എല്ലാ കണ്ണുകളും മക്കയിലേക്ക്… –
ഹജ്ജ് കർമത്തിന് മണിക്കൂറുകൾ മാത്രം ബാക്കി!
ഇബ്റാഹീം (അ)യുടെ വിളിക്ക് ഉത്തരം ചെയ്ത്
ഒഴുകിയെത്തിയ ജനലക്ഷങ്ങൾ!
എന്തൊരു നയന മനോഹര ദൃശ്യങ്ങളാണവിടെ….
രാജാവും പ്രജയും വെളുത്തവനും
കറുത്തവനും തുല്യർ. വേഷമൊന്ന്. കർമമൊന്ന്… മന്ത്രമൊന്ന്….
ഒരേ ഈണത്തിൽ, ഒരൊറ്റ താളത്തിൽ ഉയർന്നു പൊങ്ങുന്ന തൽബിയത്തിന്റെ വരികൾ….
അത് ചുണ്ടുകളുടെ യാന്ത്രിക മർമരങ്ങളല്ല;
മറിച്ച്, ഹൃദയത്തിന്റെ ആത്മാർഥ ഭാഷണങ്ങളാണ്…
സുഹൃത്തേ,
അകലെ, കടലിനപ്പുറത്ത്, ഓർമകളുടെ സംഗമഭൂമിയിൽ ജനലക്ഷങ്ങൾ ഒന്നിക്കുമ്പോൾ, താങ്കളുടെ മനോഗതമെന്താണ്? ആ പുണ്യഭൂവിൽ എത്തിച്ചേരാൻ മനസ്സ് കൊതിച്ചിരുന്നോ? താങ്കളുടെ സ്വപ്നങ്ങളിൽ ഒരു ഹജ്ജ് യാത്രയുണ്ടോ? സ്വീകരിക്കപ്പെടുന്ന ഹജ്ജിന്റെ യോഗ്യതകൾ താങ്കൾ നേടിയിട്ടുണ്ടോ? -സുഹ്യത്തേ, നമുക്കിത് ഒാർമക്കുളിരിന്റെ ‘പെരുന്നാളാ’ണ്; ഇബ്റാഹീം (അ)യുടെ ത്യാഗസ്മരണകളുടെ ദിനങ്ങൾ… പുത്തൻ പ്രതിജ്ഞകളുടെ സന്ദർഭങ്ങൾ…! നന്മയുടെ മുന്നൊരുക്കങ്ങൾക്കുള്ള ഉണർത്തലുകൾ… ആവി പറക്കുന്ന ചൂടു ബിരിയാണിയും വർണ മനോഹാരിത പകരുന്ന പുത്തനുടുപ്പുകളുമാണ് പലർക്കും പെരുന്നാൾ….. ചിലർക്കെങ്കിലും ഗിറ്റാറും വീണയും “ചൂളം വിളിക്കുന്ന ഇശൽ സന്ധ്യകളും…!
താങ്കളുടെ ആയുസ്സിൽ നിരവധി ഈദുകൾ
കടന്നുപോയ്. ഇപ്പോഴെങ്കിലും സ്വയം ചോദിക്കുക
“ഞാൻ ഈ ഈദ് ആഘോഷിക്കാൻ അർഹനാണോ
സ്വയം ചോദിക്കാനുള്ള ചോദ്യങ്ങൾ ഇവിടെ തുടങ്ങുന്നു…
ഇബ്റാഹീം (അ) തന്റെ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടതെന്തിന്? ജ്വലിക്കുന്ന അഗ്നിയിൽ തള്ളപ്പെട്ടതെന്തിന്? |
ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചതിനാണോ? സ്വഭാവദൂഷ്യത്തിനോ രാജ്യദ്രോഹ കുറ്റത്തിനോ? നിയമലംഘനത്തിന് നേത്യത്വം നൽകിയതിനാലോ ആണോ? അല്ല, ഇതൊന്നുമല്ല കാരണം… അദ്ദേഹം സ്വീകരിച്ച വ്യക്തമായ നിലപാടുകളോടും ആദർശത്തോടും തന്റെ ജനത കാണിച്ച പ്രതികാരവും പ്രതിരോധവുമാണ് പീഡനങ്ങളായി രൂപപ്പെട്ടത്. എങ്കിൽ, എന്താണാ നിലപാട്? മഹാത്മാക്കളുടെ ബിംബങ്ങൾക്കു മുന്നിൽ സങ്കടഹരജി ബോധിപ്പിച്ച തന്റെ ജനതയോട് അദ്ദേഹം പറഞ്ഞു: ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ” എനിക്ക് എന്റെ റബ്ബ് മതി. ഭരമേൽപിക്കാൻ ഏറ്റവും അർഹൻ അവനാണ്.
സുഹൃത്തേ,
ഈ വാചകത്തിന്റെ വിവക്ഷ എന്താണ്?
മനുഷ്യന്റെ വേദനയും വേവലാതിയും ബോധിപ്പിക്കേണ്ടത് അല്ലാഹുവിനോടു
മാത്രമാണ്. അവൻ മാത്രമാണ് നമ്മുടെ രക്ഷാ അവലംബം…ഇതു കേൾക്കുമ്പോൾ മഹാത്മാക്കളെ
രക്ഷകരായി
കണ്ട നംറൂദിന്റെ രാജ്യം പ്രതിഷേധിക്കുക സ്വാഭാവികം. ഇവിടെ
താങ്കൾ ആരുടെ കൂടെയാണ്? ഇബ്റാഹീം (അ)ന്റെ കൂടെയോ, അതോ നംറൂദിന്റെ കൂടെയോ? ഏലസ്സും ഐക്കല്ലും ചരടും തകിടും പ്രശ്നപരിഹാരത്തിനവലംബിക്കുന്നവർക്ക് ഞാൻ ഇബ്റാഹീം (അ)യുടെ
കൂടെയാണ് എന്ന് പറയാനാകുമോ?
ഈ നബിവചനം കാണുക: ഇസാ ബിൻ അബ്ദിർറഹ്മാൻ (റ) നിവേദനം, പ്രവാചകൻ (സ്വ) പറഞ്ഞു: “ഒരാൾ തന്റെ ശരീരത്തിൽ (രക്ഷ പ്രതീക്ഷിച്ച്) വല്ലതും ബന്ധിച്ചാൽ അവനതിലേക്ക് ഏൽപ്പിക്കപ്പെട്ടു. (തിർമിദി)
സുഹൃത്തേ, എങ്കിൽ, ഈദിന്റെ അത്തർ പുരട്ടിയ
കുപ്പായത്തിനുള്ളിൽ കെട്ടിയിട്ട ഏലസ്സും ഐക്കല്ലും ചരടും ഇനിയെങ്കിലും അഴിച്ചുകൂടേ? പ്രവാചകന്മാരുടെ പ്രബോധിത
സമൂഹങ്ങളിൽ മഹാഭൂരിപക്ഷവും വിഗ്രഹപൂജ നടത്തിയപ്പോൾ മുന്നിലെ കല്ലിനോടല്ല തേടിയത്, മറിച്ച്, ആ കല്ല് ഏതോ ഒരു മഹാത്മാവിന്റെ പ്രതീകം മാത്രമാണ് എന്നവർ വിശ്വസിച്ചു. നൂഹ് (അ)യുടെ ജനത പ്രാർഥിച്ച ബിംബങ്ങൾ മഹാത്മാക്കളായിരുന്നുവെന്നും അവരുടെ ഓർമയ്ക്കായി അവരെ
ആദരിക്കാനായി ഒരു ജനത സ്ഥാപിച്ച രൂപങ്ങൾ ആ തലമുറയ്ക്ക് ശേഷം ആരാധിക്കപ്പെടുകയായിരുന്നുവെന്നുമുള്ള
ചരിത്ര സാക്ഷ്യത്തിൽനിന്ന് ഇത് വ്യക്തമാണ്. ബിംബനിർമാതാവായ പിതാവിനെ ഇബ്റാഹീം(അ) ഗുണകാംക്ഷയോടെ തിരുത്തുമ്പോഴും ഇതു തന്നെയാണ്
അടിസ്ഥാനം. നാട്ടി നിർത്തിയ കല്ലുകളെ മാത്രമല്ല സഹോദരാ, പ്രവാചകന്മാർ എതിർത്തത്. ഉയർത്തിക്കെട്ടിയ
മഖ്ബറകൾ ഇബ്റാഹീമീ
മില്ലത്തിന്റെ ഭാഗവുമല്ല. ജാബിർ (റ) നിവേദനം: ഖബ്റിൽ കുമ്മായം പൂശുന്നതും അതിന്മേൽ ഇരിക്കുന്നതും അവ കെട്ടി ഉയർത്തുന്നതും പ്രവാചകൻ
(സ്വ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം) മക്കാ വിജയ ദിനത്തിൽ പ്രവാചകൻ (സ്വ) അലി(റ)യോട്
പറഞ്ഞു. “ഉയർന്നു നിൽക്കുന്ന പ്രതിമകൾ നീ തട്ടിത്തകർക്കണം, കെട്ടി ഉയർത്തിയ ഖബ്ർ നീ നിരപ്പാക്കുകയും വേണം എങ്കിൽ, ഖബ്റുകൾ കെട്ടി ഉയർത്തുന്നവർക്കും ഖബ്റാളികൾക്കു വേണ്ടി പ്രാർഥിക്കാൻ ഇസ്‌ലാം നിശ്ചയിച്ച ഖബ്ർ സന്ദർശനം അവരോടു
വിളിച്ചു പ്രാർഥിക്കുന്ന സിയാറത്ത് യാത്രകളാക്കിയവർക്കും ബലിപെരുന്നാൾ ആഘോഷിക്കാൻ
എന്ത് യോഗ്യതയാണുള്ളത്? ചിന്തിക്കുക.
സുഹൃത്തേ, “ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ” എന്നത്
അലങ്കരിക്കപ്പെട്ട ഫ്രയിമുകളിൽ എഴുതി തുക്കാനുള്ള
പ്രദർശന വസ്തുവല്ല; അത് ഹൃദയത്തിൽ
നിറഞ്ഞൊഴുകേണ്ട ആദർശമാണ്. അല്ലാഹുവിന്റെ സഹായം
ലഭിക്കുന്നതിലും പ്രാർഥനയ്ക്ക് ഉത്തരം പ്രതീക്ഷിക്കുന്നതിലും ഇബ്റാഹീം(അ) ഒരിക്കലും നിരാശനായില്ല; അല്ലാഹുവിനെ വെടിഞ്ഞ് മറ്റാരെയും തേടി പോയതുമില്ല.
മക്കളില്ലാത്ത ദുഃഖം അലയടിക്കുന്ന മനസ്സുമായി ആ വയോധികൻ ജീവിച്ചു.
ഹാജിറ : (റ) വാർധക്യത്തിലേക്ക് എത്തിച്ചേർന്നി രിക്കുന്നു. ചുരുണ്ടുകൂടിയ
ഗർഭപാത്രത്തിൽ തനിക്കായിഒരു ജീവന്റെ തുടിപ്പ് അവർ കൊതിച്ചു; കാത്തിരുന്നു… എന്റെ രക്ഷിതാവേ, സദ് വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യണെ ,
(വി.ഖു. 37:100) നിരാശയില്ലാത്ത പ്രാർഥനാ വാചകങ്ങൾ… നാമാണെങ്കിലോ? എന്തെല്ലാം പറയും? ആരോടെല്ലാം കയർക്കും?
ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കുന്നവർ നമ്മിലില്ലേ? അല്ലാഹു അക്ബർ..!! പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ പ്രഖ്യാപനം; നിലയ്ക്കാത്ത മന്ത്രധ്വനി. ഈ പ്രകീർത്തനങ്ങളുടെ അകപ്പൊരുളുകൾ തിരിച്ചറിയാനാണ് ഈദ് ആഘോഷിക്കപ്പെടേണ്ടത്.
നാം അനുഭവിക്കുന്ന ഏതു പ്രതിസന്ധിയുടെയും പരിഹാരം റബ്ബിന് വളരെ ലളിതമാണ്. നമ്മുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരം അവനെ സംബന്ധിച്ച് വെറും നിസാരമാണ്.
അതെ, അവന്റെ അറിവ് അതിർ വരമ്പുകളില്ലാത്തതാണ്.
എങ്കിൽ എന്തിന് നാം പ്രതീക്ഷ വെടിയണം?പ്രതീക്ഷ വെടിയണം
സുഹൃത്തേ, ഭൂമിയിൽ എത്രയെത്ര ജീവജാലങ്ങളുണ്ട്. അതിൽ ഒരു ഇനമാണല്ലോ മരം. മരങ്ങൾ
തന്നെ പലവിധമില്ലേ?
എത്ര എത്ര ഇലകളാണ് ഒാരോന്നിലും ഉളളത്. അതിൽ ഏതെങ്കിലും
ഒന്നിൽ നിന്ന് ഒരു ഇല താഴെ വീണാൽ അതുപോലും റബ്ബ് അറിയും. “അവന്റെ പക്കലാണ് അദ്യശ്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും
കടലിലുമുള്ളത് അവൻ അറിയുന്നു. അവൻ അറിയാത ഒരു ഇലപോലും വീഴുന്നില്ല. (വി.ഖു.6:59)
അവന്റെ അറിവ് എത്രമാത്രം വിശാലം എങ്കിൽ, ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികകളിൽ താങ്കൾ ചെയ്യുന്ന മുഴുവൻ
കാര്യങ്ങളും അവൻ കാണുന്നു; അറിയുന്നു.
”അവർ ജനങ്ങളിൽനിന്ന് (കാര്യങ്ങൾ)
ഒളിച്ചുവെക്കുന്നു. അല്ലാഹുവിൽനിന്ന്
(ഒന്നും) ഒളിച്ചുവെക്കാൻ അവർക്ക്
കഴിയില്ല.” (വി.ഖു. 4:108) ജാറവും ബീവിയും
പുണ്യസ്ഥാനങ്ങളും
മനുഷ്യൻ അവലംബിക്കുന്നത് എന്തുകൊണ്ടാണ്?
അവർ തന്റെ വിളി കേൾക്കും, മനസ്സിന്റെ നോവുകൾ
അറിയും എന്നെല്ലാം വിശ്വസിക്കുന്നതുകൊണ്ടുതന്നെ. എന്നാൽ ഇബ്റാഹീം (അ)ന്റെ ചരിത്രം ഈ വിശ്വാസത്തെ നിരാകരിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ മലക്കുകൾ അതിഥികളായി വന്നു;
അതിഥികൾക്ക് അദ്ദേഹം ഭക്ഷണം വിളമ്പി, അവർ ഭക്ഷിക്കാതിരിക്കുമ്പോൾ അത്ഭുതം കൂറിയ ഇബ്റാഹീം (അ), വന്നത് മലക്കുകളാണെന്ന് അറിയുന്നത് അവർ ആ കാര്യം
വ്യക്തമാക്കുമ്പോൾ മാത്രമാണ്. അപ്പോൾ, മഹാത്മാക്കൾ അല്ലാഹു അറിയുംപോലെ അറിയും എന്നു പറയുന്നതോ?
അല്ലാഹു പ്രവാചകനെക്കൊണ്ട് പ്രഖ്യാപിപ്പിക്കുന്നത് കാണുക: “അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ പക്കലുണ്ടെന്ന്
ഞാൻ നിങ്ങളോട് പറയുന്നില്ല. മറഞ്ഞ കാര്യം ഞാൻ
അറിയികയുമില്ല. ഞാൻ ഒരു മലക്കാണ് എന്നും ഞാൻ
നിങ്ങളോട് പറയുന്നില്ല “ (വി.ഖു.6:50) സ്വന്തം ചോരയിൽ പിറന്ന പ്രിയപുത്രനെ ബലിയറുക്കാനുള്ള
ദൈവകൽപന ബുദ്ധിയുടെ
മൂശയിൽ പരീക്ഷിച്ചെടുക്കാതെ ശിരസ്സാവഹിക്കാൻ തയ്യാറായ ഇബ്റാഹിം നബി(അ)യെ, ഹദീഥ് സ്വീകരിക്കണമെങ്കിൽ തന്റെ തലച്ചോർ അംഗീകരിക്കണമെന്ന് പറയുന്നവർക്ക് എങ്ങനെ മാത്യകയാക്കാൻ കഴിയും? പ്രബോധനമെന്നാൽ തങ്ങളുടെ ‘കോംപ്ലക്സിലേക്ക്
ഒളിച്ചോടലാണെന്ന് മനസ്സിലാക്കിയവർക്കെങ്ങനെ
ബഹുതല സ്പർശിയായി.
സാമൂഹികജീവിതത്തിൽ അറിഞ്ഞിടപെട്ട ഇബ്റാഹിം
നബി (അ)യെ മാത്യകയാക്കാൻ കഴിയും? മുസ്ലിമേതര ഭരണകൂടത്തിന് കീഴിൽ ജീവിക്കുമ്പോഴും രാജ്യത്തിനെതിരെ ഒരിക്കൽ പോലും ആയുധമെടുക്കാതെത്തന്നെ
ആദർശജീവിതം സാധ്യമാവുമെന്ന് മനസ്സിലാക്കിയ ആദർശപിതാവെങ്ങനെ വാളിലൂടെ ഇസ്ലാമിക
രാജ്യം സ്വപ്നം കാണുന്നവർക്ക് മാത്യകയാവും?
സുഹൃത്തേ,
മതം അതിന്റെ സ്രോതസ്സുകളിൽ നിന്ന്
പഠിക്കണം
പ്രമാണങ്ങളിൽ വിരലുകൾ വെച്ച്, കണ്ണുകൾ കൊണ്ട്
നോക്കിക്കണ്ട്, ഹ്യദയം കൊണ്ട് ബോധ്യപ്പെട്ട്, പിന്നെ ജീവിതത്തിന്റെ കൈപ്പുസ്തകമാക്കി മാറ്റി. അവനാണ് ഇബ്റാഹീമി മില്ലത്ത്. അത്തർ
പുരട്ടിയ ഈദ് കുപ്പായവും, ധരിച്ച്
തക്ബീർ മുഴങ്ങുന്ന മനസ്സുമായി, സ്വന്തക്കാരുടെ കൂടെ പെരുന്നാൾ ആഘോഷിക്കാൻ യോഗ്യതകൾ
ഉറപ്പുവരുത്തുക.
കാരണം, അടുത്ത ഈദിന് മുമ്പ് നമ്മുടെ
ഭൗതികശരീരം ഒരുപക്ഷെ, ഖബ്റിലെ പുഴുക്കൾ ആഘോഷിക്കുകയാവാം.