ഉറുമ്പുകളിൽ നിന്ന് ചിലത് പഠിക്കാനുണ്ട് العبر من النمل
മനുഷ്യരുടെ നഗ്നനേത്രങ്ങൾക്ക് ദർശിക്കാൻ കഴിയാത്ത ഒരു സൂക്ഷ്മ ജീവി ലോകത്തിലെ മനുഷ്യരുടെ ജീവിതത്തെ തന്നെ അങ്കലാപ്പിലാക്കിയ അവസ്ഥയാണിപ്പോഴുള്ളത്. മനുഷ്യർക്ക് കാണാൻ കഴിയുന്ന നിരവധി ചെറിയ ജീവികളും ലോകത്തുണ്ട്. ഇവയുടെയെല്ലാം സൃഷ്ടിപ്പും പ്രവർത്തനങ്ങളും മഹാൽഭുതങ്ങൾ തന്നെയാണ്.
ഒരു ചെറിയ ജീവിയായ ഉറുമ്പിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ ഇന്ന് മനസ്സിലാക്കാം
ക്വുർആനിലെ 27ാം അധ്യായത്തിന്റെ നാമം നംല് (ഉറുമ്പ് ) എന്നാണ്. ഒരു മഹത്തായ ഗ്രന്ഥത്തിലെ ഒരധ്യായത്തിന്റെ പേര് ഇത്ര നിസ്സാരമായ ജീവിയുടേതോ എന്ന് ചിന്തിക്കാൻ വരട്ടെ, ഉറുമ്പിൽ നിന്ന് എമ്പാടും നമുക്ക് ഗ്രഹിക്കാനുണ്ട്. 93 ആയത്തുകളുള്ള പ്രസ്തുത അധ്യായത്തിൽ ഒരു ആയത്തിൽ മാത്രമാണ് ഉറുമ്പുകളെ കുറിച്ച് പരാമർശമുള്ളത്. ക്വുർആനിൽ തന്നെയും ഈയൊരായത്തിൽ മാത്രമാണ് ഉറുമ്പിനെ കുറിച്ചുള്ളത്. എന്നിട്ടും ഒരധ്യായത്തിന്റെ പേര് ഈ ജീവിക്കു കിട്ടി!
പ്രസ്തുത ആയത്ത് നമുക്കൊന്ന് പരിശോധിക്കാം.
(حَتَّىٰۤ إِذَاۤ أَتَوۡا۟ عَلَىٰ وَادِ ٱلنَّمۡلِ قَالَتۡ نَمۡلَةࣱ یَـٰۤأَیُّهَا ٱلنَّمۡلُ ٱدۡخُلُوا۟ مَسَـٰكِنَكُمۡ لَا یَحۡطِمَنَّكُمۡ سُلَیۡمَـٰنُ وَجُنُودُهُۥ وَهُمۡ لَا یَشۡعُرُونَ)
“അങ്ങനെ അവര് ഉറുമ്പിന് താഴ്‌വരയിലൂടെ ചെന്നപ്പോള് ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള് നിങ്ങളുടെ പാര്പ്പിടങ്ങളില് പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവര് ഓര്ക്കാത്ത വിധത്തില് നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ.”
സുലൈമാൻ (അ) തന്റെ സൈന്യവുമായി സഞ്ചരിക്കുമ്പോഴുണ്ടായ സംഭവമാണ് ആയത്തിന്റെ സന്ദർഭം.
ഒരു പാട് ഗുണപാഠങ്ങൾ ഈ ഒരു സംഭവത്തിലുണ്ട്.
അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ (റ) പറയുന്നു:
هذا النمل من جملة المخلوقات التي تعرف ربها وتعرف ما ينفعها وما يضرّها، على حسب ما رُكِّب فيها من هداية
“ഈ ഉറുമ്പ് തന്റെ സ്രഷ്ടാവിന്റെ അറിഞ്ഞിട്ടുണ്ട്. അതിന് ബോധനം നൽകപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെയാണതിന് ഉപകാരമുള്ളത് , എന്തൊക്കെയാണ് ഉപദ്രവമുള്ളത് എന്നത് ഗ്രഹിച്ചിട്ടുണ്ട് “
ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയിലും ഇതു കാണാം. അവക്കാവശ്യമുളളതും അല്ലാത്തതും അവക്കു തിരിച്ചറിയാം ! അവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന കാര്യങ്ങളും അവക്കറിയാം.! ഇതവ സ്വയം പഠിച്ചതല്ല. സ്രഷ്ടാവ് പഠിപ്പിച്ചതാണ്.
ഉറുമ്പിനേയും പരിഗണിച്ച പടച്ചവൻ എത്ര പരിശുദ്ധൻ ! ഈ ബോധം നമുക് ഏറ്റവും കൂടുതലുണ്ടാവേണ്ട സമയമാണിത്.
ഉസൈമീൻ (റ) തുടരുന്നു.
يَا أَيُّهَا النَّمْلُ﴾ نداء بعيد، مصدَّر بتنبيه ﴿يَا أَيُّهَا النَّمْلُ﴾؛ لأنه لو قالت: يا نملُ فقد يخفى
യാ അയ്യുഹന്നമ് ലു – എന്നത് ഒരു ദൂരേക്ക് മുന്നറിയിപ്പിനുള്ള വിളിയാണ്. യാ നമ് ലു എന്ന് മാത്രം വിളിച്ചാൽ ചിലപ്പോൾ കേൾക്കാതിരുന്നാലോ.”
നോക്കൂ!
തന്റെ വിളി എല്ലാവരും കേൾക്കട്ടെ എന്നു വിചാരിച്ച് അയ്യുഹാ എന്നു കൂടി ക്കൂട്ടി ഉറക്കെ വിളിക്കുകയാണ്. അപകടം മണത്ത പ്രസ്തുത ഉറുമ്പ് താൻ മാത്രം രക്ഷപ്പെടട്ടെ എന്നു ചിന്തിക്കുന്നില്ല. മറ്റുള്ളവരും രക്ഷപ്പെടണം എന്ന ചിന്തയാണതിന്. ഈ കൊറോണ കാലത്ത് ഈ ചിന്ത ഏറെ ആവശ്യമാണ്. തന്നെ കൊണ്ട് സമൂഹത്തിന് ഒരു പദ്രവവും ഉണ്ടാവരുത് എന്നതു മാത്രമല്ല സമൂഹം അപകടത്തിലാണെന്നറിഞ്ഞാൽ അക്കാര്യം ഏതു വിധേനയും സമൂഹത്തെ അറിയിക്കേണ്ട ബാധ്യതയും നമുക്കുണ്ട്. ആ പ്രവർത്തനത്തിൽ തന്നാൽ കഴിയുന്നത് ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. ഞാനൊരു ഉറുമ്പ് വിളിച്ചു പറഞ്ഞാൽ ഈ താഴ് വരയിലുള്ള മുഴുവനുറുമ്പുകളും അതു കേൾക്കുമോ എന്നൊന്നും അത് ചിന്തിച്ചില്ലല്ലോ. സമൂഹത്തിലെ എതു നിസ്സാരനും ചിലപ്പോൾ അതുല്യ കാര്യങ്ങൾ കഴിഞ്ഞേക്കും.
ഒരു പ്രബോധകന്റെ മനസ്സും ഇങ്ങനെ തന്നെയാണ് ഉണ്ടാവേണ്ടത്.
നിങ്ങളുടെ വീടുകളിലേക്ക് എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഒരു അപകട മുന്നറിയിപ്പു ലഭിച്ചാൽ അഭയ കേന്ദ്രങ്ങളിലേക്കും ഒളിസങ്കേതങ്ങളിലേക്കും കോട്ടകളിലേക്കും മനുഷ്യർ അഭയം തേടുന്നതിന് സമാനമാണിത് എന്ന് ഉസൈമീൻ (റ) വിശദീകരിക്കുന്നു.
ഇക്കാലത്ത് ഗവൺമെന്റ് നമുക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പുറത്തിറങ്ങിയാൽ അപകടമാണ് എന്ന്. അതു സ്വീകരിക്കലാണ് ഒരു ഉറുമ്പിന്റെ “ബുദ്ധിയെങ്കിലും ” ഉണ്ടെങ്കിൽ നല്ലത് !
അദ്ദേഹതുടരുന്നു : “ليهلكنكم എന്നു പറയാതെليحطمنكم എന്ന് പറഞ്ഞത് മുന്നറിയിപ്പിലെ കാഠിന്യമാണ് അറിയിക്കുന്നത്. “
മുന്നറിയിപ്പ് എപ്പോഴും ശക്തമായ ഭാഷ തന്നെയാണ് വേണ്ടത്.
ഉപദേശത്തിന്റെ കൂടെ എപ്പോഴും ആ ഉപദേശം ധിക്കരിച്ചാലുണ്ടാവുന്ന ഭവിഷത്തും പറഞ്ഞു കൊടുക്കണം. അതാണ് ഈ കൊച്ചു ഉറുമ്പ് ചെയ്യുന്നത് ! എത്ര മാതൃകാപരം ! ഇക്കാലത്ത് പ്രത്യേകിച്ചും !
സുലൈമാൻ (അ) നെ ഉറുമ്പ് തിരിച്ചറിഞ്ഞല്ലോ. പ്രവാചകൻ (സ)യെ കല്ലുകളും മരങ്ങങ്ങും തിരിച്ചറിഞ്ഞു സലാം ചൊല്ലിയത് ഇതിനോട് ചേർത്ത് വെക്കുക.
“അവർ ഓർക്കാതെ ” എന്ന പ്രയോഗത്തെ കുറിച്ച് അദ്ദേഹം പറയുന്നു.
وَهُمْ لَا يَشْعُرُونَ﴾ هذا اعتذار لسليمان وجوده
“ഇത് സുലൈമാൻ നബി (അ) ക്കും അദ്ദേഹത്തിന്റെ സൈന്യത്തിനും ഒഴികഴിവ് നൽകലാണ് “
നമുക്ക് വലിയ പാഠങ്ങൾ ഇതിലുണ്ട്. ആളുകളുടെ പ്രവർത്തനങ്ങളിൽ കുറ്റങ്ങൾ കാണുന്നതിനു മുമ്പ് عذرകൾ കണ്ടെത്താൻ ശ്രമിക്കണം.
ഈ ഉറുമ്പ് അതിനു നല്ല മാതൃകയാണ്. പ്രബോധകർക്കിതിൽ വലിയ പാഠമുണ്ട്.
ഈ ആയത്തിന്റെ 9 ഗുണപാഠങ്ങൾ ഉസൈമീൻ (റ) വിശദീകരിച്ചിട്ടുണ്ട്.
അതിൽ എട്ടാമത്തേത് ഇങ്ങനെയാണ്.
فصاحة هذه النملة ونصحها وذكاؤها.لأن الكلام الذى قالته يتضمن هذا كله
പ്രസ്തുത ഉറുമ്പിന്റെ ഭാഷാ ഭംഗിയും ഗുണകാംക്ഷാ ബോധവും കൂർമ ബുദ്ധിയും അത് സംസാരിച്ച ആ വാക്യത്തിൽ ഉൾ കൊണ്ടിട്ടുണ്ട്.
ഈ മൂന്ന് ഗുണങ്ങളും മുന്നറിയിപ്പ്കാർക്ക് അഥവാ പ്രബോധകർക്ക്
അത്യാവശ്യമാണ്!
നല്ല ഭാഷ പ്രത്യേകം ശ്രദ്ധിക്കുക. അറബി ഭാഷ ഏറ്റവും നന്നായി സംസാരിച്ചത് നബി (സ) ആയിരുന്നല്ലോ?
ഈ കൊച്ചു ജീവിയിലെ വലിയ ഗുണ പാഠങ്ങളിൽ
ചിലതു മാത്രമാണിവിടെ സൂചിപിച്ചത്. അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച്
ചിന്തിക്കുന്നവർക്കായി ഇനിയും എമ്പാടും ഗുണപാഠങ്ങൾ ബാക്കിയുണ്ട്.
*ഒഴിവ് സമയങ്ങളിൽ ഇത്തിരി നേരം ഇത്തരം കാര്യങ്ങൾക്കുമാവട്ടെ!*
“(നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന് നിങ്ങള്‍ നോക്കുവിന്‍. വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്തുഫലം ചെയ്യാനാണ്?”
(യൂനുസ്: 101 )