കാന്‍സര്‍: ചില വസ്തുതകള്‍

കാന്‍സര്‍: ചില വസ്തുതകള്‍

ആഗോളതലത്തിലെന്നപോലെ നമ്മുടെ കൊച്ചു കേരളത്തിലും അര്‍ബുദരോഗങ്ങള്‍ കൂടിവരികയാണ്. ജീവിതദൈര്‍ഘ്യം കൂടിയതും ജീവിതശൈലി വ്യത്യാസങ്ങളും ചികില്‍സാ നിര്‍ണയ സൗകര്യങ്ങളുടെ വര്‍ധനവും കാരണമായി പറയപ്പെടുന്നു.

പുരുഷന്മാരില്‍ വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാന്‍സര്‍, അന്നനാള-ആമാശയ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവ കൂടുതലായി കണ്ട് വരുന്നു. കരളിലെ കാന്‍സറും സമീപകാലത്ത് കൂടി വരുന്നുണ്ട്. 

സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. തൈറോയിഡ് ഗ്രന്ഥിയില്‍ വരുന്ന ട്യൂമറുകളും ഒട്ടും പിന്നിലല്ല. 20-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടുതലായി കണ്ടിരുന്ന ഗര്‍ഭാശയ കാന്‍സര്‍ ഇപ്പോള്‍ കുറഞ്ഞ് വരുന്നുണ്ടെങ്കിലും അണ്ഡാശയ കാന്‍സറും ഗര്‍ഭാശയ കാന്‍സറും ഇന്നും സുലഭമാണ്. രക്താര്‍ബുദവും ലിംഫോമയും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കണ്ട് വരുന്നു.

പ്രായം ചെന്നവരില്‍ മള്‍ട്ടിപ്പിള്‍ മൈലോമയെന്ന രക്താര്‍ബുദം കൂടുതലായി കാണുന്നുണ്ട്. കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണുന്നത് രക്താര്‍ബുദ(ലുക്കീമിയ)വും ബ്രെയിന്‍ ട്യൂമറുകളുമാണ്.

കാന്‍സര്‍ രോഗനിര്‍ണയമാണ് ആദ്യമായി തിരുമാനിക്കുന്നത്. കാന്‍സര്‍ ഉണ്ടെന്ന് വൈദ്യപരിശോധനയില്‍ സംശയം തോന്നിയാല്‍ രോഗനിര്‍ണയം ഉറപ്പാക്കാന്‍ ‘ബയോപ്‌സി’ പരിശോധന ചെയ്യുന്നു. ഇത് ലളിതമായ സൈറ്റോളജി പരിശോധനയോ അള്‍ട്രാസൗണ്ട്/സി.ടി സ്‌കാന്‍ ഉപയോഗിച്ചുള്ള നീഡില്‍ ബയോപ്‌സിയോ ആകാം.

കാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഈ അര്‍ബുദം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനുളള പരിശോധനകളും ആവശ്യമായി വരുന്നു.

എങ്ങനെ തടയാം?

വായിലും തൊണ്ടയിലും വരുന്ന കാന്‍സറും ശ്വാസകോശ അര്‍ബുദവും മൂത്രാശയ കാന്‍സറും ഉള്‍പ്പെടെ 40 ശതമാനത്തോളം കാന്‍സര്‍ രോഗങ്ങളും പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മദ്യപാനവും ഹെപ്പറ്റൈറ്റിസ് ബി അണുബാധയും കരള്‍ കാന്‍സറിന് വഴിതെളിയിക്കുന്നുണ്ട്. എച്ച്.പി.വി ഹ്യൂമന്‍ പാപ്പിലോമസെറസ് ഗര്‍ഭാശയ കാന്‍സറിനും മലദ്വാര കാന്‍സറിനും കാരണമാകുന്നുണ്ട്. അന്തരീക്ഷ മലിനീകരണം ശ്വാസകോശാര്‍ബുദത്തിന് വഴിതെളിയിക്കുന്നുണ്ട്.

തുടക്കത്തില്‍ തന്നെ കണ്ട് പിടിച്ചാല്‍ ഒട്ടുമിക്ക കാന്‍സറുകളും പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയും. 40 വയസ്സിന് ശേഷം രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാമ്മോസോണോഗ്രഫി പരിശോധന നടത്തിയാല്‍ സ്തനാര്‍ബുദം നേരത്തെ കണ്ട് പിടിക്കാം. ഗര്‍ഭാശയ ഗളകാന്‍സര്‍ നേരത്തെ കണ്ട് പിടിക്കാന്‍ pap smear examination വളരെ ഫലപ്രദമാണ്. കാന്‍സര്‍ വരാന്‍ സാധ്യതയുള്ള ആളുകളില്‍ കൃത്യമായ ഇടവേളകളില്‍ ഇത്തരത്തിലുളള പരിശോധന നടത്തേണ്ടതാണ്.

കാന്‍സര്‍ ചികില്‍സാ സൗകര്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമുക്ക് കൂടുതലാണ്. നേരത്തെ കണ്ടുപിടിക്കുകയും ശരിയായ ചികില്‍സ ലഭ്യമാക്കുകയും ചെയ്താല്‍ പരിപൂര്‍ണമായി ചികില്‍സിച്ച് മാറ്റാം. പുതിയതരം ചികില്‍സാരീതികളായ ഇമ്മ്യൂണോ തെറാപ്പിയും മറ്റു നൂതന ചികില്‍സാരീതികളും മൂലം കാന്‍സര്‍ ചികില്‍സയുടെ ചെലവ് വല്ലാതെ വര്‍ധിച്ചിരിക്കുന്നു.

വളരെ വൈകി കണ്ടെത്തുന്ന കാന്‍സറുകള്‍ക്ക് വിലയേറിയ ചികില്‍സകള്‍ നടത്തി ഒന്നോ രണ്ടോ വര്‍ഷം ആയുസ്സ് കൂട്ടാന്‍ ശ്രമിക്കുന്ന തീരുമാനം പലപ്പോഴും ഒരു പരാജയമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയും ഉറ്റ ബന്ധുക്കളും ഒരു ഉചിതമായ തീരുമാനമെടുത്തു ‘തൃപ്തികരമായ’ മരണത്തിന് തയ്യാറെടുക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

മരുന്നുകള്‍: മിത്രമോ ശത്രുവോ?

മരുന്നുകള്‍: മിത്രമോ ശത്രുവോ?

രോഗലക്ഷണങ്ങള്‍ വിശദമായി കേട്ടതിന് ശേഷം ആവശ്യമായ ദേഹപരിശോധന നടത്തി ചിലപ്പോള്‍ അത്യാവശ്യ ലബോറട്ടറി റേഡിയോളജി പരിശോധന നടത്തി ഫലം പരിശോധിച്ചതിന് ശേഷം രോഗിക്ക്  പലവിധം മരുന്നുകള്‍ കുറിച്ച് നല്‍കാറാണ് പതിവ്.

മരുന്നുകള്‍ കഴിക്കുമ്പോള്‍ എന്തെങ്കിലും ശാരീരിക വ്യതിയാനങ്ങള്‍, ഛര്‍ദി, കാഴ്ച മങ്ങല്‍, തലവേദന എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ മരുന്നുകള്‍ നിര്‍ത്തി അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

മരുന്നുകള്‍ മനുഷ്യന്റെ ശത്രുവോ മിത്രമോ അല്ല. അലോപ്പതിയായാലും ആയൂര്‍വേദമായാലും ഹോമിയോ ആയാലും അത് നിര്‍ദേശിക്കപ്പെട്ട കാലയളവില്‍ കൃത്യമായ അളവില്‍ കൃത്യസമയത്ത് ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഏറ്റവും നല്ല മിത്രമായി മാറുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ സേവിക്കുമ്പോള്‍ നമ്മുടെ ശത്രുവായി മാറും. ഈ കാര്യം രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും മനസ്സിലാക്കിക്കൊടുക്കുവാനുള്ളഉത്തരവാദിത്വം ഡോക്ടര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുണ്ട്.

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അല്ലാതെയും വിവിധ പരിശോധനകളിലൂടെ സ്ഥിരീകരിച്ച രോഗങ്ങളെയും രോഗാവസ്ഥയെയും ചികില്‍സിച്ച് മാറ്റാനോ ലഘൂകരിക്കാനോ വേണ്ടിയാണ്  നാം ‘മരുന്നുകള്‍’ ഉപയോഗിക്കുന്നത്. രോഗത്തേയും രോഗാവസ്ഥയേയും  ഫലപ്രദമായി നിയന്ത്രിക്കുവാന്‍ മരുന്നുകള്‍ അത്യന്താപേക്ഷിതമാകുമ്പോഴാണ് അത് കുറിക്കപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ഓരോ മരുന്നും ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളും രീതികളും നല്ലവണ്ണം അറിഞ്ഞിരിക്കേണ്ടതാണ്.

ഒരേ മരുന്ന് തന്നെ വിവിധ അളവിലും രീതിയിലും പലതരം രോഗങ്ങള്‍ ചികില്‍സിക്കാനുപയോഗിക്കുന്നു. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ യാതൊരുവിധ മരുന്നുകളും ഉപയോഗിക്കരുത്. രോഗങ്ങള്‍ പൂര്‍ണമായും മാറ്റുന്നതിനും രോഗലക്ഷണങ്ങളെ ശമിപ്പിക്കുന്നതിനും രോഗിയുടെ പ്രയാസങ്ങള്‍ കുറക്കുന്നതിനും വേണ്ടി ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കാറുണ്ട്. മരുന്നുകളുടെ ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ വിശദവിവരങ്ങളും ഇന്ന് ജനങ്ങള്‍ക്ക് വിരല്‍തുമ്പില്‍ ലഭ്യമാണെങ്കിലും അവയുടെ ഉപേയാഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതില്‍ നാം മടികാണിക്കരുത്.

രോഗിയുടെ ശാരീരികാവസ്ഥ, മാനസിക നില മറ്റു അസുഖങ്ങള്‍, കഴിക്കുന്ന മറ്റു മരുന്നുകള്‍, സാമ്പത്തിക സ്ഥിതി, അലര്‍ജി എന്നിവ മനസ്സിലാക്കിയതിന്ന് ശേഷമാണ് ഏത് ചികില്‍സയാണ് ആവശ്യമെന്ന് തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കുന്ന മരുന്നിന്റെ അളവ് സമയം, ഉപയോഗരീതി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മാത്രമെ മരുന്നുകളുടെ പൂര്‍ണഫലം ലഭിക്കുകയുള്ളൂ. ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് എങ്ങിനെ മരുന്ന് സൂക്ഷിക്കണമെന്നും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണെന്നും രോഗികളും കൂട്ടിരിപ്പുകാരും അറിഞ്ഞിരിക്കണം.

ആഹാരത്തിന് മുമ്പ് കഴിക്കേണ്ട ഗുളികകള്‍ ഏകദേശം 1/2 മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണം. ആഹാരത്തിന് ശേഷം കഴിക്കേണ്ട മരുന്നുകള്‍ ഭക്ഷണം കഴിച്ച് 1/2 മണിക്കൂര്‍ കഴിഞ്ഞ് കഴിക്കുക. ആഹാരത്തിന്റെ കൂടെ കഴിക്കേണ്ട മരുന്നുകള്‍ ഭക്ഷണം കുറച്ച് കഴിച്ചശേഷം കഴിക്കുക. മരുന്നു കഴിക്കുമ്പോള്‍ കഴിവതും എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ജംഗ് ഫുഡ് കഴിയുന്നതും ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ചൂടുവെള്ളം ഉപയോഗിച്ച് മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കുക.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

കൊളസ്‌ട്രോള്‍ കൊലയാളിയോ?

കൊളസ്‌ട്രോള്‍ കൊലയാളിയോ?

ശരീരത്തില്‍ കൊളസ്‌ട്രോള്‍ എങ്ങനെ രൂപം പ്രാപിക്കുമെന്നും അത് രക്തക്കുഴലില്‍ അടിഞ്ഞുകൂടി കാലക്രമേണ രക്തയോട്ടത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള കണ്ടെത്തലുകള്‍ക്കാണ് 1985ല്‍ മിഷയേല്‍ ബ്രൗണിനും സാമുവല്‍ ഗോള്‍സ്റ്റിനിനും വൈദ്യശാസ്ത്ര നോബല്‍ സമ്മാനം ലഭിച്ചത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഈ കൊഴുപ്പുകൊണ്ടുണ്ടാകുന്ന വിപത്തുകള്‍ ഒഴിവാക്കാനാകുമെന്ന് കൂടി ഇവര്‍ തെളിയിച്ചു. ഇത് പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്തിയപ്പോള്‍ ഹൃദയാഘാതം കൊണ്ടുളള മരണനിരക്ക് 56 ശതമാനം കുറയ്ക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിഞ്ഞു. രക്തസമ്മര്‍ദവും പ്രമേഹവും നിയന്ത്രിച്ച്, ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം കുറച്ച്, തൂക്കം നിയന്ത്രിച്ച്, പുകയില വര്‍ജിക്കുകയും ചെയ്തുകൊണ്ടാണ് അവര്‍ ഈ നേട്ടം കൈവരിച്ചത് എന്നത് കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 

ശരീരത്തിലെ കൊളസ്‌ട്രോള്‍ പ്രധാനമായും ഉണ്ടാകുന്നത് കരളിലാണ്. ആവശ്യത്തില്‍ കൂടുതല്‍നാം കഴിക്കുന്ന ആഹാര പദാര്‍ഥങ്ങളിലെ അന്നജവും കൊഴുപ്പിലുള്ള ഊര്‍ജവും കൊഴുപ്പായാണ് ശരീരത്തില്‍ സൂക്ഷിക്കുന്നത്. ഇതിന്റെ ഒരു വകഭേദമാണ് കൊളസ്‌ട്രോള്‍. ഇത് വെള്ളത്തില്‍ ലയിക്കാത്തതിനാല്‍ ലൈപ്രോട്ടീന്‍ എന്ന പ്രോട്ടീന്‍ കണികകളുമായി ചേര്‍ന്നാണ് രക്തത്തില്‍ ലയിക്കുന്നത്. നമ്മുടെ കുടലും കൊളസ്‌ട്രോള്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ആഹാരത്തിലൂടെ നമ്മുടെ ഇഷ്ട ചേരുവകളായ എണ്ണയും വെണ്ണയും നെയ്യും മുട്ടയും തേങ്ങയും പിന്നെ അമിതാഹാരവും കൂടിയാകുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ!

ശരീരത്തിനാവശ്യമായ ഒരു കൊഴുപ്പാണ് കൊളസ്‌ട്രോള്‍. കോശഭിത്തി, പ്രത്യേകിച്ച് തലച്ചോറിലെ കോശങ്ങളുടെ കോശഭിത്തി ഈ കൊഴുപ്പുകൊണ്ടും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. നമ്മുടെ പല ഹോര്‍മോണുകളുടെയും നിര്‍മാണത്തില്‍ കൊളസ്‌ട്രോളിന് സുപ്രധാന പങ്കുണ്ട്. ഇതിനു വേണ്ടിയാണ് കരളലും കുടലിലും കൊളസ്‌ട്രോള്‍ ഉദ്പാദിപ്പിക്കപ്പെടുന്നത്. പക്ഷേ, ആവശ്യത്തില്‍ കൂടുതല്‍ ആഹാരത്തിലൂടെ തന്നെ ശരീരത്തിലെത്തുമ്പോള്‍ അത് രക്തക്കുഴലില്‍ അടിഞ്ഞുകൂടി ഹൃദ്രോഗവും പക്ഷാഘാതവുമടക്കമുള്ള ധമനീ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. 

എന്ത് കഴിക്കുന്നു എന്നത് പോലെത്തന്നെ എത്ര കഴിക്കുന്നു എന്നതും പ്രധാനമാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല” (ക്വുര്‍ആന്‍ 7:31).

 

നല്ലതും ചീത്തയും 

കൊളസ്‌ട്രോള്‍ കൂടുതലാകുമ്പോള്‍ കോശങ്ങളിലടിഞ്ഞ കൊളസ്‌ട്രോളിനെ ശരീരം തന്നെ പുറംതള്ളാന്‍ വേണ്ടി HDL എന്ന പ്രോട്ടീനുമായി യോജിപ്പിച്ച് കുടലിലെത്തിച്ച് പിത്തരസത്തിലൂടെ പുറത്ത് കളയുന്നു. ഇതിന്റെ അളവ് കൂടുന്നതിനനുസരിച്ച് കൂടുതല്‍ കൊളസ്‌ട്രോള്‍ കുടല്‍ മാര്‍ഗം പുറന്തള്ളപ്പെടും. ഹൃദ്രോഗം വരുന്ന പലര്‍ക്കും ഇതിന്റെ അളവ് കുറവാണ്. ഇതിന്റെ അളവ് കൂടുന്നത് നല്ല ലക്ഷണമാണ്. സ്ത്രീകളില്‍ 45 mgലും പുരുഷന്മാരില്‍ 50 mgലും കൂടുന്നതാണ് അത്യുത്തമം. രക്തത്തിലുള്ള വെറും കൊഴുപ്പാണ് ട്രൈഗ്ലിസറൈഡ്‌സ്. ഇതിന്റെ അളവ് 150ല്‍ കൂടാന്‍ പാടില്ല.

കൊളസ്‌ട്രോളിന്റെ ആകെ അളവ് 160 mg മുതല്‍ 200 mg വരെ ആകുന്നതാണ് നല്ലത്. ഹൃദ്രോഗം വന്നുകഴിഞ്ഞാല്‍ ഇതിനെ 160 mgല്‍ താഴെ നിര്‍ത്തണം. ആഹാരത്തിലെ പഥ്യവും വ്യായാമവും കൊണ്ട് ഇത് സാധിക്കുന്നില്ലെങ്കില്‍ ഗുളികകളെ ആശ്രയിക്കേണ്ടിവരും. LDL കൊളസ്‌ട്രോള്‍ ആണ് ഏറ്റവും ഹാനികരം. ഇതിന്റെ അളവ് 100 mgനും 130 mgനും ഇടക്ക് നിര്‍ത്തണം. ഹൃദ്രോഗമുള്ളവര്‍ ഇതിന്റെ അളവും 70 mgല്‍ താഴെവരെ കുറക്കേണ്ടത് ആവശ്യമാണ്. 

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

 

മസ്തിഷ്‌കം എന്ന വിസ്മയം

മസ്തിഷ്‌കം എന്ന വിസ്മയം

490 കിലോമീറ്റര്‍ നീളമുള്ള രക്തക്കുഴലുകള്‍....!

ഒരു മസ്തിഷ്‌ക സെല്ലില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങള്‍ ശേഖരിക്കുന്ന നാഡീകോശങ്ങളിലൂടെ കുതിക്കുന്നു...!

എക്‌സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തെക്കാള്‍ അതിവേഗം...!

ഒരു സെക്കന്റില്‍ 1 ലക്ഷം സന്ദേശങ്ങള്‍...!

ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങള്‍ മുതല്‍ കണ്‍പോളകളുടെ അനക്കം പോലും തലച്ചോര്‍ നിയന്ത്രിക്കുന്നു...!

സ്തിഷ്‌കം 25 വാട്‌സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു...!

ഒരു ബള്‍ബിന് പ്രകാശിപ്പിക്കാനുള്ള പവര്‍.

ഭാരം: 1.5 കിലോഗ്രാം...!

വ്യാപ്തി: 14 CM x 16 CM മാത്രം!

വിവിധയിനം ഘടനകളും ധര്‍മങ്ങളുമുള്ള നിരവധി ശരീരകലകളും അവയവങ്ങളും ഉള്‍പ്പെട്ട ഒരു കൂട്ടായ്മയാണ് മനുഷ്യശരീരം. ശരീത്തിന്റെ പൊതുവായ ക്ഷേമത്തിന് വേണ്ടി ഇവയെല്ലാം ഒരുമിച്ച് സുഗമമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നു. ഇതിന് വേണ്ട സകല മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണവും നല്‍കുന്നത് നാഡീവ്യൂഹമാണ്. കേന്ദ്ര നാഡീവ്യൂഹത്തിലെ പ്രധാന അംഗമാണ് മസ്തിഷ്‌കം അഥവാ തലച്ചോര്‍. കട്ടിയുള്ള തയലോട്ടിക്കകത്ത് വളരെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഏതാണ്ട് ഒന്നര കിലോഗ്രാം തൂക്കം വരുന്ന വളരെ ലോലവും മൃദുലവുമായ അവയവമാണ് മസ്തിഷ്‌കം. ശരീരത്തിന്റെ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, കണ്‍ട്രോള്‍ റൂം, കോ ഓര്‍ഡിനേഷന്‍ കേന്ദ്രം, ഡാറ്റാ സെന്റര്‍, ആജ്ഞാ കേന്ദ്രം… ഇതെല്ലാമാണ് തലച്ചോര്‍! സദാ സജ്ജവും സന്നദ്ധവും ജാഗരൂഗവുമായി പ്രവര്‍ത്തിക്കുന്ന ബൃഹത്ത് കേന്ദ്രം; ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍!

തലയോട്ടിക്കകത്ത് മസ്തിഷ്‌കത്തെ പൊതിഞ്ഞ് മറ്റൊരു സുതാര്യമായ ആവരണം കൂടിയുണ്ട്. മെനിഞ്ചസ്. ഇതിനെ ബാധിക്കുന്ന അണുബാധയെയാണ് മെനിഞ്ചൈറ്റിസ് എന്ന് പറയുന്നത്. തലച്ചോറിന് ഇടതും വലതും എന്നു രണ്ടു ഭാഗങ്ങളുണ്ട്. ഇടതുഭാഗം ശരീരത്തിന്റെ വലതുഭാഗത്തെയും വലതുഭാഗം ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ്, പക്ഷാഘാതം സംഭവിച്ച രോഗിയുടെ വലതുവശം തളരുമ്പോള്‍ ഇടതു തലച്ചോറിന് ക്ഷതം സംഭവിച്ചിരിക്കുന്നു എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. സാധാരണ ഗതിയില്‍ വലത്തെ കയ്യന്‍മാരുടെ സംസാരം നിയന്ത്രിക്കുന്ന കേന്ദ്രം ഇടതുതലച്ചോറിലാണ് സ്ഥിതി ചെയ്യുന്നത്. അതുമൂലം ഇത്തരം രോഗികളുടെ സംസാരശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു എന്നോര്‍ക്കണം. തലച്ചോറിന്റെ ഇടതുഭാഗം വിശകലനം, അപഗ്രഥനം, കാര്യകാരണ വ്യവഛേദം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുമ്പോള്‍ വലതുഭാഗമാകട്ടെ യുക്തിക്കതീതമായ ചിന്തകള്‍, സൗന്ദര്യ സങ്കല്‍പങ്ങള്‍, കലാപരമായ മേന്‍മകള്‍ ഇവയുടെയെല്ലാം ഇരിപ്പിടമാകുന്നു. ഈ രണ്ടു ഭാഗങ്ങളെയും (ഇടതിനെയും വലതിനെയും) തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയുണ്ട്; ‘കോര്‍പസ് കലോസം.’ തലച്ചോറിന്റെ ഉപരിതല ഭാഗങ്ങള്‍ക്ക് ഇളംചുവപ്പ് കലര്‍ന്ന ചാരനിറവും അന്തര്‍ഭാഗങ്ങള്‍ക്ക് വെളുപ്പ് നിറവുമാണ്. ഇവയെ ഗ്രേമേറ്റര്‍, വൈറ്റ്‌മേറ്റര്‍ എന്നിങ്ങനെ യഥാക്രമം വിളിക്കുന്നു. മാത്രമല്ല, തലച്ചോറിന്റെ ഉപരിതലം ഏറെ മടക്കുകളും ചുളിവുകളുമുള്ള രീതിയിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉപരിതല വിസ്തീര്‍ണം കൂടുന്നതിനുള്ള ഒരു ഉപാധിയായി നമുക്കിതിനെ കാണാം. കുറഞ്ഞ സ്ഥലത്തിനകത്ത് കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ.    

തലച്ചോറിനെ കുറച്ച്കൂടി സുരക്ഷിതമാക്കുവാനും അതിന്റെ ഭാരം ലഘൂകരിക്കുവാനുമായി മറ്റൊരു സംവിധാനം കൂടിയുണ്ട്. അതാണ് സലിബ്രോസ് സ്‌പൈനല്‍ ഫഌയിഡ് എന്ന നേര്‍ത്ത ദ്രാവകം. അതില്‍പൊങ്ങിക്കിടക്കുന്ന രീതിയിലാണ് തലച്ചോറിനെ സംവിധാനിച്ചിരിക്കുന്നത്.

നോക്കണേ, എന്തെല്ലാം മുന്‍കരുതലുകളാണ് നമ്മുടെ രക്ഷിതാവ് ഇതിന്റെ സുരക്ഷക്ക് വേണ്ടി സ്വകരിച്ചിരിക്കുന്നത്! എന്നിട്ടു പോലും നമ്മുടെ അശ്രദ്ധ കൊണ്ട് എന്തെല്ലാം അപകടങ്ങളാണ് നാം വരുത്തിവെക്കുന്നത്. (ഹെല്‍മെറ്റ് ഇടാതെ അപകടങ്ങള്‍ സംഭവിച്ച് തലച്ചോറിന് ക്ഷതം സംഭവിക്കുന്നത് ഉദാഹരണം). 

പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തലച്ചോറിനെ പല ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്; മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍, പിന്‍ഭാഗത്തുള്ള ഓക്‌സിപ്പിറ്റല്‍, വശങ്ങളില്‍ മുകളിലുള്ള പറൈറ്റില്‍, താഴെയുള്ള ടെമ്പാറല്‍ എന്നിങ്ങനെ. ഇടതും വലതും അര്‍ധഗോളങ്ങള്‍ ചേര്‍ന്ന സെറിബ്രത്തിന്റെ ഘടനയാണിത്. അതിന് താഴെ മിഡ്‌ബ്രൈന്‍, ബോണ്‍സ്, മിഡുല്ല എന്നിവ ചേര്‍ന്ന ഭാഗത്തിനാണ് ബ്രൈന്‍സ്റ്റം എന്ന് പറയുന്നത്. ശരീരത്തിന്റെ സന്തുലിതാവസ്ഥ അഥവാ, ബാലന്‍സ് കാക്കുന്ന സെറിബല്ലം ഇതിനോട് ചേര്‍ന്ന് പിറകിലാണ് കിടക്കുന്നത്. ബ്രൈന്‍ സ്റ്റമ്മിനകത്ത് ശ്വസന നിയന്ത്രണ കേന്ദ്രം ഉള്‍പ്പെടെ പ്രധാന ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വിവിധ കേന്ദ്രങ്ങള്‍ ഉണ്ട്. ബ്രൈന്‍ സ്റ്റമ്മിന്റെ താഴോട്ടുള്ള തുടര്‍ച്ചയാണ് സുഷുംന കാണ്ഡം.

ഏതാണ്ട് പതിനാല് ബില്യണ്‍ വിശേഷ ധര്‍മികളായ ന്യൂറല്‍ കോശങ്ങളും അവയ്ക്ക് തുണയേകുന്ന മറ്റു ശരീര കലകളും അസംഖ്യം ന്യൂറല്‍ ചാനലുകളും ചേര്‍ന്നതാണ് തലച്ചോറിന്റെ ഘടന. ഈ കോശങ്ങളുടെ വളര്‍ച്ചയും വികാസവും നടക്കുന്നത് നാം ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷത്തിലാണ്. ആ കാലഘട്ടത്തില്‍ കിട്ടുന്ന ക്രിയാത്മകമായ ചോദനകളാണ് കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെയും വ്യക്തിത്വ വികസനത്തെയും വികാസത്തെയും സ്വാധീനിക്കുന്നത്. കൂട്ടുകുടുംബത്തില്‍ വളരുന്ന കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് നിരവധി ആളുകളുമായുള്ള സമ്പര്‍ക്കം മൂലം സംസാര ശേഷി വര്‍ധിക്കുവാനും അതുമൂലം കൂടുതല്‍ വ്യക്തിവികാസം ഉണ്ടാകുവാനും സാധ്യതയുണ്ട്. കമ്പ്യൂട്ടറുകളെ പോലെ തന്നെ തലച്ചോറിന് അങ്ങോട്ട് എന്ത് കിട്ടുന്നവോ അതാണ് തിരിച്ച് വരുന്നത്. ബധിരതയുള്ള കുഞ്ഞുങ്ങള്‍ക്ക് കേള്‍വിയിലൂടെയുള്ള ചോദനകള്‍ ലഭ്യമല്ലാത്തതു കൊണ്ടാണ് അവര്‍ മൂകരായിത്തീരുന്നത്. ഇതൊരു ഉദാഹരണം മാത്രം. 

ഫ്രോണ്ടല്‍ ലോബി എന്ന സെറിബ്രത്തിന്റെ മുന്‍ഭാഗം വ്യക്തിത്വ വിശേഷങ്ങളുമായി ബന്ധപ്പെട്ടതാണ്. വശങ്ങളിലെ ടമ്പറല്‍ ലോബ് കേള്‍വിയുമായും പിറകിലെ ഓക്‌സിപിറ്റല്‍ ലോബ് കാഴ്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനു പുറമെ തലച്ചോറുമായി നേരിട്ട് ബന്ധമുള്ള പന്ത്രണ്ട് കേന്ദ്ര നാഡികളുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെ (കാഴ്ച, കേള്‍വി, രുചി, ഗന്ധം, സ്പര്‍ശം) ലഭിക്കുന്ന ചോദനകളെ  സ്വാംശീകരിച്ച് വേണ്ടപ്രതി പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക എന്നത് തലച്ചോറിന്റെ പ്രധാന ധര്‍മമാണ്. ഉദാ: വലിയ ഒച്ച കേള്‍ക്കുമ്പോള്‍ ഞെട്ടുക, തീയില്‍ തൊടുമ്പോള്‍ കൈ വലിക്കുക, ഉജ്വലമായ വെളിച്ചത്തിനു മുന്നില്‍ കണ്ണ് അടഞ്ഞുപോകുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ ആജ്ഞയിലൂടെയാണ് നടക്കുന്നത്.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

മുലപ്പാല്‍ സ്രഷ്ടാവിന്റെ മഹത്തായ കാരുണ്യം

മുലപ്പാല്‍ സ്രഷ്ടാവിന്റെ മഹത്തായ കാരുണ്യം

മാതാവിന് തന്റെ കുഞ്ഞിന് പകര്‍ന്ന് നല്‍കാനാകുന്ന അമൃതമാണ് മുലപ്പാല്‍. പലപ്പോഴും മുന്‍കൂട്ടി തയ്യാറെടുക്കാത്തതിനാല്‍ മുലയൂട്ടല്‍ സുഗമമായി നടത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന മാതാക്കളെയും മുലപ്പാല്‍ കിട്ടാത്തതിനാല്‍ കഷ്ടപ്പെടേണ്ടിവരുന്ന കുഞ്ഞുങ്ങളെയും ധാരാളമായി കണ്ടുവരുന്നു. വളരെ സ്വാഭാവികമായ  ‘മുലയൂട്ടല്‍’ ഇന്നത്തെ പല ന്യൂജനറേഷന്‍ അമ്മമാര്‍ക്കും സങ്കീര്‍ണമായിത്തീര്‍ന്ന പോലെ തോന്നുന്നു. ഇക്കാര്യത്തില്‍ മുലയൂട്ടി പരിചയമുള്ള മാതാക്കളുടെ അനുഭവ പങ്ക് വയ്പിന്റെ അഭാവം ശരിക്കും നിഴലിച്ചു കാണുന്നുണ്ട്.

ജനിച്ച ഉടനെ കുഞ്ഞിന് നല്‍കാന്‍ മുലപ്പാലോളം പോഷക സമൃദ്ധമായ മറ്റൊരു പ്രകൃതിദത്ത ഭക്ഷണം ലോകത്തെവിടെയും ലഭ്യമില്ല. നവജാത ശിശുവിന് ഇതിലേറെ സുരക്ഷിതവും സമ്പൂര്‍ണവുമായ മറ്റൊരാഹാരവുമില്ല. ഇളം മഞ്ഞനിറമുള്ള ആദ്യത്തെ ദിവസങ്ങളില്‍ ചുരത്തുന്ന ‘മഞ്ഞപ്പാല്‍’ (Colostrum) പോഷകസമ്പുഷ്ടമാണ്. സ്വയം രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ സമയമായിട്ടില്ലാത്തത് കൊണ്ട് കുഞ്ഞിന്റെ രോഗപ്രതിരോധ ശക്തിക്കാവശ്യമായ എല്ലാതരം പ്രോട്ടീനുകളും എന്‍സൈമുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ജനിച്ച ആദ്യമാസങ്ങളിലെ വയറിളക്കം, ശ്വാസകോശത്തിലെ അണുബാധകള്‍ എന്നിവയില്‍ നിന്നെല്ലാം സംരക്ഷണം നല്‍കാന്‍ അല്ലാഹു ഒരുക്കിയ മഹത്തായ ഈ സംവിധാനം വലിയൊരു അത്ഭുതം തന്നെയാണ്. കുഞ്ഞിന് ജനിച്ചയുടനെ കിട്ടുന്ന ആദ്യ വാക്‌സിനാണിതെന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ പ്രസവത്തിന് ശേഷം എത്രയും വേഗം മുലയൂട്ടണം. സിസേറിയനാണെങ്കില്‍ പോലും അമ്മയുടെ മയക്കം വിട്ടുണര്‍ന്നയുടനെ മുലയൂട്ടാന്‍ ശ്രദ്ധിക്കണം.

കുഞ്ഞിന്റെ ദഹന വ്യവസ്ഥക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന മുലപ്പാല്‍ കാല്‍സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും കുറവ് നികത്തുന്നു. അമ്മ കഴിക്കുന്ന പോഷകാഹാരമാണ് ആകെയുള്ള ചെലവ്.

ജനിച്ച് ആറുമാസം വരെ മുലപ്പാല്‍ മാത്രമെ നല്‍കാവൂ. പിന്നീട് അതിന്റെ ഗുണഗണങ്ങള്‍ ക്രമേണ കുറഞ്ഞ് വരുവെങ്കിലും 2 വര്‍ഷം വരെ മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ പറയുന്നത്. ഇത് തന്നെയാണ് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്വുര്‍ആന്‍ പഠിപ്പിച്ചത്. ”മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം.” (ക്വുര്‍ആന്‍ 31:14).

മുലപ്പാലിന് രണ്ട് ഭാഗങ്ങളുണ്ട്, കുടിച്ച്തുടങ്ങുമ്പോള്‍ ആദ്യം വരുന്ന ‘മുന്‍പാല്‍’ (Fore milk), പിന്നീട് വരുന്ന ‘പിന്‍പാല്‍’ (Hind milk).

മുന്‍പാലില്‍ പ്രധാനമായും വെള്ളം, ലാക്ടോസ്, കുറച്ച് പ്രോട്ടീനുകള്‍ വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ എന്നിവയും പിന്‍പാലില്‍ ബാക്കി പ്രോട്ടീനുകളും മുഴുവന്‍ കൊഴുപ്പുകളും കൊഴുപ്പില്‍ ലയിക്കുന്ന ധാതുക്കളും വിറ്റാമിനുകളുമാണുള്ളത്.

മുന്‍പാല്‍ കൂടുതല്‍ (തുടര്‍ച്ചയായി ഒന്നില്‍നിന്ന് തന്നെകുടിക്കാതെ മാറ്റി മാറ്റി) കുടിപ്പിക്കുമ്പോള്‍ ലാക്‌ടോസ് നിമിത്തം ഗ്യാസ് കെട്ടുകയും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി കരയുകയും ചിലപ്പോള്‍ ഛര്‍ദിക്കുകയും ചെയ്‌തെന്ന് വരും. ഇത് വിശപ്പിന്റെ കരച്ചിലാണെന്ന് വിചാരിച്ച് വീണ്ടും വീണ്ടും മുലയൂട്ടുമ്പോള്‍ പിന്‍പാല്‍ ലഭിക്കാതെ പോകുന്നതിനാല്‍ കുഞ്ഞ് തൂക്കം വെക്കാതെ പോകുന്നു. ഓരോ തവണ മുലയൂട്ടുമ്പോയും ഓരോ വശത്ത് നിന്നും കൊടുക്കാനും ഒരുവശത്ത് 1015 മിനുട്ടെങ്കിലും തുടര്‍ച്ചയായി കൊടുക്കാനും ശ്രമിച്ചാല്‍ ആവശ്യത്തിന് പിന്‍പാല്‍ കിട്ടുകയും ഇടക്കിടെ വിശന്ന് കരയുന്നത് ഒഴിവാക്കുകയും ചെയ്യാം.

ആദ്യമാസങ്ങളില്‍ കുഞ്ഞ് കൂടുതലും ഉറങ്ങുന്നത് കൊണ്ട് 2-3 മണിക്കൂര്‍ ഇടവിട്ട് (ദിവസത്തില്‍ 8-12 തവണ) മുലയൂട്ടണം. പാല്‍ കുറവാണെന്ന് തോന്നിയാലും നിര്‍ബന്ധമായും മുലകൊടുക്കണം. കാരണം കുട്ടി കുടിക്കുന്നതിനനുസരിച്ചാണ് പാലുല്‍പാദനം നടക്കുന്നത്.

മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല അമ്മക്കും ഏറെ ഗുണകരമാണ്. സ്തനാര്‍ബുദവും ഗള്‍ഭാശയാര്‍ബുദവും ചെറുക്കാനും അണ്ഡവിസര്‍ജനത്തെ വൈകിപ്പിക്കുന്നത് വഴി ഒരു പരിധിവരെ അടുത്ത ഗര്‍ഭധാരണത്തെ വൈകിപ്പിക്കാനും കൃത്യമായ മുലയൂട്ടല്‍ കൊണ്ട് സാധ്യമാവും.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

നമ്മുടെ പ്രമേഹ വഴികള്‍

നമ്മുടെ പ്രമേഹ വഴികള്‍

പ്രമേഹം ഒരേസമയം ജീവിത ശൈലീരോഗവും ജനിതകരോഗവുമാണ്. International diabetes federationന്റെ കണക്കുകള്‍ പ്രകാരം 6.9 കോടിയില്‍ പരം പ്രമേഹ രോഗികള്‍ ഇന്ത്യയില്‍ ഉണ്ട്. ഏറ്റവും അധികം പ്രമേഹരോഗികള്‍ ഉള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പെടുന്നു. നാട്ടിന്‍ പുറങ്ങളെക്കാള്‍ നഗരങ്ങളിലാണ് പ്രമേഹബാധിതര്‍ കൂടുതലായി കാണപ്പെടുന്നത്.  

സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന മലയാളികള്‍ ആരോഗ്യകരമായ ജീവിത രീതിയില്‍ മുന്‍പന്തിയിലല്ല. പണ്ടുകാലത്തെ അപേക്ഷിച്ച് കേരളീയരുടെ ഭക്ഷണകാര്യങ്ങളും ജീവിതരീതികളും പാടെ മാറിക്കഴിഞ്ഞു. അരിയാഹാരമായിരുന്നു പണ്ടുമുതല്‍ക്കേ നമ്മുടെ ഇഷ്ട ഭക്ഷണമെങ്കിലും പാടത്തും പറമ്പിലും നന്നായി അധ്വാനിക്കുന്നവരായിരുന്നു മുന്‍ഗാമികള്‍.

ഇന്ന് ശാരീരികമായി അധ്വാനിക്കുന്ന കേരളീയരുടെ എണ്ണം വളരെ കുറവാണ്. നമ്മുടെ പറമ്പുകളിലും പാടത്തും കെട്ടിടനിര്‍മാണ രംഗത്തും കടകളിലുമൊക്കെ ജോലി എടുക്കുന്നതിന് ഉത്തരേന്ത്യക്കാരെ ആശ്രയിക്കുകയല്ലാതെ ഇന്ന് നിവൃത്തിയില്ലല്ലോ. നമ്മുടെ ഭക്ഷണ ക്രമവും പാടെ മാറി. ഓടിപ്പിച്ച് തളര്‍ത്തി പിടികൂടിയ നാടന്‍ കോഴിയുടെ ‘കാല്‍ കുറകിന്റെ’ അരകഷ്ണത്തിനും കാല്‍കഷ്ണത്തിനും പകരം ഒരു ബ്രോയിലര്‍ കോഴിയെ മുഴുവന്‍ തിന്നുന്ന സ്ഥിതിവിശേഷത്തില്‍ നമ്മളെത്തിയപ്പോള്‍ ജീവിതശൈലി രോഗങ്ങള്‍ വല്ലാതെ കൂടി. ധാരാളം അന്നജവും (Carbohydrate) കൊഴുപ്പും (Trans fat) നാം ഇഷ്ടപ്പെടുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന മധുരമൂറും പഴങ്ങള്‍ ഇതിന് പുറമെ ‘മേപ്പടി’യായി തിന്നുക കൂടി ചെയ്തപ്പോള്‍ നാം കുടവയറന്മാരായി മാറി! വയറ് കുറച്ചാല്‍ പ്രമേഹം രക്തസമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ മുതലായവ നിയന്ത്രിച്ച് ഗുളികകള്‍ ഒരു പരിധി വരെ ഒഴിവാക്കാം.

മൈദകൊണ്ടുണ്ടാക്കുന്ന ആഹാരമാണ് നമുക്കിഷ്ടം (പൊറോട്ട, കേക്ക്, ബിസ്‌കറ്റ് പോലുള്ളവ). പ്രാതല്‍ കഴിക്കാതിരിക്കുക, ഉച്ചഭക്ഷണം മൂന്നു മണിക്ക് ശേഷം കഴിക്കുക, രാത്രിഭക്ഷണം വയറ് നിറച്ച് വൈകി കഴിക്കുകയും ഉടനെ ഉറങ്ങുകയും ചെയ്യുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹക്കാരെ കൊണ്ട് മലയാളനാട് സമ്പന്നമായി.

കാല്‍നടയായി മാത്രം യാത്ര ചെയ്തിരുന്ന നാം നടക്കാന്‍ മടിയുള്ളവരായി. നടത്തവും സൈക്കിള്‍ യാത്രയും നാം ‘മോശം’ ഏര്‍പ്പാടായി കാണുവാന്‍ തുടങ്ങി. ഞാന്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന കാലം സ്വന്തമായി വണ്ടികള്‍ ഇല്ലാത്ത സാറന്മാരുണ്ടായിരുന്നു. വിരലിലെണ്ണാവുന്ന കുട്ടികള്‍ക്കേ സ്വന്തമായി വാഹനം ഉണ്ടായിരുന്നുള്ളു. ഇന്ന് വാഹനമില്ലാത്ത മെഡിക്കല്‍ വിദ്യാര്‍ഥികളുണ്ടോയെന്ന് സംശയമാണ്.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

കുഞ്ഞുങ്ങളിലെ ദന്ത സംരക്ഷണം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കുഞ്ഞുങ്ങളിലെ ദന്ത സംരക്ഷണം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ആകര്‍ഷകമായ പുഞ്ചിരിയാല്‍ ആരുടെയും മനസ്സ് കീഴടക്കുന്നവരാണ് കുഞ്ഞുങ്ങള്‍. ഈ പുഞ്ചിരി എന്നും നിലനിര്‍ത്താന്‍ കുഞ്ഞുദന്തങ്ങളുടെ കാര്യത്തില്‍ നാം ഇത്തിരി ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. പാല്‍പല്ലുകള്‍ കേടുവന്നാല്‍ ‘പാല്‍പല്ലല്ലേ, കൊഴിഞ്ഞു പോയി അവിടെ സ്ഥിരം പല്ലുകള്‍ വരുമല്ലോ, അതുകൊണ്ട് പേടിക്കേണ്ടതില്ല’ എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ പാല്‍പല്ലുകള്‍ കേടു കൂടാതെയും അവയുടെ സ്വാഭാവികമായ കൊഴിഞ്ഞുപോക്ക്‌വരെ നഷ്ടപ്പെടാതെയും സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് സ്ഥിര ദന്തരോഗങ്ങളുടെ മുക്തിക്കും കുഞ്ഞിന്റെ പൂര്‍ണ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

പാല്‍പല്ലുകള്‍ എന്നറിയപ്പെടുന്ന ഈ 20 എണ്ണം വരുന്ന ഇത്തിരിക്കുഞ്ഞന്‍മാര്‍ ഏകദേശം 6 മാസത്തില്‍ വരാന്‍ തുടങ്ങി രണ്ടര വയസ്സോടെ മുഴുവന്‍ പല്ലുകളും മുളച്ചു വരുന്നു. ചില കുഞ്ഞുങ്ങളില്‍ ആറു മാസത്തിനു മുന്നേ വരാന്‍ തുടങ്ങും, ചില കുഞ്ഞുങ്ങളില്‍ അഞ്ചോ ആറോ മാസം താമസിച്ച് വരികയും ചെയ്യുന്നു. ഇത് ഒരു പ്രശ്‌നമായി കരുതേണ്ടതില്ല, സ്വാഭാവികം മാത്രം. അപൂര്‍വം ചില കുഞ്ഞുങ്ങളുടെ വായില്‍ ജനിക്കുമ്പോള്‍ തന്നെ പല്ല് കാണപ്പെടാറുണ്ട്, അല്ലെങ്കില്‍ ജനിച്ച് ഒരു മാസത്തിനുള്ളിലും പല്ല് മുളക്കുന്നു. ജന്മനാ കാണപ്പെടുന്ന ഇത്തരം പല്ലുകള്‍ക്ക് ചെറുതായി ഇളക്കം തോന്നുന്നുവെങ്കില്‍ അബദ്ധത്തില്‍ കുഞ്ഞ് വിഴുങ്ങിപ്പോകാന്‍ ഇടയുള്ളതിനാലും അതുപോലെ കൂര്‍ത്ത അഗ്രങ്ങളോ മറ്റോ കാരണം മുലയൂട്ടുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലും പറിച്ചു കളയുന്നതില്‍ കുഴപ്പമൊന്നുമില്ല.

 പല്ലുകള്‍ മുളച്ചു വരുന്ന സമയത്ത് കുട്ടികളില്‍ പനി, വയറിളക്കം, വിശപ്പില്ലായ്മ, നിര്‍ത്താതെയുള്ള കരച്ചില്‍ മുതലായ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. വായില്‍ പല്ലിന്റെ മുള പൊട്ടുന്നതോട് കൂടി ഈ അസ്വസ്ഥതകള്‍ മാറി വരും.

ശേഷം ഏകദേശം 6 വയസ്സോട് കൂടി പാല്‍പല്ലുകള്‍ ഓരോന്നായി ഇളകാന്‍ തുടങ്ങുന്നു. പാല്‍പല്ലിനു താഴെയായി സ്ഥിരമായുള്ള പല്ലുകള്‍ മുളച്ചു തുടങ്ങുമ്പോഴാണ് പാല്‍പല്ലുകള്‍ക്ക് ഇളക്കം തുടങ്ങുന്നത്. ഏകദേശം 12, 13 വയസ്സോട് കൂടിയേ മുഴുവന്‍ സ്ഥിരമായുള്ള പല്ലുകളും വന്ന് കഴിയുകയുള്ളൂ. ഈ കാലയളവിനിടയില്‍ (ഏകദേശം 9 വയസ്സു മുതല്‍ 12 വയസ്സ് വരെയുള്ള കാലഘട്ടത്തില്‍) കുട്ടികളുടെ വായിലെ പല്ലിന്റെ ക്രമീകരണം കാണുമ്പോള്‍ ചെറിയ അഭംഗി തോന്നിയേക്കാം. പല്ലുകള്‍ തമ്മില്‍ അസ്വാഭാവികമായ അകലങ്ങളോ അല്ലെങ്കില്‍ തീരെ സ്ഥലമില്ലാത്ത പോലെയോ പല്ലുകള്‍ക്ക് ഇത്തിരി ചെരിവോ ഒക്കെ തോന്നിയേക്കാം. സ്ഥിരമായി വന്ന പല്ലുകള്‍ക്ക് കുറച്ച് വലിപ്പക്കൂടുതല്‍ ഉണ്ടോ എന്നും തോന്നാനിടയുണ്ട്. എന്നാല്‍ കുട്ടികളില്‍ ഗണ്യമായ വളര്‍ച്ച നടക്കുന്ന ഘട്ടമായതിനാല്‍ താടിയെല്ലുകള്‍ ആനുപാതികമായി വളരുന്നത് കൊണ്ട് കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ ഈ അഭംഗി മാറിക്കിട്ടും. ഈ ഘട്ടത്തെ ൗഴഹ്യ റൗരസഹശിഴ േെമഴല എന്നാണ് വിളിക്കാറുള്ളത്. ഈ അവസ്ഥക്ക് പ്രത്യേക ചികിത്സ എടുക്കേണ്ട ആവശ്യമൊന്നും ഇല്ല. കുട്ടി വളരുമ്പോള്‍ സ്വാഭാവികമായി തന്നെ മാറി വരുന്നതാണ്.

ദന്തക്ഷയം

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഏകദേശം 90% ആളുകളും ഒന്നല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ദന്തരോഗം ഉള്ളവരാണ്. ഇതില്‍ കുട്ടികള്‍ കുറച്ചു മുന്നിലാണെന്ന് മാത്രം. മിക്ക കുട്ടികളിലും നാം സാധാരണയായി കാണാറുള്ളതാണ് പുഴുപ്പല്ലുകള്‍. കറുപ്പോ കാപ്പിയോ മഞ്ഞയോ നിറത്തില്‍ നാം കാണുന്ന ഈ കേടുകളെ അത് തുടങ്ങുമ്പോള്‍ തന്നെ ഒരു ദന്ത ഡോക്ടറെ കണ്ടാല്‍ ആ കേട് സാധാരണ രീതിയില്‍ അടക്കാവുന്നതേ ഉള്ളൂ. എന്നാല്‍ ആ ഘട്ടം കഴിഞ്ഞാല്‍ പിന്നെ ആ കേട് പല്ലിന്റെ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങുകയും പല്ലിന്റെ രക്തയോട്ടം നടക്കുന്ന ഭാഗത്തേക്ക് എത്തുകയും കുഞ്ഞുങ്ങള്‍ക്ക് പല്ലിനു വേദനയും മോണയിലും മുഖത്തും വീക്കം കാണപ്പെടുകയും ചെയ്യുന്നു. ഈ ഘട്ടത്തിലെത്തിയാല്‍ മുതിര്‍ന്നവരില്‍ നാം ചെയ്യുന്ന പോലെ കുഞ്ഞുങ്ങളിലും വേരു ചികിത്സ അഥവാ റൂട്ട് കനാല്‍ ചികിത്സ ചെയ്യണം. കൊഴിഞ്ഞു പോകുന്ന പല്ലല്ലേ, അതിന് എന്തിനു വേരുചികിത്സ, അതങ്ങ് പറിച്ചു കളഞ്ഞാല്‍ പോരേ എന്നു തോന്നിയേക്കാം. പക്ഷേ, ഒരു പല്ല് അതിന്റെ സ്വാഭാവികമായ ഇളക്കം വന്ന് പറിഞ്ഞു പോകേണ്ട കാലത്തിനു മുന്നേ തന്നെ പറിച്ച് ഒഴിവാക്കിയാല്‍ അതിന്റെ പിറകില്‍ വരുന്ന സ്ഥിരദന്തങ്ങളുടെ വളര്‍ച്ചയെയും ക്രമീകരണത്തെയും പ്രതികൂലമായി ബാധിക്കും. അതുപോലെ താടിയെല്ലിന്റെ ശരിയായ വലിപ്പവും വളര്‍ച്ചയും നടക്കുന്നതും പാല്‍പല്ലുകളുടെ സാന്നിധ്യം കാരണമാണ് . അതിനാല്‍ പഴുപ്പും വേദനയും വന്ന പല്ല് വേരുചികിത്സ ചെയ്തു നിലനിര്‍ത്തല്‍ അത്യാവശ്യമാണ്. പല്ലിലെ കേട് കാരണമുള്ള നിറഭേദങ്ങളും പല്ല് പറിച്ച വിടവുകളും സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളില്‍ അവരുടെ ആത്മവിശ്വാസത്തെ ബാധിക്കാനും ഇടയുണ്ട്. ഇത്തരം കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ അവയുടെ കേടുകൂടാതെയുള്ള സംരക്ഷണം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പല്ലുകളില്‍ കേട് എങ്ങനെ വരുന്നു എന്ന് മനസ്സിലാക്കി അതിനനുസരിച്ച മുന്‍കരുതലുകള്‍ ചെയ്താല്‍ തന്നെ ഒരു വിധം പ്രശ്‌നങ്ങളെയെല്ലാം അകറ്റി നിര്‍ത്താം. പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളില്‍ പ്രത്യേകിച്ച് മധുരപദാര്‍ഥങ്ങളില്‍ സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പല്ലില്‍ കേടുകള്‍ വന്ന് തുടങ്ങുന്നത്. പ്രത്യേകിച്ച് രാത്രിയില്‍ വായിലെ ഉമിനീര്‍ പ്രവാഹം കുറയുമെന്നതിനാല്‍ ബ്രഷ് ചെയ്യാതെ കിടന്നാല്‍ ആ സമയത്ത് ദന്തക്ഷയത്തിന്റെ തോത് വര്‍ധിക്കുന്നു. ഇത് ഇല്ലാതാക്കാനായി നാം ചെയേണ്ടത്:

1. പാല്‍പല്ലുകള്‍ മുളച്ചു തുടങ്ങുമ്പോള്‍ തന്നെ അവ വൃത്തിയാക്കാനും ശ്രദ്ധിക്കുക.

2. രാത്രി കുഞ്ഞിന് പാല്‍ കൊടുക്കുകയാണെങ്കില്‍ പാല്‍ കൊടുത്ത ശേഷം ഉപ്പുവെള്ളത്തില്‍ മുക്കിയ ഒരു തുണി വിരലില്‍ ചുറ്റി അതുകൊണ്ട് കുഞ്ഞിന്റെ പല്ല് ഉറങ്ങുമ്പോള്‍ തന്നെ തുടച്ചു വൃത്തിയാക്കണം.

3. പല്ലുകള്‍ ദ്രവിക്കാതിരിക്കാന്‍ ബേബി ബ്രഷ് ഉപ്പുവെള്ളത്തില്‍ മുക്കി പല്ല് ബ്രഷ് ചെയ്യിക്കണം. തുപ്പുവാന്‍ അറിയാത്ത കുട്ടികള്‍ക്കു പേസ്റ്റ് ഉപയോഗിക്കേണ്ടതില്ല.

4. തുപ്പുവാന്‍ സാധിക്കുന്ന കുട്ടികള്‍ക്ക് ഫ്‌ളൂറൈഡ് അടങ്ങിയ പേസ്റ്റ് ഉപയോഗിച്ചു ദിവസം 2 നേരം ബ്രഷ് ചെയ്യിക്കുക. ഒരു കുഞ്ഞു പയറുമണിയുടെ അത്രയോ അതില്‍ കുറവോ വലിപ്പത്തില്‍ പേസ്റ്റ് ഉപയോഗിക്കുക. പേസ്റ്റ് ഒരിക്കലും കുട്ടികള്‍ക്കു സ്വതന്ത്രമായി ഉപയോഗിക്കാന്‍ വിട്ടുകൊടുക്കരുത്.

5. കുഞ്ഞുങ്ങള്‍ക്ക് കൂടുതലായി ബിസ്‌കറ്റ്, ചോക്ലേറ്റ് മുതലായ പല്ലില്‍ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണങ്ങള്‍ കൊടുക്കാതെ വീട്ടില്‍ പാകം ചെയുന്ന പലഹാരങ്ങള്‍ കൊടുക്കാന്‍ ശ്രദ്ധിക്കുക. അഥവാ കൊടുക്കുകയാണെങ്കില്‍ കഴിച്ച ഉടന്‍ തന്നെ വായ വൃത്തിയാക്കിപ്പിക്കുക. വിറ്റാമിന്‍ ഡി, കാല്‍സ്യം ഇവ അടങ്ങിയ വിഭവങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.

6. ആവശ്യമില്ലാതെ മിഠായി വാങ്ങിക്കൊടുക്കുന്ന ശീലം ഒഴിവാക്കുക. ഗിഫ്‌റ്റോ മറ്റോ നല്‍കുകയാണെങ്കില്‍ കുട്ടി ആവശ്യപ്പെടാതെ ഒരിക്കലും മിഠായി വാങ്ങി കൊടുക്കാതിരിക്കുക. പകരം വേറെ വല്ലതും സമ്മാനമായി നല്‍കുക. മിഠായി കഴിക്കുകയാണെങ്കില്‍ അത് കഴിച്ചു കഴിഞ്ഞ് കുഞ്ഞിന്റെ വായ കഴുകിപ്പിക്കുക.

7. പല്ലില്‍ കളര്‍മാറ്റമോ ഭക്ഷണം കയറിയിരിക്കുന്ന അസ്വസ്ഥയോ മറ്റു വല്ല കേടോ കണ്ടാല്‍ ഉടനെ ഒരു ദന്തഡോക്ടറെ സമീപിക്കുക. ആറു മാസത്തിലൊരിക്കല്‍ ഒരു ദന്തഡോക്ടറെ കൊണ്ട് പല്ല് ചെക്കപ്പ് ചെയ്യുന്നത് ഒരു ശീലമാക്കുക.

8. ദന്തഡോക്ടറെ കുറിച്ച് കുഞ്ഞില്‍ അകാരണമായ ഭയം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഭക്ഷണം കഴിച്ചില്ലേലും പല്ലുതേച്ചില്ലേലും പല്ല് ഡോക്ടര്‍ സൂചിവെക്കും, അല്ലെങ്കില്‍ പല്ല് പറിക്കും എന്നൊന്നും പറഞ്ഞ് പേടിപ്പിക്കാതിരിക്കുക. അങ്ങനെയാവുമ്പോള്‍ സാധാരണ പല്ല് അടക്കാന്‍ പോലും ദന്തഡോക്ടറെ കാണാന്‍ കുഞ്ഞിന് പേടിയാകും. അതുപോലെ മുതിര്‍ന്നവരുടെ ദന്തചികിത്സക്ക് വരുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കുക.

9. വിരല്‍ കുടിക്കല്‍, വായതുറന്നുവെച്ച് ഉറങ്ങല്‍, നാവ് കൊണ്ട് പല്ല് ഉന്തല്‍ തുടങ്ങിയ ശീലങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് അത് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുക. ഇത് തുടര്‍ന്നാല്‍ മേല്‍വരിയിലെ പല്ലുകള്‍ പുറത്തേക്കുന്തുകയും മേല്‍കീഴ് താടികള്‍ക്കിടയില്‍ വിടവ് പ്രത്യക്ഷപ്പെടുകയും ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

10. ഓരോ ആഹാരത്തിനു ശേഷവും കുഞ്ഞിന്റെ വായ കഴുകി വൃത്തിയാക്കി കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

11.കേട് വരാതിരിക്കാനുള്ള മുന്‍കരുതല്‍ ചികിത്സകളായ ഫ്‌ളൂറൈഡ് അപ്ലിക്കേഷന്‍, പിറ്റ് ആന്‍ഡ് ഫിഷര്‍ സീലന്റ് അപ്ലിക്കേഷന്‍ മുതലായ ചികിത്സകളും ഇന്ന് ലഭ്യമാണ്.

കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക് വലുതാണ്. ചെറുപ്രായത്തില്‍ അവര്‍ക്ക് ലഭിക്കുന്ന പരിശീലനം തന്നെയാണ് വലിപ്പത്തിലും അവര്‍ക്ക് പ്രചോദനമാകുന്നത്.

 

ഡോ. സഫ ഹിഷാം
നേർപഥം വാരിക

വിഷാദരോഗികളെ തിരിച്ചറിയുക

വിഷാദരോഗികളെ തിരിച്ചറിയുക

”ഓന് (അല്ലെങ്കില്‍ ഓള്‍ക്ക്) പ്പൊ എന്തിന്റെ കൊറവ്ണ്ടായിട്ടാണ്? ചോയിച്ചതെല്ലാം തന്തേം തള്ളേം വാങ്ങി കൊടുക്ക്ണില്ലേ? കുടീല് പട്ടിണി ഒന്നും ഇല്ലലോ. ഉടുക്കാന്‍ ഇല്ലാഞ്ഞിട്ടും അല്ല. പിന്നെ എന്തിനാണ് ഈ ആച്ചിര്യം? തിന്ന് എല്ലിന്റെ എടേല് കുത്തീറ്റന്നെ; അല്ലാതെന്താ! തിന്നാനും കുടിച്ചാനും പോലും ഇല്ലാത്ത എത്തര ആള്‍ക്കാര് ഇവടെ ജീവിക്ക്ണു. ഓല്‍ക്കൊന്നും ഇല്ലാത്ത എന്ത് എടങ്ങേറാണ് ഓള്‍ക്ക് (ഓന്). ആരോടും മുണ്ടാട്ടല്ല. എല്ലാരോടും ദേഷ്യം. എപ്പളും ഓരോരോ ദീനം. പരിശോദിച്ചാല് ഒന്നും കാണൂല. ഇെതന്ത് ഹലാക്കാണ്. ആയ കാലത്ത് നല്ല പെട കൊടുത്ത് വളത്താത്തീന്റെ കേടാണ്.”

നാട്ടിന്‍ പുറങ്ങളിലെ ചില വീടുകളില്‍നിന്ന് പലപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന ശകാരവാക്കുകളാണിത്. വിഷാദരോഗം അഥവാ ഡിപ്രഷന്‍ ഉള്ളവരാണ് പലപ്പോഴും ഈ പഴി കേള്‍ക്കേണ്ടിവരുന്നത്. നാം അനുഭവിക്കാത്ത ജീവിതാനുഭവങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണല്ലോ! നമുക്ക് പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നും തോന്നാത്തത് കൊണ്ട് നാം തീരുമാനിക്കുന്നു; ഇതൊക്കെ വെറും കാട്ടിക്കൂട്ടലാണെന്ന്.

വിഷാദരോഗമുള്ളവരില്‍ ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചില്‍, തലവേദന, തലകറക്കം, സന്ധിവേദന, നീര്‍ക്കെട്ട് തുടങ്ങി പലതും ഇതിലുള്‍പ്പെടുന്നു.

ഒന്നിലും താല്‍പര്യമില്ലായ്മ, ഏകാന്തതയെ ഇഷ്ടപ്പെടുക, അകാരണമായ ദുഃഖം, ഉത്സാഹമില്ലായ്മ, വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം, അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍, ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക തുടങ്ങിയവയും വിഷാദ രോഗികളില്‍ കാണാവുന്നതാണ്.

ലബോറട്ടറി പരിശോധനയിലും ശാരീരിക പരിശോധനയിലും ശരീരത്തിന്റെതായ രോഗങ്ങള്‍ ഒന്നും കാണാതിരിക്കുന്നതിനാലാണ് ചില രക്ഷിതാക്കള്‍ രോഗികളെ കുറ്റപ്പെടുത്താറുള്ളത്. എന്നാല്‍ രോഗികളാകട്ടെ ഇതെല്ലാം നന്നായി അനുഭവിക്കുന്നുമുണ്ടാകും.

ഒരാള്‍ പോലും തന്റെ രോഗം മനസ്സിലാക്കാത്തത്, വളരെ അടുത്തവരെ പോലും ഞാനൊരു രോഗിയാണ് എന്ന് ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എത്ര ഭീകരമായ അവസ്ഥയാണെന്ന് ചിന്തിച്ചു നോക്കുക. സകല പ്രതീക്ഷകളും ആശകളും നഷ്ടപ്പെട്ട് നിരര്‍ഥകമായ ഈ ജീവിതം അവസാനിപ്പിക്കാം എന്ന് ചിന്തിച്ചു തുടങ്ങുന്നവരുടെ അടുത്തേക്കാണ് നാം ഉപദേശങ്ങളുമായി ചെല്ലാറുള്ളത്.

‘പുറത്തിറങ്ങി ശുദ്ധവായു കൊണ്ടാല്‍ മതി. കുറച്ചു നേരം പാട്ടു കേട്ടാല്‍ മതി. കൂട്ടുകാരുടെ അടുത്തൊക്കെ ഒന്ന് പോകണം. നീ ഒന്ന് സ്‌ട്രോങ് ആവണം. ഇതിനെക്കാള്‍ വലിയ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സഹിക്കുന്ന ആളുകളുണ്ട്…’ ഇങ്ങനെ പോകുന്നു ഉപദേശങ്ങള്‍.

ആഹാ! എന്ത് മനോഹരമായ ലോജിക്ക്! കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് കിടക്കുന്ന ഒരാളോട് കാലിലെ വേദന മാറാന്‍ ദിവസവും രണ്ട് റൗണ്ട് ഓടിയാല്‍ മതിയെന്ന് പറയുന്ന പോലാണിത്. ഒരുപക്ഷേ, അതിലും ക്രൂരമാണിത്. ഹൃദയത്തിനും കരളിനും വൃക്കയ്ക്കുമൊക്കെയെന്ന പോലെ തലച്ചോറിനും അസുഖം ബാധിക്കുമെന്നും, അങ്ങനെയാണ് വിഷാദരോഗമുണ്ടാകുന്നതെന്നും, അത് വൈദ്യസഹായം തേടേണ്ടതും ആവശ്യമെങ്കില്‍ മരുന്നു കഴിക്കേണ്ടതുമായ ഒരവസ്ഥയാണെന്നുമൊക്കെ നാം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇത് തുടരും. ആഴ്ചകളോളം, മാസങ്ങളോളം ആരോടും മിണ്ടാന്‍ കൂട്ടാക്കാത്ത, റൂമില്‍ നിന്ന് പുറത്തു വരാന്‍ താല്‍പര്യമില്ലാത്ത, ജീവന്‍ നിലനിര്‍ത്താനെങ്കിലും ഭക്ഷണം കഴിക്കണമെന്ന ബോധമില്ലാത്ത, ഇടയ്ക്കിടെ ‘ഞാന്‍ ജീവിതം അവസാനിപ്പിക്കു’മെന്ന് കളിയായും കാര്യമായും സൂചിപ്പിക്കാറുള്ളവരുടെ അവസ്ഥകള്‍ നാം തിരിച്ചറിയണം.

ഇനിയും അവരെ പുച്ഛിക്കരുത്. ഇരുണ്ട മൂലകളിലേക്ക് അവരെ തള്ളിവിടരുത്. അവരെ നെഞ്ചോട് ചേര്‍ത്തു പിടിക്കണം. അവര്‍ക്ക് പറയാനുള്ളതിനെല്ലാം കാത് കൊടുക്കാനുള്ള ക്ഷമ നാം കാണിക്കണം. കൂടെയുണ്ടെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കണം. ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഓതിയോതി ഉറപ്പിക്കണം. നമ്മുടെ കൈയില്‍ നില്‍ക്കില്ലെന്ന് തോന്നിയാലുടനെ കൃത്യമായ വൈദ്യസഹായം നല്‍കണം. ചികിത്സയില്‍ കൂടെ നില്‍ക്കണം. ആശയറ്റ് വ്യാജന്മാര്‍ക്കും കപടന്മാര്‍ക്കും അവരെ വിട്ടുകൊടുക്കരുത്. ചികില്‍സിച്ചാല്‍ നിയന്ത്രിച്ചു നിര്‍ത്താവുന്ന അസുഖം തന്നെയാണത്.

 

ഡോ. ജസീം അലി
നേർപഥം വാരിക

എന്താണ് മൂത്രാശയക്കല്ല്?

എന്താണ് മൂത്രാശയക്കല്ല്?

മൂത്രാശയക്കല്ല് ഇന്ന് ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്തം ശുദ്ധീകരിക്കുന്ന അറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കു മുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച് കല്ലായി രൂപാന്തരപ്പെടുന്നു. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത് വൃക്കയിലാണ്. അവിടെനിന്ന് അടര്‍ന്ന് മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ് കടുത്ത വേദന അനുഭവപ്പെടുന്നത്. വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് വൃക്കകള്‍ സ്ഥിതി ചെയ്യുന്നത്. രക്തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കുകയാണ് ഇവയുടെ ധര്‍മം. ശരീരത്തിലെ ജലാംശത്തിന്റെ അളവ്, ലവണങ്ങളുടെ അളവ്, ഹോര്‍മോണ്‍ ഉദ്പാദനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൃക്കകളാണ്. വൃക്കയില്‍നിന്നും മൂത്രം മൂത്രസഞ്ചിയില്‍ എത്തിക്കുന്നത് മൂത്രവാഹിനികളാണ്. മിക്കവാറും മൂത്രാശയക്കല്ലുകള്‍ക്ക് കൂര്‍ത്ത മുനകളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉണ്ടായിരിക്കും. ഇവ മൂത്രനാളിയിലോ സഞ്ചിയിലോ തട്ടുമ്പോള്‍ കഠിനമായ വേദന ഉണ്ടാകുന്നു. പ്രധാനമായും നാലുതരം കല്ലുകളാണ് മനുഷ്യ ശരീരത്തില്‍ കണ്ടുവരുന്നത്.

കാത്സ്യം കല്ലുകള്‍

മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളില്‍ 75 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഫോസ്‌ഫേറ്റ്, കാത്സ്യം ഓക്‌സലേറ്റ് കല്ലുകളാണ് പ്രധാനമായും കാണപ്പെടുന്നത്. ശരീരത്തില്‍ കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന് കാത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

കാത്സ്യം മൂത്രത്തിലൂടെ പുറത്തുപോകേണ്ടതുണ്ട്. ഇങ്ങനെ വൃക്കയിലെത്തി അരിച്ചുമാറ്റുന്ന കാത്സ്യംകണികകള്‍ വൃക്കയിലോ മൂത്രാശയ ഭാഗങ്ങളിലോ തങ്ങിനിന്ന് വീണ്ടും കൂടുതല്‍ കണങ്ങള്‍ പറ്റിച്ചേര്‍ന്ന് കല്ലുകളായിത്തീരുന്നു. വൃക്കയിലൂടെ കൂടുതലായി ഫോസ്ഫറസ് കടന്നുപോകുക, പാരാതൈറോയിഡ് ഗ്രന്ഥിയുടെ അധിക പ്രവര്‍ത്തനം എന്നിവയും കാത്സ്യം കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാവാം.

സ്ട്രുവൈറ്റ് കല്ലുകള്‍

വൃക്കയില്‍നിന്ന് വേര്‍തിരിക്കപ്പെടുന്ന 15 ശതമാനം കല്ലുകള്‍ക്ക് കാരണം മഗ്‌നീഷ്യം, അമോണിയ എന്നിവയാണ്. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് മിക്കവരിലും ഇത്തരം കല്ലുകള്‍ കാണപ്പെടുന്നത്. ഇവരില്‍ കല്ല് നീക്കം ചെയ്യാതെ രോഗാണുബാധ പൂര്‍ണമായും മാറ്റാന്‍ കഴിയില്ല.

യൂറിക് ആസിഡ് കല്ലുകള്‍

മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന കല്ലുകളില്‍ ആറ് ശതമാനമാണ്് യൂറിക് ആസിഡ് കല്ലുകള്‍ക്കുള്ള സാധ്യത. രക്തത്തില്‍ അമിതമായി യൂറിക് ആസിഡ് ഉണ്ടാകുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്. അനേകം കാരണങ്ങളാല്‍ യൂറിക് ആസിഡ് കല്ലുകള്‍ ഉണ്ടാകാമെങ്കിലും അമിതമായി മാംസം ഭക്ഷിക്കുന്നവരിലാണ് ഇത്തരം കല്ലുകള്‍ കൂടുതലായി കാണുന്നത്.

രക്തത്തില്‍ അമിതമായി ഉണ്ടാകുന്ന യൂറിക് ആസിഡ് വൃക്കളില്‍വച്ച് നീക്കം ചെയ്യപ്പെടണം. ഇങ്ങനെ അരിച്ചുമാറ്റുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്തുപോകാതെ വൃക്കകളില്‍ ചെറിയ കണികകളായി തങ്ങിനിന്ന് വീണ്ടും കണികകള്‍ പറ്റിപ്പിടിച്ച് കല്ലുകളാകുന്നു. ഈ കല്ലുകളുള്ള 25 ശതമാനം പേരില്‍ യൂറിക് ആസിഡ് മൂലം സന്ധിവീക്കവും വേദനയും കണ്ടുവരുന്നു.

സിസ്റ്റീന്‍ കല്ലുകള്‍

രണ്ട് ശതമാനം സാധ്യത മാത്രമാണ് സിസ്റ്റീന്‍ കല്ലുകള്‍ക്കുള്ളത്. നാഡികള്‍, പേശികള്‍ ഇവ നിര്‍മിക്കാനുള്ള ഘടകങ്ങളിലൊന്നാണ് സിസ്റ്റീന്‍. ശരീരത്തിലുണ്ടാകുന്ന ഉപാപചയത്തകരാറുകള്‍കൊണ്ട് സിസ്റ്റീന്‍ രക്തത്തില്‍ കലര്‍ന്ന് വൃക്കകളില്‍ എത്തുന്നു. ഇവിടെവച്ച് ഇത് വേര്‍തിരിക്കപ്പെടുന്നു. എന്നാല്‍ ഇവ ശരീരത്തില്‍ നിന്ന് പുറത്തുപോകാതെ അവിടെ തങ്ങിനിന്ന് കല്ലുകളായി മാറുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ ചില മരുന്നുകളുടെ ഉപയോഗവും കല്ലുകള്‍ക്ക് കാരണമാകാം.

 

മൂത്രാശയക്കല്ല്: കാരണങ്ങളും ലക്ഷണങ്ങളും

ശാരീരിക പ്രവര്‍ത്തനങ്ങളിലെ വൈകല്യം, ജനിതകഘടകങ്ങള്‍, ആഹാരരീതി, വെള്ളം കുടിക്കുന്നതിലെ കുറവ് എന്നിവയൊക്കെ കല്ലുകള്‍ക്ക് കാരണമായിത്തീരാം. സാധാരണയായി കല്ലുകള്‍ കുട്ടികളില്‍ കാണപ്പെടുന്നില്ല. അഥവാ ഉണ്ടാകുകയാണെങ്കിലും എന്‍സൈം ഹോര്‍മോണുകളുടെ അഭാവത്താല്‍ ഉണ്ടാകുന്ന മെറ്റബോളിക് സ്‌റ്റോണ്‍ ഡിസീസ് മൂലമാകാനാണ് സാധ്യത. 20-50 വയസ്സിനിടയിലുള്ളവരെയാണ് കല്ലിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിച്ചുകാണുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും വൃക്കയിലെ കല്ല് ഉണ്ടാകാറുണ്ട്. എന്നാല്‍ പുരുഷന്മാരില്‍ കല്ല് ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. ചില കല്ലുകള്‍ പാരമ്പര്യ സ്വഭാവമുള്ളവയാണ്. കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും കല്ലുണ്ടെങ്കില്‍ അടുത്ത തലമുറയിലും അത് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. ചൂടു കൂടുതലുള്ളതും വരണ്ടതുമായ സ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊണ്ണത്തടിയന്മാരുടെ എണ്ണം കൂടിവരുകയാണല്ലോ ഇന്ന്്. ഇതും യൂറിക് ആസിഡ് കല്ലുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്്.

ലക്ഷണങ്ങള്‍

കല്ലിന്റെ വലിപ്പം, സ്ഥാനം, അനക്കം എന്നിവയനുസരിച്ച് ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. കല്ലുകള്‍ വൃക്കയില്‍തന്നെ ഇരിക്കുമ്പോള്‍ ലക്ഷണങ്ങളൊന്നും കാണിച്ചെന്നുവരില്ല. ഇറങ്ങിവരുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

വയറുവേദന

വയറുവേദനയാണ് വൃക്കയിലെ കല്ലിന്റെ ആദ്യ ലക്ഷണം. കല്ല് വൃക്കയില്‍നിന്ന് ഇറങ്ങി വരുമ്പോഴാണ് വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും കടുത്ത വേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് അടിവയറ്റിലും തുടയിലേക്കും വ്യാപിക്കുന്നു. ജനനേന്ദ്രിയത്തില്‍വരെ വേദന അനുഭവപ്പെടാം. ഒരിടത്ത് ഇരിക്കാനോ കിടക്കാനോ കഴിയാതെ വേദനകൊണ്ട് രോഗി പിടയും. വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ അവിടുത്തെ അറകളില്‍ തങ്ങിനില്‍ക്കുന്നതിനെക്കാള്‍ വലിപ്പമാകുമ്പോള്‍ തെന്നി മൂത്രവാഹിനിയില്‍ എത്തുന്നു. അപ്പോള്‍ കഠിനമായ വേദനയുണ്ടാകാം.

മൂത്രവാഹിനിക്കകത്തുകൂടി എളുപ്പത്തില്‍ പോകാവുന്ന വലിപ്പമെ കല്ലുകള്‍ക്ക് ഉള്ളൂവെങ്കില്‍ ഒഴുകി മൂത്രസഞ്ചിയിലെത്തും. എന്നാല്‍ കല്ലിന് വലിപ്പക്കൂടുതലുണ്ടെങ്കില്‍ മൂത്രവാഹിനിയില്‍ എവിടെയെങ്കിലും തങ്ങിനില്‍ക്കാം. അല്ലെങ്കില്‍ പോകുന്ന വഴിയില്‍ ഉരഞ്ഞ് വേദനയുണ്ടാക്കാം. ചിലപ്പോള്‍ കല്ലുകള്‍ മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ തടഞ്ഞുനില്‍ക്കാം. ഇത് വളരെ ഗുരുതരമായ അവസ്ഥയാണ്. അപൂര്‍വമായി മാത്രമെ ഇത് കണ്ടുവരുന്നുള്ളൂ. വൃക്കയില്‍നിന്ന് കല്ല് മൂത്രസഞ്ചിയിെലത്തിയാല്‍ അതിനെ പുറത്തുകളയാനായിരിക്കും ശരീരം ശ്രമിക്കുന്നത്്. എന്നാല്‍ വലിയ കല്ലുകളാണെങ്കില്‍ അത് പുറത്തുപോകാതെ അവിടെ തങ്ങിനില്‍ക്കാം. ചെറിയ കല്ലുകളാണെങ്കില്‍ അത് പുറത്തു പോകുന്നതാണ്. സാധാരണയായി 48 മണിക്കൂര്‍ മുതല്‍ ഒരാഴ്ചവരെ നീണ്ടുനില്‍ക്കുന്ന വേദനയാണിത്.

മൂത്രത്തിന്റെ നിറവ്യത്യാസം

കൂര്‍ത്തവശങ്ങളോ മുനകളോ ഉള്ള കല്ലുകള്‍ മൂത്രവാഹിനിയിലെ നേരിയ പാളിയില്‍ വിള്ളലുകളുണ്ടാക്കാം. ഇതുവഴി രക്തം വന്ന് മൂത്രത്തില്‍ കലരുന്നു. അതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ രക്തം കലര്‍ന്നു പോകുന്നതായി കാണാന്‍ സാധിക്കും.

മൂത്രതടസ്സം

രണ്ടുവൃക്കകളിലും കല്ലുണ്ടെങ്കില്‍ ഇത് മൂത്രവാഹിനിയെ പൂര്‍ണമായും തടസ്സപ്പെടുത്താം. ഇത് മൂത്രതടസ്സത്തിനും വൃക്ക പരാജയത്തിനും കാരണമായിത്തീരുന്നു. മൂത്രത്തിലെ കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഭാവിയില്‍ വൃക്കപരാജയത്തിന് കാരണമാകാം. 80-85 ശതമാനം കല്ലുകള്‍ തനിയെ മൂത്രത്തിലൂടെ ശരീരത്തുനിന്നു പുറത്തു പോകാറുണ്ട്. കുഴപ്പങ്ങളൊന്നും ഉണ്ടാകുന്നില്ല. ചെറിയ കല്ലുകള്‍ ഇങ്ങനെയാണ് പുറത്തു പോകുന്നത്. എന്നാല്‍ 20-25 ശതമാനം കല്ലുകള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നു.

 

മൂത്രാശയക്കല്ല്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കല്ലിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ കല്ലിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നു. എന്നാല്‍ തീരെ ചെറിയ കല്ലുകള്‍ കണ്ടെത്താന്‍ അള്‍ട്രാസൗണ്ടിലൂടെ കഴിഞ്ഞെന്നു വരില്ല. സി.ടി സ്‌കാന്‍, എം. ആര്‍ യൂറോഗ്രാം ഇവയിലൂടെ ഏതുതരം കല്ലിനെക്കുറിച്ചും വ്യക്തമായ വിവരം ലഭ്യമാകും. എന്നാല്‍ ഈ പരിശോധനയ്ക്ക് ചെലവു കൂടുതലായതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെ ചെയ്യാറുള്ളൂ. സാധാരണ എക്‌സ്‌റേയില്‍ ഒരുവിധം കല്ലുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും എല്ലാ കല്ലുകളും എക്‌സറേയില്‍ തെളിഞ്ഞു കാണണമെന്നില്ല. മൂത്രപരിശോധനയിലൂടെ കല്ലുണ്ടാകാനുള്ള ഘടകങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. അണുബാധ ഉണ്ടെങ്കിലും മൂത്ര പരിശോധനയിലൂടെ അറിയാന്‍ കഴിയും.ഒരു ദിവസത്തെ മൂത്രം ശേഖരിച്ച് 24 മണിക്കൂര്‍ നിരീക്ഷിച്ച് അതില്‍ കാത്സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ അമിത സാന്നിധ്യം ഉണ്ടോയെന്ന് മനസിലാക്കാവുന്നതാണ്. മൂത്രത്തിലൂടെ കല്ല് പുറത്തേക്കു വരികയാണെങ്കില്‍ ആ കല്ല് വിശകലനം ചെയ്ത് എന്തുകൊണ്ടാണ് കല്ല് ഉണ്ടായതെന്ന് കണ്ടെത്തണം.

ശസ്ത്രക്രിയ

എല്ലാ കല്ലുകളും ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടതില്ല. വലിയ കല്ലുകള്‍ മൂത്രത്തിലൂടെ പോകുകയില്ല. അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതുമൂലം വേദന, മൂത്രതടസം, അണുബാധ, രക്തസ്രാവം എന്നിവ ഉണ്ടാകാം. അത്തരം സാഹചര്യത്തില്‍ കല്ലുകള്‍ വേഗത്തില്‍ നീക്കം ചെയ്യേണ്ടിവരുന്നു. കല്ല് പൊടിച്ചു കളയാനുള്ള എക്ട്രാകോര്‍പോറിയല്‍ ഷോര്‍ട്ട് വേവ് ലിതോട്രിപ്‌സി അല്ലെങ്കില്‍ ലേസര്‍ ഉപയോഗിച്ച് കല്ലുകള്‍ പൊടിക്കുകയോ എന്‍ഡോസ്‌കോപ്പിയുടെ സഹായത്തോടെ കല്ലു നീക്കം ചെയ്യുകയോ ചെയ്യുന്നു.

ഏതുതരം മൂത്രക്കല്ലായാലും കൃത്യമായ ചികിത്സയും പരിശോധനകളും ആവശ്യമാണ്. ലക്ഷണങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും വൃക്കയെ ബാധിക്കുന്ന ഏതുതരം കല്ലും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.

മൂത്രത്തിലെ സിട്രേറ്റ് കാല്‍സ്യം കല്ലുകള്‍ ഉണ്ടാകുന്നത് തടയുന്നു. വയറിളക്കം റീനല്‍ ട്യൂബുലാര്‍ അസിഡോസിസ്, ചില പ്രത്യേക മരുന്നുകള്‍ മുതലായവ മൂത്രത്തില്‍ സിട്രേറ്റിന്റെ അളവ് കുറയ്ക്കുന്നു. ഇത്തരത്തിലുള്ള രോഗികള്‍ ഭക്ഷണത്തില്‍ കൂടുതലായി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. അതുപോലെ ശരീരത്തിലെ അമ്‌ളാംശം കൂട്ടുന്ന മാംസാഹാരം കുറയ്ക്കണം. മൂത്രത്തിലെ സിട്രേറ്റിന്റെ അളവ് കൂട്ടാന്‍ ധാരാളം ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

ഭക്ഷണത്തിലെ പ്യൂറിന്റെ അളവ് കൂട്ടുന്ന മാംസാഹാരം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു. ഇത്തരത്തിലുള്ള രോഗികള്‍ മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കുകയും സിട്രേറ്റ് അടങ്ങിയ പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുകയും വേണം.

സിസ്റ്റില്‍ കല്ലുകള്‍ ഉള്ള രോഗികള്‍ ഭക്ഷണത്തിലെ സോഡിയത്തിന്റെ അളവ് കുറക്കണം. മൂത്രത്തിലെ സിസ്റ്റിന്റെ അളവ് 250ാഴ/ര ആയി കുറയ്ക്കുവാന്‍ 4 ലിറ്ററോളം വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം. അതുപോലെ മാംസാഹാരത്തില്‍ നിന്നാണ് പ്രധാനമായും സിസ്റ്റില്‍ കല്ലുകള്‍ ഉണ്ടാകുന്നത്.  ഇത്തരം ഭക്ഷണത്തില്‍ രോഗികള്‍ മാംസം ഉപേക്ഷിക്കുക.

ഇടവിട്ട് കാല്‍സ്യം കല്ലുകള്‍ ഉണ്ടാക്കുന്ന രോഗികളും മൂത്രത്തില്‍ കാല്‍സ്യം കൂടുതലുള്ള രോഗികളും തയാസൈഡ് മരുന്നുകള്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കാല്‍സ്യം ഓക്‌സലേറ്റ്, കാല്‍സ്യംഫോസ്‌ഫേറ്റ് കല്ലുകള്‍ക്ക് തയാസൈഡ് മരുന്നുകള്‍ ഫലപ്രദമാണ്. ഇടവിട്ട് കല്ലുകള്‍ ഉണ്ടാകുന്നവര്‍, ഒരു വൃക്ക മാത്രമുള്ള രോഗികള്‍, വളരെ വലിപ്പമുള്ളകല്ലുകള്‍ ഉള്ള രോഗികള്‍ മുതലായവര്‍ക്ക് ഇത്തരം മരുന്നുകള്‍ കൊടുക്കണം. പൊട്ടാസ്യം സിട്രേറ്റ് മരുന്നുകള്‍ ഇടവിട്ട് കല്ലുകള്‍ ഉണ്ടാകുന്ന രോഗികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അതുപോലെ അലോപ്യൂരിനോള്‍ അടങ്ങിയ മരുന്നുകള്‍ കാല്‍സ്യം ഓക്‌സലേറ്റ് യൂറിക് ആസിഡ് കല്ലുകളുള്ള രോഗികള്‍ക്ക് പ്രയോജനം ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എല്ലാ കല്ലുകളും ശസ്ത്രക്രിയ ചെയ്തു പുറത്തു കളയേണ്ട ആവശ്യമില്ല. ചിലത് മരുന്നുകള്‍ നല്‍കി അലിയിച്ചു കളയാവുന്നതാണ്്. കല്ലുവരാതിരിക്കാനുള്ള കരുതലുകളാണ് ഏറ്റവും പ്രധാനം. ഒരിക്കല്‍ കല്ലു വന്നിട്ടുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ദിവസവും ധാരാളം വെള്ളം കുടിക്കുക. 22.5 ലിറ്റര്‍ മൂത്രം പുറത്തുപോകാനുള്ള അളവിന് വെള്ളം കുടിക്കുന്നതാണ് എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്നതിനേക്കാള്‍ മുഖ്യം. ഇത് കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

വൃക്കയിലെ കല്ലിന്റെ ഭാഗമായി വേദന ഉണ്ടാകുമ്പോള്‍ വേദന സംഹാരികള്‍ ഉപയോഗിക്കാവുന്നതാണ്. അതിനൊപ്പം നന്നായി വെള്ളം കുടിക്കുകയും വേണം. വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിനുമുമ്പ് വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്ന് ഉറപ്പുവരുത്തണം.

കഠിന വേദനയുമായി ആശുപത്രിയിലെത്തുന്ന രോഗിക്ക് വേദനസംഹാരികള്‍ നല്‍കിയശേഷം ഏതു തരത്തിലുള്ള കല്ലാണെന്ന് കണ്ടെത്തി അതിനായുള്ള ചികിത്സ നല്‍കുന്നു. അതിനാല്‍ ശരിയായ ചികിത്സതന്നെ ലഭ്യമാക്കാന്‍ രോഗികള്‍ ശ്രദ്ധിക്കണം. വ്യാജ ചികിത്സകള്‍ക്കു പുറകെ പോകരുത്.

ഭക്ഷണശൈലി ക്രമീകരിക്കുക. ബീഫ്, മട്ടണ്‍, എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഓക്‌സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളായ കാബേജ്, ചീര, കോളിഫ്‌ളവര്‍, നിലക്കടല, കോള, തക്കാളി എന്നിവ ഒഴിവാക്കുക. കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ശരീരത്തിന് ആവശ്യമുള്ള അളവില്‍ മാത്രം കഴിക്കുക. ഉപ്പിന്റെ അളവ് കൂടാതെ സൂക്ഷിക്കണം.

ഒരു പ്രാവശ്യം കല്ല് ചികിത്സിച്ചു മാറ്റിയശേഷം വീണ്ടും കല്ലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കില്‍ ഹൈപ്പര്‍ പാരാതൈറോയിഡിസം, ഹൈപ്പര്‍ ഓക്‌സലേറിയ എന്നിവയ്ക്കുള്ള പരിശോധന നടത്തേണ്ടതാണ്.

 

നിസാം
നേർപഥം വാരിക

 

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ബറേല്‍വി സമസ്തയുടെ എതിര്‍പ്പുകളും

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ബറേല്‍വി സമസ്തയുടെ എതിര്‍പ്പുകളും

സാക്ഷരതാ സംരംഭങ്ങളോടും ഇസ്‌ലാമിക വിജ്ഞാനത്തോടും മുസ്‌ലിം സമൂഹം ശക്തമായി പുറംതിരിഞ്ഞുനിന്ന സാഹചര്യത്തിലും; വിശുദ്ധ ക്വുര്‍ആനിന്റെ ആശയവും അതിന്റെ സന്ദേശവും മനുഷ്യമനസ്സുകളിലേക്ക് പ്രവേശിച്ചുവെങ്കില്‍ മാത്രമെ സാമൂഹികമായ പുരോഗതി കൈവരിക്കാനാവൂ എന്ന ഒറ്റപ്പെട്ട ചിന്തകളും ആഹ്വാനങ്ങളും കേരളത്തിന്റെ മുക്കുമൂലകളില്‍ ഉയര്‍ന്നുകേട്ടു. പൗരോഹിത്യം ഉയര്‍ത്തിവിട്ട ഫത്‌വകളും ബഹിഷ്‌ക്കരണ ഭീഷണികളും വകവെക്കാതെ മുന്നോട്ടുനീങ്ങിയ സമുദായത്തിലെ പ്രമുഖന്മാരായ നേതാക്കള്‍ക്ക് അനുഭവിക്കേണ്ടിവന്ന പരീക്ഷണങ്ങള്‍ അതികഠിനമായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അതിന്റെ സന്ദേശം എല്ലാവര്‍ക്കും ലഭ്യമാക്കാനുംമുസ്‌ലിംകളെ ഇസ്‌ലാമിക പൈതൃകത്തിന്റെ അനന്തരാവകാശികളാക്കാനും ഇറങ്ങിത്തിരിച്ച കേരള കേസരി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അനുഭവങ്ങള്‍ ഈ രംഗത്ത് സമാനതകളില്ലാത്തതാണ്. 

ഇസ്‌ലാമിക സംസ്‌കാരത്തിന്റെ യഥാര്‍ഥ മുഖം മനസ്സിലാക്കാന്‍ വിശുദ്ധ ക്വുര്‍ആനിന്റെ മലയാള പരിഭാഷ അത്യന്താപേക്ഷിതമായിരുന്നു. കേരള മുസ്‌ലിംകള്‍ക്ക് പൊതുവില്‍ അറബിഭാഷ വായിക്കാന്‍ മാത്രമെ അറിയുമായിരുന്നുള്ളൂ. ലിപി വിജ്ഞാനത്തില്‍ മാത്രം അവരുടെ ഭാഷാജ്ഞാനം പരിമിതപ്പെട്ടുനിന്നു. ക്വുര്‍ആനിന്റെ അര്‍ഥംപോലും അവര്‍ക്കറിയുമായിരുന്നില്ല. ഈ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ അബ്ദുറഹ്മാന്‍ സാഹിബ് ഒരു പണ്ഡിത സംഘത്തിന്റെ കീഴില്‍ ക്വുര്‍ആന്റെ വിവര്‍ത്തനവും വ്യാഖ്യാനവും തയ്യാറാക്കാനുള്ള ഒരു ബൃഹത് പദ്ധതി ആവിഷ്‌ക്കരിച്ചു. ഈ പദ്ധതിക്ക് ഏറെ സഹായം ആവശ്യമായിരുന്നു. അതിനുള്ള പണം ശേഖരിക്കുക ശ്രമകരമായ ജോലിയായിരുന്നു. ഈ വാര്‍ത്ത പരന്നതോടുകൂടി യാഥാസ്ഥിതിക മുസ്‌ലിംകള്‍ എതിര്‍ക്കാന്‍ തുടങ്ങി. ക്വുര്‍ആന്‍ വിവര്‍ത്തനാതീതമാണെന്നും വിശുദ്ധ വേദഗ്രന്ഥം വിശുദ്ധ ലിപിയിലല്ലാതെ മറ്റൊരു ഭാഷയിലും ഉണ്ടാവാന്‍ പാടില്ലെന്നും വാദമുണ്ടായി. ഈ എതിര്‍പ്പുകള്‍ പ്രാദേശിക തലത്തില്‍ പണപ്പിരിവ് നടത്തല്‍ അസാധ്യമാക്കിത്തീര്‍ത്തു. അബ്ദുറഹ്മാന്‍ സാഹിബ് ഈ കാര്യത്തിനുവേണ്ടി ഹൈദരാബാദ് നൈസാമിനെ സമീപിച്ചു സഹായമഭ്യര്‍ഥിച്ചു. ധനസഹായം നല്‍കാമെന്ന് നൈസാം ഏല്‍ക്കുകയും ചെയ്തു. ഈ വിവരം കോഴിക്കോട്ടെത്തി. യാഥാസ്ഥിതികന്മാര്‍ ക്ഷുബ്ധരായി. അവരുടെ തലപ്പത്തുള്ള നാട്ടു പ്രമാണിമാര്‍ മുമ്പേതന്നെ അബ്ദുറഹ്മാന്‍ സാഹിബിന്റെ വിരോധികളായിരുന്നു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ സംരംഭത്തെ സഹായിക്കരുതെന്ന് നൈസാമിന് കമ്പികളും നിവേദനങ്ങളും തുരുതുരെ അയച്ചു. ഓരോ സ്ഥലത്തും ചെന്ന് കമ്പിയടിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. രണ്ടായിരം കമ്പികളോളം നൈസാമിന് ലഭിച്ചു. മലബാര്‍ മുസ്‌ലിംകള്‍ ഈ സംരംഭത്തിനെതിരാണെന്ന് മനസ്സിലാക്കിയ നൈസാം സഹായ വാഗ്ദാനം പിന്‍വലിച്ചു. ഒടുവില്‍ ചില യുവാക്കളുടെ ഉത്സാഹഫലമായി ക്വുര്‍ആന്റെ ഒരു കാണ്ഡം മാത്രം വിവര്‍ത്തനമായി പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. പി.കെ.മൂസ മൗലവി, പി.മുഹമ്മദ് മൈതീന്‍ എന്നീ പണ്ഡിതന്മാരാണ് വിവര്‍ത്തനവും വ്യാഖ്യാനവും തയ്യാറാക്കിയത്.

അബ്ദുറഹ്മാന്‍ സാഹിബ് ക്വുര്‍ആന്‍ പരിഭാഷക്ക് വേണ്ടി ചെയ്ത ആത്മാര്‍ഥ ശ്രമങ്ങളെപ്പറ്റി പില്‍ക്കാലത്ത് ഇക്കാര്യത്തില്‍ കഠിനപ്രയത്‌നം ചെയ്ത മജീദ് മരക്കാര്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ”സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനു മുമ്പായി മലയാള പരിഭാഷാ വിഷയകമായി മഹത്തായ ഒരു ശ്രമം നടത്തിയ ഷേറെ മലബാര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ അനുസ്മരിക്കാതെ ഈ ലേഖനം പൂര്‍ത്തിയാക്കുന്നത് ശരിയായിരിക്കുകയില്ല. കേരള മുസ്‌ലിംകളുടെ ഉദ്ധാരണത്തിനായി മറ്റെല്ലാ തുറകളിലും അദ്ദേഹം ചെയ്തതുപോലുള്ള ശ്രമം പരിഭാഷാ വിഷയത്തിലും ചെയ്യാതിരുന്നിട്ടില്ല. ഉറങ്ങിക്കിടന്ന ഈ സമൂഹ വിഭാഗത്തെ ദേശീയതയില്‍ പങ്കുചേര്‍ക്കാനായിരുന്നു അബ്ദുറഹ്മാന്റെ മുഴുവന്‍ ശ്രമവും.”

ഹിജാസിലെ സുല്‍ത്താന്‍ ഇബ്‌നു സുഊദിനെ ഏറെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും ചെയ്ത മഹാനായ പണ്ഡിത നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. കണക്കറ്റ സമ്പത്തിനും പ്രശസ്തിക്കും ഉടമയായിരുന്ന ഹൈദരാബാദിലെ ഏറ്റവും അവസാനത്തെ നൈസാം ഉസ്മാന്‍ അലിഖാനെക്കൊണ്ട് കേരള മുസ്‌ലിംകള്‍ക്ക് വേണ്ടി ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിപ്പിക്കാന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ പ്രശസ്തിയുടെയും കഴിവിന്റെയും തെളിവാണ്. പക്ഷേ, ഇസ്‌ലാമിനോടും മുസ്‌ലിം സമൂഹത്തിനോടും ഏറെ കൂറും പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ ‘വഹാബി’ ആണെന്നായിരുന്നു കേരളത്തിലെ ബറേല്‍വി പുരോഹിതന്മാരുടെ കണ്ടെത്തല്‍. മുന്‍ഗാമികളില്‍നിന്നും തികച്ചും വ്യത്യസ്തനായി ഇസ്‌ലാമിനെയും ഇസ്‌ലാമിക വിജ്ഞാനത്തെയും ഏറെ സ്‌നേഹിച്ചിരുന്ന നൈസാം ഉസ്മാന്‍ അലിഖാന്റെ നിര്‍ദേശമനുസരിച്ചാണ് 1918ല്‍ പ്രശസ്തമായ ഉസ്മാനിയാ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത്.

കേരള മുസ്‌ലിം സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് ഏറെ സഹായകരമായിരുന്ന ക്വുര്‍ആന്‍ മലയാളം പരിഭാഷാ പദ്ധതിക്ക് തുരങ്കം വെക്കുകയും നൈസാമിനെ തെറ്റുധരിപ്പിക്കാന്‍ പര്യാപ്തമായ നിലയില്‍ തന്ത്രങ്ങള്‍ മെനയുകയും ചെയ്തതില്‍ തെന്നിന്ത്യന്‍ മുഫ്തിയായി അറിയപ്പെട്ടിരുന്ന അഹ്മദ് കോയാ ശാലിയാത്തിയുടെ പങ്ക് അനിഷേധ്യമാണ്. അക്കാലത്ത് ഹൈദരാബാദ് നൈസാമിന്റെ കൊട്ടാരത്തില്‍ മുഫ്തിയായി 100 രൂപ ശമ്പളത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ശാലിയാത്തി. ക്വുര്‍ആന്‍ പരിഭാഷക്ക് സാമ്പത്തികമായി സഹായം വാഗ്ദാനം ചെയ്തിരുന്ന ഹൈദരാബാദ് നൈസാമിനെ കുതന്ത്രങ്ങള്‍ മെനഞ്ഞ് തെറ്റുധരിപ്പിച്ച് പിന്നോട്ട് വലിച്ച ബറേല്‍വി സമസ്തക്കാര്‍ക്ക് പില്‍ക്കാലത്ത് എത്ര ക്വുര്‍ആന്‍ പരിഭാഷകളും ക്വുര്‍ആന്‍ പ്രഭാഷകരും ഉണ്ടായിട്ടുണ്ടെന്നത് പ്രത്യേകം ഗവേഷണം നടത്തേണ്ട വിഷയമാണ്. ‘തഹ്ദീറുല്‍ ഇഖ്‌വാന്‍’ എഴുതി പ്രസിദ്ധപ്പെടുത്തിയ ഇ.കെ.ഹസന്‍ മുസ്‌ലിയാരുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമി ചാലിയത്തെ അഹ്മദ് കോയയുടെയും ആത്മീയ സരണിയില്‍നിന്നും സമസ്ത ബറേല്‍വി പുരോഹിതന്മാര്‍ ഒരുപാട് വഴിമാറി സഞ്ചരിക്കാന്‍ പില്‍ക്കാലത്തെ വഹാബികളുടെ സജീവ സാന്നിധ്യം കാരണമായിട്ടുണ്ടെത് അനിഷേധ്യമാണ്.

ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ കേരളത്തിലെ ബറേല്‍വി പുരോഹിതന്മാരും പ്രമാണിമാരും ദ്രോഹിച്ച അത്രയും ബ്രിട്ടീഷ്‌കാര്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ന്യായമായും സംശയിക്കാം. അബ്ദുറഹ്മാനെ വഹാബി മുദ്രചാര്‍ത്തി യാഥാസ്ഥിതിക മുസ്‌ലിംകളെ അദ്ദേഹത്തിനെതിരില്‍ തിരിച്ചുവിടാനും ബറേല്‍വി സമസ്തയിലെ പുരോഹിതന്മാര്‍ ആവുന്നത്ര ശ്രമിച്ചു. 

ബറേല്‍വി സമസ്തയുടെ അധ്യക്ഷനായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ ‘കാഫിര്‍’ ആണെന്ന മതശാസന പുറത്തിറക്കി. ഖുതുബി മുഹമ്മദ് മുസ്‌ല്യാരും തന്നാലാവുന്ന എല്ലാവിധ തന്ത്രങ്ങളും അബ്ദുറഹ്മാനെതിരില്‍ മെനഞ്ഞു. 1937ലെ തെരഞ്ഞെടുപ്പില്‍ അബ്ദുറഹ്മാന്‍ സാഹിബിനെ അടച്ചാക്ഷേപിച്ചുകൊണ്ട് നടന്ന ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്ക് ആവേശം പകര്‍ന്നത് ബറേല്‍വി സമസ്തയിലെ പുരോഹിതന്മാര്‍ അദ്ദേഹത്തിനെതിരില്‍ എയ്തുവിട്ട ഫത്‌വകളും വാറോലകളുമായിരുന്നു. ബറേല്‍വി സമസ്തയിലെ പുരോഹിതന്മാരെ മുസ്‌ലിം ജന്മിമാരും പാര്‍ട്ടിയിലെ വിമതരും കാര്യമായി സ്വാധീനിച്ചു. ഇതൊടെ അബ്ദുറഹ്മാന്‍ ‘കാഫിര്‍’ആണെന്ന മതശാസനവും പുറത്തുവന്നു. എന്നാല്‍ ഈ എതിര്‍പ്പുകളും ഭീഷണിയുമൊന്നും വകവെക്കാതെ ഒരു വിഭാഗം ധീരരായ ചെറുപ്പക്കാര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനുവേണ്ടി രംഗത്തുവന്നു.

തെരഞ്ഞെടുപ്പില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ എതിരാളിയായി മത്സരിച്ച ചേക്കുവിനുവേണ്ടി ബറേല്‍വി സമസ്തയുടെ പരമോന്നത നേതാവ് സാക്ഷാല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ തന്നെ രംഗത്തുവന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ വഹാബി ബന്ധമായിരുന്നു ഇതിനെല്ലാം അവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. സാഹിബിനെ കാഫിറാക്കിക്കൊണ്ടുള്ള ബറേല്‍വി സമസ്തയുടെ നേതാവ് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ പ്രസംഗം കത്തിക്കയറുന്നതിന്നിടയിലേക്ക്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കടന്നുചെന്നു. വേദിയിലുണ്ടായിരുന്ന പുരോഹിതന്മാരും എതിരാളികളും സ്തബ്ധരായി. പുരോഹിതന്മാരും കൂട്ടരും സ്ഥലം കാലിയാക്കി. അബ്ദുറഹ്മാന്‍ ഈ വേദിയെ തന്റെ ഇലക്ഷന്‍ പ്രചാരണത്തിനുള്ള സദസ്സാക്കി മാറ്റി. രാഷ്ട്രീയത്തില്‍ മാത്രമല്ല മതരംഗത്തും വിശ്വാസത്തിലും എന്നും വിവാദനായകനായിരുന്നു കേരള സിംഹം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. നാലണക്ക് പകരമായി മതവിധികള്‍ പതിച്ചുനല്‍കുന്ന പുരോഹിതന്മാരും സമുദായത്തെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന പ്രമാണിമാരുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിയോഗികള്‍.

റഫറന്‍സസ്:

1. ക്വുര്‍ആന്‍ പരിഭാഷയും മലയാള ഭാഷയും: മജീദ് മരക്കാര്‍, കേരള മുസ്‌ലിം ഡയറക്ടറി

2. മുഹമ്മദ് അബ്ദുറഹ്മാന്‍; രാഷ്ട്രീയ ജീവചരിത്രം. എസ്.കെ.പൊറ്റക്കാട്, പി.പി.ഉമ്മര്‍ കോയ, എന്‍.പി.മുഹമ്മദ്, കെ.എ.കൊടുങ്ങല്ലൂര്‍ എിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റഫറന്‍സ് കൃതി, പേജ്: 277-278, പി.ആര്‍.ഡി. കേരള രണ്ടാം പതിപ്പ്: 2004 ജനുവരി.

3. Ibid, Page: 286,530.

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക