niyasadm
അറബിക് ക്വിസ്സ് -1
അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചെയ്യുന്നു എന്നതിന്റെ വിവക്ഷ
അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചെയ്യുന്നു എന്നതിന്റെ വിവക്ഷ
നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലൽ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു. നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.
ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ
തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)
صلوة (സ്വലാത്ത്) എന്ന വാക്കിന് അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന എന്നൊക്കെ അര്‍ത്ഥം വരും. അല്ലാഹു നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചെയ്യുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മലക്കുകളോട് നബിയെ(സ്വ) പ്രശംസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മലക്കുകള്‍ നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ൪ നബിക്ക്(സ്വ) വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍ നിന്നും അപ്രകാരമാണ് ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച നബിയെ(സ്വ) പ്രശംസിച്ചുകൊണ്ടിരിക്കുന്നുവെന്നും ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും ചുരുക്കം.
يُصَلُّونَ (യുസ്വല്ലൂന) എന്നാല്‍ അനുഗ്രഹത്തിനായി പ്രാ൪ത്ഥിക്കുകയെന്നാണ് വിവക്ഷയെന്ന് ഇബ്നു അബ്ബാസില്‍(റ) നിന്ന് ഇമാം ബുഖാരിതന്നെ(റ) ഉദ്ധരിക്കുന്നുണ്ട്. അല്ലാഹു നബിക്ക് (സ്വ) അനുഗ്രഹവും കാരുണ്യവും നല്‍കുന്നുവെന്നും നബിക്ക് (സ്വ) അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും താല്പര്യം.
ഇവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ ആലിയയില്‍ നിന്നു ഉദ്ധരിച്ചതാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ ഫത്ഹുൽ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഇബ്നുല്‍ ഖയ്യിം(റ) , ശൈഖ് ഉഥൈമീന്‍(റഹി) എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്.
اللَّهُمَّ صَلِّ عَلَى مُحَمَّدٍ (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പ്രശംസിക്കണമേ എന്നാണ്. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിയെ പ്രശംസിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ പുതിയ ഒരു കാര്യത്തിനുള്ള പ്രാ൪ത്ഥനയല്ല ഇത്, മറിച്ച് നിലവിലുള്ള പ്രശംസിച്ച് പറയലിനെ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാ൪ത്ഥനയാണിത്.
وقال الحليمي في الشعب معنى الصلاة على النبي صلى الله عليه وسلم تعظيمه فمعنى قولنا اللهم صل على محمد عظم محمدا والمراد تعظيمه في الدنيا بإعلاء ذكره وإظهار دينه وابقاء شريعته وفي الآخرة باجزال مثوبته وتشفيعه في أمته وابداء فضيلته بالمقام المحمود وعلى هذا فالمراد بقوله تعالى صلوا عليه ادعوا ربكم بالصلاة عليه
നബിയുടെ(സ്വ) മേലുള്ള സ്വലാത്ത് എന്നാൽ നബിയെ (സ്വ) പുകഴ്ത്തലാണ്. اللَّهُمَّ صَلِّ عَلى محمدٍ )അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ( എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്ത്തേണമേ എന്നാണ്. അത് ഐഹിക ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂർത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വർദ്ധിപ്പിക്കലും), അദ്ദേഹം നൽകിയ ശരീഅത്തിനെ നിലനിർത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകലും, തന്റെ സമുദായത്തിനുള്ള ശുപാർശക്കുള്ള അവസരം നൽകലും, മഖാമൻ മഹ്മൂദൻ എന്ന പദവിയിൽ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാൽ ‘സ്വല്ലൂ അലൈഹി’ എന്ന് പറയുമ്പോൾ ഇവക്കെല്ലാമുള്ള പ്രാർത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത് (ഫത്ഹുൽ ബാരി :11/156)
ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: നബിക്ക്(സ്വ) വേണ്ടി സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യം, അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നി൪വ്വഹിക്കുന്നത് അതിനായി പ്രാ൪ത്ഥിക്കാനാണ് എന്നാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ടതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ആദരവുകളെ എടുത്ത് പറയലും അതിനായി അല്ലാഹുവോട് തേടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാ൪ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. (ജലാഉല്‍ അഫ്ഹാം ഫിസ്സ്വലാത്തി അലാ ഖൈരില്‍ അനാം)
ശൈഖ് ഉഥൈമീന്‍(റഹി) പറയുന്നു: “ഇവ്വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും നല്ല അഭിപ്രായം അബുല്‍ ആലിയയുടേതാണ്. അദ്ദേഹം പറഞ്ഞു: ‘പ്രവാചകന്റെ (സ്വ) മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് ഉന്നതമായ (മലക്കുകളുടെ) സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കലാണ്. ‘അല്ലാഹുമ്മ സ്വല്ലി അലൈഹി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘അല്ലാഹുവേ, ഉന്നതമായ സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കണേ, എന്നാണ്. അതായത് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ അടുത്ത് വെച്ച്.” (അശ്ശറഹുല്‍ മുമ്തിഉ -3/163)
സ്വലാത്തിന്റെ ഭാഷാര്‍ത്ഥങ്ങളില്‍ പെട്ട ഈ രണ്ട് നിര്‍വചനങ്ങളും സ്വീകരിച്ചാലും പരസ്പര വിരുദ്ധമാകുന്നില്ലെന്നതാണ് വസ്തുത.
സഅദ് ബ്നു ഉബാദ (റ) സ്വഹാബിമാരുടെ ചരിത്രം
സഅദ് ബ്നു ഉബാദ (റ)
സ്വഹാബിമാരുടെ ചരിത്രം
നബി (സ) അദ്ദേഹത്തിന്നു വേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചു:
“നാഥാ, നിന്റെ കരുണയും അനുഗ്രഹവും നീ സഅദ്ബ്നു ഉബാദിന്റെ കുടുംബത്തിന് വർഷിക്കേണമേ”
സഅദുബ്നു മുആദ് (റ)യെ പോലെ സഅദ്ബ്നു ഉബാദ (റ)യും മദീനയിലെ നേതാവായിരുന്നു. സഅദ്ബ്നു മുആദ് (റ) ഔസിന്റെയും സഅദ്ബ്നു
ഉബാദ (റ) ഖസ്റജിന്റെയും. ജാഹിലിയ്യാ കാലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രകലഹം നിലവിലിരുന്ന മദീനയിലെ രണ്ടു ഗോത്രങ്ങളായിരുന്നു ഔസും ഖസ്റജും. സഅദ്ബ്നു ഉബാദ (റ) നേരത്തെ തന്നെ ഇസ്ലാം സ്വീകരിച്ചു. രണ്ടാം
അഖബാ ഉടമ്പടിയിൽ അദ്ദേഹം സന്നിഹിതനായിരുന്നു. അനന്തരം നബി (സ)യുടെ അനുസരണയുള്ള ഒരു പടയാളിയും അനുയായിയുമായി അദ്ദേഹം ജീവിതംനയിച്ചു. അൻസാരികളിൽ നിന്ന് മക്കാമുശ്രിക്കുകളുടെ അക്രമത്തിന്ന് വിധേയനായ ഏക വ്യക്തി സഅദ്ബ്നു ഉബാദ (റ) ആണെന്ന് പറയപ്പെടുന്നു. മക്കാ നിവാസികളായ മുസ്ലിംകളെ ഖുറൈശികൾ നിർദ്ദയം അക്രമിച്ചുകൊണ്ടിരുന്നു. നബി (സ്വ)യും അനുചരൻമാരും മദീനക്കാരുമായി സമ്പർക്കം പുലർത്തുന്നതും അവിടത്തുകാർ ഇസ്ലാമിന്ന് രഹസ്യ സഹായങ്ങൾ നൽകുന്നതും മണത്തറിഞ്ഞ ഖുറൈശികൾ സ്വാഭാവികമായും മദീനാ നിവാസികളോട് പകയും വിദ്വേഷവുമുള്ളവരായിത്തീർന്നു.
ഒരിക്കൽ സഅദ്ബ്നു ഉബാദ (റ) ഉൾക്കൊള്ളുന്ന ഒരു യാത്രാസംഘത്തെ മുശ്രിക്കുകൾ പിന്തുടർന്നു. അവർക്ക് സഅദ്ബ്നു ഉബാദ (റ)യെ പിടികിട്ടി. അദ്ദേഹത്തെ വാഹനത്തിൽ നിന്നിറക്കി കൈരണ്ടും പിന്നോട്ട് ബന്ധിച്ചു മക്കയിലേക്ക് കൊണ്ടുവന്നു. മതിവരുവോളം അക്രമിച്ചു. മാന്യനും ജനസമ്മതനുമായ ഒരു അന്യദേശത്തുകാരനെ നിർദ്ദയം അക്രമിക്കുവാൻ മാത്രം ക്രൂരമായിരുന്നു ഇസ്ലാമിന്ന് എതിരെയുള്ള അവരുടെ വിദ്വേഷം.
പ്രസ്തുത സംഭവത്തെക്കുറിച്ച് സഅദ്ബ്നു ഉബാദ (റ) തന്നെ പറയുന്നത് നോക്കൂ:
“ഞാൻ അവരുടെ ബന്ധനത്തിൽ ഇരിക്കെ ഒരു സംഘം ആളുകൾ അവിടെ വന്നെത്തി. സുന്ദരനും മാന്യനുമായ ഒരു വ്യക്തിയുണ്ടായിരുന്നു അക്കൂട്ടത്തിൽ. അദ്ദേഹം എന്നോട് ദയാപുരസ്സരം പെരുമാറുമെന്ന് ഞാൻ ഊഹിച്ചു. പക്ഷെ അതുണ്ടായില്ല. അയാൾ ഓടിവന്ന് എന്നെ ശക്തിയായി പ്രഹരിക്കുകയാണ് ചെയ്തത്. അതോടുകൂടി അവരെ കുറിച്ചുള്ള എന്റെ പ്രദീക്ഷ അസ്ഥാനത്തായി. എങ്കിലും അൽപ്പം ദയയുള്ള മറ്റൊരാൾ എന്റെ അടുത്ത് വന്ന് എന്നോടു ചോദിച്ചു:
“നിങ്ങൾ ഖുറൈശികളിൽ പെട്ട ആർക്കെങ്കിലും പണ്ട് വല്ല സഹായവും ചെയ്തുകൊടുത്തിട്ടുണ്ടോ?”
ഞാൻ പറഞ്ഞു: “അതെ, ജുബൈറുബ്നുമുത്ഇമിനെ ഒരുപറ്റം തെമ്മാടികൾ എന്റെ നാട്ടിൽ വെച്ച് ആക്രമിച്ചപ്പോൾ അദ്ദേഹത്തിന്ന് ഞാൻ സംരക്ഷണം നൽകിയിട്ടുണ്ട്. അതുപോലെ മറ്റൊരിക്കൾ ഹാരിസ്ബ്നുഹർബിന്നും ഞാൻ സംരക്ഷണം നൽകിയിരുന്നു. ഇത് കേട്ടപ്പോൾ അദ്ദേഹം എന്നോട് അവരുടെ പേര് വിളിച്ച് ഉച്ചത്തിൽ കരയാൻ നിദ്ദേശിച്ചു. ഞാൻ അങ്ങനെ ചെയ്തു. അദ്ദേഹം നേരിട്ടുപോയി ജുബൈറിനോടും ഹാരിസിനോടും സംഭവം പറഞ്ഞു.ഹാരിസും ജുബൈറും ഓടിയെത്തി എന്നെ അക്രമികളിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.
നബി (സ്വ)യും അനുയായികളും മദീനയിൽ അഭയം പ്രാപിച്ചു. സഅദ്ബ്നു ഉബാദ (റ) മുഹാജിറുകളുടെ സംരക്ഷണത്തിനു വേണ്ടി തന്റെ ധനം നിർലോഭം ചിലവഴിച്ചുകൊണ്ടിരുന്നു. സഅദ്ബ്നു ഉബാദ (റ) യുടെ പരമ്പരാഗതമായ ഒരു സ്വഭാവ വിശേഷമായിരുന്നു അദ്ദേഹത്തിന്റെ ധർമ്മം. ജാഹിലിയ്യാകാലത്ത് കീർത്തിനേടിയ ധർമ്മിഷ്ഠനായ ദുലൈബ്നുഹാരിസ് അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. ഓരോ അൻസാരികളും ഒന്നോ രണ്ടോ മൂന്നോ മുഹാജിറുകളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണ സൗകര്യങ്ങൾ നിർവ്വഹിച്ചു കൊടുത്തപ്പോൾ എൺപതു മുഹാജിറുകളെയായിരുന്നു സഅദ്ബ്നു ഉബാദ (റ) തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. അദ്ദേഹം എപ്പോഴും സാമ്പത്തിക സമൃദ്ധിക്ക് വേണ്ടി അല്ലാഹുവിനോട്പ്രാർത്ഥിക്കുമായിരുന്നു.
ഇസ്ലാമിക സേവനത്തിൽ തന്റെ സംമ്പത്ത് മാത്രമല്ല, ദേഹശക്തിയും നൈപുണ്യവും അദ്ദേഹം വ്യയം ചെയ്തു. ഉന്നം പിഴക്കാത്ത ഒരു അസ്ത്രപടുവായിരുന്നു അദ്ദേഹം. നബി (സ)യുടെ കുടെ എല്ലാ രണാങ്കണങ്ങളിലും തന്റെ വൈഭവം അദ്ദേഹം പ്രകടിപ്പിച്ചു.
ഇബ്നുഅബ്ബാസ് (റ) ഇങ്ങനെ പറയുന്നു: “നബി (സ)ക്ക് എല്ലാഘട്ടത്തിലും രണ്ടു പതാകവാഹകരുണ്ടായിരുന്നു. മുഹാജിറുകളുടേത് അലി (റ)യും അൻസാരികളുടേത് സഅദ്ബ്നു ഉബാദ (റ) യും”
സത്യമെന്ന് തോനുന്നത് വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരനായിരുന്നു സഅദ്ബ്നു ഉബാദ (റ) .
മക്കാവിജയ ദിവസം നബി (സ) ഒരു വിഭാഗം സൈന്യത്തിന്റെ നേതൃത്വം സഅദ്ബ്നു ഉബാദ (റ) യെ ഏൽപ്പിച്ചു. അദ്ദേഹം പുണ്യഭൂമിയിലേക്ക് പ്രവേശിച്ചപ്പോൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഇന്ന് ഘോരസമരത്തിന്റെ ദിനമാണ്.ഇന്ന് പവിത്രത അപഹരിക്കപ്പെടുന്ന ദിനമാണ്!”
ഇത് കേട്ട ഉമർ (റ)നബി (സ)യുടെ അടുത്ത് ഓടിയെത്തി പറഞ്ഞു:നബിയേ, സഅദ്ബ്നു ഉബാദ വിളിച്ചു പറയുന്നത് കേട്ടില്ലയോ? ഖുറൈശികളുടെമേൽ അദ്ദേഹത്തിന്ന് അധിശാധികാരം ലഭിക്കുന്നതിൽ ഞങ്ങൾക്കു ഭയമുണ്ട്. ഉമർ (റ)യുടെ ഇംഗിതമനുസരിച്ച് നബി (സ) അലി (റ)യെ സഅദ്ബ് ഉബാദ(റ)യുടെ അടുത്തേക്കയച്ചു. അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന പതാക വാങ്ങി തൽസ്ഥാനം ഏറ്റെടുക്കാൻ അലി (റ)യോട് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്ലാമിനെതിരെ അക്കാലമത്രയും ഖുറൈശികൾ അനുവർത്തിച്ച ക്രൂരവും കിരാതവുമായ മർദ്ദനത്തിന്റെ പാടുകൾ സ്വന്തം ശരീരത്തിൽ നിന്ന് പോലും മാഞ്ഞുപോയിട്ടില്ലാത്ത ആ ജേതാക്കൾ ഒരുവേള അവരുടെ തിരിച്ചുവരവിന്റെ ഘട്ടത്തിൽ പ്രതികാരത്തിന്റെ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിൽ അത്
അൽഭുതമില്ലല്ലോ! നബി (സ)യുടെ നിര്യാണത്തിന്നു ശേഷം അൻസാരികൾ സഅദ്ബ്നു ഉബാദ (റ) അടുത്തുചെന്ന് നബി (സ)യുടെ പ്രതിപുരുഷനായി അൻസാരികളിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന് അഭിപ്രായപ്പെട്ടു. ഐഹികവും പാരത്രികവുമായ ഉന്നതിയുള്ള ആ പദവി തങ്ങളിൽ നിന്ന് ഒരാൾക്ക് ലഭിക്കണമെ ന്നായിരുന്നു അലരുടെ അഭിലാഷം. എങ്കിലും നബി (സ) രോഗശയ്യയിൽ വെച്ചു നമസ്കാരത്തിന്റെ നേത്യത്വം ഏൽപ്പിച്ചതും ഹിജ്റയിൽ നബി (സ്വ)യെ അനുഗമിച്ച ഏക സഹചാരി എന്ന പദവി ലഭിച്ചതും അബൂബക്കർ (റ)ക്കായിരുന്നു. പ്രസ്തുത മഹാത്മ്യങ്ങൾ കണ്ക്കിലെടുത്ത് ബഹുഭൂരിഭാഗം സഹാബിമാർ അബുബക്കർ (റ)യെ ഖലീഫയായി അംഗീകരിച്ചു.
സഅദ്ബ്നു ഉബാദ (റ) അടക്കമുള്ള അൻസാരികൾ പിന്നീട് ഏകകണ്ഠമായി ആ തീരുമാനം അംഗീകരിക്കുകയാണുണ്ടായത്!. മുസ്ലിംകൾ ഹുനൈൻ യുദ്ധത്തിൽ വിജയം വരിച്ചു. നബി (സ) യുദ്ധാർജ്ജിത സമ്പത്തിന്റെ വിതരണത്തിൽ ഒരു പുതിയ മാനദണ്ഡം സ്വീകരിച്ചു. ഇസ്ലാമിന്ന് വേണ്ടി ത്യാഗംചെയ്ത പുർവ്വമുസ്ലിംകൾക്ക് മുൻഗണന നൽകുന്നതിന്നു പകരം പുതുവിശ്വാസികളെയാണ് നബി (സ) പരിഗണിച്ചത്. ഇസ്ലാമിൽ അടിയുറച്ച പഴക്കംചെന്ന സൈനികർക്ക് വിതരണത്തിൽ ഒരു പരിഗണനയും നൽകപ്പെട്ടില്ല.
ഈ സംഭവം അൻസാരികൾക്കിടയിൽ സംസാരവിഷയമായി. സഅദ്ബ്നു ഉബാദ (റ) നബി (സ)യുടെ അടുത്ത് ചെന്ന് ഇങ്ങനെ വെട്ടിത്തുറന്നു പറഞ്ഞു:
“നബിയേ, അങ്ങ് യുദ്ധാർജ്ജിത സമ്പത്ത് വിതരണം ചെയ്തത് സംബന്ധിച്ച് അൻസാരികളിൽ അസംതൃപ്തിയുണ്ട്. താങ്കൾ അൻസാരികളെ അവഗണിച്ചു.
കളഞ്ഞിരിക്കുന്നു.”
നബി (സ) ചോദിച്ചു: “സഅദേ, നിന്റെ അഭിപ്രായമെന്താകുന്നു?”
സഅദ്: “ഞാനും എന്റെ ജനതയിൽ ഒരംഗമല്ലേ!’
നബി (സ): “എങ്കിൽ നിന്റെ ജനതയെ ഒന്നു വിളിച്ചുകൂട്ടു”
സഅദ്ബ്നു ഉബാദ (റ) അൻസാരികളെ വിളിച്ചുകൂട്ടി.
നബി (സ) അവരോട് പ്രസംഗിച്ചു:
“അൻസാരികളെ, നിങ്ങളെക്കുറിച്ചു ഞാൻ പലതും പറഞ്ഞുകേൾക്കുന്നു
എന്നെ സംബന്ധിച്ചു നിങ്ങൾക്ക് വല്ല ആക്ഷേപവുമുണ്ടോ? ഞാൻ നിങ്ങളുടെ നാട്ടിൽ വന്നപ്പോൾ നിങ്ങൾ വഴികേടിൽ അലയുന്നവരായിരുന്നില്ലേ? അനന്തരം അല്ലാഹു നിങ്ങളെ സൻമാർഗ്ഗികളാക്കിയില്ലേ?
നിങ്ങളന്നു ദരിദ്രരായിരുന്നു. പിന്നീട് അവൻ നിങ്ങളെ സമ്പന്നരാക്കി! നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നു. ഇപ്പോൾ നിങ്ങളുടെ ഹൃദയങ്ങളെ അവൻ
രമ്യതയിലാക്കിത്തന്നു.”
അവർ പറഞ്ഞു: “അതേ, അല്ലാഹുവും അവന്റെ ദൂതനും ഞങ്ങൾക്ക് അതിയായ അനുഗ്രഹം ചെയ്തിരിക്കുന്നു.”
നബി (സ) ചോദിച്ചു: നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ലേ?”
“അതേ, അതേ” അവർ ഒന്നായി വിളിച്ചു പറഞ്ഞു.
നബി (സ): ““വേണമെങ്കിൽ നിങ്ങൾക്കിങ്ങനെ പറയാം. സ്വന്തം ജനതയാൽ നിഷേധിക്കപ്പെട്ട, കൈവെടിയപ്പെട്ട, ദരിദ്രനും നിലാരംബനുമായിരുന്നു ഞാൻ.
അനന്തരം നിങ്ങളെന്നെ വിശ്വസിച്ചു, അഭയം നൽകി, സമ്പന്നനാക്കിത്തീർത്തു.”
ഇത് നിങ്ങൾ ചെയ്ത സേവനം തന്നെ.”
അൻസാരികളെ, ഒട്ടകങ്ങളും ആടുകളും മറ്റുള്ളവർ നേടട്ടെ. നിങ്ങൾ അല്ലാഹുവിന്റെ ദൂതനെയും കൊണ്ടാണ് വീട്ടിലേക്ക് മടങ്ങുന്നത്. നിങ്ങൾക്ക് അത് പോരേ?
“അല്ലാഹുവാണ് സത്യം, ഹിജ്റ എന്നൊന്നുണ്ടായിരുന്നില്ലെങ്കിൽ ഞാൻ നിങ്ങളിൽ ഒരുവനാകുമായിരുന്നു. ജനങ്ങൾ വിത്യസ്ത മാർഗത്തിലൂടെ പ്രവേശിക്കുമ്പോൾ ഞാൻ എന്നും അൻസാരികളുടെ മാർഗത്തിലായിരിക്കും ഉണ്ടാവുക. അല്ലാഹുവേ, നീ അൻസാരികൾക്കും അവരുടെ സന്തതികൾക്കും അനുഗ്രഹം വർഷിക്കേണമേ,”
അൻസാരികൾ ഒന്നടങ്കം പൊട്ടിക്കരഞ്ഞു. കുടെ സഅദ്ബ്നു ഉബാദ (റ)! അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:
“ഞങ്ങൾക്ക് അല്ലാഹുവിന്റെ പ്രവാചകനെ മാത്രം മതി. സമ്പത്ത് വേണ്ടവർ അത് എടുത്ത് കൊള്ളട്ടെ.”
ഉമർ (റ)യുടെ കാലത്ത് അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി സിറിയയിലേക്ക് മാറിത്താമസിക്കാൻ സഅദ്ബ്നു ഉബാദ (റ) പുറപ്പെട്ടു. വഴിമദ്ധ്യേഹുറാൻ എന്ന പ്രദേശത്തു വെച്ച് ഹിജ്റ 15ാം വർഷം ഉത്തമനായ തന്റെ നാഥന്റെ സാമീപ്യം സ്വീകരിക്കുകയും ചെയ്തു
ശഅബാൻ മാസം
ശഅബാൻ മാസം
സമീർ മുണ്ടേരി ജുബൈൽ
ലോകത്തുളള വിശ്വാസികൾ ശഅബാൻ മാസത്തെ സ്വീകരിച്ചിരിക്കുന്നു. ശഅബാൻ മാസത്തിന് രണ്ട് പ്രത്യേകതകൾ ഹദീസുകളിൽ നമുക്ക് കാണാം.
ഒന്ന്: ശഅബാൻ മാസത്തിൽ അല്ലാഹു അവന്റെ ദാസന്മാ൪ക്ക് പൊറുത്തു കൊടുക്കും
രണ്ട് : നബി (സ്വ) റദമാൻ കഴിഞ്ഞാൽഏറ്റവും കൂടുതൽ നോമ്പ് അനുഷ്ഠിച്ചത് ശഅബാൻ മാസത്തിലാണ്.
പാപമോചനം
[ത്വബ്റാനി: 20/108, ഇബ്നു ഹിബ്ബാൻ: 12/481]
മുആദ് ബ്നു ജബൽ (റ) വിൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: “ശഅബാൻ പതിനഞ്ചിന്റെ രാവിൽ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തർക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികൾക്കും അവൻ
പൊറുത്ത് കൊടുക്കുകയും ചെയ്യും.”
നോമ്പ് അധികരിപ്പിക്കുക
.[മുത്തഫഖുൻ അലൈഹി]
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: “നബി (സ) ചിലപ്പോൾ തുടർച്ചയായി നോമ്പ് നോൽക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങൾ പറയുമായിരുന്നു. അതുപോലെ അദ്ദേഹം
നോമ്പ് നോൽക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേ ഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങൾ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂൽ പരിപൂർണ മായി നോമ്പെടുത്തത് ഞാൻ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാൽ പിന്നെ) ശഅബാൻ മാസത്തേക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല.
ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ടത് റമദാൻ മാസത്തിൽ മാത്രമാണ്
പൂ൪ണമായും നോമ്പ് എടുക്കാൻ അനുവാദമുളളത്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) റമളാന് ഒഴികെ മറ്റൊരു മാസവും പൂർണമായി നോമ്പ് നോറ്റിട്ടില്ല
[സ്വഹീഹ് മുസ്‌ലിം: 746].
ആയിശ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. “അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂർണമായി നോമ്പ് നോറ്റിട്ടില്ല.
എന്തു കൊണ്ട് ശഅബാനിൽ നോമ്പ്?
നബി (സ്വ) എന്തു കൊണ്ടാണ് ശഅബാൻ മാസത്തിൽ നോമ്പ് അധികരിപ്പി ച്ചത് എന്ന് സംശയിക്കുന്നവരുണ്ടാകാം. നബി (സ്വ) യുടെ കാലത്തും ഈ സംശയം സ്വഹാബികൾക്കുണ്ടായി. അവരത് നബി (സ്വ) യോട് ചോദിക്കുക യും ചെയ്തു.
[നസാഇ: 2357].
ഉസാമത്ത് ബ്നു സൈദ് (റ) ചോദിച്ചു: നബിയെ, നിങ്ങൾ ശഅബാ നിൽ നോമ്പ് നോൽക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പ് എടുക്കു ന്നില്ലല്ലോ? അപ്പോൾ അദ്ദേഹം പറഞ്ഞു: റജബിനും റമദാനിനും ഇടയിൽ ജനങ്ങൾ അശ്രദ്ധരാകുന്ന ഒരു മാസമാണത്. കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണത്. നോമ്പുകാരൻ ആയിരിക്കെ എന്റെ കർമ്മ ങ്ങൾ ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അതു കൊണ്ടു തന്നെ ഈ മാസത്തിലെ രാപകലുകൾ സൽകർമ്മങ്ങളിൽ വിനിയോഗിക്കണം. ഈ ദിവസങ്ങളിൽ നോമ്പെടുക്കൽ പ്രയാസമാണ്. കാരണം പകൽ കൂടുതലും ശക്തമായ ചൂടുമാണ്. എന്നാൽ വിശ്വാസികൾ പ്രതിഫലം പ്രതീക്ഷിച്ച്
അതെല്ലാം ക്ഷമിക്കും.
മഹാനായ മുആദ് (റ) മരണം സമീപത്തെത്തിയപ്പോൾ ഇപ്രകാരം പറയുക യുണ്ടായി. “അപ്രത്യക്ഷനാക്കുന്ന സന്ദർശകനായ മരണത്തിന് സ്വാഗതം, അല്ലാഹുവേ, ഞാൻ നിന്നെ ഭയപ്പെട്ടിരുന്നു. ഇന്ന് ഞാൻ നിന്നിൽ പ്രതീക്ഷയർപ്പിക്കുകയാണ്. ഈ ദുനിയാവിൽ മരങ്ങൾ കൃഷി ചെയ്യാനും നദിക ൾ ഒഴുക്കാനും വേണ്ടി അധികകാലം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടി ല്ലെന്ന് നിനക്കറിയാം. നോമ്പിന്റെ പകലിലെ ദാഹത്തിനും തണുപ്പുളള രാത്രി യിലെ നമസ്കാരത്തിനും സമയം ഉപയോഗപ്പെടുത്താനും അറിവിന്റെ സദസുകളിൽ പണ്ഡിതന്മാരുടെ അടുക്കൽ ചെല്ലാനുമാണ് ഞാൻ ആഗ്രഹിച്ചത്.”
ശഅബാനും ബിദ്അത്തുകളും
ഏതാനും ദുർബല ഹദീസുകൾ മുന്നിൽ വെച്ച്, മുസ്ലിം സമൂഹത്തിലെ ചിലർ മതം
പഠിപ്പിക്കാത്ത പലതും ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ദുർബലമായ
ഹദീസുകളുടെ അടിസ്ഥാനത്തിൽ രാത്രി നമസ്കാരങ്ങളും ദുആകളും
നിർവഹിക്കുന്നുണ്ട്. ഇത് അനുവദനീയമല്ല. കാരണം ഇബാദത്തുകൾക്ക് വ്യക്തമായ തെളിവ് വേണം. സമൂഹത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ദു൪ബല ഹദീസാണ് താഴെനൽകുന്നത്.
ശഅബാൻ 15 ന്റെ രാത്രിയിൽ നിങ്ങൾ നമസ്ക്കരിക്കുക, പകലിൽ
നോമ്പ് എടുക്കുക. അന്നേ ദിവസം അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങിവന്ന് ചോദിക്കും. പാപമോചനം തേടുന്നവരുണ്ടോ? ഞാൻ അവന് പൊറുത്തു കൊടുക്കും. ഉപജീവനം തേടുന്നവരുണ്ടോ? ഞാൻ അവന് രിസ്ഖ് നൽകും. പരീക്ഷിക്കപ്പെടുന്നവരുണ്ടോ? ഞാൻ അവന് ആഫിയത്ത് നൽകും.
ചോദിക്കുന്നവനുണ്ടോ? ഞാൻ അവന് നൽകും. പ്രഭാതോദയം വരെ അങ്ങ നെ പലതും ചോദിക്കും. (ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ച മച്ച ഹദീസാണ്)
മറ്റൊരു ദു൪ബല ഹദീസ് ഇതാണ്. അഞ്ച് രാത്രികളിലെ പ്രാർത്ഥന തളളപ്പെടുകയില്ല. റജബിലെ ആദ്യത്തെ രാത്രി, ശഅബാൻ 15 ന്റെ രാത്രി,
വെളളിയാഴ്ച്ച രാവ്, ഈദുൽ ഫിത്റിന്റെ രാവ്, യൌമുന്നഹറിന്റെ രാവ്.
(ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ചമച്ച ഹദീസാണ്)
ബറഅത്ത് നോമ്പ്
ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ശഅബാൻ 15 ന്റെ രാത്രി നമസ്ക്കരിക്കുന്നു, പകലിൽ നോമ്പ് എടുക്കുന്നു. അത് ബിദ്അത്താണ്. ശഅബാൻ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്, ബറാഅത്ത് നോമ്പ് എന്ന പേരിൽ പൊതുവേ ആളുകൾ പറഞ്ഞു വരാറുള്ള നോമ്പാണിത്.
ആ നോമ്പ് നോൽക്കുന്നവ൪ തെളിവായി കൊണ്ടുവരുന്ന ഹദീസ് ഇപ്രകാര മാണ്. ശഅബാൻ പാതിയായാൽ (അഥവാ പതിനഞ്ചായാൽ) അതിന്റെ രാവ് നിങ്ങൾ നിന്ന് നമസ്കരിക്കുകയും, അതിന്റെ പകൽ നിങ്ങൾ നോമ്പെടുക്കുകയും ചെയ്യുക”.
ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസാണ്. അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്.
ഈ ഹദീസ് ദു൪ബലമാണ്, സ്വീകാര്യമല്ല എന്ന് ഇമാം ഇബ്നുൽ ജൗസി (റ) ,ബൈഹഖി, ഇമാം അബുൽ ഖത്താബ് ബ്നു ദഹിയ, ഇമാം അബൂശാമ അശാഫിഈ തുടങ്ങിയവരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ മാസത്തിൽ ശ്രദ്ധിക്കുക
ഈ മാസവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങൾ പ്രത്യേകം മനസ്സിലാക്കണം.
ഒന്ന്: കഴിഞ്ഞ റമദാനിൽ ഏതെങ്കിലും
നോമ്പ് നഷ്ടപ്പെട്ടതുണ്ടെങ്കിൽ അത് പെട്ടെന്ന്
നോറ്റു വീട്ടണം.
രണ്ട്: റമദാന്റെ തൊട്ടു മുമ്പുളള ദിവസം (ശഅബാൻ 29 നോ 30 നോ) നോമ്പെടുക്കരുതെന്ന് തെളിവുകൾ വന്നിട്ടുണ്ട്. റമദാനിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നിങ്ങൾ നോമ്പെടുക്കരുത്. (നബി വചനം) റമദാൻ ആണെങ്കിലോ എന്ന് ഭയപ്പെട്ടു കൊണ്ടാണ് ഇങ്ങനെ നോമ്പെടുക്കുന്നത്. അത് ഒഴിവാക്കേണ്ടതാണ്. എന്നാൽ സ്ഥിരമായി സുന്നത്തു നോമ്പെടുക്കുന്നവന് നോമ്പെടുക്കാം.
പ്രിയപ്പെട്ടവരെ, സോഷ്യൽ മീഡിയകളിലൂടെ ധാരാളം ദുർബല ഹദീസുകൾ പലരും പ്രചരിപ്പിക്കുന്നുണ്ട്. നാം ഷെയ൪ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും മതം പഠിപ്പിച്ചതാണ് എന്ന് ഉറപ്പു വരുത്താൻ നമുക്ക് ബാധ്യതയുണ്ട്. ഈ മാസത്തിൽ നബി (സ്വ) യുടെ മാതൃക പിന്തുടരാനും, തെളിവുകളുടെ പിൻബല മില്ലാതെ ഉണ്ടാക്കിയ ബിദ്അത്തുകളെ ഒഴിവാക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
സ്നേഹ പൂർവ്വം
ഉറുമ്പുകളിൽ നിന്ന് ചിലത് പഠിക്കാനുണ്ട് العبر من النمل
ഉറുമ്പുകളിൽ നിന്ന് ചിലത് പഠിക്കാനുണ്ട് العبر من النمل
മനുഷ്യരുടെ നഗ്നനേത്രങ്ങൾക്ക് ദർശിക്കാൻ കഴിയാത്ത ഒരു സൂക്ഷ്മ ജീവി ലോകത്തിലെ മനുഷ്യരുടെ ജീവിതത്തെ തന്നെ അങ്കലാപ്പിലാക്കിയ അവസ്ഥയാണിപ്പോഴുള്ളത്. മനുഷ്യർക്ക് കാണാൻ കഴിയുന്ന നിരവധി ചെറിയ ജീവികളും ലോകത്തുണ്ട്. ഇവയുടെയെല്ലാം സൃഷ്ടിപ്പും പ്രവർത്തനങ്ങളും മഹാൽഭുതങ്ങൾ തന്നെയാണ്.
ഒരു ചെറിയ ജീവിയായ ഉറുമ്പിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ ഇന്ന് മനസ്സിലാക്കാം
ക്വുർആനിലെ 27ാം അധ്യായത്തിന്റെ നാമം നംല് (ഉറുമ്പ് ) എന്നാണ്. ഒരു മഹത്തായ ഗ്രന്ഥത്തിലെ ഒരധ്യായത്തിന്റെ പേര് ഇത്ര നിസ്സാരമായ ജീവിയുടേതോ എന്ന് ചിന്തിക്കാൻ വരട്ടെ, ഉറുമ്പിൽ നിന്ന് എമ്പാടും നമുക്ക് ഗ്രഹിക്കാനുണ്ട്. 93 ആയത്തുകളുള്ള പ്രസ്തുത അധ്യായത്തിൽ ഒരു ആയത്തിൽ മാത്രമാണ് ഉറുമ്പുകളെ കുറിച്ച് പരാമർശമുള്ളത്. ക്വുർആനിൽ തന്നെയും ഈയൊരായത്തിൽ മാത്രമാണ് ഉറുമ്പിനെ കുറിച്ചുള്ളത്. എന്നിട്ടും ഒരധ്യായത്തിന്റെ പേര് ഈ ജീവിക്കു കിട്ടി!
പ്രസ്തുത ആയത്ത് നമുക്കൊന്ന് പരിശോധിക്കാം.
(حَتَّىٰۤ إِذَاۤ أَتَوۡا۟ عَلَىٰ وَادِ ٱلنَّمۡلِ قَالَتۡ نَمۡلَةࣱ یَـٰۤأَیُّهَا ٱلنَّمۡلُ ٱدۡخُلُوا۟ مَسَـٰكِنَكُمۡ لَا یَحۡطِمَنَّكُمۡ سُلَیۡمَـٰنُ وَجُنُودُهُۥ وَهُمۡ لَا یَشۡعُرُونَ)
“അങ്ങനെ അവര് ഉറുമ്പിന് താഴ്‌വരയിലൂടെ ചെന്നപ്പോള് ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള് നിങ്ങളുടെ പാര്പ്പിടങ്ങളില് പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവര് ഓര്ക്കാത്ത വിധത്തില് നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ.”
സുലൈമാൻ (അ) തന്റെ സൈന്യവുമായി സഞ്ചരിക്കുമ്പോഴുണ്ടായ സംഭവമാണ് ആയത്തിന്റെ സന്ദർഭം.
ഒരു പാട് ഗുണപാഠങ്ങൾ ഈ ഒരു സംഭവത്തിലുണ്ട്.
അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ (റ) പറയുന്നു:
هذا النمل من جملة المخلوقات التي تعرف ربها وتعرف ما ينفعها وما يضرّها، على حسب ما رُكِّب فيها من هداية
“ഈ ഉറുമ്പ് തന്റെ സ്രഷ്ടാവിന്റെ അറിഞ്ഞിട്ടുണ്ട്. അതിന് ബോധനം നൽകപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെയാണതിന് ഉപകാരമുള്ളത് , എന്തൊക്കെയാണ് ഉപദ്രവമുള്ളത് എന്നത് ഗ്രഹിച്ചിട്ടുണ്ട് “
ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയിലും ഇതു കാണാം. അവക്കാവശ്യമുളളതും അല്ലാത്തതും അവക്കു തിരിച്ചറിയാം ! അവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന കാര്യങ്ങളും അവക്കറിയാം.! ഇതവ സ്വയം പഠിച്ചതല്ല. സ്രഷ്ടാവ് പഠിപ്പിച്ചതാണ്.
ഉറുമ്പിനേയും പരിഗണിച്ച പടച്ചവൻ എത്ര പരിശുദ്ധൻ ! ഈ ബോധം നമുക് ഏറ്റവും കൂടുതലുണ്ടാവേണ്ട സമയമാണിത്.
ഉസൈമീൻ (റ) തുടരുന്നു.
يَا أَيُّهَا النَّمْلُ﴾ نداء بعيد، مصدَّر بتنبيه ﴿يَا أَيُّهَا النَّمْلُ﴾؛ لأنه لو قالت: يا نملُ فقد يخفى
യാ അയ്യുഹന്നമ് ലു – എന്നത് ഒരു ദൂരേക്ക് മുന്നറിയിപ്പിനുള്ള വിളിയാണ്. യാ നമ് ലു എന്ന് മാത്രം വിളിച്ചാൽ ചിലപ്പോൾ കേൾക്കാതിരുന്നാലോ.”
നോക്കൂ!
തന്റെ വിളി എല്ലാവരും കേൾക്കട്ടെ എന്നു വിചാരിച്ച് അയ്യുഹാ എന്നു കൂടി ക്കൂട്ടി ഉറക്കെ വിളിക്കുകയാണ്. അപകടം മണത്ത പ്രസ്തുത ഉറുമ്പ് താൻ മാത്രം രക്ഷപ്പെടട്ടെ എന്നു ചിന്തിക്കുന്നില്ല. മറ്റുള്ളവരും രക്ഷപ്പെടണം എന്ന ചിന്തയാണതിന്. ഈ കൊറോണ കാലത്ത് ഈ ചിന്ത ഏറെ ആവശ്യമാണ്. തന്നെ കൊണ്ട് സമൂഹത്തിന് ഒരു പദ്രവവും ഉണ്ടാവരുത് എന്നതു മാത്രമല്ല സമൂഹം അപകടത്തിലാണെന്നറിഞ്ഞാൽ അക്കാര്യം ഏതു വിധേനയും സമൂഹത്തെ അറിയിക്കേണ്ട ബാധ്യതയും നമുക്കുണ്ട്. ആ പ്രവർത്തനത്തിൽ തന്നാൽ കഴിയുന്നത് ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. ഞാനൊരു ഉറുമ്പ് വിളിച്ചു പറഞ്ഞാൽ ഈ താഴ് വരയിലുള്ള മുഴുവനുറുമ്പുകളും അതു കേൾക്കുമോ എന്നൊന്നും അത് ചിന്തിച്ചില്ലല്ലോ. സമൂഹത്തിലെ എതു നിസ്സാരനും ചിലപ്പോൾ അതുല്യ കാര്യങ്ങൾ കഴിഞ്ഞേക്കും.
ഒരു പ്രബോധകന്റെ മനസ്സും ഇങ്ങനെ തന്നെയാണ് ഉണ്ടാവേണ്ടത്.
നിങ്ങളുടെ വീടുകളിലേക്ക് എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഒരു അപകട മുന്നറിയിപ്പു ലഭിച്ചാൽ അഭയ കേന്ദ്രങ്ങളിലേക്കും ഒളിസങ്കേതങ്ങളിലേക്കും കോട്ടകളിലേക്കും മനുഷ്യർ അഭയം തേടുന്നതിന് സമാനമാണിത് എന്ന് ഉസൈമീൻ (റ) വിശദീകരിക്കുന്നു.
ഇക്കാലത്ത് ഗവൺമെന്റ് നമുക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പുറത്തിറങ്ങിയാൽ അപകടമാണ് എന്ന്. അതു സ്വീകരിക്കലാണ് ഒരു ഉറുമ്പിന്റെ “ബുദ്ധിയെങ്കിലും ” ഉണ്ടെങ്കിൽ നല്ലത് !
അദ്ദേഹതുടരുന്നു : “ليهلكنكم എന്നു പറയാതെليحطمنكم എന്ന് പറഞ്ഞത് മുന്നറിയിപ്പിലെ കാഠിന്യമാണ് അറിയിക്കുന്നത്. “
മുന്നറിയിപ്പ് എപ്പോഴും ശക്തമായ ഭാഷ തന്നെയാണ് വേണ്ടത്.
ഉപദേശത്തിന്റെ കൂടെ എപ്പോഴും ആ ഉപദേശം ധിക്കരിച്ചാലുണ്ടാവുന്ന ഭവിഷത്തും പറഞ്ഞു കൊടുക്കണം. അതാണ് ഈ കൊച്ചു ഉറുമ്പ് ചെയ്യുന്നത് ! എത്ര മാതൃകാപരം ! ഇക്കാലത്ത് പ്രത്യേകിച്ചും !
സുലൈമാൻ (അ) നെ ഉറുമ്പ് തിരിച്ചറിഞ്ഞല്ലോ. പ്രവാചകൻ (സ)യെ കല്ലുകളും മരങ്ങങ്ങും തിരിച്ചറിഞ്ഞു സലാം ചൊല്ലിയത് ഇതിനോട് ചേർത്ത് വെക്കുക.
“അവർ ഓർക്കാതെ ” എന്ന പ്രയോഗത്തെ കുറിച്ച് അദ്ദേഹം പറയുന്നു.
وَهُمْ لَا يَشْعُرُونَ﴾ هذا اعتذار لسليمان وجوده
“ഇത് സുലൈമാൻ നബി (അ) ക്കും അദ്ദേഹത്തിന്റെ സൈന്യത്തിനും ഒഴികഴിവ് നൽകലാണ് “
നമുക്ക് വലിയ പാഠങ്ങൾ ഇതിലുണ്ട്. ആളുകളുടെ പ്രവർത്തനങ്ങളിൽ കുറ്റങ്ങൾ കാണുന്നതിനു മുമ്പ് عذرകൾ കണ്ടെത്താൻ ശ്രമിക്കണം.
ഈ ഉറുമ്പ് അതിനു നല്ല മാതൃകയാണ്. പ്രബോധകർക്കിതിൽ വലിയ പാഠമുണ്ട്.
ഈ ആയത്തിന്റെ 9 ഗുണപാഠങ്ങൾ ഉസൈമീൻ (റ) വിശദീകരിച്ചിട്ടുണ്ട്.
അതിൽ എട്ടാമത്തേത് ഇങ്ങനെയാണ്.
فصاحة هذه النملة ونصحها وذكاؤها.لأن الكلام الذى قالته يتضمن هذا كله
പ്രസ്തുത ഉറുമ്പിന്റെ ഭാഷാ ഭംഗിയും ഗുണകാംക്ഷാ ബോധവും കൂർമ ബുദ്ധിയും അത് സംസാരിച്ച ആ വാക്യത്തിൽ ഉൾ കൊണ്ടിട്ടുണ്ട്.
ഈ മൂന്ന് ഗുണങ്ങളും മുന്നറിയിപ്പ്കാർക്ക് അഥവാ പ്രബോധകർക്ക്
അത്യാവശ്യമാണ്!
നല്ല ഭാഷ പ്രത്യേകം ശ്രദ്ധിക്കുക. അറബി ഭാഷ ഏറ്റവും നന്നായി സംസാരിച്ചത് നബി (സ) ആയിരുന്നല്ലോ?
ഈ കൊച്ചു ജീവിയിലെ വലിയ ഗുണ പാഠങ്ങളിൽ
ചിലതു മാത്രമാണിവിടെ സൂചിപിച്ചത്. അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച്
ചിന്തിക്കുന്നവർക്കായി ഇനിയും എമ്പാടും ഗുണപാഠങ്ങൾ ബാക്കിയുണ്ട്.
*ഒഴിവ് സമയങ്ങളിൽ ഇത്തിരി നേരം ഇത്തരം കാര്യങ്ങൾക്കുമാവട്ടെ!*
“(നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന് നിങ്ങള്‍ നോക്കുവിന്‍. വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്തുഫലം ചെയ്യാനാണ്?”
(യൂനുസ്: 101 )
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. പാഠം : എട്ട്
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.
പാഠം : എട്ട് തൗഹീദാണു തുണ التوحيد هو النجاة
നല്ല ആരോഗ്യമുള്ള ശരീരം, ഒരവയവത്തിനും ഒരു കേടുമില്ല,പക്ഷേ അതിൽ റൂഹ് ഇല്ലെങ്കിൽ അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ?
ഇല്ല. ഇതുപോലെയാണ് തൗഹീദില്ലാത്ത കർമ്മങ്ങളും.
ഇസ്ലാം എന്നതു തന്നെ തൗഹീദാണ്. ഇസ്ലാമിൽ പ്രാധാന്യം നൽകപ്പെട്ട ഏതൊരു കാര്യം പരിശോധിച്ചാലും അതിൽ തൗഹീദ് ഉണ്ടാവും. തൗഹീദുൾക്കൊണ്ട കാര്യമാണെങ്കിൽ അതിന് പ്രാധാന്യവും ഉണ്ടാവും. നിത്യജീവിതത്തിലെ പ്രാർത്ഥനകളും കർമ്മങ്ങളും പരിശോധിച്ചാൽ തന്നെ നമുക്കത് ബോധ്യപ്പെടും.
ക്വുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട അല്ലാഹുവിന്റെ നാമമേതാണ്. സംശയമില്ലالله എന്നതു തന്നെ.
എന്താണതിന്റെ താൽപര്യം?
ഇമാം സഅദി (റ) പറയുന്നു:
﴿اللَّهِ﴾ هو المألوه المعبود، المستحق لإفراده بالعبادة،
“ആരാധന കൊണ്ട് ഏകനാക്കാൻ ഏറ്റവും അവകാശപ്പെട യഥാർത്ഥ ആരാധ്യൻ.”
നോക്കൂ! തൗഹീദ് സ്ഫുരിക്കുന്ന അല്ലാഹുവിന്റെ നാമമാണ് ഖുർആനിൽ പ്രാധാന്യത്തോടെ വന്നത്.
രാവിലെ എഴുന്നേൽക്കുന്ന വിശ്വാസി ചൊല്ലുന്ന പ്രാർത്ഥനകളിൽ തൗഹീദ് കാണം.
(لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير، سبحان الله، والحمد لله، ولا إله إلا الله، والله أكبر، ولا حول ولا قوة إلا بالله العلي العظيم، رب اغفر لي)
ഇതാണ് ഒരു പ്രാർത്ഥന.
ഫജ്റിന് മുമ്പ് നമസ്കരിക്കുന്ന രണ്ട് റക്അത്തിൽ
سورة الكافرون،سورة الإخلاص എന്നിവയാണല്ലോ ഓതേണ്ടത്. രണ്ടും
തൗഹീദിന്റെ സൂറകൾ!
പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുന്ന ദിക്റുകൾ എടുത്തു നോക്കൂ, 90% വും തൗഹീദാണവയിൽ!
പ്രഭാതത്തിൽ ഓതേണ്ട معوذتان،إخلاص،كافرون എന്നീ സൂറകൾ തൗഹീദ് മാത്രമാണ്.
പ്രദോഷത്തിലെ ദിക്റുകളും അപ്പോൾ ഓതേണ്ട സൂറകളും ഇതുപോലെ തന്നെയാണ് .
മഗ്രിബിന് ശേഷമുള്ള രണ്ട് റക്അത്തിൽ സുബഹിയുടെ മുമ്പിലുള്ളതിലോതിയ അതേ സൂറകൾ തന്നെയാണ് ഓതേണ്ടത്.
രാവിലെയും വൈകുന്നേരവും തൗഹീദ് തന്നെയാണ് വിശ്വാസികൾ ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത് എന്നർഥം.
ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത് ഏതാണ്? ആയത്തുൽ കുർസ്സിയാണത് എന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഒരു ഹദീസ് കാണുക.
عَنْ أُبَيِّ بْنِ كَعْبٍ قَالَ : قَالَ رَسُولُ اللَّهِ : ” يَا أَبَا الْمُنْذِرِ، أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ؟ ” قَالَ : قُلْتُ : اللَّهُ وَرَسُولُهُ أَعْلَمُ. قَالَ : ” يَا أَبَا الْمُنْذِرِ، أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ؟ ” قَالَ : قُلْتُ : { اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ }. قَالَ : فَضَرَبَ فِي صَدْرِي، وَقَالَ : ” وَاللَّهِ، لِيَهْنِكَ الْعِلْمُ أَبَا الْمُنْذِرِ “.
ക്വുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത് ഏതാണ് എന്ന് അബൂ മുൻദിറിനോട് നബി (സ) ചോദിച്ചപ്പോൾ ആയത്തുൽ കുർസിയ്യ് എന്ന് മറുപടി പറഞ്ഞതിനെ അവിടുന്ന് ശരിവച്ചതാണ് ഈ ഹദീസിലുള്ളത്. (മുസ്ലിം : 810) എന്താണ് ആയത്തുൽ കുർസിയ്യിന്റെ ഉള്ളടക്കം? സംശയമില്ല. തൗഹീദു തന്നെ.
ക്വുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട അധ്യായം സൂറ: ഇഖ്ലാസ് ആണെന്ന് നമുക്കറിയാം. എന്താണതിന്റെ ഉള്ളടക്കം? തൗഹീദു തന്നെ.
സ്വർഗത്തിന്റെ താക്കോൽ എന്താണ് ? അത്لا إله إلا الله എന്നതു തന്നെ.
وَقِيلَ لِوَهْبِ بْنِ مُنَبِّهٍ : أَلَيْسَ لَا إِلَهَ إِلَّا اللَّهُ مِفْتَاحُ الْجَنَّةِ ؟ قَالَ : بَلَى،
“വഹബ് ബിൻ മുനബ്ബിഹി നോട് ചോദിക്കപ്പെട്ടുلا إله إلا الله എന്നതല്ലേ സ്വർഗത്തിന്റെ താക്കോൽ? അദ്ദേഹം പറഞ്ഞു: അതെ.” (ബുഖാരി- കിതാബുൽ ജനാഇസ് )
ഏറ്റവും ശ്രേഷ്ഠകരമായ ദിക്റ് ഏതാണ്?
നബി (സ) പറയുന്നു.
[عن جابر بن عبدالله:] أفضلُ الذكرِ: لا إلَه إلّا اللهُ، وأفضلُ الدعاءِ: الحمدُ للهِ
الألباني (١٤٢٠ هـ)، صحيح الجامع ١١٠٤
“ഏറ്റവും ശ്രേഷ്ഠമായ ദിക്റ് لا إله إلا الله എന്നതാണ്. ഏറ്റവും നല്ല പ്രാർത്ഥന الحمد لله എന്നതുമാകുന്നു.”
പ്രയാസ ഘട്ടത്തിൽ പ്രാർത്ഥിക്കേണ്ട دعاء ااكرب നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. അത് പൂർണ്ണമായും തൗഹീദ് തന്നെയാണല്ലോ.
ഇതിൽ നിന്നൊക്കെ എന്തു മനസ്സിലായി?
തൗഹീദാണു ജീവൻ; അതില്ലെങ്കിൽ കഥ കഴിഞ്ഞു. അതുണ്ടായാൽ പ്രതീക്ഷയുണ്ട്.
ഈ കൊറോണ കാലത്ത് ഇത് എന്തിന് പറയണം എന്നു ചിലർ ചിന്തിച്ചേക്കും. ഏതു കാലത്തും പറയാവുന്ന ഒന്നാണ് തൗഹീദ്. തൗഹീദിലൂടെ മാത്രമേ ഏതൊരു പ്രയാസത്തിൽ നിന്നും നമുക്ക് മുക്തി നേടാനും കഴിയൂ. അതുകൊണ്ടാണല്ലോ, മരിക്കാൻ കിടക്കുന്നവനോടു പോലും – അതിനേക്കാൾ വലിയൊരു പ്രയാസം വേറെ ഇല്ലല്ലോ-لا إله إلا الله എന്നു പറയണമെന്ന് മതം പഠിപ്പിച്ചത്. മരണം ഏതു സമയത്തും സംഭവിക്കാം.
ആളുകൾക്ക് പുറത്തിറങ്ങാൻ പ്രയാസമുള്ള ഘട്ടത്തിലും മരണ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
വല്ലാത്ത അവസ്ഥ തന്നെ.
ഇവിടെയൊക്കെ തൗഹീദ് മാത്രമാണ് നമുക്ക് തുണ.
ആരാധനകളുടെ മുഴുവൻ വശങ്ങളും അല്ലാഹുവിന് മാത്രം സമർപ്പിക്കലാണ്. അഥവാ
പടച്ചവനിലേക്ക് സമർപ്പിക്കേണ്ട ഒന്നും പടപ്പുകളിലേക്ക് പോയി ക്കൂടാ എന്നർഥം. പക്ഷേ, ഈ കൊറോണ കാലത്തും ചിലർ ഓൺലൈനിലൂടെ തൗഹീദ് തകർക്കാൻ ശ്രമിക്കുന്നു.نعوذ بالله
ഈയൊരു സന്ദർഭത്തിൽ ഇതു പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. തൗഹീദിനെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ വായിക്കാനുണ്ട ഒരവസരം കൂടിയാണിത്.
തൗഹീദിന്റെ മൗലികത,
ലാ ഇലാഹ ഇല്ലല്ലാഹ്
തൗഹീദു റുബൂബിയ്യ
എന്നീ വിസ്ഡം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഈ വിഷയത്തിൽ നല്ല വഴികാട്ടികളാണ്.
തൗഹീദ് തകരുമ്പോൾ സംഭവിക്കുന്നത് ശിർക്കാണ്. ആർക്കും അതു സംഭവിക്കാം.نعوذبالله
ശിർക്ക് സംഭവിക്കാതിരിക്കാൻ
നാം പതിവായി പ്രാർത്ഥിക്കേണ്ട പ്രാർത്ഥന പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. അതിപ്രകാരമാണ്.
اللهم إني أعوذُ بك أن أشرِكَ بك وأنا أعلمُ، وأستغفِرُك لما لا أَعلمُ
الألباني ، صحيح الأدب المفرد ٥٥١ • صحيح
“അറിഞ്ഞു കൊണ്ട് ഞാൻ ശിർക്കു ചെയുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. എനിക്കറിയാത്തതിനെ കുറിച്ച് ഞാൻ നിന്നോട് പാപ മോചനം തേടുന്നു.”
ഇത് പഠിക്കുക. പകർത്തുക.തൗഹീദുൾക്കൊണ്ട് വിട പറയാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
ആമീൻ.
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം പാഠം : ഏഴ്
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : ഏഴ് ശഅബാനിൽ ശ്രദ്ധിക്കേണ്ടത് أحكام شهر شعبان
വിശുദ്ധ റമളാനിലേക്ക് ഇനി അധികം ദൂരമില്ല.
എണ്ണപ്പെട്ട ദിനങ്ങൾ കൂടിയേ ഇനി നമ്മുടെ മുന്നിലുള്ളൂ. റമളാനിന്റെ തൊട്ടു മുന്നിലുള്ള ശഅബാനിലാണ് ഇപ്പോൾ നാം ഉള്ളത്.
ശഅബാനിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
നബി (സ) ഏറ്റവുമധികം ഐഛിക വ്രതങ്ങൾ അനുഷ്ഠിച്ചിരുന്ന ഒരു മാസമാണിത്.
ഒരു ഹദീസ് കാണുക.
، أَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا حَدَّثَتْهُ قَالَتْ : لَمْ يَكُنِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ شَهْرًا أَكْثَرَ مِنْ شَعْبَانَ ؛
“ആഇശ (റ) പറയുന്നു: നബി(സ) ശഅബാനിനേക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും വ്രതമെടുത്തിരുന്നില്ല ” .
(ബുഖാരി : 1970 )
ഐഛിക വ്രതമാണിവിടെ ഉദ്ദേശ്യമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലേ .
എന്തായിരിക്കും അതിന്റെ കാരണം ?
അത് അവിടുന്ന് തന്നെ വിശദീകരിച്ചിട്ടുണ്ട്.
രണ്ട് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത് :
ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الْأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ “.حكم الحديث: حسن
“റജബിന്റേയും റമളാനിന്റേയും ഇടയിൽ ജനങ്ങൾ അതിനെ കുറിച്ച് അശ്രദ്ധരാവുന്നു.
ലോകരക്ഷിതാവിലേക്ക് പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. “
(നസാഇ : 2357)
ജനങ്ങൾ ഒരു നന്മയെ കുറിച്ച് അശ്രദ്ധയിലായിരിക്കെ ആ കാര്യം ചെയ്യുക എന്നത് നല്ല കാര്യമാണ്.
ഇന്ന് ശഅബാനിന്റെ യഥാർത്ഥ മഹത്വം ഉൾക്കൊള്ളാതെ, അതു ശ്രദ്ധിക്കാതെ ബിദ്അത്തുകളും അത്യാചാരങ്ങളും അനുഷ്ഠിക്കുന്നതിലാണല്ലോ ഭൂരിപക്ഷത്തിന്റേയും ശ്രദ്ധ!
മറ്റൊന്ന് മനുഷ്യരുടെ പ്രവർത്തനങ്ങൾ വർഷത്തിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് ശഅബാനിലാണ്.
അത് എന്നാണെന്ന് നമുക്കറിയില്ല. പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന ദിനങ്ങളിൽ നോമ്പുകാരനാവുക എന്നതു നല്ല കാര്യമാണല്ലോ.
ഈ ഹദീസിനെ വിശദീകരിച്ച് പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.
أن أعمال العباد تعرض على الله تعالى كل يوم ثم تعرض عليه أعمال الجمعة في كل اثنين وخميس ثم تعرض عليه أعمال السنة في شعبان فتعرض عرضا بعد عرض ولكل عرض حكمة….
(حاشية السندي على النسائي )
“അടിമകളുടെ അമലുകൾ എല്ലാ ദിനത്തിലും അല്ലാഹുവിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ആഴ്ചയിലേത് തിങ്കളും വ്യാഴവുമാണ്. വർഷത്തിലേത് ശഅബാനിലും! ഓരോന്നിനു ശേഷം ഓരോന്ന്. ഓരോന്നിനും ചില യുക്തികളുമുണ്ട്…. .”
അതുകൊണ്ട് കഴിയുന്നവർ ശഅബാനിൽ സുന്നത്ത് നോമ്പുകൾ വർധിപ്പിക്കുക. തിങ്കൾ വ്യാഴം, 13, 14, 15, ദിവസങ്ങൾ പ്രത്യേകിച്ചും.
കഴിഞ്ഞ റമദാനിൽ നഷ്ടപെട്ട നോമ്പുകൾ നോറ്റ് വീട്ടാൻ ബാക്കിയുള്ളവർ അക്കാര്യവും ഈ മാസത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നബിപത്നിമാർ അക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരു ഹദീസ് കാണുക.
عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ : كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ.
iആഇശ (റ) പറയുന്നു: റമളാനിലെ നോമ്പ് എനിക്ക് നോറ്റുവീട്ടാൻ ബാക്കിയുള്ളത് ശഅബാനിലാണ് നോറ്റ് വീട്ടാൻ എനിക്ക് കഴിഞ്ഞിരുന്നത് “
(ബുഖാരി : 1950)
രോഗകാരണത്താലോ മറ്റോ നോമ്പനുഷ്ഠിക്കാൻ കഴിയാതിരുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം.
നോമ്പെടുത്ത് വീട്ടാൻ കഴിയാത്തവർ ഫിദ് യ നൽകണം. ഒരു മിസ്കീനിന് ഒരു നേരത്തെ ഭക്ഷണമാണ് ഫിദ് യ നൽകേണ്ടത്.
(വിശദ വിവരങ്ങൾക്ക് അല്ലാമാ സഈദ് കഹ്ത്വാനിയുടെ الصيام فى الإسلام في ضوء الكتاب والسنة എന്ന ഗ്രന്ഥം കാണുക )
സുന്നത്തുകൾ വർധിപ്പിക്കേണ്ട ഈ ദിനങ്ങളിൽ ബിദ്അത്തുകൾ പ്രചരിപ്പിക്കുന്നവരായി നാം മാറരുത്.
ചില .പ്രത്യേക ദിവസത്തിൽ മാത്രം പ്രത്യേക നോമ്പും നമസ്കാരവും മറ്റുമായി കഴിയുന്നവരുണ്ട്. അതൊഴിവാക്കുക.
ഈ പരീക്ഷണ നാളുകളിൽ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുക. അതിന് സുന്നത്തുകളാണ് വഴി. ബിദ്അത്തുകൾ റബ്ബിൽ നിന്നും ദീനിൽ നിന്നും നമ്മെ അകറ്റാനേ കാരണമാവുകയുള്ളു.