ഗുഹയിലകപ്പെട്ടവരുടെ സംഭവത്തിലെ പാഠങ്ങൾ….
മൂന്ന് പേർ ഒരു യാത്ര പുറപ്പെട്ടു. യാത്രക്കിടെ ശക്തമായ കാറ്റും കോളും ഉണ്ടായി. ഘോരമായ മഴയും തിമിർത്തു പെയ്തു. മൂവർ സംഘം ഒരു ഗുഹയിൽ അഭയം തേടി. പെട്ടെന്ന് ആ ഗുഹാ മുഖത്ത് ഒരു വൻപാറക്കല്ല് വന്നടഞ്ഞു. അവർക്ക് പുറത്ത് കടക്കാൻ കഴിയാത്ത അവസ്ഥ! അവസാനം അവർ പരസ്പരം ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. തങ്ങൾ ചെയ്ത ഏറ്റവും നല്ല പ്രവൃത്തിയെ മുൻനിർത്തി അല്ലാഹുവിനോട് രക്ഷയ്ക്കായി പ്രാർത്ഥിക്കുക. ഓരോരുത്തരും തങ്ങളുടെ ഏറ്റവും നല്ല കർമത്തെ മാധ്യമമാക്കി അല്ലാഹുവിനോട് രക്ഷാമാർഗം തേടുക. അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി നിഷ്കളങ്കമായി ചെയ്ത കർമം ഓരോരുത്തരും ഓർത്തെടുത്തു.
ഒരാൾ പ്രാർത്ഥിച്ചു: “എന്റെ മാതാപിതാക്കൾ വ്യദ്ധരായിരുന്നു. ഞാൻ എന്റെ കുടുംബത്തെയും കുട്ടികളെയും പാൽ കുടിപ്പിക്കുന്നതിനു മുമ്പ് വ്യദ്ധമാതാപിതാക്കളെ പാലൂട്ടുക പതിവാണ്. അതിനിടെ ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങിയെത്താൻ വളരെ വൈകി. താൻ പാൽ കറന്ന് ഉമ്മയുടെയും ഉപ്പയുടെയും അടുക്കലെത്തിയപ്പോൾ അവർ ഉറങ്ങിപ്പോയിരുന്നു. അവർക്ക് പാല് കൊടുക്കുന്നതിനുമുമ്പ് എന്റെ മക്കളെ പാലൂട്ടാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. അങ്ങനെ രാത്രി ഏറെ വൈകും വരെ ഞാൻ പാൽ പാത്രവും പിടിച്ച് അവരിരുവരും ഉണരുന്നതുവരെ കാത്തിരുന്നു. എന്റെ മക്കളാകട്ടെ എന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഒടുവിൽ നേരം പുലർന്നു. മാതാപിതാക്കൾ ഉണർന്നതിൽ പിന്നെ അവർക്ക് പാല് നൽകി. അതിന് ശേഷമാണ് മക്കൾക്ക് കൊടുത്തത്.
അല്ലാഹുവേ! നിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചാണ് ഞാൻ ഇങ്ങനെ ചെയ്തത്. ആ കർമം നിനക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഈ പാറക്കല്ല് ഞങ്ങളിൽ നിന്ന് നീ നീക്കണേ!”
അപ്പോൾ പാറക്കല്ല് അൽപമൊന്ന് നീങ്ങി.
രണ്ടാമൻ പറഞ്ഞു: “എന്റെ പിതൃസഹോദരന്റെ മകളുമായി അവിഹിത വേഴ്ചക്ക് ഞാൻ ഏറെ ആഗ്രഹിച്ചു. എന്നാൽ അവസരം ഒത്തു വന്നപ്പോൾ അല്ലാഹുവിനെ ഭയന്ന് അതിൽ നിന്ന് ഒഴിഞ്ഞുമാറി. അയാൾ അക്കാര്യം എടുത്ത് പറഞ്ഞ് അല്ലാഹുവിനോട് കേണപേക്ഷിച്ചു. അല്ലാഹുവേ, ഈ പ്രവൃത്തി നിന്നെ പ്രീതിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഈ കല്ല് ഞങ്ങളിൽ നിന്ന് നീക്കണമേ” അങ്ങനെ ആ കല്ല് ഒരൽപം കൂടി നീങ്ങി.
മൂന്നാമന്റെ കയ്യിൽ ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ കൂലി കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. കൂലി കമ്മിയായതിനാൽ തൊഴിലാളി പണം വാങ്ങാതെ പിണങ്ങിപ്പോയതായിരുന്നു. എന്നാൽ ആ കുറഞ്ഞ കൂലി മുതലാളി തന്റെ കച്ചവടത്തിൽ ഇറക്കി. അത് കാണെക്കാണെ വർധിച്ച് വലിയ സമൃദ്ധിയായി. എന്നാൽ തൊഴിലാളി പിന്നീട് മടങ്ങി വന്ന് തന്റെ പഴയ വേതനം ആവശ്യപ്പെട്ടു. അപ്പോൾ ആ വേതനം മുഖേന സമ്പാദിച്ച സ്വത്തെല്ലാം തൊഴിലാളിക്ക് ഞാൻ വിട്ടുനൽകി. “ഇതൊരു സൽകർമമായി അല്ലാഹുവേ! നീ ത്യപ്തിപ്പെട്ടെങ്കിൽ ഈ പാറക്കല്ല് ഞങ്ങളിൽ നിന്ന് നീക്കി ഞങ്ങളെ രക്ഷപ്പെടുത്തണമേ!”
അതോടെ കല്ല് പൂർണ്ണമായും നീങ്ങി. മൂവർ സംഘം സുരക്ഷിതരായി പുറത്ത് വരികയും ചെയ്തു.
(സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്ലിം)
വിശുദ്ധ കുർആനും, പ്രവാചക വചനങ്ങളും പഠിക്കുമ്പോൾ മാതാപിതാക്കളുമായി ഏതവസ്ഥയിലും സൽപെരുമാറ്റവും സഹവർത്തിത്വവുമാണ് വേണ്ടതെന്ന് ബോധ്യമാവും. ഇനിയും വിപരീതദിശയിലാണ് നിങ്ങളുടെ സഞ്ചാരമെങ്കിൽ വിജയ പ്രതീക്ഷ വെച്ചുപുലർത്തേണ്ടതില്ലെന്ന് കൂടി അടിവരയിട്ടു പറഞ്ഞുവെക്കട്ടെ….