2027ൽ ലോകാവസാനമോ?

2027ൽ ലോകാവസാനമോ?

ഒരു റമദാനിൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ചു വന്നാൽ ലോകാവസാനത്തിന്റെ അടയാളമോ? 2027 നെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന മെസേജ് വസ്തുതയെന്ത്?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

2027 നെ സംബന്ധിച്ച് പല സഹോദരങ്ങളും ഒരു മെസേജ് വ്യാപകമായി ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ ലേഖനം എഴുതുന്നത്. അന്ത്യനാൾ സംഭവിക്കും എന്നതും, അതിനോട് വളരെ അടുത്തായാണ് നബി (സ) നിയോഗിക്കപ്പെട്ടത് എന്നതും, മുഹമ്മദ് (സ) അന്ത്യപ്രവാചകനാണ് എന്നതും , അന്ത്യദിനത്തോടനുബന്ധിച്ച് നബി (സ) പഠിപ്പിച്ച കാര്യങ്ങൾ സംഭവിക്കുമെന്നുമുള്ളതിൽ എല്ലാവരും അടിയുറച്ച് വിശ്വസിക്കുന്നു. പക്ഷെ അന്ത്യനാൾ എപ്പോൾ സംഭവിക്കുമെന്നത് അല്ലാഹുവിനല്ലാതെ മറ്റൊരാൾ അറിയില്ല എന്നതാണ് ഒരു മുസ്ലിമിന്റെ വിശ്വാസം. എന്നാല് ചില വാറോലകളെ കൂട്ടുപിടിച്ച് 2027ൽ അത് സംഭവിക്കും, അതല്ലെങ്കിൽ അതിന്റെ വലിയ അടയാളങ്ങൾ വരും എന്നെല്ലാം ചിലർ പ്രചരിപ്പിക്കുന്നത് കാണാം. ഇമാം മഹ്ദി വരുന്നതിന് മുന്നോടിയായുള്ള റമദാനിൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ച് സംഭവിക്കും, അത് 2027 ലാണ് എന്ന് പ്രതിപാദിച്ചുകൊണ്ടാണ് ഇത് പ്രചരിക്കപ്പെടുന്നത്. മുമ്പ് പലരും 2000 ത്തിൽ ലോകമവസാനിക്കും എന്ന് പ്രവചിച്ചു. പിന്നീട് ചില കലണ്ടറുകളുടെ അടിസ്ഥാനത്തിൽ 2012 ൽ അത് സംഭവിക്കും എന്ന് പ്രവചിച്ചു. ഇങ്ങനെ പോകുന്നു പ്രവചനങ്ങൾ. അപ്രകാരം പ്രവചിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് അല്ലാഹുവിന്റെ മേൽ കളവ് പ്രചരിപ്പിക്കലാണ്. കാരണം അല്ലാഹുവിന് മാത്രം അറിവുള്ള ഗൈബിയായ കാര്യങ്ങൾ അവകാശപ്പെടുക എന്നത് കുഫ്റാണ്. ഇത്തരം മെസേജുകൾ അറിയാതെ ചില സഹോദരങ്ങൾ പ്രചരിപ്പിച്ചു പോകുന്നത് കാണുമ്പോൾ ഏറെ സങ്കടകരമാണ്, അതിലുപരി ഈ ഉമ്മത്തിൽ ഇന്ന് നില നില്ക്കുന്ന അജ്ഞതയുടെ ആഴം കൂടിയാണ് അത് സൂചിപ്പിക്കുന്നത്.
പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജ് ഇപ്രകാരമാണ്: (ലോക ചരിത്രത്തിൽ ആദ്യമായി 2027ലെ റമളാനിൽ അത് സംഭവിക്കാൻ പോകുന്നു. 2027 ഫെബ്രുവരി 7 അതായത് റമളാൻ 1നു ചന്ദ്രഗ്രഹണവും, 2027 ഫെബ്രുവരി 20 നു അതായത് റമളാൻ പകുതിയോട് അടുപ്പിച്ച് സൂര്യഗ്രഹണവും നടക്കാൻ പോകുന്നു. ലോക മുസ്ലിമീങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു 2027 ലെ റമളാൻ ഇനി 12 വർഷം മാത്രം ബാക്കി. മുത്തു നബി (സ) തങ്ങൾ പറഞ്ഞു: “ഇമാം മഹ്ദി വരുന്നതിന് മുമ്പ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അല്ലാഹു ഈ ലോകം സൃഷ്ടിച്ചത് മുതൽ ഇതുവരെ അതുണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിന് തൊട്ടുമുമ്പുള്ള റമളാൻ മാസത്തില് ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാൻ പകുതിയിൽ സൂര്യ ഗ്രഹണവും ഉണ്ടാവും”).
ഇനി ഇതിന്റെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം: മേല്പറഞ്ഞ ഹദീസ് ഉണ്ടോ ?. അത് സ്വീകാര്യയോഗ്യമാണോ ?.

 

حدثنا أبو سعيد الاصطخري ثنا محمد بن عبد الله بن نوفل ثنا عبيد بن يعيش ثنا يونس بن بكير عن عمرو بن شمر عن جابر عن محمد بن علي قال:” إن لمهدينا آيتين لم تكونا منذ خلق السماوات والأرض تنكسف القمر لأول ليلة من رمضان وتنكسف الشمس في النصف منه ولم تكونا منذ خلق الله السماوات والأرض”.

അബൂ സഈദ് അൽഅസ്ത്വഖ്’രി പറഞ്ഞു: അദ്ദേഹത്തോട് മുഹമ്മദ്ബ്നു അബ്ദുല്ലാഹ് ബ്നു നൗഫൽ പറഞ്ഞു: അദ്ദേഹത്തോട് ഉബൈദ് ബ്നു യഈസ് പറഞ്ഞു: അദ്ദേഹത്തോട് യൂനുസ് ബ്ൻ ബകീര് പറഞ്ഞു: അദ്ദേഹം അംറുബ്നു ശാമിറിൽ നിന്നും: അദ്ദേഹം ജാബിറിൽ നിന്നും : അദ്ദേഹം മുഹമ്മദ് ബ്നു അലിയ്യിൽ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: “നമ്മുടെ മഹ്ദിക്ക് രണ്ട് ദൃഷ്ടാന്തങ്ങളുണ്ട്. ആകാശഭൂമി സൃഷ്ടിക്കപ്പെട്ടതിനു ശേഷം അപ്രകാരമൊന്ന് സംഭവിച്ചിട്ടില്ല. റമളാനിലെ ആദ്യത്തെ രാവിൽ ചന്ദ്രഗ്രഹണവും അതിന്റെ പാതിയിൽ സൂര്യഗ്രഹണവും സംഭവിക്കും. അല്ലാഹു ആകാശ-ഭൂമിയെ സൃഷ്ടിച്ചത് മുതൽ അപ്രകാരം സംഭവിച്ചിട്ടില്ല.” – [ദാറ ഖുത്വനി: 2/65].

ഇത് ഇമാം ദാറ ഖുത്വനി (റ) യാണ് ഉദ്ധരിച്ചിട്ടുള്ളത്. ഈ ഹദീസ് മൗളൂഅ് ആയ അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്. ഈ ഹദീസിന്റെ പരമ്പരയിൽ യൂനുസ് ബ്ന് ബകീർ എന്നയാളുണ്ട്. അയാൾ ധാരാളമായി തെറ്റുകൾ സംഭവിക്കുന്ന ആളാണ്. അതുപോലെ അദ്ദേഹം അത് ഉദ്ധരിക്കുന്നത് അംറു ബ്നു ശ മിർ എന്നയാളിൽ നിന്നാണ്. ഇയാൾ കള്ള ഹദീസുകൾ കെട്ടിച്ചമക്കുന്ന ആളാണ് എന്നാണ് ഹദീസ് നിധാനശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇമാം സുലൈമാനി (റ) പറയുന്നു: അംറ് റാഫിളിയാക്കൾക്ക് (ശിയാക്കൾക്ക്) വേണ്ടി ഹദീസുകൾ കെട്ടിച്ചമക്കുന്ന ആളാണ്. ഇമാം ഹാകിം (റ) പറയുന്നു: “ജാബിർ അൽജഅഫിയെ ഉദ്ധരിച്ചുകൊണ്ട് ധാരാളമായി ഹദീസുകൾ കെട്ടിച്ചമക്കുന്ന ആളാണയാൾ.” മുകളിൽ പരമർശിച്ച ഹദീസ് ഇയാൾ ജാബിർ അല്ജഅഫിയിൽ നിന്നാണ് ഉദ്ദരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇമാം ഇബ്നു ഹിബ്ബാൻ (റ) പറയുന്നു: “സ്വഹാബത്തിനെ കുറ്റം പറയുന്ന ഒരു റാഫിളിയാണിയാൾ. വിശ്വാസയോഗ്യരായ ആളുകളുടെ പേരിൽ കള്ളഹദീസുകൾ ഉദ്ധരിക്കലും ഇയാളുടെ പ്രവർത്തിയാണ്”.

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നു: “ഇയാൾ ളഈഫും റാഫിളിയുമാണ്”. – [മേൽപ്പറഞ്ഞ ഉദ്ധരണികൾ ലഭിക്കാൻ: മഹ്ദിയെക്കുറിച്ച് വന്ന കള്ളഹദീസുകൾ സമാഹരിച്ച الموسوعة في أحاديث المهدي الضعيفة والموضوعة എന്ന അബ്ദുൽ അലീം അബ്ദുൽ അളീം ബസ്തവിയുടെ ഗ്രന്ഥത്തിൽ പേജ്: 169 നോക്കുക].

അതുകൊണ്ടുതന്നെ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ 2027 ഓടു കൂടി ലോകാവസാനത്തിന്റെ വലിയ അടയാളങ്ങൾ സമാഗതമാകും എന്ന് പറയാൻ സാധിക്കില്ല. മറിച്ച് അലിയ് ബ്ൻ അബീ ത്വാലിബ് (റ) വിന്റെ മകൻ മുഹമ്മദ് ബ്ൻ അലി (റ) വിലേക്ക് ചേർത്തി കള്ളമായി പ്രചരിപ്പിക്കപ്പെട്ട ഒരു കാര്യം മാത്രമാണത്. ഇനി പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജിലെ രണ്ടാമത്തെ കളവ്: “എന്റെ സമുദായം 1500 വർഷം കടന്നുപോകുകയില്ല” എന്ന് നബി (സ) പറഞ്ഞുവെന്നാണ്. ഇതും നബി (സ) യുടെ മേൽ കെട്ടിച്ചമക്കപ്പെട്ട കളവാണ്. അല്ലാഹുവിന്റെ റസൂൽ (സ) അപ്രകാരം പറഞ്ഞിട്ടില്ല. പിന്നെ ഈ കണക്ക് എവിടെ നിന്ന് വന്നു എന്ന് ചോദിച്ചാൽ ചില ആളുകൾ മറ്റു ചില ഹദീസുകളെ അതിൽ പരാമർശിക്കപ്പെട്ട ജൂത ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള കാര്യങ്ങളെപ്പറ്റി ഗണിച്ചെടുത്താണ് 1500 വർഷം എന്ന സംഖ്യ ഉണ്ടാക്കിയത്. ഹദീസിൽ അന്ത്യദിനത്തോട് അടുത്തായാണ് മുസ്ലിം സമുദായം ഉള്ളത് എന്നത് വ്യക്തമാണ് എങ്കിൽക്കൂടി 1500 എന്നൊരു കണക്ക് ഹദീസിൽ ഇല്ല.

ഇവർ ദുർവ്യാഖ്യാനിച്ച ഹദീസ് ഇപ്രകാരമാണ്: مثل المسلمين واليهود والنصارى، كمثل رجل استأجر قوما، يعملون له عملا إلى الليل، فعملوا إلى نصف النهار فقالوا: لا حاجة لنا إلى أجرك، فاستأجر آخرين، فقال: أكملوا بقية يومكم ولكم الذي شرطت، فعملوا حتى إذا كان حين صلاة العصر، قالوا: لك ما عملنا، فاستاجر قوما، فعملوا بقية يومهم حتى غابت الشمس، واستكملوا أجر الفريقين).). ‏صحيح البخاري

“മുസ്ലിമീങ്ങളുടെയും, ജൂത ക്രിസ്ത്യാനികളുടെയും ഉദാഹരണം; ഒരാൾ രാത്രി വരെ ജോലി ചെയ്യാനായി ഒരു പറ്റം ആളുകളെ കൂലിക്ക് വിളിച്ചത് പോലെയാണ്. ഒരു കൂട്ടർ പകൽ പകുതിയോളം ജോലി ചെയ്തപ്പോഴേക്കും, ഞങ്ങൾക്ക് തന്റെ കൂലി വേണ്ട എന്ന് പറഞ്ഞ് നിർത്തി. അപ്പോൾ അയാൾ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അയാൾ പറഞ്ഞു: നിങ്ങൾ ഇന്ന് അവശേഷിച്ചത് പൂർത്തിയാക്കുക. ഞാൻ വാഗ്ദാനം ചെയ്തത് നിങ്ങൾക്ക് നൽകാം. അവർ അസറ് വരെ പണിയെടുത്തു. എന്നിട്ട് പറഞ്ഞു: ഞങ്ങൾ ഇതുവരെ ചെയ്തതെന്തോ അത് മതി. അപ്പോൾ അയാൾ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അവർ അവശേഷിച്ച സമയം സൂര്യൻ അസ്തമിക്കുന്നത് വരെ പണിയെടുത്തു. അവർ ആ ഇരുകൂട്ടരുടെ പ്രതിഫലവും പൂർണമായി നേടുകയും ചെയ്തു.” – [ബുഖാരി: 558].

യഥാർഥത്തിൽ ഈ ഹദീസ് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ നബിമാരിലും വിശ്വസിക്കുകയും പൂർണമായ വിശ്വാസത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നവർക്കാണ് അല്ലാഹുവിന്റെ പക്കൽ വിജയമുള്ളത് എന്നതും അന്ത്യദിനം അടുത്താണ് എന്നതുമാണ്. എന്നാൽ ഈ ഉമ്മത്തിന്റെ ആയുസ് 1500 വർഷമാണ് എന്ന് ഖണ്ഡിതമായി പറയാനുള്ള യാതൊന്നും ആ ഹദീസിലില്ല.

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) ഈ ഹദീസിന്റെ വിശദീകരണത്തിൽ പറയുന്നു: (ജൂതന്മാരാണ് ആദ്യം ജോലി ചെയ്തവർ) “ഞങ്ങൾ തന്റെ കൂലി ആവശ്യമില്ല” എന്നവർ പറഞ്ഞതുകൊണ്ട് അവർ അല്ലാഹുവിൽ അവിശ്വസിക്കുകയും, വിശ്വാസത്തിൽ നിന്ന് പിന്തിരിഞ്ഞു കളയുകയും, അതിനാൽ അല്ലാഹു അവരെ ഉപേക്ഷിക്കുകയും ചെയ്തു എന്നതാണ്…………….

അതുപോലെത്തന്നെയാണ് നസാറാക്കളും അവരുടെ സമയം ജൂതന്മാരുടെ പകുതിയായിരുന്നു എന്ന് അതിൽ സൂചനയുണ്ട്. കാരണം അവർ മുഴുവൻ പകലിന്റെയും കാൽ ഭാഗം മാത്രമാണ് പണിയെടുത്തത്……. “എന്നാൽ പകലിൽ നിന്നു വളരെ കുറച്ച് മാത്രം അവശേഷിച്ചപ്പോൾ സൂര്യൻ അസ്തമിക്കുന്നത് വരെ അത് പൂർത്തിയാക്കിയവർ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. മുസ്ലിമീങ്ങളാണ്. അവർ മൂന്ന് നബിമാരിലും വിശ്വസിച്ചത് കൊണ്ട് അവർക്ക് ആ മൂന്ന് പേരുടെ പ്രതിഫലവും ലഭിച്ചു. ദുനിയാവിൽ വളരെ കുറഞ്ഞ സമയമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നതിലേക്ക് ഈ ഹദീസ് സൂചന നൽകുന്നു.
അതിനെക്കുറിച്ച് “ഞാനും അന്ത്യദിനവും തമ്മിൽ ഈ വ്യത്യാസത്തിലാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് തന്റെ ചൂണ്ടുവിരലും നടുവിരലും നബി (സ) ഉയർത്തിക്കാണിച്ച ഹദീസ് വിശദീകരിക്കുന്നിടത്ത് അത് കൂടുതൽ വ്യക്തമാക്കാം” – [ഫത്ഹുൽ ബാരി: ഹദീസ് 2151].
അതെ, അന്ത്യദിനം അടുത്തുവെന്നുള്ളത് അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ച കാര്യമാണ്. അന്ത്യദിനത്തോട് അടുത്താണ് അല്ലാഹുവിന്റെ റസൂൽ നിയോഗിക്കപ്പെട്ടത് എന്ന് സ്വഹീഹായ ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ അത് ഇന്ന വർഷമാണെന്നോ അതിന്റെ അടയാളങ്ങൾ പുലരുന്നത് ഇന്ന വർഷമാണെന്നോ ആർക്കും പ്രവചിക്കാൻ സാധ്യമല്ല. ഹദീസുകളെ ദുർവ്യാഖ്യാനിച്ച് അപ്രകാരമുള്ള ഗവേഷണങ്ങൾ നടത്തുക എന്നത് വളരെ വലിയ പാതകമാണ്. മേൽപ്പറഞ്ഞ ഹദീസിൽ നിന്നു ജൂതക്രിസ്ത്യാനികളുടെ കാലം ചരിത്രകാരന്മാർ വിലയിരുത്തിയതിനെ ആസ്പദമാക്കി ഗണിച്ചാണ് ചിലർ മുസ്ലിം ഉമ്മത്തിന്റെ ആയുസ് 1500 വർഷം എന്ന് പ്രചരിപ്പിക്കുന്നത്. മാത്രമല്ല അത് നബി (സ) പറഞ്ഞു എന്ന പേരിൽ പ്രചരിപ്പിക്കുന്നത് അതിനെ കൂടുതൽ വലിയ അപരാധമാക്കി മാറ്റുന്നു.

“എന്റെ മേൽ അറിഞ്ഞുകൊണ്ട് ആര് കളവ് പറയുന്നുവോ അവന് നരകത്തിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ” എന്ന് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മെസ്സേജുകൾ ഷെയർ ചെയ്യുന്നത് നാം സൂക്ഷിക്കുക. എഴുതിയ ആളുടെ പേരും വിലാസവും ഇല്ലാത്ത ഒരു മെസേജും ഷെയർ ചെയ്യൽ അനുവദനീയമല്ല. കാരണം അത് വസ്തുതകളുടെ സത്യസന്ധതയെ ബാധിക്കും.

അതുകൊണ്ടാണ് ഇമാമീങ്ങൾ : “മതം അത് സനദിലൂടെ മാത്രമാണ്. ഇല്ലെങ്കിൽ തോന്നിയവരെല്ലാം മതത്തിന്റെ പേരിൽ തോന്നിയത് പ്രചരിപ്പിക്കുമായിരുന്നു”. എന്ന് പറയാൻ കാരണം. ഇനി പേരും വിലാസവും ഉണ്ടെങ്കിലും അത് പറയുന്ന വ്യക്തി സ്വീകാര്യനാണോ, മതപരമായി അത് പറയാൻ യോഗ്യനാണോ എന്നെല്ലാം വിലയിരുത്തിയാണ് നാം മതപരമായ വിഷയങ്ങൾ സ്വീകരിക്കേണ്ടത്. ഇല്ലെങ്കിൽ ക്രിസ്തീയ സമുദായത്തിന് സംഭവിച്ച പോലെ എല്ലാ കെട്ടുകഥകളും വിശ്വസിക്കുന്നവരായി ഈ സമുദായവും മാറും… അതുകൊണ്ട് നാം സൂക്ഷിക്കുക.

ഇമാം മഹ്ദി വരും എന്നതും അത് അന്ത്യദിനത്തിന്റെ അടയാളത്തിൽ പെട്ടതാണ് എന്നതും വസ്തുതയാണ് പക്ഷെ അത് 2027 ലാണ് എന്ന് പറയാൻ ആര് നമുക്കധികാരം തന്നു. അതൊരു പക്ഷെ അല്ലാഹു നിശ്ചയിച്ചത് പ്രകാരം 2027 നോ, അതിനു മുമ്പോ, അതിന് ശേഷമോ സംഭവിച്ചെന്നു വരാം. അതുപോലെ അതിന്റെ അടയാളങ്ങളും. പക്ഷെ അത് ഇന്ന വർഷമായിരിക്കും എന്ന് പറയാൻ, എന്ന് കണക്കാക്കാൻ ആരാണ് നമുക്കധികാരം തന്നത് ?!.
ജിബ്രീൽ അലൈഹിസ്സലാം മഹാനായ നബി (സ) യോട് അന്ത്യദിനം എപ്പോൾ സംഭവിക്കും എന്നതിനെപ്പറ്റി ചോദിച്ചപ്പോൾ, “ചോദിക്കപ്പെട്ടയാൾക്ക് ചോദിച്ച ആളെക്കാൾ ആ വിഷയത്തിൽ യാതൊന്നുമറിയില്ല” എന്ന് റസൂൽ കരീം (സ) മറുപടി നല്കിയത് നമുക്കേവർക്കും മാതൃകയാണ്.
അല്ലാഹുവിന്റെ റസൂലിന് പോലും അറിയാത്ത കാര്യം ചിലർ ഗവേഷണം ചെയ്ത് കണ്ടെത്തിയെന്നോ ?!. ഈ ബാലപാഠം പോലും നമുക്ക് മനസ്സിലായില്ലയെങ്കിൽ നാം തീർത്തും അപകടത്തിലാണ്. അന്ത്യദിനത്തിന്റെ സമയമെപ്പോൾ എന്നറിയുന്നതിലല്ല, അതിനുവേണ്ടി നാം തയ്യാറെടുത്തോ എന്നതാണ് ചിന്തിക്കേണ്ടത്. അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക എന്നതറിയാൻ വ്യഗ്രത കാണിച്ച ആളുകൾക്ക് വിശുദ്ധ ഖുർആൻ കൃത്യമായ മറുപടി നൽകുന്നുണ്ട്:

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا (42) فِيمَ أَنْتَ مِنْ ذِكْرَاهَا (43) إِلَى رَبِّكَ مُنْتَهَاهَا (44) إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَاهَا ( (45كَأَنَّهُمْ يوم يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا (46)

” ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവർ നിന്നോട് ചോദിക്കുന്നു. നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്?. അതിന്റെ അറിവ് അതിന്റെ രക്ഷിതാവിന്റെ പക്കലാണ്. അതിനെ ഭയപ്പെടുന്നവർക്ക് ഒരു താക്കീതുകാരൻ മാത്രമാണ് നീ. അതിനെ അവർ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവർ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവർക്ക് തോന്നുക.)”. – [ നാസിആത്ത് : 42 – 45].

അഥവാ ആ സമയം അറിഞ്ഞതുകൊണ്ട് പ്രത്യേകിച്ച് എന്തുകിട്ടാനാണ്? പക്ഷെ ആ അന്ത്യസമയത്തെ ഭയപ്പെടുന്നവർക്കുള്ള താക്കീതുകാരനായാണ് പ്രവാചകൻ(സ) വന്നത്. അതിനാൽ തന്നെ ആര് ആ പ്രവാചകനെ അനുസരിക്കുന്നുവോ അവർക്ക് മാത്രമാണ് ആ താക്കീത് ഉപകരിക്കുന്നത്. എന്നതുപോലെ മഹ്ദിയുടെ ആഗമനം പ്രവാചകൻ(സ) നമുക്ക് നൽകിയ ഒരു സന്തോഷവാർത്തയാണ്. അതെപ്പോഴാണ് എന്ന് കൃത്യമായി പ്രവാചകൻ(സ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നിങ്ങൾ ഖുർആനും പ്രവാചകചര്യയും മുറുകെപ്പിടിക്കുന്നവരാണ് എങ്കിൽ സ്വാഭാവികമായും മഹ്ദിയുടെ ആഗമനസമയത്ത് നിങ്ങളുണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ അനുയായികളിൽ പെട്ടവരായിരിക്കും എന്നതാണ് പ്രവാചകവചനങ്ങൾ സൂചിപ്പിക്കുന്നത്. ഏതായാലും ഒരു വിശ്വാസി ഏതു സാഹചര്യത്തിലായാലും കൈകൊള്ളേണ്ട നിലപാട് എന്ന് പറയുന്നത് ഖുർആനും, സുന്നത്തും, സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ മനസ്സിലാക്കി അതിനുവേണ്ടി നിലകൊള്ളുക എന്നതാണ്. കൃത്രിമമായ നിഗമനങ്ങൾ മെനഞ്ഞ് മഹ്ദിയെ കണ്ടെത്താൻ സത്യവിശ്വാസികളോട് അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് മഹ്ദിയുടെ ആഗമനം വെളിപ്പെടും. അത് സംശയഭേധമന്യേ വിശ്വാസികൾക്ക് അല്ലാഹു പ്രകടമാക്കിക്കൊടുക്കും. അതാണ് കൃത്യമായി പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുള്ളത്. സ്വാഭാവികമായും ഖുർആനും സുന്നത്തും പിൻപറ്റുന്നവർ ആയിരിക്കും അദ്ദേഹത്തോടൊപ്പം നിലകൊള്ളുക. ആയതിനാൽ തന്നെ ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുക എന്നതാണ് അടിസ്ഥാനം.
അല്ലാഹു അനുഗ്രഹിക്കട്ടെ…ഇല്ലെങ്കിൽ