പെരുന്നാൾ സുദിനം, സൂക്ഷിക്കേണ്ട ചില നിഷിദ്ധങ്ങൾ…

ഇതിൽ പറയുന്ന നിഷിദ്ധങ്ങളെല്ലാം പെരുന്നാൾക്ക് എന്ന് മാത്രമല്ല. എല്ലായിപ്പോഴും നിഷിദ്ധമാണ്. എന്നാൽ പെരുന്നാളിന് കൂടുതൽ ആളുകളും ഈ കാര്യങ്ങളിൽ അശ്രദ്ധരാവാറുണ്ട് എന്നതിനാൽ പ്രത്യേകം ഉണർത്തുന്നു എന്ന് മാത്രം.

1. നമസ്കാരം പാഴാക്കൽ:
പലപ്പോഴും പലരും പെരുന്നാൾ സുദിനത്തിൽ ഫർള് നമസ്കാരങ്ങളുടെ വിഷയത്തിൽ അശ്രദ്ധ കാണിക്കാറുണ്ട്. ഇത് കഠിനമായ പാപമാണ്.
അല്ലാഹു പറയുന്നു :

فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا
“എന്നിട്ട്‌ അവര്‍ക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറ വന്നു. അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവർ കണ്ടെത്തുന്നതാണ്‌. ” – [മർയം : 59]

അഥവാ നമസ്കാരം പാഴാക്കുന്നവരെ കാത്തു കിടക്കുന്നത് കത്തിയാളുന്ന നരകമാണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ ..

2- അന്യ സ്ത്രീ പുരുഷന്മാർ ഇടകലരൽ:
ഇത് പ്രവാചകൻ (സ) വിരോധിച്ചതാണ്. ഏറെ പാപകരവുമാണ്. അതിനാൽ തന്നെ അല്ലാഹു പവിത്രമാക്കിയ പെരുന്നാൾ സുദിനങ്ങളെ പാപങ്ങൾ കൊണ്ട് മലീമസമാക്കരുത്.

അല്ലാഹു പറയുന്നു :

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ
“(നബിയേ,) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവർ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” – [النور :30]

وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

“സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകള്‍ക്ക്‌ മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാർ, അവരുടെ പിതാക്കൾ, അവരുടെ ഭര്‍തൃപിതാക്കൾ, അവരുടെ പുത്രന്‍മാർ, അവരുടെ ഭര്‍തൃപുത്രന്‍മാർ, അവരുടെ സഹോദരന്‍മാർ, അവരുടെ സഹോദരപുത്രന്‍മാർ, അവരുടെ സഹോദരീ പുത്രന്‍മാർ, മുസ്ലിംകളിൽ നിന്നുള്ള സ്ത്രീകൾ, അവരുടെ വലംകൈകൾ ഉടമപ്പെടുത്തിയവർ ( അടിമകൾ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്‌. തങ്ങൾ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.” – [النور :31].

3- നിഷിദ്ധമായ വിനോദങ്ങൾ പാടില്ല: സംഗീത സദസ്സുകളും, പരിഹാസ സദസ്സുകളും സംഘടിപ്പിക്കുന്നതും അതിൽ പങ്കെടുക്കുന്നതും കഠിനമായ ശിക്ഷ താക്കീത് ചെയ്യപ്പെട്ട കാര്യമാണ്. സംഗീതത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു :

وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا
هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ
“യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തിൽ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.” – [لقمان : 6].

ഇബ്നു മസ്ഊദ് (റ) മൂന്നു പ്രാവശ്യം അല്ലാഹുവിൽ സത്യം ചെയ്തുകൊണ്ട് പറഞ്ഞു: വിനോദവാര്‍ത്തകൾ എന്ന് പറഞ്ഞത് സംഗീതത്തെ കുറിച്ചാണ് എന്ന്. അല്ലാഹു പറയുന്നത് നോക്കൂ: “വിനോദവാര്‍ത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.” അതിനാൽ സൂക്ഷിക്കുക.

4- താടി വടിക്കൽ :
താടി വടിക്കൽ പ്രവാചകന്റെ കൽപനക്ക് വിരുദ്ധമാണ്. താടി വടിക്കുന്നത് നിഷിദ്ധമാണ് എന്ന് ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഇ, ഇമാം അഹ്മദ് (റഹിമഹുമുല്ലാഹ്) തുടങ്ങിയവരെല്ലാം ഐക്യഖണ്ഡേന അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇബ്നു ഉമർ (റ) വിൽ നിന്നും നിവേദനം: പ്രവാചകൻ (സ) പറഞ്ഞു : “നിങ്ങൾ മുശ്‌രിക്കീങ്ങളിൽ നിന്നും വ്യത്യസ്തരാവുക. നിങ്ങൾ നിങ്ങളുടെ താടി വളർത്തുകയും മീശ വെട്ടിച്ചുരുക്കുകയും ചെയ്യുക ” . – [ബുഖാരി].

5- സ്ത്രീകൾ സൗന്ദര്യം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് പുറത്ത് പോകൽ:
അതി ഗൗരവപരമായ ഒരു തെറ്റാണിത്. പ്രവാചകൻ (സ) പറഞ്ഞു : “ഞാനിതുവരെ കണ്ടിട്ടില്ലാത്ത നരകാവകാശികളായ രണ്ടു വിഭാഗം ആളുകളുണ്ട്. (അഥവാ അവർ പ്രവാചകന്റെ കാലശേഷം ആണ് വരിക) . ഒരു കൂട്ടരുടെ കയ്യിൽ പശുവിന്റെ വാലുപോലുള്ള ചാട്ടവാർ ഉണ്ടായിരിക്കും. അവരതുകൊണ്ട് ജനങ്ങളെ ഉപദ്രവിക്കും. മറ്റൊരു കൂട്ടർ വസ്ത്രം ധരിച്ചു എന്നാൽ വസ്ത്രം ധരിച്ചിട്ടില്ലാത്ത സ്ത്രീകളാണ്.

അവർ (കൊഞ്ചിക്കുഴഞ്ഞു) അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും വ്യതിചലിക്കുകയും മറ്റുള്ളവരെ വ്യതിചലിപ്പിക്കുകയും ചെയ്യും. അവരുടെ തലകൾ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ആയിരിക്കും. അവർ സ്വർഗത്തിൽ പ്രവേശിക്കില്ല. അതിന്റെ സുഗന്ധം പോലും അവർക്ക് ലഭിക്കുകയില്ല. അതിന്റെ ഗന്ധം അവരിൽ നിന്നും എത്രയോ അകലെയായിരിക്കും.” – [സ്വഹീഹ് മുസ്‌ലിം].

ഏറെ ശ്രേഷ്ടകരമായ ദുൽഹിജ്ജയിലെ പത്ത് ദിനങ്ങളിൽ ഒന്നാണ് പെരുന്നാൾ ദിവസവും. അതിന്റെ പവിത്രത നഷ്ടപ്പെടുത്താതിരിക്കുക.

അല്ലാഹു പറയുന്നു:

ذَلِكَ وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ [الحج : 30]

“അതെ, അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്‍റെ രക്ഷിതാവിന്‍റെ അടുക്കൽ അവന്ന്‌ ഗുണകരമായിരിക്കും.” – [അല്‍ഹജജ്: 30].

അതുപോലെ അല്ലാഹു പറഞ്ഞു:
ذَلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ. [الحج:32]
“അതെ, വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖവയിൽ നിന്നുണ്ടാകുന്നതത്രെ” – [അല്‍ഹജജ്: 32].

സൂക്ഷ്മത പാലിക്കുന്ന ആളുകളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തു മാറാകട്ടെ ..