ഞാനൊരു മുജാഹിദായതിൽ അഭിമാനിക്കുന്നു

സംവാദങ്ങളിലൂടെ എതിരാളികളെ നിലംപരിശാക്കിയ ചരിത്രം മുജാഹിദ് പ്രസ്ഥാനത്തിന് പുതുമയുള്ള ഒന്നല്ല. എന്നാൽ ഇന്നലെ സില്‍സില നൂരിയ്യ ത്വരീഖതു വിഭാഗവുമായി പരപ്പനങ്ങാടിക്കടുത്ത്  ഉള്ളണം സലഫി മസ്ജിദിൽ വെച്ചു നടന്ന പരസ്യ സംവാദം ഏറെ പുതുമകൾ നിറഞ്ഞതും സലഫി പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചോതുന്നതുമായിരുന്നു.

ത്വരീഖതു വിഭാഗത്തിന്റെ വിചിത്ര വാദങ്ങൾ കേട്ട് അത്ഭുതപ്പെട്ടു നിന്ന ഓരോ മുജാഹിദും ‘ഞാനൊരു മുജാഹിദായതിൽ അഭിമാനിക്കുന്നു’ എന്ന് ഓരോ സെക്കന്റിലും മനസ്സിൽ പറഞ്ഞിരിക്കണം. തൗഹീദിന്റെ ശരിയായ പാതയിൽ എത്തിച്ചതിനു അല്ലാഹുവിനോട് ആത്മാര്‍ഥമായി നന്ദി പറഞ്ഞിരിക്കണം.

ഉള്ളണം പ്രദേശത്ത്, സമസ്തക്കാര്‍ക്ക് പോലും ഭീഷണിയായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന, EK സമസ്ത പണ്ഡിതൻ അമ്പലക്കടവിന്റെ പരിപാടി കലക്കാൻ മാത്രം ആള്‍ബലമുള്ള, ധാരാളം പ്രഫഷനലുകൾ പോലും ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, സില്‍സില നൂരിയ്യ ത്വരീഖതിന്റെ കടക്കലാണ് ബഹുമാന്യ പണ്ഡിതൻ ഫൈസൽ മൗലവി ഇന്നലെ കത്തി വെച്ചത്. ഉള്ളണം സലഫി മസ്ജിദിൽ വെച്ചു നടന്ന സംവാദം പരസ്യമായിരുന്നു. ത്വരീഖതിന്റെ പിഴച്ച വാദം പേറിയ നൂറുകണക്കിന് ചെറുപ്പക്കാ ർ പള്ളിയിൽ തടിച്ചു കൂടി… ഒച്ചപ്പാടുകളും ബഹളവുമില്ലാതെ…..

മനുഷ്യനിര്‍മ്മിത ആശയങ്ങൾ പ്രപഞ്ച രക്ഷിതാവിന്റെ വെളിപാടുകള്‍ക്കു മുന്നിൽ കത്തിചാമ്പലാകുന്നത് നോക്കി നിന്നു…

സംവാദത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ത്വരീഖതു വിഭാഗം പരമാവധി ശ്രമിച്ചിരുന്നു. ഓഡിയോ – വീഡിയോ റെക്കോഡിങ് നടത്താം എന്ന മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ച വ്യവസ്ഥയിലെ ഭാഗം നീക്കം ചെയ്യണം എന്ന് വാശി പിടിച്ചപ്പോൾ സംവാദം നടക്കാൻ വേണ്ടി നമ്മൾ അത് അംഗീകരിക്കുകയും എങ്കിൽ പരസ്യ സംവാദം ആകട്ടെ എന്ന് നമ്മൾ നിര്‍ദേശിക്കുകയും ചെയ്തു.

അര്‍ദ്ധരാത്രി ഒരു മണിക്ക് അവസാനിച്ച , അഞ്ചു മണിക്കൂറിലേറെ നീണ്ട സംവാദത്തിൽ മുജാഹിദ് പക്ഷത്തു നിന്നു ഫൈസൽ മൗലവിയും ത്വരീഖതു വിഭാഗത്തു നിന്നു മുജീബുറഹ്മാൻ സാഹിബും ആണ് സംസാരിച്ചത്. നബീൽ രണ്ടത്താണി ആയിരുന്നു മുജാഹിദു വിഭാഗത്തിൽ നിന്നുള്ള മോഡറേറ്റർ.

‘അല്ലാഹുവിനു മാത്രം നൽകേണ്ട പ്രാർത്ഥന, അല്ലാഹുവിന്റെ നാമഗുണ വിശേഷങ്ങൾ എന്നിവ മാല മൗലൂദുകളിലൂടെയും മറ്റും അല്ലാഹു അല്ലാത്തവര്‍ക്ക് ത്വരീഖതു വിഭാഗം നൽകുന്നു ഇത് ശിര്ക്കാകുന്നു’ ഇതായിരുന്നു മുജാഹിദുകൾ വിഷയമായെഴുതിയത്.

തങ്ങൾ അല്ലാഹു അല്ലാത്തവര്‍ക്ക് ഇത്തരത്തിൽ ഒന്നും നൽകുന്നില്ല എന്നും അത് കൊണ്ട് അതൊന്നും ശിര്ക്കുമല്ല എന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം.

വിഷയാവതരണത്തിൽ ത്വരീഖതുകാർ തങ്ങളുടെ വിചിത്ര തത്വശാസ്ത്രം അവതരിപ്പിച്ചു.

ഓരോ മുസ്ലിമും അന്തം വിട്ടു പോകുന്ന വാദങ്ങള്‍ക്ക് മേമ്പൊടി നൽകാൻ ആയത്തുകൾ തുടരെ ഓതുകയുണ്ടായി. സ്വന്തം കീശയിൽ നിന്നും വ്യാഖ്യാനങ്ങൾ!!!!

ത്വരീഖത്തിന്റെ ഭാഷ നമുക്ക് അപരിചിതമാണ്.  അവർക്ക് മാത്രം പരിചയമുള്ള ഒരു വലിയ പദസഞ്ചയം തന്നെയുണ്ട്.. പ്രപഞ്ച രഹസ്യങ്ങൾ  അവർക്ക് വെളിപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവരെല്ലാം ബാഹ്യമായി എന്തൊക്കെയോ കാണുന്നുവെന്നും അവർ വാദിക്കുന്നു. എല്ലാം ഒരു തരം ബസീരതോടെ കാണാൻ പറ്റാത്തതാണ് മനുഷ്യന്റെ പ്രശനം. ഈ ഉള്‍ക്കാഴ്ച കിട്ടാൻ നമ്മൾ പരിശ്രമിക്കണം അതിനു നമുക്ക് ഷെയ്ഖ്‌ വേണം.!!!! ഇതാണ് മര്‍മ്മം.

ഫൈസൽ മൗലവി തന്റെ വിഷയാവതരണത്തിൽ തൗഹീദും ശിർക്കും കൃത്യമായി പഠിപ്പിച്ചു. ത്വരീഖതിന്റെ ശൈഖുമാർ പറഞ്ഞു വെച്ച പിഴച്ച വാദങ്ങൾ ഉദാഹരണ സഹിതം ഉദ്ധരിച്ചു. മാലമൗലൂദുകളിലെ ശിര്‍ക്കൻ പരാമര്‍ശങ്ങൾ നിരവധി വിവരിച്ചു.

ചോദ്യം ചോദിക്കാനുള്ള ആദ്യ അവസരം ത്വരീഖതു വിഭാഗത്തിനായിരുന്നു. അഞ്ചു അവസരങ്ങളിലായി ആകെ ഒരു ചോദ്യമാണവർ ചോദിച്ചത്.

‘അല്ലാഹുവിന്റെ സ്വിഫതിൽ നിന്നും സൃഷ്ടിയിലേക്കു വല്ല ഫയ്ളാഉ (ഒഴുക്ക്) ഉണ്ടോ എന്നതായിരുന്നു അവരുടെ ചോദ്യം.!!!!!

സൃഷ്ടിയിലേക്കു അല്ലാഹുവിന്റെ സ്വിഫതിൽ നിന്നും ഒരു ഒഴുക്കും ഇല്ല എന്ന് ഫൈസൽ മൗലവി ഉത്തരം പറഞ്ഞു.. ഉടനെ അവരുടെ വിശദീകരണങ്ങൾ എത്തി..

അവരുടെ വാദം വിശദീകരിക്കുമ്പോഴാണ് ത്വരീഖതു മതം എത്ര ഭീകരമാണെന്ന് നമുക്ക് മനസ്സിലാവുക. അവരുടെ വാദം അല്ലാഹുവിന്റെ സ്വിഫത് മനുഷ്യനിലേക്ക് ഒഴുകി വരുന്നു എന്നാണു !!!! മആദല്ലാഹ്…

മനുഷനു കേള്‍വിയും കാഴ്ചയും ഇല്ലായിരുന്നു. അല്ലാഹുവിന്റെ സ്വിഫതിൽ നിന്നും ഒരു ഒഴുക്ക് ഉണ്ടാവുകയും അവനു കാഴ്ചയും കേള്‍വിയും നല്കപ്പെടുകയും ചെയ്തു.. !!!

തെളിവായി ഉദ്ധരിച്ചത് സൂറത്ത് ഇന്‍സാനിലെ രണ്ടാമത്തെ സൂക്തം “അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു” !!!!

ഈ വാദത്തെ ഫൈസൽ മൗലവി പൊളിച്ചു കയ്യിൽ കൊടുത്തത് നിമിഷങ്ങള്‍ക്കുള്ളിനാണ്.

മനുഷ്യന് കൊടുത്ത കാഴ്ചയും കേള്‍വിയും അല്ലാഹിവിന്റെ സ്വിഫതിൽ നിന്നുള്ള ഒഴുക്കല്ല. ആയതിന്റെ ആദ്യഭാഗം ‘കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തിൽ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു’ എന്നാണെന്നും അതിനു ശേഷം കേള്‍വിയും കാഴ്ചയും നല്‍കിയ കാര്യവുമാണ് പറയുന്നതെന്നും അദ്ദേഹം വിവരിച്ചു. മനുഷ്യന്റെ കാഴ്ചയും അല്ലാഹുവിന്റെ കാഴ്ചയും ഒന്നല്ല എന്ന് തെളിവ് സഹിതം വിശദീകരിച്ചു.

ഇത് അല്ലാഹുവിന്റെ സ്വിഫതിൽ നിന്നുള്ള ഒഴുക്കാണെന്ന് ആര് പറഞ്ഞു? ‘അവന്ന്‌ പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ’ എന്ന (അല്‍കഹഫിലെ: 65) ആയത്ത് പിന്നെന്താണ്? എന്ന ചോദ്യത്തിന് മുമ്പിൽ ത്വരീഖതു വിഭാഗം പകച്ചു നിന്നു.

നമ്മൾ കേട്ടു മാത്രം പരിചയമുള്ള വഹ്ജത്തുൽ വുജൂദും ഫനാഉം ഹുലൂലും അവർ അംഗീകരിക്കുന്നത് കാണുമ്പോൾ നമ്മൾ ഞെട്ടിപ്പോകും. !!!!!!

എല്ലാറ്റിനും തെളിവ് ഒരു തരം വക്രീകരിക്കപ്പെട്ട ഫിലോസഫി ആണ്.. ഇലക്റ്റ്രിസിട്ടിയും ഫാനും കാറ്റും കണ്ണാടിയും മുഖവും എല്ലാം ഉപമയായെത്തുന്നു.

അവരുടെ ഫിലോസഫിക്ക് മൗലവി അക്കമിട്ടു ഉത്തരം പറഞ്ഞു. അല്ലാഹുവിനു സ്തുതി.

ഫൈസൽ മൌലവിയുടെ ആദ്യ ചോദ്യം ഫനാഉ (സൃഷ്ടിയും സ്രഷ്ടാവുമുള്ള ലയനം), ഹുലൂൽ (സ്രഷ്ടാവ് സൃഷ്ടിയിലേക്കു ഇറങ്ങി വരൽ) എന്നിവ നിങ്ങൾ വിശ്വസിക്കുണ്ടോ എന്താണ് ഇതിനു തെളിവ്? എന്നതായിരുന്നു..

ഉണ്ട് എന്നതായിരുന്നു മറുപടി ഫനാഉ മുജാഹിദുകള്‍ക്ക് മനസ്സിലായിട്ടില്ല എന്നും അത് ഒരു ശൈഖിന്റെ കീഴിൽ അഭ്യസിക്കാത്തത് കൊണ്ട് സംഭവിച്ചതാനെന്നും അവർ തട്ടി വിട്ടു.

ഫനാഇന്റെ ഒരു രൂപമാണ് അലി (റ) ക്ക് കാലിൽ തറച്ച അമ്പ് ഊരാൻ ശ്രമിച്ചപ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുകയും നിസ്കാരത്തിൽ എടുക്കാമെന്നും നിസ്കാര സമയത്ത് അല്ലാഹുവുമായി ലയിച്ചു നിൽക്കുമ്പോൾ മറ്റൊന്നും അറിയില്ല എന്നും പറഞ്ഞ സംഭവം!!!!

ഈ സംഭവം സഹീഹ് അല്ലെന്നും നമസ്കാരത്തിൽ പരിസരം എല്ലാം മറന്നു ഇങ്ങനെ ലയിച്ചു നിൽക്കുന്ന ഒരവസ്ഥ മുഹമ്മദ്‌ നബി (സ) ക്ക് പോലും ഉണ്ടായിട്ടില്ല എന്നും കുട്ടികൾ കരയുന്നത് കാരണം നമസ്കാരത്തിലെ പാരായണം ചുരുക്കുന്ന, സുജൂദിൽ വീണു കിടക്കുമ്പോൾ ചുമലിൽ കളിക്കുന്ന പേരക്കുട്ടികളെ പരിഗണിച്ച നബി (സ)യേയുമാണ് മുസ്ലിം ലോകത്തിനു പരിചയമുള്ളത് എന്നും അലി (റ) ന്റെ പേരിൽ കള്ളക്കഥ പടച്ചു വിടുന്ന ശിയാക്കളുടെ പിന്മുറക്കാരനാണ് എല്ലാ ത്വരീഖാതുകാരും എന്ന് ഫൈസൽ മൗലവി സമര്‍ഥിചപ്പോൾ  അവർക്ക് മറുപടികൾ ഉണ്ടായിരുന്നില്ല.

നിങ്ങൾ എല്ലാ മാലകളും അംഗീകരിക്കുന്നുണ്ടോ? മാലകളിൽ മരിച്ചവരോട് സഹായം ചോദിക്കുന്ന വരികള്‍ക്ക് എന്താണ് തെളിവ് എന്നതായിരുന്നു ഫൈസൽ മൌലവിയുടെ അടുത്ത ചോദ്യം..

എല്ലാ മാലകളും അംഗീകരിക്കുന്നുവെന്നും മരിച്ചവർ സഹായം നൽകുന്നില്ല, ജീവിച്ചിരിക്കുന്നവരും സഹായം നൽകുന്നില്ല.. എല്ലാം അല്ലാഹുവിന്റെ സ്വിഫതിൽ നിന്നുള്ള ഒഴുക്ക് കാരണം നമുക്ക് അനുഭവപ്പെടുകയാണ് ചെയ്യുന്നതെന്നും ആ സമയത്ത് നമുക്ക് സഹായങ്ങൾ ചോദിക്കാമെന്നും അവർ വാദിച്ചു..

പിഴച്ച ജബരിയ്യതിന്റെ വാദങ്ങളാണ് നിങ്ങൾ പേറിക്കൊണ്ടിരിക്കുന്നത്, നിങ്ങൾ ഇസ്ലാമിക അഖ്ഖീദയിൽ നിന്നും ബഹുദൂരം അകലെയാണ്. വേഗം തൗബ ചെയ്തു മടങ്ങി വരിക. എന്നും മൗലവി വേദനയോടെ ഓര്‍മ്മിപ്പിച്ചു.

മുഹയ്ദീൻ ഷെയ്ഖ്‌ നൂഹ് നബിയുടെ കപ്പലിന് മുകളിൽ ഉണ്ടായിരുന്നു, മൂസാ, ഈസ നബിമാര്‍ക്കൊപ്പം അവരെ സഹായിക്കാൻ ഉണ്ടായിരുന്നു എന്നതിന് തെളിവ് എന്താണ് എന്നതായിരുന്നു മൌലവിയുടെ മറ്റൊരു സംശയം.

മനുഷ്യൻ അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി) ആണെന്നും അല്ലാഹുവിന്റെ മഹത്വം മനുഷ്യനിലൂടെ പ്രകടമാവുകയാണ് ചെയ്യുന്നതെന്നുമാണ് അവരുടെ വാദം.

ചിലരിലൂടെ ഇത് കൂടുതൽ വെളിവാകും അതാണ്‌ കറാമത്തുകൾ. മനുഷ്യൻ സ്വന്തത്തെ മനസിലാക്കുന്നില്ല അവൻ അല്ലാഹുവിന്റെ പ്രതിനിധിയാനെന്ന കാര്യം പോലും മറന്നു പോകുന്നു. എന്നാൽ മറ്റു ചിലർ അതെല്ലാം മനസ്സിലാക്കി വല്യ ദറജകളിൽ എത്തിപ്പെടുന്നു.. അവരാണ് വലിയ്യുകൾ.

ഇതിനു അവർ ഒരു ഉദാഹരണവും പറഞ്ഞു. നമ്മുടെ രാജ്യം നമ്മളെ ഇന്ത്യയുടെ പ്രതിനിധി ആയി അമേരിക്കയിലേക്ക് അയച്ചു.

അമേരിക്ക ഉദ്യോഗസ്ഥർ നമ്മളെ സ്വീകരിക്കാൻ നെയിം ബോഡും പിടിച്ചു വിമാനത്താവളത്തിൽ നിൽക്കുന്നുണ്ട്. ചിലർ അമേരിക്കയിൽ എത്തിയപ്പോൾ താൻ ഇന്ത്യൻ പ്രതിനിധി ആണെന്ന കാര്യം മറന്നു പോയി.. അവർക്ക് അമേരിക്കയിൽ കഷ്ടപ്പാടാണ് ഏറ്റു വങ്ങേണ്ടി വരിക. എന്നാൽ താൻ ഇന്ത്യയുടെ പ്രതിനിധി ബോധമുള്ളവർ സ്വീകരണങ്ങൾ ഏറ്റു വാങ്ങി സന്തോഷത്തോടെ കഴിയുന്നു. ഇതാണ് സാധാരണക്കാരും വലിയ്യുകളും ഉള്ള വ്യത്യാസം.!!!!!

ഈ വ്യത്യാസങ്ങൾ നബി യുടെയും സ്വഹാബാതിന്റെയും ജീവിതത്തിൽ നിന്നും കാണിക്കാമോ എന്ന് ഫൈസൽ മൌലവിയുടെ ചോദ്യം അവർ കേട്ടതായി ഭാവിച്ചില്ല.

“എന്നുടെ ഏകൽ ഉടയെവൻ തന്റെകൽ…ആകെന്നു ഞാൻ ചൊല്ലുകിൽ ആകും അതെന്നോവർ” എന്ന മുഹ്യധീൻ മാലയിലെ വരിയും സമാനമായ രിഫായീ മാലയിലെ വരിയും പാടി ‘ഇന്ത്യയുടെ പ്രതിനിധി അമേരിക്ക ഭരിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്’ എന്ന് മൗലവി പറഞ്ഞപ്പോൾ സദസ്സ് കൂട്ടത്തോടെ ചിരിച്ചു..

ഇബ്നു അറബിയെയും ബിസ്താമിയെയും അംഗീകരിക്കുന്നുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം..ഉണ്ടെങ്കിൽ അവർ ഇസ്ലാമിക ശരീഅത്തിനു വിരുദ്ധമായി ചെയ്തത് എങ്ങെനെ നിങ്ങൾ ഉള്‍ക്കൊള്ളുന്നു എന്ന ചോദ്യത്തിന് എല്ലാ ശൈഖന്മാരെയും അംഗീകരിക്കും എന്നും…അവരുടെ വിവിധ അവസ്ഥകൾ പരിഗണിച്ചാൽ ഇതൊന്നും ഒരു പ്രശനവും ഇല്ലെന്നുമായിരുന്നു മറുപടി.

ഇതൊന്നും മുജാഹിദ്കള്‍ക്ക് മനസ്സിലാകണമെന്നില്ല. കെമിസ്ട്രി ഒന്നും അറിയാതവനോട് H2O പറഞ്ഞാൽ അത് ജലമാണ് എന്ന് മനസ്സിലാക്കാൻ അയാള്‍ക്ക്‌ പറ്റില്ല എന്നതായിരുന്നു ന്യായം. അതിനു LKG , UKG മുതൽ കോളേജ് വരെ പഠിച്ചു കഴിയണം ..!!

ഇതെല്ലാം ഓരോ ‘ഫന്നു’കൾ ആണെന്നും ഇതൊന്നും പഠിക്കാതതാണ് നിങ്ങളുടെ പ്രശ്നം എന്നും ത്വരീഖത്തുകാരൻ ഒരു 20 തവണയെങ്കിലും ഈ സംവാദത്തിൽ പറഞ്ഞിട്ടുണ്ടാകും.. അവസാനമായപ്പോഴേക്കും ഇതെല്ലാം ഒരു ‘ഫണ്‍’ ആയി മുജാഹിദുകള്‍ക്ക് അനുഭവപ്പെടാൻ തുടങ്ങി.

പിന്നീട് സദസ്സിന്റെ ഊഴമായിരുന്നു.. നബിയുടെ പ്രകാശമാണ് ആദ്യം സൃഷിഷ്ടിക്കപ്പെട്ടത്‌ എന്ന് നിങ്ങളുടെ ഒരു വിശദീകരണത്തിൽ പറഞ്ഞല്ലോ എന്താണ് തെളിവ് എന്ന് ത്വരീഖതുകാരനോട് ചോദിക്കപ്പെട്ടു.

തെളിവ് ഖുര്‍ആൻ ആണെന്നും ഖുര്‍ആനിൽ ”അല്ലാഹുവിങ്കൽ നിന്ന്‌ ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു” (മാഇദ :15)  ഇതിൽ പ്രകാശം എന്നതിന് മുഹമ്മദ്‌ നബി യാണെന്ന് പലരും തഫ്സീർ നടത്തിയിട്ടുണ്ട്. അത് കൊണ്ട് നബി പ്രകാശമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്!!!

അങ്ങനെയാണെങ്കിൽ ചന്ദ്രനെ കുറിച്ചും നൂർ (പ്രകാശം) ആണെന്ന് ഖുര്‍ആൻ പറഞ്ഞിട്ടുണ്ടല്ലോ.. ആദ്യം സൃഷ്ടിച്ചത് ചന്ദ്രനെ ആണെന്ന് നിങ്ങൾ പറയുമോ എന്ന് ഫൈസൽ മൗലവി ചോദിച്ചപ്പോൾ ത്വരീഖതുകാരുടെ മുഖത്തെ മുഴുവൻ പ്രകാശവും കേട്ട് പോയി.

അല്ലാഹുവിനു സ്തുതി.. അല്ഹംദുലില്ലാഹ് അല്ഹംദുലില്ലാഹ്..

തൊപ്പിയിട്ട ചുറുചുറുക്കുള്ള ചെറുപ്പക്കാർ സംവാദം കഴിയുന്നത് വരെ സാകൂതം ഫൈസൽ മൗലവിയെ ശ്രദ്ധിക്കുകയായിരുന്നു. യഥാര്‍ത്ഥ ഇസ്ലാം കേള്‍ക്കുകയായിരുന്നു.  അവർക്ക് മാറ്റമുണ്ടാകാതിരിക്കില്ല..  തീര്‍ച്ച അല്ലാഹു അനുഗ്രഹിക്കട്ടെ.

ത്വരീഖതിന്റെ പിഴച്ച വാദങ്ങളെ ഫൈസൽ മൗലവി നേരിട്ട കാഴ്ച കാണേണ്ടതു തന്നെയായിരുന്നു. പതറാതെ.. പക്വമായി..         ഒരു ഗുരുനാഥനെ പോലെ തിരുത്തിച്ചും, ചിന്തിപ്പിച്ചും ഓര്‍മ്മപ്പെടുത്തിയും… മാഷാആല്ലാഹ്..അല്ലാഹു ഇനിയും അറിവ് വര്‍ദ്ധിപ്പിച്ചു നല്കട്ടെ…അമീൻ .

ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കട്ടെ..

ആമീന്‍…