അല്‍അഖീദത്തുല്‍ വാസിത്വിയ്യ: അവതാരിക

ഹിജ്റ ഏഴാം നൂറ്റാണ്ട്. മുസ്‌ലിം ലോകം ധാർമ്മികമായും ചിന്താപരമായും അധഃപതിച്ചിരുന്ന കാലം. താർത്താരികളുടെ കടന്നാക്രമണം കാരണമായി തകർന്ന മുസ്ലിം കേന്ദ്രങ്ങൾ. സാംസ്കാരികവും വൈജ്ഞാനികവുമായ സംഗമവേദികൾ ഇരുളിലാണ് ഒരു കാലഘട്ടം. മതപരമായ വിജ്ഞാനങ്ങളിൽ ഗവേഷണവും സ്വതന്ത്രപഠനവുമൊക്കെ വൻപാപമായി ഗണിക്കപ്പെട്ടു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. അന്ധമായ അനുകരണവും മദ്ഹബീ പക്ഷപാതിത്വവും അവയുടെ മൂർദ്ധന്യത്തിലെത്തി. ഗ്രീക്ക് തത്ത്വശാസ്ത്രവും തർക്കശാസ്ത്രത്തിന്റെ ചുവട് പിടിച്ച് വളർന്ന വചനശാസ്ത്രവും മുസ്ലിം പണ്ഡിതന്മാരെ ഗ്രസിച്ചിരുന്ന സവിശേഷമായ ഒരവസ്ഥ. ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിലാണ് അവക്കെതിരെയെല്ലാം പ്രതിരോധവും കടന്നാക്രമണവുമായി ഒരതുല്യപ്രതിഭ ഉദയം ചെയ്തത്. ഇമാം ഇബ്നു തെയ്മിയ്യ എന്ന പേരിൽ ചരിത്രത്തിൽ പ്രസിദ്ധനായ അഹമദുബ്നു അബ്ദുൽ ഹലീമുബ്നു അബ്ദുസ്സലാം ഇബ്നു തെയ്യം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനയാണ് “അൽഅഖീദത്തുൽ വാസിത്വിയ്യ.
ഹിജ്റ 661 റബീഉൽ അവ്വൽ 12ന് (കൃസ്താബ്ദം 1263) ഇബ്നു തെയ്മിയ്യ സിറിയയിലെ ഹർറാനിൽ ജനിച്ചു. താർത്താരികളുടെ കടന്നാക്രമണം ഉണ്ടായപ്പോൾ ഹർറാനിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബം 667ൽ ദമസ്കസിലേക്ക് പാലായനം ചെയ്തു. മാതാമഹിയുടെ പേരിനോട് ചേർത്താണ് തെയ്മിച്ചം വന്നത്. അങ്ങിനെയാണ് അദ്ദേഹം ഇബ്നു തെയ്മിയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.
മദ്ഹബുകളെ അന്ധമായി അനുകരിച്ചവർ മതകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന കാലം. മാലികീ, ശാഫിഈ, ഹനഫീ, മദ്ഹബുകളിലെ പണ്ഡിതന്മാർ അദ്ദേഹത്തെ വിമർശിച്ചു. മദ്ഹബുകളേക്കാൾ പരിഗണിക്കേണ്ടത് നബിചര്യയാണ് എന്ന് വാദിച്ചതുകൊണ്ടാണത്. അക്കാലത്തെ ഉലമാക്കളുടെ
ഇജ്മാഇനെ അദ്ദേഹം എതിർത്തു എന്ന് പറഞ്ഞുകൊണ്ട് അവർ മുറവിളികൂട്ടി. ഭരണാധികാരികൾക്ക് അവർ പരാതി നൽകി. അങ്ങനെ വാദപ്രതിവാദങ്ങൾ നടന്നു. വിചാരണ നടത്തി. ഒടുവിൽ ഒന്നര വർഷത്തേക്ക് തടവിലിടാൻ കൽപനയായി. എട്ട് മാസം അലക്സാൻഡ്രിയയിൽ തടവിൽ കിടന്നു.
ജഡ്ജിമാരും അമീറുമാരും ഇതര പ്രമുഖരും അടങ്ങുന്ന സദസ്സിൽ ഇമാമും ഭരണാധികാരിയും സമ്മേളിച്ചു. ദീർഘമായ സംഭാഷണം നടന്നു. ഇമാമിന്റെ നിരപരാധിത്വം വ്യക്തമായി. അങ്ങനെ അദ്ദേഹം മോചിതനാവുകയും ദമസ്കസിലേക്ക് മടങ്ങുകയും ചെയ്തു.
ദമസ്കസിൽ പുരോഹിതവർഗം വെറുതെയിരുന്നില്ല. ഇമാമിനെതിരെ ആരോപണങ്ങളുമായി അവർ പിന്നയും രംഗത്തുവന്നു. വാദപ്രതിവാദം, വിചാരണ… വീണ്ടും ജയിൽ. ദമസ്കസ് കോട്ടയിൽ അദ്ദേഹം തടവിലാക്കപ്പെട്ടു. അങ്ങിനെ തടവും മോചനവും ഒരു തുടർക്കഥയായി.
താർത്താരികളുടെ ആക്രമണമുണ്ടായപ്പോൾ അവർക്കതിരെ ജിഹാദിനായി അഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം രംഗത്തിറങ്ങി. ഉമറാക്കളേയും പൊതുജനങ്ങളേയും അദ്ദേഹം ജിഹാദിന് പ്രേരിപ്പിച്ചു. അങ്ങനെ തൂലികകൊണ്ടും പടവാൾ കൊണ്ടും ദുശ്ശക്തികൾക്കെതിരെ ഇമാം ഇബ്നു തെയ്മിയ്യ പോരാടി.
അദ്ധ്യാപനവും ഗ്രന്ഥരചനയുമായി അന്ധകാരങ്ങൾക്കെതിരെ സമരത്തിൽ തന്നെ ആയിരുന്നു ഇമാം. ജയിലിൽ വെച്ചും അദ്ദേഹം എഴുത്തുതുടർന്നു. ഒട്ടനവധി ഗ്രന്ഥങ്ങൾ രചിച്ചു. വിശ്വാസകാര്യങ്ങളിൽ അവലംബമാക്കാവുന്ന ഒരു രചന വേണമെന്ന് വാസിത്വീക്കാരനായ റളിയുദ്ദീനുൽ വാസിത്വിയുടെ നിർബന്ധം കൊണ്ട് ഇമാം ഇബ്നു തെയ്മിയ്യ ഒറ്റയിരിപ്പിൽ എഴുതിയതാണ് “അൽഅഖീദത്തുൽ വാസിത്വിയ്യ”. അടിസ്ഥാന വിശ്വാസകാര്യങ്ങൾ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഈ രചന പിൽകാലത്ത് ലോക പ്രസിദ്ധമായിത്തീർന്നു. നിരവധി പണ്ഡിതന്മാർ ഇതിനു വ്യാഖ്യാനമെഴുതിയിട്ടുണ്ട്.
ഔലിയാക്കന്മാരുടേയും അൻബിയ്യാക്കന്മാരുടേയും കബർ സിയാറത്തിനു വേണ്ടി യാത്രചെയ്യാൻ പാടില്ല എന്ന് ഇമാം വ്യക്തമാക്കി. അത് സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കി. മദ്ഹബീ പണ്ഡിതന്മാർ ഇമാമിനെതിരെ തിരിഞ്ഞു. ഭരണാധികാരികളെ സ്വാധീനിച്ചു. ഇമാമിനെ തടവിലാക്കി.
ഒടുവിലത്തെ ജയിൽവാസം ആയിരുന്നു അത്. ഹിജ്റ 726 ശഅ്ബാൻ. ജയിലിൽ വെച്ച് അദ്ദേഹം രോഗിയായി. 20 ദിവസം രോഗബാധിതനായി കിടന്നു.
ഹിജ്റ വർഷം 728 ദുൽഖഅദ് 20ന് ഇമാം ഇബ്നു തെിയ്യ ജയിലിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു.
ഏകദേശം 330ഓളം ഗ്രന്ഥങ്ങൾ ഇമാം രചിച്ചിട്ടുണ്ട്. 37 വാല്യത്തിൽ പ്രസിദ്ധീകൃതമായ ഇമാമിന്റെ ഫത്വാ സമാഹാരം ജയിലിൽ വെച്ച് എഴുതിയതാണെന്ന് പറയപ്പെടുന്നു. റഫറൻസ് നോക്കാനൊന്നും കഴിയാതെ എഴുതപ്പെട്ട ഇമാമിന്റെ രചനകൾ അദ്ദേഹത്തിന്റെ ചിന്തയുടേയും അറിവിന്റെയും ആഴം വിളിച്ചോതുന്നവയാണ്. ഇമാം ഇബ്നു കഥീർ, ഇമാം ദഹബി, ഇമാം ഇബ്നുൽ ഖയ്യിം തുടങ്ങി പ്രഗത്ഭരായ ഒരു വലിയ നിര തന്നെയുണ്ട് അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ.
“അൽഅഖീദത്തുൽ വാസിത്വിയ്യ” എന്ന ഈ രചനയുടെ പരിഭാഷ എന്റെ പിതാവ് ഉമർ മൗലവി തയ്യാറാക്കുന്നത് ഹിജ്റ വർഷം 1377-ലാണെന്ന് മനസ്സിലാകുന്നു. സൗദിഅറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശൈഖ് അബ്ദുസ്സമദ് കാതിബ് (കെ.എം.മൗലവിയുടെ മകൻ), ശൈഖ് സഅദുദ്ധീൻ മൗലവി (അദ്ദേഹത്തിന്റെ മകളുടെ ഭർത്താവാണ് മദീനയിലെ ഡോ.അശറഫ് മൗലവി) എന്നിവരോടൊത്ത് അവിടെ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലമാണത്. അന്നാണ് തിരൂരങ്ങാടിയിൽ ഇതിന്റെ പ്രഥമപ്രസാധനം നിർവ്വഹിക്കപ്പെടുന്നത്.
1955-ൽ തർജുമാനുൽ ഖുർആൻ (ഉപ്പ് എഴുതി കെ.എം.മൗലവി പരിശോധിച്ച ഖുർആൻ വ്യാഖ്യാനം) അറബിമലയാളത്തിൽ ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ പഴയകാല സലഫീ പണ്ഡിതൻമാർ
സമുദായത്തെ സന്മാർഗത്തിലേക്ക് നയിക്കാൻ ബദ്ധശ്രദ്ധരായിരുന്നു എന്നതാണത്. കാലത്തിന് മുമ്പേ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാൻമാരാണവർ. തൗഹീദുർ റുബൂബിയ്യത്തും തൗഹീദുൽ ഉലൂഹിയത്തും എന്തുമാത്രം പ്രാധാന്യത്തോടെ കേരളത്തിലെ മുൻകാല സലഫീ പണ്ഡിതൻമാർ പഠിപ്പിച്ചുവോ അതേ പ്രാധാന്യത്തോടെ തൗഹീദുൽ അസ്മാഇവസ്സിഫാത്തും നമ്മുടെ പണ്ഡിതൻമാർ മുസ്ലിം കൈരളിയെ പഠിപ്പിച്ചു എന്നത് ഈ ഗ്രന്ഥരചന തെളിയിക്കുന്നു. ഈജിപ്തിലെ പണ്ഡിതൻമാരുമായിട്ടായിരുന്നു നമ്മുടെ മുൻകാല പണ്ഡിതൻമാർക്ക് ബന്ധമെന്നും അവരുടെ ആശയമാണ് ഇവിടെ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്നുമുള്ള ഒരു ധാരണപരക്കെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇബ്നു തെയ്മിയ്യ, ഇബ്നുഅബ്ദുൽ വഹാബ് തുടങ്ങിയ പണ്ഡിതൻമാരുടെ രചനകളുമായിട്ടായിരുന്നു അവർക്ക് ശക്തമായ ബന്ധമുണ്ടായിരുന്നത് എന്നത് വ്യക്തമാണ്. സൗദി അറേബ്യയിലും മറ്റുമുള്ള പണ്ഡിതൻമാരുടെ സലഫീ അഖീദയും ആശയങ്ങളുമാണ് അവർ ഇവിടെ പ്രചരിപ്പിച്ചിരുന്നത് എന്ന് ഈ കൃതി വ്യക്തമാക്കുന്നു.
അരനൂറ്റാണ്ടിനുശേഷം ഈ ഗ്രന്ഥത്തിന്റെ പഴയ അറബിമലയാള പരിഭാഷ കണ്ടെത്തി വീണ്ടും കൈരളിക്ക് സമ്മാനിക്കുന്ന സൽകർമത്തിൽ സഹകരിക്കുകയും സഹായിക്കുകയും ചെയ്തവർക്കെല്ലാം റബ്ബുൽ ആലമീൻ
അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു.
മുബാറക് ബിൻ ഉമർ
തിരൂർക്കാട്