ശിർക്ക് മഹാപാപം

‘ശിർക്ക്’ മഹാപാപമാണെന്നും അത് നരകം ശാശ്വതമാക്കുമെന്നും അറിയാത്തവർ മുസ്ലിംകളിൽ കുറവാണ്. പക്ഷെ അത് വന്ന് ചേരുന്ന വഴികളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അശ്രദ്ധരാണ് അധികമാളുകളും. പലരും താൽകാലിക കാര്യ ലാഭങ്ങൾക്കുവേണ്ടി ആ മഹാപാപത്തിന് വഴിപ്പെടുന്നു.
എന്നാൽ നശ്വരമായ ഭൗതിക സുഖങ്ങൾക്കുവേണ്ടി ശാശ്വതമായ സ്വർഗ്ഗത്തെയാണ് ത്യജിക്കുന്നതെന്ന് അവർ ചിന്തിക്കുന്നില്ല!
മാത്രമല്ല, മുസ്ലിംകളിൽ തീരെ ശിർക്ക് വരികയില്ലെന്ന് വിശ്വസിക്കുന്നവരെയും കാണാൻ സാധിക്കും. എന്നാൽ ആ വിശ്വാസം പ്രമാണങ്ങളോടും അനുഭവങ്ങളോടും എതിരാണ്. മുസ്ലിംകളിൽ പിൽക്കാലത്ത് വിഗ്രഹാരാധന പോലുള്ള കടുത്ത ശിർക്കുകൾ പോലും കടന്നുവരുമെന്ന് ഹദീസുകളിൽ നിന്നു തന്നെ ഗ്രഹിക്കാം.
നിരവധി ഖുർആൻ വചനങ്ങളും ഈ ആശയത്തെ ബലപ്പെടുത്തുന്നുണ്ട്, അതിനാൽ മറ്റെന്തിനേക്കാളും ശിർക്കിനെ നാം ഭയപ്പെടുക തന്നെ വേണം.
നമ്മുടെ ശരീരവും വസ്ത്രവും വാഹനവും വീടും സമ്പത്തുമെല്ലാം ശ്രദ്ധിക്കുന്നതിനേക്കാൾ ഗൗരവത്തിലും പ്രാധാന്യത്തിലും ശിർക്ക് കടന്നുകൂടുന്നത് നാം സൂക്ഷിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ പരലോകത്തെ മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ.
ശിർക്ക് നമ്മിലേക്ക് കടന്നുവരാൻ സാധ്യതകളുള്ള പല സാഹചര്യങ്ങളും സംഗതികളും ഇന്ന് നമുക്ക് ചുറ്റുമുണ്ട്. പലരും അത് തെറ്റല്ലെന്ന് വിചാരിച്ചും ഗൗരവം മനസ്സിലാക്കാതെയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനാൽ അവയെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തുറന്നു കാണിക്കുക എന്നതാണ് ഈ കൃതികൊണ്ടുദ്ദേശിക്കുന്നത്.
ശിർക്കിൽ അകപ്പെട്ടവർക്ക് പശ്ചാതപിച്ച് മടങ്ങാനും മറ്റുള്ളവർക്ക് അത് ശ്രദ്ധിക്കാനും ഒരു പരിധിവരെയെങ്കിലും ഈ കൃതികൊണ്ട് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
പ്രസ്തുത ദൗത്യത്തിന് ഈ കൃതി ഉതകട്ടെ എന്ന പ്രാർത്ഥനയോടെ സത്യാന്വേഷികൾക്കു മുമ്പിൽ സമർപ്പിക്കുന്നു.

ശിർക്ക് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യങ്ങൾ അവന്റെ സ്യഷ്ടികൾക്ക് വകവെച്ചു കൊടുക്കുക എന്നതിനാണ് ഒറ്റവാക്കിൽ ശിർക്ക് (ബഹുദൈവത്വം) എന്നു പറയുക,
അല്ലാഹുവിന്റെ സത്ത്, ഗുണവിശേഷണങ്ങൾ, അധികാരാവകാശങ്ങൾ എന്നിവയിൽ ഏതിൽ പങ്ക് ചേർത്താലും അതെല്ലാം ശിർക്കു തന്നെ. എന്നാൽ ചിലരെങ്കിലും ധരിച്ചു വെച്ചിട്ടുള്ളത് അല്ലാഹുവിനെപ്പോലെ കഴിവിലും ശക്തിയിലുമെല്ലാം തുല്യരായി മറ്റൊരാൾ ഉണ്ടെന്ന് വിശ്വസിക്കുകയോ അല്ലാഹുവിന്റേതുപോലെ സ്വയം കഴിവും സ്വയം പര്യാപ്തതയും മറ്റുള്ളവരിൽ വിശ്വസിക്കുകയോ ചെയ്താൽ മാത്രമേ ശിർക്ക് വരികയുള്ളൂ എന്നാണ്. എന്നാൽ ഈ രണ്ട് വിശ്വാസങ്ങളും ശിർക്കു തന്നെയാണെന്നതിൽ തർക്കമില്ല. പക്ഷെ, അത് മാത്രമാണ് ശിർക്ക് എന്നതിനോട് പ്രമാണങ്ങൾ യോജിക്കുന്നില്ല. മറിച്ച് നേരത്തെ പറഞ്ഞതുപോലെ അല്ലാഹുവിന്റെ സത്തയിലോ (അല്ലാഹുവിനെപ്പോലെ മറ്റൊരു ശക്തിയുണ്ട് എന്ന് വിശ്വാസിക്കൽ) അധികാരാവകാശങ്ങളിലോ (പ്രാർത്ഥന, നേർച്ച തുടങ്ങിയ സ്യഷ്ടികളിൽ നിന്നും അവന് മാത്രം ലഭിക്കേണ്ടുന്ന കാര്യങ്ങൾ, മറ്റാർക്കെങ്കിലും നൽകൽ) അവന്റെ ഗുണവിശേഷണങ്ങളിലോ (അല്ലാഹു കാണുന്നതു പോലെ മറ്റാരെങ്കിലും കാണുമെന്ന് വിശ്വസിക്കൽ) തുടങ്ങി അവയിലേതെങ്കിലും ഒന്നിൽ പങ്കു ചേർത്താലും അത് ശിർക്കുതന്നെ.
ശിർക്ക് എന്നത് അല്ലാഹുവിന് ഏറ്റവും കൂടുതൽ കോപമുണ്ടാക്കുന്ന മഹാപാപമാണ്, കാരണം അവന്റെ അധികാരത്തിലും അവകാശത്തിലും മറ്റുള്ളവരെ പങ്കുചേർക്കലാണല്ലോ അത്. അതൊരിക്കലും അവൻ പൊറുത്ത് തരികയുമില്ല.,
ഖുർആൻ തന്നെ പറയുന്നു: (إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء ومن يشرك بالله فقد ضل ضلالا بعيدا (النسا١١٦)
“നിശ്ചയം അല്ലാഹു അവനോട് പങ്കു ചേർക്കപ്പെടുന്നത് പൊറുക്കുകയില്ല. അല്ലാത്തതെല്ലാം അവനുദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു കൊടുക്കുന്നതാണ്, ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്താൽ അവൻ നേർ മാർഗ്ഗത്തിൽ നിന്നും വളരെ ദൂരം പിഴച്ചുപോവുകതന്നെ ചെയ്തു.” (സൂറ: നിസാഅ് 12)
 (من يشرك بالله فقد حرم الله عليه الجنة ومأواه النار (المائدة: ۷۲) “ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്താൽ അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. അവന്റെ ഭവനം നരകമാണ്.”
(സൂറ: മാഇദ 72)
നബി(സ) യോടു പോലും അല്ലാഹു പറയുന്നത് നോക്കൂ:
ولقد أوحي إليك وإلى الذين من قبلك لئن أشركت لَيحبطن عملك ولتكونن من الخاسرين (الزمر:  65 ) “(നബിയേ!) താങ്കളാണ് ശിർക്ക് ചെയ്യുന്നതെങ്കിൽ തീർച്ചയായും താങ്കളുടെ കർമ്മം നിഷ്ഫലമായിപ്പോവുകയും തീർച്ചയായും താങ്കൾ നഷ്ടക്കാരുടെ കൂട്ടത്തിൽ അകപ്പെടുകയും ചെയ്യും എന്ന് നിനക്കും നിന്റെ മുമ്പുള്ളവർക്കും വഹ്യ് നൽകപ്പെട്ടിട്ടുള്ളതും ഇതാണ്.” (സൂറഃ സുമർ- 65)
അപ്പോൾ, അല്ലാഹുവിനു മാത്രം നൽകേണ്ടുന്ന സംഗതികൾ അല്ലാഹുവല്ലാത്തവർക്കർപ്പിച്ചാൽ അത് അവൻ ഒരിക്കലും പൊറുക്കുകയില്ലെന്നും (എന്നാൽ മരണത്തിന് മുമ്പ് പശ്ചാത്താപ മനഃസ്ഥിതിയോടെ അവനോട് മാപ്പിരന്നാൽ മാത്രം അവൻ പൊറുത്തുകൊടുക്കുന്നതാണ്.) പുറമെ അത് ചെയ്യുന്നവന്റെ സൽകർമ്മങ്ങൾ പോലുംനിഷ്ഫലമായി പോകുമെന്നും ഖുർആൻ പറയുന്നുണ്ട്.
നാം നമ്മുടെ ശരീരത്തിന് അപകടങ്ങൾ സംഭവിക്കുന്നതും വീടിനും വാഹനത്തിനുമെല്ലാം കേടുപാടുകൾ പറ്റുന്നതും ഏറെ സൂക്ഷ്മതയോടുകൂടി ശ്രദ്ധിക്കാറുണ്ട്. എന്നാൽ അതിനേക്കാളെല്ലാം ഗൗരവത്തിലും പ്രാധാന്യത്തിലും സൂക്ഷിക്കേണ്ടത് നമ്മുടെ മനസ്സിലും കർമ്മങ്ങളിലും ശിർക്ക് വന്നുകൂടുന്നതിനെയാണ്. അത് പ്രവേശിച്ചാൽ പിന്നെ, ഇതുവരെ നാം ചെയ്തുകൂട്ടിയ എല്ലാ സർകർമ്മങ്ങളെയും അത് കാർന്നുതിന്നുകയും ശാശ്വതമായ നരകത്തീയിൽ നമ്മെ പതിപ്പിക്കുകയും ചെയ്യും.
ഖുർആൻ പറയുന്നു: ولو أشركوا لحبط عنهم ما كانوا يعملون (لأنعام: ۸۸ ) “അവർ അല്ലാഹുവിൽ പങ്ക് ചേർക്കുകയാണെങ്കിൽ (ശിർക്ക് ചെയ്താൽ) അവർ പ്രവർത്തിച്ചിരുന്നതെല്ലാം നിഷ്ഫലമായി പോകുന്നതാണ്.” (സൂറ അൻആം- 89)
ഇതേ കാര്യം നബി(സ) യോട് പോലും പറഞ്ഞതായി ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്.
(സൂറഃ സുമർ- 65)

അതുകൊണ്ട്, നമ്മുടെ കർമ്മങ്ങളെ മുഴുവൻ നിഷ്ഫലമാക്കിക്കളയുന്നതും ശാശ്വതമായി നരകത്തിൽ പ്രവേശിപ്പിക്കുന്നതുമായ ശിർക്ക് എന്ന ഈ അപകടത്തെ നാം ഓരോ നിമിഷത്തിലും സൂക്ഷിക്കുക. പലപ്പോഴും അത് കടന്നുവരുന്നത് നാം അറിയാറില്ല. അത് ഗോപ്യമായിട്ടാണ് കയറിവരിക. അതുകൊണ്ട് അത് കടന്നുവരാൻ സാധ്യതയുള്ള വഴികൾ നാം തിരിച്ചറിയുകയും ‘ശ്രദ്ധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ശിർക്കും മുസ്ലീകളും
ശിർക്ക് അതീവ ഗൗരവമേറിയ പാപമാണെന്നും അത് ശാശ്വത നരകം നിർബന്ധമാക്കുന്നതും, ചെയ്ത സൽകർമങ്ങളെ ഹനിച്ചുകളയുന്നതുമായ മാരകരോഗമാണെന്നും നാം മനസ്സിലാക്കി. അതുകൊണ്ടു തന്നെ മുസ്ലിം സമുദായം എക്കാലത്തും ശിർക്കിനെതിരിൽ ജാഗ്രത പുലർത്തുകയും തങ്ങളുടെ വിശ്വാസത്തിലോ കർമ്മത്തിലോ ശിർക്കിന്റെ വല്ല അംശവും വന്നുപോവുന്നതിനെ അങ്ങേയറ്റം ഭയപ്പെടുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ, നമ്മുടെ കൂട്ടത്തിൽ പലരും കരുതുന്നത് ശിർക്ക് മുസ്ലിംകളായ നമ്മെയൊന്നും പിടികൂടുകയില്ല എന്നാണ്.
പ്രത്യേകിച്ച്, ‘ലാഇലാഹ ഇല്ലല്ലാഹ്-മുഹമ്മദൻ റസൂലുല്ലാഹ്.’ എന്ന ശഹാദത്ത് കലിമ അംഗീകരിക്കുകയും നമസ്കാരവും മറ്റു ആരാധനകളും മുറപോലെ അനുഷ്ഠിക്കുകയും ചെയ്യുന്നവർ പിന്നെ അക്കാര്യത്തിൽ ഭയപ്പെടാനില്ല എന്നാണ്.
എന്നാൽ, അവർ ധരിക്കുന്നതുപോലെയാണോ അവസ്ഥ? ഒരിക്കലുമല്ല.
മനുഷ്യരെ- പ്രത്യേകിച്ചും തൗഹീദിന്റെ വക്താക്കളാകേണ്ട മുസ്ലിംകളെ- ശിർക്കിലെത്തിക്കാനും അതുവഴി നരകത്തിലെത്തിക്കാനും ഇബ്ലീസും കൂട്ടാളികളും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശിർക്കിന്റെ ഗൗരവം പൊതുജന മധ്യേ കുറച്ചു കാണിക്കാനും സമുദായത്തിലെ പച്ചയായ ശിർക്കുകളെപ്പോലും കറ കളഞ്ഞ തൗഹീദും ഈമാനുമായി തെറ്റിദ്ധരിപ്പിക്കാനും പണ്ഡിന്മാരിലൂടെ തന്നെ പിശാച് പ്രവർത്തിക്കുന്നു.
‘ലാ ഇലാഹ ഇല്ലല്ലാഹ്-മുഹമ്മദൻ റസൂലുല്ലാഹ്…’ എന്ന ശഹാദത്ത് കലിമ അംഗീകരിക്കുന്ന ഒരു മുസ്ലിം ശിർക്കിലകപ്പെടുന്നതിനെ ഭയപ്പെടേണ്ടതില്ലെന്ന ഗുഢമായ പ്രചാരണമാണ് പലരും ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, പരിശുദ്ധ ക്വുർആനോ സ്വഹീഹായ ഹദീസുകളോ ഈ നൂതന വാദഗതിയെ അനുകൂലിക്കുന്നില്ല. പ്രത്യുത, മറ്റുള്ള പാപങ്ങളെക്കാളേറെ ശിർക്കാകുന്ന പാപത്തെ ഭയപ്പെടാനും എല്ലാ രംഗത്തും ശിർക്കിനെതിരെ നിതാന്ത ജാഗ്രത പുലർത്താനുമാണ് ഇസ്ലാമിക പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ചിലത് മാത്രം ഉദ്ധരിക്കാം,
സത്യവിശ്വാസികളിൽ ശിർക്ക് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായി അറിയിക്കുന്ന ഒരു വചനം ശ്രദ്ധിക്കുക: الذين آمنوا ولم يلبسوا إيمانهم بظلم أولئك لهم الأمن وهم مهتدون ( لأنعام: ٨٨) “വിശ്വസിക്കുകയും വിശ്വാസത്തെ ദ്രോഹ(ശിർക്ക്) ത്തോട് കലർത്താതിരിക്കുകയും ചെയ്യുന്നവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗ്ഗം പ്രാപിച്ചവർ!” (സൂറഃ അൻആം- 82)
ഈ വാക്യത്തിലെ അക്രമം (ളുൽമ്) കൊണ്ടുള്ള വിവക്ഷ “ശിർക്ക്’ ആണെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്, എന്ന് ഹദീസുദ്ധരിച്ചുകൊണ്ട് പ്രമാണികരായ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോൾ, സത്യവിശ്വാസത്തിൽ ശിർക്ക് കലരാതിരിക്കാൻ ഓരോ വിശ്വാസിയും ജാഗ്രത പുലർത്തണമെന്നാണ് ഈ വചനം നേർക്കുനേരെ പഠിപ്പിക്കുന്നത്.
അഥവാ, സത്യവിശ്വാസികളിൽ ശിർക്ക് വരാൻ സാധ്യതയുണ്ടെന്ന് ചുരുക്കം.
ഇതേ സൂറത്തിലെ മറ്റൊരു വചനത്തിന്റെ സാരം ഇപ്രകാരമാണ്.
“അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതിൽ നിന്ന് നിങ്ങൾ തിന്നരുത്. തീർച്ചയായും അത് അധർമ്മമാണ്. നിങ്ങളോട് തർക്കിക്കുവാൻ വേണ്ടി പിശാചുക്കൾ അവരുടെ മിത്രങ്ങൾക്ക് ദുർബോധനം നൽകിക്കൊണ്ടിരിക്കും. നിങ്ങൾ അവരെ അനുസരിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ (അല്ലാഹുവോട്) പങ്കുചേർത്തവരായിപ്പോകും”  (അൻആം 121).
ഈ വചനവും മുസ്ലിംകളിൽ ശിർക്ക് വരാൻ സാധ്യതയുണ്ടെന്ന പാഠമാണ് നമുക്ക് നൽകുന്നത്. മാത്രമല്ല, ശിർക്ക് തങ്ങളിലോ തങ്ങളുടെ സന്താനപരമ്പരയിലോ ശിര്ക്ക് വന്നു പോവാതിരിക്കാൻ പുണ്യപുരുഷൻമാരായിരുന്ന നബിമാർ പോലും അല്ലാഹുവോട് പ്രാർത്ഥിച്ചിരുന്നു എന്നാണ് ഖുർആൻ മനസ്സിലാക്കിത്തരുന്നത്.
‘സൂറത്തു ഇബ്രാഹീമി’ ൽ ഇബ്റാഹീം നബി(അ) നടത്തിയ പ്രാർത്ഥനയിൽ ഇപ്രകാരം കാണാം. “ഇബ്റാഹീം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാണ്) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിർഭത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യണമേ” (സൂ:ഇബ്റാഹീം- 15)
തൗഹീദിന് വേണ്ടി ജീവാർപ്പണം ചെയ്തു, വിഗ്രഹാരാധനക്കെതിരെ പോരാടിയ ഇബ്റാഹീം നബി(അ) തന്നെയും തന്റെ പ്രിയപ്പെട്ട സന്താനങ്ങളെയും കൊടിയ ശിർക്കിൽ നിന്നും രക്ഷപ്പെടുത്തണം എന്ന് പ്രാർത്ഥിക്കുമ്പോൾ ശിർക്ക് സമുദായ മക്കളിൽ പടർന്ന് പിടിക്കാതിരിക്കാൻ എക്കാലത്തും വലിയ ജാഗ്രത പുലർത്തണമെന്നതിന് വേറെ വല്ല തെളിവും ആവശ്യമുണ്ടോ?
തൗഹീദിൽ വിട്ടുവീഴ്ചയില്ലാത്ത ഇബ്റാഹീമീ മില്ലത്ത് പിന്തുടരാനാണ് അല്ലാഹു നമ്മോട് കൽപ്പിച്ചിട്ടുള്ളത്. ഇനി ‘ലാ ഇലാഹ ഇല്ലല്ലാ’ എന്ന കലിമത്തുത്തൗഹീദ് അംഗീകരിച്ച മക്കൾ, തന്റെ കാലശേഷം വഴി തെറ്റി ശിർക്കിലെത്തുമോ എന്ന പേടിയാൽ യഅ്കൂബ് നബി(അ) മരണാസന്ന ഘട്ടത്തിൽ മക്കളെ വിളിച്ചു ചെയ്ത അന്തിമ വസ്വിയ്യത്ത് സൂറത്തുൽ ബഖറയിൽ അല്ലാഹു എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രസ്തുത വചനത്തിന്റെ സാരം ശ്രദ്ധിക്കുക.
“എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങൾ ആരാധിക്കുക എന്ന് യഅകൂബ് മരണം ആസന്നമായ സന്ദർഭത്തിൽ തന്റെ സന്തതികളോട് ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നുവോ? അവർ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്മായീലിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങൾ ആരാധിക്കും. ഞങ്ങൾ അവന് കീഴ്പെട്ട് ജീവിക്കുന്നവരുമായിരിക്കും” (സൂറഃ അൽബക്വറ- 133)

ഇനി നമുക്ക് ഈ വിഷയത്തിലുള്ള ചില നബിവചനങ്ങൾ പരിശോധിക്കാം,
നബി(സ) പറഞ്ഞു: عن أبي هريرة عن النبي(ص) قال: «اجتنبوا السبع الموبقات«، قالوا يا رسول الله وما هن؟ قال : «الشرك بالله … (البخاري: ٢٧٦٦، مسلم : ٨٩) “നിങ്ങൾ നാശകരങ്ങളായ ഏഴ് പാപങ്ങളെ വർജ്ജിക്കുക… (ഒന്ന്) അല്ലാഹുവിൽ ശിർക്ക് വെക്കൽ…’ (ബുഖാരി ഹദീസ് നമ്പർ: 2766, മുസ്ലിം ഹദീസ് നമ്പർ: 89)
സ്വഹാബികളെ അഭിമുഖീകരിച്ചു കൊണ്ടാണ് നബി(സ) ഇപ്രകാരം ഉണർത്തുന്നത്. സമുദായത്തിൽ ശിർക്ക് വരാൻ സാധ്യതയില്ലെന്ന് നബി(സ) അവരെ ഉണർത്തിയിരുന്നുവെങ്കിൽ അവർ അക്കാര്യം തിരിച്ചു ചോദിക്കുമായിരുന്നില്ലേ?
മാത്രമല്ല, ജൂത കൃസ്ത്യാനികളുടെ ചീത്തയായ നടപടിക്രമങ്ങളെ ചാണിനു ചാണായും മുഴത്തിനു മുഴമായും ഈ സമുദായം പിൻപറ്റുമെന്നും നബി(സ) പ്രവചിച്ചിട്ടുണ്ട്. (ബുഖാരി)
എന്തായിരുന്നു ജൂതകൃസ്ത്യാനികളുടെ പ്രധാന വഴികേട്? അവർ പ്രവാചകൻമാരെ ദൈവപുത്രരായി അവരോധിച്ച് ആരാധിച്ചു. അതിനു സമാനമായ വിശ്വാസ വൈകല്യങ്ങൾ സമുദായത്തിൽ വരാതിരിക്കാനാണ് മുൻകൂട്ടി നബി(സ) മുന്നറിയിപ്പ് നൽകുന്നത്!
മറ്റൊരു ഹദീസ് കാണുക. “കൃസ്ത്യാനികൾ ഈസബ്നു മർയമിനെ അമിതമായി വാഴ്ത്തിപ്പറഞ്ഞത് പോലെ നിങ്ങൾ എന്നെയും അമിതമായി വാഴ്ത്തിപ്പറയരുത്, ഞാൻ അല്ലാഹുവിന്റെ ഒരു അടിമ മാത്രമാകുന്നു. അതിനാൽ അല്ലാഹുവിന്റെ അടിമയും അവന്റെ റസൂലും എന്ന് നിങ്ങൾ പറയുക” (ബുഖാരി. 3445)
കൃസ്ത്യാനികൾ ശിർക്കിലെത്തിയ മാർഗ്ഗത്തെ എടുത്ത് പറഞ്ഞ് കൊണ്ട് ആ മാർഗ്ഗത്തെ സ്വന്തം സമുദായത്തോട് വിരോധിക്കുന്നതാണ് ഈ ഹദീസിൽ നാം കാണുന്നത്. പ്രവാചക സ്നേഹത്തിൽ അതിരുവിട്ട ജൂതകൃസ്ത്യാനികളുടെ മാർഗ്ഗം പിന്തുടരരുതെന്ന ഉപദേശം ശിർക്കിനെതിരിലുള്ള മുന്നറിയിപ്പാണെന്ന് തെളിവ് നിരത്തി സമർത്ഥിക്കേണ്ടതില്ലല്ലോ.
ഇതുപോലെത്തന്നെ, നബി(സ) വഫാത്താകുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് പോലും ആവർത്തിച്ച് ഉരുവിട്ട വാക്യം ആയിശ(റ) ഉദ്ധരിച്ചിട്ടുണ്ട്, “ജൂതകൃസ്ത്യാനികളുടെ മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ! അവർ അവരുടെ നബിമാരുടെ കബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി” ഈ വചനം കേട്ടുകൊണ്ടിരുന്ന ഉമ്മുൽ മുഅമിനീൻ ആയിശ(റ) പറയുന്നത്, “നബി(സ) അവർ ചെയ്തതു പോലുള്ളതിനെക്കുറിച്ച് തന്റെ ഉമ്മത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. അത് (ജനങ്ങൾ തന്റെ ക്വബ്ർ ആരാധനാ കേന്ദ്രമാക്കുമോ എന്ന ഭയം) ഇല്ലായിരുന്നുവെങ്കിൽ അവിടുത്തെ ക്വബ്ർ വെളിയിലെവിടെയെങ്കിലുമാക്കുമായിരുന്നു. പക്ഷെ, ഞാൻ ഇപ്പോഴും ഭയപ്പെടുന്നു- ജനങ്ങൾ അതിനെ ആരാധനാ കേന്ദ്രമാക്കുമോ എന്ന്.” (ബുഖാരി)
നോക്കുക. പ്രവാചകൻമാരുടെ ക്വബ്റിനെ ആരാധനാ കേന്ദ്രമാക്കുന്ന പച്ചയായ ശിർക്ക് തന്റെ സമുദായത്തിലും തിരിച്ചു വരുമോ എന്ന ആശങ്കയാണ് ഇപ്രകാരം ആവർത്തിച്ചു പറയാൻ അവസാന നിമിഷത്തിലും നബി(സ)യെ പ്രേരിപ്പിച്ചത് എന്ന് ആയിശ(റ)യുടെ ഈ വിവരണം നമ്മെ അറിയിക്കുന്നു.
മുസ്ലിം സമുദായം ഭാവിയിൽ ശിർക്കിലകപ്പെടാൻ പലവിധ സാധ്യതകളുണ്ടെന്നും അതിനെല്ലാമുള്ള പഴുതുകൾ കൊട്ടിയടക്കുകയാണ് ഇത്തരം മുന്നറിയിപ്പുകൾ കൊണ്ട് ഉദ്ദേശ്യമെന്നും സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ പ്രയാസമില്ല. അതിനാൽ അല്ലാഹുവിന്റെയും തിരുനബി(സ)യുടെയും ആ മുന്നറിയിപ്പുകളും താക്കീതുകളും നാം മുഖവിലക്കെടുക്കുക, അതിലൂടെ നമ്മുടെ ഇഹ-പര നന്മക്കു മാത്രമേ കാരണമാകൂ, അവഗണിച്ചാൽ മഹാ ദുരന്തത്തിനും!!
ആ കൂട്ടത്തിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും വിവിധ മുഖങ്ങൾ ചൂണ്ടി സജീവമായി നിലനിൽക്കുന്നതുമായ കുറെ ശിർക്കൻ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അത്തരം കാര്യങ്ങൾ കൃത്യമായ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തുറന്നു കാട്ടുകയാണ് ഇനി നാം ചെയ്യുന്നത്. അതിനാൽ ശ്രദ്ധയോടെ വായിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും സ്വർഗ്ഗം നിഷിദ്ധമാക്കുന്ന, നരകം ശാശ്വതമാക്കുന്ന അത്തരം അപകടത്തിൽ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ… 

പ്രാർത്ഥന;ഇസ്തിഗാസ

നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിന് നാം അർപ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ നന്ദി പ്രകടനമാണ് പ്രാർത്ഥന. നാം ചെയ്യുന്ന എല്ലാ ആരാധനകളുടെയും ജീവനും പ്രാർത്ഥന തന്നെ, അതുകൊണ്ട് പ്രാർത്ഥനകളെല്ലാം അവനോട് മാത്രമായിരിക്കണം. അത് ഇസ്ലാമിന്റെ നിർബന്ധ നിയമമാണ്.
നബി(സ) പറയുന്നു: عن النعمان بن بشير قال: سمعت النبي(ص) يقول: الدعاء هو العبادة . ثم قرأ: وقال ربكم ادعوني أستجب لكم إن الذين يستكبرون عن عبادتي سيدخلون جهنم داخرين (الترمذي رقم: ٢٩٦٩)
“നുഅമാനുബ്നു ബശീർ(റ) ഉദ്ധരിക്കുന്നു; അല്ലാഹുവിന്റെ റസൂൽ അരുളി: നിശ്ചയം പ്രാർത്ഥന അത് ഇബാദത്തു തന്നെ യാണ്.
ശേഷം നബി(സ) ഓതി: “നിങ്ങളുടെ നാഥൻ അരുളിയിരിക്കുന്നു. ”എന്നോട് നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുക, നിശ്ചയം ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും. എനിക്ക് ഇബാദത്തെടുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.” (തിർമുദി, 2969, 3247, 3372 ,ഇബ്നു മാജ: 3828).
അപ്പോൾ, പ്രാർത്ഥന ആരാധനയാണെന്നും അത് അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്നും യാതൊരു സംശയങ്ങൾക്കും പഴുതില്ലാത്ത വിധം മേൽ നബിവചനം പഠിപ്പിക്കുന്നു. അതിനാൽ പ്രാർത്ഥനകൾ അല്ലാഹുവിന് മാത്രമാക്കുക, സൃഷടികൾ അവരെത്ര ഉന്നതരായിരുന്നാലും അതിന് അർഹരല്ല. മാത്രമല്ല, അവരോടുള്ള പ്രാർത്ഥന അവൻ ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിർക്കാ (ബഹുദൈവാരാധന)ണ് എന്നുകൂടി ഇസ്ലാം പഠിപ്പിക്കുന്നു.
ചില ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക: له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء إلاّ كباسط كفيه إلي الماء ليبلغ فاه وما هو ببالغه وما دعاء الكافرين إلا في ضلال (الرعد: 14)
അല്ലാഹുവിനോടുള്ളത് മാത്രമാണ് സത്യമായ പ്രാർത്ഥന (മറ്റുള്ളവരോടുള്ള പ്രാർത്ഥന അസത്യത്തിന്റേതുമാണ്.) അവന് പുറമെ ആരോടെല്ലാം അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും യാതൊരു ഉത്തരവും നൽകുന്നതല്ല.
വെള്ളം നിന്റെ വായിൽ വന്നെത്താൻ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടി കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർ, അത് (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലോ സത്യനിഷേധികളുടെ പ്രാർത്ഥന നഷ്ടത്തിൽ തന്നെയാകുന്നു.” (സൂറ റഅദ് – 14)
إياك نعبد وإياك نستعين (سورة الفاتحة 5) “നിന്നെമാത്രം ഞങ്ങൾ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു” (സൂറ ഫാതിഹ – 5)
قل إنما أدعو ربي ولا أشرك به أحدا (سورة الجن: ۲۰) “പറയുക, എന്റെ നാഥനോടു മാത്രമേ ഞാൻ പ്രാർത്ഥിക്കുകയുള്ളൂ. അവനിൽ ഒരാളെയും ഞാൻ പങ്ക് ചേർക്കുകയില്ല.” (സൂറ- ജിന്ന് 20)
فلا تدعو مع الله أحدا (سورة الجن: ۱۸) “അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ വിളിച്ചുപ്രാർത്ഥിക്കരുത്.’ (സൂറ ജിന്ന്- 18)
وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دَعان (سورة البقرة: ١٨٦) “എന്റെ അടിമകൾ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാൽ (പറയുക) നിശ്ചയം ഞാൻ അവരുടെ സമീപസ്ഥനാണ്. (അതുകൊണ്ട്) പ്രാർത്ഥിക്കുന്നവൻ എന്നോട് പ്രാർത്ഥിക്കട്ടെ. ഞാൻ അവന്റെ പ്രാർത്ഥനക്കുത്തരം ചെയ്യും.” (സൂറഃ അൽ ബഖറ- 186)
അപ്പോൾ അല്ലാഹുവിനോടു മാത്രമേ പ്രാർത്ഥന (സഹായാർത്ഥന) പാടുള്ളൂ എന്ന് മേൽ ആയത്തുകൾ അസന്നിഗ്ദമായി പഠിപ്പിക്കുന്നു. ഇനി അല്ലാഹുവല്ലാത്തവരോട് തേടിയാലുള്ള അവസ്ഥയെ ഖുർആൻ ഗൗരവപൂർവ്വം വിശദീകരിക്കുന്നത് കാണുക:
إن تدعوهم لا يسمعوا دعاءكم ولو سمعوا ما استجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير (سورة الفاطر: 14) “നിങ്ങളവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി നിങ്ങൾ ജൽപിക്കുംപോലെ അത് കേട്ടാൽ തന്നെ അവർ നിങ്ങൾക്കുത്തരം നൽകുന്നതുമല്ല. നിങ്ങൾ ചെയ്ത ഈ (പ്രാർത്ഥനയാകുന്ന) ശിർക്കിനെ അവർ അന്ത്യദിനത്തിൽ നിഷേധിക്കുകയും ചെയ്യും.” (സൂറഃ ഫാത്വിർ- 14)
ومن أضل ممن يدعوا من دون الله من لا يستجيب له إلى يوم القيامة وهم عن دعائهم غافلون، وإذا حشر الناس كانوا لهم أعداء وكانوا بعبادتهم كافرين (سورة الأحقاف:٦،٥) “അന്ത്യനാൾ വരെ ഉത്തരം ചെയ്യാത്തവരോട് പ്രാർത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ മറ്റാരാണ്? അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെക്കുറിച്ച് അശ്രദ്ധരുമാണ്. (മാത്രമല്ല അന്ത്യനാളിൽ) മനുഷ്യരെ ഒരുമിച്ചു കൂട്ടപ്പെടുമ്പോൾ അവർ ഇവരുടെ (പ്രാർത്ഥിച്ചവരുടെ) ശത്രുക്കളായിത്തീരുകയും, ഇവരുടെ ആരാധനയെ അവർ നിഷേധിക്കുകയും ചെയ്യും.” (സൂറഃ അഹ്ഖാഫ്- 5,6)
وقال ربكم أدعوني أستجب لكم إن الذين يستكبرون عن عبادتي سيدخلون جهنم داخرين (غافر: 60 ) “നിങ്ങളുടെ നാഥൻ പ്രഖ്യാപിക്കുന്നു: എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. തീർച്ചയായും എന്നെ ആരാധിക്കുന്ന (പ്രാർത്ഥിക്കുന്ന) കാര്യത്തിൽ അഹങ്കരി ക്കുന്നവർ പിന്നീട് നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്.” – (സൂറഃ ഗാഫിർ – 60)

ഇത്രയും ആയത്തുകൾ വ്യക്തമാക്കിയ കാര്യങ്ങളുടെ ചുരുക്കം ഇപ്രകാരം സംഗ്രഹിക്കാം:  
അല്ലാഹുവിനെ മാത്രമെ വിളിച്ചു പ്രാർത്ഥിക്കാൻ പാടുള്ളു.  
എല്ലാം കേൾക്കാനും അറിയാനും, പ്രാർത്ഥനകൾക്കുത്തരം ചെയ്യാനും അവനുമാത്രമേ സാധിക്കുകയുള്ളൂ.
അവനെയല്ലാതെ മറ്റാരെയും വിളിച്ചു തേടാൻ പാടില്ല.
അല്ലാഹുവല്ലാത്ത ആരാധ്യർക്ക് നമ്മുടെ സഹായാർത്ഥനകൾ കേൾക്കാനോ നമ്മുടെ പ്രയാസങ്ങളറിഞ്ഞ് ഉത്തരം ചെയ്യാനോ സഹായിക്കാനോ കഴിയില്ല.
അവരോടുള്ള പ്രാർത്ഥനയെ പരലോകത്ത് അവർ തന്നെ. നിഷേധിക്കും.
നമ്മൾ വിളിച്ചു തേടുന്നവർ നമ്മെ പോലുള്ള സൃഷ്ടികൾമാത്രം.
അവർ അങ്ങേയറ്റം ദുർബലർ.
അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടുന്നവർ ഏറ്റവും വഴിപിഴച്ചവർ.
ചുരുക്കത്തിൽ, അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥനയൽ നമ്മുടെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുർആൻ ഒരു നിലക്കും അംഗീകരിക്കുന്നില്ലെന്നും അതിനെ ശക്തിയായി എതിർക്കുകയാണെന്നും നാം മനസ്സിലാക്കി.
ഇനി ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ സുന്നത്ത് (ഹദീസ്) പരിശോധിച്ചാലും ഇക്കാര്യം മേൽപറത്തതുപോലെ തന്നെ ആണയിട്ടു സമർത്ഥിക്കുന്നതായി കാണാം.
ഒരു ഉദാഹരണം മാത്രം ശ്രദ്ധിക്കുക: قال النبي : إذا سألت فاسأل الله وإذا استعنت فاستعن بالله (ترمذى رقم: ٦٥١٦) അബ്ദുള്ളാഹിബ്നുഅബ്ബാസ്(റ) :നിവേദനം നബി(സ) പറഞ്ഞു: “നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് തേടുക.” (തിർമുദി ഹദീസ് നമ്പർ: 6516)
ചുരുക്കത്തിൽ, അല്ലാഹുവോടു മാത്രമേ പ്രാർത്ഥിക്കാനും സഹായം തേടാനും പാടുള്ളൂവെന്നും മറ്റാരോടും അത് പാടില്ലെന്നും രണ്ടാം പ്രമാണമായ സുന്നത്തും നമ്മെ പഠിപ്പിക്കുന്നു.
മാത്രമല്ല, ഒരു വിശ്വാസി രാവിലെ ഉറക്കിൽ നിന്ന് ഉണരുന്നതു മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെയുള്ള വിവിധ സന്ദർഭങ്ങളിൽ നടത്തേണ്ട നൂറുക്കണക്കിന് സുന്നത്തായ പ്രാർത്ഥനകൾ നബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
(ഉദാ:- വാഹനത്തിൽ കയറുമ്പോൾ, പുതുവസ്ത്രം ധരിക്കുമ്പോൾ, ഇടി മിന്നലുണ്ടാകുമ്പോൾ, രോഗ ശാന്തിക്ക്, ഖബർ സിയാറത്ത് ചെയ്യുമ്പോൾ…)
എന്നാൽ ഈ പ്രാർത്ഥനകളിലെവിടെയും അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥനയുടെ ഒരു സൂചന പോലും കാണാൻ സാധ്യമല്ല. എല്ലാം അല്ലാഹുവോട് മാത്രമാണെന്നും അവയിലൊന്നും ആരുടേയും ഹഖും ജാഹും ബറകത്തുമില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. അതിനാൽ ഈ മാതൃക സ്വീകരിച്ച് ഇടയാളൻമാരും മധ്യവർത്തികളുമില്ലാതെ നേർക്കുനേരെ അല്ലാഹുവിനോട് മാത്രം പ്രാർത്ഥക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അപ്പോൾ, മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു ഇസ്തിഗാസ നടത്താം; അവർക്ക് നമ്മുടെ പ്രാർത്ഥനകൾ കേൾക്കാനും ഉത്തരം ചെയ്യാനും സാധിക്കും; അതിനാൽ അവരോടുള്ള അർത്ഥന ശിർക്കോ കുഫ്റോ ആകുന്നില്ല എന്ന നമ്മുടെ നാട്ടിലെ ചില പണ്ഡിതന്മാരുടെ വാദത്തിന് ഇസ്ലാമികമായി ഒരു കഴമ്പുമില്ലെന്നും അതു വലിയ അപകടത്തിലേക്കാണ് എത്തിച്ചേരുക എന്നും ഇത്രയും വിശദീകരിച്ചതിൽ നിന്നും വ്യക്തമായല്ലോ. അതിനാൽ പ്രാർത്ഥകൾ എല്ലാം നേർക്കുനേരെ അല്ലാഹുവിനോട് മാത്രമാക്കുക. ഈ രംഗത്ത് ശിർക്ക് വരുന്ന വഴികളെ കരുതിയിരിക്കുകയും ചെയ്യുക.