ഈ മതത്തിന്റെ തണലിൽ മുസ്ലിംകൾ അന്തസ്സാർന്ന ജീവിതത്തിലാണ്. അതിന്റെ ഓരോ ഭാഗത്തുനിന്നും അവർ ഈമാനിന്റെ മാധുര്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ശാന്തിയിലും സമാധാനത്തിലുമാണവർ. കീഴൊതുക്കത്തിന്റെ ഗുണവും ആരാധനയും അതിന്റെ രുചിയും അവരാസ്വദിച്ചു കഴിയുകയാണ്. ഈ മതത്തിന്റെ അധ്യാപനങ്ങൾ മുഴുവൻ, വഴിപിഴച്ചവരുടെ സകല താത്പര്യങ്ങളിൽ നിന്നും ഒരു കോട്ടയിലെന്നോണം മനുഷ്യനെ സംരക്ഷിച്ചു നിർത്തുകയാണ്. ദേഹേച്ഛകളിൽ നിന്നും മാനസിക ദുഃഖങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും ഈ ദീൻ അവന്ന് മോചനം നല്കുന്നു. അല്ലാഹുവിന്റെ ദീനറിഞ്ഞവൻ ദരിദ്രനാണെങ്കിലും ശരി, അവനാണ് സത്യത്തിൽ സമ്പന്നൻ. അല്ലാഹുവിന്റെ ദീനിനോട് ശത്രുതകാട്ടുന്നവൻ, അവനെത്ര ധനികനാണെങ്കിലും ദരിദ്രനാണ്. മനസ്സിനും വികാരങ്ങൾക്കും സുഖം നല്കുന്നുവെന്നും, അനുഭൂതികളെ പോഷിപ്പിക്കുന്നുവെന്നും ജല്പിച്ചാണ് പലരും സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത്.
ശരിയല്ല ആ വാദം. മനസ്സിൽ വികലവികാരങ്ങളും, നൈമിഷികേച്ഛകളും ഇളക്കി വിടുന്ന സംഗതിയാണ് സംഗീതം. സംഗീതത്തിന്, അതിന്റെ പ്രൊമോട്ടർമാർ പറയുന്നതുപോലെ, മാനസികോല്ലാസവും വികാര നൈർമല്യവുമേകാൻ കയിയുമായിരുന്നുവെങ്കിൽ, ദുനിയാവിൽ ഏറ്റവും കൂടുതൽ സഹൃദയരും സ്വഭാവനിഷ്ഠരുമായവർ സംഗീതജ്ഞരും ഗായകരുമാകണമായിരുന്നു. നമ്മളറിഞ്ഞിടത്തോളം അവരിലെ ഭൂരിഭാഗവും വഴിതെറ്റിയവരും സ്വഭാവ ദൂഷ്യക്കാരുമാണ്!
പടച്ചവന്റെ ദീനിൽനിന്നല്ലാതെ, അതിന്റെ അധ്യാപനങ്ങളിൽ നിന്നല്ലാതെ ആഹ്ളാദവും മാനസികോല്ലാസവുമൊക്കെ അന്വേഷിച്ചു നടക്കുന്ന ചില മുസ്ലിംകളെ കാണുമ്പോൾ, തന്റെ ദീനിനോട് അങ്ങേയറ്റത്തെ സ്നേഹമുള്ള ഒരു മുസ്ലിമിന്റെ മനസ്സിൽ അത് നൊമ്പരമുണ്ടാക്കുന്നുണ്ട്.
മരുന്നുപയോഗിക്കേണ്ടിടത്ത് വിഷമുപയോഗിക്കുന്നവർ!
നൈമിഷിക വികാരങ്ങളിൽ നിന്ന് ശാശ്വതമായ ശമനവും ആരോഗ്യവും കൊതിക്കുന്നവർ!
അതിന്റെ മകുടോദാഹരണമാണ്, സംഗീതത്തിലും സംഗീതോപകരണങ്ങളിലും അടയിരിക്കുന്ന നമ്മളിലെത്തന്നെ ചിലർ. സംഗീതവും സംഗീതോപകരണങ്ങളും ഹറാമാണെന്ന കാര്യത്തിൽ ആർക്കെങ്കിലും സന്ദേഹമുണ്ടെങ്കിൽ, ലോക രക്ഷിതാവിന്റ ഗ്രന്ഥവും, അവന്റെ ദൂതന്റെ അധ്യാപനങ്ങളും വായിച്ച് സന്ദേഹ ശുദ്ധി വരുത്തട്ടെ. സംഗീതം ഹറാമാണെന്നറിയിക്കുന്ന ഒട്ടേറെ തെളിവുകൾ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഉദ്ധരിക്കാനാകുന്നതാണ്. അതിനെ ഹലാലായി കാണുന്ന, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകുന്ന ആളുകൾക്കുള്ള താക്കീതുകളും പ്രസ്തുത രണ്ട് പ്രമാണങ്ങളിലും കാണാം. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നോ, പ്രവാചക സുന്നത്തിൽ നിന്നോ ലഭിക്കുന്ന ഒരേയൊരു രേഖമതി തെറ്റായ കാര്യത്തിൽ നിന്നും ഒരു വിശ്വാസിക്ക് അകന്നു നില്ക്കാൻ…
“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.!
വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)
ഖുർആനിൽ നിന്നുള്ള തെളിവുകൾ
“യാതൊരു അറിവുമില്ലാതെ ദൈവമാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.” (ലുഖ്മാൻ: 6)
ഹിബ്റുൽ ഉമ്മ എന്ന അപരനാമത്തിലറിയപ്പെടുന്ന അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ) (വിനോദ വാർത്തകൾ എന്നതിനെപ്പറ്റി) പറയുകയാണ്: `അത് സംഗീതമാണ്`.
മുജാഹിദ്(റ) പറയുന്നു: `വിനോദമെന്നാൽ ചെണ്ടവാദ്യമാണ്`. (തഫ്സീർ ത്വബരി)
ഹസനുൽ ബസ്വരി(റ) പറയുന്നു: `ഈ ആയത്ത് അവതരിച്ചത് ഗാനത്തിന്റേയും സംഗീതത്തിന്റേയും സംഗതിയിലാണ്.` (തഫ്സീർ ഇബ്നു കഥീർ)
ഇബ്നുൽ ഖയ്യിം (റ) പറയുന്നു: “ലഹ്വുൽ ഹദീസ് അഥവാ വിനോദവർത്തമാനങ്ങൾ എല്ലാം ഗാനവും സംഗീതവുമാണെന്ന സ്വഹാബികളുടേയും താബിഉകളുടേയും വിശദീകരണം നമുക്ക് മതിയാകുന്നതാണ്. അങ്ങനെ പ്രമുഖ സ്വഹാബികളായിരുന്ന ഇബ്നു അബ്ബാസി(റ) നിന്നും ഇബ്നു മസ്ഊദി(റ)ൽ നിന്നും സ്വഹീഹായ നിലക്ക് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
അബൂ സ്വഹ്ബാഅ് പറഞ്ഞു: `വമിനന്നാസി മൻ യശ്തരീ ലഹ്വൽ ഹദീസ് എന്ന ആയത്തിനെ സംബന്ധിച്ച് ഇബ്നു മസ്ഊദിനോട് ഞാൻ ചോദിച്ചു: അപ്പോൾ, അല്ലാഹുവാണ, അവനല്ലാതെ ആരാധ്യനില്ല, അത് ഗാനമാണ്. എന്ന് അദ്ദേഹം മൂന്ന് പ്രാവശ്യം ആണയിട്ടു പറഞ്ഞു.` ഇബ്നു ഉമറിൽ നിന്നും അത് ഗാനം തന്നെയാണെന്ന് സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്…“ (ഇഗാഥത്തുല്ലഹ്ഫാൻ).
മേലെ വായിച്ച ആയത്തിന്റെ തഫ്സീറിൽ ജാബിർ (റ), ഇക്രിമ(റ), സഈദ് ബ്നു ജുബൈർ(റ), മകഹൂൽ(റ), മയ്മൂൻ ബ്നു മഹ്റാൻ(റ), അമ്ര് ബ്നു ശുഐബ്(റ) അലി ബ്ൻ ബദീമ(റ) തുടങ്ങിയ മഹത്തുക്കൾ ഇതേപ്രകാരം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
വാഹിദി(റ) പറയുന്നു: ”ഈ ആയത്തിന്റെ തഫ്സീറടിസ്ഥാനത്തിൽ നോക്കുമ്പോൾ ഗാനം ഹറാമാണെന്ന്തിന്ന് തെളിവുണ്ട്.“ (ഇഗാഥത്തുല്ലഹ്ഫാൻ).
ഖുർആൻ ആയത്തുകൾക്ക് സ്വഹാബി നല്കുന്ന വിശദീകരണത്തിന്റെ ആധികാരികതയെപ്പറ്റി ഇമാം ഹാകിം (റ) അദ്ദേഹത്തിന്റെ മുസ്തദ്റകിൽ പറയുന്നു: ”പ്രവാചകന് വഹ്യിറങ്ങുന്നതിന്ന് അഥവാ ഖുർആൻ അവതരിക്കുന്നതിന്ന് സാക്ഷിയായിരുന്ന ഒരു സ്വഹാബിയുടെ തഫ്സീറിന് ബുഖാരി(റ)യുടേയും മുസ്ലി(റ) മിന്റേയും അടുക്കൽ ആധികാരികമായ ഹദീസിന്റെ സ്ഥാനമാണുള്ളത്. ഓരൊ വിജ്ഞാനാന്വേഷിയും ഇക്കാര്യം കൃത്യമായി മനസ്സിലാക്കട്ടെ .
“ ഇമാം ഇബ്നുൽ ഖയ്യിം (റ) ഇമാം ഹാകിമിന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ചുകൊണ്ടു പറയുന്നു: “ഇമാം ഹാകിമിന്റെ അഭിപ്രായത്തിൽ ചിന്തിക്കേണ്ടതുണ്ടെങ്കിലും, പിൽകാലക്കാരുടെ തഫ്സീറുകളേക്കാൾ സ്വീകാര്യമായത് സ്വഹാബതിന്റെ വ്യാഖ്യാനം തന്നെ എന്ന കാര്യത്തിൽ സന്ദേഹമില്ല. കാരണം, അവരാണ് ഖുർആനിക ആയത്തുകളുടെ ഉദ്ദേശ്യത്തെ സംബന്ധിച്ച് കൂടുതൽ അറിയുന്നവർ. അവർക്കിടയിലേക്കാണ് ഖുർആൻ അവതരിച്ചത്. ഖുർആനിന്റെ പ്രഥമ അഭിസംബോധിതർ അവരാണ്. ഓരോ ആയത്തിനും നബി (സ്വ) സ്വന്തം കർമ്മത്തിലൂടേയും ജ്ഞാനത്തിലൂടേയും നല്കിയ വിശദീകരണത്തിന് സാക്ഷികളായവരുമാണ് അവർ. അവർ സ്ഫുടമായ അറബീ ഭാഷ സംസാരിക്കുന്നവരായിരുന്നു; അവരുടെ വിശദീകരണം തെറ്റാനിടയില്ല. “ (ഇഗാഥത്തുല്ലഹ്ഫാൻ) ‘
അല്ലാഹു പറയുന്നു: “അവരിൽ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവർക്കെതിരിൽ നിന്റെ കുതിരപ്പടയെയും കാലാൾപ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവർക്കു നീ വാഗ്ദാനങ്ങൾ നല്കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു.” (ഇസ്റാഅ്: 64)
തഫ്സീർ ജലാലൈനിയിൽ നിന്റെ ശബ്ദം മുഖേന എന്നതിന് കൊടുക്കുന്ന വ്യാഖ്യാനം, “സംഗീതവും പാട്ടും മുഖേനയുള്ള നിന്റെ ക്ഷണം കൊണ്ട്, പാപത്തിലേക്ക് നയിക്കുന്ന എല്ലാം കൊണ്ട്” എന്നാണ്. മുജാഹിദിൽ നിന്ന് ഇബ്നു കഥീറും, ത്വബരിയും ഇതേ പ്രകാരം വിശദീകരിച്ചിട്ടുണ്ട്.
ഇമാം ഖുർതുബി തന്റെ തഫ്സീറിൽ വിശദീകരിച്ചത് ഇങ്ങനെയാണ്: “ഈ ആയത്തിൽ വിനോദം, ഗാനം, സംഗീതം തുടങ്ങിയവ ഹറാമാകുമെന്നതിന് തെളിവുണ്ട്… പൈശാചിക ശബ്ദങ്ങളിൽ നിന്നോ പിശാച് നന്നാക്കി തോന്നിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നോ ഉള്ളവയിൽ നിന്ന് മാറിനില്ക്കൽ നിർബന്ധമാകുന്നു.”
“വ്യാജത്തിന് സാക്ഷി നില്ക്കാത്തവരും അനാവശ്യവൃത്തികൾ നടക്കുന്നേടത്തുകൂടി പോകുകയാണെങ്കിൽ മാന്യൻമാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവർ.” (അല്ഫുർഖാൻ: 72) ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു കഥീർ(റ), മുഹമ്മദ് ബ്നു ഹനഫിയ്യ(റ)യിൽ നിന്നും നിവേദനം ചെയ്തു വന്നത് ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: “വ്യാജം എന്നാൽ ഇവിടെ അർഥമാക്കുന്നത് ഗാനമാണ്”. മുജാഹിദിൽ നിന്നുമുള്ള നിവേദനം ഖുർതുബിയിലും ത്വബ്രിയിലും വന്നിട്ടുള്ളത് “വ്യാജത്തിന് സാക്ഷി നില്ക്കാത്തവരും` എന്നതു കൊണ്ടുള്ള വിവക്ഷ ഗാനത്തിന് ചെവികൊടുക്കാത്തവരും” എന്നാകുന്നു എന്നാണ്.
പ്രവാചക സുന്നത്തിൽ നിന്നുള്ള തെളിവുകൾ…
1. നബി(സ്വ) അരുളി: “വ്യഭിചാരവും പുരുഷന്മാർ പട്ടു ധരിക്കുന്നതും മദ്യപാനവും, സംഗീതോപകരണങ്ങളും ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂദായത്തിൽ ഉണ്ടായിത്തീരും.” (ബുഖാരി, ബൈഹഖി. ത്വബ്റാനി (ശൈഖ് അല്ബാനിയുടെ സിൽസിലത്തുസ്വഹീഹ നോക്കുക) ഈ ഹദീസിന്റെ സ്വീകാര്യതയെ, ഇമാം ഇബ്നു ഹിബ്ബാൻ(റ), ഇസ്മാഈലീ(റ), ഇബ്നു സ്വലാഹ്(റ), ഇബ്നു ഹജറുൽ അസ്കലാനി(റ), ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ), ത്വഹാവി(റ), ഇബ്നുൽ ഖയ്യിം(റ), സൻആനി(റ) തുടങ്ങിയ പണ്ഡിതപ്രമുഖർ അംഗീകരിച്ചിട്ടുള്ളതാണ്. ഇമാം ഇബ്നുൽ ഖയ്യിം എഴുതി: “ഈ ഹദീസിന്റെ സ്വീകാര്യതയിൽ കുറ്റമാരോപിച്ച ഇബ്നുൽ ഹസമി(റ)നെ പോലുള്ളവർക്ക് അതിനെ ഒന്നും ചെയ്യാനായിട്ടില്ല എന്നതാണ് വാസ്തവം. വിനോദസംരംഭങ്ങൾ അനുവദനീയമാക്കുക എന്ന തന്റെ അടിസ്ഥാനരഹിതമായ വാദത്തെ സഹായിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഈ ഹദീസ് മുൻഖതിഅ് ആണെന്നും, ബുഖാരിക്ക് അതിന്റെ സനദൊപ്പിക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാദിച്ചുകളഞ്ഞത്”.
അല്ലാമാ ഇബ്നു സ്വലാഹ്(റ) എഴുതി: “ഇതിന് മറുപടി പറയാൻ അദ്ദേഹത്തെ (ഇബ്നു ഹസമിനെ) തിരിഞ്ഞു നോക്കുക പോലും അരുത്… ഈ വിഷയത്തിൽ പല നിലക്കും അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടുണ്ട്… ഒരു ഹദീസ് സ്വഹീഹാകുന്നതിന് ആവശ്യമായ നിബന്ധനയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, സനദൊത്ത സ്വഹീഹായ ഹദീസു തന്നെയാണ് ഇത്”. (ഗദാഉൽ അല്ബാബ്, ഇമാം അസ്സഫാറയ്നി(റ)) മേലെ വായിച്ച ഹദീസിൽ വാദ്യോപകരണങ്ങൾ ഹറാമാണെന്നതിന് രണ്ട് നിലക്കുള്ളതെളിവുകൾ കാണാനാകും.
1. അവർ അനുവദനീയമാക്കും എന്ന പ്രവാചകന്റെ പ്രയോഗം. ഇസ്ലാമിക ശരീഅത്തിൽ അടിസ്ഥാനപരമായി വാദ്യോപകരങ്ങൾ നിഷിദ്ധമാണ് എന്ന് ഈ പ്രയോഗത്തിൽ നിന്നു മനസ്സിലാക്കാം.
2. ഹറാമാണ് എന്ന് ഖണ്ഡിതമായി നിർണ്ണയിക്കപ്പെട്ട, വ്യഭിചാരം, മദ്യം, പട്ട് എന്നിവയൊടൊപ്പമാണ് പ്രവാചകൻ (സ്വ)വാദ്യോപകരങ്ങളേയും എണ്ണിയിട്ടുള്ളത്. സംഗീതോപകരണങ്ങൾ ഹറാമായിരുന്നില്ലെങ്കിൽ ഈ പറയപ്പെട്ടവയൊടൊപ്പം നബി(സ്വ) അതിനെ ചേർത്തു പറയുമായിരുന്നില്ല. (സിൽസിലത്തു സ്വഹീഹ, അല്ബാനി).
ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ(റ) പറയുന്നു: “ഈ ഹദീസ് അറിയിക്കുന്നത് സംഗീതോപകരണങ്ങൾ നിഷിദ്ധമാകുന്നു എന്നാണ്. ഭാഷാപണ്ഡിതരുടെ അടുക്കൽ `മആസിഫ്` എന്നാൽ വിനോദ വാദ്യങ്ങൾ എന്നാണ്. എല്ലാ വാദ്യവിനോദോപകരണങ്ങൾക്കുമുള്ള പൊതുനാമമാണ് ഇത്. (മജ്മൂഉൽ ഫതാവ)
തിർമിദി(റ) അദ്ദേഹത്തിന്റെ സുനനിൽ ഉദ്ധരിക്കുന്നത് കാണുക: ജാബിർ(റ) പറഞ്ഞു: മരണ വക്ത്രത്തിലായിരുന്ന തന്റെ പുത്രൻ ഇബ്റാഹീമി(റ)ന്റെ അടുത്തേക്ക് നബി(സ്വ) അബ്ദുറഹ്മാൻ ബ്നു ഔഫി(റ)നോടൊപ്പം ചെന്നു. ഇബ്റാഹീമിനെ തന്റെ മടിയിലെടുത്തുവെച്ച പ്രവാചകന്റെ നയനങ്ങളിൽ നിന്നും കണ്ണീരൊഴുകാൻ തുടങ്ങി. അതുകണ്ട അബ്ദുറഹ്മാൻ ബ്നു ഔഫ് ചോദിച്ചു: “കരയരുതെന്നു വിലക്കിയ താങ്കൾ തന്നെ കരയുകയാണോ റസൂലേ?” തിരുമേനി(സ്വ) പറഞ്ഞു: ”കരയുന്നതിനെയല്ല ഞാൻ വിലക്കിയിട്ടുള്ളത്; അവിവേകം നിറഞ്ഞ, സംസ്കാരമില്ലാത്ത രണ്ട് ശബ്ദങ്ങളേയാണ് ഞാൻവിരോധിച്ചത്. ഒന്ന്, കളിവിനോദങ്ങളോടനുബന്ധിച്ചുള്ള രാഗങ്ങളുടേയും പിശാചിന്റെ വാദ്യോപകരണങ്ങളുടെയും ശബ്ദം. രണ്ട്, ആപൽ സന്ദർഭങ്ങളിൽ മുഖത്തും മാറത്തുമടിച്ചുകൊണ്ടുള്ള പൊട്ടിക്കരച്ചിലിന്റെ ശബ്ദം”. (തിർമിദി, ഹദീസ് ഹസൻ, ശൈഖ് അല്ബാനി ഹസൻ എന്ന് പ്രസ്താവിച്ചത്, സ്വഹീഹുൽ ജാമിഅ്, 5194)
നബി(സ്വ) അരുളി: “രണ്ടു ശബ്ദങ്ങൾ ശപിക്കപ്പെട്ടവയാണ്. സന്തോഷവേളകളിലെ സംഗീത ശബ്ദം, അപകടവേളകളിലെ നാശം വിളിച്ചു കൊണ്ടുള്ള അട്ടഹാസശബ്ദം.” (ഹദീസ് ഹസൻ, സിൽസിലത്തുസ്വഹീഹ, 423)
നബി(സ്വ) അരുളി; “ഈ ഉമ്മത്തിൽ ആക്രമവും, ചരൽ വർഷവും, രൂപമാറ്റവും വന്നു ഭവിക്കും. അത് അവർ കള്ള് കുടിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്ത് തുടങ്ങുമ്പോൾ.” (സ്വഹീഹ്, സിൽസിലത്തുസ്വഹീഹ, 2203) 5} നബി(സ്വ) അരുളി; അല്ലാഹു എന്റെ ഉമ്മത്തിന് മദ്യവും, ചൂതാട്ടവും, ചെണ്ട വാദ്യവും തമ്പേറും ഹറാമാക്കിയിരിക്കുന്നു. വിത്ർ നമസ്കാരം എനിക്ക് അധികം നല്കിയിരിക്കുന്നു. (സ്വഹീഹ്, സ്വഹീഹുൽ ജാമിഅ്, 1708) 6} അബൂ ദാവൂദ്(റ) തന്റെ സുനനിൽ ഉദ്ധരിച്ചത്. നാഫിഇ(റ) പറയുകയാണ്: “ഒരിക്കൽ ഇബ്നു ഉമർ ഉപകരണസംഗീതം കേൾക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം കാതിൽ തന്റെ വിരലുകൾ തിരുകിക്കൊണ്ട് വഴിമാറി നടന്നു. എന്നോട് ചോദിച്ചു, “നാഫിഅ് ഇപ്പോൾ ആ ശബ്ദം കേൾക്കുന്നുണ്ടൊ”? ഞാൻ പറഞ്ഞു: “ഇല്ല”. അപ്പോൾ തന്റെ വിരലുകൾ കാതിൽനിന്നെടുത്തു കൊണ്ട് പറഞ്ഞു: “ഞാൻ നബി(സ്വ) ഉണ്ടായിരുന്ന ഒരു സന്ദർഭത്തിൽ അദ്ദേഹം ഇതുപോലുള്ളത് കേൾക്കുകയുണ്ടായി. അപ്പോൾ ഞാനീ ചെയ്തതുപോലെ തിരുമേനിയും ചെയ്തു.” (ഹദീസ് സ്വഹീഹ്, സ്വഹീഹ് അബീദാവൂദ്, 4116)
ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഖുർതുബി എഴുതി: “നമ്മുടെ പണ്ഡിതന്മാർ പറഞ്ഞതു കാണുക; ഇത്തരം ശബ്ദത്തിന്റെ കാര്യത്തിൽ സ്വഹാബത്തിന്റെ രീതി ഇപ്രകാരമായിരുന്നുവെങ്കിൽ, ഇക്കാലഘട്ടത്തിലെ ആളുകളുടെ പാട്ടിനോടും സംഗീതത്തോടുമുള്ള നമ്മുടെ സമീപനം എങ്ങിനെയായിരിക്കണം?! (അൽ ജാമിഉ ലി അഹ്കാമി ഖുർആൻ, ഖുർതുബി)
സംഗീതം ഇസ്ലാമിൽ ….
ദഫ്ഫ് മുട്ട് : വിവാഹ വേളകളിലും പെരുന്നാളാഘോഷങ്ങളിലും ചിലങ്കയില്ലാത്ത ദഫ്ഫുകൾ മുട്ടുന്നതിന് സ്ത്രീകൾക്ക് അനുവാദമുണ്ട്. സ്വീകാര്യമായ തെളിവുകൾ അതിന് ലഭ്യമാണ്. ശൈഖുൽ ഇസ്ളാം ഇബ്നു തൈമിയ(റ) ഇവ്വിഷയകമായി വിശദീകരിക്കുന്നത് കാണുക: “എന്നാൽ, പ്രത്യേക ആഘോഷവേളകളിലും മറ്റും ചില വിനോദങ്ങളിലേർപ്പെടാൻ നബി(സ്വ) അനുവാദം നല്കിയിട്ടുണ്ട്. അതിൽപ്പെട്ടതാണ്, കല്യാണാഘോഷങ്ങളിലും മറ്റു സുദിനങ്ങളിലും സ്ത്രീകൾ ദഫ്ഫ് മുട്ടുന്നത്. അതവർക്ക് അനുവദനീയമാണ്. എന്നാൽ പ്രവാചകന്റെ കാലത്ത് പുരുഷൻമാർ ദഫ്ഫ് മുട്ടുകയൊ കയ്യടിക്കുകയോ ചെയ്തിരുന്നില്ല. (നമസ്കാരത്തിൽ ഇമാമിന് മറവി സംഭവിച്ചാൽ അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ മഅമൂമുകൾ ചെയ്യേണ്ടതെന്ത് എന്ന വിധിയെപ്പറ്റി പറഞ്ഞിടത്ത്) നബി(സ്വ) പറഞ്ഞത്; സ്ത്രീകൾ കയ്യടിക്കുകയും പുരുഷൻമാർ സുബ്ഹാനല്ലാഹ് എന്ന് പറയുകയും ചെയ്യുക എന്നാണ്.
പുരുഷൻമാരെ അനുകരിക്കുന്ന സ്ത്രീകളും, സ്ത്രീകളെ അനുകരിക്കുന്ന പുരുഷൻമാരും അഭിശപ്തരാണെന്നും നബി(സ്വ) താക്കീതു ചെയ്തിട്ടുണ്ട്.” (അൽ മജ്മൂഅ്)
ആയിഷ(റ) നിവേദനം: ഒരു ദിവസം അബൂബക്കർ(റ) എന്റടുക്കൽ വന്നു. ആ സമയം രണ്ട് അൻസ്വാരി പെൺകുട്ടികൾ എന്റടുക്കൽ നിന്ന് പാട്ടുപാടുന്നുണ്ടായിരുന്നു. അതൊരു ചെറിയ പെരുന്നാൾ ദിവസത്തിലായിരുന്നു. അതു കണ്ടപ്പോൾ അദ്ദേഹം (ദേഷ്യത്തോടെ) പറഞ്ഞു: `നബിയുടെ വീട്ടിൽ പിശാചിന്റെ സങ്കീർത്തനമോ? അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു: “അബൂബക്കറേ, എല്ലാ ജനതക്കും ഓരോ ആഘോഷമുണ്ട്. ഇത് നമ്മുടെ ആഘോഷമാണ്”. (സ്വഹീഹ് ഇബ്നു മാജ, 1540) അതിനാൽ അവരെ വിട്ടേക്കുക എന്നർഥം. മേൽ പ്രസ്താവിക്കപ്പെട്ട ആയിഷ(റ)യുടെ ഹദീസിനെ അടിസ്ഥാനപ്പെടുത്തി വാദ്യസംഗീതങ്ങളും ഗാനങ്ങളും അനുവദനീയമാണ് എന്ന് വാദിക്കുന്ന ചില ആളുകളുണ്ട്.
പ്രസ്തുത വാദക്കാർക്ക് മറുപടിയായിക്കൊണ്ട് ഇമാം ഇബ്നുൽ ഖയ്യിം(റ) പറയുന്നത് കാണുക: “നാം പ്രസ്താവിച്ചതുപോലെ, മ്യൂസിക്കൽ ഇൻസ്ട്രുമെന്റുകളുപയോഗിച്ച് കമ്പോസ് ചെയ്ത കോറസ് ഗാനങ്ങൾ ശ്രവിക്കുന്നതിനെ ഹലാലാക്കാൻ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പെരുന്നാൾ ദിനത്തിൽ അതേ പോലുള്ള ഒരു പെൺകുട്ടിയുടെ അരികിൽ വെച്ച് നടത്തിയ, ധീരതയും, യുദ്ധവും, തറവാട്ടു മഹിമയും വർണ്ണിക്കുന്ന ചില അറേബ്യൻ ബൈത്തുകൾ പാടിയതിനെ നിങ്ങൾ തെളിവാക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു”. നിങ്ങളിന്ന് ചെയ്യുന്നതും ഈ സംഭവവും തമ്മിൽ എന്തു ബന്ധമാണുള്ളത്? സത്യത്തിൽ ഈ സംഭവം സംഗീതവാദികൾക്കു തന്നെ എതിരാണ്.
ആ കുട്ടികളുടെ ഗാനാലാപനത്തെ അബൂബക്കർ(റ) പിശാചിന്റെ സങ്കീർത്തനം എന്നല്ലേ വിശേഷിപ്പിച്ചത്? ആ പ്രസ്താവനയെ അല്ലാഹുവിന്റെ റസൂൽ നിഷേധിച്ചുവോ ശരിവെക്കുകയല്ലേ ചെയ്തത്? എന്നാൽ പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത, പാടുന്നതു കൊണ്ടോ കേൾക്കുന്നതു കൊണ്ടോ പ്രശ്നമുദിക്കാത്ത ചെറിയ രണ്ട് പെൺകുട്ടികൾക്ക് പാടാൻ ഇളവു നല്കുക മാത്രമാണ് റസൂൽ (സ്വ) ചെയ്തത്. നിങ്ങളിന്ന് ഉപയോഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ഏവർക്കുമറിയാവുന്ന സംഗീത സമ്മിശ്രമായ ഗാനങ്ങളെ ഹലാലാക്കാൻ ഈ സംഭവത്തെ തെളിവായെടുക്കുകയാണെന്നോ? സുബ്ഹാനല്ലാഹ്! ഈ മനുഷ്യരുടെ ധാരണകളും ബുദ്ധികളും ഇങ്ങനെ വഴിപിഴച്ചതെന്തു കൊണ്ട്??!” (മദാരിജു സ്സാലികീൻ)
ഇമാം ഇബ്നുൽ ജൗസി(റ) ഇതു സംബന്ധമായി ഇങ്ങനെ എഴുതി: “ഈ സംഭവം നടക്കുന്ന വേളയിൽ ആയിഷ (റ) ചെറിയ കുട്ടിയായിരുന്നു. പ്രായപൂർത്തിയായതിനും, അറിവു സമ്പാദനത്തിനും ശേഷം അത്തരമൊരു സംഭവം അവരിൽ നിന്നുണ്ടായതായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല,അവരതിനെ വിമർശിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരുടെ സഹോദരപുത്രനായ ഖാസിമു ബ്നു മുഹമ്മദ് സംഗീതത്തെ വിമർശിക്കുകയും അത് ശ്രവിക്കുന്നതിനെ നിരോധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ആയിഷ(റ)യിൽ നിന്നുമാണ് അദ്ദേഹം വിജ്ഞാന സമ്പാധനം നടത്തിയിരുന്നത്.” (തൽബീസു ഇബ്ലീസ്)
ഇമാം ഇബ്നു ഹസമും ഗാനാസ്വാദനവും ഗാനാസ്വാദനം അനുവദനീയമാണെന്ന് ഇമാം ഇബ്നു ഹസം(റ) പ്രസ്താവിച്ചിട്ടുള്ള കാര്യം വിശ്രുതമാണ്. മുഹല്ല എന്ന തന്റെ ഗ്രന്ഥത്തിലാണ് അദ്ദേഹമത് പ്രസ്താവിച്ചിട്ടുള്ളത്. ഇവിടെ സുപ്രധാനമായൊരു കാര്യം എല്ലാവരേയും ഓർമ്മപ്പെടുത്താനാഗ്രഹിക്കുകയാണ്. നമ്മുടെ കൂട്ടത്തിൽ ചിലയാളുകളുണ്ട്. ഇബ്നു ഹസമും(റ) മറ്റു ചില പണ്ഡിതന്മാരും ഗാനാസ്വാദനം അനുവദനീയമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട് എന്ന് കേൾക്കുന്ന മാത്രയിൽ അവരുടെ ചിന്ത പോകുന്നത് ഇക്കാലത്ത് ടെലിവിഷൻ ചാനലുകളിലും റേഡിയോ സ്റ്റേഷനുകളിലും തിയേറ്ററുകളിലും ഹോട്ടലുകളിലും നിറഞ്ഞു നിൽക്കുന്ന സംഗീത സാന്ദ്രമായ ഗാനങ്ങളിലേക്കാണ്. ഇത് തീർത്തും തെറ്റാണ്. അപ്പറഞ്ഞ തരത്തിലുള്ള ഗാനങ്ങൾ ഒരു സാധാരണ മുസ്ലിമു പോലും അനുവദനീയമാണെന്ന് പറയില്ല. അപ്പോൾ ഇബ്നു ഹസമിനെപ്പോലുള്ള ഒരു മഹാനായ പണ്ഡിതൻ അത്തരമൊരു പ്രസ്താവന നടത്തുമോ? തെറ്റും തെമ്മാടിത്തവും ദുർവൃത്തിയിലേക്കുള്ള പ്രേരണകളും കൊണ്ട് സമ്മിശ്രമായ ഗാനങ്ങൾ നിഷിദ്ധം തന്നെയാണെന്ന് പണ്ഡിതസമൂഹമൊന്നടങ്കം എതിർവാക്കില്ലാതെ അംഗീകരിച്ച കാര്യമാണ്. ഇന്ന് നടപ്പിലുള്ള സംഗീതാലാപനത്തിന്റെ അവസ്ഥയും അതിൽ നടമാടുന്ന അനാശാസ്യ പ്രവണതകളുടെ രൂപവും നമുക്കെല്ലാവർക്കും അറിവുള്ളതാണ്. ഫാഷൻ പ്രകടനങ്ങളും ലജ്ജ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആൺ പെൺ കൂത്താട്ടങ്ങളും വ്യഭിചാരത്തിലേക്കും അനാശാസ്യ പ്രവർത്തനങ്ങളിലേക്കും മദ്യപാനാസക്തിയിലേക്കും കൊണ്ടെത്തിക്കുന്ന അതിരുവിട്ട പ്രലോഭനങ്ങളും നിറഞ്ഞ മലീമസ ലോകമാണത്. കാമാർത്ത നേത്രങ്ങൾക്കും, രോഗാതുരമായ ഹൃദയങ്ങൾക്കും മുന്നിൽവെച്ച് പ്രേമവും കാമവും നിറഞ്ഞ ഗാനങ്ങളാലാപിക്കാൻ പൂർണ്ണ നഗ്നകളും അർദ്ധ നഗ്നകളുമായ പെണ്ണുങ്ങൾ വന്നു നില്ക്കുകയാണ്. അവരുടെ പാട്ടിനൊപ്പം ആണുങ്ങളും പെണ്ണുങ്ങളും താളംതുള്ളിയാടുകയാണ്. അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടും അവന്റെ കോപത്തിന് പാത്രമായിക്കൊണ്ടുമുള്ള ആനന്ദാഘോഷം. ഇതെങ്ങനെ ഹലാലാകാനാണ്!
ഈ വസ്തുത മുന്നിൽ വെച്ചുകൊണ്ട് പറയട്ടെ, ഇബ്നു ഹസം സംഗീതത്തെ ഹലാലാക്കിയിട്ടുണ്ട് എന്ന് യാതൊരു ലക്കും ലഗാനുമില്ലാതെ പറയുന്നവരേ, അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളെ നിങ്ങൾ തിരിച്ചറിയുക. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. അദ്ദേഹത്തിന്റെ പ്രസ്താവന ഏതുവരെ ചെന്നെത്തും എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ പരിഗണിക്കുകയും ചെയ്യുക. അല്ലെങ്കിലും, അല്ലാഹുവിന്റെ റസൂൽ(സ്വ) വ്യക്തമായി ഹറാമെന്ന് പ്രസ്താവിച്ച ഒരുകാര്യം ഇബ്നു ഹസമോ അദ്ദേഹത്തെപ്പോലുള്ള മറ്റേതെങ്കിലും പണ്ഡിതനോ അനുവദനീയമാണെന്ന് പറഞ്ഞാൽ അല്ലാഹുവിങ്കലത് സ്വീകാര്യമാകുമോ? ഒരിക്കലുമില്ല.
സുലൈമാനുത്തൈമി(റ) പറഞ്ഞു: “എല്ലാ പണ്ഡിതന്മാരുടേയും ഇളവുകളേയും വീഴ്ചകളേയും മുൻപിൻ നോക്കാതെ സ്വീകരിച്ചാൽ നിന്നിൽ സകല അപകടങ്ങളും കുന്നുകൂടും. അല്ലാഹുവിന്റെ ഉപദേശം സ്വീകരിക്കുന്നതാണ് ആർക്കും കരണീയം. അവൻ പറഞ്ഞു: “നിങ്ങൾക്കു റസൂൽ നല്കിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നില്ക്കുകയും ചെയ്യുക”. (ഹശ്ർ: 7)
“ആകയാൽ, അദ്ദേഹത്തിന്റെ (പ്രവാചകന്റെ) കല്പനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ”. (നൂർ: 63)
സംഗീതമില്ലാത്ത ഗാനാലാപനങ്ങളുടെ വിധി നബി(സ്വ)യും സ്വഹാബികളും കവിതാസ്വാദനവും നശീദകൾ പോലുള്ള കവിതാലാപനവും നടത്തിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. മറ്റുള്ളവരെക്കൊണ്ട് കവിതകളാലപിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു. നാട്ടിലാണെങ്കിലും യാത്രയിലാണെങ്കിലും പണിയിലാണെങ്കിലും നാട്ടുകൂട്ടങ്ങളിലാണെങ്കിലും അവരത് ചെയ്തിരുന്നു. ഹസ്സാൻ ബ്നു സാബിത്(റ), ആമിർ ബ്നു അക്വഅ്(റ), അൻജഷ(റ) പോലുള്ളവരുടെ ഒറ്റക്കുള്ള ആലാപനങ്ങളുണ്ടായിരുന്നു. അനസ് (റ)ന്റെ ഹദീസിലുള്ളതു പോലെ, ഖന്തഖ് കുഴിക്കുന്ന വേളയിൽ നബി പാടുകയും സ്വഹാബികളതിന് ജവാബുപാടുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിരുന്നു.
ഹദീസ് കാണുക: അനസ് പറയുകയാണ്: “(ഖന്തക്ക് കുഴിക്കുന്ന വേളയിൽ) നബി(സ്വ) ഞങ്ങളുടെ വിശപ്പും ക്ഷീണവും കണ്ടപ്പോൾ; ‘അല്ലാഹുമ്മ ലാ അയ്ഷ ഇല്ലാ അയ്ഷുൽ ആഖിറ… ഫഗ്ഫിരിൽ അൻസ്വാറ വൽ മുഹാജിറ…..’ എന്ന് പാടുകയുണ്ടായി. അതു കേട്ടപ്പോൾ സ്വഹാബികൾ; ‘നഹ്നുല്ലദീന ബായഊ മുഹമ്മദാ… അലൽ ജിഹാദി മാ ബഖീനാ അബദാ…’ എന്ന് ജവാബ് പാടുകയും ചെയ്തു. (ബുഖാരി, 3/1043)
സ്വഹാബികൾ തങ്ങളുടെ സാധാരണ സംസാര സദസ്സുകളിൽ വെച്ച് സംഘമായി കവിതകളാലപിക്കാറുണ്ടെന്ന് അബൂസലമത്ത് ബ്നു അബ്ദിറഹ്മാൻ(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ (8/711) ഹസനായ പരമ്പരയിലൂടെ പ്രസ്തുത ഹദീസ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.
ചുരക്കത്തിൽ, ഒറ്റക്കും സംഘമായും നശീദാലാപനങ്ങൾ അഥവാ കാവ്യശീലുകൾ പാടുന്നത് ഇസ്ലാമിൽ അനുവദനീയമാണെന്ന് മുകളിലുദ്ധരിക്കപ്പെട്ട തെളിവുകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. സ്വരമാധുര്യത്തോടെയുള്ള കവിതാലാപനത്തിനാണ് ഭാഷയിൽ നശീദ എന്നു പറയുന്നത് (ഖാമൂസുൽ മുഹീത്വ്). നശീദകൾ പാടുന്നത് അനുവദനീയമാണ് എന്ന് പറയുമ്പോഴും പണ്ഡിതന്മാർ അതിന് ചില നിബന്ധനകൾ നല്കിയതായി കാണാനാകും. നിഷിദ്ധമായ സംഗീതോപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക, ജീവിതത്തിൽ അതിനെ ദൈനംദിന ചര്യയായി മാറ്റാതിരിക്കുക, ബാധ്യതകൾ നിർവഹിക്കുന്നതിന് വിഘാതമാകും വിധം അതിൽ മുഴുകാതിരിക്കുക, സ്ത്രീ ശബ്ദത്തിലാവാതിരിക്കുക, അവയിൽ നിഷിദ്ധവും അനാശാസ്യവുമായ പദപ്രയോഗങ്ങളില്ലാതിരിക്കുക, അവ കാമാതുര ഗാനരാഗങ്ങൾക്കു സമാനമാകാതിരിക്കുക, വാദ്യഗീതങ്ങളെപ്പോലെ വശ്യതയുണർത്തും വിധം ആലപിക്കാതിരിക്കുക, സംഗീതാത്മക ഗാനങ്ങളെപ്പോലെ, ആസ്വാദകനെ മതിമറന്ന ആനന്ദോല്കർഷത്തിലേക്കാനയിക്കുന്ന രാഗങ്ങളിൽ പാടാതിരിക്കുക തുടങ്ങിയവയാണ് പ്രസ്തുത നിബന്ധനകളിൽ സുപ്രധാനമായവ. മഹാനായ ഇബ്നുൽ ഖയ്യിം (റ)യെ ഉദ്ധരിച്ചു കൊണ്ട് ഞാനിവിടെ അവസാനിപ്പിക്കുകയാണ്.
അദ്ദേഹമെഴുതി: “അറിയുക; ഗാനങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ഹൃദയ ഭിത്തിയിൽ കാപട്യത്തിന്റെ നിറം ചാർത്താനുള്ള അതിന്റെ കഴിവ് ഒന്നു വേറെത്തന്നെയാണ്. ജലസേചനം സസ്യവളർച്ചയെ എവ്വിധം പുഷ്ടിപ്പെടുത്തുമോ അവ്വിധം ഗാനം കാപട്യത്തെ പുഷ്ടിപ്പെടുത്തും. മനുഷ്യ ഹൃദയങ്ങളെ അത് ആലസ്യത്തിലാഴ്ത്തും. ഖുർആൻ ഗ്രഹിക്കുന്നതിൽ നിന്നും അതിന്റെ ആഴങ്ങളിൽ വ്യാപരിക്കുന്നതിൽനിന്നും അവയെ വിലക്കി നിർത്തും. ഒരു ഹൃദയത്തിൽ സംഗീതവും ഖുർആനും ഒരുമിക്കാനുള്ള സാധ്യതയേതുമില്ല; അവ രണ്ടും അത്രമേൽ വിരുദ്ധങ്ങളാണ്. ഖുർആൻ വൈകാരികതകളെ തടഞ്ഞ്, പരിശുദ്ധിയെ കൽപിക്കുന്നു. ദേഹേച്ഛകളിൽനിന്നും, താന്തോന്നിത്ത വഴികളിൽനിന്നും അകന്ന് ജീവിക്കാൻ ആവശ്യപ്പെടുന്നു. ചെകുത്താന്റെ പാതകളെ പിന്തുടരുന്നതിൽ നിന്നും മനുഷ്യനെയത് വിലക്കുന്നു. എന്നാൽ ഗാന-സംഗീതങ്ങൾ അങ്ങനെയല്ല. മേല്പറയപ്പെട്ടവയിൽ നിന്ന് തീർത്തും വിരുദ്ധ നിലപാടാണ് അതിന്റേത്. അത് അധമ വികാരങ്ങളിലേക്ക് ഉള്ളുണർത്തുന്നു, ഗോപ്യ വികാരങ്ങളെ ഇളക്കിവിടുന്നു. അതിന്റെ ആസ്വാദകരെ അസ്വസ്ഥചിത്തരാക്കുന്നു. എല്ലാത്തരം മ്ളേച്ഛതകളിലേക്കും അവരെയത് ഉദ്ധീപിപ്പിക്കുന്നു. ആണും പെണ്ണും കൂടിച്ചേരുന്നതിലേക്കത് ആനയിക്കുന്നു. ഗാനവും മദ്യവും വിരൽ കുടിക്കുന്ന രണ്ടു പൈതങ്ങളാണ്. എന്നാൽ, മനുഷ്യമനസ്സുകളിൽ തിന്മകളുടെ അതിശയങ്ങളിളക്കി വിടുന്നതിൽ അവ രണ്ടും രണ്ട് പന്തയക്കുതിരകളാണ്”. (ഇഗാസത്തുല്ലഹ്ഫാൻ)
അതിനാൽ, മുസ്ലിം ജനതക്കു നൽകാനുള്ള സന്ദേശമിതാണ്: “നമ്മുടെ ഹൃദയങ്ങളേയും കാതുകളേയും ചെകുത്താന്റെ ഗീതങ്ങളിൽനിന്ന് ശുദ്ധിയാക്കി നിർത്തുക. ഖുർആനികാധ്യാപനങ്ങളുടെ, വിശുദ്ധ തിരുമൊഴികളുടെ, സ്വർഗപ്പൂന്തോപ്പുകളിലൂടെ അവയെ കെട്ടഴിച്ചു വിടുക. അജ്ഞതയകറ്റി അറിവു പകരുന്ന… അന്ധത നീക്കി ഉൾക്കാഴ്ചയേകുന്ന.. ഇച്ഛകളിൽ നിന്നു മാറ്റി തഖ്-വയിലേക്ക് നയിക്കുന്ന അതിലെ ഫലങ്ങൾ തിന്ന് അവയവിടെ നിർബാധം നടന്നാസ്വദിക്കട്ടെ. അതെ, അവ ജീവാമൃതമാണ്, മരുന്നാണ്, ശമനമാണ്, വിജയമാണ്. ആകയാൽ വിശ്വാസികളേ,
“അവർ (സത്യവിശ്വാസികൾ) അനാവശ്യകാര്യത്തിൽനിന്ന് തിരിഞ്ഞുകളയുന്നവരുമാണ്” (മുഅ്മിനൂൻ: 3)
എന്ന ഖുർആനിക വചനത്തോട് കൂറുളളവരാകുക.