ഹദീഥ് ഇസ്ലാമിന്റെ പ്രമാണം

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാണ് വിശുദ്ധ ഖുർആനും തിരുസുന്നത്തും, അല്ലാഹുവിന്റെ വചനമാണ് ഖുർആൻ. പ്രവാചക ചര്യയാകുന്ന സുന്നത്തും അല്ലാഹുവിന്റെ വഹ് യാണ്. മതപരമായി നബി സ്ര) പഠിപ്പിച്ചതൊക്കെയും അല്ലാഹുവിന്റെ വഹ് യിന്റെ അടിസ്ഥാത്തിൽ തന്നെയായിരുന്നു. അല്ലാഹു പറയുന്നു: അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുകയില്ല. അത് അദ്ദേഹത്തിന്റെ ദിവ്യ സന്ദേശമായി നൽകപ്പെടുന്ന ഒരു ഉദ്ബോധനം മാത്രമാകുന്നു. (ഖുർആൻ 53:3,4) അതിനാൽ നബി (സ്വ) യുടെ തിരുചര്യകളിൽ ഒന്നിനെപ്പോലും നാം നിഷേധിക്കുവാനോ പുഛിക്കുവാനോ പാടുള്ളതല്ല. മറിച്ച്, അല്ലാഹുവിന്റെ മാർഗനിർദേശങ്ങളാണ് അവയും എന്നുള്ളതുകൊണ്ട് സുന്നത്തിനെ നാം ആദരിക്കുകയും പിൻപറ്റുകയുമാണ് വേണ്ടത്. പ്രവാചകാധ്യാപനങ്ങളോട് എതിര് പ്രവർത്തിച്ചാൽ ഇരു ലോകത്തും വമ്പിച്ച ദുരന്തങ്ങൾക്കത് നിമിത്തമാകും, നബി (സ്വ) പഠിപ്പിച്ച കാര്യങ്ങളെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ കഴിയുമ്പോൾ മാത്രമാണ് ഒരാൾ ശരിയായ വിശ്വാസിയായിത്തീരുന്നത്. അല്ലാഹു പറയുന്നു: “നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം. അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും നീ വിധി കൽപ്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വസികളാവുകയില്ല.” (ഖുർആൻ 4:65)

സുന്നത്ത് അഥവാ ഹദീസിൽ നിന്നാണ് ഇസ്ലാമിന്റെ
പ്രായോഗിക രൂപം ഗ്രഹിക്കേണ്ടത്. ഉദാഹരണത്തിന്,
നമസ്ക്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങി നിർബന്ധമായും നാം അനുഷ്ഠിക്കേണ്ട നിരവധി കാര്യങ്ങളെക്കുറിച്ച് ഗൗരവതരമായ പല ഉണർത്തലുകളും വിശുദ്ധ ഖുർആനിലുണ്ട്.
എന്നാൽ അവയുടെ വിശദമായ പ്രായോഗിക രൂപം നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങിയ സുന്നത്ത് അഥവാ നബി ചര്യയിൽ നിന്നാണ് നമുക്ക് ലഭിക്കുക. നബി (സ്വ)യെയാണ് പ്രസ്തുത വിവരണത്തിനായി അല്ലാഹു ചുമതലപ്പെടുത്തിയിട്ടുള്ളതും. അല്ലാഹു പറയുന്നു: “വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങൾക്കിടയിൽ അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചു കൊടുക്കുവാൻ വേണ്ടിയും അവർ ചിന്തിക്കുവാൻ വേണ്ടിയും” (ഖുർആൻ 16:44)

ഇത്തരം അധ്യാപനങ്ങൾ നബി (സ്വ)യിൽ നിന്ന് പകർന്നെടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത അവിടുത്തെ അനുചരന്മാർ (സ്വഹാബത്ത്) ആണ് സുന്നത്തിന്റെ ശരിയായ വിവക്ഷ നമുക്ക് മനസ്സിലാക്കിത്തരേണ്ടവർ. കാരണം, ദീനിന്റെ പ്രഥമ അഭിസംബോധിതരും പ്രവാചക ശിക്ഷണത്തിൽ വളർന്ന മഹത്തുക്കളുമാണവർ. അവരെയാണ് അല്ലാഹു
തൃപ്തിപ്പെട്ടത്. അവരുടെ മാർഗ്ഗം പിൻപറ്റാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത്.

അല്ലാഹു പറയുന്നു: “മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും ആദ്യമായി മുന്നോട്ടു വന്നവരും സുകൃതംചെയ്തുകൊണ്ട് അവരെ പിൻതുടർന്നവരുമാരോ അവരെപ്പറ്റി അല്ലാഹു
സംതൃപ്തനായിരിക്കുന്നു താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കി വെയ്ക്കുകയും ചെയ്തിരിക്കുന്നു, എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതൊരു മഹത്തായ ഭാഗ്യം” (ഖുർആൻ 9:100)

“തനിക്ക് സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്തു നിൽക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിൻതുടരുകയും ചെയുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ട് നാം അവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം” (ഖുർആൻ 4:115)

സത്യവിശ്വാസികൾക്കിടയിലുണ്ടാകുന്ന അഭിപ്രായ ഭിന്നതകൾ ഈ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് പരിഹരിച്ച് ഐക്യപ്പെടുവാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്.

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. അല്ലാഹുവിന്റെ ദൂതനെയും, നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാവുകയാണെങ്കിൽ നിങ്ങൾ അല്ലാഹുവിലേക്കും റസൂലിലേക്കു മടങ്ങുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അതാണ് ഉത്തമവും നല്ല പര്യവസാനവുമുള്ളത് (ഖുർആൻ 4:59)

ദീനിയായ അധ്യാപനങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടത് സച്ചരിതരായ ആ മുൻഗാമികളുടെ മനസ്സിലാക്കലുകൾക്കും നിലപാടുകൾക്കും അനുസരിച്ചായിരിക്കണം. അല്ലാതെ നാട്ടിൽ കുറേ കാലങ്ങളായി നടന്നുവരുന്നതാണെന്നതുകൊണ്ട് ഒരു കാര്യം ദീനിൽഅംഗീകരിക്കപ്പെട്ട പുണ്യകർമ്മമാകുകയില്ല. നബി (സ)യുടെ അധ്യാപനങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ നല്ലതാണെന്ന് കരുതി ചെയ്തുകൂട്ടുന്ന കർമ്മങ്ങൾ പരലോകത്ത് തീരാനഷ്ടത്തിനിട വരുത്തുമെന്ന് ഖുർആൻ താക്കീത് ചെയ്തിട്ടുണ്ട്.

ശുചിത്വം, ആരോഗ്യം, സാമ്പത്തികം, കുടുംബപരം, സാമൂഹികം, വൈയക്തികം തുടങ്ങി എല്ലാ മേഖലകളിലും മനസ്സിന് സമാധാനവും ഊർജവും പകരുന്ന കിടയറ്റ മാതൃകകളും നിർദേശങ്ങളുമാണ് സുന്നത്തിലുള്ളത്. പ്രവാചകജീവിതം സത്യസന്ധമായി പഠനവിധേയമാക്കുന്ന ആർക്കും അത് ബോധ്യപ്പെടുന്നതാണ്.

അല്ലാഹു പറയുന്നു: “തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത്, അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമ്മിക്കുകയും ചെയ്തു വരുന്നവർക്ക് (ഖുർആൻ: 33:21)

നബി (സ)യുടെ ചര്യകൾ ലോകചരിത്രത്തിൽ തുല്യതയില്ലാത്തവിധം കൃത്യവും കണിശവുമായ രീതിയിൽ ക്രോഡീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഹദീസ് നിദാന ശാസ്ത്രമെന്ന
വിജ്ഞാന ശാഖ ഏത് നിരീക്ഷണ കുതുകിയെയും വിസ്മയിപ്പിക്കുന്ന മഹാത്ഭുതമാണ്.