ഇസ്തിഗാസ

സഹായം തേടുക എന്നാണ് ‘ഇസ്തിഗാസ’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ ഇസ്തിഗാസയില്‍ അനുവദിച്ചതും വിരോധിച്ചതുമുണ്ട്. സാമൂഹ്യ ജീവിയായ മനുഷ്യര്‍ പരസ്പരം അവര്‍ക്ക് ലഭ്യമായ കഴിവില്‍പെട്ട സഹായം ചോദിക്കല്‍ സർവ്വസാധാരണയാണല്ലോ. ഉദാഹരണമായി: ഒരു സുഹൃത്തിനോട് 100 രൂപ വായ്പ ചോദിക്കല്‍. ഇങ്ങനെ ഇസ്‌ലാം വിരോധിക്കാത്ത കാര്യങ്ങളില്‍ സഹായം ചോദിക്കുന്നത് അനുവദനീയമാണ്. ചിലപ്പോള്‍ അത്യാവശ്യവുമാണ്. എന്നാല്‍ തെറ്റായതും വിരോധിക്കപ്പെട്ടതുമായ ഒരു ഇസ്തിഗാസയുണ്ട്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ മഹാത്മാക്കളോട് സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങള്‍ക്കു വേണ്ടി നടത്തുന്ന സഹായാര്‍ത്ഥനയാണത്. എന്നാല്‍ ഈ തരത്തിലുള്ള സഹായം തേടലിന് ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവ് കണ്ടെത്താന്‍ സാധിക്കുകയില്ല. മാത്രമല്ല, അത് അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതാണ് താനും. അതിനാല്‍ അത് സൃഷ്ടികളോട് ചോദിക്കല്‍ തെറ്റാണ്; ശിര്‍ക്കുമാണ്. ഉദാഹരണമായി: ഒരാള്‍ക്ക് രോഗം ബാധിച്ചു. അദ്ദേഹം ഒരു ഡോക്ടറുടെ അടുക്കല്‍ പോയി പറയുന്നു: ‘എനിക്ക് രോഗമാണ് എന്നെ സഹായിക്കണം.’ ഇത് അനുവദനീയമായ ഇസ്തിഗാസയാണ്. കാരണം ഇവിടെ ആ രോഗിയുടെ ഉദ്ദേശ്യം, തന്റെ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍, അദ്ദേഹം പഠിച്ച അറിവുവെച്ച് തന്നെ ചികില്‍സിക്കുമെന്നും ആവശ്യമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്നാണ്. അപ്പോള്‍ ഇവിടെയുള്ള സഹായം മനുഷ്യന് ലഭിച്ച കഴിവില്‍ പെട്ടതാണ്. കാര്യ കാരണ ബന്ധങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതുമാണ്. അതിനാല്‍ ആ ചോദ്യം തെറ്റല്ല; അനുവദനീയമാണ്. എന്നാല്‍ ഇതേ രോഗി തന്നെ ‘ബദ്‌രീങ്ങളേ, മുഹ്‌യിദ്ദീന്‍ ശൈഖേ! എന്നെ സഹായിക്കണേ, എന്റെ രോഗം സുഖപ്പെടുത്തണേ…’ എന്ന് ഇസ്തിഗാസ നടത്തിയാല്‍ അത് തെറ്റാണ്. അല്ലാഹു പൊറുക്കാത്ത ശിര്‍ക്കാണത്. കാരണം, ഇവിടെ, ആ മഹാത്മാക്കള്‍ സഹായിക്കുമെന്നും രോഗം മാറ്റുമെന്നും വിശ്വസിക്കുന്നത് നമുക്കറിയാത്ത, ഭൗതികമല്ലാത്ത മാര്‍ഗ്ഗത്തിലൂടെയാണ്. നേരത്തെ പറഞ്ഞ ഡോക്ടറുടെ രൂപത്തില്‍, നേര്‍ക്കുനേരെ വന്ന് ചികിത്സിക്കുകയും മരുന്ന് നല്‍കുകയും ചെയ്യും എന്ന നിലയ്ക്കല്ല. മറിച്ച് അല്ലാഹു ചെയ്യുന്നതുപോലെ കാര്യ-കാരണ ബന്ധങ്ങള്‍ക്കതീതമായി (അഭൗതികമായി) സഹായിക്കുമെന്നാണ്. അതാകട്ടെ അല്ലാഹുവിന്റെ മാത്രം കഴിവില്‍പ്പെട്ടതാണുതാനും. അതിനാല്‍, ഒരു മരണപ്പെട്ട നബിയെക്കുറിച്ചോ വലിയ്യിനെ കുറിച്ചോ ആരെങ്കിലും അപ്രകാരം വിശ്വസിച്ചാല്‍ അത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ കഴിവില്‍ അവരെ പങ്കു ചേര്‍ക്കലായി മാറുന്നു. അതുകൊണ്ടുതന്നെ അത് ശിര്‍ക്കായിത്തീരുകയും ചെയ്യും! അതിനാല്‍ രോഗ ശമനം, സന്താനലബ്ധി, നരകമോചനം തുടങ്ങിയ, സൃഷ്ടികളുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ക്കു വേണ്ടിയുള്ള സഹായ തേട്ടങ്ങള്‍ അല്ലാഹുവിനോടു മാത്രമേ പാടുള്ളൂ. അതൊരിക്കലും സൃഷ്ടികളോട് പാടില്ല. ഇക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് നേരത്തെ നാം ഉദ്ധരിച്ചതും. ഇനി ഒരു നബി വചനം ശ്രദ്ധിക്കുക:

നബി(സ്വ) പറഞ്ഞു: ”നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് തേടുക.” (തിര്‍മുദി ഹദീസ് നമ്പര്‍: 6516).