വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : ഏഴ് ശഅബാനിൽ ശ്രദ്ധിക്കേണ്ടത് أحكام شهر شعبان
വിശുദ്ധ റമളാനിലേക്ക് ഇനി അധികം ദൂരമില്ല.
എണ്ണപ്പെട്ട ദിനങ്ങൾ കൂടിയേ ഇനി നമ്മുടെ മുന്നിലുള്ളൂ. റമളാനിന്റെ തൊട്ടു മുന്നിലുള്ള ശഅബാനിലാണ് ഇപ്പോൾ നാം ഉള്ളത്.
ശഅബാനിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
നബി (സ) ഏറ്റവുമധികം ഐഛിക വ്രതങ്ങൾ അനുഷ്ഠിച്ചിരുന്ന ഒരു മാസമാണിത്.
ഒരു ഹദീസ് കാണുക.
، أَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا حَدَّثَتْهُ قَالَتْ : لَمْ يَكُنِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ شَهْرًا أَكْثَرَ مِنْ شَعْبَانَ ؛
“ആഇശ (റ) പറയുന്നു: നബി(സ) ശഅബാനിനേക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും വ്രതമെടുത്തിരുന്നില്ല ” .
(ബുഖാരി : 1970 )
ഐഛിക വ്രതമാണിവിടെ ഉദ്ദേശ്യമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലേ .
എന്തായിരിക്കും അതിന്റെ കാരണം ?
അത് അവിടുന്ന് തന്നെ വിശദീകരിച്ചിട്ടുണ്ട്.
രണ്ട് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത് :
ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الْأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ “.حكم الحديث: حسن
“റജബിന്റേയും റമളാനിന്റേയും ഇടയിൽ ജനങ്ങൾ അതിനെ കുറിച്ച് അശ്രദ്ധരാവുന്നു.
ലോകരക്ഷിതാവിലേക്ക് പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. “
(നസാഇ : 2357)
ജനങ്ങൾ ഒരു നന്മയെ കുറിച്ച് അശ്രദ്ധയിലായിരിക്കെ ആ കാര്യം ചെയ്യുക എന്നത് നല്ല കാര്യമാണ്.
ഇന്ന് ശഅബാനിന്റെ യഥാർത്ഥ മഹത്വം ഉൾക്കൊള്ളാതെ, അതു ശ്രദ്ധിക്കാതെ ബിദ്അത്തുകളും അത്യാചാരങ്ങളും അനുഷ്ഠിക്കുന്നതിലാണല്ലോ ഭൂരിപക്ഷത്തിന്റേയും ശ്രദ്ധ!
മറ്റൊന്ന് മനുഷ്യരുടെ പ്രവർത്തനങ്ങൾ വർഷത്തിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് ശഅബാനിലാണ്.
അത് എന്നാണെന്ന് നമുക്കറിയില്ല. പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന ദിനങ്ങളിൽ നോമ്പുകാരനാവുക എന്നതു നല്ല കാര്യമാണല്ലോ.
ഈ ഹദീസിനെ വിശദീകരിച്ച് പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.
أن أعمال العباد تعرض على الله تعالى كل يوم ثم تعرض عليه أعمال الجمعة في كل اثنين وخميس ثم تعرض عليه أعمال السنة في شعبان فتعرض عرضا بعد عرض ولكل عرض حكمة….
(حاشية السندي على النسائي )
“അടിമകളുടെ അമലുകൾ എല്ലാ ദിനത്തിലും അല്ലാഹുവിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ആഴ്ചയിലേത് തിങ്കളും വ്യാഴവുമാണ്. വർഷത്തിലേത് ശഅബാനിലും! ഓരോന്നിനു ശേഷം ഓരോന്ന്. ഓരോന്നിനും ചില യുക്തികളുമുണ്ട്…. .”
അതുകൊണ്ട് കഴിയുന്നവർ ശഅബാനിൽ സുന്നത്ത് നോമ്പുകൾ വർധിപ്പിക്കുക. തിങ്കൾ വ്യാഴം, 13, 14, 15, ദിവസങ്ങൾ പ്രത്യേകിച്ചും.
കഴിഞ്ഞ റമദാനിൽ നഷ്ടപെട്ട നോമ്പുകൾ നോറ്റ് വീട്ടാൻ ബാക്കിയുള്ളവർ അക്കാര്യവും ഈ മാസത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നബിപത്നിമാർ അക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരു ഹദീസ് കാണുക.
عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ : كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ.
iആഇശ (റ) പറയുന്നു: റമളാനിലെ നോമ്പ് എനിക്ക് നോറ്റുവീട്ടാൻ ബാക്കിയുള്ളത് ശഅബാനിലാണ് നോറ്റ് വീട്ടാൻ എനിക്ക് കഴിഞ്ഞിരുന്നത് “
(ബുഖാരി : 1950)
രോഗകാരണത്താലോ മറ്റോ നോമ്പനുഷ്ഠിക്കാൻ കഴിയാതിരുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം.
നോമ്പെടുത്ത് വീട്ടാൻ കഴിയാത്തവർ ഫിദ് യ നൽകണം. ഒരു മിസ്കീനിന് ഒരു നേരത്തെ ഭക്ഷണമാണ് ഫിദ് യ നൽകേണ്ടത്.
(വിശദ വിവരങ്ങൾക്ക് അല്ലാമാ സഈദ് കഹ്ത്വാനിയുടെ الصيام فى الإسلام في ضوء الكتاب والسنة എന്ന ഗ്രന്ഥം കാണുക )
സുന്നത്തുകൾ വർധിപ്പിക്കേണ്ട ഈ ദിനങ്ങളിൽ ബിദ്അത്തുകൾ പ്രചരിപ്പിക്കുന്നവരായി നാം മാറരുത്.
ചില .പ്രത്യേക ദിവസത്തിൽ മാത്രം പ്രത്യേക നോമ്പും നമസ്കാരവും മറ്റുമായി കഴിയുന്നവരുണ്ട്. അതൊഴിവാക്കുക.
ഈ പരീക്ഷണ നാളുകളിൽ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുക. അതിന് സുന്നത്തുകളാണ് വഴി. ബിദ്അത്തുകൾ റബ്ബിൽ നിന്നും ദീനിൽ നിന്നും നമ്മെ അകറ്റാനേ കാരണമാവുകയുള്ളു.