നിർണ്ണിത കാലടികൾക്ക് ലക്ഷക്കണക്കിന് പ്രതിഫലം

   ദിവസങ്ങളും, മാസങ്ങളും കൊഴിഞ്ഞ് പോകുന്നത് അധികമാളുകളും അറിയുന്നില്ല, അവർ അശ്രദ്ധയിലാണ്. ഉറക്കവും ഐഹിക ജീവിതസുഖഭോഗങ്ങളും അവരെ അതിനെത്തൊട്ട് അശ്രദ്ധമാക്കിയിരിക്കുന്നു. പാരത്രിക ജീവിതത്തിന് വേണ്ടിയല്ലാതെ പാഴാക്കിക്കളഞ്ഞ മുഴുവൻ സമയങ്ങളെ സംബന്ധിച്ചും നാളെ പരലോകത്ത് അവർ ചോദ്യം ചെയ്യപ്പെടുന്നതാണ്. കാരുണ്യത്തിന്റെ പ്രവാചകൻ   (സ) പറയുന്നു, “പരലോകത്ത് നാല് കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാതെ ഒരാളുടെയും കാൽപാദം മുന്നോട്ട് ചലിപ്പിക്കുവാൻ കഴിയില്ല. തന്റെ ആയുസ്സ് അതെങ്ങനെ കഴിച്ചുകൂട്ടി, തന്റെ യുവത്വം എന്തിന് വേണ്ടിയാണ് ചെലവഴിച്ചത്? വിജ്ഞാനം കൊണ്ട് എന്ത് പ്രവർത്തിച്ചു? സമ്പത്ത് എങ്ങനെ സമ്പാദിച്ചു, ഏത് രൂപത്തിൽ ചെലവഴിച്ചു” (തിർമിദി).

നന്മകൾക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം നൽകപ്പെടുന്ന സമയത്തെ സംബന്ധിച്ച് പലയാളുകളും അശ്രദ്ധയിലാണ്. അവരുടെ ജീവിത രീതിയോ, അശ്രദ്ധയോ അവരെ അതിൽ നിന്നും പിൻതിരിച്ച് കളഞ്ഞിരിക്കുന്നു . ആയത്കൊണ്ടുതന്നെ താൻ ചെയ്യുന്ന കാര്യം ചെറുതും, വളരെ നിസ്സാരവുമാണെന്ന് തോന്നുന്നുവെങ്കിലും അല്ലാഹുവിന്റെയടുത്ത് അത് വളരെ വലുതും തുലാസ്സിൽ അധികം ഭാരം തൂങ്ങുന്നതുമാകുന്നു.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം നന്മകൾ ചെയ്യുവാൻ സാധിക്കും. ആ നന്മകൾക്ക് വർദ്ധിച്ച പ്രതിഫലമാണ് അല്ലാഹു നൽകുക. അതിലൂടെ ഒരു മുസ്ലിമിന് നിമിഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് നന്മകൾ  ചെയ്യുവാൻ കഴിയുന്നു. ഇവിടെ തനിക്ക് അല്ലാഹു അനുഗ്രഹമായി നൽകിയ  സമയം നന്മകൾ ചെയ്തുകൊണ്ട് പ്രതിഫലം കരസ്ഥമാക്കുന്നവനും, അനുഗ്രഹമാകുന്ന സമയം ഉപയോഗപ്പെടുത്താതെ പാഴാക്കിക്കളയുന്നവനും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാകുന്നു.

പ്രിയ സുഹ്യത്തേ, ഈ ചെറു ലേഖനത്തിലൂടെ താങ്കളെ ഉണർത്തുവാനാഗ്രഹിക്കുന്നത്, ഇങ്ങനെ  ചെറിയ സമയത്തിനുള്ളിൽ വർദ്ധിച്ച പ്രതിഫലം. കരസ്ഥക്കുവാൻ സാധിക്കുന്ന ജുമുഅയുടെ  മര്യാദയെ കുറിച്ചാണ്. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ.

ജുമുഅയുടെ മര്യാദകളിൽ ആ ദിവസം കുളിക്കുകയെന്നതല്ലാതെ മറ്റൊന്നും അറിയാത്തവരാണ് നമ്മളിൽ അധികപേരും. മറ്റു ചിലർ ചെറുപ്പം മുതലേ ശീലിച്ച് പോന്നത് കൊണ്ട് വൃത്തിയുണ്ടാകുവാൻ കുളിക്കുകയുമാണ്. എന്നാൽ ആ കുളി കഴിഞ്ഞാൽ അനേകം സുന്നത്തുകൾ ചെയ്യുവാനുണ്ട്, അങ്ങനെ ചെയ്യുന്നവർക്ക് നാളെ പരലോകത്ത് വളരെയധികം പ്രതിഫലം ലഭിക്കുന്നതാണ്, അതിൽപ്പെട്ട് അഞ്ച് മര്യാദകൾ പ്രവാചകൻ (സ) ഒരു ഹദീസിലൂടെ പറയുന്നു:

“ആരെങ്കിലും വെള്ളിയാഴ്ച കുളിക്കുകയും, (പളളിയിലേക്ക്) നേരത്തെ വാഹനം കയറാതെ നടന്ന് പോവുകയും, ഇമാമിനടുത്തിരുന്ന് വർത്തമാനം പറയാതെ ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ അവൻ ഓരോ കാലടിക്കും ഓരോ വർഷവും നിന്ന് നമസ്കരിക്കുകയും, നോമ്പനുഷ്ടിക്കുകയും ചെയ്തവന്റെ  പ്രതിഫലമാണ് അവന് ലഭിക്കുന്നത്.” (അഹ്മദ്. അൽബാനി സ്വഹീഹാക്കിയിട്ടുണ്ട്).

ഹദീസിന്റെ ആശയം: ആരെങ്കിലും വെളളിയാഴ്ച കുളിക്കുകയും, വളരെ നേരത്തെ പള്ളിയിലേക്ക് വാഹനത്തിൽ കയറാതെ നടന്നു പോവുകയും ചെയ്ത് ഖുതുബ മുഴുവനും ഇമാമിന്റെ അടുത്തിരുന്ന് കൊണ്ട് സംസാരിക്കാതെ ശ്രവിക്കുകയും ചെയ്താൽ ഹദീസിൽ പറഞ്ഞത് പ്രകാരമുള്ള പ്രതിഫലമവന് ലഭിക്കുന്നതാണ്.

പ്രതിഫലാർഹമായ ഈ മര്യാദകൾ പാലിക്കുന്നവർ വളരെ വിരളമാണ്. ഓരോ  കാലടിക്കും സമ്പൂർണമായ ഒരു വർഷം രാത്രി  നിന്ന് നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്ത പ്രതിഫലമാണ് ലഭിക്കുക. ഒരു കാലടിക്ക് ഒരു വർഷത്തെ പ്രതിഫലമാണെങ്കിൽ പത്ത് കാലടിയാണങ്കിലോ?  അവന് അങ്ങയറ്റത്തെ പ്രതിഫലമാണ് ലഭിക്കുവാൻ പോകുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രമാത്രം   പ്രതിഫലം ലഭിക്കുമ്പോൾ അതിനെ അവഗണിക്കുകയാണ് അധികം ആളുകളും. ലാ ഹൌല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്.

മുകളിൽ നാം വിവരിച്ച ഹദീസ് പ്രകാരം വെള്ളിയാഴ്ച രാവിലെ കുളിക്കുകയും ,പള്ളിയിലേക്ക് നേരത്തെ നടന്ന് പോവുകയും , ഇമാമിനടുത്തിരുന്ന് ഖുതുബ ശ്രവിക്കുകയും ചെയ്ത് നമസ്കാര ശേഷം പുറത്തിറങ്ങിയപ്പോൾ വർദ്ധിച്ച നന്മയും ഐശ്വര്യവുമാണ് ആ ദിവസവും തുടർന്നുള്ള ദിവസവും ലഭിച്ചതെന്ന് എനിക്കേറെ വിശ്വസ്ഥനായ ഒരാൾ എന്നോട് പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹം വിശാലമാണ്. ഐഹികവും പാരത്രികവുമായ ഈ ഐശ്വര്യത്തിന് കാരണമായത് ഈ ചെറിയ പ്രവർത്തനമാകുന്നു.

ആയതിനാൽ ഓരോ വെളളിയാഴ്ചയും ഈ സൽകർമ്മം ചെയ്യുവാൻ പരിശ്രമിക്കുകയും, അത് മുഖേന അധികമാളുകളും പാഴാക്കിക്കളയുന്ന വമ്പിച്ച പ്രതിഫലം കരഗതമാക്കുവാനും പരിശ്രമിക്കുക.

സഹോദരാ, ഈ സുന്നത്തുകൾ നിന്റെ ജീവിതത്തിൽ പകർത്തിയാൽ, നിന്റെ വീടിന്റെയും  പള്ളിയുടെയുമിടയ്ക്ക് 1000 കാൽപ്പാദത്തിന്റെ ദൂരവുമാണെങ്കിൽ എത്രയാണ് പ്രതിഫലം ലഭിക്കുകയെന്ന് നീ കണക്ക് കൂട്ടുക.

നിനക്ക് 1000 വർഷം നിന്ന് നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്ത പ്രതിഫലമാണ്. ഇത് ഒരു ജുമുഅക്കോ? 4000 വർഷത്തെ പ്രതിഫലമാണ് ലഭിക്കുക. (4 ജുമുഅ x 1000 = 4000 വർഷം) ഇങ്ങനെ നീ ഒരു വർഷം മുഴുവനും ഈ സുന്നത്തുകൾ ജീവിതത്തിൽ പകർത്തുകയാണെങ്കിലോ? (12 മാസം അതായത് 48 ജുമുഅ) നിനക്ക് 4800 വർഷത്തെ പ്രതിഫലമാണ് ലഭിക്കുക. (48 ജുമുഅ X 1000 കാലടി = 4800 വർഷം). ഇത് ഒരു വർഷത്തെ പ്രതിഫലമാണ്. അല്ലാഹു നിനക്ക് ആയുസ്സ് നീട്ടി തന്ന് നീ ഇങ്ങനെ കുറഞ്ഞത് ഒരു നാൽപത് വർഷം തുടരുകയാണെങ്കിലോ? (480 മാസം അതായത് 1920 ജുമുഅ). നിനക്ക് ലഭിക്കുന്നത് 1,920,000 വർഷത്തെ പ്രതിഫലം, (1920 x 1000 കാലടി = 1,920,000 വർഷം) 19 ലക്ഷത്തി ഇരുപതിനായിരം വർഷം നിന്ന് നമസ്കരിക്കുകയും, നോമ്പെടുക്കുകയും ചെയ്ത പ്രതിഫലം. അതുപോലെ ഓരോ വർഷവും 1000 നന്മയായി അല്ലാഹു രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്. അങ്ങനെയാണെങ്കിൽ 1,900,000 വർഷത്തിന് ലഭിക്കുന്ന പ്രതിഫലം എത്രയാണ്? 1,920,000 X 1000 = 1920000000 നന്മയാണ് ലഭിക്കുക.

 നിന്റെ വീടിന്റെയും പള്ളിയുടെയും ഇടയിൽ 1000 കാലടിയേക്കാൾ ദൂരമുണ്ടെങ്കിലോ? നിനക്ക് 40 വർഷത്തിലേറെ ജീവിക്കുവാൻ അല്ലാഹു സൗഭാഗ്യം നൽകിയെങ്കിലോ? ഒരു വർഷത്തിൽ നിനക്ക് 1000 നന്മയ്ക്കാൾ കൂടുതൽ നൽകിയാലോ ? ഒരു പക്ഷേ അല്ലാഹു 1,920,000,000 നന്മ 700 ഇരട്ടിയായിട്ടോ അതിലേറെ മടങ്ങായിട്ടോ പ്രതിഫലം നൽകിയാലോ? കർമ്മങ്ങൾ തൂക്കി നോക്കുവാൻ തുലാസുകൾ നാട്ടപ്പെടുന്ന ദിവസം നിന്റെ തുലാസിൽ എത്രയാണ് നന്മകൾ ഭാരം തൂങ്ങുക?

അല്ലാഹു തന്നെയാണ് സത്യം! നമ്മോട് ആരെങ്കിലും ഒരുമാസം നോമ്പനുഷ്ടിക്കുവാനോ നിന്ന് നമസ്കരിക്കുവാനോ കൽപിക്കുകയാണെങ്കിൽ അത് നമുക്ക് പ്രയാസമായി അനുഭവപ്പെടുമായിരുന്നു. എന്നാൽ അല്ലാഹു അവന്റെ അപാരമായ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും അത്രയും മഹത്തായ പ്രതിഫലം വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ കുറച്ച് കർമ്മങ്ങൾകൊണ്ട് കരസ്ഥമാക്കുവാൻ ദുർബ്ബലമായ മനുഷ്യന് അവസരം നൽകിയിരിക്കുന്നു, അല്ലാഹു പറയുന്നു:

“അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണുകയാണെങ്കിൽ അത് തിട്ടപ്പെടുത്തുവാൻ സാധ്യമല്ല” (നഹ്ൽ: 18)

കർമ്മങ്ങളുടെ ഏടുകൾ നിറയ്ക്കുവാനുപയുക്തമായ നന്മകളാണ് ചുരുങ്ങിയ കർമ്മങ്ങൾ കൊണ്ട് അല്ലാഹു നമുക്ക് ഒരുക്കിത്തന്നിരിക്കുന്നത്. ഇത്രയും പ്രതിഫലമുണ്ടെന്നറിഞ്ഞിട്ട് അതുപേക്ഷിക്കുകയോ? കരസ്ഥമാക്കുവാൻ സാധിച്ചിട്ട് അത് അവഗണിക്കുകയോ? ആയതിനാൽ അവ കരഗതമാക്കുവാനായി നാം ശ്രദ്ധിക്കുക, അശ്രദ്ധയും അവഗണനയും ഉപേക്ഷിക്കുക. അതിലൂടെ വിശ്വാസവും കർമ്മങ്ങളും നന്നാക്കുവാൻ സാധിക്കും.

ആയതിനാൽ, ഇനിയുള്ള ആയുസ്സിലെങ്കിലും ഈ പ്രതിഫലം കരഗതമാക്കുവാൻ ഒരുങ്ങുക. ഈ നിസ്സാരമായ പ്രവർത്തനത്തിലൂടെ ഇത്രയും പ്രതിഫലം കരസ്ഥമാക്കുവാനുള്ള അവസരം നൽകിയതിലുള്ള യുക്തി ഇമാം ഉപദേശിക്കുന്ന ഖുതുബ ശ്രദ്ധിച്ച് കേൾക്കുകയും, അത് ജീവിതത്തിൽ പകർത്തുവാൻ സജ്ജരാക്കുകയും അങ്ങനെ ജീവിതം മുഴുവനും വിശുദ്ധഖുർആനും തിരുസുന്നത്തും അനുസരിച്ച് ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കുകയെന്നതായിരിക്കും.

വൈകി പള്ളിയിൽ വരുകയും, ഖുതുബ ശ്രവിക്കുവാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുന്നവരെ നീ ശ്രദ്ധിക്കുക, മഹത്തായ ഒരു വാജിബിൽ ഉപേക്ഷ വരുത്തിയതിനവർ ഖേദിക്കു

നതാണ്. വെറും രണ്ട് റക്അത്തിൽ അവർ മതിയാക്കുകയാണ്. അങ്ങനെയുള്ളവർക്ക് മതത്തിലുള്ള വിജ്ഞാനം വളരെ കുറവും, പരലോകത്തക്കുറിച്ചവർ അജ്ഞരുമായതിനാൽ തന്നെ അല്ലാഹു അവരുടെ കാഴ്ച്ചക്ക് മറയിടുകയും ഹൃദയങ്ങളിൽ മുദ്ര വെക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവർ  അശ്രദ്ധരുമായിരിക്കുന്നു. പ്രവാചക തിരുമേനി(സ) പറയുന്നു:

“അലംഭാവം കാരണത്താൽ ആരെങ്കിലും മൂന്ന് ജുമുഅ ഉപേക്ഷിച്ചാൽ അല്ലാഹു അവന്റെ ഹൃദയത്തിൽ മുദ്രയടിക്കുന്നതാണ്.” (അഹ്മദ്- അൽബാനി സ്വഹീഹാക്കിയിട്ടുണ്ട്). വീണ്ടും പറയുന്നു: “ജുമുഅ ഉപേക്ഷിക്കുകയെന്ന കാര്യം സമൂഹം ഉപേക്ഷിക്കുക. അല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്രയടിക്കുകയും പിന്നീടവർ അശ്രദ്ധയിലാവുക തന്നെ ചെയ്യുന്നതുമാണ്.” (മുസ്ലിം).

ഹൃദയത്തിന് സീൽ വീണു പോയാൽ അവർ അശ്രദ്ധയിലായിത്തീരുകതന്നെചെയ്യും.

നമസ്കരിക്കുവാൻ കഴിയാത്ത രോഗി, വയോവൃദ്ധൻ, സ്ത്രീ തുടങ്ങി ജുമുഅ ഉപേക്ഷിക്കുവാൻ അനുവാദമുള്ളവരെ ഞാൻ മറന്നു പോകുന്നില്ല. ഇത്രയും പ്രതിഫലം കരസ്ഥമാക്കുവാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചേക്കാം, പക്ഷേ, അവർക്കത് സാധിക്കുകയില്ല. എന്നാൽ അങ്ങനെയുള്ളവരോട് പറയട്ടെ; നിങ്ങൾ ഈ കാര്യം അറിയാത്തവർക്ക് എത്തിച്ച് കൊടുക്കുക. അതിലൂടെ നിങ്ങൾക്ക് പ്രതിഫലം കരസ്ഥമാക്കുവാനാവുന്നതാണ്. പ്രവാചക(സ) പറയുകയുണ്ടായി: “ആരെങ്കിലും ഒരു നന്മ സൂചിപ്പിച്ചാൽ അവന് ചെയ്തവന്റെ പോലെ പ്രതിഫലം ലഭിക്കുന്നതാണ്.” (മുസ്ലിം)

അവസാനം: ഒരു നന്മ സൂചിപ്പിച്ചുവെന്നുമാത്രം. പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുമാറാവട്ടെ. തിരുമേനി അരുളി “തീർച്ചയായും നന്മ സൂചിപ്പിക്കുന്നവൻ ആ നന്മ ചെയ്യുന്നവനെപ്പോലെയാണ്.” (തിർമിദി). അല്ലാഹുവിനെ മാത്രം ആരാധിച്ച്, അവനോട് മാത്രം പ്രാർത്ഥിച്ച്, തിരുമേനി (സ) പഠിപ്പിച്ച്തന്ന നന്മകൾ മാത്രം ചെയ്ത് കൊണ്ട്, ബിദ്അത്തുകളും, കെട്ടുകഥകളും ഉപേക്ഷിച്ച് വിശുദ്ധഖുർആനും തിരുസുന്നത്തും പഠിച്ച് ജീവിതത്തിൽ പകർത്തുകയും അതിന് പരിശ്രമിക്കുകയും ചെയ്യുക. ഞാൻ ഇത്ര വലിയ പ്രതിഫലമുള്ള കാര്യമാണല്ലോ ചെയ്യുന്നതെന്ന് വിചാരിച്ച് ഈ മര്യാദകൾ മാത്രം ജീവിതത്തിൽ പകർത്തി മറ്റു നന്മകളും, കർമ്മങ്ങളും ഉപേക്ഷിക്കാതിരിക്കുക. മുഴുവൻ നന്മകളും ജീവിതത്തിൽ പകർത്തുവാൻ ശ്രദ്ധിക്കുക. അങ്ങിനെ മുവഹ്ഹിദായി ജീവിച്ച് മുഅ്മിനായി മരിക്കുവാൻ അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ.

നമ്മുടെ പ്രവാചകൻ മുഹമ്മദ് (സ)യുടെ മേലിൽ അല്ലാഹുവിന്റെ ശാന്തിയും സമാധാനവും ഉണ്ടാകുമാറാവട്ടെ. ആമീൻ