റമദാനും നോമ്പും

വിശ്വാസികൾ വളരെ സന്തോഷത്തോടെ
സ്വീകരിക്കുന്ന മാസമാണ് റമളാൻ. സ്വർഗ കവാടങ്ങൾ തുറക്കുകയും, നരക
കവാടങ്ങൾ കൊട്ടിയടക്കുകയും, പിശാചുക്കളെ ബന്ധിക്കുകയും ചെയ്യുന്ന
മാസം. വിശുദ്ധഖുർആൻ അവതീർണമായ, ആയിരം മാസത്തേക്കാൾ ഉത്തമമായ ലൈലത്തുൽ
ഖദ്റുള്ള മാസം. അല്ലാഹു പറയുന്നു. “സത്യ വിശ്വാസികളേ, നിങ്ങൾക്കു
മുമ്പുള്ളവർക്ക് നോമ്പ് നിർബ്ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങൾക്കും അതു
നിർബ്ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ധർമനിഷ്ഠയുള്ളവരായിത്തീരാൻ വേണ്ടിയാണത് (അൽബഖറ:
183)

റസൂൽ (സ) അരുളി: “ഇസ്ലാം അഞ്ചു
കാര്യങ്ങളിൽ നിർമ്മിതമാണ്…….”

അതിൽ വ്രതാനുഷ്ടാനവും
ഉൾപ്പെടുത്തിയിട്ടുണ്ട്.( ബുഖാരി, മുസ്ലിം)

റമളാനിലെ വൃതാനുഷ്ഠാനം
നിർബ്ബന്ധമാണെന്നതിലും അത് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണെന്നതിലും മുസ്ലിം സമുദായം
ഏക അഭിപ്രായക്കാരാണ്.

ശ്രേഷ്ഠത:

വതമനുഷ്ഠിക്കുന്നത് വർദ്ദിച്ച പ്രതിഫലം
ലഭിക്കുന്ന മഹത്തായ  ഒരു ആരാധനാ കർമ്മമാണ്. ഖുദ്സിയായ ഹദീസിൽ
തിരുദൂതർ (സ) പറയുന്നു: “ആദം സന്തതിയുടെ ഓരോ സൽകർമത്തിനും
പത്തുമുതൽ എഴുനൂറ് ഇരട്ടികളായി പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു. ‘നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്. ഞാനാണ് അവന്
പ്രതിഫലം നൽകുക.” (മുസ്ലിം)

ഈ ഹദീസിൽ നിന്നുതന്നെ നമുക്ക് നോമ്പിന്റെ
പ്രത്യേകതയും ,ശ്രേഷ്ടതയും  മനസിലാക്കാനാവുന്നതാണ്. പ്രവാചകൻ(സ)
പറയുന്നു: “സ്വർഗത്തിൽ റയ്യാൻ എന്നൊരു കവാടമുണ്ട് .നോമ്പുകാർക്ക് 
മാത്രമേ
അന്ത്യനാളിൽ ആ കവാടത്തിലൂടെ  പ്രവേശിക്കാനാവൂ.
മറ്റാർക്കും അതിലൂടെ പ്രവേശനമില്ല. അവിടെ വെച്ച് “നോമ്പുകാർ
എവിടെ” എന്ന് വിളംബരം ഉണ്ടാകും. അപ്പോൾ
അവരെല്ലാവരും അതിലൂടെ കടന്നുപോകും. പിന്നെ ആ കവാടം അടക്കയ്പ്പെടും. വേറെ
ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല” (മുത്തഫഖുൻ അലൈഹി)

പുണ്യങ്ങളുടെയും നന്മയുടെയും പൂക്കാലമാണ് റമളാൻ. ഒരിക്കലും വീണ്ടെടുക്കാനാവാത്ത കാലം, ഓരോ
വിശ്വാസികളും ഈ അസുലഭാവസരം പരമാവധി ഉപയോഗപ്പെടുത്തുക.

നോമ്പ് നിയമമാക്കിയതിലെ തത്വം:

മനുഷ്യ മനസ്സിനെ ദു:സ്വഭാവങ്ങളിൽ നിന്നും
വിമലീകരിക്കുക, ഭൗതിക
സുഖഭോഗങ്ങളോട് വിരക്തിയുണ്ടാക്കുക, ശരീരത്തിൽ പിശാചിന്റെ സഞ്ചാരത്തിന്
തടസ്സമുണ്ടാക്കുക, പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ സഹാനുഭൂതിയും സഹതാപവുമുണ്ടാകുക, സർവ്വോപരി പരലോക ചിന്തയുണ്ടാക്കുക
തുടങ്ങി ഒരു വിശ്വാസിയെ വിശുദ്ധ ജീവിതത്തിന് പരിശീലനം നൽകുവാൻ ഉപയുക്തമായതാണ്
വ്രതാനുഷ്ഠാനം.

റമളാൻ
വ്രതം, പ്രായ്ശ്ചിത്ത
വ്രതം, നേർച്ചയാക്കിയ വ്രതം തുടങ്ങിയ നിർബ്ബന്ധമായും നിർവ്വഹിക്കേണ്ട
വ്രതത്തിന് നിയത്ത് (ഉദ്ദേശം) അനിവാര്യമാണ്. നിയ്യത്ത്
എന്ന് പറയുമ്പോൾ
അർത്ഥമറിയാത്ത വാചകങ്ങൾ ഉരുവിടുകയല്ല. മറിച്ച്, മനസ്സിൽ
കരുതലാകുന്നു.
ആയിശാ(റ) യിൽ നിന്നും ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ ഇങ്ങനെ
കാണാം. “പ്രഭാതത്തിന്
മുമ്പ് നോമ്പെടുക്കണമെന്ന് തീരുമാനിക്കാത്തവന്
നോമ്പുണ്ടായിരിക്കുകയില്ല”
(അഹ്മദ്, ഇബ്നു ഹിബ്ബാൻ) ഐഛികവ്രതമാണെങ്കിൽ പ്രഭാതോദയത്തിന് ശേഷം
നോമ്പു മുറിയുന്ന സംഗതിയൊന്നുമുണ്ടായില്ലെങ്കിൽ  പകൽ സമയത്ത് തന്നെ ഉദ്ദേശിച്ചിരുന്നാലും
(നിയ്യത്തുണ്ടായാൽ) അതു മതിയാകുന്നതാണ്.

ആയിശാ(റ)
പറയുന്നുത് ശ്രദ്ധിക്കുക:
“ഒരു ദിവസം (പകലിൽ) നബി(സ) എന്റെയടുത്ത് കടന്നുവന്ന്
ചോദിച്ചു. “കഴിക്കുവാൻ വല്ലതുമുണ്ടോ?” ഞാൻ
പറഞ്ഞു: “ഒന്നുമില്ല” നബി(സ) പറഞ്ഞു: “എങ്കിൽ ഞാൻ നോമ്പുകാരനാവുകയാണ്.

നോമ്പിന്റെ സുന്നത്തുകൾ:

1. ഖുർആൻ, ദിക്റ്
പാരായണം, ദാനധർമ്മങ്ങൾ നിർവ്വഹിക്കുക,
വെറുക്കപ്പെട്ട കാര്യങ്ങളിൽ
നിന്ന് നാവിനെ നിയന്ത്രിക്കുക .ഇബ്നു അബ്ബാസ്(റ) വിൽ നിന്ന്
നിവേദനം:

“നബി(സ) ജനങ്ങളിൽ വച്ച് ഏറ്റവും ദാനധർമ്മം ചെയ്തിരുന്ന വ്യക്തിയായിരുന്നു.
റമളാനിലെ ഓരോ രാത്രിയിലും ജിബ്രീൽ(അ) നബി(സ)ക്ക് ഖുർആൻ ഓതികേൾപ്പിച്ചിരുന്നപ്പോഴാണ് പ്രവാചകൻ ഏറ്റവും കൂടുതൽ ദാനധർമ്മങ്ങൾ നിർവഹിച്ചിരുന്നത് ‘. അപ്പോൾ
അടിച്ചു വീശുന്ന കാറ്റിനേക്കാൾ ധർമ്മംനൽകുന്നവനായിരുന്നു”(ബുഖാരി)

2. ആരെങ്കിലും 
തന്നെ ഉപേക്ഷിക്കുകയാണെങ്കിൽ ഞാൻ നോമ്പുകാരനാണെന്ന് ഉച്ചത്തിൽ
പറയുന്നത് നല്ലതാണ്. ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച ഹദീസിൽ നമുക്ക് കാണാം:

3. അത്താഴം കഴിക്കുക: പ്രവാചകൻ(സ) പറയുന്നു: “നിങ്ങൾ അത്താഴം കഴിക്കുക, തീർച്ചയായും
അത്താഴം കഴിക്കുന്നതിൽ അനുഗ്രഹം ഉണ്ട്” (മുസ്ലിം)

4. അത്താഴം പിന്തിപ്പിക്കുക: നോമ്പുതുറക്കുന്നത് പെട്ടന്നാകുക:  

പ്രവാചകൻ(സ) പറയുന്നു: അത്താഴം പിന്തിപ്പിക്കുകയും 
ധൃതിയിൽ നോമ്പ് തുറക്കുകയും ചെയ്യുന്ന കാലത്തോളം എന്റെ സമുദായം നന്മയിൽ
തന്നെയായിരിക്കും” (അഹ്മദ്)

5. ഈത്തപ്പഴം,
കാരക്ക,വെള്ളം
എന്നിവ കൊണ്ട് നോമ്പ് തുറക്കുക .അതില്ലെങ്കിൽ ഏതു ഭക്ഷണപാനീയമായിരുന്നാലും
മതിയാവുന്നതാണ്(അബൂദാവൂദ്)

6. നോമ്പ് തുറക്കുന്ന വളയിൽ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും  പ്രാർത്ഥിക്കുക.

“നോമ്പുകാരന്റെ തുറവിയുടെ
സമയത്തുള്ള പ്രാർത്ഥന തള്ളപ്പെടാത്തതാണ്’ (ഇബ്നുമാജ)

തുറക്കുന്ന വേളയിൽ താഴെ വരും പ്രകാരം
പ്രാർത്ഥിക്കലും സുന്നത്താണ്.

ذَهب الظمأ وابتلت العروق وثبت الأجر إن شاء
الله (رواه
أبو
داود)

“ദാഹം തീർന്നു. അന്നനാളികൾ ഈറനണിഞ്ഞു. ഇൻശാ അള്ളാഹ് അല്ലാഹുവിന്റെ പ്രതിഫലം സ്ഥിരപ്പെട്ടു.”

7. മിസ് വാക് ചെയ്യുക:
ആമിറുബ്നു റബീഅ:
പറയുന്നു.:
“നബി
തിരുമേനി
നോമ്പുകാരനായിരിക്കെ
തന്നെ നിരവധി തവണ മിസ് വാക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട് ” (തിർമിദി)

8- റമളാനിൽ തറാവീഹ് നമസ്കരിക്കുക.

ഹദീസുകളിൽ നമുക്കതിന് തെളിവുകൾ കണ്ടെത്താനാവും.

9.നോമ്പ് തുറപ്പിക്കുക
റസൂലുല്ലാഹി പറയുന്നു :നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം നേടാനാകും. എന്നാൽ അയാളുടെ പ്രതിഫലത്തിന് യാതൊരു കുറവും
വരികയില്ല.

10- ‘ഇഹ്തികാഫ്, ഇരിക്കുക: പ്രവാചകൻ അവസാനത്തെ പത്തിൽ സ്ഥിരമായി ഇഹ്തികാഫ് ഇരിക്കാറുണ്ടായിരുന്നെന്ന് ഹദീസുകളിൽ കാണാൻ കഴിയും.

11. കൂടുതൽ സത്കർമ്മങ്ങൾ അധികരിപ്പിക്കുക. ആഇശാ(റ) പറയുന്നു. അവസാനത്തെ പത്ത്
കടന്നു വന്നാൽ 
തിരുമേനി(സ)
ഉറക്കമിളക്കുകയും തന്റെ കുടുംബത്തെ ഉണർത്തുകയും ആരാധനാനുഷ്ഠാനങ്ങൾക്കായി
കഠിന പരിശ്രമം നടത്തുകയും ചെയ്യുമായിരുന്നു “.(മുത്തഫഖുൻ
അലൈഹി)

ഉമിനീർ ശേഖരിച്ച് ഒന്നിച്ച്
വിഴുങ്ങുന്നതും, വായ കൊപ്ളിക്കുന്നതിലും മൂക്കിൽ വെള്ളം ചീറ്റുന്നതിലും
അതിരുകവിയുന്നതും, ആവശ്യമില്ലാതെ ഭക്ഷണത്തിന്റെ രുചിനോക്കുന്നതും നോമ്പുകാർക്ക്
കറാഹത്താണ്.

കളവ്,
ഏഷണി, പരദൂഷണം, വഴക്ക്, അസഭ്യം
എന്നിവ വർജിക്കണ്ടത് എല്ലാ സമയത്തും നിർബ്ബന്ധമാണെങ്കിലും നോമ്പുകാരൻ ഇതെല്ലാം
ഉപേക്ഷിക്കണ്ടത് പ്രത്യേകം നിർബന്ധമാണ്. പ്രവാചകന്റെ ഹദീസ് ശ്രദ്ധിക്കുക: “വ്യാജ സംസാരവും പ്രവർത്തനവും അവിവേകം കാണിക്കുന്നതും
ഒരാൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ അയാൾ ഭക്ഷണ പാനീയങ്ങൾ വർജ്ജിക്കണമെന്ന് അല്ലാഹുവിന്
യാതൊരു ആവശ്യവുമില്ല- (ബുഖാരി).

നോമ്പനുഷ്ഠിച്ചാൽ
ദോഷമുണ്ടാകുമെന്ന്
ഭയപ്പെടുന്ന രോഗി, നമസ്കാരം ഖസ്റാക്കുവാൻ അനുവദനീയമായ
യാത്രക്കാരൻ (നിങ്ങളിലാരെങ്കിലും
രോഗിയാവുയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയുംഎണ്ണം (നോമ്പെടുക്കേണ്ടതാണ്)”
(അൽബഖറ: 184),
തുടങ്ങിയവർക്ക് നോമ്പ്
ഒഴിവാക്കാം. പകരം നോറ്റ് വീട്ടിയാൽ മതി.

“യാത്രക്കാരൻ നോമ്പനുഷ്ഠിക്കുക പുണ്യത്തിൽ പെട്ടതല്ല (മുത്തഫഖുൻ അലൈഹി) ഇനി
നോമ്പെടുത്താൽ അത് മതിയാവുന്നതാണ്.

ആർത്തവകാരിയും പ്രസവ രക്തക്കാരിയും നോമ്പൊഴിവാക്കണം.
പിന്നീട് നോറ്റുവീട്ടണം. ഇവർക്ക് നോമ്പെടുക്കൽ അനുവദനീയമല്ല. അവരുടെ നോമ്പ് ഹറാം
തന്നെയാണ്.

ഗർഭിണിയും മുലയൂട്ടുന്നവളും: അവർക്കും
കുട്ടികൾക്കും ഒന്നിച്ചോ, അതല്ല അവർക്ക് മാത്രമോ
ബുദ്ധിമുട്ടുണ്ടാവുമെന്ന് ഭയമുണ്ടെങ്കിൽ നോമ്പൊഴിവാക്കാം. എന്നാൽ രോഗിയെപ്പോലെ
നോറ്റു വീട്ടേണ്ടതുണ്ട്. എന്നാൽ അവർക്ക് പ്രശ്നമില്ല, കുട്ടികൾക്കും മാത്രമേ പ്രശ്നമുള്ളുവെങ്കിൽ
നോമ്പൊഴിവാക്കാം. പക്ഷെ നോറ്റുവീട്ടുകയും ഒപ്പം ഓരോ ദിവസത്തിനും ഓരോ അഗതിക്ക്
ഭക്ഷണം നൽകുകയും വേണം. അല്ലാഹു പറയുന്നു: (ഞെരുങ്ങികൊണ്ട് മാത്രം) അതിനു സാധിക്കുന്നവർ
(പകരം) ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായശ്ചിതമായി
നൽകേണ്ടതാണ്.”

(അൽബഖറ:184)

നോമ്പെടുക്കാനാവാത്ത വൃദ്ധൻ, ഭേദമാവുമെന്ന്
പ്രതീക്ഷയില്ലാത്ത രോഗി ഇവർക്ക് നോമ്പ് ഒഴിവാക്കാം. പകരം ഓരോ ദിവസത്തിനും ഓരോ
അഗതിക്കും അന്നാട്ടിലെ അര صاع ഭക്ഷണം നൽകണം. മുങ്ങി മരിക്കുവാൻ
പോകുന്നവനെ രക്ഷിക്കാനോ, ജിഹാദിന് വേണ്ടിയോ നോമ്പ് മുറിക്കുന്നവന്
അതിന് അനുവാദമുണ്ട്. ഇത്തരം കാരണങ്ങളൊന്നുമില്ലാതെ നോമ്പൊഴിവാക്കാനനുവാദമില്ല.
മനപൂർവ്വം നോമ്പൊഴിവാക്കിയാൽ അവന് കുറ്റമുണ്ട്.
അവൻ തൗബ ചെയ്യൽ
നിർബന്ധമാണ്. വീട്ടുകയും വേണം.

നോമ്പ് അസാധുവാകുന്ന കാര്യങ്ങൾ:

റമളാനിൽ മനപൂർവ്വം ഭക്ഷണമോ പാനീയമോ
അതിന് തുല്യമായ ഗ്ലൂക്കോസ് ഇഞ്ചക്ഷനോ രക്തം കയറ്റലോ തുടങ്ങിയവ ചെയ്യാം. എന്നാൽ, ഗ്ലൂക്കോസല്ലാത്ത
ഇഞ്ചക്ഷനാണെങ്കിൽ നോമ്പ് മുറിയുകയില്ല. ഒഴിവാക്കലാണ് നല്ലത്.

മറന്നുകൊണ്ടാണ്
ഭക്ഷണം
കഴിച്ചതെങ്കിൽ കുഴപ്പമില്ല. റസൂൽ (സ) പറയുന്നു: “നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട്
ആരെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്താൽ അവൻ നോമ്പ്
പൂർത്തിയാക്കട്ടെ.
.അല്ലാഹുവാണ് അവനെ തീറ്റിപ്പിക്കുകയും കുടിപ്പിക്കുകയും
ചെയുന്നത്.”
(ബുഖാരി ,മുസ്ലിം, അബൂദാവൂദ്,
തിർമിദി)

വായിലൂടെയോ മൂക്കിലൂടെയോ വല്ലതും അകത്തു
കടക്കുക. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വല്ല ഈച്ചയോ പൊടിയോ അകത്തു കടന്നാൽ ഒരു
പ്രശ്നവുമില്ല.

മനപൂർവ്വം ഛർദ്ദിക്കൽ. എന്നാൽ
ഛർദ്ദിവന്നാൽ കുഴപ്പമില്ല.

സ്വന്തം പ്രവൃത്തികൊണ്ട്
ഇന്ദ്രിയംപുറപ്പെടൽ. സംയോഗമോ  ചുംബനമോ
സ്പർശനമോ നോട്ടമോ
സ്വയംഭോഗമോ ഇവയൊക്കെ കാരണമാകാം.

കൊമ്പ് വെച്ചിട്ടോ, രക്തദാനത്തിനോ
ശരീരത്തിൽ നിന്നും രക്തംഎടുക്കൽ. എന്നാൽ രക്തം പരിശോധിക്കുവാനോ പല്ലെടുക്കൽ,
മുറിവ് ഇതിലൂടെയൊക്കെ വരുന്ന അൽപം ചോര നോമ്പിനെ ബാധിക്കുകയില്ല.

ആർത്തവ രക്തവും പ്രസവ രക്തവും. ഇതുണ്ടാവുന്നത്
സൂര്യാസ്തമനത്തിന് തൊട്ടു മുമ്പാണെങ്കിലും ശരി നോമ്പു
മുറിയും.

സംയോഗം. സ്ഖലനമുണ്ടായാലും ഇല്ലെങ്കിലും
ശരി നോമ്പു മുറിയും.

നോമ്പ് മുറിയുന്നതിന്റെ നിബന്ധനകൾ:

നോമ്പ്
മുറിയുന്ന
കാര്യങ്ങളെ സംബന്ധിച്ച് അറിവുള്ളവനായിരിക്കണം.
അറിവില്ലാത്തവനായിരിക്കരുത്.
ഓർമ്മയാടെയാവണം. മറന്ന് കൊണ്ടാവരുത്. നിർബന്ധിതനായിട്ടാകരുത്. സ്വന്തം
ഇഷ്ടപ്രകാരമാവണം. അറിവില്ലാതെയോ ഉദ്ദേശമില്ലാതയോ മേൽപറഞ്ഞ നോമ്പ് മുറിയുന്ന
കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് ചെയ്താൽ നോമ്പു മുറിയുകയില്ല. നോമ്പ് സാധുവായിത്തീരുന്നതാണ്.

സുന്നത്ത് നോമ്പുകൾ:

“ഏറ്റവും ശ്രേഷ്ഠമായ നോമ്പ് ദാവൂദ്(അ)യുടേതാണ്. ഒരു ദിവസം
നോമ്പെടുക്കും അടുത്ത ദിവസം ഒഴിവാക്കും.” (ബുഖാരി, മുസ്ലിം)

റമളാൻ
മാസത്തിന്ന്
ശേഷം എറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ
മുഹർറം മാസത്തിലെ
നോമ്പാണ്. (മുസ്ലിം) അതിൽ എറ്റവും പ്രധാനം മുഹർറം ഒമ്പതും
പത്തും.

മുഹർറം പത്തിന്റെ നോമ്പ് കഴിഞ്ഞ വർഷത്തെ
പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്. പത്തിന് മുമ്പോ പിമ്പോ ഒരു ദിവസം (ഒമ്പതോ, പതിനൊന്നോ)
നോമ്പെടുക്കുന്നത് വളരെ പുണ്യമുള്ള കാര്യമാണ്.

ശവ്വാലിലെ ആറു ദിവസത്തിലെ നോമ്പ് .
മുസ്ലിം നിവേദനം ചെയ്ത ഹദീസ്.  “റമളാനിൽ
നോമ്പെടുത്തിട്ട് അതിന്റെ തുടർച്ചയായി ആറു ദിവസം ശവ്വാലിൽ നിന്നും ചേർത്താൽ ആയുഷ്ക്കാലത്തെ
മുഴുവൻ നോമ്പിനെപ്പോലെയായി.”

ദുൽ ഹിജ്ജ : ഒന്നു മുതൽ ഒൻപത് വരെ. അതിൽ
പ്രധാനം ഒൻപത്. അറഫാ ദിനം. 9 ലെ നോമ്പ്
രണ്ടു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും. എന്നാൽ ഹജ്ജ് ചെയ്യുന്നവർക്ക് ഈ നോമ്പില്ല.

എല്ലാ മാസവും മൂന്ന് ദിവസത്തെ നോമ്പ്.
അതിൽ ഏറ്റവും പ്രധാനം 13, 14, 15 വെളുത്ത ദിവസങ്ങൾ എന്ന പേരിലറിയപ്പെടുന്ന അയ്യാമുൽ ബീള്.

 എല്ലാ തിങ്കളും വ്യാഴവും. ഹദീസ് ശ്രദ്ധിക്കുക. “കർമ്മങ്ങളൊക്കെ അല്ലാഹുവിന്റെ
മുമ്പിൽ
സമർപ്പിക്കപ്പെടുന്ന ദിവസങ്ങളാണിത്. നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ
സമർപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു”.

 റജബിലെ നോമ്പ്.
വെള്ളിയാഴ്ച
മാത്രമായി നോമ്പെടുക്കുന്നത്, സംശയ ദിവസം
നോമ്പെടുക്കുന്നത്, ശഅബാൻ
പതിനഞ്ചിന് മാത്രം നോമ്പെടുക്കുന്നത് എന്നീ നോമ്പുകൾ വെറുക്കപ്പെട്ടതാകുന്നു. കാരണം
ഹദീസുകളിൽ ഇങ്ങനെയുള്ള നോമ്പിന് യാതൊരു അടിസ്ഥാനവുമില്ല.

രണ്ട് പെരുന്നാൾ ദിവസം നോമ്പെടുക്കുന്നത്
നിഷിദ്ധമാണ്.

അതുപോലെ അയാമുത്തശ്രീഖിൽ ബലിയറുക്കുവാൻ
കഴിയാത്ത ഹാജിമാർക്കൊഴികെ നോമ്പെടുക്കുന്നത് നിഷിദ്ധമാണ്.

ലൈലത്തുൽ ഖദ്ർ- “തീർച്ചയായും
നാം ഇതിനെ (ഖുർആനിനെ) നിർണ്ണയത്തിന്റെ രാത്രിയിൽ
അവതരിപ്പിച്ചിരിക്കുന്നു.
നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ?
നിർണയത്തിന്റെ
രാത്രി ആയിരം മാസത്തേക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ
രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി
വരുന്നു.” (ഖദ്ർ. 1-5)

ശ്രദ്ധിക്കുക, വലിയ അശുദ്ധിയോടെയാണ് ഒരാൾ ഉണരുന്നതെങ്കിൽ അവൻ അത്താഴം കഴിച്ച് നോമ്പെടുക്കണം. സുബഹിക്ക്
ശേഷം കുളിച്ചാലും മതിയാവുന്നതാണ്. ആർത്തവകാരിയും,
പ്രസവരക്തക്കാരിയും
സുബഹിക്ക് തൊട്ടുമുമ്പ് ശുദ്ധിയായാലും നോമ്പ് എടുക്കണം. സുബഹിക്ക് ശേഷം
കുളിച്ചാലും മതിയാവുന്നതാണ്.