അഹ്‌സാബ് യുദ്ധം

അഹ്‌സാബ് യുദ്ധം

(മുഹമ്മദ് നബി ﷺ : 49)

ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധം കഴിഞ്ഞതിന് ശേഷം നടന്ന യുദ്ധമായിരുന്നു ഖന്തക്വ് യുദ്ധം അഥവാ അഹ്‌സാബ് യുദ്ധം. ഈ യുദ്ധത്തിന് അഹ്‌സാബ് യുദ്ധം എന്നും ഖന്തക്വ് യുദ്ധം എന്നും പേരുണ്ട്.

അറബികള്‍ക്ക് മുമ്പ് പരിചയമില്ലാത്ത ഒരു യുദ്ധതന്ത്രം ശത്രുക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ ഈ യുദ്ധത്തില്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ശത്രുക്കള്‍ കടന്നുവരുന്ന ഭാഗത്ത് വളരെ വീതിയുള്ളതും ആഴം കൂടിയതുമായ കിടങ്ങ് മുസ്‌ലിംകള്‍ കുഴിക്കുകയുണ്ടായി. കിടങ്ങിന് അറബിയില്‍ പറയുന്നത് ‘ഖന്തക്വ്’ എന്നാണ്. അങ്ങനെയാണ് ‘ഖന്തക്വ് യുദ്ധം’ എന്ന് ഈ യുദ്ധത്തിന് പേര് വന്നത്. വിശുദ്ധ ക്വുര്‍ആനില്‍ ‘അഹ്‌സാബ്’ പേരില്‍ ഒരു അധ്യായംതന്നെയുണ്ട്. ‘സഖ്യകക്ഷികള്‍’ എന്നാണ് ‘അഹ്‌സാബ്’ എന്നതിന്റെ അര്‍ഥം. മുസ്‌ലിംകള്‍ക്ക് എതിരില്‍ യഹൂദികളും അറേബ്യന്‍ കാഫിറുകളും മുശ്‌രിക്കുകളും മറ്റു ഗോത്രങ്ങളും എല്ലാവരും ഉള്‍കൊള്ളുന്ന ഒരു വലിയ സഖ്യസേന രൂപംകൊണ്ടു. ഇങ്ങനെ ധാരാളം കക്ഷികള്‍ പങ്കെടുത്ത യുദ്ധമായതിനാലാണ് അഹ്‌സാബ് യുദ്ധം എന്നും ഇതിന് പേര് വന്നത്.

ഈ യുദ്ധം നടക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു? മദീനയില്‍നിന്നും ബനൂനദീര്‍ ഗോത്രക്കാരായ ജൂതന്മാരെ പുറത്താക്കുകയുണ്ടായല്ലോ. അതിന്റെ രോഷം അവരുടെ മനസ്സില്‍ ഒരു കുടിപ്പകയായി നിലകൊള്ളുന്നുണ്ടായിരുന്നു. അങ്ങനെ അവര്‍ മുസ്‌ലിംകള്‍ക്ക് എതിരില്‍ തക്കം കിട്ടിയാല്‍ പോരാടാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. അന്ന് മക്കയില്‍ ഉണ്ടായിരുന്ന വ്യത്യസ്ത അറബ് ഗോത്രങ്ങള്‍ക്കെല്ലാം മുസ്‌ലിംകളോട് ശത്രുതയും എതിര്‍പ്പും ഉണ്ടായിരുന്നതിനാല്‍ യഹൂദികള്‍ അവരുടെ എക്കാലത്തെയും കുടില തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ മക്കയിലേക്ക് എത്തി. അവിടെയുള്ള ഓരോ ഗോത്രക്കാരെയും അവര്‍ കണ്ടു. അവരെ മുസ്‌ലിംകളോട് ഒരു യുദ്ധത്തിന് പ്രേരിപ്പിച്ചു. മക്കയില്‍ നിന്നും നിങ്ങള്‍ ആട്ടിപ്പുറത്താക്കിയ മുഹമ്മദും കൂട്ടരും മദീനിയില്‍ അടിക്കടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അവരെ ഒതുക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് മോശമല്ലേ? വാസ്തവത്തില്‍ ഞങ്ങള്‍ക്ക് മുഹമ്മദിനോടും കൂട്ടരോടും ഉള്ളതിനെക്കാള്‍ സ്‌നേഹം നിങ്ങളോടാണ്. മുഹമ്മദിന്റെയും അവന്റെ ആളുകളുടെയും എത്രയോ മുകളിലാണല്ലോ നിങ്ങള്‍…! ഇങ്ങനെയെല്ലാം പറഞ്ഞ് യഹൂദികളുടെ നേതൃത്വത്തില്‍ മുഴുവന്‍ അറബ് ഗോത്രങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ഒരു വലിയ സഖ്യ സൈന്യത്തെ രൂപപ്പെടുത്തി. അങ്ങനെ പതിനായിരത്തോളം വരുന്ന ഒരു വലിയ സൈന്യവുമായി അവര്‍ മദീനയിലേക്ക് പുറപ്പെടുകയായി.

മദീനയിലേക്ക് ഒരു വലിയ സൈന്യം പുറപ്പെടുന്ന വിവരം നബി ﷺ അറിഞ്ഞു. ഉടനെ അവിടുന്ന് പതിവുപോലെ എല്ലാവരുമായി കൂടിയാലോചന നടത്തി. പല രൂപത്തിലുള്ള ചര്‍ച്ചകളും അഭിപ്രായങ്ങളും വന്നു. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി(റ) ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പേര്‍ഷ്യക്കാര്‍ക്ക് മാത്രം അറിയുന്നതും അറബികള്‍ക്ക് ഇതുവരെ പരിചയമില്ലാത്തതുമായ ഒരു യുദ്ധതന്ത്രം അദ്ദേഹം നബി ﷺ യുമായി പങ്കുവെച്ചു. ശത്രുക്കള്‍ മദീനയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ അവരുടെ കുതിരകള്‍ക്ക് പോലും ചാടിക്കടക്കാന്‍ സാധിക്കാത്ത വിധം ഒരു വലിയ കിടങ്ങ് കുഴിക്കാം എന്നതായിരുന്നു ആ തന്ത്രം. അതുപോലെ സ്ത്രീകളെയും കുട്ടികളെയുമെല്ലാം ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാനും തീരുമാനിച്ചു. അത് മുസ്‌ലിം സൈന്യത്തിന് ആശ്വാസം പകരുമല്ലോ. സല്‍മാനുല്‍ ഫിരിസി(റ)യുടെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. അങ്ങനെ നബി ﷺ യുടെ നേതൃത്വത്തില്‍ കിടങ്ങ് കുഴിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ മദീനയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങള്‍ ഏതെല്ലാമാണെന്ന് അവര്‍ കണക്കുകൂട്ടി. ആ ഭാഗങ്ങള്‍ നബി ﷺ പല സ്വഹാബിമാര്‍ക്കായി വിഹിതം വെച്ചു. എത്ര അളവില്‍ കുഴിക്കണമെന്നും എങ്ങനെ കുഴിക്കണമെന്നുമെല്ലാം കൂടിയാലോചിച്ച് തീരുമാനിച്ചു. നബി ﷺ യും കിടങ്ങ് കുഴിക്കുന്നതിനായി ഒരു വിഹിതം ഏറ്റെടുത്തു.

ബറാഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”നബി ﷺ തന്റെ വയറ്റില്‍ പൊടി പുരളുന്നത് വരെ ഖന്തക്വ് ദിവസം മണ്ണ് കുഴിച്ചിരുന്നു. അവിടുന്ന് പറയുന്നുണ്ട്: ‘അല്ലാഹുവാണ സത്യം, അല്ലാഹുവേ, നീ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗത്തില്‍ ആകുമായിരുന്നില്ല. ഞങ്ങള്‍ ധര്‍മം ചെയ്യുന്നവരോ നമസ്‌കരിക്കുന്നവരോ ആകുമായിരുന്നില്ല. അതിനാല്‍ (അല്ലാഹുവേ,) ഞങ്ങളില്‍ നീ സമാധാനം ഇറക്കേണമേ. ഞങ്ങള്‍ (ശത്രുക്കളുമായി) കണ്ടുമുട്ടുന്ന നേരത്ത് ഞങ്ങളുടെ പാദങ്ങള്‍ നീ ഉറപ്പിക്കേണമേ. ഞങ്ങളുടെ നേരെ അതിക്രമം കാണിക്കുന്നവര്‍ (ഞങ്ങളോട്) കുഴപ്പം ആഗ്രഹിച്ചാല്‍ ഞങ്ങള്‍ (അതിനോട്) വിസമ്മതിക്കുന്നതാണ്. ഞങ്ങള്‍ വിസമ്മതിക്കുന്നതാണ്, ഞങ്ങള്‍ വിസമ്മതിക്കുന്നതാണ്, ഇത് പറയുമ്പോള്‍ നബി ﷺ ശബ്ദം ഉയര്‍ത്തുന്നുമുണ്ട്” (ബുഖാരി).

നബി ﷺ യും സ്വഹാബിമാരുടെ കൂടെ കിടങ്ങ് കുഴിക്കുകയാണ്. അദ്ദേഹത്തിന്റെ ദേഹത്ത് മണ്ണ് പുരണ്ടതുനിമിത്തം തൊലി കാണാന്‍ കഴിഞ്ഞിരുന്നില്ല. വളരെ പ്രതികൂല കാലാവസ്ഥയിലാണ് ഇത് നടക്കുന്നത്. കഠിനമായ തണുപ്പ്, ശക്തമായ കാറ്റ്, ദാരിദ്ര്യം മുതലായവ ഉള്ളതിനാല്‍ അവര്‍ ഏറെ കഷ്ടതയിലും ക്ഷീണത്തിലുമായിരുന്നു. ഏത് സമയത്തും ശത്രുക്കള്‍ കടന്നാക്രമണം നടത്തുമെന്ന ഭീതിയും അവര്‍ക്ക് ഉണ്ട്. ആ സമയത്ത് അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ) മുമ്പ് പാടിയ ചില വരികള്‍ നബി ﷺ പാടുന്നുണ്ടായിരുന്നു. ‘…ഞങ്ങളുടെ നേരെ അതിക്രമം കാണിക്കുന്നവര്‍ (ഞങ്ങളോട്) കുഴപ്പം ആഗ്രഹിച്ചാല്‍ ഞങ്ങള്‍ (അതിനോട്) വിസമ്മതിക്കുന്നതാണ്…

ഇത് കേള്‍ക്കുമ്പോള്‍ സ്വഹാബിമാര്‍ക്ക് കൂടുതല്‍ വീര്യവും ആവേശവും ലഭിക്കുന്നുണ്ടായിരുന്നു. ആവേശത്തിലായ മുഹാജിറുകളും അന്‍സ്വാറുകളുമാകുന്ന സ്വഹാബിമാരും ഇങ്ങനെ പാടി:

”’ഞങ്ങള്‍ മുഹമ്മദ് നബിയോട് കരാര്‍ ചെയ്തവരാണ്; ഞങ്ങള്‍ ബാക്കിയായിരിക്കുന്ന കാലം മുഴുവന്‍ ഇസ്‌ലാമിലായി (ജീവിച്ചിരിക്കുന്നതുമാണ്).”

ഇത് കേള്‍ക്കുന്ന സമയത്ത് അവര്‍ക്ക് മറുപടിയായി നബി ﷺ യും തിരിച്ച് ഇപ്രകാരം പാടി:

”അല്ലാഹുവേ, പരലോകത്തെ നന്മയല്ലാത്ത ഒരു നന്മയും ഇല്ല. അതിനാല്‍ അന്‍സ്വാറുകളിലും മുഹാജിറുകളിലും നീ അനുഗ്രഹം ചൊരിയേണമേ…” (ബുഖാരി).

അല്ലാഹുവിന്റെ ദീനിന് വേണ്ടി പണിയെടുക്കാന്‍ ആവേശം ലഭിക്കുന്ന വിധത്തില്‍ നബി ﷺ യും അനുചരന്മാരും ഈരടികള്‍ ചൊല്ലുകയാണ്. തണുപ്പേറിയ കാലാവസ്ഥയും വിശപ്പുമെല്ലാം അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അല്ലാഹുവിന്റെ റസൂലി ﷺ ലൂടെ അല്ലാഹു മുഅ്ജിസത്ത് (ദൈവിക ദൃഷ്ടാന്തം) പ്രകടമാക്കുന്നത്. ജാബിര്‍(റ) അതിനെ സംബന്ധിച്ച് വിവരിക്കുന്നത് കാണുക:

”ഞങ്ങള്‍ ഖന്തക്വ് ദിവസം കുഴിയെടുക്കുകയാണ്. അങ്ങനെയിരിക്കെ ഒരു പാറക്കല്ല് പ്രത്യക്ഷപ്പെടുകയുണ്ടായി. അന്നേരം അവര്‍ (സ്വഹാബിമാര്‍) നബി ﷺ യുടെ അടുത്ത് ചെന്നു. എന്നിട്ട് അവര്‍ പറഞ്ഞു: ‘കിടങ്ങില്‍ ഒരു പാറക്കല്ല് പ്രകടമായിരിക്കുന്നു.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഞാന്‍ ഇറങ്ങാം.’ പിന്നീട് നബി ﷺ എഴുന്നേറ്റു. അദ്ദേഹത്തിന്റെ വയറ്റില്‍ കല്ലു(വെച്ച്)കൊണ്ട് കെട്ടിയിട്ടുണ്ടായിരുന്നു. മൂന്ന് ദിവസങ്ങളായി ഞങ്ങള്‍ ഒന്നും രുചിക്കാതെ കഴിച്ചുകൂട്ടുകയാണ്. എന്നിട്ട് നബി ﷺ തന്റെ പിക്കാസ് എടുത്തു. എന്നിട്ട് (ആ പാറ അടിച്ചു) പൊട്ടിച്ചു. അങ്ങനെ അത് ഉതിര്‍ന്ന് ഒലിക്കുന്ന മണല്‍കൂനപോലെ ആയിമാറി. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്ക് വീട്ടിലേക്ക് (പോകാന്‍) അനുവാദം നല്‍കിയാലും.’ അങ്ങനെ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു: ‘ഞാന്‍ നബി ﷺ യില്‍ (ഒരു) കാര്യം കണ്ടിരിക്കുന്നു. അതില്‍ അവിടുത്തേക്ക് എന്ത് ക്ഷമയാണ്. നിന്റെ അടുത്ത് വല്ലതും ഉണ്ടോ?’ അവര്‍ പറഞ്ഞു: ‘(കുറച്ച്) ധാന്യവും ഒരു ചെറിയ ആടും ഉണ്ട്.’ അവള്‍ ധാന്യം പൊടിക്കുകയും (എന്നിട്ട്) ഞങ്ങള്‍ ഇറച്ചി കലത്തില്‍ ആക്കുകയും ചെയ്തു. പിന്നീട് ഞാന്‍ നബി ﷺ യെ സമീപിച്ചു. മാവ് പുളിക്കുന്നുണ്ടായിരുന്നു. (ഇറച്ചി ആക്കിയ) കലം അടുപ്പിന്‍ കല്ലിന്റെ ഇടയിലാണ്, അത് വേവാറുമായിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, നിങ്ങളും ഒന്നോ രണ്ടോ പേരും എഴുന്നേല്‍ക്കൂ.’ (റിപ്പോര്‍ട്ടര്‍ അദ്ദേഹത്തോട്) ചോദിച്ചു: ‘അത് എത്ര ആളുണ്ട്?’ അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘കുറേ ആളുകളുണ്ട്.’ നബി ﷺ പറഞ്ഞു: ‘നീ അവളോട് പറയുക; ഞാന്‍ എത്തുന്നതുവരെ റൊട്ടിയോ കലമോ അടുപ്പില്‍നിന്നും ഇറക്കരുത്.’ എന്നിട്ട് നബി ﷺ പറഞ്ഞു: ‘(എല്ലാവരും) എഴുന്നേല്‍ക്കൂ.’ അങ്ങനെ മുഹാജിറുകളും അന്‍സ്വാറുകളും എഴുന്നേറ്റു. അങ്ങനെ അദ്ദേഹം ഭാര്യയുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ‘എന്താണിത്? നബി ﷺ മുഹാജിറുകളെയും അന്‍സ്വാറുകളെയും ഒപ്പമുള്ളവരെയും കൊണ്ടുവന്നിട്ടുണ്ടല്ലോ.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘തിരക്ക് കൂട്ടാതെ എല്ലാവരും പ്രവേശിക്കുവിന്‍.’ എന്നിട്ട് അവിടുന്ന് റൊട്ടി മുറിച്ചു. അതില്‍ ഇറച്ചിയാക്കി. അടുപ്പില്‍നിന്ന് കലം എടുത്താല്‍ അത് മൂടാന്‍ (കല്‍പിച്ചു). എന്നിട്ട് അത് തന്റെ സ്വഹാബിമാരിലേക്ക് അടുപ്പിച്ചു. വിളമ്പല്‍ തുടങ്ങി. അപ്പോഴും റൊട്ടി മുറിച്ചുകൊണ്ടേയിരിക്കുകയാണ്. അവരുടെ വയറ് നിറയുന്നതുവരെ അവര്‍ വിളമ്പിക്കൊണ്ടിരിക്കുന്നുമുണ്ട്. അങ്ങനെ അത് ബാക്കിയായി. അവിടുന്ന് (അവളോട്) പറഞ്ഞു: ‘കഴിച്ചേക്കുക. തീര്‍ച്ചയായും ആളുകള്‍ വിശപ്പ് ബാധിച്ചവരാകുന്നു” (ബുഖാരി).

സ്വഹാബിമാര്‍ കിടങ്ങ് കുഴിക്കുന്ന നേരത്ത് വലിയ ഒരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. അത് പൊട്ടിക്കാന്‍ അവരെക്കൊണ്ട് സാധിക്കുന്നില്ല. അവര്‍ നബി ﷺ യെ സമീപിച്ചു. കാര്യം അവതരിപ്പിച്ചു. നബി ﷺ അവിടെ വിശ്രമിച്ചിരിക്കുകയായിരുന്നു ആ നേരം. ഉടനെ അവിടുന്ന് എഴുന്നേറ്റു. എഴുന്നേല്‍ക്കുന്ന സമയത്ത് സ്വഹാബിമാര്‍ ഒരു വല്ലാത്ത കാഴ്ച കാണുകയുണ്ടായി. വിശപ്പ് അസഹ്യമായതിനെ തുടര്‍ന്ന് നബി ﷺ തന്റെ വയറ്റത്ത് കല്ല് വെച്ച് കെട്ടിയിരിക്കുകയാണ്. നബി ﷺ യും സ്വഹാബിമാരും വിശപ്പിന്റെ കാഠിന്യത്താല്‍ നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാതെയായിരുന്നു ആ ജോലി ചെയ്തിരുന്നത്. മൂന്ന് ദിവസമായി അവര്‍ വല്ലതും കഴിച്ചിട്ട്. അത്ര വലിയ പട്ടിണിയുടെ കാലം. അങ്ങനെ ക്ഷീണത്താല്‍ ഇരിക്കുകയായിരുന്ന നബി ﷺ ആ പാറക്കല്ല് പൊട്ടിക്കാനായി തന്റെ പിക്കാസ് എടുത്ത് കിടങ്ങിലേക്ക് ഇറങ്ങി. എന്നിട്ട് തന്റെ പിക്കാസ് കൊണ്ട് അതില്‍ അടിച്ചു. അത് പൊട്ടി. അപ്പോള്‍ അത് ഉതിര്‍ന്നൊലിക്കുന്ന മണല്‍കൂന പോലെ ആയിത്തീര്‍ന്നു. അത് അല്ലാഹു പ്രവാചകനിലൂടെ വെളിവാക്കിയ ഒരു മുഅ്ജിസതായിരുന്നു. എല്ലാവരും ആഞ്ഞുകൊത്തിയിട്ടും പൊട്ടാത്ത ആ പാറക്കല്ല് നബി ﷺ തന്റെ പിക്കാസ് കൊണ്ട് കൊത്തിയപ്പോള്‍ പൊട്ടി. വളരെ കുറച്ച് പേര്‍ക്ക് മാത്രം കഴിക്കാനുള്ള മാവും ഇറച്ചിയും മാത്രമാണ് ജാബിറി(റ)ന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മുസ്‌ലിം സൈന്യത്തിലെ മുഴുവന്‍ പേരും കഴിച്ച് വിശപ്പുമാറ്റിയിട്ടും പാത്രത്തിലുണ്ടായിരുന്ന ഭക്ഷണം അതേപോലെ ബാക്കിയാവുകയും ചെയ്തു. ഇതും അല്ലാഹു തന്റെ ദൂതരിലൂടെ പ്രകടമാക്കിയ ദൃഷ്ടാന്തമായിരുന്നു.

അല്ലാഹുവിന്റെ ദീനിന് വേണ്ടി എന്തുമാത്രം ത്യാഗമാണ് നബി ﷺ യും സ്വഹാബിമാരും സഹിച്ചത്! അവര്‍ സ്വര്‍ഗം ആഗ്രഹിച്ച് അധ്വാനിച്ചു. നാം നമ്മുടെ കാര്യം ചിന്തിച്ചു നോക്കുക. വിശപ്പും ദാഹവും സഹിച്ച് അല്ലാഹുവിന്റെ ദീനിന് വേണ്ടി നാം എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പ്രയാസമുള്ളിടത്തേക്ക് പോകാന്‍ നാം തയ്യാറാകുമോ? അത്തരം സന്ദര്‍ഭങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയല്ലേ നമ്മുടെ പ്രകൃതം?

ശത്രുക്കള്‍ വ്യത്യസ്ത കക്ഷികളാണല്ലോ. അവര്‍ക്കെല്ലാം വ്യത്യസ്ത ആദര്‍ശങ്ങള്‍. പക്ഷേ, എല്ലാവരുടെയും ലക്ഷ്യം നബി ﷺ യെയും സ്വഹാബിമാരെയും നശിപ്പിക്കലാണ്. അതിനാല്‍തന്നെ മദീനയില്‍ ഉണ്ടായിരുന്ന ബനൂക്വുറയ്ദ്വ ഗോത്രവും ഈ സമയത്ത് നബി ﷺ നോട് കരാര്‍ ലംഘിച്ചു. ആ ഗോത്രക്കാര്‍ മദീനയിലെ ഔസ് ഗോത്രക്കാരുമായി കരാറിലായിരുന്നു. ഈ കരാറുകള്‍ എല്ലാം ലംഘിച്ച് പ്രവാചകനോട് കടുത്ത വഞ്ചന കാണിച്ചു യഹൂദികള്‍. അവരും ശത്രുക്കളുടെ സഖ്യ കക്ഷിയില്‍ അംഗങ്ങളായി.

സത്യത്തിനെതിരില്‍ എന്നും എല്ലാവരും ഒറ്റക്കെട്ടാണല്ലോ. ഖന്തക്വ് യുദ്ധസമയത്ത് സത്യനിഷേധികളും മുശ്‌രിക്കുകളും മുനാഫിക്വുകളും യഹൂദികളും ചേര്‍ന്ന ഒരു മഹാസഖ്യമാണ് രൂപപ്പെട്ടിരിക്കുന്നത്. മുസ്‌ലിംകള്‍ വല്ലാത്ത അവസ്ഥയിലായി. മുസ്‌ലിംകളുടെ മനസ്സില്‍ തെല്ലൊന്നുമല്ല ഇത് അമ്പരപ്പുണ്ടാക്കിയത്. ക്വുര്‍ആന്‍ അത് വിവരിക്കുന്നുണ്ട്:

”നിങ്ങളുടെ മുകള്‍ ഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു” (ക്വുര്‍ആന്‍ 33:10,11).

മദീനയുടെ കിഴക്ക് ഭാഗത്തുള്ള കുന്നിന്‍പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ് പ്രദേശത്തുള്ള താഴ്‌വരയുള്ള ഭാഗങ്ങളിലൂടെയും ശത്രുക്കള്‍ മുസ്‌ലിംകള്‍െക്കതിരില്‍ ഇരച്ചുകയറാന്‍ തയ്യാറെടുത്തു. അങ്ങനെ എല്ലാ ഭാഗത്തുനിന്നും അവര്‍ മദീനയെ വലയം ചെയ്തു. അതോടെ മുസ്‌ലിംകള്‍ പേടിച്ച് അന്താളിച്ചവരായി. ആ ഭയത്തിന്റെ ശക്തിയാണ് അല്ലാഹു ഈ വചനങ്ങളിലൂടെ ഉണര്‍ത്തുന്നത്. അല്ലാഹുവിന് വിശ്വാസികളെ പെട്ടെന്ന് സഹായിച്ചാല്‍ മതിയല്ലോ; എന്തിന് ഇങ്ങനെ സഹായം വൈകിപ്പിക്കുന്നു? ഈമാനുള്ളവരെയും ഈമാനില്ലാത്തവരെയും വേര്‍തിരിക്കുന്നതിനായി അല്ലാഹു നടത്തുന്ന ചില പരീക്ഷണങ്ങളാണ് ഇത്. അങ്ങനെ ഈമാനുള്ളവര്‍ ഉറച്ചു നില്‍ക്കും. അല്ലാത്തവര്‍ മാറി നില്‍ക്കും. അങ്ങനെ കടുത്ത പരീക്ഷണത്തിന് അവര്‍ വിധേയരായി.

പരീക്ഷണം വന്നപ്പോള്‍ ഈമാനില്ലാത്തവര്‍ ആരെന്ന് വെളിപ്പെടും വിധമായി പിന്നീട് കാര്യങ്ങള്‍. കപടവിശ്വാസികള്‍ അല്ലാഹുവിനെയും റസൂലിനെയും പഴിക്കാന്‍ തുടങ്ങി. അവര്‍ വിശ്വാസികളെ പേടിപ്പെടുത്തുന്ന രൂപത്തില്‍ പലതും പറഞ്ഞുകൊണ്ടിരിക്കുന്നു.

”നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്പറഞ്ഞുകൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം” (33:12,13).

മുനാഫിക്വുകളും ഹൃദയത്തില്‍ രോഗമുള്ളവരും അല്ലാഹുവിനെയും റസൂലിനെയും ചീത്ത പറയുവാന്‍ തുടങ്ങി: മുഹമ്മദ് എന്തെല്ലാം മോഹിപ്പിച്ചാണ് നമ്മെ ഇങ്ങോട്ട് കൊണ്ടുവന്നത്! കിസ്‌റയും കൈസറും നമുക്ക് കീഴ്‌പെടും, റോമാ സാമൃാജ്യം തകരും, നിങ്ങള്‍ക്ക് എവിടെയും സ്വാതന്ത്ര്യം ഉണ്ടാകും, അല്ലാഹു നിങ്ങള്‍ക്ക് വിജയം നല്‍കും, ഈമാനുണ്ടെങ്കില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കും, നിങ്ങളെ പരാജയപ്പെടുത്താന്‍ ആരുമില്ല എന്നെല്ലാം പറഞ്ഞിരുന്നല്ലോ. എന്നാല്‍ നമുക്ക് പട്ടണിയും തണുപ്പും കാറ്റും എല്ലാമാണല്ലോ ഉള്ളത്. മുഹമ്മദ് നമ്മളോട് പറഞ്ഞതെല്ലാം വെറും വഞ്ചന മാത്രമാണ്. വ്യാമോഹങ്ങളാണ്. അതിനാല്‍ നമുക്ക് ഇവിടെനിന്നും രക്ഷപ്പെടാം… എന്നെല്ലാം അവര്‍ പറയാന്‍ തുടങ്ങി.

മൂവായിരത്തോളം പേര്‍ മാത്രമാണ് മുസ്‌ലിം സൈന്യത്തിലുള്ളത്. അതില്‍ തന്നെ ഇങ്ങനെയുള്ള ഒരു സംഘവും. എന്നാല്‍ മറു ഭാഗത്ത് പതിനായിരങ്ങളാണ്. അവര്‍ക്കെല്ലാവര്‍ക്കും ഒരേ ലക്ഷ്യവും. എന്നാല്‍ ഈമാന്‍ ഉറച്ചവര്‍ അതിലൊന്നും പതറിയില്ല. അവര്‍ അല്ലാഹുവും റസൂലും നല്‍കിയ വാഗ്ദാനം സത്യം തന്നെയാണെന്ന് ഉറച്ച് വിശ്വസിച്ചു. ഈ പരീക്ഷണങ്ങളെല്ലാം അല്ലാഹുവില്‍നിന്നാണെന്ന് മനസ്സിലാക്കി അല്ലാഹുവിനെയും റസൂലിനെയും കൂടുതല്‍ അനുസരിക്കുവാന്‍ മാത്രമാണ് വിശ്വാസികള്‍ക്ക് ഇത് പ്രേരകമായത്. അങ്ങനെ അവരുടെ ഈമാന്‍ വര്‍ധിക്കുകയും ചെയ്തു. മുനാഫിക്വുകള്‍ പറഞ്ഞ വാക്കിന് എതിരായാണ് അവര്‍ പറഞ്ഞത്. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനക്ക് കീഴ്‌പെടാന്‍ അവര്‍ തയ്യാറാകുകയാണ് ചെയ്തത്. മുനാഫിക്വുകളെ പോലെ പിന്തിരിയുവാനോ ഒളിച്ചോടുവാനോ അവര്‍ തുനിഞ്ഞില്ല.

”സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ” (33:22).

കപടന്മാരുടെ നേതാവിന് മദീന എന്ന് പോലും പറയാന്‍ മനസ്സ് വരുന്നില്ല. അത്രയും രോഷവും പകയുമാണ് റസൂലിനോട് അവന് ഉണ്ടായിരുന്നത്. മദീനയുടെ പഴയ പേരായ യഥ്‌രിബ് ആണ് അവന്‍ ഉപയോഗിച്ചത്. ഇവിടെ നിന്നാല്‍ എല്ലാവരും നശിക്കും. നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും നശിക്കും. അതിനാല്‍ വേഗം ഇവിടെനിന്നും സ്ഥലം വിടലാണ് നല്ലതെന്ന് അവന്‍ മദീനക്കാരോട് വിളംബരം ചെയ്തു.

ഹൃദയത്തില്‍ കാപട്യമുള്ളവര്‍ പതുക്കെ നബി ﷺ യെ സമീപിച്ച് യുദ്ധ രംഗത്തുനിന്ന് രക്ഷപ്പെടാനായി പല കാരണങ്ങള്‍ പറഞ്ഞ് അനുവാദം ചോദിക്കുന്നു. യഥാര്‍ഥത്തില്‍ യുദ്ധ ഭൂമിയില്‍നിന്ന് ഒളിച്ചോടാനുള്ള തന്ത്രമായിരുന്നു ഇത്.

”അതിന്റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നുചെല്ലുകയും എന്നിട്ട് (മുസ്‌ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തുകൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല; കുറച്ച് മാത്രമല്ലാതെ” (33:14).

 ശത്രുക്കള്‍ക്ക് മുസ്‌ലിംകളെ കുറിച്ചുള്ള വിവരങ്ങള്‍ ഒറ്റിക്കൊടുക്കാനും ഇക്കൂട്ടര്‍ തയ്യാറായേക്കും. ജയിച്ചാല്‍ ഞങ്ങളെക്കൊണ്ടാണ് വിജയം ലഭിച്ചതെന്നും പരാജയപ്പെട്ടാല്‍ നബി ﷺ യെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവരായിരുന്നു ഈ കപടന്മാര്‍.

”തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്” (33:15).

മുമ്പ് ഉഹ്ദില്‍നിന്ന് മദീനയില്‍ എത്തിയതിന് ശേഷം നബി ﷺ യോട് ഇക്കൂട്ടര്‍ ചില കാര്യങ്ങള്‍ സത്യം ചെയ്ത് പറഞ്ഞിരുന്നു; ഞങ്ങള്‍ക്ക് ഒരു അബദ്ധം സംഭവിച്ചതാണെന്നും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇനി ഒരു സമരത്തിന് അവസരം ലഭിച്ചാല്‍ ഞങ്ങള്‍ അതില്‍നിന്ന് പിന്മാറുകയില്ല എന്നുമായിരുന്നു അത്.

പലരും പാത്തും പതുങ്ങിയും യുദ്ധ രംഗത്തുനിന്ന് പോയിത്തുടങ്ങി. ഇത് പ്രവാചകന്ന് പ്രയാസമുണ്ടാക്കുമല്ലോ. എന്നാല്‍ അല്ലാഹു നബി ﷺ യോട് പറയുന്നു:

”(നബിയേ,) പറയുക: മരണത്തില്‍നിന്നോ കൊലയില്‍നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല. പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അല്ലാഹുവില്‍നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല” (33:16,17).

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

അല്ലാഹുവിന്റെ ഇടപെടല്‍

അല്ലാഹുവിന്റെ ഇടപെടല്‍

(മുഹമ്മദ് നബിﷺ: 48)

നബിﷺ ചില യാത്രകളില്‍ ഭാര്യമാരില്‍ ഒരാളെ കൂടെ കൊണ്ടുപോകാറുണ്ട്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് അതില്‍ വിഷമം ഉണ്ടാകുക സ്വാഭാവികം. അതിനാല്‍ നറുക്കെടുത്താണ് ഒരാളെ തെരഞ്ഞെടുക്കുക. ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധത്തിന് പുറപ്പെടുമ്പോള്‍ നറുക്ക് വീണത് ആഇശ(റ)ക്കായിരുന്നു. ഒട്ടകത്തിന്റെ പുറത്ത് ഭാരം കുറഞ്ഞ, നാല് ഭാഗത്തുനിന്നും മറച്ചിട്ടുള്ള ഒരു കൂടാരത്തില്‍ അവരെ ഇരുത്തി. ഒട്ടകം അവരെയും ചുമന്ന് യാത്ര തുടര്‍ന്നു. യുദ്ധം കഴിഞ്ഞ് എല്ലാവരും മടങ്ങി. മദീനയുടെ അടുത്ത് എത്താറായപ്പോള്‍ രാത്രിയായി. ഒട്ടകത്തിന് യാത്ര ചെയ്യാന്‍ പ്രയാസമായി. അന്നേരം യാത്ര നിറുത്തി എല്ലാവരും വിശ്രമത്തിലായി.

നബിﷺയും സ്വഹാബിമാരും വിശ്രമിക്കാന്‍ ഇറങ്ങിയ സ്ഥലത്തുനിന്നും യാത്ര തുടരാന്‍ അറിയിപ്പ് വന്നു. അപ്പോഴേക്കും ആഇശ(റ) തന്റെ കൂടാരത്തില്‍നിന്നും എഴുന്നേറ്റ് കുറച്ച് അപ്പുറത്തേക്ക് വിസര്‍ജനാവശ്യത്തിനായി പോയിരുന്നു. കൂട്ടത്തിലുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്തത്ര ദൂരത്തേക്കാണ് അവര്‍ പോയത്. ആവശ്യനിര്‍വഹണം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അവര്‍ അറിയുന്നത്. ഉടനെ അത് തിരഞ്ഞുനടന്നു. തിരിച്ചുവന്നപ്പോഴേക്കും സൈന്യം അവിടുന്ന് യാത്ര പുറപ്പെട്ടിരുന്നു. അവരുടെ കൂടാരം ഒട്ടകപ്പുറത്ത് കയറ്റി വെക്കുകയും അവര്‍ അതിനെ തെളിച്ചു കൊണ്ടുപോകുകയും ചെയ്തു. ആഇശ(റ) അതില്‍ ഉണ്ടെന്നാണ് അവര്‍ കരുതിയത്. അന്ന് അവര്‍ നന്നേ ഭാരം കുറഞ്ഞവരായിരുന്നു. അതിനാല്‍ അവര്‍ ഇല്ലാത്തത് സ്വഹാബിമാര്‍ക്ക് മനസ്സിലാക്കാനും സാധിച്ചില്ല.

മറഞ്ഞ കാര്യം അല്ലാഹുവിന് മാത്രമെ അറിയൂ എന്നും അത് സൃഷ്ടികളില്‍ ഒരാള്‍ക്കും അറിയില്ല എന്നും ഈ സംഭവം നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. മഹാനായ നബിﷺയും സ്വഹാബിമാരും അടങ്ങുന്ന ഏറ്റവും വലിയ മഹത്തുക്കള്‍ അടങ്ങുന്ന സംഘത്തിലാണ് ഈ സംഭവം നടക്കുന്നത് എന്നോര്‍ക്കുക. തങ്ങള്‍ ഒട്ടകപ്പുറത്ത് കയറ്റിവെച്ച കുടാരത്തില്‍ ആഇശ(റ) ഇല്ല എന്ന് തിരിച്ചറിയാന്‍ മഹാന്മാരായ സ്വഹാബിമാര്‍ക്ക് സാധിച്ചില്ല.

ആഇശ(റ) തിരിച്ചുവന്നപ്പോള്‍ ആരെയും കണ്ടില്ല. മഹതി അവിടെ തനിച്ചായി. ആരെങ്കിലും വരുമെന്ന് വിചാരിച്ച് അവര്‍ അവിടെത്തന്നെ ഇരുന്നു. ആ കാത്തിരിപ്പിനിടയില്‍ ക്ഷീണത്താല്‍ അവര്‍ ഉറങ്ങിപ്പോയി. അതിനിടയില്‍ ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍’ എന്ന വാക്കു കേട്ട് ആഇശ(റ) ഞെട്ടിയുണര്‍ന്നു. അപ്പോള്‍ അവരുടെ മുന്നില്‍ സ്വഫ്‌വാന്‍(റ) നില്‍ക്കുന്നതാണ് കണ്ടത്.

ഒരു സംഘവുമായി നബിﷺ യാത്ര പോകുമ്പോള്‍ അവിടുത്തേക്ക് ഒരു പതിവുണ്ടായിരുന്നു. സംഘത്തിന്റെ മുമ്പില്‍ കുറേ ദൂരെയായി ഒരാളെ അയക്കും. ശത്രുക്കള്‍ ആരെങ്കിലും ഉണ്ടോ എന്നും അപകടം വല്ലതും ഉണ്ടോ എന്നുമെല്ലാം അറിയാനായിരുന്നു ഇത്. അതുപോലെ പിന്നിലും ഒരാളെ നിശ്ചയിക്കും. വല്ലതും നഷ്ടപ്പെടുകയോ വീണുപോകുകയോ മറന്നുവെക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് എടുത്തു കൊണ്ടുവരാനായിരുന്നു ഇത്. ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ പിന്നില്‍ നിരീക്ഷണത്തിനായി നബിﷺ നിശ്ചയിച്ച സ്വഹാബിയായിരുന്നു സ്വഫ്‌വാന്‍(റ).

ആഇശ(റ) ഇരിക്കുന്ന സ്ഥലത്ത് ഒരു കറുത്ത രൂപം അദ്ദേഹം ദൂരെനിന്നും കാണുകയുണ്ടായി. അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തിന് ആളെ തിരിച്ചറിഞ്ഞു. ഹിജാബിന്റെ നിയമം ഇറങ്ങുന്നതിന് മുമ്പ് അവരെ അദ്ദേഹം കണ്ടിരുന്നു. ഉടനെ അദ്ദേഹം ഇസ്തിര്‍ജാഅ് (ഇന്നാലില്ലാഹ്… എന്ന് പറയല്‍) ചൊല്ലിയപ്പോള്‍ ആഇശ(റ) ഞെട്ടിയുണര്‍ന്നു. അവരുടെ മൂടുവസ്ത്രം മുഖത്തിലൂടെ താഴേക്ക് ഇറക്കി മറച്ചു. അദ്ദേഹം ആഇശ(റ)യോട് ഒരു വാക്കുപോലും ഉരിയാടിയതില്ല. സ്വഫ്‌വാന്‍(റ) തന്റെ ഒട്ടകത്തെ മുട്ടുകുത്തിക്കുകയും ആഇശ(റ)ക്ക് അതിന്റെ മുകളില്‍ കയറാന്‍ അതിനെ തരപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്വഫ്‌വാന്‍(റ) ഒട്ടകത്തെയും തെളിച്ച് മദീനയിലേക്ക് നീങ്ങി.

നബിﷺയുടെയും അനുചരന്മാരുടെ സംഘ ശക്തിയെ നശിപ്പിക്കാന്‍ ആവുന്ന വേലകളെല്ലാം ഒപ്പിച്ച അബ്ദുല്ലയും സംഘവും ഈ അവസരം മുതലെടുത്ത് പ്രവാചക പത്‌നി ആഇശ(റ)യുടെയും സ്വഫ്‌വാനി(റ)ന്റെയും പേരില്‍ വ്യഭിചാര ആരോപണം പരത്താന്‍ തുടങ്ങി. സത്യവും അസത്യവും തിരിച്ചറിയാന്‍ സാധിക്കാതെ പല നല്ലവരായ ആളുകളും ഈ പ്രചാരണത്തില്‍ അകപ്പെടുകയുണ്ടായി. എന്ത് കുപ്രചാരണങ്ങള്‍ ഉണ്ടായാലും വസ്തുത അന്വേഷിച്ചറിയാതെ അത് ഏറ്റടുക്കുന്ന പലരും ഉണ്ടാകുമല്ലോ. അവസാനം അവര്‍ മനസ്സിലാക്കിയതിന് എതിരായി കാര്യങ്ങള്‍ ഉരിത്തിരിഞ്ഞ് വരുമ്പോഴേക്കും കാര്യം പിടിവിട്ടിട്ടുണ്ടാകും.

മദീനയില്‍ എത്തിയ ആഇശഃ(റ) ഒരു മാസക്കാലം രോഗിയായി കിടപ്പിലായി. അത്രയും വലിയ യാത്ര കഴിഞ്ഞാണല്ലോ അവര്‍ എത്തുന്നത്. ഈ കാലത്ത് നാട്ടില്‍ അവരെ സംബന്ധിച്ച് ഈ വ്യാജ വാര്‍ത്ത പരന്നുകൊണ്ടേയിരുന്നു. പാവം, മഹതി ഇത് അറിയുന്നില്ല. നബിﷺക്ക് തന്നോട് എന്തോ അകല്‍ച്ചയുള്ളത് പോലെ ഒരു സംശയം അവരുടെ മനസ്സില്‍ തോന്നി. സാധാരണ മഹതിക്ക് എന്തെങ്കിലും രോഗം ബാധിച്ചാല്‍ അടുത്തുചെന്ന് സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും കുറേസമയം സംസാരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ഈ സമയത്ത് പ്രവാചകന്റെ പെരുമാറ്റം അങ്ങനെയല്ല. വാതില്‍ക്കല്‍ വരെ വരും. സലാം പറയും. വിവരം അന്വേഷിക്കും. തിരിച്ചുപോകും.

ഒരു ദിവസം ആഇശ(റ) പ്രാഥമിക ആവശ്യത്തിനായി പുറത്തുകടന്നു. അവരുടെ സഹായത്തിനായി കൂടെ ഉമ്മു മിസ്ത്വഹും(റ) ഉണ്ട്. അവര്‍ ആഇശ(റ)യുടെ അടുത്ത് വെച്ച് മിസ്ത്വഹ് നശിക്കട്ടെ, എന്ന് ആവര്‍ത്തിച്ച് പറയുന്നത് ആഇശ(റ) കേള്‍ക്കുകയുണ്ടായി. സ്വന്തം മകനെ സംബന്ധിച്ച് ഉമ്മ ഇപ്രകാരം പറയുന്നത് കേട്ടപ്പോള്‍ ആഇശ(റ) അതിനെ പറ്റി അന്വേഷിച്ചു. ബദ്‌റില്‍ പങ്കെടുത്ത ഒരാളല്ലേ മിസ്ത്വഹ്? അദ്ദേഹത്തെ പറ്റി ഇങ്ങനെ പറയുന്നുവോ? ‘അവന്‍ എന്തെല്ലാമാണ് പറയുന്നത് എന്ന് മോളേ നിനക്ക് അറിയില്ലല്ലോ’ എന്ന് മാത്രം അവര്‍ മറുപടി പറഞ്ഞു.

തന്നെയും സ്വഫ്‌വാനെയും സംബന്ധിച്ച് മദീനയില്‍ അപവാദ പ്രചാരണം നടക്കുന്ന വിവരം വൈകിയാണ് ആഇശ(റ) അറിയുന്നത്. അതോടെ അവരുടെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു. അങ്ങനെ നബിﷺ ആഇശ(റ)യുടെ അടുത്ത് പ്രവേശിച്ചപ്പോള്‍ തന്റെ വീട്ടിലേക്ക് പോകാനായി അവിടുത്തോട് അനുവാദം ചോദിച്ചു. നബിﷺ അനുവാദം നല്‍കുകയും ചെയ്തു. അവരുടെ അടുത്ത് എത്തിയാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് അറിയാമല്ലോ എന്നാണ് ആഇശ(റ) വിചാരിച്ചത്. വീട്ടില്‍ എത്തി. ഉമ്മയോട് കാര്യം തിരക്കി. ഉമ്മ പറഞ്ഞു: ‘മോളേ, നീ അത് സാരമാക്കേണ്ടതില്ല. സ്‌നേഹത്തോടെ ഒരു ഭാര്യയും ഭര്‍ത്താവും കഴിയുമ്പോള്‍ അതില്‍ അസൂയ വെച്ചുപുലര്‍ത്തുന്ന പലരുമുണ്ടാകും. അത് തകര്‍ന്ന് കാണാന്‍ ആശിക്കുന്നവര്‍ പലതും പറയും.’ ഇത് കേട്ട ആഇശ(റ) അല്ലാഹുവിനെ പരിശുദ്ധിപ്പെടുത്തുകയും ജനങ്ങള്‍ അപവാദം പറയുന്നുണ്ട് എന്ന കാര്യം സത്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ദുഃഖം സഹിക്കവയ്യാതെ അന്ന് നേരം പുലരുവോളം അവര്‍ കരഞ്ഞുകൊണ്ടേയിരുന്നു.

ഈ കാര്യത്തില്‍ തീര്‍പ്പ് അറിയിച്ചുകൊണ്ടുള്ള വഹ്‌യും വരുന്നില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ നബിﷺ പല സ്വഹാബിമാരോടും കൂടിയാലോചന നടത്തി. അലി(റ)യോടും ഉസാമ(റ)യോടും കൂടിയാലോചിച്ചു. ഉസാമ(റ) അവരെ സംബന്ധിച്ച് എനിക്ക് നല്ലതല്ലാതെ അറിയില്ല എന്ന് പറഞ്ഞു. നബിയേ, അല്ലാഹു താങ്കളെ പ്രയാസപ്പെടുത്തിയിട്ടില്ലല്ലോ. അവരല്ലാത്ത എത്രയോ സ്ത്രീകളുണ്ടല്ലോ എന്നതായിരുന്നു അലി(റ)യുടെ പ്രതികരണം. അവിടെ വേലക്കാരിയായി ഉണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു ബരീറ(റ). അവളോട് അങ്ങ് ചോദിച്ചാല്‍ ആഇശയെ പറ്റിയുള്ള വിവരം സത്യസന്ധമായി അറിയാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെ നബിﷺ ബരീറയെ വിളിച്ചു. അവരോട് നബിﷺ കാര്യം തിരക്കി. ‘അങ്ങയെ സത്യവുമായി അയച്ചവന്‍ തന്നെയാണ സത്യം, ഞാന്‍ അവരില്‍ ഒരുതെറ്റും കണ്ടിട്ടില്ല. അവര്‍ വീട്ടുകാര്‍ക്കായി മാവ് കുഴക്കും. അതിനെ പറ്റി ശ്രദ്ധയില്ലാതെ ഉറങ്ങിപ്പോകും. ആട് വന്ന് അത് ഭക്ഷിക്കുകയും ചെയ്യും. ഈ ഒരു അശ്രദ്ധയല്ലാതെ വേറൊരു ചീത്ത കാര്യവും ഈ പെണ്‍കുട്ടിയില്‍നിന്നും ഞാന്‍ കണ്ടിട്ടില്ല’ എന്ന് ബരീറഃ(റ) നബിﷺയോട് പറഞ്ഞു.

തന്റെ ഭാര്യയെ ആക്ഷേപിക്കുകവഴി തന്നെ അപകീര്‍ത്തിപ്പെടുത്താനും മോശക്കാരനാക്കാനും അബ്ദുല്ലാഹ് ശ്രമിക്കുകയാണെന്ന് നബിﷺക്ക് മനസ്സിലായി. അങ്ങനെ ഒരുദിവസം നബിﷺ പള്ളിയിലേക്ക് പ്രവേശിച്ചു. എന്നിട്ട് മിമ്പറില്‍ കയറി. എന്റെ ഭാര്യയുടെ പേരില്‍ ഇത്രയധികം എന്നെ വേദനിപ്പിച്ച ഈ ദുഷ്ടന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കെല്‍പുള്ള ആരുണ്ട് നിങ്ങളുടെ കൂട്ടത്തില്‍ എന്ന് അവിടെ കൂടിയ വിശ്വാസികളോട് നബിﷺ ചോദിച്ചു. ‘എന്റെ ഭാര്യയെക്കുറിച്ച് എനിക്ക് നല്ലതേ പരിചയമുള്ളൂ. അതുപോലെ അവര്‍ ഒരാളെ ബന്ധപ്പെടുത്തിയും പറയുന്നുണ്ടല്ലോ-സ്വഫ്‌വാന്‍. അദ്ദേഹത്തെപ്പറ്റിയും എനിക്ക് നല്ലതേ പരിചയമുള്ളൂ. ഞാനില്ലാതെ അദ്ദേഹം എന്റെ വീട്ടില്‍ പ്രവേശിക്കുന്ന ആളുമല്ല’ നബിﷺ ഇരുവരെയും മഹത്ത്വപ്പെടുത്തി.

അബ്ദുല്ലാഹ് ആഗ്രഹിച്ചതുപോലെ ചില കാര്യങ്ങള്‍ അവിടെ നടക്കാന്‍ പോകുകയാണ്. അവന്‍ ആഗ്രഹിക്കുന്നത് ഈ സംഭവത്തിന്റെ പേരില്‍ ഔസും ഖസ്‌റജും പരസ്പരം പോരടിക്കണമെന്നാണ്. അങ്ങനെ പരസ്പരം കലഹിച്ച് മുസ്‌ലിംകളുടെ സംഘശക്തി ഇല്ലാതാക്കണം. ഇത് കണക്കുകൂട്ടിയാണ് ഈ അപവാദം അവന്‍ അഴിച്ചുവിട്ടത്. അവന്‍ ഉദ്ദേശിച്ചത് പോലെത്തന്നെ സ്വഹാബിമാരിലെ രണ്ട് ഗോത്ര നേതാക്കള്‍ പരസ്പരം വാക്കേറ്റം നടക്കുന്നു; അതും അല്ലാഹുവിന്റെ റസൂലിﷺന്റെ മുമ്പില്‍! എന്നാല്‍ നബിﷺ അവരെ നിശ്ശബ്ദരാക്കി. മുസ്‌ലിംകള്‍ പരസ്പരം ഇപ്രകാരം പെരുമാറരുതല്ലോ. അങ്ങനെ അബ്ദുല്ലയുടെ സ്വപ്‌നം പൂവണിഞ്ഞില്ല. എല്ലാവരും റസൂലിﷺന്റെ ഉപദേശം കേട്ട് നിശ്ശബ്ദരാകുകയും ആ തര്‍ക്കം അവിടെ അവസാനിക്കുകയും ചെയ്തു.

ആഇശ(റ) ആ ദിവസങ്ങളിലെല്ലാം കണ്ണുനീര്‍ തോരാതെ, ഉറക്കമില്ലാതെ കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. മകളുടെ കരള്‍ പൊട്ടിപ്പോകുമോ എന്ന് പോലും മാതാപിതാക്കള്‍ ഭയപ്പെട്ടു. അങ്ങനെയിരിക്കവെ അന്‍സ്വാറുകളില്‍ പെട്ട ഒരു വനിത അങ്ങാട്ടു ചെന്നു. ആഇശ(റ) സങ്കടപ്പെട്ട് കരയുന്നത് കണ്ട് അവരും കരഞ്ഞുപോയി.

ഈ സന്ദര്‍ഭത്തിലാണ് അല്ലാഹുവിന്റെ റസൂല ﷺ അവരുടെ അടുത്തേക്ക് കയറിച്ചെല്ലുന്നത്. ഈ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതിന് ശേഷം ഒരു മാസക്കാലമായിട്ട് ആദ്യമായിട്ടാണ് നബിﷺ ആഇശ(റ)യുടെ അടുത്തേക്ക് വരുന്നത്. എന്നിട്ട് ആഇശ(റ)യെ വിളിച്ചുകൊണ്ട് പറഞ്ഞു: ”നിന്നെപ്പറ്റിയുള്ള ചില വാര്‍ത്തകള്‍ എനിക്ക് ലഭിക്കുകയുണ്ടായി. അതില്‍ നീ നിരപരാധിയാണെങ്കില്‍ അല്ലാഹു നിന്നെ കുറ്റവിമുക്തമാക്കുന്നതാണ്. അതല്ല, നിന്റെ അടുത്ത് വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടെങ്കില്‍ നീ അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. കാരണം, ഒരു നല്ല അടിമ തന്റെ പാപത്തെക്കുറിച്ച് മനസ്സിലാക്കുകയും എന്നിട്ട് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്താല്‍ അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.” നബിﷺയുടെ ഈ സംസാരം കൂടെ കേട്ടപ്പോള്‍ ആഇശ(റ)ക്ക് കൂടുതല്‍ വേദനയായി. കരയാന്‍ കണ്ണുനീര്‍ ഇല്ലാതെയായി. അല്ലാഹുവിന്റെ റസൂല ﷺ ഇപ്പോഴും തന്നെ സംശയിക്കുകയാണോ എന്ന് അവര്‍ക്ക് തോന്നി. യാതൊരു മറുപടിയും പറയാന്‍ സാധിക്കാത്ത അവസ്ഥയിലായി അവര്‍. ആഇശ(റ) തന്റെ പിതാവായ അബൂബക്റി(റ)നോട് അല്ലാഹുവിന്റെ റസൂല ﷺ പറഞ്ഞതിന് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലിﷺന് എന്താണ് മറുപടി നല്‍കേണ്ടത് എന്ന് എനിക്ക് അറിയില്ല മോളേ.’ അപ്പോള്‍ ആഇശ(റ) തന്റെ മാതാവിനോട് മറുപടി നല്‍കാന്‍ പറഞ്ഞു. അവരും പിതാവ് പ്രതികരിച്ചതുപോലെ പ്രതികരിച്ചു. ഈ കള്ളവാര്‍ത്ത നിങ്ങളും കേട്ടിട്ടുണ്ടെന്നും അത് ഒരു അളവോളം ശരിയാണ് എന്ന് നിങ്ങള്‍ വിചാരിക്കുകയും അത് നിങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു എന്ന് ആഇശ(റ) നബിﷺയോട് ഗദ്ഗദത്തോടെ പറഞ്ഞു.

ക്ഷമയോടെ ആഇശ(റ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അല്ലാഹു തന്റെ നിരപരാധിത്തം തെളിയിക്കുന്നതാണ് എന്ന കാര്യത്തില്‍ അവര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അന്ത്യനാള്‍ വരെ പാരായണം ചെയ്യപ്പെടുന്ന സൂക്തങ്ങള്‍ ഈ വിഷയത്തില്‍ ഇറക്കപ്പെടുമെന്ന് അവര്‍ വിചാരിച്ചിരുന്നില്ല. നബിﷺക്ക് സ്വപ്‌നത്തിലൂടെയോ മറ്റോ തന്റെ നിരപരാധിത്തം അല്ലാഹു അറിയിച്ചുകൊടുക്കുമെന്നായിരുന്നു അവര്‍ കണക്കു കൂട്ടിയിരുന്നത്.

അങ്ങനെയിരിക്കെ നബിﷺക്ക് സാധാരണ വഹ്‌യ് വരുന്നതിന്റെ ചില അടയാളങ്ങള്‍ കണ്ടുതുടങ്ങി. അവിടുന്ന് വിയര്‍ക്കുന്നു. അതിശൈത്യ സമയത്ത് പോലും വഹ്‌യ് ഇറങ്ങുമ്പോള്‍ ആ വിയര്‍പ്പ് അവിടുത്തേക്ക് ഉണ്ടാകുമായിരുന്നു. വഹ്‌യിന്റെ സമയം കഴിഞ്ഞാല്‍ സാധാരണ നിലയിലേക്ക് അവിടുന്ന് മാറുകയും ചെയ്യും.

വഹ്‌യ് വന്ന സന്തോഷത്തില്‍ ആദ്യമായി പ്രിയ പത്‌നി ആഇശ(റ)യെ വിളിച്ചുകൊണ്ട് നബിﷺ പറഞ്ഞു: ‘ആഇശാ, നിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു ആയത്തുകള്‍ ഇറക്കിയിരിക്കുന്നു.’ ഇത് കേട്ടപ്പോള്‍ ഉമ്മ പറഞ്ഞു: ‘മോളേ, റസൂലിന്റെ അടുത്തേക്ക് ചെല്ലുകയും അവിടുത്തോട് നന്ദി പറയുകയും ചെയ്‌തേക്ക്.’ ‘ഞാന്‍ അല്ലാഹുവിനെയാണ് സ്തുതിക്കുന്നത്. അവനോടാണ് ഞാന്‍ നന്ദി പറയുന്നത്’ എന്നായിരുന്നു ആഇശ(റ)യുടെ പ്രതികരണം. അല്ലാഹുവാണല്ലോ നിരപരാധിത്വം തെളിയച്ചത്. തുടര്‍ന്ന് ഈ വിഷയത്തില്‍ പത്തിലധികം ആയത്തുകള്‍ ഇറങ്ങുകയായി.

പ്രവാചകനെയും കുടുംബത്തിനെയും അപകീര്‍ത്തിപ്പെടുത്താനായുള്ള ശ്രമം അതോടെ പൊളിഞ്ഞു. ആഇശ(റ)യുടെയും സ്വഫ്‌വാനി(റ)ന്റെയും നിരപരാധിത്വം തെളിയിക്കപ്പെടുകയും അവരുടെ മഹത്ത്വം ക്വുര്‍ആനിലെ നിത്യസൂക്തവചനങ്ങളിലൂടെ വ്യക്തമാക്കപ്പെടുകയും ചെയ്തു. അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യാണല്ലോ ഈ കള്ളത്തരത്തിന് നേതൃത്വം നല്‍കിയത്. അവന്ന് പരലോകത്ത് വമ്പിച്ച ശിക്ഷ അല്ലാഹു നല്‍കുന്നതാണെന്നും അവനെ പിന്തുടര്‍ന്ന് അത് പ്രചരിപ്പിച്ച അവന്റെ ആളുകള്‍ക്കും ശിക്ഷയുടെ ഒരു ഓഹരി നല്‍കുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്തു. അവര്‍ അപവാദം പ്രചരിപ്പിച്ചപ്പോള്‍ ചില സ്വഹാബിമാരും അറിയാതെ അതില്‍ പെട്ടുപോയി. വ്യഭിചാരാരോപണം നടത്തി എന്ന കാരണത്താല്‍ ഇവര്‍ക്ക് എണ്‍പത് അടി വീതം നല്‍കാന്‍ ശിക്ഷ വിധിച്ചു. ചുരുക്കത്തില്‍, ആ അപവാദ പ്രചാരണത്തില്‍ പങ്കാളികളായവര്‍ക്കെല്ലാം അവരര്‍ഹിച്ച ശിക്ഷ കിട്ടി.

ഒരാളുടെ പേരില്‍ വ്യഭിചാരക്കുറ്റം ആരോപിക്കുന്നവര്‍ നാല് സാക്ഷികളെ ഹാജറാക്കേണ്ടതുണ്ട്. സാക്ഷികള്‍ ഇല്ലാത്ത പക്ഷം അങ്ങനെ പറഞ്ഞവര്‍ക്ക് എണ്‍പത് അടിയാണ് ഇസ്‌ലാമിലെ ശിക്ഷാ നിയമം. അതിനാല്‍ യാതൊരു തെളിവും ഇല്ലാതെ ഇത്തരം കാര്യം പറയുന്നത് വമ്പിച്ച അപരാധം തന്നെയാണ്. വ്യക്തികളെ അപമാനപ്പെടുത്തുന്ന കടുത്ത അപരാധമാണ് ഇൗ ആരോപണം എന്നതിനാലാണ് സാക്ഷികള്‍ വേണമെന്ന നിബന്ധനവെച്ചിട്ടുള്ളതും തെളിവില്ലാതെ ആരോപണം ഉന്നയിച്ചവര്‍ക്ക് ശിക്ഷ വിധിച്ചിട്ടുള്ളതും.

ഒരു മാസത്തിലധികം ഈ വിഷയത്തിന്റെ നിജസ്ഥിതിയറിയാതെ നബിﷺ കഴിച്ചുകൂട്ടി. ഇതിലെ തീരുമാനം അറിയിച്ച് വഹ്‌യ് വന്നിരുന്നെങ്കില്‍ എന്ന് നബിﷺ ചിന്തിച്ചിട്ടുണ്ടാകുമല്ലോ. വഹ്‌യ് എന്നത് പ്രവാചകന്മാര്‍ ഇച്ഛിക്കുമ്പോള്‍ ലഭിക്കുന്ന ഒന്നല്ല. അത് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമെ പ്രവാചകന്മാര്‍ക്ക് നല്‍കൂ എന്നതും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മദീനയിലെത്തി. ഈ യുദ്ധത്തിന് മുസ്‌ലിംകള്‍ വലിയ സാഹസമൊന്നും ചെയ്തിട്ടില്ലായിരുന്നു. ഒരു വലിയ പോരാട്ടമൊന്നും നടക്കാതെ തന്നെ ധാരാളം ഗ്വനീമത്ത് സ്വത്തുക്കളും ബന്ദികളെയും ലഭിച്ചു. അങ്ങനെ ബന്ദികളെ വിഹിതം വെച്ചപ്പോള്‍ ഥാബിത് ഇബ്‌നു ക്വയ്‌സി(റ)ന് ലഭിച്ചത് ഒരു അടിമ സ്ത്രീയായ ജുവയ്‌രിയയെ ആയിരുന്നു. ബനുല്‍ മുസ്വ്ത്വലക്വ് ഗോത്രത്തലവനായ ഹാരഥിന്റെ മകളാണ് ജുവയ്‌രിയ. അവര്‍ ഥാബിതി(റ)നോട് തന്നെ സ്വതന്ത്രയാക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം അതിന് വമ്പിച്ച തുക നല്‍കണമെന്ന് അവരോടു പറഞ്ഞു. അവരുടെ കൈവശം സ്വത്തായിട്ട് ഒന്നും ഇല്ല താനും. അവര്‍ നബിﷺയെ സമീപിച്ചു. ഞാന്‍ ഒരു അടിമയായി കഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എനിക്ക് സ്വതന്ത്രയാകണമെന്നും ഥാബിതിന് മോചന മൂല്യം നല്‍കാന്‍ സഹായിക്കണമെന്നും, പിന്നീട് നിങ്ങള്‍ക്ക് ആ തുക തിരികെ നല്‍കുന്നതാണെന്നും പറഞ്ഞു. നബിﷺ അത് സ്വീകരിച്ചു. അതിന്റെ കൂടെ നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഞാന്‍ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നും നബിﷺ അവരെ അറിയിച്ചു.

ഒരു ഗോത്രത്തലവന്റെ മകളാണല്ലോ ജുവയ്‌രിയ(റ). മഹ്‌റായി അവരുടെ മോചനമായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ വിവരം പിതാവ് ഹാരിഥ് അറിഞ്ഞു. അദ്ദേഹം അന്ന് ഇസ്‌ലാം സ്വീകരിച്ചിട്ടില്ലായിരുന്നു. നബിﷺയെ സമീപിച്ച് മകളെ വിട്ടയക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിതാവിന്റെ മുമ്പില്‍ വെച്ച് ജുവയ്‌രിയ(റ)യോട് നബിﷺ പറഞ്ഞു: ‘നിനക്ക് പിതാവിന്റെ കൂടെ പോകാനും എന്റെ കൂടെ നില്‍ക്കാനും ഞാന്‍ സ്വാതന്ത്ര്യം തരുന്നു. ഇഷ്ടമുള്ളത് സ്വീകരിക്കാം.’ എന്നാല്‍ മഹതി നബിﷺയുടെ കൂടെ നില്‍ക്കാനാണ് തീരുമാനിച്ചത്. ഇത് കണ്ട പിതാവ് അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ മനസ്സും അലിഞ്ഞു. അങ്ങനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അതിനെ തുടര്‍ന്ന് ആ ഗോത്രക്കാര്‍ മുഴുവനും ഇസ്‌ലാമിലേക്ക് വരികയും ചെയ്തു.

നബിﷺയുടെ കുടുംബത്തിലെ ആളുകളെ ഇനി നാം ബന്ദികളായി വെക്കുന്നത് ശരിയല്ലല്ലോ എന്ന് സ്വഹാബിമാര്‍ക്ക് തോന്നി. അങ്ങനെ തങ്ങള്‍ക്ക് ലഭിച്ച ബന്ദികളായ സ്ത്രീപുരുഷന്മാരെ മുഴുവനും അവര്‍ സ്വതന്ത്രരാക്കി വിട്ടയക്കുകയും ചെയ്തു. ഇത് ഹാരിഥിന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഈ ചരിത്രം വിവരിക്കുമ്പോള്‍ പണ്ഡിതന്മാര്‍ പറയുന്നത്; ഇതുപോലെ ബറകതുള്ള ഒരു പെണ്ണും ഒരു ഗോത്രത്തിനും ഉണ്ടായിട്ടുണ്ടാകില്ല എന്നാണ്.

ആ നാട്ടിലുള്ളവര്‍ മുഴുവനും ഇസ്‌ലാം സ്വീകരിച്ചതിനാല്‍ നബിﷺക്ക് ഇസ്‌ലാമിക പ്രബോധന വീഥിയില്‍ അത് വലിയ മുന്നേറ്റത്തിന് കാരണമാകുകയും ചെയ്തു.

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

പാലം പണിയുന്നവര്‍

പാലം പണിയുന്നവര്‍

ഒരിടത്ത് രണ്ടു സഹോദരങ്ങള്‍ തൊട്ടടുത്ത വീടുകളിലായി താമസിച്ചിരുന്നു. കൃഷിക്കാരായ അവര്‍ ഇരുവരും ഒരുമയോടെയാണ് കഴിഞ്ഞിരുന്നത്. ഒരേപണിയായുധങ്ങള്‍ ഉപയോഗിച്ച്, പരസ്പരം കൃഷിക്കാര്യങ്ങളില്‍ സഹായിച്ച്, അവര്‍ ജീവിച്ചുപോന്നു.

ഇതിനിടെ എന്തോ കാര്യത്തിന് അവര്‍ തമ്മില്‍ പിണങ്ങാന്‍ ഇടയായി. രണ്ടുപേരുടെയും ഇടയില്‍ തെറ്റിദ്ധാരണ വളര്‍ന്നുവന്നു. എന്തിനേറെ, അവര്‍ തമ്മില്‍ കണ്ടാല്‍ പരസ്പരം സംസാരിക്കാന്‍ പോലും കൂട്ടക്കാതെയായി. അവരുടെ കൃഷിയിടങ്ങള്‍ വേര്‍തിരിക്കുന്ന ഭാഗത്തുകൂടി അവര്‍ വലിയ ഒരു ചാല് കീറി തൊട്ടടുത്ത പുഴയിലെ വെള്ളം അതിലൂടെ ഒഴുക്കി. സഹോദരന്‍ തന്റെ കൃഷിയിടത്തിലേക്ക് വരാതിരിക്കാന്‍ ചാല് നല്ലതാണെന്ന് ഇരുവരും കരുതുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം മൂത്തസഹോദന്റെ വീട്ടില്‍ ഒരു മരപ്പണിക്കാരന്‍ വന്ന് എന്തെങ്കിലും മരപ്പണി തരുമോ എന്ന് അന്വേഷിച്ചു. പെട്ടെന്ന് മൂത്ത സഹോദരന് ഒരു ബുദ്ധി തോന്നി. അയാള്‍ മരപ്പണിക്കാരനെ വിളിച്ചുകൊണ്ടുപോയി കുറെ പഴയ തടിക്കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണിച്ചുകൊടുത്തു. അതുപയോഗിച്ച് തന്റെ പറമ്പിന് ചുറ്റും ഒരു വേലി കെട്ടിത്തരുവാന്‍ പറഞ്ഞു. ഇളയ സഹോദരന്റെ പുരയിടം കാഴ്ചയില്‍നിന്ന് മറയത്തക്ക രീതിയില്‍ ഉയരത്തിലായിരിക്കണം വേലി കെട്ടേണ്ടത് എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു. അതിനായി കുറച്ച് ആണികളും മറ്റു ചില സാധനങ്ങളും വാങ്ങണമെന്ന് മരപ്പണിക്കാരന്‍ ആവശ്യപ്പെട്ടു. അയാള്‍ ഉടനെത്തന്നെ മരപ്പണിക്കാരനെയും കൂട്ടി നഗരത്തിലേക്ക് പോയി വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. വേഗം തന്നെ പണി പൂര്‍ത്തിയാക്കണമെന്ന് പറഞ്ഞ് മരപ്പണിക്കാരനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. മൂത്ത സഹോദരന് മറ്റൊരിടത്തേക്ക് പോകേണ്ടതുണ്ടായിരുന്നു.

വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ അയാള്‍ ആദ്യമൊന്ന് അമ്പരന്നു. പുരയിടത്തിന് ചുറ്റും വേലിയൊന്നും കാണാനില്ല! എന്നാല്‍ മരപ്പണിക്കാരന്‍ വീടിനുമുമ്പിലുള്ള പാടത്ത് പുതുതായി ഉണ്ടാക്കിയ ചാലിനോട് ചേര്‍ന്ന് എന്തോ പണി ചെയ്യുന്നുമുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച തികച്ചും അപ്രതീക്ഷിതമായിരുന്നു. തടിക്കഷണങ്ങള്‍ ഉപയോഗിച്ച് മരപ്പണിക്കാരന്‍ ചാലിന് കുറുകെ ഒരു പാലം പണിതിരിക്കുന്നു. കൈവരികള്‍ ചേര്‍ത്ത് മനോഹരമായി നിര്‍മിച്ച പാലം.

ആ സമയത്ത് പാലം പണിതതു കണ്ട് ഇളയ സഹോദരന്‍ അതിലൂടെ കയറിവന്നു. തന്റെ കൃഷിയിടത്തിലേക്ക് എളുപ്പം കടക്കാന്‍ ജേ്യഷ്ഠന്‍ പാലം പണിയിച്ചതാണെന്നാണ് അനുജന്‍ കരുതിയത്. ആ സന്തോഷത്തോടെ ഇരുകൈകളും നീട്ടിപ്പിടിച്ചു വരുന്ന അനുജനെ കണ്ടപ്പോള്‍ ജ്യേഷ്ഠസഹോദരനും പാലത്തിലൂടെ നടന്നുകയറി. പാലത്തിന്റെ നടുക്കുവെച്ച് അവരിരുവരും കെട്ടിപ്പിടിച്ചു; കണ്ണീര്‍ പൊഴിച്ചു. ആവശ്യമില്ലാതെ പിണങ്ങിയതില്‍ ഇരുവര്‍ക്കും ഖേദം തോന്നി.

പ്രിയ കുട്ടികളേ, ബന്ധങ്ങള്‍ പവിത്രമാണ്. അത് നിലനിര്‍ത്താന്‍ ശ്രമിക്കണം. ബന്ധങ്ങള്‍ മുറിക്കല്‍ എളുപ്പമാണ്. എന്നാല്‍ പിന്നീടത് കൂട്ടിച്ചേര്‍ക്കല്‍ എളുപ്പമല്ല.

 

തന്‍സീഹ നസ്‌റിന്‍ കെ.വി
നേർപഥം വാരിക

മരണാനന്തരലോകവും മഹത്തുക്കളോടുള്ള സഹായതേട്ടവും

മരണാനന്തരലോകവും മഹത്തുക്കളോടുള്ള സഹായതേട്ടവും

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍  24)

മരണാനന്തരലോകത്ത് നടക്കുന്നതായി പ്രമാണങ്ങള്‍ പഠിപ്പിച്ച കാര്യങ്ങളെ വളച്ചൊടിച്ചും ദുര്‍ബലവും നിര്‍മിതവുമായ വാക്കുകളെ അതുമായി ബന്ധിപ്പിച്ചും വന്‍പാപമായ ശിര്‍ക്കിന് കൊഴുപ്പുകൂട്ടുകയാണ് സമസ്തയിലെ ചില പുരോഹിതന്മാര്‍.  

ഒരു മറയ്ക്ക് പിന്നിലാണ് അന്ത്യനാള്‍വരെ മരണപ്പെട്ടവര്‍ കഴിയുക. അല്ലാഹു പറയുന്നു: ”…അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരെ ഒരു മറയുണ്ടായിരിക്കുന്നതാണ്”(ക്വുര്‍ആന്‍ 23:100).

ആത്മാക്കളുടെ ലോകം അദൃശ്യമാണ്. അവിടെ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് പൂര്‍ണമായ അറിവ് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. ജൂതന്മാര്‍ നബി ﷺ യോട് ആത്മാവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അല്ലാഹു നല്‍കിയ മറുപടി ഇപ്രകാരമാണ്: ”നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക; ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല” (ക്വുര്‍ആന്‍ 17:85).

അമ്പിയാക്കളും ഔലിയാക്കളും മരണാനന്തരം നമ്മെ സഹായിക്കുമെന്നും ആരാധനയാകുന്ന പ്രാര്‍ഥനയും സഹായതേട്ടവും ഇടതേട്ടവും അവരോടാകാമെന്നുമാണ് നാളിതുവരെ സമസ്തക്കാര്‍ പിന്തുടര്‍ന്നുപോരുന്ന വിശ്വാസം.

നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ എഴുതിയത് കാണുക: ”അമ്പിയാക്കളും ഔലിയാക്കളും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണെന്നും അവര്‍ അല്ലാഹുവിനോട് ദുആ ഇരന്നാലും ശഫാഅത്തു ചെയ്താലും സ്വീകരിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും അവര്‍ മുഖേന ചില അസാധാരണ സംഭവങ്ങള്‍ അല്ലാഹു പ്രകടിപ്പിക്കാറുണ്ടെന്നും അവരുടെ മരണശേഷവും ഇത് തുടരുമെന്നും അതുമുഖേന നമുക്ക് സഹായം ലഭിക്കുമെന്നും കരുതി സഹായം ചോദിക്കുന്നതിനാണ് സാങ്കേതികാര്‍ഥത്തില്‍ ഇസ്തിഗാസ എന്നു പറയുന്നത്. ഇങ്ങനെ സഹായം ചോദിക്കല്‍ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഇഹപര ജീവിതത്തിലോ, ബര്‍സഖിയായ(മരണാനന്തര മധ്യകാലം)ജീവിതത്തിലോ എവിടെയായാലും അത് ഇസ്തിഗാസ തന്നെയാണ്” (തൗഹീദ് ഒരു സമഗ്ര പഠനം/ പേജ് 364,365).

‘മഹത്തുക്കള്‍ ദൈവങ്ങളാണെന്നോ, ദൈവാവതാരങ്ങളാണെന്നോ (ആലിഹത്തുകളാണെന്നോ) വിശ്വസിച്ചുകൊണ്ട് വിളിച്ചപേക്ഷിക്കുമ്പോള്‍ മാത്രമെ പ്രാര്‍ഥനയും ശിര്‍ക്കുമാവുകയുള്ളൂ. അവര്‍ അമ്പിയാക്കളാണെന്നും ഔലിയാക്കളാണെന്നുമുള്ള വിശ്വാസത്തോടെ അവരെ വിളിച്ചപേക്ഷിക്കുന്നത് ഒരിക്കലും പ്രാര്‍ഥനയും ആരാധനയും ശിര്‍ക്കുമാകുന്നതല്ല” (പേജ്, 380).

ഒരാള്‍ ക്വാദി, ഖത്വീബ്, ഇമാം എന്നീ സ്ഥാനങ്ങള്‍ക്ക് അര്‍ഹനാകണമെങ്കില്‍ അയാള്‍ക്കുള്ള യോഗ്യതകള്‍ സമസ്തയുടെ 1933ലെ എട്ടാം പ്രമേയത്തില്‍ പറയുന്നുണ്ട്: ”മരിച്ചുപോയ അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ ഇവരുടെ ദാത്ത്, ജാഹ്, ഹഖ്, ബര്‍കത്ത് എന്നിവകൊണ്ടുള്ള തവസ്സുല്‍, നേരിട്ടുവിളിക്കല്‍, അവരോട് സഹായത്തിനപേക്ഷിക്കല്‍…’ (‘ഇവരെ എന്തുകൊണ്ട് അകറ്റണം? ‘ എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചത്/പേജ് 14).

ഇത് ഇസ്‌ലാമാണോ? നബി ﷺ യോ, സ്വഹാബത്തോ അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃയുടെ പണ്ഡിതന്മാരോ ഇത്തരമൊരു വിശ്വാസമുള്ളവരായിരുന്നോ? പ്രാമാണികമായി രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇതുണ്ടോ? മക്കാമുശ്‌രിക്കുകള്‍, ശിയാക്കള്‍, സ്വൂഫികള്‍, ബറേല്‍വികള്‍ എന്നീ ഇസ്‌ലാമികാദര്‍ശ വിരോധികളെയും വ്യതിയാനക്കാെരയുമല്ലാതെ മറ്റാരെയും ഈ വിശ്വാസത്തിന് കൂട്ടായി മുസ്‌ലിയാക്കന്മാര്‍ക്ക് ലഭിക്കുകയില്ല.

പ്രാര്‍ഥനയും സഹായതേട്ടവും അല്ലാഹുവിനോട് മാത്രമേ ആകാവൂ എന്നത് ഇസ്‌ലാമിന്റെ അടിത്തറയാണ്. അല്ലാഹു പറയുന്നു: ”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു” (ക്വുര്‍ആന്‍ 1:5).

”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” (ക്വുര്‍ആന്‍ 40:60).

അല്ലാഹുവിനോട് പ്രാര്‍ഥിക്കാതെ സൃഷ്ടിളോട് പ്രാര്‍ഥിക്കുന്നവര്‍ അഹങ്കാരികളും നരകാാവകാശികളുമാണെന്ന് വ്യക്തം. ഇവര്‍തന്നെയാണ് ഏറ്റവും വഴിപിഴച്ചവരും. അല്ലാഹു പറയുന്നു:

”അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു” (ക്വുര്‍ആന്‍ 46:5)

2021 ജൂലൈ ലക്കം ‘സുന്നി വോയിസി’ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ”ആത്മാവിന് പല കഴിവുകളുമുണ്ട്. അവയെല്ലാം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടവയുമാണ്. മരണപ്പെട്ടവര്‍ കാണുകയോ കേള്‍ക്കുകയോ വിവരങ്ങള്‍ അറിയുകയോ ചെയ്യില്ലെന്ന് വാദിക്കുന്ന പുത്തന്‍ പ്രസ്ഥാനക്കാര്‍ തങ്ങളുടെ ആശയസ്രോതസ്സായി അംഗീകരിക്കുന്ന ഇബ്‌നുല്‍ ഖയ്യിം ആത്മാവിന്റെ കഴിവുകളെ കുറിച്ച് വിവരിക്കാന്‍ രചിച്ച ഗ്രന്ഥമാണ് കിതാബുര്‍റൂഹ്. മഹാന്മാരുടേത് മാത്രമല്ല, സാധാരണക്കാരുടെ ആത്മാക്കളും മരണശേഷം ഐഹിക ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയുമെന്നും അവരുടെ പരിധിയില്‍ വരുന്ന സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. മരണശേഷവും ആത്മാക്കള്‍ക്ക് ഭൗതിക ലോകവുമായി ബന്ധമുണ്ടാകുമെന്നും ഇവിടെ നടക്കുന്ന പല വിവരങ്ങളും അവര്‍ അറിയുമെന്നുമാണ് ഇസ്‌ലാമിന്റെ പക്ഷം; ജീവിതകാലത്ത് അടുത്ത പരിചയമുള്ളവരാണെങ്കില്‍ വിശേഷിച്ചും”(പേജ്/13, ജൂലൈ 16-31).

മരണപ്പെട്ടവര്‍ നിരുപാധികം എല്ലാം കേള്‍ക്കുമെന്നും അവരെ സന്ദര്‍ശിക്കുന്നവരെ അറിയുമെന്നും ഭൗതിക കാര്യങ്ങളില്‍ സഹായിക്കുമെന്നും പോലുള്ള വിശ്വാസങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചതല്ല. അല്ലാഹു പറയുന്നു: ”മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല…” (27:80).

”നിനക്ക് ക്വബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല” (35:22)

ഒരാളുടെ മരണത്തോടെ മൂന്ന് കാര്യങ്ങള്‍ ഒഴികെ ബാക്കിയുള്ള പ്രവൃത്തികള്‍ മുറിയുമെന്ന് ഹദീഥുകളില്‍ വ്യക്തമാണ്. ഇതില്‍നിന്ന് ആരും ഒഴിവല്ല. മരണപ്പെട്ടവരുടെ ലോകത്തുവെച്ച് അവര്‍ അറിയുന്നതും കേള്‍ക്കുന്നതുമായി പ്രമാണങ്ങളില്‍ വന്നത് പൂര്‍ണമായും ഉദ്ധരിക്കാതെ അവയെ ശിര്‍ക്കിന് തെളിവാക്കുന്നത് അന്യായമാണ്.

പ്രമാണങ്ങള്‍ക്കും പണ്ഡിതന്മാരുടെ ഏകോപനത്തിനും എതിരാകാത്തവിധം ചില സ്വപ്‌ന കഥകളും മറ്റു ഉദ്ധരണികളും അവലംബിച്ച് ഒട്ടേറെ മൂല്യവത്തായ ചര്‍ച്ചകള്‍ ഉള്‍പ്പെട്ട ഗ്രന്ഥമാണ് ഇമാം ഇബ്‌നുല്‍ ക്വയ്യിമിന്റെ ‘അര്‍റൂഹ്.’ ഈ ഗ്രന്ഥത്തെപ്പറ്റി വേണ്ടത്ര അറിവ് മുസ്‌ലിയാര്‍ക്ക് ഇല്ലെന്നതുറപ്പാണ്. ശിര്‍ക്കിനെ നഖശിഖാന്തം എതിര്‍ത്ത അഹ്‌ലുസ്സുന്നയുടെ ഇമാമിനെ ഉദ്ധരിച്ച് ശിര്‍ക്കിന് തെളിവുണ്ടാക്കുന്നതിനെക്കാള്‍ വലിയ അനീതിയെന്താണ്? മുസ്‌ലിയാര്‍ തത്രപ്പെടുന്നത് കണ്ടാല്‍ ആത്മാക്കളോട്  പ്രാര്‍ഥനയും സഹായതേട്ടവും നടത്തണമെന്ന ശിയാ, സ്വൂഫീ വിശ്വാസത്തെ സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇമാം ഈ ഗ്രന്ഥം രചിച്ചതെന്ന് തോന്നിപ്പോകും. അവിടെ നടക്കുന്ന ചലനങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചതില്‍ ശരിയും തെറ്റുമുണ്ടാകാം. മതവിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ കഴിവുള്ള പണ്ഡിതനായതിനാല്‍ ആ കാര്യത്തില്‍ ആക്ഷേപിക്കേണ്ടതില്ല. അഹ്‌ലുസ്സുന്നഃ വല്‍ജമാഅഃയുടെ വക്താക്കള്‍ ആരെയും അന്ധമായി അനുകരിക്കാത്തവരും നബി ﷺ ഒഴികെ മറ്റാരുടെ വാക്കിലും തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും എന്ന് വിശ്വസിക്കുന്നവരുമാണ്. പണ്ഡിതന്മാരെ അന്ധമായി അനുകരിക്കുന്ന സമസ്തക്കാര്‍ക്ക് ഈ വിശ്വാസം സ്വീകാര്യമാകില്ല.

‘അര്‍റൂഹ്’ എന്ന ഗ്രന്ഥത്തെ തെളിവാക്കി ശിര്‍ക്കിനെ മിനുക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിയാര്‍ തൗഹീന്റെ പൊരുളിനെ സംബന്ധിച്ച് അതേ ഗ്രന്ഥത്തില്‍ ഇമാം പഠിപ്പിച്ചത് ഉള്‍ക്കൊള്ളുമോ? അദ്ദേഹം ആ ഗ്രന്ഥം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

”തൗഹീദെന്നാല്‍ സ്രഷ്ടാവിന്റെ ഒരു അവകാശവും പ്രതേ്യകതയും സൃഷ്ടിക്ക് വകവെച്ച് കൊടുക്കാതിരിക്കുക എന്നതാണ്. അതിനാല്‍ സൃഷ്ടി ആരാധിക്കപ്പെടാനോ, നമസ്‌കാരമര്‍പിക്കപ്പെടാനാ, സാഷ്ടാംഗം നമിക്കപ്പെടാനോ, തന്റെ പേരില്‍ സത്യം ചെയ്യപ്പെടാനോ, നേര്‍ച്ച നേരപ്പെടാനോ, ഭരമേല്‍പിക്കപ്പെടാനാ, അല്ലാഹുവിലേക്ക് അടുപ്പം ലഭിക്കാന്‍ ആരാധിക്കപ്പെടാനോ ഒന്നും പാടുള്ളതല്ല തന്നെ. ലോകരക്ഷിതാവിനോട് ഒരു നിലയ്ക്കും സൃഷ്ടിയെ തുല്യതപ്പെടുത്താവതല്ല. ചില ആളുകളുടെ സംസാരത്തില്‍ വരുന്നത് പോലെ; ‘അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത് (നടക്കുന്നു),’ ‘ഇത് താങ്കളില്‍നിന്നും അല്ലാഹുവില്‍ നിന്നുമുള്ളതാകുന്നു,’ ‘ഞാന്‍ അല്ലാഹുവിനെ കൊണ്ടും താങ്കളെ കൊണ്ടുമാണ് നിലനില്‍ക്കുന്നത്,’ ‘ഞാന്‍ അല്ലാഹുവിലും താങ്കളിലും ഭരമേല്‍പ്പിക്കുന്നു,’ ‘എനിക്ക് ആകാശത്ത് അല്ലാഹുവും ഭൂമിയില്‍ താങ്കളുമുണ്ട്,’ ‘ഇത് അല്ലാഹുവിന്റെയും താങ്കളുടെയും ധര്‍മത്തില്‍പെട്ടതാണ്,’ ‘ഞാന്‍ അല്ലാഹുവിലേക്കും താങ്കളിലേക്കും പശ്ചാതാപിച്ച് മടങ്ങുന്നു,’ ‘ഞാന്‍ അല്ലാഹുവിന്റെയും താങ്കളുടെയും സംരക്ഷണത്തിലാണ്’ എന്നൊന്നും പറയാവതല്ല. അങ്ങനെ ഒരു സൃഷ്ടിക്ക് ഒരാള്‍ സുജൂദ് ചെയ്യുന്നു.

ചില മുശ്‌രിക്കുകള്‍ തങ്ങളുടെ ശൈഖുമാര്‍ക്ക് സുജൂദ് ചെയ്യാറുണ്ട്. ശൈഖിനുവേണ്ടി തല മുണ്ഡനം ചെയ്യാറുണ്ട്. അയാളുടെ പേരില്‍ സത്യംചെയ്യാറുണ്ട്, നേര്‍ച്ചനേരാറുണ്ട്, അയാളുടെ മരണശേഷം ക്വബ്‌റിങ്കല്‍ പോയി സുജൂദ് ചെയ്യാറുണ്ട്. ആവശ്യങ്ങളും പ്രശ്‌നങ്ങളും വരുമ്പോള്‍ അവിടെ ചെന്ന് ഇസ്തിഗാസ ചെയ്യാറുണ്ട്. അല്ലാഹുവിന്റെ കോപം വാങ്ങിക്കൊണ്ട് അവരെ തൃപ്തിപ്പെടുത്താറുണ്ട്. അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി അവരുടെ കോപം വാങ്ങാനയാള്‍ തയ്യാറല്ല താനും. അല്ലാഹുവിലേക്ക് അടുപ്പമന്വേഷിക്കുന്നതിനെക്കാള്‍ അവരിലേക്ക് അടുപ്പം സിദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നതിനെക്കാള്‍, പേടിക്കുന്നതിനെക്കള്‍, അവനില്‍ പ്രതീക്ഷവെക്കുന്നതിനെക്കാള്‍, ഈ ശൈഖിനെ ഇഷ്ടപ്പെടുകയും പേടിക്കുകയും ശൈഖില്‍ പ്രതീക്ഷ വെക്കുകയും, അല്ലെങ്കില്‍ സമമായ നിലക്ക് ഇതൊക്കെ ചെയ്യുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ റുബൂബിയ്യത്തിന്റെ പ്രതേ്യകതകള്‍ സൃഷ്ടിക്ക് വകവെച്ചകൊടുക്കാതിരിക്കുന്നതും മറ്റുള്ളവര്‍ക്ക് പോട്ടെ, സ്വന്തത്തിന് പോലും ഉപകാരമോ ഉപദ്രവമോ ജീവിതമോ മരണമോ ഉയര്‍ത്തെഴുന്നേല്‍പോ ഒന്നും തന്നെ ഉടമപ്പെടുത്താത്ത ഒരു അടിമയുടെ പദവി വകവെച്ചുകൊടുക്കുന്നതും ഒരിക്കലും ആ അടിമയെ കുറച്ച് കാണിക്കലോ, അയാളുടെ ഏതെങ്കിലും പദവിയെ ഇകഴ്ത്തിക്കാണിക്കലോ ഒന്നുമല്ല എന്നതാണ് വസ്തുത.

ഈ മുശ്‌രിക്കുകള്‍ എങ്ങനെ കിടന്ന് ന്യായീകരിച്ചാലും ഇതാണ് വസ്തുത. ആദം സന്തതികളുടെ നേതാവായ പ്രവാചകനില്‍നിന്ന് സ്ഥിരപ്പെട്ട് വന്നതായി കാണാം; അദ്ദേഹം പറഞ്ഞു: ”നസ്വാറാക്കള്‍ ഈസാനബിയെ അമിതമായി പ്രശംസിച്ചപോലെ എന്നെ നിങ്ങള്‍ പ്രംശംസിക്കരുത്. ഞാനൊരടിമ മാത്രമാണ്. അല്ലാഹുവിന്റെ അടിമ, അവന്റെ ദൂതന്‍ എന്ന് നിങ്ങള്‍ പറയുക.”

മറ്റൊരിക്കല്‍ പറഞ്ഞു: ”ഓ ജനങ്ങളേ, നിങ്ങള്‍ എന്റെ പദവിക്കുമേല്‍ എന്നെ ഉയര്‍ത്തുന്നത് ഞാനിഷ്ടപ്പെടുന്നില്ല.”

അദ്ദേഹം തന്നെ പറയുന്നു: ”എന്റെ ക്വബ്‌റിനെ നിങ്ങള്‍ ആരാധാനാകേന്ദ്രമാക്കരുത്.”

‘അല്ലാഹുവും  ഇന്നയാളും ഉദ്ദേശിച്ചത് (നടക്കുന്നു)’ എന്ന് നിങ്ങള്‍ പറയരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.

‘അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത് (നടക്കുന്നു)’ എന്നൊരാള്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ‘നീ എന്നെ അല്ലാഹുവിന് സമമാക്കുകയാണാ’ എന്നാണ് തിരിച്ചുപറഞ്ഞത്.

തെറ്റ് ചെയ്ത ഒരാള്‍ ‘അല്ലാഹുവേ, ഞാന്‍ നിന്നിലേക്ക് ഖേദിച്ച് മടങ്ങുന്നു, മുഹമ്മദിലേക്ക് ഖേദിച്ച് മടങ്ങുന്നില്ല’ എന്ന് പറഞ്ഞു.

‘നീ സത്യം മനസ്സിലാക്കി അതിന്റെ ആളിലേക്കുതന്നെ ചേര്‍ത്തി’ എന്നായിരുന്നു അയാളോടുള്ള മറുപടി.

അല്ലാഹു നബിയോടായി പറയുന്നു: ”(നബിയേ,) കാര്യത്തിന്റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല.’

”(നബിയേ,) പറയുക: എനിക്കുതന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നത് എന്റെ അധീനത്തിലല്ല; അല്ലാഹു ഉദ്ദേശിച്ചതല്ലാതെ.”

”പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെഅധീനതയിലല്ല.”

”പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല.”

”അഥവാ അവനല്ലാതെ അവലംബിക്കാനോ, അഭയംപ്രാപിക്കാനോ എനിക്കാരുമില്ല.”

മകള്‍ ഫാത്വിമ(റ)യോടും പിതൃവ്യന്‍ അബ്ബാസിനോടും പിതൃവ്യ സ്വഫിയ(റ)യോടുമായി ഒരിക്കല്‍ പ്രവാചകന്‍ ﷺ പറഞ്ഞു: ”ഞാന്‍ അല്ലാഹുവിന്റെ പക്കല്‍ നിങ്ങള്‍ക്കായി ഒന്നുംതന്നെ ഉടമപ്പെടുത്തുന്നില്ല.” മറ്റൊരു റിപ്പോര്‍ട്ടില്‍ ‘ഞാന്‍ അവന്റെ പക്കല്‍ നിങ്ങള്‍ക്ക് പോന്നവനല്ല.”

പക്ഷേ, ഇതൊക്കെ ഈ മുശ്‌രിക്കുകള്‍ക്ക് വലിയ പ്രയാസമായി തോന്നുന്നു. ഇതിനെയെല്ലാം അവര്‍ നിഷേധിക്കും. ഈ പറഞ്ഞതിന് വിപരീതമായത് അവരുടെ ആരാധ്യര്‍ക്കും ശൈഖുമാര്‍ക്കുമവര്‍ വകെവച്ച് കൊടുക്കുന്നു. ഇതിനോടാരെങ്കിലും എതിരായാല്‍ അവരുടെയൊക്കെ പദവികള്‍ ചവിട്ടിമെതിച്ച്, ഇകഴ്ത്താലെണെന്നാണ് വാദം. യഥാര്‍ഥത്തില്‍ അവരാണ് ഇലാഹിയ്യത്തിന്റെ പദവിയെ ചവിട്ടിത്താഴ്ത്തിയത്. അതിനെ താറിടിച്ചുകാണിച്ചത്.

”അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു’ എന്ന അല്ലാഹുവിന്റെ വചനത്തില്‍ ചെറുതല്ലാത്ത ഒരോഹരി അവര്‍ക്കുണ്ട്” (അര്‍റൂഹ്/പേജ് 263, 264).

മുസ്‌ലിയാര്‍ എഴുതുന്നു: ”ഈ വസ്തുത വിശദീകരിച്ച് ഇമാം സഅദുദ്ദീന്‍ തഫ്തസാനി(റഹി) എഴുതുന്നു: ‘ഭൗതിക ശരീരവുമായി വേര്‍പിരിഞ്ഞശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്‌ലാമിന്റെ പൊതുതത്ത്വങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. ഐഹികലോകത്തുവെച്ച് മയ്യിത്തുമായി പരിചയമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. ഇതുകൊണ്ടാണ് ക്വബ്ര്‍ സിയാറത്തും നന്മകള്‍ ലഭിക്കുവാനും ആഫത്തുകള്‍ ഒഴിവാകാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്‍ഥനയും ഫലം കാണുന്നത്’ ശറഹുല്‍ മഖാസ്വിദ്:3/373” (സുന്നിവോയ്‌സ്, 2021 ജൂലൈ, പേജ് 13).

സ്വൂഫീ ആചാര്യനും വചനശാസ്ത്ര പണ്ഡിതനുമായ സഅദുദ്ദീന്‍ തഫ്തസാനി സമസ്തയുടെ താത്ത്വികാചാര്യനായതിനാല്‍ ഇതിന്റെ പ്രമാണമെന്തെന്ന് ചോദിക്കുന്നതില്‍ പ്രസക്തിയില്ല. പ്രതിസന്ധിയിലും ആപല്‍ഘട്ടങ്ങളിലും മക്വ്ബറകളില്‍ അഭയംതേടിയാല്‍ ഫലംകിട്ടുമെന്ന് വിശ്വസിക്കല്‍ യഥാര്‍ഥത്തില്‍ മതത്തെ അവമതിക്കലാണ്.

അല്ലാഹു പറയുന്നു: ”അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചുപ്രാര്‍ഥിച്ചാല്‍ അവന്ന് ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ” (27:62).

ഉത്തമ തലമുറയിലുള്ളവര്‍ പരീക്ഷണഘട്ടങ്ങളെ നേരിട്ടത് അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിച്ചും ക്ഷമിച്ചുമാണ്. നബി ﷺ യോട് ഏറ്റവും അടുത്തവരായിട്ട് കൂടി അവിടുത്തെ ക്വബ്‌റിനെ അവര്‍ ആശ്രയിച്ചില്ല. നന്മ നല്‍കാനും തിന്മയെ തടയാനും കഴിവുള്ളവന്‍ അല്ലാഹുവാണെന്ന വിശ്വാസിത്തില്‍നിന്ന് അവര്‍ തെറ്റിക്കപ്പെട്ടതുമില്ല.

അല്ലാഹു പറയുന്നു: ”നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (10:107).

അല്ലാഹുവിനെ വിട്ട് സൃഷ്ടികളോട് പ്രാര്‍ഥിക്കുന്ന ഏവരും അല്ലാഹുവിനോടു മാത്രം പ്രാര്‍ഥിക്കുന്ന രണ്ട് ഘട്ടങ്ങള്‍ അല്ലാഹു പറഞ്ഞുതരുന്നത് കാണുക:

”(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുമോ? (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍. ഇല്ല, അവനെ മാത്രമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്റെ പേരില്‍ നിങ്ങളവനെ വിളിച്ച് പ്രാര്‍ഥിക്കുന്നുവോ അതവന്‍ ദൂരീകരിച്ച് തരുന്നതാണ്. നിങ്ങള്‍ (അവനോട്) പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ (അപ്പോള്‍) മറന്നുകളയും” (6:40,41).

ശാശ്വത വിജയത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വഴിയാണ് തൗഹീദ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിതം. അതില്‍ പ്രവേശിക്കാന്‍ മടികാണിക്കുന്നവര്‍ക്കാണ് അനിവാര്യമായ നാശം.

മൂസ സ്വലാഹി, കാര
നേർപഥം വാരിക

രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍

രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍

നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത സഹസ്രകോടി സൂക്ഷ്മാണുക്കളുടെ പാരാവാരത്തിലാണ് നാം ജീവിക്കുന്നത്. നമുക്ക് ചുറ്റുമുള്ള വായുവിലും വെള്ളത്തിലും മണ്ണിലും, എന്തിന് നമ്മുടെ ശരീരത്തില്‍ പോലും ട്രില്യണ്‍ കണക്കിന് സൂക്ഷ്മാണുക്കള്‍ ജീവിക്കുന്നുണ്ട്. കണ്ണിലും മൂക്കിലും വായിലും വയറ്റിലും ത്വക്കിലും മറ്റു അവയവങ്ങളിലുമായി ശരീരകോശത്തിന്റെ മൂന്നിരട്ടിയോളം വരുന്ന സൂക്ഷ്മാണുക്കളാണ് നമ്മുടെ കൂടെയൂള്ളത്. ഇവയില്‍ ചിലത് അപകടകാരികളാണെങ്കിലും അധികവുംനമുക്ക് വേണ്ടപ്പെട്ടവയാണ്. രോഗാണുക്കളില്‍ ഏറ്റവും വലിയ വില്ലനായ ഇത്തിരിക്കുഞ്ഞന്‍ വൈറസിന് കേവലം മുപ്പത് നാനോമീറ്റര്‍ വലിപ്പമാണുള്ളത്. ആയിരം നാനോമീറ്റര്‍ വലിപ്പമുള്ള ബാക്ടീരിയകള്‍, വ്യത്യസ്ത രൂപത്തിലുള്ള ഫംഗസുകള്‍, പാരാസൈറ്റുകള്‍ തുടങ്ങി നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് ദര്‍ശിക്കാനാവാത്ത ഒരു സൂക്ഷ്മജീവിലോകംതന്നെ നമ്മുടെ ശരീരത്തിലുണ്ട്.

മനുഷ്യശരീരം കീടാണുക്കളുടെ വിളനിലമാണെങ്കിലും ചില അവയവങ്ങളില്‍ ഇവയുടെ സാന്നിധ്യം അധികമായിരിക്കും. മൂക്ക്, വായ, തൊണ്ട, ആമാശയം, ത്വക്ക് എന്നിവിടങ്ങളിലാണ് കൂടുതല്‍ ബാക്ടീരിയകള്‍ കാണപ്പെടുന്നത്. ഇവയുമായി ഒരു സന്തുലിത താളപ്പൊരുത്തത്തിലും സൗഹൃദത്തിലുമാണ് നാം ജീവിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇവ പരിധിയിലധികമായി പെറ്റുപെരുകും, അല്ലെങ്കില്‍ രോഗഹേതുക്കളായ അപരിചിത സൂക്ഷ്മാണുക്കള്‍ ആക്രമണം നടത്തും. അപ്പോഴാണ് നമ്മുടെ പ്രതിരോധ സംവിധാനത്തില്‍ താളപ്പിഴ സംഭവിച്ച് നാം രോഗികളായിത്തീരുന്നത്. ട്രില്യന്‍ കണക്കിന് സൂക്ഷ്മാണുക്കളുടെ കൂടെ ആരോഗ്യത്തോടെ ജീവിക്കുന്ന മനുഷ്യന് ആയിരക്കണക്കിന് വൈറസുകള്‍ എന്തുകൊണ്ട് ഭീഷണിയായിത്തീരുന്നുവെന്നതിന് ശാസ്ത്രത്തിന് തൃപ്തികരമായ വ്യാഖ്യാനമൊന്നുമില്ല. ‘പ്രതിരോധം ദുര്‍ബലമാകുമ്പോള്‍’ എന്ന ഒരു വിശദീകരണം മാത്രമാണുള്ളത്. രോഗാണുക്കളെ നേരിടാനുള്ള പ്രതിരോധസംവിധാനം ദൈവംതന്നെ ശരീരത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. പക്ഷേ, ചിലസമയത്ത് ഇവ ആര്‍ജിത പ്രതിരോധത്തെ അതിജയിക്കാറുണ്ട്. അതുകൊണ്ട്തന്നെ അപകടകാരികളായ അണുക്കള്‍ ശരീരത്തില്‍ കയറാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമായ രക്ഷാമാര്‍ഗം.

സൂക്ഷ്മാണുക്കള്‍ പ്രകൃതിയില്‍ എല്ലായിടത്തും കാണപ്പെടുന്നുണ്ടെങ്കിലും ചില ജീവികള്‍ അപകടകരമായ അണുക്കളുടെ ആവാസകേന്ദ്രമായി പരിഗണിക്കപ്പെടുന്നുണ്ട്. മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗാണുക്കള്‍ കൂടുതലും കാണപ്പെടുന്നത് മാംസഭോജികളായ വന്യജീവികള്‍, പന്നി, പട്ടി, പരുന്ത,് കഴുകന്‍, കൊതുക്, ചെള്ള്, എലി തുടങ്ങിയ ജീവികളിലാണ്. ഇവയുടെ മാംസം ഭക്ഷിക്കുന്നത് ഇസ്‌ലാം വിരോധിച്ചിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

പ്രകൃതിയില്‍ മണ്ണിലും വെള്ളത്തിലുമെല്ലാം ധാരാളം സൂക്ഷ്മാണുക്കളുണ്ടെങ്കിലും അവയൊന്നും അപകടകാരികളല്ല. എന്നാല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍കൊണ്ടും മറ്റു ജൈവമാലിന്യങ്ങള്‍ കൊണ്ടും പരിസ്ഥിതി മലിനമാകുമ്പോള്‍ മാത്രമാണ് പ്രകൃതി രോഗാണുക്കളുടെ ഉറവിടമായിത്തീരുന്നത്. അങ്ങനെ വായു, വെള്ളം, മണ്ണ്, ജീവികള്‍, ഭക്ഷണ പാനീയങ്ങള്‍ എന്നിവയെല്ലാം രോഗാണുക്കള്‍ മനുഷ്യശരീരത്തിലെത്തുന്ന മാധ്യമങ്ങളായിത്തീരും.

വ്യക്തിശുചിത്വം

മതത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നായ ശുചിത്വം രോഗപ്രതിരോധരംഗത്ത് നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. അംഗശുദ്ധിയിലൂടെയും കുളിയിലൂടെയും ശരീരത്തിലെ എല്ലാവിധ മാലിന്യങ്ങളും നീക്കം ചെയ്ത് ശരീരത്തിലും വസ്ത്രത്തിലും ശുചിത്വം പുലര്‍ത്തേണ്ടത് നമസ്‌കാരം പോലുള്ള ആരാധനാകര്‍മങ്ങള്‍ക്ക് അനിവാര്യമാണ്. അഞ്ചുനേരം ഈ ചിട്ട പാലിക്കുന്നതിലൂടെ രോഗാണുക്കളെ ഒരളവോളം ചെറുത്തുനിര്‍ത്താന്‍ സാധിക്കും. ‘അല്ലാഹു ശുദ്ധിയുള്ളവരെ ഇഷ്ടപ്പെടുന്നു’ എന്ന ക്വുര്‍ആന്‍ വചനവും ‘വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്’ എന്ന പ്രവാചക വചനവും ഇവിടെ പ്രസക്തമാണ്.

മാലിന്യശുദ്ധീകരണത്തിന് ഏറ്റവും നല്ലമാര്‍ഗം വെള്ളംകൊണ്ട് കഴുകുന്നതാണ്. ‘നിങ്ങളെ ശുദ്ധീകരിക്കുന്നതിന് അല്ലാഹു ആകാശത്തുനിന്ന് വെള്ളമിറക്കിത്തന്നു’ എന്ന് ക്വുര്‍ആന്‍ (അന്‍ഫാല്‍ 11) ഒരു അനുഗ്രഹമായി എടുത്ത് പറയുന്നുണ്ട്. പല കാരണങ്ങള്‍കൊണ്ടും വെള്ളം ശുചീകരണത്തിനുള്ള ഏറ്റവും നല്ല ഒരു മാധ്യമമാണ്. ‘ആകാശത്തുനിന്ന് ശുദ്ധമായ വെള്ളമിറക്കി, നിങ്ങളെ ശുദ്ധീകരിക്കുന്നതിന്’ എന്നും ക്വുര്‍ആന്‍ പല സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

മനുഷ്യശരീരത്തില്‍ ചര്‍മത്തിലാണ് ഏറ്റവും കൂടുതല്‍ ബാക്ടീരിയകളും ഫംഗസുകളും കാണപ്പെടുന്നത്. ശരീരത്തിലെ ഒരു ചതുരശ്ര സെന്റിമീറ്ററില്‍ ഒരു ലക്ഷം സൂക്ഷ്മാണുക്കള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ വസ്ത്രധാരണം കൊണ്ട് മറയ്ക്കപ്പെടാത്ത സ്ഥലങ്ങളില്‍ ഈ അണുസംഖ്യ പത്ത് മില്യണ്‍ വരെ കാണപ്പെടും. അംഗശുദ്ധിവരുത്തുമ്പോള്‍ (വുദൂഅ് ചെയ്യുമ്പോള്‍) മുഖം, കൈകാലുകള്‍ തുടങ്ങി ഏറ്റവും കൂടുതല്‍ അണുസാന്നിധ്യമുള്ള അവയവങ്ങളാണ് കഴുകുന്നത്. അതോെടാപ്പം ശരീരത്തിലേക്ക് രോഗാണുക്കള്‍ പ്രവേശിക്കുന്ന പ്രധാന മാര്‍ഗങ്ങളായ വായും മൂക്കും വൃത്തിയാക്കുന്നതും അംഗശുദ്ധിയുടെ അവിഭാജ്യഘടകമാണ്. വായ രോഗാണുക്കളുടെ കവാടം മാതമല്ല അവയുടെ സങ്കേതം കൂടിയാണ്. വായില്‍ ഇതരഭാഗങ്ങളെ അപേക്ഷിച്ച് മുന്നൂറിരട്ടി രോഗാണുക്കള്‍ വസിക്കുന്നുണ്ട്. വായിലെ ഒരു മില്ലി ദ്രവത്തില്‍ നൂറ് മില്യണ്‍ രോഗാണുക്കളെങ്കിലുമുണ്ടാകും! വായില്‍ കാണപ്പെടുന്ന 60 ശതമാനം ബാക്ടീരിയകളും പരാന്നഭോജികളാണ്; അവ പോഷണം കണ്ടെത്തുന്നത് പല്ലിനിടയിലെ ഭക്ഷ്യ അവശിഷ്ടങ്ങളില്‍നിന്നാണ്. ഇവ ഉദ്പാദിക്കുന്ന സ്രവങ്ങളും അമ്ലങ്ങളുമാണ് വായില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നത്. ദിവസവും പല പ്രാവശ്യം വായ കഴുകുന്നതാണ് ഇതിനെതിരെയുള്ള പ്രതിവിധി.

അംഗശുദ്ധിയുടെ സമയത്ത് പല്ല് തേക്കുന്നത് നബിചര്യയാണ്. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ പല്ല് തേക്കുക, അത് വായ ശുദ്ധീകരിക്കുന്നതും രക്ഷിതാവിന് ഇഷ്ടപ്പെട്ടതുമാണ്. ജിബ്‌രീല്‍ വരുമ്പോഴെല്ലാം എന്നോട് ദന്തശുദ്ധിയെക്കുറിച്ച് ഉപദേശിച്ചു. അത് ഒരു നിര്‍ബന്ധകാര്യമാക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു” (ഇബ്‌നുമാജ).

ദന്തശുദ്ധി ആരോഗ്യസംരക്ഷണരംഗത്ത് വളരെ അനിവാര്യമായ ഒന്നാണ്. ഇതിന്റെ അഭാവത്തില്‍ പല്ലുകളില്‍ രൂപപ്പെടുന്ന പ്ലാക്ക് അഥവാ കട്ടിയുള്ള ആവരണത്തില്‍ ഒരു ഗ്രാമില്‍തന്നെ നൂറ് ബില്യണ്‍ കീടാണുക്കളുണ്ടാകും. ഇത്തരം പ്ലാക്കുകള്‍ പെട്ടെന്ന് രൂപപ്പെടുകയും മോണരോഗങ്ങള്‍ക്കും ദന്തക്ഷയത്തിനും കാരണമായിത്തീരുകയും ചെയ്യും. നിങ്ങള്‍ക്ക് പ്രയാസകരമാകില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിനും പല്ല് തേക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു എന്ന ഹദീഥ് ഇവിടെയാണ് പ്രസക്തമാകുന്നത്. ദന്തശുദ്ധീകരണത്തെ പ്രോത്സാഹിപ്പിച്ച വേറെയും വചനങ്ങള്‍ ഹദീഥുകളില്‍ കാണാന്‍ കഴിയും. സൂക്ഷ്മാണുക്കളെ നശിപ്പിക്കാന്‍ കഴിവുള്ള ധാരാളം രാസപദാര്‍ഥങ്ങള്‍ അടങ്ങിയ അറാക് മുതലായ മരങ്ങളുടെ ചെറിയ കമ്പുകളാണ് പരമ്പരാഗതമായി അറബികള്‍ പല്ല് തേക്കാന്‍ ഉപയോഗിച്ചുവരുന്നത്.

അംഗശുദ്ധിയുടെ സമയത്ത് മൂക്കില്‍ വെള്ളം കയറ്റി ചീറ്റി ശുദ്ധീകരിക്കേണ്ടതുണ്ട്. മൂക്കിനകത്ത് സൂക്ഷ്മാണുക്കളുടെ കോളനികള്‍തന്നെ കാണപ്പെടുന്നുണ്ട്. എന്നാല്‍ ശരിയായരീതിയില്‍ വുദൂഅ് എടുക്കുന്നവരില്‍ (സാധ്യമായ രൂപത്തില്‍ വെള്ളം കയറ്റി ചീറ്റുന്നതുകൊണ്ട്) ഇവ അധികം കാണപ്പെടുന്നില്ല. അതുപോലെ അംഗശുദ്ധിയിലൂടെ മുഖത്തും കൈകളിലും പാദങ്ങളിലുമുള്ള കീടാണുക്കളെ തുരത്താനാകും. വുദൂഅ് ചെയ്യുന്ന സമയത്ത് കൈകാലുകളുടെ വിരലുകളുടെ വിടവുകളും ചുളിവുകളും അഴുക്ക് നീങ്ങുംവിധം ശുദ്ധീകരിക്കാന്‍ നിഷ്‌കര്‍ശിച്ചിട്ടുണ്ട്. കൈകളില്‍ രോഗാണുക്കളുടെ സാന്നിധ്യം അധികമായതുകൊണ്ടാണ് വുദൂഇന് പുറമെ ഉറക്കമുണര്‍ന്ന ഉടനെയും മലമൂത്ര വിസര്‍ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കാന്‍ നബി ﷺ പ്രത്യേകം കല്‍പിച്ചത്.

ശരീരം മുഴുവന്‍ ശുദ്ധീകരിക്കുന്ന കുളിയും ഇസ്‌ലാമിക അധ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ചില സാഹചര്യങ്ങളില്‍ അത് നിര്‍ബന്ധമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കുളിക്കാതെ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് വിലക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ധാരാളം അവസരങ്ങളില്‍ കുളിക്കുന്നത് ഐച്ഛികമായി എണ്ണിയിട്ടുണ്ട്. ഒരാഴ്ചയിലധികം കുളിക്കാതിരിക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യമല്ല. കാരണം നബി ﷺ പറഞ്ഞു: ”തലയും ശരീരവും കഴുകുന്ന രൂപത്തില്‍ കുളിക്കുന്നത് ഏഴ് ദിവസത്തിലൊരിക്കല്‍ ഒരു മുസ്‌ലിമിന് നിര്‍ബന്ധമാണ്” (മുസ്‌ലിം).

നന്നായി കുളിക്കുന്നതിലൂടെ ശരീരത്തിലെ തൊണ്ണുറ് ശതമാനം സൂക്ഷ്മാണുക്കളെയും നിര്‍മാര്‍ജനം ചെയ്യാനാകും. മുസ്‌ലിംകള്‍ കുളിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരാണ്. മുന്‍കാലഘട്ടങ്ങളില്‍ പാശ്ചാത്യരടക്കമുള്ള പല സമുദായങ്ങളിലും കുളി ഒരു അപൂര്‍വ സംഭവമായിരുന്നു!

വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായ കുളി, ദന്തശുദ്ധി, നഖം മുറിക്കുക, ശൗച്യം ചെയ്യുക, മീശരോമം വെട്ടുക, കക്ഷ-ഗുഹ്യ രോമങ്ങള്‍ നീക്കംചെയ്യുക തുടങ്ങിയ പത്തോളം കാര്യങ്ങള്‍ തിരുവചനങ്ങളില്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിലല്ലാതെ മറ്റൊരു മതത്തിലും ഇത്തരം സൂക്ഷ്മായ ശുചിത്വ നിര്‍ദേശങ്ങള്‍ കാണാന്‍ സാധ്യമല്ല. ഇസ്‌ലാമിലെ ഇത്തരം ശുചിത്വനിയമങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ രോഗപ്രതിരോധത്തിന് അവ വളരെ സഹായകമാണെന്ന് കാണാം. ഉദാഹരണമായി, വിസര്‍ജനത്തിന് ശേഷം വെള്ളംകൊണ്ട് ശൗച്യം ചെയ്യാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്. അത് ലഭ്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമെ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പറ്റുകയുള്ളൂ. വെള്ളം അല്ലാതെ ശൗച്യം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളിലൊന്ന് ടോയ്‌ലറ്റ് പേപ്പറുകളാണ്. എന്നാല്‍ അത്തരം കടലാസുകള്‍കൊണ്ട് മാലിന്യം പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധ്യമല്ല. ടിഷ്യൂ പേപ്പറിന്റെ ഏഴ് അടുക്കുകളെ ഭേദിച്ച് കയ്യിലെത്താല്‍ മലത്തിലെ അണുക്കള്‍ക്ക് കഴിയും. പ്രത്യേകിച്ച് രോഗങ്ങളൊന്നുമില്ലാത്തവരുടെ വിസര്‍ജ്യത്തില്‍ പോലും ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍ അടങ്ങിയിട്ടുണ്ടാകും. രോഗികളുടെ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന രോഗാണുക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. നഖം വെട്ടാനുള്ള നിര്‍ദേശവും നിസ്സാരമായി കാണാനാവില്ല. കാരണം ഓരോ നഖത്തിന് ചുവട്ടിലും എണ്ണമറ്റ രോഗാണുക്കള്‍ കാണപ്പെടുന്നുണ്ട്. പ്രവാചകചര്യയില്‍ പെട്ട മറ്റു നിര്‍ദേശങ്ങളും രോഗപ്രതിരോധ രംഗത്ത് നിര്‍ണായകമായ പങ്ക് വഹിക്കുന്നവയാണ്.

ചേലാകര്‍മം ചെയ്യാത്തവരില്‍ മൂത്രാശയ രോഗങ്ങള്‍ അധികമായി കാണപ്പെടുന്നുണ്ട്. തന്നെയുമല്ല ഇത്തരം ആളുകളുമായി ബന്ധപ്പെടുന്ന സ്ത്രീകളിലും ഗര്‍ഭാശയകാന്‍സറിന്റെ തോതും അധികമായി കാണപ്പെടുന്നുണ്ട്. മലമൂത്ര വിസര്‍ജനത്തിന് ശേഷമുള്ള ശുചീകരണത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മൂത്രമൊഴിച്ചതിന് ശേഷം ശുദ്ധിയാക്കാന്‍ പലരും വിമുഖത കാണിക്കാറുണ്ട്. എന്നാല്‍ പ്രവാചകന്‍ ﷺ ഇക്കാര്യവും കണിശമായി കല്‍പിച്ചതായി കാണാം. ഈ രംഗത്ത് അലംഭാവം കാണിക്കുന്നത് മരണശേഷം ക്വബ്ര്‍ ശിക്ഷക്ക് പോലും കാരണമായിത്തീരുമെന്നാണ് ഹദീഥുകള്‍ വ്യക്തമാക്കുന്നുണ്ട്.

സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുന്നതോെടാപ്പംതന്നെ ശരീരത്തില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധ്യതയുള്ള എല്ലാ മാര്‍ഗങ്ങളും ഇസ്‌ലാം അടക്കുന്നുണ്ട്. ഉദാഹരണമായി, ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്ന പാത്രത്തിലേക്ക് ഊതുന്നതും അതിലേക്ക് നിശ്വസിക്കുന്നതും പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. (അബൂദാവൂദ്). പാനീയത്തില്‍ ഊതുന്നത് വിലക്കിയപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ഞാന്‍ പാത്രത്തില്‍ കരട് കാണുന്നുണ്ടെങ്കിലോ?’ തിരുമേനി പറഞ്ഞു: ‘നീ അതിനെ അതില്‍നിന്നും തൂവിക്കളയുക.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എനിക്ക് ഒറ്റശ്വാസത്തില്‍ കുടിക്കാന്‍ സാധ്യമല്ല.’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ പാത്രം നിന്റെ വായില്‍നിന്നും അകറ്റുക'(തിര്‍മുദി).

തുമ്മുന്ന അവസരങ്ങളില്‍ തിരുമേനി ﷺ കൈകള്‍കൊണ്ടും വസ്ത്രംകൊണ്ടും മുഖം പൊത്തിയിരുന്നു (തിര്‍മുദി). കോട്ടുവായിടുമ്പോഴും വായ് പൊത്തിപ്പിടിക്കാന്‍ ആജ്ഞാപിച്ചിട്ടുണ്ട്. നബി ﷺ പറഞ്ഞു:”നിങ്ങള്‍ ആരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ അവന്റെ കൈകൊണ്ട് വായ് പൊത്തിപ്പിടിക്കട്ടെ”(മുസ്‌ലിം).

പരിസര ശുചിത്വം

നബി ﷺ പറഞ്ഞു: ‘നിശ്ചയം, അല്ലാഹു വൃത്തിയുള്ളവനാണ്; അവന്‍ വൃത്തി ഇഷ്ടപ്പെടുന്നു. അവന്‍ ശുദ്ധിയുള്ളവനാണ്; അവന്‍ ശുദ്ധി ഇഷ്ടപ്പെടുന്നു. അവന്‍ മാന്യനാണ്; മാന്യത ഇഷ്ടപ്പെടുന്നു. അവന്‍ ഔദാര്യവാനാണ്; ഔദാര്യം ഇഷ്ടപ്പെടുന്നു. നിങ്ങള്‍ നിങ്ങളുടെ മുറ്റങ്ങള്‍ വൃത്തിയാക്കുക, ജൂതരോട് സാദൃശ്യം പുലര്‍ത്താതിരിക്കുക’ (തിര്‍മുദി).

വഴിയില്‍നിന്ന് ഉപദ്രവം നീക്കുന്നത് പുണ്യമാണെന്ന് പഠിപ്പിച്ച പ്രവാചകന്‍ ﷺ പള്ളി പോലുള്ള പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് തെറ്റാണെന്നും അരുളിയിട്ടുണ്ട്. വഴിയിലും തണലുകളിലും വിസര്‍ജിക്കുന്നത് ശപിക്കപ്പെട്ട കാര്യമായിട്ടാണ് ഹദീഥുകള്‍ പഠിപ്പിക്കുന്നത്. വഴിയില്‍ വിസര്‍ജിക്കുന്നത് ഉപദ്രവകരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ തണലുകളില്‍ വിസര്‍ജിക്കുന്നത് വിലക്കിയത് അവിടെ വിശ്രമിക്കുന്നവര്‍ക്ക് പ്രയാസകരമാകാതിരിക്കാനോ അല്ലെങ്കില്‍ സൂര്യപ്രകാശത്തിന്റെ അഭാവത്തില്‍ രോഗാണുക്കള്‍ പെറ്റുപെരുകാതിരിക്കാനോ ആയിരിക്കാം. മൈക്രോസ്‌ക്കോപ്പും മൈക്രോബയോളജിയും അജ്ഞാതമായ ഒരു കാലഘട്ടത്തില്‍ ഭക്ഷണം കഴിക്കുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും വലതുകൈ ഉപയോഗിക്കണമെന്നും ശൗച്യം ചെയ്യാന്‍ ഇടതുകൈ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ച തിരുവചനങ്ങള്‍ എത്രമാത്രം ശാസ്ത്രീയമാണ്!’

‘അല്ലാഹുവിന്റെ ദൂതരുടെ വലതുകൈ ശുദ്ധീകരണത്തിനും ഭക്ഷണത്തിനും ആയിരുന്നു. ഇടതു കൈ ശൗച്യത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും'(അബൂദാവൂദ്).

ഭക്ഷണപാനീയങ്ങളുള്ള പാത്രങ്ങള്‍ അടച്ചുവെക്കാനും തോല്‍പാത്രങ്ങളുടെ മുകള്‍ഭാഗം കെട്ടി ഭദ്രമാക്കാനും പ്രവാചകന്‍ ﷺ കല്‍പിച്ചിട്ടുണ്ട്: ”പാത്രങ്ങള്‍ അടച്ചുവെക്കുക, വെള്ളത്തിന്റെ തോല്‍പാത്രം കെട്ടിവെക്കുക. വര്‍ഷത്തില്‍ ഒരു രാത്രി ഒരു മഹാമാരി ഇറങ്ങും. അടച്ചുവെക്കാത്ത പാത്രങ്ങളിലും കെട്ടിവെക്കാത്ത തുകല്‍പാത്രങ്ങളിലും അത് ഇറങ്ങും” (മുസ്‌ലിം).

രോഗാണുക്കള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഭക്ഷണ പാനീയങ്ങളുടെ പാത്രങ്ങള്‍ അടച്ചുവെച്ചില്ലെങ്കില്‍ അവ അതിലൂടെ പകരുമെന്നാണ് ഈ വചനം സൂചിപ്പിക്കുന്നത്. അതുപോലെ രാത്രി ഉറക്കമുണര്‍ന്നാല്‍ കൈ കഴുകി വൃത്തിയാക്കാതെ ഒന്നിലും സ്പര്‍ശിക്കരുതെന്നും തിരുമേനി കല്‍പിച്ചിട്ടുണ്ട്. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ ആരെങ്കിലും ഉറക്കമുണര്‍ന്നാല്‍ അവന്റെ കൈ പാത്രത്തില്‍ മുക്കരുത്; അത് മൂന്ന് പ്രാവശ്യം കഴുകിയതിന് ശേഷമല്ലാതെ. കാരണം അവന്റെ കൈ രാത്രി എവിടെയായിരുന്നുവെന്ന് അവന് അറിയുകയില്ല.”

തോല്‍പാത്രത്തിന്റെ വായ്ഭാഗത്ത് വായവെച്ച് വെള്ളം കുടിക്കുന്നത് വിരോധിക്കുന്ന ഒരു ഹദീഥ് ബുഖാരിയില്‍ കാണാവുന്നതാണ്.

(അവസാനിച്ചില്ല)

ഡോ. ടി. കെ യൂസുഫ്
നേർപഥം വാരിക

ദൈവവും നാസ്തികരും

ദൈവവും നാസ്തികരും

ദൈവമുണ്ടോ, അഥവാ ഇക്കാണുന്ന പ്രപഞ്ചത്തിന്റെ രൂപീകരണത്തിനു പിന്നില്‍ ഒരു ആദികാരണം അല്ലെങ്കില്‍ ഒരു ശക്തിയുണ്ടോ എന്ന ചോദ്യം പലരുടെയും മനസ്സിലുള്ളതാണ്. പ്രഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്നവരെല്ലാം ദൈവമുണ്ട് എന്ന ഉത്തരം കണ്ടെത്തും. ഈ ചോദ്യം നാസ്തികരോട് ചോദിച്ചാല്‍ അവര്‍ പറയും ഈ പ്രപഞ്ചം അനാദിയാണ് എന്ന്.

ശാസ്ത്രലോകത്ത് കൂടുതല്‍ അംഗീകരിക്കപ്പെട്ട സിദ്ധാന്തമാണ് big bang theory. അതായത് ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് എന്ന മഹാവിസ്‌ഫോടന സിദ്ധാന്തം. എന്നാല്‍ ഇപ്പോള്‍ നാസ്തികരിലെ  ലോറന്‍സ് ക്രോസ്സിനെപ്പോലെയുള്ള ആളുകള്‍ പറയുന്നത് പ്രപഞ്ചം ഒന്നുമില്ലായ്മയില്‍നിന്നും വന്നതാണ് എന്നാണ്. ഒന്നുമില്ലായ്മയില്‍നിന്നും ഒരു കസേര ഉണ്ടായി എന്ന് ഒരാള്‍ വാദിച്ചാല്‍ ഏതെങ്കിലും നാസ്തികന്‍ വിശ്വസിക്കുമോ? ഇല്ല! പിന്നെ എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍നിന്നും പ്രപഞ്ചം ഉണ്ടാവുക? അവര്‍ ആ ഒന്നുമില്ലായ്മയെ എന്തൊക്കെയോ ആക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ്! ദൈവം എന്നത് കേവലം വിശ്വാസം മാത്രമാണെന്നാണ് അവര്‍ പറയുന്നത്.

ഫിലോസഫിയില്‍ contengency argument അല്ലെങ്കില്‍ argument from dependency (ആശ്രിതത്വ വാദം) എന്ന ഒരു വാദമുണ്ട്. ഇത് പറയുന്നത് ഈ പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും നിലനില്‍ക്കുന്നത് ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചാണ് എന്നാണ്. ഭൗതികശാസ്ത്ര നിയമങ്ങളും അതുതന്നെയാണ് പറയുന്നത്. സ്വയം ചലിക്കാന്‍ കഴിവില്ലാത്ത ഈ പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി? തീര്‍ച്ചയായും ആരാലും സൃഷ്ടിക്കപ്പെടാത്ത മറ്റൊരു അസ്തിത്വം ഉണ്ടായിരിക്കണം. അത് അനിവാര്യവുമാണ്. അപ്പോള്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഈ പരാശ്രയം ആവശ്യമില്ലാത്ത അസ്തിത്വമായിരിക്കണം.

ഈ പ്രപഞ്ചത്തില്‍ എല്ലാ കാര്യങ്ങള്‍ക്ക് പിന്നിലും ഒരു കാരണമുണ്ട്. അത് കാരണമില്ലാത്ത ഒരു അസ്തിത്വത്തില്‍ ചെന്നവസാനിക്കും. നാസ്തികര്‍ പറയുന്നത് പോലെ പ്രപഞ്ചം അനാദിയാണെങ്കില്‍ ഓരോന്നിന്റെയും പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചു പോകുമ്പോള്‍ അത് അനന്തമായി  തുടരും. ഈ അനന്തമായ തുടര്‍ച്ച ഒരിക്കലും ഒരു കാര്യം സംഭവിക്കുന്നതിന് വഴിവെക്കില്ല. അപ്പോള്‍ ഈ പ്രപഞ്ചം താനെ ഉണ്ടാകാന്‍ തരമില്ല. ദൈവമുണ്ടെന്നു പറഞ്ഞാല്‍ നാസ്തികര്‍ ചോദിക്കും; അപ്പോള്‍ ദൈവത്തെ ആരെങ്കിലും സൃഷ്ടിച്ചതാകണ്ടേ എന്ന്. ഒരു വാദത്തിനു വേണ്ടി ഇത് സമ്മതിക്കാം. അപ്പോള്‍ വീണ്ടും ചോദ്യം വരും; അതിനെ ആര് സൃഷ്ടിച്ചു എന്ന്. ഇത് അനന്തമായി തുടരും.

ഈ ബാലിശമായ വാദം ഒരു ചെറിയ ഉദാഹരണത്തിലൂടെ  അസംഭവ്യമാണെന് തെളിയിക്കാം. അതായത് ഒരു വ്യക്തി; മറ്റൊരു സ്ഥലത്ത് ചെന്നുപെട്ട അയാള്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോകാന്‍ കൈയില്‍ കാശില്ല. അയാള്‍ ഒരാളോട് കാശ് കടം ചോദിക്കുന്നു. അയാള്‍ എന്റെയടുത്ത് കാശില്ല, വേറൊരാളോട് വാങ്ങിത്തരാമെന്ന് പറയുന്നു. ഇത് ഇങ്ങനെ അനന്തമായി തുടരുന്നു. അപ്പോള്‍ ഒരിക്കലും ആ വ്യക്തിക്ക് കാശ് കിട്ടുകയില്ല, ആ വ്യക്തി വീടെത്തുകയുമില്ല. മറിച്ച് ഏതോ ഒരാള്‍ ആരെയും ആശ്രയിക്കാതെ സ്വന്തം പൈസ എടുത്തു കൊടുക്കുന്നു. അപ്പോള്‍ ആ വ്യക്തിക്ക് വീട്ടില്‍ പോകാന്‍ സാധിക്കുന്നു. ഇതു തന്നെയാണ് ദൈവത്തിന്റെ കാര്യത്തിലും പറയാനുള്ളത്.

ദൈവത്തെ ആരെങ്കിലും സൃഷ്ടിച്ചതാണെങ്കില്‍ അതിനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം വരും. ഇത് അനന്തമായി തുടരും. ഇത് ഒരിക്കലും പ്രപഞ്ച സൃഷ്ടിപ്പ് ആരു നടത്തി എന്ന് കണ്ടെത്തുന്നതിലേക്ക് നയിക്കുന്നില്ല. ആരുമില്ലെങ്കില്‍ പ്രപഞ്ചമുണ്ടാകാനും വഴിയില്ല. എന്നാല്‍ ഒരോ വസ്തുവിന്റെയും കാരണമന്വേഷിച്ചു പോകുമ്പോള്‍ അത് ഒന്നിനെയും ആശ്രയിക്കാത്ത, അനാദിയായ, അനിവാര്യമായ  ഒരു അസ്തിത്വത്തിലേക്ക്  ചെന്നവസാനിച്ചിരിക്കണം. ദൈവം എന്നത് ഒരു ഈ പ്രപഞ്ചത്തിന് അനിവാര്യ അസ്തിത്വമാണ് (necessary existence). പ്രപഞ്ചം ഉണ്ടാകണമെങ്കില്‍ അനാദിയായ, എല്ലാവരും ആശ്രയിക്കുന്ന എന്നാല്‍ ആരെയും ആശ്രയിക്കേണ്ടാത്ത ഒരു അസ്തിത്വം അനിവാര്യമാണ്. ദൈവത്തിനുള്ള തെളിവ് ഈ പ്രപഞ്ചം തന്നെയാണ്.

അര്‍ശദ് കുറിശ്ശാംകുളം
നേർപഥം വാരിക

കുടുംബബന്ധം ചേര്‍ക്കുന്നതിന്റെ നേട്ടങ്ങള്‍

കുടുംബബന്ധം ചേര്‍ക്കുന്നതിന്റെ നേട്ടങ്ങള്‍

നസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”ആര്‍ക്കെങ്കിലും തന്റെ ഉപജീവനത്തില്‍ വിശാലത ഉണ്ടാകണമെന്നും തന്റെ ആയുസ്സ് ദീര്‍ഘിപ്പിക്കപ്പെടമെന്നും താല്‍പര്യമുണ്ടെങ്കില്‍ അവന്‍ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ” (ബുഖാരി)

 

ഈ ഹദീഥില്‍ പറഞ്ഞ ആയുസ്സിന്റെ വര്‍ധനവ്, ഉപജീവനത്തിന്റെ വിശാലത എന്നിവയുടെ ആശയത്തെക്കുറിച്ച് പണ്ഡിതന്മാര്‍ പറഞ്ഞത് താഴെ പറയും പ്രകാരമാകുന്നു: 1) വര്‍ധനവ്‌കൊണ്ടുള്ള ഉദ്ദേശെമന്താണെന്നാല്‍; കുടുംബബന്ധം ചേര്‍ക്കുന്നവന്റെ ആയുസ്സില്‍ അല്ലാഹു അനുഗ്രഹം ചൊരിയുകയും അവന് ശാരീരികവും മാനസികവുമായ ശക്തിയും തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തിയും നല്‍കി അവന്റെ ജീവിതം സുഖസുന്ദരമാക്കിത്തീര്‍ക്കുകയും ചെയ്യും. 2) വര്‍ധനവ് അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ തന്നെ: അപ്പോള്‍ കുടുംബബന്ധം ചേര്‍ക്കുന്നവന് അവന്റെ ആയുസ്സ് അല്ലാഹു വര്‍ധിപ്പിക്കുകയും അവന്റെ ഉപജീവനത്തില്‍ സുഭിക്ഷത നല്‍കുകയും ചെയ്യുമെന്ന് സാരം.

 

”ആരോഗ്യവും ശുദ്ധവായുവും നല്ലഭക്ഷണവും മാനസിക സന്തോഷവും ആയുര്‍ദൈര്‍ഘ്യന്റെ കാരണമാണ്. അതുപോലെത്തന്നെ കുടുംബബന്ധം ചേര്‍ക്കലിനെ ആയുര്‍ദൈര്‍ഘ്യത്തിന്റെ ദൈവികമായ ഒരു കാരണമായി നിശ്ചയിച്ചിരിക്കുകയാണ്. അഥവാ ഇഹലോകത്ത് ഇഷ്ടപ്പെട്ടത് കൈവരിക്കാനുള്ള കാരണങ്ങള്‍ രണ്ടാകുന്നു: ഒന്ന്) പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ പെട്ടതും ബുദ്ധിക്ക് മനസ്സിലാകുന്നതുമായവ. രണ്ട്) ദൈവികമായവ. ലോകത്ത് നടക്കുന്ന സര്‍വകാര്യങ്ങളുടെയും കാണങ്ങളുടെയും ഉടമസ്ഥനും തന്റെ ഇച്ഛപോലെ എല്ലാം നടത്തുന്നവനുമായ എല്ലാറ്റിനും കഴിവുള്ള ദൈവം കണക്കാക്കിയ കാര്യങ്ങള്‍” (ബഹ്ജതു ക്വുലൂബില്‍ അബ്‌റാര്‍-ഇബ്‌നു സഅദി, പേജ് 74,75).

 

എന്നാല്‍ ഇക്കാര്യത്തില്‍ ചിലര്‍ക്ക് സംശയങ്ങളുണ്ട്. അവര്‍ പറയുന്നു: ”ഭക്ഷണം തീരുമാനിക്കപ്പെട്ടതും ആയുസ്സ് നിര്‍ണയിക്കപ്പെട്ടതുമാണെങ്കില്‍  ‘ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴികനേരം വൈകിക്കുകയോ നേരത്തെയാക്കുകയോ ഇല്ല’ (അഅ്‌റാഫ് 34) എന്ന ക്വുര്‍ആന്‍ വചനത്തിന്റെ ആശയമെന്ത്? ഈ ആയത്തിനെയും മുന്‍ചൊന്ന ഹദീഥിനെയും എങ്ങനെ സംയോജിപ്പിക്കും?”

 

അതിനുള്ള മറുപടി ഇതാണ്: വിധി എന്നത് രണ്ടുതരമാണ്. ഒന്നാമത്തേത് സഥിരീകരിക്കപ്പെട്ടത് അഥവാ നിരുപാധികമായത്. അത് ഉമ്മുല്‍ കിതാബില്‍ (ലൗഹുല്‍ മഹ്ഫൂദില്‍) ഉള്ളതാകുന്നു. അതിന് മാറ്റമില്ല. രണ്ടാമത്തേത് സോപാധികമായത്. അത് മലക്കുകളുടെ ഏടുകളിലുള്ളതാണ്. മാറ്റത്തിരുത്തലുകള്‍ അതിലാണുള്ളത്; അഥവാ സംഭവിക്കുന്നത്.

 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറഞ്ഞിരിക്കുന്നു: ”അവധി രണ്ടുതരമാകുന്നു. 1) അല്ലാഹുവിന്റെ അറിവില്‍ മാത്രം പെട്ടതും നിരുപാധികമായതും. 2) സോപാധികമായത്. അതാണ് താഴെ വരുന്ന പ്രവാചക വചനം വ്യക്തമാക്കുന്നത്: ”തന്റെ ഭക്ഷണത്തില്‍ വിശാലത നല്‍കപ്പെടുന്നതും അവധി നീട്ടികിട്ടുന്നതും ആരെയെങ്കിലും സന്തോഷിപ്പുക്കുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബബന്ധം ചേര്‍ത്തിക്കൊള്ളട്ടെ.”

 

അവന് അവധി എഴുതിവെക്കാന്‍ അല്ലാഹു മലക്കിനോട് കല്‍പിച്ചിരിക്കുന്നു. അല്ലാഹു ഇപ്രകാരം പറയുകയും ചെയ്യുന്നു: ”അവന്‍ കുടുംബബന്ധം ചേര്‍ക്കുന്നവനാണെങ്കില്‍ അവന് ഞാന്‍ ഇന്നിന്ന പ്രകാരം വര്‍ധിപ്പിച്ചുകൊടുത്തിട്ടുണ്ട്.’ വര്‍ധിപ്പിച്ചുവോ ഇല്ലയോ എന്ന് മലക്ക് അറിയുകയില്ല. എന്നാല്‍ അവന്റെ അവധി എന്നാണെന്ന് അല്ലാഹുവിന് അറിയാം. അത് എത്തിക്കഴിഞ്ഞാല്‍ പിന്നീട് മുന്തിക്കപ്പെടുകയോ പിന്തിക്കപ്പെടുകയോ ഇല്ല” (മജ്മൂഉല്‍ ഫതാവാ: 8/517). ഭക്ഷണത്തെക്കുറിച്ച് അത് വര്‍ധിക്കുമോ കുറയുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇബ്‌നുതൈമിയ പറഞ്ഞു: ”ഭക്ഷണം രണ്ട് തരമാണ്. 1) അവന് ഭക്ഷണമായി നല്‍കുമെന്ന് അല്ലാഹു മാത്രം അറിഞ്ഞത്. അതിന് മാറ്റമില്ല. 2) അവന്‍ എഴുതിവെച്ച് മലക്കുകളെ അറിയിച്ചത്. ഇത് കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുകയും കുറയുകയും ചെയ്യും” (മജ്മൂഉല്‍ ഫതാവാ: 8/540).

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ജീവനും ജീവിതവും

ജീവനും ജീവിതവും

ഭൂമിയിലെ ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. നന്മകള്‍ ചെയ്ത് ഉന്നതനാവാനും തിന്മകള്‍ ചെയ്ത് അധമനാവാനും അവന് സാധിക്കും. മനുഷ്യന് ദൈവം നല്‍കിയ അമൂല്യനിധിയാണ് ഇഹലോകത്തെ ജീവിതം. ഒരു മനുഷ്യനും തന്റെ ഇഷ്ടപ്രകാരമല്ല ഈ ലോകത്ത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്ന് പിറന്നുവീണത്, മറിച്ച് ഭൂമിയില്‍ മനുഷ്യന് എല്ലാവിധ സുഖസൗകര്യങ്ങളും സംവിധാനിച്ച ദൈവത്തിന്റെ തീരുമാനപ്രകാരമാണത് സംഭവിച്ചത്. അതുകൊണ്ട്തന്നെ ദൈവാനുഗ്രഹമായ ഈ ജീവനും ജീവിതവും മനുഷ്യന്‍ വിചാരിക്കുമ്പോള്‍ അവസാനിപ്പിക്കാവതല്ല. മാനവര്‍ക്കായി സ്രഷ്ടാവ് അവതരിപ്പിച്ച സത്യമതത്തിന്റെ പ്രമാണങ്ങള്‍ ഇതാണ് പഠിപ്പിക്കുന്നത്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

 

”നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു” (അന്നിസാഅ്: 29).

 

”അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്നപക്ഷം അവന്റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു” (അല്‍ഇസ്‌റാഅ്: 33).

 

”(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്…” (അല്‍അന്‍ആം: 151).

 

”ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു”(അല്‍ഇസ്‌റാഅ്: 31).

 

നമ്മുടെ നാട്ടില്‍ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിക്കുന്ന പ്രവണത നാള്‍ക്കുനാള്‍ കൂടിവരികയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ട കാമുകന് സ്വയം സമര്‍പ്പിച്ച് അവസാനം വഞ്ചിക്കപ്പെടുമ്പോള്‍ ഒരുമുഴം കയറിലോ, ഒരു തുള്ളി വിഷം കഴിച്ചോ, ട്രെയ്‌നിന് മുന്നില്‍ ചാടിയോ, കായലില്‍ ചാടിയോ ജീവിതം അവസാനിപ്പിക്കുന്നവര്‍… ഇഷ്ടപ്പെട്ടവര്‍ മരണപ്പെടുകയോ, വധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അതില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവര്‍, പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍, മാതാപിതാക്കള്‍ ഗുണദോഷിച്ചാല്‍, അധ്യാപകര്‍ ഉപദേശിക്കുമ്പോള്‍, പണം കടംവാങ്ങിയ ശേഷം തിരിച്ചുനല്‍കാന്‍ കഴിയാതിരിക്കുമ്പോള്‍, ജോലി നഷ്ടപ്പെടുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍, ഇഷ്ടപ്പെട്ടവരില്‍നിന്ന് പ്രതീക്ഷിക്കാത്തവിധത്തിലുള്ള സമീപനം കാണുമ്പോള്‍, രോഗം പിടിപെട്ടാല്‍, ഗെയ്മില്‍ പരാജയപ്പെടുമ്പോള്‍, മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതിനാല്‍… തുടങ്ങി പലവിധ കാരണങ്ങളാല്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതായി കണ്ടുവരുന്നു.  

 

ഇവരെല്ലാം ജീവന്റെ വിലയറിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്. ഈയടുത്താണല്ലോ ഒരുവയസ്സ് പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുവാനായിയുള്ള ഒരു ഡോസ് മരുന്നിനു വേണ്ടി കേരളജനത ഒന്നിച്ചു പരിശ്രമിച്ച് പതിനെട്ട് കോടി രൂപ സമാഹരിച്ചത്. ഇങ്ങനെ എത്ര കോടികള്‍ പലരുടെയും ജീവനുവേണ്ടി മനുഷ്യര്‍ ചെലവഴിക്കുന്നു…!

 

സഹജീവികളോട് കരുണ കാണിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന എത്രയോ സാമൂഹ്യസേവന സംഘങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവയുടെ പ്രവര്‍ത്തകര്‍ എത്രസമയം ചെലവഴിക്കുന്നു, എത്ര കോടികള്‍ സംഘടിപ്പിക്കുന്നു ജീവന്‍ രക്ഷിക്കുവാനും മറ്റു പ്രയാസങ്ങള്‍ അകറ്റാനുമായി!

 

കിഡ്‌നി തകരാറിലായ രോഗികളുടെ ജീവന്‍ അല്‍പകാലത്തേക്കെങ്കിലും പിടിച്ചുനിര്‍ത്താനായി  ഡയാലിസിസ് ചെയ്യുവാന്‍ അവരുടെ ബന്ധുക്കള്‍ എത്ര ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്!

 

നമ്മള്‍ അബോധാവസ്ഥയിലാണെങ്കിലും മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം ഒന്ന് നിലയ്ക്കുകയോ, അതിലേക്കുളള രക്തക്കുഴലുകള്‍ ഒന്ന് അടഞ്ഞ് പോവുകയോ ചെയ്താലുളള ചികില്‍സ വളരെ ചെലവേറിയതാണെന്ന് നമുക്കറിയാമല്ലോ.

 

ഏതെങ്കിലും അവയവത്തിന് ക്യാന്‍സര്‍ ബാധിച്ചാല്‍ രോഗി അനുഭവിക്കുന്ന മനാസികവും ശാരീരികവുമായ വേദന എത്രയാണ്! അതിന്റെ ചികിത്സ എത്ര ചെലവേറിയതാണ്!

 

ഓരോ രാജ്യവും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി ദിവസവും ചെലവഴിക്കുന്നത് എത്ര കോടികളായിരിക്കും! ആരോഗ്യ പരിപാലനത്തിനായി ഉണ്ടാക്കുന്ന മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, നഴ്‌സുമാര്‍… എത്രയെത്ര!

 

രാഷ്ട്ര നായകരുടെയും ഉന്നതരുടെയും ജീവന്‍ സംരക്ഷിക്കാന്‍ ഓരോ രാജ്യവും ചെലവഴിക്കുന്ന കോടികള്‍ എത്രയായിരിക്കുമെന്ന് നാം ആലോചിച്ചിട്ടുണ്ടോ?

 

കളിക്കുന്നതിനിടയില്‍ അബദ്ധത്താല്‍ കുഴല്‍ക്കിണറില്‍ കുട്ടികള്‍ വീണതിന്റെ ദയനീയ വാര്‍ത്തകള്‍ ധാരാളം നാം കേട്ടിട്ടുണ്ട്. ആ കുരുന്നുജീവനുകളെ രക്ഷിക്കാന്‍ ഭീമമായ തുകകള്‍ ചെലവഴിക്കാറുണ്ട്. എന്നാലും മിക്ക ശ്രമങ്ങളും പരാജയപ്പൊറാണ് പതിവ്.

 

പുഴയില്‍ കുളിക്കാനിറങ്ങി ശക്തമായ ചുഴിയിലോ അടിയൊഴുക്കിലോ പെട്ടവരെ രക്ഷിക്കുവാനോ, മുങ്ങിമരിച്ചവരുടെ ജഡം കണ്ടെത്തുവാനോ ആയി എത്രയാളുകള്‍ എത്ര സമയമാണ് പാടുപെടാറുള്ളത്!

 

പ്രകൃതിദുരന്തങ്ങളും വാഹനാപകടങ്ങളും ഉണ്ടാകുമ്പോള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്ര സമ്പത്തും സമയവുമാണ് ചെലവഴിക്കപ്പെടുന്നത്!

 

കൊലപാതകങ്ങള്‍ നടത്തിയവരെ കണ്ടുപിടിക്കാനായി ഓരോ രാജ്യത്തും പ്രവര്‍ത്തിക്കുന്ന കുറ്റാന്വേഷണ വിഭാഗം ചെലവഴിക്കുന്ന സയമയവും സമ്പത്തും എത്രയാണെന്ന് നാം ആലോചിച്ചിട്ടുണ്ടോ?

 

ലോകത്തെയാകമാനം പിടിച്ചുകുലുക്കിയ ‘കോവിഡ്-19’ എന്ന മഹാമാരിയില്‍നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ ഓരോ രാജ്യവും എത്ര ദിവസമാണ് ലോക്ക്ഡൗണ്‍ എന്ന പേരില്‍ അടച്ചിട്ടത്. അക്കാരണത്താല്‍ എത്ര കോടികളായിരിക്കും ഓരോ രാജ്യത്തിനുമുണ്ടായ നഷ്ടം! എത്ര സമ്പത്തായിരിക്കും രോഗനിര്‍ണയത്തിനും പ്രതിരോധ കുത്തിവയ്പിനും മറ്റുമായി ചെലവഴിച്ചിരിക്കുക!

 

അപ്പോള്‍ ചിന്തിക്കുക; ഓരോ മനുഷ്യജീവന്റെയും വിലയെത്രയാണെന്ന്. ഇത്രയും മൂല്യവും വിലയുമുള്ള ഈ ജീവനും ജീവിതവും ചെറുതോ വലുതോ ആയ പ്രശ്‌നങ്ങള്‍ കാരണത്താല്‍ ഹനിക്കല്‍ എത്രമാത്രം വലിയ പാതകമാണ്!

 

മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുത്താലേ ഈ വിപത്തില്‍നിന്ന് രക്ഷപ്പെടാനാവൂ. വിശ്വാസികള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാനാവുക ദൈവസ്മരണയിലൂടെയാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

 

”അതായത് വിശ്വസിക്കുകയും അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (അര്‍റഅ്ദ്: 28).

 

വിശ്വാസികള്‍ക്ക് മനസ്സിനെ നിന്ത്രിക്കാനുള്ള മാര്‍ഗങ്ങളില്‍ പെട്ടതാണ് പരലോക ചിന്തയെന്നത്; നമുക്ക് ജീവനും ജീവിതവും നല്‍കിയതാരോ അവന്‍ ഇവിടെയുള്ള പ്രയാസങ്ങളില്‍ ക്ഷമ കൈക്കൊണ്ടു ജീവിച്ചവര്‍ക്ക്  തക്കതായ പ്രതിഫലം നാളെ പരലോകത്തുെവച്ച് നല്‍കുമെന്ന വിശ്വാസം. അതാണ് സ്രഷ്ടാവ് പ്രവാചകരിലൂടെ അവതരിപ്പിച്ച വേദഗ്രന്ഥങ്ങള്‍ മനുഷ്യരെ പഠിപ്പിക്കുന്നത്.

 

ആരാണോ സ്വന്തത്തെ ആഹുതി ചെയ്യുന്നത് അവന്ന് പരലോകത്ത് സ്രഷ്ടാവ് നിശ്ചയിച്ച ഭീകരമായ ശിക്ഷയെക്കുറിച്ചു പരാമര്‍ശിക്കുന്ന പ്രവാചകവചനവും വിശ്വാസികള്‍ക്ക് ആത്മഹത്യയെ തടയുന്ന ഒരു പരിചയാണ്.

 

ഓരോ മനുഷ്യനും തന്നെ സൃഷ്ടിച്ച്, സംരക്ഷിച്ചുകൊണ്ടിരിക്കുന്നതാരാണെന്ന് മനസ്സിലാക്കി, അവനെ മാത്രം ആരാധിച്ച്, അവനില്‍ മാത്രം ഭരമേല്‍പിച്ച്, അവന്റെ നിയമങ്ങളും നിര്‍ദേശങ്ങളും മനസ്സിലാക്കി, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഇങ്ങനെയുള്ള ദുരന്തങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

നേർപഥം വാരിക 

 

ആധുനിക ആലേഖന കല; ക്വുര്‍ആനില്‍നിന്ന് ചില ഉദാഹരണങ്ങള്‍

ആധുനിക ആലേഖന കല; ക്വുര്‍ആനില്‍നിന്ന് ചില ഉദാഹരണങ്ങള്‍

എല്ലാ വിജ്ഞാനങ്ങളുടെയും ഉടമസ്ഥനും സര്‍വശക്തനുമായ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അതിന്റെ ഉന്നതമായ ശൈലിയുണ്ടായിരിക്കുക എന്നത് സ്വാഭാവികമാണ്. ജേര്‍ണലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പേന. ആദ്യമായി ഹിറാഗുഹയില്‍വെച്ച് ഇറങ്ങിയ 5 വചനങ്ങളില്‍ത്തന്നെ പേനകൊണ്ട് മനുഷ്യനെ പഠിപ്പിച്ചു എന്ന് എടുത്തുപറയുന്നു:

”നീ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 96:3-5). ‘

ആശയാവിഷ്‌കരണത്തിന് തൂലികകൊണ്ടുള്ള  ആലേഖനം ഉപാധിയായി സ്വീകരിച്ച ഏക ജന്തുവാണ് മനുഷ്യന്‍. അക്ഷരവിദ്യയാണ് വിജ്ഞാന ക്രോഡീകരണത്തിലൂടെ മനുഷ്യതലമുറകളെ സംസ്‌കാരികവും നാഗരികവുമായ ഈടുവെപ്പുകളുടെ അവകാശികളാക്കിത്തീര്‍ത്തത്.

Investigative Journalism

ഏതെങ്കിലും ഒരു തട്ടിപ്പുമായി ആരെങ്കിലും രംഗത്തുവരികയും പരസ്യങ്ങളിലൂടെ അതില്‍ അനേകം പേരെ വീഴ്ത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ അതിനക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ രഹസ്യമായി ചൂഴ്ന്നന്വേഷിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളെപ്പറ്റി അന്വേഷിച്ച് ഗൂഢാലോചന തകര്‍ത്ത മാധ്യമം ലേഖനം, മാതാഅമൃതാനന്ദമയിയുടെ ദീര്‍ഘകാല ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ The Holy Hell (വിശുദ്ധനരകം) എന്ന പുസ്തകം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ആരെയെങ്കിലും അപമാനിക്കുക എന്നല്ല സമൂഹത്തെ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന സദുദ്ദേശ്യമാണ് ഈ കുറ്റാന്വേഷണ ലേഖന രീതികൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ പരദൂഷണം എന്ന കുറ്റത്തില്‍ ഇത് ഉള്‍പ്പെടുന്നില്ല. ഇതിന്റെ മാതൃക ക്വുര്‍ആനില്‍ 4ാം അധ്യായം സൂറതുന്നിസാഅ് 105 മുതല്‍ 109 വരെയുള്ള വചനങ്ങളില്‍ കാണാം. ഇതിലൂടെ ഒരു ഗൂഢാലോചനയെ തകര്‍ക്കുകയായിരുന്നു അല്ലാഹു.

ഒരിക്കല്‍ പ്രവാചകന്റെ കൂടെ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്നിടയില്‍ ഒരാളുടെ പടയങ്കി കപടവിശ്വാസിയായ ബശീര്‍ മോഷ്ടിച്ചു. ഒരു ജൂതന്റെ വീട്ടില്‍ അദ്ദേഹമറിയാതെ അത് ഒളിപ്പിച്ചുവെച്ചു. പ്രവാചകന്‍ ആ ജൂതന്‍ കുറ്റക്കാരനാണെന്നും ബശീര്‍ നിരപരാധിയാണെന്നും പറഞ്ഞു. ഈ ഗൂഢാലോചനയെ തകര്‍ത്തുകൊണ്ടാണ് അല്ലാഹു ഈ വചനങ്ങള്‍ ഇറക്കിയത്.

”നിനക്ക് അല്ലാഹുകാണിച്ചതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്” (ക്വുര്‍ആന്‍ 4:105).

lnterpretative Journalism

ഒരു വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍, ആദ്യംപറഞ്ഞ കാര്യങ്ങള്‍ പിന്നീട് വിശദമായി വ്യാഖ്യാനിക്കുന്ന രീതിയാണ് ഇത്. ഉദാ: ആകാശഭൂമികള്‍, അഥവാ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് 6 ദിവസങ്ങളിലാണ് എന്ന് ക്വുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പറയുന്നു.

ഉദാ:”’അവനാകുന്നു ആകാശഭൂമികളെ ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചവന്‍” (ഹൂദ് 7).

എന്താണ് ആറ് ദിവസങ്ങള്‍ എന്ന് സൂറഃ ഫുസ്സ്വിലത്ത് (ഹാമീംസജദ) 9 മുതല്‍ 12 വരെയുള്ള വചനങ്ങളില്‍ വിശദീകരിച്ച് പറയുന്നു.

Adversary Journalism

വ്യക്തിയോ സംഘടനയോ ചെയ്യുന്ന സാമൂഹ്യതിന്മയെക്കുറിച്ച് മറ്റുള്ളവരെ ബോധവല്‍കരിക്കുകയും അദ്ദേഹവുമായി ബന്ധപ്പെടുന്നത് അപകടത്തിന് കാരണമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ശൈലിയാണിത്. പൊതുനന്മയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അബൂലഹബിന്റെ തിന്മയും അവന് വരാനിരിക്കുന്ന ദുരന്തവും വ്യക്തമായിക്കൊണ്ട് 111ാം അധ്യായം സൂറഃ അല്‍മസദില്‍ പറയുന്നു: ”അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.”

In-depth or Flash Back Journalism

ഏതെങ്കിലും വലിയ ഒരു സംഭവം (വിമാന റാഞ്ചല്‍, ഭൂകമ്പം പോലുള്ളവ) ഉണ്ടാകുമ്പോള്‍ അതിന്റെ റിപ്പോര്‍ട്ടിന്റെകൂടെ മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുള്ള സമാന സംഭവങ്ങളെക്കുറിച്ചുള്ള വിവരണം കൂടി പ്രസിദ്ധീകരിക്കുന്ന രീതിയെയാണ് Flash Back Journalism എന്ന് പറയുന്നത്.

ക്വുര്‍ആനില്‍ സൂറഃ ത്വാഹാ 37 മുതല്‍ 40 വരെയുള്ള ആയത്തുകള്‍ ഇതിന് ഉദാഹരണമാണ്. മൂസാ നബി(അ) ത്വുവാതാഴ്‌വരയില്‍ ഭാര്യയുടെയും മക്കളുടെയുംകൂടെ എത്തിയപ്പോള്‍ അല്ലാഹു അദ്ദേഹത്തെ വിളിച്ചു. വടി നിലത്തിട്ട് തിരിച്ചെടുക്കാനൊരുങ്ങുമ്പോള്‍ പാമ്പായി മാറുന്നതും കൈസൈഡില്‍ ചേര്‍ത്തുവെച്ച് എടുക്കുമ്പോള്‍ വെള്ളനിറമാകുന്നതുമായ രണ്ട് അമാനുഷിക സിദ്ധികള്‍ നല്‍കി. ഫിര്‍ഔനിന്റെ അടുക്കലേക്ക് പോയി സത്യവിശ്വാസം ഉപദേശിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മൂസാ നബി(അ) കുറേകാര്യങ്ങള്‍ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ നേരിടാന്‍ മനസ്സിന് വിശാലത നല്‍കാനും എളുപ്പം നല്‍കാനും, സ്ഫുടതയോടെ കാര്യങ്ങള്‍ അവതരിപ്പിച്ച് മനസ്സിലാക്കാനും ഹാറൂന്‍ നബി(അ)യെ ഒപ്പം കൂട്ടാനുമൊക്കെ.

അതെല്ലാം അല്ലാഹു അനുവദിച്ചുകൊടുത്തു. അതോടെ കഴിഞ്ഞകാലത്ത്, മൂസാ നബി(അ) ശിശുവായിരിക്കുമ്പോള്‍ നൈല്‍ നദിയില്‍ ഇടാന്‍ മാതാവിന് വഹ്‌യ് നല്‍കിയത് മുതല്‍ക്കുള്ള സംഭവങ്ങള്‍ തുടങ്ങി മദ്‌യനില്‍ എത്തിപ്പെട്ടതും വിവാഹിതനായതും അതുകഴിഞ്ഞ് തുവാതാഴ്‌വരയില്‍ എത്തിയതുവരെയുള്ളതുമായ സംഭവങ്ങള്‍ വിവരിച്ചു. ആ ആയത്തുകള്‍ ഇവയാണ്:

”മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്തുതന്നിട്ടുണ്ട്. അതായത് നിന്റെ മാതാവിന് ബോധനം നല്‍കപ്പെടേ കാര്യം നാം ബോധനം നല്‍കിയസന്ദര്‍ഭത്തില്‍. നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്റെ പക്കല്‍നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്. നിന്റെ സഹോദരി നടന്ന് ചെല്ലുകയും ഇവന്റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). അങ്ങനെ നിന്റെ മാതാവിങ്കലേക്ക് തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി…” (ത്വാഹാ 37-40.)

ഈ സാഹിത്യശൈലി ഈജിപ്ത്യന്‍ സാഹിത്യകാരനായ തൗഫീക്വുല്‍ഹകീം തന്റെ അഹ്‌ലുല്‍കഹ്ഫ് എന്ന അറബി നാടകത്തില്‍ ഉപയോഗിച്ചതായി കാണാം. ഡ്രാമ തുടങ്ങുന്നതുതന്നെ ഗുഹയില്‍ 300 വര്‍ഷം ഉറിങ്ങിക്കിടന്ന യംലീഖ, മിശ്‌ലേനിയ, മര്‍നൂശ് എന്നീ വിശുദ്ധര്‍ ഉണര്‍ന്ന് എഴുന്നേറ്റശേഷം ഗുഹയില്‍ കിടന്ന കാലത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഡയലോഗോടുകൂടിയാണ്. പിന്നീട് 300 വര്‍ഷം മുമ്പുള്ള അനുഭവങ്ങളെല്ലാം വിവരിക്കുന്നുണ്ട്. ഈ രീതി 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ദൈവിക ഗ്രന്ഥം പ്രയോഗവല്‍ക്കരിച്ചതായി മനസ്സിലാക്കാം.

Summarization Method 

വിവരിക്കാതെത്തന്നെ മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ വിട്ടുകളയുകയാണെങ്കില്‍ നീളമുള്ള പാസ്സേജുകളോ കഥകളോ ചുരുക്കിപ്പറയാം. ഈ മാര്‍ഗം ക്വുര്‍ആന്‍ ഉപയോഗിച്ചതായി കാണാം. ഒരു ഉദാഹരണം പറയാം.

മൂസാ നബി(അ)യോട് തുവാതാഴ്‌വരയില്‍വെച്ച് അല്ലാഹു ദീര്‍ഘമായി നേരിട്ട് സംസാരിച്ചു. ശേഷം മൂസാ നബി(അ)യോടും ഹാറൂന്‍ നബി(അ)യോടും ഫിര്‍ഔനിന്റെ അടുക്കല്‍ പോയി ഇങ്ങനെ പറയാന്‍ പറയുന്നു: ”നിഷേധിച്ച് തള്ളുകയും പിന്തിരിയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു”(20:48).

ഇതിനുശേഷം താഴെ എഴുതിയ കാര്യങ്ങള്‍ വിട്ടുകളഞ്ഞു:

‘അങ്ങനെ മൂസാ(അ) ഭാര്യയുടെയും മക്കളുടെയും കൂടെ തുവാതാഴ്‌വരയില്‍നിന്ന് മടങ്ങി. കുടുംബത്തെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. പിന്നീട് ഈജിപ്തിലേക്ക് പോയി. സഹോദരനായ ഹാറൂനി(അ)നോട് ദൗത്യ നിര്‍വഹണത്തെക്കുറിച്ച് അറിയിക്കുന്നു. തുടര്‍ന്ന് രണ്ടുപേരും ഫിര്‍ഔനിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. കൊട്ടാരത്തിലെത്തി. സമ്മതം കിട്ടി. അകത്തുകടന്ന് ഫിര്‍ഔനിനോട് പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രാഈല്യരെ ഞങ്ങളുടെ കൂടെ വിട്ടുതരിക. എന്നിട്ട് ഇപ്രകാരം പറഞ്ഞു:

‘നിഷേധിച്ച് തള്ളുകയും പിന്മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു’ (ത്വാഹാ 48).

ഇതിനിടയിലുള്ള കാര്യങ്ങള്‍ വിട്ടുകളഞ്ഞാലും നമുക്ക് ഗ്രഹിക്കാന്‍ കഴിയുമെന്നതിനാലാണ് ഒഴിവാക്കിയിരിക്കുന്നതെന്നു മനസ്സിലാക്കാം.  ‘

News Editing (വാര്‍ത്തകള്‍ തയ്യാറാക്കല്‍)

പത്രവാര്‍ത്തകള്‍ എഡിറ്റിംഗ് ചെയ്യാന്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കാറുണ്ട്. ആദ്യത്തില്‍ ഏറ്റവും ആകര്‍ഷകമായ ഒരു ഹെഡ്ഡിംഗ്, പിന്നീട് വാര്‍ത്തകളില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ട കുറച്ച് ഭാഗം എടുത്ത് ചുരുക്കി, കട്ടികൂടിയ അക്ഷരങ്ങളില്‍ എഴുതുക. പിന്നീട് വാര്‍ത്തകള്‍ വിശദമായി റിപ്പോര്‍ട്ട് എഴുതുക.

ഉദാഹരണം നോക്കുക: അധ്യായം 12 സൂറഃ യൂസുഫ് 3ാം വചനത്തില്‍ ഹെഡ്ഡിംഗിന് തുല്യമായ ഭാഗം അഹ്‌സനല്‍ ക്വസ്വസ്വ് (ദി ബെസ്റ്റ് സ്റ്റോറി-ഏറ്റവും നല്ല കഥ) എന്ന ഭാഗം എടുക്കാം. പിന്നീട് 4 മുതല്‍ 7 വരെയുള്ള വചനങ്ങള്‍ യൂസുഫ് നബി(അ)യുടെ കഥ ചുരുക്കിപ്പറഞ്ഞുകൊണ്ട് കഥയിലേക്ക് ശ്രദ്ധതിരിക്കുന്നു. പിന്നീട് 7ാം വചനം മുതല്‍ വിശദമായി പറയുന്നു: ”തീര്‍ച്ചയായും യൂസുഫിലും അവന്റെ സഹോദരന്മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.” 7 മുതല്‍ 101 വരെയുള്ള വചനങ്ങള്‍ യൂസുഫ് നബി(അ)യുടെ കഥ വിശദമായി വിശദീകരിക്കുന്നു.

Climax (മൂര്‍ധന്യം)

ഏത് കഥകളിലും ഡ്രാമകളിലും വൈകാരികതയുടെ ഏറ്റവും മൂര്‍ധന്യാവസ്ഥ ധ്വനിപ്പിക്കുന്ന ഒരു രംഗം ഉണ്ടാകും. അതാണ് ഏറ്റവും മേന്മയേറിയ കഥ, നാടകം, നോവല്‍ മുതലായവയുടെ പ്രധാനപ്പെട്ട ഒരു പ്രത്യേകത. സൂറഃ യൂസുഫിലെ രണ്ട് മൂര്‍ധന്യരംഗങ്ങള്‍ ഇവയാണ്:  

യൂസുഫ് സഹോദരന്മാരോട് ചോദിക്കുന്നു: ”…നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും…” (യൂസുഫ്:89,90).  

മറ്റൊരു മൂര്‍ധന്യത ഇതാണ്: ”അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ച്കൂട്ടി…” (യൂസുഫ് 99).

ചെറുപ്പത്തില്‍ നഷ്ടപ്പെട്ടുപോയ മകനെ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ശേഷം വീണ്ടും കണ്ടുമുട്ടുന്ന അവസരത്തിലെ വൈകാരികത എത്രത്തോളമുണ്ടാകുമെന്ന് ചിന്തിക്കുക. നായകന് ശുഭകരമായ പര്യവസാനത്തോട്കൂടി അവസാനിക്കുന്നതിനാല്‍ സൂറഃ യൂസുഫ്, ശുഭപര്യവസായത്തിന്അഥവാ കോമഡിക്ക് ഏറ്റവും നല്ല ഉദാഹരണമാണ്.

ക്വുര്‍ആനിന്റെ സാഹിത്യപരമായ അമാനുഷികതയാണ് നമുക്ക് ഇതില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്.

 

ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി
നേർപഥം വാരിക

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

hands, old, old age-2906458.jpg

(ഭാഗം: 02)

മാതാപിതാക്കള്‍ക്ക് നന്മചെയ്യലും അവരോടുള്ള കടപ്പാടുകളും സംബന്ധിച്ചുള്ള ഏതാനും ക്വുര്‍ആന്‍ വചനങ്ങള്‍ നാം കണ്ടു. ഈ വിഷയത്തില്‍ ധാരാളം നബിവചനങ്ങളും കാണാവുന്നതാണ്. അവയില്‍ ചിലത് കാണുക:

നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ”മാതാപിതാക്കളെ (അന്യരുടെ) അടിമകളായി കണ്ടിട്ട് അവരെ വിലകൊടുത്തുവാങ്ങി മോചിപ്പിച്ചാലല്ലാതെ ഒരു സന്താനത്തിന് അവരോട് പ്രത്യുപകാരം ചെയ്യാന്‍ സാധിക്കുന്നതല്ല” (മുസ്‌ലിം).

അത്രമാത്രം കടപ്പാട് മക്കള്‍ക്ക് മാതാപിതാക്കളോടുണ്ട് എന്നാണ് ഈ വചനം നമ്മെ ബോധ്യപ്പെടുത്തുന്നത്.

നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) വീണ്ടും ഉദ്ധരിക്കുന്നു: ”തന്റെ മാതാപിതാക്കളെ ഒരാളെയോ രണ്ടാളെയും തന്നെയോ (അവരുടെ) വാര്‍ധക്യകാലത്ത് തനിക്ക് കിട്ടിയിട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍ നിന്ദ്യനാണ്! നിന്ദ്യനാണ്! നിന്ദ്യനാണ്!” (മുസ്‌ലിം).

വൃദ്ധമാതാപിതാക്കളെ പരിചരിക്കാന്‍ അവസരം ലഭിച്ചിട്ടും അത് നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിച്ചവര്‍ വലിയ ഭാഗ്യഹീനരാണെന്ന് ഈ നബിവചനം വ്യക്തമാക്കുന്നു.

മാതാപിതാക്കളെ വെറുപ്പിക്കല്‍ മഹാപാപങ്ങളില്‍ പെട്ടതാണ്. നബി ﷺ പറഞ്ഞതായി അബ്ദുല്ലാഹിബ്‌നുഅംറുബ്‌നുല്‍ ആസ്വ്(റ) ഉദ്ധരിക്കുന്നു: ”മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോട് പങ്കുചേര്‍ക്കലും മാതാപിതാക്കളെ വെറുപ്പിക്കലും ആളെ കൊലപ്പെടുത്തലും കള്ളസത്യം ചെയ്യലുമാകുന്നു” (ബുഖാരി, മുസ്‌ലിം).

പിതാക്കളെക്കാള്‍ മാതാക്കളോടാണ് മക്കള്‍ക്ക് കൂടുതല്‍ കടപ്പാടുള്ളതെന്നും ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബിവചനങ്ങളില്‍നിന്നും മനസ്സിലാക്കാം. ഗര്‍ഭകാലത്തും പ്രസവിച്ചശേഷം മുലകുടിപ്രായം കഴിയുന്നതുവരെയും മക്കള്‍ക്കുവേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നത് മാതാക്കളാണല്ലോ.

സത്യവിശ്വാസികളായ ആളുകള്‍ തങ്ങളുടെ മാതാപിതാക്കളോട് എത്രമാത്രം സൗമ്യമായും സ്‌നേഹത്തിലും പെരുമാറേണ്ടതുണ്ടെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ധാര്‍മികമൂല്യങ്ങളും മാനുഷികഗുണങ്ങളും ഓരോന്നോരോന്നായി ചവിട്ടിമെതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, മീതെയുള്ളവരോടു ബഹുമാനവും സമന്‍മാരോട് സ്‌നേഹവും താഴെയുള്ളവരോട് കൃപയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, മാതാപിതാക്കളോട് മക്കള്‍ക്ക് പ്രത്യേക കടമകളൊന്നുമില്ലെന്നുവരെ പറയാന്‍ മടികാണിക്കാത്തവരുള്ള ഇക്കാലത്ത് ഇസ്‌ലാമികപ്രമാണങ്ങളെ അംഗീകരിക്കുന്ന ഓരോ മുസ്ലിമും ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു.

വിവരവും വിദ്യാഭ്യാസവുമുള്ളവരില്‍ പോലും വൃദ്ധരായ മാതാപിതാക്കളുടെ നേരെ അനാദരവും അവഗണനയും കാണിക്കുന്നവര്‍ ധാരാളമുണ്ടെന്നുള്ളത് വളരെ ഖേദകരവും ലജ്ജാവഹവുമത്രെ! വാര്‍ധക്യത്തിലെത്തിയവര്‍ റോഡരികിലും മറ്റുമൊക്കെയായി ഉപേക്ഷിക്കപ്പെട്ടതിനെ സംബന്ധിച്ച് വന്ന ചില വാര്‍ത്തകള്‍ കാണുക:

”24 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്നവരെ പലസമയങ്ങളിലായി ബന്ധുക്കള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. തെരുവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ചിലരെ സന്നദ്ധപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പലരും മാസങ്ങളായി ആശുപത്രിയിലെ അന്തേവാസികളായി കഴിയുകയാണ്. പ്രായാധിക്യംമൂലമുള്ള അസുഖങ്ങള്‍ ബാധിച്ചവരാണ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരും. വീടുകളില്‍ വിവരമറിയിച്ചിട്ടും ആരും വരാത്ത സാഹചര്യത്തില്‍ പ്രശ്നം ജില്ലാ ലീഗല്‍ അതോറിറ്റിയുടെ ശ്രദ്ധയിലുള്‍പ്പെടുത്തിയിരിക്കുകയാണ്.”

”വൃദ്ധയായ അമ്മയെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു: തിരുവനന്തപുരം തിരുമലയില്‍ വൃദ്ധയായ അമ്മയെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു. കണ്ണേറ്റുമുക്ക് സരസ്വതി അമ്മയെ(95)യാണ് തിരുമല മഹാദേവ ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ചത്. ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുവന്ന് റോഡരികില്‍ കസേരയിട്ട് ഇരുത്തിയശേഷം മക്കള്‍ കടന്നുകളയുകയായിരുന്നു.”

”കോതമംഗലം: കോട്ടപ്പടിയില്‍ വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകന്‍ വീട് വിട്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കോട്ടപ്പടിയിലെ എഴുപതുകാരി സാറാ മത്തായിയെയാണ് മകന്‍ വീട്ടില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാകമ്മീഷന്‍ അംഗം ഷിജി ശിവജി, സാറാ മത്തായിയെ സന്ദര്‍ശിക്കും. മകന്‍ അടുക്കള ഉള്‍പ്പെടെ പൂട്ടി വീടുവിട്ട് പോയതിനാല്‍ ശുചിമുറിയില്‍നിന്ന് വെള്ളമെടുത്താണ് സാറ ഇപ്പോള്‍ ഭക്ഷണം ഉണ്ടാക്കുന്നത്.”

അനേകം വാര്‍ത്തകളില്‍ രണ്ടുമൂന്നെണ്ണം ഉദാഹരണമായി നല്‍കിയതാണ് മുകളില്‍ വായിച്ചത്. ഇവിടെയാണ് വൃദ്ധരായ മാതാപിതാക്കളോടും വാര്‍ധക്യത്തിലെത്തി നില്‍ക്കുന്നവരോടും എങ്ങനെ പെരുമാറണമെന്ന ഇസ്‌ലാമിക പാഠങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്.

അല്ലാഹു പറയുന്നു: ”നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങള്‍ നല്ലവരായിരിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 17:25).

മനുഷ്യമനസ്സുകളിലെ വിചാരവികാരങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ വ്യക്തമായി അറിയുന്നവനാണ് അല്ലാഹു. മനുഷ്യന്‍ സല്‍കര്‍മങ്ങള്‍ മുഖേന നല്ലവനായിത്തീരുന്നപക്ഷം സ്വന്തം പാകപ്പിഴവുകളെയും തെറ്റുകുറ്റങ്ങളെയും സംബന്ധിച്ച് ഖേദവും പശ്ചാത്താപവുമുണ്ടായിരിക്കുക എന്നത് അതിന്റെ അനിവാര്യ ഫലമാണ്. ഈ സൂക്തം ചില സൂചനകള്‍ നല്‍കുന്നുണ്ട്:

1. മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും നയത്തിലും നിങ്ങളുടെ യഥാര്‍ഥ മനഃസ്ഥിതി എന്താണെന്ന്അല്ലാഹുവിനു നല്ലപോലെ അറിയാം. അതുകൊണ്ട് ഹൃദയം തീണ്ടാത്ത ബാഹ്യപ്രകടനങ്ങളൊന്നും അവന്റെയടുക്കല്‍ സ്വീകാര്യമായിരിക്കുകയില്ല.

2. സദുദ്ദേശ്യത്തോടു കൂടിയും ആത്മാര്‍ഥതയോടുകൂടിയും നിങ്ങളാല്‍ കഴിയുന്നവിധം നല്ല നിലയ്ക്ക് നിങ്ങള്‍ അവരോടു പെരുമാറുന്നതായാല്‍, നിങ്ങള്‍ അറിയാതെയോ നിങ്ങള്‍ക്കു കഴിയാതെയോ വരുന്ന പോരായ്മകളെ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരും.

കേരളത്തിലെ പ്രഗത്ഭരായ ചില കവികളുടെ കവിതാശലകങ്ങള്‍ സന്ദര്‍ഭോചിതമെന്ന നിലയില്‍ താഴെ കൊടുക്കുന്നു:

മാതാവിനെക്കുറിച്ച് ‘സാഹിത്യമഞ്ജരി’യില്‍ വള്ളത്തോള്‍ എഴുതി:

”മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം

ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചിടുന്നതൊന്നാമതായ്

മാതാവിന്‍ വാത്സല്യദുഗ്ധം നുകര്‍ന്നാലേ

പൈതങ്ങള്‍ പൂര്‍ണവളര്‍ച്ച നേടൂ

അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ

നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ…”

രമണനില്‍ ചങ്ങമ്പുഴയുടെ വരികള്‍ നമുക്കിങ്ങനെ കാണാം:

”ഒക്കെശ്ശരിതന്നെയെങ്കിലും

നിന്നച്ഛനുമമ്മയും ഓര്‍ത്തുനോക്കൂ

പാകതയില്ലാത്ത നമ്മളെക്കാള്‍

ലോകപരിചയം നേടി നേടി,

നന്മയും തിന്മയും വേര്‍ത്തിരിക്കാന്‍

നമ്മളെക്കാളും മനസ്സിലാക്കി,

എന്തു ചെയ്യാനുമഗാധമായി-

ച്ചിന്തിച്ചു ചിന്തിച്ചു മൂര്‍ച്ചകൂട്ടി

ഉല്ലസിക്കുന്ന ഗുരുക്കളാണേ

വെള്ളിത്തലമുടിയുള്ള കൂട്ടര്‍

അമ്മഹാത്മാക്കള്‍ക്കഹിതമായി

നമ്മളൊരിക്കലും ചെയ്തുകൂടാ”

‘അല്‍മവാഹിബുല്‍ജലിയ്യ’യില്‍ തഴവ കുഞ്ഞുമുഹമ്മദ് മൗലവി എഴുതുന്നു:

”നിനക്കായവര്‍ ക്ലേശങ്ങളെന്തു സഹിച്ചതാ

അതുപോലെതന്നവരെന്ത് ദുഃഖം തിന്നതാ

കരയാത്ത കണ്ണും കവിഞ്ഞൊഴുകുന്നതാ

നീ രോഗിയായാല്‍ നൊമ്പരം അവര്‍ക്കുള്ളതാ

കൈത്തണ്ടിലിട്ടവരെന്തു താരാട്ടുന്നതാ

നിനക്കുള്ള പുഞ്ചിരി കണ്ടവര്‍ രസിക്കുന്നതാ

ഒലിക്കുന്ന ചുണ്ടില്‍തന്നവര്‍ മുത്തുന്നതാ

അവര്‍ക്കുള്ള നെഞ്ചും മെത്തപോല്‍ വിരിച്ചിട്ടതാ

നീ എത്രകാലമതില്‍ കിടന്നു സുഖിച്ചതാ

കാണേണ്ട സമയം തെറ്റിയാല്‍ ക്ഷമയറ്റതാ

ഹബ്‌സില്‍ (തടവറ) അവര്‍ അകപ്പെട്ടപോല്‍ തോന്നുന്നതാ

അവരെത്ര രാത്രി നിനക്കുറക്കമൊഴിഞ്ഞതാ

വിശപ്പെത്രയോ സഹിച്ചിട്ട് നിന്നെ നിറച്ചതാ

തന്‍കുഞ്ഞ് പൊന്‍കുഞ്ഞെന്ന തത്വം സത്യമാ

അത് കാക്കയില്‍ നീ നോക്കിയാലും വ്യക്തമാ.”

യുദ്ധത്തിന് പോകാന്‍ അനുവാദം തേടിച്ചെന്ന സ്വഹാബിയോട് താങ്കള്‍ക്ക് വയസ്സായ മാതാപിതാക്കളുണ്ടോ എന്ന് ചോദിക്കുകയും ഉണ്ടെന്ന് മറുപടി പറഞ്ഞപ്പോള്‍ അവരെ പരിചരിക്കാന്‍ തിരിച്ചുപോകുവാന്‍ പറയുകയുമാണ് നബി ﷺ ചെയ്തത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കല്‍ ജിഹാദിനെക്കാള്‍ നന്മയുള്ളതാണെന്ന് ഇതിലൂടെ നബി ﷺ സമൂഹത്തെ പഠിപ്പിച്ചു.

നബി ﷺ അരുളി: ”ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരുടെ മഹത്ത്വം മനസ്സിലാക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പെട്ടവരല്ല” (തിര്‍മിദി).

ഇസ്‌ലാമിക കര്‍മങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള നമസ്‌കാരം സംഘമായി (ജമാഅത്തായി) നിര്‍വഹിക്കുമ്പോള്‍ പോലും ദുര്‍ബലരെ പ്രയാസപ്പെടുത്തുംവിധം ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്ത് നീട്ടരുതെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. പ്രായമായവര്‍ ആരാണെങ്കിലും ദുര്‍ബലരായിരിക്കുമല്ലോ.

പ്രായമായ പിതാവിനെയുംകൊണ്ട് നബി ﷺ യുടെ അടുക്കല്‍ വന്ന അബൂബക്കര്‍ സിദ്ദീക്വി(റ)നോട് നബി ﷺ പറഞ്ഞു: ”…പിതാവിനെ വീട്ടില്‍ നിര്‍ത്തിക്കൂടായിരുന്നോ; ഞാന്‍ അങ്ങോട്ട് വരുമായിരുന്നല്ലോ…” (അഹ്മദ്).

പ്രായമായ പിതാവിനെ തന്റെ അടുത്തേക്ക് കൊണ്ടുവന്നതിനെ നബി ﷺ തിരുത്തുകയാണ്. ഞാന്‍ അങ്ങോട്ട് വന്നുകാണുമായിരുന്നല്ലോ എന്നു നബി ﷺ പറഞ്ഞതില്‍നിന്നും അദ്ദേഹത്തിന്റെ വിനയവും പ്രായമായവരെ ബഹുമാനിക്കേണ്ടതിന്റെയും പ്രയാസപ്പെടുത്താതിരിക്കേണ്ടതിന്റെയും അനിവാര്യതയും വ്യക്തമാകുന്നു.

പ്രായമായവരെ ബഹുമാനിക്കല്‍ അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ്.

അബൂമൂസല്‍ അശ്അരി(റ) നിവേദനം; നബി ﷺ പറഞ്ഞു: ”മുസ്‌ലിമായ പ്രായംചെന്നവരെ ആദരിക്കല്‍ അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ്…” (അബൂദാവൂദ്).

അനസ്(റ) നിവേദനം ചെയ്ത ഒരു ഹദീഥില്‍ നബി ﷺ യുടെ തശഹ്ഹുദിലെ പ്രാര്‍ഥനകളില്‍ ഒന്ന് ഇപ്രകാരമാണ്:

”അല്ലാഹുവേ പിശുക്കില്‍നിന്നും, ഉദാസീനതയില്‍ നിന്നും, അവശപ്രായത്തില്‍ നിന്നും, ക്വബ്‌റിലെ ശിക്ഷയില്‍നിന്നും, ദജ്ജാലിന്റെ കുഴപ്പത്തില്‍ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പത്തില്‍ നിന്നും ഞാന്‍ നിന്നോടു രക്ഷ തേടുന്നു” (ബുഖാരി).

അതെ, അവശപ്രായത്തിലേക്ക് എത്തിയാല്‍ വളരെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരും. ദൈനംദിന പ്രാഥമിക കര്‍മങ്ങള്‍ പോലും സ്വന്തമായി ചെയ്യാന്‍ കഴിയാത്ത, കാഴ്ചയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവസ്ഥ വല്ലാത്തൊരു പരീക്ഷണം തന്നെയാണ്. സ്വന്തക്കാര്‍ക്കുപോലും അത്തരക്കാര്‍ ഭാരമായി മാറും. അല്ലാഹു അത്തരം അവസ്ഥയില്‍നിന്ന് നമുക്കെല്ലാം രക്ഷ നല്‍കുമാറാകട്ടെ. വൃദ്ധമാതാപിതാക്കളോട് കാരുണ്യം കാണിച്ചും അവരെ ശുശ്രൂഷിച്ചും അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുവാന്‍ ശ്രമിക്കുക.

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍
നേർപഥം വാരിക