വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
ളുഹാ നമസ്കാരം صلاة الضحى (പാഠം : ആറ്)
നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നാം ആലോചിച്ച് നോക്കിയിട്ടുണ്ടോ? എത്രയെത്ര ഞരമ്പുകൾ, അസ്ഥികൾ, കണ്ണ്, ഹൃദയം, മസ്തിഷ്കം …..!!ഇതൊക്കെ നിത്യേന ഒരു നിമിഷം പോലും നിന്നു പോവാതെ പ്രവർത്തിക്കുന്നത് കൊണ്ടാണ് നാം സൗഖ്യത്തോടെ ജീവിക്കുന്നത്. (അല്ലാഹു നിലനിർത്തി തരുമാറാവട്ടെ. ആമീൻ)
നമ്മുടെ ശരീരത്തിൽ 360 സന്ധികളുണ്ടെന്നാണ് നബി (സ) അറിയിച്ചത്. (മുസ്‌ലിം 1007)
ഓർത്തോ വിഭാഗം, സ്കാനിംങ്ങ്, എക്സ്റേ തുടങ്ങിയവയൊന്നും ഇല്ലാത്ത കാലത്താണ് ഇത്ര കൃത്യമായി പ്രവാചകൻ അതു പറഞ്ഞത് !
നബി (സ)യുടെ പ്രവാചകത്വത്തിന്റെ തെളിവ് അതിലൂടെ നാം തെളിഞ്ഞ് കാണുന്നുണ്ട്. ഈ 360 സന്ധികളും സുഖമമായി പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ജീവിതം സുഖകരമാവുക. അതുകൊണ്ട് തന്നെ വലിയൊരനുഗ്രഹമാണിത് എന്നതിൽ സംശയമില്ല. ഈ അനുഗ്രഹത്തിനു നന്ദി വേണ്ടേ? തീർച്ചയായും.
എങ്ങനെ സാധിക്കും?
പ്രാചകൻ (സ)തന്നെ അത് വിശദീകരിച്ചിട്ടുണ്ട്.
فِي الْإِنْسَانِ ثَلَاثُمِائَةٍ وَسِتُّونَ مَفْصِلًا، فَعَلَيْهِ أَنْ يَتَصَدَّقَ عَنْ كُلِّ مَفْصِلٍ مِنْهُ بِصَدَقَةٍ “. قَالُوا : وَمَنْ يُطِيقُ ذَلِكَ يَا نَبِيَّ اللَّهِ ؟ قَالَ : ” النُّخَاعَةُ فِي الْمَسْجِدِ تَدْفِنُهَا، وَالشَّيْءُ تُنَحِّيهِ عَنِ الطَّرِيقِ، فَإِنْ لَمْ تَجِدْ فَرَكْعَتَا الضُّحَى تُجْزِئُكَ
“.صححه الألباني.
“മനുഷ്യ ശരീരത്തിൽ 360 സന്ധികളുണ്ട്. ഓരോന്നിനുമുള്ള സ്വദഖ അവൻ കൊടുക്കേണ്ടതുണ്ട്. സ്വഹാബികൾ ചോദിച്ചു: “ആർക്കാണതിനു കഴിയുക ?” നബി(സ) പറഞ്ഞു: “പള്ളിയിൽ കഫം കണ്ടാൽ അത് മണ്ണിട്ട് മൂടൽ, വഴിയിലെ തടസ്സം ഓരങ്ങളിലേക്ക് മാറ്റൽ, ഇത് രണ്ടും കഴിഞ്ഞില്ലെങ്കിൽ രണ്ട് റക്അത്ത് ളുഹാ നമസ്കാരം ,അത് നിനക്ക് മതിയാവും.” ” (അബൂദാവൂദ്: 5242)
നോക്കൂ!
360 സന്ധികൾക്കുമുള്ള സ്വദഖ എന്ന അതിമഹത്തായ കാര്യം വെറും നിസ്സാരമായ മൂന്ന് കാര്യങ്ങൾ കൊണ്ട് നിർവഹിക്കപ്പെടും എന്നാണ് പ്രവാചകൻ (സ) അറിയിച്ചത്.
രണ്ട് റക്അത്ത് ളുഹാ നമസ്കാരമാണ് അതിലൊന്ന്.
ഇസ്ലാമിൽ പ്രബലമായ സുന്നത്താണ് ളുഹാ നമസ്കാരം. അബൂഹുറൈറ (റ)ക്ക് നബി (സ) നൽകിയ മൂന്ന് വസിയ്യത്തുകളിൽ ഒന്ന് ളുഹാ നമസ്കരിക്കണമെന്നതായിരുന്നു. (ബുഖാരി : 1981, മുസ്ലിം : 721 )
ഖുർആനിൽ സുറത്തു ളുഹാ എന്നൊരദ്ധ്യായമുണ്ടല്ലോ. അതിൻ ഒന്നാമത്തെ ആയത്തു ളുഹാ സമയത്തെ കൊണ്ട് സത്യം ചെയ്തു കൊണ്ടുള്ളതാണ്.
ഈ നമസ്കാരത്തിന്റെ പുണ്യം നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. صلاة الأوابين ( ഖേദിച്ചു മടങ്ങുന്നവരുടെ നമസ്കാരം) എന്ന നാമവും ഹദീസുകളിൽ ഇതിനു വന്നിട്ടുണ്ട്. (മുസ്ലിം : 748 )
വിശദ പഠനമാഗ്രഹിക്കുന്നവർ അല്ലാമാ സഈദ് അൽ ഖഹ്ത്വാനി (റ)യുടെ
صلاة المؤمن എന്ന കൃതി പോലെയുള്ള കൃതികൾ അവലംബിക്കുക.
സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞ് ളുഹർ ബാങ്ക് കൊടുക്കുന്നതിന്റെ 20 മിനുട്ട് മുമ്പ് വരെ ഇതു നിർവഹിക്കാം. വെയിൽ ചൂടായ ശേഷം നിർവഹിക്കലാണ് നല്ലത്. (ഫതാവാ ഇബ്നു ബാസ് : 11/395)
രണ്ടു മുതൽ ഇരട്ടിയായി എട്ടു റക്‌അത്തുവരെ ഇതു നിർവഹിക്കാം.
നബി (സ) മക്കാവിജയത്തിന്റെ ദിനത്തിൽ അബൂത്വാലിബിന്റെ മകൾ ഉമ്മു ഹാനി (റ) യുടെ വീട്ടിൽ വച്ച് നബി (സ) എട്ട് റക്അത്ത് നമസ്കരിച്ചത് ഹദീസിലുണ്ട്. (മുസ്ലിം. 1103 )
എന്നാൽ ഇരട്ടിയായി എത്രയും നിർവഹിക്കാവുന്നതാണ് എന്ന വീക്ഷണവും പണ്ഡിതന്മാർക്കുണ്ട്.
ആയിശ (റ) ന്റെ ഒരു ഹദീസാണവർക്കു തെളിവ് അതിപ്രകാരമാണ്.
*عَائِشَةَ رَضِيَ اللَّهُ عَنْهَا ؛ كَمْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي صَلَاةَ الضُّحَى ؟ قَالَتْ : أَرْبَعَ رَكَعَاتٍ، وَيَزِيدُ مَا شَاءَ.*
ആയിശ (റ) യോട് ചോദിക്കപ്പെട്ടു. നബി (സ) എത്രയാണ് ളുഹാ നമസ്കരിക്കാറുണ്ടായിരുന്നത്? ആയിശ (റ) പറഞ്ഞു. നാല്.അവിടുന്ന് ഉദ്ദേശിക്കുന്നത്ര വർധിപ്പിക്കാറുണ്ടായിരുന്നു.” (മുസ്ലിം : 719 )
അതിനാൽ പ്രബലമായ ഈ സുന്നത്ത് ഒരു ശീലമാക്കുക.
അതിനു പറ്റിയ സമയമാണ് വീട്ടിലിരിക്കുന്ന ഈ സമയം. ഇത് ഒറ്റക്ക് നിർവഹിക്കലാണ് ഏറ്റവും ഉത്തമം. والله أعلم
(നന്മ പകർന്നു നൽകൽ
നന്മയാണ്.)