വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.
പാഠം : എട്ട് തൗഹീദാണു തുണ التوحيد هو النجاة
നല്ല ആരോഗ്യമുള്ള ശരീരം, ഒരവയവത്തിനും ഒരു കേടുമില്ല,പക്ഷേ അതിൽ റൂഹ് ഇല്ലെങ്കിൽ അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ?
ഇല്ല. ഇതുപോലെയാണ് തൗഹീദില്ലാത്ത കർമ്മങ്ങളും.
ഇസ്ലാം എന്നതു തന്നെ തൗഹീദാണ്. ഇസ്ലാമിൽ പ്രാധാന്യം നൽകപ്പെട്ട ഏതൊരു കാര്യം പരിശോധിച്ചാലും അതിൽ തൗഹീദ് ഉണ്ടാവും. തൗഹീദുൾക്കൊണ്ട കാര്യമാണെങ്കിൽ അതിന് പ്രാധാന്യവും ഉണ്ടാവും. നിത്യജീവിതത്തിലെ പ്രാർത്ഥനകളും കർമ്മങ്ങളും പരിശോധിച്ചാൽ തന്നെ നമുക്കത് ബോധ്യപ്പെടും.
ക്വുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട അല്ലാഹുവിന്റെ നാമമേതാണ്. സംശയമില്ലالله എന്നതു തന്നെ.
എന്താണതിന്റെ താൽപര്യം?
ഇമാം സഅദി (റ) പറയുന്നു:
﴿اللَّهِ﴾ هو المألوه المعبود، المستحق لإفراده بالعبادة،
“ആരാധന കൊണ്ട് ഏകനാക്കാൻ ഏറ്റവും അവകാശപ്പെട യഥാർത്ഥ ആരാധ്യൻ.”
നോക്കൂ! തൗഹീദ് സ്ഫുരിക്കുന്ന അല്ലാഹുവിന്റെ നാമമാണ് ഖുർആനിൽ പ്രാധാന്യത്തോടെ വന്നത്.
രാവിലെ എഴുന്നേൽക്കുന്ന വിശ്വാസി ചൊല്ലുന്ന പ്രാർത്ഥനകളിൽ തൗഹീദ് കാണം.
(لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير، سبحان الله، والحمد لله، ولا إله إلا الله، والله أكبر، ولا حول ولا قوة إلا بالله العلي العظيم، رب اغفر لي)
ഇതാണ് ഒരു പ്രാർത്ഥന.
ഫജ്റിന് മുമ്പ് നമസ്കരിക്കുന്ന രണ്ട് റക്അത്തിൽ
سورة الكافرون،سورة الإخلاص എന്നിവയാണല്ലോ ഓതേണ്ടത്. രണ്ടും
തൗഹീദിന്റെ സൂറകൾ!
പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുന്ന ദിക്റുകൾ എടുത്തു നോക്കൂ, 90% വും തൗഹീദാണവയിൽ!
പ്രഭാതത്തിൽ ഓതേണ്ട معوذتان،إخلاص،كافرون എന്നീ സൂറകൾ തൗഹീദ് മാത്രമാണ്.
പ്രദോഷത്തിലെ ദിക്റുകളും അപ്പോൾ ഓതേണ്ട സൂറകളും ഇതുപോലെ തന്നെയാണ് .
മഗ്രിബിന് ശേഷമുള്ള രണ്ട് റക്അത്തിൽ സുബഹിയുടെ മുമ്പിലുള്ളതിലോതിയ അതേ സൂറകൾ തന്നെയാണ് ഓതേണ്ടത്.
രാവിലെയും വൈകുന്നേരവും തൗഹീദ് തന്നെയാണ് വിശ്വാസികൾ ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത് എന്നർഥം.
ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത് ഏതാണ്? ആയത്തുൽ കുർസ്സിയാണത് എന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഒരു ഹദീസ് കാണുക.
عَنْ أُبَيِّ بْنِ كَعْبٍ قَالَ : قَالَ رَسُولُ اللَّهِ : ” يَا أَبَا الْمُنْذِرِ، أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ؟ ” قَالَ : قُلْتُ : اللَّهُ وَرَسُولُهُ أَعْلَمُ. قَالَ : ” يَا أَبَا الْمُنْذِرِ، أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ؟ ” قَالَ : قُلْتُ : { اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ }. قَالَ : فَضَرَبَ فِي صَدْرِي، وَقَالَ : ” وَاللَّهِ، لِيَهْنِكَ الْعِلْمُ أَبَا الْمُنْذِرِ “.
ക്വുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത് ഏതാണ് എന്ന് അബൂ മുൻദിറിനോട് നബി (സ) ചോദിച്ചപ്പോൾ ആയത്തുൽ കുർസിയ്യ് എന്ന് മറുപടി പറഞ്ഞതിനെ അവിടുന്ന് ശരിവച്ചതാണ് ഈ ഹദീസിലുള്ളത്. (മുസ്ലിം : 810) എന്താണ് ആയത്തുൽ കുർസിയ്യിന്റെ ഉള്ളടക്കം? സംശയമില്ല. തൗഹീദു തന്നെ.
ക്വുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട അധ്യായം സൂറ: ഇഖ്ലാസ് ആണെന്ന് നമുക്കറിയാം. എന്താണതിന്റെ ഉള്ളടക്കം? തൗഹീദു തന്നെ.
സ്വർഗത്തിന്റെ താക്കോൽ എന്താണ് ? അത്لا إله إلا الله എന്നതു തന്നെ.
وَقِيلَ لِوَهْبِ بْنِ مُنَبِّهٍ : أَلَيْسَ لَا إِلَهَ إِلَّا اللَّهُ مِفْتَاحُ الْجَنَّةِ ؟ قَالَ : بَلَى،
“വഹബ് ബിൻ മുനബ്ബിഹി നോട് ചോദിക്കപ്പെട്ടുلا إله إلا الله എന്നതല്ലേ സ്വർഗത്തിന്റെ താക്കോൽ? അദ്ദേഹം പറഞ്ഞു: അതെ.” (ബുഖാരി- കിതാബുൽ ജനാഇസ് )
ഏറ്റവും ശ്രേഷ്ഠകരമായ ദിക്റ് ഏതാണ്?
നബി (സ) പറയുന്നു.
[عن جابر بن عبدالله:] أفضلُ الذكرِ: لا إلَه إلّا اللهُ، وأفضلُ الدعاءِ: الحمدُ للهِ
الألباني (١٤٢٠ هـ)، صحيح الجامع ١١٠٤
“ഏറ്റവും ശ്രേഷ്ഠമായ ദിക്റ് لا إله إلا الله എന്നതാണ്. ഏറ്റവും നല്ല പ്രാർത്ഥന الحمد لله എന്നതുമാകുന്നു.”
പ്രയാസ ഘട്ടത്തിൽ പ്രാർത്ഥിക്കേണ്ട دعاء ااكرب നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. അത് പൂർണ്ണമായും തൗഹീദ് തന്നെയാണല്ലോ.
ഇതിൽ നിന്നൊക്കെ എന്തു മനസ്സിലായി?
തൗഹീദാണു ജീവൻ; അതില്ലെങ്കിൽ കഥ കഴിഞ്ഞു. അതുണ്ടായാൽ പ്രതീക്ഷയുണ്ട്.
ഈ കൊറോണ കാലത്ത് ഇത് എന്തിന് പറയണം എന്നു ചിലർ ചിന്തിച്ചേക്കും. ഏതു കാലത്തും പറയാവുന്ന ഒന്നാണ് തൗഹീദ്. തൗഹീദിലൂടെ മാത്രമേ ഏതൊരു പ്രയാസത്തിൽ നിന്നും നമുക്ക് മുക്തി നേടാനും കഴിയൂ. അതുകൊണ്ടാണല്ലോ, മരിക്കാൻ കിടക്കുന്നവനോടു പോലും – അതിനേക്കാൾ വലിയൊരു പ്രയാസം വേറെ ഇല്ലല്ലോ-لا إله إلا الله എന്നു പറയണമെന്ന് മതം പഠിപ്പിച്ചത്. മരണം ഏതു സമയത്തും സംഭവിക്കാം.
ആളുകൾക്ക് പുറത്തിറങ്ങാൻ പ്രയാസമുള്ള ഘട്ടത്തിലും മരണ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
വല്ലാത്ത അവസ്ഥ തന്നെ.
ഇവിടെയൊക്കെ തൗഹീദ് മാത്രമാണ് നമുക്ക് തുണ.
ആരാധനകളുടെ മുഴുവൻ വശങ്ങളും അല്ലാഹുവിന് മാത്രം സമർപ്പിക്കലാണ്. അഥവാ
പടച്ചവനിലേക്ക് സമർപ്പിക്കേണ്ട ഒന്നും പടപ്പുകളിലേക്ക് പോയി ക്കൂടാ എന്നർഥം. പക്ഷേ, ഈ കൊറോണ കാലത്തും ചിലർ ഓൺലൈനിലൂടെ തൗഹീദ് തകർക്കാൻ ശ്രമിക്കുന്നു.نعوذ بالله
ഈയൊരു സന്ദർഭത്തിൽ ഇതു പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. തൗഹീദിനെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ വായിക്കാനുണ്ട ഒരവസരം കൂടിയാണിത്.
തൗഹീദിന്റെ മൗലികത,
ലാ ഇലാഹ ഇല്ലല്ലാഹ്
തൗഹീദു റുബൂബിയ്യ
എന്നീ വിസ്ഡം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഈ വിഷയത്തിൽ നല്ല വഴികാട്ടികളാണ്.
തൗഹീദ് തകരുമ്പോൾ സംഭവിക്കുന്നത് ശിർക്കാണ്. ആർക്കും അതു സംഭവിക്കാം.نعوذبالله
ശിർക്ക് സംഭവിക്കാതിരിക്കാൻ
നാം പതിവായി പ്രാർത്ഥിക്കേണ്ട പ്രാർത്ഥന പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. അതിപ്രകാരമാണ്.
اللهم إني أعوذُ بك أن أشرِكَ بك وأنا أعلمُ، وأستغفِرُك لما لا أَعلمُ
الألباني ، صحيح الأدب المفرد ٥٥١ • صحيح
“അറിഞ്ഞു കൊണ്ട് ഞാൻ ശിർക്കു ചെയുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. എനിക്കറിയാത്തതിനെ കുറിച്ച് ഞാൻ നിന്നോട് പാപ മോചനം തേടുന്നു.”
ഇത് പഠിക്കുക. പകർത്തുക.തൗഹീദുൾക്കൊണ്ട് വിട പറയാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
ആമീൻ.