തവസ്സുല്‍

‘തവസ്സുല്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്, സൃഷ്ടികള്‍ അവരുടേയും അല്ലാഹുവിന്റേയും ഇടയില്‍ ഒന്നിനെ മദ്ധ്യവര്‍ത്തിയാക്കി നിര്‍ത്തി അതു മുഖേന അല്ലാഹുവിലേക്ക് അടുക്കുക എന്നാണ്. അങ്ങനെ ഇടയാളനായി ഇന്ന് അധികമാളുകളും സ്വീകരിക്കാറുള്ളത് മരിച്ചുപോയ മഹാത്മാക്കളേയും ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഹഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവയുമാണ്. ഇന്ന് നമ്മുടെ സമൂഹത്തിലെ പൊതുജനങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്, നമുക്കാര്‍ക്കും അല്ലാഹുവിലേക്ക് നേരിട്ടടുക്കാന്‍ സാധിക്കില്ലെന്നാണ്. കാരണം നാം അല്ലാഹുവോടടുത്തവരല്ല, നിത്യേന നിരവധി തെറ്റുകള്‍ ചെയ്യുന്ന പാപികളാണ്. അതുകൊണ്ട് അവനിലേക്ക് കൂടുതല്‍ അടുത്ത അവന്റെ ഇഷ്ട ദാസന്മാരായ അമ്പിയാ- ഔലിയാക്കള്‍ വഴി മാത്രമേ അവനോടടുക്കാന്‍കഴിയൂ. അവര്‍ നമ്മുടെ കാര്യങ്ങള്‍ അല്ലാഹുവോടു പറയും; എങ്കില്‍ അതൊരിക്കലും അല്ലാഹു തട്ടിമാറ്റുകയില്ല! ഇതാണ് ഈ വിഷയത്തിലുള്ള നമ്മുടെ സമൂഹത്തിന്റെ വിശ്വാസം. എന്നാല്‍ ഈ വിശ്വാസത്തെ ഒരു നിലയ്ക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണം അത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ഇടയാളന്മാരില്ലാതെ നേരിട്ട് അടുക്കുവാന്‍ പറ്റിയ അങ്ങേയറ്റത്തെ കാരുണ്യത്തിന്റെ നാഥനായിട്ടാണ്. അവന്റെ വിശേഷണങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരിചയപ്പെടുത്തുന്നത് ‘റഹ്മാന്‍’ (പരമ കാരുണികന്‍) ‘റഹീം'(കരുണാനിധി) എന്നിവയാണ്. സൃഷ്ടികളുമായുള്ള അവന്റെ അടുപ്പത്തെ കുറിച്ച് അവന്‍ തന്നെ പ്രഖ്യാപിക്കുന്നത് നോക്കൂ: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചു. അവന്റെ ഹൃദയം മന്ത്രിക്കുന്നത് നാം അറിയുന്നു. തന്റെ കണ്ഠനാടിയേക്കാള്‍ നാം അവനോട് അടുത്തവനാണ്.” (സൂറ: ഖാഫ്: 16) ”

“എന്റെ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ (പറയുക,) തീര്‍ച്ചയായും ഞാന്‍ അവരുടെ സമീപസ്ഥനാണ്. (അതുകൊണ്ട്) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ അവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും.” (സൂറഃ അ ല്‍ബഖറ – 180)

നോക്കൂ, എത്രവലിയ കാരുണ്യവാനാണവന്‍! നമ്മോട് ഏറ്റവും അടുത്തവനാണെന്നും തെറ്റുകളും കുറ്റങ്ങളും ചെയ്തുകൂട്ടിയവരോട് പോലും നിരാശപ്പെടേണ്ടതില്ല; പൊറുത്തുതരാന്‍ താന്‍ എപ്പോഴും ഒരുക്കമാണെന്നും അറിയിക്കുന്നു! എന്നിട്ട് ആ നാഥനിലേക്ക് അടുക്കാന്‍ മറ്റൊരാളുടെ ഇടയാളത്തമാവശ്യമുണ്ടെന്നോ? അവന് നമ്മെ മറ്റാരെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കുകയും അടുപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ?! വല്ലാത്ത വിശ്വാസം തന്നെ! എന്നാല്‍ ശറഇല്‍ അനുവദിക്കപ്പെട്ട ചില തവസ്സുലുകളുണ്ട്. അവ ഇനി പറയുന്നവയാണ്: അവനവന്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് ചോദിക്കല്‍, ജീവിച്ചിരിക്കുന്ന ഒരു സ്വാലിഹിന്റെ അടുക്കല്‍ പോയി എനിക്കു വേണ്ടി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടല്‍, അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങള്‍ (മുന്‍നിര്‍ത്തി) എടുത്തു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കല്‍. ഇവയാണത്. ഇതിലപ്പുറം നമ്മുടെ നാട്ടില്‍ നടക്കുന്ന മരണപ്പെട്ടു പോയ മഹാത്മാക്കളെയും അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തും തവസ്സുലാക്കിക്കൊണ്ടുള്ള തേട്ടം ഇസ്‌ലാം അനുവദിക്കാത്തതാണ്. മാത്രമല്ല, നിരവധി അമ്പിയാക്കളുടെ പ്രാര്‍ത്ഥനകള്‍ ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നില്‍ പോലും തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരെക്കൊണ്ടോ അവരുടെ ഹഖ്-ജാഹ്-ബര്‍ക്കത്തുകൊണ്ടോ തവസ്സുല്‍ ചെയ്ത പ്രാര്‍ത്ഥനയില്ല എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ അത്തരം തെറ്റായ തവസ്സുലിനെ നാം കയ്യൊഴിച്ചേ മതിയാകൂ.