സ്ത്രീകൾക്ക് വീടാണോ ഉത്തമം..?

സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയാന്‍ വേണ്ടി അവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉസ്താദുമാര്‍ പ്രചരിപ്പിക്കാറുള്ള ഒരു ഹദീസാണ് സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന ഹദീസ്.
ഈ ഹദീസിന്റെ സ്വീകാര്യതയെപറ്റിയുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
പരിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് അഹ്‌സാബില്‍ അല്ലാഹു പറയുന്നു : وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ‘നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക.
(പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില് നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരി ക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.’

ഹിജാബിന്റെ ആയത്തെന്ന് സമസ്തക്കാര്‍ പറയാറുള്ള സൂറത്ത് അഹ്‌സാബിലെ 33 മത്തെ ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നുകസീര്‍ (റ) പറയുന്നത് കാണുക. وَقَوْلُهُ : ( وَقَرْنَ فِي بُيُوتِكُنَّ ) أَيِ : الْزَمْنَ بُيُوتَكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَةٍ وَمِنِ الْحَوَائِجِ الشَّرْعِيَّةِ الصَّلَاةُ فِي الْمَسْجِدِ بِشَرْطِهِ ، كَمَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ، وَلْيَخْرُجْنَ وَهُنَّ تَفِلَاتٌ ” وَفِي رِوَايَةٍ : ” وَبُيُوتُهُنَّ خَيْرٌ لَهُنَّ “
“സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണം. അത്യാവശ്യങ്ങൾല്ലാതെ അവർ പുറത്ത് പോകാൻ പാടുള്ളതല്ല, നമസ്ക്കാരത്തിന് വേണ്ടി ശർത് പാലി ച്ചുകൊണ്ട് പള്ളിയിൽ പോവുക എന്നത് ശറഹിൽ അ നുവദിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ ദാസികളെ നിങ്ങൾ അല്ലാഹുവിന്റെ പള്ളികളിൽ നിന്നും തടയരുത്. അവര് ആഢംബരമില്ലാതെ പുറപ്പെടട്ടെ എന്ന് നബി (സ) പറഞ്ഞപോലെ .”
മറ്റൊരു റിപ്പോർട്ടിൽ “സ്ത്രീകൾക്ക് വീടാണ് ഉത്തമം” എന്നുണ്ട്. (തഫ്സീര് ഇബ്നുകസീര്)
സ്ത്രീകള്ക്ക് പള്ളി വിലക്കാൻ സമസ്തക്കാർ പറയാറുള്ള ഈ ആയതിന്റെ തഫ്സീറിൽത്തന്നെ ഇബ്നുകസീർ പറയുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും, എന്നാൽ ശർത് പാലി ച്ചുകൊണ്ട് നമസ്കാരങ്ങൾക്ക് പള്ളിയിൽ പോകാൻ അവർക്ക് അനുവാദമുണ്ടന്നും, മാത്രമല്ല, അവർ പുറപ്പെടുന്നുവെങ്കിൽ ആഢംബരമില്ലാതെ പുറപ്പെടട്ടെ എന്നും, ഇങ്ങനെ പള്ളിയിലേക്ക് പോകുന്ന സ്ത്രീകളെ തടയരുതെന്നുമുള്ള പ്രവാചകന്റെ കല്പനയുണ്ടെന്നുമാണ്. എന്നാൽ സത്യം മറച്ചുവെക്കാൻ ആഗ്രഹിക്കുന്നവർ ഇബ്നുകസീറിന്റെ ഈ വാചകം കണ്ടില്ലന്ന് വെക്കുകയും ശേഷമുള്ള “സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നൊരു റിപ്പോർട്ടുമുണ്ട്” എന്നതിൽ കടിച്ച് തൂങ്ങുകയും ചെയ്യുന്നു. അതാകട്ടെ തെളിവിനു പറ്റില്ല എന്ന് മറ്റു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതുമാണ്.
സഹീഹായാൽത്തന്നെ ഹദീസിന്റെ ഉദ്ദേശ്യം സ്ത്രീകൾക്ക് പൊതുവായ നിലക്ക് വീടാണ് ഉത്തമം എന്നാണ്. അതുകൊണ്ടാണ് ഇബ്നുകസീര് സ്ത്രീകള് വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും എന്നാൽ പള്ളിയിൽ പോകൽ അവർക്ക് അനുവദനീയമാണെന്ന് ഒരുമിച്ച് പറയുകയും ചെയ്തത്. കാരണം അനുവദനീയ കാര്യങ്ങളിൽ മാത്രമേ അതിൽ ഉത്തമം ഏതെന്നു ചോദ്യമുള്ളൂ. അത്തരം കാര്യങ്ങളിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല.
കൂടാതെ ഒരു കാര്യം ഉത്തമമാണെന്ന് വെച്ച് മറ്റേ കാര്യം ഹറാമാകുന്നുമില്ല. ഉദാഹരണത്തിന് വസ്ത്രങ്ങളിൽ വെള്ളവസ്ത്രമാണ് ഉത്തമം എന്നിരിക്കെ മറ്റു വസ്ത്രങ്ങൾ ധരിക്കുന്നവരെ ആരും ആക്ഷേപിക്കാറില്ലല്ലോ! പുരുഷന്മാർക്ക് മുന്നിലെ സ്വഫാണ് പുണ്യം എന്നിരിക്കെ പിറകിലെ സ്വഫ് ഹറാമാണെന്നോ, പുണ്യം ഇല്ലന്നോ, ആരെങ്കിലും വാദിക്കാറുണ്ടോ? ഇല്ല എന്നുതന്നെയാണ് സമസ്തക്കാരുടെയും വാദം.
അപ്പോൾപ്പിന്നെ ഇവിടെ സമസ്താക്കാരുടെ ഉദ്ദേശ്യം പള്ളികളിലെ ജുമുഅകളിലും കുതുബകളിലും പങ്കെടുക്കുക വഴി ഇസ്ലാമിന്റെ യഥാർഥ പാഠങ്ങൾ സ്ത്രീകൾ മനസ്സിലാക്കരുത് എന്നത് തന്നെയാണ്. അതിന്നായി അല്ലാഹുവും അവന്റെ റസൂലും അനുവദിച്ച കാര്യങ്ങൾ ധിക്കാരത്തോടെ ഇവർ ഹറാമാക്കുകയും ചെയ്യുന്നു. എന്നാൽ സ്ത്രീകൾ ജാറങ്ങളിലേക്കും സകല തോന്നിവാസങ്ങളും നടക്കുന്ന നേർച്ച, പൂരങ്ങളിലേക്കും പോകുന്നതിനു ഒരു കുഴപ്പമില്ല താനും! എന്തൊരു വിരോധാഭാസം !
സ്ത്രീകളെ പള്ളിവിലക്കാനായി പറയാറുള്ള “വീടാണ് ഉത്തമം” എന്ന ഹദീസിന്റെ സ്വീകാര്യതയെ പറ്റി പണ്ഡിതന്മാർ എന്ത് പറയുന്നു.?
“ഹബീബ് ബ്നു അബീസാബിത് , ഇബ്നു ഉമർ (റ) നെ തൊട്ട് നിവേദനം : നബി (സ) അരുളി: നിങ്ങളുടെ സ്ത്രീകളെ പള്ളിയിൽ നിന്ന് നിങ്ങള് തടയരുത്, അവർക്ക് വീടാണുത്തമം” (അബൂദാവൂദ്) ഈ ഹദീസിന്റെ പരമ്പര പോലും ദുർബലമായതാണ്. ഇതിന്റെ സർവ പരമ്പരകളും ഹബീബുബ്നു സാബിത് ‘അൻ’ എന്ന് പറഞ്ഞാണ് ഉദ്ധരിക്കുന്നത്. ഇതിന് ഹദീസ് നിദാന ശാസ്ത്രത്തിൽ ‘അൻ അനത്ത്’ എന്നാണ് പറയുക. ഹബീബ്നു അബീ സാബിത് എന്ന വ്യക്തി, ഇബ്നു ഉമർ (റ) നെ നേരിട്ട് കാണുകയോ അദ്ദേഹത്തിൽ നിന്ന് വല്ലതും കേൾക്കുകയോ ചെയ്ത വ്യക്തിയല്ല. താൻ നേരിട്ട് കേൾക്കാത്തത് കേട്ടിട്ടുണ്ട് എന്ന് വരുത്തുന്ന വ്യക്തിയാ ണ് ഹബീബ്നു അബീ സാബിത് എന്ന് ഇബ്നു ഖുസൈമ, ഇബ്നുഹിബ്ബാൻ പോലെയുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാരെല്ലാം തന്നെ പറയുന്നു. (തഹ്ദീബ് 1:185).

ഇത്തരം സ്വഭാവമുള്ളവർ വിശ്വസ്തന്മാരായാൽപ്പോലും ‘അൻ’ എന്ന് പ്രയോഗിച്ചുകൊണ്ട് ഹദീസ് ഉദ്ധരിച്ചാൽ സ്വീകരിക്കുവാൻ പാടില്ല. ഇതാണ് ഹദീസിന്റെ നിയമം. അതിനാൽ ഈ ഹദീസ് സ്ഥിരപ്പെടാത്ത ദുർബലമായ ഹദീസാണെന്ന് ഇബ്നു ഖുസൈമ (റ) തന്റെ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹിൽ ഒരു അധ്യായം തന്നെ നല്കി പ്രഖ്യാപിക്കുന്നുണ്ട്.
മാത്രവുമല്ല, സ്വഹീഹായ നൂറുക്കണക്കിന്നു ഹദീസുകളുടെ ആശയങ്ങൾക്കു വിരുദ്ധമാകയാൽ തെളിവിന് സ്വീകരിക്കാൻ പറ്റാത്ത ശാദ്ദിന്റെ ഗണത്തിലാണ് ഈ ഹദീസും പരിഗണിക്കുന്നത്. നിങ്ങൾ സ്ത്രീകളെ പള്ളിയിൽനിന്ന് തടയരുത് എന്ന് പറയുന്ന ഹദീസുകൾ മാത്രമാണ് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നത്. വീടാണ് സ്ത്രീകൾക്ക് ഉത്തമമെന്ന് പറയുന്ന ഭാഗം അവർ ഉദ്ധരിക്കുന്നില്ല. ഈ ഹദീസിൽ പറയുന്ന വിവരങ്ങൾ നബി(സ)യിൽനിന്ന് സ്വഹാബിമാർ കേട്ടിട്ടില്ല. കേട്ടിരുന്നെങ്കിൽ മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബ വനിതകൾ ഏറ്റവും ശ്രേഷ്ഠമായത് ഉപേക്ഷിച്ച് സുബഹിക്കുപോലും പള്ളിയിൽ വരുമായിരുന്നില്ല, ഇഷാ നമസ്കാരം വൈകിയതിന്റെ പേരിൽ സ്ത്രീകളും കുട്ടികളും പള്ളിയിൽ ഉറങ്ങിപ്പോയ അവസ്ഥയുണ്ടാകുമായിരുന്നില്ല,
കരയുന്ന കുട്ടികളുമായി ബുദ്ധിമുട്ടി പള്ളിയിൽ അവർ നമസ്കരിക്കാൻ വരില്ലായിരുന്നു. രാത്രിയിലെ നീണ്ട നമസ്കാരത്തിൽ ക്ഷീണിക്കുമ്പോൾ പിടിച്ചുനില്ക്കാൻ കയർ കെട്ടേണ്ട ആവശ്യം സൈനബ (റ) ക്ക് വരില്ലായിരുന്നു.
വീടാണ് ഉത്തമമെങ്കിൽ ആ കല്പന ലംഘിച്ചു ആയിഷ (റ) പ്രവാചകന്റെ മരണ ശേഷവും ഇഹ്തികാഫിരിക്കാൻ വേണ്ടി പള്ളിയിലേക്ക് പുറപ്പെടില്ലായിരുന്നു.
ഉമർ (റ) കൂടെ ഭാര്യ ആതിഖ (റ) ജമാഅത്തിനായി പള്ളിയിലേക്ക് വരില്ലായിരുന്നു.
സ്ത്രീകളെ പള്ളിയിൽ നിന്ന് തടയും എന്ന് പറഞ്ഞ മകനോട് ഇബ്നു ഉമർ വഴക്കിടില്ലായിരുന്നു .

സ്ത്രീകളെ പള്ളിവിലക്കാനായി പറയാറുള്ള മറ്റൊരു ഹദീസായ സ്ത്രീകൾ വീട്ടിന്റെ ഉള്ളിന്റെയുള്ളിൽ ഇരിക്കണമെന്ന ഉമ്മു ഹുമൈദ് സാഇദി (റ) യുടെ ഹദീസിനെ പറ്റി പണ്ഡിതന്മാർ എന്ത് പറയു ന്നു? ഉമ്മുഹുമൈദ് സാഇദി (റ) നബി (സ) യോട് പറഞ്ഞു: “ഞങ്ങൾ താങ്കളുടെ കൂടെ നമസ്ക്കരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളുടെ ഭർത്താക്കന്മാർ ഞങ്ങളെ തടയുന്നു. അപ്പോൾ നബി (സ)പറഞ്ഞു: നിങ്ങളുടെ വീടിന്റെ മുറികളിൽ വെച്ച് നിസ്ക്കരിക്കുന്നതാണ് നിങ്ങളുടെ വീട്ടിൽ വെച്ച് നമസ്ക്കരിക്കുന്നതിനേക്കാളും, നിങ്ങളുടെ വീട്ടിൽ വെച്ച് നമസ്ക്കരിക്കുന്നതാണ് ജമാഅത്ത് നടക്കുന്ന പള്ളിയിൽ വെച്ച് നമസ്ക്കരിക്കുന്നതിനേക്കാളും നിങ്ങൾക്കുത്തമം” (ബൈഹഖി)
ഇവിടെ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ… ഞങ്ങളുടെ ഭർത്താക്കന്മാർ ഞങ്ങളെ തടയുന്നു എന്ന ഉമ്മു ഹുമൈദി (റ) ന്റെ പരാതി കേട്ടപ്പോഴാണ് നിങ്ങൾക്കുത്തമം വീടാണ് എന്ന് നബി (സ) പറഞ്ഞത്. സുന്നത്തായ കാര്യങ്ങൾ ഭർത്താക്കന്മാരുടെ അനുമതിയില്ലെങ്കിൽ അത് ഭാര്യമാർ ചെയ്യാൻ പാടില്ല. അത് ഇസ്ലാമിലെ നിയമമാണ്. ഭർത്താക്കന്മാരോടാവട്ടെ ഭാര്യമാർ പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുമതി ചോദിച്ചാൽ തടയരുതെന്നും കല്പിച്ചു.
ചില ഭർത്താക്കന്മാർക്ക് തന്റെ ഭാര്യ പുറത്ത് പോകുന്നതും മറ്റും പല കാരണങ്ങളാൽ ഇഷ്പ്പെട്ടെന്ന് വരില്ല. അതിനാൽ ഇനി എന്തെങ്കിലും സാഹചര്യത്താൽ ഭർത്താക്കന്മാർ അനുമതി നല്കിയിട്ടില്ലെങ്കിൽ അക്കാരണത്താൽ അവൾ പ്രതിഷേധിക്കേണ്ടതില്ല. ഭർത്താവിനെ അനുസരിച്ച് വീട്ടിൽ നിസ്ക്കരിക്കുക. എന്നാൽ നബി (സ) യുടെ കല്പ്പനകളെ പാലിക്കുന്ന ഭർത്താക്കന്മാർ തന്റെ ഭാര്യ പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുമതി ചോദിച്ചാൽ ‘നിങ്ങളുടെ സ്ത്രീകളെ പള്ളിയിൽ നിന്ന് നിങ്ങൾ തടയരുത് ‘ എന്ന നബി (സ) യുടെ കല്പ്പന മാനിച്ച് തനിക്കിഷ്ടമില്ലെങ്കിലും അവർ ഭാര്യമാർക്ക് പള്ളിയിൽ പോകാൻ അനുമതി നല്കും.
അതാണ് ഉമർ (റ) സ്വീകരിച്ച നിലപാട്. അതാണ് മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ പോലുള്ളവർ സ്വീകരിച്ച നിലപാട്. അതു തന്നെയാണ് ശാഫിഈ മദ്ഹബിന്റെ നിലപാടും. ഇതിനു പുറമെ ഈ ഹദീസ് ദുർബലമായതാണ്. ഈ ഹദീസിന്റെ പരമ്പരയിലുള്ള അബ്ദുൽ ഹുമൈദി ബ്നു മുൻദിർ എന്ന മനുഷ്യൻ അറിയപ്പെടാത്ത വ്യക്തിയാണ്. നിവേദകന്മാരെ കുറിച്ച് വിവരിക്കുന്ന ഒരൊറ്റ ഗ്രന്ഥത്തിലും ഇയാളെക്കുറിച്ച് പരാമർശം കാണുന്നില്ല. ഇബ്നു ഹസം (റ) അദ്ദേഹത്തിന്റെ ‘മുഹല്ല’യില് പറഞ്ഞു: “എന്നാൽ അബ്ദുൽ ഹുമൈ ദുബ്നു മുൻദിർ അറിയപ്പെടാത്ത വ്യക്തിയാണ്” (2175)
ഈ ഹദീസ് നിർമിതമായ ഹദീസാണെന്ന് മറ്റൊരു സ്ഥലത്തു ഇബ്നുഹസം (റ) തന്നെ പറയുന്നു (മുഹല്ല 3115).
ചുരുക്കത്തിൽ സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നുള്ള ദുർബലമായ ഹദീസുകളിൽ അല്പമെങ്കിലും ശക്തിയുള്ളത് ഈ രണ്ട് ഹദീസുകളാണ്. ഇതിന്റെ അവസ്ഥയാണ് നാം വിവരിച്ചത്. മറ്റുള്ളവ നിർമിതമായ (മൗളൂഅ്) ആയ ഹദീസുകളാണ്. ഇമാം ശാഫിഈ(റ)യുടെ ഏറ്റവും സുവ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തപ്പെട്ട കിതാബ് ഉമ്മിൽ പറയുന്നത് സ്ത്രീകൾ വീട്ടിൽ നിന്ന് ളുഹ്ർ നിസ്ക്കരിക്കുന്നതിനേക്കാളും ഏററവും ഉത്തമം കുളിച്ച് അത്തർ പൂശാതെ ആഢംബരം കാണിക്കാതെ പള്ളിയിൽ പോയി ജുമുഅ നിസ്ക്കരിക്കുന്നതാണ് എന്നാണ്. 
قَال: الشَّافِعِيُّ  : وَلا ُأحِبُّ لِوَاحِدٍ مِمَّنْ َلهُ تَرْكُ الْجُمُعَةِ مِنْ الَأحْرَار لِلعُذر وَلا مِنْ النِّسَاءِ وَ َ غيْر الْبَالِغِينَ وَاْلعَبيدِ َأن يُصَلِّيَ الظُّهْرَ حَتَّى يَنْصَرفَ الِإمَام أوْ يَتَوَخَّى انْصِرَاَفه أنْ يَحْتَاط حَتَّى يَرَى أنَّهُ قدْ انْصَرَفَ ؛ لَأنَّهُ لعَلَّهُ يَقْدِرُ عَلى إتْيَانِ الْجُمُعَةِ َفي كون إتْيَانُهَا خَيْرًا لهُ
ഇമാം ശാഫിഈ പറയുന്നു, ജുമുഅ ഉപേക്ഷിക്കൽ അനുവദനീയമായ പുരുഷൻമാരിൽ നിന്ന് ഇളവുകൾ ഉള്ളവരും, അടിമ, സ്ത്രീകൾ,കുട്ടികൾ എന്നിവരും ഇമാമ് ജുമുഅയിൽ നിന്ന് പിരിഞ്ഞശേഷമല്ലാതെ അതിന്ന് മുൻപ് ളുഹർ നമസ്ക്കരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അല്ലെങ്കിൽ സൂക്ഷ്മതക്ക് വേണ്ടി നിശ്ചയമായും ഇമാം ജുമുഅയിൽ നിന്ന് പിരിഞ്ഞുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇമാം ജുമുഅയിൽ നിന്ന് പിരിയുന്നതുവരെ കാത്തിരിക്കണം. നിശ്ചയമായും അവർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ കഴിഞ്ഞാൽ അവർക്കതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.” (അൽ ഉമ്മ് 1 – 190)
ഇമാം ശാഫിഈ(റ) വീണ്ടും പറയുന്നു.
قَال الشَّافِعِيُّ : وَهَك َ ذا أحِبُّ لِمَنْ حَضَرَ الْجُمُعَة مِنْ عَبْدٍ وَصَبيٍّ وَغيْرهِ إلَّا النِّسَاءَ فِإنِّي أحِبُّ لهُنَّ النَّظَاَفَة ِبمَا يَقْطعُ الرِّيحَ الْمُتَغَيِّرة وَأكْرَهُ َلهُنَّ الطِّيبَ وَمَا يُشْهَرْن ِبهِ مِنْ الثِّيَاب بَيَاض، أوْ غيْرهِ فإنْتَ طيَّبْنَ وَفعَلْنَ مَاكرهْت َلهُنَّ َلمْ يَكنْ عَليْهنَّ إعَادَةُ صَلَاةٍ .
അൽ ഉമ്മിൽ ഇമാം ശാഫി(റ) പ്രസ്താവിക്കുന്നത് കാണുക: “അതുപോലെ പുരുഷന്മാരും അടിമകളും കുട്ടികളും ജുമാ നമസ്കാരത്തിനു സുഗന്ധ ദ്രവ്യം ഉപയോഗിച്ച് പങ്കെടുക്കുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ സ്ത്രീകൾ സുഗന്ധം ഉപയോഗിച്ച് ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. ശരീരത്തിലെ ദുർഗന്ധങ്ങൾ ശരിക്ക് നീങ്ങുന്നതുവരെ അവൾ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി പങ്കെടുക്കുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നത്. ഇനി ഞാൻ അവൾക്ക് വെറുക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് അവൾ നമസ്കാരത്തിന്ന് വന്നാൽ അവൾ ജുമുഅ: നമസ്കാരം മടക്കി നമസ്ക്കരിക്കേണ്ടതില്ല.(അൽ ഉമ്ം വാള്യം-1 പേജ് 175).