അബ്ദുർറഹ്മാൻ അബ്ദുൽ
ലത്വീഫ്
(ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ല , ശൈഖ്
ഇബ്നു ബാസ് റഹിമഹുല്ല തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും ഫത്’വകളും അവലംബിച്ച്
തയ്യാറാക്കിയത്)
മുസ്ലിമീങ്ങള്‍ക്ക് മൂന്ന് ആഘോഷങ്ങളാണ് ഉള്ളത്:
ഒന്ന്: ചെറിയ പെരുന്നാൾ. റമദാനിലെ വ്രതാനന്തരം വിശ്വാസികള്‍ക്ക്
ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണത്.
(الشرح الممتع ، باب صلاة العيدين).
രണ്ട്: വലിയ പെരുന്നാൾ. ഏറ്റവും ശ്രേഷ്ടകരമായ കര്‍മ്മങ്ങൾ ഈ
പത്ത് ദിവസങ്ങളിൽ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളാണ് എന്ന് പ്രവാചകൻ(സ)
പഠിപ്പിച്ച ദുല്‍ഹിജ്ജ ആദ്യത്തെ പത്തിന്‍റെ അവസാനദിവസം വിശ്വാസികള്‍ക്ക്
ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണ് ബലി പെരുന്നാൾ. (الشرح الممتع ، باب صلاة العيدين).
മൂന്ന്: ഓരോ ആഴ്ചകളുടെ അവസാനത്തിലും വിശ്വാസികള്‍ക്ക്
ലഭിക്കുന്ന ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും സുദിനമായ വെള്ളിയാഴ്ചയാണത്.
മാത്രമല്ല മറ്റ് ഒട്ടനേകം സവിശേഷതകൾ ജുമുഅ ദിവസത്തിന് ഉണ്ട്. പിന്നീട് ഒരവസരത്തിൽ
വിശദീകരിക്കാം. (الشرح الممتع ، باب صلاة العيدين).
ഈ മൂന്ന് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷങ്ങളും സത്യ
വിശ്വാസിക്ക് ഇല്ല. ബദ്റിന്‍റെ ആണ്ട്, മുസ്ലിമീങ്ങള്‍ക്ക് വിജയം
ലഭിച്ച മറ്റു യുദ്ധങ്ങളുടെ ആണ്ട്, അതുപോലെ മനുഷ്യരിലെ
ഒരാളുടെയും ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ഇതൊന്നും തന്നെ ഒരു വിശ്വാസിക്ക് പാടില്ല.
മനുഷ്യരിൽ വച്ച് ഏറ്റവും ശ്രേഷ്ഠനായ പ്രവാചകൻ (സ) യുടെപ്പോലും ജന്മദിനം ആഘോഷിക്കാൻ
അദ്ദേഹം പഠിപ്പിച്ചില്ലെങ്കിൽ പിന്നെ മറ്റുള്ളവരുടെ ജന്മദിനം എങ്ങനെയാണ്
ആഘോഷിക്കുക.
(الشرح الممتع ، باب صلاة العيدين).
ഇനി പ്രവാചകനെ ഓര്‍ക്കാനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം
ആഘോഷിക്കുന്നത് എന്നാണ് ചിലരുടെ വാദമെങ്കിൽ, അദ്ദേഹത്തെക്കുറിച്ച്
രാവും പകലും, അതല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് അഞ്ചു നേരം
നമസ്കരിക്കുമ്പോൾ സ്വലാത്ത് ചൊല്ലുന്ന സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കുന്നവരാണ് ഓരോ
വിശ്വാസിയും എന്നാണ് അവരോട് പറയാനുള്ളത്.
ഒരു വിശ്വാസിയുടെ കര്‍മ്മം സ്വീകരിക്കപ്പെടാൻ രണ്ട്
നിബന്ധനകൾ ആവശ്യമാണ്.
ഒന്ന്: നിഷ്കളങ്കമായി അത് അല്ലാഹുവിന് വേണ്ടി
അനുഷ്ടിക്കപ്പെടുന്നതായിരിക്കണം.
രണ്ട്: അത് പ്രവാചകന്‍റെ മാതൃക അനുസരിച്ച് ഉള്ളതായിരിക്കണം.
അല്ലാത്തതെല്ലാം ശിക്ഷയായി അനുഷ്ടിക്കുന്നവന് എതിരിൽ
തിരിഞ്ഞ് വരുന്നതാണ്. അതിനാൽ അല്ലാഹുവിനെ സൂക്ഷിക്കുക.പ്രവാചകന്‍റെ സുന്നത്തിനെ
മുറുകെ പിടിക്കുക.
പ്രവാചക ചര്യ പിന്‍പറ്റുന്നതിൽ മാത്രമേ നന്മയുള്ളൂ.
പ്രവാചകന്‍റെ ചര്യ പിന്‍പറ്റി പെരുന്നാൾ ആഘോഷിക്കാൻ ആവശ്യമായ ചില നിര്‍ദേശങ്ങളാണ്
ഇനി പറയുന്നത്:
തക്ബീർ ചൊല്ലൽ:
തക്ബീർ രണ്ടു വിധമുണ്ട്:
ഒന്ന് : التكبير المطلق, സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീർ.
രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ
ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീർ.
സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീർ: ചെറിയ പെരുന്നാളിന്
മാസം കണ്ടത് മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിന് വരുന്ന വരെയും, ദുല്‍ഹിജ്ജയിൽ
ദുല്‍ഹിജ്ജ ഒന്ന് മുതൽ ദുല്‍ഹിജ്ജ 13 സൂര്യാസ്ഥമയം വരെയും
നിര്‍വഹിക്കാം. – (الشرح الممتع ، باب صلاة العيدين).
എന്നാൽ എല്ലാ ഫര്‍ദ് നമസ്കാര ശേഷവും പ്രത്യേകമായി തക്ബീർ
ചൊല്ലൽ ചെറിയ പെരുന്നാളിന് ഇല്ല. ബലി പെരുന്നാളിനാകട്ടെ, അറഫയുടെ
ദിവസം ഫജ്റ് മുതൽ അയ്യാമു തശ്രീഖിന്‍റെ അവസാന ദിവസം അസർ നമസ്കാരാനന്തരം വരെയാണ്
ഇത് നിര്‍വഹിക്കേണ്ടത്. – (الشرح الممتع ، باب صلاة العيدين).
പുരുഷന്മാർ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും
അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ
ശബ്ദം താഴ്ത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.
അബൂ ഹുറൈറ (റ) പറയുന്നു: “ഉമറുബ്നുൽ ഖത്താബും (റ), ഇബ്നു ഉമർ (റ) തക്ബീർ
ചൊല്ലിക്കൊണ്ട് അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട്
മറ്റുള്ളവരും തക്ബീർ ചൊല്ലും.” – [ബുഖാരി].
തക്ബീറിന്‍റെ രൂപം:
الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
അതല്ലെങ്കിൽ ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ
ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് ഒരേ
ഈണത്തിലും ശബ്ദത്തിലും എന്നോണം തക്ബീർ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളിൽ
സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.
കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിക്കലും:
ഇവയെല്ലാം സുന്നത്താണ്. എന്നാൽ അതിൽ അമിതത്വം കാണിക്കരുത്. പുരുഷന്മാർ
നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കരുത്. താടി വടിക്കരുത്. പെരുന്നാൾ സന്ദര്‍ഭത്തിലാവട്ടെ
അല്ലാതിരിക്കട്ടെ അതെല്ലാം ചെയ്യൽ ഹറാമാണ്. അതുപോലെ സ്ത്രീകൾ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന
രൂപത്തിൽ മുസ്വല്ലയിലേക്ക് പോകരുത്. സുഗന്ധം പൂശരുത്. പുരുഷനാവട്ടെ സ്ത്രീയാവട്ടെ
അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാവരുത് അല്ലാഹുവിനെ ആരാധിക്കുവാനുള്ള
മുസ്വല്ലയിലേക്ക് വരേണ്ടത്. അതിനാൽ തന്നെ ഈ ദിവസത്തിന്‍റെ പവിത്രത മനസ്സിലാക്കി
അല്ലാഹുവിനെ സൂക്ഷികുക.
ഉമറുബ്നുൽ ഖത്താബ് പ്രവാചകൻ (സ) യുടെ അടുത്തേക്ക് അങ്ങാടിയിൽ നിന്നും ഒരു പട്ട് കൊണ്ട് നെയ്ത വസ്ത്രവുമായി വരുകയും പ്രവാചകരേ അങ്ങ് പെരുന്നാൾ ദിവസത്തിൽ അലങ്കാരമെന്നോണം ഈ വസ്ത്രം അണിയണം എന്നും പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : “ഇത് (സച്ചരിതരല്ലാത്ത) ദൗർഭാഗ്യവാൻമാരുടെ വസ്ത്രമാണ്.” – [ ബുഖാരി , മുസ്‌ലിം].
ഈ ഹദീസിൽ പെരുന്നാളിന് നല്ല വസ്ത്രം അണിയുക എന്ന കാര്യത്തെയല്ല
പ്രവാചകൻ (സ) എതിർത്തത്. മറിച്ച് അത് പട്ട് വസ്ത്രമായതിനാൽ ആണ്. പട്ടുവസ്ത്രം
പുരുഷന്മാർക്ക് നിഷിദ്ധമാണല്ലോ. നല്ല വസ്ത്രം ധരിക്കാമെന്നും, ഹദിയകൾ
കൈമാറാമെന്നും എന്നാൽ നിഷിദ്ധമായ വസ്ത്രധാരണം ആയിരിക്കരുത് എന്നും ഈ ഹദീസിൽ
നിന്നും മനസ്സിലാക്കാം.
മുസ്വല്ലയിൽ നമസ്കരിക്കൽ (ഈദ്ഗാഹ്) :
عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه ، قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَاْلأَضْحَى إِلَى الْمُصَلَّى
അബൂ സഈദ് അൽ ഖുദ്’രി (റ) വിൽ നിന്നും
നിവേദനം: ” പ്രവാചകൻ (സ) ചെറിയ പെരുന്നാൾ ദിനത്തിലും, ബലി
പെരുന്നാൾ ദിനത്തിലും മുസ്വല്ലയിലേക്ക് പോകും….. ” – [ اللؤلؤ والمرجان، 510 ].
നടന്ന് മുസ്വല്ലയിലേക്ക് പോകൽ: ശൈഖ് അല്‍ബാനി (റഹിമഹുല്ല) തന്‍റെ ഇര്‍വാഉൽ ഗലീൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഇമാം ഫിര്‍യാബി, ഇമാം സഈദ് ബിൻ അല്‍മുസയ്യിബിൽ നിന്നും നിവേദനം ചെയ്യുന്നു: ചെറിയ പെരുന്നാൾ സുദിനത്തിന്‍റെ സുന്നത്തുകൾ മൂന്നെണ്ണമാണ് ” മുസ്വല്ലയിലേക്ക് നടക്കൽ, മുസ്വല്ലയിലേക്ക് പോകുന്നതിന് മുൻപ് വല്ലതും കഴിക്കൽ, കുളിക്കൽ” – [إرواء الغليل : 3/104 ]. ഇത് വലിയ പെരുന്നാൾ ആകുമ്പോൾ ഭക്ഷണം കഴിക്കാതെ മുസ്വല്ലയിലേക്ക് പോകലാണ് സുന്നത്ത്.
അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്‍റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു:
كَانَ النَّبِيُّ صلى الله عليه وسلم َلا يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ، وََلا يَطْعَمُ يَوْمَ الْأَضْحَى حَتَّى يُصَلِّيَ.
“പ്രവാചകൻ (സ) ചെറിയ പെരുന്നാൾ ദിവസം വല്ലതും കഴിക്കാതെ
(മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാൾ ദിവസം പെരുന്നാൾ
നമസ്കാരം നിര്‍വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല.” – [صحيح / صحيح سنن الترمذي للألباني، 542].
രണ്ടു പെരുന്നാൾ ദിവസവും നോമ്പെടുക്കൽ ഹറാം: അബീ സഈദ് അൽ
ഖുദ്’രി (റ) വിൽ നിന്നും നിവേദനം: പ്രവാചകൻ (സ)പറഞ്ഞു:
لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى.
“രണ്ടു ദിനങ്ങളിൽ നോമ്പ് നിഷിദ്ധമാണ്. ചെറിയ പെരുന്നാൾ
ദിവസവും, വലിയ പെരുന്നാൾ ദിവസവും” – [ ബുഖാരി].
പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ വിധി:
പണ്ഡിതന്മാർക്ക് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം
ഉണ്ട്. അത് ‘ഫർദ് ഐൻ’ ആണ് എന്നതാണ് ശൈഖ് ഇബ്നു
ഉസൈമീൻ റഹിമഹുല്ലയുടെ അഭിപ്രായം. എന്നാൽ അത് ‘ഫർദ് കിഫായ’ ആണ്
എന്നതാണ് ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ അഭിപ്രായം. ഏതായാലും അത് പ്രായപൂർത്തിയും
വിവേകവുമുള്ള പുരുഷൻ അതൊഴിവാക്കുന്നത് ഏറെ ഗൗരവപരമായ കാര്യമാണ്.
എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിൽ പങ്കെടുക്കൽ ഏറെ
പുണ്യകരമാണ്. മാത്രമല്ല പ്രവാചകൻ(സ) അശുദ്ധിയുള്ള സ്ത്രീകളോട് പോലും അതിൽ
പങ്കെടുക്കുവാനും , നമസ്കാര സമയത്ത് മാത്രം മുസ്വല്ലയിൽ നിന്നും മാറി
നില്ക്കുവാനും കൽപ്പിച്ചിട്ടുണ്ട്.
മുസ്വല്ലയിൽ എത്തിയാൽ അവിടെ വച്ച് തഹിയ്യത്ത് നമസ്കാരം ഇല്ല:
ഇബ്നു മസ്ഊദ് (റ) പെരുന്നാൾ ദിവസം മുസ്വല്ലയിലേക്ക് കടന്നു ചെന്നുകൊണ്ട് പറഞ്ഞു: ” അല്ലയോ
ജനങ്ങളേ ഇമാമിന് മുന്നേ നമസ്കരിക്കുക എന്നത് സുന്നത്തിൽ പെട്ടതല്ല : –
[ നസാഇ – അൽബാനി : സ്വഹീഹ്].
വഴി മാറി തിരിച്ചു വരൽ:
മുസ്വല്ലയിലേക്ക് പോയ വഴിയിലൂടെയല്ലാതെ മറ്റൊരു
വഴിയിലൂടെ തിരിച്ചു വരൽ സുന്നത്ത് ആണ്. അബീ റാഫിഇൽ നിന്നും നിവേദനം: പ്രവാചകൻ (സ)
രണ്ടു പെരുന്നാളുകളിലും (മുസ്വല്ലയിലേക്ക്) നടന്നാണ് പുറപ്പെടാറുണ്ടായിരുന്നത്.
എന്നിട്ട് ബാങ്കും ഇഖാമത്തുമില്ലാതെ പെരുന്നാൾ നമസ്കാരം നിർവഹിക്കും. തിരിച്ചു
വരുമ്പോൾ മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യും” – [ത്വബറാനി, – അൽബാനി
, സ്വഹീഹ്].
പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ:
പെരുന്നാൾ നമസ്കാരത്തിന്റെ അതേ രൂപത്തിൽ രണ്ടു
റക്അത്ത് നമസ്കരിക്കണം.
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ (പെരുന്നാൾ നമസ്കാരം
നഷ്ടപ്പെട്ടവൻ രണ്ട് റക്അത്ത് നമസ്കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി
കാണാം.
ശൈഖ് അൽബാനി റഹിമഹുല്ലാഹ് പറയുന്നു: ” പ്രബലമായ
അഭിപ്രായം പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ , അതിന്റെ അതേ രൂപത്തിൽ
തന്നെ വീട്ടണം എന്നതാണ്. പെരുന്നാൾ നമസ്കാരം രണ്ട് റക്അത്താണ്. അതാർക്കെങ്കിലും
നഷ്ടപ്പെട്ടാൽ ഇമാം എപ്രകാരമാണോ നമസ്കരിക്കുന്നത് അതേ രൂപത്തിൽ വീട്ടിക്കൊള്ളട്ടെ ” [ സിൽസിലതുൽ
ഹുദാ വന്നൂർ , കാസറ്റ് 376].
ഉളുഹിയത് അറുക്കൽ:
പെരുന്നാൾ നമസ്കാര ശേഷമാണ് ഉളുഹിയത് അറുക്കേണ്ടത്. പ്രവാചകൻ(സ) പറഞ്ഞു :
” പെരുന്നാൾ നമസ്കാരത്തിന് മുന്‍പായി ആരെങ്കിലും ബലി മൃഗത്തെ അറുത്തിട്ടുണ്ടെങ്കിൽ, അതിന്‍റെ സ്ഥാനത്ത് മറ്റൊന്നിനെ അറുക്കുക. കാരണം അവൻ ബലിയറുത്തിട്ടില്ല.” – [ബുഖാരി, മുസ്‌ലിം].
നാല് ദിനങ്ങളാണ് അറവ് അനുവദനീയമായിട്ടുള്ളത്. പെരുന്നാൾ
ദിനവും അയ്യാമുതശ്രീഖിന്‍റെ മൂന്ന് ദിനങ്ങളും. പ്രവാചകൻ (സ) പറഞ്ഞു:
“അയ്യാമു തശ്രീഖിന്‍റെ ദിനങ്ങളെല്ലാം ബലികര്‍മ്മത്തിന്‍റെ
ദിനങ്ങളാണ്” – [അല്‍ബാനി – സ്വഹീഹ്].
ബലിയറുത്തതിൽ നിന്നും ഭക്ഷിക്കൽ:
അത് പ്രവാചകന്‍റെ മാതൃകയാണ്. പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങൾ അതിൽ നിന്നും ഭക്ഷിക്കുകയും, സംഭരിച്ച്
വെക്കുകയും, ദാനം ചെയ്യുകയും ചെയ്യുക.” – [മുസ്‌ലിം].
പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ
നേരാം:
“നബി (സ) യുടെ സ്വഹാബത്ത് പരസ്പരം ‘തഖബ്ബലല്ലാഹു
മിന്നാ വ മിൻകും’ എന്ന് പറയാറുണ്ടായിരുന്നു.
ഏതായാലും ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ വ്യത്യസ്ത വിശദീകരണങ്ങൾ
പരിശോധിച്ചാൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് :
1-ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യം
പരാമർശിക്കപ്പെട്ടിട്ടില്ല.
2-ആശംസകൾ നേരുന്നത് അനുവദനീയമാണ്. സലഫുകളിൽ നിന്നും
ഉദ്ദരിക്കപ്പെട്ടിട്ടുള്ള പദം : ‘തഖബ്ബലല്ലാഹു മിന്നാ വ മിൻകും’ , എന്നാൽ
ഏത് ഭാഷയിലും, ഏത് പദങ്ങളിലൂടെയും ആശംസകൾ നേരാം. അതിൽ തെറ്റില്ല.
ഹറാമായ പദങ്ങളോ, അർത്ഥങ്ങളോ ആശംസക്ക് ഉപയോഗിക്കരുത്.
3-ആശംസ നേരുന്നത് ബിദ്അത്ത് ആണ് എന്ന വാദത്തിന് യാതൊരു
അടിസ്ഥാനവും ഇല്ല.
4-ഹലാലായ രൂപത്തിൽ സന്തോഷം പങ്കിടുന്നതിൽ പെട്ടതാണ് അത്.
5-ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യമോ, പ്രത്യേക
പ്രാധാന്യമോ പ്രതിപാദിക്കപ്പെട്ടിട്ടില്ല.
അല്ലാഹു അനുഗ്രഹിക്കട്ടെ ………………..