ഇറാനിയൻ ശീഈ നേതാവിന്റെ രഹസ്യ സന്ദർശനം: സമസ്ത – ശിയാ ബന്ധം: നിഗൂഢതകൾ പുറത്തുവരുന്നു

അബ്ദുൽ മാലിക് സലഫി മൊറയൂർ​

ഇസ്ലാമിന്റെ സുശക്തമായ അടിത്തറകളെ ഇളക്കിയെടുത്ത് ജൂത വിശ്വാസങ്ങൾ കടത്തിക്കൂട്ടി ഇസ്ലാമിനെ ആന്തരികമായി തകർക്കാ ൻ വേണ്ടി ജൂത കുബുദ്ധികൾ ലോകത്ത് ജന്മം നൽകിയ സംവിധാനമാണ് ശീഇസം.

ഇസ്ലാമിന്റെ കുപ്പായമണിഞ്ഞ ജൂതായിസമാണ് അത് എന്നത് ഇന്ന് മുസ്ലിം ലോകം പൊതുവെ തിരിച്ചറിഞ്ഞു കഴിഞ്ഞു. പേർഷ്യ മുസ്ലിംകൾ കീഴടക്കിയപ്പോൾ താത്ക്കാലികമായി നിറം മാറിയെങ്കിലും, തങ്ങളുടെ ഹൃദയത്തിന്റെ തീകുണ്ഡങ്ങളിൽ മജൂസിയത്തും ജൂതായിസവും കെടാതെ സൂക്ഷിച്ച ഇവർ , ഖുമൈനിയുടെ നേതൃത്വത്തിൽ നടത്തിയ അട്ടിമറിയിലൂടെ ഇറാന്റെ ഭരണം കൈവശമാക്കുകയും തങ്ങളുടെ ശീഈ ചിന്തകൾ പ്രചരിപ്പിക്കാൻ സര്‍വ്വ മാർഗ്ഗങ്ങളും ഉപയോഗിക്കുകയും ചെയ്തു.

തീർത്തും ഒരു ഇസ്ലാമിക വിരുദ്ധ ഗവണ്മെന്റ് ഇറാനിൽ വന്നതോടെ അവിടെയുള്ള അഹ്ലുസ്സുന്നയുടെ ആളുകൾക്ക് സകല സ്വാതന്ത്ര്യം നഷ്ടമാവുകയും അവർ കണക്കറ്റ പീഢനങ്ങൾക്ക് ഇരയാവുകയും ചെയ്തു. എത്രത്തോളമെന്നാൽ, ഇറാനിലെ ഒരു വലിയ നഗരത്തിലും – പ്രത്യേകിച്ച് തെഹ്റാനിൽ അഹ്ലുസ്സുന്നക്ക് ഒരു പള്ളിയോ കേന്ദ്രമോ നിര്‍മ്മിക്കാൻ ഇന്നു വരെ അനുവാദം ലഭിച്ചിട്ടില്ല. തെഹ്റാനിൽ മാത്രം ദശക്കണക്കിന് ജൂത-കൃസ്ത്യൻ പള്ളികൾ ഉണ്ടായിരിക്കെയാണ് അഹ്ലുസുന്നയോട് ഈ അവഗണന എന്നത് പ്രത്യേകം ഓര്‍ക്കണം. ഇറാനിലെ വൻ നഗരങ്ങളിലെ അഹ്ലുസ്സുന്നയുടെ പല പള്ളികളും കേന്ദ്രങ്ങളും ഇവർ പൊളിച്ച് നീക്കി. ഇറാനിലെ റേഡിയോയിൽ അഹ്ലുസസുന്നയുടെ പരിപാടികൾക്ക് വിലക്കാണ്. ഇറാൻ ഗവൺമെന്റിന്റെ ഒരു സ്ഥാനവും അഹ്ലുസ്സുന്നയിൽ പെട്ട ഒരാൾക്കും അനുവദിക്കപ്പെടരുത് എന്നതാണ് അവരുടെ ഭരണഘടനയുടെ പ്രധാന വശം തന്നെ. (ഇറാനിൽ അഹ്ലുസ്സുന്നയുടെ ആളുകൾ അനുഭവിക്കുന്ന വിലക്കുകളും പീഢനങ്ങളും കൂടുതൽ അറിയാൻ ‘അഹ്ലുസ്സുന്നത്തി വൽ ജമാഅ ഫീ ഇറാൻ ഖബ്ല സര്വഅത്തിൽ ഖുമൈനി വ ബഅ്ദഹാ’, ‘ഹാദാ മാ യഹ്സുലു ലിസ്സുന്നത്തി ഫീ ഇറാൻ’ എന്നീ ഗ്രന്ഥങ്ങൾ കാണുക)
ഇത്രയും കാര്യങ്ങൾ ഇപ്പോൾ ഓര്‍ക്കാൻ കാരണം, ഈയിടെ ഒരു മലയാള പത്രത്തിൽ വന്ന ഒരു വാർത്തയാണ്. അഹ്ലുസ്സുന്നയുടെ മുഖ്യശത്രുക്കളായ ഇറാനിയൻ ഗവണ്മെഫന്റിന്റെ ഇപ്പോഴത്തെ ‘ആത്മീയാചാര്യനായ’ ഖംനാഇയുടെ ഒരു പ്രത്യേക പ്രതിനിധി, അബ്ദുൽ ഹുസൈൻ അൽ മൂസവി, കേരളത്തിലെ സമസ്തയുടെ നേതാക്കളെ സന്ദർശിചച്ച് രഹസ്യ ചര്‍ച്ചകൾ നടത്തിയതായും പട്ടിക്കാട്ടും ചെമ്മാടുമുള്ള ഇ.കെ. സമസ്തയുടെ സ്ഥാപനങ്ങൾ ഇയാൾ സന്ദർശിച്ചതായും പറയുന്നതായിരുന്നു വാർത്ത (ചന്ദ്രിക. ജനുവരി. 17). മാത്രവുമല്ല, സമസ്തക്കാർ പുറത്തിറക്കുന്ന അറബി മാസികയായ ‘അന്നഹ്ള’യിൽ ഇയാളുടെ ഒരു അഭിമുഖം ഇവർ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. (അന്നഹ്ള. ഫെബ്രുവരി-മാർച്ച് . പേജ്. 9).
അഭിമുഖത്തിൽ ഈ ശീഈ നേതാവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്, ‘ഹുജ്ജത്തുൽ ഇസ്ലാം’ (?) (ഇസ്ലാമിന്റെ പ്രമാണം) എന്നാണ്!!! ഒരു കറകളഞ്ഞ ശീഇക്ക് മാത്രം പ്രവേശനം നല്കപ്പെടുന്ന ‘ഖുമ്മി’ലെ സര്‍വ്വകലാശാലയിൽ നിന്നാണ് ഇയാൾ ബിരുദമെടുത്തിട്ടുള്ളത് എന്നും അഭിമുഖത്തിൽ പറയുന്നു. പക്ഷെ, സന്ദർശന ഉദ്ദേശ്യം എന്തായിരുന്നു എന്ന് മാത്രം വെളിപ്പെടുത്തിയിട്ടില്ല.

ഒരു ശീഈ നേതാവിന് സമസ്തക്കാരുമായുള്ള ‘ബന്ധം’ എന്തായിരിക്കുമെന്ന അന്വേഷണം സമസ്തക്കാര്‍ക്ക് ശീഇ കളുമായുള്ള ബന്ധത്തിന്റെ തെളിവുകളിലേക്ക് നമ്മെ നയിക്കും. “ഞങ്ങൾ അഹ്ലുസ്സുന്നയാണ്” എന്ന് നാഴികക്ക് നാൽപ്പത് വട്ടം വിളിച്ച് കൂവുന്ന ഇവർ യഥാർത്ഥത്തിൽ കേരളക്കരയിലെ ശീഈ ഏജന്റുമാരാണ് എന്ന നഗ്നസത്യം നാൾക്ക് നാൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

അതിന്റെ അവസാനത്തെ എപ്പിസോഡാണ് ഈ സന്ദർശനം. യഥാർത്ഥ അഹ്ലുസ്സുന്നയെ തകർക്കാനും തളര്‍ത്താനും കഴിവിന്‍റെ പരമാവധി പരിശ്രമിക്കുന്ന ഇറാനിയൻ ശിയാക്കളുമായി വിശ്വാസ, ആചാര, കർമ്മ രംഗത്ത് കേരളത്തിലെ സമസ്തക്കാർ വെച്ച് പുലർത്തുന്ന അത്ഭുതകരമായ സാമ്യത സമസ്ത-ശീഈ ബാന്ധവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടന്നു ചെന്നാൽ നമുക്ക് ദര്‍ശിക്കാനാവും.
കേരളക്കരയിൽ അഹ്ലുസ്സുന്നയുടെ ആദര്‍ശന-ആചാരങ്ങളായി സമസ്തക്കാർ പഠിപ്പിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും തനിച്ച ശീഇസമാണെന്നതിന് ധാരാളം തെളിവുകൾ നമുക്ക് നിരത്താനാവും. സമസ്തയുടെ ലോക ആത്മീയ കേന്ദ്രം ഇറാൻ ആണെന്ന് സമസ്തക്കാരുടെ പ്രഖ്യാപനം കൂടി വന്നാൽ ആരും അത്ഭുപ്പെടേണ്ടതില്ല.

ഇറാനിയൻ നേതാവിന്റെ ഇപ്പോഴത്തെ ഈ സന്ദർശന ഫലം കേവലം യാദൃശ്ചി സംഭവമായി നാമാരും കാണുന്നുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഇസ്ലാഹ്’ മാസികയിൽ ‘സമസ്ത-ശിയാഇസം വിശ്വാസ താരതമ്യം’ എന്ന പേരിൽ ഒരു ലേഖന പരമ്പര ഈ ലേഖകൻ തന്നെ എഴുതിയിരുന്നു. ഇന്നു വരേക്കും ഒരു സമസ്തക്കാരനും അതിന് മറുപടി എഴുതിയിട്ടില്ല.

അല്ലാഹുവിന്റെ കഴിവിലെ സമാനത, പ്രപഞ്ചത്തിന്റെ നിയന്ത്രണം, വലിയ്യുകൾ രക്ഷകർ , ഇമാമുകളുടെ അറിവിന്റെ വ്യാപ്തി, ഇമാമുകൾ മഅ്സൂമുകളാണെന്ന വിശ്വാസം, ആദിയിൽ പ്രവാചക പ്രകാശം, ശൈഖന്മാരുടെ അദൃശ്യ സാന്നിധ്യം, ശവകുടീരങ്ങളിൽ അഭയം തേടൽ, ജന്മമദിനാഘോഷങ്ങൾ, ദിവസങ്ങൾക്ക് നഹ്സ് കണക്കാക്കൽ തുടങ്ങി നിരവധി വിഷയങ്ങളിൽ സമസ്തക്കാരുടെ വിശ്വാസം തനിച്ച ശീഈ വിശ്വാസമാണെന്ന് തെളിവുകൾ സഹിതം നാം ആ ലേഖനങ്ങളിൽ വിവരിച്ചിരുന്നു.
എന്നാൽ, കേരളത്തിലെ സമസ്തക്കാർ തന്നെ തങ്ങൾ വിശ്വസിച്ചാചരിക്കുന്ന പല കാര്യങ്ങളും-സലഫികൾ എതിര്‍ക്കുന്ന കാര്യങ്ങൾ-തനിച്ച ശീഈ വിശ്വാസമാണെന്ന് മുമ്പൊരിക്കൽ അറിയാതെ തുറന്നെഴുതിയിട്ടുണ്ട്. അത് വായിച്ചാൽ നമുക്ക് മനസ്സിലാകും, എന്താണ് ശീഈ പ്രതിനിധികൾ ഇടക്കിടെ സമസ്താലയങ്ങളും സമസ്ത നേതാക്കളെയും സന്ദർശിക്കുന്നതിന്റെ ഉദ്ദേശ്യം എന്ന്.

തീവ്ര ക്വുബൂരീ വാരികയായിരുന്ന ‘അൽ മുബാറക്’ വാരികയിൽ 22 വര്‍ഷങ്ങൾക്ക് മുമ്പ് വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് തന്നെ ‘സുന്നികളും ശിയാക്കളും വഹാബികളും മൌദൂദികളും’ എന്നായിരുന്നു. ലേഖന കര്‍ത്താവ് പ്രൊഫ: ഓമാനൂർ മുഹമ്മദ് എന്ന ഒറിജിനൽ ഖുറാഫിയാണ്.

പ്രസ്തുത ലേഖനത്തിലെ ചില പ്രധാന ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ. “സുന്നികളുടെ അംഗീകൃത മദ്ഹബുകൾ തമ്മിൽ ഭിന്നതയുണ്ട്. എന്നാൽ ഈ ഭിന്നത ഫുറൂഇയ്യാത്ത് അഥവാ ശാഖാപരമായ കാര്യങ്ങളിൽ മാത്രമാണ്.

എന്നാൽ സുന്നികളും വഹാബികളും തമ്മിലുള്ള ഭിന്നത ‘തൗഹീദ്’ -ഏകദൈവത്തിലുള്ള വിശ്വാസം-മുതൽക്കു തന്നെ തുടങ്ങുന്നുണ്ട്.

മരിച്ചുപോയ പ്രവാചകന്മാര്‍ക്കും ഔലിയാഅ് എന്ന് പറയുന്ന പുണ്യാത്മാക്കൾക്കും അവരുടെ മരണശേഷവും ഭൗതിക ലോകത്തെ കാര്യങ്ങളിൽ ഇടപെടാനും, ലോകരെ സഹായിക്കാനും, വേണമെങ്കിൽ ഉപദ്രവിക്കാനും അല്ലാഹു കഴിവ് നൽകുമെന്നാണ് അശ്അരീ-മാതുരീദീ സുന്നികളുടെ വിശ്വാസം.
ഇതുതന്നെയാണ് ശിയാക്കളും വിശ്വസിക്കുന്നത്. എന്നാൽ മരണത്തോടെ അമ്പിയാഇന്റെ അമാനുഷിക സിദ്ധികളും (മുഅ്ജിസാത്ത്) ഔലിയാഇന്റെ അതിമാനുഷ കഴിവുകളും (കറാമാത്) അവസാനിക്കുന്നത് കൊണ്ട് അവര്‍ക്ക് ഭൗതിക ലോകത്ത് ഒന്നും ചെയ്യാൻ സാധ്യമല്ലെന്നും അവരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്നത് ദൈവത്തിൽ പങ്ക് ചേര്‍ക്കലാണെന്നും അക്കാരണത്താൽ നബിയോടും മറ്റും മരണാനന്തരം സഹായം അഭ്യർത്ഥിക്കുന്നവർ ശിര്‍ക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും വഹാബികൾ വാദിക്കുന്നു ഇക്കാരണത്താൽ സുന്നീ-വഹാബീ ഭിന്നത അടിസ്ഥാനപരമാണെന്ന് തന്നെ പറയുന്നതിൽ അതിശയോക്തിയില്ല. അടിസ്ഥാന വിശ്വാസമായ തൗഹീദിൽ സുന്നികളും ശിയാക്കളും യോജിക്കുന്നു.” (അൽ മുബാറക്. 1410. മുഹറം. 13. പേജ്. 5)
നോക്കൂ! അടിസ്ഥാന തൗഹീദിൽ തന്നെ ഇവർ ശിയാക്കളുമായി യോജിപ്പിലാണത്രെ! പിന്നെ എന്തിനാണ് സമസ്തക്കാരേ, “ഞങ്ങളാണ് അഹ്ലുസ്സുന്ന” എന്ന് പറഞ്ഞ് ഈ പാമര കേരളജനതയെ നിങ്ങൾ വഞ്ചിക്കുന്നത്? തങ്ങൾ കേരള ശീഇകളാണെന്ന് ഇനിയെങ്കിലും തുറന്ന് പറയാൻ എന്തിനാണ് ഇവർ മടി കാണിക്കുന്നത്? തീര്‍ന്നില്ല. ഇവരുടെ ശീഈ ബന്ധത്തെക്കുറിച്ച് വീണ്ടും ലേഖകൻ പറയുന്നു.

“പുണ്യാത്മാക്കളുടെ ഖബ്റിടങ്ങൾ സന്ദർശിച്ച് അവരുടെ അനുഗ്രഹം തേടുന്നത് സുന്നികളും ശിയാക്കളും പുണ്യകർമ്മമായിട്ടാണ് കരുതുന്നത്. വഹാബികളുടെ വീക്ഷണത്തിൽ ഖബ്റിടം സന്ദര്‍ശിക്കുന്നത് പരേതന് വേണ്ടി പ്രാർത്ഥിക്കാനും നാമും മരിക്കേണ്ടവരാണെന്ന് ഓര്‍മ്മി ക്കാനുമാണ്. പുണ്യാത്മാവിന്റെ അനുഗ്രഹം തേടൽ വഴിയുള്ള ഖബർ സന്ദർശനം വഹാബീ വീക്ഷണത്തിൽ നിഷിദ്ധമാണ്. ഖബറുകൾ കെട്ടിപ്പൊക്കുന്നത് അവർ ഹറാമായിട്ടാണ് കരുതുന്നത്. സുന്നികളും ശിയാക്കളും അമ്പിയാഅ്, ഔലിയാഅ്, സ്വാലിഹീങ്ങൾ തുടങ്ങിയവരുടെ ഖബറുകൾ സിയാറത്ത് സൗകര്യാത്ഥം കെട്ടിപ്പടുക്കാമെന്നാണ് പറയുന്നത്.” (അതേ വാരിക) നോക്കൂ! ഇസ്ലാമിലില്ലാത്ത പുത്തൻ സംഗതികളായ ക്ബറുകൾ കെട്ടിയുയര്‍ത്തലും അവിടെ ചെന്ന് സഹായമഭ്യർത്ഥി ക്കലുമെല്ലാം ഇരുകൂട്ടര്‍കും ഒരു പോലെ ഹലാലാണത്രെ! സമസ്തക്കാരുടെ ആദര്‍ശ വേരുകൾ ശീഇസത്തിന്റെ വികലമായ അഴുക്കുചാലുകളിൽ നിന്നാണ് ഊര്‍ജ്ജം സ്വീകരിക്കുന്നത് എന്നതിന് ഇതിൽ പരം തെളിവ് ഇനിയെന്ത് വേണം?

കേരള മുസ്ലിം സമൂഹത്തിൽ അഹ്ലുസ്സുന്നയുടെ വേഷം ധരിച്ച ശീഈ വിശ്വാസക്കാരാണ് സമസ്തക്കാർ എന്ന സത്യമാണ് ഇതിലൂടെയെല്ലാം പുറത്ത് വരുന്നത്.

തീര്‍ന്നില്ല, ലേഖകൻ തുടര്‍ന്നെഴുതുന്നത് ശ്രദ്ധിക്കുക. “സൂഫിസവും അതിന്റെ വിവിധ മാര്‍ഗ്ഗങ്ങളായ ത്വരീഖത്തുകളും ദൈവസാമീപ്യം കൈവരിക്കാനുള്ള മഹത്തായ മാർഗ്ഗങ്ങളായിട്ടാണ് സുന്നികളും ശിയാക്കളും കരുതുന്നത്. വഹാബികളെ സംബന്ധിച്ചിടത്തോളം സൂഫിസവും ത്വരീഖത്തുകളും മാര്‍ഗ്ഗ വശങ്ങളാണ്. ഇസ്ലാമിന് അന്യമായ സന്യാസം വളര്‍ത്താനേ അത് ഉപകരിക്കൂവെന്നാണ് അവർ കരുതുന്നത്. വഹ്ദതുൽ വുജൂദ്, ഫനാഅ്, മുശാഹദ തുടങ്ങിയ സൂഫീ സ്റ്റേജുകളെ ശിയാക്കളും ഒരു പരിധി വരെ ചില സുന്നികളും ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ വഹാബികൾ അത്തരം സൂഫീ ഘട്ടങ്ങൾ തനി കുഫ്രിയ്യത്താണെന്ന് തീർത്ത് പറയുന്നു.”

കണ്ടല്ലോ! ഇസ്ലാമിൽ സന്യാസം കടത്തിക്കൂട്ടാൻ ചില തൽപ്പര കക്ഷികൾ പടച്ചുണ്ടാക്കിയ സൂഫിസമെന്ന തിന്മയെ പ്രചരിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിലും ശിയാക്കളും സമസ്തസുന്നികളും ഒറ്റക്കെട്ടാണ്. സമസ്താലയത്തിൽ ഇറാൻ ആത്മീയനേതാവിന്റെ സ്വന്തം പ്രതിനിധി എന്ത് കൊണ്ട് സന്ദർശനം നടത്തുന്നു എന്ന ചോദ്യത്തിന്റെ ഉത്തരങ്ങൾ വായനക്കാര്‍ക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും.

ഇറാനിൽ അഹ്ലുസ്സുന്നക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ സമാന പതിപ്പാണ് കേരളത്തിലെ ‘വഹാബികൾ’ക്കെതിരിൽ ഇവിടെയുള്ള സമസ്തക്കാർ നടത്തുന്ന കയ്യേറ്റങ്ങൾ. ഇറാൻ ശീഇ-കൾക്ക് ഏറ്റവും വലിയ ശത്രുക്കൾ സൗദിയിലെ സലഫികളാണ്. കേരളത്തിലെ സമസ്തക്കാര്‍ക്ക് ഏറ്റവും വലിയ ശത്രുക്കൾ കേരളത്തിലെ സലഫികൾ ആയത് പോലെ.

ശീഈ-സമസ്ത വിശ്വാസ ബാന്ധവത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം തെളിച്ച് ലേഖകൻ തുടരുന്നു. “മീലാദുന്നബി പോലെയുള്ള പുണ്യാത്മാക്കളുടെ ജന്മദിനം ആഘോഷിക്കലും ചരമദിനം അനുസ്മരിക്കലും സുന്നീ ശിയാ വിശ്വാസപ്രകാരം പുണ്യകർമ്മങ്ങളാണ്. മിഅ്റാജ്, ബറാഅത്ത് എന്നിവയെല്ലാം പ്രാധാന്യപൂര്‍വ്വം ശിയാക്കൾ ആഘോഷിക്കുന്നു. മുഹറം പത്തിന് നോമ്പനുഷ്ഠിക്കുന്നതല്ലാതെ പ്രത്യേക ആഘോഷങ്ങളൊന്നും സുന്നികൾക്കില്ല. ശിയാക്കൾക്ക് മുഹറം പത്ത് കര്‍ബലാ അനുസ്മരണമാണ്. എന്നാൽ മീലാദുന്നബി പോലെയുള്ള ആഘോഷങ്ങൾ വഹാബീ വീക്ഷണത്തിൽ അടിസ്ഥാനരഹിതങ്ങളായ ദുരാചാരങ്ങളാണ്.” (അൽ മുബാറക്. 1410. മുഹറം. 13. പേജ്. 5)

ശിര്‍ക്കിന്റെ കാര്യത്തിൽ മാത്രമല്ല, നൂതന ആചാരങ്ങളുടെ (ബിദ്അത്തുകളുടെ) വിഷയത്തിലും ശീഈ പാരമ്പര്യം പേറുന്നവരാണ് സമസ്തക്കാരെന്ന സത്യം അവരുടെ തൂലികകൾ തന്നെ വിളിച്ച് പറഞ്ഞത് നാം കണ്ടു. സലഫികൾ ഈ പുത്തൻ വാദികൾക്കെതിരായി നിലപാട് സ്വീകരിക്കുന്നവരാണെന്നും ഇവർ തന്നെ അംഗീകരിച്ചു. ഇനി സാധാരണക്കാർ ചിന്തിക്കട്ടെ. ശീഇസവുമായി സകല മേഖലകളിലും അത്ഭുതകരമായ സാമ്യം പുലർത്തുകയും ശീഇകളുമായി ഈടുറ്റ ബന്ധം നിലനിര്‍ത്തുകയും അവരെ തങ്ങളുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ക്ഷണിച്ച് വരുത്തി സ്വീകരണം നൽകുകയും ശീഇകളെ പുകഴ്ത്തി സാധാരണക്കാർ വായിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ലേഖനമെഴുതുകയും ചെയ്യുന്ന സമസ്തക്കാർ ആണോ കേരളത്തിലെ അഹ്ലുസ്സുന്നയുടെ ആളുകൾ?

അതോ, ശീഇസവുമായി ഒരു വിധത്തിലുമുള്ള ബന്ധത്തിനും കൂട്ടാക്കാത്ത സലഫികളാണോ അഹ്ലുസ്സുന്നയുടെ വക്താക്കൾ? നിഷ്പക്ഷരായ മുസ്ലിം സഹോദരങ്ങൾ മറുപടി കണ്ടെത്തട്ടെ. കാര്യങ്ങൾ ഇത്രത്തോളമെത്തിയ സ്ഥിതിക്ക് അഹ്ലുസ്സുന്നയുടെ മുഖംമൂടി ധരിച്ച് കേരളത്തിൽ വിലസുന്ന ഈ ശിയാ ചാരന്മാരെ മുസ്ലിം കൈരളി തിരിച്ചറിയേണ്ടിയിരിക്കുന്നു.