിന്‍റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്, തന്‍റെ കര്‍മങ്ങളിലൂടെ അത് പ്രതിഫലിക്കുമ്പോഴാണ് അറിവ് യഥാര്‍ത്ഥത്തില്‍ അറിവായി മാറുന്നത്. 

ഇമാം ശാഫിഇ (رحمه الله) പറയുന്നു: ” മനപ്പാഠമാക്കി വെക്കപ്പെടുന്നവയല്ല അറിവ്. മറിച്ച് ഉപകാരപ്പെടുന്നവയേതാണോ അതാണ്‌ അറിവ്” [ഹുല്‍യതുല്‍ ഔലിയാഅ്: 9/123]. മനപ്പാഠമാക്കേണ്ടതില്ല എന്നല്ല, ഒരാള്‍ കുറേ മനപ്പാഠമാക്കിയതു കൊണ്ടു മാത്രം അറിവാകുന്നില്ല, മറിച്ച് അയാളുടെ പ്രവര്‍ത്തനങ്ങളില്‍ ആ അറിവ് പ്രതിഫലിക്കേണ്ടതുണ്ട് എന്നാണിതര്‍ത്ഥമാക്കുന്നത്.

മാത്രമല്ല പരലോകത്തു വച്ച് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അടിമയ്ക്ക്  തന്‍റെ കാലുകള്‍ മുന്നോട്ട് വെക്കാന്‍ കഴിയുകയില്ല എന്ന് പ്രദിപാദിക്കപ്പെട്ട ഹദീസ് നമുക്ക് ഏവര്‍ക്കും അറിയാമല്ലോ. അന്നേ ദിവസം ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ് “നീ അറിഞ്ഞ കാര്യങ്ങളില്‍ നീ എന്ത് പ്രവര്‍ത്തിച്ചു എന്നുള്ളത്. തങ്ങള്‍ക്ക് അറിവ് വന്നെത്തുമ്പോള്‍ ഒട്ടും വൈകിക്കാതെ അത് പിന്തുടര്‍ന്നിരുന്ന സ്വഹാബത്തിന്‍റെ ചരിത്രം എത്രയോ നമുക്ക് മുന്നിലുണ്ട്. അതെ പ്രവാചകന്‍റെയും,  സ്വഹാബത്തിന്‍റെയും പാത
പിന്തുടരുന്നതില്‍ തന്നെയാണ് നന്മയുള്ളത്.

നാല്: പ്രമാണബദ്ധമായി നേടിയ അറിവ് കുറച്ചാണെങ്കില്‍ പോലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക:

അല്ലാഹു പറയുന്നു:

 :
(وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ. )

അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന്
പറയുകയും ചെയ്തവനേക്കാള്‍
വിശിഷ്ടമായ
വാക്ക് പറയുന്ന മറ്റാരുണ്ട് ?- [ ഫുസ്വിലത്‌ – 33]

പ്രവാചകന്‍ (صلى
الله
عليه
وسلم) പറയുന്നു:
من
دل
على
خير
فله
فله
مثل
أجر
فاعله

“ആരെങ്കിലും ഒരാള്‍ക്ക്
ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന
പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു”
– [ സ്വഹീഹ് മുസ്‌ലിം]

അതുപോലെ പ്രവാചകന്‍
(صلى
الله
عليه
وسلم)  പറഞ്ഞു:

 
من
دعا
إلى
هدى
كان
له
من
الأجر
مثل
أجور
من
تبعه
لا
ينقص
ذلك
من
أجورهم
شيئا

“ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക്
ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ
പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷണിക്കുന്നവനും ലഭിക്കും.
അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല.”  [സ്വഹീഹ് മുസ്‌ലിം]

മറ്റൊരു ഹദീസില്‍
ഇപ്രകാരം കാണാം :
فوالله لأن يهدي الله بك رجلا واحدا خير لك من حمر النعم
“വല്ലാഹി !, നീ
മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍
അതാണ്‌ ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം ” [സ്വഹീഹുല്‍ ബുഖാരി].

ഇബ്നു ബാസ് (رحمه
الله) പറയുന്നു :
” ലോകത്തിന്‍റെ
ഏത് കോണുകളിലായാലും അറിവുള്ളവര്‍ ദഅവത്തില്‍ വ്യാപൃതരാവണം. വായുവിലായാലും, ട്രയിനിലായാലും, കാറിലായാലും, കപ്പലിലായാലും എപ്പോഴാണോ തങ്ങള്‍ക്ക്
ദഅവത്തിന് അവസരം ലഭിക്കുന്നത് സദുപദേശം നല്‍കിക്കൊണ്ടും കാര്യങ്ങള്‍
പറഞ്ഞുകൊടുത്തു കൊണ്ടും 
മതവിദ്യാര്‍ഥികള്‍
അത് ഉപയോഗപ്പെടുത്തണം. ദഅവത്തില്‍ ഭാഗവാക്കാകാന്‍
കഴിയുക എന്നത് വലിയ ഒരു സൗഭാഗ്യമാണ്”.[كتاب : فتاوى
علماء بلد الحرام]

എന്നാല്‍
അറിവില്ലാതെ ദഅവത്ത് നടത്താന്‍ പാടില്ല. മതത്തില്‍
തങ്ങള്‍ക്ക് അറിവില്ലാത്ത
കാര്യങ്ങള്‍ സംസാരിക്കുക എന്നുള്ളത് കഠിനമായ ശിക്ഷ ലഭിക്കുന്ന പാപമായാണ്
ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ താന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്
എന്തോ അത് വളരെ ചെറിയ  അറിവായാലും
പ്രമാണബദ്ധമായി മനസ്സിലാക്കിയ കാര്യം ആവണം. അതുപോലെത്തന്നെ എല്ലാ കാര്യവും
പഠിച്ച് മനസ്സിലാക്കി ഇല്‍മ് പൂര്‍ത്തിയായ ഒരാള്‍ക്കേ ദഅവത്ത്
പാടുള്ളൂ എന്ന ധാരണയും തെറ്റാണ്. ആ ധാരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണ്.
മറിച്ച് താന്‍ തന്‍റെ സഹോദരനെ ക്ഷണിക്കുന്ന വിഷയമേതോ അത് അല്ലാഹുവും അവന്‍റെ
പ്രവാചകനും പഠിപ്പിച്ചതാണ് എന്ന് ക്ഷണിക്കുന്നവന് ബോധ്യമുണ്ടാകണം
എന്നതാണ് ശരിയായ വീക്ഷണം. ഒരാള്‍ക്ക് വുളു എടുക്കാന്‍ അറിയുമെങ്കില്‍ വുളു
എടുക്കാന്‍ അറിയാത്തവന് അത് പഠിപ്പിച്ചു കൊടുക്കാം, ഒരാള്‍ക്ക്
നമസ്കരിക്കാന്‍ അറിയുമെങ്കില്‍ നമസ്കാരം അറിയാത്തവന് അത്
പഠിപ്പിച്ചുകൊടുക്കാം. ഇപ്രകാരം താന്‍ മനസ്സിലാക്കിയ ഒരു നന്മ തന്‍റെ
സഹോദരന് കൂടി മനസ്സിലാക്കിക്കൊടുക്കുക എന്നത് ഏറെ പുണ്യകരമായ ഒരു സംഗതിയാണ്.
മാത്രമല്ല തനിക്ക് അറിയാവുന്ന ഒരു അറിവ് തന്‍റെ സഹോദരനുമായി
പങ്കുവെക്കുന്നതിന് പകരം അത് മൂടിവെക്കുകയാണ്
എങ്കില്‍ അത്
കുറ്റകരമാണ്താനും.

ശൈഖ് ഇബ്ന്‍
ബാസ് (رحمه
الله) പറയുന്നു : “ഇതൊക്കെ ഞാന്‍ ചെയ്യേണ്ടതല്ല. മറ്റുള്ളവര്‍
ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട്
ഒരു
മതവിദ്യാര്‍ഥി  മാറി നില്‍ക്കരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. തന്‍റെ കഴിവും അറിവും അനുസരിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. അതോടൊപ്പം തനിക്ക്
കഴിയാത്ത കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യരുത്. മറിച്ച്
തനിക്കുള്ള അറിവിന്‍റെ തോതനുസരിച്ച് അവന്‍
അല്ലാഹുവിലേക്ക് ക്ഷണിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ പ്രമാണബദ്ധമായിരിക്കുവാനും
അല്ലാഹുവിന്‍റെ മേല്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുവാനും
അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട് “. [كتاب : فتاوى علماء
بلد الحرام]

പ്രബോധകന്മാര്‍
അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിക്കുന്നവര്‍ ആയിരിക്കണം.
സ്വാലിഹ് ആലു
ശൈഖ് (ഹഫിദഹുല്ലാഹ്)  പറയുന്നു
: ” തന്‍റെ ദഅവത്ത് സ്വീകരിക്കുന്ന ആളുകളുടെ ആധിക്യത്തില്‍
വഞ്ചിതനാകുന്നവനോ അവരുടെ കുറവില്‍ ആവലാതിപ്പെടുന്നവനോ അല്ല പ്രബോധകന്‍. മറിച്ച്, തന്‍റെ പ്രബോധനം നന്നാക്കുവാനും, അത് ദൈവിക
മാര്‍ഗദര്‍ശനത്തിലും, പ്രവാചക ചര്യയിലും, ഉള്‍ക്കാഴ്ചയിലും അധിഷ്ടിതമായിരിക്കുവാനും ശ്രദ്ധ ചെലുത്തുന്നവനായിരിക്കണം പ്രബോധകന്‍ “

 [مقالات متنوعة
لمعالي الشيخ صالح
بن عبد العزيز
آل الشيخ]

ഷെയ്ഖ് സ്വാലിഹ്
അല്‍ ഫൌസാനും, ഉബൈദ് അല്‍ ജാബിരിയുമൊക്കെ (حفظهم الله ) അവതാരിക എഴുതിയ –മന്ഹജുസ്സലഫ് ഫി ദ്ദഅവത്തി ഇലല്ലാഹ്– എന്ന
ഫവാസ് ബിന്‍ ഹുലൈല്‍ അസ്സുഹൈമിയുടെ പുസ്തകത്തില്‍ വന്ന ഒരു ഭാഗത്തിന്‍റെ
സംക്ഷിപ്ത രൂപം കാണുക: “പ്രബോധനം ചെയ്യുന്നവര്‍
വളരെയധികം സൂക്ഷിക്കണം .. തങ്ങളില്‍ വരുന്ന അപാകതകള്‍ കാരണം മറ്റുള്ളവര്‍
സത്യത്തില്‍ നിന്നും അകന്നു പോകാന്‍ ഇടയാക്കരുത്… മാന്യമായും
ഇസ്ലാമിക മര്യാദയോട് കൂടിയും മാത്രമേ അവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍
അവതരിപ്പിക്കാവൂ.. എതിരാളി എത്ര
മോശമായ
രീതി സ്വീകരിച്ചാലും അതേ നാണയത്തില്‍ മറുപടി പറയുക എന്നത് ഒരിക്കലും അഹ് ലുസ്സുന്നയുടെ രീതിയല്ല… എത്ര അവഹേളനങ്ങള്‍
സഹിച്ചാലും ക്ഷമിച്ചു കൊണ്ടും തന്‍റെ എതിരാളിയുടെ
നന്മ മാത്രം ആഗ്രഹിച്ചു കൊണ്ടും സൗമ്യതയോടെ ആദര്‍ശം
തുറന്നു പറയുക എന്നതാണ് സലഫുകളുടെ രീതി. പ്രബോധകന്‍ എതിരാളികള്‍ തീര്‍ക്കുന്ന പ്രകോപനങ്ങള്‍ക്കിരയാവരുത്.

ഇനി
തന്‍റെ വികാരം നിയന്ത്രിക്കാന്‍ പറ്റാത്തവരും
നമ്മളിലുണ്ടാവാം .. പൊതു പ്രബോധന
രംഗങ്ങളില്‍
നിന്നും മാറി നിന്ന് ആദര്‍ശത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും
തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ്
അവര്‍ ചെയ്യേണ്ടത്. പൊതു പ്രബോധനത്തില്‍ അവരില്‍ നിന്ന് വരുന്ന
വികാരപരമായ സമീപനങ്ങള്‍ ഒരു പക്ഷെ ഇസ്ലാമികാധ്യാപനങ്ങളെ മറികടക്കാന്‍
ഇടയുണ്ട്. ഇത് പ്രബോധനത്തിന്റെ മുന്നേറ്റത്തെ തന്നെ ബാധിച്ചേക്കാം.
ഇനി തന്‍റെ വികാരത്തെ ക്ഷമ കൊണ്ടും,
ഗുണകാംഷ
കൊണ്ടും തടുത്തു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍
ഇസ്ലാമിക മര്യാദകള്‍ കാത്തു
സൂക്ഷിച്ചു
കൊണ്ട് അവര്‍ പ്രബോധനം ചെയ്തു കൊള്ളട്ടെ….. “.

അല്ലാഹുവിന്‍റെ
നിയമ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും
മനസ്സിലാക്കുവാനും
അത് ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു തൗഫീഖ്
നല്‍കട്ടെ. അല്ലാഹു
നേരിലേക്കും നന്മയിലേക്കും നമ്മെ ഓരോരുത്തരെയും വഴി നടത്തട്ടെ. ആമീൻ…

സന്താനങ്ങളോടുള്ള ബാധ്യതകള്‍

മുഹമ്മദ് ശമീർ മദീനി

സന്താനമോഹം
മനുഷ്യസഹജമാണ്. വിവാഹശേഷം വര്‍ഷം രണ്ട്, മൂന്ന് കഴിഞ്ഞിട്ടും മക്കളുണ്ടാകാതെയാകുമ്പോഴേക്ക്
വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആളുകളെ കാണാം. തന്‍റെ
പിന്‍ഗാമിയും തനിക്കൊരു സഹായിയുമായി തന്‍റെ ഒരു ശേഷിപ്പ് എന്ന നിലയില്‍
സന്താനത്തെ മനുഷ്യര്‍ ആഗ്രഹിക്കുന്നു. അതിനായി ലക്ഷങ്ങള്‍
മുടക്കാനും ചികിത്സകള്‍ നടത്താനും മറ്റ് പലതും ചെയ്യാന്‍ മനുഷ്യര്‍
തയ്യാറാകാറുണ്ട്. പലരും ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖല കൂടിയാണ് ഇത്
എന്നത് ഒരു വശത്ത് നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്മാരടക്കം സന്താനത്തിനായി
കൊതിക്കുകയും സര്‍വ്വശക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്ത പല
സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

സകരിയ്യാ
നബി (അ) ജരാനരകള്‍ ബാധിച്ച് അവശതയിലെത്തിയിട്ടും സര്‍വ്വശക്തനായ
അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് നിരാശ കൂടാതെ നിഷ്കളങ്കമായി
പ്രാര്‍ഥിച്ച രംഗം വിശുദ്ധ ക്വിര്‍ആന്‍ വിവരിക്കുന്നുണ്ട്. “നിന്‍റെ
നാഥന്‍ തന്‍റെ ദാസന്‍ സകരിയ്യക്ക് ചെയ്ത കാരുണ്യത്തിന്‍റെ അനുസ്മരണമത്രെ
ഇത്. അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് സന്ദര്‍ഭം.
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു.
തലയാകട്ടെ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ നാഥാ ഞാന്‍
ഒരിക്കലും നിന്നോട് പ്രാര്‍ഥിച്ചിട്ട് പരാജിതനായിട്ടില്ല. എനിക്ക്
പുറകെ വരാനുള്ള ബന്ധുജനങ്ങളെക്കുറിച്ച് ഞാന്‍ ഭയപ്പെടുന്നു എന്‍റെ ഭാര്യയാകട്ടെ
വന്ധ്യയുമാണ്. അതിനാല്‍ നിന്‍റെ പക്കല്‍നിന്ന് എനിക്കൊരു പിന്‍ഗാമിയെ
പ്രധാന്യം ചെയ്യേണമേ!” (19:1-5)

തന്‍റെ
രക്ഷിതാവിന്‍റെ ശക്തി മാഹാത്മ്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട മറ്റൊരു
സന്ദര്‍ഭത്തിലും അദ്ദേഹം കുറ്റമറ്റ ഒരു സന്താനത്തിനായി പ്രാര്‍ഥിക്കുന്നത്
കാണാം. “അവിടെ വെച്ച് സകരിയ്യ തന്‍റെ നാഥനോട് പ്രാര്‍ഥിച്ചു:
എന്‍റെ നാഥാ, എനിക്ക്
നിന്‍റെ പക്കല്‍ നിന്ന് ഉത്തമ സന്താനങ്ങളെ നല്‍കേണമേ. നീ പ്രാര്‍ഥനകള്‍
കേള്‍ക്കുന്നവനല്ലോ” (3:38)

മഹാനായ
ഇബ്റാഹീം നബി (അ)യുടെ ചരിത്രത്തിലും സമാനമായ രംഗങ്ങള്‍ കാണാം. ദീര്‍ഘ
നാളത്തെ ദാമ്പത്യ ജീവിതത്തില്‍ മക്കളില്ലാതെയായിട്ടും നിരാശനാകാതെ അദ്ദേഹം
അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. ക്വുര്‍ആന്‍ പറയുന്നു. “എന്‍റെ നാഥാ! സദ്’വൃത്തരില്‍പെട്ട
(ഒരു മകനെ) എനിക്ക് തന്നരുളേണമേ! (37:100)

സൃഷ്ടിയും
സ്രഷ്ടാവും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു വ്യതിരിക്തതയായിട്ടാണ് ഇതിനെ
നമുക്ക് കാണാന്‍ കഴിയുന്നത്. മനുഷ്യന് ആശ്രയവും സഹായവുമാവശ്യമായതിനാല്‍ സന്താനത്തിനായി
കൊതിക്കുന്നു. സന്താന സൗഭാഗ്യമില്ലാതിരിക്കല്‍ ഒരു ന്യൂനതയായി ഗണിക്കുന്നു. ചിലര്‍
അതില്‍ നിരാശരായി
ആത്മഹത്യ വരെ ചെയ്യുന്നു! എന്നാല്‍ സ്രഷ്ടാവാകട്ടെ അവന്‍ ആശ്രയമുക്തനാണ്.
സന്താനമുണ്ടാവുക എന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനതയാണ്.
ദൈവപുത്ര വാദത്തെ അതിശക്തമായി എതിര്‍ത്തുകൊണ്ട് അല്ലാഹു പറയുന്നത്
കാണുക. “പരമകാരുണ്യകന്‍ ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍
പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഏറെ ഗുരുതരമായ ഒരു കാര്യമാണ് നിങ്ങള്‍ ആരോപിച്ചിരിക്കുന്നത്.
അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിക്കീറുകയും ഭൂമി പിളര്‍ന്ന് പോവുകയും മലകള്‍
തകര്‍ന്ന് വീഴുകയും ചെയ്യുമാറാകുന്നു. (അതെ) പരമകാരുണ്യകന്
പുത്രനുണ്ടെന്ന് വാദിച്ചതുമൂലം! ഒരു പുത്രനെ വരിക്കുകയെന്നത്
പരമകാരുണ്യകന് ചേര്‍ന്നതേയല്ല.” (19:88-92)

യഥാര്‍ഥ
ദൈവത്തെ പരിചയപ്പെടുത്തിക്കൊണ്ട് ക്വുര്‍ആന്‍ പറഞ്ഞതും ശ്രദ്ധേയമാണ്.
“പറയുക: അവന്‍ അല്ലാഹു, ഏകനാണ്. അല്ലാഹു പരാശ്രയമുക്തനാണ്, സര്‍വരാലും
ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്‍ (ആരുടെയും സന്താനമായി) ജനിച്ചിട്ടില്ല.
അവന്‍ (സന്താനത്തെ) ജനിപ്പിച്ചിട്ടുമില്ല. അവനു തുല്യനായി ആരുമില്ല.”
(112:1-4)

ലൈംഗികത
പാപമല്ല

മനുഷ്യന്‍റെ
പ്രത്യുല്‍പാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം ലൈംഗിക ബന്ധമാണ്.
കേവലം വികാര ശമനത്തിനുള്ള ഒരു വഴി മാത്രമായിട്ടല്ല അതിനെ ഇസ്ലാം കാണുന്നത്.
ലൈംഗികതയിലെ അധാര്‍മികതയെ സബന്ധിച്ച് ശക്തമായി ബോധവല്‍കരിക്കുന്നതോടൊപ്പം
അതിലെ ധാര്‍മിക വശങ്ങള്‍ പഠിപ്പിക്കുന്ന ഒട്ടനവധി വചനങ്ങളും നബി (ﷺ)യുടെ
അധ്യാപനങ്ങളില്‍ കാണാം.

നബി
(ﷺ) പറഞ്ഞു: “നിങ്ങള്‍ ഇണകളുമയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലും നിങ്ങള്‍ക്ക്
പുണ്യമുണ്ട്”. അനുചരന്മാര്‍ ചോദിച്ചു: “പ്രവാചകരേ, ഞങ്ങളിലൊരാള്‍
തന്‍റെ ലൈംഗിക ദാഹം ശമിപ്പിക്കുന്ന ഭാര്യാ-ഭര്‍തൃ ബന്ധത്തിലും
പുണ്യമുണ്ടെന്നോ?!”.
അവിടുന്ന് പറഞ്ഞു: “അയാള്‍ അത് നിഷിദ്ധമായ മാര്‍ഗത്തിലൂടെയാണ്
ചെയ്യുന്നതെങ്കില്‍ അതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? (അതിനു
കുറ്റമുണ്ടല്ലോ?) അപ്രകാരം
തന്നെ അനുവദനീയമായ
മാര്‍ഗത്തിലൂടെ വികാരം ശമിപ്പിക്കുമ്പോള്‍ അതിന് അയാള്‍ക്ക് പ്രതിഫലമുണ്ട്”.
(മുസ്ലിം)

ആദ്യകാലങ്ങളില്‍
റമദാനിന്‍റെ രാത്രികളില്‍ ഭാര്യഭര്‍തൃ ബന്ധം പാപമായി ഗണിച്ചിരുന്നു.
വ്രതാനുഷ്ഠാനത്തിന്‍റെ പവിത്രതക്ക് നിരക്കാത്ത അപരാധമായി അതിനെ
കാണുകയും സ്വന്തം ഇണയുമായുള്ള ലൈംഗിക ബന്ധത്തില്‍ കുറ്റബോധം തോന്നുകയും
ചെയ്യുന്ന അവസ്ഥാ വിശേഷം വരെയുണ്ടായി. ആ സന്ദര്‍ഭത്തിലാണ് അല്ലാഹു
വിശുദ്ധ ക്വുര്‍ആനിലെ ഈ സൂക്തം അവതരിക്കുന്നത്. “വ്രതകാല രാത്രികളില്‍
നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.
അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും
വസ്ത്രമാകുന്നു. (ഭാര്യാ സമ്പര്‍ക്കം നിഷിദ്ധമായി കരുതികൊണ്ട്) നിങ്ങള്‍
സ്വയം വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍
അല്ലാഹു നിങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും നിങ്ങളോട് ക്ഷമിക്കുകയും
ചെയ്തിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുകയും അല്ലാഹു
നിങ്ങള്‍ക്ക് അനുവദിച്ചുതന്നിട്ടുള്ളത് തേടുകയും ചെയ്തുകൊള്ളുക. അപ്രകാരംതന്നെ, രാവിന്‍റെ
കറുപ്പുനൂലുകളില്‍നിന്ന് പ്രഭാതത്തിന്‍റെ വെള്ളനൂല്‍ തെളിഞ്ഞു കാണുന്നതുവരെ
നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പിന്നീട് രാവുവരെ
വ്രതം പൂര്‍ത്തിയാക്കുക. നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ്
(ഭജന)മിരിക്കുമ്പോള്‍ അവരുമായി സംസര്‍ഗം ചെയ്യരുത്. അവ അല്ലാഹു
നിശ്ചയിച്ച പരിധികളാകുന്നു. അതിനാല്‍ നിങ്ങള്‍ അവയോട് അടുക്കരുത്.
ഇപ്രകാരം അല്ലാഹു അവന്‍റെ വിധികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു.
അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍” (2:187)

മക്കള്‍
അപമാനമോ
?

സന്താനമോഹം
മനുഷ്യ സഹജമാണെന്നും സന്താന സൗഭാഗ്യത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു
എന്നതുമൊക്കെ യാഥാര്‍ഥ്യം തന്നെ. എന്നാല്‍ രണ്ട് കഴിഞ്ഞ് മൂന്നാമത്തെയോ
നാലാമത്തെയോ സന്താനത്തിനായി ഗര്‍ഭം ധരിച്ചുപോയാല്‍ അതില്‍ വല്ലാതെ
വിഷമിക്കുന്ന ദമ്പതിമാരേയും കാണാം. എത്രയോ പേര്‍ തന്‍റെ ആ പിന്‍ഗാമിയുടെ
ജനിക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട് ഭ്രൂണാവസ്ഥിയിലുള്ള
ആ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊന്നുകളയുന്നതിനുവേണ്ടി രഹസ്യമായി
ഡോക്ടര്‍മാരെ സമീപിക്കുന്നു! ‘അബോര്‍ഷന്‍’ എന്ന ഓമനപ്പേരില്‍ ആ ശിശുഹത്യയേയും
കൊലപാതകത്തേയും സമൂഹം വെള്ളപൂശാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും തന്‍റെ
ഈ കൊടും ക്രൂരതക്ക് സ്രഷ്ടാവിന്‍റെ മുമ്പില്‍ നാളെ താന്‍ കണക്ക്
ബോധിപ്പിക്കേണ്ടിവരുമെന്നത് അത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. അപമാനമോ
ദാരിദ്രമോ ഭയന്നുകൊണ്ട് സന്താനത്തെ വധിച്ചിരുന്ന അജ്ഞാനകാലത്തെ
കാടത്തത്തിനെതിരെ കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനും വളരാനുമുള്ള
അവകാശം വകവെച്ചുകൊടുത്തുകൊണ്ട് ശക്തമായി ശബ്ദിച്ച ക്വുര്‍ആനിക സൂക്തങ്ങള്‍
ഇന്നും ഏറെ പ്രസക്തമാണ്. “ദാരിദ്ര്യ ഭയത്താല്‍ നിങ്ങളുടെ സന്താനങ്ങളെ
നിങ്ങള്‍ കൊല്ലരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്.
തീര്‍ച്ചയായും അവരെ കൊല്ലുന്നത് ഒരു മഹാപാപമാകുന്നു” (17:31)

ജനിക്കാനിരിക്കുന്ന
കുഞ്ഞിനെക്കൊണ്ട് യാതൊരു ഉപകാരവുമുണ്ടാവുകയില്ല എന്ന് കാലേക്കൂട്ടി
വിധിയെഴുതുന്ന ചിലരുടെ രീതി ശരിയല്ല. തങ്ങളുടെ മാതാപിതാക്കളും ഈ ഒരു നിലപാട്
സ്വീകരിച്ചിരുന്നുവെങ്കില്‍ ഇവരില്‍ പലരും ജനിക്കുമായിരുന്നില്ല എന്ന
യാഥാര്‍ഥ്യം പോലും വിസ്മരിക്കപ്പെടുകയാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കോ
മറ്റ് മൃഗങ്ങള്‍ക്കോ നല്‍കുന്ന വില പോലും മനുഷ്യകുഞ്ഞിന് ഇത്തരക്കാര്‍ കല്‍പിക്കുന്നില്ല
എന്ന് തോന്നിക്കും
വിധത്തിലാണ് പലരുടെയും ഈ രംഗത്തെ ആക്രോഷങ്ങള്‍. എന്നാല്‍
ഇസ്ലാം സന്താനത്തെ
അനുഗ്രഹവും സൗഭാഗ്യവുമായി തന്നെയാണ് കാണുന്നത്.

ചിലപ്പോള്‍
ആഗ്രഹവും ശ്രമവും പ്രാര്‍ഥനയും ഒക്കെയായിട്ടും മക്കള്‍ ഉണ്ടാകാതെയും
വരാം. അതും ദൈവത്തിന്‍റെ പരീക്ഷണമായി കാണാന്‍ വിശ്വാസിക്ക് സാധിക്കണം.
ചിലര്‍ അത്തരം ഘട്ടങ്ങളില്‍ മാഹാന്മാരായ പ്രവാചകന്മാരുടെ വിശുദ്ധപാതയും
മാതൃകകളും കയ്യൊഴിഞ്ഞ് സ്രഷ്ടാവായ അല്ലാഹു അങ്ങേയറ്റം വെറുക്കുകയും
ശക്തിയായി വിലക്കുകയും ചെയ്ത ബഹുദൈവാരാധനയുടെയും നന്ദികേടിന്‍റെയും
വഴികളിലേക്ക് വഴുതിപ്പോകാറുണ്ട്. ഇത് ഗൗരവമായി കണ്ടുകൊണ്ട് അത്തരം പൈശാചിക ദുര്‍ബോധനങ്ങളില്‍പെട്ടു
പോകാതിരിക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രത കൈകൊള്ളേണ്ടത് അനിവാര്യമാണ്. ശരിയായ
ഏകദൈവ വിശ്വാസവും
പ്രവാചകാധ്യാപനങ്ങളോടുള്ള പ്രതിബദ്ധതയും വിശ്വാസികളില്‍
പ്രകടമാകേണ്ട ഒരു
രംഗം കൂടിയാണിത്.

സന്താനങ്ങളുടെ
കാര്യത്തില്‍ വേറെ നിലയ്ക്കും ദൈവിക പരീക്ഷണങ്ങള്‍ ഉണ്ടാകാം.
ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് ശേഷം 8,9 മാസം ചര്‍ദിയും പ്രയാസങ്ങളും വേദനകളുമൊക്കെ
സഹിച്ച് അവസാനം കുട്ടി മരണപ്പെടുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അവിടെയും
സമാധാനിച്ച് അവന്‍റെ അളവറ്റ കാരുണ്യവും പ്രതിഫലവും പ്രതീക്ഷിച്ച് മനസ്സിനെ
പതറാതെ പിടിച്ച് നിര്‍ത്താന്‍ കഴിയുമ്പോഴാണ് ആ പരീക്ഷണക്കളരിയില്‍
വിജയം വരിക്കാന്‍ സാധിക്കുക. അവിടെയും നമുക്ക് ആശ്വാസമേകുന്ന താങ്ങായി
നബി(ﷺ)യുടെ അധ്യാപനങ്ങളുണ്ട്.

അബൂഹസ്സന്‍
(റ) പറയുന്നു. എന്‍റെ രണ്ട് മക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടു.
അങ്ങനെ പ്രവാചക അദ്ധ്യാപനങ്ങളില്‍ വ്യുല്‍പ്പത്തി നേടിയ മഹാനായ
അബൂഹുറൈയ്റ (റ) നെ കണ്ട് ഞാന്‍ ചോദിച്ചു: “ഞങ്ങളുടെ മരണപ്പെട്ട മക്കളുടെ
കാര്യത്തില്‍ ഞങ്ങളുടെ മനസ്സിന് ആശ്വാസമേകുന്ന വല്ലതും താങ്കള്‍ നബി (ﷺ) യില്‍
കേട്ടിട്ടുണ്ടോ?’.
അദ്ദേഹം പറഞ്ഞു: ‘അതെ, ചെറു പ്രായത്തില്‍ മരണപ്പെടുന്ന
നിങ്ങളുടെ മക്കള്‍ സ്വര്‍ഗ്ഗത്തില്‍ സ്വൈരവിഹാരം നടത്തുന്ന ഭാഗ്യവാന്മാരാണ്.
അവര്‍ തന്‍റെ മാതാപിതാക്കളെ കണ്ടുമുട്ടിയാല്‍ അവരുടെ കൈപിടിച്ച്
സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നതാണ്. അങ്ങനെ അല്ലാഹു അവരെ സ്വര്‍ഗത്തില്‍
പ്രവേശിപ്പിക്കും. അവരെ ആരും തടയുകയില്ല. (മുസ്ലിം, അഹ്മദ്)

ഇത്തരത്തിലുള്ള
വേറെയും നിരവധി ഹദീഥുകള്‍ ഉണ്ട്. ഗര്‍ഭകാലത്തെ പ്രയാസങ്ങളും
വിഷമതകളും സഹിക്കുന്നതും ഒരു വിശ്വാസിനിയെ സംബന്ധിച്ചിടത്തോളം മഹത്തായ പ്രതിഫലത്തിന്
അര്‍ഹമാക്കുന്ന സംഗതിയാണ്.

പ്രസവ
ശേഷം തങ്ങള്‍ ആഗ്രഹിച്ചതുപോലെ ആണ്‍കുട്ടിയല്ല, പെണ്‍കുട്ടിയായിപ്പോയി എങ്കില്‍
അതിന്‍റെ പേരില്‍ വഴക്കടിക്കുകയും രണ്ടും മൂന്നും കഴിഞ്ഞ് നാലാമത്തേതും
പെണ്ണായതിന്‍റെ പേരില്‍ വിവാഹമോചനം വരെ കാര്യങ്ങളെത്തുന്ന സ്ഥിതിവിശേഷവും ഈ ആധുനിക
സമൂഹത്തിലുമുണ്ട് എന്നത് നിഷേധിക്കാനാവില്ല. ചിലര്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് മുന്‍കൂട്ടി
ലിംഗ നിര്‍ണയ
ടെസ്റ്റും നടത്തി ഗര്‍ഭസ്ഥ ശിശുവിന്‍റെ ജനിക്കാനുള്ള അവകാശവും അവസരവും
നിഷേധിക്കാറുണ്ട്. അല്ലാഹുവിന്‍റെ ദാനത്തിലും തീരുമാനത്തിലും ദേഷ്യവും
വെറുപ്പും പ്രകടിപ്പിക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളിലൂടെ സര്‍വ്വ ശക്തനായ
അല്ലാഹുവിന്‍റെ ദേഷ്യവും വെറുപ്പും നേടാന്‍ മാത്രമേ സാധിക്കുകയുള്ളൂ
എന്നത് പ്രത്യേകം ഓര്‍ക്കുക.

അല്ലാഹു
പറയുന്നു: “അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.
അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍കുട്ടികളെയും
പെണ്‍കുട്ടികളെയും
ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുന്നു.
തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വ്വശക്തനുമാകുന്നു.” (42:49,50)


വചനത്തില്‍ പെണ്‍മക്കളെ ആദ്യം പറഞ്ഞത് ശ്രദ്ധേയമാണ്. പലരും ആഗ്രഹിക്കുന്നതിന്
വിപരീതമായി അല്ലാഹുവിന്‍റെ തീരുമാനമാണ് ഇക്കാര്യത്തിലും ആത്യന്തികമായി
സംഭവിക്കുക എന്ന സൂചനയാണ് നല്‍കുന്നത്. ആധുനിക സമൂഹത്തിലെ പെണ്‍ഭ്രൂണഹത്യയുടെ
കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത്
അപമാനമായി കണ്ടിരുന്ന അജ്ഞാന (ജാഹിലിയ്യാ) കാലത്തെ വികല ധാരണകളെ
ഇസ്ലാം മാറ്റിത്തിരുത്തിയ ചരിത്രം സുവിധിതമാണ്. ക്വുര്‍ആന്‍ പറയുന്നത്
കാണുക. “അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍
കോപത്താല്‍ അവന്‍റെ മുഖം കറുത്തിരുളും. അവന്ന് സന്തോഷവാര്‍ത്ത ലഭിച്ച ആ
കാര്യത്തിലുള്ള അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിച്ചുകളയുന്നു.
അവജ്ഞയോടെ അതിനെ അവന്‍ വെച്ചുകൊണ്ടിരിക്കണമോ, അതല്ല (ജീവനോടെ)
അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു).
നോക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്രമോശം!” (16:58,59)


സമൂഹത്തെ പരിവര്‍ത്തിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (ﷺ) പറയുന്നത് കാണുക.
“ആരെങ്കിലും രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയും പക്വതയുമാകുന്നത്
വരെ പോറ്റിവളര്‍ത്തിയാല്‍ ഞാനും അയാളും അന്ത്യദിനത്തില്‍ ഇതേപോലെ
സന്തത സഹചാരികളായിരിക്കും എന്ന് പറഞ്ഞിട്ട് അവിടുത്തെ രണ്ടു വിരലുകള്‍
ചേര്‍ത്തുപിടിച്ചു കാണിച്ചു.” (മുസ്ലിം, തിര്‍മിദി)

നവജാത
ശിശുവും ഇസ്ലാമിക മര്യാദകളും

ഗര്‍ഭ
ധാരണം മുതല്‍ പ്രസവം വരെ പ്രത്യേകമായ ഒരു ചടങ്ങും ഇസ്ലാം നിര്‍ദേശിക്കുന്നില്ല.
ഗര്‍ഭ കാലത്ത് സ്ത്രീക്ക് ശരിയായ പരിരക്ഷയും ശുശ്രൂഷയും
നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മന:സ്സമാധാനം അതില്‍ ഏറെ പ്രധാനമാണ്.
വിവാഹമോചിതയാണെങ്കില്‍ പോലും അവരെ സംരക്ഷിക്കുവാന്‍ ക്വുര്‍ആന്‍
നിര്‍ദേശിക്കുന്നു. “(ഇദ്ദവേളയില്‍) നിങ്ങളുടെ കഴിവിനൊത്തവിധം നിങ്ങള്‍
താമസിക്കുന്നിടത്തു തന്നെ അവരെ താമസിപ്പിക്കണം. അവര്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍വേണ്ടി
നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍
പ്രസവിക്കുന്നതുവരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കേണ്ടതാകുന്നു. എന്നാല്‍
നിങ്ങള്‍ക്കുവേണ്ടി (ശിശുവിന്) അവര്‍ മുലകൊടുക്കുന്നുവെങ്കില്‍, അവരുടെ
വേതനങ്ങള്‍ അവര്‍ക്ക് കൊടുക്കുവിന്‍. (വേതനകാര്യം) നിങ്ങള്‍ അന്യോന്യം
നല്ല നിലയില്‍ കൂടിയാലോചിച്ച് തീരുമാനിക്കുവിന്‍. എന്നാല്‍
നിങ്ങള്‍ക്കിരുവര്‍ക്കും പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുല
കൊടുക്കുകയും
ചെയ്യട്ടെ.” (65:6)

സുഖപ്രസവത്തിനായി
സര്‍വ്വക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അതിന് പ്രത്യേകം
നന്ദി പ്രകടിപ്പിക്കുയും ചെയ്യാൻ വിശ്വാസികള്‍ ബാധ്യസ്തരാണ്. പക്ഷെ, പലയാളുകളും
സുഖകരമായി പ്രസവമൊക്കെ കഴിഞ്ഞാല്‍ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിനു
പകരം അങ്ങേയറ്റം നന്ദികെട്ട ബഹുദൈവാരാധനയുടെ വഴികളാണ് സ്വീകരിക്കാറുള്ളത്.
അങ്ങനെ വ്യാജ ദൈവങ്ങള്‍ക്കും ബഹുദൈവാരാധനയുടെ മറ്റ് കേന്ദ്രങ്ങളിലേക്കും
നന്ദി സൂചകമായി തീര്‍ഥാടനങ്ങളും വഴിപാടുകളും അര്‍പ്പിക്കുന്നത്
കാണാം. അല്ലാഹു പറയുന്നത് കാണുക. “ഒരൊറ്റ ശരീരത്തില്‍ നിന്ന്
നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും അവനുണ്ടാക്കി.
അവളില്‍ അവന്‍ ആശ്വാസം കൊള്ളുന്നതിനുവേണ്ടി. അങ്ങനെ അവന്‍ അവളെ
പുണര്‍ന്നപ്പോള്‍ അവള്‍ ലഘുവായ ഒരു ഗര്‍ഭം ധരിച്ചു. അതുമായി അവള്‍ നടന്നു.
പിന്നീട് അതു ഭാരമായപ്പോള്‍ അവരിരുവരും തങ്ങളുടെ നാഥനായ അല്ലാഹുവോട്
പ്രാര്‍ഥിച്ചു: ഞങ്ങള്‍ക്ക് നീ നല്ലൊരു സന്താനത്തെ തരികയാണെങ്കില്‍
തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍
അവര്‍ക്കൊരു നല്ല (സന്താനത്തെ) നല്‍കിയപ്പോള്‍ അവന്‍ അവര്‍ക്ക്
നല്‍കിയ (ഔദാര്യത്തിലും കാരുണ്യത്തിലും) പങ്കാളികളെ ചേര്‍ത്തു. എന്നാല്‍
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു
അത്യുന്നതനായിരിക്കുന്നു.” (7:189,190)

സന്താന
സൗഭാഗ്യം നല്‍കിയ അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടും കുഞ്ഞുങ്ങളുടെ
നന്മ ലക്ഷ്യമാക്കിയും ചില പ്രത്യേക കര്‍മങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നു.

1. ബാങ്കുവിളിയും
മധുരം നല്‍കലും

നവജാത
ശിശുവിന്‍റെ ചെവിയില്‍ ദൈവിക കീര്‍ത്തനം വിളംബരം ചെയ്യുന്ന ബാങ്കിന്‍റെ
വചനങ്ങള്‍ ഉരുവിടുന്ന രീതി ഇസ്ലാമിക സമൂഹത്തില്‍ സച്ചരിതരായ മുന്‍ഗാമികള്‍
മുതല്‍ തുടര്‍ന്നു പോരുന്ന സമ്പ്രദായമാണ്. തദ്വിഷയകമായുദ്ധരിക്കപ്പെടുന്ന
പ്രവാചക വചനത്തിന്‍റെ പ്രബലതയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത
അഭിപ്രായമുണ്ടെങ്കിലും സച്ചരിതരായ പൂര്‍വ്വികരുടെ മാതൃകയുള്ളതിനാല്‍
അതിനെ അനാചാരമായി ഗണിക്കുക സാധ്യമല്ല. എന്നാല്‍ ബാങ്കിനു പുറമെ
ഇഖാമത്തുകൂടി പറയുന്ന റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണ്. അതിനാല്‍ അത്
ഇസ്ലാമിക രീതിയായി കാണാവതല്ല.

കുട്ടി
ജനിച്ച സന്തോഷത്താല്‍ മിഠായി വിതരണം ചെയ്യുന്നത് മതപരമായ ഒരു ചടങ്ങല്ലെങ്കിലും
തെറ്റെന്നു പറയാന്‍ പറ്റില്ല. മറിച്ച് ഇസ്ലാം അനുവദിക്കുന്ന
നാട്ടുനടപ്പുകളുടെ പട്ടികയിലാണ് അത് വരിക. എന്നാല്‍ ജന്മദിനങ്ങളില്‍
അത് ആവര്‍ത്തിക്കുകയും ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കലും അനിസ്ലാമിക
സംസ്കാരമാണ്. അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ അവ കയ്യൊഴിക്കേണ്ടതാണ്.

നവജാത
ശിശുവിന് മധുരം തൊട്ടുകൊടുക്കുന്ന രീതി ഹദീഥുകളില്‍ വന്നിട്ടുണ്ട്.
നബി (ﷺ) യുടെ അനുചരന്മാര്‍ പ്രവാചക സന്നിധിയില്‍ തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുമായി
വന്ന് അത് ചെയ്ത പല സംഭവങ്ങളും കാണാം. എന്നാല്‍ നബി(ﷺ)യുടെ കാലശേഷം
അത്തരം ഒരു കര്‍മ്മത്തിനായി അവിടുത്തെ സ്വാഹാബികളോ സച്ചരിതായ
മറ്റു പൂര്‍വ്വികരോ ആരേയും സമീപ്പിച്ചിരുന്നില്ല. അഥവാ നബി(ﷺ)യുമായി മാത്രം
ബന്ധപ്പെട്ട ഒരു പ്രത്യേക കര്‍മമായിട്ടാണ് സലഫുകള്‍ അതിനെ
കണ്ടിരുന്നത് എന്ന് സാരം. അതിനാല്‍ മധുരം നല്‍കാനും ചോറ് ഊട്ടാനും പ്രത്യേക
സ്ഥലങ്ങളിലേക്കും ആളുകളുടെ അടുക്കലേക്കും കൊണ്ടുപോകുന്നത് ഇസ്ലാമികമല്ല.

2. പേരിടല്‍

നല്ല
അര്‍ഥമുള്ള പേരുകള്‍ കാലേകൂട്ടി കണ്ടുവെച്ച് കുട്ടി ജനിച്ച ദിവസം തന്നെ
പേര് വിളിക്കുന്നതാണ് ഉത്തമം. അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഏഴാം ദിവസത്തിലോ
മറ്റോ പേര് വിളിക്കാം. എന്നാല്‍ പേര് വിളിക്കാനും ചോറുകൊടുക്കാനുമൊക്കെ
പ്രത്യേക സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ ഇസ്ലാമികമല്ല. നബി(ﷺ)യുടെ
അനുചരന്മാരടക്കമുള്ള പൂര്‍വ്വികരായ സച്ചരിതരില്‍ അത്തരം മാതൃക കാണുന്നില്ല.
അതിനാല്‍ അത്തരത്തിലുള്ള അന്യമത സംസ്കാരങ്ങള്‍ വിശ്വാസികള്‍ ഒഴിവാക്കേണ്ടതാണ്.

പേരും
പേര് വിളിക്കപ്പെടുന്ന വ്യക്തിയും തമ്മില്‍ ബന്ധവും സ്വാധീനവും ഉള്ളതുകൊണ്ടാകാം
മോശപ്പെട്ട പലപേരുകളും നബി(ﷺ) തിരുത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
മകന് മോശമായ പേരാണ് വിളിച്ചത് എന്നതിന്‍റെ പേരില്‍ ഒരു പിതാവിനെതിരില്‍ വന്ന
പരാതിയുമായി ബന്ധപ്പെട്ട് ഉമര്‍ (റ) അയാളെ ശാസിച്ച സംഭവവും
ചരിത്രത്തില്‍ കാണാം.

3. മുടി
കളയലും മൃഗത്തെ അറുക്കലും

നവജാത
ശിശുവിന്‍റെ തലമുടി നീക്കുവാനും സന്താന സൗഭാഗ്യത്തിന് അനുഗ്രഹിച്ച അല്ലാഹുവിന്
നന്ദിരേഖപ്പെടുത്തികൊണ്ട് മൃഗത്തെ ബലിയറുത്ത് ദാനം ചെയ്യുവാനും ഇസ്ലാം
നിര്‍ദേശിക്കുന്നു. സാധിക്കുമെങ്കില്‍ ഇത് കുട്ടി ജനിച്ചതിന്‍റെ ഏഴാം
ദിവസമാകലാണ് ഉത്തമം. അല്ലെങ്കില്‍ സൗകര്യപ്പെടുന്ന മറ്റ് ഏത് ദിവസങ്ങളിലുമാകാം.
മുടിയുടെ തൂക്കത്തിന് തുല്ല്യമായി വെള്ളി ദാനം ചെയ്യാനും നബി(ﷺ) നിര്‍ദേശിച്ചിട്ടുണ്ട്.

4. ചേലാകര്‍മം

ശുദ്ധ
പ്രകൃതിയുടെ ഭാഗമായി ലിംഗാഗ്രചര്‍മം ഛേദിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു.
ചേലാകര്‍മത്തിന്‍റെ ഗുണഫലങ്ങള്‍ ഇന്ന് സര്‍വ്വാംഗീകൃതമായി
മാറിയിട്ടുണ്ട്. ലിംഗചര്‍മത്തിനടിയില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള
മാലിന്യങ്ങളില്‍ നിന്ന് ശുദ്ധി നല്‍കുകയും ഒട്ടനവധി രോഗങ്ങളില്‍ നിന്നും
ലൈംഗിക പ്രശ്നങ്ങളില്‍ നിന്നും ചേലാകര്‍മം സുരക്ഷിതത്വം നല്‍കുമെന്നും
പഠനങ്ങള്‍ വ്യക്തമാക്കുന്നു.

5. മുലയൂട്ടല്‍

കുഞ്ഞിന്‍റെ
ആരോഗ്യത്തിനും രോഗപ്രതിരോദ ശേഷിക്കും ഏറെ സഹായകമായ പോഷക ഗുണങ്ങളടങ്ങിയ
ഒരമൂല്യ വസ്തുവാണ് അമ്മയുടെ മുലപ്പാല്‍. ദൈവികദാനമായ ആ മുലപ്പാല്‍
മക്കളുടെ അവകാശമാണ്. സൗന്ദര്യ പ്രശ്നത്തിന്‍റെയും മറ്റും പേരില്‍
അവ മക്കള്‍ക്ക് നിഷേധിക്കുമ്പോള്‍ ഒട്ടനവധി സാമൂഹ്യ പ്രശ്നങ്ങളും അപകടങ്ങളും
അതിലൂടെ വന്ന് ചേരുന്നു. സ്നേഹവും കാരുണ്യവുമില്ലാത്ത മാതൃ-ശിശുബന്ധവും
ആരോഗ്യമില്ലാത്ത സന്താനങ്ങളും അതിലൂടെ സമൂഹത്തില്‍ ഉണ്ടാകുന്നു.
മാത്രമല്ല സ്തനാര്‍ബുദത്തിന് അതും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏതായാലും മാതാപിതാക്കള്‍ മക്കളുടെ ഈ അവകാശം പൂര്‍ത്തീകരിച്ചു കൊടുക്കുവാന്‍
പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയെ
ഉദ്ബോധിപ്പിച്ചു. അല്ലാഹു പറയുന്നു: “മാതാക്കള്‍ അവരുടെ
ശിശുക്കള്‍ക്ക് രണ്ടുവര്‍ഷം പൂര്‍ണമായും മുലയുട്ടേണ്ടതാകുന്നു. (ശിശുവിന്‍റെ)
മുലകുടി പൂര്‍ണമാക്കണം എന്നുദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക്
(മുലയൂട്ടുന്ന മാതാക്കള്‍ക്ക്) മാന്യമായ രീതിയില്‍ ഭക്ഷണവും വസ്ത്രവും
നല്‍കേണ്ട ബാധ്യത പിതാവിനാകുന്നു. എന്നാല്‍ ആരിലും അവരുടെ കഴിവില്‍
കവിഞ്ഞ (ബാധ്യത) ചുമത്താവതല്ല. ഒരു മാതാവും അവളുടെ ശിശുകാരണമായി ദ്രോഹിക്കപ്പെടരുത്.
ഒരു പിതാവും അവന്‍റെ ശിശുകാരണമായും (ദ്രോഹിക്കപ്പെടരുത്). (പിതാവിന്‍റെ
അഭാവത്തില്‍ അയാളുടെ) അനന്തരവകാശികള്‍ക്കും (ശിശുവിന്‍റെ കാര്യത്തില്‍)
അതുപോലെയുള്ള
ബാധ്യതകളുണ്ട്. എന്നാല്‍ ഇരുകൂട്ടരും ഉഭയസമ്മതത്തോടെ, പരസ്പരം കൂടിയാലോചിച്ച്
മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവരിരുവര്‍ക്കും
കുറ്റമൊന്നുമില്ല. ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റൊരാളെക്കൊണ്ട്)
മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതങ്കില്‍ അതിനും
കുറ്റമൊന്നുമില്ല. അവര്‍ക്ക് നിശ്ചയിച്ച (വേതനം) മര്യാദയനുസരിച്ച് കൊടുത്തു
തീര്‍ക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. തീര്‍ച്ചയായും നിങ്ങള്‍
പ്രവര്‍ത്തിക്കുന്നത് എന്തും അല്ലാഹു
കണ്ടുകൊണ്ടിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കുവിന്‍”. (2:233)

6. സ്നേഹ
പ്രകടനവും ലാളനയും

മക്കളോട്
സ്നേഹമുണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോരാ. അത് പ്രകടിപ്പിക്കാനും ശ്രദ്ധിക്കണം.
അവരെ എടുക്കുവാനും ചുംബിക്കുവാനും അവരോടൊത്ത് കളിയിലും മാന്യമായ
വിനോദത്തിലുമൊക്കെ സമയം ചെലവഴിക്കാനും കഴിയേണ്ടതുണ്ട്. മക്കളുടെ മാനസിക
വികാസത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹ-വാത്സല്യങ്ങളുടെ
ആത്മബന്ധത്തിനുമൊക്കെ അത് അനിവാര്യമാണ്. വളരെയേറെ തിരക്കും
സാമൂഹ്യ ഉത്തരവാദിത്വമുണ്ടായിരുന്നിട്ടും മുഹമ്മദ് നബി (ﷺ) കുട്ടികളോടൊത്ത് സ്നേഹം
പങ്കുവെക്കുവാനും കളിക്കാനും സമയം കണ്ടെത്തിയിരുന്നുവെന്നത് ആധുനിക
സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. തിരക്കിന്‍റെ പേരില്‍ ബാധ്യതകളും
ജീവിതം തന്നെയും മറക്കുന്ന ആധുനിക സമൂഹത്തിന് ജീവിതപ്പാച്ചിലിനിടയില്‍
പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന
വസ്തുത പലരും ശ്രദ്ധിക്കാറില്ല. സ്നേഹവും കാരുണ്യവും
പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റുള്ളവരില്‍ നിന്നും അതുപോലുള്ളത്
തിരിച്ചു കിട്ടുകയുള്ളൂവെന്നാണ് നബി (ﷺ) പഠിപ്പിച്ചത്.

എന്നാല്‍
ഇതിന്‍റെയൊക്കെ നേരെ വിപരീതമായ മറ്റൊരു വശവും ആധുനിക സമൂഹത്തില്‍
നമുക്ക് കാണാം. കുട്ടികളെ അമിതമായി ലാളിച്ചും കൊഞ്ചിച്ചും പറ്റെ
വഷളാക്കുന്ന രീതിയും ഏറെ അപകടകരമാണ്. ശാസനയും ഉപദേശവും ഒന്നും വേണ്ടിടത്ത്
നല്‍കാതെ തെറ്റുകള്‍ തിരുത്താനും നന്മയിലേക്ക് നയിക്കാനും ഏറ്റവും
കൂടുതല്‍ ബാധ്യസ്തരായ മാതാപിതാക്കള്‍ അതില്‍ ശ്രദ്ധിക്കാതെ വരുമ്പോള്‍
വാസ്തവത്തില്‍ സമൂഹത്തിനാകെ ആ സന്താനങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
തെമ്മാടികളും ദുര്‍മാര്‍ഗികളുമായി പല ദുശ്ശീലങ്ങള്‍ക്കുമടിമപ്പെട്ട്
അവര്‍ വളരുമ്പോള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി മാറുകയും
അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവിടെയും മഹാനായ
പ്രവാചകന്‍ മുഹമ്മദ് നബി (ﷺ)യുടെ ജീവിതത്തില്‍ നമുക്ക് മാതൃകയുണ്ട്.

ഒരിക്കല്‍
മദീനത്തെ പള്ളിയുടെ മൂലയില്‍ സക്കാത്തിന്‍റെ വിഹിതമായി ശേഖരിച്ചിരുന്ന
കാരക്കയില്‍ നിന്ന് ഒന്നെടുത്ത് നബി (ﷺ) യുടെ പേരകുട്ടി വായിലിട്ടു.
അതു കണ്ട നബി (ﷺ) അതു തുപ്പിക്കളയാന്‍ ആ പിഞ്ചുബാലനോട് പറഞ്ഞിട്ടു
ഇപ്രകാരം ഓര്‍മ്മിപ്പിച്ചു. “മോനേ, നിനക്കറിയില്ലേ നമുക്ക് അത് ഭക്ഷിക്കാന്‍
പാടില്ലെന്ന്? നിശ്ചയം
അത് (സകാത്ത് മുതല്‍) മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും
അനുവദനീയമല്ല.” (ബുഖാരി, മുസ്ലിം)

മറ്റൊരിക്കല്‍
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാന്യമല്ലാത്ത രീതി സ്വീകരിച്ച
കുട്ടിയോട് വാത്സല്യത്തോട് നബി (ﷺ) ഉപദേശിച്ചു. “മോനേ, അല്ലാഹുവിന്‍റെ
നാമത്തില്‍ തുടങ്ങുക. വലതു കൈകൊണ്ട് തിന്നുക. നിന്‍റെ അടുത്ത്
നിന്ന് നീ ഭക്ഷിക്കുക.” (ബുഖാരി, മുസ്ലിം) ആ കുട്ടികളൊക്കെ പ്രായമായ
ശേഷം നബി(ﷺ)യുടെ ഉപദേശങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍
അനുസ്മരിച്ചുകൊണ്ട് സമൂഹത്തെ അത്തരം മര്യാദകള്‍ പഠിപ്പിച്ച നിരവധി
സംഭവങ്ങള്‍ ഹദീഥിന്‍റെ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

എന്നാല്‍
മക്കളോടൊത്ത് ഭക്ഷണം കഴിക്കുവാനോ സമയം ചെലവഴിക്കുവാനോ ശ്രദ്ധിക്കാത്ത
നമ്മില്‍ ഭൂരിഭാഗത്തിനും ഇത്തരം ഉപദേശ നിര്‍ദേശങ്ങള്‍ ഫലപ്രദമായി
നല്‍കാന്‍ സാധിക്കാറില്ല. മിക്ക മാതാപിതാക്കളും ചിലപ്പോള്‍ തെറ്റുകള്‍ക്കും
ദുശ്ശീലങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവരായിമാറുന്നു. അല്ലെങ്കില്‍
അനാവശ്യമായ ശകാരങ്ങളും മര്‍ദ്ദനങ്ങളും കൊണ്ട് അവ ഫലപ്രദമല്ലാതാക്കി
മാറ്റുന്നു. മര്യാദകളും ധാര്‍മിക വശങ്ങളും ചെറുപ്പത്തില്‍ തന്നെ മക്കള്‍ക്ക്
പകര്‍ന്നുകൊടുക്കാന്‍ നബി(ﷺ)
ഉപദേശിച്ചിട്ടുണ്ട്. സ്വന്തം മക്കളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതിനു
പകരം ആ ചുമതല
മറ്റുള്ളവരെ ഏല്‍പ്പിച്ച് മക്കളുടെ കുറ്റവും കുറവുകളും മറ്റുള്ളവരുടെ
മുമ്പില്‍ നിരത്തി പരാതിപ്പെടുന്ന രീതി ഒട്ടും ഗുണപരമല്ല.

മക്കള്‍
അനുഗ്രഹമെന്ന പോലെ പരീക്ഷണവുമാണ് എന്ന് ക്വുര്‍ആനിക ഉദ്ബോധനം മറക്കാതിരിക്കുക.
“തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും
ഒരു പരീക്ഷണം മാതമാകുന്നു. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലമുള്ളത്.”
(64:15). അവരുടെ ശാരീരിക വളര്‍ച്ചയില്‍
ശ്രദ്ധിക്കുന്ന നാം അവരുടെ ധാര്‍മികവും സാംസ്കാരികവുമായ അഭിവൃദ്ധിയിലും ശ്രദ്ധയുള്ളവരായിരിക്കണം.
പ്രവാചകന്മാരായിരുന്ന സകരിയ്യാ നബി (അ) യും ഇബ്റാഹീം നബി (അ) യുമൊക്കെ സന്താന
സൗഭാഗ്യത്തിനായി അല്ലാഹുവോട് പ്രാര്‍ഥിച്ചപ്പോള്‍ നല്ല മക്കള്‍ക്കായി
പ്രത്യേകം ചോദിച്ചത് കാണാം. കാരണം നല്ല മക്കള്‍ നമുക്ക് അഭിമാനവും
ഇരുലോകത്തും ഉപകാരപ്രദവുമാണ്. എന്നാല്‍ ദുര്‍നടപ്പുകാരായ മക്കള്‍ നമുക്ക്
അപമാനമായിരിക്കുകയും ചെയ്യും.

7. നീതി
പാലിക്കുക

മക്കള്‍ക്കിടയില്‍
വേര്‍തിരിവ് കല്‍പിക്കുകയും ചിലരെ മറ്റുചിലരേക്കാള്‍ പ്രത്യേകം
സ്നേഹിക്കുകയും അവര്‍ക്ക് പ്രത്യേകമായി പലതും നല്‍കുന്ന വിഭാഗീയത ചിലയാളുകളില്‍
കാണാറുണ്ട്. അത് ഗുരുതരമായ കുറ്റവും ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍
സൃഷ്ടിക്കുന്ന തരത്തിലുള്ള അവിവേകപൂര്‍വ്വമായ പ്രവര്‍ത്തിയുമാണ്.
തന്‍റെ മക്കളില്‍ ഒരാള്‍ക്ക് മാത്രം പ്രത്യേകമായി ദാനം നല്‍കിയ
ഒരു സ്വഹാബിയെ നബി (ﷺ) ശക്തമായി ശാസിക്കുകയും മക്കള്‍ക്കിടയില്‍ തുല്യതയോടെ
പെരുമാറാന്‍ ഉപദേശിക്കുകയും ചെയ്ത സംഭവം ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടു
വന്നിട്ടുണ്ട്. ഒരുപക്ഷേ നമ്മള്‍ കാര്യമായി പരിഗണിച്ച് അര്‍ഹവും
അനര്‍ഹവുമായ രീതിയിലൊക്കെ വാരിക്കോരി കൊടുത്ത മക്കള്‍ നമുക്ക് ഉപദ്രവകാരിയായി
മാറിയേക്കാം. പിന്നീടത് നമുക്ക് ഖേദത്തിനിടയാക്കുകയും ചെയ്തേക്കാം.
അനന്തരവകാശ സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് തന്നെ അല്ലാഹു ഇക്കാര്യം
ഉണര്‍ത്തിയത് ശ്രദ്ധേയമാണ്.

“നിങ്ങളിലെ
പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും
അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള
(ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും
യുക്തിമാനുമാകുന്നു.” (4:11)

8. ആവശ്യങ്ങള്‍
നിര്‍വഹിച്ചുകൊടുക്കുക

മക്കള്‍
ആവശ്യപ്പെടുന്ന എല്ലാം നമുക്ക് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.
എങ്കിലും അവരുടെ അത്യാവശ്യങ്ങളും അവസ്ഥകളും കണ്ടറിയാന്‍ നാം
ശ്രദ്ധിക്കേണ്ടതാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി
പഠനം പോലുള്ള കാര്യങ്ങളില്‍ കഴിവുണ്ടായിട്ടും ശ്രദ്ധിക്കാതിരിക്കല്‍
കുറ്റകരമായ വീഴ്ചയാണ്. നബി (ﷺ) പറയുന്നു: “തന്‍റെ ആശ്രിതര്‍ക്ക്
ചെലവിനു കൊടുക്കാതിരിക്കുക എന്ന തന്നെ ഒരാള്‍ക്ക് മതിയായ കുറ്റമാണ്”
(മുസ്ലിം അബൂദാവൂദ്)

മറ്റൊരിക്കല്‍
അവിടുന്ന് പറഞ്ഞു: “ഒരാള്‍ ചെലവഴിക്കുന്നതില്‍ വെച്ച് ഏറ്റവും
ഉല്‍കൃഷ്ടമായ ധനം തന്‍റെ മക്കളടക്കമുള്ള ആശ്രിതര്‍ക്ക് ചെലവഴിക്കുന്ന
ധനമാണ്.” (മുസ്ലിം)

9. സമ്പാദിച്ചു
കൊടുക്കുക

അനന്തരവകാശികള്‍ക്ക്
ഒന്നും ബാക്കിവെക്കാതെ എല്ലാം ചെലവാക്കുന്ന കുത്തഴിഞ്ഞ ഉപഭോഗ സംസ്കാരത്തെ
ഇസ്ലാം അംഗീകരിക്കുന്നില്ല. മക്കളെയും കുടുംബത്തെയും
പട്ടിണിക്കിട്ടുകൊണ്ട് ആളുകളെ കയ്യടിയും ‘ഗുഡ് സര്‍ട്ടിഫിക്കറ്റും’ നേടാനായി
സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളിലും ദാനധര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതിനെ
ഇസ്ലാം നന്മയായി കാണുന്നില്ല.

രോഗാവസ്ഥയിലായിരിക്കെ
തന്‍റെ സ്വത്ത് മുഴുവനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കട്ടെയോ
എന്ന് അന്വേഷിച്ച സഅ്ദ് (റ) നോട് നബി (ﷺ) ‘വേണ്ട’ എന്നാണ്
മറുപടി നല്‍കിയത്. എങ്കില്‍ പകുതി ദാനം ചെയ്യട്ടയോ? എന്നന്വേഷിച്ചപ്പോഴും അവിടുന്ന്
വിലക്കി. അവസാനം മൂന്നിലൊരുഭാഗം ദാനം ചെയ്യാനനുവദിച്ച നബി (ﷺ) ശേഷം പറഞ്ഞു. ‘തീര്‍ച്ചയായും
നീ നിന്‍റെ
അനന്തരവകാശികളെ ആളുകള്‍ക്ക് മുമ്പില്‍ കൈനീട്ടുന്നവരായി
വിട്ടേച്ചു
പോകുന്നതിനേക്കാള്‍ അവരെ ധന്യരാക്കി വിട്ടുപോകുന്നതാണ്
നിനക്കുത്തമം’ (ബുഖാരി, മുസ്ലിം)

എന്നാല്‍
ന്യായ-അന്യായങ്ങള്‍ ഒന്നും നോക്കാതെ നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദ്യം
കൊഴുപ്പിക്കുന്നതിനെ അതിശക്തമായി നബി (ﷺ) വിലക്കിയിട്ടുമുണ്ട്. അവിടുന്ന്
പറഞ്ഞു: “നിഷിദ്ധമാര്‍ഗത്തിലൂടെ വളരുന്ന മാംസത്തിന് നരകാഗ്നിയാണ് ഏറ്റവും
അര്‍ഹം.” (തിര്‍മിദി)

10. വിശ്വാസവും
ആദര്‍ശവും പഠിപ്പിക്കുക


ലോകത്തും നാളെ മരണാനന്തര ജീവിതത്തിലും ഉപകാരപ്രദമായ സമ്പാദ്യമായി മക്കള്‍
മാറണമെങ്കില്‍ അവരുടെ ധാര്‍മിക വിദ്യാഭ്യാസത്തെകുറിച്ച് രക്ഷിതാക്കള്‍
കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അടിയുറച്ച ദൈവ വിശ്വാസവും പരലോക
ബോധവും അവരില്‍ കരുപിടിപ്പിക്കുവാന്‍ ചെറുപ്പത്തിലേ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍
ഭാവിയില്‍ നമ്മെ ഒരു ഭാരമായിക്കണ്ട് തെരുവില്‍ തള്ളുന്ന സ്ഥിതിവിശേഷം
ഉണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്‍റെ
മുമ്പിലും എതിരാളികളായി മക്കള്‍ പ്രത്യക്ഷപ്പെടുന്ന സ്ഥിതിയില്ലാതിരിക്കാന്‍
അത് അനിവാര്യമാണ്. ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ ഒരു
മാതൃകാ പുരുഷനായ ലുഖ്മാന്‍ (അ) തന്‍റെ മകന് നല്‍കുന്ന സാരോപദേശങ്ങള്‍ ശ്രദ്ധേയമാണ്.
“ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: എന്‍റെ
കുഞ്ഞേ, നീ
അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അവനില്‍ പങ്കു
ചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” “എന്‍റെ കുഞ്ഞുമോനേ, നമസ്കാരത്തെ
(കൃത്യമായി) നിലനിറുത്തുക. നന്മയെ അനുശാസിക്കുകയും നിഷിദ്ധകാര്യത്തെ
വിലക്കുകയും ചെയ്യുക. നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ സഹനം
കൈകൊള്ളുകയും ചെയ്യുക. ഇത് കാര്യങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍പെട്ടതുതന്നെയാണ്.
നീ ആളുകളില്‍ നിന്ന് മുഖം തിര്‍ച്ചു സംസാരിക്കരുത്. ഭൂമിയില്‍
പൊങ്ങച്ചത്തില്‍ നടക്കുകയും അരുത്. തീര്‍ച്ചയായും വമ്പുപറയുന്ന
ഡംഭന്മാരെ ഒരുത്തനെയും അല്ലാഹു സ്നേഹിക്കുന്നില്ല. നിന്‍റെ
നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്‍റെ ശബ്ദം നീ
ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും
അരോചകമായത് കഴുതയുടെ ശബ്ദമത്രെ.” (31:13, 16-19)

പ്രവാചകന്മാരായ
ഇബ്റാഹീം (അ) യഅ്ഖൂബ് (അ) മുതലായവര്‍ മക്കള്‍ക്ക് നല്‍കിയ
സാരോപദേശങ്ങളില്‍ പ്രധാനപ്പെട്ടവ ക്വുര്‍ആന്‍ എടുത്തു കാണിക്കുന്നത്
കാണുക: “ഇതേ ജീവിതമാര്‍ഗം തന്നെ ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ
മക്കളോട് ഉപദേശിച്ചു: എന്‍റെ മക്കളേ, അല്ലാഹു ഈ ‘ദീന്‍’ നിങ്ങള്‍ക്ക്
വിശിഷ്ടമായി തെരഞ്ഞെടുത്തു തന്നിരിക്കുന്നു. ആകയാല്‍ മുസ്ലിംകളായിട്ടല്ലാതെ
നിങ്ങള്‍ മരിക്കാനിടയാകരുത്. അല്ല, യഅ്ഖൂബ് ആസന്നമരണനായിരിക്കെ
നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? അദ്ദേഹം തന്‍റെ മക്കളോട്
ചോദിച്ചു: എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക. അവര്‍ പറഞ്ഞു:
അങ്ങയുടെ ആരാധ്യനായ,
അങ്ങയുടെ പിതാക്കളായ ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്
എന്നിവരുടെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍
അവനെ അനുസരിച്ച് ജീവിക്കുന്നവരുമാകും.” (2:132-133)

നമ്മുടെ
സന്താനങ്ങളെ ഇരുലോകത്തും ഉപകാരപ്പെടുന്ന അഭിമാനകരമായ സമ്പാദ്യമാക്കി മാറ്റാന്‍
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!

പ്രധാന്യം

രാഷ്ട്രീയത്തില്‍ ഇസ്ലാം മാതൃക കാണിച്ചിട്ടില്ലേ?

ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി(رحمهالله)

ചോദ്യം: എല്ലാ കാര്യങ്ങളിലും വ്യക്തമായ രൂപരേഖകളും മാതൃകയുമുളള ഇസ്ലാമിന്ന് മനുഷ്യജീവിതത്തിലെ മര്‍മപ്രധാനമായ രാഷ്ട്ര സംവിധാനത്തില്‍ മാത്രം മാതൃകയോ വ്യക്തമായ രൂപരേഖയോ ഇല്ലാതെ പോയത് എന്തുകൊണ്ട്? മതത്തിന് ദോഷമല്ലെന്ന് തോന്നുന്ന ഏത് പാര്‍ട്ടികളിലും ചേരാനുളള സ്വാതന്ത്ര്യം ഇസ്ലാം നല്‍കിയത് ശരിയാണോ? വിദ്യാഭ്യാസ, സംസ്കാരിക, മത കാര്യങ്ങളിലെല്ലാം ഖുര്‍ആന്‍, ഹദീസ് പ്രമാണമായംഗീകരിക്കുന്ന പ്രസ്ഥാനപ്രവര്‍ത്തകര്‍ പോലും പര്സപരം ഏറ്റുമുട്ടാനും അഹിതം പ്രവര്‍ത്തിക്കാനും കാരണമാകുന്നത് മേല്‍ പറഞ്ഞ സ്വാതന്ത്ര്യം കൊണ്ടല്ലേ?ഇത് ഇസ്ലാമിന്‍റെ സമ്പൂര്‍ണതക്ക് എതിരല്ലേ?

ഉത്തരം: ഇസ്ലാം ലൌകികമായി എല്ലാ കാര്യവും എങ്ങനെ ചെയ്യണമെന്ന് വ്യക്തമാക്കുന്ന രൂപരേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ റസൂലോ(ﷺ) പറഞ്ഞിട്ടില്ല. ആശുപത്രികള്‍ എവിടെ എങ്ങിനെ സ്ഥാപിക്കണമെന്ന് അല്ലാഹുവോ റസൂലോ(ﷺ) വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയത്തെക്കാള്‍ പ്രധാനമാണല്ലോ ആരോഗ്യത്തിന്‍റെ പ്രശ്നം. ശുദ്ധജല വിതരണം, ഭക്ഷ്യവിതരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏതേത് വിധത്തിലൊക്കെ ഏര്‍പ്പെടുത്തണമെന്ന് ഖുര്‍ആനിലോ ഹദീസിലോ നിര്‍ണയിച്ചിട്ടില്ല. എല്ലാ കാര്യങ്ങളിലും ധര്‍മമേത്, അധര്‍മമേത് എന്ന് വേര്‍തിരിച്ചു പഠിപ്പിച്ചു കൊടുക്കാനാണ് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്.

രാഷ്ട്രീയത്തിലും ധര്‍മാധര്‍മങ്ങള്‍ ഏതൊക്കെയെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍നിന്നും വ്യക്തമായി ഗ്രഹിക്കാം. “വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തുവീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പ് കല്പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പ് കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു.” (വി.ഖു: 4:58) റസൂലി(ﷺ)നോട് അല്ലാഹു കല്പിക്കുന്നു: “നീ തീര്‍പ്പ് കല്പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പ് കല്‍പിക്കുക. നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.” (5:42) “അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച് വിധി കല്പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെവിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപ്പോകരുത്. (5:48). ഖുര്‍ആന്‍ പറയുന്നു: “അവരുടെ കാര്യം തീരുമാനിക്കുന്നത് അവര്‍ തമ്മിലുളള കൂടിയാലോചനയിലൂടെ ആയിരിക്കും” (42:38). ഭരണാധികാരികളുടെയും ഭരണീയരുടെയും ബാധ്യതകള്‍ വ്യക്തമാക്കുന്ന അനേകം ഹദീസുകളുമുണ്ട്.

ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന രീതി ഏതാണെങ്കിലും ജനങ്ങളുടെ അഭിപ്രായം മാനിക്കണമെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഗ്രഹിക്കാം. വിശദാംശങ്ങള്‍ തീരുമാനിക്കേണ്ടത് ഓരോ കാലഘട്ടത്തിലും സമൂഹത്തിന് നേതൃത്വം നല്‍കുന്നവരാണ്. ഇസ്ലാമിക ഭരണാധികാരികള്‍ അല്ലാഹുവിന്‍റെയും റസൂലി(ﷺ)ന്‍റെയും വിധിക്ക് വിരുദ്ധമായി വിധികല്‍പിക്കാന്‍ പാടില്ല എന്ന കാര്യം ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും വ്യക്തമാണ്. കാലിക പ്രശ്നങ്ങളിലെ വിധി അടിസ്ഥാനപ്രമാണങ്ങളില്‍ നിന്ന് നിര്‍ധാരണം ചെയ്യുന്നതിനുളള തത്ത്വങ്ങള്‍ ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്‍മാര്‍ ഗവേഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും രൂപപ്പെടുത്തേണ്ടതാണ്. മൌലികതത്ത്വങ്ങള്‍ വ്യക്തമാക്കുകയും പ്രയോഗവത്കരണം സംബന്ധിച്ച വിശദാംശങ്ങള്‍ മനുഷ്യരുടെ ചിന്തക്കും പഠനത്തിനും വിടുകയും ചെയ്യുന്ന ഇസ്ലാമിന്‍റെ നിലപാട് അപൂര്‍ണതയല്ല, പ്രായോഗികതയാണ്.

ഇസ്ലാം മനുഷ്യരോട് ആവശ്യപ്പെടുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനോ ഭരണം പിടിച്ചെടുക്കാനോ അല്ല. അന്യൂനമായ വിശ്വാസത്താല്‍ പ്രചോദിതരായിക്കൊണ്ട് ജീവിതരംഗങ്ങളില്‍ മുഴുവന്‍ അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിക്കാനാണ്. ഓരോ വ്യക്തിയും കഴിവിന്‍റെ പരമാവധി ധര്‍മനിഷ്ഠ പാലിക്കണം. ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി ഭരണകാര്യങ്ങളിലൊക്കെ അല്ലാഹുവിന്‍റെയും റസൂലി(ﷺ)ന്‍റെയും വിധികള്‍ നടപ്പാക്കിക്കൊണ്ട് തന്‍റെ ധര്‍മം നിറവേറ്റണം. തൊഴിലാളിയായ വിശ്വാസി തന്‍റെ പരിമിതമായ ജീവിതമേഖലയില്‍ ഇസ്ലാമിക നിയമങ്ങള്‍ കഴിയുന്നത്ര പാലിക്കണം. വിശ്വാസികള്‍ക്ക് രാഷ്ട്രീയാധികാരമില്ലാത്ത നാട്ടില്‍ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ കഴിയുന്നത്ര ഇസ്ലാമിനും മുസ്ലിംകള്‍ക്കും അനുഗുണമാക്കിത്തീര്‍ക്കാനോ അതു സാധ്യമല്ലെങ്കില്‍ പ്രതികൂലമല്ലാതാക്കിത്തീര്‍ക്കാനോ ശ്രമിക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഇസ്ലാമിക മനസ്സാക്ഷിയനുസരിച്ച് ഈ ബാധ്യത നിര്‍വഹിക്കുന്ന വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ സാധാരണഗതിയില്‍ സാധ്യതയില്ല. എന്തെങ്കിലും തെറ്റിദ്ധാരണ നിമിത്തം വല്ല അനിഷ്ട സംഭവവും ഉണ്ടായാല്‍ തന്നെ അത് മാനുഷികമായ തെറ്റായി മാത്രമേ ഗണിക്കേണ്ടതുള്ളൂ. സ്വഹാബികളുടെ ജീവിതത്തിലും ഇത്തരം ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അത് ഇസ്ലാമിന്‍റെ അപൂര്‍ണത നിമിത്തമാണെന്ന് അവര്‍ക്കാര്‍ക്കും തോന്നിയിട്ടില്ല.

യുവപഥം

പ്രിയപ്പെട്ട സുഹൃത്തേ,

ഈ ലോകം എത്ര മനോഹരം! കാഴ്ച്ചകൾ കണ്ടാൽ മതിവരില്ല. ഉല്ലാസയാത്ര ചെയ്തു മടുത്തവർ ആരെങ്കിലുമുണ്ടോ നമ്മുടെ നാട്ടിൽ? പക്ഷേ, വളരെ ചുരുങ്ങിയ കാലം മാത്രമേ നമുക്കിവിടെയുള്ളൂ. നമ്മുടെ അഭിപ്രായം ചോദിക്കാതെ സമ്മതത്തിന് കാത്തു
നിൽക്കാതെ… മരണം നമ്മെ തേടിയെത്തും.

പ്രകൃതി സുന്ദരമായ കാഴ്ചകൾ കാണാൻ ഇറങ്ങിയവർ പലരും, ഒരു നോക്കു കാണാൻ നിൽക്കാതെ … ഒന്നും മിണ്ടാതെ.. നിശ്ചലമായി… ചതഞ്ഞ്… മുറിഞ്ഞ്. ആംബുലൻസിൽ തിരിച്ചെത്തുന്നു. നമുക്ക് വേദനകളും നോവുകളും സമ്മാനിച്ച് കടന്നുപോവുന്നു.

മലേഷ്യൻ വിമാനം പറന്നുയരുമ്പോൾ അതിലെ യാത്രക്കാരും അവരെ യാത്രയയച്ചവരും ഒരിക്കലും നിനച്ചിട്ടുണ്ടാവില്ല, മരണം പാതിവഴിയിൽ അവരുടെ യാത്ര അവസാനിപ്പിക്കുമെന്ന്.

ഒരിക്കൽ ഇതുപോലെ നാം, നമ്മുടെ കൂട്ടുകാർ…… കുടുംബം… ഉറ്റവർ നോക്കിനിൽക്കേ, എല്ലാവരേയും നൊമ്പരപ്പെടുത്തി യാത്രയാവും. അവസാനമായി.  തീർച്ച! അത് എവിടെ വെച്ച്
എവിടെ  വെച്ച്? എന്ന്? എങ്ങനെ? പറയാനാവില്ല. ആ പര്യാവസാനം നന്മ നിറഞ്ഞതും ആശ്വാസവുമാവുമോ?

അതെ, താങ്കളുടെ ഈ പവിത്രമായ ശരീരം ഒരുനാൾ ആറടിമണ്ണിൽ പുഴുക്കൾക്ക് തിന്നാനായി ശേഷിക്കുമ്പോൾ …….. മറമാടി  താങ്കളുടെ കുടുംബവും കൂട്ടുകാരും വേണ്ടപ്പെട്ടവരും വേദനകൾ
കടിച്ചമർത്തി തിരിഞ്ഞു നടക്കുമ്പോൾ താങ്കൾക്ക് കൂട്ടിന് എന്ത് ബാക്കിയുണ്ട്? കർമ്മങ്ങൾ മാത്രം.

സുഹൃത്തേ, നാം ജീവിക്കുന്ന ചുറ്റുപാട് മലീമസമാണ്, വികൃതമാണ്, ഭീകരമാണ്. ഈ യൗവനത്തെ ഇക്കിളിപ്പെടുത്തി… ലഹരിക്കടിമയാക്കി. നശിപ്പിക്കുകയാണ്.

ഒരു പക്ഷെ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ഒരു കവിൾ  മദ്യം .ഒരു നുള്ള്  പൊടി,  ഒരു വലിച്ചൂതൽ , മൊബൈൽഫോൺ… ഇവയിലേതെങ്കിലുമാവാം താങ്കളെ പ്രതിസന്ധിയിലാക്കിയ തുടക്കം.

താങ്കളുടെ ചുറുചുറുക്കുള്ള ഈ മേനി, ബലമുള്ള ഈ കോമള ശരീരം, ഈ സമൂഹത്തിനും താങ്കളുടെ മക്കൾക്കും, കുടുംബത്തിനും, ഇണയ്ക്കും …..താങ്കൾക്കുതന്നെയും ഉപകാരപ്പെടണം, ഒരുമുതൽക്കൂട്ടാവണം…

താങ്കളെ തിന്മയിലേക്കും നാശത്തിലേക്കും നയിക്കാൻ ചുറ്റുപാട് സജ്ജമാണ് . പക്ഷെ നന്മയിലേക്ക് വിളിക്കാൻ, സുകൃതത്തിന്റെ ജലകണം പകരാൻ…… സന്തോഷത്തിന്റെ, സമാധാനത്തിന്റെ മധുരം നുകരാൻ… താങ്കളുടെ കൂട്ടുകാർ ഒരുക്കുന്ന ഒരു അസുലഭ സന്ദർഭം ഇതാ….

‘യുവപഥം’  യുവാക്കൾ മാത്രമായുള്ള ഒരു സംഗമം.

താങ്കൾക്കിത് നന്മയാകും, മധുമാകും, സമാധാനമാകും… പ്രതിസന്ധികൾക്ക് പരിഹാരം…. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരം… അതിനാൽ താങ്കളേയും കൂട്ടുകാരെയും സ്നേഹത്തോടെ, സന്തോഷത്തോടെ ക്ഷണിക്കുന്നു.

ഹദീഥ് ഇസ്ലാമിന്റെ പ്രമാണം

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാണ് വിശുദ്ധ ഖുർആനും തിരുസുന്നത്തും, അല്ലാഹുവിന്റെ വചനമാണ് ഖുർആൻ. പ്രവാചക ചര്യയാകുന്ന സുന്നത്തും അല്ലാഹുവിന്റെ വഹ് യാണ്. മതപരമായി നബി സ്ര) പഠിപ്പിച്ചതൊക്കെയും അല്ലാഹുവിന്റെ വഹ് യിന്റെ അടിസ്ഥാത്തിൽ തന്നെയായിരുന്നു. അല്ലാഹു പറയുന്നു: അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുകയില്ല. അത് അദ്ദേഹത്തിന്റെ ദിവ്യ സന്ദേശമായി നൽകപ്പെടുന്ന ഒരു ഉദ്ബോധനം മാത്രമാകുന്നു. (ഖുർആൻ 53:3,4) അതിനാൽ നബി (സ്വ) യുടെ തിരുചര്യകളിൽ ഒന്നിനെപ്പോലും നാം നിഷേധിക്കുവാനോ പുഛിക്കുവാനോ പാടുള്ളതല്ല. മറിച്ച്, അല്ലാഹുവിന്റെ മാർഗനിർദേശങ്ങളാണ് അവയും എന്നുള്ളതുകൊണ്ട് സുന്നത്തിനെ നാം ആദരിക്കുകയും പിൻപറ്റുകയുമാണ് വേണ്ടത്. പ്രവാചകാധ്യാപനങ്ങളോട് എതിര് പ്രവർത്തിച്ചാൽ ഇരു ലോകത്തും വമ്പിച്ച ദുരന്തങ്ങൾക്കത് നിമിത്തമാകും, നബി (സ്വ) പഠിപ്പിച്ച കാര്യങ്ങളെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ കഴിയുമ്പോൾ മാത്രമാണ് ഒരാൾ ശരിയായ വിശ്വാസിയായിത്തീരുന്നത്. അല്ലാഹു പറയുന്നു: “നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം. അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും നീ വിധി കൽപ്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വസികളാവുകയില്ല.” (ഖുർആൻ 4:65)

സുന്നത്ത് അഥവാ ഹദീസിൽ നിന്നാണ് ഇസ്ലാമിന്റെ
പ്രായോഗിക രൂപം ഗ്രഹിക്കേണ്ടത്. ഉദാഹരണത്തിന്,
നമസ്ക്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങി നിർബന്ധമായും നാം അനുഷ്ഠിക്കേണ്ട നിരവധി കാര്യങ്ങളെക്കുറിച്ച് ഗൗരവതരമായ പല ഉണർത്തലുകളും വിശുദ്ധ ഖുർആനിലുണ്ട്.
എന്നാൽ അവയുടെ വിശദമായ പ്രായോഗിക രൂപം നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങിയ സുന്നത്ത് അഥവാ നബി ചര്യയിൽ നിന്നാണ് നമുക്ക് ലഭിക്കുക. നബി (സ്വ)യെയാണ് പ്രസ്തുത വിവരണത്തിനായി അല്ലാഹു ചുമതലപ്പെടുത്തിയിട്ടുള്ളതും. അല്ലാഹു പറയുന്നു: “വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങൾക്കിടയിൽ അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചു കൊടുക്കുവാൻ വേണ്ടിയും അവർ ചിന്തിക്കുവാൻ വേണ്ടിയും” (ഖുർആൻ 16:44)

ഇത്തരം അധ്യാപനങ്ങൾ നബി (സ്വ)യിൽ നിന്ന് പകർന്നെടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത അവിടുത്തെ അനുചരന്മാർ (സ്വഹാബത്ത്) ആണ് സുന്നത്തിന്റെ ശരിയായ വിവക്ഷ നമുക്ക് മനസ്സിലാക്കിത്തരേണ്ടവർ. കാരണം, ദീനിന്റെ പ്രഥമ അഭിസംബോധിതരും പ്രവാചക ശിക്ഷണത്തിൽ വളർന്ന മഹത്തുക്കളുമാണവർ. അവരെയാണ് അല്ലാഹു
തൃപ്തിപ്പെട്ടത്. അവരുടെ മാർഗ്ഗം പിൻപറ്റാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത്.

അല്ലാഹു പറയുന്നു: “മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും ആദ്യമായി മുന്നോട്ടു വന്നവരും സുകൃതംചെയ്തുകൊണ്ട് അവരെ പിൻതുടർന്നവരുമാരോ അവരെപ്പറ്റി അല്ലാഹു
സംതൃപ്തനായിരിക്കുന്നു താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കി വെയ്ക്കുകയും ചെയ്തിരിക്കുന്നു, എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതൊരു മഹത്തായ ഭാഗ്യം” (ഖുർആൻ 9:100)

“തനിക്ക് സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്തു നിൽക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിൻതുടരുകയും ചെയുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ട് നാം അവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം” (ഖുർആൻ 4:115)

സത്യവിശ്വാസികൾക്കിടയിലുണ്ടാകുന്ന അഭിപ്രായ ഭിന്നതകൾ ഈ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് പരിഹരിച്ച് ഐക്യപ്പെടുവാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്.

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. അല്ലാഹുവിന്റെ ദൂതനെയും, നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാവുകയാണെങ്കിൽ നിങ്ങൾ അല്ലാഹുവിലേക്കും റസൂലിലേക്കു മടങ്ങുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അതാണ് ഉത്തമവും നല്ല പര്യവസാനവുമുള്ളത് (ഖുർആൻ 4:59)

ദീനിയായ അധ്യാപനങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടത് സച്ചരിതരായ ആ മുൻഗാമികളുടെ മനസ്സിലാക്കലുകൾക്കും നിലപാടുകൾക്കും അനുസരിച്ചായിരിക്കണം. അല്ലാതെ നാട്ടിൽ കുറേ കാലങ്ങളായി നടന്നുവരുന്നതാണെന്നതുകൊണ്ട് ഒരു കാര്യം ദീനിൽഅംഗീകരിക്കപ്പെട്ട പുണ്യകർമ്മമാകുകയില്ല. നബി (സ)യുടെ അധ്യാപനങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ നല്ലതാണെന്ന് കരുതി ചെയ്തുകൂട്ടുന്ന കർമ്മങ്ങൾ പരലോകത്ത് തീരാനഷ്ടത്തിനിട വരുത്തുമെന്ന് ഖുർആൻ താക്കീത് ചെയ്തിട്ടുണ്ട്.

ശുചിത്വം, ആരോഗ്യം, സാമ്പത്തികം, കുടുംബപരം, സാമൂഹികം, വൈയക്തികം തുടങ്ങി എല്ലാ മേഖലകളിലും മനസ്സിന് സമാധാനവും ഊർജവും പകരുന്ന കിടയറ്റ മാതൃകകളും നിർദേശങ്ങളുമാണ് സുന്നത്തിലുള്ളത്. പ്രവാചകജീവിതം സത്യസന്ധമായി പഠനവിധേയമാക്കുന്ന ആർക്കും അത് ബോധ്യപ്പെടുന്നതാണ്.

അല്ലാഹു പറയുന്നു: “തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത്, അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമ്മിക്കുകയും ചെയ്തു വരുന്നവർക്ക് (ഖുർആൻ: 33:21)

നബി (സ)യുടെ ചര്യകൾ ലോകചരിത്രത്തിൽ തുല്യതയില്ലാത്തവിധം കൃത്യവും കണിശവുമായ രീതിയിൽ ക്രോഡീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഹദീസ് നിദാന ശാസ്ത്രമെന്ന
വിജ്ഞാന ശാഖ ഏത് നിരീക്ഷണ കുതുകിയെയും വിസ്മയിപ്പിക്കുന്ന മഹാത്ഭുതമാണ്.

നിർണ്ണിത കാലടികൾക്ക് ലക്ഷക്കണക്കിന് പ്രതിഫലം

   ദിവസങ്ങളും, മാസങ്ങളും കൊഴിഞ്ഞ് പോകുന്നത് അധികമാളുകളും അറിയുന്നില്ല, അവർ അശ്രദ്ധയിലാണ്. ഉറക്കവും ഐഹിക ജീവിതസുഖഭോഗങ്ങളും അവരെ അതിനെത്തൊട്ട് അശ്രദ്ധമാക്കിയിരിക്കുന്നു. പാരത്രിക ജീവിതത്തിന് വേണ്ടിയല്ലാതെ പാഴാക്കിക്കളഞ്ഞ മുഴുവൻ സമയങ്ങളെ സംബന്ധിച്ചും നാളെ പരലോകത്ത് അവർ ചോദ്യം ചെയ്യപ്പെടുന്നതാണ്. കാരുണ്യത്തിന്റെ പ്രവാചകൻ   (സ) പറയുന്നു, “പരലോകത്ത് നാല് കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാതെ ഒരാളുടെയും കാൽപാദം മുന്നോട്ട് ചലിപ്പിക്കുവാൻ കഴിയില്ല. തന്റെ ആയുസ്സ് അതെങ്ങനെ കഴിച്ചുകൂട്ടി, തന്റെ യുവത്വം എന്തിന് വേണ്ടിയാണ് ചെലവഴിച്ചത്? വിജ്ഞാനം കൊണ്ട് എന്ത് പ്രവർത്തിച്ചു? സമ്പത്ത് എങ്ങനെ സമ്പാദിച്ചു, ഏത് രൂപത്തിൽ ചെലവഴിച്ചു” (തിർമിദി).

നന്മകൾക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം നൽകപ്പെടുന്ന സമയത്തെ സംബന്ധിച്ച് പലയാളുകളും അശ്രദ്ധയിലാണ്. അവരുടെ ജീവിത രീതിയോ, അശ്രദ്ധയോ അവരെ അതിൽ നിന്നും പിൻതിരിച്ച് കളഞ്ഞിരിക്കുന്നു . ആയത്കൊണ്ടുതന്നെ താൻ ചെയ്യുന്ന കാര്യം ചെറുതും, വളരെ നിസ്സാരവുമാണെന്ന് തോന്നുന്നുവെങ്കിലും അല്ലാഹുവിന്റെയടുത്ത് അത് വളരെ വലുതും തുലാസ്സിൽ അധികം ഭാരം തൂങ്ങുന്നതുമാകുന്നു.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം നന്മകൾ ചെയ്യുവാൻ സാധിക്കും. ആ നന്മകൾക്ക് വർദ്ധിച്ച പ്രതിഫലമാണ് അല്ലാഹു നൽകുക. അതിലൂടെ ഒരു മുസ്ലിമിന് നിമിഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് നന്മകൾ  ചെയ്യുവാൻ കഴിയുന്നു. ഇവിടെ തനിക്ക് അല്ലാഹു അനുഗ്രഹമായി നൽകിയ  സമയം നന്മകൾ ചെയ്തുകൊണ്ട് പ്രതിഫലം കരസ്ഥമാക്കുന്നവനും, അനുഗ്രഹമാകുന്ന സമയം ഉപയോഗപ്പെടുത്താതെ പാഴാക്കിക്കളയുന്നവനും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാകുന്നു.

പ്രിയ സുഹ്യത്തേ, ഈ ചെറു ലേഖനത്തിലൂടെ താങ്കളെ ഉണർത്തുവാനാഗ്രഹിക്കുന്നത്, ഇങ്ങനെ  ചെറിയ സമയത്തിനുള്ളിൽ വർദ്ധിച്ച പ്രതിഫലം. കരസ്ഥക്കുവാൻ സാധിക്കുന്ന ജുമുഅയുടെ  മര്യാദയെ കുറിച്ചാണ്. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ.

ജുമുഅയുടെ മര്യാദകളിൽ ആ ദിവസം കുളിക്കുകയെന്നതല്ലാതെ മറ്റൊന്നും അറിയാത്തവരാണ് നമ്മളിൽ അധികപേരും. മറ്റു ചിലർ ചെറുപ്പം മുതലേ ശീലിച്ച് പോന്നത് കൊണ്ട് വൃത്തിയുണ്ടാകുവാൻ കുളിക്കുകയുമാണ്. എന്നാൽ ആ കുളി കഴിഞ്ഞാൽ അനേകം സുന്നത്തുകൾ ചെയ്യുവാനുണ്ട്, അങ്ങനെ ചെയ്യുന്നവർക്ക് നാളെ പരലോകത്ത് വളരെയധികം പ്രതിഫലം ലഭിക്കുന്നതാണ്, അതിൽപ്പെട്ട് അഞ്ച് മര്യാദകൾ പ്രവാചകൻ (സ) ഒരു ഹദീസിലൂടെ പറയുന്നു:

“ആരെങ്കിലും വെള്ളിയാഴ്ച കുളിക്കുകയും, (പളളിയിലേക്ക്) നേരത്തെ വാഹനം കയറാതെ നടന്ന് പോവുകയും, ഇമാമിനടുത്തിരുന്ന് വർത്തമാനം പറയാതെ ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ അവൻ ഓരോ കാലടിക്കും ഓരോ വർഷവും നിന്ന് നമസ്കരിക്കുകയും, നോമ്പനുഷ്ടിക്കുകയും ചെയ്തവന്റെ  പ്രതിഫലമാണ് അവന് ലഭിക്കുന്നത്.” (അഹ്മദ്. അൽബാനി സ്വഹീഹാക്കിയിട്ടുണ്ട്).

ഹദീസിന്റെ ആശയം: ആരെങ്കിലും വെളളിയാഴ്ച കുളിക്കുകയും, വളരെ നേരത്തെ പള്ളിയിലേക്ക് വാഹനത്തിൽ കയറാതെ നടന്നു പോവുകയും ചെയ്ത് ഖുതുബ മുഴുവനും ഇമാമിന്റെ അടുത്തിരുന്ന് കൊണ്ട് സംസാരിക്കാതെ ശ്രവിക്കുകയും ചെയ്താൽ ഹദീസിൽ പറഞ്ഞത് പ്രകാരമുള്ള പ്രതിഫലമവന് ലഭിക്കുന്നതാണ്.

പ്രതിഫലാർഹമായ ഈ മര്യാദകൾ പാലിക്കുന്നവർ വളരെ വിരളമാണ്. ഓരോ  കാലടിക്കും സമ്പൂർണമായ ഒരു വർഷം രാത്രി  നിന്ന് നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്ത പ്രതിഫലമാണ് ലഭിക്കുക. ഒരു കാലടിക്ക് ഒരു വർഷത്തെ പ്രതിഫലമാണെങ്കിൽ പത്ത് കാലടിയാണങ്കിലോ?  അവന് അങ്ങയറ്റത്തെ പ്രതിഫലമാണ് ലഭിക്കുവാൻ പോകുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രമാത്രം   പ്രതിഫലം ലഭിക്കുമ്പോൾ അതിനെ അവഗണിക്കുകയാണ് അധികം ആളുകളും. ലാ ഹൌല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്.

മുകളിൽ നാം വിവരിച്ച ഹദീസ് പ്രകാരം വെള്ളിയാഴ്ച രാവിലെ കുളിക്കുകയും ,പള്ളിയിലേക്ക് നേരത്തെ നടന്ന് പോവുകയും , ഇമാമിനടുത്തിരുന്ന് ഖുതുബ ശ്രവിക്കുകയും ചെയ്ത് നമസ്കാര ശേഷം പുറത്തിറങ്ങിയപ്പോൾ വർദ്ധിച്ച നന്മയും ഐശ്വര്യവുമാണ് ആ ദിവസവും തുടർന്നുള്ള ദിവസവും ലഭിച്ചതെന്ന് എനിക്കേറെ വിശ്വസ്ഥനായ ഒരാൾ എന്നോട് പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹം വിശാലമാണ്. ഐഹികവും പാരത്രികവുമായ ഈ ഐശ്വര്യത്തിന് കാരണമായത് ഈ ചെറിയ പ്രവർത്തനമാകുന്നു.

ആയതിനാൽ ഓരോ വെളളിയാഴ്ചയും ഈ സൽകർമ്മം ചെയ്യുവാൻ പരിശ്രമിക്കുകയും, അത് മുഖേന അധികമാളുകളും പാഴാക്കിക്കളയുന്ന വമ്പിച്ച പ്രതിഫലം കരഗതമാക്കുവാനും പരിശ്രമിക്കുക.

സഹോദരാ, ഈ സുന്നത്തുകൾ നിന്റെ ജീവിതത്തിൽ പകർത്തിയാൽ, നിന്റെ വീടിന്റെയും  പള്ളിയുടെയുമിടയ്ക്ക് 1000 കാൽപ്പാദത്തിന്റെ ദൂരവുമാണെങ്കിൽ എത്രയാണ് പ്രതിഫലം ലഭിക്കുകയെന്ന് നീ കണക്ക് കൂട്ടുക.

നിനക്ക് 1000 വർഷം നിന്ന് നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്ത പ്രതിഫലമാണ്. ഇത് ഒരു ജുമുഅക്കോ? 4000 വർഷത്തെ പ്രതിഫലമാണ് ലഭിക്കുക. (4 ജുമുഅ x 1000 = 4000 വർഷം) ഇങ്ങനെ നീ ഒരു വർഷം മുഴുവനും ഈ സുന്നത്തുകൾ ജീവിതത്തിൽ പകർത്തുകയാണെങ്കിലോ? (12 മാസം അതായത് 48 ജുമുഅ) നിനക്ക് 4800 വർഷത്തെ പ്രതിഫലമാണ് ലഭിക്കുക. (48 ജുമുഅ X 1000 കാലടി = 4800 വർഷം). ഇത് ഒരു വർഷത്തെ പ്രതിഫലമാണ്. അല്ലാഹു നിനക്ക് ആയുസ്സ് നീട്ടി തന്ന് നീ ഇങ്ങനെ കുറഞ്ഞത് ഒരു നാൽപത് വർഷം തുടരുകയാണെങ്കിലോ? (480 മാസം അതായത് 1920 ജുമുഅ). നിനക്ക് ലഭിക്കുന്നത് 1,920,000 വർഷത്തെ പ്രതിഫലം, (1920 x 1000 കാലടി = 1,920,000 വർഷം) 19 ലക്ഷത്തി ഇരുപതിനായിരം വർഷം നിന്ന് നമസ്കരിക്കുകയും, നോമ്പെടുക്കുകയും ചെയ്ത പ്രതിഫലം. അതുപോലെ ഓരോ വർഷവും 1000 നന്മയായി അല്ലാഹു രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്. അങ്ങനെയാണെങ്കിൽ 1,900,000 വർഷത്തിന് ലഭിക്കുന്ന പ്രതിഫലം എത്രയാണ്? 1,920,000 X 1000 = 1920000000 നന്മയാണ് ലഭിക്കുക.

 നിന്റെ വീടിന്റെയും പള്ളിയുടെയും ഇടയിൽ 1000 കാലടിയേക്കാൾ ദൂരമുണ്ടെങ്കിലോ? നിനക്ക് 40 വർഷത്തിലേറെ ജീവിക്കുവാൻ അല്ലാഹു സൗഭാഗ്യം നൽകിയെങ്കിലോ? ഒരു വർഷത്തിൽ നിനക്ക് 1000 നന്മയ്ക്കാൾ കൂടുതൽ നൽകിയാലോ ? ഒരു പക്ഷേ അല്ലാഹു 1,920,000,000 നന്മ 700 ഇരട്ടിയായിട്ടോ അതിലേറെ മടങ്ങായിട്ടോ പ്രതിഫലം നൽകിയാലോ? കർമ്മങ്ങൾ തൂക്കി നോക്കുവാൻ തുലാസുകൾ നാട്ടപ്പെടുന്ന ദിവസം നിന്റെ തുലാസിൽ എത്രയാണ് നന്മകൾ ഭാരം തൂങ്ങുക?

അല്ലാഹു തന്നെയാണ് സത്യം! നമ്മോട് ആരെങ്കിലും ഒരുമാസം നോമ്പനുഷ്ടിക്കുവാനോ നിന്ന് നമസ്കരിക്കുവാനോ കൽപിക്കുകയാണെങ്കിൽ അത് നമുക്ക് പ്രയാസമായി അനുഭവപ്പെടുമായിരുന്നു. എന്നാൽ അല്ലാഹു അവന്റെ അപാരമായ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും അത്രയും മഹത്തായ പ്രതിഫലം വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ കുറച്ച് കർമ്മങ്ങൾകൊണ്ട് കരസ്ഥമാക്കുവാൻ ദുർബ്ബലമായ മനുഷ്യന് അവസരം നൽകിയിരിക്കുന്നു, അല്ലാഹു പറയുന്നു:

“അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണുകയാണെങ്കിൽ അത് തിട്ടപ്പെടുത്തുവാൻ സാധ്യമല്ല” (നഹ്ൽ: 18)

കർമ്മങ്ങളുടെ ഏടുകൾ നിറയ്ക്കുവാനുപയുക്തമായ നന്മകളാണ് ചുരുങ്ങിയ കർമ്മങ്ങൾ കൊണ്ട് അല്ലാഹു നമുക്ക് ഒരുക്കിത്തന്നിരിക്കുന്നത്. ഇത്രയും പ്രതിഫലമുണ്ടെന്നറിഞ്ഞിട്ട് അതുപേക്ഷിക്കുകയോ? കരസ്ഥമാക്കുവാൻ സാധിച്ചിട്ട് അത് അവഗണിക്കുകയോ? ആയതിനാൽ അവ കരഗതമാക്കുവാനായി നാം ശ്രദ്ധിക്കുക, അശ്രദ്ധയും അവഗണനയും ഉപേക്ഷിക്കുക. അതിലൂടെ വിശ്വാസവും കർമ്മങ്ങളും നന്നാക്കുവാൻ സാധിക്കും.

ആയതിനാൽ, ഇനിയുള്ള ആയുസ്സിലെങ്കിലും ഈ പ്രതിഫലം കരഗതമാക്കുവാൻ ഒരുങ്ങുക. ഈ നിസ്സാരമായ പ്രവർത്തനത്തിലൂടെ ഇത്രയും പ്രതിഫലം കരസ്ഥമാക്കുവാനുള്ള അവസരം നൽകിയതിലുള്ള യുക്തി ഇമാം ഉപദേശിക്കുന്ന ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും, അത് ജീവിതത്തിൽ പകർത്തുവാൻ സജ്ജരാക്കുകയും അങ്ങനെ ജീവിതം മുഴുവനും വിശുദ്ധഖുർആനും തിരുസുന്നത്തും അനുസരിച്ച് ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കുകയെന്നതായിരിക്കും.

വൈകി പള്ളിയിൽ വരുകയും, ഖുതുബ ശ്രവിക്കുവാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുന്നവരെ നീ ശ്രദ്ധിക്കുക, മഹത്തായ ഒരു വാജിബിൽ ഉപേക്ഷ വരുത്തിയതിനവർ ഖേദിക്കു

നതാണ്. വെറും രണ്ട് റക്അത്തിൽ അവർ മതിയാക്കുകയാണ്. അങ്ങനെയുള്ളവർക്ക് മതത്തിലുള്ള വിജ്ഞാനം വളരെ കുറവും, പരലോകത്തക്കുറിച്ചവർ അജ്ഞരുമായതിനാൽ തന്നെ അല്ലാഹു അവരുടെ കാഴ്ച്ചക്ക് മറയിടുകയും ഹൃദയങ്ങളിൽ മുദ്ര വെക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവർ  അശ്രദ്ധരുമായിരിക്കുന്നു. പ്രവാചക തിരുമേനി(സ) പറയുന്നു:

“അലംഭാവം കാരണത്താൽ ആരെങ്കിലും മൂന്ന് ജുമുഅ ഉപേക്ഷിച്ചാൽ അല്ലാഹു അവന്റെ ഹൃദയത്തിൽ മുദ്രയടിക്കുന്നതാണ്.” (അഹ്മദ്- അൽബാനി സ്വഹീഹാക്കിയിട്ടുണ്ട്). വീണ്ടും പറയുന്നു: “ജുമുഅ ഉപേക്ഷിക്കുകയെന്ന കാര്യം സമൂഹം ഉപേക്ഷിക്കുക. അല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്രയടിക്കുകയും പിന്നീടവർ അശ്രദ്ധയിലാവുക തന്നെ ചെയ്യുന്നതുമാണ്.” (മുസ്ലിം).

ഹൃദയത്തിന് സീൽ വീണു പോയാൽ അവർ അശ്രദ്ധയിലായിത്തീരുകതന്നെചെയ്യും.

നമസ്കരിക്കുവാൻ കഴിയാത്ത രോഗി, വയോവൃദ്ധൻ, സ്ത്രീ തുടങ്ങി ജുമുഅ ഉപേക്ഷിക്കുവാൻ അനുവാദമുള്ളവരെ ഞാൻ മറന്നു പോകുന്നില്ല. ഇത്രയും പ്രതിഫലം കരസ്ഥമാക്കുവാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചേക്കാം, പക്ഷേ, അവർക്കത് സാധിക്കുകയില്ല. എന്നാൽ അങ്ങനെയുള്ളവരോട് പറയട്ടെ; നിങ്ങൾ ഈ കാര്യം അറിയാത്തവർക്ക് എത്തിച്ച് കൊടുക്കുക. അതിലൂടെ നിങ്ങൾക്ക് പ്രതിഫലം കരസ്ഥമാക്കുവാനാവുന്നതാണ്. പ്രവാചക(സ) പറയുകയുണ്ടായി: “ആരെങ്കിലും ഒരു നന്മ സൂചിപ്പിച്ചാൽ അവന് ചെയ്തവന്റെ പോലെ പ്രതിഫലം ലഭിക്കുന്നതാണ്.” (മുസ്ലിം)

അവസാനം: ഒരു നന്മ സൂചിപ്പിച്ചുവെന്നുമാത്രം. പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുമാറാവട്ടെ. തിരുമേനി അരുളി “തീർച്ചയായും നന്മ സൂചിപ്പിക്കുന്നവൻ ആ നന്മ ചെയ്യുന്നവനെപ്പോലെയാണ്.” (തിർമിദി). അല്ലാഹുവിനെ മാത്രം ആരാധിച്ച്, അവനോട് മാത്രം പ്രാർത്ഥിച്ച്, തിരുമേനി (സ) പഠിപ്പിച്ച്തന്ന നന്മകൾ മാത്രം ചെയ്ത് കൊണ്ട്, ബിദ്അത്തുകളും, കെട്ടുകഥകളും ഉപേക്ഷിച്ച് വിശുദ്ധഖുർആനും തിരുസുന്നത്തും പഠിച്ച് ജീവിതത്തിൽ പകർത്തുകയും അതിന് പരിശ്രമിക്കുകയും ചെയ്യുക. ഞാൻ ഇത്ര വലിയ പ്രതിഫലമുള്ള കാര്യമാണല്ലോ ചെയ്യുന്നതെന്ന് വിചാരിച്ച് ഈ മര്യാദകൾ മാത്രം ജീവിതത്തിൽ പകർത്തി മറ്റു നന്മകളും, കർമ്മങ്ങളും ഉപേക്ഷിക്കാതിരിക്കുക. മുഴുവൻ നന്മകളും ജീവിതത്തിൽ പകർത്തുവാൻ ശ്രദ്ധിക്കുക. അങ്ങിനെ മുവഹ്ഹിദായി ജീവിച്ച് മുഅ്മിനായി മരിക്കുവാൻ അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ.

നമ്മുടെ പ്രവാചകൻ മുഹമ്മദ് (സ)യുടെ മേലിൽ അല്ലാഹുവിന്റെ ശാന്തിയും സമാധാനവും ഉണ്ടാകുമാറാവട്ടെ. ആമീൻ

റമദാനും നോമ്പും

വിശ്വാസികൾ വളരെ സന്തോഷത്തോടെ
സ്വീകരിക്കുന്ന മാസമാണ് റമളാൻ. സ്വർഗ കവാടങ്ങൾ തുറക്കുകയും, നരക
കവാടങ്ങൾ കൊട്ടിയടക്കുകയും, പിശാചുക്കളെ ബന്ധിക്കുകയും ചെയ്യുന്ന
മാസം. വിശുദ്ധഖുർആൻ അവതീർണമായ, ആയിരം മാസത്തേക്കാൾ ഉത്തമമായ ലൈലത്തുൽ
ഖദ്റുള്ള മാസം. അല്ലാഹു പറയുന്നു. “സത്യ വിശ്വാസികളേ, നിങ്ങൾക്കു
മുമ്പുള്ളവർക്ക് നോമ്പ് നിർബ്ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങൾക്കും അതു
നിർബ്ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ധർമനിഷ്ഠയുള്ളവരായിത്തീരാൻ വേണ്ടിയാണത് (അൽബഖറ:
183)

റസൂൽ (സ) അരുളി: “ഇസ്ലാം അഞ്ചു
കാര്യങ്ങളിൽ നിർമ്മിതമാണ്…….”

അതിൽ വ്രതാനുഷ്ടാനവും
ഉൾപ്പെടുത്തിയിട്ടുണ്ട്.( ബുഖാരി, മുസ്ലിം)

റമളാനിലെ വൃതാനുഷ്ഠാനം
നിർബ്ബന്ധമാണെന്നതിലും അത് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണെന്നതിലും മുസ്ലിം സമുദായം
ഏക അഭിപ്രായക്കാരാണ്.

ശ്രേഷ്ഠത:

വതമനുഷ്ഠിക്കുന്നത് വർദ്ദിച്ച പ്രതിഫലം
ലഭിക്കുന്ന മഹത്തായ  ഒരു ആരാധനാ കർമ്മമാണ്. ഖുദ്സിയായ ഹദീസിൽ
തിരുദൂതർ (സ) പറയുന്നു: “ആദം സന്തതിയുടെ ഓരോ സൽകർമത്തിനും
പത്തുമുതൽ എഴുനൂറ് ഇരട്ടികളായി പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു. ‘നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്. ഞാനാണ് അവന്
പ്രതിഫലം നൽകുക.” (മുസ്ലിം)

ഈ ഹദീസിൽ നിന്നുതന്നെ നമുക്ക് നോമ്പിന്റെ
പ്രത്യേകതയും ,ശ്രേഷ്ടതയും  മനസിലാക്കാനാവുന്നതാണ്. പ്രവാചകൻ(സ)
പറയുന്നു: “സ്വർഗത്തിൽ റയ്യാൻ എന്നൊരു കവാടമുണ്ട് .നോമ്പുകാർക്ക് 
മാത്രമേ
അന്ത്യനാളിൽ ആ കവാടത്തിലൂടെ  പ്രവേശിക്കാനാവൂ.
മറ്റാർക്കും അതിലൂടെ പ്രവേശനമില്ല. അവിടെ വെച്ച് “നോമ്പുകാർ
എവിടെ” എന്ന് വിളംബരം ഉണ്ടാകും. അപ്പോൾ
അവരെല്ലാവരും അതിലൂടെ കടന്നുപോകും. പിന്നെ ആ കവാടം അടക്കയ്പ്പെടും. വേറെ
ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല” (മുത്തഫഖുൻ അലൈഹി)

പുണ്യങ്ങളുടെയും നന്മയുടെയും പൂക്കാലമാണ് റമളാൻ. ഒരിക്കലും വീണ്ടെടുക്കാനാവാത്ത കാലം, ഓരോ
വിശ്വാസികളും ഈ അസുലഭാവസരം പരമാവധി ഉപയോഗപ്പെടുത്തുക.

നോമ്പ് നിയമമാക്കിയതിലെ തത്വം:

മനുഷ്യ മനസ്സിനെ ദു:സ്വഭാവങ്ങളിൽ നിന്നും
വിമലീകരിക്കുക, ഭൗതിക
സുഖഭോഗങ്ങളോട് വിരക്തിയുണ്ടാക്കുക, ശരീരത്തിൽ പിശാചിന്റെ സഞ്ചാരത്തിന്
തടസ്സമുണ്ടാക്കുക, പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ സഹാനുഭൂതിയും സഹതാപവുമുണ്ടാകുക, സർവ്വോപരി പരലോക ചിന്തയുണ്ടാക്കുക
തുടങ്ങി ഒരു വിശ്വാസിയെ വിശുദ്ധ ജീവിതത്തിന് പരിശീലനം നൽകുവാൻ ഉപയുക്തമായതാണ്
വ്രതാനുഷ്ഠാനം.

റമളാൻ
വ്രതം, പ്രായ്ശ്ചിത്ത
വ്രതം, നേർച്ചയാക്കിയ വ്രതം തുടങ്ങിയ നിർബ്ബന്ധമായും നിർവ്വഹിക്കേണ്ട
വ്രതത്തിന് നിയത്ത് (ഉദ്ദേശം) അനിവാര്യമാണ്. നിയ്യത്ത്
എന്ന് പറയുമ്പോൾ
അർത്ഥമറിയാത്ത വാചകങ്ങൾ ഉരുവിടുകയല്ല. മറിച്ച്, മനസ്സിൽ
കരുതലാകുന്നു.
ആയിശാ(റ) യിൽ നിന്നും ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ ഇങ്ങനെ
കാണാം. “പ്രഭാതത്തിന്
മുമ്പ് നോമ്പെടുക്കണമെന്ന് തീരുമാനിക്കാത്തവന്
നോമ്പുണ്ടായിരിക്കുകയില്ല”
(അഹ്മദ്, ഇബ്നു ഹിബ്ബാൻ) ഐഛികവ്രതമാണെങ്കിൽ പ്രഭാതോദയത്തിന് ശേഷം
നോമ്പു മുറിയുന്ന സംഗതിയൊന്നുമുണ്ടായില്ലെങ്കിൽ  പകൽ സമയത്ത് തന്നെ ഉദ്ദേശിച്ചിരുന്നാലും
(നിയ്യത്തുണ്ടായാൽ) അതു മതിയാകുന്നതാണ്.

ആയിശാ(റ)
പറയുന്നുത് ശ്രദ്ധിക്കുക:
“ഒരു ദിവസം (പകലിൽ) നബി(സ) എന്റെയടുത്ത് കടന്നുവന്ന്
ചോദിച്ചു. “കഴിക്കുവാൻ വല്ലതുമുണ്ടോ?” ഞാൻ
പറഞ്ഞു: “ഒന്നുമില്ല” നബി(സ) പറഞ്ഞു: “എങ്കിൽ ഞാൻ നോമ്പുകാരനാവുകയാണ്.

നോമ്പിന്റെ സുന്നത്തുകൾ:

1. ഖുർആൻ, ദിക്റ്
പാരായണം, ദാനധർമ്മങ്ങൾ നിർവ്വഹിക്കുക,
വെറുക്കപ്പെട്ട കാര്യങ്ങളിൽ
നിന്ന് നാവിനെ നിയന്ത്രിക്കുക .ഇബ്നു അബ്ബാസ്(റ) വിൽ നിന്ന്
നിവേദനം:

“നബി(സ) ജനങ്ങളിൽ വച്ച് ഏറ്റവും ദാനധർമ്മം ചെയ്തിരുന്ന വ്യക്തിയായിരുന്നു.
റമളാനിലെ ഓരോ രാത്രിയിലും ജിബ്രീൽ(അ) നബി(സ)ക്ക് ഖുർആൻ ഓതികേൾപ്പിച്ചിരുന്നപ്പോഴാണ് പ്രവാചകൻ ഏറ്റവും കൂടുതൽ ദാനധർമ്മങ്ങൾ നിർവഹിച്ചിരുന്നത് ‘. അപ്പോൾ
അടിച്ചു വീശുന്ന കാറ്റിനേക്കാൾ ധർമ്മംനൽകുന്നവനായിരുന്നു”(ബുഖാരി)

2. ആരെങ്കിലും 
തന്നെ ഉപേക്ഷിക്കുകയാണെങ്കിൽ ഞാൻ നോമ്പുകാരനാണെന്ന് ഉച്ചത്തിൽ
പറയുന്നത് നല്ലതാണ്. ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച ഹദീസിൽ നമുക്ക് കാണാം:

3. അത്താഴം കഴിക്കുക: പ്രവാചകൻ(സ) പറയുന്നു: “നിങ്ങൾ അത്താഴം കഴിക്കുക, തീർച്ചയായും
അത്താഴം കഴിക്കുന്നതിൽ അനുഗ്രഹം ഉണ്ട്” (മുസ്ലിം)

4. അത്താഴം പിന്തിപ്പിക്കുക: നോമ്പുതുറക്കുന്നത് പെട്ടന്നാകുക:  

പ്രവാചകൻ(സ) പറയുന്നു: അത്താഴം പിന്തിപ്പിക്കുകയും 
ധൃതിയിൽ നോമ്പ് തുറക്കുകയും ചെയ്യുന്ന കാലത്തോളം എന്റെ സമുദായം നന്മയിൽ
തന്നെയായിരിക്കും” (അഹ്മദ്)

5. ഈത്തപ്പഴം,
കാരക്ക,വെള്ളം
എന്നിവ കൊണ്ട് നോമ്പ് തുറക്കുക .അതില്ലെങ്കിൽ ഏതു ഭക്ഷണപാനീയമായിരുന്നാലും
മതിയാവുന്നതാണ്(അബൂദാവൂദ്)

6. നോമ്പ് തുറക്കുന്ന വളയിൽ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും  പ്രാർത്ഥിക്കുക.

“നോമ്പുകാരന്റെ തുറവിയുടെ
സമയത്തുള്ള പ്രാർത്ഥന തള്ളപ്പെടാത്തതാണ്’ (ഇബ്നുമാജ)

തുറക്കുന്ന വേളയിൽ താഴെ വരും പ്രകാരം
പ്രാർത്ഥിക്കലും സുന്നത്താണ്.

ذَهب الظمأ وابتلت العروق وثبت الأجر إن شاء
الله (رواه
أبو
داود)

“ദാഹം തീർന്നു. അന്നനാളികൾ ഈറനണിഞ്ഞു. ഇൻശാ അള്ളാഹ് അല്ലാഹുവിന്റെ പ്രതിഫലം സ്ഥിരപ്പെട്ടു.”

7. മിസ് വാക് ചെയ്യുക:
ആമിറുബ്നു റബീഅ:
പറയുന്നു.:
“നബി
തിരുമേനി
നോമ്പുകാരനായിരിക്കെ
തന്നെ നിരവധി തവണ മിസ് വാക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട് ” (തിർമിദി)

8- റമളാനിൽ തറാവീഹ് നമസ്കരിക്കുക.

ഹദീസുകളിൽ നമുക്കതിന് തെളിവുകൾ കണ്ടെത്താനാവും.

9.നോമ്പ് തുറപ്പിക്കുക
റസൂലുല്ലാഹി പറയുന്നു :നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം നേടാനാകും. എന്നാൽ അയാളുടെ പ്രതിഫലത്തിന് യാതൊരു കുറവും
വരികയില്ല.

10- ‘ഇഹ്തികാഫ്, ഇരിക്കുക: പ്രവാചകൻ അവസാനത്തെ പത്തിൽ സ്ഥിരമായി ഇഹ്തികാഫ് ഇരിക്കാറുണ്ടായിരുന്നെന്ന് ഹദീസുകളിൽ കാണാൻ കഴിയും.

11. കൂടുതൽ സത്കർമ്മങ്ങൾ അധികരിപ്പിക്കുക. ആഇശാ(റ) പറയുന്നു. അവസാനത്തെ പത്ത്
കടന്നു വന്നാൽ 
തിരുമേനി(സ)
ഉറക്കമിളക്കുകയും തന്റെ കുടുംബത്തെ ഉണർത്തുകയും ആരാധനാനുഷ്ഠാനങ്ങൾക്കായി
കഠിന പരിശ്രമം നടത്തുകയും ചെയ്യുമായിരുന്നു “.(മുത്തഫഖുൻ
അലൈഹി)

ഉമിനീർ ശേഖരിച്ച് ഒന്നിച്ച്
വിഴുങ്ങുന്നതും, വായ കൊപ്ളിക്കുന്നതിലും മൂക്കിൽ വെള്ളം ചീറ്റുന്നതിലും
അതിരുകവിയുന്നതും, ആവശ്യമില്ലാതെ ഭക്ഷണത്തിന്റെ രുചിനോക്കുന്നതും നോമ്പുകാർക്ക്
കറാഹത്താണ്.

കളവ്,
ഏഷണി, പരദൂഷണം, വഴക്ക്, അസഭ്യം
എന്നിവ വർജിക്കണ്ടത് എല്ലാ സമയത്തും നിർബ്ബന്ധമാണെങ്കിലും നോമ്പുകാരൻ ഇതെല്ലാം
ഉപേക്ഷിക്കണ്ടത് പ്രത്യേകം നിർബന്ധമാണ്. പ്രവാചകന്റെ ഹദീസ് ശ്രദ്ധിക്കുക: “വ്യാജ സംസാരവും പ്രവർത്തനവും അവിവേകം കാണിക്കുന്നതും
ഒരാൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ അയാൾ ഭക്ഷണ പാനീയങ്ങൾ വർജ്ജിക്കണമെന്ന് അല്ലാഹുവിന്
യാതൊരു ആവശ്യവുമില്ല- (ബുഖാരി).

നോമ്പനുഷ്ഠിച്ചാൽ
ദോഷമുണ്ടാകുമെന്ന്
ഭയപ്പെടുന്ന രോഗി, നമസ്കാരം ഖസ്റാക്കുവാൻ അനുവദനീയമായ
യാത്രക്കാരൻ (നിങ്ങളിലാരെങ്കിലും
രോഗിയാവുയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയുംഎണ്ണം (നോമ്പെടുക്കേണ്ടതാണ്)”
(അൽബഖറ: 184),
തുടങ്ങിയവർക്ക് നോമ്പ്
ഒഴിവാക്കാം. പകരം നോറ്റ് വീട്ടിയാൽ മതി.

“യാത്രക്കാരൻ നോമ്പനുഷ്ഠിക്കുക പുണ്യത്തിൽ പെട്ടതല്ല (മുത്തഫഖുൻ അലൈഹി) ഇനി
നോമ്പെടുത്താൽ അത് മതിയാവുന്നതാണ്.

ആർത്തവകാരിയും പ്രസവ രക്തക്കാരിയും നോമ്പൊഴിവാക്കണം.
പിന്നീട് നോറ്റുവീട്ടണം. ഇവർക്ക് നോമ്പെടുക്കൽ അനുവദനീയമല്ല. അവരുടെ നോമ്പ് ഹറാം
തന്നെയാണ്.

ഗർഭിണിയും മുലയൂട്ടുന്നവളും: അവർക്കും
കുട്ടികൾക്കും ഒന്നിച്ചോ, അതല്ല അവർക്ക് മാത്രമോ
ബുദ്ധിമുട്ടുണ്ടാവുമെന്ന് ഭയമുണ്ടെങ്കിൽ നോമ്പൊഴിവാക്കാം. എന്നാൽ രോഗിയെപ്പോലെ
നോറ്റു വീട്ടേണ്ടതുണ്ട്. എന്നാൽ അവർക്ക് പ്രശ്നമില്ല, കുട്ടികൾക്കും മാത്രമേ പ്രശ്നമുള്ളുവെങ്കിൽ
നോമ്പൊഴിവാക്കാം. പക്ഷെ നോറ്റുവീട്ടുകയും ഒപ്പം ഓരോ ദിവസത്തിനും ഓരോ അഗതിക്ക്
ഭക്ഷണം നൽകുകയും വേണം. അല്ലാഹു പറയുന്നു: (ഞെരുങ്ങികൊണ്ട് മാത്രം) അതിനു സാധിക്കുന്നവർ
(പകരം) ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായശ്ചിതമായി
നൽകേണ്ടതാണ്.”

(അൽബഖറ:184)

നോമ്പെടുക്കാനാവാത്ത വൃദ്ധൻ, ഭേദമാവുമെന്ന്
പ്രതീക്ഷയില്ലാത്ത രോഗി ഇവർക്ക് നോമ്പ് ഒഴിവാക്കാം. പകരം ഓരോ ദിവസത്തിനും ഓരോ
അഗതിക്കും അന്നാട്ടിലെ അര صاع ഭക്ഷണം നൽകണം. മുങ്ങി മരിക്കുവാൻ
പോകുന്നവനെ രക്ഷിക്കാനോ, ജിഹാദിന് വേണ്ടിയോ നോമ്പ് മുറിക്കുന്നവന്
അതിന് അനുവാദമുണ്ട്. ഇത്തരം കാരണങ്ങളൊന്നുമില്ലാതെ നോമ്പൊഴിവാക്കാനനുവാദമില്ല.
മനപൂർവ്വം നോമ്പൊഴിവാക്കിയാൽ അവന് കുറ്റമുണ്ട്.
അവൻ തൗബ ചെയ്യൽ
നിർബന്ധമാണ്. വീട്ടുകയും വേണം.

നോമ്പ് അസാധുവാകുന്ന കാര്യങ്ങൾ:

റമളാനിൽ മനപൂർവ്വം ഭക്ഷണമോ പാനീയമോ
അതിന് തുല്യമായ ഗ്ലൂക്കോസ് ഇഞ്ചക്ഷനോ രക്തം കയറ്റലോ തുടങ്ങിയവ ചെയ്യാം. എന്നാൽ, ഗ്ലൂക്കോസല്ലാത്ത
ഇഞ്ചക്ഷനാണെങ്കിൽ നോമ്പ് മുറിയുകയില്ല. ഒഴിവാക്കലാണ് നല്ലത്.

മറന്നുകൊണ്ടാണ്
ഭക്ഷണം
കഴിച്ചതെങ്കിൽ കുഴപ്പമില്ല. റസൂൽ (സ) പറയുന്നു: “നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട്
ആരെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്താൽ അവൻ നോമ്പ്
പൂർത്തിയാക്കട്ടെ.
.അല്ലാഹുവാണ് അവനെ തീറ്റിപ്പിക്കുകയും കുടിപ്പിക്കുകയും
ചെയുന്നത്.”
(ബുഖാരി ,മുസ്ലിം, അബൂദാവൂദ്,
തിർമിദി)

വായിലൂടെയോ മൂക്കിലൂടെയോ വല്ലതും അകത്തു
കടക്കുക. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വല്ല ഈച്ചയോ പൊടിയോ അകത്തു കടന്നാൽ ഒരു
പ്രശ്നവുമില്ല.

മനപൂർവ്വം ഛർദ്ദിക്കൽ. എന്നാൽ
ഛർദ്ദിവന്നാൽ കുഴപ്പമില്ല.

സ്വന്തം പ്രവൃത്തികൊണ്ട്
ഇന്ദ്രിയംപുറപ്പെടൽ. സംയോഗമോ  ചുംബനമോ
സ്പർശനമോ നോട്ടമോ
സ്വയംഭോഗമോ ഇവയൊക്കെ കാരണമാകാം.

കൊമ്പ് വെച്ചിട്ടോ, രക്തദാനത്തിനോ
ശരീരത്തിൽ നിന്നും രക്തംഎടുക്കൽ. എന്നാൽ രക്തം പരിശോധിക്കുവാനോ പല്ലെടുക്കൽ,
മുറിവ് ഇതിലൂടെയൊക്കെ വരുന്ന അൽപം ചോര നോമ്പിനെ ബാധിക്കുകയില്ല.

ആർത്തവ രക്തവും പ്രസവ രക്തവും. ഇതുണ്ടാവുന്നത്
സൂര്യാസ്തമനത്തിന് തൊട്ടു മുമ്പാണെങ്കിലും ശരി നോമ്പു
മുറിയും.

സംയോഗം. സ്ഖലനമുണ്ടായാലും ഇല്ലെങ്കിലും
ശരി നോമ്പു മുറിയും.

നോമ്പ് മുറിയുന്നതിന്റെ നിബന്ധനകൾ:

നോമ്പ്
മുറിയുന്ന
കാര്യങ്ങളെ സംബന്ധിച്ച് അറിവുള്ളവനായിരിക്കണം.
അറിവില്ലാത്തവനായിരിക്കരുത്.
ഓർമ്മയാടെയാവണം. മറന്ന് കൊണ്ടാവരുത്. നിർബന്ധിതനായിട്ടാകരുത്. സ്വന്തം
ഇഷ്ടപ്രകാരമാവണം. അറിവില്ലാതെയോ ഉദ്ദേശമില്ലാതയോ മേൽപറഞ്ഞ നോമ്പ് മുറിയുന്ന
കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് ചെയ്താൽ നോമ്പു മുറിയുകയില്ല. നോമ്പ് സാധുവായിത്തീരുന്നതാണ്.

സുന്നത്ത് നോമ്പുകൾ:

“ഏറ്റവും ശ്രേഷ്ഠമായ നോമ്പ് ദാവൂദ്(അ)യുടേതാണ്. ഒരു ദിവസം
നോമ്പെടുക്കും അടുത്ത ദിവസം ഒഴിവാക്കും.” (ബുഖാരി, മുസ്ലിം)

റമളാൻ
മാസത്തിന്ന്
ശേഷം എറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ
മുഹർറം മാസത്തിലെ
നോമ്പാണ്. (മുസ്ലിം) അതിൽ എറ്റവും പ്രധാനം മുഹർറം ഒമ്പതും
പത്തും.

മുഹർറം പത്തിന്റെ നോമ്പ് കഴിഞ്ഞ വർഷത്തെ
പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്. പത്തിന് മുമ്പോ പിമ്പോ ഒരു ദിവസം (ഒമ്പതോ, പതിനൊന്നോ)
നോമ്പെടുക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്.

ശവ്വാലിലെ ആറു ദിവസത്തിലെ നോമ്പ് .
മുസ്ലിം നിവേദനം ചെയ്ത ഹദീസ്.  “റമളാനിൽ
നോമ്പെടുത്തിട്ട് അതിന്റെ തുടർച്ചയായി ആറു ദിവസം ശവ്വാലിൽ നിന്നും ചേർത്താൽ ആയുഷ്ക്കാലത്തെ
മുഴുവൻ നോമ്പിനെപ്പോലെയായി.”

ദുൽ ഹിജ്ജ : ഒന്നു മുതൽ ഒൻപത് വരെ. അതിൽ
പ്രധാനം ഒൻപത്. അറഫാ ദിനം. 9 ലെ നോമ്പ്
രണ്ടു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും. എന്നാൽ ഹജ്ജ് ചെയ്യുന്നവർക്ക് ഈ നോമ്പില്ല.

എല്ലാ മാസവും മൂന്ന് ദിവസത്തെ നോമ്പ്.
അതിൽ ഏറ്റവും പ്രധാനം 13, 14, 15 വെളുത്ത ദിവസങ്ങൾ എന്ന പേരിലറിയപ്പെടുന്ന അയ്യാമുൽ ബീള്.

 എല്ലാ തിങ്കളും വ്യാഴവും. ഹദീസ് ശ്രദ്ധിക്കുക. “കർമ്മങ്ങളൊക്കെ അല്ലാഹുവിന്റെ
മുമ്പിൽ
സമർപ്പിക്കപ്പെടുന്ന ദിവസങ്ങളാണിത്. നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ
സമർപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു”.

 റജബിലെ നോമ്പ്.
വെള്ളിയാഴ്ച
മാത്രമായി നോമ്പെടുക്കുന്നത്, സംശയ ദിവസം
നോമ്പെടുക്കുന്നത്, ശഅബാൻ
പതിനഞ്ചിന് മാത്രം നോമ്പെടുക്കുന്നത് എന്നീ നോമ്പുകൾ വെറുക്കപ്പെട്ടതാകുന്നു. കാരണം
ഹദീസുകളിൽ ഇങ്ങനെയുള്ള നോമ്പിന് യാതൊരു അടിസ്ഥാനവുമില്ല.

രണ്ട് പെരുന്നാൾ ദിവസം നോമ്പെടുക്കുന്നത്
നിഷിദ്ധമാണ്.

അതുപോലെ അയാമുത്തശ്രീഖിൽ ബലിയറുക്കുവാൻ
കഴിയാത്ത ഹാജിമാർക്കൊഴികെ നോമ്പെടുക്കുന്നത് നിഷിദ്ധമാണ്.

ലൈലത്തുൽ ഖദ്ർ- “തീർച്ചയായും
നാം ഇതിനെ (ഖുർആനിനെ) നിർണ്ണയത്തിന്റെ രാത്രിയിൽ
അവതരിപ്പിച്ചിരിക്കുന്നു.
നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ?
നിർണയത്തിന്റെ
രാത്രി ആയിരം മാസത്തേക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ
രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി
വരുന്നു.” (ഖദ്ർ. 1-5)

ശ്രദ്ധിക്കുക, വലിയ അശുദ്ധിയോടെയാണ് ഒരാൾ ഉണരുന്നതെങ്കിൽ അവൻ അത്താഴം കഴിച്ച് നോമ്പെടുക്കണം. സുബഹിക്ക്
ശേഷം കുളിച്ചാലും മതിയാവുന്നതാണ്. ആർത്തവകാരിയും,
പ്രസവരക്തക്കാരിയും
സുബഹിക്ക് തൊട്ടുമുമ്പ് ശുദ്ധിയായാലും നോമ്പ് എടുക്കണം. സുബഹിക്ക് ശേഷം
കുളിച്ചാലും മതിയാവുന്നതാണ്.

വിശുദ്ധ ക്വുര്‍ആന്‍: പഠനവും സമീപനവും

കുഞ്ഞുമുഹമ്മദ് പറപ്പൂര്‍

ചരിത്രകാലം മുതല്‍ അനേകം ബൃഹത് രചനകളെപ്പറ്റി മനുഷ്യന്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ജ്ഞാനികളുടെ സാരോപദേശങ്ങള്‍, രാഷ്ട്രപ്രമാണങ്ങള്‍, ബഹുവിജ്ഞാന കോശങ്ങള്‍, വിപ്ലവങ്ങള്‍ക്ക് വഴി തെളിച്ച സാഹിത്യ കൃതികള്‍….എന്നിങ്ങനെ പലതും. കഥകള്‍, കാവ്യങ്ങള്‍, ആഖ്യാനങ്ങള്‍ തുടങ്ങിയ ആവിഷ്കാര ശൈലികളും മാനവരാശി ധാരാളം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ കൃതികള്‍ ചരിത്രത്തില്‍ അതതു കാലത്ത് അമൂല്യങ്ങളും അപ്രമാദിത്വമുള്ളവയും ആയിരുന്നെങ്കിലും അല്‍പായുസ്സുള്ളവയായിരുന്നു. അഥവാ, കാലത്തെ അതിജീവിച്ച് മനുഷ്യന് പിന്തുടരാവുന്ന സന്ദേശം വഹിച്ചിരുന്നവയല്ല അവയില്‍ ഒന്നുപോലും. ക്വുര്‍ആനിന്‍റെ അവസ്ഥ അതല്ല. അത് ഏത് മാനദണ്ഡം വെച്ച് നോക്കിയാലും കാലത്തെ അതിജീവിച്ച് കൊണ്ടേയിരിക്കുന്നു. കാരണം ക്വുര്‍ആന്‍ ദൈവികകൃതിയാണ്. അതിന്‍റെ ആശയങ്ങളും അക്ഷരങ്ങളും ആവിഷ്കാര ശൈലിയും അല്ലാഹുവിന്‍റേതാണ്. അവന്‍റെ മാത്രം. മുഹമ്മദ് നബി(ﷺ) ആ വചനങ്ങള്‍ മനുഷ്യരെ കേള്‍പ്പിച്ചുവെന്ന് മാത്രം. ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണെന്നതിന് തെളിവ് ആ ഗ്രന്ഥം തന്നെയാണ്.

ശുദ്ധമായ അറബി ഭാഷയാണ് ക്വുര്‍ആനിന്‍റേത്. പാരായണ ലാളിത്യവും ആശയസമ്പുഷ്ടവുമായ സൂക്തങ്ങള്‍. ആയിരത്തി നാനൂറ് വര്‍ഷങ്ങളായി കാലത്തെ അതിജീവിച്ച് തെളിച്ചം മങ്ങാതെ പ്രയോഗക്ഷമമായ സാഹിത്യ മാധ്യമമായി നിലനില്‍ക്കുന്ന ഭാഷ ക്വുര്‍ആനിന്‍റേതല്ലാതെ മറ്റേതാണ് ലോകത്ത്? അക്ഷരാഭ്യാസമില്ലാതെ, നാഗരികതയുടെ യാതൊരു പാരമ്പര്യവുമില്ലാതെ ജീവിച്ച ഒരു ജനതയെ ഇരുപത്തിമൂന്ന് വര്‍ഷംകൊണ്ട് മാനവരാശിക്ക് എല്ലാ അര്‍ത്ഥത്തിലും മാതൃകയാക്കാവുന്ന ഒരു വിഭാഗമാക്കി മാറ്റാന്‍-അതും വിജ്ഞാന വിപ്ലവത്തില്‍ കൂടി മാത്രം-മറ്റേത് ഗ്രന്ഥത്തിനാണ് ചരിത്രത്തില്‍ കഴിഞ്ഞത്? നൂറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം മനുഷ്യന്‍ കണ്ടു പിടിച്ച പ്രപഞ്ച സൃഷ്ടിപ്പിന്‍റെ, മനുഷ്യവളര്‍ച്ചയുടെ ഉള്ളറകളെ പറ്റി കണിശവും കൃത്യവുമായ വിവരങ്ങള്‍ നല്‍കിയ ക്വുര്‍ആന്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റേതല്ലെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക? മനുഷ്യന്‍ ചെയ്യാന്‍ പാടില്ലാത്ത, അവനെ തീരാനഷ്ടത്തിലെത്തിക്കുന്ന ഒട്ടേറെ നിരോധന നിയമങ്ങളുണ്ട് ക്വുര്‍ആനില്‍. അപരിഷ്കൃത കാലത്ത് ജീവിച്ച, അക്ഷര വിവരം നേടാത്ത മുഹമ്മദ് നബി(ﷺ) ക്വുര്‍ആന്‍ ഓതിത്തന്നു കൊണ്ട് വെളിപ്പെടുത്തിയ ആ നിരോധന നിയമങ്ങള്‍ നാടിനും മനുഷ്യനും വേണ്ടപ്പെട്ടവയായിരുന്നു എന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക?. അപ്രകാരം ക്വുര്‍ആന്‍ കല്‍പ്പിച്ച കാര്യങ്ങള്‍ അനാവശ്യവും മനുഷ്യ പുരോഗതിക്ക് തടസ്സവുമാണെന്ന് അവകാശപ്പെടാന്‍ ആര്‍ക്കാണ് സാധിക്കുക?. ക്വുര്‍ആനിന്‍റെ നിയമ നിര്‍ദ്ദേശങ്ങളും വിധിവിലക്കുകളും എന്നും എവിടെയും പ്രസക്തമാണ്.

ഇന്നു നാം കാണുന്ന ഈ ക്രമത്തിലേ അല്ല ക്വുര്‍ആന്‍ അല്ലാഹു ഇറക്കിയത്. വിവിധ സാഹചര്യങ്ങളില്‍ സാന്ദര്‍ഭികമായി ഇറക്കിയ സൂക്തങ്ങള്‍ പിന്നീട് പ്രത്യേക അധ്യായങ്ങളില്‍ ഈ ക്രമത്തില്‍ ക്രോഡീകരിച്ച് പഠിപ്പിച്ചത് അല്ലാഹുവാണ്. ആ നിയമങ്ങള്‍ക്കനുസരിച്ച് വ്യക്തി-കുടുംബ-സമൂഹ ജീവിതം സംവിധാനിക്കേണ്ടത് എങ്ങനെയെന്ന് പ്രായോഗികമായി വിവരിക്കുകയും കാണിച്ച് തരികയുമാണ് നബി(ﷺ) ചെയ്തത്.

“അതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേ ഇല്ല. സൂക്ഷമത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്” (2: 2).

“അതിന്‍റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായ ഒരുവനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (41: 42).

“നിശ്ചയം, ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17:9).

നമ്മുടെ ബന്ധം?

ഒരു ഗ്രന്ഥത്തെയും അതിലെ ആശയങ്ങളെയും നിരാകരിക്കാന്‍ ബുദ്ധിപരമോ, തത്വപരമോ ആയ യാതൊരു ന്യായവുമില്ലെന്നിരിക്കെ പിന്നെ എന്ത് പറഞ്ഞാണ് അതിനെ നാം അവഗണിക്കുക? ധിക്കാരമല്ലാതെ.

“എന്‍റെ ഉദ്ബോധനത്തെ വിട്ടു വല്ലവനും തിരിഞ്ഞു കളയുന്ന പക്ഷം, തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ അവനെ നാം അന്ധനായി ഹാജറാക്കുകയും ചെയ്യും. അവന്‍ പറയും: എന്‍റെ റബ്ബേ എന്തിന് നീയെന്നെ അന്ധനായി ഹാജറാക്കിക്കൊണ്ടുവന്നു? ഞാന്‍ കാഴ്ച്ചയുള്ളവനായിരുന്നുവല്ലോ. അല്ലാഹു പറയും: അങ്ങനെത്തന്നെ. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നിരുന്നുവല്ലോ. അപ്പോള്‍ നീയത് മറന്നു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അപ്രകാരം, അതിരുവിട്ട, തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. പരലോകത്തെ ശിക്ഷ കൂടുതല്‍ കടുത്തതും നിതാന്തവുമായിരിക്കും” (20: 124-127).

നാം ക്വുര്‍ആനിനെ പരിഗണിച്ചിട്ടുണ്ടോ? അല്ലാഹു പറഞ്ഞു: “ഇഖ്റഅ്” (നീ വായിക്കുക) എന്ന്. നാം വായിച്ചുവോ?. എത്രയെത്ര നാം വായിക്കുന്നു. എന്തെല്ലാം നാം പഠിക്കുന്നു. പഠനത്തിന് വേണ്ടി നാം എത്ര പണവും സമയവും അധ്വാനവും ചിലവഴിക്കുന്നു. എന്നാല്‍, ക്വുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും ഇതില്‍ എത്ര നീക്കി വെച്ചിട്ടുണ്ട്?.

ക്വുര്‍ആന്‍ രണ്ടു വിഭാഗം ജനങ്ങളെ ഏറ്റവും രൂക്ഷമായ പ്രയോഗത്തില്‍ ആക്ഷേപിച്ചിട്ടുണ്ട്. ഒന്ന്, വേദം പഠിക്കാതെ അതിന്‍റെ ആളായി നടക്കുന്നവനെ. രണ്ട്, ക്വുര്‍ആന്‍ പഠിച്ചിട്ടും അതനുസരിച്ച് ജീവിക്കാത്തവനെ.

“തൗറാത് സ്വീകരിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുകയും എന്നിട്ടത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു……” (62:5).

“അപ്പോള്‍ അവര്‍ക്കെന്ത് പറ്റി? സിംഹത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്ന വിളറി പിടിച്ച കഴുതകളെപ്പോലെ….” (74:49-51).

“നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും അങ്ങനെ ചെകുത്താന്‍ പിന്നാലെ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗ്ഗികളില്‍ പെട്ടുപോകുകയും ചെയ്ത ഒരാളുടെ വൃത്താന്തം നീ അവര്‍ക്ക് ഓതിക്കേള്‍പ്പി ക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക് തിരിയുകയും തന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തു. അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടേത് പോലെയാണ്. നീ അതിനെ വിരട്ടിയാല്‍ അത് നാവ് തൂക്കിയിടും. അതിനെ നീ വെറുതെ വിട്ടാലും നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിയ ആളുകളുടെ ഉപമ. അത് കൊണ്ട് ഈ കഥ വിവരിച്ച് കൊടുക്കുക. അവര്‍ ചിന്തിച്ചേക്കാം” (7:175-176).

വേദഗ്രന്ഥത്തിനോട് നിഷേധ സമീപനം പുലര്‍ത്തിയ ജനങ്ങളെയാണ് അല്ലാഹു മേല്‍ വചനങ്ങളില്‍ ഉപമിച്ചത്. ക്വുര്‍ആനിനോട് നിഷേധ സമീപനം പുലര്‍ത്തുന്നവര്‍ ഈ ഉപമക്ക് പുറത്താവുകയില്ലല്ലോ.

നമ്മുടെ ന്യായം

അല്ലാഹുവിന്‍റെ വചനങ്ങളാണിത്. അത് പഠിക്കുന്നവര്‍ക്കും പകര്‍ത്തുന്നവര്‍ക്കും അല്ലാഹു എളുപ്പം നല്‍കിയിരിക്കുന്നു.

“നിശ്ചയം, ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആനിനെ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” 54:17,22,32,40).

“അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളുണ്ടോ?” (47:24).

പഠിക്കാന്‍ സമയമില്ല, പഠിച്ചാല്‍ മനസ്സിലാവില്ല എന്നിങ്ങനെ ക്വുര്‍ആന്‍ പഠനത്തെ അവഗണിക്കുന്നവര്‍ ന്യായീകരിച്ചൊഴിഞ്ഞു മാറുകയാണ്. ഒരു വിഭാഗം ആളുകളെ പറ്റി അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക.

“നീ ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്ത വരുടെയും ഇടയില്‍ കാഴ്ച്ചയില്‍ പെടാത്ത ഒരു മറ നാം ഉണ്ടാക്കുന്നതാണ്. അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും അവരുടെ കാതുകളില്‍ ഒരു തരം കട്ടി വെക്കുന്നതുമാണ്. ക്വുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെ പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞു പോകുന്നതുമാണ്” (17: 45,46).

പരലോകത്തില്‍ വിശ്വാസമില്ലാത്ത, അല്ലാഹു വിന്‍റെ ഏകത്വത്തില്‍ അംഗീകരിക്കാത്തവരുടെ വിശ്വാസവും ക്വുര്‍ആനിനോടുള്ള നിലപാടും വ്യക്ത മാക്കുന്നതാണ് മേല്‍ വചനങ്ങളെന്നിരിക്കെ, വിശ്വാസികളെന്ന് പറയുന്നവരുടെ നിലപാട് അവരുടേത് പോലെത്തന്നെ ആയിക്കൂടല്ലോ.

പൗരോഹിത്യം വന്ന വഴി

അതിനാല്‍ നാം ക്വുര്‍ആന്‍ പഠിക്കുക. അത് മന:ശാന്തി നല്‍കും. ജീവിതത്തില്‍ മാറ്റമുണ്ടാക്കും. സന്‍മാര്‍ഗ്ഗത്തിലേക്ക് വെളിച്ചം നല്‍കും. പഠനം ആത്മാര്‍ത്ഥമായിരിക്കണം. ജീവിതത്തില്‍ പകര്‍ത്താനായിരിക്കണം. ക്വുര്‍ആന്‍ പഠിച്ച് അത്കൊണ്ട് കാലക്ഷേപം കഴിക്കുന്ന പ്രൊഫഷനലുകളാവരുത്. നബി(ﷺ) പറഞ്ഞു. “നിങ്ങളില്‍ ഉത്തമന്‍ ക്വുര്‍ആന്‍ പഠിച്ചവനും പഠിപ്പിക്കുന്നവനുമാണ്” (ബുഖാരി).

ഒരു കാലത്ത് ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നത് പുരോഹിതന്‍മാര്‍ വിലക്കിയിരുന്നു. ക്വുര്‍ആന്‍ എന്നും അജ്ഞതയില്‍ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. എങ്കിലേ അന്ധവിശ്വാസങ്ങള്‍ സമുഹത്തില്‍ അവശേഷിക്കൂ എന്നതായിരിക്കണം അവരുടെ ആഗ്രഹം. കാരണം, അല്ലാഹുവിനോടല്ലാതെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരാണല്ലോ അവര്‍. ഉദാഹരണമായി സൂറ: സുഖ്റുഫിലെ താഴെ പറയുന്ന സൂക്തത്തിന്‍റെ ഒരു ഭാഗം മാത്രം ഉദ്ധരിച്ച് കൊണ്ട് യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തെളിവുണ്ടെന്ന് വാദിക്കുന്നു.

“നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ച് നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്” (43:45).

ഇവിടെ പുരോഹിതന്‍മാര്‍ ‘വസ്അല്‍’ മുതല്‍ ‘മിന്‍ റുസുലിനാ’ വരെ ഉദ്ധരിക്കുകയും എന്നിട്ട് പ്രവാചകന്‍മാരോട് തേടാം, പ്രാര്‍ത്ഥിക്കാം എന്നിങ്ങനെ വ്യാജവ്യാഖ്യാനം നല്‍കിക്കൊണ്ട് നബിമാരോടും മറ്റ് മഹാന്‍മാരോടും പ്രാര്‍ത്ഥിക്കാമെന്ന് പാമരന്‍മാരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഇത് കേള്‍ക്കുന്ന സാധാരണക്കാര്‍ ക്വുര്‍ആന്‍ പഠിച്ചവരാണെങ്കില്‍ ഈ പുരോഹിതന്‍മാരെ ഈ ദുര്‍വ്യാഖ്യാനത്തിനനുവദിക്കുകയില്ല. അല്ലാഹുവല്ലാത്ത മറ്റു ആരാധ്യന്‍മാരില്ല എന്ന ഇസ്ലാമിന്‍റെ അടിത്തറ ഖണ്ഡിതമായി വിവരിക്കുന്ന ക്വുര്‍ആന്‍ വചനത്തെയാണിവര്‍ നേര്‍ വിപരീതാര്‍ത്ഥം നല്‍കി ദുര്‍വ്യാഖ്യാനിക്കുന്നത് എന്നോര്‍ക്കണം. ഇപ്രകാരം സൂറ: ആലുഇംറാനിലെ 52-ാം വചനവും ഈ പുരോഹിതന്‍മാര്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടാനായി തെളിവായി ഉദ്ധരിക്കാറുണ്ട്. ഇങ്ങനെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആരും ക്വുര്‍ആന്‍ വ്യാഖ്യാനിക്കാതിരിക്കാന്‍ ക്വുര്‍ആന്‍ പഠനം മുസ്ലിം സമൂഹത്തില്‍ കൂടുതല്‍ പ്രചാരം നേടേണ്ടിയിരിക്കുന്നു. എങ്കിലേ മുസ്ലിംകള്‍ക്കിടയില്‍ നിന്ന് പൗരോഹിത്യം നാടുനീങ്ങുകയുള്ളൂ.

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാന്‍ മാത്രമല്ല, ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസങ്ങളെ അവഗണിച്ച് അതിനെ കേവല രാഷ്ട്രീയ-വിപ്ലവ പ്രത്യയശാസ്ത്രമാക്കി അവതരിപ്പിക്കുന്നവരും പ്രവാചകന്‍മാരുടെ മുഅ്ജിസത്തുകളെ തങ്ങളുടെ ബുദ്ധിക്ക് വഴങ്ങാത്തതിന്‍റെ പേരിലോ ഭൗതിക പ്രസരം കൊണ്ടോ ക്വുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരും എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇവരുടെ കെടുതികളില്‍ നിന്ന് രക്ഷപ്പെടണമെങ്കിലും ക്വുര്‍ആന്‍ പഠനം അനിവാര്യമാകുന്നു.

എങ്ങനെ വ്യാഖ്യാനിക്കണം?

ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണ്. അതിലെ ഉള്ളടക്കങ്ങളുടെ പ്രായോഗിക ജീവിതരീതി എങ്ങനെയെന്ന് അല്ലാഹു തന്നെയാണ് വിവരിക്കുന്നത്. അത് പലപ്പോഴായി നബി(ﷺ)ക്ക് വഹ്യ്യു മുഖേന വിശദീകരിച്ച് കൊടുത്തതാണ്. ഉദാഹരണത്തിന്, “നിങ്ങള്‍ നമസ്കാരം നില നിര്‍ത്തുക” എന്ന അല്ലാഹുവിന്‍റെ കല്‍പ്പനയുടെ പ്രായോഗിക രീതി വിവരിച്ച് തരാന്‍ നബി(ﷺ)ക്ക് മാത്രമേ കഴിയൂ. എത്ര നേരം, എങ്ങനെ, ഏത് വിധം എന്നിങ്ങനെ നമസ്കാരത്തിന്‍റെ വിശദാംശം നബി(ﷺ)ക്ക് ലഭിച്ചത് അവിടുന്ന് മനുഷ്യരെ പഠിപ്പിച്ചു. അതിനാല്‍, ക്വുര്‍ആനിന്‍റെ യഥാര്‍ത്ഥ വ്യാഖ്യാതാവ് മുഹമ്മദ് നബി(ﷺ) തന്നെയാണ്. അതാവട്ടെ, വഹ്യ്യുമാണ്. അതാണ് നബിചര്യ(സുന്നത്തുറസൂല്‍). നബി(ﷺ)യില്‍ നിന്ന് നേരിട്ട് കേട്ടവരും കണ്ടവരുമായ സ്വഹാബികള്‍ ആ വ്യാഖ്യാനം മനുഷ്യലോകത്തിന് കൈമാറിയിട്ടുണ്ട്. സ്വഹീഹായ ഹദീസുകളില്‍ കൂടി ആ വ്യാഖ്യാനം നാം മനസ്സിലാക്കുന്നു. അപ്പോള്‍ ഹദീസുകളുടെ പിന്‍ബലമില്ലാത്ത, സ്വന്തമായ വ്യാഖ്യാനങ്ങള്‍ നമുക്കുണ്ടായിക്കൂടാ. ഹദീസ് നിഷേധികള്‍ക്ക് ക്വുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ അര്‍ഹതയുമില്ല.

അപകടകരമായ പ്രവണതകള്‍

എന്നാല്‍, ക്വുര്‍ആന്‍ പഠന വ്യാഖ്യാന രംഗത്ത് അപകടം നിറഞ്ഞ പ്രവണതകള്‍ ഉണ്ടാവുന്നുണ്ടോ എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു. ഹദീസുകളുടെയോ പ്രാമാണികരായ വ്യാഖ്യാതാക്കളുടേയോ അര്‍ത്ഥ വ്യാഖ്യാനങ്ങളെ അവഗണിച്ച് ഭാഷാനിഘണ്ഡുകള്‍ നോക്കി അര്‍ത്ഥം പറയുകയും തോന്നും പോലെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന അവലംബ നിലപാട് മഹാ കുറ്റകരമാണെന്ന് നാം അറിയണം. ക്വുര്‍ആന്‍ സര്‍വ്വലോക നിയന്താവായ അല്ലാഹുവിന്‍റെ വചനങ്ങളാണെന്നും നബി(ﷺ)യുടെ ഏറ്റവും വലിയ മുഅ്ജിസത്താണെന്നുമുള്ള ഗൗരവം ഈ വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കുമ്പോള്‍ നമുക്കുണ്ടാവണം. അക്ഷരസ്ഫുടമല്ലാത്ത പാരായണം, അസ്ഥാനത്ത് അത് പ്രയോഗിക്കല്‍, ആദരവില്ലാതെ അതിനെ കൈകാര്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അബദ്ധങ്ങള്‍ നാം സൂക്ഷിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.