ബറേല്‍വികളുടെ വഹാബി വിമര്‍ശനങ്ങള്‍

ബറേല്‍വികളുടെ വഹാബി വിമര്‍ശനങ്ങള്‍

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ, ഇബ്‌നുല്‍ക്വയ്യിം, ഇമാം ശൗകാനി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരെപ്പറ്റി കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങളും ഫത്‌വകളും കൊണ്ട് കുപ്രസിദ്ധമാണ് ബറേല്‍വിയുടെ രചനകള്‍. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ചിന്തകളും നവോത്ഥാന, പരിഷ്‌ക്കരണങ്ങളും ഇന്ത്യയില്‍ വ്യാപകമാകുന്നതിനെ ഏറ്റവുമധികം ഭയപ്പെട്ട വിഭാഗങ്ങളാണ് ബറേല്‍വികളും ശിയാക്കളും പിന്നെ സ്വൂഫി ഗ്രൂപ്പുകളും. വരുമാന മാര്‍ഗങ്ങള്‍ക്ക് വിലങ്ങുതടിയാകുന്ന എല്ലാ സംരംഭങ്ങളെയും പല്ലും നഖവുമുപയോഗിച്ച് വിമര്‍ശിക്കാനും പ്രതിരോധിക്കാനും ഇതര ഗ്രൂപ്പുകള്‍ക്കൊപ്പം ബറേല്‍വികളും മുന്നോട്ടുവന്നു. നിന്ദ്യവും നികൃഷ്ടവുമായ പദപ്രയോഗങ്ങളാണ് മുകളില്‍ പറഞ്ഞ പണ്ഡിതന്മാരെപ്പറ്റി ഈ വിഭാഗം പ്രയോഗിക്കുന്നത്. 

ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിനോടുള്ള വിരോധം നിമിത്തം അദ്ദേഹത്തെ വിമര്‍ശിക്കാന്‍ വ്യാജഹദീഥ് പോലും ബറേല്‍വി സ്വയം നിര്‍മിച്ചു! ഏറ്റവും നികൃഷ്ടരായ മുര്‍തദ്ദുകള്‍ (മതഭ്രഷ്ടര്‍) വഹാബികളാണന്ന് ബറേല്‍വി തന്റെ ‘അഹ്കാമുശ്ശരീഅഃ’ എന്ന വാറോലയില്‍ എഴുതിവിട്ടു. അവിടെയും അവസാനിച്ചില്ല ബറേല്‍വിയുടെ വഹാബി വിരോധം; ‘വഹാബികള്‍ യഹൂദികളെക്കാളും ബിംബാരാധകരെക്കാളും മജൂസികളെക്കാളും ഏറ്റവും നികൃഷ്ടരും ഉപദ്രവകാരികളും അശുദ്ധരുമാണ്’ എന്ന്’അയാള്‍ ഇതേ വാറോലയില്‍ തന്നെ എഴുതിവിട്ടു. വഹാബികള്‍ മുശ്‌രിക്കുകളാണന്നും അവരെ കര്‍മശാസ്ത്രപരമായി തന്നെ കാഫിറാക്കല്‍ നിര്‍ബന്ധമാണെന്നും അയാള്‍ പ്രചരിപ്പിച്ചു.

ഹിജാസില്‍ ശൈഖ് മുഹമ്മദ് നടത്തിയ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ ഏറ്റവും ക്രൂരമായ ഭാഷയിലാണ് ബറേല്‍വിയും അയാളുടെ ശിഷ്യന്മാരും പരിചയപ്പെടുത്തിയത്. ‘അകാരണമായി നിരവധി നിരപരാധികളെ വഹാബികള്‍ ഹറമൈനിയില്‍ വെച്ച് കൊലപ്പെടുത്തി. അവരുടെ ഭാര്യമാരെയും പെണ്‍മക്കളെയും വഹാബികള്‍ വ്യഭിചരിച്ചു. അവരെ തടവില്‍ പാര്‍പ്പിച്ചു. അവരെ അടിമകളാക്കി’ എന്നെല്ലാം ബറേല്‍വിയും ശിഷ്യന്മാരും എഴുതിവിട്ടു. സുല്‍ത്വാന്‍ ഇബ്‌നു സുഊദിനെയും ബറേല്‍വികള്‍ വെറുതെവിട്ടില്ല. ഹിജാസിലെ നേതാക്കളെയും പണ്ഡിതന്മാരെയും കഴിയുന്നത്ര തേജോവധം ചെയ്യുന്നതില്‍ അയാളും അനുയായികളും സുഖം കണ്ടെത്തി. മുര്‍തദ്ദുകള്‍, നിരീശ്വര വാദികള്‍, ഇബ്‌ലീസുകള്‍, കാഫിറുകള്‍, ശപിക്കപ്പെട്ടവര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍കൊണ്ട് നിറഞ്ഞവയാണ് ബറേല്‍വികളുടെ രചനകള്‍.

ഹിജാസിലെ സുല്‍ത്വാന്‍ ഇബ്‌നുസുഊദിന്റെ കുടുംബത്തിലെ ചിലര്‍ അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ബോംബെയിലെത്തിയ അവരെ ബോംബെ ജുമുഅ മസ്ജിദിലെ ഇമാം ശൈഖ് അഹ്മദ് യൂസുഫും സ്വീകരിക്കാനെത്തി. ഇതും ബറേല്‍വിയെ പ്രകോപിപ്പിക്കാന്‍ കാരണമായി. ഇബ്‌നു സുഊദിന്റെ മക്കളെ സ്വീകരിക്കുകയും നജ്ദിലെ ഭരണകൂടത്തെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്ത ഇമാം അഹ്മദ് യൂസുഫിനെ ഇക്കാരണത്താല്‍ കാഫിറും മുര്‍തദ്ദുമായി ചിത്രീകരിക്കാന്‍ ബറേല്‍വിക്ക് യതോരു മടിയുമുണ്ടായില്ല. 

പ്രമുഖന്മാരായ പണ്ഡിതന്മാരെയും നേതാക്കളെയും ബറേല്‍വികള്‍ വെറുതെ വിട്ടില്ല

ഇന്ത്യയില്‍ സമുന്നതമായ നിലയില്‍ മദ്‌റസാ പ്രസ്ഥാനവുമായി കടന്നുവന്ന ദയൂബന്തിലെ പ്രമുഖന്മാരായ പണ്ഡിതന്മാരെയും നേതാക്കളെയും ബറേല്‍വികള്‍ വെറുതെ വിട്ടിട്ടില്ല. മൗലാനാ ക്വാസിം നാനൂത്തവി(റഹ്)യുടെ സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗംതന്നെയായിരുന്നു. സാധാരണ പണ്ഡിത പ്രമുഖന്മാര്‍ ധരിക്കാറുള്ള വേഷഭൂഷാധികളോ തലപ്പാവോ നീളക്കുപ്പായമോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സമൂഹത്തില്‍നിന്നും ഒഴിഞ്ഞ് കഴിയുന്നതിനായിരുന്നു അദ്ദേഹത്തിന് എന്നും താല്‍പര്യം. വലിയ ഭക്തനായിരുന്നു. ആര്‍ക്കും എന്തിനും ഫത്‌വ നല്‍കുന്ന സ്വഭാവവും ഇല്ലായിരുന്നു. ഹിജ്‌റ 1297ല്‍ മരണപ്പെട്ട മഹാനവര്‍കളെപ്പറ്റി ബറേല്‍വികള്‍ ഏറ്റവും മോശമായ ഭാഷയില്‍ ഫത്‌വയിറക്കി. മൗലാനാ ക്വാസിം നാനൂത്തവി മതഭ്രഷ്ടനും അദ്ദേഹത്തിന്റെ രചനകള്‍ അശുദ്ധമാെണന്നും അവര്‍ പ്രചരിപ്പിച്ചു.

മൗലാനാ റഷീദ് അഹ്മദ് ഗാംഗോഹി(റഹ്)യെപ്പറ്റിയും നിരവധി അപരാധങ്ങളാണ് ബറേല്‍വി നേതാവും അയാളുടെ അനുയായികളും പ്രചരിപ്പിച്ചത്. ഗാംഗോഹി കാഫിറും മുര്‍തദ്ദുമാണന്ന് തുറന്ന് പറയാനും എഴുതാനും ബറേല്‍വികള്‍ മടിച്ചിട്ടില്ല. ഗാംഗോഹി കാഫിറാണോയെന്ന് സംശയിക്കുന്നവരും കാഫിറാെണന്ന് ബറേല്‍വി മൗലാനാ വിധിയെഴുതി! അദ്ദേഹം ബറേല്‍വികള്‍ക്കെതിരില്‍ എഴുതിയ ചില രചനകളെപ്പറ്റി ‘മൂത്രത്തെക്കാള്‍ മ്ലേച്ഛം’ എന്നാണ് ബറേല്‍വി എഴുതിയത്!

ദയൂബന്തികളുടെ പ്രമുഖ നേതാവും പണ്ഡിതനുമായിരുന്ന മൗലാനാ അഷ്‌റഫ് അലി ഥാനവിയെപ്പറ്റിയും ഇതേനിലപാട് തന്നെയായിരുന്നു ബറേല്‍വികള്‍ക്ക്. ‘പൈശാചികനായ വഹാബി’യെന്നാണ് ബറേല്‍വി അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ദയൂബന്തി പണ്ഡിതനിരയിലെ പ്രഗത്ഭരും പതിനായിരങ്ങളുടെ ഗുരുവര്യന്മാരുമായ മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മഹ്മൂദുല്‍ ഹസന്‍ ദയൂബന്തി, ഷബ്ബീര്‍ അഹ്മദ് തുടങ്ങിയ പരമ്പരകളെത്തന്നെ കാഫിറും മുര്‍തദ്ദുമായി വിശേഷിപ്പിച്ചുകൊണ്ട് ബറേല്‍വി ഫത്‌വയിറക്കിയിട്ടുണ്ട്. ദയൂബന്തികളുടെ പിന്നില്‍ നിസ്‌ക്കരിച്ചാല്‍ തന്നെ കാഫിറാകുമെന്നും അവരുടെ കുഫ്‌റില്‍ സംശയിക്കുന്നവരും കാഫിറാണെന്നും ബറേല്‍വി തുറന്നെഴുതിയിട്ടുണ്ട്. 

ദാറുല്‍ഉലൂം ദയൂബന്ധിനെ പ്രകീര്‍ത്തിച്ചു പറയുന്നവരും മുസ്‌ലിംകളോട് പെരുമാറുന്ന നിലയില്‍ അവരോട് പെരുമാറുന്നവരും അവരെ കൂലിവേലക്ക് വിളിക്കുന്നവരും ഹറാം പ്രവര്‍ത്തിക്കുന്നവരാണന്നും ബറേല്‍വിയുടെ ഫത്‌വയില്‍ പറയുന്നു! അവര്‍ക്ക് ഉദ്വുഹിയ്യതിന്റെ മാംസം പോലും നല്‍കാന്‍ പാടില്ലെന്നാണ് ബറേല്‍വികളുടെ മതം പഠിപ്പിക്കുന്നത്. ഇത്തരം മുര്‍തദ്ദുകളുമായി യോജിക്കുന്നതിനെക്കാള്‍ കാഫിറുകളുമായി യോജിക്കുന്നതാണ് നല്ലതെന്നും ബറേല്‍വി വാദിക്കുന്നു. ദയൂബന്തികളുടെ ഗ്രന്ഥങ്ങളുടെ മേല്‍ കാര്‍ക്കിച്ചുതുപ്പാനും അതിന്മേല്‍ മൂത്രമൊഴിക്കാനും ബറേല്‍വി ആഹ്വാനം ചെയ്യുന്നു.

ലക്‌നോ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ അധ്യാപകരും അതിന്റെ സ്ഥാപകരും മുര്‍തദ്ദുകളും നിരീശ്വരവാദികളുമാണെന്നും ബറേല്‍വി നിര്‍ലജ്ജം പ്രചരിപ്പിച്ചു. അവരെയെല്ലാം നരകത്തിന്റെ അവകാശികളായിട്ടാണ് ബറേല്‍വി വിശേഷിപ്പിച്ചിട്ടുള്ളത്. നദ്‌വത്തുല്‍ ഉലമയിലെ പ്രമുഖന്മാരായ പണ്ഡിതനേതാക്കളെ കാഫിറാക്കിക്കൊണ്ടുള്ള ബറേല്‍വി മൗലാനായുടെ ഫത്‌വയെപ്പറ്റിയും അവരോട് ബറേല്‍വികള്‍ക്കുള്ള അരിശത്തെപ്പറ്റിയും മൗലാനാ സയ്യിദ് അബ്ദുല്‍ഹയ്യ് അല്‍ഹസനി(റഹ്) തന്റെ ‘നുസ്ഹതുല്‍ ഖവാത്വിറി’ല്‍ വിശദമാക്കിയിട്ടുണ്ട്.

നദ്‌വികളെയും ദയൂബന്തികളെയും അഹ്‌ലുല്‍ ഹദീഥുകാരെയും സംയുക്തമായിട്ടാണ് ബറേല്‍വി ‘വഹാബികള്‍’ എന്ന് വിശേഷിപ്പിക്കുന്നത്. ശിര്‍ക്ക്, ഖുറാഫാത്തുകള്‍ക്കെതിരിലുള്ള ഉത്‌ബോധനവും ചിന്തകളും ഉള്‍ക്കൊള്ളുന്ന എല്ലാ സമൂഹവും ബറേല്‍വികളുടെ ഭാഷയില്‍ വഹാബികളാണ്. അറപ്പും വെറുപ്പുമുളവാക്കുന്ന നിരവധി ഫത്‌വകളും പ്രയോഗങ്ങളും ബറേല്‍വി ഇവര്‍ക്കെതിരില്‍ തൊടുത്തുവിട്ടു. ഹനഫികള്‍ക്ക് വഹാബികളുടെ കിണറ്റിലെ വെള്ളവും ഹറാമാണന്ന് ബറേല്‍വി പ്രചരിപ്പിച്ചു.

ക്വുര്‍ആനും സുന്നത്തും അനുസരിച്ചുകൊണ്ട് സംശുദ്ധമായ ജീവിതം നയിച്ച എല്ലാ സമൂഹങ്ങളെയും ബറേല്‍വികളും അനുയായികളും കടന്നാക്രമിക്കുകയും അവരെപ്പറ്റി കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. സുല്‍ത്താന്‍ ഇബ്‌നു സുഊദിന്റെ നേതൃത്വത്തില്‍ ഹിജാസില്‍ നടന്ന ശുദ്ധീകരണ നടപടികളില്‍ ഏറ്റവും അസ്വസ്ഥത പ്രകടിപ്പിച്ചത് ശിയാക്കളും ബറേല്‍വികളുമായിരുന്നു. ശിയാക്കള്‍ക്ക് മുന്നില്‍ ബറേല്‍വികള്‍ അണിനിരന്നുവെന്ന് പറയുന്നതാകും കൂടുതല്‍ ശരി. വഹാബികളായ ഹിജാസിലെ നേതാക്കള്‍ നേതൃത്വം നല്‍കുന്ന വിശുദ്ധമായ ഹജ്ജ് കര്‍മത്തിന് പുറപ്പെട്ട ഇന്ത്യന്‍ സമൂഹത്തെ വിലക്കുന്ന നടപടികള്‍ക്കും ബറേല്‍വികള്‍ ചുക്കാന്‍ പിടിച്ചു. വഹാബികളുടെ കീഴില്‍ ഹജ്ജ് നിര്‍വഹിച്ചാല്‍ അത് സാധുവാകുകയില്ലെന്ന് സമര്‍ഥിച്ചുകൊണ്ട് ബറേല്‍വികള്‍ കുപ്രസിദ്ധമായ ഫത്‌വ പുറപ്പെടുവിച്ചു. ‘തന്‍വീറുല്‍ ഹുജ്ജ ലിമന്‍ യജൂസു ഇന്‍തിവാഅല്‍ ഹിജ്ജ’ എന്ന വാറോല പുറത്തിറക്കുന്നതിന് ചുക്കാന്‍ പിടിച്ചത് ബറേല്‍വിയുടെ മകന്‍ മുസ്ത്വഫ രിദ ആയിരുന്നു. 

പ്രമുഖന്മാരായ 50 ബറേല്‍വി നേതാക്കള്‍ ഇതിനെ പിന്താങ്ങി ഒപ്പുവെച്ചു. ഹഷ്മത്ത് അലി, ബറേല്‍വിയുടെ മകന്‍ ഹാമിദ് രിദ, നഈമുദ്ദീന്‍ മുറാദാബാദി, ദില്‍ദാര്‍ അലി തുടങ്ങിയ ബറേല്‍വികള്‍ അതില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പെടുന്നു. യാതൊരുവിധ അടിസ്ഥാനങ്ങളുമില്ലാത്ത കല്ലുവെച്ച നുണകളും തെറികളുമാണ് സുഉൗദി ഭരണാധികാരികളെപ്പറ്റി ബറേല്‍വികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഹജ്ജിനെ ദുര്‍ബലമാക്കിക്കൊണ്ടുള്ള ഫത്‌വകൊണ്ട് താന്‍ ഉദ്ദേശിക്കുന്നത് നജ്ദിലെ ചെകുത്താനില്‍ നിന്നും ഹറമൈനിയുടെ മണ്ണിനെ പവിത്രമാക്കലാണെന്നും ബറേല്‍വി തട്ടിവിടുന്നു.

ശംസുല്‍ ഉലമ ഷിബിലി ഉമാനി, സയ്യിദ് അല്‍ത്വാഫ് ഹുസൈന്‍ ഹാലി, ശൈഖ് ദഖാഉല്ലാ, നവാബ് മഹ്ദി അലി ഖാന്‍ തുടങ്ങിയ പ്രമുഖന്മാരുടെ നീണ്ട നിരതന്നെ ബറേല്‍വിയുടെ കുഫ്ര്‍ ഫത്‌വയുടെ കൂരമ്പിന് ഇരയായവരാണ്. നവാബ് മഹ്ദി അലി ഖാനെപ്പറ്റി പ്രത്യേകിച്ച് എടുത്ത് പറയേണ്ടുന്നത്, അറിയപ്പെടുന്ന ശിയാ കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത് എന്നതാണ്. നിരന്തരമായ പഠനവും ഗവേഷണവും കാരണം ശിയാക്കളുടെ അപകടകരമായ മാര്‍ഗത്തെ അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ അതിനെ ഉപേക്ഷിക്കാനും തയ്യാറായി. അഹ്‌ലുസ്സുന്നയുടെ ആദര്‍ശമാണ് സത്യമെന്ന് മനസ്സിലാക്കിയ അദ്ദേഹം അതിന്റെ വക്താവും പ്രചാരകനുമായിത്തീര്‍ന്നു. ശിയാക്കളെ ഖണ്ഡിച്ചുകൊണ്ട് ‘ആയാതുന്‍ ബയ്യിനാത്’ എന്ന പേരില്‍ അദ്ദേഹം ഒരു ഗ്രന്ഥം തന്നെ രചിച്ചു. അദ്ദേഹം ശിയാ, ബറേല്‍വി ആശയങ്ങള്‍ കയ്യൊഴിഞ്ഞതും പിന്നീട് അവരുടെ വിമര്‍ശകനായിത്തീര്‍ന്നതും ബറേല്‍വികളെ ശരിക്കും പ്രകോപിപ്പിച്ചു.

ഇമാമുല്‍ഹിന്ദ് മൗലാനാ അബുല്‍കലാം ആസാദിനെയും ബറേല്‍വികള്‍ വേട്ടയാടി. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യയുടെ ഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് പരിചയപ്പെടാന്‍ സാധിക്കുന്ന നിലയില്‍ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്താന്‍ അബുല്‍കലാം ആസാദ് നിര്‍ദേശം നല്‍കിയത് ബറേല്‍വികളെ പ്രകോപിതരാക്കി. തക്വിയ്യകളും സ്വൂഫി മജ്‌ലിസുകളും ഒഴിവാക്കാന്‍ കവിതയിലൂടെ ആഹ്വാനം ചെയ്ത സര്‍ അല്ലാമാ ഇഖ്ബാലിനെയും ബറേല്‍വികള്‍ വെറുതെ വിട്ടില്ല. നിരീശ്വരവാദിയും തത്ത്വശാസ്ത്രത്തിന്റെ വക്താവുമായ ഇഖ്ബാലിന്റെ നാവിലൂടെ ഇബ്‌ലീസ് സംസാരിക്കുന്നുവെന്ന് ബറേല്‍വികള്‍ പ്രചരിപ്പിച്ചു. 

ഖാദിയാനികള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരില്‍ ഒരുപോലെ ശക്തമായ നിലപാട് പ്രകടിപ്പിച്ചിരുന്ന പ്രമുഖ നേതാവ് ളഫര്‍ അലിഖാനെയും ബറേല്‍വികള്‍ ഫത്‌വക്ക് ഇരയാക്കി ക്രൂശിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ ഒന്നിക്കാന്‍ ആഹ്വാനം ചെയ്യുകയും ബ്രിട്ടണ്‍ ഇന്ത്യവിടണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തവരെയെല്ലാം ബറേല്‍വികള്‍ കടന്നാക്രമിച്ചു. ഇംഗ്ലണ്ടിനോടുള്ള കടുത്ത വിധേയത്വവും അനുസരണവുമാണ് ഇതിലൂടെ അയാള്‍ പ്രകടിപ്പിച്ചത്. 

അലീഗഢ് സര്‍വകലാശാലയുടെ സ്ഥാപകന്‍ സര്‍ സയ്യിദ് അഹമദ്ഖാന്‍ ബ്രിട്ടീഷ് പക്ഷക്കാരനായിരുന്നു. ബ്രിട്ടന്റെ നല്ല ചിന്തകളെ ഉള്‍ക്കൊള്ളുകയും അതിനെ സമൂഹത്തിന് ഉപയോഗപ്രദമാകുന്ന നിലയില്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന വാദമായിരുന്നു സര്‍ സയ്യിദിന്റെത്. എന്നിട്ടും ബറേല്‍വികള്‍ സര്‍ സയ്യിദിനെ വെറുതെ വിട്ടില്ല. അദ്ദേഹത്തിനെതിരിലും കുഫ്‌റിന്റെ ഫത്‌വ ബറേല്‍വികള്‍ പ്രചരിപ്പിച്ചു. പാകിസ്ഥാന്‍ സ്ഥാപകനും മുസ്‌ലിം ലീഗിന്റെ അധ്യക്ഷനുമായിരുന്ന മുഹമ്മദലി ജിന്നയും ബറേല്‍വികളുടെ കടുത്ത കോപത്തിനിരയായി. അദ്ദേഹത്തെയും ബറേല്‍വിള്‍ കാഫിറും മുര്‍തദ്ദുമാക്കി പുറംതള്ളി. ജിന്നയെ വാഴ്ത്തിപ്പറയുന്നവന്റെ നിക്കാഹ് ഫസ്ഖാകുമെന്നും ബറേല്‍വികള്‍ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മക്ക ഹറമിലെ ഇമാം പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ പാകിസ്ഥാന്‍ നേതാവ് സിയാഉല്‍ ഹക്ക്, പഞ്ചാബ് പ്രവിശ്യ അമീര്‍ സുവാന്‍ ഖാന്‍, പാകിസ്ഥാനിലെ നിരവധി മന്ത്രിമാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ ഇമാമിനെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു. ഇതും ഒരുവലിയ പാതകമായിട്ടാണ് ബറേല്‍വികള്‍ പ്രചരിപ്പിച്ചത്. ഇവരെയെല്ലാം കൂട്ടത്തോടെ കാഫിറും മുര്‍ത്തദ്ദുമാക്കി ബറേല്‍വികള്‍ സ്വയം അപഹാസ്യരായി. തുര്‍ക്കിയിലെ ഖലീഫയോടുള്ള അനുകമ്പ കാരണമായി ആരെങ്കിലും ‘തുര്‍ക്കിത്തൊപ്പി’ ധരിച്ചാല്‍ അവരും ഇസ്‌ലാമിന്ന് പുറത്തായിയെന്ന് ബറേല്‍വി പ്രചരിപ്പിച്ചു. ചുരുക്കത്തില്‍ കാഫിറിലും മുര്‍തദ്ദിലും കുറഞ്ഞതൊന്നും ബറേല്‍വിയുടെ ഖജനാവില്‍ ലഭ്യമായിരുന്നില്ല. 

മക്കയിലെ ഉസ്മാനിയാ ഖിലാഫത്തിന്റെ ശാഫിഈ മുഫ്തി അഹ്മദ് സൈനീ ദഹ്‌ലാനില്‍നിന്നും പകര്‍ന്നുകിട്ടിയ അറിവുകളാണ് ബറേല്‍വി ഇന്ത്യയില്‍ വാരിവിതറിയത്. തെന്നിന്ത്യന്‍ മുഫ്തിയായി അറിയപ്പെട്ട അഹ്മദ് കോയ ശാലിയാത്തി അഹ്മദ് രിളാഖാന്റെ ശിഷ്യനും മുരീദുമായിരുന്നു. കേരളത്തിലെ സുന്നികളെന്നറിയപ്പെടുന്നവര്‍ ബറേല്‍വികളുമായുള്ള ബാന്ധവം ശക്തമാക്കിയതോടെ അവര്‍ക്കിടയില്‍ ശക്തമായ ആദര്‍ശ വ്യതിയാനവും അന്ധവിശ്വാസങ്ങളും കടന്നുകയറി. ശാഫിഈ മദ്ഹബിന്റെ മേല്‍ക്കുപ്പായമായിരുന്നു ശാലിയാത്തി ധരിച്ചതെങ്കിലും അതിനകത്ത് ഒളിപ്പിച്ചത് മുഴുവനും ശിയാ-ബറേല്‍വി ആശയങ്ങളായിരുന്നു. ഒരുകാലത്ത് പേരിലെങ്കിലും അഹ്‌ലുസ്സുന്നയുടെ പ്രചാരകരായി അറിയപ്പെട്ട കേരളീയ പണ്ഡിതന്മാരെ ക്രമേണ ബറേല്‍വിസത്തിന്റെ മേല്‍ക്കുപ്പായമണിഞ്ഞ ശിയാ തത്ത്വശാസ്ത്രം പിടികൂടി അടിമകളാക്കിയെന്ന് പറയുന്നതാകും ശരിയായ വീക്ഷണം.

മുസ്‌ലിം ലോകത്തിനെയും അവരുടെ സമാദരണീയരായ നേതാക്കളെയും ബറേല്‍വികള്‍ വീക്ഷിച്ചിരുന്ന രീതികളെ വിശദമാക്കിക്കൊണ്ട് അറബി ഉള്‍പെടെയുള്ള നിരവധി ഭാഷകളില്‍ ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണ്. അറബികളും അനറബികളും ബറേല്‍വികളുടെ തനിനിറം ഏകദേശം മനസ്സിലാക്കിയിട്ടുണ്ട്. ബറേല്‍വികളെപ്പറ്റി പ്രമുഖ പാകിസ്ഥാന്‍ പണ്ഡിതന്‍ ശഹീദ് ഇഹ്‌സാന്‍ ഇലാഹി രചിച്ച മൂല്യവത്തായ രചന ഒട്ടനവധി ഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. 

അതിനാല്‍ അടുത്തകാലം വരെയും ദുരൂഹമായി തുടര്‍ന്നിരുന്ന ബറേല്‍വികളുടെ തനിനിറം ഇന്ന് അറബികളും ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ ‘ബറേല്‍വികള്‍’ എന്ന നാമംതന്നെ ഇവര്‍ക്ക് ഒരു ഭാരമായി അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ മതവാണിഭ നേതാവ് വടക്കേ ഇന്ത്യയിലെ ബറേല്‍വികളുമായി അടുത്തബന്ധം സ്ഥാപിച്ചത് പുതിയമാറ്റത്തിന് കാരണമായിട്ടുണ്ട്. ബറേല്‍വികളെന്ന പ്രയോഗം പരിഷ്‌ക്കരിച്ച് ‘ബറകാത്ത് രിദാ’ എന്ന പേരിലാണ് ഇന്ന് ഇവര്‍ കൂടുതലായി അറിയപ്പെടുന്നത്. കാലോചിതമായ ഒരു പരിഷ്‌ക്കരണമായി അവസരവാദത്തെ മനസ്സിലാക്കാം.

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക

ബറേല്‍വികള്‍: വിഷംവമിക്കുന്ന നിലപാടുകള്‍

ബറേല്‍വികള്‍: വിഷംവമിക്കുന്ന നിലപാടുകള്‍

ബറേല്‍വികള്‍ക്കെതിരില്‍ ആദര്‍ശ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നവരെ തികച്ചും ശത്രുതാപരമായിട്ടാണ് ഇവര്‍ വീക്ഷിച്ചുവരുന്നത്. വഹാബികള്‍ കാഫിറുകളും മുര്‍ത്തദ്ദുകളുമാണന്ന് എഴുതാനും പറയാനും ലവലേശം മടിയില്ലാത്തവരാണ് ബറേല്‍വി ഗ്രൂപ്പുകള്‍. ബറേല്‍വിയുടെ നാവുകൊണ്ട് കാഫിറാണന്ന് വിധിയെഴുതപ്പെട്ടവരെപ്പറ്റി കാഫിറെന്ന് സംശയിക്കുകപോലും ചെയ്യാന്‍ പാടില്ലെന്നാണ് ബറേല്‍വി മതത്തിന്റെ അടിസ്ഥാന തത്ത്വം. അങ്ങനെ സംശയിച്ചാല്‍ അവരും കാഫിറുകളാെണന്ന് ബറേല്‍വി പ്രഖ്യാപിക്കുന്നു. നിരവധി വിഷയങ്ങളില്‍ ബറേല്‍വികളുമായി യോജിപ്പുണ്ടായിരുന്ന ലക്‌നൊവിലെ മൗലാനാ അബ്ദുല്‍ബാരിയെ ബറേല്‍വി ‘കാഫിര്‍ ഫത്‌വ’ നല്‍കി പുറത്താക്കിയതും ഇതുപോലൊരു വിഷയത്തിലാണ്. ബറേല്‍വി കാഫിറാക്കിയ ഒരുവിഭാഗം ഹനഫി പണ്ഡിതന്മാരെപ്പറ്റി അവര്‍ കാഫിര്‍ അല്ലെന്ന നിലപാട് സ്വീകരിച്ചതാണ് ഈ വിദ്വേഷത്തിനു കാരണം.

ആരെയും കാഫിറും മുര്‍തദ്ദുമായി പ്രഖ്യാപിക്കാനുള്ള ബറേല്‍വിയുടെ ഹീനമനസ്സിനെപ്പറ്റി പ്രമുഖ ഇസ്‌ലാമിക ചരിത്രകാരനും പണ്ഡിതനും സമകാലികനുമായിരുന്ന അല്ലാമാ അബ്ദുല്‍ ഹയ്യ് അല്‍ഹസനി(റഹ്) അദ്ദേഹത്തിന്റെ ‘നുസ്ഹതുല്‍ ഖവാത്വിറില്‍’ ഇങ്ങനെ രേഖപ്പെടുത്തുന്നു: ”ഇല്‍മുല്‍ കലാമിലും കര്‍മശാസ്ത്രത്തിലും വളരെ തീവ്രതയുള്ള ആളായിരുന്നു ബറേല്‍വി. ആളുകളെ കാഫിറാണന്ന് പ്രഖ്യാപിക്കുന്ന വിഷയത്തില്‍ വളരെ വേഗതയായിരുന്നു. ഗ്രൂപ്പിസം സൃഷ്ടിക്കുന്നതിന്റെയും കാഫിറാക്കുന്നതിന്റെയും കൊടിവാഹകനായിരുന്നു ഇയാള്‍…ബറേല്‍വിയുടെയും അയാളുടെ പൂര്‍വികരുടെയും വിശ്വാസ വ്യതിയാനങ്ങളോട് യോജിക്കാത്തവരെ കാഫിറാക്കുന്നതില്‍ അദ്ദേഹം യാതൊരുവിധ കാരുണ്യവും കാണിച്ചിരുന്നില്ല. ശക്തമായി പ്രതിരോധിക്കുന്ന സ്വഭാവമായിരുന്നു. ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും വിലങ്ങുതടിയും നിരന്തര വിമര്‍ശകനുമായിരുന്നു ഇയാള്‍.” 

ബറേല്‍വികള്‍ ലക്‌നോ നദ്‌വത്തുല്‍ ഉലമക്കെതിരില്‍ 

ഹി:1311ല്‍ കാണ്‍പൂരില്‍ വെച്ച് ‘മദ്‌റസ ഫൈളുആം’ എന്ന പേരില്‍ വലിയൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ പണ്ഡിതന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ലക്‌നോ നദ്‌വത്തുല്‍ ഉലമയായിരുന്നു ഇതിന്റെ സംഘാടകര്‍. ഇസ്‌ലാമിക പണ്ഡിത സമൂഹത്തിനിടയിലുള്ള അനൈക്യം ഇല്ലാതാക്കുകയും മതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണവുമായിരുന്നു സമ്മേളനലക്ഷ്യം. ബറേല്‍വി നേതാവ് റിളാഖാനും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ യോഗത്തിനിടയില്‍ സമ്മേളനത്തിനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അയാള്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. സമ്മേളനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പ്രത്യേക പ്രസിദ്ധീകരണങ്ങള്‍ പോലും ഇയാള്‍ പുറത്തിറക്കി. 

ലക്‌നോ നദ്‌വത്തുല്‍ ഉലമയെ ആക്ഷേപിച്ചുകൊണ്ടും അവിടുത്തെ പണ്ഡിതന്മാരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും പിന്നീടയാള്‍ തുറന്ന യുദ്ധംതന്നെ ആരംഭിച്ചു. നൂറോളം കൃതികളും ലഘുലേഖനങ്ങളും നോട്ടീസുകളും ഇയാള്‍ പ്രസിദ്ധപ്പെടുത്തി. നദ്‌വത്തുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ കാഫിറുകളാെണന്ന് സമര്‍ഥിച്ചുകൊണ്ട് നിരവധി ഫത്‌വകളും പ്രസിദ്ധപ്പെടുത്തി. ബറേല്‍വികളെ അംഗീകരിക്കുന്ന നിരവധി പേരുടെ ഒപ്പും ഇയാള്‍ ഇതിനായി ശേഖരിച്ചു. ബറേല്‍വിയുടെ ചതിയന്‍ മനസ്സും ഉര്‍ദു ഭാഷയുമറിയാത്ത നിഷ്‌ക്കളങ്കരായ ഹിജാസിലെ പണ്ഡിതന്മാരെ ഇയാള്‍ തെറ്റുധരിപ്പിച്ചു. അവരില്‍നിന്നും കയ്യൊപ്പ് വാങ്ങി. ‘ഫതാവല്‍ ഹറമൈന്‍’ എന്ന പേരിലുള്ള ഇയാളുടെ ഈ ഫത്‌വകള്‍ ഏറെ കുപ്രസിദ്ധമാണ്.

ദാറുല്‍ഉലൂം ദയൂബന്തിലെ പണ്ഡിതന്മാരെയും ഇയാള്‍ പലതവണ കാഫിറുകളാക്കി ഫത്‌വ പുറപ്പെടുവിച്ചു. പ്രശസ്തരും പ്രഗത്ഭരുമായ ശൈഖ് ക്വാസിം നാനൂത്തവി, റഷീദ് അഹ്മദ് ഗാംഗോഹി, ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മൗലാനാ അശ്‌റഫ് അലി ഥാനവി തുടങ്ങിയവരെയെല്ലാം ബറേല്‍വി കാഫിറാക്കിയിട്ടുണ്ട്. ഇവരിലില്ലാത്ത വിശ്വാസങ്ങള്‍ ഇവരിലേക്ക് ചേര്‍ത്തുപറഞ്ഞുകൊണ്ട് ഹിജാസിലെ പണ്ഡിതന്മാരെ തെറ്റുധരിപ്പിച്ച ബറേല്‍വി, തനിക്കനുകൂലമായി ഹിജാസില്‍നിന്നും ഫത്‌വകള്‍ നേടിയിട്ടുണ്ട്. മക്കയില്‍ കുറച്ചുകാലം ഉസ്മാനി ഖിലാഫത്തിന്റെ മുഫ്തിയായിരുന്ന അഹ്മദ് സൈനീദഹ്‌ലാന്റെ ശിഷ്യനായിരുന്നു ഇയാള്‍. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് മക്കയിലെയും മദീനയിലെയും പണ്ഡിതന്മാരെ ഇയാള്‍ പാട്ടിലാക്കി കയ്യൊപ്പ് വാങ്ങിയത്. 

ബറേല്‍വിയുടെ കാഫിര്‍ ഫത്‌വക്ക് ഇരയാകാത്ത നേതാക്കളോ പണ്ഡിതന്മാരോ ഇന്ത്യാ ഭൂഖണ്ഡത്തിലില്ലെന്ന് പറയുന്നതാകും ശരി. ബറേല്‍വിയില്‍നിന്നും ശിഷ്യത്വം സ്വീകരിച്ച കേരളത്തിലെ ശാലിയാത്തിയിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരിലും ഇതേ രോഗംതന്നെ പടര്‍ന്നു പിടിച്ചിട്ടുണ്ട്. സ്വന്തം ഗുരുക്കന്മാരെപ്പോലും ഈ വിഭാഗം കേരളത്തില്‍ കാഫിറും മുര്‍തദ്ദുമാക്കിയത് മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ക്വുര്‍ആന്‍ പരിഭാഷ എഴുതിയതിന്റെ പേരില്‍ അതിന്റെ പരിഭാഷകനെ പോലും കേരളത്തിലെ ബറേല്‍വികള്‍ക്ക് കാഫിറാക്കിയ പാരമ്പര്യമാണുള്ളത്.

ബറേല്‍വികളുടെ പൂര്‍വകാല ഹീന നയങ്ങളെപ്പറ്റി ഉത്തമ ബോധ്യം മനസ്സില്‍നിന്നും മായ്ച്ചു കളയാനാവാത്തതിനാലാകും, ലക്‌നോ ദാറുല്‍ഉലൂം നദ്‌വത്തുല്‍ ഉലമയുടെ അധികാരികള്‍ ഈ വിഭാഗത്തിനെ ഇന്നും ഏറെ കരുതലില്‍ തന്നെയാണ് സമീപിക്കുന്നത്. വേഷവും ഭാവവും മാറ്റി ബറേല്‍വിസം ഉള്ളില്‍ ഒളിപ്പിച്ച നിരവധി ബറേല്‍വി അശയക്കാര്‍ ഇന്ന് നദ്‌വത്തുല്‍ ഉലമയില്‍ വിദ്യാര്‍ഥികളാണ്. എന്നാല്‍ ഇവരുടെ പൂര്‍വികന്മാരുടെ വൈകല്യങ്ങളെ അതേപടി സ്വീകരിക്കുകയും അങ്ങനെതന്നെ വിശ്വാസത്തില്‍ തുടരുകയും ചെയ്യുന്നുവെന്ന് ബോധ്യമുള്ള മലയാളി വിദ്യാര്‍ഥികളെ, നദ്‌വത്തുല്‍ ഉലമയുടെ അധികാരികള്‍ വിചാരണ നടത്തിയതിന് ഈ ലേഖകന്‍ 1990-1994 കാലയളവില്‍ സാക്ഷിയായിട്ടുണ്ട്. 

ബറേല്‍വികളെന്ന് ഉത്തമബോധ്യമുള്ള പലരെയും നദ്‌വത്തുല്‍ ഉലമയുടെ അധികാരികള്‍ സ്ഥാപനത്തില്‍നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് ബറേല്‍വികള്‍ക്കെതിരില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും അവരെ പ്രതിരോധിക്കുകയും ചെയ്തിരുന്ന പണ്ഡിത പ്രതിഭകളുടെ പിന്‍ഗാമികള്‍ ബറേല്‍വി ആശയങ്ങളുടെ പ്രചാരകരും പ്രയോക്തക്കളുമായി ചുറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചകളും ഈ സന്ദര്‍ഭത്തില്‍ കാണാതിരിക്കാന്‍ കഴിയില്ല. ബറേല്‍വി ആശയങ്ങള്‍ക്ക് ആവശ്യമായ തെളിവുകളും റഫറന്‍സുകളും നിര്‍മിച്ചുനല്‍കലാണ് ഇവരുടെ ഇന്നത്തെ മുഖ്യജോലി. മരണപ്പെട്ടവരുടെ പേരില്‍ നടത്തപ്പെടുന്ന ഉറൂസ്, കവാലി, നേര്‍ച്ച മുതലായവയാണ് ബറേല്‍വി ദീന്‍. തക്വിയ്യകള്‍(ഇന്നത്തെ തൈക്കാവ്) എന്ന പേരില്‍ അറിയപ്പെടുന്ന ഇവരുടെ കേന്ദ്രങ്ങള്‍ മതചൂഷണത്തിന്റെ മുഖ്യ കേന്ദ്രങ്ങളാണ്. 

മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയ സമിതികളില്‍ പോലും ബറേല്‍വികള്‍ ഗ്രൂപ്പിസത്തിന്റെ വിത്തുവിതച്ചത് നമ്മള്‍ കാണാതിരിക്കരുത്. കേരളത്തിലെ പ്രമുഖ ബറേല്‍വി നേതാവിനെ കൂട്ടുപിടിച്ചുകൊണ്ട് സംഘപരിവാര്‍/ഫാസിസ്റ്റുകള്‍ നടത്തുന്ന പൊറാട്ട് നാടകങ്ങള്‍ക്ക് ഓശാന പാടലാണ് ബറേല്‍വികളുടെ ഇപ്പോഴത്തെ ഹോബിയെന്നത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണല്ലോ.

ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവിയെ ബറേല്‍വികള്‍ കാഫിറാക്കി

ഇന്ത്യാ ഭൂഖണ്ഡത്തിലെ പ്രമുഖ പണ്ഡിതനും ധീരമുജാഹിദും സര്‍വോപരി ഹദീഥ് വിജ്ഞാനത്തിന്റെ പ്രചാരകനും ബ്രിട്ടീഷുകാരുടെ പേടി സ്വപ്‌നവുമായിരുന്ന ഷാഹ് ഇസ്മാഈല്‍ അദ്ദഹ്‌ലവി(റഹ്)യെ ബറേല്‍വികള്‍ കാഫിറാക്കിയത് മറക്കാനാവില്ല. ബറേല്‍വികളുടെ ഖുറാഫാത്തിന്റെയും ബിദ്അത്തിന്റെയും മാര്‍ഗങ്ങള്‍ ഇസ്‌ലാമുമായി ബന്ധമില്ലാത്തതാണന്ന് സ്ഥാപിച്ചുകൊണ്ട് അദ്ദേഹം രചിച്ച ‘തക്വ്‌വിയ്യതുല്‍ ഈമാന്‍’ എന്ന ഗ്രന്ഥം സ്വൂഫി-ബറേല്‍വി-ശിയാ കൊട്ടത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബ്(റഹ്) രചിച്ച ‘കിതാബുത്തൗഹീദി’ന്റെ ഇന്ത്യന്‍ പതിപ്പ് എന്നാണ് ഈ ഗ്രഥം വിശേഷിപ്പിക്കപ്പെടുന്നത്. നിരവധിയാളുകള്‍ ഈ ഗ്രന്ഥം മുഖേന സന്മാര്‍ഗം കണ്ടെത്തി. 

അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന, അവരുടെ നാമത്തില്‍ സത്യം ചെയ്യല്‍ തുടങ്ങിയ ഖുറാഫത്തുകളെ അദ്ദേഹം വിമര്‍ശിച്ചു. സര്‍വാവലംബമായ, സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ ദര്‍ബാറിലേക്ക് പ്രശ്‌നങ്ങള്‍ തിരിച്ചുവിടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രാര്‍ഥനയും പഠനവുമായി കഴിഞ്ഞുകൂടിയ അദ്ദേഹം പകലില്‍ ശത്രുക്കളെ കിടുകിടെ വിറപ്പിച്ച ധീരമുജാഹിദും പോരാളിയും മുസ്വ്‌ലിഹുമായിരുന്നു. സ്വശരീരവും ജീവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പണയപ്പെടുത്തിയ ധീരവിപ്ലവകാരികളായ ഇത്തരം പണ്ഡിതന്മാരെ കാഫിറും മുര്‍ത്തദ്ദുമാക്കുന്ന ബറേല്‍വികളുടെ നടപടികള്‍ കേരളത്തിലെ ബറേല്‍വികളും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ശാലിയാത്തിയാണ് ഇതിന് കേരളത്തില്‍ തുടക്കമിട്ടത്. 

ബറേല്‍വികള്‍ മൗലാനാ നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിക്കെതിരില്‍ 

തുടര്‍ന്ന് ഇന്ത്യാ ഭൂഖണ്ഡത്തില്‍ ഇസ്വ്‌ലാഹിന്റെയും തജ്ദീദിന്റെയും പതാകയേന്തിയ ശൈഖ് നദീര്‍ഹുസൈന്‍ അദ്ദഹ്‌ലവി(റഹ്)യെയും ബറേല്‍വികള്‍ കാഫിറാക്കി. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രാമാണിക പിന്‍ബലത്തില്‍ ഇന്ത്യാ ഭൂഖണ്ഡത്തിലെ ശിയാ-ബറേല്‍വി-സ്വൂഫി ചിന്തകളെ അദ്ദേഹം നിഷ്പ്രഭമാക്കി. ഷാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവി തുടക്കമിട്ട ചിന്താപ്രസ്ഥാനത്തിന്റെ പ്രചാരകനും പ്രയോക്താവുമായിരുന്നു അദ്ദേഹം. ഹദീഥ് വിജ്ഞാനം പഠിക്കുക, അത് പഠിപ്പിക്കുകയെന്ന പുതിയ രീതിക്ക് അദ്ദേഹം തുടക്കമിട്ടു. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ യശസ്സും കീര്‍ത്തിയും ലോകമെമ്പാടും വ്യാപിച്ചു. 

അല്ലാമാ സയ്യിദ് റഷീദ്‌രിദ ‘മുഖക്വദ്ദിമഃ മിഫ്താഹുസ്സുന്ന’യെന്ന രചനയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ അല്‍മനാര്‍ മാസികയില്‍ ഇങ്ങനെ വായിക്കാം: 

”ഈ കാലഘട്ടത്തില്‍ ഹദീഥ് പഠിക്കുന്ന വിഷയത്തില്‍ ഇന്ത്യയിലെ നമ്മുടെ സഹോദരന്മാര്‍ ശ്രദ്ധ പതിപ്പിച്ചില്ലായിരുന്നുവെങ്കില്‍ കിഴക്കന്‍ രാജ്യങ്ങളില്‍നിന്നും ഹദീഥ് വിജ്ഞാനം നീങ്ങിപ്പോകുമായിരുന്നു… നിര്‍ജീവികളും അന്ധമായ തക്വ്‌ലീദിന്റെ വക്താക്കളും ഈ ഗ്രന്ഥത്തെ ബറകത്തെടുക്കുന്നതിനും കേവലം നബിയുടെ മേല്‍ സ്വലാത്ത് ചെല്ലുന്നതിനും വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ഒരുകാലത്തായിരുന്നു ഇത്…”

നക്ഷത്ര തുല്യരായ, മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച ആരെയും ബറേല്‍വികള്‍ വെറുതെ വിട്ടിട്ടില്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. ബറേല്‍വി പൊതുവില്‍ സുന്നിയാണന്ന് പറയപ്പെടുന്നുണ്ടെങ്കിലും അയാള്‍ ഹനഫി വേഷമണിഞ്ഞ ശിയാ മതവിശ്വാസി ആണെന്ന് കരുതുന്നതാണ് കൂടുതല്‍ ശരി. സ്വഹാബികളെയും താബിഉകളെയും അധിക്ഷേപിക്കുന്നതിന് ബറേല്‍വിക്ക് യാതൊരു മടിയുമുണ്ടായില്ല. ഇബ്‌നു അബ്ദുല്‍വഹാബിന്റെ കിതാബുത്തൗഹീദിന്റെ പരിഭാഷയാണ് ഇസ്മാഈല്‍ അദ്ദഹ്‌ലവിയുടെ ‘തക്വ്‌വിയ്യത്തുല്‍ ഈമാന്‍’ എന്ന പ്രചാരണത്തിന് തുടക്കമിട്ടതും ബറേല്‍വിയാണ്. ദഹ്‌ലവിയെയും അദ്ദേഹത്തിന്റെ അനുയായികളായ വഹാബികളെയും കാഫിറാക്കല്‍ ഫിക്വ്ഹിയായ നിര്‍ബന്ധ ബാധ്യതയാണെന്നും ബറേല്‍വി വാദിച്ചു. ജനങ്ങള്‍ സത്യം മനസ്സിലാക്കിയാല്‍ തന്റെ ഉപജീവനമാര്‍ഗം മുട്ടുമെന്ന് മനസ്സിലാക്കിയ ബറേല്‍വി, ‘തക്വുവിയ്യത്തുല്‍ ഈമാന്‍’ വായിക്കല്‍ വ്യഭിചാരത്തെക്കാളും കള്ളുകുടിയെക്കാളും വലിയ പാതകമാണന്ന് അനുയായികള്‍ക്കിടയില്‍ പ്രചരിപ്പിച്ചു.

ഇന്ത്യയില്‍ ഏറെ അറിയപ്പെട്ട പ്രമുഖ ഹദീഥ് പണ്ഡിതനും അഹ്‌ലുസ്സുന്നയുടെ പ്രമുഖ വക്താവുമായ ശൈഖ് ഹുസൈന്‍ ബിന്‍ മുഹ്‌സിന്‍ അല്‍യമാനി(റഹ്) മൗലാനാ നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയെപ്പറ്റി ഇപ്രകാരം അഭിപ്രായപ്പെടുന്നു: ”എന്റെ അറിവിലും വിശ്വാസത്തിലും നിരൂപണത്തിലും തുല്യതയില്ലാത്ത പണ്ഡിതനും മഹാനുമാണ് നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവി. ആ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതരില്‍ ഒരാളും അതുല്യനും ആ കാലഘട്ടത്തില്‍ അവലംബയോഗ്യനുമായ വ്യക്തിയുമായിരുന്നു. തക്വ്വയിലും ധീരതയിലും കാര്യങ്ങളെ വ്യവഛേദിക്കാനുള്ള കഴിവിലും പാണ്ഡിത്യത്തിലും ഇന്ത്യാഭൂഖണ്ഡത്തില്‍ അദ്ദേഹത്തെപ്പോലെ ഒരു വ്യക്തി രണ്ടാമതുണ്ടായിരുന്നില്ല. ക്വുര്‍ആനിലേക്കും നബിചര്യയിലേക്കും ക്ഷണിക്കുന്നവനും ആ മാര്‍ഗം കാണിച്ചുകൊടുക്കുന്നവനും അത് പഠിപ്പിക്കുന്നവനുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഇന്നത്തെ മിക്ക പണ്ഡിതന്മാരും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ക്വുര്‍ആനിനും സുന്നത്തിനും യോജിച്ച സലഫുസ്സ്വാലിഹുകളുടെ വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെത്.” 

തുടര്‍ന്ന് അല്ലാഹു മനുഷ്യര്‍ക്ക് നല്‍കുന്ന ഔദാര്യത്തില്‍ അസൂയാലുക്കളാകുന്നവരെപ്പറ്റിയുള്ള, വിശുദ്ധ ക്വുര്‍ആന്‍ സൂറതുന്നിസാഇലെ 54ാം വചനം ശൈഖ് മുഹ്‌സിന്‍ ഉദ്ധരിക്കുന്നു:

”അല്ലാഹു അവന്റെ ഔദാര്യത്തില്‍നിന്നും മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്‌റാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്.” ‘

തുടര്‍ന്ന് അദ്ദേഹം നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന വരികളാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അദ്ദേഹം ഇപ്രകാരം ദുആ ചെയ്യുന്നു: ”മഹാപണ്ഡിതനും ഇമാമും മുഹദ്ദിഥും ജ്ഞാനിയുമായ ഈ ഇമാമിന് അല്ലാഹുവേ നീ അനുഗ്രഹവും ഔന്നിത്യവും അധികരിപ്പിക്കേണമേ. അദ്ദേഹത്തിന്റെ ശത്രുക്കളെയും വിദ്വേഷികളെയും നീ പരാജയപ്പെടുത്തേണമേ. അവരില്‍ ആരെയും നീ ബാക്കി വെക്കരുതേ. ഇതാകുന്നു സയ്യിദ് നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയെപ്പറ്റി എനിക്കറിയാവുന്നതും ഞാന്‍ അംഗീകരിക്കുന്നതും. അല്ലാഹു അദ്ദേത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ…”

മൗലാനാ നദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയെപ്പറ്റി വസ്തുനിഷ്ഠമായി വിലയിരുത്തിയ സമകാലികരായ പണ്ഡിത പ്രതിഭകള്‍ നല്‍കുന്ന അംഗീകാരവും പ്രശംസയുമാണ് നമുക്കിവിടെ വായിക്കാന്‍ കഴിയുന്നത്. ഉദയ സൂര്യനെപ്പോലെ പ്രഭചൊരിഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഭാ ശാലികളായ പണ്ഡിത വരേണ്യന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന അംഗീകാരം കൂടിയാണ് ഇവിടെ നമുക്ക് വായിക്കാന്‍ സാധിക്കുന്നത്. സത്യത്തിന്റെ എതിരാളികളായ ബറേല്‍വികള്‍ എത്രകണ്ട് എതിര്‍ത്തു നിന്നാലും ശരി.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പണ്ഡിതപ്രതിഭ സയ്യിദ് അബുല്‍ഹസന്‍ നദ്‌വി(റഹ്)യുടെ പിതാവ് സയ്യിദ് അബ്ദുല്‍ഹയ്യ് അല്‍ഹസനി(റഹ്) മൗലാനാ നദീര്‍ ഹുസൈന്റെ സമകാലികനും അദ്ദേഹത്തിന്റെ ശിഷ്യനും മഹാനവര്‍കളുമായി ഒന്നിച്ച് ഏറെക്കാലം ജീവിക്കുകയും ചെയ്ത വ്യക്തിയാണ്. മൗലാനാ നദീര്‍ ഹുസൈന്‍ അവര്‍കളെപ്പറ്റി അദ്ദേഹം തന്റെ ചരിത്ര ഗ്രന്ഥമായ ‘നുസ്ഹതുല്‍ ഖവാത്വിര്‍’ എന്ന ഗ്രന്ഥത്തില്‍ നിരവധി പേജുകളില്‍ വിശദീകരിക്കുന്നുണ്ട്. പദാനുപദ പരിഭാഷയല്ലെങ്കിലും പ്രതിപാദ്യ വിഷയത്തില്‍നിന്നും പ്രധാനപ്പെട്ട ചില ഭാഗങ്ങളുടെ ആശയപരിഭാഷ ഇവിടെ ഉദ്ധരിക്കുന്നത് മഹാനവര്‍കളെപ്പറ്റി വായനക്കാര്‍ക്ക് കൂടുതല്‍ ധാരണയുണ്ടാകാന്‍ സഹായകമാകുമെന്ന് കരുതട്ടെ. 

മൗലാനാ അബ്ദുല്‍ ഹയ്യ് എഴുതുന്നു: ”വിജ്ഞാനത്തിലും ഹദീഥിലും അദ്ദേഹത്തിന്റെ മഹത്ത്വവും നൈപുണ്യവും എല്ലാവരും അംഗീകരിക്കുന്നു. ഹനഫി കര്‍മശാസ്ത്രത്തില്‍ മറ്റാര്‍ക്കും ഇല്ലാത്ത അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്‌ശേഷം ക്വുര്‍ആനും സുന്നത്തും പഠിക്കാനുള്ള അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായി. മതവിജ്ഞാനവുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ അദ്ദേഹം ഉപേക്ഷിക്കുകയും ക്വുര്‍ആനിലും സുന്നത്തിലും കര്‍മശാസ്ത്രത്തിലുമായി കഴിഞ്ഞുകൂടുകയും ചെയ്തു. ഹിജ്‌റ:1312ല്‍ ഞാന്‍ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ പങ്കെടുത്തു. ക്വുര്‍ആനിലും ഹദീഥിലും ഇമാമും അതുല്യനായ പണ്ഡിതനും കൃത്യമായ വിശ്വാസത്തിന്റെ ഉടമയായിട്ടുമാണ് എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

രാവും പകലും നിരന്തരമായി അദ്ദേഹം അധ്യാപനത്തില്‍ ഏര്‍പ്പെട്ടു. ധാരാളമായി നിസ്‌കരിക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു. ഭയഭക്തി കാരണം എപ്പോഴും കരയുന്ന പതിവുണ്ടായിരുന്നു. ആദര്‍ശ വിരുദ്ധരോട് അദ്ദേഹത്തിന് കടുത്തവിരോധമായിരുന്നു. വിനയാന്വിതനും ധീരനുമായിരുന്നു അദ്ദേഹം. ഒരു ആക്ഷേപകന്റെയും ആക്ഷേപത്തെ അദ്ദേഹം ഭയപ്പെട്ടില്ല. അറബികളും അനറബികളുമായ നിരവധിപ്പേര്‍ അദ്ദേഹത്തില്‍നിന്നും വിജ്ഞാനം തേടിയെത്തി. ഇന്ത്യയിലെ ഹദീഥിന്റെ നേതൃസ്ഥാനം അദ്ദേഹത്തിനാല്‍ അലങ്കരിക്കപ്പെട്ടു.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിരവധി തവണ അദ്ദേഹം പരീക്ഷിക്കപ്പെട്ടു. അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തില്‍നിന്നും പുറത്തുപോയ പിഴച്ച ആശയക്കാരനായി ജനങ്ങള്‍ അദ്ദേഹത്തെ തെറ്റുധരിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹിജ്‌റ:1280ലോ 1281ലോ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ റാവല്‍പിണ്ഡി ജയിലില്‍ അടച്ചു. ഒരു വര്‍ഷത്തിനു ശേഷം അവര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങുകയും നേരത്തെ ഉണ്ടായിരുന്നതുപോലെ അധ്യാപനത്തിലും പ്രബോധനത്തിലും മുഴുകുകയും ചെയ്തു.

ഹിജ്‌റ 1300ല്‍ അദ്ദേഹം ഹിജാസിലേക്ക് പുറപ്പെട്ടു. ശത്രുക്കള്‍ അവിടെയും അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു. പന്നിയുടെ കൊഴുപ്പ് ഹലാലാണെന്നും മാതൃസഹോദരിയുമായും പിതൃസഹോദരിയുമായും വിവാഹം അനുവദനീയമാണെന്നും കച്ചവടത്തിന് സകാത്ത് ഇല്ലെന്നും മറ്റും ഇദ്ദേഹത്തിന് വാദങ്ങള്‍ ഉള്ളതായി ശത്രുക്കള്‍ അപവാദങ്ങള്‍ പറഞ്ഞുപരത്തി. അദ്ദേഹം അഹ്‌ലുസ്സുന്നയുടെ വിശ്വാസ ആചാരങ്ങളില്‍നിന്നും പുറത്താണെന്നും അവര്‍ പ്രചരിപ്പിച്ചു. ഈ ആരോപണങ്ങളെല്ലാം മക്കയിലെ അമീറിന്റെ ചെവിയില്‍ എത്തി. തുടര്‍ന്ന് അദ്ദേഹം മക്കയില്‍ ജയിലില്‍ അടക്കപ്പെട്ടു. രണ്ടുദിവസത്തെ ജയില്‍ വാസത്തിനുശേഷം അദ്ദേഹം നാട്ടില്‍ മടങ്ങിയെത്തി. അദ്ദേഹം പുത്തന്‍ പ്രസ്ഥാനക്കാരനാണന്നും കാഫിറാണന്നുമുള്ള ആരോപണങ്ങള്‍ വ്യാപകമായി.

സൂക്ഷ്മതയിലും മതനിഷ്ഠയിലും അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള ഒരു അതിശയമായിരുന്നു അദ്ദേഹം. ജനങ്ങളില്‍നിന്നും ഒന്നും ആവശ്യപ്പെടാതിരിക്കുക, പടപ്പുകളെ ഒന്നിലും ആശ്രയിക്കാതിരിക്കുക, സത്യംപറയുക, സത്യസന്ധത പുലര്‍ത്തുക, അല്ലാഹുവിനെ ഭയപ്പെടുക, റസൂലിനെ സ്‌നേഹിക്കുക തുടങ്ങിയ നിരവധി മഹനീയ ഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു.

ധാരാളമായി ഗ്രന്ഥരചന നടത്താന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ വെല്ലാന്‍ ഹദീഥ് വിജ്ഞാനത്തില്‍ ആരുംതന്നെ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതി. വൈവിധ്യമാര്‍ന്ന, അദ്ദേഹത്തിന്റെ ഫത്‌വകള്‍ രാജ്യത്തിലുടനീളം പ്രചരിച്ചു. പണ്ഡിതന്മാരും നിരൂപകന്മാരുമുള്‍പെടെ ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി ഉണ്ടായിരുന്നു. ശിഷ്യന്മാരില്‍ പ്രമുഖന്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ മരണപ്പെട്ട മകന്‍ സയ്യിദ് ശരീഫ് ഹുസൈന്‍ ആയിരുന്നു. 

ശൈഖ് അബ്ദുള്ള ഗസ്‌നവി, അദ്ദേഹത്തിന്റെ മക്കളായ മുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ വാഹിദ്, അബ്ദുല്ല എന്നിവരും, ബിദ്അത്തുകാരുടെ പേടിസ്വപ്‌നവും പ്രശസ്തനും പ്രഗത്ഭനുമായ മുഹമ്മദ് ബഷീര്‍ അസ്സഹ്‌സവാനി, സയ്യിദ് അമീര്‍ ഹസന്‍, അദ്ദേഹത്തിന്റെ പുത്രന്‍ അമീര്‍ അഹ്മദ് അല്‍ഹുസൈനി അസ്സഹ്‌സവാനി, മുഹദ്ദിഥ് അബ്ദുല്‍ മന്നാന്‍ വസീറാബാദി, ഖാദിയാനികളൂടെ പേടി സ്വപ്‌നവും ഇശാഅത്തുസ്സുന്ന പത്രാധിപരുമായിരുന്ന ശൈഖ് മുഹമ്മദ് ഹുസൈന്‍ ഭട്ടാലവി, അല്ലാമാ അബ്ദുല്ല അബ്ദുറഹീം ഗാസിപ്പൂരി, സയ്യിദ് മുസ്തഫ യൂസുഫ് അശ്ശരീഫ് അല്‍ഹുസൈനി, സയ്യിദ് അമീര്‍ അലി അല്‍ഹുസൈനി മലീഹാബാദി, ഖാദി മുല്ലാ മുഹമ്മദ് ഹസന്‍, മുഹദ്ദിഥ് ശംസുല്‍ ഹക്ക്വ്, ശൈഖ് അബ്ദുല്ല ഇദ്‌രീസ് അല്‍ഹസനി അസ്സനൂസി അല്‍മഗ്‌രിബി, ശൈഖ് മുഹമ്മദ് നാസ്വിര്‍ അല്‍മുബാറക് അന്നജ്ദി, ശൈഖ് സഅദ്ബിന്‍ ഹമദ് അല്‍അതീക്വ് അന്നജ്ദി തുടങ്ങിയ പ്രമുഖന്മാരുടെ പരമ്പര തന്നെ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഹി:1320 റജബ്10ന് തിങ്കളാഴ്ച ദിവസം ദല്‍ഹിയില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. 

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക

നിഷിദ്ധമായ പ്രാര്‍ഥനകള്‍

നിഷിദ്ധമായ പ്രാര്‍ഥനകള്‍

പ്രാര്‍ഥന സൃഷ്ടികര്‍ത്താവിനോട് മാത്രമെ പാടുള്ളൂ. സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നത് ഏറ്റവും വലിയ അക്രമമാണ്. അല്ലാഹു അത് ഒരിക്കലും പൊറുക്കുകയില്ല. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില പ്രാര്‍ഥനകളുണ്ട്. അവയാണ് താഴെ കൊടുക്കുന്നത്:

അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന

”അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമകാരികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റുവാന്‍ ആരുമില്ല. തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഇഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 10:106,107).

നബി ﷺ പറഞ്ഞു: ”പ്രാര്‍ഥന; അത് ആരാധന തന്നെയാകുന്നു.” ആയതിനാല്‍ ആരാധനയായ പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ, അല്ലാത്തവരോട് പാടില്ല. കാരണം അത് മറ്റുള്ളവര്‍ക്കുള്ള ആരാധനയാകും. അത് അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലും ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്ത് പോകുന്ന കാര്യവുമാണ്.

സ്വന്തം മരണത്തിനോ നാശത്തിനോ വേണ്ടിയുള്ള പ്രാര്‍ഥന

പ്രവാചകന്‍ ﷺ പറഞ്ഞു: ”നിങ്ങള്‍ക്ക് ബാധിച്ച ഒരു ബുദ്ധിമുട്ട് കാരണം നിങ്ങള്‍ മരണത്തെ ആഗ്രഹിക്കരുത്. ഇനി അങ്ങനെ ആഗ്രഹിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ അവന്‍ ഇങ്ങനെ പറയട്ടെ: ‘അല്ലാഹുവേ, എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ. അതല്ല, എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കുകയും ചെയ്യേണമേ” (ബുഖാരി, മുസ്‌ലിം).

സന്താനങ്ങള്‍, സമ്പത്ത് എന്നിവക്കെതിരെയുള്ള പ്രാര്‍ഥന

നബി ﷺ പറഞ്ഞു:”നിങ്ങള്‍ സ്വന്തത്തിനെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങളുടെ സന്താനങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങളുടെ സമ്പത്തിനെതിരിലും നിങ്ങള്‍ പ്രാര്‍ഥിക്കരുത്. അല്ലാഹുവിന്റെ അടുത്ത് ഒരു സമയമുണ്ട്; ആ സമയത്ത് നിങ്ങള്‍ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കത് നല്‍കാതിരിക്കില്ല” (മുസ്‌ലിം).

യുദ്ധമുണ്ടാവാനും ശത്രുവിനെ കണ്ടുമുട്ടുവാനുമുള്ള പ്രാര്‍ഥന

പ്രവാചകന്‍ ﷺ പറഞ്ഞു: ”നിങ്ങള്‍ ശത്രുവിനെ കണ്ടുമുട്ടുവാന്‍ ആഗ്രഹിക്കരുത്. അല്ലാഹുവിനോട് ആരോഗ്യം ചോദിക്കുക. അവരെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ ക്ഷമിക്കുക…”(മുസ്‌ലിം).

തെറ്റുകള്‍ ചെയ്യുവാനുള്ള പ്രാര്‍ഥന

അബീസഈദി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”പാപവും കുടുംബ ബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യത്തിന് ഒരു മുസ്‌ലിം പ്രാര്‍ഥിച്ചാല്‍ മൂന്നില്‍ ഒരു കാര്യം അല്ലാഹു അവന് നല്‍കുന്നതാണ്. ഒന്നുകില്‍ അവന്‍ പ്രാര്‍ഥിച്ച കാര്യം പെട്ടെന്ന് നല്‍കുന്നു, അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടിവെക്കുന്നു, അതുമല്ലെങ്കില്‍ അത്‌പോലെയുള്ള തിന്മ അവനെ തൊട്ട് തടയുന്നു.” അനുചരന്മാര്‍ ചോദിച്ചു: ”അപ്പോള്‍ ഞങ്ങള്‍ പ്രാര്‍ഥന അധികരിപ്പിക്കുകയോ?” പ്രവാചകന്‍ ﷺ അരുളി: ”അല്ലാഹു തന്നെയാണ് സത്യം! അധികരിപ്പിക്കൂ” (അഹ്മദ്).

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാതിരിക്കുവാനുള്ള കാരണങ്ങള്‍

‘അല്ലാഹുവിനോട് ഞാന്‍ ധാരാളം പ്രാര്‍ഥിച്ചു. പക്ഷേ, എനിക്ക് ഇത്‌വരെ ഉത്തരം ലഭിച്ചില്ല’ എന്ന് ചിലയാളുകള്‍ പറയാറുണ്ട്. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് പ്രാര്‍ഥനക്ക് ഉടനടി ഉത്തരം നല്‍കുക. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ ആത്മ വിചാരണ ചെയ്തുകൊണ്ട് തന്നില്‍ നിന്നും വന്നുപോകുന്ന, വന്നുപോയിട്ടുള്ള തെറ്റുകളില്‍ പശ്ചാതപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുക. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട വ്യക്തിയോട് പ്രവാചകന്‍ ﷺ പറഞ്ഞത് ‘നീ നിന്റെ ഭക്ഷണം നല്ലതാക്കുക’ എന്നാണ്.

മറ്റൊരു പ്രവാചക വചനം കാണുക: അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ”ഒരാളും തന്നെ ഉത്തരം നല്‍കപ്പെടാതെ അല്ലാഹുവിനോട് യാതൊന്നും പ്രാര്‍ഥിക്കുന്നില്ല. ഒന്നുകളില്‍ അത് ഇഹലോകത്ത് പെട്ടെന്ന് നല്‍കുന്നു. അല്ലെങ്കില്‍ പരലോകത്തേക്ക് അത് നിക്ഷേപിച്ച് വെക്കുന്നു. അതുമല്ലെങ്കില്‍ പ്രാര്‍ഥിക്കുന്നതിന്റെ തോതനുസരിച്ച് അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.പ്രാര്‍ഥനയില്‍, തെറ്റ് ചെയ്യുവാനോ കുടുംബ ബന്ധം മുറിക്കുവാനോ ധൃതികൂട്ടുകയോ ചെയ്യാത്തിടത്തോളം അവന് ഉത്തരം ലഭിക്കും.”

പ്രാര്‍ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ല എന്ന് പറഞ്ഞ് പ്രാര്‍ഥന ഉപേക്ഷിക്കാതിരിക്കുക. പ്രാര്‍ഥന നമുക്ക് നന്മയല്ലാതെ വരുത്തുകയില്ല. പ്രാര്‍ഥനകൊണ്ട് നമ്മുടെ പാപങ്ങള്‍ പൊറുക്കപ്പെടും. അല്ലെങ്കില്‍ ആ പ്രാര്‍ഥന നമുക്ക് പരലോകത്തേക്ക് നീട്ടി വെക്കുകയും അത് നമുക്ക് ഗുണകരമാവുകയും ചെയ്യുന്നതാണ്. ആയതിനാല്‍ വിശ്വാസികള്‍ കൂടുതല്‍ കൂടുതല്‍ പ്രാര്‍ഥിക്കുക. അല്ലാഹുവിനോട് ആരാണോ കൂടുതല്‍ ചോദിക്കുന്നത് അവനോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമുണ്ടാവുക.

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

മുഖാവരണ നിരോധനം ഫാസിസത്തിന്റെ കാണാപ്പുറം

മുഖാവരണ നിരോധനം ഫാസിസത്തിന്റെ കാണാപ്പുറം

മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിനെ കുറിച്ച പൊതുസമൂഹത്തിന്റെ 'ആകുലതകള്‍ക്ക്' കാലങ്ങളുടെ പഴക്കമുണ്ട്. യുക്തിവാദികള്‍ തുടങ്ങി വെച്ച ഈ ആരോപണം തീവ്ര ചിന്താഗതി വെച്ച് പുലര്‍ത്തുന്ന പല സംഘടനകളും പിന്നീട് ഏറ്റുപിടിച്ചു. എന്നാല്‍ സമുദായത്തിനകത്തു നിന്ന് തന്നെ ഒരു കോടാലിക്കൈ ഇപ്പോള്‍ മുസ്‌ലിം സ്ത്രീകളുടെ മൂടുപടത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്താണ്നിഖാബിന്റെ യഥാര്‍ഥ പ്രശ്‌നം? ആരൊക്കെയാണ്പുതിയ വിവാദത്തില്‍ വിതയ്ക്കുന്നത്; കൊയ്യുന്നത്?

കേരളത്തില്‍ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും വിദ്യാര്‍ഥിനികളുടെ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെ മുസ്ലിം സമുദായത്തിനകത്തും പുറത്തും ചര്‍ച്ചകളും പ്രതിഷേധങ്ങളും കൊടുമ്പിരികൊണ്ടിരിക്കുകയാണ്. എം.ഇ.എസ് ഏകകണ്ഠമായി എടുത്ത നിലപാടല്ല, മറിച്ച് പ്രസിഡന്റിന്റെ തിട്ടൂരം മാത്രമാണ് ഈ ഉത്തരവിന് പിന്നിലുള്ളതെന്നാണ് എം.ഇ.എസ്സുമായി അടുപ്പമുള്ളവര്‍ അടക്കം പറയുന്നതെങ്കിലും വിഷയത്തില്‍ എം.ഇ.എസ്സിന് തന്നെയാണ് ഉത്തരവാദിത്തമുള്ളത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില അംഗങ്ങള്‍ രാജിവെച്ചതായും പത്രവാര്‍ത്തകള്‍ കാണാനിടയായി. 

ഇന്ത്യാരാജ്യത്ത് മുസ്ലിം അടയാളങ്ങളായി (Identity) പലതും അറിയപ്പെട്ടിട്ടുണ്ട്. അതില്‍ എല്ലാ കാര്യങ്ങള്‍ക്കും പ്രമാണത്തില്‍ അധിഷ്ഠിതമായ വിശദീകരണങ്ങള്‍ കാണാന്‍ സാധിക്കില്ലെങ്കിലും താടി, തലപ്പാവ്, സ്ത്രീകളുടെ മുഴുനീള വസ്ത്രം, പര്‍ദ, നിഖാബ് തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുസ്ലിം സമുദായാംഗങ്ങള്‍ അവരുടെ വേഷവും അടയാളവുമായി സ്വീകരിച്ചുവരുന്നവയാണ്. എന്നാല്‍ മുസ്ലിം സമുദായത്തില്‍ തന്നെ ഇതൊന്നും സ്വീകരിക്കാത്തവരുമുണ്ട്. ആധുനിക വേഷവിധാനങ്ങള്‍ സ്വീകരിച്ചുവരുന്ന മുസ്ലിംകളുമുണ്ട്. വേഷവിധാനങ്ങളുടെ കാര്യത്തില്‍ മുസ്ലിം സമുദായത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും ചിന്താഗതികളും കാണപ്പെടുന്നുണ്ട്. അവയിലെ ശരിതെറ്റുകള്‍ പണ്ഡിതന്മാര്‍ക്കിടയിലും വിവിധ പ്രസ്ഥാനങ്ങള്‍ക്കിടയിലും പലപ്പോഴും ചര്‍ച്ചയാവുകയും തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് കാരണമാവാറുമുണ്ട്. അതില്‍ ഓരോ വ്യക്തിയും അവരവര്‍ മനസ്സിലാക്കിയതനുസരിച്ച് ജീവിച്ചുവരുന്നു. 

സ്ത്രീകള്‍ മുഖം മറക്കുന്ന കാര്യത്തില്‍ സമുദായത്തിനകത്ത് നിഷിദ്ധം, അനുവദനീയം, ഉത്തമം, നിര്‍ബന്ധം എന്നിങ്ങനെ പ്രധാനമായും നാല് കാഴ്ചപ്പാടാണുളളത്. ഇതിലേതെങ്കിലും ഒരു കാഴ്ചപ്പാട് സ്വീകരിക്കുമ്പോള്‍ തന്നെ ഇതര കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരെ ഉള്‍ക്കൊള്ളാനും സഹിഷ്ണുതയോടെ കാണാനുമാണ് ശ്രമിക്കേണ്ടത്. ഓരോ വിഭാഗത്തിനും പുരോഗമനപരമല്ലെന്നു തോന്നുന്നത് മറ്റൊരു വിഭാഗത്തിന് പുരോഗമനപരമായിരിക്കാം. നേരെ തിരിച്ചും അങ്ങനെ തന്നെ. തല മറക്കുന്നത് തന്നെ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. ശരീരം മുഴുവന്‍ മറയുന്ന സാരി പോലെയുള്ള വസ്ത്രങ്ങളും ആധുനിക കാലഘട്ടത്തില്‍ ശരിയല്ലെന്നും സാരിയില്‍ ചുറ്റിപ്പൊതിഞ്ഞു വീര്‍പ്പുമുട്ടേണ്ട കാര്യമില്ലെന്നും പകരം അല്‍പംകൂടി ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തേക്ക് കാണുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുകയാണ് വേണ്ടതെന്നുമൊക്കെ അഭിപ്രായപ്പെടുന്നവരുണ്ട്. അതുകൊണ്ടുതന്നെ കേവലം ഒരു മുഖം മറക്കല്‍ മാത്രമല്ല ‘പിന്തിരിപ്പന്‍’ ആവുന്നത്. ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ചിലത് പഴഞ്ചനും അപരിഷ്‌കൃതവുമൊക്കെയായിത്തീരും. അതെല്ലാം ആപേക്ഷികമാണ്. 

മുസ്ലിം സ്ത്രീകളുടെ മുഖാവരണമാണല്ലോ ഇപ്പോള്‍ ചിലര്‍ വിവാദമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിംകളല്ലാത്ത വിഭാഗങ്ങള്‍ പോലും ആശങ്കയോടെയോ ഭയപ്പാടോടെയോ ഇതിനെ നോക്കിക്കാണുന്നില്ല. കഴിഞ്ഞ വര്‍ഷം ഡെന്മാര്‍ക്കില്‍ നിഖാബ് നിരോധിക്കപ്പെട്ടപ്പോള്‍ ആഗസ്റ്റ് 1ന് കോപ്പന്‍ഹേഗനില്‍ നടന്ന പ്രതിഷേധ റാലിയില്‍ അമുസ്ലിംകളടക്കം ധാരാളം പേര്‍ പങ്കെടുത്തിരുന്നു. മതസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമെന്നാണ് റാലിയില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് മുമ്പില്‍ തങ്ങള്‍ തല കുനിക്കാന്‍ തയ്യാറല്ല എന്നും അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. റാലിയില്‍ പങ്കെടുത്ത ഒരു ഡാനിഷ് പൗരന്‍ പറഞ്ഞത് ‘ഞാന്‍ നിഖാബിനു അനുകൂലമോ എതിരോ അല്ല; പക്ഷേ, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം’ (റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്) എന്നായിരുന്നു. യൂറോപ്പില്‍ ആദ്യമായി മുഖാവരണം നിരോധിച്ച രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സ് പാര്‍ലമെന്റില്‍ നിരോധനത്തിനെതിരെ വോട്ട് ചെയ്ത ഏകാംഗമായ ഡാനിയല്‍ ഗെറിഗ് പറഞ്ഞത് വളരെ പ്രസക്തമാണ്: ‘തീവ്ര സ്വഭാവമെന്നു വിശേഷണം നല്‍കിക്കൊണ്ട് നിഖാബിനെതിരെ പൊരുതുന്നത് വഴി ബഹുസ്വരത ഇല്ലാതായി രാജ്യം ഏകാധിപത്യ പ്രവണതയിലേക്ക് വഴുതിവീഴുകയായിരിക്കും ഫലം.’ ഗെറിഗ് പറഞ്ഞു. ഇങ്ങനെ മുഖാവരണ നിരോധനത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള മതേതര വാദികള്‍ നല്‍കിയിരുന്ന സന്ദേശം വളരെ വ്യക്തമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും മതചിഹ്നങ്ങളെയും ഇല്ലാതാക്കുക വഴി അതാത് സമൂഹങ്ങളില്‍ ഫാസിസമായിരിക്കും തലപൊക്കുന്നത് എന്ന മുന്നറിയിപ്പായിരുന്നു പ്രസ്തുത സന്ദേശം. 

വളരെ നിരുപദ്രവകാരിയായ ഒരു വസ്ത്രരീതിയെ ‘ഭീകരത’യുടെ പര്യായമായി മുദ്രകുത്തി കശാപ്പ് ചെയ്യാനാണ് തീവ്ര സെക്കുലറിസത്തിന്റെ വേഷമണിഞ്ഞവരും ഫാസിസ്റ്റുകളും ഒരു പോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ശിവസേന മുഖപത്രമായ സാമ്നയില്‍ എഡിറ്റോറിയലിലൂടെ മുസ്‌ലിം സ്ത്രീകളുടെ മുഖാവരണം നിരോധിക്കണമെന്ന് നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികള്‍ മുഖാവരണം നിരോധിക്കണമെന്ന് മാത്രമല്ല കൂട്ടത്തില്‍ പര്‍ദയും തല മറക്കുന്ന തട്ടവുമെല്ലാം നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏകശിലാത്മക സംസ്‌കാരമെന്ന ആര്‍.എസ്.എസ് മുദ്രാവാക്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് സമാനമായ ആവശ്യവുമായി എം.ഇ.എസ്. പ്രസിഡന്റ് രംഗത്തുവരുന്നത്. ഡോ: ഫസല്‍ ഗഫൂറിന്റെതായി ‘ദ ഹിന്ദു’ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ വായിക്കാം: ‘എം.ഇ.എസ് മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും പൊതുജീവിതത്തിലൂടെയും ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നത് സ്ത്രീ വിരുദ്ധ നടപടിയാണ്. ഈ അടുത്ത കാലത്ത് മാത്രമാണ് കേരളത്തില്‍ അത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.’ തുടര്‍ന്ന് ഫസല്‍ പറയുന്ന കാര്യം ശ്രദ്ധിക്കുക: ‘പര്‍ദ (ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം), ഹിജാബ് (കറുത്ത നിറത്തിലുള്ള, തലയും മുഖത്തിന്റെ ഒരു ഭാഗവും മറയ്ക്കുന്ന വസ്ത്രം), നിഖാബ് (കണ്ണുകള്‍ മാത്രം കാണിക്കുന്ന മുഖം മറക്കുന്ന വസ്ത്രം) എന്നിവ കേരളീയ സമൂഹത്തിനു കാല്‍ നൂറ്റാണ്ടു മുമ്പ് വരെ കേട്ടുപരിചയമില്ലാത്ത കാര്യങ്ങളാണ്.’

ഇവിടെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. പ്രത്യക്ഷത്തില്‍ ഇപ്പോള്‍ നിഖാബിനു മാത്രം നിരോധനം കൊണ്ടുവരികയും തുടര്‍ന്ന് തലമറക്കുന്ന സ്‌കാര്‍ഫ്, ശരീരം മുഴുവന്‍ മറയുന്ന പര്‍ദ എന്നിവക്കെതിരെ കൂടി പ്രചാരണവും ബോധവല്‍ക്കരണവും നടത്തി ഭാവിയില്‍ അവ കൂടി നിരോധനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുവാനുള്ള ഗൂഢതന്ത്രം ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നുവെന്നത് വളരെ വ്യക്തമാണ്. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവിടത്തെ വസ്ത്രരീതികള്‍ എങ്ങനെയായിരിക്കണമെന്ന് നിഷ്‌കര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന ന്യായം പറച്ചിലാണ് ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എം.ഇ.എസ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും വാങ്ങിയിട്ടുള്ള വിധിക്ക് കാരണമായി അവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വിധി കേരള ഹൈക്കോടതി 2018 ഡിസംബര്‍ 4ന് പുറപ്പെടുവിച്ച ഒരു വിധിയാണ്. ഒരു ക്രിസ്ത്യന്‍ സ്‌കൂളില്‍ രണ്ടു മുസ്ലിം വിദ്യാര്‍ഥിനികള്‍ അവര്‍ക്ക് തല മറക്കാനും മുഴുക്കൈ കുപ്പായം ധരിക്കാനുമുള്ള അവകാശത്തിനായി നല്‍കിയ പെറ്റിഷന്‍ തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് അത്. പ്രസ്തുത വിധിയെ ഉപയോഗപ്പെടുത്തി എം.ഇ.എസ്. എന്ന മുസ്ലിം സംഘടന ഇത്ര ലാഘവത്തോടെ പ്രവര്‍ത്തിക്കാന്‍ പാടുണ്ടോ? തലമറക്കാനും ഫുള്‍ സ്ലീവ് കുപ്പായം ധരിക്കാനുമുള്ള അവകാശം മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് നിഷേധിച്ചുകൊണ്ട് ഒരു ക്രിസ്ത്യന്‍ സ്‌കൂളിന് അനുകൂലമായി കോടതി നല്‍കിയ വിധിയെ ഉത്തരവാദപ്പെട്ട ഒരു മുസ്ലിം സംഘടന അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിക്കാനും പര്‍ദക്കെതിരെ സൂചനകള്‍ നല്‍കാനുമൊക്കെ ഉപയോഗിക്കുന്നത് സ്വന്തം സമുദായത്തോട് ചെയ്യുന്ന വഞ്ചനയും ക്രൂരതയുമല്ലാതെ മറ്റെന്താണ്?

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4ന് ഫാത്തിമ തസ്‌നീം, ഹഫ്‌സ പര്‍വീണ്‍ എന്നീ സഹോദരിമാരായ രണ്ടു മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇസ്ലാമിക വേഷവിധാനം സ്വീകരിച്ചുകൊണ്ട് പഠിക്കാനുള്ള അവകാശം സ്‌കൂള്‍ അധികൃതര്‍ തടഞ്ഞപ്പോള്‍ അവര്‍ കോടതിയില്‍ പോവുകയും കോടതി സ്‌കൂളിന് അനുകൂലമായ വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തു. പക്ഷേ, എം.ഇ.എസ്സിന് ഈ വിധി എങ്ങനെയാണ് അനുകൂലമാവുന്നത്? കോടതിയുടെ വിധി പ്രസ്താവത്തില്‍ പറയുന്ന സുപ്രധാന ഭാഗം ഇങ്ങനെയാണ്: ‘വിദ്യാര്‍ഥികളുടെതും സ്‌കൂളിന്റെതും ഒരു പോലെ മൗലികാവകാശമാണ്. മൗലികാവകാശങ്ങള്‍ രണ്ടു തരമാണ്. ഒന്ന് പൂര്‍ണമായ അവകാശമുള്ളത്. മറ്റൊന്ന് ആപേക്ഷികമായത്. മതപരമായ അവകാശങ്ങള്‍ ആപേക്ഷിക അവകാശങ്ങളിലാണ് പെടുന്നത്. ഒരാള്‍ക്ക് അയാള്‍ ഇച്ഛിക്കുന്നതുപോലെ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് (Private entity) അവരുടെ രീതിക്കനുസരിച്ച് സ്ഥാപനം ഭരിക്കാനുള്ള അവകാശവുമുണ്ട്.’ വിദ്യാര്‍ഥികളുടെ മൗലികാവകാശത്തെക്കാള്‍ സ്ഥാപനത്തിന്റെ മൗലികാവകാശത്തിനാണ് മുന്‍തൂക്കമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 

ക്രൈസ്റ്റ് നഗര്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളാണെന്നു മറച്ചുപിടിച്ചുകൊണ്ടാണ് എം.ഇ.എസ്. സംസാരിക്കുന്നത്. വിധി പ്രസ്താവത്തില്‍ ‘സ്വകാര്യ സംരംഭം അഥവാ Private Entity എന്ന് കോടതി പ്രസ്താവിച്ചത് വെറുതെയല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ സംസ്‌കാരമനുസരിച്ചു സ്ഥാപനങ്ങള്‍ ഉണ്ടാക്കാനുള്ള മൗലികാവകാശം വകവെച്ചുകൊടുത്തിട്ടുണ്ട്. അവിടങ്ങളില്‍ അതാത് മാനേജ്മെന്റുകള്‍ക്ക് വസ്ത്രരീതിയടക്കമുള്ള ചട്ടങ്ങള്‍ ആവിഷ്‌കരിക്കാം. പക്ഷേ, അവ പൂര്‍ണമായും ‘സ്വകാര്യ സ്ഥാപനം’ തന്നെയായിരിക്കണം. അവ സര്‍ക്കാര്‍ ശമ്പളം കൊടുത്തുകൊണ്ട് നടത്തപ്പെടുന്നവയായിരിക്കരുത്. ചട്ടങ്ങളില്‍ വിവേചനപരമായവ ഉണ്ടാവാനും പാടില്ല.

2008ലെ വളരെ പ്രസിദ്ധമായ ‘താടിക്കേസിലെ’ വിധികളും വാദങ്ങളും പഠിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും. മധ്യപ്രദേശിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളായ നിര്‍മല കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുകയായിരുന്ന മുഹമ്മദ് സലീം എന്ന പത്താം ക്ലാസുകാരന്‍ ഇസ്ലാമിക വിശ്വാസമനുസരിച്ച് താടി വെക്കുകയുണ്ടായി. എന്നാല്‍ സ്‌കൂള്‍ നിയമമനുസരിച്ച് താടിവെക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അക്കാരണത്താല്‍ ആ വിദ്യാര്‍ഥി അവിടെ നിന്നും പുറത്താക്കപ്പെട്ടു. സലീം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂള്‍ മൈനോറിറ്റി പദവിയുള്ളതായതുകൊണ്ട് കോടതി സ്‌കൂളിന് അനുകൂലമായി വിധിച്ചു. സലീം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ സലീമിന്റെ അഭിഭാഷകന്‍ ബി.എ.ഖാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പൗരന് നല്‍കുന്ന മത സ്വാതന്ത്ര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വാദിച്ചു. സ്‌കൂളില്‍ പഠിക്കുന്ന സിഖ് വിദ്യാര്‍ഥികള്‍ക്ക് താടി വെക്കാനും തലപ്പാവ് ധരിക്കാനുമുള്ള അനുമതി അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. പക്ഷേ, സുപ്രീം കോടതി സലീമിന്റെ അഭിഭാഷകനോട് ഒരു കാര്യം മാത്രം അന്വേഷിച്ചു; സ്‌കൂള്‍ സര്‍ക്കാര്‍ സഹായം (ശമ്പളം) ലഭിക്കുന്ന സ്ഥാപനമാണോ എന്ന്. കാരണം ന്യൂനപക്ഷങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്‌കൂളുകള്‍ ഭരണഘടനാപരമായി രാഷ്ട്രത്തിന്റെ പൊതുസ്ഥാപനമായിട്ടാണ് പരിഗണിക്കപ്പെടുക. മൗലികാവകാശങ്ങള്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമെ പരിഗണിക്കാവൂ എന്നാണ് സുപ്രീം കോടതി പറഞ്ഞത്. നിര്‍മല കോണ്‍വെന്റ് ഒരു സ്വാശ്രയ സ്വകാര്യ സ്ഥാപനമാണ്. അവ സ്ഥാപിക്കപ്പെടുന്നത് ആര്‍ട്ടിക്കിള്‍ 30 അനുസരിച്ചാണ്. അവര്‍ക്ക് സ്വന്തമായ ചട്ടങ്ങള്‍ നിര്‍മിക്കാനുള്ള അധികാരമുണ്ട്. ‘താടി താലിബാനിസം’ ആണെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം ഈ കേസിന്റെ വിസ്താരത്തിനിടയിലായിരുന്നു. അദ്ദേഹം പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചു. പിന്നീട് സുപ്രീം കോടതി തന്നെ ഒരു ഇടക്കാല ഉത്തരവിലൂടെ സലീമിനെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്നും കേവലം ഒരു താടിയുടെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ പറ്റില്ലെന്നും വിധിക്കുകയുണ്ടായി. 

ഈ വിധിയില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ക്ക് എതിരെ ചട്ടങ്ങള്‍ നിര്‍മിക്കാന്‍ അവകാശമില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സഹായം കിട്ടാത്ത സ്വാശ്രയ സ്ഥാപനങ്ങളില്‍ മാത്രമെ ഇത്തരം ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരമുള്ളൂ. അവയില്‍ തന്നെയും ഒരു വിഭാഗത്തിന് മാത്രമായി വിവേചനം പാടില്ല. സിഖുകാര്‍ക്ക് അവരുടെ വിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കാമെങ്കില്‍ ഇതര സമുദായങ്ങള്‍ക്കും അതുപോലെ പ്രവര്‍ത്തിക്കാം. വിവേചനം പാടില്ല. അത് ഭരണഘടനാവിരുദ്ധമാണ്. 

കേരളത്തിലെ നൂറോളം വരുന്ന എം.ഇ.എസ്. സ്ഥാപനങ്ങളില്‍ ഇനി മുതല്‍ മുഖാവരണം പാടില്ലെന്ന് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ എല്ലാ എം.ഇ.എസ്. സ്ഥാപനങ്ങളിലും ശമ്പളം കൊടുക്കുന്നത് എം.ഇ.എസിന്റെ ഓഫീസില്‍ നിന്നോ പ്രസിഡന്റിന്റെ വീട്ടില്‍ നിന്നോ അല്ലെന്ന കാര്യം ഓര്‍ക്കണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് അവിടെ ശമ്പളം നല്‍കുന്നത്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ഏതു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് പഠിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. ഭരണഘടനക്കപ്പുറം ഒരു സ്ഥാപന മാനേജ്‌മെന്റിനും നിയമങ്ങളുണ്ടാക്കാന്‍ സാധിക്കില്ല. അത് നിലനില്‍ക്കില്ല. സര്‍ക്കുലറുകളും ലെറ്റര്‍പാഡും സീലുമൊക്കെ അല്‍പകാലത്തേക്ക് ഉപയോഗിക്കാമെന്ന് മാത്രം. 

എം.ഇ.എസ്സിനോ ഇതര സ്ഥാപന മാനേജുമെന്റുകള്‍ക്കോ തങ്ങളുടെ സ്ഥാപനങ്ങളില്‍ മുഖാവരണം ധരിച്ച് വിദ്യാര്‍ഥിനികള്‍ വരുന്നതുകൊണ്ട് പ്രായോഗികമായ ബുദ്ധിമുട്ടുകളോ മറ്റു അക്കാദമികമായ പോരായ്മകളോ ഉണ്ടെന്ന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സമുദായത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചും സമുദായത്തിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയുമല്ല നടപടികള്‍ സ്വീകരിക്കേണ്ടത്. കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ചര്‍ച്ച നടത്തി ഒരു സമവായം സൃഷ്ടിക്കുവാനും പരിഹാരം കണ്ടെത്താനുമാണ് നോക്കേണ്ടിയിരുന്നത്. മുത്ത്വലാഖ് വിഷയത്തില്‍ അത് നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന വിഭാഗങ്ങള്‍ പോലും മുത്ത്വലാഖ് നിരോധിക്കുന്നതിനെതിരെ രംഗത്തുവരികയും സമുദായത്തില്‍ അക്കാര്യത്തില്‍ ഒരു സമവായം സൃഷ്ടിക്കുകയും ചെയ്ത കാര്യം നാം വിസ്മരിക്കരുത്. മുഖം മറക്കുന്നത് ഇഷ്ടമില്ലാത്തവരും മുഖം മറക്കുന്ന ന്യൂനപക്ഷത്തിന്റെ കൂടെ നിന്നുകൊണ്ട് അവരുടെ അവകാശം ഹനിക്കപ്പെടുന്നില്ലെന്നു അവരെ ബോധ്യപ്പെടുത്തി ഈ ഫാസിസ്റ്റുകാലത്ത് സമുദായത്തിനിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാതെ നോക്കുകയാണ് വേണ്ടത്. 

 മുഖം മറക്കുന്ന സഹോദരിമാരെ മുഴുവന്‍ ഇടിച്ചുതാഴ്ത്തുന്നവരും അവര്‍ സമുദായത്തിനോ സമൂഹത്തിനോ കൊള്ളാത്തവരാണെന്നും അവര്‍ തീവ്രവാദികളാണെന്നും ആക്ഷേപിക്കുന്നവരുമാണ് യഥാര്‍ഥത്തില്‍ തീവ്രവാദം മനസ്സില്‍ സൂക്ഷിക്കുന്നവര്‍. അസഹിഷ്ണുതയുടെ ഭാണ്ഡങ്ങളാണ് അവര്‍ പേറിക്കൊണ്ടിരിക്കുന്നത്. മുഖം മറക്കുന്ന സ്ത്രീജനങ്ങളില്‍ പലരും വളരെ പെട്ടെന്ന് അവരുടെ മുഖാവരണങ്ങള്‍ അഴിച്ചുമാറ്റാവുന്ന മാനസികാവസ്ഥയിലല്ല ഉള്ളത്. ചെറുപ്പം മുതല്‍ ധരിക്കുകയും പാരമ്പര്യമായി ശീലിച്ചുവന്നിട്ടുമുള്ള ധാരാളം പേര്‍ അവരുടെ കൂട്ടത്തിലുണ്ട്. തല മറക്കുന്ന ഒരു സ്ത്രീയുടെ തലയില്‍ നിന്നും തട്ടം അഴിഞ്ഞുപോവുമ്പോള്‍ ഉണ്ടാവുന്ന അതേ പ്രയാസം മുഖം മറച്ചു ശീലിച്ച ഒരു സ്ത്രീയുടെ മുഖത്തുനിന്നും അവ നീങ്ങുമ്പോള്‍ കാണും. മുഖം മറച്ചുവെന്ന കാരണത്താല്‍ വിദ്യാഭ്യാസം നിഷേധിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനം കൂടിയായിരിക്കും. മുഖം മറച്ചതിന്റെ പേരില്‍ മാത്രം സാമൂഹിക പരിസരങ്ങളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തിയാല്‍ നിരക്ഷരരും വിദ്യാഭ്യാസമില്ലാത്തവരുമായ ഒരു സമൂഹത്തെയായിരിക്കും അതുവഴി ഭാവിയില്‍ സമുദായത്തിനേറ്റെടുക്കേണ്ടി വരിക.

മുഖം മറക്കുന്നവര്‍ക്ക് മറക്കാത്തവരോടും പുച്ഛവും വെറുപ്പും ഉണ്ടാവേണ്ടതില്ല. നിങ്ങള്‍ക്ക് മറക്കാനുള്ള സ്വാതന്ത്ര്യമുള്ള പോലെ മറക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. മതവിഷയങ്ങളില്‍ പ്രവാചകന്റെയും സച്ചരിതരായ സലഫിന്റെയും മാര്‍ഗം സ്വീകരിക്കുമ്പോഴാണ്  മധ്യമ മാര്‍ഗത്തില്‍ എത്തിച്ചേരുക എന്ന് മുസ്ലിം സമുദായം തിരിച്ചറിയേണ്ടതുണ്ട്. അഭിപ്രായാന്തരങ്ങള്‍ക്കിടയിലും സഹിഷ്ണുതയുടെ മാര്‍ഗമാണ് അവര്‍ പഠിപ്പിച്ചത്. 

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ചൂണ്ടിക്കാണിച്ച പോലെ മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതി ഉണ്ടാവണമെങ്കില്‍ അവര്‍ ജീവിക്കുന്ന ശൈലികളെയും അവരുടെ സംസ്‌കാരങ്ങളെയും അനുവദിച്ചുകൊണ്ട് തന്നെ പഠനം നടത്താനും ജോലി ചെയ്യാനും പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും സാധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന വരേണ്യവര്‍ഗങ്ങളില്‍ മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിപ്പോകും. സമുദായ നേതൃത്വം ഈ വിഷയം ഗൗരവത്തില്‍ കണ്ടില്ലെങ്കില്‍ ഇസ്ലാമിക സംസ്‌കാരവും മുസ്‌ലിം അടയാളങ്ങളും അന്യംനിന്നു പോകുന്ന കാലം അനതിവിദൂരമല്ല.

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക

പെരുന്നാള്‍: ചില തിരിച്ചറിവുകള്‍

പെരുന്നാള്‍: ചില തിരിച്ചറിവുകള്‍

ആരാധനയുടെ അകക്കാമ്പുള്‍ക്കൊണ്ട ആഘോഷമാണ് പെരുന്നാള്‍.നൈമിഷികമായ ആഹ്ലാദങ്ങള്‍ക്കപ്പുറം സര്‍വലോക രക്ഷിതാവായ സ്രഷ്ടാവിന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അണുവിട തെറ്റാതെ ശിരസ്സാ വഹിച്ച ഇബ്‌റാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണകള്‍ കൂടി പെരുന്നാള്‍ ദിനങ്ങളെ തിളക്കമുറ്റതാക്കുന്നുണ്ട്. പെരുന്നാളുമായി ബന്ധപ്പെട്ട കര്‍മങ്ങളെല്ലാം കൃത്യമായി അറിഞ്ഞു ചെയ്താല്‍ അത് പാരത്രികജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

എല്ലാ സമുദായങ്ങള്‍ക്കുമുണ്ട് അവരുടെതായ ചില ആഘോഷ ദിവസങ്ങള്‍. അവ ഒന്നുകില്‍ ഏതെങ്കിലും മഹാന്റെ ജനനദിനമോ മരണ ദിനമോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക സംഭവങ്ങളുടെ സ്മരണ ദിനങ്ങളോ ഒക്കെയായിരിക്കും. ജീവിതത്തില്‍ ഇടക്കൊക്കെ ഒരു ദിനം സന്തോഷത്തിനും ആഘോഷത്തിനുമായി നീക്കിവെക്കണം എന്നത് മനുഷ്യമനസ്സ് ആഗ്രഹിക്കുന്നതാണ്. മനുഷ്യന്റെ ഈ പ്രകൃതം സംവിധാനിച്ചത് അവന്റെ സ്രഷ്ടാവാണല്ലോ. അതിനാല്‍ സ്രഷ്ടാവ് തന്നെ മനുഷ്യര്‍ക്ക് വര്‍ഷത്തില്‍ രണ്ട് ദിവസങ്ങള്‍ ആഘോഷത്തിനായി  നിശ്ചയിച്ചു കൊടുത്തു. അതാണ് രണ്ട് പെരുന്നാളുകള്‍. അനസ്(റ) പറഞ്ഞു: ”നബി ﷺ  മദീനയില്‍ വന്ന സമയത്ത് അവര്‍ക്ക് വിനോദത്തിനായി രണ്ട് ദിവസങ്ങള്‍ ഉണ്ടായിരുന്നു. ഈ ദിവസങ്ങളുടെ സവിശേഷത എന്താണെന്ന് പ്രവാചകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ‘അജ്ഞാന കാലത്ത് ഞങ്ങള്‍ വിനോദത്തിലേര്‍പ്പെട്ടിരുന്ന രണ്ട് ദിനങ്ങളാകുന്നു ഇത്.’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അതിനെക്കാള്‍ ഉത്തമമായ രണ്ട് ദിനങ്ങള്‍ അവര്‍ക്ക് പകരമായി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അതാകുന്നു രണ്ട് പെരുന്നാള്‍ ദിനങ്ങള്‍” (അബൂദാവൂദ്, നസാഈ).

രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ മുസ്‌ലിംകള്‍ കൂടിയിരുന്ന് ആലോചിച്ച് തീരുമാനിച്ചതല്ല; പരമ്പരാഗതമായി കിട്ടിയ ഒരു ആഘോഷത്തെ അന്ധമായി അനുകരിക്കുകയുമല്ല. മനുഷ്യന്റെ സ്രഷ്ടാവ് മനുഷ്യര്‍ക്ക് നിശ്ചയിച്ച് നല്‍കിയ രണ്ട് ദിനങ്ങളാണ് അവ! അതിനാല്‍ അര്‍ഹിക്കുന്ന ആദരവും ബഹുമാനവും അവയ്ക്ക് നല്‍കാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്.

ദൈവികമായി കിട്ടിയ ആഘോഷദിനങ്ങളാകയാല്‍ കേവലം ഒരു ആഘോഷം മാത്രമല്ല പെരുന്നാള്‍. ആഘോഷവും വിനോദവും ആനന്ദവും ദൈവസ്മരണയും ഉള്‍ക്കൊള്ളുന്നതാണ് പെരുന്നാള്‍. ഇവയെല്ലാം നേടിയെടുക്കാവുന്ന രൂപത്തിലാണ് അല്ലാഹു ഈ ദിനങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. അന്ന് പ്രത്യേക നമസ്‌കാരം നിയമമാക്കിയ സ്രഷ്ടാവ് തന്നെ അന്ന് നോമ്പ് എടുക്കല്‍ നിഷിദ്ധമാക്കി. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഫിത്വ്ര്‍ സകാത് നിയമമാക്കിയ അല്ലാഹു ബലിപെരുന്നാള്‍ ദിനം പ്രത്യേക ബലികര്‍മം നിയമമാക്കി. അന്ന് ഒരാളും പട്ടിണിയിലാകാതിരിക്കാന്‍ അല്ലാഹു നിശ്ചയിച്ചതാണ് ഇതെന്ന് വ്യക്തം. നബി ﷺ  പറഞ്ഞു: ‘മിനാ ദിവസങ്ങള്‍ തീറ്റയുടെയും കുടിയുടെയും ദൈവസ്മരണയുടെയും ദിനങ്ങളാകുന്നു’ (മുസ്‌ലിം).

പെരുന്നാള്‍ ദിനത്തില്‍ നാം അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍:

1. പെരുന്നാള്‍ നമസ്‌കാരം

ക്വുര്‍ആന്‍, സുന്നത്, ഇജ്മാഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ടതാണ് പെരുന്നാള്‍ നമസ്‌കാരം. വിശുദ്ധ ക്വുര്‍ആന്‍ സൂറതുല്‍ കൗഥറിലെ രണ്ടാം വചനത്തില്‍ പരാമര്‍ശിച്ച നമസ്‌കാരം പെരുന്നാള്‍ നമസ്‌കാരമാണ് എന്നതാണ് പ്രസിദ്ധാഭിപ്രായം എന്ന് ഇമാം ഇബ്‌നു ഖുദാമ(റഹി) തന്റെ മുഗ്‌നി 3/253ല്‍ രേഖപ്പെടുത്തുന്നു. നബി ﷺ യും ഖലീഫമാരുമെല്ലാം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചതായി ധാരാളം ഹദീഥുകള്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. തെളിവുകളുടെ ആധിക്യവും അതിന്റെ ബാഹ്യാര്‍ഥവും പരിഗണിച്ചകൊണ്ട് ഇമാം അബൂഹനീഫ(റഹി) ഇത് വ്യക്തിപരമായ ബാധ്യതയാണെന്ന് അഭിപ്രായം പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇമാം അഹ്മദ്(റഹി) ഇത് സാമൂഹ്യ ബാധ്യതയാണെന്ന പക്ഷക്കാരനാണ്. ഇമാം മാലിക്(റഹി), ഇമാം ശാഫിഈ(റഹി) എന്നിവര്‍ അടക്കം ധാരാളം പണ്ഡിതര്‍ ഇത് നിര്‍ബന്ധമല്ലെന്നും പ്രബലമായ സുന്നത്താണെന്നുമുള്ള വീക്ഷണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (മുഗ്‌നി 3/253).

പെരുന്നാള്‍ നമസ്‌കാരത്തിന്റെ പ്രാധാന്യം ഗ്രഹിക്കാന്‍ ഈ അഭിപ്രായങ്ങള്‍ തന്നെ ധാരാളം. ശൈഖുല്‍ ഇസ്‌ലാം, ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഇബ്‌നുല്‍ ഉസൈമിന്‍, ഇമാം സഅ്ദി തുടങ്ങിയവരൊക്കെ ഇത് വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണെന്ന അഭിപ്രായത്തെ ബലപ്പെടുത്തിയിരിക്കുന്നു. അല്ലാഹു അഅ്‌ലം.

പെരുന്നാള്‍ നമസ്‌കാരത്തിന്റെ മര്യാദകള്‍

1. നമസ്‌കാരത്തിന് മുമ്പായി കുളിക്കല്‍: പ്രത്യേകം കുളിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ദിവസങ്ങള്‍ ഏതെല്ലാമെന്ന് ചോദിച്ചപ്പോള്‍ അലി(റ) നാല് ദിവസങ്ങള്‍ എണ്ണിപ്പറഞ്ഞു. അതില്‍ രണ്ട് പെരുന്നാള്‍ ദിനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. (ബൈഹക്വി).

2. സുഗന്ധം ഉപയോഗിക്കല്‍, വൃത്തിയാകല്‍, പല്ല് തേക്കല്‍, ഉള്ളതില്‍ നല്ല വസ്ത്രം ധരിക്കല്‍ എന്നിവ നബി ﷺ  പ്രത്യേകം നിര്‍ദേശിച്ചതായി വിവിധ ഹദീഥുകളാല്‍ സ്ഥിരപ്പെട്ടിരിക്കുന്നു.

3. ചെറിയ പെരുന്നാളിന് ഈത്തപ്പഴം കഴിച്ച ശേഷവും ബലിപെരുന്നാളിന് നമസ്‌കരിക്കുന്നത് വരെ ഒന്നും കഴിക്കാതിരിക്കലും നബി ﷺ യുടെ പതിവായിരുന്നു (ബുഖാരി).

4. പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് നടന്നുപോകാറായിരുന്നു നബി ﷺ യുടെ പതിവ്. (ഇബ്‌നുമാജ). ഇതിന്റെ അടിസ്ഥാനത്തില്‍ വരവും പോക്കും നടന്നുകൊണ്ടാവല്‍ സുന്നത്താണെന്നും അനിവാര്യമല്ലെങ്കിലല്ലാതെ വാഹനത്തില്‍ പോകാതിരിക്കലാണ് നല്ലതെന്നും അലി(റ), സഈദ് ബിന്‍ മുസ്വയ്യിബ് എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതാണ് നിരവധി പണ്ഡിതരുടെ അഭിപ്രായമെന്ന് ഇത് ഉദ്ധരിച്ച ഇമാം തിര്‍മിദി (റഹി) തുടര്‍ന്ന് രേഖപ്പെടുത്തുന്നു.

5. പെരുന്നാള്‍ നമസ്‌കാരം മൈതാനത്ത് വെച്ച് നിര്‍വഹിക്കല്‍: നബി ﷺ  രണ്ട് പെരുന്നാളുകള്‍ക്കും മൈതാനത്തേക്ക് പുറപ്പെടുകയും എന്നിട്ട് നമസ്‌കരിക്കുകയും ചെയ്യാറായിരുന്നു പതിവ് എന്ന് അബൂസഈദ് അല്‍ ഖുദ്‌രി(റ) പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മദീന പള്ളിയില്‍ നിന്ന് ആയിരം മുഴം അകലെയായി പ്രത്യേകം സ്ഥലം തന്നെ ഇതിനുണ്ടായിരുന്നു എന്ന് ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത്ഹുല്‍ബാരി: 2/444).

ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ പെരുന്നാള്‍ നമസ്‌കാരം മൈതാനത്ത്‌വെച്ച് നിര്‍വഹിക്കലാണ് സുന്നത്തെന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പള്ളിയെക്കാള്‍ ശ്രേഷ്ഠം അതാണെന്നും അല്ലായിരുന്നുവെങ്കില്‍ ആയിരം ഇരട്ടി പുണ്യം ലഭിക്കുന്ന മദീനാ പള്ളി ഉപേക്ഷിച്ച് നബി ﷺ  മൈതാനത്തേക്ക് പോകുമായിരുന്നില്ലെന്നും ഇമാം നവവി, ഇബ്‌നുല്‍ ഹാജ്, ഇബ്‌നുല്‍ ഔസാഈ, ഇബ്‌നുല്‍ മുന്‍ദിര്‍ എന്നിവര്‍ രേഖപ്പെടുത്തുന്നു. (ശറഹു മുസ്‌ലിം, മുഗ്‌നി, മദ്ഖല്‍).

ഇതിന്നെതിരായ അഭിപ്രായങ്ങള്‍ക്ക് മറുപടി പറഞ്ഞ് കൊണ്ട് ഇബ്‌നുല്‍ മുന്‍ദിര്‍(റഹി) പറയുന്നു: ‘നബി ﷺ  പള്ളി ഉപേക്ഷിച്ചു മൈതാനത്തേക്ക് പുറപ്പെട്ടു എന്നതാണ് നമുക്കുള്ള തെളിവ്. പ്രവാചക ശേഷം ഖലീഫമാരും അപ്രകാരം തന്നെയാണ് ചെയ്തത്. പള്ളിയാണ് ശ്രേഷ്ഠമെങ്കില്‍ അടുത്തുള്ള പള്ളി ഉപേക്ഷിച്ച് അകലെയുള്ളതും ശ്രേഷ്ഠത കുറഞ്ഞതുമായ മൈതാനത്തേക്ക് നബി ﷺ  പോകുമായിരുന്നില്ല. ശ്രേഷ്ഠമായത് ഉപേക്ഷിക്കല്‍ നബി ﷺ  തന്റെ സമുദായത്തിന് നിയമമാക്കുകയുമില്ല. നബി ﷺ യെ മാതൃകയാക്കാനും പിന്‍തുടരാനുമാണല്ലോ നാം കല്‍പിക്കപ്പെട്ടിരിക്കുന്നത്. എന്നിരിക്കെ കല്‍പിക്കപ്പെട്ട കാര്യം ശ്രേഷ്ഠത കുറഞ്ഞതും വിലക്കപ്പെട്ട കാര്യം പൂര്‍ണതയുള്ളതുമാവുക എന്നത് അനുവദനീയമല്ല. നബി ﷺ  പ്രതിബന്ധങ്ങള്‍ ഇല്ലാതെ പള്ളിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിട്ടുമില്ല. മാത്രവുമല്ല ഇത് മുസ്‌ലിംകളുടെ ഇജ്മാഅ് (ഏകോപിച്ച അഭിപ്രായം) ആകുന്നു.

6. പോകുന്നതും വരുന്നതും വ്യത്യസ്ത വഴികൡലൂടെയാവല്‍: നബി ﷺ  അപ്രകാരം ചെയ്തിരുന്നതായി ജാബിര്‍(റ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു.

മഅ്മൂമുകള്‍ നേരത്തെ പുറപ്പെടുകയാണ് വേണ്ടത്. എന്നാല്‍ ഇമാം നേരത്തെ പോകേണ്ടതില്ല. ജനങ്ങള്‍ ഇമാമിനെ കാത്ത് നില്‍ക്കുകയാണ് വേണ്ടത്. സ്വഹാബികള്‍ നേരത്തേ പുറപ്പെടുകയും എല്ലാവരും എത്തിക്കഴിഞ്ഞാല്‍ സുര്യോദയത്തിന്ന് ശേഷമായി നബി ﷺ  വരികയും എന്നിട്ട് നമസ്‌കരിക്കുകയുമായിരുന്നു പതിവെന്ന് ശൈഖ് ഇബ്‌നു ഉസൈമിന്‍(റഹി) പറയുന്നു (ശറഹുല്‍ മുംതിഅ് 5/163).

8. പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോകുമ്പോള്‍ ഉറക്കെ തക്ബീര്‍ മുഴക്കണം: നബി ﷺ  നമസ്‌കാര സ്ഥലം എത്തുന്നത് വരെ തക്ബീര്‍ ചൊല്ലുമായിരുന്നു എന്ന് ഇബ്‌നു അബീ ശൈബ(റ) ഉദ്ധരിച്ചിരിക്കുന്നു. ശൈഖ് അല്‍ബാനി(റഹി) സില്‍സിലതുസ്സ്വഹീഹയില്‍ അത് സ്വഹീഹ് ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌നു ഉമര്‍(റ) പ്രസ്തുത തക്ബീര്‍ ഉച്ചത്തില്‍ നിര്‍വഹിക്കുമായിരുന്നു എന്ന് ഇമാം ദാറക്വുത്‌നി സ്വഹീഹായ പരമ്പരയില്‍ പറയുകയും ചെയ്യുന്നു. ഇമാം വരുന്നത് വരെ തക്ബീര്‍ തടരുകയും ഇമാം വന്നാല്‍ തക്ബീര്‍ നിറുത്തി നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണ് വേണ്ടതെന്നും ശൈഖ് ഇബ്‌നു ഉസൈമീന്‍ പണ്ഡിതാഭിപ്രായം ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍ നമസ്‌കാരസ്ഥലത്ത് എത്തിയാല്‍ തന്നെ തക്ബീര്‍ നിറുത്തണമെന്ന് മറ്റു പലരും അഭിപ്രായപ്പെടുന്നു. ഒന്നാമത്തേതാണ് കൂടുതല്‍ ശരി എന്ന് ഇബ്‌നു ഉമര്‍ (റ)വിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹു അഅ്‌ലം.

9. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പോ ശേഷമോ സുന്നത്ത് നമസ്‌കാരങ്ങള്‍ നബി ﷺ  നിര്‍വഹിക്കുമായിരുന്നില്ല എന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു. എന്നാല്‍ പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ചാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ തഹിയ്യത് നമസ്‌കാരം നിര്‍വഹിക്കാമെന്ന് ശൈഖ് ഇബ്‌നു ബാസ്(റഹി) അഭിപ്രായപ്പെടുന്നു.

10. ബാങ്കോ ഇക്വാമതോ സുന്നത്തില്ല: ജാബിര്‍ ഇബ്‌നുസമുറ(റ) പറയുന്നു: ‘ബാങ്കോ ഇക്വാമത്തോ ഇല്ലാതെ പലതവണ നബി ﷺ യുടെ കൂടെ രണ്ട് പെരുന്നാളുകളില്‍ ഞാന്‍ നമസ്‌കരിച്ചിട്ടുണ്ട്’ (മുസ്‌ലിം). അന്ന് ബാങ്കോ ഇക്വാമത്തോ മറ്റൊരു വിളിച്ചു പറയലോ വിളംബരമോ ഒന്നും തന്നെ ഇല്ലെന്ന് ജാബിര്‍(റ) പറയുന്നു (മുസ്‌ലിം). സമാന ആശയം ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ഇത് തന്നെയാണ് നബിചര്യ എന്ന് ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു (സാദുല്‍ മആദ്).

പെരുന്നാള്‍ ദിവസത്തില്‍ അനുവദനീയമായ കളി-വിനോദങ്ങള്‍ ആകാവുന്നതാണ്. പ്രവാചക സന്നിധിയില്‍ ദഫ് മുട്ടി ചെറിയ പെണ്‍കുട്ടികള്‍ പാട്ട് പാടിയതും സമാന സംഭവങ്ങളും വ്യത്യസ്ത ഹദീഥുകളിലായി സ്ഥിരപ്പെട്ട് വന്നിരിക്കുന്നു. (ബുഖാരി, മുസ്‌ലിം).

പെരുന്നാള്‍ ദിവസം സന്തോഷം പ്രകടിപ്പിക്കല്‍ മതചിഹ്നമാണ് എന്ന് ഈ ഹദീഥില്‍ നിന്ന് മനസ്സിലാകാം എന്ന് ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി(റഹി) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത്ഹുല്‍ ബാരി).

സ്ത്രീകളും കുട്ടികളും ഒന്നടങ്കമാണ് പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പുറപ്പെടേണ്ടത്. ആര്‍ത്തവകാരികളെ പോലും കൊണ്ട് പോകാന്‍ നബി ﷺ  ഞങ്ങളോട് കല്‍പിച്ചു എന്ന് ഉമ്മുഅത്വിയ്യ(റ) പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

‘ശരീരം മറയ്ക്കാന്‍ മതിയായ വസ്ത്രം ഇല്ലാത്ത സ്ത്രീകള്‍ എന്ത് ചെയ്യണമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ (കൂടുതല്‍ വസ്ത്രം ഉള്ള സഹോദരിമാര്‍) അവര്‍ക്ക് നല്‍കിയിട്ടെങ്കിലും അവര്‍ പങ്കെടുക്കട്ടെ’ എന്ന് നബി ﷺ  പറഞ്ഞതായിക്കൂടി അവര്‍ പറയുന്നു. (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പെരുന്നാള്‍ നമസ്‌കാരം സുന്നതാണെന്ന് ശൈഖ് ഇബ്‌നുബാസ്(റഹി) അഭിപ്രായപ്പെട്ടിരിക്കുന്നു. ലജ്‌നതുദ്ദാഇമയുടെ ഫത്‌വകളിലും അപ്രകാരമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. (ഫതാവാ 8/284).

11. പരസ്പരം ആശിര്‍വദിക്കല്‍: പെരുന്നാള്‍ ദിവസം സ്വഹാബിമാര്‍ പരസ്പരം കാണുമ്പോള്‍ ‘തക്വബ്ബല്ലാഹു മിന്നാ വമിന്‍കും’ എന്ന് പറഞ്ഞിരുന്നു എന്ന് ജുബൈര്‍ ഇബ്‌നു നുഫൈര്‍(റ) പറഞ്ഞതായി സ്വീകാര്യയോഗ്യമായ പരമ്പരയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി(റഹി) ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തുന്നു. ഇത് തന്നെ അബൂ ഉമാമ അല്‍ബാഹിലീ(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ‘മദീനയില്‍ ഞങ്ങള്‍ക്കിത് പരിചിതമാണ്’ എന്ന് ഇമാം മാലിക്(റഹി) കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ഞാന്‍ ചോദിക്കുമ്പോള്‍ പറയാറുണ്ട് എന്ന് അലിയ്യുബ്‌നു സാബിത്(റഹി) പറയുന്നു (മുഗ്‌നി). ഇമാം അഹ്മദ്(റഹി), ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) എന്നിവരും ഇത് ശരിവെച്ചിരിക്കുന്നു (മജ്മൂഉല്‍ ഫതാവാ-24/253).

ഇത് പ്രത്യേകം സുന്നത്തായി പഠിപ്പിക്കപ്പെടാത്തതിനാല്‍ ഒരാള്‍ അത് പറഞ്ഞില്ലെങ്കിലും ആക്ഷേപാര്‍ഹമല്ല. എന്നാല്‍ ഇങ്ങോട്ട് പറയപ്പെട്ടാല്‍ മറുപടി പറയല്‍ അഭിവാദ്യത്തിന് പ്രത്യഭിവാദ്യം ചെയ്യല്‍ നിര്‍ബന്ധമാണ് എന്ന തത്ത്വത്തില്‍ ഉള്‍പ്പെടുമെന്നും ശൈഖുല്‍ ഇസ്‌ലാം അഭിപ്രായപ്പെടുന്നു.

പെരുന്നാള്‍ നമസ്‌കാരം ജമാഅതായി നിര്‍വഹിക്കാന്‍ ഒരാള്‍ക്ക് സാധിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് അത് നിര്‍വഹിക്കാവുന്നതാണ്. കുടുംബത്തെയും കൂട്ടി വീട്ടിലോ മറ്റോ ജമാഅതായി നിര്‍വഹിക്കുകയുമാവാം. ജമാഅത് നമസ്‌കാരം നഷ്ടപ്പെട്ടാല്‍ അവര്‍ രണ്ട് റക്അത്ത് നമസ്‌കരിക്കണം എന്ന തലക്കെട്ടില്‍ ഇമാം ബൂഖാരി(റഹി) ഒരു അധ്യായം തന്നെ തന്റെ സ്വഹീഹില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്വഹാബിയായ അനസ്(റ) തന്റെ കുടുംബത്തെയും മക്കളെയും കൊണ്ട് സാവിയ എന്ന സ്ഥലത്ത് വെച്ച് നമസ്‌കരിച്ചു. അവിടെ അദ്ദേഹത്തിന്  വീടും സ്ഥലവും ഉണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ നമസ്‌കരിക്കുമ്പോള്‍ നാല് റക്അത്താണ് നമസ്‌കരിക്കേണ്ടത് എന്ന് അറിയിക്കുന്ന ചില റിപ്പോര്‍ട്ടുകളും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അതിനാല്‍ രണ്ട് രീതിയും സ്വീകരിക്കുന്നതിന് വിരോധമില്ല എന്ന് ഇമാം അഹ്മദ്, ഔസാഈ, അബൂഹനീഫ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു-അല്ലാഹു അഅ്‌ലം. എന്നാല്‍ നഷ്ടപ്പെട്ടവര്‍ അത് വീണ്ടെടുക്കാന്‍ നബി ﷺ  കല്‍പിച്ചതായി പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ അത് നിര്‍ബന്ധമാണെന്ന് പറയാന്‍ കഴിയില്ല എന്ന് എല്ലാ അഭിപ്രായങ്ങളും ഉദ്ധരിച്ച ശേഷം ഇമാം മുഗ്‌നി(റഹി) രേഖപ്പെടുത്തുന്നു. (മുഗ്‌നി-3/285).

നമസ്‌കാര സമയം

സൂര്യന്‍ ഉദിച്ച് അല്‍പം ഉയര്‍ന്നതു മുതല്‍ ഉച്ചയോട് അടുത്ത സയമം വരെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ മാസപ്പിറവി അറിയാന്‍ വൈകുകയും ആളുകള്‍ നോമ്പ് എടുക്കുകയും ഉച്ചക്ക് ശേഷം പ്രസ്തുത ദിവസം പെരുന്നാള്‍ ദിനമാണ് എന്ന് അറിയുകയും ചെയ്താല്‍ അന്ന് നോമ്പ് മുറിക്കുകയും പിറ്റേന്ന് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുകയുമാണ് വേണ്ടത്. നബി ﷺ യുടെ കാലത്ത് ഇത്തരം ഒരു സന്ദര്‍ഭം ഉണ്ടായപ്പോള്‍ നബി ﷺ  ഇങ്ങനെയാണ് ചെയ്തത് എന്ന് സ്വഹാബിമാര്‍ പറഞ്ഞത് അബൂദാവൂദ്, ഇബ്‌നുമാജ എന്നിവര്‍ സ്വഹീഹായ പരമ്പരയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബലിപെരുന്നാള്‍ നമസ്‌കാരം നേരത്തെ നിര്‍വഹിക്കലും ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാരം അല്‍പം വൈകി നിര്‍വഹിക്കലുമായിരുന്നു പ്രവാചകരുടെ പതിവ്. ചെറിയ പെരുന്നാളിന് ഫിത്വ്ര്‍ സകാത് വിതരണത്തിന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും ബലി പെരുന്നാള്‍ ദിനം ബലിയറുക്കാന്‍  കൂടുതല്‍ സൗകാര്യം കിട്ടാനും ഉദ്ദേശിച്ച് കൊണ്ടായിരിക്കാം നബി ﷺ  ഇപ്രകാരം പഠിപ്പിച്ചത് എന്ന് ഇബ്‌നുല്‍ ക്വയ്യിം(റഹി), ഇബ്‌നു ഉസൈമിന്‍(റഹി) എന്നിവര്‍ അഭിപ്രായപ്പെടുന്നു (സാദുല്‍ മആദ്, ശറഹുല്‍ മുംതിഅ്).

നബി ﷺ  പെരുന്നാള്‍ ദിവസത്തില്‍ മിമ്പര്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ മുന്നില്‍ ഒരു മറ സ്വീകരിക്കാറുണ്ടായിരുന്നു എന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം നമസ്‌കാരവും പിന്നീട് ഖുത്വുബയും നിര്‍വ്വഹിക്കലായിരുന്നു നബിയുടെയും ഖലീഫമാരുടെയും പതിവ്. (ബുഖാരി)

ഒന്നാമത്തെ റക്അത്തിന്റെ ആരംഭത്തില്‍ നബി ﷺ  ഏഴ് തക്ബീറുകളും രണ്ടാം റക്അത്തിന്റെ ആരംഭത്തില്‍ അഞ്ച് തക്ബീറുകളും  ചൊല്ലുമായിരുന്നു. ശേഷമാണ് ഫാതിഹ ഓതാറുണ്ടായിരുന്നത്. (അബൂദാവൂദ്). തക്ബീറതുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കണം. ഫാതിഹക്ക് ശേഷം സൂറതുകളും പാരായണം ചെയ്യണം. നബി  ﷺ  ഒന്നാം റക്അത്തില്‍ സൂറതുല്‍ ക്വാഫ് അല്ലെങ്കില്‍ സൂറതുല്‍ അഅ്‌ലായും രണ്ടാം റക്അതില്‍ അല്‍ഖമര്‍, അല്‍ഗാശിയ ഇവയില്‍ ഒന്നുമാണ് പാരായണം ചെയ്യാറുണ്ടായിരുന്നത് (മുസ്‌ലിം).

തക്ബീറുകള്‍ക്കിടയില്‍ നബി ﷺ  എന്തെങ്കിലും ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഹംദും സ്വലാത്തും പ്രാര്‍ഥനയും നിര്‍വഹിക്കാമെന്ന് ഇബ്‌നു മസ്ഊദ്(റ) പറഞ്ഞിട്ടുണ്ടെന്നും ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) രേഖപ്പെടുത്തുന്നു. (സാദുല്‍ മആദ് 1/443).

നമസ്‌കാര ശേഷം നബി ﷺ  ജനങ്ങള്‍ക്ക് അഭിമുഖമായി നിന്ന് ഖുത്വുബ നിര്‍വഹിക്കുകയും അവരെ ദാനം (സ്വദക്വ) ചെയ്യാന്‍ പ്രേരിപ്പിക്കുകയും പ്രത്യേകം ഉദ്‌ബോധിപ്പിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്‌ലിം).

അല്‍പം ഉയര്‍ച്ചയുള്ള സ്ഥലത്തായിരുന്നു നബി ﷺ  ഖുത്വുബ നിര്‍വഹിക്കാറുണ്ടായിരുന്നത് എന്ന് ഹദീഥില്‍ നിന്ന് മനസ്സിലാകുന്നു.

വെള്ളിയാഴ്ച ഖുത്വുബ ശ്രദ്ധിക്കല്‍ നിര്‍ബന്ധമുള്ളത് പോലെ ഇത് നിര്‍ബന്ധമില്ലെന്നും സുന്നത് മാത്രമേയുള്ളൂ എന്നും അതിനാലാവാം ആദ്യം നമസ്‌കാരവും പിന്നീട് ഖുത്വുബയും ആയി നിശ്ചയിച്ചതെന്നും ഇമാം ഇബ്‌നു ഖുദാമ(റ) അഭിപ്രായപ്പെടുന്നു (മുഗ്‌നി).

പെരുന്നാള്‍ ദിനങ്ങളില്‍ തക്ബീര്‍ ചൊല്ലല്‍

രണ്ട് തരത്തിലാണ് തക്ബീര്‍ ചൊല്ലാനായി നിര്‍ദേശമുള്ളത്.

ഒന്ന്) നമസ്‌കാരങ്ങള്‍ക്ക് ശേഷം: ഇത് ബലിപെരുന്നാളില്‍ മാത്രമാണ് എന്നാണ് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് മനസ്സിലാകുന്നത് എന്ന് ശൈഖ് സഈദ് അല്‍ഖഹ്ത്വാനി പറയുന്നു. അറഫ ദിവസം സ്വുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീക്വിലെ അവസാന ദിവസത്തെ അസ്വ്ര്‍ വരെയും അലി(റ), ഇബ്‌നു മസ്ഊദ് എന്നിവര്‍ തക്ബീര്‍ ചൊല്ലുമായിരുന്നു. എന്നാല്‍ ദുഹ്ര്‍ വരെയായിരുന്നു ഉമര്‍(റ) ചൊല്ലാറുണ്ടായിരുന്നത.് മഗ്‌രിബിന്റെ തൊട്ടു മുമ്പ് വരെ ഇബ്‌നു അബ്ബാസ്(റ) ചൊല്ലാറുണ്ടായിരുന്നു. ഇവയില്‍ ഏത് സ്വീകരിച്ചാലും സ്വഹാബിമാരുടെ ചെയ്തിയും പിന്‍ബലം അതിനുണ്ട് എന്ന് മനസ്സിലാക്കാം. (ശര്‍ഹു മുസ്‌ലിം, ഫത്ഉല്‍ ബാരി, മുഗ്‌നി, ശര്‍ഹുല്‍ മുംതിഅ് എന്നിവ നോക്കുക).

എന്നാല്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ 13 വരെയും പതിവായി തക്ബീര്‍ നിര്‍വഹിക്കാം. ഇബ്‌നുഉമര്‍, അബൂഹുറയ്‌റ(റ), ഉമര്‍(റ) എന്നിവര്‍ ഇങ്ങനെ ചെയ്തിരുന്നതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അബാനുബ്‌നു ഉസ്മാന്‍(റ), ഉമര്‍ബിന്‍ അബ്ദില്‍ അസീസ്(റ) എന്നിവരുടെ പിറകില്‍ സ്ത്രീകള്‍ തക്ബീര്‍ ചൊല്ലുമായിരുന്നു എന്ന് മൈമൂന(റ) പറയുന്നു (ബുഖാരി). ആര്‍ത്തവകാരികള്‍ അടക്കം പുറപ്പെട്ട് പോകുകയും അവര്‍ പുരുഷന്മാരുടെ തക്ബീറിന്റെ കൂടെ തക്ബീര്‍ ചൊല്ലുകയും െചയ്തിരുന്നു എന്നും ഉമ്മു അത്വിയ്യ(റ) പറയുന്നു (ബുഖാരി).

ചെറിയ പെരുന്നാളിന് ശവ്വാല്‍ ഒന്നിന്റെ മഗ്‌രിബ് മുതല്‍ ഇമാം നമസ്‌കാരത്തിലേക്ക് വരുന്നത് വരെ തക്ബീര്‍ ചൊല്ലല്‍ സ്വഹാബത്തിന്റെ പതിവായിരുന്നു. (ഇബ്‌നു അബീശൈബ).

തക്ബീറിന്റെ രൂപം

പല സ്വഹാബിമാര്‍ പലതരത്തില്‍ തക്ബീര്‍ ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ് വല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്നായിരുന്നു ഇബ്‌നു മസ്ഊദ്(റ), ഉമര്‍(റ), അലി(റ) എന്നീ സ്വഹാബിമാര്‍ ചൊല്ലിയിരുന്നത്. (ഇബ്‌നു അബീശൈബ). ഇത് തന്നെ ചില റിപ്പോര്‍ട്ടുകളില്‍ അല്ലാഹു അക്ബര്‍ എന്ന് മൂന്ന് തവണ ചൊല്ലിയതായി വന്നിട്ടുണ്ട് എന്ന് ശൈഖ് അല്‍ബാനി പറയുന്നു (ഇര്‍വാഅ് 3/125).

വ്യത്യസ്ത രൂപം സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതിനാലും തക്ബീര്‍ ചൊല്ലാന്‍ നിര്‍ദേശിക്കുന്ന ക്വുര്‍ആനിക വചനത്തിന്റെ (2/185) ബാഹ്യാര്‍ഥം പരിഗണിച്ചും ഇതില്‍ ഏത് രീതിയും സ്വീകരിക്കാന്‍ മതം അനുവദിക്കുന്നു എന്ന് മനസ്സിലാക്കാം എന്ന് ഈ അഭിപ്രായങ്ങളെ ക്രോഡീകരിച്ച് കൊണ്ട് ഇമാം സ്വന്‍ആരി(റഹി) പറയുന്നു. (സുബുലുസ്സലാം-3/247).

വെള്ളിയാഴ്ച പെരുന്നാളായാല്‍

നബി ﷺ യുടെ കാലത്ത് വെള്ളിയാഴ്ച പെരുന്നാള്‍ ആയപ്പോള്‍ നബി ﷺ  പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച ശേഷം ഇപ്രകാരം പറഞ്ഞു: ‘ജുമുഅ നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നമസ്‌കരിക്കാം’ (അബുദാവൂദ്, നസാഈ, ഇബ്‌നുമാജ, അഹ്മദ്).

വരുന്നവര്‍ക്ക് വരാം, വരാത്തവന് വരാതിരിക്കാം എന്നും ജുമുഅക്ക് വരുന്നവര്‍ക്ക് വരാം, ഞങ്ങള്‍ ഇവിടെ ജുമുഅ നടത്തുന്നുണ്ട് എന്നും നബി ﷺ  പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട് (ഇബ്‌നുമാജ).

പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ് എന്നും എന്നാല്‍ ഇമാമിന് ഇളവില്ലെന്നും ഇതില്‍ നിന്ന് ഗ്രഹിക്കാം. ജുമുഅക്ക് പങ്കെടുക്കുന്നില്ലെങ്കില്‍ അവന്‍ ദുഹ്ര്‍ നാല് റക്അത്ത് തന്നെയാണ് നമസ്‌കരിക്കേണ്ടത്.

ഇത്രയേറെ പ്രാധാനന്യപൂര്‍വം പഠിപ്പിക്കപ്പെട്ട ഈ സുദിനത്തിലും ദൈവകോപമുണ്ടാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെയധികം ഗൗരവമുള്ള കാര്യമായി കാണേണ്ടതുണ്ട്. നിഷിദ്ധമായ ഒരു കാര്യവും പെരുന്നാളിന്റെ പേരില്‍ അനുവദനീയമാകുന്നില്ല എന്ന് നാം തിരിച്ചറിയണം. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള ബഹുദൈവാരാധനാപരമായ കാര്യങ്ങള്‍ അടക്കം പെരുന്നാള്‍ ദിവസത്തില്‍ ചിലര്‍ ചെയ്യുന്നത് കാണാം. ക്വബ്ര്‍ സിയാറത്തിന്റെ മറവില്‍ ജാറങ്ങള്‍ തേടിയുള്ള യാത്രകളും ക്വബ്‌റാളിയോടുള്ള പ്രാര്‍ഥനയുമെല്ലാം മതം വിലക്കിയ കാര്യങ്ങളാണ്.അത്തരം തേട്ടങ്ങള്‍ ശിര്‍ക്കുമാകുന്നു.

പുരുഷന്മാര്‍ വസ്ത്രം ഞെരിയാണിക്ക് താഴെ ഇറക്കല്‍, അഹങ്കാരം പ്രകടിപ്പിക്കല്‍, ഭക്ഷണവും മറ്റും ധൂര്‍ത്തടിക്കല്‍, സംഗീതസദസ്സുകളും ഗാനമേളകളും സംഘടിപ്പിക്കലും അതില്‍ പങ്കെടുക്കലും, മദ്യപാനം, മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗങ്ങള്‍, അന്യ സ്ത്രീ-പുരുഷ സങ്കലനങ്ങള്‍, നിഷിദ്ധമായ വേഷം ധരിക്കല്‍, താടി വടിക്കല്‍, എന്നിവയൊക്കെ പെരുന്നാളില്‍ ജനങ്ങള്‍ നിസ്സാരമായി തള്ളുന്ന നിഷിദ്ധങ്ങളാകുന്നു. അവയെ ഗൗരവപൂര്‍വം നാം ജീവിതത്തില്‍ ഒഴിവാക്കേണ്ടതാകുന്നു. അനുവദനീയമായ കളി-വിനോദങ്ങളില്‍ ആണ് വിശ്വാസികള്‍ ഏര്‍പ്പെടേണ്ടത്. അതോടൊപ്പം കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുവാനും പരസ്പര സന്ദര്‍ശനങ്ങള്‍ക്കും പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. പിശുക്ക് ഇല്ലാതിരിക്കുക, ദാനധര്‍മങ്ങള്‍, പ്രാര്‍ഥന, പ്രകീര്‍ത്തനങ്ങള്‍, മറ്റു ആരാധനാ കാര്യങ്ങള്‍ എന്നിവ അന്നും ജീവിതത്തിന്റെ ഭാഗമാക്കുക.

ക്വുര്‍ആന്‍ 2/185-ാം വചനം ഇത്തരുണത്തില്‍ മനസ്സിരുത്തി അര്‍ഥ സഹിതം പാരായണം ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

(മുഖ്യ അവലംബം: ശൈഖ് സഊദ് അല്‍ക്വഹ്ത്വാനിയുടെ ‘സ്വലാതുല്‍ മുഅ്മിന്‍’ എന്ന ഗ്രന്ഥം. അല്ലാഹു അദ്ദേഹത്തിനും പ്രതിഫലം നല്‍കട്ടെ-ആമീന്‍).

 

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

ദുല്‍ഹജ്ജിലെ പത്ത് ദിനരാത്രങ്ങളും അവയുടെ ശ്രേഷ്ഠതകളും‍

ദുല്‍ഹജ്ജിലെ പത്ത് ദിനരാത്രങ്ങളും അവയുടെ ശ്രേഷ്ഠതകളും‍

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനു വേണ്ടി അവന്‍  പ്രത്യേക കാലവും സമയവും നിര്‍ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങള്‍.

 പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്ത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും ഹദീഥുകളിലും കണ്ടെത്താവുന്നതാണ്. 

ഒന്ന്). അല്ലാഹു പറയുന്നു: ”പ്രഭാതവും പത്ത് രാത്രികളും തയൊണ് സത്യം” (സൂറത്തുല്‍ ഫജ്ര്‍ 1,2).

ഇൗ വചനത്തില്‍ പറയുന്ന പത്ത് രാവുകള്‍ കൊണ്ടുദ്ദേശിക്കുന്നത് ദുല്‍ഹജ്ജ് മാസത്തിലെ പത്ത് രാത്രികളാണെന്നാണ് മഹാനായ ഇബ്‌നുകഥീര്‍(റഹി) തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട്). മറ്റൊരു ക്വുര്‍ആന്‍വചനം കാണുക:”അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്” (ക്വുര്‍ആന്‍ 22:28).

മേല്‍ കൊടുത്ത വചനത്തിലെ നിശ്ചിത ദിവസങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങളാണ് എന്ന് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്.

മൂന്ന്). നബിﷺ പറഞ്ഞു: ‘ഈ പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങളെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു കര്‍മവുമില്ല.’ സ്വഹാബിമാര്‍ ചോദിച്ചു: ‘അപ്പോള്‍ ജിഹാദോ?’ നബിﷺ പറഞ്ഞു: ‘ഒരാള്‍ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്ത വിധം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ-അതും (ജിഹാദും)- ഈ ദിവസങ്ങളിലെ സല്‍കര്‍മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല” (ബുഖാരി).

നാല്). അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന്: നബിﷺ ഇപ്രകാരം പറയുത് ഞാന്‍ കേട്ടു: ‘ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറ്റാരു ദിവസവുമില്ല. ഈ ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന സല്‍കര്‍മങ്ങളെപ്പോലെ  അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കര്‍മവുമില്ല. അത് കൊണ്ട് നിങ്ങള്‍ സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ്‌ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക.’ (ത്വബ്‌റാനി-മുഅ്ജമുല്‍ കബീര്‍).

അഞ്ച്). ‘സഈദുബ്‌നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറം സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു’ (ദാരിമി).

ആറ്). ‘മേല്‍പറയപ്പെട്ട ദിനങ്ങള്‍ക്ക് ഇത്രമാത്രം  മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലേതു പോലെ, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു’ (ഇബ്‌നുഹജറുല്‍ അസ്‌ക്വലാനി- ഫത്ഹുല്‍ബാരി).

ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും പരിപൂര്‍ണ രൂപത്തിലുമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നമസ്‌കാരം: നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സമയമായാല്‍ ഉടനെ കഴിവതും ജമാഅത്തായി പള്ളിയില്‍ വെച്ച് നിര്‍വഹിക്കുക, സുന്നത്ത് നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മങ്ങളാണ്. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളല്ല. എല്ലാ കാലങ്ങളിലും പാലിക്കേണ്ടവ തന്നെയാണിവയെല്ലാം.

ഥൗബാന്‍(റ)വില്‍ നിന്ന്: നബിﷺ പറഞ്ഞു: ”നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക. ഏതൊരു മനുഷ്യനും അവന്‍ നിര്‍വഹിക്കുന്ന ഓരോ സുജൂദ് മുഖേനയും അവന്റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ അവന്‍ അത് നിര്‍വഹിക്കുന്നില്ല” (മുസ്‌ലിം).

നോമ്പ്: പ്രവാചക പത്‌നിമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബിﷺ ദുല്‍ഹജ്ജ് ഒമ്പത്, മുഹര്‍റം പത്ത്; മാസങ്ങൡ പൗര്‍ണമി ദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ തീയതികളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു” (മുസ്‌ലിം).

ഹജ്ജ് കര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫാദിവസത്തില്‍ (ദുല്‍ഹജ്ജ് 9ന്) നോമ്പ്‌നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്. 

അത് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ  പാപങ്ങള്‍  പൊറുക്കപ്പെടാന്‍ പര്യാപ്തമായതാണ് (സ്വഹീഹ് മുസ്‌ലിം) എന്ന് നബിﷺ പറഞ്ഞതായി കാണാം.

 പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ അല്ലാഹു നരകത്തില്‍ നിന്നും മോചിപ്പിക്കുക എന്നും,  അതുപോലെ അല്ലാഹു തന്റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങ്ങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനത്തോടെ പറയുമെന്നും ഹദീഥുകളില്‍ കാണാവുതാണ്.

തക്ബീറുകള്‍: ഇബ്‌നുഉമര്‍(റ)വില്‍നിന്ന് ത്വബ്‌റാനി ഉദ്ധരിച്ച (നേരത്തെ സൂചിപ്പിച്ചതായ) ഹദീഥിന്റെ അടിസ്ഥാനത്തില്‍ അല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹു, അല്‍ഹംദുലില്ലാ തുടങ്ങിയ കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളിള്‍ അധികരിപ്പിക്കേണ്ടതാണ്. ഇബ്‌നുഉമര്‍(റ), അബൂഹുറയ്‌റ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലുകയും അതുകേട്ട് മറ്റുജനങ്ങളും തക്ബീര്‍ ചൊല്ലുകയും ചെയ്തിരുന്നു. (ബുഖാരി).  അതുപോലെ  മിനായില്‍ വെച്ചും തക്ബീര്‍ ചൊല്ലുകയും അങ്ങനെ പള്ളികളിലും അങ്ങാടികളിലുമുള്ളവരും തക്ബീര്‍ചൊല്ലി മിന തക്ബീറുകളാല്‍ മുഴങ്ങാറുണ്ടായിരുന്നു എന്നും ഹദീഥുകളില്‍ കാണാവുതാണ്.

ബലിദിനം: ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തു കാണാത്തതും എന്നാല്‍ ദുല്‍ഹജ്ജ്  മാസത്തിലെ വളരെ മഹത്ത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്ത്വമുള്ള ദിവസം ബലിദിവസം (ദുല്‍ഹജ്ജ് പത്ത്) ആകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്റെ സുനനില്‍ ഇപ്രകാരം ഒരു ഹദീഥ് റിപ്പോര്‍ട്ടുചെയ്യുന്നത് കാണാവുന്നതാണ്.

അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂടുന്ന ദിനവുമാണ് (അബൂദാവൂദ്).

അത്‌കൊണ്ട് ദുല്‍ഹജ്ജ് പത്ത് ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാതെ, ആരാധനകളും പുണ്യകര്‍മങ്ങളും കൂടി നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു. 

ഉദുഹിയ്യത്ത്: ദുല്‍ഹജ്ജ് പത്തിനെ ‘ബലിദിനം’ (യൗമുന്നഹ്ര്‍) എന്ന് പ്രവാചകന്‍ﷺ വിശേഷിപ്പിച്ചതില്‍ നിന്നു തന്നെ അന്ന് നിര്‍വഹിക്കുവാനുള്ള പ്രധാനപ്പെട്ട കര്‍മം ബലികര്‍മമാണെന്ന് (ഉദുഹിയ്യത്ത്) മനസ്സിലാക്കാവുന്നതാണ്. നബിﷺ പറഞ്ഞു: ”കഴിവുണ്ടായിരുന്നിട്ടും ഉദുഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോലും അടുക്കേണ്ടതില്ല” (അഹ്മദ്, ഇബ്‌നുമാജ). 

അത്തരക്കാര്‍ക്ക്, സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല.  വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു ഇങ്ങനെയൊരു കാര്യം ചെയ്യുവാന്‍ ആവശ്യപ്പെടുന്നത്! എന്നിട്ടും അത് അവഗണിച്ച് കഴിവുണ്ടായിട്ടും അതില്‍ നിന്നും പലരും തിരിഞ്ഞുകളയുന്നു! 

നാമും ഒരുങ്ങുക

മേല്‍പറഞ്ഞ നല്ല നാളുകളിലേക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ഥതയും നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാകുമ്പോള്‍ മാത്രമെ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. അത്‌കൊണ്ട് ഒന്നാമതായി നാം നമ്മുടെ മനസ്സ് നന്നാക്കി, പാപമുക്തി നേടുക. അതാകുന്നു അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗം. അല്ലാഹു പറയുന്നു: ”നമ്മുടെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവരാരോ അവരെ നാം നമ്മുടെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകതന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു സദ്‌വൃത്തരോടൊപ്പവുമായിരിക്കും”(ക്വുര്‍ആന്‍ 29:69).

അതിനാല്‍ നന്മയുടെ പ്രതിഫലം നേടിയെടുക്കുവാന്‍ നമുക്ക് ധൃതി കാണിക്കാം. ”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്” (ക്വുര്‍ആന്‍ 3:133).

 

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
നേർപഥം വാരിക

മുഹമ്മദ് നബിﷺ: മാനവതയുടെ സമ്പൂര്‍ണ മാതൃക

മുഹമ്മദ് നബിﷺ: മാനവതയുടെ സമ്പൂര്‍ണ മാതൃക

മാതൃകയാവുക എന്നത് പ്രയാസകരമായ കാര്യമാണ്. ലോക ചരിത്രത്തില്‍ മനുഷ്യര്‍ക്ക് ചില കാര്യങ്ങളില്‍ മാതൃകയായവര്‍ ഒരുപാടുണ്ട്. പക്ഷേ, ഭരണ രംഗത്തു മാതൃകയായവര്‍ കുടുംബരംഗത്ത് പരാജയപ്പെട്ടു. രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നവര്‍ സാമ്പത്തിക രംഗത്ത് കളങ്കം വരുത്തി. ഭൗതിക മേഖലയില്‍ നിറഞ്ഞ് നിന്നവര്‍ ആത്മീയതയില്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും മാതൃകയായ ഒരേയൊരാള്‍ മുഹമ്മദ് നബിﷺ മാത്രമാണെന്ന് ചരിത്രത്തെ മഞ്ഞക്കണ്ണടവെക്കാതെ പഠിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. അതുകൊണ്ട് തന്നെ അല്ലാഹു പറഞ്ഞു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്” (ക്വുര്‍ആന്‍ 33:21). 

ജീവിതത്തിന്റെ ഏത് മേഖലയിലും പ്രവാചകനില്‍ നമുക്ക് മാതൃകയുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കാം.

ഭര്‍ത്താവ്

ഒരു മനുഷ്യന്റെ സ്വഭാവ, പെരുമാറ്റ രീതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏറ്റവും യോഗ്യതയുള്ളത് ഭാര്യമാര്‍ക്കാണ്. പ്രവാചകന്‍ﷺയുടെ സ്വഭാവത്തെക്കുറിച്ച് ഭാര്യ ആഇശ(റ) പറഞ്ഞത് ‘അദ്ദേഹത്തിന്റെ സ്വഭാവം ക്വുര്‍ആനാണ്’ എന്നാണ്. ക്വുര്‍ആന്‍ വരച്ച് കാണിക്കുന്ന വിശ്വാസിയുടെ ജീവിതമാണ് പ്രവാചകന്‍ﷺ നയിക്കുന്നത് എന്നര്‍ഥം. നാം ജീവിതത്തിന്റെ വിവിധ മേഖലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും നമ്മള്‍ ഇടപഴകുന്നവരുടെ മുമ്പില്‍ നല്ലവരാകുമ്പോഴും നമ്മെക്കുറിച്ച് സ്വന്തം ഭാര്യമാര്‍ക്ക് ഇത് പോലെ നല്ലത് പറയാന്‍ കഴിയുമോ എന്ന് നാം ചിന്തിക്കുക. 

പിതാവ്

ദിവസങ്ങളോളം പട്ടിണികിടന്നതിനു ശേഷം കിട്ടിയ ഭക്ഷണം കഴിക്കുമ്പോള്‍ പോലും പ്രിയപ്പെട്ട മകളെ അദ്ദേഹം മറന്നില്ല. തനിക്ക് ഒരു വേലക്കാരിയെ ആവശ്യപ്പെട്ട മകളോട് അതിനെക്കാള്‍ പ്രാധ്യാന്യം ഉള്ളതും പരലോക രക്ഷക്ക് ഗുണകരമായതുമായ ചില കാര്യങ്ങള്‍(ഉറങ്ങുന്ന സമയത്ത് സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ് എന്ന് 33 തവണയും അല്ലാഹുഅക്ബര്‍ എന്ന് 34 തവണയും ചൊല്ലാന്‍) നിര്‍ദേശിക്കുകയും അതിലൂടെ തന്റെ മകളുടെ പരലോക രക്ഷയുടെ കാര്യം ഓര്‍മപ്പെടുത്തുകയും ചെയ്തു. മകള്‍ ഫാത്വിമ(റ)യോട് പിണങ്ങിയ മരുമകന്‍ അലി(റ)യുടെ അരികില്‍ ചെന്ന് പ്രവാചകന്‍ﷺ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി വീട്ടിലേക്ക് തിരിച്ചയക്കുകയും അതിലൂടെ ഒരു പിതാവിന്റെ ബാധ്യത നിര്‍വഹിക്കുകയും ചെയ്തു. ഒരു നല്ല പിതാവ് എങ്ങനെയായിരിക്കണമെന്ന് നബിﷺ വളരെ കൃത്യമായി സ്വജീവിതത്തിലൂടെ നമുക്ക് കാണിച്ച് തന്നിട്ടുണ്ട് എന്നത് നാം ഓര്‍ക്കുക. 

പിതാമഹന്‍

ഹസന്‍(റ), ഹുസൈന്‍(റ) എന്നീ പേരക്കിടാങ്ങളുടെ മതകാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്ന പിതാമഹന്‍ ആയിരുന്നു പ്രവാചകന്‍ﷺ. അവരെ സ്‌നേഹിക്കുകയും അവരോട് വാത്സല്യം കാണിക്കുകയും ചെയ്യുന്ന, മുട്ടിലിഴഞ്ഞ് അവരോടൊപ്പം കളിക്കുന്ന, മിമ്പറില്‍ നിന്ന് ഇറങ്ങിച്ചെന്ന് പോലും അവരെ ചുംബിക്കുന്ന പിതാമഹന്‍. ഒരിക്കല്‍ പേരക്കിടാങ്ങളിലൊരാള്‍ പൊതുഖജനാവില്‍ നിന്ന് ഒരു കാരക്കച്ചുള വായിലിട്ടപ്പോള്‍ വായില്‍ കയ്യിട്ട് അത് പുറത്ത് കളയുകയും അതുവഴി അവരുടെ വയറ്റില്‍ ഹറാം കലരാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു. എല്ലാവിധ ഉപദ്രവങ്ങളില്‍നിന്നും അവര്‍ക്ക് രക്ഷലഭിക്കാനായി അവരുടെ തലയില്‍ കൈവെച്ചുകൊണ്ട് നബിﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. 

നേതാവ്

ചരിത്രത്തില്‍ അനുയായികളെ ഇത്രയധികം സ്‌നേഹിച്ച മറ്റൊരു നേതാവും കടന്നുപോയിട്ടില്ല. നേതാവായി നിന്ന് കല്‍പിക്കുകയും അനുയായികളെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യുന്ന ആധുനിക നേതാക്കളെയല്ല പ്രവാചകനില്‍ നാം കാണുന്നത്. ചരിത്രപ്രസിദ്ധമായ ഖന്തക്വ് യുദ്ധത്തിനായി അനുചരന്മാര്‍ വിശപ്പും ദാഹവും സഹിച്ച്, വയറ്റില്‍ കല്ലുവെച്ച്‌കെട്ടി കിടങ്ങ് കീറുമ്പോള്‍ രണ്ട് കല്ലുകള്‍ കെട്ടിവെച്ച് പ്രവാചകന്‍ﷺ അവര്‍ക്ക് നേതൃത്വം നല്‍കി. തനിക്ക് കിട്ടുന്ന ഭക്ഷണം പോലും കൂട്ടുകാര്‍ക്ക് പങ്ക് വെച്ചിരുന്ന പ്രവാചകന്‍ﷺ അവരുടെ സന്തോഷത്തെ തന്റെ സന്തോഷമായും അവരുടെ വേദനകളെ തന്റെ വേദനകളായും കണക്കാക്കി. തന്റെ കൂട്ടുകാര്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ അവര്‍ പറയാതെ തന്നെ മനസ്സിലാക്കി കഴിയാവുന്ന സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തു. 

ഒരിക്കല്‍ ജാബിറുബ്‌നു അബ്ദില്ല(റ) പ്രവാചകന്റെ കൂടെ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ നബിﷺ അദ്ദേഹത്തോട് വിവരങ്ങള്‍ അന്വേഷിച്ചു. വീട്ടിലെ തന്റെ ബാധ്യതകളെയും പ്രയാസത്തേയും കുറിച്ച് അദ്ദേഹം നബിﷺയോട് വിവരിച്ചു. പ്രവാചകന്‍ﷺ ജാബിര്‍(റ)വിനോട് അവശനായ തന്റെ ഒട്ടകത്തെ തനിക്ക് വില്‍ക്കണോ എന്നന്വേഷിച്ചു. അദ്ദേഹം അത് നബിﷺക്ക് വില്‍പന നടത്തി. പ്രവാചകന്‍ﷺ അദ്ദേഹത്തിന് അതിന്റെ മുതല്‍ നല്‍കി തിരിച്ച് പോകുമ്പോള്‍ അദ്ദേഹം ജാബിര്‍(റ)നെ മടക്കി വിളിച്ചിട്ട് പറഞ്ഞു: ‘ഈ ഒട്ടകവും നിങ്ങള്‍ക്കുള്ളത.് ഇതിനെ കൊണ്ടുപൊയ്‌ക്കോളൂ.’ 

നീതിമാനായ വിധികര്‍ത്താവ്

തന്റെ ആളുകള്‍ എന്തു തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കുകയും മറ്റുള്ളവര്‍ ചെയ്യുന്നത് നിസ്സാരകാര്യമാണെങ്കിലും അവര്‍ക്കെതിരില്‍ വാളെടുക്കുകയും ചെയ്യുന്ന പുതിയ കാലത്തെ ‘നീതിമാന്‍’  മാരെപ്പോലെയായിരുന്നില്ല പ്രവാചകന്‍ﷺ. മറിച്ച് ശത്രുവാണെങ്കിലും മിത്രമായിരുന്നാലും സത്യവും നീതിയും ആരുടെ ഭാഗത്താണോ അവള്‍ക്ക് അനുകൂലമായി വിധി നടപ്പിലാക്കുക എന്നതായിരുന്നു നബിﷺയുടെ രീതി. ഉന്നത ഗോത്രക്കാരിയായ ഒരു പെണ്ണ് മോഷണത്തിന്റെ പേരില്‍ പിടിക്കപ്പെടുകയും പ്രവാചകന്‍ﷺ അവള്‍ക്കെതിരില്‍ വിധി നടപ്പിലാക്കുകയും ചെയ്തു. അപ്പോള്‍ ചിലര്‍ അവളുടെ ഗോത്രത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. നബിﷺ പറഞ്ഞു: ‘എന്റെ മകള്‍ ഫാത്തിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ അവളുടെ കൈ ഞാന്‍ മുറിക്കുക തന്നെ ചെയ്യും.’ ഈ നീതിബോധം ശത്രുക്കള്‍ പോലും തിരിച്ചറിഞ്ഞതാണ്. 

അതുല്യമായ വിട്ടുവീഴ്ച

ഇങ്ങോട്ട് ശത്രുത കാണിക്കുന്നവരോടും അങ്ങോട്ട് സ്‌നേഹത്തില്‍ വര്‍ത്തിക്കുക എന്നത് വിശ്വാസവും ക്ഷമാശീലവും കൊണ്ട് അനുഗൃഹീതരായവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ക്വുര്‍ആന്‍ പറയുന്നു: ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കെല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (41:34,35). ഇതിനുള്ള ഉത്തമ ഉദാഹരണമാണ് പ്രവാചകന്‍ﷺയുടെ ജീവിതം 

പല യുദ്ധങ്ങളിലും ശത്രുഭാഗത്ത് നിലകൊള്ളുകയും ബദ്ര്‍യുദ്ധത്തില്‍ ബന്ധനസ്ഥനാവുകയും ചെയ്യപ്പെട്ട വ്യക്തിയാണ് സുഹൈലുബ്‌നു അംറ്. ബന്ധിതനായ അദ്ദേഹത്തെ നോക്കിക്കൊണ്ട് ഉമര്‍(റ) പറഞ്ഞു: ”നബിയേ, സുഹൈലിനെ എനിക്ക് വിട്ട് തരൂ. അവന്റെ മുന്‍പല്ലുകള്‍ ഞാന്‍ ഊരിക്കളയട്ടെ. ഇനി ഒരിക്കലും അവന്‍ ഇസ്‌ലാമിനെതിരെ സംസാരിക്കരുത്.” നബിﷺ അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. പിന്നീട് ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തിലും പ്രവാചകന് എതിരുനിന്നത് സുഹൈലുബ്‌നു അംറ് തന്നെ! അവിടെയും പ്രവാചകന്‍ﷺ അദ്ദേഹത്തിന് വിട്ടുവീഴ്ച നല്‍കി. അക്കാരണത്താല്‍ തന്നെ പ്രമാണിയും വാഗ്മിയുമായിരുന്ന  സുഹൈലുബ്‌നു അംറ് ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി. ധാരാളം സുന്നത്ത് നമസ്‌കരിക്കുകയും ധര്‍മം ചെയ്യുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന, ഇസ്‌ലാമിന് വേണ്ടി തന്റെ സംസാര വൈഭവം ഉപയോഗിക്കുന്ന പ്രവാചകാനുചരനായി അദ്ദേഹം മാറുകയും ചെയ്തു. 

തന്നെ ശക്തമായി എതിര്‍ക്കുകയും പിറന്ന മണ്ണില്‍നിന്ന് തന്നെ പുറത്താക്കുകയും ചെയ്ത ജനതയുടെ മേല്‍ ആധിപത്യം ലഭിച്ചപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത രൂപത്തില്‍ വിട്ടുവീഴ്ചയും വിശാലമനസ്‌കതയും കാണിച്ചു ലോകത്തിന്റെ പ്രവാചകന്‍. തന്റെ പള്ളിയില്‍ കയറി മൂത്രമൊഴിച്ച ഗ്രാമീണനോട് നബിﷺ ക്ഷമിക്കുകയും അയാളെ തടയാന്‍ ചെന്നവരോട് നബിﷺ അരുതെന്ന് പറയുകയും ചെയ്തത് പ്രസിദ്ധമാണ്. ഇതെല്ലാം പ്രവാചകന്റെ വിട്ടുവീഴ്ചാമനോഭാവത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്. 

ഏറ്റവും വലിയ മനുഷ്യ സ്‌നേഹി

എല്ലാവരും സ്വര്‍ഗാവകാശികളായിത്തീരണമെന്ന ആഗ്രഹമാണ് പ്രവാചകന്‍ﷺക്ക് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ഓരോരുത്തര്‍ക്കും സത്യമതത്തിന്റെ സന്ദേശം എത്തിക്കാന്‍ അദ്ദേഹം ആവതു ശ്രമിക്കുകയും ചെയ്തു. ജൂതനായ ഒരു കുട്ടി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ പ്രവാചകന്‍ﷺ അവരുടെ വീട്ടിലെത്തി ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ അരികില്‍ നില്‍ക്കുന്ന തന്റെ പിതാവിന്റെ മുഖത്ത് നോക്കിയ കുട്ടി പിതാവിന്റെ സമ്മത പ്രകാരം ഇസ്‌ലാം സ്വീകരിച്ചു. ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പ്രവാചകﷺ പറഞ്ഞു: ”ആ കുട്ടിയെ നരകത്തില്‍ നിന്നും കാത്തുരക്ഷിച്ച അല്ലാവിന്നാകുന്നു സ്തുതികളഖിലവും.” 

പ്രവാചകന്റെ സവിശേഷതയായി ക്വുര്‍ആന്‍ പറയുന്നത് കാണുക: ”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങൡ നിന്നു തന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം’ (ക്വുര്‍ആന്‍ 9:128).

സത്യസന്ധതക്ക് ശത്രുവിന്റെ പോലും അംഗീകാരം

നബിﷺയുടെ നീതിയും സത്യസന്ധതയും ശത്രുവിന് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. ഹുദൈബിയ സന്ധി നിലനില്‍ക്കുന്ന സമയത്ത് ഒരിക്കല്‍ അബുസുഫ്‌യാനെ ഹിര്‍ഖല്‍ ചക്രവര്‍ത്തി തന്റെ ദര്‍ബാറിലേക്ക് ക്ഷണിച്ചു. സംസാരത്തിനിടയില്‍ നബിﷺയെ കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചു: ‘അദ്ദേഹം കള്ളം പറയാറുണ്ടോ?’ അബുസുഫ്‌യാന്‍ പറഞ്ഞു: ‘ഇല്ല.’ ഹിര്‍ഖല്‍ ചോദിച്ചു: ‘അദ്ദേഹം വഞ്ചന നടത്തിയിട്ടുണ്ടോ?’ അബുസുഫ്‌യാന്‍ പറഞ്ഞു: ‘ഇല്ല.’ 

ഈ സംഭവം നടക്കുമ്പോള്‍ അബൂസുഫ്‌യാന്‍(റ) ഇസ്‌ലാം സ്വീകരിച്ചിട്ടില്ല. അദ്ദേഹം ശത്രുപാളയത്തിലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് പ്രവാചകന്റെ സദ്ഗുണങ്ങള്‍ സമ്മതിക്കേണ്ടിവന്നു എന്നത് ശ്രദ്ധേയമാണ്. 

ഇതര ജീവികളോടും സ്‌നേഹം

മനുഷ്യരോട് മാത്രമല്ല ഇതര ജന്തുജാലങ്ങളോടും സ്‌നേഹവും കാരുണ്യവും കാണിക്കുകയും അതിനായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് പ്രവാചകന്‍ﷺ. അന്യായമായി ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത പ്രവാചകന്‍ﷺ പച്ചക്കര ളുള്ള എന്തിനോടും കാരുണ്യം കാണിക്കല്‍ പുണ്യമാണെന്ന് ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. ഉരുവിനെ അറുക്കുന്ന സന്ദര്‍ഭത്തില്‍ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് അറുത്ത് അതിന്റെ വേദന ലഘൂകരിക്കാന്‍ അവിടുന്ന് നിര്‍ദേശം നല്‍കിയത് ജീവികളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ നിദര്‍ശനമാണ്.

 

ശരീഫ് കാര
നേർപഥം വാരിക

വേദഗ്രന്ഥങ്ങളും വിശ്വാസിയും

വേദഗ്രന്ഥങ്ങളും വിശ്വാസിയും

ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസ കാര്യങ്ങളിലെ സുപ്രധാനമായ ഒന്നാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളെയൊക്കെയും അംഗീകരിക്കുവാനും സത്യപ്പെടുത്തുവാനും ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അവയിലേതെങ്കിലുമൊന്ന് നിഷേധിച്ചാല്‍തന്നെ എല്ലാറ്റിനെയും നിഷേധിച്ചതിന് തുല്യമാണ്.

വിശ്വാസികളോടായി അല്ലാഹു പറയുന്നത് കാണുക:”നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാക്വിനും യഅ്ക്വൂബിനും യഅ്ക്വൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വപ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി( സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു” (2:136).

മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു” (4:136)

വേദഗ്രന്ഥങ്ങള്‍ എന്ത്? എന്തിന്?

കാരുണ്യവാനായ അല്ലാഹു അവന്റെ കാരുണ്യത്തിന്റെ ഭാഗമായി സൃഷ്ടികള്‍ക്ക് മാര്‍ഗദര്‍ശനവും ഇഹപര വിജയത്തിന്റെ മാര്‍ഗരേഖകളുമായി വിവിധ വേദഗ്രന്ഥങ്ങളവതരിപ്പിച്ചുണ്ട്. മൂസാ നബി(അ)ക്ക് അവതരിച്ച തൗറാത്തും ദാവൂദ് നബി(അ)ക്ക് ലഭിച്ച സബൂറും ഈസാ(അ)ക്ക് കിട്ടിയ ഇഞ്ചീലും അവയില്‍ പെട്ടതാണ്. ഇത്തരത്തിലുള്ള ദൈവിക ഗ്രന്ഥങ്ങളുടെ അവസാനത്തെ വേദമാണ് വിശുദ്ധ ക്വുര്‍ആന്‍.

അല്ലാഹു പറയുന്നു: ”അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൗറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.  ഇതിനു മുമ്പ്; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായിട്ട് സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു” (3:3,4).

വിവിധ കാലങ്ങളിലായി വ്യത്യസ്ത ജനസമൂഹങ്ങളിലേക്ക് അവതരിച്ചവയാണെങ്കിലും അടിസ്ഥാന  കാര്യങ്ങളില്‍ പരസ്പരം യോജിക്കുന്നവയാണ് ദൈവിക ഗ്രന്ഥങ്ങളൊക്കെയും. എന്നാല്‍ വിശദമായ നിയമ നിര്‍ദേശങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും വ്യത്യാസങ്ങളുണ്ടായിരിക്കും. തികച്ചും ദൈവികമായ ഉദ്ദേശ്യലക്ഷ്യങ്ങളും യുക്തിരഹസ്യങ്ങളുമനുസരിച്ചാണ് അവയുടെ 

അവതരണവും അവയിലെ വ്യത്യാസങ്ങളും

അല്ലാഹു പറയുന്നു: ”(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു…” (5:48).

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവില്‍നിന്നുള്ള മാര്‍ഗദര്‍ശനമാകുന്ന അവന്റെ വേദനിര്‍ദേശങ്ങള്‍ ശരിയായ രൂപത്തില്‍ മനസ്സിലാക്കി പിന്‍പറ്റുക എന്നത് സര്‍വ നന്മകളിലേക്കും ശാശ്വത വിജയത്തിലേക്കും സമാധാനപൂര്‍ണമായ ജീവിതത്തിലേക്കും മനുഷ്യരാശിയെ കൈപിടിച്ചാനയിക്കുന്ന മഹത്തായ അനുഗ്രഹമാണ്. അവ ഏതെങ്കിലും മനുഷ്യമസ്തിഷ്‌കത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും സന്ദേശങ്ങളുമല്ല. അവ എത്തിച്ചുകൊടുക്കാന്‍ ഏല്‍പിക്കപ്പെട്ട പ്രവാചകന്മാര്‍ക്കുപോലും അതില്‍ കൈ കടത്തുവാനോ മാറ്റം വരുത്തുവാനോ അര്‍ഹതയില്ല. സര്‍വസ്വവും പടച്ചു പരിപാലിക്കുന്ന സര്‍വ ചരാചരങ്ങള്‍ക്കും ശരിയായ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത പടച്ചവന്റെ വാക്കുകളും ഉപദേശങ്ങളുമാണവ. അതുകൊണ്ടുതന്നെ അവ പറഞ്ഞുതരുന്ന വിശ്വാസ-ആചാര-സംസ്‌കാര-സ്വഭാവാദി സര്‍വതും സ്വീകരിച്ച് അവയ്ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. 

എന്നാല്‍ ദൈവിക ഗ്രന്ഥങ്ങളെയും ദൈവദൂതന്മാരെയും പരിഗണിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതെ നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ ചരിത്രത്തിലനവധിയുണ്ടായിട്ടുണ്ട്. അവരില്‍ പലര്‍ക്കും ഇഹലോകത്തുതന്നെ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. പാരത്രിക ജീവിതത്തില്‍ ഏതായാലും അവര്‍ക്ക് രക്ഷയോ സമാധാനമോ ഉണ്ടായിരിക്കില്ലെന്ന് സ്രഷ്ടാവ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്: 

”അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരുടെ നേര്‍ക്ക് നീ നോക്കിയില്ലേ? എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത് എന്ന്. വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതന്‍മാരെ അയച്ചത് എന്തൊരു ദൗത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചു കളഞ്ഞവരത്രെ അവര്‍. എന്നാല്‍ വഴിയെ അവര്‍ അറിഞ്ഞു കൊള്ളും. അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവര്‍ നരകാഗ്‌നിയില്‍ എരിക്കപ്പെടുകയും ചെയ്യും” (40:69–72).

വേദഗ്രന്ഥത്തിലുടെ അവതരിപ്പിക്കപ്പെടുന്ന തെളിവുകളും നിര്‍ദേശങ്ങളും അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് പാരത്രിക ജീവിതത്തില്‍ അവ എതിര്‍രേഖയായി വരുന്നതാണ്. കണ്ടില്ല, അറിഞ്ഞില്ല എന്ന് ഒഴികഴിവുകള്‍ നിരത്തി രക്ഷപ്പെടാന്‍ സാധിക്കാത്തവിധം അല്ലാഹു തെളിവുകള്‍ സ്ഥാപിക്കുകയാണ് അവയിലൂടെ.

അപ്രകാരംതന്നെ ദൈവികമായ നിര്‍ദേശങ്ങളവതരിപ്പിക്കുന്ന വേദഗ്രന്ഥങ്ങളെ പിന്‍പറ്റുന്ന ജനങ്ങള്‍ക്ക് ആ നന്മയുടെ അടിത്തറയില്‍ ഐക്യപ്പെടുവാനും ഛിദ്രകള്‍ ഇല്ലാതാക്കാനും സാധിക്കുന്നതാണ്. അല്ലാഹു പറയുന്നു: ”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പുകല്‍പിക്കുവാനായി അവരുടെകൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്‌സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു” (2:213).

നീതിനിഷ്ഠമായ വിധികളും തര്‍ക്ക പരിഹാരങ്ങളും വേദഗ്രന്ഥത്തെ അവലംബിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സാധ്യമാണ്. നന്മ-തിന്മകള്‍ എന്തെന്ന് ആധികാരികമായി പറഞ്ഞുതരാനും ന്യൂനതകളും അന്യായങ്ങളും കലരാത്ത സുവ്യക്തമായ നിയമങ്ങളും നിര്‍ദേശങ്ങളും മനുഷ്യര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ആധികാരിക രേഖയായി ദൈവിക ഗ്രന്ഥം നിലകൊള്ളുമ്പോള്‍ ആ ജനതയ്ക്കുണ്ടാകുന്ന സ്വസ്ഥതയും സമാധാനവും അനിര്‍വചനീയമായിരിക്കും. നേരെമറിച്ച് ദൈവിക ഗ്രന്ഥങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് മനുഷ്യരിലേക്ക് പ്രസ്തുത വിഷയങ്ങളും തര്‍ക്കങ്ങളും ഏല്‍പിക്കപ്പെടുമ്പോള്‍ അവരുടെ പരിഹാരങ്ങളിലും വിധി തീര്‍പുകളിലും പലതരത്തിലുള്ള മാനുഷിക ദൗര്‍ബല്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. ഭൗതിക പ്രത്യയ ശാസ്ത്രങ്ങളുടെ കുറവുകളും പരാജയങ്ങളും അവിടെയാണ് നാം കാണുന്നത്.

പ്രവാചകത്വ വാദവുമായി വരുന്ന ദൈവദൂതന്റെ സത്യതക്കുള്ള ഒരു ഉത്തമ രേഖകൂടിയാണ് വാസ്തവത്തില്‍ അദ്ദേഹത്തിന്റെ പക്കലുള്ള വേദഗ്രന്ഥം.

ക്വുര്‍ആന്‍ അന്തിമ വേദഗ്രന്ഥം

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളില്‍ അവസാനത്തേതാണ് വിശുദ്ധ ക്വുര്‍ആന്‍. ദൈവികമെന്ന് അത് സ്വയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവകാശപ്പെടുന്നു:

”തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)” (26:192-195).

”അലിഫ്-ലാം-മീം. ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല” (32:1-2).

 ”യാസീന്‍. തത്ത്വസമ്പൂര്‍ണമായ ക്വുര്‍ആന്‍ തന്നെയാണ സത്യം; നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേരായ പാതയിലാകുന്നു (നീ). പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത് (ക്വുര്‍ആന്‍)” (36:1-5). 

”ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു” (39:1). 

”ഹാ-മീം. ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു” (40:1-2). 

”ഹാമീം. പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്. വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം)” (41:1-3). 

 ”അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്” (41:42). 

 ”ഹാമീം. ഈ വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു” (45:1-2). 

46:1-2, 56:80, 69:43 തുടങ്ങിയ വചനങ്ങള്‍ കാണുക.

ദൈവികതയില്‍ സംശയിക്കുന്നവരോടായി ക്വുര്‍ആന്‍ നടത്തിയ ശക്തമായ വെല്ലുവിളി നൂറ്റാണ്ടുകളായി എതിരാളികളുടെ കര്‍ണപുടങ്ങളില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നോളം ആ വെല്ലുവിളി ധൈര്യസമേതം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല.

അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും” (17:88).

ക്വുര്‍ആനിനെ പോലൊരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധ്യമല്ലെങ്കില്‍, വേണ്ട അതിലുള്ള 114 അധ്യായങ്ങളില്‍ 10 എണ്ണത്തിന് സമാനമായിട്ടെങ്കിലും കൊണ്ടിവരൂ എന്ന് ക്വുര്‍ആന്‍ വെല്ലുവിളിക്കുന്നു:

 ”അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍” (11:13).

നിരക്ഷരനായ മുഹമ്മദ് നബിﷺയുടെ നാവിലൂടെ ലോകം ശ്രവിച്ച ഈ വചനങ്ങള്‍ക്ക് തുല്യമായി തുഛമായ വചനങ്ങളെങ്കിലും കൊണ്ടുവരാന്‍ അഗ്രഗണ്യരായ സാഹിത്യകാരന്മാരെ ക്വുര്‍ആന്‍ വെല്ലുവിളിച്ചു. എന്നിട്ടും അവര്‍ക്കത് നേരിടാന്‍ സാധിച്ചില്ല.

വീണ്ടും ഒരുപടികൂടി ഇറങ്ങിച്ചെന്നുകൊണ്ട് ക്വുര്‍ആന്‍ അതിന്റെ വെല്ലുവിളി ഒന്നുകൂടി ശക്തമായി ആവര്‍ത്തിക്കുന്നു:

 ”നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റെത്‌പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്)” (2:23).

”അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍” (10:38).

അതിന് സാധ്യമല്ലെന്ന് തറപ്പിച്ച് പറഞ്ഞ ക്വുര്‍ആന്‍ ശക്തമായ ഓരോ താക്കീതും എതിരാളികള്‍ക്ക് നല്‍കുന്നുണ്ട്:

 ”നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്” (2:24).

സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിന്റെ അന്തിമവേദമായ വിശുദ്ധ ക്വുര്‍ആന്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനോ ദേശക്കാര്‍ക്കോ മാത്രമായുള്ളതല്ല. പ്രത്യുത സര്‍വരിലേക്കുമായുള്ള സര്‍വലോക രക്ഷിതാവിന്റെ സന്ദേശമത്രെ അത്.

”ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍…” (2:185).

(3:138), (14:52), (17:89), (18:54), (30:58) മുതലായ സൂക്തങ്ങള്‍ കാണുക. ക്വുര്‍ആന്‍ ആഴത്തില്‍ പഠിക്കുവാനും ഉറ്റാലോചിക്കുവാനും ആഹ്വാനം ചെയ്യുന്ന ക്വുര്‍ആന്‍ അതിന്റെ വചനങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയും ആശയപൊരുത്തവും അതിന്റെ ദൈവികതക്കുള്ള മറ്റൊരു ദൃഷ്ടാന്തമായി എടുത്തുകാട്ടുന്നു:

  ”അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു” (4:82).

പില്‍ക്കാലത്ത് കൈകടത്തലും മാറ്റത്തിരുത്തലുകളും സംഭവിച്ച മുന്‍വേദങ്ങളുടെ അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കുന്നതും സന്മാര്‍ഗ ദര്‍ശനവും ദൈവികാനുഗ്രഹവുമാണ് വിശുദ്ധ ക്വുര്‍ആന്‍. കിടയറ്റ ധാര്‍മികതയും സദാചാരവുമാണ് ക്വുര്‍ആന്‍ മാനവരാശിക്കുമുമ്പില്‍ സമര്‍പ്പിക്കുന്നത്. ക്വുര്‍ആന്‍ നിഷിദ്ധമാക്കിയ വല്ലതും മനുഷ്യ സമൂഹത്തിന് നന്മയും ഉത്തമവുമാണ് എന്നോ ക്വുര്‍ആന്‍ അനുവദിച്ച വല്ലതും ദോഷകരമായതിനാല്‍ വിലക്കേണ്ടതായിരുന്നുവെന്നോ വസ്തുനിഷ്ഠമായി വിമര്‍ശിക്കാന്‍ ഇന്നോളം ആര്‍ക്കും സാധിച്ചിട്ടില്ല.

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17:9).

 ”അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു” (5:16).

മുന്‍വേദങ്ങള്‍ക്ക് സംഭവിച്ചതുപോലെയുള്ള കൈകടത്തലുകളില്‍നിന്ന് സംരക്ഷിച്ച് അന്ത്യനാള്‍ വരെയുള്ള സര്‍വ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശക ഗ്രന്ഥമായി ക്വുര്‍ആനിനെ നിലനിര്‍ത്തുമെന്നും അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്:

 ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (15:9).

മുന്‍ വേദങ്ങള്‍ക്ക് എന്ത് സംഭവിച്ചു?

ഓരോ പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രമായിട്ടായിരുന്നു മുന്‍ വേദഗ്രന്ഥങ്ങളവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ ലോകാവസാനം വരെയുള്ള സര്‍വ ജനങ്ങളിലേക്കുമായി അവതരിപ്പിക്കപ്പെട്ട അന്തിമ വേദഗ്രന്ഥമാണ്.

ക്വുര്‍ആനിന്റെ അവതരണത്തോടെ പരിമിതകാലത്തേക്ക് അവതരിക്കപ്പെട്ട മുന്‍വേദഗ്രന്ഥങ്ങളുടെ കാലപരിധിയും ദൗത്യവും അവസാനിച്ചു.

അല്ലാഹു പറയുന്നു:”’ഇതിനു മുമ്പ്; മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായിട്ട് സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു. ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച” (3:4,5).

മുന്‍ വേദഗ്രന്ഥങ്ങളെ ഏല്‍പിക്കപ്പെട്ട സമൂഹങ്ങള്‍ അവയോട് വേണ്ടപോലെ നീതി പുലര്‍ത്തിയില്ലായെന്ന് മാത്രമല്ല, അവയില്‍ കൈകടത്തലുകള്‍ നടത്തുകയും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു: ”എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം” (2:79).

”നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട്തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം” (63:5).

ക്വുര്‍ആന്‍ പറഞ്ഞ ഈ വസ്തുതകള്‍ നൂറുശതമാനവും ശരിവെക്കുന്നതാണ് ഇന്ന് നിലവിലുള്ള മുന്‍ വേദഗ്രന്ഥങ്ങളുടേതായി പറയപ്പെടുന്ന ഗ്രന്ഥങ്ങളുടെ അവസ്ഥ. നിഷ്പക്ഷവും വസ്തുനിഷ്ഠവുമായി അവ പഠനവിധേയമാകുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടുന്നതാണ്. പരസ്പര വിരുദ്ധമായ വചനങ്ങളും ആശയപ്പൊരുത്തമില്ലാത്ത വിവരണങ്ങളും അവയില്‍ കാണാം. മനുഷ്യര്‍ക്ക് മാതൃകയും സന്മാര്‍ഗദര്‍ശികളുമായി ദൈവത്താല്‍ നിയോഗിതരായ പ്രവാചകന്മാരെ പോലും ദുര്‍മാര്‍ഗികളും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കുന്ന വചനങ്ങള്‍ അവയില്‍ കാണുന്നു എന്നത് എന്തുമാത്രം വിരോധാഭാസമല്ല!

അതിനാല്‍, കൈകടത്തലുകളില്‍നിന്നും സുരക്ഷിതവും നൂറുശതമാനവും ദൈവികമെന്ന് ഉറപ്പുള്ളതുമായ അന്തിമ വേദഗ്രന്ഥം വിശുദ്ധ ക്വുര്‍ആന്‍ മാത്രമാണ്. അതനുസരിച്ച് ജീവിക്കുകയാണ് വിജയത്തിന്റെ മാര്‍ഗം. ദൈവികമായ മാര്‍ഗനിര്‍ദേശങ്ങള്‍ പഠിച്ചറിഞ്ഞ് പിന്‍പറ്റുവാനും അതുവഴി ശാശ്വതമായ സമാധാനവും വിജയവും കരസ്ഥമാക്കുവാനും സര്‍വശക്തന്‍ തുണക്കട്ടെ! ആമീന്‍

”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെത്തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു” (20:124-126).

 

ശമീര്‍ മദീനി
നേർപഥം വാരിക

ക്വുര്‍ആനും പൂര്‍വവേദങ്ങളും മൂല്യങ്ങളുടെ നൈരന്തര്യവും

ക്വുര്‍ആനും പൂര്‍വവേദങ്ങളും മൂല്യങ്ങളുടെ നൈരന്തര്യവും

ഇസ്‌ലാമിക മൂല്യസംഹിതകള്‍ സമ്പൂര്‍ണമായും ദൈവികമാണ്. മുന്‍സമൂഹങ്ങളില്‍ സന്മാര്‍ഗത്തിന്റെയും ധാര്‍മികതയുടെയും അടിത്തറയായി വര്‍ത്തിച്ച മൂല്യങ്ങളെയെല്ലാം ഇസ്‌ലാം അതിന്റെ ആന്തരഘടനയില്‍ ഉള്‍ക്കാള്ളുന്നുണ്ട്. മുഹമ്മദ്   നബിﷺയുടെ ആഗമനത്തിനു മുമ്പ് വിവിധ ജനസമൂഹങ്ങളെ  അല്ലാഹു പഠിപ്പിച്ച  മൂല്യങ്ങളില്‍ നിന്ന് സാര്‍വകാലികമായവയെ വിശുദ്ധ ക്വുര്‍ആനിലൂടെയും അല്ലാഹു പഠിപ്പിക്കുന്നുണ്ട് എന്നര്‍ഥം.

ഇസ്‌ലാമിന്റെ മൂല്യസംഹിതകള്‍ പൂര്‍ണമായും ദൈവികമാണ് എന്നതോടൊപ്പം തന്നെ അവയ്ക്ക് ചരിത്രപരമായ നൈരന്തര്യത്തിന്റെ മേന്‍മ കൂടിയുണ്ട്. പൂര്‍വകാലസമൂഹങ്ങളില്‍ നന്മയുടെയും സന്മാര്‍ഗത്തിന്റെയും ധാര്‍മികതയുടെയും അടിത്തറയായി വര്‍ത്തിച്ച മൂല്യങ്ങളെയെല്ലാം ഇസ്‌ലാം അതിന്റെ ആന്തരഘടനയില്‍ ഉള്‍ക്കാള്ളുന്നുണ്ട്. ഒരേയൊരു സ്രഷ്ടാവില്‍ നിന്ന് വിവിധ കാലഘട്ടങ്ങളിലായി അവതരിച്ച ദൈവിക മൂല്യങ്ങള്‍ എന്ന നിലയില്‍ സാമ്യതകള്‍ നിലനില്‍ക്കുക സ്വാഭാവികമാണ്. മുഹമ്മദ്‌നബിﷺയുടെ ആഗമനത്തിനു മുമ്പ് വിവിധ ജനസമൂഹങ്ങളിലേക്ക് അവതീര്‍ണമായ മൂല്യങ്ങളില്‍ നിന്നും സാര്‍വകാലികവും ആവശ്യകതയുള്ളതുമായവ വിശുദ്ധ ക്വുര്‍ആനിലൂടെ പുനരവതീര്‍ണമായിട്ടുണ്ട് എന്നതിന് ക്വുര്‍ആന്‍ വചനങ്ങള്‍ തന്നെ സാക്ഷ്യങ്ങളാണ്.

”തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്. അതായത് ഇബ്‌റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍” (ക്വുര്‍ആന്‍ 87:18-19). 

അക്ഷരാര്‍ഥത്തിലുള്ള തുടര്‍ച്ചയല്ല; മൂല്യങ്ങളിലും ആശയങ്ങളിലുമുള്ള തുടര്‍ച്ചയാണിത് സൂചിപ്പിക്കുന്നത്. ദൈവികമാര്‍ഗ ദര്‍ശനത്തിന്റെ രേഖകള്‍ എന്ന നിലയില്‍ പൂര്‍വ വേദങ്ങള്‍ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകളും ആശയങ്ങളും ക്വുര്‍ആനില്‍ കാലാനുസൃതവും അന്തിമദൂതന്റെ ദൗത്യനിര്‍വഹണത്തിന് അനുരൂപമായും ആവര്‍ത്തിച്ചിരിക്കുന്നു എന്ന് വ്യക്തം.

പൊതുമൂല്യങ്ങള്‍

എല്ലാകാലങ്ങളിലും മനുഷ്യരാശിയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള മൂല്യങ്ങള്‍ അവയുടെ പൊതുഘടനയില്‍ സമാനതയുള്ളവയായിരുന്നു. അതോടൊപ്പം തന്നെ അവയില്‍ കാലാനുസൃതമായ മാറ്റങ്ങളും വ്യതിയാനങ്ങളും വരുത്തുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എക്കാലത്തും മാനവരാശിയെ ബാധിക്കുന്ന അടിസ്ഥാനപരമായ തത്ത്വങ്ങള്‍ ക്വുര്‍ആന്‍ അങ്ങനെത്തന്നെ പ്രഖ്യാപിക്കുന്നുണ്ട്. ഏകദൈവാദര്‍ശം, അന്ത്യനാള്‍, സ്വര്‍ഗം, നരകം തുടങ്ങിയവയെല്ലാം എല്ലാ വേദഗ്രന്ഥത്തിന്റെയും പ്രതിപാദ്യങ്ങളായിരുന്നു എന്നത് വ്യക്തമാണ്. സാര്‍വലൗകികവും സാര്‍വകാലികവുമായ മൂല്യങ്ങള്‍ എന്ന പരിഗണന അര്‍ഹിക്കുന്നവയാണ് ഇവയെല്ലാം.

അല്ലാഹുവിലുള്ള വിശ്വാസം

അല്ലാഹു പറയുന്നു: ”അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുളളത്? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരവധിവരെ നിങ്ങള്‍ക്കു സമയം നീട്ടിത്തരുവാനുമായി അവന്‍ നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നിരുന്നതില്‍നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്കു കൊണ്ടുവന്നുതരൂ”(ക്വുര്‍ആന്‍: 14:10).

”അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ടുവന്നു തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള്‍ ഭാരമേല്‍പിക്കുന്നത്”(ക്വുര്‍ആന്‍:14:11).

”അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്തുതന്നിരിക്കേ അവന്റെമേല്‍ ഭരമേല്‍പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്തു ന്യായമാണുള്ളത്. നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യാം. അല്ലാഹുവിന്റെ മേലാണ് ഭാരമേല്‍പിക്കുന്നവരെല്ലാം ഭാരമേല്‍പിക്കേണ്ടത്.” (ക്വുര്‍ആന്‍:14:12)

എല്ലാ പ്രവാചകന്മാരും ദൈവാസ്തിക്യത്തെ ഓര്‍മിപ്പിക്കുകയും സ്രഷ്ടാവിന്റെ സവിശേഷതകള്‍ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ഉദ്‌ബോധനങ്ങളെ നിഷേധിക്കുകയും അവഗണിക്കുകയും ചെയ്യുന്നവരായിരുന്നു മിക്ക സമൂഹങ്ങളും. ദൂതന്‍മാരുടെ അധ്യാപനങ്ങള്‍ സ്വീകരിച്ചവര്‍ അവരില്‍നിന്ന് എണ്ണപ്പെട്ട ചിലര്‍ മാത്രമായിരുന്നുവെന്ന് വിശുദ്ധ ക്വുര്‍ആന്‍ നല്‍കുന്ന വിവരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. 

കര്‍മഫലം, അന്ത്യദിനം

മനുഷ്യനും അവന്റെ കര്‍മങ്ങളും തമ്മിലുള്ള ബന്ധം ക്വുര്‍ആന്‍ ഊന്നിപ്പറയുന്നു. ഒരു വ്യക്തി ചെയ്യുന്ന ചെറുതും വലുതമായ കര്‍മങ്ങള്‍ ആ വ്യക്തിക്കു ശിക്ഷ-രക്ഷകളുടെ രൂപത്തില്‍ അനുഭവിക്കാന്‍ കഴിയുമെന്ന കാര്യം വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

”ആസന്നമായ ഒരു ശിക്ഷയെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നോക്കിക്കാണുകയും അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം” (78:40).

”എന്നാല്‍ അവര്‍ അറിയുന്നില്ലേ? ക്വബ്‌റുകളിലുള്ളത് ഇളക്കിമറിച്ചു പുറത്തുകൊണ്ടുവരപ്പെടുകയും ഹൃദയങ്ങലുള്ളതു വെളിക്കു കൊണ്ടുവരപ്പെടുകയും ചെയ്താല്‍. തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു” (100:9-11).

”സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്”(73:20).

ലോകത്ത് മനുഷ്യന്‍ ചെയ്യുന്ന ചെറുതും വലുതുമായ നന്മ-തിന്മകള്‍ക്ക് അനുസൃതമായ പ്രതിഫലം അന്ത്യദിനത്തില്‍ നല്‍കപ്പെടുമെന്ന യാഥാര്‍ഥ്യം പൂര്‍വവേദങ്ങളുടെയും അധ്യാപനമാണ്. 

ചെറുതും വലുതമായ നന്മകള്‍

മനുഷ്യജീവിതത്തിന്റെ അവസ്ഥകളും സ്ഥിതിവിശേഷങ്ങളും ഭിന്നമാകയാല്‍ വിവിധ കാലങ്ങളിലും സാഹചര്യങ്ങളിലുമായി വിവിധ തരത്തിലുള്ള നന്മകള്‍ക്ക് മനുഷ്യന് അവസരവും സന്ദര്‍ഭവും ലഭിക്കുന്നു. നന്മകള്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ യഥോചിതം ഉപയോഗിക്കുവാനുള്ള നിര്‍ദേശം എല്ലാ കാലത്തും മാനവരാശിക്ക് ലഭിച്ചിട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലെ അതിപ്രധാനമായ ഒരു ഘടകമാണ്. മനുഷ്യജീവിതത്തെ അതിന്റെ വിവിധ തലങ്ങളുമായും ഘടകങ്ങളുമായും സംലയിപ്പിച്ചു നിര്‍ത്തുകയും ദൈവികമാര്‍ഗദര്‍ശത്തിന്റെ ചട്ടക്കൂടില്‍ ജീവിതത്തെ ക്രമീകരിക്കുകയും ചെയ്യുന്നതില്‍ ചെറുതും വലുതമായ നന്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ നന്മയില്‍ അധിഷ്ഠിതമായ കര്‍മങ്ങളുടെ തിരഞ്ഞെടുപ്പില്‍ എല്ലാ കാലത്തും മനുഷ്യന് സ്രഷ്ടാവ് നല്‍കുന്ന മാര്‍ഗദര്‍ശനം മൗലികമായി ഒന്നുതന്നെയാണ്. 

”ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതും പിന്നോട്ടു മാറ്റി വെച്ചതും എന്താണെന്ന് അറിയുന്നതാണ്” (ക്വുര്‍ആന്‍ 82:5). 

സഹജീവി സ്‌നേഹം

കര്‍മങ്ങളുടെ സൂക്ഷ്മവും കൃത്യവുമായ വിചാരണയെപ്പറ്റിയും വിലയിരുത്തലിനെപ്പറ്റിയും പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ നന്മയുടെ വിവിധ വശങ്ങളെ മനുഷ്യനിലനില്‍പിനുള്ള ഉദാത്തമായ മൂല്യങ്ങളായി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ദരിദ്രരെ സഹായിക്കല്‍, സഹായം ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യല്‍, ബലഹീനരെയും നിരാലംബരെയും സംരക്ഷിക്കല്‍, അനാഥ സംരക്ഷണം എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഉല്‍കൃഷ്ട സല്‍കര്‍മങ്ങളായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നതില്‍നിന്ന് ഇവയെല്ലാം പൂര്‍വവേദങ്ങളിലും പരാമര്‍ശിതങ്ങളായ മൂല്യങ്ങള്‍ തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം. സാധുക്കളോടും ദുര്‍ബലരോടുമുള്ള പെരുമാറ്റത്തില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടം പ്രകടിപ്പിക്കുന്നത് ക്വുര്‍ആന്‍ കടുത്തഭാഷയില്‍ എതിര്‍ക്കുന്നുണ്ട്. എല്ലാ ദൂതന്‍മാരും പിന്തുടര്‍ന്നു വന്നിരുന്ന മാനുഷിക മൂല്യങ്ങളുടെ ശ്രേണിയില്‍ വരുന്ന കാര്യമാണ് അബലരെയും അശക്തതരെയും അവരര്‍ഹിക്കുംവിധം പരിഗണിക്കുക എന്നത്. ചില ക്വുര്‍ആന്‍ വചനങ്ങള്‍ കാണുക:

”എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും: എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്. അല്ല! പക്ഷേ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല. അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു” (89:16-20).

”എന്നിട്ട് ആ മലമ്പാതയില്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ പട്ടിണിയുള്ള നാൡ കുടുംബ ബന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്” (90:11-16).

”മതത്തെ വ്യാജമാക്കുന്നവനാരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളികളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്” (107:1-3).

സാര്‍വലൗകികങ്ങളും സാര്‍വകാലികങ്ങളുമായ ഒട്ടനവധി മൂല്യങ്ങളിലേക്ക് ക്വുര്‍ആന്‍ വെളിച്ചം വീശുന്നതിന്റെ തെളിവുകളാണ് മുകളില്‍ ഉദ്ധരിച്ച വചനങ്ങള്‍. 

മനുഷ്യനും അഹന്തയും

മനുഷ്യരില്‍ എക്കാലത്തും ഏറിയും കുറഞ്ഞും നിലനില്‍ക്കുന്ന ഒന്നാണ് അഹന്ത. സ്വന്തം ശേഷിയുടെ ഭാഗമെന്ന് കാണുന്ന ഏതിന്റെ പേരിലും അഹങ്കരിക്കുവാനുള്ള ത്വര മനുഷ്യരിലുണ്ട്. മനുഷ്യനില്‍ ആത്മീയ വളര്‍ച്ചക്ക് തടസ്സമായി നില്‍ക്കുന്ന സ്വഭാവപരമായ മാലിന്യങ്ങളെ വിപാടനം ചെയ്യുന്നതിന് ആവശ്യമായ മാര്‍ഗദര്‍ശനം നല്‍കുന്ന ക്വുര്‍ആന്‍ ഇത്തരം തിന്മകളുടെ ദോഷവശങ്ങള്‍ എടുത്തുകാട്ടി വിമര്‍ശിക്കുകയും അത്തരം വിമര്‍ശനങ്ങളിലൂടെ മനുഷ്യരില്‍ പരിവര്‍ത്തനമുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു. അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ? അവന്‍ പറയുന്നു-ഞാന്‍ മേല്‍ക്കുമേല്‍ ധനം തുലച്ചിരിക്കുന്നു എന്ന്. അവന്‍ വിചാരിക്കുന്നുണ്ടോ അവനെ ആരും കണ്ടിട്ടില്ലെന്ന്? അവന് നാം രണ്ടു കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തിട്ടില്ലല്ലേ?” (90:4-9).

”നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിസ്സംശയം നിങ്ങള്‍, വഴിയെ അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും…” (102:1-4).

കടുത്ത ശിക്ഷക്ക് വിധേയരായ നൂഹ് നബി(അ)യുടെ ജനതയുടെ അഹന്തയെത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നു: ”(നൂഹ്(അ) പറഞ്ഞു) തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്”(71:7).

അഹന്തയുടെ കൊടുമുടിയില്‍ വിരാജിച്ച ഫിര്‍ഔനിന്റെയും പരിവാരങ്ങളുടെയും കഥ വിശുദ്ധ ക്വുര്‍ആന്‍ സവിസ്തരം പറയുന്നുണ്ട്. അവരുടെ നാശത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും ക്വുര്‍ആന്‍ ആവശ്യപ്പെടുന്നു.

ഭൗതികപ്രമത്തത

ഇഹലോകത്തിന്റെയും പരലോകത്തിന്റെയും കാര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിവു കല്‍പിച്ചുകൊണ്ടുള്ളതാണ് എക്കാലത്തും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പൊതുഘടന. പരലോക വിജയത്തിനായുള്ള കര്‍മ മേഖലാണ് ഇഹലോകം. അതിനാല്‍ പരലോകത്തിന്റെ കാര്യത്തിനാണ് പ്രാമുഖ്യം നല്‍േകണ്ടത്. ഇത് മുന്‍ വേദങ്ങളുടെയും അധ്യാപനമാണ്. എന്നാല്‍ മനുഷ്യന്‍ പൊതുവെ ഇതിനു വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്: 

”പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും” (ക്വുര്‍ആന്‍ 87:16-17).

”തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹിക ജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു” (78:27).

കര്‍മങ്ങളിലെ ആയാസവും ആയാസരാഹിത്യവും

”എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും” (ക്വുര്‍ആന്‍ 94:5-6).

ദൈവിക മാര്‍ഗദര്‍ശനാനുസൃതമായ ജീവിതം അതിന്റെ പ്രത്യക്ഷ ഘടനയില്‍ ഞെരുക്കമുള്ളതായി അനുഭവപ്പെടുകയും എന്നാല്‍ ആത്യന്തികമായി അത് ആയാസരഹിതമായിരിക്കുകയും ചെയ്യുമെന്ന സത്യം എക്കാലത്തും പ്രവാചകന്മാരുടെ പ്രബോധനത്തില്‍ പെട്ടതാണ്. മനുഷ്യന്‍ അവന്റെ ഇഛയുടെ നിയന്ത്രണമേറ്റെടുക്കാതെ, ഇഛ അവന്റെ നിയന്ത്രണമേറ്റെടുത്തുകൊണ്ടു ജീവിക്കുന്ന ജീവിത ക്രമത്തിനിടയില്‍ ദൈവികമാര്‍ഗദര്‍ശനങ്ങളെ കുറിച്ചു ചിന്തിക്കുക എന്നതുതന്നെ ഭാരമായി അനുഭവപ്പെടുക സ്വാഭാവികമാണ്. ഈ മാനസികാവസ്ഥയെ മറികടക്കുവാന്‍ ദൈവികനിര്‍ദേശങ്ങള്‍ അനുസരിച്ചു ജീവിക്കുന്നതിലൂടെ കരഗതമാകുന്ന ഹൃദയവിശാലതയിലൂടെ സാധിക്കുന്നു എന്നാണ് വിശുദ്ധ ക്വു ര്‍ആന്‍ പഠിപ്പിക്കുന്നത്. ദൈവികമാര്‍ഗദര്‍ശനത്തെ അകന്നുനിന്ന് വീക്ഷിക്കുമ്പോള്‍ അതില്‍ പ്രയാസവും ഏറെയുള്ളതായി അനുഭവപ്പെടുകയാണു ചെയ്യുക. 

ദൈവനിന്ദക്കെതിരില്‍ മുന്നറിയിപ്പ്

”തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 100:11).

സ്രഷ്ടാവിനെ യഥാവിധി മനസ്സിലാക്കാതിരിക്കുകയും ഉള്‍ക്കൊള്ളാതിരിക്കുകയും ചെയ്യുമ്പോഴാണ്  മനുഷ്യന്‍ അശ്രദ്ധനും അജ്ഞനും അലസനും തിന്മകള്‍ ചെയ്യുന്നവനുമായി മാറുന്നത്.  അതിനാല്‍ സ്രഷ്ടാവിന്റെ അറിവിന്റെയും നിരീക്ഷണത്തിന്റെയും മുന്നില്‍ മനുഷ്യകര്‍മങ്ങളില്‍ ഒന്നിനുപോലും ഒഴിവുകഴിവു നല്‍കപ്പെടുകയില്ല എന്ന അടിസ്ഥാനപരമായ ആദര്‍ശം എക്കാലത്തും ദൂതന്‍മാര്‍ സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. സ്രഷ്ടാവിനെയും അവന്റെ മഹത്ത്വത്തെയും കഴിവുകളെയും പറ്റി ഓര്‍മിപ്പിച്ചുകൊണ്ട് മനുഷ്യരാശിയെ സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളിലേക്ക് ക്ഷണിക്കുക എന്ന സമീപനരീതി എക്കാലത്തെയും ദൂതന്‍മാര്‍ അവലംബിച്ചു വന്നിട്ടുള്ളതാണ്. ഈ സമീപനം വിശുദ്ധ ക്വുര്‍ആനില്‍ പല രീതിയില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ദൈവിക മാര്‍ഗദര്‍ശനത്തിന്റെയും മൂല്യങ്ങളുടെയും കാര്യത്തില്‍ വിശുദ്ധ ക്വുര്‍ആന്‍ പൂര്‍വ വേദങ്ങളുടെ തുടര്‍ച്ച തന്നെയാണ് എന്ന് ക്വുര്‍ആനും പ്രവാചകവചനങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നു എന്ന് സാരം.  

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

നബിദിനാഘോഷം പ്രവാചകസ്‌നേഹമോ?

നബിദിനാഘോഷം പ്രവാചകസ്‌നേഹമോ?

സ്വന്തത്തെക്കാള്‍ ഏറെ സത്യവിശ്വാസികള്‍ സ്‌നേഹിക്കേണ്ടതും ഇഷ്ടപ്പെടേണ്ടതുമായ വ്യക്തിത്വമാണ് മുഹമ്മദ് നബിﷺ. എങ്ങനെയാണ് അദ്ദേഹത്തെ സ്‌നേഹിക്കേണ്ടത്? പ്രവാചക സ്‌നേഹത്തിന്റെ അടിസ്ഥാനം ആദരവും ബഹുമാനവും പിന്‍പറ്റലുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. 

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്.”(8:20) 

അബൂഹുറയ്‌റ(റ)വില്‍ നിന്ന്. നബിﷺ പറഞ്ഞു: ”എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവരൊഴികെ.” അപ്പോള്‍ അവര്‍ (സ്വഹാബികള്‍)ചോദിച്ചു: ”ആരാണ് വിസമ്മതിച്ചവര്‍?” നബിﷺപറഞ്ഞു: ”ആര്‍ എന്നെ അനുസരിച്ചുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ വിസമ്മതിച്ചു” (ബുഖാരി).

മതം പഠിപ്പിക്കുന്ന കാര്യങ്ങളെ എങ്ങനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാമെന്നതിന്റെ തെളിഞ്ഞ മാതൃകയാണ് നബിﷺയുടെ ജീവിതം. ആ ജീവിതചര്യ പിന്‍പറ്റുക എന്നതാണ് വിശ്വാസികളുടെ ബാധ്യത. നമുക്ക് അല്ലാഹുവിന്റെ ഇഷ്ടം കിട്ടാനുള്ള മാര്‍ഗവും അത് തന്നെ. 

അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.”(3:31)

ഭൗതികതയുടെ ചതിയിലകപ്പെട്ട് പ്രവാചക ജീവിതത്തെ പാടെ ഒഴിവാക്കിയവരും ക്വുര്‍ആന്‍ മാത്രം മതി എന്നു പറഞ്ഞ് പ്രവാചകാധ്യാപനങ്ങളെ പരിഹസിക്കുന്നവരും പ്രവാചക സ്‌നേഹമെന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കലാണെന്നു ധരിച്ചവരും സമൂഹത്തിലുണ്ട്. 

പ്രവാചക സ്‌നേഹത്തിന്റെ മൊത്തക്കുത്തക അവകാശപ്പെട്ടുകൊണ്ടാണ് മീലാദുന്നബി ആഘോഷക്കാര്‍ റബീഉല്‍ അവ്വല്‍ മാസമായാല്‍ നിരത്തിലിറങ്ങാറുള്ളത്. മതത്തിന് നിരക്കാത്ത ഒട്ടേറെ പേക്കൂത്തുകളാണ് ഇവര്‍ പ്രവാചക സ്‌നേഹത്തിന്റെ മറവില്‍ കാണിക്കാറുള്ളത്. 

ലോകര്‍ക്ക് കാരുണ്യമായും അന്തിമദൂതനായും മുഹമ്മദ് നബിﷺയെ നിയോഗിച്ച അല്ലാഹുവിന് തന്നെയാണ് അവിടുത്തെ ജനനനാളിനെ ആഘോഷമാക്കി മാറ്റേണ്ടതുണ്ടെങ്കില്‍ അതിനുള്ള അവകാശവും. അങ്ങനെ ഒരു കല്‍പനയോ നിര്‍ദേശമോ കാണാനുമില്ല! പ്രവാചകത്വം ലഭിച്ചതു മുതല്‍ ഇരുപത്തിമൂന്ന് വര്‍ഷകാലം ജീവിച്ച നബിﷺ സ്വയം തന്നെയും അതിന് മാതൃകയായിട്ടില്ല. മഹാന്മാരായ നാലു ഖലീഫമാരോ അനേകം സ്വഹാബിമാരില്‍ ആരെങ്കിലുമോ ഇതിന് വഴികാട്ടിയിട്ടില്ല. താബിഉകളോ അഹ് ലുസ്സുന്നയുടെ പണ്ഡിതരോ ഇതിലേക്ക് വെളിച്ചംവീശിയിട്ടില്ല. അല്ലാഹു തൃപ്തിപ്പെട്ട് പൂര്‍ത്തിയാക്കിത്തന്ന മതത്തില്‍ ഈ ആഘോഷത്തിന് യാതൊരു തെളിവും കണ്ടെത്താന്‍ കഴിയില്ല എന്ന് വ്യക്തം. 

മതത്തിന്റെ പേരില്‍ പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളോട് ഇസ്‌ലാമിന് നിലപാട് ഒന്നേയുള്ളൂ. ആഇശ(റ)യില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്” (മുസ്‌ലിം).

എന്നാല്‍, ഇത് നല്ല കാര്യമല്ലേ എന്ന ചോദ്യത്തില്‍ കടിച്ചുതൂങ്ങുന്നവരെ കാണാം. അവര്‍ക്കും ഇസ്‌ലാം ഉത്തരം നല്‍കിയിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”എല്ലാ അനാചാരങ്ങളും വഴികേടാണ്; ജനങ്ങള്‍ അതെത്ര നല്ലതായി കണ്ടാലും ശരി” (ബൈഹക്വി).

നബിദിനാഘോഷമെന്ന പുത്തനാചാരം ആദ്യമായി ഉണ്ടാക്കിയത് പുത്തന്‍വാദികളും സ്വൂഫികളുമായ ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍മുല്ലയാണ്. അദ്ദേഹത്തെ പിന്‍പറ്റിയാണ് മുളഫ്ഫര്‍ രാജാവ് അടക്കമുള്ള ശേഷക്കാര്‍ ഇത് ചെയ്ത് പോന്നത്. ഈ രാജാവിന്റെ കാലം മുതലാണ് ഈ ആഘോഷത്തിന് പൊലിമകള്‍ കൂട്ടിയത്. മൗലിദ് കഴിച്ചിരുന്ന തഴവ തന്നെ എഴുതിയത് കാണുക:

”മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ

അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ

എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ

അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ.(അല്‍മവാഹിബുല്‍ ജലിയ്യ, പേജ്:245).

സുന്നിവോയ്‌സില്‍ പറയുന്നു: ”ഒരാള്‍ മൗലിദാഘോഷത്തെപ്പറ്റി ഇബ്‌നുഹജര്‍ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്‌നു ഹജര്‍ മറുപടി പറഞ്ഞു: അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്‌ലിംകളില്‍ നിന്ന് കൈമാറിവന്ന ആരാചരമല്ല അത്” (സുന്നിവോയ്‌സ്, 2000 ജൂലൈ).

ഉത്തമ തലമുറക്കാര്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് ആഘോഷക്കാര്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. വിഷയ സൂചനയില്ലാത്ത ക്വുര്‍ആന്‍ സൂക്തങ്ങളും ഹദീഥുകളും വളച്ചൊടിച്ച് ബാലിശവും നിര്‍മിതവുമായ തെളിവുകള്‍ തട്ടിക്കൂട്ടിയാണ് ഇതിനിവര്‍ ന്യായീകരണം കണ്ടെത്തുന്നത്. ഇമാം സുയൂത്വിയുടെ അല്‍ഹാവി ലില്‍ ഫതാവയും ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ പേരില്‍ ഇറക്കപ്പെട്ട നിഅമാതുല്‍ കുബ്‌റയുമാണ് ഇവരുടെ പ്രധാന അവലംബ ഗ്രന്ഥങ്ങള്‍. പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതും പരമ്പരകളില്ലാത്ത ഉദ്ധരണികളുമായതിനാല്‍ ഇവ തെളിവുകള്‍ക്ക് യോഗ്യമല്ല തന്നെ.

നബിദിനമെന്ന അനിസ്‌ലാമിക ആഘോഷത്തിന് പൗരോഹിത്യം നല്‍കിയ ഇല്ലാത്ത പോരിശകള്‍ കൂടി വായിക്കാം:

1. ഇമാമുകള്‍ സുന്നത്താണന്ന് പറഞ്ഞു

”വിധി പറയാന്‍ അര്‍ഹതയുള്ള ഇമാമുകളാണ് തെളിവിന്റെ വെളിച്ചത്തില്‍ മൗലിദ് കര്‍മം പുണ്യമുള്ളതും സുന്നത്തുമാണെന്ന് പ്രസ്താവിച്ചത്. സുന്നത്ത് എന്നതിന്റെ വിവക്ഷ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലാര്‍ഹവും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതുമാണെന്നാണ്” (മൗലിദ് കര്‍മം ചരിത്രവും വിധിയും, ജലീല്‍ സഖാഫി പുല്ലാര, പേജ് 11).

2. മൂന്നാമത്തെ ആഘോഷം

”മുസ്‌ലിംകള്‍ക്ക് മൂന്ന് ആഘോഷദിനങ്ങളാണുള്ളത്. ഒന്ന് ഈദുല്‍ അദ്ഹ,രണ്ട് ഈദുല്‍ ഫിത്വ്ര്‍, മൂന്നാമത്തേത് ഈദുമീലാദി റസൂലില്ലാഹ്. തിരുനബിയുടെ ജന്മദിനം” (അല്‍ഇര്‍ഫാദ്,1994ആഗസ്റ്റ്, പേജ് 24).

3. പെരുന്നാളിനെക്കാള്‍ വലിയ ആഘോഷം

”നബിദിനം മുസ്‌ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനേക്കാള്‍ വലിയ ആഘോഷം. സര്‍വലോകത്തിന്റെ വിമോചകനായ നബി പിറന്ന നാളില്‍ വിശ്വാസികള്‍ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പിന്നെ അവര്‍ക്ക് മറ്റേത് ആഘോഷമാണുള്ളത്?” (രിസാല മാസിക,1987 നവംബര്‍,പേജ് 9).

4. വാരാഘോഷം

”നബിﷺ തങ്ങളുടെ ജന്മദിനം വാരാഘോഷമായും വാര്‍ഷികാഘോഷമായും നടത്താമെന്നതിന് മതിയായ തെളിവുകളുണ്ട്.തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബിﷺതങ്ങളോട് ചോദിക്കപ്പെട്ടപ്പോള്‍ അന്നാണ് ഞാന്‍ ജനിച്ചത് എന്ന് പ്രവാചകന്‍ മറുപടി നല്‍കി. നബിദിനം വാരാഘോഷമായി നടത്താം എന്നതിന് തെളിവാണിത്” (എന്‍. അലി മുസ്‌ലിയാര്‍, നബിദിനം പ്രവാചക സവിശേഷത, പേജ് 16,17).

5. ലൈലതുല്‍ ക്വദ്‌റിനെക്കാള്‍ ശ്രേഷ്ഠം

”കഴിഞ്ഞുപോയ രാത്രികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമേറിയത് നബിﷺ ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമേറിയതാണെന്ന് ക്വുര്‍ആന്‍ പ്രസ്താവിച്ച ലൈലതുല്‍ ക്വദ്‌റിനെക്കാള്‍ മഹത്ത്വം ഉള്ളത് നബിﷺ ജനിച്ച രാത്രിക്കാണ് (ശര്‍വാനി 3/462). നബിﷺ ജനിച്ചത് ഏറ്റവും ശ്രേഷ്ഠമായ രാത്രിയിലായത് കൊണ്ട് ഈ ചോദ്യം അപ്രസക്തമാണ്” (സുന്നി അഫ്കാര്‍, 2002 മാര്‍ച്ച്, പേജ് 20).

6. പുണ്യം കൊതിച്ച് അനേകം കര്‍മങ്ങള്‍

”റബീഉല്‍ അവ്വല്‍ നാടാകെ നബിദിനത്തിന്റെ അലയടികളാണ്. എങ്ങും നബിദിന പാനൂസുകളും വര്‍ണ ബള്‍ബുകളും പ്രത്യക്ഷപ്പെടുന്നു. എല്ലാ പള്ളികളിലും മൗലിദ് സദസ്സുകള്‍. പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലുമതിന്റെ പിയുഷ വര്‍ഷം. വിദ്യാലയങ്ങള്‍ക്കും ഔദേ്യാഗിക സ്ഥാപനങ്ങള്‍ക്കും അവധി. ഗവണ്‍മെന്റ് ചെലവില്‍ തന്നെ അന്താരാഷ്ട്ര പണ്ഡിതരെയും വ്യക്തിത്വങ്ങളെയും ക്ഷണിച്ചുവരുത്തിക്കൊണ്ടുള്ള വിപുലമായ നബിദിന പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു” (അല്‍ ഇര്‍ഫാദ്, 1994 ആഗസ്റ്റ്, പേജ് 24). 

7. ഇതര മതക്കാര്‍ക്കില്ലേ?

”ചില മതങ്ങള്‍ മതസ്ഥാപകരുടെയും മറ്റും ജന്മദിനം ആഘോഷിച്ചുവരുന്നു. ബുദ്ധമത വിശ്വാസികള്‍ ബുദ്ധന്റ ജന്മദിനം ഒരു പ്രധാന ആഘോഷമായി കാണുന്നു. ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസ്സും ലോകം മുഴുവന്‍ കൊണ്ടാടപ്പെടുന്നു. ഗുരുനാനാക്ക് ജനിച്ച ദിവസം സിഖുകാരും ആഘോഷിക്കുന്നു. മുസ്‌ലിംകങ്ങള്‍ പ്രവാചകന്‍ﷺയുടെ ജന്മദിനം ലോകമെങ്ങും സമുചിതമായി ആഘോഷിക്കുന്നു” (സന്തുഷ്ട കുടുംബം മാസിക, 2014 ജനുവരി, പേജ് 14).

ബുദ്ധന്മാരും െ്രെകസ്തവരും സിഖുകാരുമൊക്കെയാണോ ഇതിനായി ഇവര്‍ക്കുള്ള വഴികാട്ടികള്‍? ഇല്ലാത്ത പോരിശകള്‍ പറഞ്ഞുണ്ടാക്കി ഈ അനാചാരത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ തന്നെ ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയത് ശ്രദ്ധേയമാണ്.

കോടമ്പുഴ ബാവ മൗലവി എഴുതുന്നു: ”പരിഷ്‌കരണം അനിവാര്യം. നബിദിനാഘോഷം മതദൃഷ്ട്യാ ഒരാവശ്യം തന്നെ. നിരവധി സദ്ഫലങ്ങള്‍ ഉളവാക്കുന്ന ഒരു പരമ്പരാഗത ആചാരമാണിത്. പ്രവാചകന്റെ ബഹുമുഖ ജീവിതത്തിലെ മഹാസംഭവങ്ങളും അവിടുത്തെ മഹത്ചരിതങ്ങളും അനുസ്മരിക്കാനും പ്രതിവര്‍ഷം ലഭിക്കുന്ന വളരെ ശ്രദ്ധേയമായ ഒരു സുവര്‍ണാവസരമാണിത്. പക്ഷേ, നബിദിനാഘോഷത്തിന്റെ പേര് പറഞ്ഞ് ഇസ്‌ലാമിക വിരുദ്ധമായ നിരവധി കാര്യങ്ങള്‍ പലയിടത്തും അരങ്ങേറുന്നു. കോല്‍ക്കളി, വാദ്യമേളം, ഗാനമേള, നാടകം,നൃത്തം, ശബ്ദകോലാഹലം, കരിമരുന്ന് പ്രയോഗം അങ്ങിനെ നീണ്ടു പോകുന്നു അതിന്റെ പട്ടിക. അനാവശ്യങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടുന്നതിനനുസൃതമായി നബിദിനത്തിന് ഗാംഭീര്യം കൂടുമെന്നാണ് ചിലരുടെയെങ്കിലും ധാരണ. അജ്ഞരോ, അല്‍പജ്ഞരോ തുടക്കം കുറിച്ച ചില ആഭാസകരമായ പ്രവര്‍ത്തനങ്ങള്‍ അശ്രദ്ധമൂലം മറ്റുള്ളവരിലേക്കും പ്രായേണ വ്യാപിക്കുന്നതായാണ് കണ്ടുവരുന്നത്. ഇവക്ക് നേരത്തെ കടിഞ്ഞാണിട്ടില്ലെങ്കില്‍ പിന്നീടു പണ്ഡിതന്മാര്‍ക്ക് മൂകസാക്ഷികളോ, മാപ്പുസാക്ഷികളോ ആകേണ്ടി വരും” (സെന്‍സിംഗ്, 1995 ആഗസ്റ്റ്, പേജ് 9). 

അനുകൂലിച്ചവര്‍ തന്നെ ഇന്നത്തെ രീതികളെ വെറുത്തിട്ടുണ്ടെന്ന് ഈ വരികളില്‍ പ്രകടമാണ്.

ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചേര്‍ക്കാം. ഇത്രയധികം മേന്മകള്‍ പറഞ്ഞ് കൊണ്ട് നടക്കുന്ന ആഘോഷത്തെ കുറിച്ച് വെള്ളിയാഴ്ച  മിമ്പറില്‍ വെച്ച് ഖത്വീബ് ‘ഓതുന്ന’ ഖുത്വുബതുന്നബാതിയ്യയില്‍ എന്തുകൊണ്ട് പരാമര്‍ശിക്കുന്നില്ല? റബീഉല്‍ അവ്വലിലെ ഒന്നും രണ്ടും വെള്ളിയാഴ്ചകളില്‍ നബിﷺയുടെ മരണത്തെക്കുറിച്ചാണ് പറയുന്നത്. മൂന്നിനും നാലിനും അന്ത്യനാൡന്റെ  ഭീകരതയെക്കുറിച്ചും അഞ്ചില്‍ മരണത്തെയും പരലോകത്തെയും കുറിച്ചും. നബിﷺയുടെ ജന്മദിനം ആഘോഷിക്കണമെന്നതിന് ഒരു നേരിയ പരാമര്‍ശം പോലും ഇവരുടെ ഖുത്വുബകളില്‍ ഇല്ലെന്ന് വ്യക്തം!

മാലികീ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതന്‍ ഇമാം ഫാഖിഹാനി(റ) തന്റെ ‘അല്‍ മൗരിദ് ഫീ അമലില്‍ മൗലിദ് ‘എന്ന ലഘു കൃതിയില്‍ പറഞ്ഞത് എത്ര ശ്രദ്ധേയം. അദ്ദേഹം പറയുന്നു: ”പരിശുദ്ധ ക്വുര്‍ആനിലോ നബിﷺയുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരടിസ്ഥാനവും കാണുന്നില്ല. പൂര്‍വികരുടെ ചര്യ സ്വീകരിച്ചുകൊണ്ട് നിലനിന്നിരുന്ന മാതൃകായോഗ്യരായ (നബിയുടെ സമുദായത്തില്‍ പെട്ട) ഒരു പണ്ഡിതനില്‍ നിന്നും അത് പ്രവര്‍ത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നില്ല. മാത്രമല്ല അത് ബിദ്അത്താകുന്നു. ദേഹേഛക്കാരും ബാത്വിലിന്റെ ആളുകളുമാണ് അത് പുതുതായി ഉണ്ടാക്കിയത്. തീറ്റക്കൊതിയന്മാര്‍ അത് കാര്യമായി ഏറ്റെടുത്തു. ഇതിനെ നാം അഞ്ച് മതവിധികള്‍ക്ക് വിധേയമാക്കിയാല്‍ ഒന്നുകില്‍ അത് നിര്‍ബന്ധമോ, ഐഛികമോ, അനുവദനീയമോ,നിഷിദ്ധമോ, കറാഹത്തോ ആയിരിക്കും. അതൊരിക്കലും നിര്‍ബന്ധമോ ഐഛികമോ അല്ല എന്നത് ഐകകണ്‌ഠ്യേനയുള്ള അഭിപ്രായമാണ്. കാരണം ഐഛികമെന്ന് പറഞ്ഞാല്‍ ഉപേക്ഷിച്ചാല്‍ ആക്ഷേപിക്കാന്‍ പറ്റാത്ത, ശറഹ് ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഇതിന് മതം അനുമതി നല്‍കിയിട്ടില്ല. സ്വഹാബത്തോ, താബിഉകളോ ഞാന്‍ മനസ്സിലാക്കിയടത്തോളം ദീനില്‍ നിലകൊണ്ട പണ്ഡിതന്മാരോ ഇത് അനുഷ്ഠിച്ചിട്ടില്ല. അല്ലാഹുവിന്റ മുമ്പില്‍ എനിക്കുള്ള മറുപടി ഇതാണ്: ഇതൊരു അനുവദനീയമായ കാര്യമല്ല. കാരണം, മതത്തില്‍ പുതിയതുണ്ടാക്കല്‍ അനുവദനീയമായ കാര്യമല്ലെന്നത് മുസ്‌ലിംകളുടെ ഇജ്മാഅ് ആണ്. ഇനി അവശേഷിക്കുന്നത് ഒന്നുകില്‍ അത് നിഷിദ്ധമോ കറാഹത്തോ ആയിരിക്കുമെന്നതാണ്” (പേജ് 20-21).

ദീനില്‍ ഇല്ലാത്ത ഈ ആഘോഷത്തിന്റെ പൊള്ളയായ പോരിശകളില്‍ ആകൃഷ്ടരായി ഇതിനെ നിലനിര്‍ത്തുന്നവര്‍ തെളിവുകളെ മുന്‍നിര്‍ത്തി ഇത് പുത്തനാചാരമാണ്; പ്രവാചക സ്‌നേഹമല്ലെന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു നല്ലത് എന്നേ പറയാനുള്ളൂ.

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക