ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 12)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 12)

നീ എങ്ങനെയാണോ പെരുമാറുന്നത് അപ്രകാരമായിരിക്കും നിന്നോടും പെരുമാറുക. അതിനാല്‍ നിന്റെ ഇഷ്ടംപോലെ നീ ആയിക്കൊള്ളുക. നിശ്ചയം, അല്ലാഹു നിന്നോട് പെരുമാറുക നീ അവനോടും അവന്റെ ദാസന്മാരോടും എങ്ങനെയാണോ സമീപിച്ചത് അതുപോലെയായിരിക്കും.

കപടവിശ്വാസികള്‍ അവരുടെ അവിശ്വാസം ഒളിപ്പിച്ചുവെച്ചുകൊണ്ട് പുറമെ ഇസ്‌ലാം നടിച്ചവരാണല്ലോ. അതിനാല്‍ അന്ത്യനാളില്‍ ‘സ്വിറാത്തിന്‍മേല്‍’ ആയി അവര്‍ക്ക് പ്രകാശം കാണിച്ചുകൊടുക്കും. അവര്‍ക്ക് തോന്നും ആ പ്രകാശംകൊണ്ട് സ്വിറാത്ത് പാലം മുറിച്ചുകടന്ന് മുന്നോട്ടു പോകാമെന്ന്. എന്നാല്‍ അവര്‍ അതിനടുത്തെത്തിയാല്‍ പ്രസ്തുത പ്രകാശം അവന്‍ കെടുത്തിക്കളയുകയും അത് മുറിച്ചുകടന്ന് മുന്നോട്ടുപോകാന്‍ സാധിക്കാതെവരികയും ചെയ്യും. അതായത് അവര്‍ പ്രവര്‍ത്തിച്ച രൂപത്തില്‍തന്നെയുള്ള പ്രതിഫലമെന്ന നിലയില്‍ അങ്ങനെയാണ് അവിടെ നല്‍കപ്പെടുക.

അപ്രകാരം തന്നെ അല്ലാഹുവിന് അറിയാവുന്നതിന് വിരുദ്ധമായ, അഥവാ തങ്ങളുടെ രഹസ്യസത്യങ്ങള്‍ക്ക് വിപരീതമായി മറ്റുള്ളവരോട് വേറൊന്ന് പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കുന്നവര്‍, ഇഹപര വിജയത്തിന്റെയും രക്ഷയുടെയും മാര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് മുന്നില്‍ വെളിവാക്കിക്കൊടുക്കും. പക്ഷേ, അതിന്റെ വിപരീതമായതായിരിക്കും അവരെ കാത്തിരിക്കുന്നത്

നബി ﷺ പറയുന്നു: ”ആരെങ്കിലും ജനങ്ങളെ കാണിക്കുവാനോ കേള്‍പ്പിക്കുവാനോ വേണ്ടി വല്ലതും ചെയ്താല്‍ അവരുടെ ഉദ്ദേശമനുസരിച്ച് അല്ലാഹു ആക്കിത്തീര്‍ക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

തീര്‍ച്ചയായും മാന്യനും ഉദാരമതിയുമായ ഒരു ധര്‍മിഷ്ഠന്, ചെലവഴിക്കാതെ പിടിച്ചുവെക്കുന്ന പിശുക്കന് നല്‍കാത്ത പലതും അല്ലാഹു നല്‍കുന്നതാണ്. അയാള്‍ക്ക് മാനസികമായും സ്വഭാവപരമായും ഉപജീവനത്തിലും ജീവനോപാധികളിലും മറ്റുമൊക്കെ അഭിവൃദ്ധിയും വിശാലതയും അല്ലാഹു നല്‍കുന്നതാണ്. അഥവാ അയാളുടെ പ്രവര്‍ത്തനത്തിന്റെതായ രീതിയില്‍തന്നെയുള്ള പ്രതിഫലം അയാള്‍ക്ക് കിട്ടും.

മറ്റൊന്ന് ഹദീഥില്‍ പറഞ്ഞത്; ”അല്ലാഹുവിനെ നിങ്ങള്‍ സ്മരിക്കുവാന്‍ (ദിക്ര്‍ ചെയ്യുവാന്‍) അവന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ ധൃതിപ്പെട്ടു പിന്നാലെ കൂടിയ ഒരാളുടേത് പോലെയാണ.് അങ്ങനെ അയാള്‍ ശക്തവും സുരക്ഷിതവുമായ ഒരു കോട്ടയുടെ അടുക്കലെത്തി. തന്റെ ശരീരത്തെ ശത്രുക്കളില്‍നിന്നും സുരക്ഷിതമാക്കി. അപ്രകാരം അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ (സ്മരണ) ആണ് ഒരു ദാസനെ പിശാചില്‍നിന്ന് രക്ഷപ്പെടുത്തുന്നത്.”

അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ഈ ഒരു കാര്യമല്ലാതെ മറ്റൊന്നുമില്ലായെന്ന് സങ്കല്‍പിച്ചാല്‍ പോലും സത്യത്തില്‍ ഒരാളുടെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നും തളര്‍ന്ന് പിന്‍വാങ്ങുകയില്ല. പ്രത്യുത അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് അത് സദാസമയവും സജീവമായിരിക്കും. എന്തുകൊണ്ടെന്നാല്‍ തന്റെ ശത്രുവില്‍നിന്ന് അയാള്‍ക്ക് സുരക്ഷിതത്വം കിട്ടുന്നത് അതുകൊണ്ട് മാത്രമാണ്. അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാകുന്ന ആ അശ്രദ്ധയുടെ വാതിലിലൂടെയല്ലാതെ ശത്രുവിന് അയാളുടെ അടുക്കല്‍ കടന്നുവരാന്‍ കഴിയുകയില്ല. അതിനാല്‍ ശത്രു അത് കാത്തിരിക്കുകയാണ്. അങ്ങനെ ഒരാള്‍ ഏത് സമയത്ത് ‘ദിക്‌റി’ല്‍ നിന്ന് അശ്രദ്ധയിലാകുന്നുവോ (ഗഫ്‌ലത്ത്) അപ്പോള്‍ ശത്രു അയാള്‍ക്കുനേരെ ചാടിവീഴുകയും അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്യും. എപ്പോള്‍ അയാള്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) ഉണ്ടാകുന്നുവോ അപ്പോള്‍ അല്ലാഹുവിന്റെ ശത്രു പിന്മാറുകയും നിസ്സാരനായി ഒളിക്കുകയും ചെയ്യും. എത്രത്തോളമെന്നാല്‍ ഒരു ചെറുകുരുവിയെപോലെ, അല്ലെങ്കില്‍ ഒരു ഈച്ചയെപോലെ ആയിത്തീരും. അതിനാലാണ് ‘ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവന്‍’ (അല്‍വസ്‌വാസില്‍ ഖന്നാസ്) എന്ന് അവനെക്കുറിച്ച് പറയപ്പെട്ടത്. അതായത് ഹൃദയങ്ങളില്‍ ദുര്‍മന്ത്രണം നടത്തുകയും അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ അതില്‍നിന്ന് പിന്മാറി ഒളിക്കുകയും ചെയ്യുന്നു എന്നര്‍ഥം.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”പിശാച് മനുഷ്യന്റെ ഹൃദയത്തിനടുക്കല്‍ വിടാതെ കാത്തിരിക്കുകയാണ്. അവന്‍ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്താല്‍ പിശാച് ദുര്‍മന്ത്രണം നടത്തും. എന്നാല്‍ അയാള്‍ അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്മാറിക്കളയും” (ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ ഉദ്ധരിച്ചത്. ഇമാം ബുഖാരി ഇതിനു സമാനമായരൂപത്തില്‍ ‘തഅലീക്വാ’യും ഉദ്ധരിച്ചിട്ടുണ്ട്).

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ മുആദുബ്‌നു ജബലി(റ)ല്‍നിന്നും ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷ നല്‍കുന്ന ഒരു കര്‍മവും ഒരാളും ചെയ്യുന്നില്ല.”

മുആദ്(റ) പറയുന്നു: ”നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും നിങ്ങളുടെ രാജാധിരാജനായ അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും വിശുദ്ധമായതും നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതും നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങള്‍ അവരുടെ പിരടിക്ക് വെട്ടുകയും അവര്‍ നിങ്ങളുടെ പിരടിക്ക് വെട്ടുകയും ചെയ്യുന്നതിനെക്കാളും (അഥവാ സത്യമാര്‍ഗത്തിലുള്ള നിങ്ങളുടെ പോരാട്ടത്തെക്കാളും) ഉത്തമമായ ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ?’ സ്വഹാബിമാര്‍ പറഞ്ഞു: ‘അതെ, പ്രവാചകരേ അറിയിച്ചു തന്നാലും.’ അവിടുന്ന് പറഞ്ഞു: ‘മഹത്ത്വമുള്ളവനും പ്രതാപവാനുമായ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാ(ദിക്ര്‍)കുന്നു അത്” (ഇമാം അഹ്മദ് ഉദ്ധരിച്ചത്, ഇതിന്റെ പരമ്പര (സനദ്) മുറിഞ്ഞുപോയിട്ടുണ്ട്).

സ്വഹീഹ് മുസ്‌ലിമില്‍ അബുഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ”നബി ﷺ ഒരിക്കല്‍ മക്കയിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. അങ്ങനെ ജുംദാന്‍ എന്ന് പേരുള്ള ഒരു  മലയുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍  നബി ﷺ പറഞ്ഞു:  ‘നിങ്ങള്‍ മുന്നേറുക. ഇത് ജുംദാന്‍ കുന്നാണ്.  മുന്‍കടന്നവര്‍ വിജയിച്ചു.’  സ്വഹാബിമാര്‍ ചോദിച്ചു: ‘നബിയേ, ആരാണ് മുന്‍കടന്നവര്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും).”

സുനനു അബീദാവൂദില്‍ അബൂഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നതായി കാണാം: ”ഏതൊരുവിഭാഗം ആളുകള്‍ ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെ എഴുന്നേറ്റുപോവുകയും ചെയ്യുന്നുവോ അവരുടെ ഉപമ ചീഞ്ഞളിഞ്ഞ കഴുതയുടെ ശവത്തിന്റെ അടുത്തുനിന്നും എഴുന്നേറ്റുപോയവനെ പോലെയാണ്. തങ്ങള്‍ വീഴ്ചവരുത്തിയ നന്മയെ ഓര്‍ത്ത് അവര്‍ ഖേദിക്കുന്നതാണ്” (അബുദാവൂദ്, അഹ്മദ്, ഹാകിം).

തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയുമുണ്ട്: ”ഏതൊരു വിഭാഗം ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അല്ലാഹുവിനെ സ്മരിക്കുകയോ പ്രവാചകന്റെമേല്‍ സ്വലാത്ത് പറയുകയോ ചെയ്യാതെ പോവുകയും ചെയ്താല്‍ അത് അവരുടെ ഒരു വീഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ഒന്നുകില്‍ അവരെ ശിക്ഷിക്കും. അല്ലങ്കില്‍ അവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും” (തിര്‍മിദി, അഹ്മദ്, ത്വബ്‌റാനി)

സ്വഹീഹു മുസ്‌ലിമില്‍ അല്‍അഗര്‍റ് അബൂമുസ്‌ലിമി(റ)ല്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: ”നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ)യും അബൂസഈദും(റ) സാക്ഷ്യപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയാണ്: ‘ഏതൊരു ജനത അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ഇരിക്കുന്നുവോ മലക്കുകള്‍ അവര്‍ക്ക് ചുറ്റും കൂടുകയും അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം അവരെ ആവരണം ചെയ്യുകയും ശാന്തി അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നതാണ്. അല്ലാഹു അവന്റെ സമീപസ്ഥരോട് അവരെക്കുറിച്ചു പറയുകയും ചെയ്യും” (മുസ്‌ലിം).

 

അബ്ദുല്ലാഹിബ്‌നു ബുസ്‌റി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ”ഒരിക്കല്‍ ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ‘പ്രവാചകരേ, നന്മയുടെ കവാടങ്ങള്‍ നിരവധിയാണ്. അവയെല്ലാംകൂടി നിര്‍വഹിക്കാന്‍ ഞാന്‍ അശക്തനാണ്. അതിനാല്‍ എനിക്ക് കൈവിടാതെ കൊണ്ടുനടക്കാന്‍ പറ്റിയ ഒരു കാര്യം അറിയിച്ചു തന്നാലും. അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോയെങ്കിലോ!”

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയാണ്: ”ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ ധാരാളമുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. എനിക്കാകട്ടെ പ്രായം ഏറെയായി. അതിനാല്‍ എനിക്ക് വിട്ടുകളയാതെ കൊണ്ടുനടക്കാവുന്ന ഒരു കാര്യം പറഞ്ഞുതരുമോ? അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോകുമെന്ന് ഭയപ്പെടുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘താങ്കളുടെ നാവ് അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് പച്ചപിടിച്ചുനില്‍ക്കട്ടെ!’ (തിര്‍മിദി, അഹ്മദ്, ഇബ്‌നുമാജ തുടങ്ങിയവര്‍ ഉദ്ധരിച്ചത്).

 അബൂസഈദി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ”നബി ﷺ ഒരിക്കല്‍ ചോദിക്കപ്പെട്ടു: ‘അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഉയര്‍ന്ന പദവിയും ശ്രേഷ്ഠതയും ഉള്ളത് ഏത് വ്യക്തിക്കാണ് റസൂലേ?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി  സ്മരിക്കുന്നവര്‍ക്ക്.’ ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്തവരെക്കാളുമോ?’ നബി ﷺ പറഞ്ഞു: ‘ഒരാള്‍ തന്റെ വാളുകൊണ്ട് (എതിര്‍സൈന്യത്തിലുള്ള) സത്യനിഷേധികളെയും ബഹുദൈവാരാധകരെയും വെട്ടുകയും അങ്ങനെ ആയുധം ഒടിയുകയും രക്തംപുരളുകയും ചെയ്താലും അല്ലാഹുവിനെ ദിക്ര്‍ചെയ്യുന്ന (സ്മരിക്കുന്ന) വ്യക്തിതന്നെയാണ് അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ പദവിയിലുള്ളത്” (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ദുര്‍ബലമായ സനദിലൂടെ ഉദ്ധരിച്ചത്. ഇമാം തിര്‍മിദിയും ഇബ്‌നുല്‍ ക്വയ്യിം  തന്റെ തഹ്ദീബുസ്സുനനിലും ഇതിന്റെ ദുര്‍ബലതയെക്കുറിച്ച് ഉണര്‍ത്തിയിട്ടുണ്ട്: കുറിപ്പ്).

സ്വഹീഹുല്‍ ബുഖാരിയില്‍ അബൂമൂസ(റ) നബി ﷺ യില്‍നിന്നും നിവേദനം ചെയ്യുന്നു: ”തന്റെ രക്ഷിതാവിനെ സ്മരിക്കുന്നയാളുടെയും സ്മരിക്കാത്തയാളുടെയും ഉപമ ജീവനുള്ളയാളുടെയും ജീവന്‍ നഷ്ടപ്പെട്ടയാളുടെയും പോലെയാകുന്നു.”

അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ”നബി ﷺ പറഞ്ഞു: ”അല്ലാഹു തആല പറഞ്ഞിരിക്കുന്നു: ‘എന്നെക്കുറിച്ച് എന്റെ അടിമ കരുതുന്നിടത്തതാണ് ഞാന്‍. അവന്‍ എന്നെ സ്മരിച്ചാല്‍ ഞാന്‍ അവനോടൊപ്പമുണ്ടാകും. അവന്‍ എന്നെ അവന്റെ മനസ്സില്‍ സ്മരിച്ചാല്‍ അവനെ ഞാന്‍ എന്റെ മനസ്സിലും സ്മരിക്കും. അവന്‍ എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അവനെ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ എന്നിലേക്ക് നടന്നുവന്നാല്‍ ഞാന്‍ അവനിലേക്ക് ഓടി ച്ചെല്ലും.”

അനസി(റ)ല്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: ”നിശ്ചയം നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ സ്വര്‍ഗീയ പൂന്തോപ്പിനടുത്തുകൂടി നടന്നുപോവുകയാണെങ്കില്‍ നിങ്ങളതില്‍നിന്നും ഭക്ഷിക്കുക.’ സ്വഹാബിമാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് സ്വര്‍ഗീയ പൂന്തോപ്പുകള്‍?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകള്‍’ (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഈ റിപ്പോര്‍ട്ടിനു ചില ദുര്‍ബലതകള്‍ പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് ഉപോല്‍ബലകമായ വേറെയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്).

നബി ﷺ യില്‍നിന്ന് ഇമാം തിര്‍മിദിതന്നെ ഉദ്ധരിക്കുന്നു: ”അല്ലാഹു തആലാ പറഞ്ഞു: ‘നിശ്ചയം, എന്റെ ശരിയായ ദാസന്‍ എന്ന് പറയുന്നത് ശത്രുവുമായി ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തില്‍പോലും എന്നെ സ്മരിക്കുന്നവനാണ്” (ഇതിന്റെ സനദില്‍ ഉഫൈറുബ്‌നു മഅ്ദാന്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. എന്നാല്‍ വേറെ വഴികളിലൂടെയും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നതിനാല്‍ ഹാഫിദ് ഇബ്‌നു ഹജറി (റഹി)നെപോലെയുള്ളവര്‍ ഇതിനെ ‘ഹസന്‍’ എന്ന ഗണത്തില്‍പെടുത്തുന്നു. ‘നതാഇജുല്‍ അഫ്കാര്‍,’ ‘ഫുതൂഹാതുര്‍റബ്ബാനിയ്യ’ മുതലായവ കാണുക. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യും ഈ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുണ്ട്).

ദിക്ര്‍ ചെയ്യുന്നവരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ധര്‍മസമരം ചെയ്യുന്നവരാണ്. ധര്‍മസമരം നയിക്കുന്നവരില്‍ ഏറ്റവും ഉത്തമര്‍ ‘ദിക്ര്‍’ ചെയ്യുന്നവരും (അല്ലാഹുവിനെ സ്മരിക്കുന്നവര്‍) ആകുന്നു. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (ക്വുര്‍ആന്‍ 8:45).

ധര്‍മസമരത്തോടൊപ്പം അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവാനും (ദിക്ര്‍ ചെയ്യുവാന്‍) ഇവിടെ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയാണ്. അവര്‍ ഉത്തമമായ വിജയ പ്രതീക്ഷയിലായിരിക്കാന്‍ അതാണ് വേണ്ടത്. അപ്രകാരംതന്നെ സൂറതുല്‍ അഹ്‌സാബിലെ 35,41 വചനങ്ങളില്‍ അല്ലാഹു പറഞ്ഞത് ശ്രദ്ധേയമാണ്.

”…ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍-ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 33:35).

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍” (ക്വുര്‍ആന്‍ 33:41). (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 11

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 11

അബൂബുര്‍ദ(റ) തന്റെ പിതാവില്‍നിന്നും ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: ‘ഓരോ മുസ്‌ലിമിന്റെമേലും ദാനം ബാധ്യതയാണ്.’ സ്വഹാബത്ത് ചോദിച്ചു: ‘നബിയേ, ദാനം ചെയ്യാന്‍ സമ്പത്തില്ലാത്തയാളോ?’ നബി ﷺ പറഞ്ഞു: ‘തന്റെ കൈകൊണ്ട് അധ്വാനിക്കണം, എന്നിട്ട് സ്വന്തത്തിന് ഉപയോഗിക്കുകയും ദാനം ചെയ്യുകയും വേണം.’ അവര്‍ ചോദിച്ചു: ‘അതിനു കഴിഞ്ഞില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘പ്രയാസപ്പെടുന്ന ആവശ്യക്കാരനെ (കഴിയുംവിധം) സഹായിക്കണം.’ സ്വഹാബികള്‍ ചോദിച്ചു: ‘അതിന് അയാള്‍ക്ക് സാധിച്ചില്ലെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ അയാള്‍ നന്മ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ! അത് അയാള്‍ക്ക് ഒരു ദാനമാണ്’ (ബുഖാരി, മുസ്‌ലിം).

പിശുക്കന്‍ നന്മയെ തടഞ്ഞുവെക്കുന്നവനും പുണ്യം ചെയ്യുവാന്‍ വിസമ്മതിക്കുന്നവനുമായതിനാല്‍ അയാള്‍ക്കുള്ള പ്രതിഫലം അതേപോലെയുള്ളത് തന്നെയായിരിക്കും. അയാളുടെ മനസ്സ് കുടുസ്സായതും വിശാലതയില്ലാത്തതുമായിരിക്കും. നന്മകുറഞ്ഞവനും സന്തോഷമില്ലാത്തവനും സങ്കടങ്ങളും ദുഃഖങ്ങളും വിഷമങ്ങളും അധികരിച്ചവനുമായിരിക്കും. അയാളുടെ ഒരാവശ്യവും നിറവേറുകയോ ഒരു കാര്യത്തിലും പടച്ചവന്റെ സഹായം ലഭിക്കുകയോ ചെയ്യുന്നുണ്ടാവില്ല.

അയാള്‍ ശരിക്കും ഇരുമ്പിനാലുള്ള ജുബ്ബ ധരിക്കുകയും കൈകള്‍ രണ്ടും പിരടിയില്‍ ബന്ധിക്കപ്പെടുകയും ചെയ്തവനെ പോലെയാണ്. കൈ നേരെയാക്കാനോ പടയങ്കി ശരിയായരൂപത്തില്‍ ധരിക്കാനോ കൈ ചലിപ്പിക്കാനോ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. പടയങ്കി ഒന്ന് വിശാലമാക്കാനോ കൈ ഒന്ന് പുറത്തെടുക്കാനോ അയാള്‍ ശ്രമിക്കുമ്പോഴൊക്കെയും അതിന്റെ കണ്ണികള്‍ ഓരോന്നും മുറുകുകയാണ് ചെയ്യുന്നത്.

ഇതേപോലെയാണ് ലുബ്ധന്റെ സ്ഥിതിയും. അയാള്‍ വല്ലതും ദാനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ അയാളുടെ ലുബ്ധത അയാളെ തടയും. അങ്ങനെ അയാളുടെ ഹൃദയം അയാളെ പോലെത്തന്നെ അയാളുടെ തടവറയില്‍ കഴിയും. എന്നാല്‍ ദാനശീലനാകട്ടെ ഓരോതവണ ദാനം ചെയ്യുമ്പോഴും അയാളുടെ ഹൃദയം വിശാലമാവുകയും വിശാലമനസ്‌കതയുള്ള സഹൃദയനാവുകയും ചെയ്യും. അപ്പോള്‍ അയാള്‍ വിശാലതയുള്ള പടയങ്കി ധരിച്ചവനെപ്പോലെയായിരിക്കും. ഓരോതവണ ദാനം ചെയ്യുമ്പോഴും ഹൃദയവിശാലതയും മഹാമനസ്‌കതയും സന്തോഷവും ആഹ്ലാദവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും. ദാനധര്‍മങ്ങള്‍ക്ക് ഈ ഗുണമല്ലാത്ത മറ്റൊരു നേട്ടവുമില്ല എന്ന് വന്നാല്‍പോലും ദാനം അധികരിപ്പിക്കുകയും അതിനായി ഉത്സാഹം കാണിക്കുകയും ചെയ്യല്‍ അനിവാര്യമാണ്.

‘…ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍’ (ക്വുര്‍ആന്‍ 59:9).

‘…ആര്‍ മനസ്സിന്റെ പിശുക്കില്‍നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍’ (ക്വുര്‍ആന്‍ 64:16).

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ഈയൊരു പ്രാര്‍ഥനതന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു: ‘എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍ (ശുഹ്ഹ്) നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ… എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ.’ അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘ഇതല്ലാത്ത മറ്റൊന്നും താങ്കള്‍ പ്രാര്‍ഥിക്കുന്നില്ലേ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ എന്റെ മനസ്സിന്റെ ലുബ്ധതയില്‍നിന്നും സംരക്ഷിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ഞാന്‍ വിജയിച്ചു’ (ത്വബ്‌രി തന്റെ തഫ്‌സീറിലും ഇബ്‌നു അസാകിര്‍ ‘താരീഖു ദിമശ്ഖി’ലും ഉദ്ധരിച്ചത്).

‘ശുഹ്ഹും’ ‘ബുഖ്‌ലും’ തമ്മില്‍ വ്യത്യാസമുണ്ട.് ‘ശുഹ്ഹ്’ എന്നത് ഒരു വസ്തുവിനോടുള്ള അടങ്ങാത്ത ആഗ്രഹവും അത് കൈവശപ്പെടുത്താനുള്ള അങ്ങേയറ്റത്തെ തീവ്രപരിശ്രമവും അതിന്റെ പേരിലുള്ള അസ്വസ്ഥതകളുമൊക്കെയാണ്. എന്നാല്‍ ‘ബുഖ്ല്‍’ എന്നത് അത് കിട്ടിയതിനു ശേഷം ചെലവഴിക്കാന്‍ മടിച്ചുകൊണ്ട് പിടിച്ചുവെക്കലാണ്. അപ്പോള്‍ ഒരു സംഗതി അധീനതയില്‍ വരുന്നതിനു മുമ്പുള്ള ആര്‍ത്തിയോടുള്ള പിശുക്കാണ് ‘ശുഹ്ഹ്’ എന്നത്. എന്നാല്‍ അത് കൈയില്‍ വന്നതിനു ശേഷമുള്ള ലുബ്ധതയാണ് ‘ബുഖ്ല്‍.’

അതായത് ‘ശുഹ്ഹി’ന്റെ അനന്തരഫലമാണ് ‘ബുഖ്ല്‍.’ അഥവാ ‘ശുഹ്ഹ്’ ‘ബുഖ്‌ലി’ലേക്ക് ക്ഷണിക്കും. അത് മനസ്സില്‍ ഒളിച്ചിരിക്കുന്ന ഒന്നാണ്. ഒരാള്‍ ‘ബുഖ്ല്‍’ (പിശുക്ക്) കാണിച്ചാല്‍ അയാള്‍ തന്റെ ‘ശുഹ്ഹ്’ന് വഴിപ്പെട്ടു. എന്നാല്‍ ലുബ്ധത കാണിക്കാതിരുന്നാല്‍ അയാള്‍ തന്റെ ‘ശുഹ്ഹി’നോട് ഏതിരുപ്രവര്‍ത്തിക്കുകയും അതിന്റെ കെടുതികളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് സാരം. അത്തരക്കാരാണ് വിജയം വരിക്കുന്നവര്‍:

”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ആവശ്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍’ (ക്വുര്‍ആന്‍ 59:9).

ഔദാര്യവാന്‍ അല്ലാഹുവിലേക്കും അവന്റെ സൃഷ്ടികളിലേക്കും തന്റെ കുടുംബക്കാരിലേക്കുമൊക്കെ ഏറെ അടുത്തവനായിരിക്കും. സ്വര്‍ഗത്തിലേക്കു സാമീപ്യം സിദ്ധിച്ചവനും നരകത്തില്‍നിന്ന് അകന്നവനുമായിരിക്കും. എന്നാല്‍ ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവന്‍ അല്ലാഹുവില്‍നിന്നും അവന്റെ സൃഷ്ടികളില്‍നിന്നും വിദൂരത്തായിരിക്കും. സ്വര്‍ഗത്തില്‍നിന്ന് അകന്നും നരകത്തോട് അടുത്തുമായിരിക്കും അയാളുണ്ടാവുക. ഒരാളുടെ ഉദാരമനസ്‌കത അയാളുടെ എതിരാളികളില്‍പോലും അയാളെക്കുറിച്ച് മതിപ്പുണ്ടാക്കും. എന്നാല്‍ ഒരാളുടെ ലുബ്ധത അയാളുടെ മക്കളില്‍ പോലും അയാളോട് വെറുപ്പായിരിക്കും ഉണ്ടാക്കുക.

ഒരു കവി പറഞ്ഞതുപോലെ: ‘ഒരാളുടെ ന്യൂനത ആളുകള്‍ക്കിടയില്‍ വെളിപ്പെടുത്താന്‍ പര്യാപ്തമാണ് അയാളുടെ ലുബ്ധത. എന്നാല്‍ അയാളുടെ ഉദാരതയാകട്ടെ അവരില്‍നിന്ന് എല്ലാ കുറവുകളും മറയ്ക്കുന്നതുമാണ്.’

‘ഉദാരതയുടെ  വസ്ത്രംകൊണ്ട് നീ ന്യൂനതകള്‍ മറയ്ക്കുക; കാരണം ഏതൊരു കുറവും മറയ്ക്കാവുന്ന ആവരണമാണ് ഔദാര്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’

‘നീ കൂട്ടുകൂടുകയാണെങ്കില്‍ നല്ലവരുമായിമാത്രം നീ കൂട്ടുകൂടുക. ഒരാള്‍ ആദരിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും അവന്റെ കൂട്ടുകാരെ പരിഗണിച്ചായിരിക്കും.’

‘നിനക്ക് സാധിക്കുന്നത്ര നീ സംസാരം കുറയ്ക്കുക; എന്തുകൊണ്ടെന്നാല്‍ ഒരാളുടെ സംസാരം കുറഞ്ഞാല്‍ അയാളുടെ അബദ്ധങ്ങളും കുറവായിരിക്കും.’

‘ഒരാളുടെ സമ്പത്ത് കുറഞ്ഞാല്‍ അയാളുടെ കൂട്ടുകാരും കുറയുന്നതാണ്. അയാളുടെ ആകാശവും ഭൂമിയും അയാള്‍ക്ക് കുടുസ്സാവുകയും ചെയ്യും.’

‘അങ്ങനെ ഒരു തീരുമാനത്തിലെത്തേണ്ട സന്ദര്‍ഭത്തില്‍ ഒന്നുമറിയാത്തവനെപോലെ അവന് പകച്ചുനില്‍ക്കേണ്ടി വരും.’

‘അതിനാല്‍ തന്റെ കൂട്ടുകാരനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കാത്തവരോട് ഇതായിരിക്കും ഇതിന്റെ പരിണിതിയെന്ന് നീ വിളിച്ചുപറഞ്ഞേക്കുക.’

ഉദാരത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ആവശ്യമായത് നല്‍കുക എന്നതാണ്. അത് അതിന്റെ അവകാശികള്‍ക്ക് എത്തിക്കാനായി പരമാവധി പരിശ്രമിക്കുക എന്നതുമാണ്. അല്ലാതെ വിവരം കുറഞ്ഞ ചിലയാളുകള്‍ പറയുന്നതുപോലെ കൈയിലുള്ളതൊക്കെ ചെലവഴിക്കലല്ല ഉദാരത. അവര്‍ പറഞ്ഞതായിരുന്നു സത്യമെങ്കില്‍ ധൂര്‍ത്തും ധാരാളിത്തവുമൊക്കെ ആ പേരുകള്‍ പോലും പറയേണ്ടതില്ലാത്തവിധം അപ്രസക്തമാകുമായിരുന്നു. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും അതിനെ അധിക്ഷേപിച്ചും വിലക്കിയും എത്രയോ വചനങ്ങള്‍ വന്നിട്ടുണ്ട്!

ഉദാരത പ്രശംസനീയവും അത് നിര്‍വഹിക്കുന്നയാള്‍ പരിധിവിടാതിരിക്കുകയും ചെയ്താല്‍ അയാള്‍ ഉദാരന്‍ എന്ന് വിളിക്കപ്പെടുകയും അയാള്‍ പ്രശംസക്കര്‍ഹനായിത്തീരുകയും ചെയ്യും. എന്നാല്‍ ആരെങ്കിലും ഉദാരതയില്‍ വീഴ്ചവരുത്തുകയും പിശുക്ക് കാണിക്കുകയും ചെയ്താല്‍ അയാള്‍ ലുബ്ധനും ആക്ഷേപാര്‍ഹനുമായിരിക്കും. ഒരു ഹദീഥില്‍ ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്: ‘നിശ്ചയം! പിശുക്കന് തന്റെ സാമീപ്യം നല്‍കുകയില്ലെന്ന് അല്ലാഹു അവന്റെ പ്രതാപം കൊണ്ട് സത്യം ചെയ്ത് പറഞ്ഞിരിക്കുന്നു’ (ത്വബ്‌റാനി ഇബ്‌നു അബ്ബാസി(റ)ല്‍നിന്നും ഇബ്‌നു അബിദുന്‍യാ അനസി(റ)ല്‍നിന്നും മര്‍ഫൂആയ നിലയില്‍ (നബിവചനമെന്ന നിലയില്‍) ഉദ്ധരിച്ചതാണ് ഈ റിപ്പോര്‍ട്ടെങ്കിലും അത് ദുര്‍ബലമാണ്. വിശദ വിവരത്തിന് ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സില്‍സിലത്തുദ്ദഈഫയിലെ 1284,1285 നമ്പര്‍ ഹദീഥുകള്‍ കാണുക).

ഉദാരത രണ്ടുവിധത്തിലുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠവും ഒന്നാമതുമായത്, മറ്റുള്ളവരുടെ കൈയിലുള്ളവയെ സംബന്ധിച്ച് നാം കാണിക്കുന്ന ഉദാരതയാണ്. അഥവാ അന്യരുടെ കൈകളിലുള്ളത് നാം മോഹിക്കാതിരിക്കുക എന്നതാണ്. രണ്ടാമത്തെത് നിന്റെ കൈയിലുള്ളത് ചെലവഴിച്ചുകൊണ്ട് നീ കാണിക്കുന്ന ഉദാരതയാണ്.

ചിലപ്പോള്‍ ഒരാള്‍ ആര്‍ക്കും ഒന്നും നല്‍കുന്നില്ലെങ്കില്‍ പോലും അയാള്‍ ജനങ്ങളില്‍ ഏറ്റവും വലിയ ഔദാര്യവാന്‍ ആയിരിക്കും. കാരണം ആളുകളുടെ കൈയിലുള്ളതിനോട് അയാള്‍ ഒരു മോഹവും വെച്ചു നടക്കുന്നില്ല. അതാണ് ചില മഹത്തുക്കള്‍ പറഞ്ഞതിന്റെ സാരം:

‘ഉദാരത എന്നത് നിന്റെ സമ്പത്ത് മറ്റുള്ളവര്‍ക്ക് ദാനംനല്‍കുന്നതും മറ്റുള്ളവരുടെ സ്വത്ത് സ്വികരിക്കാതെ നീ മാന്യതകാണിക്കലുമാണ്.’

ഗുരുനാഥന്‍ ശൈഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘അല്ലാഹു ഇബ്‌റാഹിം നബി(അ)യോട് ഇപ്രകാരം ചോദിച്ചുവത്രെ: ‘എന്തുകൊണ്ടാണ് ഞാന്‍ നിന്നെ ‘ഖലീല്‍’ (ആത്മമിത്രം) ആക്കിയതെന്ന് നിനക്കറിയുമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നിനക്ക് മറ്റുള്ളവരില്‍നിന്ന് വല്ലതും വാങ്ങുന്നതിനെക്കാള്‍ പ്രിയങ്കരം അവര്‍ക്ക് എന്തെങ്കിലും നല്‍കുന്നതാണെന്ന് കണ്ടതിനാലാണ്.’ (സലഫുകളില്‍ പെട്ട ചിലരില്‍നിന്ന് ഇപ്രകാരം  ഉദ്ധരിക്കപ്പെടുന്നുണ്ട്. ‘താരീഖു ദിമശ്ഖ്,’ ‘ഹില്‍യത്തുല്‍ ഔലിയാഅ്, ‘അദ്ദുര്‍റുല്‍ മന്‍ഥൂര്‍ മുതലായ ഗ്രന്ഥങ്ങള്‍ കാണുക).

ഇത് അത്യുന്നതനായ പടച്ചറബ്ബിന്റെ വിശേഷണങ്ങളില്‍പെട്ട ഒരു വിശേഷണമാണ്. അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു; അവന്‍ മറ്റുള്ളവരില്‍നിന്ന് യാതൊന്നും എടുക്കുന്നില്ല. അവന്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നു; അവന്നാകട്ടെ ആരും ഭക്ഷണം നല്‍കേണ്ടതില്ല. അവന്‍ ഔദാര്യവാന്മാരില്‍വെച്ച് ഏറ്റവും വലിയ അത്യുദാരനാകുന്നു. സൃഷ്ടികളില്‍ അവന് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ അവന്റെ ഗുണവിശേഷണങ്ങള്‍ തങ്ങളുടെ സ്വഭാവമായി സ്വികരിച്ചവരാണ്. അവന്‍ അത്യുദാരനാണ്. അവന്റെ അടിമകളിലെ ഔദാര്യവാന്മാരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ അറിവുള്ളവനാണ്; അറിവുള്ളവരെ അവന്‍ സ്‌നേഹിക്കുന്നു. അവന്‍ കഴിവുറ്റവനാണ്. ധീരന്മാരെ അവന് ഇഷ്ടമാണ്. അവന്‍ ഭംഗിയുള്ളവനാണ്; ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്.

ഇമാം തിര്‍മിദി സഈദുബ്‌നുല്‍ മുസ്വയ്യിബ്(റഹി) പറയുന്നതായി ഇപ്രകാരം ഉദ്ധരിക്കുന്നു: ‘നിശ്ചയം, അല്ലാഹു വിശുദ്ധനാണ്; അവന്‍ വിശുദ്ധമായതിനെ ഇഷ്ടപ്പെടുന്നു. അവന്‍ വൃത്തിയുള്ളവനാണ്; വൃത്തിയെ അവന്‍ ഇഷ്ടപ്പെടുന്നു. ഔദാര്യവാനാണ്; ഉദാരതയെ അവന്‍ ഇഷ്ടപ്പെടുന്നു. മാന്യനാണ്; മാന്യതയെ അവന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കുക. നിങ്ങള്‍ ജൂതന്മാരെ പോലെയാകരുത്.’ (ഇതിന്റെ പരമ്പരയിലുള്ള ഖാലിദ്ബ്‌നു ഇല്‍യാസ് പണ്ഡിതന്‍മാര്‍ ദുര്‍ബലനാണെന്ന് വിധിപറഞ്ഞ വ്യക്തിയാണ്).

(തിര്‍മിദി, ബസ്സാര്‍, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര (സനദ്) അങ്ങേയറ്റം ദുര്‍ബലമാണ്. ഇമാം തിര്‍മിദി തന്നെ അതിന്റെ ന്യുനത വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നുല്‍ ജൗസി(റഹി) തന്റെ ‘അല്‍ ഇലലുല്‍ മുതനാഹിയ’ എന്ന ഗ്രന്ഥത്തില്‍ ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുണ്ട്).

തിര്‍മിദി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ പറയുന്നു: ‘ധര്‍മിഷ്ഠന്‍ അല്ലാഹുവിനോട് അടുത്തവനാണ്. സ്വര്‍ഗത്തോടും ജനങ്ങളോടും അയാള്‍ സമീപസ്ഥനുമാണ്. നരകത്തില്‍നിന്നാകട്ടെ അകന്നവനുമാണ്. എന്നാല്‍ പിശുക്കന്‍ അല്ലാഹുവില്‍നിന്ന് അകന്നവനാണ്. സ്വര്‍ഗത്തില്‍നിന്നും ആളുകളില്‍നിന്നും അയാള്‍ വിദൂരത്തായിരിക്കും. നരകത്തോട് സമീപസ്ഥനുമായിരിക്കും. അറിവില്ലാത്ത ഔദാര്യവാനാണ് പിശുക്കനായ ഭക്തനെക്കാള്‍ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവന്‍’ (തിര്‍മിദിക്കു പുറമെ ഇബ്‌നു അദിയ്യ് തന്റെ ‘അല്‍കാമിലി’ലും ‘ഉകൈ്വലി’ തന്റെ ‘അദ്ദുഅഫാഇ’ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല. ഇമാം തിര്‍മിദിതന്നെ അതിന്റെ ദുര്‍ബലത വ്യക്തമാക്കിയിട്ടുണ്ട്.  ഇബ്‌നുല്‍ ക്വയ്യിം(റഹി) തന്നെ തന്റെ ‘അല്‍മനാറുല്‍ മുനീഫ്’ എന്ന ഗ്രന്ഥത്തില്‍ അടിസ്ഥാനരഹിതമായ ഹദീഥുകളുടെ കൂട്ടത്തില്‍ ഇതിനെ എണ്ണിയിട്ടുണ്ട്).

സ്വഹിഹായ ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ‘നിശ്ചയം, അല്ലാഹു ഏകനാണ്. ഒറ്റയാക്കുന്നതിനെ (വിത്‌റിനെ) അവന്‍ ഇഷ്ടപ്പെടുന്നു’ (ബുഖാരി, മുസ്‌ലിം).

അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു കാരുണ്യവാനാണ്. കരുണ ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. തീര്‍ച്ചയായും അവന്റെ ദാസന്മാരിലെ കരുണയുള്ളവരോടാണ് അവനും കരുണ കാണിക്കുക. അവന്‍ ന്യൂനതകള്‍ മറച്ചുവെക്കുന്നവനാണ്. അവന്റെ ദാസന്മാരുടെ ന്യുനതകള്‍ മറച്ചുവെക്കുന്നവരെ അവന് ഇഷ്ടമാണ്. അവന്‍ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. വിട്ടുവീഴ്ച ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വീഴ്ചകള്‍ പൊറുക്കുന്നവനാണ്. ആളുകളുടെ വീഴ്ചകള്‍ പൊറുത്ത് കൊടുക്കുന്നവരോട് അവന് ഇഷ്ടമാണ്. അവന്‍ അനുകമ്പ കാട്ടുന്നവനാണ്. അവന്റെ ദാസന്മാരിലെ അനുകമ്പശീലരോട് അവന് ഇഷ്ടമാണ്. കഠിനഹൃദയരും പരുഷസ്വഭാവികളും അഹങ്കാരികളും അമിതഭോജികളുമായവരെ അവന് വെറുപ്പാണ്. അവന്‍ സൗമ്യതയുള്ളവനാണ്. സൗമ്യത അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വിവേകശാലിയാണ്; വിവേകത്തെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ നന്മ ചെയ്യുന്നവനാണ്; നന്മയെയും അതിന്റെ വക്താക്കളെയും അവന് ഇഷ്ടമാണ്. അവന്‍ നീതിമാനാണ്; നീതിപാലിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവനാണ്. തന്റെ ദാസന്മാരുടെ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവരെ അവന് ഇഷ്ടമാണ്. ഇത്തരം ഗുണവിശേഷണങ്ങള്‍ക്കനുസരിച്ച് അവന്‍ തന്റെ ദാസന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്. ആരെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍ അവര്‍ക്ക് അവനും വിട്ടുവീഴ്ച ചെയ്യും. ആരെങ്കിലും പൊറുത്ത് കൊടുത്താല്‍  അവര്‍ക്ക് അവനും പൊറുത്ത് കൊടുക്കും. ആരെങ്കിലും മറ്റുള്ളവരുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചാല്‍ അവന്‍ അയാള്‍ക്കും മാപ്പാക്കുന്നതാണ്. ആരെങ്കിലും മറ്റുള്ളവര്‍ക്ക് ഇളവുചെയ്താല്‍ അവന്‍ അയാള്‍ക്കും ഇളവുചെയ്യും. ആരെങ്കിലും അല്ലാഹുവിന്റെ അടിയാറുകളോട് സൗമ്യത കാണിച്ചാല്‍ അല്ലാഹു അയാളോടും സൗമ്യത കാണിക്കും. ആരെങ്കിലും സൃഷ്ടിജാലങ്ങളോട് കരുണകാണിച്ചാല്‍ അല്ലാഹു അയാളോടും കരുണകാണിക്കും. ജനങ്ങളോട് ആരെങ്കിലും നന്മ ചെയ്താല്‍ അല്ലാഹു അയാള്‍ക്കും നന്മ ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനതകളെ വിട്ടുകളഞ്ഞ് മാപ്പാക്കിയാല്‍ അല്ലാഹു അയാളുടെ കുറവുകളെയും വിട്ടുകളയും. ആരെങ്കിലും മറ്റുള്ളവരോട് ഔദാര്യം കാണിച്ചാല്‍ അല്ലാഹു അയാള്‍ക്കും ഔദാര്യം ചെയ്യും. വല്ലവനും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്താല്‍ അല്ലാഹു അയാള്‍ക്കും ഉപകാരം ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെതും മറച്ചുവെക്കും. വല്ലവനും മറ്റുള്ളവരുടെ കുറവുകള്‍ ചിക്കിച്ചികയാന്‍ ഒരുങ്ങിയാല്‍ അല്ലാഹു അയാളുടെ കുറവുകളും കൊണ്ടുവരും. ആരെങ്കിലും മറ്റുള്ളവരെ അവഹേളിച്ചാല്‍ അവന്‍ അവരെയും അവഹേളിക്കും. ആരെങ്കിലും തന്റെ നന്മ മറ്റുള്ളവര്‍ക്ക് നിഷേധിച്ചാല്‍ അല്ലാഹു അയാള്‍ക്കും നന്മ തടയും. ആരെങ്കിലും അല്ലാഹുവിനോട് എതിരായാല്‍ അല്ലാഹു അയാളോടും എതിരാകും. ആരെങ്കിലും തന്ത്രം പ്രയോഗിച്ചാല്‍ അല്ലാഹു അയാളോടും തന്ത്രം പ്രയോഗിക്കും. ആരെങ്കിലും ചതിയും വഞ്ചനയും കാണിച്ചാല്‍ അല്ലാഹു അയാളോടും അതുപോലെ കാണിക്കും. ഒരാള്‍ അല്ലാഹുവിന്റെ അടിമകളോട് പെരുമാറുന്നത് ഏത് തരത്തിലാണോ അല്ലാഹു ഇരുലോകത്തു വെച്ച് അയാളോടും അതേരൂപത്തിലായിരിക്കും പെരുമാറുക. അതായത് ഒരാള്‍ മറ്റൊരാളോട് ഏത് രൂപത്തിലാണോ പെരുമാറുന്നത് അതനുസരിച്ചായിരിക്കും അല്ലാഹു അയാളോടും പെരുമാറുക എന്ന് സാരം.

അതുകൊണ്ട് നബി ﷺ യുടെ ഹദീഥുകളില്‍ ഇപ്രകാരം കാണാം: ‘ആരെങ്കിലും ഒരു സത്യവിശ്വസിയുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെ ന്യുനതകളും ഈ ലോകത്തും പരലോകത്തും മറച്ചുവെക്കുന്നതാണ്. ആരെങ്കിലും ഒരു സത്യാവിശ്വാസിയുടെ ഈ ലോകത്തെ ദുരിതംനീക്കി ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളില്‍നിന്ന് പരലോകത്തെ പ്രയാസങ്ങള്‍ നീക്കി ആശ്വാസം നല്‍കുന്നതാണ്. (സാമ്പത്തികമായി) പ്രയാസപ്പെടുന്ന ഒരാള്‍ക്ക് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളുടെ വിചാരണ എളുപ്പമാക്കും’ (മുസ്‌ലിം).

‘ഒരു ഇടപാട് ഒഴിവാക്കിക്കൊടുക്കാനായി ഖേദപ്രകടനത്തോടെ ഒരാള്‍ വരികയും ആ അഭ്യര്‍ഥന പരിഗണിച്ച് പ്രസ്തുത ഇടപാട് ഒഴിവാക്കിക്കൊടുക്കുകയും ചെയ്താല്‍ അല്ലാഹു അയാളുടെ വീഴ്ചകളും (പ്രതിക്രിയ കൂടാതെ) ഒഴിവാക്കിക്കൊടുക്കും’ (അബൂദാവൂദ്, ഇബ്‌നുമാജ, ഇബ്‌നുഹിബ്ബാന്‍).

‘ആരെങ്കിലും  കടംകൊണ്ട് പ്രയാസപ്പെടുന്നയാള്‍ക്ക് അവധി നീട്ടിക്കൊടുക്കുകയോ കടം വിട്ടുവീഴ്ച ചെയ്യുകയോ ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് അര്‍ശിന്റെ തണല്‍ നല്‍കുന്നതാണ.’ (മുസ്‌ലിം).

എന്തുകൊണ്ടെന്നാല്‍ ഈ വ്യക്തി അയാള്‍ക്ക് അവധി നീട്ടിക്കൊടുക്കലിന്റെയും സഹനത്തിന്റെയും തണല്‍നല്‍കി സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന അയാളെ ബുദ്ധിമുട്ടിച്ചു പണം തിരിച്ചു വാങ്ങിക്കുന്ന കഷ്ടതയുടെ ചൂടില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് അന്ത്യനാളില്‍ സൂര്യന്റെ ചൂടില്‍നിന്നും അര്‍ശിന്റെ തണല്‍ നല്‍കി അല്ലാഹു അയാളെ സംരക്ഷിക്കും.

തിര്മിദിയും മറ്റും ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: ‘ഒരിക്കല്‍ നബി ﷺ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പറഞ്ഞു: ‘ഹൃദയത്തിലേക്ക് ഈമാന്‍ (സത്യവിശ്വാസം) കടന്നുചെന്നിട്ടില്ലാത്ത, കേവലം നാവുകൊണ്ട് മാത്രം വിശ്വാസം പ്രഖ്യാപിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസികളെ ഉപദ്രവിക്കരുതേ, അവരുടെ കുറവുകള്‍ നിങ്ങള്‍ ചിക്കിച്ചികയുകയും ചെയ്യരുതേ. എന്തുകൊണ്ടെന്നാല്‍ തന്റെ സഹോദരന്റെ കുറവുകള്‍ ചികഞ്ഞാല്‍ അല്ലാഹു അയാളുടെയും കുറവുകള്‍ ചികയും. അല്ലാഹു ആരുടെയെങ്കിലും കുറവുകള്‍ ചികഞ്ഞാല്‍ അത് അയാളെ അവഹേളിച്ച് വഷളാക്കിക്കളയും, അയാള്‍ തന്റെ വീടിന്റെ ഉള്ളറയിലായിരുന്നാല്‍ പോലും.’ (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 10

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 10

ഇവിടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തിനു മുറിവേറ്റ വ്യക്തിയെ സംബന്ധിച്ച് നബി ﷺ അറിയിക്കുന്നത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അതിന് കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കുമെന്നാണ്. നോമ്പുകാരന്റെ വായയുടെ വാസനയെ സംബന്ധിച്ച് പറഞ്ഞത് പോലെയുള്ള ഒരു പരാമര്‍ശമാണിത്. ഇഹലോകത്തെ അനുഭവത്തിലൂടെ മുറിവിന്റെ രക്തവും വായയുടെ വാസനയും എന്താണെന്ന്  അറിവുള്ളതാണല്ലോ. എന്നാല്‍ അവയെ അല്ലാഹു പരലോകത്ത് കസ്തൂരിയുടെ സുഗന്ധമാക്കി മാറ്റുന്നതാണ്.

എന്നാല്‍ അബൂഅംറ് ഇബ്‌നുസ്വലാഹ്(റഹി) തെളിവാക്കുന്നത് ഇബ്‌നുഹിബ്ബാനില്‍ വന്ന ഹദീഥിന്റെ പരാമര്‍ശമാണ്: ‘ഭക്ഷണം ഒഴിവാക്കുന്നത് കാരണമായുണ്ടാകുന്ന വാസന’ എന്നാണല്ലോ അത്. അതാകട്ടെ ദുന്‍യാവില്‍ സംഭവിക്കുന്നതാണ്. ഭാഷാപരമായ ചില ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിക്കൊണ്ട് നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കുന്നത് മൂലമുള്ള വാസന അല്ലാഹുവിന്റെ അടുക്കല്‍ പരിമളമുള്ളതാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ശേഷം ആവശ്യമില്ലാതെ കുറെ വിശദീകരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.

ഇവിടെ പ്രസ്തുത പരിമളത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവൃത്തികളെയും അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് പോലെത്തന്നെയാണ്. അതായത് ഈ പരിമളം സൃഷ്ടികളുടെ പരിമളത്തെപോലെയല്ല, അല്ലാഹുവിന്റെ തൃപ്തിയും കോപവും സന്തോഷവും വെറുപ്പും ഇഷ്ടവും ദേഷ്യവും ഒന്നും സൃഷ്ടികളുടേതിനു സമാനമല്ല എന്നതുപോലെയാണ് അതും. അല്ലാഹുവിന്റെ അസ്തിത്വം സൃഷ്ടികളുടെ അസ്തിത്വത്തിനോട് സമാനമായതല്ല; അവന്റെ വിശേഷണങ്ങളും അവന്റെ പ്രവര്‍ത്തങ്ങളും അപ്രകാരം തന്നെ സൃഷ്ടികളുടേതുപോലെയല്ല. അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു വിശിഷ്ടമായ വചനങ്ങളെ വിശിഷ്ടമായി കാണുന്നു. അവന്റെയടുക്കലേക്ക് അവ കയറിപ്പോകുന്നു. സല്‍കര്‍മങ്ങളെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഈ വിശിഷ്ടമായിക്കാണലും നമ്മുടേതുപോലെയല്ല.

ഈ തര്‍ക്കത്തില്‍ അന്തിമമായി നമുക്ക് പറയാനുള്ളത് ഇതാണ്: നബി ﷺ അറിയിച്ചത് പോലെ ആ പരിമളം പരലോകത്തുവെച്ചാണ് ഉണ്ടാകുന്നത്. കാരണം അതാണ് നന്മതിന്മകളുടെ കര്‍മ പ്രതിഫലം പ്രകടമാമാകുന്ന സമയം. അപ്പോള്‍ ആ വാസന കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി അവിടെവെച്ച് പ്രകടമാവും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തില്‍ മുറിവേറ്റ വ്യക്തിയുടെ രക്തത്തിന്റെ മണം കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി പ്രത്യക്ഷപ്പെടുന്നതുപോലെ. അവിടെവെച്ചാണ് രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതും ചില മുഖങ്ങളില്‍ അത് പ്രകടമായി പ്രത്യക്ഷപ്പെടുന്നതും. സത്യനിഷേധികളുടെ ദുര്‍ഗന്ധവും മുഖത്തിന്റെ കറുപ്പുമൊക്കെ പ്രകടമാകുന്നതുമൊക്കെ അന്നായിരിക്കും.

‘ഭക്ഷണം ഒഴിവാക്കിയതുമൂലം,’ ‘വൈകുന്നേരമാവുമ്പോള്‍’ എന്നൊക്കെ ചില റിപ്പോര്‍ട്ടുകളില്‍ വന്ന പരാമര്‍ശങ്ങള്‍, അപ്പോഴാണ് ആ ആരാധനയുടെ അടയാളങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നത് എന്നതിനാലാകും. അപ്പോള്‍ അതനുസരിച്ച് അതിന്റെ സുഗന്ധവും അല്ലാഹുവിന്റെ അടുക്കലും അവന്റെ മലക്കുകളുടെ അടുക്കലും കസ്തൂരിയെക്കാള്‍ അധികരിച്ച ഏറ്റവും പരിമളമുള്ളതായിരിക്കും; മനുഷ്യരുടെയടുക്കല്‍ ആ നേരത്തെ വാസന വെറുപ്പുള്ളതാണെങ്കിലും. മനുഷ്യരുടെയടുക്കല്‍ വെറുക്കപ്പെടുന്ന എത്രയെത്ര സംഗതികളാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറെ പ്രിയങ്കരമായിട്ടുള്ളത്! നേരെ തിരിച്ചും. മനുഷ്യര്‍ക്ക് അതിനോട് വെറുപ്പ് തോന്നുന്നത് അവരുടെ പ്രകൃതത്തിനോട് അത് യോജിക്കാത്തതുകൊണ്ടാണ്. എന്നാല്‍ അല്ലാഹു അതിനെ വിശിഷ്ടമായി കാണുന്നതും അതിനെ ഇഷ്ടപ്പെടുന്നതും അത് അവന്റെ കല്‍പനയോടും തൃപ്തിയോടും ഇഷ്ടത്തോടും യോജിക്കുന്നു എന്നുള്ളതുകൊണ്ടാണ്. അപ്പോള്‍ അവന്റെയടുക്കല്‍ അതിന് നമ്മുടെയെടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തിനുള്ളതിനെക്കാള്‍ പരിമളവും വിശിഷ്ടതയും ഉണ്ടായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അത് മനുഷ്യര്‍ക്ക് സുഗന്ധമായിത്തന്നെ അനുഭവപ്പെടുകയും അത് പരസ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇപ്രകാരമാണ് ഏത് നന്മതിന്മകളുടെയും കര്‍മഫലങ്ങള്‍. അവ ഏറ്റവും ബോധ്യപ്പെടുന്നതും പരസ്യമായി പ്രത്യക്ഷപ്പെടുന്നതും പരലോകത്തായിരിക്കും.

ചില കര്‍മങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതും അവയുടെ നന്മ അധികരിക്കുന്നതും ഇഹലോകത്ത് അതുണ്ടാക്കുന്ന ചില അനന്തരഫലങ്ങളെകൂടി ആശ്രയിച്ചിട്ടായിരിക്കും. അത് കണ്ണുകൊണ്ട് കാണാവുന്നതും ഉള്‍ക്കാഴ്ചകൊണ്ട് ഗ്രഹിക്കാവുന്നതുമാണല്ലോ!

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘നിശ്ചയം, നന്മ മുഖത്ത് തെളിച്ചമുണ്ടാക്കും. ഹൃദയത്തില്‍ പ്രകാശവും ശരീരത്തിന് ശക്തിയും ഉപജീവനത്തില്‍ വിശാലതയും സൃഷ്ടികളുടെ മനസ്സില്‍ സ്‌നേഹവും പകരും. എന്നാല്‍ തിന്മകള്‍ തീര്‍ച്ചയായും മുഖത്തിന് കറുപ്പും ഹൃദയത്തില്‍ ഇരുട്ടും ശരീരത്തിന് തളര്‍ച്ചയും ഉപജീവനത്തില്‍ കുറവും സൃഷ്ടികളുടെ മനസ്സുകളില്‍ വെറുപ്പും ഉണ്ടാക്കും.’ (ഇതിനു സമാനമായി ഹസനുല്‍ ബസ്വരിയില്‍നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിക്കുന്നുണ്ട്; അബൂനുഐം ‘ഹില്‍യ’യിലും. എന്നാല്‍ ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല).

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പറയുന്നു: ‘ഏതൊരു മനുഷ്യന്‍ കര്‍മം ചെയ്യുമ്പോഴും അതിന്റെതായ ഒരു പുടവ അല്ലാഹു അയാളെ ധരിപ്പിക്കുന്നതായിരിക്കും. നന്മയാണെങ്കില്‍ നന്മയുടെതും തിന്മയാണെങ്കില്‍ തിന്മയുടെതും.’ (ഇമാം അഹ്മദ് ‘സുഹ്ദില്‍’ ഉദ്ധരിച്ചത്. ഇബ്‌നുല്‍ മുബാറകും അബൂദാവൂദും ‘സുഹ്ദി’ല്‍ ഉദ്ധരിച്ചു. ഇബ്‌നു അബീശൈബ, ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും).

 ഇത് സുപരിചിതമായ സംഗതിയാണ്. ഉള്‍ക്കാഴ്ചയുള്ള പണ്ഡിതന്മാര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അറിയാവുന്നതുമാണ്. വിശുദ്ധരും പുണ്യംചെയ്യുന്നവരുമായ ആളുകളില്‍നിന്ന് അവര്‍ സുഗന്ധം പുരട്ടിയിട്ടില്ലെങ്കില്‍കൂടി ചിലപ്പോള്‍ നല്ല പരിമളം വീശാറുണ്ട്. അയാളുടെ ആത്മാവിന്റെ സുഗന്ധം ശരീരത്തിലൂടെയും വസ്ത്രത്തിലൂടെയും പുറത്തേക്കുവരും. എന്നാല്‍ തോന്നിവാസിയുടെ സ്ഥിതി നേരെ തിരിച്ചുമാണ്. രോഗം ബാധിച്ച് മൂക്കൊലിക്കുന്നവന് ഈ രണ്ട് വാസനകളും അനുഭവപ്പെടുകയില്ല. പ്രത്യുത അയാളുടെ മൂക്കൊലിപ്പ് ഇതിനെ നിഷേധിക്കാനായിരിക്കും പ്രേരിപ്പിക്കുക. ഈ ചര്‍ച്ചയില്‍ അവസാനമായി നമുക്ക് പറയുവാനുള്ളത് ഇത്രയുമാണ്. അല്ലാഹു തആലയാണ് ശരിയെ സംബന്ധിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍.

നബി ﷺ പറഞ്ഞു: ‘അവന്‍ നിങ്ങളോട് ദാനധര്‍മത്തെ(സ്വദക്വ)കുറിച്ച് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുവിന്റെ ബന്ധനത്തിലായ ഒരാളുടെത് പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി കഴുത്ത് വെട്ടുവാനായി കൊണ്ടുവന്നിരിക്കുകയാണ്. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ എല്ലാം നിങ്ങള്‍ക്ക് മോചനദ്രവ്യമായി നല്‍കാം. അങ്ങനെ അയാള്‍ അവരില്‍ നിന്നും മോചിതനായി.’

ഈ വാക്കുകളുടെയും വസ്തുത അറിയിക്കുന്ന തെളിവുകളും ന്യായങ്ങളുമായിട്ടുള്ള പല സംഭവങ്ങളും അനുഭവങ്ങളുമുണ്ട്. തീര്‍ച്ചയായും വിവിധതരം പരീക്ഷണങ്ങളെ തടുക്കുന്നതില്‍ ദാനധര്‍മങ്ങള്‍ക്ക് അത്ഭുതാവഹമായ സ്വാധീനമുണ്ട്. ആ ദാനം ചെയ്തത് ആക്രമിയോ തെമ്മാടിയോ, അല്ല; സത്യനിഷേധി ആയിരുന്നാല്‍ പോലും. നിശ്ചയം അല്ലാഹു ആ ദാനം നിമിത്തമായി അയാളില്‍നിന്ന് വിവിധ പ്രയാസങ്ങളെ തടുക്കുന്നതാണ്. ഈ കാര്യവും പണ്ഡിത, പാമര വ്യത്യാസമന്യെ മനുഷ്യര്‍ക്കിടയില്‍ സുപരിചിതമാണ്. ഭൂവാസികളെല്ലാം തന്നെ ഇത് അഗീകരിക്കും. കാരണം അത് അവര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

ഇമാം തിര്‍മിദി അനസ്ബ്‌നു മാലികി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ‘നിശ്ചയം! ദാന ധര്‍മങ്ങള്‍ റബ്ബിന്റെ കോപത്തെ ഇല്ലാതാക്കുകയും മോശമായ മരണത്തെ തടുക്കുകയും ചെയ്യും’ (തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍, ഭഗവി മുതലായവര്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിര്‍മിദി പറയുന്നു: ‘ഈ രൂപത്തിലൂടെ ഹസനും ഗരീബും ആയിട്ടാണ് വന്നിട്ടുള്ളത്. ഇതിന്റെ പരമ്പരയില്‍ അബുദുല്ലാഹിബ്‌നു ഈസാ അല്‍ഗസ്സാസ് എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. അദ്ദേഹത്തിലൂടെ മാത്രമായിട്ടാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇബ്‌നുഅദിയ്യ് ‘അല്‍ കാമില്‍’ എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്റെ വിവരണം പറയുന്നിടത്ത് ഈ ഹദീഥ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഹദീഥിന്റെ ആശയത്തെ പിന്തുണക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.  ഉദാഹരണത്തിന് ‘അത്തര്‍ഗീബ് വത്തര്‍ഹീബ്’ 1/679 നോക്കുക).

 ദാനധര്‍മങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിന്റെ കോപത്തെ ഇല്ലാതാക്കും എന്നതുപോലെത്തന്നെ തെറ്റുകുറ്റങ്ങളെയും അത് ഇല്ലാതാക്കിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ.

മുആദുബ്‌നു ജബല്‍(റ) പറയുന്നു: ‘ഞാന്‍ നബി ﷺ യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരുദിവസം രാവിലെ ഞങ്ങള്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നബി ﷺ യുടെ വളരെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നന്മയുടെ കവാടങ്ങളെക്കുറിച്ച് ഞാന്‍ നിനക്ക് അറിയിച്ചുതരട്ടയോ? നോമ്പ് ഒരു പരിചയാണ്. ദാനധര്‍മങ്ങള്‍ തെറ്റുകളെ കെടുത്തിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ. അതുപോലെ രാത്രിയുടെ മധ്യത്തിലുള്ള നമസ്‌കാരവും.’ എന്നിട്ട് അവിടുന്ന് ഈ ആയത്ത് ഓതി: ‘ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും’ (32:16) (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).

ചില അഥറുകളില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ‘നിങ്ങള്‍ ദാനധര്‍മങ്ങള്‍ മുന്‍കൂട്ടി ചെയ്യുക. നിശ്ചയം, പ്രയാസങ്ങള്‍ ദാനധര്‍മങ്ങളെ മുന്‍കടക്കുകയില്ല.’

ശത്രുക്കള്‍ ബന്ധനസ്ഥനാക്കി കഴുത്തുവെട്ടുവാന്‍ കൊണ്ടുവരപ്പെട്ട ഒരു വ്യക്തി തന്റെ ധനം മോചനദ്രവ്യമായി നല്‍കി രക്ഷപ്പെട്ട ഒരു ഉപമ നബി ﷺ വിവരിച്ചതില്‍നിന്നും മറ്റൊരു വിശദീകരണത്തിനും ആവശ്യമില്ലാത്തവിധം കാര്യം വളരെ വ്യക്തമാണ്.

‘നിശ്ചയം, ദാനധര്‍മങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കുവാന്‍ പര്യാപ്തമാണ്. അയാളുടെ തെറ്റുകുറ്റങ്ങള്‍ അയാളെ നശിപ്പിക്കാന്‍ പോന്നതാണെങ്കിലും. അയാളുടെ ദാനധര്‍മങ്ങള്‍ ശിക്ഷയില്‍നിന്നുള്ള പ്രായച്ഛിത്തമായി വരികയും അതില്‍നിന്ന് അയാളെ മോചിപ്പിക്കുകയും ചെയ്യുന്നതാണ്.’

അതിനാലാണ് സ്വഹീഹായ ഹദീഥില്‍ വന്നതുപോലെ നബി ﷺ പെരുന്നാള്‍ ദിവസം സ്ത്രീകളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞത്: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങളില്‍നിന്നാണെങ്കിലും ദാനം ചെയ്യുക. കാരണം നരകക്കാരില്‍ കൂടുതലും ഞാന്‍ നിങ്ങളെയാണ് കണ്ടത്’ (ബുഖാരി, മുസ്‌ലിം). (‘നിങ്ങളുടെ ആഭരണങ്ങളില്‍ നിന്നെങ്കിലും’ എന്ന ഭാഗം മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നതാണ്). അതായത് നബി ﷺ സ്ത്രീകള്‍ക്ക് നരകശിക്ഷയില്‍നിന്ന് സ്വയം രക്ഷപ്പെടുവാനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കുകയും പ്രേരിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്തത്.

അദിയ്യിബ്‌നു ഹാതിമി(റ)ല്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഓരോരുത്തരോടും ഒരു ദ്വിഭാഷിയില്ലാതെ തന്നെ തന്റെ രക്ഷിതാവ് നേരിട്ട് സംസാരിക്കുന്നതാണ്. അപ്പോള്‍ അയാള്‍ തന്റെ വലതുഭാഗത്തേക്ക് നോക്കും. അവിടെ താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതല്ലാതെ അയാള്‍ക്ക് കാണാനാവില്ല. ഇടതുഭാഗത്തേക്ക് നോക്കുമ്പോഴും തന്റെ കര്‍മങ്ങളല്ലാതെ അയാള്‍ക്ക് കാണാന്‍ കഴിയില്ല. തന്റെ മുന്നിലേക്ക് നോക്കുമ്പോള്‍ നരകത്തെയായിരിക്കും നേര്‍മുന്നില്‍ കാണുക! അതിനാല്‍ ഒരു കാരക്കയുടെ ചീന്തുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടുത്തുകൊള്ളുക” (ബുഖാരി, മുസ്‌ലിം).

 അബൂദര്‍റ്(റ) പറയുന്നു: ‘ഞാന്‍ ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു: ‘ഒരാളെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നത് എന്താണ്?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിലുള്ള വിശ്വാസം.’ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഈമാനിന്റെ കൂടെയുള്ള വല്ല കര്‍മങ്ങളും?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹു നിനക്ക് നല്‍കിയതില്‍നിന്ന് ചെറുതാണെങ്കിലും നീ ചെലവഴിക്കുന്നത്.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ചെലവഴിക്കാനൊന്നുമില്ലാത്ത ദരിദ്രനാണ് അയാളെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം.’ ഞാന്‍ ചോദിച്ചു: ‘നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനും സംസാരിക്കുവാനും അയാള്‍ക്ക് സാധിക്കുന്നില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘ജോലി ചെയ്യാന്‍ കഴിയാതെ പ്രയാസപ്പെടുന്നവനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒന്നും ശരിയാവണ്ണം ചെയ്യാന്‍ കഴിയാത്തയാളാണെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘മര്‍ദിതനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒരു മര്‍ദിതനെ സഹായിക്കാന്‍ ശേഷിയില്ലാത്തയാളാണെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സ്‌നേഹിതനില്‍ ഏതൊരു നന്മയാണ് ശേഷിക്കുന്നതായി നീ കാണുന്നത്? ജനങ്ങളില്‍നിന്ന് തന്റെ ഉപദ്രവത്തെ അയാള്‍ തടഞ്ഞുവെക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘ഇത് അയാള്‍ ചെയ്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?’ നബി ﷺ പറഞ്ഞു: ‘ഏതൊരു സത്യവിശ്വാസിയും ഇതില്‍ ഏതെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ അത് അയാളുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് കടത്തുന്നതായിരിക്കും’ (ബൈഹക്വി ‘ശുഅബുല്‍ ഈമാന്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതാണിത്, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ഹാകിം മുതലായവര്‍ റിപ്പോര്‍ട്ട് ചെയ്തത്).

 ഉമറുബ്‌നുല്‍ഖത്വാബ്(റ) പറഞ്ഞു: ‘എന്നോട് പറയപ്പെട്ടു; നിശ്ചയം, കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയുമെന്ന്. അപ്പോള്‍ സ്വദക്വ പറയുമത്രെ; ഞാനാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് എന്ന്’ (ബൈഹക്വി ശുഅബുല്‍ ഈമാനിലും, ഇബ്‌നു ഖുസൈമ, ഹാകിം മുതലായവരും ഉദ്ധരിച്ചത്).

അബൂഹുറയ്‌റ(റ) പറയുന്നു: ”പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ വിശദീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: ‘ഇരുമ്പിനാലുള്ള രണ്ട് ജുബ്ബകള്‍  അഥവാ പടയങ്കി ധരിച്ച രണ്ട് ആളുകള്‍;  അവരുടെ കൈകള്‍ നെഞ്ചിലേക്കും തൊണ്ടയിലേക്കും ഞെരുങ്ങിയിരിക്കുന്നു. എന്നാല്‍ ദാനം ചെയ്യുന്ന വ്യക്തി ഓരോ തവണ ദാനം ചെയ്യുമ്പോഴും അത് അയാള്‍ക്ക് അയഞ്ഞ് അയഞ്ഞ് വിശാലമായിക്കൊണ്ടിരിക്കുന്നു. അങ്ങനെയത് അയാള്‍ക്ക് പൂര്‍ണമായ കവചവും സുരക്ഷയുമായി മാറി. എന്നാല്‍ പിശുക്കനാകട്ടെ, തന്റെ കൈകള്‍ കഴുത്തിലേക്ക് ചേര്‍ത്ത് ബന്ധിക്കപ്പെട്ടതിനാല്‍ പടച്ചട്ട ശരിയായ രൂപത്തില്‍ ധരിക്കാനാവാതെ അസ്വസ്ഥനാകുന്നു. അത് അയാള്‍ക്ക് കവചമോ സുരക്ഷയോ ആകുന്നില്ല, മറിച്ച് ഭാരമാവുകയും ചെയ്യുന്നു.’  അബൂഹുറയ്‌റ(റ) പറഞ്ഞു: നബി ﷺ അത് എങ്ങനെയെന്ന് ചെയ്ത് കാണിക്കുന്നത് ഞാന്‍ കണ്ടു” (ബുഖാരി, മുസ്‌ലിം).

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 9

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 9

ഈ രണ്ടു പ്രേരകങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്ന ഹൃദയം ചിലപ്പോള്‍ സത്യവിശ്വാസത്തിന്റെയും യഥാര്‍ഥജ്ഞാനത്തിന്റെയും അല്ലാഹുവിലേക്കുള്ള സ്‌നേഹത്തിന്റെയും അവനെ മാത്രം ലക്ഷ്യമാക്കിയുള്ള കര്‍മത്തിന്റെയും നേര്‍ക്ക് ആഭിമുഖ്യം പ്രകടിപ്പിക്കും. മറ്റു ചിലപ്പോഴാകട്ടെ ദേഹേച്ഛയുടെയും പിശാചിന്റെയും പ്രകൃതങ്ങളിലേക്ക് ചാഞ്ഞുപോകും. ഇത്തരം ഹൃദയങ്ങളിലാണ് പിശാചിന് താല്‍പര്യമുള്ളത്. അവന് അതില്‍ കയറിച്ചെല്ലാനുള്ള ഇടങ്ങളും അതിനുപറ്റിയ സാഹചര്യങ്ങളുമുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജയം നല്‍കുന്നു.

”സാക്ഷാല്‍ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്ന് മാത്രമാകുന്നു” (ക്വുര്‍ആന്‍ 3:126).

പിശാചിന് ഇവിടെ സൗകര്യപ്പെടുന്നത് തന്റെ ആയുധം അവിടെ കിടപ്പുള്ളതുകൊണ്ട് മാത്രമാണ്. അങ്ങനെ അവിടേക്ക് പിശാച് കടന്നുചെല്ലുകയും ആയുധം കൈവശപ്പെടുത്തുകയും അതുമായി അയാളോട് പോരാടുകയും ചെയ്യും. അവന്റെ ആയുധമെന്നത് ദേഹേച്ഛകളും സന്ദേഹങ്ങളുമാണ്. അഥവാ ശഹവാത്തുകളും ശുബുഹാത്തുകളും. അതേപോലെ വ്യാജമായ കുറെ വ്യാമോഹങ്ങളും ഭാവനകളും. അവയൊക്കെ ഒരു ഹൃദയത്തില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ പിശാച് അവിടേക്ക് കടന്നുവരികയും അവയെ കൈവശപ്പെടുത്തുകയും ചെയ്തുകൊണ്ട് ആ ഹൃദയത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ ഈ വ്യക്തിയുടെ പക്കല്‍ അത്തരം ആയുധങ്ങളെ പ്രതിരോധിക്കാനുള്ള അതിനെക്കാള്‍ മികച്ച, ഈമാനിന്റെ ശക്തമായ സന്നാഹങ്ങളുണ്ടെങ്കില്‍ വിജയംവരിക്കാന്‍ കഴിയും. ഇല്ലെങ്കില്‍ തന്റെ ശത്രുവിനായിരിക്കും തന്റെമേല്‍ ആധിപത്യം ലഭിക്കുക. ‘ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം’ (അത്യുന്നതനും മഹാനുമായ അല്ലാഹുവിനെകൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

ഒരാള്‍ തന്റെ ശത്രുവിനു വീടിന്റെ വാതില്‍ തുറന്നുകൊടുക്കുകയും പ്രവേശിക്കാനനുവദിക്കുകയും അങ്ങനെ ആയുധങ്ങളെടുത്തു പോരാടാന്‍ സൗകര്യമൊരുക്കുകയും ചെയ്താല്‍ അയാള്‍ തന്നെയാണ് ആക്ഷേപാര്‍ഹന്‍.

‘നീ നിന്നെത്തന്നെ ആക്ഷേപിച്ചുകൊള്ളുക; വാഹനത്തെ കുറ്റംപറയേണ്ടതില്ല. സങ്കടങ്ങള്‍ മറച്ചുവെച്ചുകൊണ്ട് നീ മരണത്തെ പുല്‍കിക്കൊള്ളുക! നിനക്ക് യാതൊരു ഒഴിവുകഴിവുമില്ല.’

ഒരു വിശ്വാസിയെ തന്റെ ശത്രുവായ പിശാചില്‍നിന്നും സംരക്ഷിക്കുന്ന ‘ദിക്‌റി’നെ സംബന്ധിച്ച് വന്ന ഹാരിഥ്(റ)വിന്റെ ഹദീഥിന്റെ വിശദീകരണത്തിലേക്ക് തന്നെ മടങ്ങിപ്പോവുകയാണ്.

 നബി ﷺ പറഞ്ഞു: ”അവന്‍ നിങ്ങളോട് നോമ്പനുഷ്ഠിക്കുവാന്‍ കല്‍പിച്ചു. അതിന്റെ ഉപമ ഒരു സംഘത്തിലെ ഒരാളെ പോലെയാണ്. അയാളുടെ കയ്യില്‍ ഒരു കിഴിയുണ്ട്; അതില്‍ കസ്തൂരിയും. എല്ലാവരും അയാളെക്കുറിച്ച് ആശ്ചര്യപ്പെടുന്നു! അഥവാ അതിന്റെ പരിമളം അത്ഭുതപ്പെടുത്തുന്നു. നിശ്ചയം, നോമ്പുകാരന്റെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ വീശിഷ്ട്ടമാണ്.”

നബി ﷺ ഇവിടെ നോമ്പുകാരനെ ഉപമിച്ചത് കിഴിയില്‍ കസ്തൂരി സൂക്ഷിച്ച ഒരാളോടാണ്. കാരണം അത് മറ്റുള്ളവരുടെ ദൃഷ്ടികളില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. തന്റെ വസ്ത്രത്തിനടിയില്‍ അയാള്‍ അത് ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ഏതൊരു കസ്തൂരി വാഹകനെയും പോലെ. ഇതുപോലെയാണ് നോമ്പുകാരനും. അയാളുടെ നോമ്പ് സൃഷ്ടികളുടെ കണ്ണില്‍നിന്നും മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. അവരിലെ ശക്തന്മാര്‍ക്കുപോലും അത് കണ്ടെത്താന്‍ സാധിക്കുകയില്ല.

ഒരു യഥാര്‍ഥ നോമ്പുകാരന്‍ എന്നു പറഞ്ഞാല്‍, അയാളുടെ അവയവങ്ങളെല്ലാംതന്നെ പാപങ്ങളില്‍ നിന്ന് വിട്ടകന്നു നില്‍ക്കുന്നതായിരിക്കും. അയാളുടെ നാവാകട്ടെ കളവില്‍നിന്നും മറ്റു വൃത്തിക്കേടുകളില്‍ നിന്നും വ്യാജവാക്കുകളില്‍നിന്നുമൊക്കെ അകലം പാലിക്കും. അയാളുടെ വയര്‍ അന്നപാനീയങ്ങളില്‍ നിന്നും ലൈംഗികാവയവം അതിന്റെ ആസ്വാദനങ്ങളില്‍നിന്നും അകന്നുനില്‍ക്കുന്നത്‌പോലെ. അയാള്‍ വല്ലതും സംസാരിക്കുകയാണെങ്കില്‍ തന്റെ വ്രതത്തിനു പരിക്കേല്‍പിക്കുന്ന യാതൊന്നും സംസാരിക്കുകയില്ല. വല്ലതും പ്രവര്‍ത്തിക്കുമ്പോഴും നോമ്പിനെ തകരാറിലാക്കുന്ന യാതൊന്നും ചെയ്യാതെ സൂക്ഷിക്കും. അയാളുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം നന്മനിറഞ്ഞതും ഉപകാരപ്രദവുമായിരിക്കും. അത് കസ്തൂരിവാഹകന്റെ അടുത്തിരിക്കുന്നവര്‍ക്ക് കിട്ടുന്ന പരിമളത്തിന്റെ സ്ഥാനത്താണ്. ഒരു നോമ്പുകാരന്റെകൂടെ സമയം ചെലവഴിക്കുന്നയാളും ഇതുപോലെയാണ്. ആ ഇരുത്തം അയാള്‍ക്ക് ഉപകാരപ്രദമായിരിക്കും. അക്രമം, തോന്നിവാസം, കളവ്, അധര്‍മം എന്നിവയില്‍നിന്നൊക്കെ അയാള്‍ നിര്‍ഭയാനുമായിരിക്കും.

ഇതാണ് മതം അനുശാസിക്കുന്ന വ്രതം. അല്ലാതെ കേവലമായ അന്നപാനീയങ്ങള്‍ ഒഴിവാക്കല്‍ മാത്രമല്ല യഥാര്‍ഥനോമ്പ്. സ്വഹീഹായ പ്രവാചകവചനത്തില്‍ സ്ഥിരപ്പെട്ടുവന്നതും ഇപ്രകാരമാണ്: ”വ്യാജമായ വാക്കുകളും അതനുസരിച്ചുള്ള പ്രവൃത്തികളും അവിവേകവും ഒരാള്‍ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെങ്കില്‍ അയാള്‍ തന്റെ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിനു യാതൊരു താല്‍ പര്യവുമില്ല.” (ബുഖാരി).

മറ്റൊരു പ്രവാചകവചനം ഇപ്രകാരമാണ്: ”എത്രയെത്ര നോമ്പുകാരാണ്; നോമ്പില്‍നിന്നുള്ള അവരുടെ വിഹിതം കേവലമായ വിശപ്പും ദാഹവും മാത്രമായി കലാശിക്കുന്നത്.” (അഹ്മദ്, നസാഈ, ഇബ്‌നുമാജ).

യഥാര്‍ഥ നോമ്പ് എന്ന് പറയുന്നത് പാപങ്ങളില്‍നിന്ന് അവയവങ്ങളെയും അന്നപാനീയങ്ങളില്‍നിന്ന് വയറിനെയും തടഞ്ഞുനിര്‍ത്തുന്ന നോമ്പാണ്. തീറ്റയും കുടിയും നോമ്പിനെ തകരാറിലാക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുമെന്ന പോലെ തെറ്റുകുറ്റങ്ങള്‍ നോമ്പിന്റെ പ്രതിഫലത്തെ മുറിക്കുകയും അതിന്റെ ഫലങ്ങളെ തകരാറിലാക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ നോമ്പെടുക്കാത്തയാളെ പോലെ അവ അയാളെ മാറ്റിക്കളയും.

നോമ്പുകാരനില്‍നിന്ന് പുറത്തുവരുന്ന വാസന ഈ ലോകത്തുവെച്ചുണ്ടാകുന്നതാണോ, അതല്ല പരലോകത്തുണ്ടാകുന്നതാണോ എന്നതില്‍ രണ്ടഭിപ്രായം പണ്ഡിതലോകത്തുണ്ട്.

ബഹുമാന്യരായ രണ്ട് പണ്ഡിതന്‍മാര്‍; അബൂമുഹമ്മദിബ്‌നു അബ്ദുസ്സലാം, അബുഅംറുബ്‌നു സ്വലാഹ് എന്നിവര്‍ക്കിടയില്‍ തദ്വിഷയകമായി നടന്ന തര്‍ക്കം സുവിദിതമാണ്. ശൈഖ് അബൂ മുഹമ്മദ് അത് പരലോകത്ത് പ്രത്യേകമായുള്ളതാണെന്ന വീക്ഷണക്കാരനാണ്. തദ്‌വിഷയകമായി അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശൈഖ് അബൂഅംറ് ആകട്ടെ അത് ദുന്‍യാവിലും ആഖിറത്തിലും ഉള്ളതാണെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. തദ്‌വിഷയകമായി അദ്ദേഹവും ഒരു ഗ്രന്ഥം രചിക്കുകയും ശൈഖ് അബൂമുഹമ്മദിനുള്ള മറുപടി അതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.

അബൂഅംറുബ്‌നു സ്വലാഹ്(റഹി) ആ വിഷയത്തില്‍ ഇബ്‌നുഹിബ്ബാന്‍(റഹി)യുടെ രീതിയാണ് സ്വീകരിച്ചത്. ഇബ്‌നുഹിബ്ബാന്‍ തന്റെ ‘സ്വഹീഹില്‍’ അപ്രകാരമാണ് അധ്യായത്തിന് ശീര്‍ഷകം നല്‍കിയത്. ‘നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ശ്രേഷ്ഠമാണ് എന്ന വിവരണം’ എന്ന തലകെട്ടിനു കീഴില്‍ അഅ്മശ്(റ) അബൂസ്വാലിഹ് വഴിയായി അബൂഹുറയ്‌റ(റ) മുഖേന നബി ﷺ യില്‍നിന്നും ഉദ്ധരിക്കുന്ന ഹദീഥ് നല്‍കുന്നു. അതായത്, നബി ﷺ പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു: ആദം സന്തതിയുടെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്; നോമ്പൊഴികെ. നോമ്പാകട്ടെ, അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നിശ്ചയം! നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ പക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്.” (സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍, ഈ ഹദീഥ് ഇതേ പരമ്പരയിലൂടെ ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്).

എന്നിട്ട് അദ്ദേഹം പ്രസ്താവിക്കുന്നു: ”നിശ്ചയം, നോമ്പുകാരന്റെ വായയുടെ വാസന, അന്ത്യനാളില്‍ അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ഉല്‍കൃഷ്ടമായതാണ്.’ എന്നിട്ട് മറ്റൊരു നബിവചനം അബൂഹുറയ്‌റ(റ)യില്‍നിന്ന് അബൂസ്വാലിഹ് വഴി അത്വാഅ് മുഖേനെ ഇബ്‌നുജൂറൈജിലൂടെ ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ആദമിന്റെ സന്തതിയുടെ കര്‍മങ്ങളെല്ലാം അവനുള്ളതാണ്; നോമ്പൊഴികെ, തീര്‍ച്ചയായും അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍തന്നെ സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റെ പക്കല്‍ അന്ത്യനാളില്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതാണ്. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. നോമ്പ് അവസാനിപ്പിച്ചാല്‍ അവനു സന്തോഷമാണ്. അപ്രകാരംതന്നെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ തന്റെ നോമ്പ് കാരണത്താലും അവന്‍ സന്തോഷിക്കുന്നതാണ്.”

അബൂഹാതിം ഇബ്‌നുഹിബ്ബാന്‍(റഹി) പറയുന്നു: ”സത്യവിശ്വസികളെ മറ്റു സമൂഹങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന പരലോകത്തെ അടയാളമാണ് ദുന്‍യാവിലെ അവരുടെ വുദൂഇന്റെ ഭാഗമായി അവയവങ്ങള്‍ പ്രകാശിക്കല്‍. അപ്രകാരംതന്നെ അവരുടെ നോമ്പുകാരണമായി അന്ത്യനാളില്‍ അവര്‍ക്ക് ലഭിക്കുന്ന മറ്റൊരു അടയാളമാണ് കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ള അവരുടെ വായയുടെ സുഗന്ധം. സത്യവിശ്വാസികള്‍ അവരുടെ കര്‍മങ്ങള്‍കൊണ്ട് ആ മഹാസംഗമത്തില്‍ മറ്റു സമൂഹങ്ങളില്‍നിന്ന് വേറിട്ട് അറിയപ്പെടുന്നതിനു വേണ്ടിയാണത്. അല്ലാഹു നമ്മെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ”(സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍).

ശേഷം അദ്ദേഹം പറയുന്നു: ”നോമ്പുകാരന്റെ വായയുടെ വാസന ചിലപ്പോള്‍ ഇഹലോകത്തും കസ്തൂരിയെക്കാള്‍ പരിമളമുള്ളതായിരിക്കുമെന്ന വിവരണം.” എന്നിട്ട് ശുഅ്ബ സുലൈമാനില്‍നിന്നും അദ്ദേഹം ദകവാനില്‍നിന്നും അദ്ദേഹം അബൂഹുറയ്‌റ(റ)യില്‍നിന്നുമായി ഉദ്ധരിക്കുന്ന ഹദീഥ് കൊടുക്കുന്നു. നബി ﷺ പറഞ്ഞു: ‘ആദമിന്റെ സന്തതി പ്രവര്‍ത്തിക്കുന്ന ഏതൊരു നന്മയും പത്തുനന്മകള്‍ മുതല്‍ എഴുന്നൂറ് ഇരട്ടിവരെയായിരിക്കും. അല്ലാഹു പറയുന്നു: നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്; ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന്‍ എന്റെപേരില്‍ ഭക്ഷണം ഉപേക്ഷിക്കുന്നു. എന്റെപേരില്‍ പാനീയവും ഉപേക്ഷിക്കുന്നു. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒരു സന്തോഷം നോമ്പ് അവസാനിപ്പിക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴും. നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കിയത് മൂലം ഉണ്ടാകുന്ന വയയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്” (ഇബ്‌നുഹിബ്ബാന്‍, അഹ്മദ്).

ശൈഖ് അബൂമുഹമ്മദ്(റഹി) തെളിവാക്കുന്നത് ഹദീഥില്‍ വന്ന ‘ക്വിയാമത് നാളില്‍’ എന്ന ഭാഗമാണ്.

ഞാന്‍ (ഇബ്‌നുല്‍ ക്വയ്യിം) പറയട്ടെ; അതിന് ഉപോല്‍ബലകമാക്കാവുന്നതാണ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന ഈ ഹദീഥും. നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റ ഏതൊരു വ്യക്തിയും- എന്നാല്‍ ആരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റവന്‍ എന്ന് അല്ലാഹുവാണ് നന്നായി അറിയുക- ക്വിയാമത്ത് നാളില്‍ വരുമ്പോള്‍ അയാളുടെ മുറിവ് രക്തമൊഴുക്കുന്നുണ്ടാവും. നിറം രക്തത്തിന്റെയും വാസന കസ്തൂരിയുടെയും’ (ബുഖാരി, മുസ്‌ലിം).

ശമീര്‍ മദീനി

നേർപഥം 

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

hands, old, old age-2906458.jpg

മനുഷ്യായുസ്സില്‍ നാല് ഘട്ടങ്ങളുണ്ട്; ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം. ഓരോന്നും കടന്നു പോകുന്നത് വ്യത്യസ്തവും വൈവിധ്യവുമായ തലങ്ങൡലൂടെയാണ്.

ബാല്യം തീര്‍ത്തും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പരിഗണനയും സ്‌നേഹലാളനകളും അനുഭവിച്ചുമാത്രം കടന്നുപോകുന്നു. എന്നാല്‍ കൗമാരം കുടുംബത്തില്‍നിന്നും മാതാപിതാക്കളില്‍നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെയും സ്വന്തത്തെക്കുറിച്ച് അഭിമാനം നടിച്ചും ശരീരത്തിലും വസ്ത്രധാരണത്തിലും ഭക്ഷണവിഭവങ്ങളിലും ആസ്വാദനം കണ്ടെത്തിയും ജീവിതത്തിലെ ആസ്വാദന സമയമായി കഴിച്ചുകൂട്ടുന്നു. യുവത്വം ജീവിതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘട്ടമാണ്. ബുദ്ധിയും വിവേകവും ഒരുമിച്ചുകൂടുകയും ചിന്തകളും പ്രവര്‍ത്തനങ്ങളും ഒത്തുചേരുകയും ജീവിതരീതിയെയും ജീവിതാഭിലാഷങ്ങളും ചിട്ടപ്പെടുത്തുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന മനുഷ്യായുസ്സിലെ പ്രധാനമുഹൂര്‍ത്തം ഇതുതന്നെയാണ്. ഏറ്റവും ഒടുവിലത്തെത് വാര്‍ധക്യമാണ്. പരാശ്രയം കൂടാതെ ജീവിക്കാന്‍ സാധിക്കാത്ത ഘട്ടം. ഇതാണ് ഏറ്റവും പ്രയാസമേറിയതും കൈപ്പേറിയതുമായ ഘട്ടവും.

മനുഷ്യജീവിതത്തിലെ ഈ നാല് ഘട്ടങ്ങളും അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ്. അല്ലാഹു പറയുന്നു: ”നിങ്ങളെ ബലഹീനമായ അവസ്ഥയില്‍നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വജ്ഞനും സര്‍വശക്തനും” (ക്വുര്‍ആന്‍ 30:54).

പക്ഷിമൃഗാദികള്‍ ജനിക്കുമ്പോള്‍തന്നെ അവയ്ക്ക് അത്യാവശ്യമായ പല കഴിവുകളും നല്‍കപ്പെട്ടിരിക്കുന്നതായി കാണാം. എന്നാല്‍, ഭൂമിയിലെ സൃഷ്ടികളില്‍ ഉന്നതസ്ഥാനം വഹിക്കുന്നവന്‍ എന്ന് അഹങ്കരിക്കുന്ന മനുഷ്യനോ? യാതൊരു കഴിവും അറിവും ഇല്ലാത്തവനായിട്ടാണ് അവന്‍ പിറക്കുന്നത്. ക്രമേണ അവന്‍ അറിവും ശക്തിയും ആര്‍ജിക്കുകയും, ഇതര സൃഷ്ടിജാലങ്ങളുടെ മേല്‍ മേല്‍ക്കോയ്മ നേടാന്‍തക്കവണ്ണം യോഗ്യനായിത്തീരുകയും ചെയ്യുന്നു. കുറെ കഴിയുമ്പോള്‍ വീണ്ടും ഗതി കീഴ്‌പോട്ടൊഴുകുന്നു. ഒടുവില്‍ പിറന്നപ്പോഴത്തെ അവസ്ഥയിലേക്കുതന്നെ തിരിച്ചുചെല്ലുന്നു. മനുഷ്യന്റെ പുനരുത്ഥാനത്തിനും സ്രഷ്ടാവായ അല്ലാഹുവിന്റെ സര്‍വജ്ഞതക്കും അപാരമായ കഴിവിനും ഇതു മതിയായ തെളിവാകുന്നു.

ഉപരിസൂചിത ക്വുര്‍ആന്‍ സൂക്തത്തില്‍ പരാമര്‍ശിച്ചതുപോലെ അല്ലാഹു മനുഷ്യനെ ബലഹീനമായ അവസ്ഥയില്‍നിന്നു സൃഷ്ടിച്ചുണ്ടാക്കി, ശേഷം ആരോഗ്യവും ബുദ്ധിയും കഴിവും ശക്തിയും ചിന്താശേഷിയും നല്‍കി വളര്‍ത്തികൊണ്ടുവരുന്നു. അതിന് ശേഷം വീണ്ടും പഴയ അവസ്ഥയിലേക്കുതന്നെ അല്ലാഹു മനുഷ്യനെ തിരികെ കൊണ്ടുപോകുന്നു. ഇതില്‍ മനുഷ്യര്‍ക്ക് ചിന്തിക്കാനേറേയുണ്ട്.

ഒന്നുമല്ലാത്ത അവസ്ഥയില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനാണ് അല്ലാഹു. എന്നിട്ട് കാഴ്ചശക്തിയും കേള്‍വിശക്തിയും മനുഷ്യന് അവന്‍ നല്‍കി. അല്ലാഹു പറയുന്നു:

”മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു” (ക്വുര്‍ആന്‍ 76:1,2).

അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യര്‍ ഈ ഭൂമുഖത്ത് എത്രകാലം ജീവിക്കണം എന്ന് തീരുമാനിക്കുന്നതും അല്ലാഹു തന്നെ. അല്ലാഹു പറയുന്നു:

”അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിനുശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു” (ക്വുര്‍ആന്‍ 16:70).

മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുതന്നെ അവന്റെ ആയുഷ്‌കാലവും നിയന്ത്രിക്കുന്നു. ചിലര്‍ ചെറുപ്പത്തിലേ മരണമടയുന്നു. ചിലര്‍ ഏതാനും വയസ്സുവരെ ജീവിക്കുന്നു. ചിലരാകട്ടെ, സാധാരണയില്‍ കവിഞ്ഞ ദീര്‍ഘായുസ്സ് നല്‍കപ്പെട്ടവരായിരിക്കും. അങ്ങനെ, മുമ്പ് അവര്‍ക്കുണ്ടായിരുന്ന അറിവും തന്റേടവും നഷ്ടപ്പെടുകയും, ഗ്രഹണേന്ദ്രിയങ്ങള്‍ ക്ഷയിച്ചു ശിശുക്കള്‍ കണക്കെ ആയിത്തീരുകയും ചെയ്യുന്നു. ഒരാള്‍ ദൃഢഗാത്രനും ആരോഗ്യവാനുമായതുകൊണ്ടോ മറ്റോ ദീര്‍ഘകാലം ജീവിക്കുമെന്നോ, വേറൊരാള്‍ അവശഗാത്രനും ആരോഗ്യം കുറഞ്ഞവനുമായതുകാണ്ട് നേരത്തെ മരണമടയുമെന്നോ നിശ്ചയിക്കുക സാധ്യമല്ല. എല്ലാം അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ചു നടക്കുന്നുവെന്നുമാത്രം.

അല്ലാഹു പറയുന്നു: ”വല്ലവന്നും നാം ദീര്‍ഘായുസ്സ് നല്‍കുന്നുവെങ്കില്‍ അവന്റെ പ്രകൃതി നാം തലതിരിച്ചുകൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ?” (ക്വുര്‍ആന്‍ 36:68).

”മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍നിന്നും, പിന്നീട് ബീജത്തില്‍നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപംനല്‍കപ്പെട്ടതും രൂപംനല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്…” (ക്വുര്‍ആന്‍ 22:5).

വാര്‍ധക്യം എന്നത് ഒരു മനുഷ്യന്റെ ഇഹലോക ജീവിതത്തിലെ ഏറ്റവും അവസാനത്തെ ഘട്ടമാണ്. അതുകൊണ്ടു തന്നെ ഈ ഒരു ഘട്ടത്തിലെത്തിയ ആണാകട്ടെ പെണ്ണാകട്ടെ മറ്റുള്ളവരില്‍നിന്നുള്ള പരിഗണനയും സ്‌നേഹവും കാരുണ്യവും ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്തുകൊണ്ടിരിക്കും.

വാര്‍ധക്യത്തിലെത്തിയവര്‍ ശാരീരികമായും മാനസികമായും ചെറിയ കുട്ടികളെപ്പോലെയായിരിക്കും. കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് പോലും അവര്‍ ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും കരയുകയും ചെയ്യും. ഗൗരവമുള്ള കാര്യങ്ങളില്‍ അങ്ങേയറ്റം വിഷമിക്കുകയും ചെയ്യും. മക്കള്‍ തങ്ങളെ വന്ന് കണ്ടില്ലെങ്കിലും, ആഗ്രഹിച്ച വല്ലതും കിട്ടാതിരുന്നാലും തങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടായാലും അവരുടെ മുഖം വാടും.

തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകിട്ടുന്നില്ലെങ്കില്‍, തങ്ങളുടെ വാക്കുകള്‍ക്ക് മക്കള്‍ വിലകല്‍പിക്കുന്നില്ലെങ്കില്‍ അത് അവരുടെ മനസ്സിലെ വല്ലാതെ വേദനിപ്പിക്കും. അവഗണന എന്നത് ഏതു പ്രായത്തില്‍ പെട്ടവരും ഇഷ്ടപ്പെടാത്ത കാര്യമാണല്ലോ.

ക്വുര്‍ആന്‍ വാര്‍ധക്യത്തിലെത്തിയവരോട് കാണിക്കേണ്ട മര്യാദകളും കടമകളും പറയുന്നത് പറഞ്ഞുതരുന്നത് നോക്കൂ:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക” (17:23).

ഈ വചനത്തിലൂടെ അല്ലാഹു പറയുന്ന കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം:

(1). അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുത്.

ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു കൂടുതല്‍ വിവരിക്കേണ്ട ആവശ്യമില്ല.

(2) മാതാപിതാക്കളോടു നന്മചെയ്യണം.

(3) അവരോട് മാന്യമായി മാത്രം സംസാരിക്കണം; വാര്‍ധക്യം പ്രാപിച്ചാല്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. അവര്‍ക്ക് വെറുപ്പുതോന്നുന്ന രീതില്‍ ഒരു വാക്കും അവരോട് ഉച്ചരിച്ചുകൂടാ.

അവര്‍ മക്കളുടെ ജന്മത്തിനു കാരണക്കാരാണ്. ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടാണ് മക്കളെ അവര്‍ പരിപാലിച്ചു വളര്‍ത്തിയിട്ടുള്ളത്. അല്ലാഹുവിനോടു മനുഷ്യനുള്ള ഏറ്റവും മഹത്തായ കടമയെക്കുറിച്ചു പ്രസ്താവിച്ച ഉടനെത്തന്നെ അതോടുചേര്‍ത്തുകൊണ്ടു മാതാപിതാക്കളോടു മക്കള്‍ നിറവെറ്റേണ്ടുന്ന കടമയെക്കുറിച്ചു പ്രസ്താവിച്ചതില്‍നിന്ന് അവരോടുള്ള കടമകള്‍ക്കു അല്ലാഹു കല്‍പിച്ച പ്രധാന്യം എത്ര വമ്പിച്ചതാണെന്നു മനസ്സിലാക്കാവുന്നതാണ്. വേറെയും ചില വചനങ്ങളില്‍ ഈ രണ്ടു കാര്യങ്ങളും ഇതുപോലെ അല്ലാഹു കൂട്ടിച്ചേര്‍ത്തു പ്രസ്താവിച്ചിരിക്കുന്നത് കാണാം. ചില സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വക ഒരു വസ്വിയ്യത്തുകൂടിയായിട്ടാണ് മാതാപിതാക്കള്‍ക്കു നന്മചെയ്യുന്ന കാര്യം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് എന്നു കാണാം.

”തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ചുപോകരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്” (ക്വുര്‍ആന്‍ 29:8).

”മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്-എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം” (ക്വുര്‍ആന്‍ 31:14).

”തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 46:15).

മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു കല്‍പിച്ചു മതിയാക്കാതെ, അതിനൊരു രൂപരേഖയൊന്നോണം തുടര്‍ന്നു ചില കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു:

(1) മാതാപിതാക്കളോട് ‘ഛെ!’ എന്നിങ്ങനെയുള്ള അറപ്പിന്റെയും വെറുപ്പിന്റെയും വാക്കുകള്‍ പറഞ്ഞുകൂടാ. എക്കാലത്തും അവരോടു കാണിക്കേണ്ട് ഒരു മര്യാദ തന്നെയാണിത്. എങ്കിലും പ്രായാധിക്യം നേരിടുമ്പോള്‍ അവരുടെ വാക്കിലും പെരുമാറ്റത്തിലുമൊക്കെ ചെറുപ്പക്കാരായ മക്കള്‍ക്കു രുചിക്കാത്ത പലതും കൂടുതല്‍ അനുഭവപ്പെടുക സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് പ്രായാധിക്യം വരുമ്പോഴത്തെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത്.

(2) അവരോടു കയര്‍ത്തു സംസാരിക്കുകയോ പരുഷവാക്കുകള്‍ പറയുകയോ ചെയ്യരുത്.

(3) അവരോടു സംസാരിക്കുന്നതു മാന്യമായ വാക്കുകളിലായിരിക്കുക കൂടി വേണം. അഥവാ, അച്ചടക്കവും മര്യാദയും ബഹുമാനവും പ്രകടമാവുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കുന്നത്.

ഈ ‘മാന്യമായ വാക്കു’ കൊണ്ട് എന്താണുദ്ദേശ്യമെന്നു ചോദിക്കപ്പെട്ടപ്പോള്‍, സഈദുബ്‌നുല്‍ മുസ്വയ്യബ് (റഹി) ഇപ്രകാരം മറുപടി പറഞ്ഞതായി ഇബ്‌നു ജരീര്‍(റഹി) നിവേദനം ചെയ്തിരിക്കുന്നു: ”പാപം ചെയ്ത അടിമ കഠിന സ്വഭാവിയായ യജമാനനോടു പറയും പ്രകാരമുള്ള വാക്ക്.”

അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണല്ലോ ശിര്‍ക്ക്. ആ ശിര്‍ക്ക് ചെയ്യുവാന്‍ വല്ല മാതാപിതാക്കളും മക്കളോട് നിര്‍ബന്ധം ചെലുത്തിയാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കരുതെന്നു കല്‍പിച്ചതോടൊപ്പം തന്നെ, അവരെ ഇഹലോകവിഷയങ്ങളില്‍ അനുസരിക്കുകയും അവരോട് നല്ല നിലയില്‍ സഹവസിക്കുകയും വേണം എന്നുകൂടി അല്ലാഹു കല്‍പിച്ചിരിക്കുന്നു.

(4) അവര്‍ക്കു എളിമയാകുന്ന ചിറകു താഴ്ത്തിക്കൊടുക്കണം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹവാത്സല്യം നിമിത്തം അതിന്റെ ചിറകുവിടര്‍ത്തി താഴ്ത്തിക്കൊടുത്തുകൊണ്ട് അതിനുള്ളില്‍ അവയെ അണച്ചുകൂട്ടാറുള്ളതിനോടു ഉപമിച്ചുകൊണ്ടുള്ള ഒരു അലങ്കാരപ്രയോഗമാണ് ‘ചിറകു താഴ്ത്തല്‍.’ ഒരുകാലത്ത് സ്‌നേഹവാത്സല്യത്തോടുകൂടി അവര്‍ ഇങ്ങോട്ടു പെരുമാറിയപോലെ, അവരുടെ വാര്‍ധക്യത്തില്‍ അവരോട് അങ്ങോട്ട് താഴ്മയോടും വിനയത്തോടും പെരുമാറണമെന്നു താല്‍പര്യം. ഇതു കേവലം ഒരു പ്രകടനമോ അഭിനയമോ ആയിക്കൂടാ. അവരോടുള്ള കാരുണ്യത്തില്‍നിന്നും കൃപയില്‍നിന്നും ഉടലെടുത്തതായിരിക്കുകയും വേണം എന്നുകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതാണു ‘കാരുണ്യം നിമിത്തം’ എന്ന വാക്കു സൂചിപ്പിക്കുന്നത്.

(5) അവര്‍ക്കുവേണ്ടി, ‘എന്റെ രക്ഷിതാവേ, അവര്‍ രണ്ടാളും എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയുണ്ടാക്കിയതുപോലെ നീ അവരോടു കരുണ ചെയ്യേണമേ!’ എന്നു പ്രാര്‍ഥിക്കണം. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നോ മറ്റോ പറഞ്ഞുമതിയാക്കാതെ, പ്രാര്‍ഥിക്കേണ്ട മാതൃകകൂടി അല്ലാഹു കാണിച്ചുതന്നിരിക്കുകയാണ്. ‘എന്റെ ശൈശവത്തിലും ബാല്യത്തിലും എന്നെ വളര്‍ത്തിവലുതാക്കുവാന്‍ അവര്‍ക്ക് വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ അവരോടുള്ള എന്റെ കടപ്പാട് വേണ്ടതുപോലെ നിര്‍വഹിക്കുവാന്‍ എനിക്ക് സാധ്യമല്ല. അതുകൊണ്ട് അതിന്റെ പേരില്‍ നീ തന്നെ നിന്റെ കാരുണ്യം അവരില്‍ ചൊരിയേണമേ’ എന്നാണാ

പ്രാര്‍ഥനയുടെ താല്‍പര്യം.

മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, അവരുടെ മരണശേഷവും മക്കള്‍ക്കു അവരോടു ചില കടപ്പാടുകളുണ്ട്. അവയില്‍ ഒന്നത്രെ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന.

‘എന്റെ മാതാപിതാക്കള്‍ മരണപ്പെട്ടശേഷം അവര്‍ക്കു ഞാന്‍ ചെയ്യേണ്ടുന്ന വല്ല പുണ്യവും എന്റെ മേല്‍ ബാക്കിയുണ്ടോ?’ എന്നു ഒരാള്‍ നബി ﷺ യോടു ചോദിച്ചു. അപ്പോള്‍ തിരുമേനി ﷺ ഇങ്ങനെ മറുപടി പറയുകയുണ്ടായി: ”ഉണ്ട്. നാലു കാര്യങ്ങളുണ്ട്. അവരുടെ പേരില്‍ (ജനാസ) നമസ്‌കരിക്കുകയും അവര്‍ക്കു പാപമോചനം തേടുകയും ചെയ്യലും, അവരുടെ വാഗ്ദത്തം നടപ്പിലാക്കലും, അവരുടെ ചങ്ങാതിമാരെ ആദരിക്കലും, അവര്‍ മുഖാന്തിരം മാത്രമുണ്ടാകുന്ന രക്തബന്ധം (കുടുംബബന്ധം) പാലിക്കലും; ഇവയാണ് അവരുടെ മരണശേഷം അവരോടു ചെയ്യേണ്ട പുണ്യത്തില്‍ നിന്റെമേല്‍ ബാക്കിയുള്ളത്” (അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ).

ഇബ്‌നു ഉമര്‍(റ) ഒരിക്കല്‍ മക്കയിലെ ഒരു തെരുവീഥിയില്‍വെച്ച് ഒരു ‘അഅ്‌റാബി’യെ (ഗ്രാമീണനെ) കണ്ടപ്പോള്‍, അദ്ദേഹത്തിനു സലാം ചൊല്ലി വാഹനപ്പുറത്തുനിന്നിറങ്ങി. അദ്ദേഹത്തെ അതിന്‍മേല്‍ ഒന്നിച്ചിരുത്തുകയും തന്റെ തലപ്പാവ് അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. ഇബ്‌നുദീനാര്‍(റ) പറയുകയാണ്: ‘ഈ അഅ്‌റാബികള്‍ക്ക് അല്‍പം കൊടുത്താലും അവര്‍ തൃപ്തിപ്പെടുമല്ലോ’ എന്ന് ഞങ്ങള്‍ അപ്പോള്‍ ഇബ്‌നു ഉമറി(റ)നോടു പറയുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇയാളുടെ പിതാവ് (എന്റെ പിതാവായ) ഉമറിന്റെ ഒരു ഇഷ്ടക്കാരനായിരുന്നു. റസൂല്‍ ﷺ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുമുണ്ട്: പുണ്യത്തില്‍വെച്ചു വളരെനല്ല ഒരു പുണ്യമാണു പിതാവ് പിന്നിട്ടുപോയ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോടു ബന്ധം ചേര്‍ക്കുന്നത്’ (മുസ്‌ലിം).

(അവസാനിച്ചില്ല)

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍
നേർപഥം വാരിക

വ്യാജവൃത്താന്തം

വ്യാജവൃത്താന്തം

(മുഹമ്മദ് നബി ﷺ : 47)

നബി ﷺ യാത്രയില്‍ പത്‌നിമാരില്‍ ഒരാളെ കൂടെ കൂട്ടാറുണ്ടായിരുന്നു. ഈ യാത്രയില്‍ നബി ﷺ യുടെ കൂടെയുണ്ടായിരുന്നത് മഹതി ആഇശ(റ)യായിരുന്നു. ആഇശ(റ) അതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

”അല്ലാഹുവിന്റെ റസൂല്‍ ﷺ (യാത്ര) പുറപ്പെടാന്‍ ഉദ്ദേശിച്ചാല്‍ തന്റെ പത്‌നിമാര്‍ക്കിടയില്‍ നറുക്കിടാറുണ്ടായിരുന്നു. അങ്ങനെ അവരില്‍ ഒരാളുടെ (പേര് എഴുതിയ) അമ്പ് പുറത്തെടുക്കുകയും അവരെ തന്റെ കൂടെ കൂട്ടി അല്ലാഹുവിന്റെ റസൂല്‍ ﷺ പുറപ്പെടുകയും ചെയ്യും.” ആഇശ(റ) പറഞ്ഞു: ”അങ്ങനെ ഈ യുദ്ധത്തില്‍ ഞങ്ങള്‍ക്കിടയില്‍ അവിടുന്ന് നറുക്കിട്ടു. എന്റെ (പേര് എഴുതിയ) അമ്പ് പുറത്തെടുത്തു. അങ്ങനെ ഞാന്‍ റസൂലി ﷺ ന്റെ കൂടെ പുറപ്പെട്ടു. (ഇത്) ഹിജാബിന്റെ (ആയത്ത്) ഇറങ്ങിയതിന് ശേഷമായിരുന്നു. അങ്ങനെ ഞാന്‍ എന്റെ (ഒട്ടകത്തിന്റെ) കൂടാരത്തില്‍ വഹിക്കപ്പെട്ടു. അവിടെ ഞാന്‍ ഇറക്കപ്പെട്ടു. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ ആ യുദ്ധത്തില്‍നിന്ന് പിരിയുന്നതുവരെ ഞങ്ങള്‍ യാത്ര ചെയ്തു. പിന്നീട് മടങ്ങി. (എല്ലാവരും) മടങ്ങുന്നവരായിരിക്കെ, ഞങ്ങള്‍ മദീനയുടെ അടുത്ത് എത്താറായി. രാത്രിയാകാറായി. അങ്ങനെ അവര്‍ യാത്രക്ക് അറിയിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ (കൂടാരത്തില്‍ നിന്നും) എഴുന്നേറ്റു. ഞാന്‍ ആ സൈന്യത്തെ വിട്ടുകടക്കുന്നതുവരെ നടന്നു. എന്റെ കാര്യങ്ങള്‍ ഞാന്‍ നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഒട്ടകത്തിന്റെ അടുത്ത് വന്നു. അപ്പോള്‍ എന്റെ മാല പൊട്ടി (നഷ്ടപ്പെട്ടിരിക്കുന്നു). അങ്ങനെ ഞാന്‍ എന്റെ മാല അന്വേഷിക്കുകയും അത് (ലഭിക്കുമെന്ന) ആഗ്രഹം എന്നെ അവരില്‍നിന്നും അകറ്റുകയും ചെയ്തു. അങ്ങനെ എന്റെ കൂടാരം വഹിക്കുന്നവര്‍ വരികയും അവര്‍ അത് ഞാന്‍ യാത്ര ചെയ്തിരുന്ന ഒട്ടകത്തിന്റെ പുറത്തുവെച്ച് എന്റെ ഒട്ടകത്തെ അവര്‍ തെളിച്ചു കൊണ്ടുപോവുകയും ചെയ്തു. ഞാന്‍ അതില്‍ ഉണ്ടായിരിക്കുമെന്ന് അവര്‍ വിചാരിച്ചു. സ്ത്രീകള്‍ (പൊതുവെ) കനമില്ലാത്തവരാണല്ലോ. അവരുടെ മാംസം ഭാരംതൂങ്ങുകയില്ല. അവര്‍ അല്‍പം ആഹാരമാണല്ലോ കഴിക്കാറ്. അതിനാല്‍ അവര്‍ അത് (കൂടാരം) ഉയര്‍ത്തിയ സന്ദര്‍ഭത്തില്‍ കൂടാരത്തിന്റെ കനമില്ലാത്ത അവസ്ഥ കാരണം അവര്‍ പ്രയാസപ്പെട്ടില്ല. ഞാന്‍ ചെറുപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു. അങ്ങനെ അവര്‍ ഒട്ടകങ്ങളെ തെളിക്കുകയും യാത്രയാകുകയും ചെയ്തു. സൈന്യം പോയതിന് ശേഷം എനിക്ക് എന്റെ മാല കിട്ടി. എന്നിട്ട് ഞാന്‍ അവരുടെ താമസ സ്ഥലത്തേക്ക് വന്നു. അപ്പോള്‍ വിളിക്കാനോ ഉത്തരം നല്‍കാനോ ആരും അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ ഞാന്‍ (ആരെങ്കിലും വരുമെന്നും) നിനച്ച് അവിടെ തന്നെ നിന്നു. തീര്‍ച്ചയായും അവര്‍ക്ക് എന്നെ നഷ്ടമായതായിരിക്കും, അതിനാല്‍ അവര്‍ എന്നിലേക്ക് മടങ്ങി വരും എന്ന് ഞാന്‍ വിചാരിച്ചു. അങ്ങനെ ഞാന്‍ എന്റെ സ്ഥാനത്ത് ഇരിക്കുന്നതിനിടയില്‍ എനിക്ക് ഉറക്കം വന്നു. അങ്ങനെ ഞാന്‍ ഉറങ്ങി. സൈന്യത്തിന്റെ പിന്നില്‍ സ്വഫ്‌വാന്‍ ഇബ്‌നു അല്‍മുഅത്ത്വല്‍ അസ്സുലമി ഉണ്ടായിരുന്നു. അദ്ദേഹം സൈന്യത്തില്‍ പുറകില്‍ (വല്ലതും മറന്നുവെച്ചിട്ടുണ്ടോ എന്ന് നോക്കാനായി) രാത്രി സഞ്ചരിക്കുന്നുണ്ടായിരുന്നു. അങ്ങനെ പ്രഭാതമായപ്പോള്‍ എന്റെ അടുക്കല്‍ എത്തി. അന്നേരം അദ്ദേഹം ഉറങ്ങുന്ന ഒരു ആളുടെ കറുപ്പ് കണ്ടു. അപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്നു. എന്നെ കണ്ടപാടെ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഹിജാബിന്റെ നിയമം ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നെ കണ്ടിട്ടുണ്ടായിരുന്നു. എന്നെ അദ്ദേഹം മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ഇസ്തിര്‍ജാഅ്‌കൊണ്ട് ഞാന്‍ ഉണര്‍ന്നു. അപ്പോള്‍ ഞാന്‍ എന്റെ മുടുപടം എന്റെ മുഖത്തിലൂടെ താഴ്ത്തിയിട്ടു. അല്ലാഹുവാണ സത്യം, അദ്ദേഹം എന്നോട് ഒരു വാക്ക് പോലും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ ഇസ്തിര്‍ജാഅ് അല്ലാതെ മറ്റൊരു സംസാരവും ഞാന്‍ കേട്ടിട്ടുപോലുമില്ല. (അങ്ങനെ) അദ്ദേഹം തന്റെ ഒട്ടകത്തെ മുട്ടുകുത്തിച്ചു. എന്നിട്ട് അതിന്റെ കൈകള്‍ നിരപ്പാക്കിച്ചു. എന്നിട്ട് ഞാന്‍ അതില്‍ കയറി. അങ്ങനെ ആ സൈന്യത്തിന്റെ അടുത്ത് ഞങ്ങള്‍ എത്തുന്നതുവരെ എന്നെയും നയിച്ച് വാഹനം പോയി. അങ്ങനെ നശിക്കേണ്ടവരെല്ലാം നശിച്ചു. അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് ഇബ്‌നു സലൂലിന്റെ കള്ളവാര്‍ത്ത ഏറ്റടുത്തവരായിരുന്നു (അവര്‍). അങ്ങനെ ഞങ്ങള്‍ മദീനയില്‍ എത്തി. ഞാന്‍ എത്തിയത് മുതല്‍ ഒരു മാസക്കാലം രോഗിയായി. ജനങ്ങള്‍ വ്യാജവാര്‍ത്തയുടെ ആളുകളുടെ സംസാരത്തില്‍ മുഴുകിയിരിക്കുകയാണ്. അതിനെ പറ്റി എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. അവിടുന്ന് എന്റെ വേദനയില്‍ സംശയത്തിലുമായി. ഞാന്‍ രോഗിയാകുന്ന സന്ദര്‍ഭത്തില്‍  കാണാറുണ്ടായിരുന്ന അനുകമ്പ അല്ലാഹുവിന്റെ റസൂലി ﷺ ല്‍നിന്നും ഞാന്‍ അറിയുന്നില്ല. അല്ലാഹുവിന്റെ റസൂല്‍ ﷺ എന്റെ അടുക്കല്‍ പ്രവേശിക്കും, എന്നിട്ട് സലാം പറയും. പിന്നീട് ചോദിക്കും: ‘എങ്ങനെയുണ്ട് നിങ്ങള്‍ക്ക്?’ പിന്നീട് പിരിഞ്ഞുപോകുകയും ചെയ്യും. അത് എന്നെ സംശയത്തിലാക്കി. ഞാന്‍ സുഖം പ്രാപിച്ചതിന് ശേഷം പുറത്ത് കടക്കുന്നതുവരെ ഈ കെടുതിയെ സംബന്ധിച്ച് ഞാന്‍ അറിയില്ലായിരുന്നു. അങ്ങനെ (ഒരുദിവസം) ഞാന്‍ ഉമ്മു മിസ്ത്വഹിന്റെ കൂടെ മൂത്രപ്പുരയുടെ നേരെ പുറപ്പെട്ടു. ഞങ്ങള്‍ രാത്രിയിലല്ലാതെ (അവിടേക്ക്) പുറത്തു പോകാറില്ലായിരുന്നു. ഞങ്ങളുടെ വീടിനോട് സമീപത്ത് ഒരു കക്കൂസ് ഉണ്ടാക്കുന്നതിന് മുമ്പായിരുന്നു അത്. ഉമ്മു മിസ്ത്വഹ് അബൂ റുഹ്മ് ഇബ്‌നു അബ്ദു മനാഫിന്റെ പുത്രിയായിരുന്നു. അവരുടെ മാതാവ് അബൂബക്‌റി(റ)ന്റെ മാതൃസഹോദരി ബിന്‍തു സ്വഖ്ര്‍ ഇബ്‌നു ആമിറായിയുന്നു. അവരുടെ മകനാണ് മിസ്ത്വഹ് ഇബ്‌നു ഉഥാഥ. അങ്ങനെ ഞാനും ഉമ്മു മിസ്ത്വഹും ഞങ്ങളുടെ കാര്യങ്ങളില്‍നിന്ന് വിരമിക്കുകയും എന്റെ വീടിനുനേരെ തിരിയുകയും ചെയ്തു. അപ്പോള്‍ ഉമ്മു മിസ്ത്വഹ് അവരുടെ വസ്ത്രത്തില്‍ തടഞ്ഞുവീണു. അന്നേരം അവര്‍ (സ്വയം ആക്ഷേപിച്ച്) ഇപ്രകാരം പറഞ്ഞു: ‘മിസ്ത്വഹ് നശിക്കട്ടെ.’ അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു: ‘നിങ്ങള്‍ പറഞ്ഞത് എത്ര മോശമാണ്. ബദ്‌റില്‍ പങ്കെടുത്ത ഒരാളെ നിങ്ങള്‍ ചീത്ത പറയുകയാണോ?’ അവര് ചോദിച്ചു: ‘അവന്‍ പറയുന്നത് നീ കേട്ടിട്ടില്ലല്ലോ?’ ഞാന്‍ ചോദിച്ചു: ‘എന്താണ് അദ്ദേഹം പറഞ്ഞത്?’ അപ്പോള്‍ അവര്‍ (എന്നെ സംബന്ധിച്ച്) വ്യാജ വാര്‍ത്ത പറഞ്ഞുണ്ടാക്കിയവരെക്കുറിച്ച് അറിയിച്ചു. അപ്പോള്‍ എന്റെ രോഗം വര്‍ധിച്ചു. ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നോട് സലാം പറയാന്‍ ഉദ്ദേശിച്ച് എന്റെ അടുക്കല്‍ പ്രവേശിച്ചു. പിന്നീട് ചോദിച്ചു: ‘നിങ്ങള്‍ക്ക് എങ്ങനെയുണ്ട്?’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എനിക്ക് എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകാന്‍ അനുവാദം നല്‍കുമോ?’ ആ സന്ദര്‍ഭത്തില്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നത് അവരില്‍നിന്ന് ആ വാര്‍ത്തയുടെ ഉറപ്പ് ലഭിക്കുക എന്നതായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ﷺ എനിക്ക് അനുവാദം നല്‍കി. അങ്ങനെ ഞാന്‍ എന്റെ മാതാപിതാക്കളുടെ അടുത്ത് വന്നു. എന്നിട്ട് ഞാന്‍ എന്റെ ഉമ്മയോട് ചോദിച്ചു: ‘ഓ ഉമ്മാ… എന്താണ് ജനങ്ങള്‍ പറയുന്നത്?’ അവര്‍ പറഞ്ഞു: ‘മോളേ, നിന്റെ മേലുള്ള (കാര്യം) എന്നെ പ്രയാസപ്പെടുത്തിയിരിക്കുന്നു. അല്ലാഹുവാണ സത്യം, ഒരു നല്ല പെണ്ണ് അവളുടെ ഭര്‍ത്താവിന്റെ അടുത്ത് അദ്ദേഹത്തിന്റെ സ്‌നേഹത്തില്‍ ആയിരിക്കുമ്പോള്‍ അവള്‍ക്ക് എതിരില്‍ ധാരാളം ആളുകള്‍ ഇല്ലാതിരിക്കില്ല.’ അവര്‍ പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍, ജനങ്ങള്‍ ഇങ്ങനെ പറയുന്നുണ്ടല്ലേ?’ അങ്ങനെ ആ രാത്രി നേരം പുലരുന്നതുവരെ ഞാന്‍ കരഞ്ഞു. എനിക്കു കണ്ണുനീര്‍ തോര്‍ന്നില്ല. ഉറക്കം എന്റെ കണ്ണുകളെ ബാധിച്ചില്ല. നേരം പുലരുന്നതുവരെ ഞാന്‍ കരഞ്ഞിരുന്നു. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അലി, ഉസാമ(റ) എന്നിവരെ വഹ്‌യ് നിലച്ച സന്ദര്‍ഭത്തില്‍ ക്ഷണിച്ചു വരുത്തി. തന്റെ പത്‌നിയുടെ അകല്‍ച്ചയില്‍ അവരുമായി നബി ﷺ കൂടിയാലോചന നടത്തി. ആഇശ(റ) പറയുന്നു: അപ്പോള്‍ ഉസാമ(റ) നബി ﷺ യോട് തന്റെ പത്‌നിയുടെ നിരപരാധിത്വം അറിയുന്നവനായിക്കൊണ്ട് സംസാരിച്ചു. നബി ﷺ യുടെ മനസ്സിലുള്ള സ്‌നേഹത്തെക്കുറിച്ച് അവര്‍ നന്നായി അറിവുള്ളവരായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ഭാര്യയെപ്പറ്റി നല്ലതല്ലാതെ ഞങ്ങള്‍ക്ക് അറിയില്ല.’ എന്നാല്‍ അലി(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹു നിങ്ങളെ കുടുസ്സാക്കിയിട്ടില്ലല്ലോ. അവള്‍ക്ക് പുറമെ ധാരാളം സ്ത്രീകള്‍ ഉണ്ടല്ലോ. താങ്കള്‍ ആ പെണ്‍കുട്ടിയോട് (ബരീറയോട്) അന്വേഷിക്കുന്നുവെങ്കില്‍ അവള്‍ അങ്ങയോട് സത്യം പറയുന്നതാണ്.’ ആഇശ(റ) പറയുന്നു: ‘അപ്പോള്‍ നബി ﷺ ബരീറയെ വിളിച്ചു. എന്നിട്ട് അവിടുന്ന് ചോദിച്ചു: ‘ഓ, ബരീറാ! (ആഇശയില്‍ നിന്ന്) നിനക്ക് സംശയം ഉണ്ടാക്കുന്ന വല്ലതും നീ കണ്ടിട്ടുണ്ടോ?’ ബരീറ പറഞ്ഞു: ‘അങ്ങയെ സത്യവുമായി അയച്ചവന്‍ തന്നെയാണ സത്യം, ഇല്ല (കണ്ടിട്ടില്ല). അവള്‍ ചെറുപ്പാക്കാരിയായ ഒരു പെണ്‍കുട്ടിയാണല്ലോ. അധികനേരവും അവരുടെ വീട്ടുകാര്‍ക്കായി കുഴച്ച മാവിനെ തൊട്ട് ശ്രദ്ധയില്ലാതെ അവര്‍ ഉറങ്ങിപ്പോകാറുണ്ട്. അങ്ങനെ വളര്‍ത്തുന്ന ആട് വന്ന് അത് കഴിക്കും എന്നതല്ലാതെ അവരില്‍ കുറ്റകരമായി ഞാന്‍ ഒന്നും കണ്ടിട്ടില്ല.’ അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ എഴുന്നേറ്റു. എന്നിട്ട് അന്നേദിവസം അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് ഇബ്‌നു സലൂലിന് ഒഴികഴിവ് നല്‍കി. ആഇശ(റ) പറയുന്നു: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ മിമ്പറില്‍ ആയിരിക്കെ പറഞ്ഞു: ഓ മുസ്‌ലിം സമൂഹമേ, എന്റെ വീട്ടുകാരിയുടെ കാര്യത്തില്‍ എന്നെ വേദനിപ്പിച്ചവനില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിവുള്ളവന്‍ ആരുണ്ട്? അല്ലാഹുവാണ സത്യം, എന്റെ ഭാര്യയുടെ മേല്‍ നല്ലതല്ലാതെ ഞാന്‍ ഒന്നും മനസ്സിലാക്കിയിട്ടില്ല. അവര്‍ ഒരു പുരുഷനെക്കുറിച്ചും പറയുന്നുണ്ട്. അദ്ദേഹത്തെപ്പറ്റിയും നല്ലതല്ലാതെ ഞാന്‍ മനസ്സിലാക്കിയിട്ടില്ല. എന്റെ കൂടെയല്ലാതെ അദ്ദേഹം എന്റെ വീട്ടുകാരിലേക്ക് വരാറുമില്ല.’ അപ്പോള്‍ സഅ്ദു ഇബ്‌നു മുആദ് അല്‍അന്‍സ്വാരി(റ) എഴുന്നേറ്റു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ഓ, അല്ലാഹുവിന്റെ ദൂതരേ, അവന്റെ കാര്യം ഞാന്‍ തീരുമാനിക്കാം. അവന്‍ ഔസില്‍ പെട്ടവനാണെങ്കില്‍ അവന്റെ പിരടി ഞാന്‍ വെട്ടും. ഇനി അവന്‍ നമ്മുടെ സഹോദരങ്ങളായ ഖസ്‌റജില്‍ പെട്ടവനാണെങ്കില്‍, അങ്ങ് ഞങ്ങളോട് കല്‍പിച്ചാല്‍ അങ്ങയുടെ കല്‍പന (പോലെ) ഞങ്ങള്‍ പ്രവര്‍ത്തിക്കാം.’ ആഇശ(റ) പറയുന്നു: ‘അപ്പോള്‍ ഖസ്‌റജ്‌ന്റെ നേതാവായ സഅ്ദു ഇബ്‌നു ഉബാദ എഴുന്നേറ്റു. അയാള്‍ അതിന് മുമ്പ് നല്ല ആളായിരുന്നു. പെേക്ഷ, അദ്ദേഹത്തെ അഹങ്കാരം ചുമന്നു. എന്നിട്ട് സഅ്ദി(റ)നോട് അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ കളവാണ് പറഞ്ഞത്. അല്ലാഹുവാണ സത്യം, താങ്കള്‍ അദ്ദേഹത്തെ വധിക്കുകയില്ല. അദ്ദേഹത്തെ വധിക്കാന്‍ താങ്കള്‍ക്ക് സാധ്യമല്ല.’ അപ്പോള്‍ സഅ്ദ് ഇബ്‌നു മുആദിന്റെ പിതൃവ്യ പുത്രനായ ഉസയ്ദ് ഇബ്‌നു ഹുദ്വയ്ര്‍ എഴുന്നേറ്റു. എന്നിട്ട് അദ്ദേഹം സഅ്ദ് ഇബ്‌നു ഉബാദയോട് പറഞ്ഞു: ‘താങ്കള്‍ കളവാണ് പറഞ്ഞത്. അല്ലാഹുവാണ സത്യം, ഞങ്ങള്‍ അദ്ദേഹത്തെ വധിക്കുകതന്നെ ചെയ്യും. തീര്‍ച്ചയായും താങ്കള്‍ കപടവിശ്വസിയാണ്. താങ്കള്‍ കപടന്മാര്‍ക്ക് വേണ്ടി തര്‍ക്കിക്കുന്നവനാണ്.’ അങ്ങനെ ഔസ്-ഖസ്‌റജ് എന്നീ രണ്ട് ഗോത്രക്കാര്‍ പരസ്പരം പോരാടാന്‍ (സാധ്യതയുണ്ട് എന്ന്) അവര്‍ വിചാരിക്കുന്നതുവരെ പരസ്പരം ചാടിവീഴാന്‍ തുടങ്ങി. അല്ലാഹുവിന്റെ റസൂല്‍ ﷺ മിമ്പറില്‍തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ നിശ്ശബ്ദരാകുന്നതുവരെ അല്ലാഹുവിന്റെ റസൂല്‍ ﷺ അവരുടെ (ശബ്ദത്തെ) താഴ്ത്തിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവര്‍ നിശ്ശബ്ദരായി. ആഇശ(റ) പറയുന്നു: ‘എന്റെ ആ ദിവസം ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. കണ്ണുനീര്‍ വറ്റുന്നില്ല. ഉറക്കവും ഇല്ല. രണ്ട് രാത്രിയും ഒരു പകലും ഞാന്‍ കരഞ്ഞു. ഞാന്‍ ഉറങ്ങിയില്ല. എന്റെ കണ്ണനീര്‍ വറ്റിയതുമില്ല. അങ്ങനെ പ്രഭാതത്തില്‍ എന്റെ മാതാപിതാക്കള്‍ എന്റെ അടുത്തേക്ക് വന്നു. കരച്ചില്‍ (നിമിത്തം) എന്റെ കരള്‍ പൊട്ടുമോ എന്ന് അവര്‍ ഇരുവരും വിചാരിച്ചു.’ ആഇശ(റ) പറയുന്നു: ‘അങ്ങനെ അവര്‍ ഇരുവരും എന്റെ അടുക്കല്‍ ഇരിക്കുന്ന നേരത്ത് അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ എന്നോട് അനുവാദം ചോദിച്ചു. അപ്പോള്‍ ഞാന്‍ അവര്‍ക്ക് അനുവാദം നല്‍കി. അങ്ങനെ അവര്‍ (എന്റെ അടുത്ത്) ഇരുന്നു. (അവരും) എന്റെ കൂടെ കരയുന്നു. ഞങ്ങള്‍ അങ്ങനെ ആയിരിക്കുമ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ ഞങ്ങളിലേക്ക് കയറിവന്നു. എന്നിട്ട് സലാം പറഞ്ഞു. പിന്നെ ഇരുന്നു.’ ആഇശ(റ) പറയുന്നു: ‘മുമ്പ് പറയപ്പെട്ടത് (ആരോപണം) പറയപ്പെടുന്നത് മുതല്‍ എന്റെ അടുത്ത് അവിടുന്ന് ഇരുന്നിട്ടില്ല.’

എന്റെ കാര്യത്തില്‍ അവിടുത്തേക്ക് വഹ്‌യ് വരാതെ ഒരു മാസം കഴിച്ചുകൂട്ടി. ആഇശ(റ) പറയുന്നു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ ഇരുന്ന സന്ദര്‍ഭത്തില്‍ ശഹാദത്ത് ചൊല്ലി. പിന്നീട് പറഞ്ഞു: ആഇശാ! നിന്നെ പറ്റി എനിക്ക് ഇപ്രകാരം എല്ലാം (വാര്‍ത്ത) കിട്ടി. നീ അതില്‍ കുറ്റവിമുക്തയാണെങ്കില്‍ അല്ലാഹു നിന്നെ കുറ്റവിമുക്തമാക്കുന്നതാണ്. ഇനി വല്ല തെറ്റും വന്നിട്ടുണ്ടെങ്കില്‍ നീ അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും ഒരു (നല്ല) അടിമ തന്റെ പാപത്തെ കുറിച്ച് തിരിച്ചറിയുകയും പിന്നീട് അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ തൗബ സ്വീകരിക്കുന്നതാണ്.’ ആഇശ(റ) പറയുന്നു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ ഈ സംസാരം നിര്‍വഹിച്ചപ്പോള്‍ എന്റെ കണ്ണുനീര്‍ വറ്റിപ്പോയി. ഒരു ഇറ്റ് കണ്ണുനീരും അതില്‍നിന്ന് വരുന്നില്ല. അപ്പോള്‍ ഞാന്‍ എന്റെ പിതാവിനോട് പറഞ്ഞു: (ഉപ്പാ) നിങ്ങള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞതിന് മറുപടി നല്‍കൂ.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ സത്യം, അല്ലാഹുവിന്റെ റസൂലി ﷺ നോട് ഞാന്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.’ അപ്പോള്‍ ഞാന്‍ എന്റെ ഉമ്മയോട് പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ ന് മറുപടി നല്‍കൂ.’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് ഞാന്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.’ ആഇശ(റ) പറയുന്നു: ‘അങ്ങനെ ഞാന്‍ പറഞ്ഞു: ക്വുര്‍ആനില്‍നിന്ന് ധാരാളം ഞാന്‍ ഓതാറില്ലായിരുന്നു. ഞാന്‍ ചെറുപ്രായക്കാരിയായ ഒരു പെണ്ണാണല്ലോ. അല്ലാഹുവാണ സത്യം, ഈ സംസാരം നിങ്ങള്‍ കേട്ടത് ഞാന്‍ അറിഞ്ഞിട്ടുണ്ട്. (അങ്ങനെ) അത് നിങ്ങളുടെ മനസ്സില്‍ ഉറച്ചതാകുകയും നിങ്ങള്‍ അത് സത്യപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും ഞാന്‍ നിരപരാധിയാണ്, തീര്‍ച്ചയായും ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹു അറിയുന്നവനാണ്. അതിനെ നിങ്ങള്‍ സത്യപ്പെടുത്തുകയില്ലല്ലോ. ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹുവിന് അറിയാവുന്ന ഒരു കാര്യം ഞാന്‍ നിങ്ങളോട് സമ്മതിച്ചുതരികയാണെങ്കില്‍ നിങ്ങളെന്നെ വിശ്വസിച്ചേക്കും. അല്ലാഹുവാണ സത്യം, യൂസുഫി(അ)ന്റെ പിതാവിന്റെ വചനമല്ലാതെ നിങ്ങളോട് ഒരു ഉദാഹരണം ഞാന്‍ കാണുന്നില്ല. അദ്ദേഹം പറഞ്ഞു: ഇനി നല്ലതായ ക്ഷമ തന്നെ. അല്ലാഹുവിനോടാണ് നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍നിന്ന് സഹായം തേടാനുള്ളത്.’ ആഇശ(റ) പറയുന്നു: ‘അനന്തരം ഞാന്‍ അവിടെനിന്നും മാറി. എന്നിട്ട് ഞാന്‍ എന്റെ വിരിപ്പില്‍ കിടന്നു. തീര്‍ച്ചയായും ഞാന്‍ നിരപരാധിയാണ് എന്നും അല്ലാഹു എന്റെ നിരപരാധിത്വം അല്ലാഹു തെളിയിക്കുന്നതാണെന്നും ആ സന്ദഭത്തില്‍ എനിക്ക് അറിയാമായിരുന്നു. പക്ഷേ, അല്ലാഹുവാണ സത്യം! എന്റെ കാര്യത്തില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു വഹ്‌യ് അല്ലാഹു ഇറക്കും എന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. പാരായണം ചെയ്യപ്പെടുന്ന ഒരു കാര്യം കൊണ്ട് എന്റെ കാര്യത്തില്‍ അല്ലാഹു സംസാരിക്കുന്നതിനെക്കാള്‍ എത്രയോ ചെറുതാണ് എന്റെ കാര്യം (എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്). എങ്കിലും അല്ലാഹു എന്റെ നിരപരാധിത്വം അറിയിക്കുന്ന വല്ല സ്വപ്‌നവും ഉറക്കത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ കാണാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നവളായിരുന്നു.’ ആഇശ(റ) പറയുന്നു: ‘അല്ലാഹുവാണ സത്യം, അല്ലാഹുവിന്റെ റസൂലോ കുടുംബത്തിലുള്ളവരോ ആരും പുറത്ത് പോയിട്ടില്ല. അപ്പോഴേക്കും അല്ലാഹു നബി ﷺ ക്ക് (വഹ്‌യ്) ഇറക്കുന്നു. അപ്പോള്‍ അവിടുത്തേക്ക് പിടിപെടാറുള്ളത് പോലെ വിയര്‍പ്പ് പിടിപെടുന്നു. മുത്തുകളെ പോലെ വിയര്‍പ്പിന്റെ തുള്ളികള്‍ അദ്ദേഹത്തില്‍നിന്നും ഉറ്റിവീഴാന്‍ തുടങ്ങി. അത് ഒരു ശൈത്യനാളായിരുന്നു. നബി ﷺ യുടെ മേല്‍ ഇറക്കപ്പെട്ടതിന്റെ ഭാരം (നിമിത്തമായിരുന്നു വിയര്‍പ്പ് പൊടിഞ്ഞിരുന്നത്). ആഇശ(റ) പറയുന്നു: ‘അങ്ങനെ അവിടുന്ന് ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് അവിടുന്ന് ഒന്നാമതായി സംസാരിച്ച വാക്ക് (ഇതായിരുന്നു): ഓ, ആഇശാ! അല്ലാഹു നിന്നെ നിരപരാധിയാക്കിയിരിക്കുന്നു.’ അപ്പോള്‍ എന്റെ ഉമ്മ പറഞ്ഞു: ‘(മോളെ) നബി ﷺ യുടെ അടുത്തേക്ക് എഴുന്നേറ്റു ചെല്ലൂ.’ ആഇശ(റ) പറയുന്നു: ‘അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇല്ല, അല്ലാഹുവാണ സത്യം, ഇല്ല! നബി ﷺ യിലേക്ക് ഞാന്‍ എഴുന്നേല്‍ക്കേണ്ടതില്ല. അല്ലാഹുവിനെയല്ലാതെ ഞാന്‍ സ്തുതിക്കേണ്ടതുമില്ല.’ അപ്പോള്‍ അല്ലാഹു (ഈ വചനം) ഇറക്കി: ”തീര്‍ച്ചയായും ആ കള്ളവാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട” (എന്നു തുടങ്ങി) പത്ത് ആയത്തുകള്‍ മുഴുവനും (ഇറക്കി). എന്റെ നിരപരാധിത്വത്തില്‍ ഇത് അല്ലാഹു ഇറക്കിയപ്പോള്‍ ദാരിദ്ര്യം നിമിത്തം തന്റെ കുടുംബമായിരുന്ന മിസ്വ്ത്വഹ് ഇബ്‌നു ഉഥാഥക്ക് ചെലവ് നല്‍കിയിരുന്ന അബൂബക്ര്‍(റ) പറഞ്ഞു: അല്ലാഹുവാണ സത്യം, ആഇശയെ കുറിച്ച് അതിനുശേഷം പറഞ്ഞതിനാല്‍ ഒരിക്കലും മിസ്വ്ത്വഹിന് യാതൊന്നും ചെലവഴിക്കുകയില്ല. അപ്പോള്‍ അല്ലാഹു (ഈ സൂക്തം)ഇറക്കി: ”നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” അബൂബക്ര്‍(റ) പറഞ്ഞു: ‘അതെ, അല്ലാഹുവാണ സത്യം. എനിക്ക് അല്ലാഹു പൊറുത്തുതരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.’ അങ്ങനെ മിസ്ത്വഹിന് കൊടുത്തിരുന്ന ചെലവ് വീണ്ടും അദ്ദേഹം കൊടുക്കുവാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ സത്യം. അദ്ദേഹത്തില്‍നിന്ന് അത് ഞാന്‍ ഊരുകയില്ല (ഒഴിവാക്കുകയില്ല).’ ആഇശ(റ) പറയുന്നു: ‘എന്റെ കാര്യത്തെ പറ്റി അല്ലാഹുവിന്റെ റസൂല്‍ ﷺ സയ്‌നബിനോട് ചോദിച്ചിരുന്നു. അവിടുന്നു ചോദിച്ചു: ‘സയ്‌നബാ, എന്താണ് നീ മനസ്സിലാക്കിയത്? നിങ്ങള്‍ എന്താണ് കണ്ടിട്ടുള്ളത്?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്റെ കണ്ണും കാതും ഞാന്‍കാത്തു സംരക്ഷിച്ചിരിക്കുകയാണ്. നല്ലതല്ലാതെ എനിക്ക് അറിയില്ല.’ ആഇശ(റ) പറയുന്നു: ‘അല്ലാഹുവിന്റെ റസൂലിന്റെ പത്‌നിമാരില്‍ എന്നോട് കിടപിടിച്ചിരുന്ന ഭാര്യ. അല്ലാഹു അവരെ അവരുടെ സൂക്ഷ്മത നിമിത്തം സംരക്ഷിക്കുകയുണ്ടായി. അവരുടെ സഹോദരി ഹംന അവരോട് (എനിക്കെതിരില്‍) പോരാടുന്നവളുമായിരുന്നു. കെട്ടുകഥയാല്‍ നാശം സംഭവിച്ചവരില്‍ അവരും അകപ്പെട്ടു.” (ബുഖാരി)

ഹുസൈന്‍ സലഫി, ഷാര്‍ജ

നേർപഥം വാരിക 

അല്‍അഖീദത്തുല്‍ വാസിത്വിയ്യ: ഈ ഗ്രന്ഥം

അല്‍അഖീദത്തുല്‍ വാസിത്വിയ്യ: ഈ ഗ്രന്ഥം

ഇസ്ലാമിക ലോകത്ത് അറിയപ്പെട്ട ഒരു കൃതിയാണ് ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ “അൽ അഖീദത്തുൽ വാസിത്വിയ്യ”. ഇത് രചിക്കാൻ ഇടയാക്കിയ സാഹചര്യം ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ തന്നെ വിവരിക്കുന്നത് ഇപ്രകാരമാണ്:

“ഈ ഗ്രന്ഥം എഴുതാനുള്ള കാരണം വാസിത്വിലെ ഒരു പ്രവിശ്യയിൽ നിന്ന് അവിടുത്തെ ഖാളിയായ റളിയുദ്ദീൻ അൽവാസിത്വി എന്ന് പറയപ്പെടുന്ന ശെയ്ഖ് എന്റെ അടുക്കലേക്ക് വരികയുണ്ടായി. അദ്ദേഹം ശാഫിഈ മദ്ഹബുകാരനായിരുന്നു. ഹാജിയായികൊണ്ടാണ് അദ്ദേഹം ഞങ്ങളുടെ അരികിൽ
വന്നത്. ദീനീ നിഷ്ഠയും മഹത്വവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. വാസിത്വിലും താർത്താരികൾ ഭരിക്കുന്ന നാടുകളിലും ജനങ്ങളിൽ അജ്ഞതയും അക്രമവും വിളയാടുന്നതും മതവും വിജ്ഞാനവും കാലഹരണപ്പെടുകയും ചെയ്യുന്നതിൽ അദ്ദേഹം ആവലാതിപ്പെട്ടു. അദ്ദേഹത്തിന്നും അദ്ദേഹത്തിന്റെ
കുടുംബത്തിന്നും അവലംബ യോഗ്യമാകുമാറ് അഖീദയിൽ ഒരു രചന നടത്തികൊടുക്കുവാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ അതിൽ നിന്ന് എന്നെ ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തോട് ഞാൻ പറഞ്ഞു: “അഖീദയിൽ ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അഹ്ലുസ്സുന്നയുടെ ഇമാമുമാർ എഴുതിയ ചില അഖീദ ഗ്രന്ഥങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്”. എന്നാൽ അദ്ദേഹം എന്നെ ചോദിച്ചലട്ടുകയും ഇപ്രകാരം പറയുകയും ചെയ്തു: “താങ്കൾ എഴുതുന്ന ഒരു അഖീദയല്ലാതെ ഞാൻ താൽപര്യപ്പെടുന്നേ ഇല്ല. അപ്പോൾ ഈ അഖീദ ഗ്രന്ഥം ഞാൻ അസർ നമസ്കരിച്ചിരിക്കവെ അദ്ദേഹത്തിന്ന് എഴുതി നൽകി.

ധാരാളം പണ്ഡിതർ ഈ ഗ്രന്ഥത്തെ പ്രശംസിക്കുകയും ഇതിന്ന് വ്യാഖ്യാനങ്ങൾ രചിക്കുകയും ചെയ്തു. ഇന്നും ഇത് അനുസ്യൂതം തുടരുന്നു.

സഊദി അറേബ്യയിലെ റിയാദിൽ വിദ്യാർഥിയായിരിക്കുന്ന കാലത്താണ് ഉമർ മൗലവി അൽഅഖീദത്തുൽ വാസിത്വിയ്യ വിവർത്തനം ചെയ്തത്. തുടർന്ന് ഈ കൃതിയുടെ പ്രകാശനം ഹിജ്റ വർഷം 1377, റബീഉൽ അവ്വൽ 12നാണ് നിർവഹിക്കപ്പെടുന്നത്. മലബാറിലും കേരളത്തിലെ ഇതര പദേശങ്ങളിലും മുസ്ലിമീങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അറബി -മലയാളം ലിപിയിൽ അച്ചടിച്ച് സഊദ് ബ്നു അബ്ദിൽ അസീസ് രാജാവിന്റെ ചിലവിൽ തിരൂരങ്ങാടിയിലെ ആമിറുൽ ഇസ്ലാം ലിത്തോ പ്രസ്സിൽ നിന്നായിരുന്നു ഇതിന്റെ പ്രസാധനം. ഏകദേശം അരനൂറ്റാണ്ട് മുമ്പ് രചിച്ച ഈ കൃതിയിലെ ഭാഷാപയോഗങ്ങൾ വായനയുടെ ഒഴുക്കിനായി എഡിറ്റ് ചെയ്തിട്ടുണ്ട്.

ശെയ്ഖ് അലവി ബിൻ അബ്ദിൽ ഖാദർ സഖാഫ് . യുടെ പരിശോധനയോടെ1433-ൽ പ്രസിദ്ധീകരിച്ച “അൽഅഖീദത്തുൽ വാസിത്വിയ്യ”എന്ന ഗ്രന്ഥമാണ് അറബി മൂലത്തിനായി ഇവിടെ അവലംഭിച്ചിട്ടുള്ളത്. തലക്കെട്ടുകളുടെ നാമകരണം, ശെയ്ഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽഉഥൈമീനയുടെ വ്യാഖ്യാനത്തിൽ നിന്നുമാണ് എടുത്തിട്ടുള്ളത്. അടിക്കുറിപ്പുകളും അനുബന്ധവും ആവശ്യാർത്ഥം നൽകിയിട്ടുള്ളത് വിജ്ഞാനദാഹികൾക്ക് ഉപകാരപ്പെടും, തീർച്ച.
ഈ കൃതി ഞങ്ങൾക്ക് നൽകിയ വ്യക്തിക്ക് അല്ലാഹു അനുഗ്രഹം ചൊരിയുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു. ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയുടെ ഒരു കൃതി പുസ്തക രൂപത്തിൽ കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച വ്യക്തി ഉമർ മൗലവിതന്നെയായിരിക്കും എന്ന് നമുക്ക് കരുതാം. അദ്ദേഹത്തിന്റെ ഈ രചന ഒരു പുണ്യകർമമായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ…
ആമീൻ

അൽഅഖീദത്തുൽ വാസിത്വിയ്യ: കെ. ഉമർ മൗലവി

അൽഅഖീദത്തുൽ വാസിത്വിയ്യ: കെ. ഉമർ മൗലവി

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് വെളിയങ്കോട്ട് 1917-ൽ ഉമർ മൗലവി ജനിച്ചു. പിതാവ് കുഞ്ഞഹ്മദ് ചെറിയ കച്ചവടക്കാരനായിരുന്നു. ആറാം വയസ്സിൽ നാട്ടിലെ ഓത്തു പള്ളിയിൽ ചേർന്നു. പിന്നീട് പല നാടുകളിൽ വിവിധ പള്ളി ദർസുകളിൽ പഠിച്ചു. ദർസിലെ ഒരു സുഹൃത്തിൽ നിന്നാണ് മലയാള അക്ഷരങ്ങൾ പഠിച്ചത്. താനൂരിലെ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ല്യാരുടെ ശിഷ്യനും കാത്തിബുമായിരുന്ന കാലത്താണ് തിരൂരങ്ങാടിയിൽ പോയി കെ. എം. മൗലവിയെ കാണാനിടയായത്. അതോടെ അദ്ദേഹം കെ. എം. മൗലവിയുടെ ശിഷ്യനായിത്തീരുകയും തിരൂരങ്ങാടിയിൽ താമസിക്കുകയും ചെയ്തു. കെ. എം മൗലവിയുടെ സലഫീ പ്രബോധനത്തിൽ ആകൃഷ്ടനായ ഉമർ മൗലവി ഉസ്താദിന്റെ പ്രിയശിഷ്യനായി മതപരവും രാഷ്ട്രീയവുമായ വീക്ഷണങ്ങളിൽ ഗുരുനാഥന്റെ പാത പിന്തുടർന്നു. ഉസ്താദിന്റെ കുടുംബത്തിലെ അനാഥയായിരുന്ന മുസ്ല്യാരകത്ത് ഫാത്തിമക്കുട്ടിയെ 1943 ഡിസം-10ന് ജീവിതസഖിയാക്കി.

കോഴിക്കോട്ട് പട്ടാളപ്പള്ളിയിൽ സ്വതന്ത്രമായി മലയാളത്തിൽ ഖുതുബ നിർവഹിക്കാൻ പറ്റിയ ഒരു പണ്ഡിതനെ വേണമെന്ന ആവശ്യവുമായി പള്ളി ഭാരവാഹികൾ കെ. എം. മൗലവിയെ സമീപിച്ചു. അതിന്നായി മൗലവി തിരഞ്ഞെടുത്തത് ഉമർ മൗലവിയായിരുന്നു. അതോടെ ഉമർ മൗലവി
മലബാറിൽ മുസ്ലിം കേന്ദ്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനത്തെത്തിപ്പെട്ടു.
ഖുർആനിനോടും സുന്നത്തിനോടും കൂറുപുലർത്തിക്കൊണ്ട് മുസ്ലിം ഉമ്മത്തിനോടുള്ള ബാധ്യതാ നിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച, ഒരു പുരുഷായുസ്സ് മുഴുവൻ പ്രബോധന രംഗത്ത് നിറഞ്ഞുനിന്ന സാന്നിദ്ധ്യമായി മാറിയ ഉമർ മൗലവിയെയാണ് പിന്നീട് മുസ്ലിം കൈരളി കാണുന്നത്.

തിരൂരങ്ങാടിയിൽ വെച്ച് വിശുദ്ധ ഖുർആനിലെ ചില സൂറത്തുകൾ പരിഭാഷപ്പെടുത്തി വ്യാഖ്യാനമെഴുതി പ്രസിദ്ധീകരിച്ചു. പിന്നീട് കുർആൻ മുഴുവനായി ആശയവിവർത്തനം ചെയ്ത് ആവശ്യമായ വ്യാഖ്യാനത്തോടെ മൗലവി എഴുതി പൂർത്തിയാക്കി. ഗുരുനാഥന്റെ പരിശോധനയും മേൽനോട്ടവുമാണ് അതിന് മൗലവിക്ക് ധൈര്യം പകർന്നത്. അറബി-മലയാളത്തിൽ അത് ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് 1955-ലാണ്.

1950-കളുടെ ആദ്യത്തിൽ ഹജ്ജിനു പോയ മൗലവി റിയാദിലെ കുല്ലിയത്തുലുഗത്തിൽ അറബിയ്യയിൽ ചേർന്ന് അറബി സാഹിത്യം പ്രധാന പഠനവിഷയമായി തിരഞ്ഞെടുത്തു. അക്കാലത്താണ് ഇമാം ഇബ്നു തെയ്മിയ്യയുടെ “അൽഅഖീദത്തുൽ വാസിത്വിയ്യ’ ഉമർ മൗലവി മലയാളത്തിൽ മൊഴിമാറ്റം നടത്തി സുഊദ് രാജാവിന്റെ സാമ്പത്തിക സഹായത്തോടെ തിരൂരങ്ങാടിയിൽ പ്രസാധനം ചെയ്യുന്നത്.

ആലുശെയ്ഖ് കുടുംബത്തിൽപെട്ട ശെയ്ഖ് അബ്ദിൽ മലികിബ്നു ഇബ്രാഹിം ആയിരുന്നു ആദ്യത്തെ രണ്ടു വർഷം കുല്ലിയത്തുലുഗത്തിൽ അറബിയ്യയിലെ മേധാവി. ലോകപ്രശസ്ഥ പണ്ഡിതനും സഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയുമായിരുന്ന ശെയ്ഖ് അബ്ദിൽ അസീസ് ഇബ്നു ബാസ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗുരുനാഥൻമാരിൽ ഒരാളാണ്. ശെയ്ഖ് ഉമർ അഹ്മദ് മലൈബാരി എന്ന നാമത്തിലാണ് അറബ് നാടുകളിൽ ഉമർ മൗലവി അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ കൂടെ അന്ന് സഊദിയിൽ ഉപരിപഠനത്തിന് പോയ പണ്ഡിതരാണ് ശെയ്ഖ് അബ്ദുസ്സമദ് അൽ കാതിബ് യും (കെ.എം. മൗലവിയുടെ മകൻ), സഅദുദ്ദീൻ മൗലവിയും. 

ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിയുടെ الأصول الثلاثة എന്ന ഗ്രന്ഥം ശെയ്ഖ് മുഹമ്മദ് അത്ത്വയ്യിബ് ബിൻ ഇസ്ഹാഖ് അൽ അൻസ്വാരി അൽമദനി ചോദ്യോത്തര രൂപത്തിലാക്കി أصولالدين الإسلامى എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഊദി അറേബ്യയിലെ ഉപരിപഠനത്തിനുശേഷം ഉമർ മൗലവി ഈ ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. അതിനുപുറമെ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് രചിച്ച نواقض الاسلام ,شروط لا إله إلا الله , القواعد الاربعة എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളും മുസ്ലിം കൈരളിക്ക് അദ്ദേഹം പരിചയപ്പെടുത്തിയിരിക്കുന്നു. ശെയ്ഖുൽ ഇസ്ലാം ഇബ്നുതെിയ്യ, ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് തുടങ്ങിയ പണ്ഡിതന്മാരുടെ രചനകൾ കേരളത്തിൽ പ്രചരിപ്പിക്കാനും, അതുവഴി തൗഹീദിന്റെ വാഹകനാകാനും ഉമർ മൗലവിൽ യത്നിക്കുകയായിരുന്നു.

കേരളത്തിലെ തൗഹീദി പടയോട്ടത്തിൽ തളരാതെ നിലകൊണ്ട അദ്ദേഹത്തിന്റെ കയ്യിലെ കരുത്തുറ്റ ആയുധമായിരുന്നു 1971 ഫെബ്രുവരിയിൽ തുടക്കം കുറിച്ച “ആളെ നോക്കണ്ട, തെളിവ് നോക്കുക’ എന്നുല്ലേഖനം ചെയ്ത “സൽസബീൽ’ മാസിക. പ്രതിയോഗികളോട് പ്രമാണബദ്ധമായ കാർക്കശ്യം സ്വീകരിച്ചപ്പോഴും, അവരുടെ ആശയ പ്രകാശനത്തിന് സ്വന്തം പത്രത്തിന്റെ പേജുകൾ വിനയപൂർവ്വം അനുവദിച്ചു നൽകിയിരുന്നു അദ്ദേഹം. അതാകട്ടെ, വെറുമൊരു വിട്ടുവീഴ്ചയുടെ ഭാഗമായിട്ടല്ലായിരുന്നു. പ്രത്യുത, പ്രസ്തുത ആശയങ്ങളിലെ അപാകതകളും അനിസ്ലാമികതകളും വായനക്കാർക്ക് വേർതിരിച്ച് മനസിലാക്കാനാകും വിധം, അതിന്റെ മറുപടി കൂടെ തയ്യാറാക്കി അതോടൊപ്പം നൽകാനായിരുന്നു. അത്തരം വൈജ്ഞാനിക സന്ദർഭങ്ങൾ സൽസബീൽ മാസികയുടെ പഴയ കാല ലക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്കെമ്പാടും കാണാനാകും. നിരീശ്വരവാദികളുമായി സൽസബീൽ നടത്തിയ ആദർശ സംവാദം പിന്നീട് ഗ്രന്ഥമായി പലതവണ പ്രസാധനം ചെയ്തു.

കേരളത്തിൽ നിലനിന്നിരുന്ന ശിർക്ക് ബിദ്അത്തുകളെ എതിർക്കുന്നതൊടൊപ്പം ഇസ്ലാമിനെ ദുർവ്യാഖ്യാനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച എല്ലാ പിഴച്ച പ്രസ്ഥാനങ്ങളേയും ഉമർ മൗലവി ശക്തിയുക്തം പ്രമാണബദ്ധമായി പ്രതിരോധിച്ചു. ഹജ്ജിന്റെ വിളക്ക്, ഇർശാദുൽ ഇഖ്വാൻ, നൂറുൽ ഈമാൻ, ജുമുഅ ഖുതുബ, ഫാതിഹയുടെ തീരത്ത്, തുടങ്ങിയ ഗ്രന്ഥങ്ങളും നിരവധി ചെറുകൃതികളും എണ്ണമറ്റ നോട്ടീസുകളും ഉമർ മൗലവിയുടെ രചനയിലുണ്ട്. യുടെ അറബി ഭാഷയിലുള്ള രചനകളാണ്. മുസ്ലിം കേരളത്തിന്റെ ചരിത്രം ഒപ്പിയെടുത്ത “ഓർമകളുടെ തീരത്ത്’ എന്ന ആത്മകഥാരചന ഗതകാല മുസ്ലിം കൈരളിയുടെ അടയാളപ്പെടുത്തലുകളറിയാനാഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത അമൂല്യ ഗ്രന്ഥമാകുന്നു.

കർമപഥത്തിലേൽക്കേണ്ടിവന്ന പ്രതിസന്ധികളെ മുഴുവൻ തൃണവൽഗണിച്ചുകൊണ്ട് മുന്നേറിയ ആ ത്യാഗി 2000 ഫെബ്രുവരി 24ന് എന്നെന്നേക്കുമായി കണ്ണടച്ചെങ്കിലും, അദ്ദേഹം വിട്ടേച്ചുപോയ വിജ്ഞാന സ്ഫുലിംഗങ്ങൾ മുസ്ലിം ഉമ്മത്തിന്റെ മുന്നിൽ പ്രകാശം ചൊരിഞ്ഞുകൊണ്ട് ഇന്നും സജീവമാണ്.

സുകൃതം ചെയ്തുതകൊണ്ട് സന്തോഷത്തോടെ ലോകരക്ഷിതാവിനെ കണ്ടുമുട്ടുന്ന സൗഭാഗ്യവാൻമാരിൽ അദ്ദേഹത്തെയും നമ്മെയും ഉൾപ്പെടുത്താൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.

അല്‍അഖീദത്തുല്‍ വാസിത്വിയ്യ: അവതാരിക

അല്‍അഖീദത്തുല്‍ വാസിത്വിയ്യ: അവതാരിക

ഹിജ്റ ഏഴാം നൂറ്റാണ്ട്. മുസ്‌ലിം ലോകം ധാർമ്മികമായും ചിന്താപരമായും അധഃപതിച്ചിരുന്ന കാലം. താർത്താരികളുടെ കടന്നാക്രമണം കാരണമായി തകർന്ന മുസ്ലിം കേന്ദ്രങ്ങൾ. സാംസ്കാരികവും വൈജ്ഞാനികവുമായ സംഗമവേദികൾ ഇരുളിലാണ് ഒരു കാലഘട്ടം. മതപരമായ വിജ്ഞാനങ്ങളിൽ ഗവേഷണവും സ്വതന്ത്രപഠനവുമൊക്കെ വൻപാപമായി ഗണിക്കപ്പെട്ടു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. അന്ധമായ അനുകരണവും മദ്ഹബീ പക്ഷപാതിത്വവും അവയുടെ മൂർദ്ധന്യത്തിലെത്തി. ഗ്രീക്ക് തത്ത്വശാസ്ത്രവും തർക്കശാസ്ത്രത്തിന്റെ ചുവട് പിടിച്ച് വളർന്ന വചനശാസ്ത്രവും മുസ്ലിം പണ്ഡിതന്മാരെ ഗ്രസിച്ചിരുന്ന സവിശേഷമായ ഒരവസ്ഥ. ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിലാണ് അവക്കെതിരെയെല്ലാം പ്രതിരോധവും കടന്നാക്രമണവുമായി ഒരതുല്യപ്രതിഭ ഉദയം ചെയ്തത്. ഇമാം ഇബ്നു തെയ്മിയ്യ എന്ന പേരിൽ ചരിത്രത്തിൽ പ്രസിദ്ധനായ അഹമദുബ്നു അബ്ദുൽ ഹലീമുബ്നു അബ്ദുസ്സലാം ഇബ്നു തെയ്യം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനയാണ് “അൽഅഖീദത്തുൽ വാസിത്വിയ്യ.

ഹിജ്റ 661 റബീഉൽ അവ്വൽ 12ന് (കൃസ്താബ്ദം 1263) ഇബ്നു തെയ്മിയ്യ സിറിയയിലെ ഹർറാനിൽ ജനിച്ചു. താർത്താരികളുടെ കടന്നാക്രമണം ഉണ്ടായപ്പോൾ ഹർറാനിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബം 667ൽ ദമസ്കസിലേക്ക് പാലായനം ചെയ്തു. മാതാമഹിയുടെ പേരിനോട് ചേർത്താണ് തെയ്മിച്ചം വന്നത്. അങ്ങിനെയാണ് അദ്ദേഹം ഇബ്നു തെയ്മിയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

മദ്ഹബുകളെ അന്ധമായി അനുകരിച്ചവർ മതകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന കാലം. മാലികീ, ശാഫിഈ, ഹനഫീ, മദ്ഹബുകളിലെ പണ്ഡിതന്മാർ അദ്ദേഹത്തെ വിമർശിച്ചു. മദ്ഹബുകളേക്കാൾ പരിഗണിക്കേണ്ടത് നബിചര്യയാണ് എന്ന് വാദിച്ചതുകൊണ്ടാണത്. അക്കാലത്തെ ഉലമാക്കളുടെ
ഇജ്മാഇനെ അദ്ദേഹം എതിർത്തു എന്ന് പറഞ്ഞുകൊണ്ട് അവർ മുറവിളികൂട്ടി. ഭരണാധികാരികൾക്ക് അവർ പരാതി നൽകി. അങ്ങനെ വാദപ്രതിവാദങ്ങൾ നടന്നു. വിചാരണ നടത്തി. ഒടുവിൽ ഒന്നര വർഷത്തേക്ക് തടവിലിടാൻ കൽപനയായി. എട്ട് മാസം അലക്സാൻഡ്രിയയിൽ തടവിൽ കിടന്നു.

ജഡ്ജിമാരും അമീറുമാരും ഇതര പ്രമുഖരും അടങ്ങുന്ന സദസ്സിൽ ഇമാമും ഭരണാധികാരിയും സമ്മേളിച്ചു. ദീർഘമായ സംഭാഷണം നടന്നു. ഇമാമിന്റെ നിരപരാധിത്വം വ്യക്തമായി. അങ്ങനെ അദ്ദേഹം മോചിതനാവുകയും ദമസ്കസിലേക്ക് മടങ്ങുകയും ചെയ്തു.

ദമസ്കസിൽ പുരോഹിതവർഗം വെറുതെയിരുന്നില്ല. ഇമാമിനെതിരെ ആരോപണങ്ങളുമായി അവർ പിന്നയും രംഗത്തുവന്നു. വാദപ്രതിവാദം, വിചാരണ… വീണ്ടും ജയിൽ. ദമസ്കസ് കോട്ടയിൽ അദ്ദേഹം തടവിലാക്കപ്പെട്ടു. അങ്ങിനെ തടവും മോചനവും ഒരു തുടർക്കഥയായി.

താർത്താരികളുടെ ആക്രമണമുണ്ടായപ്പോൾ അവർക്കതിരെ ജിഹാദിനായി അഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം രംഗത്തിറങ്ങി. ഉമറാക്കളേയും പൊതുജനങ്ങളേയും അദ്ദേഹം ജിഹാദിന് പ്രേരിപ്പിച്ചു. അങ്ങനെ തൂലികകൊണ്ടും പടവാൾ കൊണ്ടും ദുശ്ശക്തികൾക്കെതിരെ ഇമാം ഇബ്നു തെയ്മിയ്യ പോരാടി.

അദ്ധ്യാപനവും ഗ്രന്ഥരചനയുമായി അന്ധകാരങ്ങൾക്കെതിരെ സമരത്തിൽ തന്നെ ആയിരുന്നു ഇമാം. ജയിലിൽ വെച്ചും അദ്ദേഹം എഴുത്തുതുടർന്നു. ഒട്ടനവധി ഗ്രന്ഥങ്ങൾ രചിച്ചു. വിശ്വാസകാര്യങ്ങളിൽ അവലംബമാക്കാവുന്ന ഒരു രചന വേണമെന്ന് വാസിത്വീക്കാരനായ റളിയുദ്ദീനുൽ വാസിത്വിയുടെ നിർബന്ധം കൊണ്ട് ഇമാം ഇബ്നു തെയ്മിയ്യ ഒറ്റയിരിപ്പിൽ എഴുതിയതാണ് “അൽഅഖീദത്തുൽ വാസിത്വിയ്യ”. അടിസ്ഥാന വിശ്വാസകാര്യങ്ങൾ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഈ രചന പിൽകാലത്ത് ലോക പ്രസിദ്ധമായിത്തീർന്നു. നിരവധി പണ്ഡിതന്മാർ ഇതിനു വ്യാഖ്യാനമെഴുതിയിട്ടുണ്ട്.

ഔലിയാക്കന്മാരുടേയും അൻബിയ്യാക്കന്മാരുടേയും കബർ സിയാറത്തിനു വേണ്ടി യാത്രചെയ്യാൻ പാടില്ല എന്ന് ഇമാം വ്യക്തമാക്കി. അത് സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കി. മദ്ഹബീ പണ്ഡിതന്മാർ ഇമാമിനെതിരെ തിരിഞ്ഞു. ഭരണാധികാരികളെ സ്വാധീനിച്ചു. ഇമാമിനെ തടവിലാക്കി.
ഒടുവിലത്തെ ജയിൽവാസം ആയിരുന്നു അത്. ഹിജ്റ 726 ശഅ്ബാൻ. ജയിലിൽ വെച്ച് അദ്ദേഹം രോഗിയായി. 20 ദിവസം രോഗബാധിതനായി കിടന്നു.
ഹിജ്റ വർഷം 728 ദുൽഖഅദ് 20ന് ഇമാം ഇബ്നു തെിയ്യ ജയിലിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു.

ഏകദേശം 330ഓളം ഗ്രന്ഥങ്ങൾ ഇമാം രചിച്ചിട്ടുണ്ട്. 37 വാല്യത്തിൽ പ്രസിദ്ധീകൃതമായ ഇമാമിന്റെ ഫത്വാ സമാഹാരം ജയിലിൽ വെച്ച് എഴുതിയതാണെന്ന് പറയപ്പെടുന്നു. റഫറൻസ് നോക്കാനൊന്നും കഴിയാതെ എഴുതപ്പെട്ട ഇമാമിന്റെ രചനകൾ അദ്ദേഹത്തിന്റെ ചിന്തയുടേയും അറിവിന്റെയും ആഴം വിളിച്ചോതുന്നവയാണ്. ഇമാം ഇബ്നു കഥീർ, ഇമാം ദഹബി, ഇമാം ഇബ്നുൽ ഖയ്യിം തുടങ്ങി പ്രഗത്ഭരായ ഒരു വലിയ നിര തന്നെയുണ്ട് അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ.

“അൽഅഖീദത്തുൽ വാസിത്വിയ്യ” എന്ന ഈ രചനയുടെ പരിഭാഷ എന്റെ പിതാവ് ഉമർ മൗലവി തയ്യാറാക്കുന്നത് ഹിജ്റ വർഷം 1377-ലാണെന്ന് മനസ്സിലാകുന്നു. സൗദിഅറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശൈഖ് അബ്ദുസ്സമദ് കാതിബ് (കെ.എം.മൗലവിയുടെ മകൻ), ശൈഖ് സഅദുദ്ധീൻ മൗലവി (അദ്ദേഹത്തിന്റെ മകളുടെ ഭർത്താവാണ് മദീനയിലെ ഡോ.അശറഫ് മൗലവി) എന്നിവരോടൊത്ത് അവിടെ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലമാണത്. അന്നാണ് തിരൂരങ്ങാടിയിൽ ഇതിന്റെ പ്രഥമപ്രസാധനം നിർവ്വഹിക്കപ്പെടുന്നത്.

1955-ൽ തർജുമാനുൽ ഖുർആൻ (ഉപ്പ് എഴുതി കെ.എം.മൗലവി പരിശോധിച്ച ഖുർആൻ വ്യാഖ്യാനം) അറബിമലയാളത്തിൽ ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ പഴയകാല സലഫീ പണ്ഡിതൻമാർ
സമുദായത്തെ സന്മാർഗത്തിലേക്ക് നയിക്കാൻ ബദ്ധശ്രദ്ധരായിരുന്നു എന്നതാണത്. കാലത്തിന് മുമ്പേ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാൻമാരാണവർ. തൗഹീദുർ റുബൂബിയ്യത്തും തൗഹീദുൽ ഉലൂഹിയത്തും എന്തുമാത്രം പ്രാധാന്യത്തോടെ കേരളത്തിലെ മുൻകാല സലഫീ പണ്ഡിതൻമാർ പഠിപ്പിച്ചുവോ അതേ പ്രാധാന്യത്തോടെ തൗഹീദുൽ അസ്മാഇവസ്സിഫാത്തും നമ്മുടെ പണ്ഡിതൻമാർ മുസ്ലിം കൈരളിയെ പഠിപ്പിച്ചു എന്നത് ഈ ഗ്രന്ഥരചന തെളിയിക്കുന്നു. ഈജിപ്തിലെ പണ്ഡിതൻമാരുമായിട്ടായിരുന്നു നമ്മുടെ മുൻകാല പണ്ഡിതൻമാർക്ക് ബന്ധമെന്നും അവരുടെ ആശയമാണ് ഇവിടെ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്നുമുള്ള ഒരു ധാരണപരക്കെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇബ്നു തെയ്മിയ്യ, ഇബ്നുഅബ്ദുൽ വഹാബ് തുടങ്ങിയ പണ്ഡിതൻമാരുടെ രചനകളുമായിട്ടായിരുന്നു അവർക്ക് ശക്തമായ ബന്ധമുണ്ടായിരുന്നത് എന്നത് വ്യക്തമാണ്. സൗദി അറേബ്യയിലും മറ്റുമുള്ള പണ്ഡിതൻമാരുടെ സലഫീ അഖീദയും ആശയങ്ങളുമാണ് അവർ ഇവിടെ പ്രചരിപ്പിച്ചിരുന്നത് എന്ന് ഈ കൃതി വ്യക്തമാക്കുന്നു.

അരനൂറ്റാണ്ടിനുശേഷം ഈ ഗ്രന്ഥത്തിന്റെ പഴയ അറബിമലയാള പരിഭാഷ കണ്ടെത്തി വീണ്ടും കൈരളിക്ക് സമ്മാനിക്കുന്ന സൽകർമത്തിൽ സഹകരിക്കുകയും സഹായിക്കുകയും ചെയ്തവർക്കെല്ലാം റബ്ബുൽ ആലമീൻ
അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു.

മുബാറക് ബിൻ ഉമർ
തിരൂർക്കാട്

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 8

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 8

സ്വീകരിക്കപ്പെടുന്ന കര്‍മങ്ങള്‍ രണ്ടുവിധമുണ്ട്:

1) നമസ്‌കാരവും മറ്റു സല്‍കര്‍മങ്ങളുമൊക്കെ അനുഷ്ഠിക്കുമ്പോള്‍ അയാളുടെ ഹൃദയം അല്ലാഹുവുമായി ബന്ധപ്പെട്ടിരിക്കുകയും നിരന്തരമായി അല്ലാഹുവിനെ കുറിച്ചുള്ള ബോധത്തിലും സ്മരണയിലും (ദിക്ര്‍) ആയിരിക്കുകയും ചെയ്യും. ഈ അടിമയുടെ കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അവന്റെ നേരെ നില്‍ക്കുകയും അല്ലാഹു അതിലേക്ക് (കാരുണ്യത്തിന്റെ തിരു നോട്ടം) നോക്കുകയും ചെയ്യും. അങ്ങനെ അല്ലാഹു അതിലേക്ക് നോക്കിയാല്‍ അത് അവന്റ ‘വജ്ഹ്’ ഉദ്ദേശിച്ചുകൊണ്ട് നിഷ്‌കളങ്കമായി ചെയ്തതാണെന്നും ഒരു നിഷ്‌കളങ്കനും അല്ലാഹുവിനെ സ്‌നേഹിക്കുന്നവനും അവനിലേക്ക് സാമിപ്യം ആഗ്രഹിക്കുകയും ചെയ്യുന്നവന്റെ നല്ല ഹൃദയത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാഹു കാണും. അല്ലാഹു അതിനെ ഇഷ്ടപ്പെടുകയും തൃപ്തി രേഖപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യും.

2. രണ്ടാമത്തെ ഇനം ഒരാള്‍ സല്‍കര്‍മങ്ങളും ആരാധനകളും കേവലമായ പതിവുകളെന്ന നിലയിലും അശ്രദ്ധയിലും ചെയ്യുന്ന രീതിയാണ്. അയാള്‍ അതിലൂടെ അല്ലാഹുവിന് വഴിപ്പെടലും അവനിലേക്കുള്ള സാമീപ്യവുമൊക്കെ ആഗ്രഹിക്കുന്നുണ്ട്. അയാളുടെ അവയവങ്ങള്‍ അതില്‍ വ്യാപൃതമാണ്. എന്നാല്‍ ഹൃദയമാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നും (ദിക്ര്‍) അശ്രദ്ധമാണ്. നമസ്‌കാരത്തിന്റെ മാത്രമല്ല, അയാളുടെ മറ്റു കര്‍മങ്ങളുടെയും സ്ഥിതി ഇതുപോലെ തന്നെയാണ്. ഇയാളുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ അവ അവന്റെ നേരെ നില്‍ക്കുകയില്ല. അല്ലാഹുവിന്റെ കാരുണ്യത്താലുള്ള തിരുനോട്ടം അതിനു ലഭിക്കുകയില്ല. മറിച്ച് കര്‍മങ്ങളുടെ ഏടുകള്‍ വെക്കുന്നത് പോലെ അത് ഒരിടത്ത് വെക്കപ്പെടും. എന്നിട്ടു അന്ത്യനാളില്‍ അത് കൊണ്ടുവരികയും വേര്‍തിരിക്കപ്പെടുകയും ചെയ്യും. അതില്‍നിന്ന് അല്ലാഹുവിനായി ചെയ്തതിനു പ്രതിഫലം നല്‍കുകയും അവന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്തവ തിരസ്‌കരിക്കപ്പെടുകയും ചെയ്യും.

ഇദ്ദേഹത്തിന്റെ കര്‍മങ്ങളെ സ്വീകരിച്ചത് അല്ലാഹുവിന്റെ സൃഷ്ടികളില്‍പ്പെട്ട സ്വര്‍ഗിയ കൊട്ടാരങ്ങള്‍, അന്നപാനീയങ്ങള്‍, ഹൂറികള്‍ മുതലായവ നല്‍കിക്കൊണ്ടാണെങ്കില്‍; ആദ്യത്തെ ആള്‍ക്കുള്ള പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ തൃപ്തിയും ആ കര്‍മത്തെയും കര്‍മം ചെയ്തയാളെയും അല്ലാഹു സ്‌നേഹിക്കുകയും തന്നിലേക്ക് അടുപ്പിക്കുകയും അദ്ദേഹത്തിന്റെ പദവിയും സ്ഥാനവും ഉയര്‍ത്തുകയുമൊക്കെ ചെയ്തുകൊണ്ടായിരിക്കും. അദ്ദേഹത്തിനു കണക്കറ്റ പാരിതോഷികങ്ങള്‍ അല്ലാഹു നല്‍കും. ഇത് ഒന്നാണെങ്കില്‍ മറ്റേത് വേറെയൊന്നാണ്.

മനുഷ്യര്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ അഞ്ചു പദവികളിലാണ്:

1) സ്വന്തത്തോട് അന്യായം പ്രവര്‍ത്തിച്ച, കര്‍മങ്ങളില്‍ വീഴ്ചവരുത്തിയവന്റെത്. അതായത് വുദൂഇലും നമസ്‌കാരസമയത്തിലും അതിന്റെ നിയമ നിര്‍ദേശങ്ങളുടെ അതിര്‍വരമ്പുകളിലും പ്രധാനകര്‍മങ്ങളിലുമൊക്കെ വേണ്ടത്ര സൂക്ഷ്മതയില്ലാതെ വീഴ്ച വരുത്തിയവര്‍.

2) നമസ്‌കാരത്തിന്റെ സമയം, അതിന്റെ നിയമനിര്‍ദേശങ്ങളിലും അതിര്‍വരമ്പുകളിലും അതിന്റെ ബഹ്യമായകര്‍മങ്ങളിലും വുദൂഇലുമൊക്കെ ശ്രദ്ധിക്കുകയും ദേഹച്ഛകളെയും ദുര്‍ബോധനങ്ങളെയും പ്രതിരോധിച്ച് അതിജയിക്കാന്‍ സാധിക്കാതെ മറ്റു ചിന്തകളുടെയും വസ്‌വാസുകളുടെയും പിന്നാലെ പോയവര്‍. അഥവാ പ്രസ്തുത ‘ജിഹാദില്‍’ വീഴ്ച വരുത്തിയവര്‍.

3) നമസ്‌കാരത്തിന്റെ കര്‍മങ്ങളിലും അവയുടെ അതിര്‍വരമ്പുകളിലുമെല്ലാം സൂക്ഷ്മത പാലിച്ചും ശ്രദ്ധപുലര്‍ത്തിയും ‘വസ്‌വാസു’കളെയും മറ്റു ചിന്തകളെയും പ്രതിരോധിച്ചും തന്റെ ശത്രുവുമായുള്ള പോരാട്ടത്തില്‍ വ്യാപൃതനായി, തന്റെ ആരാധനയുടെ യാതൊന്നും ആ ശത്രു അപഹരിച്ചു കൊണ്ടുപോകാതിരിക്കാനായി പാടുപെടുന്നവര്‍. അവര്‍ നമസ്‌കാരത്തിലും അതോടൊപ്പം പോരാട്ടത്തിലുമാണ്.

4) നമസ്‌കരിക്കാന്‍ നിന്നാല്‍ അതിന്റെ ബാധ്യതകളും അതിന്റെ കര്‍മങ്ങളും അതിര്‍വരമ്പുകളുമൊക്കെ ശ്രദ്ധിച്ചു പൂര്‍ത്തികരിച്ചു നിര്‍വഹിക്കുകയും തന്റെ ഹൃദയം ആരാധനയുടെ ബാധ്യതകളും അതിര്‍വരമ്പുകളും ശ്രദ്ധിക്കുന്നതില്‍ പൂര്‍ണമായി മുഴുകുകയും അതില്‍നിന്ന് യാതൊന്നും പാഴായിപ്പോകാതിരിക്കാന്‍ ബദ്ധശ്രദ്ധ കാണിക്കുകയും ചെയ്യുന്നവര്‍. അവരുടെ മുഖ്യമായ ശ്രദ്ധ പ്രസ്തുത ഇബാദത്ത് ഏറ്റവും പരിപൂര്‍ണമായി ഏങ്ങനെ നിര്‍വഹിക്കാമെന്നതിലാണ്. നമസ്‌കാരത്തിന്റ ഗൗരവവും റബ്ബിനോടുള്ള കീഴ്‌പെടലിന്റെ മഹത്ത്വവുമൊക്കെയാണ് അവരുടെ ഹൃദയം നിറയെ ഉള്ളത്.

5) നമസ്‌കരിക്കാന്‍ നിന്നാല്‍ മേല്‍പറഞ്ഞത് പോലെ നില്‍ക്കുകയും അതോടൊപ്പം തന്റെ ഹൃദയത്തെ എടുത്ത് റബ്ബിന് മുമ്പില്‍ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ട് തന്റെ ഹൃദയത്തിലൂടെ റബ്ബിനെ നോക്കിയും അവനെ ശ്രദ്ധിച്ചും സൂക്ഷിച്ചും അവനോടുള്ള സ്‌നേഹ ബഹുമാനാദരുവുകളാല്‍ ഹൃദയം നിറച്ചും റബ്ബിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യുന്നവനെപ്പോലെ നമസ്‌ക്കരിക്കുന്നവര്‍. മനസ്സിന്റെ ദുഷ് പ്രേരണകളും മറ്റു തോന്നലുകളും ചിന്തകളുമൊക്കെ അവരില്‍നിന്ന് ഓടിയൊളിക്കും. അവര്‍ക്കും പടച്ച റബ്ബിനുമിടയിലുള്ള മറകളെല്ലാം നീങ്ങിപ്പോയതുപോലെയുണ്ടാകും. ഇവരും മറ്റുള്ളവരും തമ്മില്‍ നമസ്‌കാരത്തിന്റെ കാര്യത്തിലുള്ള അന്തരം ആകാശഭൂമികളെക്കാള്‍ വലുതായിരിക്കും. ഇവര്‍ തങ്ങളുടെ നമസ്‌കാരങ്ങളില്‍ പടച്ചറബ്ബുമായി വ്യാപൃതരാവുകയും നമസ്‌കാരത്തിലൂടെ കണ്‍കുളിര്‍മ അനുഭവിക്കുകയും ചെയ്യുന്നവരാണ്.

ഒന്നാമത്തെ വിഭാഗം ശിക്ഷാര്‍ഹരാണ്. രണ്ടാമത്തെ വിഭാഗം വിചാരണ ചെയ്യപ്പെടുന്നവരും മൂന്നാമത്തെ വിഭാഗം പൊറുക്കപ്പെടുന്നവരും നാലാമത്തെ വിഭാഗം പ്രതിഫലാര്‍ഹരുമാണ്. അഞ്ചാമത്തെ വിഭാഗമാകട്ടെ, അല്ലാഹുവിലേക്ക് ഏറെ സാമീപ്യം സിദ്ധിച്ചവരും. കാരണം അവര്‍ക്ക് നമസ്‌കാരത്തില്‍ കണ്‍കുളിര്‍മയേകപ്പെട്ട നബി ﷺ യോട് സദൃശ്യമായ ഒരു വിഹിതമുണ്ട്. ദുന്‍യാവില്‍വെച്ച് നമസ്‌കാരത്തിലൂടെ ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ ലഭിക്കുന്നുവെങ്കില്‍ പരലോകത്ത് അല്ലാഹുവിനോടുള്ള സാമീപ്യത്താല്‍ തീര്‍ച്ചയായും അവര്‍ക്കും കണ്‍കുളിര്‍മ ലഭിക്കുന്നതാണ്. പടച്ചവനെക്കൊണ്ടും അവരുടെ കണ്ണ് ദുനിയാവില്‍ കുളിര്‍ക്കും. അല്ലാഹുവിനെക്കൊണ്ട് ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ നേടാനായാല്‍ അയാളിലൂടെ എല്ലാ കണ്ണുകള്‍ക്കും കുളിര്‍മ ലഭിക്കും. എന്നാല്‍ അല്ലാഹുവിനെക്കൊണ്ട് കണ്‍കുളിര്‍മ നേടാന്‍ കഴിയാത്തവരാകട്ടെ, അവര്‍ക്ക് ദുന്‍യാവിനോടുള്ള ഖേദത്താല്‍ ശ്വാസം അവസാനിപ്പിക്കേണ്ടി വരും.

ഒരു അടിമ അല്ലാഹുവിന്റെ മുമ്പില്‍ നമസ്‌കാരത്തതിനായി നിന്നാല്‍ അല്ലാഹു ഇപ്രകാരം പറയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ‘എന്റെയും എന്റെ അടിമയുടെയും ഇടയിലുള്ള എല്ലാ മറകളും നീക്കുക.’ എന്നാല്‍ അയാള്‍ അല്ലാഹുവില്‍നിന്ന് തിരിഞ്ഞാല്‍ ആ മറകള്‍ താഴ്ത്തിയിടാന്‍ പറയുമത്രെ!

ഈ തിരിയല്‍കൊണ്ടുള്ള വിവക്ഷ അല്ലാഹുവില്‍നിന്ന് മറ്റു വല്ലതിലേക്കും മനസ്സ് തിരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം. അങ്ങനെ മറ്റു വല്ലതിലേക്കും ശ്രദ്ധതിരിക്കുമ്പോള്‍ അല്ലാഹുവിന്റെയും അയാളുടെയും ഇടയില്‍ മറയിടുകയും പിശാച് കടന്നുവരികയും ചെയ്യും. പിന്നെ ദുന്‍യാവിന്റെ പല കാര്യങ്ങളും അയാള്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുക്കും; ഒരു കണ്ണാടിയില്‍ കാണുന്നത് പോലെ അയാള്‍ക്ക് മുമ്പില്‍ കാണിക്കും. എന്നാല്‍ തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മുന്നിടാന്‍ അയാള്‍ക്ക് കഴിയുകയും മറ്റൊന്നിലേക്കും തിരിയാതിരിക്കുകയും ചെയ്താല്‍ പിശാചിന് അയാള്‍ക്കും അല്ലാഹുവിനുമിടയില്‍ നിലയുറപ്പിക്കാന്‍ സാധിക്കുകയില്ല. പിശാച് ഇടയില്‍ കയറിക്കൂടുന്നത് പ്രസ്തുത മറയുണ്ടാവുമ്പോള്‍ മാത്രമാണ്. മറിച്ച് അല്ലാഹുവിലേക്ക് ഓടിച്ചെല്ലുകയും തന്റെ ഹൃദയത്തെ സമര്‍പ്പിക്കുകയും ചെയ്താല്‍ പിശാച് ഓടിയകലും. എന്നിട്ട് അല്ലാഹുവില്‍നിന്ന് മുഖം തിരിച്ചാല്‍ പിശാച് ഓടിയെത്തും. നമസ്‌കാരത്തില്‍ പ്രവേശിച്ച ഏതൊരാളുടെ അവസ്ഥയും തന്റെ ശത്രുവായ പിശാചിന്റെ സ്ഥിതിയും ഇതാണ്!

ഒരാള്‍ക്ക് തന്റെ ദേഹേച്ഛയെയും മറ്റു ആഗ്രഹങ്ങളെയും കീഴ്‌പ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമാണ് നമസ്‌കാരത്തില്‍ ശ്രദ്ധയൂന്നുവാനും റബ്ബുമായി കൂടുതല്‍ അടുത്തുകൊണ്ട് അതില്‍ മുഴുകുവാനും സാധിക്കുക. അല്ലാതെ ആഗ്രഹങ്ങള്‍ കീഴ്‌പ്പെടുത്തുകയും ദേഹേച്ഛ ബന്ധനസ്ഥനാക്കുകയും ചെയ്ത ഹൃദയമാണെങ്കില്‍ പിശാച് തനിക്ക് സൗകര്യപ്രദമായ ഒരു ഇടം അവിടെ കണ്ടെത്തി അടയിരിക്കും. പിന്നെ എങ്ങനെയാണ് ‘വസ്‌വാസു’കളില്‍നിന്നും മറ്റു ചിന്തകളില്‍നിന്നും രക്ഷപ്പെടാനാവുക?

ഹൃദയങ്ങള്‍ അഥവാ മനസ്സുകള്‍ മൂന്നുവിധമാണ്:

1. ഈമാനില്‍നിന്നും സര്‍വ നന്മകളില്‍നിന്നും മുക്തമായ ഹൃദയം. അത് ഇരുള്‍മുറ്റിയ ഹൃദയമാണ്. അതിലേക്ക് ‘വസ്‌വാസുകള്‍’ ഇട്ടുതരാന്‍ പിശാചിന് എളുപ്പമാണ്. കാരണം അത്തരം മനസ്സുകളെ പിശാച് തന്റെ താവളവും സ്വദേശവുമാക്കി താനുദ്ദേശിക്കുന്നത് നടപ്പിലാക്കും. പിശാചിന് പൂര്‍ണമായും സൗകര്യപ്പെട്ട രുപത്തിലായിരിക്കും അത്.

2. ഈമാനിന്റെ പ്രകാശംകൊണ്ട് പ്രശോഭിതമാവുകയും അതിന്റെ വിളക്കുകള്‍ കത്തിച്ചുവെക്കുകയും ചെയ്ത ഹൃദയമാണ് രണ്ടാമത്തെത്. അതിന്മേല്‍ ദേഹച്ഛകളുടെ കൊടുങ്കാറ്റുകളും ആഗ്രഹങ്ങളുടെ ഇരുട്ടും അടിക്കുന്നുണ്ട്. പിശാച് അവിടെ വരികയും പോവുകയും ചെയ്യുന്നു. പലതരം വ്യാമോഹങ്ങളുമായി അവിടെയവിടെയെല്ലാം ചുറ്റിക്കറങ്ങുന്നുമുണ്ട്. പിശാചുമായുള്ള പോരാട്ടങ്ങളില്‍ ചിലപ്പോള്‍ വിജയവും മറ്റു ചിലപ്പോള്‍ പരാജയവുമായി അവസ്ഥകള്‍ മാറിമറിയുന്നു. ചിലരുടെതില്‍ ശത്രുവിന്റെ വിജയങ്ങളാണ് കൂടുതല്ലെങ്കില്‍ വേറെ ചിലരുടെതില്‍ ശത്രുവിന്റെ വിജയത്തിനു എണ്ണക്കുറവായിരിക്കും. മറ്റു ചിലരുടെതില്‍ സമാസമമായിരിക്കും.

3. ഈമാന്‍കൊണ്ട് നിറഞ്ഞതാണ് മൂന്നാമത്തെ ഹൃദയം. ഈമാനിന്റെ പ്രകാശംകൊണ്ട് പ്രഭപരത്തിയ ഹൃദയത്തില്‍നിന്ന് ദേഹേച്ഛകളുടെയും ആഗ്രഹങ്ങളുടെയും കരിമ്പടങ്ങള്‍ നീങ്ങിപ്പോയിട്ടുണ്ട്. കൂരിരുട്ടുകളെയെല്ലാം അതില്‍നിന്നും നീക്കി ആ പ്രകാശം ഗരിമയോടെ തെളിഞ്ഞ് ജ്വലിച്ചു നില്‍ക്കുന്നു! വസ്‌വാസുകള്‍ അതിന്റെ അടുത്തേക്ക് ചെന്നാല്‍ കത്തിക്കരിഞ്ഞുപോകും. നക്ഷത്രങ്ങളാല്‍ സുരക്ഷാവലയം സൃഷ്ടിക്കപ്പെട്ട ആകാശത്തെ പോലെയാണത്. അവിടേക്ക് കട്ടുകേള്‍ക്കാനായി പിശാച് ചെന്നാല്‍ തീജ്വാലകള്‍കൊണ്ട് എറിഞ്ഞാട്ടുന്നത് പോലെ.

 സത്യവിശ്വാസിയെക്കാള്‍ പവിത്രത കൂടുതലുള്ളതൊന്നുമല്ല ആകാശം. അതിനാല്‍ ആകാശത്തിന് ഏര്‍പ്പെടുത്തിയതിനെക്കാള്‍ ശക്തവും സമ്പൂര്‍ണവുമായ അല്ലാഹുവിന്റെ സുരക്ഷ സത്യവിശ്വസിക്കുണ്ടാകും. വാനലോകം മലക്കുകളുടെ ആരാധനാസ്ഥലവും ദിവ്യസന്ദേശത്തിന്റെ കേന്ദ്രവുമാണ്. അവിടെ അനുസരണങ്ങളുടെ നിരവധി പ്രകാശങ്ങളുണ്ട്. സത്യവിശ്വാസിയുടെ ഹൃദയമാകട്ടെ തൗഹീദിന്റെ(ഏകദൈവ വിശ്വാസത്തിന്റെ)യും സ്‌നേഹത്തിന്റെയും അറിവിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ്. അതില്‍ അവയുടെയെല്ലാം അനേകം പ്രകാശങ്ങളുണ്ട്. അതിനാല്‍ ശത്രുവിന്റെ കെണികളില്‍നിന്നും കുതന്ത്രങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടാന്‍ അത് ഏറ്റവും അര്‍ഹമാണ്. അവിടെനിന്ന് വല്ലതും തട്ടിയെടുക്കാന്‍ ശത്രുവിന് പെട്ടെന്ന് നിഷ്പ്രയാസം സാധിക്കുകയില്ല.

അതിനു നല്ലൊരു ഉപമ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് മൂന്നു വീടുകള്‍; ഒരു വീട് രാജാവിന്റെതാണ്. അതില്‍ രാജാവിന്റെ നിധികളും സൂക്ഷിപ്പു സ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. മറ്റൊരു വീട് ഒരു ഭൃത്യന്റെതാണ്. അതില്‍ അയാളുടെ നിധികളും സൂക്ഷിപ്പുസ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. രാജാവിന്റ രത്‌നങ്ങളോ സൂക്ഷിപ്പുസ്വത്തുക്കളോ പോലെയുള്ളതൊന്നും അവിടെയില്ല. മൂന്നാമത്തെ വീട് ഒന്നുമില്ലാത്ത, ശുന്യമായ ഒന്നാണ്. അങ്ങനെ ഈ മൂന്നുവീടുകളില്‍ ഏതെങ്കിലും ഒന്നില്‍ കയറി മോഷ്ടിക്കാനായി ഒരു കള്ളന്‍ വന്നു. എങ്കില്‍ ഏത് വീട്ടില്‍നിന്നായിരിക്കും അയാള്‍ മോഷ്ടിക്കുക?

മൂന്നാമത്തെ ഒന്നുമില്ലാത്ത വീട്ടില്‍നിന്ന് എന്നാണ് നീ പറയുന്നതെങ്കില്‍ അതൊരിക്കലും ശരിയല്ല. കാരണം ഒന്നുമില്ലാത്ത, ശൂന്യമായ വീട്ടില്‍നിന്ന് എന്താണ് മോഷ്ടിക്കാന്‍ പറ്റുക? ഇബ്‌നു അബ്ബാസ്(റ)വിനോട് ഇപ്രകാരം പറയപ്പെട്ടു: ‘ജൂതന്‍മാര്‍ പറയുന്നു; അവരുടെ പ്രാര്‍ഥനകളില്‍ പിശാച് വസ് വാസുണ്ടാക്കാറില്ലെന്ന്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ: ‘പൊളിഞ്ഞു ഫലശൂന്യമായി കിടക്കുന്ന ഹൃദയത്തില്‍ പിശാച് എന്ത് ചെയ്യാനാണ്?’ (അഹ്മദ് ‘സുഹ്ദി’ലും അബൂനുഐം ‘ഹില്‍യ’യിലും അലാ ഉബ്‌നു സിയാദില്‍നിന്നും ഇതിനോട് സമാനമായ ഒന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇബ്‌നു അബ്ബാസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല- കുറിപ്പുകാരന്‍).

 രാജാവിന്റെ വീട്ടില്‍നിന്നുമായിരിക്കും അവന്‍ മോഷ്ടിക്കുക എന്നാണ് നീ പറയുന്നതെങ്കില്‍ അതും ആസംഭവ്യമാണ്, നടക്കാന്‍ പോകുന്നതല്ല. കാരണം കള്ളന്മാര്‍ക്ക് അടുക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അവിടെ സുരക്ഷാ ക്രമീകരണങ്ങളും പട്ടാളക്കാരും കാവല്‍ക്കാരും ഒക്കെ ഉണ്ടാവും. രാജാവ് തന്നെയാണ് അതിന്റെ കാവല്‍ക്കാരനെങ്കിലോ എങ്ങനെയായിരിക്കും അതിന്റെ അവസ്ഥ? രാജാവിനു ചുറ്റും കാവല്‍ക്കാരും പട്ടാളവും ഒക്കെ ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് കള്ളന് അവിടേക്ക് അടുക്കാന്‍ പറ്റുക?

അപ്പോള്‍ പിന്നെ കള്ളന് കയറാന്‍, ശേഷിക്കുന്ന മൂന്നാമത്തെ വീടല്ലാതെ വേറെ ഒരിടവുമില്ല. അങ്ങനെ കള്ളന്‍ അതിനെതിരിലായിരിക്കും തന്റെ ആക്രമണങ്ങള്‍ അഴിച്ചുവിടുക. ബുദ്ധിയുള്ളവര്‍ ഈ ഉദാഹരണം ശരിയാംവണ്ണം ചിന്തിച്ചു ഗ്രഹിക്കട്ടെ! എന്നിട്ട് അതിനെ ഹൃദയങ്ങളുമായി തട്ടിച്ചുനോക്കട്ടെ! തീര്‍ച്ചയായും ഹൃദയങ്ങള്‍ ഇതുപോലെതന്നെയാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.

സര്‍വ നന്മകളില്‍നിന്നും ഒഴിവായ ഹൃദയമെന്നത് സത്യനിഷേധിയുടെയും കപടവിശ്വാസിയുടെയും ഹൃദയമാണ്. അതത്രെ പിശാചിന്റെ ഭവനം! അതിനെ പിശാച് സ്വന്തമാക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. അതിനെ തന്റെ ആസ്ഥാനവും താമസസ്ഥലവുമാക്കിയ പിശാചിന് അതില്‍നിന്ന് എന്ത് മോഷ്ടിക്കാനാണ്? അതിലാണ് അവന്റെ ഖജനാവും സൂക്ഷിപ്പു സ്വത്തുക്കളും അവന്റെ ആശയക്കുഴപ്പങ്ങളും ഭാവനകളും ദുഷ്‌പ്രേരണകളുമെല്ലാം!

എന്നാല്‍ പടച്ചറബ്ബിനോടുള്ള ആദരവും ബഹുമാനവും സ്‌നേഹവുംകൊണ്ടും അവന്റെ നിരീക്ഷണത്തെ കുറിച്ചുള്ള ബോധത്താലും അവനോടുള്ള ലജ്ജ കാരണത്താലും ഹൃദയം നിറഞ്ഞ വ്യക്തിയുടെ കാര്യം; ഏത് പിശാചാണ് ആ ഹൃദയത്തിനുനേരെ കയ്യേറ്റത്തിനു ധൈര്യപ്പെടുക? അവിടെ നിന്ന് വല്ലതും മോഷ്ടിച്ചെടുക്കാന്‍ അവനുദ്ദേശിച്ചാല്‍ തന്നെ അവനെന്താണ് മോഷ്ടിക്കുക? പിന്നെ പരമാവധി അവനു ചെയ്യാനാവുക, ആ വ്യക്തിയുടെ ക്ഷീണത്തിന്റെയും അശ്രദ്ധയുടെയുമൊക്കെ ചില നേരങ്ങള്‍ മുതലാക്കുക എന്നത് മാത്രമാണ്. മനുഷ്യനെന്നുള്ള നിലയില്‍ അത്തരം സംഗതികള്‍ അനിവാര്യമാണല്ലോ. അതിനാല്‍ മാനുഷികമായ മറവി, അശ്രദ്ധ, പ്രകൃതി സംബന്ധമായ കാര്യങ്ങള്‍ പോലുള്ളവ അദ്ദേഹത്തിന്റെ കാര്യത്തിലും ഉണ്ടാവുന്നതാണ്.

‘സത്യവിശ്വാസിയായ എന്റെ അടിമയുടെ ഹൃദയത്തിനല്ലാതെ എന്നെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലത ആകാശത്തിനോ ഭൂമിക്കോ ഇല്ല’ എന്ന ചില റിപ്പോര്‍ട്ടുകള്‍ മുന്‍വേദങ്ങളിലുള്ളതായി വഹബ് ബ്‌നുല്‍ മുനബ്ബിഹ്(റ) പറഞ്ഞുവെന്നു പറയപ്പെടുന്നു’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ, മജ്മൂഉ ഫതാവ 18/122,376, പേജുകള്‍).

ഇത് ഇസ്‌റാഈലിയാത്തുകളില്‍ പെട്ടതാണ്. നബി ﷺ യില്‍നിന്നും സ്വികാര്യയോഗ്യമായ ഒരു പരമ്പരപോലും അതിനില്ല. ഹാഫിദുല്‍ ഇറാഖിയും അതിനു യാതൊരു അടിസ്ഥാനവുമുള്ളതായി അറിയില്ലെന്ന് പ്രസ്താവിക്കുന്നു (അല്‍മുഗ്‌നി അന്‍ ഹംലില്‍ അസ്ഫാര്‍ 2/713).

മറ്റൊരു ഹൃദയത്തിലാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനവും അവനോടുള്ള സ്‌നേഹവും തൗഹീദും ഈമാനും അവന്റെ വാഗ്ദാനങ്ങളിലും താക്കീതുകളിലും ഒക്കെയുള്ള വിശ്വാസവും അവയെല്ലാം സത്യമാണെന്ന ബോധവുമാണ്. അതോടൊപ്പം ദേഹേച്ഛകളും അതിന്റെതായ സ്വഭാവങ്ങളും പ്രകൃതങ്ങളും അതിലുണ്ട്. (തുടരും)

ശമീര്‍ മദീനി

നേർപഥം