പ്രാർത്ഥനയുടെ മര്യാദകൾ

1. പ്രാർത്ഥിക്കുന്ന ആൾ മുവഹ്ഹിദാകണം. (അല്ലാഹുവിനെ മാത്രം ആരാധിക്കൽ – ശിർക്ക് കലരാതിരിക്കൽ)

2. ആത്മാർത്ഥത ഉണ്ടാകൽ.

3. അല്ലാഹുവിന്റെ സുന്ദര നാമങ്ങൾ വെച്ച് ചോദിക്കൽ.

4. അല്ലാഹുവിനെ പുകഴ്ത്തൽ.

5. നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ.

6. ഖിബ്’ലക്ക് അഭിമുഖമാവൽ.

7. കൈകൾ ഉയർത്തൽ.

8. അല്ലാഹു ഉത്തരം നൽകുമെന്ന ഉറപ്പ് ഉണ്ടാകൽ.

9. ചോദിക്കുന്നതിൽ മടുപ്പില്ലാതെ വീണ്ടും വീണ്ടും ചോദിക്കൽ. (കുറേ ചോദിച്ചു – കിട്ടിയില്ല എന്ന ചിന്ത വരാതിരിക്കൽ)

10. അല്ലാഹുവേ നീ ഉദ്ദേശിച്ചാൽ പൊറുത്തു തരണേ എന്നിങ്ങനെ പറയാതിരിക്കൽ. 

11. വിനയം – ഭയപ്പാട് – പ്രതീക്ഷ – താഴ്മ എന്നിവ ഉണ്ടാകൽ.

12. ചോദ്യം മൂന്ന് തവണ ആവർത്തിക്കൽ.

13. ഭക്ഷണം വസ്ത്രം എന്നിവ ഹറാമിൽ നിന്നും ശുദ്ധമായതാകൽ – ( ഹലാലായ ഭക്ഷണം വസ്ത്രം മാത്രം ഉപയോഗിക്കൽ).

14- ശബ്ദം ഉച്ചത്തിലാക്കാതെ ചോദിക്കൽ.

സയ്യിദുൽ ഇസ്തിഗ്ഫാർ അർഥം

സയ്യിദുൽ ഇസ്തിഗ്ഫാർ…سيد الإستغفار

സയ്യിദുൽ ഇസ്തിഗ്ഫാർ അർത്ഥ സഹിതം.

سيد الإستغفار – പാപ മോചന പ്രാർത്ഥനകളിലെ നേതാവ്

اللّهـمَّ أَنْتَ رَبِّـي – അല്ലാഹുവേ! നീയാണ് എന്റെ റബ്ബ്.

لا إلهَ إلاّ أَنْتَ – യഥാർത്ഥത്തിൽ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.

خَلَقْتَنـي وَأَنا عَبْـدُك – നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ അടിമയും ആരാധനകനുമാണ്.

وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت – നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാൻ പാലിക്കുന്നു.

أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت – ഞാൻ പ്രവര്ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.

أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ – നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു.

وَأَبـوءُ بِذَنْـبي – ഞാൻ ചെയ്ത പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു.

فَاغْفـِرْ لي – അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ.

فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ – നിശ്ചയം, നീയല്ലാതെ പാപങ്ങൾ വളരെയധികം പൊറുക്കുന്നവനില്ല…

 اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ خَلَقْتَنـي وَأَنا عَبْـدُك وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ

ആയത്തുൽ കുർസി അർഥം

اللَّه

അല്ലാഹു

لَا إِلَٰهَ إِلَّا هُوَ
അവനല്ലാതെ ദൈവമില്ല.
الْحَيُّ الْقَيُّومُ
എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ.
لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ
മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല.
لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ
അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.
مَنْ ذَا الَّذِي يَشْفَعُ عِنْدَهُ

അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട് ?.

إِلَّا بِإِذْنِهِ
അവന്റെ അനുവാദപ്രകാരമല്ലാതെ.
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ
അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു.
وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِه
അവന്റെ അറിവിൽ നിന്ന് അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല.
إِلَّا بِمَا شَاءَ
അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും).
وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ
അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു.
وَلَا يَئُودُهُ حِفْظُهُمَا
അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല.
وَهُوَ الْعَلِيُّ الْعَظِيم
അവൻ ഉന്നതനും മഹാനുമത്രെ.
اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاواتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.

മഹ്റം

ആരാണ് ഒരു സ്ത്രീക്ക് മഹ്റം…?

അടുത്തിടപഴകാനും കൂടെ യാത്ര ചെയ്യാനും ഒരു സ്ത്രീക്ക് ആരുടെയെല്ലാം കൂടെ പറ്റും..?

ഒരു സ്ത്രീക്ക് “മഹ്റം” എന്ന് പറയാൻ പറ്റുന്ന ആളുകൾ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത്

1⃣● രക്തബന്ധം 2⃣● വിവാഹബന്ധം 3⃣● മുലകുടി ബന്ധം

1⃣ രക്ത ബന്ധം

a) പിതാവ്, പിതാവിന്റെ പിതാവ്, മാതാവിന്റെ പിതാവ് (വല്ല്യുപ്പമ്മാർ).

b) മകൻ, മകന്റെ മകൻ, മകളുടെ മകൻ അഥവാ പേരക്കുട്ടി.

c) സഹോദരൻ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില് ഉള്ള സഹോദരനാകാം, ഉമ്മ വേറെ കല്ല്യാണം കഴിച്ചതില് ഉള്ള സഹോദരനാകാം)

d) പിതാവിന്റെ സഹോദരന്മാർ ( എളാപ്പമാർ, മൂത്താപ്പമാർ )

e) അമ്മാവന്മാർ ( ഉമ്മയുടെ സഹോദരന്മാർ )

f) സഹോദരന്റെ പുത്രന്മാർ

g) സഹോദരിയുടെ പുത്രന്മാർ

2⃣ വിവാഹബന്ധം

a) ഭർത്താവിന്റെ പിതാവ് ( അമ്മോശൻ )

b) മകളുടെ ഭർത്താവ് ( മരുമകൻ )

c) ഭർത്താവിനു വേറെ ഭാര്യയിലുള്ള മകൻ. (ഈ മൂന്ന് ബന്ധങ്ങളും നിക്കാഹ് കഴിയുന്നതോടെ സ്ഥിരപ്പെടുന്നതാണ്.)

d) ഉമ്മയുടെ ഭർത്താവ്’ ( സ്വന്തം ഉപ്പയല്ലാത്ത) അദ്ദേഹം മഹ്റം ആവണമെങ്കിൽ ഉമ്മയും അയാളും തമ്മി ൽ ലൈംഗികമായി ബന്ധപ്പെടണം, എന്നാലെ സ്ഥിരപ്പെടൂ.

3⃣ മുലകുടി ബന്ധം

a) മുല കുടി ബന്ധത്തിലൂടെ വരുന്ന സാഹോദര്യം.

● ഇനി നമ്മുടെ വിഷയത്തിലേക്ക്…. ‘ മഹ്റം’എന്നതില് എളാമ്മയുടെ മോൻ ഇല്ല,മൂത്തമ്മയുടെ മോൻ ഇല്ല…. എളാപ്പയുടെ മോൻ ഇല്ല, മൂത്താപ്പയുടെ മോൻ ഇല്ല, അമ്മാവന്റെ മോൻ ഇല്ല….അമ്മായിന്റ മോൻ ഇല്ല, സഹോദരീ ഭർത്താക്കന്മാർ ഇല്ല, ഭർത്താവിന്റ സഹോദരന്മാരും മക്കളും ഇല്ല. ഇവരെല്ലാം സ്ത്രീക്ക് അന്ന്യപുരുഷന്മാർ ആണ്. ഇവരോടൊത്തിരുന്ന് യാത്ര ചെയ്യുന്നതോ, ഇവർക്ക് കൈ കൊടുക്കുന്നതോ, ആവശ്യമില്ലാതെ സംസാരിക്കുന്നതോ, സംസാരിക്കുമ്പോൾ തമാശ രൂപത്തിൽ തൊടുന്നതോ,അടിക്കുന്നതോ എല്ലാം തെറ്റാണ്. “ഇത് സമൂഹത്തിൽ പ്രകടമായി കാണപ്പെടുന്നത് കൊണ്ട് മാത്രം ഒന്ന് ഉണർത്തുന്നു”.

● ഉംറക്കോ ഹജ്ജിനോ പോകാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1. ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ശേഷിയുള്ള പ്രായപൂർത്തി തികഞ്ഞ ഒരാൾക്കേ ഹജ്ജോ ഉംറയോ നിർബന്ധമുള്ളൂ.

2. “മഹ്റം”ആയ ഒരാൾ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ഹജ്ജോ ഉംറയോ നിർബന്ധമുളളൂ. (ചുരുക്കത്തിൽ, ആഗ്രഹം ഉണ്ട് എന്നത് കൊണ്ട് മാത്രം എങ്ങനെയെങ്കിലും ചെയ്യേണ്ടതല്ല ഹജ്ജ് & ഉംറ. ശർത്തുകൾ കൂടി ഒത്തു വന്നാലേ പറ്റുകയുള്ളൂ എന്നർത്ഥം)

തിരുത്തേണ്ടത് നമ്മളെയാണ്, നമ്മുടെ ചുറ്റുപാടുകളെയും.

അല്ലാഹു സുബ്ഹാനഹുതആല നമ്മുടെ തെറ്റുകൾ പൊറുത്തു തന്ന് നമ്മെ ശരിയായ വഴിയിലേക്ക് നയിക്കട്ടെ… ആമീൻ…

സംഗീതവും ഇസ്ലാമും

ഈ മതത്തിന്റെ തണലിൽ മുസ്ലിംകൾ അന്തസ്സാർന്ന ജീവിതത്തിലാണ്. അതിന്റെ ഓരോ ഭാഗത്തുനിന്നും അവർ ഈമാനിന്റെ മാധുര്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശാന്തിയിലും സമാധാനത്തിലുമാണവർ. കീഴൊതുക്കത്തിന്റെ ഗുണവും ആരാധനയും അതിന്റെ രുചിയും അവരാസ്വദിച്ചു കഴിയുകയാണ്. ഈ മതത്തിന്റെ അധ്യാപനങ്ങൾ മുഴുവൻ, വഴിപിഴച്ചവരുടെ സകല താത്പര്യങ്ങളിൽ നിന്നും ഒരു കോട്ടയിലെന്നോണം മനുഷ്യനെ സംരക്ഷിച്ചു നിർത്തുകയാണ്. ദേഹേച്ഛകളിൽ നിന്നും മാനസിക ദുഃഖങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും ഈ ദീൻ അവന്ന് മോചനം നല്കുന്നു. അല്ലാഹുവിന്റെ ദീനറിഞ്ഞവൻ ദരിദ്രനാണെങ്കിലും ശരി, അവനാണ് സത്യത്തിൽ സമ്പന്നൻ. അല്ലാഹുവിന്റെ ദീനിനോട് ശത്രുതകാട്ടുന്നവൻ, അവനെത്ര ധനികനാണെങ്കിലും ദരിദ്രനാണ്. മനസ്സിനും വികാരങ്ങൾക്കും സുഖം നല്കുന്നുവെന്നും, അനുഭൂതികളെ പോഷിപ്പിക്കുന്നുവെന്നും ജല്പിച്ചാണ് പലരും സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത്.

ശരിയല്ല ആ വാദം. മനസ്സിൽ വികലവികാരങ്ങളും, നൈമിഷികേച്ഛകളും ഇളക്കി വിടുന്ന സംഗതിയാണ് സംഗീതം. സംഗീതത്തിന്, അതിന്റെ പ്രൊമോട്ടർമാർ പറയുന്നതുപോലെ, മാനസികോല്ലാസവും വികാര നൈർമല്യവുമേകാൻ കയിയുമായിരുന്നുവെങ്കിൽ, ദുനിയാവിൽ ഏറ്റവും കൂടുതൽ സഹൃദയരും സ്വഭാവനിഷ്ഠരുമായവർ സംഗീതജ്ഞരും ഗായകരുമാകണമായിരുന്നു. നമ്മളറിഞ്ഞിടത്തോളം അവരിലെ ഭൂരിഭാഗവും വഴിതെറ്റിയവരും സ്വഭാവ ദൂഷ്യക്കാരുമാണ്!

പടച്ചവന്റെ ദീനിൽനിന്നല്ലാതെ, അതിന്റെ അധ്യാപനങ്ങളിൽ നിന്നല്ലാതെ ആഹ്ളാദവും മാനസികോല്ലാസവുമൊക്കെ അന്വേഷിച്ചു നടക്കുന്ന ചില മുസ്ലിംകളെ കാണുമ്പോൾ, തന്റെ ദീനിനോട് അങ്ങേയറ്റത്തെ സ്നേഹമുള്ള ഒരു മുസ്ലിമിന്റെ മനസ്സിൽ അത് നൊമ്പരമുണ്ടാക്കുന്നുണ്ട്.

മരുന്നുപയോഗിക്കേണ്ടിടത്ത് വിഷമുപയോഗിക്കുന്നവർ! 

നൈമിഷിക വികാരങ്ങളിൽ നിന്ന് ശാശ്വതമായ ശമനവും ആരോഗ്യവും കൊതിക്കുന്നവർ!

അതിന്റെ മകുടോദാഹരണമാണ്, സംഗീതത്തിലും സംഗീതോപകരണങ്ങളിലും അടയിരിക്കുന്ന നമ്മളിലെത്തന്നെ ചിലർ. സംഗീതവും സംഗീതോപകരണങ്ങളും ഹറാമാണെന്ന കാര്യത്തിൽ ആർക്കെങ്കിലും സന്ദേഹമുണ്ടെങ്കിൽ, ലോക രക്ഷിതാവിന്റ  ഗ്രന്ഥവും, അവന്റെ ദൂതന്റെ അധ്യാപനങ്ങളും വായിച്ച് സന്ദേഹ ശുദ്ധി വരുത്തട്ടെ. സംഗീതം ഹറാമാണെന്നറിയിക്കുന്ന ഒട്ടേറെ തെളിവുകൾ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഉദ്ധരിക്കാനാകുന്നതാണ്. അതിനെ ഹലാലായി കാണുന്ന, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകുന്ന ആളുകൾക്കുള്ള താക്കീതുകളും പ്രസ്തുത രണ്ട് പ്രമാണങ്ങളിലും കാണാം. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നോ, പ്രവാചക സുന്നത്തിൽ നിന്നോ ലഭിക്കുന്ന ഒരേയൊരു രേഖമതി തെറ്റായ കാര്യത്തിൽ നിന്നും ഒരു വിശ്വാസിക്ക് അകന്നു നില്ക്കാൻ…

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.!
വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)

ഖുർആനിൽ നിന്നുള്ള തെളിവുകൾ

“യാതൊരു അറിവുമില്ലാതെ ദൈവമാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.” (ലുഖ്മാൻ: 6)

ഹിബ്റുൽ ഉമ്മ എന്ന അപരനാമത്തിലറിയപ്പെടുന്ന അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) (വിനോദ വാർത്തകൾ എന്നതിനെപ്പറ്റി) പറയുകയാണ്: `അത് സംഗീതമാണ്`.

മുജാഹിദ്(റ) പറയുന്നു: `വിനോദമെന്നാൽ ചെണ്ടവാദ്യമാണ്`. (തഫ്സീർ ത്വബരി)

ഹസനുൽ ബസ്വരി(റ) പറയുന്നു: `ഈ ആയത്ത് അവതരിച്ചത് ഗാനത്തിന്റേയും സംഗീതത്തിന്റേയും സംഗതിയിലാണ്.` (തഫ്സീർ ഇബ്നു കഥീർ)

ഇബ്നുൽ ഖയ്യിം (റ) പറയുന്നു: “ലഹ്വുൽ ഹദീസ് അഥവാ വിനോദവർത്തമാനങ്ങൾ എല്ലാം ഗാനവും സംഗീതവുമാണെന്ന സ്വഹാബികളുടേയും താബിഉകളുടേയും വിശദീകരണം നമുക്ക് മതിയാകുന്നതാണ്. അങ്ങനെ പ്രമുഖ സ്വഹാബികളായിരുന്ന ഇബ്നു അബ്ബാസി(റ) നിന്നും ഇബ്നു മസ്ഊദി(റ)ൽ നിന്നും സ്വഹീഹായ നിലക്ക് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അബൂ സ്വഹ്ബാഅ് പറഞ്ഞു: `വമിനന്നാസി മൻ യശ്തരീ ലഹ്വൽ ഹദീസ് എന്ന ആയത്തിനെ സംബന്ധിച്ച് ഇബ്നു മസ്ഊദിനോട് ഞാൻ ചോദിച്ചു: അപ്പോൾ, അല്ലാഹുവാണ, അവനല്ലാതെ ആരാധ്യനില്ല, അത് ഗാനമാണ്. എന്ന് അദ്ദേഹം മൂന്ന് പ്രാവശ്യം ആണയിട്ടു പറഞ്ഞു.` ഇബ്നു ഉമറിൽ നിന്നും അത് ഗാനം തന്നെയാണെന്ന് സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്…“ (ഇഗാഥത്തുല്ലഹ്ഫാൻ).

മേലെ വായിച്ച ആയത്തിന്റെ തഫ്സീറിൽ ജാബിർ (റ), ഇക്രിമ(റ), സഈദ് ബ്നു ജുബൈർ(റ), മകഹൂൽ(റ), മയ്മൂൻ ബ്നു മഹ്റാൻ(റ), അമ്ര് ബ്നു ശുഐബ്(റ) അലി ബ്ൻ ബദീമ(റ) തുടങ്ങിയ മഹത്തുക്കൾ ഇതേപ്രകാരം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വാഹിദി(റ) പറയുന്നു: ”ഈ ആയത്തിന്റെ തഫ്സീറടിസ്ഥാനത്തിൽ നോക്കുമ്പോൾ ഗാനം ഹറാമാണെന്ന്തിന്ന് തെളിവുണ്ട്.“ (ഇഗാഥത്തുല്ലഹ്ഫാൻ).

ഖുർആൻ ആയത്തുകൾക്ക് സ്വഹാബി നല്കുന്ന വിശദീകരണത്തിന്റെ ആധികാരികതയെപ്പറ്റി ഇമാം ഹാകിം (റ) അദ്ദേഹത്തിന്റെ മുസ്തദ്റകിൽ പറയുന്നു: ”പ്രവാചകന് വഹ്യിറങ്ങുന്നതിന്ന് അഥവാ ഖുർആൻ അവതരിക്കുന്നതിന്ന് സാക്ഷിയായിരുന്ന ഒരു സ്വഹാബിയുടെ തഫ്സീറിന് ബുഖാരി(റ)യുടേയും മുസ്ലി(റ) മിന്റേയും അടുക്കൽ ആധികാരികമായ ഹദീസിന്റെ സ്ഥാനമാണുള്ളത്. ഓരൊ വിജ്ഞാനാന്വേഷിയും ഇക്കാര്യം കൃത്യമായി മനസ്സിലാക്കട്ടെ .

“ ഇമാം ഇബ്നുൽ ഖയ്യിം (റ) ഇമാം ഹാകിമിന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ചുകൊണ്ടു പറയുന്നു: “ഇമാം ഹാകിമിന്റെ അഭിപ്രായത്തിൽ ചിന്തിക്കേണ്ടതുണ്ടെങ്കിലും, പിൽകാലക്കാരുടെ തഫ്സീറുകളേക്കാൾ സ്വീകാര്യമായത് സ്വഹാബതിന്റെ വ്യാഖ്യാനം തന്നെ എന്ന കാര്യത്തിൽ സന്ദേഹമില്ല. കാരണം, അവരാണ് ഖുർആനിക ആയത്തുകളുടെ ഉദ്ദേശ്യത്തെ സംബന്ധിച്ച് കൂടുതൽ  അറിയുന്നവർ. അവർക്കിടയിലേക്കാണ് ഖുർആൻ അവതരിച്ചത്. ഖുർആനിന്റെ പ്രഥമ അഭിസംബോധിതർ അവരാണ്. ഓരോ ആയത്തിനും നബി (സ്വ) സ്വന്തം കർമ്മത്തിലൂടേയും ജ്ഞാനത്തിലൂടേയും നല്കിയ വിശദീകരണത്തിന് സാക്ഷികളായവരുമാണ് അവർ. അവർ സ്ഫുടമായ അറബീ ഭാഷ സംസാരിക്കുന്നവരായിരുന്നു; അവരുടെ വിശദീകരണം തെറ്റാനിടയില്ല. “ (ഇഗാഥത്തുല്ലഹ്ഫാൻ) ‘

അല്ലാഹു പറയുന്നു: “അവരിൽ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവർക്കെതിരിൽ നിന്റെ കുതിരപ്പടയെയും കാലാൾപ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവർക്കു നീ വാഗ്ദാനങ്ങൾ നല്കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു.” (ഇസ്റാഅ്: 64)

തഫ്സീർ ജലാലൈനിയിൽ നിന്റെ ശബ്ദം മുഖേന എന്നതിന് കൊടുക്കുന്ന വ്യാഖ്യാനം, “സംഗീതവും പാട്ടും മുഖേനയുള്ള നിന്റെ ക്ഷണം കൊണ്ട്, പാപത്തിലേക്ക് നയിക്കുന്ന എല്ലാം കൊണ്ട്” എന്നാണ്. മുജാഹിദിൽ നിന്ന് ഇബ്നു കഥീറും, ത്വബരിയും ഇതേ പ്രകാരം വിശദീകരിച്ചിട്ടുണ്ട്.

ഇമാം ഖുർതുബി തന്റെ തഫ്സീറിൽ വിശദീകരിച്ചത് ഇങ്ങനെയാണ്: “ഈ ആയത്തിൽ വിനോദം, ഗാനം, സംഗീതം തുടങ്ങിയവ ഹറാമാകുമെന്നതിന് തെളിവുണ്ട്… പൈശാചിക ശബ്ദങ്ങളിൽ നിന്നോ പിശാച് നന്നാക്കി തോന്നിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നോ ഉള്ളവയിൽ നിന്ന് മാറിനില്ക്കൽ നിർബന്ധമാകുന്നു.”

 “വ്യാജത്തിന് സാക്ഷി നില്ക്കാത്തവരും അനാവശ്യവൃത്തികൾ നടക്കുന്നേടത്തുകൂടി പോകുകയാണെങ്കിൽ മാന്യൻമാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവർ.” (അല്ഫുർഖാൻ: 72) ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു കഥീർ(റ), മുഹമ്മദ് ബ്നു ഹനഫിയ്യ(റ)യിൽ നിന്നും നിവേദനം ചെയ്തു വന്നത് ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: “വ്യാജം എന്നാൽ ഇവിടെ അർഥമാക്കുന്നത് ഗാനമാണ്”. മുജാഹിദിൽ നിന്നുമുള്ള നിവേദനം ഖുർതുബിയിലും ത്വബ്രിയിലും വന്നിട്ടുള്ളത് “വ്യാജത്തിന് സാക്ഷി നില്ക്കാത്തവരും` എന്നതു കൊണ്ടുള്ള വിവക്ഷ ഗാനത്തിന് ചെവികൊടുക്കാത്തവരും” എന്നാകുന്നു എന്നാണ്.

പ്രവാചക സുന്നത്തിൽ നിന്നുള്ള തെളിവുകൾ…

1. നബി(സ്വ) അരുളി: “വ്യഭിചാരവും പുരുഷന്മാർ പട്ടു ധരിക്കുന്നതും മദ്യപാനവും, സംഗീതോപകരണങ്ങളും ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂദായത്തിൽ ഉണ്ടായിത്തീരും.” (ബുഖാരി, ബൈഹഖി. ത്വബ്റാനി (ശൈഖ് അല്ബാനിയുടെ സിൽസിലത്തുസ്വഹീഹ നോക്കുക) ഈ ഹദീസിന്റെ സ്വീകാര്യതയെ, ഇമാം ഇബ്നു ഹിബ്ബാൻ(റ), ഇസ്മാഈലീ(റ), ഇബ്നു സ്വലാഹ്(റ), ഇബ്നു ഹജറുൽ അസ്കലാനി(റ), ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ), ത്വഹാവി(റ), ഇബ്നുൽ ഖയ്യിം(റ), സൻആനി(റ) തുടങ്ങിയ പണ്ഡിതപ്രമുഖർ അംഗീകരിച്ചിട്ടുള്ളതാണ്. ഇമാം ഇബ്നുൽ ഖയ്യിം എഴുതി: “ഈ ഹദീസിന്റെ സ്വീകാര്യതയിൽ കുറ്റമാരോപിച്ച ഇബ്നുൽ ഹസമി(റ)നെ പോലുള്ളവർക്ക് അതിനെ ഒന്നും ചെയ്യാനായിട്ടില്ല എന്നതാണ് വാസ്തവം. വിനോദസംരംഭങ്ങൾ അനുവദനീയമാക്കുക എന്ന തന്റെ അടിസ്ഥാനരഹിതമായ വാദത്തെ സഹായിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഈ ഹദീസ് മുൻഖതിഅ് ആണെന്നും, ബുഖാരിക്ക് അതിന്റെ സനദൊപ്പിക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാദിച്ചുകളഞ്ഞത്”.

അല്ലാമാ ഇബ്നു സ്വലാഹ്(റ) എഴുതി: “ഇതിന് മറുപടി പറയാൻ അദ്ദേഹത്തെ (ഇബ്നു ഹസമിനെ) തിരിഞ്ഞു നോക്കുക പോലും അരുത്… ഈ വിഷയത്തിൽ പല നിലക്കും അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടുണ്ട്… ഒരു ഹദീസ് സ്വഹീഹാകുന്നതിന് ആവശ്യമായ നിബന്ധനയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, സനദൊത്ത സ്വഹീഹായ ഹദീസു തന്നെയാണ് ഇത്”. (ഗദാഉൽ അല്ബാബ്, ഇമാം അസ്സഫാറയ്നി(റ)) മേലെ വായിച്ച ഹദീസിൽ വാദ്യോപകരണങ്ങൾ ഹറാമാണെന്നതിന് രണ്ട് നിലക്കുള്ളതെളിവുകൾ കാണാനാകും.

1. അവർ അനുവദനീയമാക്കും എന്ന പ്രവാചകന്റെ പ്രയോഗം. ഇസ്ലാമിക ശരീഅത്തിൽ അടിസ്ഥാനപരമായി വാദ്യോപകരങ്ങൾ നിഷിദ്ധമാണ് എന്ന് ഈ പ്രയോഗത്തിൽ നിന്നു മനസ്സിലാക്കാം.

2. ഹറാമാണ് എന്ന് ഖണ്ഡിതമായി നിർണ്ണയിക്കപ്പെട്ട, വ്യഭിചാരം, മദ്യം, പട്ട് എന്നിവയൊടൊപ്പമാണ് പ്രവാചകൻ (സ്വ)വാദ്യോപകരങ്ങളേയും എണ്ണിയിട്ടുള്ളത്. സംഗീതോപകരണങ്ങൾ ഹറാമായിരുന്നില്ലെങ്കിൽ ഈ പറയപ്പെട്ടവയൊടൊപ്പം നബി(സ്വ) അതിനെ ചേർത്തു പറയുമായിരുന്നില്ല. (സിൽസിലത്തു സ്വഹീഹ, അല്ബാനി).

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ(റ) പറയുന്നു: “ഈ ഹദീസ് അറിയിക്കുന്നത് സംഗീതോപകരണങ്ങൾ നിഷിദ്ധമാകുന്നു എന്നാണ്. ഭാഷാപണ്ഡിതരുടെ അടുക്കൽ `മആസിഫ്` എന്നാൽ വിനോദ വാദ്യങ്ങൾ എന്നാണ്. എല്ലാ വാദ്യവിനോദോപകരണങ്ങൾക്കുമുള്ള പൊതുനാമമാണ് ഇത്. (മജ്മൂഉൽ ഫതാവ) 

തിർമിദി(റ) അദ്ദേഹത്തിന്റെ സുനനിൽ ഉദ്ധരിക്കുന്നത് കാണുക: ജാബിർ(റ) പറഞ്ഞു: മരണ വക്ത്രത്തിലായിരുന്ന തന്റെ പുത്രൻ ഇബ്റാഹീമി(റ)ന്റെ അടുത്തേക്ക് നബി(സ്വ) അബ്ദുറഹ്മാൻ ബ്നു ഔഫി(റ)നോടൊപ്പം ചെന്നു. ഇബ്റാഹീമിനെ തന്റെ മടിയിലെടുത്തുവെച്ച പ്രവാചകന്റെ നയനങ്ങളിൽ നിന്നും കണ്ണീരൊഴുകാൻ തുടങ്ങി. അതുകണ്ട അബ്ദുറഹ്മാൻ ബ്നു ഔഫ് ചോദിച്ചു: “കരയരുതെന്നു വിലക്കിയ താങ്കൾ തന്നെ കരയുകയാണോ റസൂലേ?” തിരുമേനി(സ്വ) പറഞ്ഞു: ”കരയുന്നതിനെയല്ല ഞാൻ വിലക്കിയിട്ടുള്ളത്; അവിവേകം നിറഞ്ഞ, സംസ്കാരമില്ലാത്ത രണ്ട് ശബ്ദങ്ങളേയാണ് ഞാൻവിരോധിച്ചത്. ഒന്ന്, കളിവിനോദങ്ങളോടനുബന്ധിച്ചുള്ള രാഗങ്ങളുടേയും പിശാചിന്റെ വാദ്യോപകരണങ്ങളുടെയും ശബ്ദം. രണ്ട്, ആപൽ സന്ദർഭങ്ങളിൽ മുഖത്തും മാറത്തുമടിച്ചുകൊണ്ടുള്ള പൊട്ടിക്കരച്ചിലിന്റെ ശബ്ദം”. (തിർമിദി, ഹദീസ് ഹസൻ, ശൈഖ് അല്ബാനി ഹസൻ എന്ന് പ്രസ്താവിച്ചത്, സ്വഹീഹുൽ ജാമിഅ്, 5194)  

 നബി(സ്വ) അരുളി: “രണ്ടു ശബ്ദങ്ങൾ ശപിക്കപ്പെട്ടവയാണ്. സന്തോഷവേളകളിലെ സംഗീത ശബ്ദം, അപകടവേളകളിലെ നാശം വിളിച്ചു കൊണ്ടുള്ള അട്ടഹാസശബ്ദം.” (ഹദീസ് ഹസൻ, സിൽസിലത്തുസ്വഹീഹ, 423)  

നബി(സ്വ) അരുളി; “ഈ ഉമ്മത്തിൽ ആക്രമവും, ചരൽ വർഷവും, രൂപമാറ്റവും വന്നു ഭവിക്കും. അത് അവർ കള്ള് കുടിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്ത് തുടങ്ങുമ്പോൾ.” (സ്വഹീഹ്, സിൽസിലത്തുസ്വഹീഹ, 2203) 5} നബി(സ്വ) അരുളി; അല്ലാഹു എന്റെ ഉമ്മത്തിന് മദ്യവും, ചൂതാട്ടവും, ചെണ്ട വാദ്യവും തമ്പേറും ഹറാമാക്കിയിരിക്കുന്നു. വിത്ർ നമസ്കാരം എനിക്ക് അധികം നല്കിയിരിക്കുന്നു. (സ്വഹീഹ്, സ്വഹീഹുൽ ജാമിഅ്, 1708) 6} അബൂ ദാവൂദ്(റ) തന്റെ സുനനിൽ ഉദ്ധരിച്ചത്. നാഫിഇ(റ) പറയുകയാണ്: “ഒരിക്കൽ ഇബ്നു ഉമർ ഉപകരണസംഗീതം കേൾക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം കാതിൽ തന്റെ വിരലുകൾ തിരുകിക്കൊണ്ട് വഴിമാറി നടന്നു. എന്നോട് ചോദിച്ചു, “നാഫിഅ് ഇപ്പോൾ ആ ശബ്ദം കേൾക്കുന്നുണ്ടൊ”? ഞാൻ പറഞ്ഞു: “ഇല്ല”. അപ്പോൾ തന്റെ വിരലുകൾ കാതിൽനിന്നെടുത്തു കൊണ്ട് പറഞ്ഞു: “ഞാൻ നബി(സ്വ) ഉണ്ടായിരുന്ന ഒരു സന്ദർഭത്തിൽ അദ്ദേഹം ഇതുപോലുള്ളത് കേൾക്കുകയുണ്ടായി. അപ്പോൾ ഞാനീ ചെയ്തതുപോലെ തിരുമേനിയും ചെയ്തു.” (ഹദീസ് സ്വഹീഹ്, സ്വഹീഹ് അബീദാവൂദ്, 4116)

ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഖുർതുബി എഴുതി: “നമ്മുടെ പണ്ഡിതന്മാർ പറഞ്ഞതു കാണുക; ഇത്തരം ശബ്ദത്തിന്റെ കാര്യത്തിൽ സ്വഹാബത്തിന്റെ രീതി ഇപ്രകാരമായിരുന്നുവെങ്കിൽ, ഇക്കാലഘട്ടത്തിലെ ആളുകളുടെ പാട്ടിനോടും സംഗീതത്തോടുമുള്ള നമ്മുടെ സമീപനം എങ്ങിനെയായിരിക്കണം?! (അൽ ജാമിഉ ലി അഹ്കാമി ഖുർആൻ, ഖുർതുബി)

സംഗീതം ഇസ്ലാമിൽ ….

ദഫ്ഫ് മുട്ട് : വിവാഹ വേളകളിലും പെരുന്നാളാഘോഷങ്ങളിലും ചിലങ്കയില്ലാത്ത ദഫ്ഫുകൾ മുട്ടുന്നതിന് സ്ത്രീകൾക്ക് അനുവാദമുണ്ട്. സ്വീകാര്യമായ തെളിവുകൾ അതിന് ലഭ്യമാണ്. ശൈഖുൽ ഇസ്ളാം ഇബ്നു തൈമിയ(റ) ഇവ്വിഷയകമായി വിശദീകരിക്കുന്നത് കാണുക: “എന്നാൽ, പ്രത്യേക ആഘോഷവേളകളിലും മറ്റും ചില വിനോദങ്ങളിലേർപ്പെടാൻ നബി(സ്വ) അനുവാദം നല്കിയിട്ടുണ്ട്. അതിൽപ്പെട്ടതാണ്, കല്യാണാഘോഷങ്ങളിലും മറ്റു സുദിനങ്ങളിലും സ്ത്രീകൾ ദഫ്ഫ് മുട്ടുന്നത്. അതവർക്ക് അനുവദനീയമാണ്. എന്നാൽ പ്രവാചകന്റെ കാലത്ത് പുരുഷൻമാർ ദഫ്ഫ് മുട്ടുകയൊ കയ്യടിക്കുകയോ ചെയ്തിരുന്നില്ല. (നമസ്കാരത്തിൽ ഇമാമിന് മറവി സംഭവിച്ചാൽ അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ മഅമൂമുകൾ ചെയ്യേണ്ടതെന്ത് എന്ന വിധിയെപ്പറ്റി പറഞ്ഞിടത്ത്) നബി(സ്വ) പറഞ്ഞത്; സ്ത്രീകൾ കയ്യടിക്കുകയും പുരുഷൻമാർ സുബ്ഹാനല്ലാഹ് എന്ന് പറയുകയും ചെയ്യുക എന്നാണ്.

പുരുഷൻമാരെ അനുകരിക്കുന്ന സ്ത്രീകളും, സ്ത്രീകളെ അനുകരിക്കുന്ന പുരുഷൻമാരും അഭിശപ്തരാണെന്നും നബി(സ്വ) താക്കീതു ചെയ്തിട്ടുണ്ട്.” (അൽ മജ്മൂഅ്)

ആയിഷ(റ) നിവേദനം: ഒരു ദിവസം അബൂബക്കർ(റ) എന്റടുക്കൽ വന്നു. ആ സമയം രണ്ട് അൻസ്വാരി പെൺകുട്ടികൾ എന്റടുക്കൽ നിന്ന് പാട്ടുപാടുന്നുണ്ടായിരുന്നു. അതൊരു ചെറിയ പെരുന്നാൾ ദിവസത്തിലായിരുന്നു. അതു കണ്ടപ്പോൾ അദ്ദേഹം (ദേഷ്യത്തോടെ) പറഞ്ഞു: `നബിയുടെ വീട്ടിൽ പിശാചിന്റെ സങ്കീർത്തനമോ? അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു: “അബൂബക്കറേ, എല്ലാ ജനതക്കും ഓരോ ആഘോഷമുണ്ട്. ഇത് നമ്മുടെ ആഘോഷമാണ്”. (സ്വഹീഹ് ഇബ്നു മാജ, 1540) അതിനാൽ അവരെ വിട്ടേക്കുക എന്നർഥം. മേൽ പ്രസ്താവിക്കപ്പെട്ട ആയിഷ(റ)യുടെ ഹദീസിനെ അടിസ്ഥാനപ്പെടുത്തി വാദ്യസംഗീതങ്ങളും ഗാനങ്ങളും അനുവദനീയമാണ് എന്ന് വാദിക്കുന്ന ചില ആളുകളുണ്ട്.

പ്രസ്തുത വാദക്കാർക്ക് മറുപടിയായിക്കൊണ്ട് ഇമാം ഇബ്നുൽ ഖയ്യിം(റ) പറയുന്നത് കാണുക: “നാം പ്രസ്താവിച്ചതുപോലെ, മ്യൂസിക്കൽ ഇൻസ്ട്രുമെന്റുകളുപയോഗിച്ച് കമ്പോസ് ചെയ്ത കോറസ് ഗാനങ്ങൾ ശ്രവിക്കുന്നതിനെ ഹലാലാക്കാൻ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പെരുന്നാൾ ദിനത്തിൽ അതേ പോലുള്ള ഒരു പെൺകുട്ടിയുടെ അരികിൽ വെച്ച് നടത്തിയ, ധീരതയും, യുദ്ധവും, തറവാട്ടു മഹിമയും വർണ്ണിക്കുന്ന ചില അറേബ്യൻ ബൈത്തുകൾ പാടിയതിനെ നിങ്ങൾ തെളിവാക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു”. നിങ്ങളിന്ന് ചെയ്യുന്നതും ഈ സംഭവവും തമ്മിൽ എന്തു ബന്ധമാണുള്ളത്? സത്യത്തിൽ ഈ സംഭവം സംഗീതവാദികൾക്കു തന്നെ എതിരാണ്.

ആ കുട്ടികളുടെ ഗാനാലാപനത്തെ അബൂബക്കർ(റ) പിശാചിന്റെ സങ്കീർത്തനം എന്നല്ലേ വിശേഷിപ്പിച്ചത്? ആ പ്രസ്താവനയെ അല്ലാഹുവിന്റെ റസൂൽ നിഷേധിച്ചുവോ ശരിവെക്കുകയല്ലേ ചെയ്തത്? എന്നാൽ പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത, പാടുന്നതു കൊണ്ടോ കേൾക്കുന്നതു കൊണ്ടോ പ്രശ്നമുദിക്കാത്ത ചെറിയ രണ്ട് പെൺകുട്ടികൾക്ക് പാടാൻ ഇളവു നല്കുക മാത്രമാണ് റസൂൽ (സ്വ) ചെയ്തത്. നിങ്ങളിന്ന് ഉപയോഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ഏവർക്കുമറിയാവുന്ന സംഗീത സമ്മിശ്രമായ ഗാനങ്ങളെ ഹലാലാക്കാൻ ഈ സംഭവത്തെ തെളിവായെടുക്കുകയാണെന്നോ? സുബ്ഹാനല്ലാഹ്! ഈ മനുഷ്യരുടെ ധാരണകളും ബുദ്ധികളും ഇങ്ങനെ വഴിപിഴച്ചതെന്തു കൊണ്ട്??!” (മദാരിജു സ്സാലികീൻ)

ഇമാം ഇബ്നുൽ ജൗസി(റ) ഇതു സംബന്ധമായി ഇങ്ങനെ എഴുതി: “ഈ സംഭവം നടക്കുന്ന വേളയിൽ ആയിഷ (റ) ചെറിയ കുട്ടിയായിരുന്നു. പ്രായപൂർത്തിയായതിനും, അറിവു സമ്പാദനത്തിനും ശേഷം അത്തരമൊരു സംഭവം അവരിൽ നിന്നുണ്ടായതായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല,അവരതിനെ വിമർശിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരുടെ സഹോദരപുത്രനായ ഖാസിമു ബ്നു മുഹമ്മദ് സംഗീതത്തെ വിമർശിക്കുകയും അത് ശ്രവിക്കുന്നതിനെ നിരോധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആയിഷ(റ)യിൽ നിന്നുമാണ് അദ്ദേഹം വിജ്ഞാന സമ്പാധനം നടത്തിയിരുന്നത്.” (തൽബീസു ഇബ്ലീസ്)

ഇമാം ഇബ്നു ഹസമും ഗാനാസ്വാദനവും ഗാനാസ്വാദനം അനുവദനീയമാണെന്ന് ഇമാം ഇബ്നു ഹസം(റ) പ്രസ്താവിച്ചിട്ടുള്ള കാര്യം വിശ്രുതമാണ്. മുഹല്ല എന്ന തന്റെ ഗ്രന്ഥത്തിലാണ് അദ്ദേഹമത് പ്രസ്താവിച്ചിട്ടുള്ളത്. ഇവിടെ സുപ്രധാനമായൊരു കാര്യം എല്ലാവരേയും ഓർമ്മപ്പെടുത്താനാഗ്രഹിക്കുകയാണ്. നമ്മുടെ കൂട്ടത്തിൽ ചിലയാളുകളുണ്ട്. ഇബ്നു ഹസമും(റ) മറ്റു ചില പണ്ഡിതന്മാരും ഗാനാസ്വാദനം അനുവദനീയമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട് എന്ന് കേൾക്കുന്ന മാത്രയിൽ അവരുടെ ചിന്ത പോകുന്നത് ഇക്കാലത്ത് ടെലിവിഷൻ ചാനലുകളിലും റേഡിയോ സ്റ്റേഷനുകളിലും തിയേറ്ററുകളിലും ഹോട്ടലുകളിലും നിറഞ്ഞു നിൽക്കുന്ന സംഗീത സാന്ദ്രമായ ഗാനങ്ങളിലേക്കാണ്. ഇത് തീർത്തും തെറ്റാണ്. അപ്പറഞ്ഞ തരത്തിലുള്ള ഗാനങ്ങൾ ഒരു സാധാരണ മുസ്ലിമു പോലും അനുവദനീയമാണെന്ന് പറയില്ല. അപ്പോൾ ഇബ്നു ഹസമിനെപ്പോലുള്ള ഒരു മഹാനായ പണ്ഡിതൻ അത്തരമൊരു പ്രസ്താവന നടത്തുമോ? തെറ്റും തെമ്മാടിത്തവും ദുർവൃത്തിയിലേക്കുള്ള പ്രേരണകളും കൊണ്ട് സമ്മിശ്രമായ ഗാനങ്ങൾ നിഷിദ്ധം തന്നെയാണെന്ന് പണ്ഡിതസമൂഹമൊന്നടങ്കം എതിർവാക്കില്ലാതെ അംഗീകരിച്ച കാര്യമാണ്. ഇന്ന് നടപ്പിലുള്ള സംഗീതാലാപനത്തിന്റെ അവസ്ഥയും അതിൽ നടമാടുന്ന അനാശാസ്യ പ്രവണതകളുടെ രൂപവും നമുക്കെല്ലാവർക്കും അറിവുള്ളതാണ്. ഫാഷൻ പ്രകടനങ്ങളും ലജ്ജ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആൺ പെൺ കൂത്താട്ടങ്ങളും വ്യഭിചാരത്തിലേക്കും അനാശാസ്യ പ്രവർത്തനങ്ങളിലേക്കും മദ്യപാനാസക്തിയിലേക്കും കൊണ്ടെത്തിക്കുന്ന അതിരുവിട്ട പ്രലോഭനങ്ങളും നിറഞ്ഞ മലീമസ ലോകമാണത്. കാമാർത്ത നേത്രങ്ങൾക്കും, രോഗാതുരമായ ഹൃദയങ്ങൾക്കും മുന്നിൽവെച്ച് പ്രേമവും കാമവും നിറഞ്ഞ ഗാനങ്ങളാലാപിക്കാൻ പൂർണ്ണ നഗ്നകളും അർദ്ധ നഗ്നകളുമായ പെണ്ണുങ്ങൾ വന്നു നില്ക്കുകയാണ്. അവരുടെ പാട്ടിനൊപ്പം ആണുങ്ങളും പെണ്ണുങ്ങളും താളംതുള്ളിയാടുകയാണ്. അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടും അവന്റെ കോപത്തിന് പാത്രമായിക്കൊണ്ടുമുള്ള ആനന്ദാഘോഷം. ഇതെങ്ങനെ ഹലാലാകാനാണ്!

ഈ വസ്തുത മുന്നിൽ വെച്ചുകൊണ്ട് പറയട്ടെ, ഇബ്നു ഹസം സംഗീതത്തെ ഹലാലാക്കിയിട്ടുണ്ട് എന്ന് യാതൊരു ലക്കും ലഗാനുമില്ലാതെ പറയുന്നവരേ, അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളെ നിങ്ങൾ തിരിച്ചറിയുക. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. അദ്ദേഹത്തിന്റെ പ്രസ്താവന ഏതുവരെ ചെന്നെത്തും എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ പരിഗണിക്കുകയും ചെയ്യുക. അല്ലെങ്കിലും, അല്ലാഹുവിന്റെ റസൂൽ(സ്വ) വ്യക്തമായി ഹറാമെന്ന് പ്രസ്താവിച്ച ഒരുകാര്യം ഇബ്നു ഹസമോ അദ്ദേഹത്തെപ്പോലുള്ള മറ്റേതെങ്കിലും പണ്ഡിതനോ അനുവദനീയമാണെന്ന് പറഞ്ഞാൽ അല്ലാഹുവിങ്കലത് സ്വീകാര്യമാകുമോ? ഒരിക്കലുമില്ല.

സുലൈമാനുത്തൈമി(റ) പറഞ്ഞു: “എല്ലാ പണ്ഡിതന്മാരുടേയും ഇളവുകളേയും വീഴ്ചകളേയും മുൻപിൻ നോക്കാതെ സ്വീകരിച്ചാൽ നിന്നിൽ സകല അപകടങ്ങളും കുന്നുകൂടും. അല്ലാഹുവിന്റെ ഉപദേശം സ്വീകരിക്കുന്നതാണ് ആർക്കും കരണീയം. അവൻ പറഞ്ഞു: “നിങ്ങൾക്കു റസൂൽ നല്കിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നില്ക്കുകയും ചെയ്യുക”. (ഹശ്ർ: 7)

“ആകയാൽ, അദ്ദേഹത്തിന്റെ (പ്രവാചകന്റെ) കല്പനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ”. (നൂർ: 63)

സംഗീതമില്ലാത്ത ഗാനാലാപനങ്ങളുടെ വിധി നബി(സ്വ)യും സ്വഹാബികളും കവിതാസ്വാദനവും നശീദകൾ പോലുള്ള കവിതാലാപനവും നടത്തിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. മറ്റുള്ളവരെക്കൊണ്ട് കവിതകളാലപിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു. നാട്ടിലാണെങ്കിലും യാത്രയിലാണെങ്കിലും പണിയിലാണെങ്കിലും നാട്ടുകൂട്ടങ്ങളിലാണെങ്കിലും അവരത് ചെയ്തിരുന്നു. ഹസ്സാൻ ബ്നു സാബിത്(റ), ആമിർ ബ്നു അക്വഅ്(റ), അൻജഷ(റ) പോലുള്ളവരുടെ ഒറ്റക്കുള്ള ആലാപനങ്ങളുണ്ടായിരുന്നു. അനസ് (റ)ന്റെ ഹദീസിലുള്ളതു പോലെ, ഖന്തഖ് കുഴിക്കുന്ന വേളയിൽ നബി പാടുകയും സ്വഹാബികളതിന് ജവാബുപാടുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിരുന്നു.

ഹദീസ് കാണുക: അനസ് പറയുകയാണ്: “(ഖന്തക്ക് കുഴിക്കുന്ന വേളയിൽ) നബി(സ്വ) ഞങ്ങളുടെ വിശപ്പും ക്ഷീണവും കണ്ടപ്പോൾ; ‘അല്ലാഹുമ്മ ലാ അയ്ഷ ഇല്ലാ അയ്ഷുൽ ആഖിറ… ഫഗ്ഫിരിൽ അൻസ്വാറ വൽ മുഹാജിറ…..’ എന്ന് പാടുകയുണ്ടായി. അതു കേട്ടപ്പോൾ സ്വഹാബികൾ; ‘നഹ്നുല്ലദീന ബായഊ മുഹമ്മദാ… അലൽ ജിഹാദി മാ ബഖീനാ അബദാ…’ എന്ന് ജവാബ് പാടുകയും ചെയ്തു. (ബുഖാരി, 3/1043)

സ്വഹാബികൾ തങ്ങളുടെ സാധാരണ സംസാര സദസ്സുകളിൽ വെച്ച് സംഘമായി കവിതകളാലപിക്കാറുണ്ടെന്ന് അബൂസലമത്ത് ബ്നു അബ്ദിറഹ്മാൻ(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ (8/711) ഹസനായ പരമ്പരയിലൂടെ പ്രസ്തുത ഹദീസ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.

ചുരക്കത്തിൽ, ഒറ്റക്കും സംഘമായും നശീദാലാപനങ്ങൾ അഥവാ കാവ്യശീലുകൾ പാടുന്നത് ഇസ്ലാമിൽ അനുവദനീയമാണെന്ന് മുകളിലുദ്ധരിക്കപ്പെട്ട തെളിവുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. സ്വരമാധുര്യത്തോടെയുള്ള കവിതാലാപനത്തിനാണ് ഭാഷയിൽ നശീദ എന്നു പറയുന്നത് (ഖാമൂസുൽ മുഹീത്വ്). നശീദകൾ പാടുന്നത് അനുവദനീയമാണ് എന്ന് പറയുമ്പോഴും പണ്ഡിതന്മാർ അതിന് ചില നിബന്ധനകൾ നല്കിയതായി കാണാനാകും. നിഷിദ്ധമായ സംഗീതോപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക, ജീവിതത്തിൽ അതിനെ ദൈനംദിന ചര്യയായി മാറ്റാതിരിക്കുക, ബാധ്യതകൾ നിർവഹിക്കുന്നതിന് വിഘാതമാകും വിധം അതിൽ മുഴുകാതിരിക്കുക, സ്ത്രീ ശബ്ദത്തിലാവാതിരിക്കുക, അവയിൽ നിഷിദ്ധവും അനാശാസ്യവുമായ പദപ്രയോഗങ്ങളില്ലാതിരിക്കുക, അവ കാമാതുര ഗാനരാഗങ്ങൾക്കു സമാനമാകാതിരിക്കുക, വാദ്യഗീതങ്ങളെപ്പോലെ വശ്യതയുണർത്തും വിധം ആലപിക്കാതിരിക്കുക, സംഗീതാത്മക ഗാനങ്ങളെപ്പോലെ, ആസ്വാദകനെ മതിമറന്ന ആനന്ദോല്കർഷത്തിലേക്കാനയിക്കുന്ന രാഗങ്ങളിൽ പാടാതിരിക്കുക തുടങ്ങിയവയാണ് പ്രസ്തുത നിബന്ധനകളിൽ സുപ്രധാനമായവ. മഹാനായ ഇബ്നുൽ ഖയ്യിം (റ)യെ ഉദ്ധരിച്ചു കൊണ്ട് ഞാനിവിടെ അവസാനിപ്പിക്കുകയാണ്.

അദ്ദേഹമെഴുതി: “അറിയുക; ഗാനങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ഹൃദയ ഭിത്തിയിൽ കാപട്യത്തിന്റെ നിറം ചാർത്താനുള്ള അതിന്റെ കഴിവ് ഒന്നു വേറെത്തന്നെയാണ്. ജലസേചനം സസ്യവളർച്ചയെ എവ്വിധം പുഷ്ടിപ്പെടുത്തുമോ അവ്വിധം ഗാനം കാപട്യത്തെ പുഷ്ടിപ്പെടുത്തും. മനുഷ്യ ഹൃദയങ്ങളെ അത് ആലസ്യത്തിലാഴ്ത്തും. ഖുർആൻ ഗ്രഹിക്കുന്നതിൽ നിന്നും അതിന്റെ ആഴങ്ങളിൽ വ്യാപരിക്കുന്നതിൽനിന്നും അവയെ വിലക്കി നിർത്തും. ഒരു ഹൃദയത്തിൽ സംഗീതവും ഖുർആനും ഒരുമിക്കാനുള്ള സാധ്യതയേതുമില്ല; അവ രണ്ടും അത്രമേൽ വിരുദ്ധങ്ങളാണ്. ഖുർആൻ വൈകാരികതകളെ തടഞ്ഞ്, പരിശുദ്ധിയെ കൽപിക്കുന്നു. ദേഹേച്ഛകളിൽനിന്നും, താന്തോന്നിത്ത വഴികളിൽനിന്നും അകന്ന് ജീവിക്കാൻ ആവശ്യപ്പെടുന്നു. ചെകുത്താന്റെ പാതകളെ പിന്തുടരുന്നതിൽ നിന്നും മനുഷ്യനെയത് വിലക്കുന്നു. എന്നാൽ ഗാന-സംഗീതങ്ങൾ അങ്ങനെയല്ല. മേല്പറയപ്പെട്ടവയിൽ നിന്ന് തീർത്തും വിരുദ്ധ നിലപാടാണ് അതിന്റേത്. അത് അധമ വികാരങ്ങളിലേക്ക് ഉള്ളുണർത്തുന്നു, ഗോപ്യ വികാരങ്ങളെ ഇളക്കിവിടുന്നു. അതിന്റെ ആസ്വാദകരെ അസ്വസ്ഥചിത്തരാക്കുന്നു. എല്ലാത്തരം മ്ളേച്ഛതകളിലേക്കും അവരെയത് ഉദ്ധീപിപ്പിക്കുന്നു. ആണും പെണ്ണും കൂടിച്ചേരുന്നതിലേക്കത് ആനയിക്കുന്നു. ഗാനവും മദ്യവും വിരൽ കുടിക്കുന്ന രണ്ടു പൈതങ്ങളാണ്. എന്നാൽ, മനുഷ്യമനസ്സുകളിൽ തിന്മകളുടെ അതിശയങ്ങളിളക്കി വിടുന്നതിൽ അവ രണ്ടും രണ്ട് പന്തയക്കുതിരകളാണ്”. (ഇഗാസത്തുല്ലഹ്ഫാൻ)

അതിനാൽ, മുസ്ലിം ജനതക്കു നൽകാനുള്ള സന്ദേശമിതാണ്: “നമ്മുടെ ഹൃദയങ്ങളേയും കാതുകളേയും ചെകുത്താന്റെ ഗീതങ്ങളിൽനിന്ന് ശുദ്ധിയാക്കി നിർത്തുക. ഖുർആനികാധ്യാപനങ്ങളുടെ, വിശുദ്ധ തിരുമൊഴികളുടെ, സ്വർഗപ്പൂന്തോപ്പുകളിലൂടെ അവയെ കെട്ടഴിച്ചു വിടുക. അജ്ഞതയകറ്റി അറിവു പകരുന്ന… അന്ധത നീക്കി ഉൾക്കാഴ്ചയേകുന്ന.. ഇച്ഛകളിൽ നിന്നു മാറ്റി തഖ്-വയിലേക്ക് നയിക്കുന്ന അതിലെ ഫലങ്ങൾ തിന്ന് അവയവിടെ നിർബാധം നടന്നാസ്വദിക്കട്ടെ. അതെ, അവ ജീവാമൃതമാണ്, മരുന്നാണ്, ശമനമാണ്, വിജയമാണ്. ആകയാൽ വിശ്വാസികളേ,

“അവർ (സത്യവിശ്വാസികൾ) അനാവശ്യകാര്യത്തിൽനിന്ന് തിരിഞ്ഞുകളയുന്നവരുമാണ്” (മുഅ്മിനൂൻ: 3)
എന്ന ഖുർആനിക വചനത്തോട് കൂറുളളവരാകുക.

മാതാപിതാക്കളോടുള്ള കടമകൾ.

ഗുഹയിലകപ്പെട്ടവരുടെ സംഭവത്തിലെ പാഠങ്ങൾ….

മൂന്ന് പേർ ഒരു യാത്ര പുറപ്പെട്ടു. യാത്രക്കിടെ ശക്തമായ കാറ്റും കോളും ഉണ്ടായി. ഘോരമായ മഴയും തിമിർത്തു പെയ്തു. മൂവർ സംഘം ഒരു ഗുഹയിൽ അഭയം തേടി. പെട്ടെന്ന് ആ ഗുഹാ മുഖത്ത് ഒരു വൻപാറക്കല്ല് വന്നടഞ്ഞു. അവർക്ക് പുറത്ത് കടക്കാൻ കഴിയാത്ത അവസ്ഥ! അവസാനം അവർ പരസ്പരം ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. തങ്ങൾ ചെയ്ത ഏറ്റവും നല്ല പ്രവൃത്തിയെ മുൻനിർത്തി അല്ലാഹുവിനോട് രക്ഷയ്ക്കായി പ്രാർത്ഥിക്കുക. ഓരോരുത്തരും തങ്ങളുടെ ഏറ്റവും നല്ല കർമത്തെ മാധ്യമമാക്കി അല്ലാഹുവിനോട് രക്ഷാമാർഗം തേടുക. അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി നിഷ്കളങ്കമായി ചെയ്ത കർമം ഓരോരുത്തരും ഓർത്തെടുത്തു.
ഒരാൾ പ്രാർത്ഥിച്ചു: “എന്റെ മാതാപിതാക്കൾ വ്യദ്ധരായിരുന്നു. ഞാൻ എന്റെ കുടുംബത്തെയും കുട്ടികളെയും പാൽ കുടിപ്പിക്കുന്നതിനു മുമ്പ് വ്യദ്ധമാതാപിതാക്കളെ പാലൂട്ടുക പതിവാണ്. അതിനിടെ ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങിയെത്താൻ വളരെ വൈകി. താൻ പാൽ കറന്ന് ഉമ്മയുടെയും ഉപ്പയുടെയും അടുക്കലെത്തിയപ്പോൾ അവർ ഉറങ്ങിപ്പോയിരുന്നു. അവർക്ക് പാല് കൊടുക്കുന്നതിനുമുമ്പ് എന്റെ മക്കളെ പാലൂട്ടാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. അങ്ങനെ രാത്രി ഏറെ വൈകും വരെ ഞാൻ പാൽ പാത്രവും പിടിച്ച് അവരിരുവരും ഉണരുന്നതുവരെ കാത്തിരുന്നു. എന്റെ മക്കളാകട്ടെ എന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഒടുവിൽ നേരം പുലർന്നു. മാതാപിതാക്കൾ ഉണർന്നതിൽ പിന്നെ അവർക്ക് പാല് നൽകി. അതിന് ശേഷമാണ് മക്കൾക്ക് കൊടുത്തത്.
അല്ലാഹുവേ! നിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചാണ് ഞാൻ ഇങ്ങനെ ചെയ്തത്. ആ കർമം നിനക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഈ പാറക്കല്ല് ഞങ്ങളിൽ നിന്ന് നീ നീക്കണേ!”
അപ്പോൾ പാറക്കല്ല് അൽപമൊന്ന് നീങ്ങി.

രണ്ടാമൻ പറഞ്ഞു: “എന്റെ പിതൃസഹോദരന്റെ മകളുമായി അവിഹിത വേഴ്ചക്ക് ഞാൻ ഏറെ ആഗ്രഹിച്ചു. എന്നാൽ അവസരം ഒത്തു വന്നപ്പോൾ അല്ലാഹുവിനെ ഭയന്ന് അതിൽ നിന്ന് ഒഴിഞ്ഞുമാറി. അയാൾ അക്കാര്യം എടുത്ത് പറഞ്ഞ് അല്ലാഹുവിനോട് കേണപേക്ഷിച്ചു. അല്ലാഹുവേ, ഈ പ്രവൃത്തി നിന്നെ പ്രീതിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഈ കല്ല് ഞങ്ങളിൽ നിന്ന് നീക്കണമേ” അങ്ങനെ ആ കല്ല് ഒരൽപം കൂടി നീങ്ങി.

മൂന്നാമന്റെ കയ്യിൽ ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ കൂലി കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. കൂലി കമ്മിയായതിനാൽ തൊഴിലാളി പണം വാങ്ങാതെ പിണങ്ങിപ്പോയതായിരുന്നു. എന്നാൽ ആ കുറഞ്ഞ കൂലി മുതലാളി തന്റെ കച്ചവടത്തിൽ ഇറക്കി. അത് കാണെക്കാണെ വർധിച്ച് വലിയ സമൃദ്ധിയായി. എന്നാൽ തൊഴിലാളി പിന്നീട് മടങ്ങി വന്ന് തന്റെ പഴയ വേതനം ആവശ്യപ്പെട്ടു. അപ്പോൾ ആ വേതനം മുഖേന സമ്പാദിച്ച സ്വത്തെല്ലാം തൊഴിലാളിക്ക് ഞാൻ വിട്ടുനൽകി. “ഇതൊരു സൽകർമമായി അല്ലാഹുവേ! നീ ത്യപ്തിപ്പെട്ടെങ്കിൽ ഈ പാറക്കല്ല് ഞങ്ങളിൽ നിന്ന് നീക്കി ഞങ്ങളെ രക്ഷപ്പെടുത്തണമേ!”
അതോടെ കല്ല് പൂർണ്ണമായും നീങ്ങി. മൂവർ സംഘം സുരക്ഷിതരായി പുറത്ത് വരികയും ചെയ്തു.
(സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം)

വിശുദ്ധ കുർആനും, പ്രവാചക വചനങ്ങളും പഠിക്കുമ്പോൾ മാതാപിതാക്കളുമായി ഏതവസ്ഥയിലും സൽപെരുമാറ്റവും സഹവർത്തിത്വവുമാണ് വേണ്ടതെന്ന് ബോധ്യമാവും. ഇനിയും വിപരീതദിശയിലാണ് നിങ്ങളുടെ സഞ്ചാരമെങ്കിൽ വിജയ പ്രതീക്ഷ വെച്ചുപുലർത്തേണ്ടതില്ലെന്ന് കൂടി അടിവരയിട്ടു പറഞ്ഞുവെക്കട്ടെ….

സ്ത്രീകൾക്ക് വീടാണോ ഉത്തമം..?

സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയാന്‍ വേണ്ടി അവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉസ്താദുമാര്‍ പ്രചരിപ്പിക്കാറുള്ള ഒരു ഹദീസാണ് സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന ഹദീസ്.
ഈ ഹദീസിന്റെ സ്വീകാര്യതയെപറ്റിയുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
പരിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് അഹ്‌സാബില്‍ അല്ലാഹു പറയുന്നു : وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ‘നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക.
(പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില് നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരി ക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.’

ഹിജാബിന്റെ ആയത്തെന്ന് സമസ്തക്കാര്‍ പറയാറുള്ള സൂറത്ത് അഹ്‌സാബിലെ 33 മത്തെ ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നുകസീര്‍ (റ) പറയുന്നത് കാണുക. وَقَوْلُهُ : ( وَقَرْنَ فِي بُيُوتِكُنَّ ) أَيِ : الْزَمْنَ بُيُوتَكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَةٍ وَمِنِ الْحَوَائِجِ الشَّرْعِيَّةِ الصَّلَاةُ فِي الْمَسْجِدِ بِشَرْطِهِ ، كَمَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ، وَلْيَخْرُجْنَ وَهُنَّ تَفِلَاتٌ ” وَفِي رِوَايَةٍ : ” وَبُيُوتُهُنَّ خَيْرٌ لَهُنَّ “
“സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണം. അത്യാവശ്യങ്ങൾല്ലാതെ അവർ പുറത്ത് പോകാൻ പാടുള്ളതല്ല, നമസ്ക്കാരത്തിന് വേണ്ടി ശർത് പാലി ച്ചുകൊണ്ട് പള്ളിയിൽ പോവുക എന്നത് ശറഹിൽ അ നുവദിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ ദാസികളെ നിങ്ങൾ അല്ലാഹുവിന്റെ പള്ളികളിൽ നിന്നും തടയരുത്. അവര് ആഢംബരമില്ലാതെ പുറപ്പെടട്ടെ എന്ന് നബി (സ) പറഞ്ഞപോലെ .”
മറ്റൊരു റിപ്പോർട്ടിൽ “സ്ത്രീകൾക്ക് വീടാണ് ഉത്തമം” എന്നുണ്ട്. (തഫ്സീര് ഇബ്നുകസീര്)
സ്ത്രീകള്ക്ക് പള്ളി വിലക്കാൻ സമസ്തക്കാർ പറയാറുള്ള ഈ ആയതിന്റെ തഫ്സീറിൽത്തന്നെ ഇബ്നുകസീർ പറയുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും, എന്നാൽ ശർത് പാലി ച്ചുകൊണ്ട് നമസ്കാരങ്ങൾക്ക് പള്ളിയിൽ പോകാൻ അവർക്ക് അനുവാദമുണ്ടന്നും, മാത്രമല്ല, അവർ പുറപ്പെടുന്നുവെങ്കിൽ ആഢംബരമില്ലാതെ പുറപ്പെടട്ടെ എന്നും, ഇങ്ങനെ പള്ളിയിലേക്ക് പോകുന്ന സ്ത്രീകളെ തടയരുതെന്നുമുള്ള പ്രവാചകന്റെ കല്പനയുണ്ടെന്നുമാണ്. എന്നാൽ സത്യം മറച്ചുവെക്കാൻ ആഗ്രഹിക്കുന്നവർ ഇബ്നുകസീറിന്റെ ഈ വാചകം കണ്ടില്ലന്ന് വെക്കുകയും ശേഷമുള്ള “സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നൊരു റിപ്പോർട്ടുമുണ്ട്” എന്നതിൽ കടിച്ച് തൂങ്ങുകയും ചെയ്യുന്നു. അതാകട്ടെ തെളിവിനു പറ്റില്ല എന്ന് മറ്റു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതുമാണ്.
സഹീഹായാൽത്തന്നെ ഹദീസിന്റെ ഉദ്ദേശ്യം സ്ത്രീകൾക്ക് പൊതുവായ നിലക്ക് വീടാണ് ഉത്തമം എന്നാണ്. അതുകൊണ്ടാണ് ഇബ്നുകസീര് സ്ത്രീകള് വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും എന്നാൽ പള്ളിയിൽ പോകൽ അവർക്ക് അനുവദനീയമാണെന്ന് ഒരുമിച്ച് പറയുകയും ചെയ്തത്. കാരണം അനുവദനീയ കാര്യങ്ങളിൽ മാത്രമേ അതിൽ ഉത്തമം ഏതെന്നു ചോദ്യമുള്ളൂ. അത്തരം കാര്യങ്ങളിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല.
കൂടാതെ ഒരു കാര്യം ഉത്തമമാണെന്ന് വെച്ച് മറ്റേ കാര്യം ഹറാമാകുന്നുമില്ല. ഉദാഹരണത്തിന് വസ്ത്രങ്ങളിൽ വെള്ളവസ്ത്രമാണ് ഉത്തമം എന്നിരിക്കെ മറ്റു വസ്ത്രങ്ങൾ ധരിക്കുന്നവരെ ആരും ആക്ഷേപിക്കാറില്ലല്ലോ! പുരുഷന്മാർക്ക് മുന്നിലെ സ്വഫാണ് പുണ്യം എന്നിരിക്കെ പിറകിലെ സ്വഫ് ഹറാമാണെന്നോ, പുണ്യം ഇല്ലന്നോ, ആരെങ്കിലും വാദിക്കാറുണ്ടോ? ഇല്ല എന്നുതന്നെയാണ് സമസ്തക്കാരുടെയും വാദം.
അപ്പോൾപ്പിന്നെ ഇവിടെ സമസ്താക്കാരുടെ ഉദ്ദേശ്യം പള്ളികളിലെ ജുമുഅകളിലും കുതുബകളിലും പങ്കെടുക്കുക വഴി ഇസ്ലാമിന്റെ യഥാർഥ പാഠങ്ങൾ സ്ത്രീകൾ മനസ്സിലാക്കരുത് എന്നത് തന്നെയാണ്. അതിന്നായി അല്ലാഹുവും അവന്റെ റസൂലും അനുവദിച്ച കാര്യങ്ങൾ ധിക്കാരത്തോടെ ഇവർ ഹറാമാക്കുകയും ചെയ്യുന്നു. എന്നാൽ സ്ത്രീകൾ ജാറങ്ങളിലേക്കും സകല തോന്നിവാസങ്ങളും നടക്കുന്ന നേർച്ച, പൂരങ്ങളിലേക്കും പോകുന്നതിനു ഒരു കുഴപ്പമില്ല താനും! എന്തൊരു വിരോധാഭാസം !
സ്ത്രീകളെ പള്ളിവിലക്കാനായി പറയാറുള്ള “വീടാണ് ഉത്തമം” എന്ന ഹദീസിന്റെ സ്വീകാര്യതയെ പറ്റി പണ്ഡിതന്മാർ എന്ത് പറയുന്നു.?
“ഹബീബ് ബ്നു അബീസാബിത് , ഇബ്നു ഉമർ (റ) നെ തൊട്ട് നിവേദനം : നബി (സ) അരുളി: നിങ്ങളുടെ സ്ത്രീകളെ പള്ളിയിൽ നിന്ന് നിങ്ങള് തടയരുത്, അവർക്ക് വീടാണുത്തമം” (അബൂദാവൂദ്) ഈ ഹദീസിന്റെ പരമ്പര പോലും ദുർബലമായതാണ്. ഇതിന്റെ സർവ പരമ്പരകളും ഹബീബുബ്നു സാബിത് ‘അൻ’ എന്ന് പറഞ്ഞാണ് ഉദ്ധരിക്കുന്നത്. ഇതിന് ഹദീസ് നിദാന ശാസ്ത്രത്തിൽ ‘അൻ അനത്ത്’ എന്നാണ് പറയുക. ഹബീബ്നു അബീ സാബിത് എന്ന വ്യക്തി, ഇബ്നു ഉമർ (റ) നെ നേരിട്ട് കാണുകയോ അദ്ദേഹത്തിൽ നിന്ന് വല്ലതും കേൾക്കുകയോ ചെയ്ത വ്യക്തിയല്ല. താൻ നേരിട്ട് കേൾക്കാത്തത് കേട്ടിട്ടുണ്ട് എന്ന് വരുത്തുന്ന വ്യക്തിയാ ണ് ഹബീബ്നു അബീ സാബിത് എന്ന് ഇബ്നു ഖുസൈമ, ഇബ്നുഹിബ്ബാൻ പോലെയുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാരെല്ലാം തന്നെ പറയുന്നു. (തഹ്ദീബ് 1:185).

ഇത്തരം സ്വഭാവമുള്ളവർ വിശ്വസ്തന്മാരായാൽപ്പോലും ‘അൻ’ എന്ന് പ്രയോഗിച്ചുകൊണ്ട് ഹദീസ് ഉദ്ധരിച്ചാൽ സ്വീകരിക്കുവാൻ പാടില്ല. ഇതാണ് ഹദീസിന്റെ നിയമം. അതിനാൽ ഈ ഹദീസ് സ്ഥിരപ്പെടാത്ത ദുർബലമായ ഹദീസാണെന്ന് ഇബ്നു ഖുസൈമ (റ) തന്റെ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹിൽ ഒരു അധ്യായം തന്നെ നല്കി പ്രഖ്യാപിക്കുന്നുണ്ട്.
മാത്രവുമല്ല, സ്വഹീഹായ നൂറുക്കണക്കിന്നു ഹദീസുകളുടെ ആശയങ്ങൾക്കു വിരുദ്ധമാകയാൽ തെളിവിന് സ്വീകരിക്കാൻ പറ്റാത്ത ശാദ്ദിന്റെ ഗണത്തിലാണ് ഈ ഹദീസും പരിഗണിക്കുന്നത്. നിങ്ങൾ സ്ത്രീകളെ പള്ളിയിൽനിന്ന് തടയരുത് എന്ന് പറയുന്ന ഹദീസുകൾ മാത്രമാണ് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നത്. വീടാണ് സ്ത്രീകൾക്ക് ഉത്തമമെന്ന് പറയുന്ന ഭാഗം അവർ ഉദ്ധരിക്കുന്നില്ല. ഈ ഹദീസിൽ പറയുന്ന വിവരങ്ങൾ നബി(സ)യിൽനിന്ന് സ്വഹാബിമാർ കേട്ടിട്ടില്ല. കേട്ടിരുന്നെങ്കിൽ മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബ വനിതകൾ ഏറ്റവും ശ്രേഷ്ഠമായത് ഉപേക്ഷിച്ച് സുബഹിക്കുപോലും പള്ളിയിൽ വരുമായിരുന്നില്ല, ഇഷാ നമസ്കാരം വൈകിയതിന്റെ പേരിൽ സ്ത്രീകളും കുട്ടികളും പള്ളിയിൽ ഉറങ്ങിപ്പോയ അവസ്ഥയുണ്ടാകുമായിരുന്നില്ല,
കരയുന്ന കുട്ടികളുമായി ബുദ്ധിമുട്ടി പള്ളിയിൽ അവർ നമസ്കരിക്കാൻ വരില്ലായിരുന്നു. രാത്രിയിലെ നീണ്ട നമസ്കാരത്തിൽ ക്ഷീണിക്കുമ്പോൾ പിടിച്ചുനില്ക്കാൻ കയർ കെട്ടേണ്ട ആവശ്യം സൈനബ (റ) ക്ക് വരില്ലായിരുന്നു.
വീടാണ് ഉത്തമമെങ്കിൽ ആ കല്പന ലംഘിച്ചു ആയിഷ (റ) പ്രവാചകന്റെ മരണ ശേഷവും ഇഹ്തികാഫിരിക്കാൻ വേണ്ടി പള്ളിയിലേക്ക് പുറപ്പെടില്ലായിരുന്നു.
ഉമർ (റ) കൂടെ ഭാര്യ ആതിഖ (റ) ജമാഅത്തിനായി പള്ളിയിലേക്ക് വരില്ലായിരുന്നു.
സ്ത്രീകളെ പള്ളിയിൽ നിന്ന് തടയും എന്ന് പറഞ്ഞ മകനോട് ഇബ്നു ഉമർ വഴക്കിടില്ലായിരുന്നു .

സ്ത്രീകളെ പള്ളിവിലക്കാനായി പറയാറുള്ള മറ്റൊരു ഹദീസായ സ്ത്രീകൾ വീട്ടിന്റെ ഉള്ളിന്റെയുള്ളിൽ ഇരിക്കണമെന്ന ഉമ്മു ഹുമൈദ് സാഇദി (റ) യുടെ ഹദീസിനെ പറ്റി പണ്ഡിതന്മാർ എന്ത് പറയു ന്നു? ഉമ്മുഹുമൈദ് സാഇദി (റ) നബി (സ) യോട് പറഞ്ഞു: “ഞങ്ങൾ താങ്കളുടെ കൂടെ നമസ്ക്കരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളുടെ ഭർത്താക്കന്മാർ ഞങ്ങളെ തടയുന്നു. അപ്പോൾ നബി (സ)പറഞ്ഞു: നിങ്ങളുടെ വീടിന്റെ മുറികളിൽ വെച്ച് നിസ്ക്കരിക്കുന്നതാണ് നിങ്ങളുടെ വീട്ടിൽ വെച്ച് നമസ്ക്കരിക്കുന്നതിനേക്കാളും, നിങ്ങളുടെ വീട്ടിൽ വെച്ച് നമസ്ക്കരിക്കുന്നതാണ് ജമാഅത്ത് നടക്കുന്ന പള്ളിയിൽ വെച്ച് നമസ്ക്കരിക്കുന്നതിനേക്കാളും നിങ്ങൾക്കുത്തമം” (ബൈഹഖി)
ഇവിടെ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ… ഞങ്ങളുടെ ഭർത്താക്കന്മാർ ഞങ്ങളെ തടയുന്നു എന്ന ഉമ്മു ഹുമൈദി (റ) ന്റെ പരാതി കേട്ടപ്പോഴാണ് നിങ്ങൾക്കുത്തമം വീടാണ് എന്ന് നബി (സ) പറഞ്ഞത്. സുന്നത്തായ കാര്യങ്ങൾ ഭർത്താക്കന്മാരുടെ അനുമതിയില്ലെങ്കിൽ അത് ഭാര്യമാർ ചെയ്യാൻ പാടില്ല. അത് ഇസ്ലാമിലെ നിയമമാണ്. ഭർത്താക്കന്മാരോടാവട്ടെ ഭാര്യമാർ പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുമതി ചോദിച്ചാൽ തടയരുതെന്നും കല്പിച്ചു.
ചില ഭർത്താക്കന്മാർക്ക് തന്റെ ഭാര്യ പുറത്ത് പോകുന്നതും മറ്റും പല കാരണങ്ങളാൽ ഇഷ്പ്പെട്ടെന്ന് വരില്ല. അതിനാൽ ഇനി എന്തെങ്കിലും സാഹചര്യത്താൽ ഭർത്താക്കന്മാർ അനുമതി നല്കിയിട്ടില്ലെങ്കിൽ അക്കാരണത്താൽ അവൾ പ്രതിഷേധിക്കേണ്ടതില്ല. ഭർത്താവിനെ അനുസരിച്ച് വീട്ടിൽ നിസ്ക്കരിക്കുക. എന്നാൽ നബി (സ) യുടെ കല്പ്പനകളെ പാലിക്കുന്ന ഭർത്താക്കന്മാർ തന്റെ ഭാര്യ പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുമതി ചോദിച്ചാൽ ‘നിങ്ങളുടെ സ്ത്രീകളെ പള്ളിയിൽ നിന്ന് നിങ്ങൾ തടയരുത് ‘ എന്ന നബി (സ) യുടെ കല്പ്പന മാനിച്ച് തനിക്കിഷ്ടമില്ലെങ്കിലും അവർ ഭാര്യമാർക്ക് പള്ളിയിൽ പോകാൻ അനുമതി നല്കും.
അതാണ് ഉമർ (റ) സ്വീകരിച്ച നിലപാട്. അതാണ് മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ പോലുള്ളവർ സ്വീകരിച്ച നിലപാട്. അതു തന്നെയാണ് ശാഫിഈ മദ്ഹബിന്റെ നിലപാടും. ഇതിനു പുറമെ ഈ ഹദീസ് ദുർബലമായതാണ്. ഈ ഹദീസിന്റെ പരമ്പരയിലുള്ള അബ്ദുൽ ഹുമൈദി ബ്നു മുൻദിർ എന്ന മനുഷ്യൻ അറിയപ്പെടാത്ത വ്യക്തിയാണ്. നിവേദകന്മാരെ കുറിച്ച് വിവരിക്കുന്ന ഒരൊറ്റ ഗ്രന്ഥത്തിലും ഇയാളെക്കുറിച്ച് പരാമർശം കാണുന്നില്ല. ഇബ്നു ഹസം (റ) അദ്ദേഹത്തിന്റെ ‘മുഹല്ല’യില് പറഞ്ഞു: “എന്നാൽ അബ്ദുൽ ഹുമൈ ദുബ്നു മുൻദിർ അറിയപ്പെടാത്ത വ്യക്തിയാണ്” (2175)
ഈ ഹദീസ് നിർമിതമായ ഹദീസാണെന്ന് മറ്റൊരു സ്ഥലത്തു ഇബ്നുഹസം (റ) തന്നെ പറയുന്നു (മുഹല്ല 3115).
ചുരുക്കത്തിൽ സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നുള്ള ദുർബലമായ ഹദീസുകളിൽ അല്പമെങ്കിലും ശക്തിയുള്ളത് ഈ രണ്ട് ഹദീസുകളാണ്. ഇതിന്റെ അവസ്ഥയാണ് നാം വിവരിച്ചത്. മറ്റുള്ളവ നിർമിതമായ (മൗളൂഅ്) ആയ ഹദീസുകളാണ്. ഇമാം ശാഫിഈ(റ)യുടെ ഏറ്റവും സുവ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തപ്പെട്ട കിതാബ് ഉമ്മിൽ പറയുന്നത് സ്ത്രീകൾ വീട്ടിൽ നിന്ന് ളുഹ്ർ നിസ്ക്കരിക്കുന്നതിനേക്കാളും ഏററവും ഉത്തമം കുളിച്ച് അത്തർ പൂശാതെ ആഢംബരം കാണിക്കാതെ പള്ളിയിൽ പോയി ജുമുഅ നിസ്ക്കരിക്കുന്നതാണ് എന്നാണ്. 
قَال: الشَّافِعِيُّ  : وَلا ُأحِبُّ لِوَاحِدٍ مِمَّنْ َلهُ تَرْكُ الْجُمُعَةِ مِنْ الَأحْرَار لِلعُذر وَلا مِنْ النِّسَاءِ وَ َ غيْر الْبَالِغِينَ وَاْلعَبيدِ َأن يُصَلِّيَ الظُّهْرَ حَتَّى يَنْصَرفَ الِإمَام أوْ يَتَوَخَّى انْصِرَاَفه أنْ يَحْتَاط حَتَّى يَرَى أنَّهُ قدْ انْصَرَفَ ؛ لَأنَّهُ لعَلَّهُ يَقْدِرُ عَلى إتْيَانِ الْجُمُعَةِ َفي كون إتْيَانُهَا خَيْرًا لهُ
ഇമാം ശാഫിഈ പറയുന്നു, ജുമുഅ ഉപേക്ഷിക്കൽ അനുവദനീയമായ പുരുഷൻമാരിൽ നിന്ന് ഇളവുകൾ ഉള്ളവരും, അടിമ, സ്ത്രീകൾ,കുട്ടികൾ എന്നിവരും ഇമാമ് ജുമുഅയിൽ നിന്ന് പിരിഞ്ഞശേഷമല്ലാതെ അതിന്ന് മുൻപ് ളുഹർ നമസ്ക്കരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അല്ലെങ്കിൽ സൂക്ഷ്മതക്ക് വേണ്ടി നിശ്ചയമായും ഇമാം ജുമുഅയിൽ നിന്ന് പിരിഞ്ഞുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇമാം ജുമുഅയിൽ നിന്ന് പിരിയുന്നതുവരെ കാത്തിരിക്കണം. നിശ്ചയമായും അവർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ കഴിഞ്ഞാൽ അവർക്കതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.” (അൽ ഉമ്മ് 1 – 190)
ഇമാം ശാഫിഈ(റ) വീണ്ടും പറയുന്നു.
قَال الشَّافِعِيُّ : وَهَك َ ذا أحِبُّ لِمَنْ حَضَرَ الْجُمُعَة مِنْ عَبْدٍ وَصَبيٍّ وَغيْرهِ إلَّا النِّسَاءَ فِإنِّي أحِبُّ لهُنَّ النَّظَاَفَة ِبمَا يَقْطعُ الرِّيحَ الْمُتَغَيِّرة وَأكْرَهُ َلهُنَّ الطِّيبَ وَمَا يُشْهَرْن ِبهِ مِنْ الثِّيَاب بَيَاض، أوْ غيْرهِ فإنْتَ طيَّبْنَ وَفعَلْنَ مَاكرهْت َلهُنَّ َلمْ يَكنْ عَليْهنَّ إعَادَةُ صَلَاةٍ .
അൽ ഉമ്മിൽ ഇമാം ശാഫി(റ) പ്രസ്താവിക്കുന്നത് കാണുക: “അതുപോലെ പുരുഷന്മാരും അടിമകളും കുട്ടികളും ജുമാ നമസ്കാരത്തിനു സുഗന്ധ ദ്രവ്യം ഉപയോഗിച്ച് പങ്കെടുക്കുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സുഗന്ധം ഉപയോഗിച്ച് ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. ശരീരത്തിലെ ദുർഗന്ധങ്ങൾ ശരിക്ക് നീങ്ങുന്നതുവരെ അവൾ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി പങ്കെടുക്കുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നത്. ഇനി ഞാൻ അവൾക്ക് വെറുക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അവൾ നമസ്കാരത്തിന്ന് വന്നാൽ അവൾ ജുമുഅ: നമസ്കാരം മടക്കി നമസ്ക്കരിക്കേണ്ടതില്ല.(അൽ ഉമ്ം വാള്യം-1 പേജ് 175).

ശിർക്ക് മഹാപാപം

‘ശിർക്ക്’ മഹാപാപമാണെന്നും അത് നരകം ശാശ്വതമാക്കുമെന്നും അറിയാത്തവർ മുസ്ലിംകളിൽ കുറവാണ്. പക്ഷെ അത് വന്ന് ചേരുന്ന വഴികളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അശ്രദ്ധരാണ് അധികമാളുകളും. പലരും താൽകാലിക കാര്യ ലാഭങ്ങൾക്കുവേണ്ടി ആ മഹാപാപത്തിന് വഴിപ്പെടുന്നു.
എന്നാൽ നശ്വരമായ ഭൗതിക സുഖങ്ങൾക്കുവേണ്ടി ശാശ്വതമായ സ്വർഗ്ഗത്തെയാണ് ത്യജിക്കുന്നതെന്ന് അവർ ചിന്തിക്കുന്നില്ല!
മാത്രമല്ല, മുസ്ലിംകളിൽ തീരെ ശിർക്ക് വരികയില്ലെന്ന് വിശ്വസിക്കുന്നവരെയും കാണാൻ സാധിക്കും. എന്നാൽ ആ വിശ്വാസം പ്രമാണങ്ങളോടും അനുഭവങ്ങളോടും എതിരാണ്. മുസ്ലിംകളിൽ പിൽക്കാലത്ത് വിഗ്രഹാരാധന പോലുള്ള കടുത്ത ശിർക്കുകൾ പോലും കടന്നുവരുമെന്ന് ഹദീസുകളിൽ നിന്നു തന്നെ ഗ്രഹിക്കാം.
നിരവധി ഖുർആൻ വചനങ്ങളും ഈ ആശയത്തെ ബലപ്പെടുത്തുന്നുണ്ട്, അതിനാൽ മറ്റെന്തിനേക്കാളും ശിർക്കിനെ നാം ഭയപ്പെടുക തന്നെ വേണം.
നമ്മുടെ ശരീരവും വസ്ത്രവും വാഹനവും വീടും സമ്പത്തുമെല്ലാം ശ്രദ്ധിക്കുന്നതിനേക്കാൾ ഗൗരവത്തിലും പ്രാധാന്യത്തിലും ശിർക്ക് കടന്നുകൂടുന്നത് നാം സൂക്ഷിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ പരലോകത്തെ മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ.
ശിർക്ക് നമ്മിലേക്ക് കടന്നുവരാൻ സാധ്യതകളുള്ള പല സാഹചര്യങ്ങളും സംഗതികളും ഇന്ന് നമുക്ക് ചുറ്റുമുണ്ട്. പലരും അത് തെറ്റല്ലെന്ന് വിചാരിച്ചും ഗൗരവം മനസ്സിലാക്കാതെയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനാൽ അവയെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തുറന്നു കാണിക്കുക എന്നതാണ് ഈ കൃതികൊണ്ടുദ്ദേശിക്കുന്നത്.
ശിർക്കിൽ അകപ്പെട്ടവർക്ക് പശ്ചാതപിച്ച് മടങ്ങാനും മറ്റുള്ളവർക്ക് അത് ശ്രദ്ധിക്കാനും ഒരു പരിധിവരെയെങ്കിലും ഈ കൃതികൊണ്ട് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
പ്രസ്തുത ദൗത്യത്തിന് ഈ കൃതി ഉതകട്ടെ എന്ന പ്രാർത്ഥനയോടെ സത്യാന്വേഷികൾക്കു മുമ്പിൽ സമർപ്പിക്കുന്നു.

ശിർക്ക് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങൾ അവന്റെ സ്യഷ്ടികൾക്ക് വകവെച്ചു കൊടുക്കുക എന്നതിനാണ് ഒറ്റവാക്കിൽ ശിർക്ക് (ബഹുദൈവത്വം) എന്നു പറയുക,
അല്ലാഹുവിന്റെ സത്ത്, ഗുണവിശേഷണങ്ങൾ, അധികാരാവകാശങ്ങൾ എന്നിവയിൽ ഏതിൽ പങ്ക് ചേർത്താലും അതെല്ലാം ശിർക്കു തന്നെ. എന്നാൽ ചിലരെങ്കിലും ധരിച്ചു വെച്ചിട്ടുള്ളത് അല്ലാഹുവിനെപ്പോലെ കഴിവിലും ശക്തിയിലുമെല്ലാം തുല്യരായി മറ്റൊരാൾ ഉണ്ടെന്ന് വിശ്വസിക്കുകയോ അല്ലാഹുവിന്റേതുപോലെ സ്വയം കഴിവും സ്വയം പര്യാപ്തതയും മറ്റുള്ളവരിൽ വിശ്വസിക്കുകയോ ചെയ്താൽ മാത്രമേ ശിർക്ക് വരികയുള്ളൂ എന്നാണ്. എന്നാൽ ഈ രണ്ട് വിശ്വാസങ്ങളും ശിർക്കു തന്നെയാണെന്നതിൽ തർക്കമില്ല. പക്ഷെ, അത് മാത്രമാണ് ശിർക്ക് എന്നതിനോട് പ്രമാണങ്ങൾ യോജിക്കുന്നില്ല. മറിച്ച് നേരത്തെ പറഞ്ഞതുപോലെ അല്ലാഹുവിന്റെ സത്തയിലോ (അല്ലാഹുവിനെപ്പോലെ മറ്റൊരു ശക്തിയുണ്ട് എന്ന് വിശ്വാസിക്കൽ) അധികാരാവകാശങ്ങളിലോ (പ്രാർത്ഥന, നേർച്ച തുടങ്ങിയ സ്യഷ്ടികളിൽ നിന്നും അവന് മാത്രം ലഭിക്കേണ്ടുന്ന കാര്യങ്ങൾ, മറ്റാർക്കെങ്കിലും നൽകൽ) അവന്റെ ഗുണവിശേഷണങ്ങളിലോ (അല്ലാഹു കാണുന്നതു പോലെ മറ്റാരെങ്കിലും കാണുമെന്ന് വിശ്വസിക്കൽ) തുടങ്ങി അവയിലേതെങ്കിലും ഒന്നിൽ പങ്കു ചേർത്താലും അത് ശിർക്കുതന്നെ.
ശിർക്ക് എന്നത് അല്ലാഹുവിന് ഏറ്റവും കൂടുതൽ കോപമുണ്ടാക്കുന്ന മഹാപാപമാണ്, കാരണം അവന്റെ അധികാരത്തിലും അവകാശത്തിലും മറ്റുള്ളവരെ പങ്കുചേർക്കലാണല്ലോ അത്. അതൊരിക്കലും അവൻ പൊറുത്ത് തരികയുമില്ല.,
ഖുർആൻ തന്നെ പറയുന്നു: (إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء ومن يشرك بالله فقد ضل ضلالا بعيدا (النسا١١٦)
“നിശ്ചയം അല്ലാഹു അവനോട് പങ്കു ചേർക്കപ്പെടുന്നത് പൊറുക്കുകയില്ല. അല്ലാത്തതെല്ലാം അവനുദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുന്നതാണ്, ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്താൽ അവൻ നേർ മാർഗ്ഗത്തിൽ നിന്നും വളരെ ദൂരം പിഴച്ചുപോവുകതന്നെ ചെയ്തു.” (സൂറ: നിസാഅ് 12)
 (من يشرك بالله فقد حرم الله عليه الجنة ومأواه النار (المائدة: ۷۲) “ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്താൽ അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. അവന്റെ ഭവനം നരകമാണ്.”
(സൂറ: മാഇദ 72)
നബി(സ) യോടു പോലും അല്ലാഹു പറയുന്നത് നോക്കൂ:
ولقد أوحي إليك وإلى الذين من قبلك لئن أشركت لَيحبطن عملك ولتكونن من الخاسرين (الزمر:  65 ) “(നബിയേ!) താങ്കളാണ് ശിർക്ക് ചെയ്യുന്നതെങ്കിൽ തീർച്ചയായും താങ്കളുടെ കർമ്മം നിഷ്ഫലമായിപ്പോവുകയും തീർച്ചയായും താങ്കൾ നഷ്ടക്കാരുടെ കൂട്ടത്തിൽ അകപ്പെടുകയും ചെയ്യും എന്ന് നിനക്കും നിന്റെ മുമ്പുള്ളവർക്കും വഹ്യ് നൽകപ്പെട്ടിട്ടുള്ളതും ഇതാണ്.” (സൂറഃ സുമർ- 65)
അപ്പോൾ, അല്ലാഹുവിനു മാത്രം നൽകേണ്ടുന്ന സംഗതികൾ അല്ലാഹുവല്ലാത്തവർക്കർപ്പിച്ചാൽ അത് അവൻ ഒരിക്കലും പൊറുക്കുകയില്ലെന്നും (എന്നാൽ മരണത്തിന് മുമ്പ് പശ്ചാത്താപ മനഃസ്ഥിതിയോടെ അവനോട് മാപ്പിരന്നാൽ മാത്രം അവൻ പൊറുത്തുകൊടുക്കുന്നതാണ്.) പുറമെ അത് ചെയ്യുന്നവന്റെ സൽകർമ്മങ്ങൾ പോലുംനിഷ്ഫലമായി പോകുമെന്നും ഖുർആൻ പറയുന്നുണ്ട്.
നാം നമ്മുടെ ശരീരത്തിന് അപകടങ്ങൾ സംഭവിക്കുന്നതും വീടിനും വാഹനത്തിനുമെല്ലാം കേടുപാടുകൾ പറ്റുന്നതും ഏറെ സൂക്ഷ്മതയോടുകൂടി ശ്രദ്ധിക്കാറുണ്ട്. എന്നാൽ അതിനേക്കാളെല്ലാം ഗൗരവത്തിലും പ്രാധാന്യത്തിലും സൂക്ഷിക്കേണ്ടത് നമ്മുടെ മനസ്സിലും കർമ്മങ്ങളിലും ശിർക്ക് വന്നുകൂടുന്നതിനെയാണ്. അത് പ്രവേശിച്ചാൽ പിന്നെ, ഇതുവരെ നാം ചെയ്തുകൂട്ടിയ എല്ലാ സർകർമ്മങ്ങളെയും അത് കാർന്നുതിന്നുകയും ശാശ്വതമായ നരകത്തീയിൽ നമ്മെ പതിപ്പിക്കുകയും ചെയ്യും.
ഖുർആൻ പറയുന്നു: ولو أشركوا لحبط عنهم ما كانوا يعملون (لأنعام: ۸۸ ) “അവർ അല്ലാഹുവിൽ പങ്ക് ചേർക്കുകയാണെങ്കിൽ (ശിർക്ക് ചെയ്താൽ) അവർ പ്രവർത്തിച്ചിരുന്നതെല്ലാം നിഷ്ഫലമായി പോകുന്നതാണ്.” (സൂറ അൻആം- 89)
ഇതേ കാര്യം നബി(സ) യോട് പോലും പറഞ്ഞതായി ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്.
(സൂറഃ സുമർ- 65)

അതുകൊണ്ട്, നമ്മുടെ കർമ്മങ്ങളെ മുഴുവൻ നിഷ്ഫലമാക്കിക്കളയുന്നതും ശാശ്വതമായി നരകത്തിൽ പ്രവേശിപ്പിക്കുന്നതുമായ ശിർക്ക് എന്ന ഈ അപകടത്തെ നാം ഓരോ നിമിഷത്തിലും സൂക്ഷിക്കുക. പലപ്പോഴും അത് കടന്നുവരുന്നത് നാം അറിയാറില്ല. അത് ഗോപ്യമായിട്ടാണ് കയറിവരിക. അതുകൊണ്ട് അത് കടന്നുവരാൻ സാധ്യതയുള്ള വഴികൾ നാം തിരിച്ചറിയുകയും ‘ശ്രദ്ധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ശിർക്കും മുസ്ലീകളും
ശിർക്ക് അതീവ ഗൗരവമേറിയ പാപമാണെന്നും അത് ശാശ്വത നരകം നിർബന്ധമാക്കുന്നതും, ചെയ്ത സൽകർമങ്ങളെ ഹനിച്ചുകളയുന്നതുമായ മാരകരോഗമാണെന്നും നാം മനസ്സിലാക്കി. അതുകൊണ്ടു തന്നെ മുസ്ലിം സമുദായം എക്കാലത്തും ശിർക്കിനെതിരിൽ ജാഗ്രത പുലർത്തുകയും തങ്ങളുടെ വിശ്വാസത്തിലോ കർമ്മത്തിലോ ശിർക്കിന്റെ വല്ല അംശവും വന്നുപോവുന്നതിനെ അങ്ങേയറ്റം ഭയപ്പെടുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ, നമ്മുടെ കൂട്ടത്തിൽ പലരും കരുതുന്നത് ശിർക്ക് മുസ്ലിംകളായ നമ്മെയൊന്നും പിടികൂടുകയില്ല എന്നാണ്.
പ്രത്യേകിച്ച്, ‘ലാഇലാഹ ഇല്ലല്ലാഹ്-മുഹമ്മദൻ റസൂലുല്ലാഹ്.’ എന്ന ശഹാദത്ത് കലിമ അംഗീകരിക്കുകയും നമസ്കാരവും മറ്റു ആരാധനകളും മുറപോലെ അനുഷ്ഠിക്കുകയും ചെയ്യുന്നവർ പിന്നെ അക്കാര്യത്തിൽ ഭയപ്പെടാനില്ല എന്നാണ്.
എന്നാൽ, അവർ ധരിക്കുന്നതുപോലെയാണോ അവസ്ഥ? ഒരിക്കലുമല്ല.
മനുഷ്യരെ- പ്രത്യേകിച്ചും തൗഹീദിന്റെ വക്താക്കളാകേണ്ട മുസ്ലിംകളെ- ശിർക്കിലെത്തിക്കാനും അതുവഴി നരകത്തിലെത്തിക്കാനും ഇബ്ലീസും കൂട്ടാളികളും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശിർക്കിന്റെ ഗൗരവം പൊതുജന മധ്യേ കുറച്ചു കാണിക്കാനും സമുദായത്തിലെ പച്ചയായ ശിർക്കുകളെപ്പോലും കറ കളഞ്ഞ തൗഹീദും ഈമാനുമായി തെറ്റിദ്ധരിപ്പിക്കാനും പണ്ഡിന്മാരിലൂടെ തന്നെ പിശാച് പ്രവർത്തിക്കുന്നു.
‘ലാ ഇലാഹ ഇല്ലല്ലാഹ്-മുഹമ്മദൻ റസൂലുല്ലാഹ്…’ എന്ന ശഹാദത്ത് കലിമ അംഗീകരിക്കുന്ന ഒരു മുസ്ലിം ശിർക്കിലകപ്പെടുന്നതിനെ ഭയപ്പെടേണ്ടതില്ലെന്ന ഗുഢമായ പ്രചാരണമാണ് പലരും ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, പരിശുദ്ധ ക്വുർആനോ സ്വഹീഹായ ഹദീസുകളോ ഈ നൂതന വാദഗതിയെ അനുകൂലിക്കുന്നില്ല. പ്രത്യുത, മറ്റുള്ള പാപങ്ങളെക്കാളേറെ ശിർക്കാകുന്ന പാപത്തെ ഭയപ്പെടാനും എല്ലാ രംഗത്തും ശിർക്കിനെതിരെ നിതാന്ത ജാഗ്രത പുലർത്താനുമാണ് ഇസ്ലാമിക പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ചിലത് മാത്രം ഉദ്ധരിക്കാം,
സത്യവിശ്വാസികളിൽ ശിർക്ക് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായി അറിയിക്കുന്ന ഒരു വചനം ശ്രദ്ധിക്കുക: الذين آمنوا ولم يلبسوا إيمانهم بظلم أولئك لهم الأمن وهم مهتدون ( لأنعام: ٨٨) “വിശ്വസിക്കുകയും വിശ്വാസത്തെ ദ്രോഹ(ശിർക്ക്) ത്തോട് കലർത്താതിരിക്കുകയും ചെയ്യുന്നവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗ്ഗം പ്രാപിച്ചവർ!” (സൂറഃ അൻആം- 82)
ഈ വാക്യത്തിലെ അക്രമം (ളുൽമ്) കൊണ്ടുള്ള വിവക്ഷ “ശിർക്ക്’ ആണെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്, എന്ന് ഹദീസുദ്ധരിച്ചുകൊണ്ട് പ്രമാണികരായ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോൾ, സത്യവിശ്വാസത്തിൽ ശിർക്ക് കലരാതിരിക്കാൻ ഓരോ വിശ്വാസിയും ജാഗ്രത പുലർത്തണമെന്നാണ് ഈ വചനം നേർക്കുനേരെ പഠിപ്പിക്കുന്നത്.
അഥവാ, സത്യവിശ്വാസികളിൽ ശിർക്ക് വരാൻ സാധ്യതയുണ്ടെന്ന് ചുരുക്കം.
ഇതേ സൂറത്തിലെ മറ്റൊരു വചനത്തിന്റെ സാരം ഇപ്രകാരമാണ്.
“അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതിൽ നിന്ന് നിങ്ങൾ തിന്നരുത്. തീർച്ചയായും അത് അധർമ്മമാണ്. നിങ്ങളോട് തർക്കിക്കുവാൻ വേണ്ടി പിശാചുക്കൾ അവരുടെ മിത്രങ്ങൾക്ക് ദുർബോധനം നൽകിക്കൊണ്ടിരിക്കും. നിങ്ങൾ അവരെ അനുസരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ (അല്ലാഹുവോട്) പങ്കുചേർത്തവരായിപ്പോകും”  (അൻആം 121).
ഈ വചനവും മുസ്ലിംകളിൽ ശിർക്ക് വരാൻ സാധ്യതയുണ്ടെന്ന പാഠമാണ് നമുക്ക് നൽകുന്നത്. മാത്രമല്ല, ശിർക്ക് തങ്ങളിലോ തങ്ങളുടെ സന്താനപരമ്പരയിലോ ശിര്ക്ക് വന്നു പോവാതിരിക്കാൻ പുണ്യപുരുഷൻമാരായിരുന്ന നബിമാർ പോലും അല്ലാഹുവോട് പ്രാർത്ഥിച്ചിരുന്നു എന്നാണ് ഖുർആൻ മനസ്സിലാക്കിത്തരുന്നത്.
‘സൂറത്തു ഇബ്രാഹീമി’ ൽ ഇബ്റാഹീം നബി(അ) നടത്തിയ പ്രാർത്ഥനയിൽ ഇപ്രകാരം കാണാം. “ഇബ്റാഹീം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാണ്) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിർഭത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യണമേ” (സൂ:ഇബ്റാഹീം- 15)
തൗഹീദിന് വേണ്ടി ജീവാർപ്പണം ചെയ്തു, വിഗ്രഹാരാധനക്കെതിരെ പോരാടിയ ഇബ്റാഹീം നബി(അ) തന്നെയും തന്റെ പ്രിയപ്പെട്ട സന്താനങ്ങളെയും കൊടിയ ശിർക്കിൽ നിന്നും രക്ഷപ്പെടുത്തണം എന്ന് പ്രാർത്ഥിക്കുമ്പോൾ ശിർക്ക് സമുദായ മക്കളിൽ പടർന്ന് പിടിക്കാതിരിക്കാൻ എക്കാലത്തും വലിയ ജാഗ്രത പുലർത്തണമെന്നതിന് വേറെ വല്ല തെളിവും ആവശ്യമുണ്ടോ?
തൗഹീദിൽ വിട്ടുവീഴ്ചയില്ലാത്ത ഇബ്റാഹീമീ മില്ലത്ത് പിന്തുടരാനാണ് അല്ലാഹു നമ്മോട് കൽപ്പിച്ചിട്ടുള്ളത്. ഇനി ‘ലാ ഇലാഹ ഇല്ലല്ലാ’ എന്ന കലിമത്തുത്തൗഹീദ് അംഗീകരിച്ച മക്കൾ, തന്റെ കാലശേഷം വഴി തെറ്റി ശിർക്കിലെത്തുമോ എന്ന പേടിയാൽ യഅ്കൂബ് നബി(അ) മരണാസന്ന ഘട്ടത്തിൽ മക്കളെ വിളിച്ചു ചെയ്ത അന്തിമ വസ്വിയ്യത്ത് സൂറത്തുൽ ബഖറയിൽ അല്ലാഹു എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രസ്തുത വചനത്തിന്റെ സാരം ശ്രദ്ധിക്കുക.
“എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങൾ ആരാധിക്കുക എന്ന് യഅകൂബ് മരണം ആസന്നമായ സന്ദർഭത്തിൽ തന്റെ സന്തതികളോട് ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നുവോ? അവർ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്മായീലിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങൾ ആരാധിക്കും. ഞങ്ങൾ അവന് കീഴ്പെട്ട് ജീവിക്കുന്നവരുമായിരിക്കും” (സൂറഃ അൽബക്വറ- 133)

ഇനി നമുക്ക് ഈ വിഷയത്തിലുള്ള ചില നബിവചനങ്ങൾ പരിശോധിക്കാം,
നബി(സ) പറഞ്ഞു: عن أبي هريرة عن النبي(ص) قال: «اجتنبوا السبع الموبقات«، قالوا يا رسول الله وما هن؟ قال : «الشرك بالله … (البخاري: ٢٧٦٦، مسلم : ٨٩) “നിങ്ങൾ നാശകരങ്ങളായ ഏഴ് പാപങ്ങളെ വർജ്ജിക്കുക… (ഒന്ന്) അല്ലാഹുവിൽ ശിർക്ക് വെക്കൽ…’ (ബുഖാരി ഹദീസ് നമ്പർ: 2766, മുസ്ലിം ഹദീസ് നമ്പർ: 89)
സ്വഹാബികളെ അഭിമുഖീകരിച്ചു കൊണ്ടാണ് നബി(സ) ഇപ്രകാരം ഉണർത്തുന്നത്. സമുദായത്തിൽ ശിർക്ക് വരാൻ സാധ്യതയില്ലെന്ന് നബി(സ) അവരെ ഉണർത്തിയിരുന്നുവെങ്കിൽ അവർ അക്കാര്യം തിരിച്ചു ചോദിക്കുമായിരുന്നില്ലേ?
മാത്രമല്ല, ജൂത കൃസ്ത്യാനികളുടെ ചീത്തയായ നടപടിക്രമങ്ങളെ ചാണിനു ചാണായും മുഴത്തിനു മുഴമായും ഈ സമുദായം പിൻപറ്റുമെന്നും നബി(സ) പ്രവചിച്ചിട്ടുണ്ട്. (ബുഖാരി)
എന്തായിരുന്നു ജൂതകൃസ്ത്യാനികളുടെ പ്രധാന വഴികേട്? അവർ പ്രവാചകൻമാരെ ദൈവപുത്രരായി അവരോധിച്ച് ആരാധിച്ചു. അതിനു സമാനമായ വിശ്വാസ വൈകല്യങ്ങൾ സമുദായത്തിൽ വരാതിരിക്കാനാണ് മുൻകൂട്ടി നബി(സ) മുന്നറിയിപ്പ് നൽകുന്നത്!
മറ്റൊരു ഹദീസ് കാണുക. “കൃസ്ത്യാനികൾ ഈസബ്നു മർയമിനെ അമിതമായി വാഴ്ത്തിപ്പറഞ്ഞത് പോലെ നിങ്ങൾ എന്നെയും അമിതമായി വാഴ്ത്തിപ്പറയരുത്, ഞാൻ അല്ലാഹുവിന്റെ ഒരു അടിമ മാത്രമാകുന്നു. അതിനാൽ അല്ലാഹുവിന്റെ അടിമയും അവന്റെ റസൂലും എന്ന് നിങ്ങൾ പറയുക” (ബുഖാരി. 3445)
കൃസ്ത്യാനികൾ ശിർക്കിലെത്തിയ മാർഗ്ഗത്തെ എടുത്ത് പറഞ്ഞ് കൊണ്ട് ആ മാർഗ്ഗത്തെ സ്വന്തം സമുദായത്തോട് വിരോധിക്കുന്നതാണ് ഈ ഹദീസിൽ നാം കാണുന്നത്. പ്രവാചക സ്നേഹത്തിൽ അതിരുവിട്ട ജൂതകൃസ്ത്യാനികളുടെ മാർഗ്ഗം പിന്തുടരരുതെന്ന ഉപദേശം ശിർക്കിനെതിരിലുള്ള മുന്നറിയിപ്പാണെന്ന് തെളിവ് നിരത്തി സമർത്ഥിക്കേണ്ടതില്ലല്ലോ.
ഇതുപോലെത്തന്നെ, നബി(സ) വഫാത്താകുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് പോലും ആവർത്തിച്ച് ഉരുവിട്ട വാക്യം ആയിശ(റ) ഉദ്ധരിച്ചിട്ടുണ്ട്, “ജൂതകൃസ്ത്യാനികളുടെ മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ! അവർ അവരുടെ നബിമാരുടെ കബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി” ഈ വചനം കേട്ടുകൊണ്ടിരുന്ന ഉമ്മുൽ മുഅമിനീൻ ആയിശ(റ) പറയുന്നത്, “നബി(സ) അവർ ചെയ്തതു പോലുള്ളതിനെക്കുറിച്ച് തന്റെ ഉമ്മത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. അത് (ജനങ്ങൾ തന്റെ ക്വബ്ർ ആരാധനാ കേന്ദ്രമാക്കുമോ എന്ന ഭയം) ഇല്ലായിരുന്നുവെങ്കിൽ അവിടുത്തെ ക്വബ്ർ വെളിയിലെവിടെയെങ്കിലുമാക്കുമായിരുന്നു. പക്ഷെ, ഞാൻ ഇപ്പോഴും ഭയപ്പെടുന്നു- ജനങ്ങൾ അതിനെ ആരാധനാ കേന്ദ്രമാക്കുമോ എന്ന്.” (ബുഖാരി)
നോക്കുക. പ്രവാചകൻമാരുടെ ക്വബ്റിനെ ആരാധനാ കേന്ദ്രമാക്കുന്ന പച്ചയായ ശിർക്ക് തന്റെ സമുദായത്തിലും തിരിച്ചു വരുമോ എന്ന ആശങ്കയാണ് ഇപ്രകാരം ആവർത്തിച്ചു പറയാൻ അവസാന നിമിഷത്തിലും നബി(സ)യെ പ്രേരിപ്പിച്ചത് എന്ന് ആയിശ(റ)യുടെ ഈ വിവരണം നമ്മെ അറിയിക്കുന്നു.
മുസ്ലിം സമുദായം ഭാവിയിൽ ശിർക്കിലകപ്പെടാൻ പലവിധ സാധ്യതകളുണ്ടെന്നും അതിനെല്ലാമുള്ള പഴുതുകൾ കൊട്ടിയടക്കുകയാണ് ഇത്തരം മുന്നറിയിപ്പുകൾ കൊണ്ട് ഉദ്ദേശ്യമെന്നും സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ പ്രയാസമില്ല. അതിനാൽ അല്ലാഹുവിന്റെയും തിരുനബി(സ)യുടെയും ആ മുന്നറിയിപ്പുകളും താക്കീതുകളും നാം മുഖവിലക്കെടുക്കുക, അതിലൂടെ നമ്മുടെ ഇഹ-പര നന്മക്കു മാത്രമേ കാരണമാകൂ, അവഗണിച്ചാൽ മഹാ ദുരന്തത്തിനും!!
ആ കൂട്ടത്തിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും വിവിധ മുഖങ്ങൾ ചൂണ്ടി സജീവമായി നിലനിൽക്കുന്നതുമായ കുറെ ശിർക്കൻ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അത്തരം കാര്യങ്ങൾ കൃത്യമായ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തുറന്നു കാട്ടുകയാണ് ഇനി നാം ചെയ്യുന്നത്. അതിനാൽ ശ്രദ്ധയോടെ വായിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും സ്വർഗ്ഗം നിഷിദ്ധമാക്കുന്ന, നരകം ശാശ്വതമാക്കുന്ന അത്തരം അപകടത്തിൽ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ… 

പ്രാർത്ഥന;ഇസ്തിഗാസ

നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് നാം അർപ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ നന്ദി പ്രകടനമാണ് പ്രാർത്ഥന. നാം ചെയ്യുന്ന എല്ലാ ആരാധനകളുടെയും ജീവനും പ്രാർത്ഥന തന്നെ, അതുകൊണ്ട് പ്രാർത്ഥനകളെല്ലാം അവനോട് മാത്രമായിരിക്കണം. അത് ഇസ്ലാമിന്റെ നിർബന്ധ നിയമമാണ്.
നബി(സ) പറയുന്നു: عن النعمان بن بشير قال: سمعت النبي(ص) يقول: الدعاء هو العبادة . ثم قرأ: وقال ربكم ادعوني أستجب لكم إن الذين يستكبرون عن عبادتي سيدخلون جهنم داخرين (الترمذي رقم: ٢٩٦٩)
“നുഅമാനുബ്നു ബശീർ(റ) ഉദ്ധരിക്കുന്നു; അല്ലാഹുവിന്റെ റസൂൽ അരുളി: നിശ്ചയം പ്രാർത്ഥന അത് ഇബാദത്തു തന്നെ യാണ്.
ശേഷം നബി(സ) ഓതി: “നിങ്ങളുടെ നാഥൻ അരുളിയിരിക്കുന്നു. ”എന്നോട് നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുക, നിശ്ചയം ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. എനിക്ക് ഇബാദത്തെടുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.” (തിർമുദി, 2969, 3247, 3372 ,ഇബ്നു മാജ: 3828).
അപ്പോൾ, പ്രാർത്ഥന ആരാധനയാണെന്നും അത് അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്നും യാതൊരു സംശയങ്ങൾക്കും പഴുതില്ലാത്ത വിധം മേൽ നബിവചനം പഠിപ്പിക്കുന്നു. അതിനാൽ പ്രാർത്ഥനകൾ അല്ലാഹുവിന് മാത്രമാക്കുക, സൃഷടികൾ അവരെത്ര ഉന്നതരായിരുന്നാലും അതിന് അർഹരല്ല. മാത്രമല്ല, അവരോടുള്ള പ്രാർത്ഥന അവൻ ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിർക്കാ (ബഹുദൈവാരാധന)ണ് എന്നുകൂടി ഇസ്ലാം പഠിപ്പിക്കുന്നു.
ചില ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക: له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء إلاّ كباسط كفيه إلي الماء ليبلغ فاه وما هو ببالغه وما دعاء الكافرين إلا في ضلال (الرعد: 14)
അല്ലാഹുവിനോടുള്ളത് മാത്രമാണ് സത്യമായ പ്രാർത്ഥന (മറ്റുള്ളവരോടുള്ള പ്രാർത്ഥന അസത്യത്തിന്റേതുമാണ്.) അവന് പുറമെ ആരോടെല്ലാം അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും യാതൊരു ഉത്തരവും നൽകുന്നതല്ല.
വെള്ളം നിന്റെ വായിൽ വന്നെത്താൻ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടി കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർ, അത് (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലോ സത്യനിഷേധികളുടെ പ്രാർത്ഥന നഷ്ടത്തിൽ തന്നെയാകുന്നു.” (സൂറ റഅദ് – 14)
إياك نعبد وإياك نستعين (سورة الفاتحة 5) “നിന്നെമാത്രം ഞങ്ങൾ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു” (സൂറ ഫാതിഹ – 5)
قل إنما أدعو ربي ولا أشرك به أحدا (سورة الجن: ۲۰) “പറയുക, എന്റെ നാഥനോടു മാത്രമേ ഞാൻ പ്രാർത്ഥിക്കുകയുള്ളൂ. അവനിൽ ഒരാളെയും ഞാൻ പങ്ക് ചേർക്കുകയില്ല.” (സൂറ- ജിന്ന് 20)
فلا تدعو مع الله أحدا (سورة الجن: ۱۸) “അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ വിളിച്ചുപ്രാർത്ഥിക്കരുത്.’ (സൂറ ജിന്ന്- 18)
وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دَعان (سورة البقرة: ١٨٦) “എന്റെ അടിമകൾ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാൽ (പറയുക) നിശ്ചയം ഞാൻ അവരുടെ സമീപസ്ഥനാണ്. (അതുകൊണ്ട്) പ്രാർത്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിക്കട്ടെ. ഞാൻ അവന്റെ പ്രാർത്ഥനക്കുത്തരം ചെയ്യും.” (സൂറഃ അൽ ബഖറ- 186)
അപ്പോൾ അല്ലാഹുവിനോടു മാത്രമേ പ്രാർത്ഥന (സഹായാർത്ഥന) പാടുള്ളൂ എന്ന് മേൽ ആയത്തുകൾ അസന്നിഗ്ദമായി പഠിപ്പിക്കുന്നു. ഇനി അല്ലാഹുവല്ലാത്തവരോട് തേടിയാലുള്ള അവസ്ഥയെ ഖുർആൻ ഗൗരവപൂർവ്വം വിശദീകരിക്കുന്നത് കാണുക:
إن تدعوهم لا يسمعوا دعاءكم ولو سمعوا ما استجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير (سورة الفاطر: 14) “നിങ്ങളവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി നിങ്ങൾ ജൽപിക്കുംപോലെ അത് കേട്ടാൽ തന്നെ അവർ നിങ്ങൾക്കുത്തരം നൽകുന്നതുമല്ല. നിങ്ങൾ ചെയ്ത ഈ (പ്രാർത്ഥനയാകുന്ന) ശിർക്കിനെ അവർ അന്ത്യദിനത്തിൽ നിഷേധിക്കുകയും ചെയ്യും.” (സൂറഃ ഫാത്വിർ- 14)
ومن أضل ممن يدعوا من دون الله من لا يستجيب له إلى يوم القيامة وهم عن دعائهم غافلون، وإذا حشر الناس كانوا لهم أعداء وكانوا بعبادتهم كافرين (سورة الأحقاف:٦،٥) “അന്ത്യനാൾ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാർത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല അന്ത്യനാളിൽ) മനുഷ്യരെ ഒരുമിച്ചു കൂട്ടപ്പെടുമ്പോൾ അവർ ഇവരുടെ (പ്രാർത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവർ നിഷേധിക്കുകയും ചെയ്യും.” (സൂറഃ അഹ്ഖാഫ്- 5,6)
وقال ربكم أدعوني أستجب لكم إن الذين يستكبرون عن عبادتي سيدخلون جهنم داخرين (غافر: 60 ) “നിങ്ങളുടെ നാഥൻ പ്രഖ്യാപിക്കുന്നു: എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. തീർച്ചയായും എന്നെ ആരാധിക്കുന്ന (പ്രാർത്ഥിക്കുന്ന) കാര്യത്തിൽ അഹങ്കരി ക്കുന്നവർ പിന്നീട് നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.” – (സൂറഃ ഗാഫിർ – 60)

ഇത്രയും ആയത്തുകൾ വ്യക്തമാക്കിയ കാര്യങ്ങളുടെ ചുരുക്കം ഇപ്രകാരം സംഗ്രഹിക്കാം:  
അല്ലാഹുവിനെ മാത്രമെ വിളിച്ചു പ്രാർത്ഥിക്കാൻ പാടുള്ളു.  
എല്ലാം കേൾക്കാനും അറിയാനും, പ്രാർത്ഥനകൾക്കുത്തരം ചെയ്യാനും അവനുമാത്രമേ സാധിക്കുകയുള്ളൂ.
അവനെയല്ലാതെ മറ്റാരെയും വിളിച്ചു തേടാൻ പാടില്ല.
അല്ലാഹുവല്ലാത്ത ആരാധ്യർക്ക് നമ്മുടെ സഹായാർത്ഥനകൾ കേൾക്കാനോ നമ്മുടെ പ്രയാസങ്ങളറിഞ്ഞ് ഉത്തരം ചെയ്യാനോ സഹായിക്കാനോ കഴിയില്ല.
അവരോടുള്ള പ്രാർത്ഥനയെ പരലോകത്ത് അവർ തന്നെ. നിഷേധിക്കും.
നമ്മൾ വിളിച്ചു തേടുന്നവർ നമ്മെ പോലുള്ള സൃഷ്ടികൾമാത്രം.
അവർ അങ്ങേയറ്റം ദുർബലർ.
അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടുന്നവർ ഏറ്റവും വഴിപിഴച്ചവർ.
ചുരുക്കത്തിൽ, അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥനയൽ നമ്മുടെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുർആൻ ഒരു നിലക്കും അംഗീകരിക്കുന്നില്ലെന്നും അതിനെ ശക്തിയായി എതിർക്കുകയാണെന്നും നാം മനസ്സിലാക്കി.
ഇനി ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ സുന്നത്ത് (ഹദീസ്) പരിശോധിച്ചാലും ഇക്കാര്യം മേൽപറത്തതുപോലെ തന്നെ ആണയിട്ടു സമർത്ഥിക്കുന്നതായി കാണാം.
ഒരു ഉദാഹരണം മാത്രം ശ്രദ്ധിക്കുക: قال النبي : إذا سألت فاسأل الله وإذا استعنت فاستعن بالله (ترمذى رقم: ٦٥١٦) അബ്ദുള്ളാഹിബ്നുഅബ്ബാസ്(റ) :നിവേദനം നബി(സ) പറഞ്ഞു: “നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് തേടുക.” (തിർമുദി ഹദീസ് നമ്പർ: 6516)
ചുരുക്കത്തിൽ, അല്ലാഹുവോടു മാത്രമേ പ്രാർത്ഥിക്കാനും സഹായം തേടാനും പാടുള്ളൂവെന്നും മറ്റാരോടും അത് പാടില്ലെന്നും രണ്ടാം പ്രമാണമായ സുന്നത്തും നമ്മെ പഠിപ്പിക്കുന്നു.
മാത്രമല്ല, ഒരു വിശ്വാസി രാവിലെ ഉറക്കിൽ നിന്ന് ഉണരുന്നതു മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെയുള്ള വിവിധ സന്ദർഭങ്ങളിൽ നടത്തേണ്ട നൂറുക്കണക്കിന് സുന്നത്തായ പ്രാർത്ഥനകൾ നബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
(ഉദാ:- വാഹനത്തിൽ കയറുമ്പോൾ, പുതുവസ്ത്രം ധരിക്കുമ്പോൾ, ഇടി മിന്നലുണ്ടാകുമ്പോൾ, രോഗ ശാന്തിക്ക്, ഖബർ സിയാറത്ത് ചെയ്യുമ്പോൾ…)
എന്നാൽ ഈ പ്രാർത്ഥനകളിലെവിടെയും അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥനയുടെ ഒരു സൂചന പോലും കാണാൻ സാധ്യമല്ല. എല്ലാം അല്ലാഹുവോട് മാത്രമാണെന്നും അവയിലൊന്നും ആരുടേയും ഹഖും ജാഹും ബറകത്തുമില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. അതിനാൽ ഈ മാതൃക സ്വീകരിച്ച് ഇടയാളൻമാരും മധ്യവർത്തികളുമില്ലാതെ നേർക്കുനേരെ അല്ലാഹുവിനോട് മാത്രം പ്രാർത്ഥക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അപ്പോൾ, മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു ഇസ്തിഗാസ നടത്താം; അവർക്ക് നമ്മുടെ പ്രാർത്ഥനകൾ കേൾക്കാനും ഉത്തരം ചെയ്യാനും സാധിക്കും; അതിനാൽ അവരോടുള്ള അർത്ഥന ശിർക്കോ കുഫ്റോ ആകുന്നില്ല എന്ന നമ്മുടെ നാട്ടിലെ ചില പണ്ഡിതന്മാരുടെ വാദത്തിന് ഇസ്ലാമികമായി ഒരു കഴമ്പുമില്ലെന്നും അതു വലിയ അപകടത്തിലേക്കാണ് എത്തിച്ചേരുക എന്നും ഇത്രയും വിശദീകരിച്ചതിൽ നിന്നും വ്യക്തമായല്ലോ. അതിനാൽ പ്രാർത്ഥകൾ എല്ലാം നേർക്കുനേരെ അല്ലാഹുവിനോട് മാത്രമാക്കുക. ഈ രംഗത്ത് ശിർക്ക് വരുന്ന വഴികളെ കരുതിയിരിക്കുകയും ചെയ്യുക.

2027ൽ ലോകാവസാനമോ?

2027ൽ ലോകാവസാനമോ?

ഒരു റമദാനിൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ചു വന്നാൽ ലോകാവസാനത്തിന്റെ അടയാളമോ? 2027 നെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന മെസേജ് വസ്തുതയെന്ത്?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

2027 നെ സംബന്ധിച്ച് പല സഹോദരങ്ങളും ഒരു മെസേജ് വ്യാപകമായി ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ ലേഖനം എഴുതുന്നത്. അന്ത്യനാൾ സംഭവിക്കും എന്നതും, അതിനോട് വളരെ അടുത്തായാണ് നബി (സ) നിയോഗിക്കപ്പെട്ടത് എന്നതും, മുഹമ്മദ് (സ) അന്ത്യപ്രവാചകനാണ് എന്നതും , അന്ത്യദിനത്തോടനുബന്ധിച്ച് നബി (സ) പഠിപ്പിച്ച കാര്യങ്ങൾ സംഭവിക്കുമെന്നുമുള്ളതിൽ എല്ലാവരും അടിയുറച്ച് വിശ്വസിക്കുന്നു. പക്ഷെ അന്ത്യനാൾ എപ്പോൾ സംഭവിക്കുമെന്നത് അല്ലാഹുവിനല്ലാതെ മറ്റൊരാൾ അറിയില്ല എന്നതാണ് ഒരു മുസ്ലിമിന്റെ വിശ്വാസം. എന്നാല് ചില വാറോലകളെ കൂട്ടുപിടിച്ച് 2027ൽ അത് സംഭവിക്കും, അതല്ലെങ്കിൽ അതിന്റെ വലിയ അടയാളങ്ങൾ വരും എന്നെല്ലാം ചിലർ പ്രചരിപ്പിക്കുന്നത് കാണാം. ഇമാം മഹ്ദി വരുന്നതിന് മുന്നോടിയായുള്ള റമദാനിൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ച് സംഭവിക്കും, അത് 2027 ലാണ് എന്ന് പ്രതിപാദിച്ചുകൊണ്ടാണ് ഇത് പ്രചരിക്കപ്പെടുന്നത്. മുമ്പ് പലരും 2000 ത്തിൽ ലോകമവസാനിക്കും എന്ന് പ്രവചിച്ചു. പിന്നീട് ചില കലണ്ടറുകളുടെ അടിസ്ഥാനത്തിൽ 2012 ൽ അത് സംഭവിക്കും എന്ന് പ്രവചിച്ചു. ഇങ്ങനെ പോകുന്നു പ്രവചനങ്ങൾ. അപ്രകാരം പ്രവചിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് അല്ലാഹുവിന്റെ മേൽ കളവ് പ്രചരിപ്പിക്കലാണ്. കാരണം അല്ലാഹുവിന് മാത്രം അറിവുള്ള ഗൈബിയായ കാര്യങ്ങൾ അവകാശപ്പെടുക എന്നത് കുഫ്റാണ്. ഇത്തരം മെസേജുകൾ അറിയാതെ ചില സഹോദരങ്ങൾ പ്രചരിപ്പിച്ചു പോകുന്നത് കാണുമ്പോൾ ഏറെ സങ്കടകരമാണ്, അതിലുപരി ഈ ഉമ്മത്തിൽ ഇന്ന് നില നില്ക്കുന്ന അജ്ഞതയുടെ ആഴം കൂടിയാണ് അത് സൂചിപ്പിക്കുന്നത്.
പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജ് ഇപ്രകാരമാണ്: (ലോക ചരിത്രത്തിൽ ആദ്യമായി 2027ലെ റമളാനിൽ അത് സംഭവിക്കാൻ പോകുന്നു. 2027 ഫെബ്രുവരി 7 അതായത് റമളാൻ 1നു ചന്ദ്രഗ്രഹണവും, 2027 ഫെബ്രുവരി 20 നു അതായത് റമളാൻ പകുതിയോട് അടുപ്പിച്ച് സൂര്യഗ്രഹണവും നടക്കാൻ പോകുന്നു. ലോക മുസ്ലിമീങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു 2027 ലെ റമളാൻ ഇനി 12 വർഷം മാത്രം ബാക്കി. മുത്തു നബി (സ) തങ്ങൾ പറഞ്ഞു: “ഇമാം മഹ്ദി വരുന്നതിന് മുമ്പ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അല്ലാഹു ഈ ലോകം സൃഷ്ടിച്ചത് മുതൽ ഇതുവരെ അതുണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിന് തൊട്ടുമുമ്പുള്ള റമളാൻ മാസത്തില് ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാൻ പകുതിയിൽ സൂര്യ ഗ്രഹണവും ഉണ്ടാവും”).
ഇനി ഇതിന്റെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം: മേല്പറഞ്ഞ ഹദീസ് ഉണ്ടോ ?. അത് സ്വീകാര്യയോഗ്യമാണോ ?.

 

حدثنا أبو سعيد الاصطخري ثنا محمد بن عبد الله بن نوفل ثنا عبيد بن يعيش ثنا يونس بن بكير عن عمرو بن شمر عن جابر عن محمد بن علي قال:” إن لمهدينا آيتين لم تكونا منذ خلق السماوات والأرض تنكسف القمر لأول ليلة من رمضان وتنكسف الشمس في النصف منه ولم تكونا منذ خلق الله السماوات والأرض”.

അബൂ സഈദ് അൽഅസ്ത്വഖ്’രി പറഞ്ഞു: അദ്ദേഹത്തോട് മുഹമ്മദ്ബ്നു അബ്ദുല്ലാഹ് ബ്നു നൗഫൽ പറഞ്ഞു: അദ്ദേഹത്തോട് ഉബൈദ് ബ്നു യഈസ് പറഞ്ഞു: അദ്ദേഹത്തോട് യൂനുസ് ബ്ൻ ബകീര് പറഞ്ഞു: അദ്ദേഹം അംറുബ്നു ശാമിറിൽ നിന്നും: അദ്ദേഹം ജാബിറിൽ നിന്നും : അദ്ദേഹം മുഹമ്മദ് ബ്നു അലിയ്യിൽ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: “നമ്മുടെ മഹ്ദിക്ക് രണ്ട് ദൃഷ്ടാന്തങ്ങളുണ്ട്. ആകാശഭൂമി സൃഷ്ടിക്കപ്പെട്ടതിനു ശേഷം അപ്രകാരമൊന്ന് സംഭവിച്ചിട്ടില്ല. റമളാനിലെ ആദ്യത്തെ രാവിൽ ചന്ദ്രഗ്രഹണവും അതിന്റെ പാതിയിൽ സൂര്യഗ്രഹണവും സംഭവിക്കും. അല്ലാഹു ആകാശ-ഭൂമിയെ സൃഷ്ടിച്ചത് മുതൽ അപ്രകാരം സംഭവിച്ചിട്ടില്ല.” – [ദാറ ഖുത്വനി: 2/65].

ഇത് ഇമാം ദാറ ഖുത്വനി (റ) യാണ് ഉദ്ധരിച്ചിട്ടുള്ളത്. ഈ ഹദീസ് മൗളൂഅ് ആയ അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്. ഈ ഹദീസിന്റെ പരമ്പരയിൽ യൂനുസ് ബ്ന് ബകീർ എന്നയാളുണ്ട്. അയാൾ ധാരാളമായി തെറ്റുകൾ സംഭവിക്കുന്ന ആളാണ്. അതുപോലെ അദ്ദേഹം അത് ഉദ്ധരിക്കുന്നത് അംറു ബ്നു ശ മിർ എന്നയാളിൽ നിന്നാണ്. ഇയാൾ കള്ള ഹദീസുകൾ കെട്ടിച്ചമക്കുന്ന ആളാണ് എന്നാണ് ഹദീസ് നിധാനശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇമാം സുലൈമാനി (റ) പറയുന്നു: അംറ് റാഫിളിയാക്കൾക്ക് (ശിയാക്കൾക്ക്) വേണ്ടി ഹദീസുകൾ കെട്ടിച്ചമക്കുന്ന ആളാണ്. ഇമാം ഹാകിം (റ) പറയുന്നു: “ജാബിർ അൽജഅഫിയെ ഉദ്ധരിച്ചുകൊണ്ട് ധാരാളമായി ഹദീസുകൾ കെട്ടിച്ചമക്കുന്ന ആളാണയാൾ.” മുകളിൽ പരമർശിച്ച ഹദീസ് ഇയാൾ ജാബിർ അല്ജഅഫിയിൽ നിന്നാണ് ഉദ്ദരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇമാം ഇബ്നു ഹിബ്ബാൻ (റ) പറയുന്നു: “സ്വഹാബത്തിനെ കുറ്റം പറയുന്ന ഒരു റാഫിളിയാണിയാൾ. വിശ്വാസയോഗ്യരായ ആളുകളുടെ പേരിൽ കള്ളഹദീസുകൾ ഉദ്ധരിക്കലും ഇയാളുടെ പ്രവർത്തിയാണ്”.

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നു: “ഇയാൾ ളഈഫും റാഫിളിയുമാണ്”. – [മേൽപ്പറഞ്ഞ ഉദ്ധരണികൾ ലഭിക്കാൻ: മഹ്ദിയെക്കുറിച്ച് വന്ന കള്ളഹദീസുകൾ സമാഹരിച്ച الموسوعة في أحاديث المهدي الضعيفة والموضوعة എന്ന അബ്ദുൽ അലീം അബ്ദുൽ അളീം ബസ്തവിയുടെ ഗ്രന്ഥത്തിൽ പേജ്: 169 നോക്കുക].

അതുകൊണ്ടുതന്നെ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ 2027 ഓടു കൂടി ലോകാവസാനത്തിന്റെ വലിയ അടയാളങ്ങൾ സമാഗതമാകും എന്ന് പറയാൻ സാധിക്കില്ല. മറിച്ച് അലിയ് ബ്ൻ അബീ ത്വാലിബ് (റ) വിന്റെ മകൻ മുഹമ്മദ് ബ്ൻ അലി (റ) വിലേക്ക് ചേർത്തി കള്ളമായി പ്രചരിപ്പിക്കപ്പെട്ട ഒരു കാര്യം മാത്രമാണത്. ഇനി പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജിലെ രണ്ടാമത്തെ കളവ്: “എന്റെ സമുദായം 1500 വർഷം കടന്നുപോകുകയില്ല” എന്ന് നബി (സ) പറഞ്ഞുവെന്നാണ്. ഇതും നബി (സ) യുടെ മേൽ കെട്ടിച്ചമക്കപ്പെട്ട കളവാണ്. അല്ലാഹുവിന്റെ റസൂൽ (സ) അപ്രകാരം പറഞ്ഞിട്ടില്ല. പിന്നെ ഈ കണക്ക് എവിടെ നിന്ന് വന്നു എന്ന് ചോദിച്ചാൽ ചില ആളുകൾ മറ്റു ചില ഹദീസുകളെ അതിൽ പരാമർശിക്കപ്പെട്ട ജൂത ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള കാര്യങ്ങളെപ്പറ്റി ഗണിച്ചെടുത്താണ് 1500 വർഷം എന്ന സംഖ്യ ഉണ്ടാക്കിയത്. ഹദീസിൽ അന്ത്യദിനത്തോട് അടുത്തായാണ് മുസ്ലിം സമുദായം ഉള്ളത് എന്നത് വ്യക്തമാണ് എങ്കിൽക്കൂടി 1500 എന്നൊരു കണക്ക് ഹദീസിൽ ഇല്ല.

ഇവർ ദുർവ്യാഖ്യാനിച്ച ഹദീസ് ഇപ്രകാരമാണ്: مثل المسلمين واليهود والنصارى، كمثل رجل استأجر قوما، يعملون له عملا إلى الليل، فعملوا إلى نصف النهار فقالوا: لا حاجة لنا إلى أجرك، فاستأجر آخرين، فقال: أكملوا بقية يومكم ولكم الذي شرطت، فعملوا حتى إذا كان حين صلاة العصر، قالوا: لك ما عملنا، فاستاجر قوما، فعملوا بقية يومهم حتى غابت الشمس، واستكملوا أجر الفريقين).). ‏صحيح البخاري

“മുസ്ലിമീങ്ങളുടെയും, ജൂത ക്രിസ്ത്യാനികളുടെയും ഉദാഹരണം; ഒരാൾ രാത്രി വരെ ജോലി ചെയ്യാനായി ഒരു പറ്റം ആളുകളെ കൂലിക്ക് വിളിച്ചത് പോലെയാണ്. ഒരു കൂട്ടർ പകൽ പകുതിയോളം ജോലി ചെയ്തപ്പോഴേക്കും, ഞങ്ങൾക്ക് തന്റെ കൂലി വേണ്ട എന്ന് പറഞ്ഞ് നിർത്തി. അപ്പോൾ അയാൾ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അയാൾ പറഞ്ഞു: നിങ്ങൾ ഇന്ന് അവശേഷിച്ചത് പൂർത്തിയാക്കുക. ഞാൻ വാഗ്ദാനം ചെയ്തത് നിങ്ങൾക്ക് നൽകാം. അവർ അസറ് വരെ പണിയെടുത്തു. എന്നിട്ട് പറഞ്ഞു: ഞങ്ങൾ ഇതുവരെ ചെയ്തതെന്തോ അത് മതി. അപ്പോൾ അയാൾ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അവർ അവശേഷിച്ച സമയം സൂര്യൻ അസ്തമിക്കുന്നത് വരെ പണിയെടുത്തു. അവർ ആ ഇരുകൂട്ടരുടെ പ്രതിഫലവും പൂർണമായി നേടുകയും ചെയ്തു.” – [ബുഖാരി: 558].

യഥാർഥത്തിൽ ഈ ഹദീസ് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ നബിമാരിലും വിശ്വസിക്കുകയും പൂർണമായ വിശ്വാസത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നവർക്കാണ് അല്ലാഹുവിന്റെ പക്കൽ വിജയമുള്ളത് എന്നതും അന്ത്യദിനം അടുത്താണ് എന്നതുമാണ്. എന്നാൽ ഈ ഉമ്മത്തിന്റെ ആയുസ് 1500 വർഷമാണ് എന്ന് ഖണ്ഡിതമായി പറയാനുള്ള യാതൊന്നും ആ ഹദീസിലില്ല.

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) ഈ ഹദീസിന്റെ വിശദീകരണത്തിൽ പറയുന്നു: (ജൂതന്മാരാണ് ആദ്യം ജോലി ചെയ്തവർ) “ഞങ്ങൾ തന്റെ കൂലി ആവശ്യമില്ല” എന്നവർ പറഞ്ഞതുകൊണ്ട് അവർ അല്ലാഹുവിൽ അവിശ്വസിക്കുകയും, വിശ്വാസത്തിൽ നിന്ന് പിന്തിരിഞ്ഞു കളയുകയും, അതിനാൽ അല്ലാഹു അവരെ ഉപേക്ഷിക്കുകയും ചെയ്തു എന്നതാണ്…………….

അതുപോലെത്തന്നെയാണ് നസാറാക്കളും അവരുടെ സമയം ജൂതന്മാരുടെ പകുതിയായിരുന്നു എന്ന് അതിൽ സൂചനയുണ്ട്. കാരണം അവർ മുഴുവൻ പകലിന്റെയും കാൽ ഭാഗം മാത്രമാണ് പണിയെടുത്തത്……. “എന്നാൽ പകലിൽ നിന്നു വളരെ കുറച്ച് മാത്രം അവശേഷിച്ചപ്പോൾ സൂര്യൻ അസ്തമിക്കുന്നത് വരെ അത് പൂർത്തിയാക്കിയവർ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. മുസ്ലിമീങ്ങളാണ്. അവർ മൂന്ന് നബിമാരിലും വിശ്വസിച്ചത് കൊണ്ട് അവർക്ക് ആ മൂന്ന് പേരുടെ പ്രതിഫലവും ലഭിച്ചു. ദുനിയാവിൽ വളരെ കുറഞ്ഞ സമയമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നതിലേക്ക് ഈ ഹദീസ് സൂചന നൽകുന്നു.
അതിനെക്കുറിച്ച് “ഞാനും അന്ത്യദിനവും തമ്മിൽ ഈ വ്യത്യാസത്തിലാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് തന്റെ ചൂണ്ടുവിരലും നടുവിരലും നബി (സ) ഉയർത്തിക്കാണിച്ച ഹദീസ് വിശദീകരിക്കുന്നിടത്ത് അത് കൂടുതൽ വ്യക്തമാക്കാം” – [ഫത്ഹുൽ ബാരി: ഹദീസ് 2151].
അതെ, അന്ത്യദിനം അടുത്തുവെന്നുള്ളത് അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ച കാര്യമാണ്. അന്ത്യദിനത്തോട് അടുത്താണ് അല്ലാഹുവിന്റെ റസൂൽ നിയോഗിക്കപ്പെട്ടത് എന്ന് സ്വഹീഹായ ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ അത് ഇന്ന വർഷമാണെന്നോ അതിന്റെ അടയാളങ്ങൾ പുലരുന്നത് ഇന്ന വർഷമാണെന്നോ ആർക്കും പ്രവചിക്കാൻ സാധ്യമല്ല. ഹദീസുകളെ ദുർവ്യാഖ്യാനിച്ച് അപ്രകാരമുള്ള ഗവേഷണങ്ങൾ നടത്തുക എന്നത് വളരെ വലിയ പാതകമാണ്. മേൽപ്പറഞ്ഞ ഹദീസിൽ നിന്നു ജൂതക്രിസ്ത്യാനികളുടെ കാലം ചരിത്രകാരന്മാർ വിലയിരുത്തിയതിനെ ആസ്പദമാക്കി ഗണിച്ചാണ് ചിലർ മുസ്ലിം ഉമ്മത്തിന്റെ ആയുസ് 1500 വർഷം എന്ന് പ്രചരിപ്പിക്കുന്നത്. മാത്രമല്ല അത് നബി (സ) പറഞ്ഞു എന്ന പേരിൽ പ്രചരിപ്പിക്കുന്നത് അതിനെ കൂടുതൽ വലിയ അപരാധമാക്കി മാറ്റുന്നു.

“എന്റെ മേൽ അറിഞ്ഞുകൊണ്ട് ആര് കളവ് പറയുന്നുവോ അവന് നരകത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ” എന്ന് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മെസ്സേജുകൾ ഷെയർ ചെയ്യുന്നത് നാം സൂക്ഷിക്കുക. എഴുതിയ ആളുടെ പേരും വിലാസവും ഇല്ലാത്ത ഒരു മെസേജും ഷെയർ ചെയ്യൽ അനുവദനീയമല്ല. കാരണം അത് വസ്തുതകളുടെ സത്യസന്ധതയെ ബാധിക്കും.

അതുകൊണ്ടാണ് ഇമാമീങ്ങൾ : “മതം അത് സനദിലൂടെ മാത്രമാണ്. ഇല്ലെങ്കിൽ തോന്നിയവരെല്ലാം മതത്തിന്റെ പേരിൽ തോന്നിയത് പ്രചരിപ്പിക്കുമായിരുന്നു”. എന്ന് പറയാൻ കാരണം. ഇനി പേരും വിലാസവും ഉണ്ടെങ്കിലും അത് പറയുന്ന വ്യക്തി സ്വീകാര്യനാണോ, മതപരമായി അത് പറയാൻ യോഗ്യനാണോ എന്നെല്ലാം വിലയിരുത്തിയാണ് നാം മതപരമായ വിഷയങ്ങൾ സ്വീകരിക്കേണ്ടത്. ഇല്ലെങ്കിൽ ക്രിസ്തീയ സമുദായത്തിന് സംഭവിച്ച പോലെ എല്ലാ കെട്ടുകഥകളും വിശ്വസിക്കുന്നവരായി ഈ സമുദായവും മാറും… അതുകൊണ്ട് നാം സൂക്ഷിക്കുക.

ഇമാം മഹ്ദി വരും എന്നതും അത് അന്ത്യദിനത്തിന്റെ അടയാളത്തിൽ പെട്ടതാണ് എന്നതും വസ്തുതയാണ് പക്ഷെ അത് 2027 ലാണ് എന്ന് പറയാൻ ആര് നമുക്കധികാരം തന്നു. അതൊരു പക്ഷെ അല്ലാഹു നിശ്ചയിച്ചത് പ്രകാരം 2027 നോ, അതിനു മുമ്പോ, അതിന് ശേഷമോ സംഭവിച്ചെന്നു വരാം. അതുപോലെ അതിന്റെ അടയാളങ്ങളും. പക്ഷെ അത് ഇന്ന വർഷമായിരിക്കും എന്ന് പറയാൻ, എന്ന് കണക്കാക്കാൻ ആരാണ് നമുക്കധികാരം തന്നത് ?!.
ജിബ്രീൽ അലൈഹിസ്സലാം മഹാനായ നബി (സ) യോട് അന്ത്യദിനം എപ്പോൾ സംഭവിക്കും എന്നതിനെപ്പറ്റി ചോദിച്ചപ്പോൾ, “ചോദിക്കപ്പെട്ടയാൾക്ക് ചോദിച്ച ആളെക്കാൾ ആ വിഷയത്തിൽ യാതൊന്നുമറിയില്ല” എന്ന് റസൂൽ കരീം (സ) മറുപടി നല്കിയത് നമുക്കേവർക്കും മാതൃകയാണ്.
അല്ലാഹുവിന്റെ റസൂലിന് പോലും അറിയാത്ത കാര്യം ചിലർ ഗവേഷണം ചെയ്ത് കണ്ടെത്തിയെന്നോ ?!. ഈ ബാലപാഠം പോലും നമുക്ക് മനസ്സിലായില്ലയെങ്കിൽ നാം തീർത്തും അപകടത്തിലാണ്. അന്ത്യദിനത്തിന്റെ സമയമെപ്പോൾ എന്നറിയുന്നതിലല്ല, അതിനുവേണ്ടി നാം തയ്യാറെടുത്തോ എന്നതാണ് ചിന്തിക്കേണ്ടത്. അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക എന്നതറിയാൻ വ്യഗ്രത കാണിച്ച ആളുകൾക്ക് വിശുദ്ധ ഖുർആൻ കൃത്യമായ മറുപടി നൽകുന്നുണ്ട്:

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا (42) فِيمَ أَنْتَ مِنْ ذِكْرَاهَا (43) إِلَى رَبِّكَ مُنْتَهَاهَا (44) إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَاهَا ( (45كَأَنَّهُمْ يوم يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا (46)

” ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവർ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്?. അതിന്റെ അറിവ് അതിന്റെ രക്ഷിതാവിന്റെ പക്കലാണ്. അതിനെ ഭയപ്പെടുന്നവർക്ക് ഒരു താക്കീതുകാരൻ മാത്രമാണ് നീ. അതിനെ അവർ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവർ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവർക്ക് തോന്നുക.)”. – [ നാസിആത്ത് : 42 – 45].

അഥവാ ആ സമയം അറിഞ്ഞതുകൊണ്ട് പ്രത്യേകിച്ച് എന്തുകിട്ടാനാണ്? പക്ഷെ ആ അന്ത്യസമയത്തെ ഭയപ്പെടുന്നവർക്കുള്ള താക്കീതുകാരനായാണ് പ്രവാചകൻ(സ) വന്നത്. അതിനാൽ തന്നെ ആര് ആ പ്രവാചകനെ അനുസരിക്കുന്നുവോ അവർക്ക് മാത്രമാണ് ആ താക്കീത് ഉപകരിക്കുന്നത്. എന്നതുപോലെ മഹ്ദിയുടെ ആഗമനം പ്രവാചകൻ(സ) നമുക്ക് നൽകിയ ഒരു സന്തോഷവാർത്തയാണ്. അതെപ്പോഴാണ് എന്ന് കൃത്യമായി പ്രവാചകൻ(സ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നിങ്ങൾ ഖുർആനും പ്രവാചകചര്യയും മുറുകെപ്പിടിക്കുന്നവരാണ് എങ്കിൽ സ്വാഭാവികമായും മഹ്ദിയുടെ ആഗമനസമയത്ത് നിങ്ങളുണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ അനുയായികളിൽ പെട്ടവരായിരിക്കും എന്നതാണ് പ്രവാചകവചനങ്ങൾ സൂചിപ്പിക്കുന്നത്. ഏതായാലും ഒരു വിശ്വാസി ഏതു സാഹചര്യത്തിലായാലും കൈകൊള്ളേണ്ട നിലപാട് എന്ന് പറയുന്നത് ഖുർആനും, സുന്നത്തും, സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ മനസ്സിലാക്കി അതിനുവേണ്ടി നിലകൊള്ളുക എന്നതാണ്. കൃത്രിമമായ നിഗമനങ്ങൾ മെനഞ്ഞ് മഹ്ദിയെ കണ്ടെത്താൻ സത്യവിശ്വാസികളോട് അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് മഹ്ദിയുടെ ആഗമനം വെളിപ്പെടും. അത് സംശയഭേധമന്യേ വിശ്വാസികൾക്ക് അല്ലാഹു പ്രകടമാക്കിക്കൊടുക്കും. അതാണ് കൃത്യമായി പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുള്ളത്. സ്വാഭാവികമായും ഖുർആനും സുന്നത്തും പിൻപറ്റുന്നവർ ആയിരിക്കും അദ്ദേഹത്തോടൊപ്പം നിലകൊള്ളുക. ആയതിനാൽ തന്നെ ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുക എന്നതാണ് അടിസ്ഥാനം.
അല്ലാഹു അനുഗ്രഹിക്കട്ടെ…ഇല്ലെങ്കിൽ

വെള്ളിയാഴ്ച്ചയിലെ മര്യാദകൾ….

ഇന്ന് വെള്ളിയാഴ്ച , തിരക്കു പിടിച്ച നമ്മുടെ ജീവിതത്തിൽ മറ്റു ദിവസങ്ങളിൽ നിന്ന് എന്തെങ്കിലും മാറ്റം ഈ ദിവസത്തിൽ ഉണ്ടോ..?
ഇല്ലെങ്കിൽ ഉണ്ടാവേണ്ടതുണ്ട്,
ഇന്ന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
• നബി(സ്വ) യുടെ പേരിൽ സ്വലാത്ത് വർദ്ധിപ്പിക്കൽ.
• കുളിക്കൽ.
• നല്ല വസ്ത്രം ധരിക്കൽ.
• പുരുഷന്മാർ സുഗന്ധം പൂശൽ.
• സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യൽ .

(വ്യാഴാഴ്ച മഗ്’രിബ് മുതൽ വെള്ളിയാഴ്ച മഗ്’രിബ് വരെ)
• നേരത്തേ പള്ളിയിലേക്ക് പോകൽ.
• നിശബ്ദമായി ഖുതുബ ശ്രദ്ധിച്ച് കേൾക്കൽ
 .
(സംസാരിക്കുന്നവരോട് മിണ്ടാതിരിക്കൂ എന്ന് പറയുന്നവർക്ക് ജുമുഅ നഷ്ടപ്പെടുമെന്ന് പ്രവാചകൻ (സ്വ).
• ഖുതുബ ശ്രവിക്കുമ്പോൾ കാൽ മുട്ടിൽ കൈകൾ കെട്ടി ഇരിക്കാതിരിക്കൽ. ( നബി (സ്വ) വിരോധിച്ചത്.)
• പ്രാർത്ഥനകൾ അധികരിപ്പിക്കൽ. 
( വെള്ളിയാഴ്ച ഒരു പ്രത്യേക സമയത്തെ പ്രാർത്ഥനക്ക് അല്ലാഹു പെട്ടെന്ന് ഉത്തരം നൽകും, സമയം ക്ലിപ്തപ്പെടുത്തിയിട്ടില്ല.)
അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.. ആമീൻ….